top of page

നാട് വീണ്ടെടുത്ത നാടോടി നാടകം - സീതക്കളി

ഡോ റോഷ്നി എം
ree

പ്രബന്ധ സംഗ്രഹം: പ്രാദേശിക സംസ്കാരത്തിന്റെ അടയാളങ്ങൾ പേറുന്നവയാണ് നാടോടി നാടകങ്ങൾ. അവയെ തിരിച്ചറിയാനും കാത്തുസൂക്ഷിക്കാനും അടുത്ത തലമുറയിലേക്ക് കൈമാറാനും നാം ചിലപ്പോൾ പരാജയപ്പെട്ടു പോകും. ആധുനിക ഫോക്-ലോർ പഠനങ്ങൾ പാരമ്പര്യങ്ങളെ തിരിച്ചറിയുന്നതിനും വീണ്ടെടുക്കുന്നതിനും ഏറെ പ്രാധാന്യം നൽകുന്നുണ്ട്. വ്യാവസായികതയും നാഗരികതയും ചേർന്നുണ്ടാക്കിയ ഞെട്ടലും ദേശീയബോധവും വർത്തമാനകാല വസ്തുതകളുടെ ഭൂതകാലത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രേരണ നൽകി. ഫോക്-ലോറിനെ അസ്തിത്വമുള്ള ഒരു പഠന മേഖലയായി തീർക്കുന്നതിൽ ചരിത്രപരമായ ഫോക്-ലോർ പഠനം വഹിച്ച പങ്ക് പ്രധാനമാണ്. അനേകം കലാരൂപങ്ങൾ നമുക്ക് വീണ്ടെടുക്കാൻ ആവാത്ത വിധം വിസ്മൃതിയിലാണ്ട് പോയിക്കഴിഞ്ഞു. ഒരു നാട് തങ്ങളുടെ മൺമറഞ്ഞ കലാരൂപത്തെ വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ കൊല്ലംജില്ലയിലെ പല ഭാഗങ്ങളിൽ അവതരിപ്പിക്കപ്പെട്ടിരുന്ന ‘സീതക്കളി’ എന്ന കലാരൂപം ഏതാണ്ട് അൻപതോളം വർഷങ്ങളായി ആ നാട്ടിൽ നിന്ന് അപ്രത്യക്ഷമായി. എന്നാൽ ഇന്ന് ആ കലാരൂപം വീണ്ടെടുക്കലിന്റെ പാതയിലാണ്. കൊല്ലംജില്ലയിലെ പെരിനാട് പഞ്ചായത്തിലെ വിജയശ്രീ ആർട്സ് ക്ലബ്ബാണ് ഈ കലാരൂപത്തെ വീണ്ടും അരങ്ങിൽ എത്തിച്ചത്. സീതക്കളിയുടെ സവിശേഷതകളെ അന്വേഷിക്കുകയാണ് ഈ ലേഖനം.

താക്കോൽ വാക്കുകൾ (Keywords)

1.      നാടോടി നാടകം

2.      സീതക്കളി

3.      ഫോക് ലോറിസം

 

