നിർമ്മിതബുദ്ധി; ഭൂതം-വർത്തമാനം-ഭാവി
- GCW MALAYALAM
- 3 days ago
- 9 min read
ഡോ. ശ്രീജിത്ത് എം. നായർ
ഡോ. സജീവ്കുമാർ എസ്.

ആമുഖം
2024 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ പരതിയ വിവരങ്ങളിൽ പത്തൊൻപതാം സ്ഥാനത്ത് ചാറ്റ്-ജിപിറ്റി ആയതിൽ അത്ഭുതപ്പെടാനില്ല. അതിനുമുൻപിലുള്ള 18 എണ്ണവും യൂട്യൂബ്, വാട്ട്‌സാപ്പ്, ട്വിറ്റർ, ആമസോൺ പ്രൈം തുടങ്ങിയ വാണിജ്യ സാമൂഹിക മാധ്യമങ്ങൾ ആണെന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം നമുക്ക് കുറച്ചുകൂടി വെളിപ്പെടുന്നത്. ചാറ്റ്-ജിപിറ്റി എന്താണെന്ന് അറിയാൻ വേണ്ടിയാണ് ഇത്രയധികം (133.5 കോടി) ഗൂഗിൾ പരതൽ നടന്നെതെന്നത് അതിന്റെ പ്രചാരത്തേയും അതിനോടുള്ള മനുഷ്യസമൂഹത്തിന്റെ ആകാംക്ഷയുടെയും ആഴം വെളിപ്പെടുത്തുന്നു. ചാറ്റ്-ജിപിറ്റി വരുന്നതിന് തൊട്ട് മുൻപ് മുതൽ (നിലവിലും) സമൂഹത്തിൽ ‘‘വൈറലായ’’, പദമാണ് എ.ഐ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്) അഥവാ കൃത്രിമ ബുദ്ധി. ലോകത്തിന്റെയും വിശിഷ്യാ മനുഷ്യസമൂഹത്തിന്റേയും മുന്നോട്ടുള്ള ഗതി എ.ഐ. നിയന്ത്രിക്കുന്ന കാലം വിദൂരമല്ല. മനുഷ്യന്റെ കയ്യും തലയും എത്തിയാൽ മാത്രമേ സാധ്യമാകൂ എന്ന് ഉറപ്പിച്ചിരുന്ന മേഖലകളിൽ വരെ നിർമ്മിതബുദ്ധി അതിന്റെ കഴിവ് തെളിയിച്ചിരിക്കുന്നു. വൈദ്യം, നിയമം, ആതുര സേവനം (2019ൽ പുറത്തിറങ്ങിയ ആൻഡ്രോയിഡ് കുഞ്ഞപ്പനെ ഇന്നും മലയാളികൾ മറന്നിട്ടുണ്ടാവാൻ സാധ്യതയില്ല), ഗവേഷണം, എന്നുവേണ്ട എ.ഐ യുടെ കൈ എത്താത്ത മേഖലകൾ ഇല്ല എന്നു തന്നെ പറയാം. എ.ഐ. വിപ്ലവത്തിന്റെ നാൾ വഴികളിലേക്കും വർത്തമാന അവസ്ഥയിലേക്കും, ഭാവിയിലേക്കുമുള്ള ഒരന്വേഷണമാണ് ഈ പ്രബന്ധം.
എന്താണ് നിർമ്മിത ബുദ്ധി?
മുമ്പ് മനുഷ്യബുദ്ധിക്ക് മാത്രം സാധ്യമായിരുന്ന പ്രവർത്തികൾ ഗണിത മാതൃകകൾ വച്ച് യന്ത്രങ്ങളെക്കൊണ്ട് ചെയ്യിക്കാൻ പ്രാപ്തമാക്കുന്ന കമ്പ്യുട്ടർ ശാസ്ത്രത്തിലെ ഒരു ശാഖയാണ് എ.ഐ. സങ്കീർണ്ണങ്ങളായ ഒന്നിലധികം സാങ്കേതികവിദ്യകൾ കോർത്തിണക്കി ഈ യന്ത്രങ്ങൾ പ്രവർത്തിക്കുന്നു. ഇവയ്ക്ക് വസ്തുക്കളെ കണ്ട് മനസ്സിലാക്കാനും ശബ്ദം കേട്ട് മനസ്സിലാക്കാനും ഭാഷകൾ തിരിച്ചറിയാനും അത് പരിഭാഷപ്പെടുത്താനും എഴുതിയത് വായിച്ച് മനസ്സിലാക്കാനും ഒരുകൂട്ടം വിവരങ്ങൾ പർശോധിച്ച് തീരുമാനം എടുക്കാനും പ്രശ്‌നം പരിഹരിക്കാനും തുടങ്ങി ഒരു മനുഷ്യന് സാധ്യമായതെല്ലാം (ജീവശാസ്ത്രപരമായവ ഒഴികെ) ചെയ്യാൻ കഴിയും.
എ.ഐ യുടെ പ്രവർത്തനത്തെ നമുക്ക് ഒരു കുഞ്ഞിന്റെ വളർച്ചയും ബുദ്ധിവികാസവും പ്രവർത്തിയുമായി താരതമ്യം ചെയ്യാൻ സാധിക്കും. ഒരു കുഞ്ഞിനെ നമ്മൾ ഒരു വസ്തു കാണിച്ച് കൊടുത്ത് അത് ഇന്നവസ്തുവാണെന്ന് ബോധ്യപ്പെടുത്തിയാല്‍ പിന്നീട് അതേ സാധനം എവിടെ കണ്ടാലും അവനത് തിരിച്ചറിയാൻ സാധിക്കും. (ഇത് നാം പോലുമറിയാതെ നടത്തുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങാണ്). അതിന്റെ ചുവടുപിടിച്ച് അതുമായി ബന്ധമുള്ള വസ്തുക്കളും അവൻ തൊട്ടറിഞ്ഞ്, കണ്ടറിഞ്ഞ്, കേട്ടറിഞ്ഞ് മനസ്സിലാക്കുന്നു (ഇത് പ്രോഗ്രാം ഡെവലപ്പിങ്ങ് എന്ന ഗണത്തിൽ പെടുത്താം). ഇതുപോലെ തന്നെയാണ് യന്ത്രങ്ങളുടെ കാര്യവും. യന്ത്രങ്ങളിലും കമ്പ്യുട്ടറിന്റെ സഹായത്തോടെ അതിനു മുൻപിൽ വരാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളുടേയും ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ ആദ്യമേ സൂക്ഷിച്ചിട്ടുണ്ടാകും (പ്രോഗ്രാമിങ്ങ്). അങ്ങനെയുള്ള യന്ത്രത്തിന്റെ കണ്ണുകളുടെ സ്ഥാനത്തുള്ള ക്യാമറയുടെ മുന്നിൽ ഒരു വസ്തു വച്ചാൽ യന്ത്രം ഉടനെ ആ വസ്തുവിന്റെ ചിത്രം പകർത്തി ഡിജിറ്റൽ രൂപത്തിലാക്കി അതിന്റെ മെമ്മറിയിൽ (ഓർമകൾ/വിവരങ്ങൾ സൂക്ഷിക്കുന്ന ഭാഗം) ഉള്ള ചിത്രങ്ങളായി താരതമ്യം ചെയ്യുകയും വസ്തു ഇന്നതാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ഇനി യന്ത്രത്തിന്റെ മെമ്മറിയിൽ ആ വസ്തുവിന്റെ ചിത്രംസൂക്ഷിച്ചിട്ടില്ലെങ്കിൽ അതിനോട് ഏറ്റവും സാമ്യം ഉള്ള ചിത്രം ഏതാണെന്ന് മനസ്സിലാക്കി വസ്തു ആ ഗണത്തിൽ പെട്ടതാണെന്ന തിരിച്ചറിവ് യന്ത്രത്തിനുലഭിക്കും. ഇങ്ങനെ കിട്ടുന്ന പുതിയ അറിവുകളെ അത് സൂക്ഷിച്ച് മെമ്മറിയിലേക്ക് ചേർക്കുകയും ചെയ്യും (ഡെവലപ്പിങ്ങ്). ഇത്തരത്തിലുള്ള ഒരു യന്ത്രം വസ്തുക്കളെ കണ്ട് തിരിച്ചറിയാൻ കഴിയുന്ന എ.ഐ ഗണത്തിൽ പെടും.ഇപ്രകാരം മനുഷ്യസാധ്യമായ കഴിവുകൾ എല്ലാം കൂടി കോർത്തിണക്കി ഒരു സൂപ്പർ കമ്പ്യുട്ടർ നിർമിച്ചാൽ അത് മനുഷ്യനോട് ഒരു പരിധിവരെ (99.9%) കിടപിടിക്കും.
