top of page

പൊന്നി: ആഖ്യാനഘടനയുടെ രീതിശാസ്ത്രവുംമനോവിശകലന മാതൃകകളും


ree

 സംഗ്രഹം

കേരളത്തിലെ അട്ടപ്പാടി ആദിവാസി ഗോത്രമായ മുഡുഗസമുദായത്തിന്റെ പ്രത്യക്ഷചിത്രീകരണമാണ് 'പൊന്നി' എന്ന നോവലിലും സിനിമയിലും അവതരിപ്പിക്കുന്നത്. ഊര് ഭരിച്ചിരുന്ന മല്ലീശ്വരൻ എന്ന ദൈവം ഓരോ മുഡുകരുടെയും അബോധങ്ങളിൽ ഉൾച്ചേർന്നിരിക്കുന്നു. സാമൂഹികമായി രൂപീകൃതമായ മൂല്യബോധങ്ങൾക്ക്  അകത്താണ് ഊരുനിവാസികളുടെ പ്രത്യയശാസ്ത്രമാനങ്ങൾ ഉടലെടുക്കുന്നത്. ഈ മൂല്യബോധത്തിന്റെ ചിട്ടകൾക്കിടയിൽ ഒരു വ്യക്തി തന്റെ ആത്മപ്രകാശന സാധ്യത കണ്ടെത്തുന്ന ഇടങ്ങളാണ് ആഘോഷങ്ങളെന്ന് മുഡുകസമുദായത്തിന്റെ ജീവിതക്രമം നിരീക്ഷിച്ചാൽ മനസ്സിലാകും. നോവൽ സിനിമയാകുമ്പോൾ അതിന്റെ ആഖ്യാനഘടനയിൽ വ്യത്യസ്തത പ്രകടമാകുന്നു. നോവൽ ഭാവനയുടെ അനേകം ഭൂമിശാസ്ത്രപശ്ചാത്തലങ്ങൾ തുറന്നിടുമ്പോൾ ദൃശ്യപാഠം അവയെ ഏകീകൃതമായ ഭൂപരിസരങ്ങളിലേക്ക് സംക്രമിപ്പിക്കുന്നു.

താക്കോൽ വാക്കുകൾ

ആഖ്യാനഘടന ( Narrative structure), മനോ വിശകലനം( Psychoanalysis), ക്രൂരനാടകവേദി ( Theatre of cruelty)

ആമുഖം

വിഭിന്നമായ ആഖ്യാനശൈലിയിലൂടെ മലയാള സാഹിത്യത്തിൽ വ്യക്തിഗതമായ ഒരിടം നേടിയ എഴുത്തുകാരനാണ് മലയാറ്റൂർ രാമകൃഷ്ണൻ. അദ്ദേഹം 1967-ൽ രചിച്ച  ‘പൊന്നി’ എന്ന നോവലിനെയാണ് സവിശേഷമായി ഈ  പ്രബന്ധത്തിൽ പഠിക്കുന്നത്. ഈ നോവലിനെ അടിസ്ഥാനമാക്കിയാണ്  1976-ൽ തോപ്പിൽഭാസി ‘പൊന്നി’ എന്ന ചലച്ചിത്രം സംവിധാനം ചെയ്തത്. അട്ടപ്പാടി ആദിവാസി സമുദായത്തിന്റെ പശ്ചാത്തലത്തിലാണ് ഈ രചന നിർവഹിച്ചിട്ടുള്ളത്. മുഡുകർ, ഇരുളർ കറുമ്പർ എന്നിവരാണ് അട്ടപ്പാടിയിലെ പ്രധാന ആദിവാസി ഗോത്രങ്ങൾ. പൊന്നി എന്ന കേന്ദ്ര കഥാപാത്രത്തിലൂടെ മുഡുക ഗോത്രത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളുമാണ് ഇതിൽ അവതരിപ്പിക്കുന്നത്. പഠനസൗകര്യാർത്ഥം ഈ പ്രബന്ധത്തെ മൂന്ന് തലങ്ങളിലാണ് വിശകലനംചെയ്യുന്നത്. ഒന്ന് ഫ്രോയിഡിയൻ  മനോവിശ്ലേഷണ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി സൂപ്പർ ഈഗോയുടെ നിർമ്മിതി പൊന്നി എന്ന രചനയിൽ എങ്ങനെയെല്ലാമാണ് പ്രതിഫലിക്കുന്നതെന്ന് പഠിക്കുന്നു. രണ്ട് ഭാവന എന്ന മാധ്യമം നോവലിലും സിനിമയിലും എങ്ങനെയാണ് നിലകൊള്ളുന്നതെന്ന് വിശകലനം ചെയ്യുന്നു. അവസാന ഭാഗത്ത് വ്യത്യസ്ത രചന സങ്കേതങ്ങളിൽ (നോവൽ, സിനിമ) പൊന്നിയുടെ ആഖ്യാനഘടന എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു വെന്നും പഠിക്കുന്നു.