സീതക്കളിയുടെ ചരിത്രത്തിലൂടെ

രാമായണത്തിലെ സീതയുടെയും രാമന്റെയും ഇതിഹാസ കഥയും അതോടൊപ്പം വ്യത്യസ്തമായ രംഗങ്ങളും ചിത്രീകരിക്കുന്ന കേരളത്തിലെ പരമ്പരാഗത നാടോടി നൃത്തമാണ് ‘സീതക്കളി’. കൊല്ലം, പത്തനംതിട്ട ജില്ലയിലെ  വേടർ, പുലയർ തുടങ്ങിയ വിഭാഗക്കാരും വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർഗോഡ് ജില്ലയിലെ കരിമ്പാലർ തുടങ്ങിയ കുറവാ സമുദായത്തിൽ പെട്ടവരും ആണ് സീതക്കളി എന്ന പ്രാചീന അനുഷ്ഠാനകലാരൂപം അവതരിപ്പിച്ചിരുന്നത്. പുലയരും, കുറവരും, വേടരും അവരുടേതായ പാഠങ്ങൾ ഉപയോഗിച്ചുവരുന്നതായി കാണാം. വിശേഷ അവസരങ്ങളിൽ അവരുടെ വീടുകളിൽ പാടാറുണ്ടെങ്കിലും അവതരണം ഉള്ളതായി അറിവില്ല. കൊയ്ത്തുകാലത്ത് പാടത്ത് പണിയെടുത്തിരുന്ന തൊഴിലാളിവിഭാഗത്തിന് പണിയിടങ്ങളിൽ വിനോദം എന്ന നിലയിൽ ആരംഭിച്ചതാണ് ‘സീതക്കളി’. അതിന്റെ ഉത്ഭവകാലം അജ്ഞാതമാണ്. ഓണക്കാലത്താണ് സീതക്കളി അരങ്ങേറുന്നത്. അത്തം മുതൽ ഇരുപത്തിയെട്ടാം ഓണം വരെയുള്ള ദിവസങ്ങളിലാണ് ഈ കലാരൂപം നടത്തിയിരുന്നത്. സീതക്കളിയിലെ രാമായണത്തിന്റെ അവതരണം ഒന്നിലധികം ആഖ്യാന പാരമ്പര്യങ്ങളുടെ സംഗമത്തിൽ നിന്ന് ഉടലെടുത്തതാണ്. കമ്പരാമായണത്തിന്റെ നാടകീയമായ തീവ്രതയും ആധ്യാത്മികരാമായണത്തിന്റെ ഭക്തിയും ചേർന്നു രൂപപ്പെടുത്തിയതാണ് ഈ സംയോജനം. ഇത് മറ്റു പുനരാഖ്യാനങ്ങളിൽ നിന്നും വ്യതിരിക്തമായ വ്യാഖ്യാന ചട്ടക്കൂട് സൃഷ്ടിക്കുന്നു. രാമായണകഥ യുദ്ധത്തിലോ കിരീടധാരണത്തിലോ അവസാനിക്കുന്നതിനു പകരം ലങ്കാദഹനത്തോടെ പൂർത്തിയാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ആദ്യകാലങ്ങളിൽ രണ്ടോ മൂന്നോ ജനവിഭാഗങ്ങളിൽ ഒതുങ്ങിനിന്ന ഈ കലാരൂപം ഇന്ന് എല്ലാ ജനവിഭാഗങ്ങളിലേക്കും   ഒരുപോലെ കടന്നുചെല്ലുന്നു. ആദ്യകാലങ്ങളിൽ സീതക്കളി കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കാൻ വരുമ്പോൾ ഉയർന്ന ജാതിക്കാരായ സ്ത്രീകളും പുരുഷന്മാരും വീടിന് പുറത്ത് വരില്ല. കിളിവാതിൽ എന്ന് വിളിക്കപ്പെടുന്ന ചെറിയ തുറസ്സുകളിലൂടെ തടികൊണ്ടുള്ള ജാലിസിൻ്റെ* (സ്‌ക്രീനുകൾക്ക്) പിന്നിൽ നിന്ന് അവർ പ്രകടനങ്ങൾ കാണും. കാലക്രമേണ, ഈ രീതികൾ മാറി, കലാകാരന്മാരെ കൂടുതൽ ബഹുമാനത്തോടെ സ്വീകരിക്കാൻ തുടങ്ങി. അവർണ്ണ വിഭാഗത്തിൽ പെട്ടവർ വർണ്ണാഭമായ വസ്ത്രങ്ങളും പലവിധത്തിലുള്ള ചമയങ്ങളും മുഖംമൂടിയും ആഭരണങ്ങളും ധരിച്ച് ദൈവത്തിന്റെ രൂപത്തിൽ എല്ലായിടങ്ങളിലും എല്ലാ ഭവനങ്ങളിലും ജാതിമത വ്യത്യാസമില്ലാതെ സവർണ്ണ-അവർണ്ണ വേർതിരിവോ ഇല്ലാതെ അധഃപതിച്ച ജനവിഭാഗത്തിന് കേറി ചെല്ലാനുള്ള അവകാശവും സീതക്കളിയിലൂടെ ലഭിച്ചു. ഈ അവസരത്തിൽ ദൈവീകമായ രൂപങ്ങളിൽ എത്തുന്നവരെ വിളക്കും നിറപറയും കൊണ്ട് സന്തോഷത്തോടെ ഭക്തിയോടെയും എല്ലാ ജനവിഭാഗങ്ങളും എതിരേറ്റിരുന്നു.          തനത് ഫോക് നൃത്തരൂപമായ സീതക്കളി രാമായണത്തിലെ സീത രാമായണ കഥയാണ് ചിത്രീകരിക്കുന്നത്. പുരാണ ഇതിഹാസങ്ങൾ ഏറ്റവും കൂടുതൽ പ്രചാരം നേടിയിട്ടുള്ളത് രാമായണ കഥകൾക്കായിരിക്കണം. ഈ കഥകൾ ഭാരതത്തിലെ എല്ലാ ജനങ്ങളെയും ഒരുപോലെ സ്വാധീനിച്ചിട്ടുണ്ട്. മൂലകഥയിൽ നിന്ന് ധാരാളം വകഭേദങ്ങൾ ഈ കഥകളിൽ കടന്നുവരുന്നത് കാണാം. എന്നാൽ മൂലകഥയിൽ നിന്നും വലിയ വ്യത്യാസം ഒന്നും വരുത്താതെ തന്നെയാണ് സീതക്കളി ചൊല്ലിപ്പോരുന്നത്. ആദ്യകാലങ്ങളിൽ വരമൊഴിക്ക് പുറത്തായിരുന്ന ഈ കലാരൂപത്തിലെ കഥാസന്ദർഭങ്ങൾ മിക്കതും പൗരാണിക തനിനാടൻ വാമൊഴിയിലൂടെ വ്യത്യസ്തമാക്കിയായിരുന്നു. അവർ ഇത് വാമൊഴിയിലൂടെ തലമുറയിലേക്ക് പകരുകയായിരുന്നു. വംശീയമായ സാമൂഹ്യബോധത്തിൻ്റെ നിർമ്മിതികളാണ് അനുഷ്ഠാനകലാരൂപങ്ങൾ ഓരോന്നും. കഥയായാലും, പാട്ടുകളായാലും, നാടോടി പ്രകടനങ്ങൾ ആയാലും പ്രചരിച്ചു പോരുന്ന രാമായണ കഥാപാഠങ്ങൾ അതാത് ജനവിഭാഗത്തിന്റെ ഭാഷയും ലോകവീക്ഷണത്തെയും അടയാളപ്പെടുത്തുന്നു. ഇവിടെ സീതക്കളിയിൽ സീതയാണ് പ്രധാന കഥാപാത്രമായി വരുന്നത്. ഇത് രാമായണത്തിന്റെ ഒരു ഫെമിനിസ്റ്റ് പുനർവാഖ്യാനമായി കാണാൻ കഴിയും. ഇത് സ്ത്രീകേന്ദ്രീകൃതമായ ആഖ്യാനമാണ്. സീതയുടെ വീക്ഷണകോണിൽ നിന്നാണ് കഥ പറയുന്നത്. രാമായണത്തെ സ്ത്രീപക്ഷ കോണിൽ നിന്ന് സമീപിക്കുന്ന ചുരുക്കം ചില നാടോടി കലാരൂപങ്ങളിൽ ഒന്നാണിത്. സീതയുടെ ശക്തിയെ ഉയർത്തിക്കാട്ടുന്നു. സീതയെ രക്ഷിക്കാനുള്ള യുദ്ധത്തിൽ രാമന്റെ വിജയത്തിൽ കലാശിക്കുന്ന മുഖ്യധാരാ രാമായണത്തിൽ നിന്ന് വ്യത്യസ്തമായി സീതക്കളി നാടകീയമായ ലങ്കാദഹനത്തിൽ അവസാനിക്കുന്നു. ഈ അവസാനത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം സ്ത്രീയെ രക്ഷിക്കാൻ ഒരു പുരുഷൻ  ആവശ്യമില്ലാത്ത ഒരു ശക്തിയായി വ്യക്തിയായി സീതയെ പ്രതീകാത്മകമായി പ്രതിഷ്ഠിക്കുന്നു. ഈ അർത്ഥത്തിൽ സീതക്കളി സ്ത്രീകളുടെ സ്വയംപ്രതിരോധത്തിന്റെ അടയാളമായി നിലനിൽക്കുകയും ചെയ്യുന്നു.