എ.ഐ: വിവിധ തരം
നിലവിൽ ഇരുപതിലധികം എ.ഐ സംവിധാനങ്ങൾ ലോകത്തുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
1. നാരോ എ.ഐ: നിർമ്മിതബുദ്ധിയുടെ പ്രാഥമികവും, അവികസിതവുമായ രൂപം. ഒരു പ്രത്യേക ജോലി മാത്രം ചെയ്യാൻ കഴിവുള്ളവ. കണ്ടെത്തുന്ന പുതിയ അറിവുകൾ കൂടി സ്വന്തം മെമ്മറിയിലേക്ക് സൂക്ഷിച്ച് അപഗ്രഥനം നടത്താൻ ഇവയ്ക്ക് കഴിവില്ല. അതിൽ ഉള്ള പ്രോഗ്രാമിനനുസരിച്ച് മാത്രം പ്രവർത്തിക്കും.
2. ജനറൽ എ.ഐ: ഒന്നിലധികം ജോലികൾ ചെയ്യാൻ സാധിക്കുന്ന, ജോലികൾക്കിടയ്ക്ക് ലഭിക്കുന്ന പുതിയ അറിവുകളെക്കൂടി സൂക്ഷിച്ച് വച്ച് അവയെ അപഗ്രഥനം നടത്തി പുതിയ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന, ഏകദേശം മനുഷ്യ മസ്തിഷ്‌കത്തോട് താരതമ്യം ചെയ്യാൻ കഴിയുന്ന നിർമ്മിതബുദ്ധി
3. ആർട്ടിഫിഷ്യൽ സൂപ്പർ ഇന്റെലിജൻസ്: ചില പ്രത്യേക കാര്യങ്ങളിൽ മനുഷ്യന്റെ തലച്ചോറിനേക്കാൾ അധികം കാര്യക്ഷമതയോടെ (അല്ലെങ്കിൽ ഒന്നിലധികം തലച്ചോറുകളുടെ കൂട്ടായ്മ പോലെ) പ്രവർത്തിക്കാൻ കഴിവുള്ള നിർമ്മിതബുദ്ധി. വളരെ സങ്കീർണ്ണമായ കമ്പ്യുട്ടർ പ്രോഗ്രാമുകളാൽ നിർമ്മിച്ചിരിക്കുന്നു. മനുഷ്യസാധ്യമായ കാര്യങ്ങൾക്ക് മുകളിൽ ഉള്ള പ്രവർത്തികൾ സ്വയം കണ്ട് മനസ്സിലാക്കി ചെയ്യുവാൻ ഇവയ്ക്ക് സാധിക്കും.
4. റിയാക്ടീവ് മെഷീൻ: ഓർമകൾ ആവശ്യമില്ലാത്ത (അല്ലെങ്കിൽ വളരെ കുറച്ച് മാത്രം ഓർമകൾ മതിയാകുന്ന) നിർമ്മിതബുദ്ധിയാണിവ. ഇവ ഒരു പ്രത്യേകതരം ജോലി മാത്രം ചെയ്യുവാൻ ഉദ്ദേശിച്ചുള്ളവയാണ്. ഒരു പ്രത്യേക നിക്ഷേപത്തിനനുസരിച്ച് (ഇൻപുട്ട്) അതിനുവേണ്ടി മാത്രമായ ഒരു ഉല്പന്നമോ പ്രവൃത്തിയോ മാത്രമേ ഇവ പുറപ്പെടുവിക്കൂ.
5. ലിമിറ്റെഡ് മെമ്മറി. എ.ഐ: പേരുസൂചിപ്പിക്കുന്നതുപോലെ മെമ്മറിയുടെ അളവ് വളരെ പരിമിതമാണെങ്കിലും അവയ്ക്ക് മനുഷ്യമസ്തിഷ്‌കത്തിന് സമാനമായി, പ്രവൃത്തിപരിചയത്തിലൂടെ കുറേ അധികം വിവരങ്ങളെ സ്വാംശീകരിക്കാനും അപഗ്രഥിക്കാനും കഴിയും. ഇപ്പോൾ പൊതുവേ സ്വീകാര്യമായിരിക്കുന്ന എ.ഐ കൾ ഈ വിഭാഗത്തിൽ പെടുന്നവയാണ്.
6. ഡീപ് ലേണിങ്ങ്: മനുഷ്യന്റെ തലച്ചോർ പ്രവർത്തിക്കുന്നതുപോലെ ചുറ്റുമുള്ളവയെ മനസ്സിലാക്കാൻ ഒരു യന്ത്രത്തെ പ്രാപ്തമാക്കുന്നതിന്റെ ആദ്യപടി. ഇത്തരം യന്ത്രങ്ങൾക്ക് വാചകങ്ങളും, സങ്കീർണ്ണ ചിത്രങ്ങളും, ശബ്ദങ്ങളും മറ്റും മനസ്സിലാക്കി തീരുമാനം എടുക്കാൻ കഴിയും. ഇവയുടെ വളരെ പുരോഗമിച്ച രൂപമാണ് മെഷീൻ ലേണിംഗ്
7. മെഷീൻ ലേണിംഗ്: ചുറ്റുപാടും നടക്കുന്നവ സ്വയം കണ്ട് മനസ്സിലാക്കി അറിവ് നേടാൻ കഴിവ് ഉള്ള യന്ത്രങ്ങളെ ഈ ഗണത്തിൽ പെടുത്താം. ആ യന്ത്രത്തെ നിയന്ത്രിക്കുന്ന പ്രോഗ്രാമുകളെ വരെ അതിനു സ്വയം പരിഷ്‌കരിച്ച് മുന്നേറാൻ സാധിക്കും.