ഓണക്കാലത്ത് വിനോദത്തിന്റെ ഭാഗമായും സീത ക്കളി അവതരിപ്പിക്കാറുണ്ട്. ഗ്രാമത്തിലെ വീടുകൾ തോറും ആയിരുന്നു പ്രധാനമായും സീതക്കളി അവതരിപ്പിച്ചിരുന്നത്. കത്തിച്ചുവെച്ച നിലവിളക്കിന് ചുറ്റും പുരുഷന്മാർ വട്ടത്തിൽ നിന്ന് പാട്ടുപാടി ചുവടുകൾ വെക്കുന്ന രീതിയാണ് ഇതിന് ഉണ്ടായിരുന്നത് ഇതിലെ അവതരണരീതിയുടെ ഒരു  സവിശേഷത ചടുലതയാണ്. കഥാപാത്രങ്ങൾ രംഗത്ത് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നത് കാണാം. സ്ത്രീക്ക് പ്രാധാന്യമുള്ള ഒരു കലാരൂപം ആയിരുന്നിട്ട് പോലും ആദ്യകാലത്ത് ഈ കലാരൂപം രംഗത്ത് അവതരിപ്പിച്ചിരുന്നത് പുരുഷന്മാരായിരുന്നു. എന്നാൽ ഇന്ന് സ്ത്രീകളും കുട്ടികളും ഈ നൃത്തരൂപത്തിലേക്ക് കടന്നുവന്നു. സ്ത്രീ വേഷങ്ങൾ സ്ത്രീകൾ തന്നെ കൈകാര്യം ചെയ്യാൻ തുടങ്ങി.