8. കമ്പ്യുട്ടർ വിഷൻ: ചിത്രങ്ങളും വീഡിയോകളും കണ്ട് മനസ്സിലാക്കാനും (ചിലപ്പൊൾ ആസ്വദിക്കുവാനും!!) അവയെ അപഗ്രഥിച്ച് തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെങ്കിൽ അതിനും കഴിവുള്ള നിർമ്മിതബുദ്ധി.
9. റോബോട്ടിക്‌സ്: പൊതുസമൂഹത്തിൽ റോബോട്ടുകൾ എന്ന പദം വളരെ അധികം ചർച്ച ചെയ്യപ്പെട്ടുകഴിഞ്ഞു. മനുഷ്യന്റെ സഹായമോ സാമീപ്യമോ ഇല്ലാതെ പല പ്രവർത്തികളും ചെയ്യാൻ കഴിയുന്ന റോബോട്ടുകൾ, ഇവിടെ വിവരിച്ച പല നിർമ്മിതബുദ്ധികളുടേയും അതി സങ്കീർണ്ണമായ ഒരു സംയോജനമാണ്. അത്രക്കൊക്കെ സങ്കീർണ്ണമല്ലാത്ത, ഏതെങ്കിലും ഒരു പ്രവർത്തിയോ, ഒന്നിലധികം പ്രവർത്തികളോ മാത്രം ചെയ്യാൻ കഴിയുന്ന റോബോട്ടുകളും ഉണ്ട്. ഇവയെ നയിക്കുന്ന/നിയന്ത്രിക്കുന്ന എ.ഐ യുടെ ശാഖയാണ് റോബോട്ടിക്‌സ്
10. ന്യുറൽ നെറ്റ്‌വർക്ക്: മനുഷ്യ മസ്തിഷ്‌കത്തിന്റേയും അതിനോട് അനുബന്ധപ്പെട്ട നാഡീവ്യുഹത്തിന്റേയും ഘടനയിൽ നിന്നും പ്രവർത്തനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് (അതിനെ അനുകരിച്ചെന്നും പറയാം) വികസിപ്പിച്ചെടുത്ത എ.ഐ വിഭാഗം ആണ് ന്യുറൽ നെറ്റ്‌വർക്കുകൾ. മെഷീൻ ലേർണിങ്ങ്, ഡീപ് ലേർണിങ്ങ് എന്നിവ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. മനുഷ്യന്റെ തലച്ചോർ ഓരോകാര്യങ്ങൾ ഗ്രഹിക്കുന്നതുപോലെ തന്നെ ഇത്തരം യന്ത്രങ്ങളും സ്വയമേവ കാര്യങ്ങൾ ഗ്രഹിച്ചെടുത്ത് സ്വയം പ്രവർത്തിക്കുന്നു.
11. തിയറി ഓഫ് മൈൻഡ്: ഒരു മനുഷ്യന്റെ (സമാന സ്വഭാവം ഉള്ള യന്ത്രത്തിന്റേയും) മാനസികവ്യാപാരങ്ങളും വികാര വിചാരങ്ങളും മനസ്സിലാക്കി അതിനനുസരിച്ച് ചിന്തകളും വികാരങ്ങളും സ്വയം പാകപ്പെടുത്തി എടുക്കാൻ കഴിവുള്ള അതിസങ്കീർണ്ണമായ നിർമ്മിതബുദ്ധി.
12. സെൽഫ് അവെയർ: സ്വന്തം നിലയെ പറ്റിയും, ചുറ്റുപാടും ഉള്ള വസ്തുക്കളുടെ നിലയെ പറ്റിയും വ്യക്തമായ ധാരണ ഉള്ളതും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നതുമായനിർമ്മിതബുദ്ധി.
13. നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിങ്ങ്: ഭൂമിയിൽ നിലനില്ക്കുന്ന ഒട്ടുമിക്ക (താത്വികമായി പറഞ്ഞാൽ എല്ലാ) ഭാഷകളെ പറ്റിയും പരിജ്ഞാനം ഉള്ളതും (എഴുതാനും, വായിക്കാനും, പറയാനും) അവയെ പരിഭാഷപ്പെടുത്താൻ കഴിവുള്ളതും ആയ നിർമ്മിതബുദ്ധി.പ്രശസ്തമായ ചാറ്റ്-ജിപിറ്റി ഈ ഗണത്തിൽ പെടുന്നതാണ്
14. എക്‌സ്പർട്ട് സിസ്റ്റം: ഏതെങ്കിലും ഒരു പ്രത്യേക മേഖലയിൽ വൈദഗ്ധ്യം ഉള്ള നിർമ്മിതബുദ്ധി. ഇതുപയോഗിച്ച് ആ മേഖലയിൽ വരാനിരിക്കുന്ന സംഭവവികാസങ്ങളെ മുൻ കൂട്ടി പ്രവചിക്കാൻ വരെ സാധിക്കും.
15. സ്മാർട്ട് അസ്സിസ്റ്റന്റ്‌സ്: ഉപയോക്താവിന്റെ സംഭാഷണങ്ങൾ കേട്ട് അപഗ്രഥിച്ച് അതിനനുസരിച്ച് പ്രവർത്തിക്കുന്ന നിർമ്മിതബുദ്ധി. വെർച്വൽ അസ്സിസ്റ്റന്റ്, ഡിജിറ്റൽ അസ്സിസ്റ്റന്റ്, എ.ഐ അസ്സിസ്റ്റന്റ് എന്നീ പേരുകളിലും അറിയപ്പെടുന്നു.
16. ജെനറേറ്റീവ് അഡ്‌വേഴ്‌സറിയൽ നെറ്റ്‌വർക്ക്: ജി.എ.എൻ എന്ന ചുരുക്കരൂപത്തിൽ അറിയപ്പെടുന്ന ഇവ രണ്ടോ അതിലധികമോ ന്യുറൽ നെറ്റ്‌വർക്കുകളുടെ സംയോജിത രൂപമാണ്. ഇത്തരം യന്ത്രങ്ങളിൽ നെറ്റ്‌വർക്കുകൾ തമ്മിൽ മൽസരബുദ്ധിയോടെ (എന്നാൽ പരസ്പര സഹകരണത്തോടെയും) ഒരോ കാര്യങ്ങളും പ്രത്യേകം വിശകലനം ചെയ്ത് ഏറ്റവും ആധികാരികമായ തീരുമാനം എടുക്കുകയും (ഒന്നിലധികം വ്യക്തികൾ ചേർന്ന് ഒരു യോഗത്തിൽ കാര്യങ്ങൾ അപഗ്രഥിച്ച് തീരുമാനം എടുക്കുന്നതുപോലെ) അതിനനുസരിച്ച് യന്ത്രം പ്രവർത്തിക്കുകയും ചെയ്യും.
എ.ഐ: ചരിത്രവും വർത്തമാനവും
പുറകോട്ട് തിരിഞ്ഞുനോക്കിയാൽ മനുഷ്യനെപോലെ ചിന്തിക്കുന്ന യന്ത്രങ്ങളെ പറ്റിയുള്ള ചിന്തകൾ പല പുരാണേതിഹാസങ്ങളിൽ പോലും കാണാൻ കഴിയും. ഗ്രീക്ക് പുരാണങ്ങളിൽ പറയുന്ന ടാളോസ് എന്ന വെങ്കലനിർമ്മിതമായ ഭീമാകാരനായ ‘സാങ്കൽപ്പിക’ യന്ത്രമനുഷ്യൻ ഗ്രീക്ക് പട്ടണമായ യൂറോപ്പയുടെ കാവൽക്കാരനായിരുന്നു.
ഇതിഹാസങ്ങളിൽ നിന്നും മാറി ചരിത്രത്തിലേക്കെത്തിയാൽ എ.ഡി 1596-1650 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഫ്രഞ്ച് ഗണിത ശാസ്ത്രജ്ഞനും തത്വചിന്തകനുമായ റെനെ ദെക്കാർത്തെയാണ് ആദ്യമായി മനുഷ്യനെ അനുകരിക്കുന്ന യന്ത്രങ്ങളെ പറ്റിയുള്ള ആശയം മുന്നോട്ട് വച്ചത്. അദ്ദേഹം അവയെ ആത്മാവില്ലാത്ത മനുഷ്യയന്ത്രങ്ങൾ എന്നാണ് വിശേഷിപ്പിച്ചത്. (1647 ൽ അദ്ദേഹം മനുഷ്യ ശരീരത്തെ വിശേഷിപ്പിച്ചത് ‘‘ആത്മാവുള്ള സങ്കീർണ്ണ യന്ത്രം’’ എന്നാണ്) ആ ആശയമാണ് യഥാർത്ഥത്തിൽ ആധുനികലോകത്തിലെ നിർമ്മിതബുദ്ധിക്ക് വിത്തുപാകിയത് എന്നുപറയാം.
കാലങ്ങൾക്ക് ശേഷം 1823 ൽ ചാൾസ് ബാബേജ് ഗണിതക്രിയകൾ ചെയ്യാൻ കെൽപ്പുള്ള ഡിഫറൻസ് യന്ത്രം കണ്ടുപിടിക്കുകയും അതിനെ തന്നെ പരിഷ്‌കരിച്ച് 1830 കളിൽ കമ്പ്യുട്ടറുകളുടെ ആദിമരൂപമായ അനലിറ്റിക്കൽ എഞ്ചിൻ വികസിപ്പിക്കുകയും ചെയ്തു. അതും എ.ഐ നാൾവഴിപുസ്തകത്തിലെ ഒരു നാഴികകല്ലായി പരിഗണിക്കുന്നു. ബാബേജിനോടൊപ്പം പ്രവർത്തിച്ചിരുന്ന, ലോകത്തിലെ ആദ്യത്തെ കമ്പ്യുട്ടർ പ്രോഗ്രാമർ എന്നറിയപ്പെടുന്ന ശ്രീമതി അഡാ ലൗലേസ്, അളവിനപ്പുറത്ത് പലതിനേയും തിരിച്ചറിയാൻ യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന രീതിയിൽ പ്രോഗ്രാമുകൾ നിർമിക്കാൻ ശ്രമിച്ചു.
1950 കളിൽ ശ്രീ. അലൻ ട്യുറിങ്ങ് എ.ഐ യെ കുറിച്ചുള്ള പല ഗവേഷണങ്ങൾ നടത്തുകയും ‘‘കമ്പ്യുട്ടിങ്ങ് മെഷീണറി ആന്റ് ഇന്റെലിജൻസ്’’ എന്ന സെമിനാർ വിവരണത്തിലൂടെ ട്യുറിങ്ങ് പരീക്ഷ (ട്യുറിങ്ങ് ടെസ്റ്റ്) എന്ന ആശയം മുന്നോട്ട് വക്കുകയും ചെയ്തു. ഒരു യന്ത്രം മനുഷ്യനെപ്പോലെ ചിന്തിക്കുമോ എന്നറിയാനുള്ള പരീക്ഷണമാണ് ട്യുറിങ്ങ് ടെസ്റ്റ്. ഒരു യന്ത്രം ഒരു കൂട്ടം മനുഷ്യരുമായി യന്ത്രമാണെന്ന് തോന്നാത്ത വിധത്തിൽ ആശയവിനിമയത്തിൽ ഏർപ്പെടുകയാണെങ്കിൽ അത് മനുഷ്യനെപ്പോലെ ചിന്തിക്കുന്നു (പ്രവർത്തിക്കുന്നു) എന്ന് കരുതാം. ഇത് തന്നെയാണ് ട്യുറിങ്ങ് ടെസ്റ്റിലും പരിശോധിക്കുന്നത്. (2001 ൽ വികസിപ്പിച്ച യൂജിൻ ഗൂസ്റ്റ്മാൻ (ഇ ഗൂസ്റ്റ്മാൻ) എന്ന ചാറ്റ് റോബോട്ടാണ് ആദ്യമായി ഈ പരീക്ഷ വിജയിച്ചത്!!)
1956 ൽ പ്രൊഫസർ ജോൺ മക്കാർത്തിയുടെ പരിശ്രമഫലമായി ഡാർട്ട്മൗണ്ടിൽ നടന്ന വേനല്ക്കാല ഗവേഷണ യോഗത്തിന്റെ ഭാഗമായി എട്ട് ആഴ്ചയോളം നീണ്ട സമഗ്രമായ ഒരു ചർച്ച നിർമ്മിതബുദ്ധിയെ കുറിച്ച് നടന്നു. (അടുത്ത 50 വർഷത്തെ വികസനത്തെ പറ്റി ചർച്ച ചെയ്യാൻ 2006ൽ വീണ്ടും അതേ സ്ഥലത്ത് യോഗം കേരുകയുണ്ടായി.) ആ യോഗത്തിനു ശേഷം നിർമ്മിത ബുദ്ധി എന്നത് ഒരു പ്രത്യേക ശാസ്ത്രശാഖയായി ഉരുത്തിരിയുകയും അതിൽ നിരന്തര ഗവേഷണങ്ങൾ ആരംഭിക്കുകയും ചെയ്തു. ഈ ഗവേഷണങ്ങളുടെ ഫലമെന്നവണ്ണം 1957 മുതൽ 1979 വരെയുള്ള കാലങ്ങളിലായി എക്‌സ്പർട്ട് സിസ്റ്റം, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിങ്ങ്, മെഷീൻ ലേണിങ്ങ് എന്നീ വിഭാഗങ്ങളിൽ ഉള്ള പല യന്ത്രങ്ങളുടേയും പ്രാഗ്‌രൂപങ്ങൾ വികസിപ്പിച്ചെടുത്തു.