അവതരണം

നാരദന്റെ രംഗപ്രവേശനത്തോടെ സീതക്കളി ആരംഭിക്കുന്നു. തുടർന്ന് ഹർഷാരവങ്ങളോടെ സീത, രാമൻ തുടങ്ങിയവർ രംഗപ്രവേശനം ചെയ്യുന്നു. കൈകേകിയുടെ ആവശ്യപ്രകാരം രാമലക്ഷ്മണന്മാർ വനവാസത്തിന് പോകുന്നതും വനവാസവേളയിൽ ഉണ്ടാകുന്ന അനുഭവങ്ങളും മാനിനെ കാണിച്ച പ്രലോഭിപ്പിച്ച് സീതയെ രാവണൻ തട്ടിയെടുക്കുന്നതും ഹനുമാന്റെ രംഗപ്രവേശനവും സീതയുടെ മോചനവും ലങ്കാദഹനവും തുടർന്ന് സീതയുടെ സ്വർഗ്ഗാരോഹണവും തുടങ്ങിയവയാണ് സീതക്കളിയിലൂടെ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. പല വീടുകളിലും അവതരിപ്പിച്ചിരുന്ന ഈ കലാരൂപം ഇന്ന് ക്ഷേത്രങ്ങളിലും അവതരിപ്പിക്കാനുള്ളതായി കാണുന്നു. ദ്രാവിഡ ആരാധന രീതി പിന്തുടരുന്ന പല ക്ഷേത്രങ്ങളിലും മലനടകളിലും ഇത് അവതരിപ്പിക്കപ്പെടുന്നു. ഇന്ന് സാംസ്കാരിക സമിതിയുടെ വാർഷികത്തോടും അനുബന്ധിച്ച് തിരശ്ശീലയ്ക്ക് മുമ്പിൽ ആദ്യാവസാനം ഇത് അവതരിപ്പിക്കുന്നു. കഥാപാത്രങ്ങളായി ഏകദേശം ഇരുപതു വ്യക്തികളുടെ സാന്നിധ്യം വരെ സീതക്കളിയിൽ കാണാം. നാരദൻ, ശ്രീരാമൻ, ലക്ഷ്മണൻ, സീത, കൈകേയി, ദശരഥൻ, ശൂർപ്പണഖ, ഹനുമാൻ, രാവണൻ, മന്ഥര തുടങ്ങിയ കഥാപാത്രങ്ങളാണ് മുൻനിരയിൽ ഉള്ളത്. സീതക്കളിയിലെ ചില ചടങ്ങുകൾക്ക് മറ്റുചില കലാരൂപങ്ങളിലെ ചടങ്ങുകളുമായി സാദൃശ്യമുണ്ട്. വിളക്ക് വച്ച് മുറുക്കാൻ നിവേദിച്ചുകൊണ്ടാണ് സീതക്കളിയുടെ ചടങ്ങുകൾ ആരംഭിക്കുന്നത്. രാത്രി പത്തു മുതൽ പുലർച്ചെ സൂര്യോദയം വരെയാണ് സീതക്കളി നടത്തുന്നത് മരോട്ടിക്കാ* വെച്ച് ദീപം കൊളുത്തി ചുറ്റും പന്തങ്ങൾ നാട്ടിയും, കുരുത്തോലകൾ കൊണ്ട് ചുറ്റും അലങ്കരിച്ചുമാണ് സീതക്കളി നടത്തിവരുന്നത്. മുറുക്കാൻ പോലുള്ളത് ഭഗവാന് നേദിക്കുന്നവയാണ്. പണ്ട് പാടവരമ്പത്തിലൂടെയും മറ്റും മറ്റും ആർപ്പോ എന്ന് വിളിച്ചു ആരോപങ്ങളോടെ കടന്നുവരുന്ന ഈ കലാരൂപത്തിന് പഴമയുടെ ആ ഭംഗി ചോർന്നു പോകാതിരിക്കാൻ രംഗത്ത് അവതരിപ്പിക്കുന്ന സമയത്ത് അതുപോലെ തന്നെ ഭംഗിയിൽ ആർപ്പുവിളിയും മറ്റ് അവതരണങ്ങളും നടത്തുന്നു. പന്തങ്ങൾ കൊളുത്തി കഥാപാത്രങ്ങൾ രംഗത്തേക്ക് വരുന്നതും ശ്രദ്ധേയമായ ഒന്നാണ്.