1980 മുതൽ 87 വരെയുള്ള ഏഴുവർഷങ്ങൾ എ.ഐ ഗവേഷണത്തിന്റെ പുരോഗമനകാലഘട്ടമായി പൊതുവേ കരുതപ്പെടുന്നു. പല വികസിത രാജ്യങ്ങളുടെ സർകാരുകളും സ്വകാര്യ കുത്തകകളും കോടിക്കണക്കിനു ഡോളറുകൾ എ.ഐ ഗവേഷണങ്ങൾക്കായി ചിലവഴിച്ചു. ഇതു കൂടാതെ വളരെ അധികം കഴിവുകളും കാര്യക്ഷമതയുമുള്ള മൈക്രോപ്രോസസ്സറുകളുടെ കണ്ടുപിടിത്തം ഉഗ്രശേഷിയുള്ള കമ്പ്യുട്ടറുകളുടെ നിർമ്മാണത്തിലേക്ക് നയിച്ചതും എ.ഐ വികസനത്തിന്റെ ആക്കം കൂട്ടി.. പ്രതീക്ഷയ്ക്കൊത്തുള്ള വളർച്ച സംഭവിക്കാത്തതിനാൽ 1987 മുതൽ 93 വരെ നിർമ്മിതബുദ്ധിയുടെ ഗവേഷണങ്ങൾ ‘‘എ.ഐ ശൈത്യം’’ എന്നറിയപ്പെടുന്ന തണുത്തകാലത്തിലൂടെയുംമുന്നോട്ട് പോയി. 1993 നു ശേഷം അതിശക്തമായ കമ്പ്യുട്ടറുകളുടെ വികസനം കൊണ്ടും, മെഷീൻ ലേണിങ്ങിൽ നിന്നും ഡീപ്പ് ലേണിങ്ങ് വികസിപ്പിച്ചെടുത്തതുകൊണ്ടും മറ്റും ഈ മേഖലയിൽ വമ്പൻ ഉയിര്‍ത്തെഴുന്നേല്പ് ഉണ്ടാവുകയും അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.
2000 മുതൽ ഇങ്ങോട്ടേക്ക് എ.ഐ യുടെ വിസ്മയിപ്പിക്കുന്ന വളർച്ചക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
· അമേരിക്കയിലെ മസാചുസെറ്റ്‌സ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജിയിൽ 2000 ത്തിലാണ് മുഖത്ത് ഭാവങ്ങൾ കാണിക്കാൻ പറ്റുന്ന കിസ്മറ്റ് എന്ന റോബോട്ടിനേ കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചത് (1995-2000 കാലത്ത് വികസിപ്പിച്ചിരുന്നു).
· 2002 ഇൽ റൂംബാ എന്ന, സ്വയംതടസ്സം മാറ്റി മുന്നോട്ട് പോകാൻ കഴിവുള്ള യന്ത്രം നിർമ്മിച്ചു.
· 2004 ൽ നാസയുടെ സ്പിരിറ്റ്, ഒപ്പർച്യൂണിറ്റി എന്നീ റോവറുകൾ ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തി.
· 2005 ൽ ഹോണ്ട പുറത്തിറക്കിയ മനുഷ്യ സദൃശമായ റോബോട്ട് മനുഷ്യന്റെ വേഗത്തിൽ നടക്കാനും ഹോട്ടലുകളിൽ ട്രേ മുതലായവ കൊടുക്കാനും കെൽ പ്പുള്ളവയായിരുന്നു.
· 2009 ൽ ശ്രേണികളെ തിരിച്ചറിയാൻ കഴിവുള്ള ന്യുറൽ നെറ്റ് വർക്കുകൾ വികസിപ്പിച്ചു. അവയ്ക്ക് കയ്യക്ഷരങ്ങൾ വരെ തിരിച്ചറിയുവാനുള്ള കഴിവുണ്ടായിരുന്നു. ഈ വർഷം തന്നെ ഗൂഗിൾ ഡ്രൈവർ ആവശ്യമില്ലാത്ത ഓട്ടണോമസ് കാർ നിമ്മിച്ചു.
· 2010 ൽ മൈക്രോസോഫ്റ്റ് മനുഷ്യശരീരത്തിന്റെ ചലനം തിരിച്ചറിയാനും അപഗ്രഥിക്കുവാനും കഴിവുള്ള എക്‌സ്‌ബോക്‌സ് 360 വികസിപ്പിച്ചു.
· 2011 ൽ ആപ്പിൾ സ്മാർട്ട് ഫോണുകൾ ക്കുള്ള സിരി എന്ന നാച്ചുറൽ ലാംഗ്വേജ് ആപ്പ് വികസിപ്പിച്ചു
· 2012 ൽ ഡീപ് ലേണിങ്ങ് മാതൃകയായ അലക്‌സ് നെറ്റ് കണ്ട് തിരിച്ചറിയുന്ന മൽസരം വിജയിച്ചു. അതിനെ പിന്തുടർന്ന് പത്തിലധികം ഡീപ് ലേണിങ്ങ് എ.ഐ മാതൃകകൾ നിർമിക്കപ്പെട്ടു.
· 2013 ൽ ജപ്പാനിൽ വികസിപ്പിച്ച എച്ച്.ആർ.പി-2 എന്ന റൊബോട്ട് കാർ ഓടിക്കുക, ഗോവണി കയറുക, വാതിലുകളും വഴികളും തിരിച്ചറിഞ്ഞ് നടക്കുക, തടസ്സങ്ങൾ മാറ്റുക, പൈപ്പിന്റെ വാൽവ് അടക്കുക, ഹോസ് ഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യാൻ കഴിവുള്ളതായിരുന്നു.
· 2002 മുതൽ 2016 വരെ ഗോ കളിയിൽ ലോക ചാമ്പ്യൻ ആയിരുന്ന ലീ സെഡോൾ എന്ന വ്യക്തിയെ 2016 ൽ ഗൂഗിൾ നിർമ്മിച്ച ആൽഫാ ഗോ എന്ന നിർമ്മിതബുദ്ധി തോൽപ്പിച്ചു.
· 2017 ൽ ചിത്രങ്ങളും വീഡിയോകളും കണ്ട് മനസ്സിലാക്കുന്ന ഗൂഗിൾ ലെൻസ് അവതരിപ്പിച്ചു.
· 2018 ൽ ലാംഗ്വേജ് പ്രോസസ്സിങ്ങ് എ.ഐ ആയ ആലിബാബ ഒരുലക്ഷം ചോദ്യങ്ങൾക്ക് ഉത്തരം നൽകി ലോകത്തെ അമ്പരപ്പിച്ചു. അതേ വർഷം തന്നെ ഗൂഗിൾ ഡ്യുപ്ലക്‌സ് എന്ന പുസ്തകവായനാ എ.ഐ അവതരിപ്പിക്കപ്പെട്ടു. മനുഷ്യവായനക്ക് പകരം വയ്ക്കാവുന്ന ഒന്നായിരുന്നു അത്.
· 2019 ൽ ഡീപ് മൈൻഡിന്റെ ആൽഫാ സ്റ്റാർ ചെസ്സിലെ ഗ്രാൻഡ് മാസ്റ്റർ തലം വരെ എത്തിച്ചേർന്നു.
· 2020 ൽ സ്വതന്ത്ര എ.ഐ ജി.പി.റ്റി-3 എന്ന ഡീപ്പ് ലേണിങ്ങ് മാതൃക അവതരിപ്പിച്ചു. അതേ വർഷം തന്നെ ടൂറിങ്ങ് നാച്ചുറൽ ലാംഗ്വേജ് ജെനെറേഷൻ എന്ന 1700 ദശലക്ഷം പദപ്രയോഗങ്ങൾ അടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിങ്ങ് എ.ഐ യും നിലവിൽ വന്നു.ആ വർഷം അവസാനം ആൽ ഫാ ഫോൾഡ്-2 എന്ന എ.ഐ. അതി സങ്കീർണ്ണങ്ങളായ പ്രോട്ടീനുകളുടെ ഘടന പ്രവചിച്ചു.
· 2022 ൽ അതിപ്രശസ്തമായ ചാറ്റ് ജിപിറ്റി അവതരിപ്പിച്ചു.
· 2023ൽ ഗൂഗിൽ ഡീപ് മൈൻഡ് അതിന്റെ മൾട്ടി മോഡൾ ലാർജ്ജ് ലാംഗ്വേജ് മോഡലായ ജെമിനി1.0 അൾട്രാ അവതരിപ്പിച്ചു.
· 2024 ഇൽ സ്വതന്ത്ര എ.ഐ, ഒരു വാചകം വായിച്ച് മനസ്സിലാക്കി അതിൽ നിന്നും ഒരു മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ നിർമിക്കാൻ പ്രാപ്തിയുള്ള സോറാ എന്ന എ.ഐ വികസിപ്പിച്ചു. അതിനോട് അടുത്ത് തന്നെ ഗൂഗിൽ ഡീപ് മൈൻഡ് മനുഷ്യ ഡി.എൻ.എ യുടെ ഘടകങ്ങളെ നിർദ്ധാരണം ചെയ്യാൻ കഴിവുള്ള ആൽഫാ ഫോൾഡ് വികസിപ്പിക്കുകയും അതിന്റെ സഹായത്താൽ ജനിതകമായതും, കാൻസർ പോലുള്ളതുമായ രോഗങ്ങളുടെ മുൻകൂട്ടിയുള്ള പ്രവചനവും നടത്തി. വാട്ട്‌സ് ആപ്പിൽ മെറ്റാ എ.ഐ എന്ന നീലവട്ടം വന്നതും ഇതേ സമയത്ത് ആണ്. ജൂണിൽ ആപ്പിൾ കമ്പനി അതിന്റെ ഐഫോണുകളിൽ ചാറ്റ് ജിപിറ്റി കൂട്ടി ചേർത്തു. ജൂലൈ മാസത്തിൽ എ.ഐ വിശ്വസുന്ദരി മൽസരത്തിൽ കെൻസാ ലൈലി എന്ന എ.ഐ സുന്ദരി കിരീടം ചൂടി. അതേ മാസം ലോക നേതാക്കന്മാരുടെ എ.ഐ അവതാരങ്ങൾ റാമ്പിൽ ചുവടുവച്ചു. അതേ സമയം തന്നെ വന്ന ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ജോലി സമ്മർദ്ദം താങ്ങാനാകാതെ ഒരു റോബോട്ട് ആത്മഹത്യ ചെയ്തു എന്നത് (അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു). എ.ഐ അധിഷ്ഠിതമായ ജോലിക്കാർ (റോബോട്ടുകൾ) ഉള്ളത് കൊണ്ട് ഡെൽ എന്ന അന്താരാഷ്ട്ര കമ്പനി 25000 തൊഴിലാളികളെ പിരിച്ചുവിട്ടു എന്ന വളരെ ദു:ഖകരമായ ഒരു വാർത്തയും ഓഗസ്റ്റ് മാസത്തിൽ പുറത്ത് വന്നിട്ടുണ്ട്. സെപ്റ്റംബർ മാസത്തിൽ മൈക്രോസോഫ്റ്റ് കമ്പനി കള്ളവാർത്തകളെ തിരിച്ചറിയാനുള്ള എ.ഐ ഹാലൂസിനേഷൻ വികസിപ്പിച്ചു. അതേ സമയത്ത് ആലിബാബ എന്ന എ.ഐ 100 വ്യത്യസ്തങ്ങളായ ഓപ്പൺ സോഴ്‌സ് എ.ഐ ആപ്പുകൾ അവതരിപ്പിച്ചു. കൂടാതെ ഉയർന്ന ഊർജ്ജ കാര്യക്ഷമതയുള്ള എ.ഐ വികസിപ്പിച്ചു എന്ന അവകാശവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞർ രംഗത്തെത്തി (അവകാശവാദങ്ങൾ ശാസ്ത്ര സമൂഹം പരിശോധിച്ച് വരുന്നു). ഒക്‌റ്റോബർ മാസത്തിൽ വന്ന വമ്പൻ കുതിച്ചു ചാട്ടമായിരുന്നു പലവിധത്തിലുള്ള ഡേറ്റകളെ ഒരേ സമയം കൈകാര്യം ചെയ്യാനും പ്രവർത്തിക്കാനും കഴിയുന്ന മൾട്ടിമോഡൽ എ.ഐ യുടെ രംഗപ്രവേശം. ഒക്‌റ്റോബർ 9-ആം തിയതി പ്രഖ്യാപിച്ച 2024 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനവാർത്ത ലോകത്തെ ആകെ ഞെട്ടിച്ചു. അമിനോ ആസിഡിന്റെ ശ്രേണിയിൽ നിന്നും പ്രോട്ടീനിന്റെ ത്രിമാന ചിത്രം വികസിപ്പിക്കാൻ കഴിയുന്നആൽഫാഫോൾഡ് എന്ന എ.ഐ വികസിപ്പിച്ച സർ. ഡെമിസ് ഹസാബിസ് (സി.ഇ.ഒ ഗൂഗിൾ ഡീപ് മൈൻഡ്) , ഡോ. ജോൺ ജംപർ (ഡയറക്ടർ, ഗൂഗിൾ ഡീപ് മൈൻഡ്) എന്നീ രണ്ട് എ.ഐ. ശാസ്ത്രജ്ഞന്മാർക്ക് ആയിരുന്നു ഏറ്റവും പുതിയ രസതന്ത്ര നോബൽസമ്മാനത്തിന്റെ പകുതി അനുവദിച്ച് കിട്ടിയത്.