വാദ്യോപകരണങ്ങൾ

ദേവന്റെയോ ദേവിയുടെയോ മുമ്പിൽ വാഴപ്പിണ്ടിയിൽ മുറുക്കാൻ (അടുക്ക്) വെച്ചു ദീപം കൊളുത്തി ചുറ്റിലും പന്തം നാട്ടി കുരുത്തോല കൊണ്ട് അലങ്കരിച്ചും ആണ് സീതക്കളി നടത്തുന്നത് ഗാനത്തിന്റെയും കാണികളുടെയും കലാകാരന്മാരുടെ ആവേശവും കൂടിയാകുമ്പോൾ സീതക്കളിയുടെ ദൃശ്യഭംഗി കൂടുന്നു. ശൂർപ്പണഖയുടെ രംഗപ്രവേശനം, ലക്ഷ്മണനോടുള്ള സീതയുടെ പരുഷവചനം, ബാലി-സുഗ്രീവ യുദ്ധം തുടങ്ങിയ രംഗങ്ങളെല്ലാം ചെണ്ടമേളത്തിന്റെ പ്രയോഗം കൊണ്ട് ഭാവതീവ്രത സൃഷ്ടിക്കുന്നു.

പ്രകൃതി വസ്തുക്കൾ ഉപയോഗിച്ച് തെങ്ങിന്റെ ഇലകൾ പ്രത്യേകിച്ച് കടുപ്പമുള്ള തണ്ടുകൾ തുടങ്ങിയ വാദ്യോപകരണങ്ങളും വേഷങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു. രാവണനെപ്പോലുള്ള കഥാപാത്രങ്ങളുടെ ശിരസ്സുകൾ നിർമ്മിക്കാൻ മുള ഉപയോഗിക്കുന്നു. തടി, തുഴകളും ഇത്തരത്തിൽ ലഭ്യമായ പ്രകൃതി വിഭവങ്ങൾ കൊണ്ടാണ് നിർമ്മിക്കുന്നത്.

ചമയം

പുരാണത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് പോലെയുള്ള വേഷവിധാനങ്ങളാണ് സീതക്കളിയിൽ ഉപയോഗിക്കുന്നത്. കാവിവസ്ത്രവും രുദ്രാക്ഷവും തലയിൽ കുടുമയും പൂവും ഒക്കെ ആയിട്ടാണ് കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത്. രാമലക്ഷ്മണന്മാർ ദേഹത്ത് മുഴുവൻ പച്ചയും പൂശുന്നുണ്ട്. രാമലക്ഷ്മണന്മാരുടെ കൈയിൽ അമ്പും വില്ലും കാണാം. സീതയുടെ കഥാപാത്രത്തിന് ബ്രാഹ്മണ വേഷത്തിൽ നിന്ന് വ്യത്യസ്തമായി മുണ്ടും മേൽമുണ്ടു വേഷവും കാണാറുണ്ട്. പുനരുജ്ജീവിപ്പിച്ച സീതക്കളിയുടെ പതിപ്പിൽ മേക്കപ്പ് ആഭരണങ്ങൾ, ഉപകരണങ്ങൾ എന്നിവയിൽ നേരിയ വ്യത്യാസങ്ങൾ കാണുന്നുണ്ട്.

 ഭാഷ

സീതക്കളിയുടെ ചൊൽവടിവുകളും രംഗാവതരണവും നാടോടിപാരമ്പര്യത്തെ പൂർണ്ണമായി പിന്തുടരുന്നവയാണ്. ഭാഷാപരമായ ലാളിത്യം ഈ കലാരൂപത്തെ ഏറ്റവും ശ്രദ്ധേയവും ആകർഷകവും ആക്കി തീർക്കുന്നു. നാടൻ പാട്ടുകളിലും ചൊല്ലുകളിലും കാണുന്ന ഭാഷാപരമായ ലാളിത്യം ഇതിൻ്റെ പ്രത്യേകതയാണ്. സംവേദനാത്മകമായ ഗ്രാമീണഭാഷയും പ്രയോഗവുമാണ് ഇതിൽ ഉടനീളം ദൃശ്യമാകുന്നത്. കഥാകഥനത്തിന് ഉതകുന്ന തരത്തിലുള്ള അവതരണരീതിയാണ് ഇതിൽ ദീക്ഷിച്ചു കാണുന്നത്. ഇത് പ്രേക്ഷകരുടെ ശ്രദ്ധയും ആകാംക്ഷയും വളര്‍ത്തുവാൻ അങ്ങേയറ്റം ഉപയുക്തമാകുന്നു. നിരക്ഷരസമൂഹങ്ങൾക്ക് മനസ്സിലാകുന്ന രീതിയിലുള്ള ലഘുവാക്യങ്ങളും പ്രയോഗങ്ങളും തെളിവുള്ള ഭാഷയും സീതക്കയിളിൽ ഉടനീളം കാണാൻ സാധിക്കും. സീതക്കളിയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ വാമൊഴിയിൽ നിന്ന് വരമൊഴിയിലൂടെ പുതിയ തലമുറ ഉപയോഗിച്ച് തുടങ്ങുമ്പോൾ വംശീയമായ ഉച്ചാരണങ്ങളും പദങ്ങളും നഷ്ടപ്പെട്ടു പോവുകയും ഭാഷ ആധുനികമാവുകയും ചെയ്തു. ഇതു പാട്ടുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിൽ തടസ്സമായി തീരുകയും ചെയ്തു. ലക്കണൻ, ലച്ചണൻ, ചീത. ച്യൂര്യൻ എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഇപ്പോൾ ഉപയോഗത്തിൽ ഇല്ല. പകവതി, കല്ലിയാണം തുടങ്ങിയ പദങ്ങൾ ഇന്നും തുടരുന്നുണ്ട്. അല്ലിയോ, ഇല്ലിയോ തുടങ്ങി തെക്കൻ കേരളത്തിൽ ഉപയോഗിക്കുന്ന ഭാഷാ പ്രയോഗങ്ങളും ഈ പാട്ടിൽ കാണാം.