· 2024 നവംബറിൽ ലോകപ്രശസ്ത സേർച്ച് എഞ്ചിൻ ആയ ഗൂഗിളിൻ്റെ സർവാധിപത്യത്തിന് വെല്ലുവിളി ഉയർത്തി "ചാറ്റ് ജിപിടി സെര്‍ച്ച്" എന്ന പേരിൽ ഓപ്പൺ എ. ഐ പുതിയ നിർമിത ബുദ്ധി സേർച്ച് എഞ്ചിൻ അവതരിപ്പിച്ചു. വാക്കുകൾ, വാചകങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ച് ഇവയിൽ കൂടുതൽ കൃത്യതയാർന്ന വെബ് സെർച്ച് നടത്താൻ കഴിയും
പ്രധാന ഉടമ്പടികൾ
ലോകം ഉണ്ടായ കാലം മുതലുള്ള ഏതൊരു കണ്ടുപിടുത്തത്തിനും നല്ലതും ചീത്തയുമായ രണ്ട് വശങ്ങളുണ്ട്. അത് ഉപയോഗിക്കുന്ന വ്യക്തിയുടെ മാനസിക വ്യാപാരങ്ങൾക്ക് അനുസരിച്ച് അതിന്റെ ഗുണ ദോഷങ്ങൾ മാറി മറിയും. അതേ പ്രശ്‌നം നമ്മുടെ നിർമ്മിത ബുദ്ധിക്കും സ്വാഭാവികമായും ഉണ്ട്. ഉദാഹരണത്തിന് നമുക്ക് ഇസ്രായേൽ യുദ്ധ ഉപകരണമായ അയേൺ ഡോമിനെ പറ്റി ചിന്തിക്കാം. യഥാർത്ഥത്തിൽ അത് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു മിസ്സൈൽ വേധ ഉപകരണമാകുന്നു. അയേൺ ഡോം ഉപയോഗിച്ച് ശത്രു രാജ്യം പ്രയോഗിക്കുന്ന മിസ്സൈൽ (അത് തൊടുത്തു വിട്ടതിനുശേഷം) ഏത് ദിശയിൽ നിന്നു വന്നാലും, തൽക്ഷണം ആകാശത്ത് വച്ച് തന്നെ നശിപ്പിക്കാൻ സാധിക്കും.അത് ഉപയോഗിക്കുന്നവർ വരുന്ന മിസ്സൈലുകൾക്ക് പകരം ശത്രുരാജ്യത്തെ കെട്ടിടങ്ങളോ ജനവാസ മേഖലയോ ഉന്നമാക്കി മാറ്റിയാൽ ഉള്ള അവസ്ഥ ഒന്നു ആലോചിച്ചാൽ തന്നെ തല പെരുക്കും. (എന്തുകൊണ്ടോ അങ്ങനെ അവർക്ക് ഇതുവരെ തോന്നിയിട്ടില്ല. മനുഷ്യ രാശിയുടെ ഭാഗ്യം).
നിർമ്മിത ബുദ്ധിയുടെ ദുരുപയോഗം തടയുക എന്ന ഉദ്ദേശ്യത്തോടുകൂടി ആ രംഗത്തെ പ്രമുഖർ ചേർന്ന് പലവിധത്തിള്ള ധാരണകളും ഉടമ്പടികളും രൂപകൽപ്പന ചെയ്തിട്ടുണ്ട്. അവയിൽ ആദ്യത്തേത്ത് 2015ൽ സ്റ്റീഫൻ ഹോക്കിൻസിന്റെ നേതൃത്വത്തിൽ ഇലോൺ മസ്‌കും അതുപോലുള്ള എ.ഐ വിദഗ്ദരും ചേർന്ന് ഒപ്പിട്ട ഓപ്പൺ ലെറ്റർ ഓൺ എ.ഐ എന്ന ഉടമ്പടിയാണ്. എ.ഐ യുടെ സാമുഹിക സ്വാധീനത്തെ പറ്റി ഉള്ള ഗവേഷണം ത്വരിതപ്പെടുത്താനുള്ളതായിരുന്നു അത്. അതേ വർഷം ജൂലൈ മാസത്തിൽ ഇവരോടൊപ്പം 3000 ത്തിൽ അധികം വരുന്ന ഗവേഷകരും ചേർന്ന് ഒപ്പുവച്ച എ.ഐ ഉപയോഗിച്ചുള്ള ആയുധങ്ങളുടെ നിർമ്മാണവും പരീക്ഷണങ്ങളും ഉപയോഗവും നിരോധിക്കാനുള്ള ഉടമ്പടിയുംനിലവിൽ വന്നു. 2017 ജനുവരിയിൽ കാലിഫോർണിയയിലെ അസിലോമറിൽ വച്ച് നടന്ന കൂട്ടായ്മയിൽ എ.ഐ ഗവേഷണത്തിൽ ഉണ്ടായിരിക്കേണ്ട ധാർമ്മികതയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ രൂപീകരിക്കുകയും അത് മനുഷ്യരാശിയുടേയും ഭൂമിയുടെ നിലനിൽപ്പിനേയും ബാധിക്കാത്ത തരത്തിൽ ആകേണ്ടതിന്റെ ആവശ്യകതയെ അടിവര ഇടുകയും ചെയ്തു. 2023 മേയ് മാസത്തിൽ എ.ഐ രംഗത്തെ പ്രമുഖർ ചേർ ന്ന് ഒപ്പിട്ട ‘‘സ്റ്റേറ്റ്‌മെന്റ് ഓൺ എ.ഐ. റിസ്‌ക്’’ എന്ന പ്രമേയം അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. മഹാമാരികൾ, അണുബോംബുകൾ തുടങ്ങിയ മഹാവിപത്തുകൾക്കൊപ്പം (ഒരു പക്ഷേ അതിനേക്കാൾ കൂടുതൽ) മുൻഗണനയോടെ നമ്മൾ കരുതിയിരിക്കേണ്ട ഒന്നാണ് നിർമ്മിത ബുദ്ധിമൂലം ഉണ്ടാകാൻ സാധ്യതയുള്ള മനുഷ്യരാശിയുടെ അന്ത്യം എന്നതാണ് അതിന്റെ രത്‌നച്ചുരുക്കം. അതേ വർഷം നവംബറിൽ നടന്ന ആഗോള എ.ഐ സുരക്ഷാ യോഗത്തിൽ പ്രമുഖ വികസിത രാജ്യങ്ങൾ ഉൾപ്പെടെ 28 രാഷ്ട്രങ്ങൾ ചേർന്ന് എ.ഐ യിൽ നിന്നും ഉണ്ടാകുവാൻ സാധ്യതയുള്ള ഭീഷണിക്കെതിരേ സഹകരിച്ച് പ്രവർത്തിക്കാൻ കരാർ ഒപ്പിട്ടു. 2024 ആഗസ്റ്റ് മാസത്തിൽ അമേരിക്കൻ സർക്കാരും ഓപ്പൺ എ.ഐ യും ചേർന്ന് എ.ഐ യുടെ വികസനവും പരീക്ഷണവും, നിർദ്ദാരണവും മറ്റും മനുഷ്യരാശിക്ക് അപകടമില്ലാത്തവണ്ണം മാത്രം നടത്തുവാൻ ഒരു കരാറിൽ ഒപ്പുവച്ചു. അതേ സമയം തന്നെ കാലിഫോർണിയയിലെ നിയമനിർമ്മാണ സഭ ഇതേ വിഷയത്തിൽ ഒരു ബില്ല് നിയമമാക്കുകയും ചെയ്തു.
നിർമ്മിത ബുദ്ധിയുടെ ഭാവി
നിർമ്മിത ബുദ്ധിയുടെ ഭാവിയെ പറ്റി മനസ്സിലാക്കാൻ ഒരു പക്ഷേ ഏറ്റവും എളുപ്പമായ മാർഗ്ഗം 2024ൽ പുറത്തിറങ്ങിയ കൽക്കി എന്ന തെലുങ്ക് സിനിമ കാണുന്നതായിരിക്കും. അതിൽ കഥാപത്രങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ, വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ, ചെരുപ്പുകൾ എന്നു വേണ്ട സകലമാന നിത്യോപയോഗ സാധനങ്ങളില്‍ മുതൽ യുദ്ധത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളിൽ വരെ എല്ലാത്തിലും ഒരു എ.ഐ ഭാഗം നമുക്ക് കാണുവാൻ കഴിയും.നമ്മുടെ ഭാവിയും ഏകദേശം അതുപോലെ തന്നെ ആകുമെന്നുള്ളതിന് സംശയമൊന്നുമില്ല.
ഏറ്റവും താഴെ തട്ടിൽ നിലനിൽക്കുന്ന കായിക അദ്ധ്വാനം മാത്രം വേണ്ട ജോലികൾ മുതൽ ഏറ്റവും ഉയർന്ന മാനസിക വ്യാപാരങ്ങൾ വേണ്ടുന്നതായ ജോലികൾക്ക് വരെ മനുഷ്യനെ മാറ്റി എ.ഐ വരും. വൈദ്യശാസ്ത്ര മേഖലയിലും മറ്റും ആ മാറ്റം ഇപ്പൊഴേ വന്നു തുടങ്ങിയിരിക്കുന്നു. അതിസങ്കീർണമായ ശസ്ത്രക്രിയകളും മറ്റും ഇപ്പോൾ വളരെ വിജയകരമായി റോബോട്ടുകൾ ചെയ്യുന്നുണ്ട്. ഭാവിയിൽ ഒരു കുട്ടി ജനിക്കാൻ പോകുന്നതിന് മുമ്പ് തന്നെ അതിന്റെ ഡി.എൻ.എ യോ മറ്റോ പരിശോധിച്ച് അതിനു ഭാവിയിൽ വരാൻ പോകുന്ന രോഗങ്ങൾ മുൻ കൂട്ടി കണ്ട് പ്രതിരോധമരുന്നുകൾ കൊടുക്കുകയോ ഡി.എൻ.എ തിരുത്തുകയോ (ഡി.എൻ.എ ഫോർമാറ്റിങ്ങ്) ചെയ്യാവുന്നതുമായ കാര്യങ്ങളും നിലവിൽ വന്നേക്കാം.
അതിനോടകം എ.ഐ നിയന്ത്രിക്കുന്ന സാമ്രാജ്യങ്ങളും മറ്റും നിലവിൽ വന്നുകൂടായ്കയില്ല.ആ രാജ്യത്ത് ഒരു എ.ഐ പ്രമുഖൻ ചക്രവർത്തി ആയി വാഴുകയും, അതിന്റെ നിയന്ത്രണത്തിൽ അതിനേക്കാൾ താഴ്ന്ന നിലവാരത്തിൽ ഉള്ള ഒരുകൂട്ടം എ.ഐ മന്ത്രിമാർ വരികയും ചെയ്യുന്നത് ഇപ്പോൾ ഒരു കെട്ടുകഥ പോലെ കേട്ട് തള്ളി കളയാമെങ്കിലും അങ്ങനെയുള്ള സംഭവങ്ങളും വികസിക്കാം. സാമ്രാജ്യ വിസ്തൃതിക്കുവേണ്ടി ഒരു എ.ഐ യുദ്ധം വരാൻ ഉള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല.
മനുഷ്യന്റെ അപ്രമാദിത്വത്തെ തോൽപ്പിക്കുന്ന ഒരു എ.ഐ യുഗം ആയിരിക്കും അടുത്തത്. അപ്പോൾ നമുക്ക് മാഹാനായ ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞ ‘‘ ഒരു ദിവസം സാങ്കേതിക വിദ്യ മനുഷ്യനെ കീഴടക്കുന്ന ദിനം വരുമെന്ന് ഞാൻ പേടിക്കുന്നു. അന്ന് ഈ ലോകം മുഴുവൻ വിഡ്ഡികളായ മനുഷ്യരേക്കൊണ്ട് നിറയും’’ എന്ന ഈ വാചകത്തിൽ കഴമ്പുണ്ട് എന്ന് വിശ്വസിക്കേണ്ടതായി വരും.
റഫറൻസുകൾ/ഓൺലൈൻ പ്രഭവങ്ങൾ.
3. Artificial Intelligence-A Modern approach by Stuvart Russel, Peter Norvig, Pearson, IVth Edition
4. Artificial Intelligence, A Text Book of Class IX and X by Sumitha Arora, Danpath Rai and Co Publications
5. Artificial Intelligence and Machine Learning Theory and Practice by Laila BV das and Anup Aprem
6. Introduction to Artificial Intelligence- by Eugene Charris, Pearson, Ist Edition
ഡോ. ശ്രീജിത്ത് എം. നായർ
അസോ. പ്രൊഫസർ
ഇലക്ട്രോണിക്‌സ് വിഭാഗം , ഗവ. കോളേജ് ചിറ്റൂർ, പാലക്കാട്
9745682616
ഡോ. സജീവ്കുമാർ എസ്.
അസോ. പ്രൊഫസർ
മലയാള വിഭാഗം, സർക്കാർ വനിതാ കോളേജ്, തിരുവനന്തപുരം
9446969458
Comentários