⮚     ‘പണ്ടു പണ്ടു കാലത്തല്ലിയോ

ത്രേതായുഗാ കാലത്തല്ലിയോ

വടക്കു വടക്കു രാജ്യം നാലുപാടും

വളഞ്ഞൊഴുകും സരായൂനദീ

തീരത്തല്ലിയോ അയോധ്യാപുരം

കൊട്ടാരമേ അന്നവിടെ വാണിരുന്നത്

ദശരഥ രാജാവല്ലിയോ മൂന്നുമൂന്നു

ഭാര്യമാരെ കല്ല്യാണം കഴിച്ചല്ലോ

ഭാര്യമാരുടെ പേരല്ലിയോ'

 

⮚     ‘അയോധ്യാപുരം രാജാവുമേ

ബന്ധുക്കളും കൂടല്ലിയോ

മിഥിലാപുരത്തേക്കവര് എല്ലാവേരും

പോകുന്നുണ്ട് മിഥിലാപുരം കൊട്ടാരത്തി

എല്ലാവേരും ചെന്നല്ലിയോ

മുഹൂർത്തങ്ങളു നിശ്ചയിച്ചേ

കല്ലിയാണം കഴിക്കാനായി

മിഥിലാപുരം രാജാവിന്റെ

നാലു നാലു പെമ്മക്കളേം’.

നാടൻ സംഗീതം

സീതക്കളിയുടെ ഏറ്റവും എടുത്തു പറയേണ്ട ഒരു പ്രത്യേകത അതിന്റെ സംഗീതമാണ്. പ്രാചീനമായ നാടൻ സംഗീത  പാരമ്പര്യമാണ് സീതക്കളി പിന്തുടരുന്നത്. അതാതുവംശത്തിനുള്ളിൽ പാരമ്പര്യമായി പകർന്നുപോകുന്ന സവിശേഷ ഗാനരീതികൾ ആ സമൂഹത്തെ തിരിച്ചറിയാനുള്ള ഉപാധികൂടിയാണ്. കേരളത്തിലെ വംശീയസംഗീതത്തിന്റെ വൈവിധ്യം അതിശയിപ്പിക്കുന്നതാണ്. പാരമ്പര്യമായി കേട്ടു പഠിക്കുന്ന ഈ ഗാനത്തിന്റെ ഭാവം അപാരമാണ്. കേവലമായ നാടൻപാട്ടിന്റെ മട്ടിലാണ് സീതക്കളിയിലെ പാട്ടുകൾ പോകുന്നത്. നാടകീയമായ അവതരണത്തിന് അനുസൃതമായ കഥാകഥന സമ്പ്രദായവും ഭാവാത്മകതയും ഈ പാട്ടുകളുടെ സവിശേഷതയാണ്. കഥപറച്ചിലിൻ്റെ സ്വഭാവം പാട്ടുകൾക്കും പ്രകടനമാണ്. എന്നാൽ ആ കഥ പോകുന്നത് വശ്യമായ ഒരു ഈണത്തിലൂടെയാണ്.

അക്ഷരക്കണക്കുകൾ പോലെ കാണുമ്പോഴും ഗാനരീതി ചുവടിനും കഥാസന്ദർഭത്തിനും അനുസരിച്ച് മാറുന്നതും കാണാം. ചോദ്യോത്തര വീടിനും സംഭാഷണത്തിലും ആണ് കഥ പുരോഗമിക്കുന്നത്. പാട്ടുകൾ പാടുന്നത് പ്രത്യേക സംഘം ആയിട്ടാണ്. ഒരാൾ പാടി കൊടുക്കുകയും മറ്റുള്ളവർ ഏറ്റുപാടുകയും ചെയ്യുന്ന നാടൻ ഗാന പാരമ്പര്യം തന്നെയാണ് ഇതിൽ കാണുന്നത്. ഓരോ പാട്ടും പതിഞ്ഞ താളത്തിലും പിന്നീട് ദ്രുതതാളത്തിലും ആണ് പാടുക. സന്ദർഭം അനുസരിച്ചും പാട്ടുപാടുന്നത് കാണാം. പാട്ടിന്റെ താളത്തിനൊത്താണ് ചെണ്ടയും ഇലത്താളവും പ്രയോഗിക്കുന്നത് അതിനനുസരിച്ച് ഓരോ രംഗത്തിലും ഭാവ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. കഥയോട് ബന്ധമില്ലാത്ത എന്നാൽ കഥാസന്ദർഭത്തിന് ഇണങ്ങുന്ന മനോഹരമായ ചില നാടൻ പാട്ടുകളും ഇതിനിടയിൽ പ്രയോഗിക്കുന്നത് കാണാം.

⮚       ‘ഏലേലം ഏലേലം ഏലേലം ഏലേലം

തക ഏലേലം ഏലേലം ഏലേലം ഏലേലം

തക കാറും കറുപ്പും ഇരുളും മഴമൂടി

അമ്മാനം പൂത്തൊരുപൂവിന്നഴകേറിയ

ആ പൂവും ചൂടിഞാനാറ്റരുവേ പോകുമ്പോ

കാണാൻ കൊതിച്ചു വിളിച്ചതാണെൻ്മ്മാവി' (നാടൻ പാട്ട്)

 

 

പുനരുജ്ജീവനം

കൊല്ലം ജില്ലയിലെ പെരുനാട് ഗ്രാമപഞ്ചായത്തിലെ വിജയശ്രീ ആർട്സ് ക്ലബ്ബാണ് ഈ കലാരൂപം വീണ്ടും അരങ്ങിലേക്ക് കൊണ്ടുവന്നത്. അതിന് വേണ്ടി അക്ഷീണം പ്രവർത്തിച്ച അനേകം കലാകാരന്മാർ ഉണ്ട്. അവർ പരമ്പരാഗത ഗാനങ്ങൾ ഓർത്തിരിക്കുന്ന കലാകാരന്മാരെ കണ്ടെത്തി ആ പാട്ടുകൾ ലിഖിത രൂപത്തിലേക്ക് അതായത് ഇന്നു കാണുന്ന രൂപത്തിലേക്ക് മാറ്റുക എന്നത് ശ്രമകരമായ ഒരു കാര്യമായിരുന്നു. കാരണം ആ കലാരൂപം ഓർത്തിരിക്കുന്ന കലാകാരന്മാരുടെ എണ്ണം വളരെ വിരളമായിരുന്നു അവരാകട്ടെ വയോധികരും. ഗാനങ്ങൾ കലാരൂപത്തിന്റെ കേന്ദ്രമായതിനാൽ അത് നിർണായ ഘട്ടമായിരുന്നു. യഥാർത്ഥ  ഗാനങ്ങളിൽ എഴുപതുശതമാനത്തോളം വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. ദീർഘനാളത്തെ പരിശീലനത്തിന് ശേഷം ഒരു നീണ്ട ഇടവേള കഴിഞ്ഞു 2017 ഓഗസ്റ്റ് 25ന് പുനരുജജീവിപ്പിച്ച സീതക്കളി അരങ്ങേറി. സീതക്കളിയുടെ മൂലരൂപങ്ങളെ കുറിച്ചുള്ള ആധികാരിക തെളിവുകൾ വളരെ പരിമിതമാണ്. അതിനാൽ തന്നെ  സീതക്കളിയുടെ പഴയതും പുനർജീവിപ്പിച്ചതുമായ പതിപ്പുകൾ തമ്മിലുള്ള താരതമ്യം സാധ്യമല്ല. ഫോക്-ലോർ പഠനത്തിൽ ഫോക്-ലോറിസം പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. അപരിചിതനായ ഒരു  ഫോക്-ലോറിസ്റ്റിന് ഫോക്-ലോറും ഫോക്-ലോറിസവും തിരിച്ചറിയാൻ വിഷമമാണ്. ''ദ്രുതഗതിയിൽ മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയ്ക്ക് ഏതെങ്കിലും ഒരു ഫോക്-ലോർ രൂപത്തിൻ്റെ പ്രഥമ സാഹചര്യവും ധൃതിയുമോ ആയ സാഹചര്യങ്ങളെ തിരിച്ചറിയുക എളുപ്പമല്ല. ചിലപ്പോൾ മൃത ഫോക്-ലോർ ആയി നിലനിൽക്കുകയും ഫോക്-ലോറിസത്തിന് പ്രസക്തി കൂടുകയും ചെയ്തെന്ന് വരാം. ആ പരിണാമങ്ങളെ കൂടി ഉൾക്കൊള്ളാനുള്ള വൈശദ്യം ഫോക്-ലോർ കാഴ്ചപ്പാടാണ് ഫോക് ലോറിസം എന്നാ പഠനശാഖയ്ക്ക് ജന്മം നൽകിയത്”1. മരിയ ലീച്ചിൻ്റെ അഭിപ്രായത്തിൽ കാലാകാലങ്ങളായി ഏതൊരു ഫോക്-ലോർ രൂപത്തിന്റെ കാര്യത്തിൽ ആയാലും സാമൂഹിക പുന:സൃഷ്ടി നടക്കാറുണ്ട്. ഇന്ന് സീതക്കളിയും വീണ്ടെടുപ്പിന്റെ പാതയിലാണ്. മൂന്നര പതിറ്റാണ്ടോളം ഒരിക്കൽ പോലും അവതരിപ്പിക്കപ്പെടാത്ത നാശത്തിലേക്ക് പോയ അവതരണകലയെ ഒരു നാട് തിരികെവിളിച്ചു.


 

*(പേർഷ്യൻ ഭാഷയിൽ നിന്ന് ഉത്ഭവിച്ച ഒരു പദമാണ് ജാലിസ്, ഇത് ഒരു അലങ്കാര സ്ക്രീനിനെയോ ലാറ്റിസ് ചെയ്ത വിൻഡോയെയോ സൂചിപ്പിക്കുന്നു. ഈ സ്‌ക്രീനുകൾ സാധാരണയായി മരം, ലോഹം അല്ലെങ്കിൽ കല്ല് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, മാത്രമല്ല വായുപ്രവാഹവും വെളിച്ചവും കടന്നുപോകാൻ അനുവദിക്കുമ്പോൾ സ്വകാര്യത നൽകുന്നതിന് വാസ്തുവിദ്യയിൽ ഉപയോഗിക്കുന്നു. ഇസ്ലാമിക വാസ്തുവിദ്യയിൽ, പ്രത്യേകിച്ച് പള്ളികൾ, കൊട്ടാരങ്ങൾ, വീടുകൾ എന്നിവയിൽ ജാലികൾ സാധാരണയായി കാണപ്പെടുന്നു.) 

മരോട്ടി* കർഷകരുടെ മിത്രമെന്നാണ് മരോട്ടി അറിയപ്പെടുന്നത്. പണ്ട് കർഷകർ പുതയിടാനും ജൈവവളമായും ഉപയോഗിച്ച് പോന്നിരുന്ന മരോട്ടിക്കായ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഒരു നൊസ്റ്റു കൂടിയാണ്. ഈ സസ്യവും അതിന്റെ ഫലവും ഇന്നത്തെ കൃഷിക്ക് അത്ര സുപരിചിതമല്ല. മണ്ണെണ്ണ വരുന്നതിനുമുമ്പ് വീടുകളിലും ക്ഷേത്രങ്ങളിലും വിളക്ക് കത്തിക്കാനായി മരോട്ടിക്കയുടെ എണ്ണയാണ് ഉപയോഗിച്ചിരുന്നത്. നീരട്ടിക്കായ എന്നും വിളിക്കാറുണ്ട്. ചർമ്മരോഗങ്ങൾക്ക് പ്രധാന പ്രതിവിധിയാണിത്. കുഷ്ഠ രോഗചികിത്സക്കും ഉപയോഗിക്കുന്നു. 

 

 

കുറിപ്പുകൾ

  1. രാഘവൻ പയ്യനാട്, ‘ഫോക് ലോർ സങ്കേതങ്ങളും സങ്കൽപ്പങ്ങളും’ (എഫ്.എഫ്.എം. പബ്ലിക്കേഷൻസ്).

സഹായക ഗ്രന്ഥങ്ങൾ

1.     അജു നാരായണൻ കെ. ഡോ., ‘ഫോക് ലോർ പാഠങ്ങൾ, പഠനങ്ങൾ’, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015.

2.     പള്ളത്ത് ജെ.ജെ., ‘നാട്ടറിവ് ഒരു സമ്പൂർണ്ണ പഠനവും രീതിശാസ്ത്രവും’, ഒലിവ് പബ്ലിക്കേഷൻസ്, 2017.

3.     ഭരതൻ കെ എം, ‘ഫോക് ലോർ സിദ്ധാന്തവും പ്രയോഗവും’, മൈത്രി ബുക്സ്, 2002.

4.     രാഘവൻ പയ്യനാട്, ‘ഫോക് ലോർ സങ്കേതങ്ങളും സങ്കൽപ്പങ്ങളും’, എഫ്.എഫ്.എം. പബ്ലിക്കേഷൻസ്, 1999.

5.     ശ്രീകുമാർ ആർ. ഡോ., ‘ഭാരത കളിയും സീതക്കളിയും ദളിത് വാമൊഴി വഴക്കങ്ങൾ’, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2016.

 

 

ഡോ റോഷ്നി എം

അസിസ്റ്റന്റ് പ്രൊഫസർ,

ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം

ഇ-മെയിൽ: roshnidennis123@gmail.com

 


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page