നോവലിലെ സാമൂഹികബോധം : മനോവിശകലനം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സിഗമണ്ട് ഫ്രോയിഡ് തന്റെ The Interpretation of Dreams എന്ന പുസ്തകത്തിലാണ് മനോവിശ്ലേഷണ സിദ്ധാന്തം (Psyco Analytical Theory) അവതരിപ്പിക്കുന്നത്. മനസ്സിന്റെ ഘടനയെ വിശദീകരിക്കുമ്പോൾ ഇദ് (Id), ഈഗോ(Ego), സൂപ്പർ ഈഗോ(super ego) എന്നീ സങ്കൽപ്പനകളെ അവതരിപ്പിക്കുന്നു. മനുഷ്യന്റെ സ്വാഭാവികമായ ആഹ്ലാദാനുഭൂതിയിലേക്കുള്ള ചായ്‌വിനെ ഇദ് എന്ന് കരുതാം (pleasure principal). ഈഗോ നിലകൊള്ളുന്നത് യുക്ത്യധിഷ്ഠിതമായ പ്രവർത്തനങ്ങളിലാണ് (Reality principal). മനുഷ്യനെ നിയന്ത്രിക്കുന്ന ധാർമികബോധം അഥവാ അവ നിർമ്മിക്കുന്ന സാമൂഹികഘടനയാണ് സൂപ്പർ ഈഗോ (moral principle). നോവലിന്റെ ആന്തരികഘടകങ്ങളെ പരിശോധിക്കുമ്പോൾ കഥാപാത്രങ്ങളിൽ പ്രകടമായി പ്രതിഫലിക്കുന്ന അനേകം മനോവിശകലന സാധ്യതകൾ കാണുന്നുണ്ട്. പൊന്നിയിലെ ഓരോ കഥാപാത്രത്തെ വിശകലനം ചെയ്യുമ്പോഴും ഊരിലെ ധാർമികബോധം പ്രവർത്തിക്കുന്നത് കാണാം.വ്യക്തിഗതമായി ഇദിന്റെ  പ്രവർത്തനം ഉള്ളപ്പോഴും കഥാപാത്രങ്ങളെ നിയന്ത്രിക്കുന്നത് ഈ ധാർമികബോധം തന്നെയാണ്."മല്ലീശ്വരമുടിയെ പൊതിഞ്ഞിരുന്ന കോടക്കാറ് ഭവാനിപ്പുഴയിലെ ചുഴികളെപ്പോലെ കിടന്നു കറങ്ങുന്നതു കണ്ടപ്പോൾ നഞ്ചനു തോന്നി, തന്റെ വിചാരങ്ങൾ ശക്തനായ ആ ദൈവം മനസ്സിലാക്കുന്നുണ്ടെന്ന്. മല്ലീശ്വരൻ കൈവെടിയുകയില്ല."(മലയാറ്റൂർ രാമകൃഷ്ണൻ, 2021: പുറം:21) മുഡുകരുടെ അബോധത്തിൽ ആഴ്ന്നിറങ്ങിയ മല്ലീശ്വരൻ എന്ന ബിംബം അവരുടെ വിചാരങ്ങളുമായി എത്രമാത്രം ബന്ധം പുലർത്തുന്നുവെന്ന് പൊന്നിയുടെ വായനയിൽനിന്ന് വ്യക്തമാണ്. എന്തിനും മല്ലീശ്വരനിൽനിന്ന് അടയാളം തേടുന്ന ഊരിന്റെ പ്രത്യയശാസ്ത്രമാണ് ഇവിടെ പ്രതിഫലിക്കുന്നത്. പൊന്നിയും നഞ്ചനും ചെല്ലനും മാശിയുമെല്ലാം ആ വലയത്തിലെ തുടർ ക്കണ്ണികളാണ്.

നോവലിന്റെ പതിനഞ്ചാം അദ്ധ്യായത്തിൽ പൊന്നിയുടെ അന്തർസംഘർഷവും മാശിയുമായുള്ള സംഭാഷണവും ശ്രദ്ധിക്കുമ്പോൾ ഭവാനിപ്പുഴയിൽ താമസിച്ചിരുന്ന മൂന്നു മത്സ്യങ്ങളുടെ കഥ പൊന്നി പറയുന്നതായി കാണാം. പാറക്കെട്ടുകൾകൊണ്ട് മതിൽ കെട്ടിയ ജലപ്പരപ്പിൽ ആ മത്സ്യങ്ങളുടെ ലോകം നിശ്ചലമായിരുന്നു.  അവരുടെ കൊച്ചു തടാകത്തിൽ ശരീരം കുലുക്കുന്ന ഓളങ്ങൾ ഉയർന്നിരുന്നില്ല. ഒരു ദിവസം രണ്ടു മനുഷ്യർ ഈ മത്സ്യങ്ങളെ കണ്ട് അവരെ പിടിക്കാൻ  വല കൊണ്ടുവരാൻ പോയി. മത്സ്യങ്ങൾക്ക് കാര്യം മനസ്സിലായി എങ്കിലും ഒരു മത്സ്യം മാത്രമാണ് അവയെപറ്റി ചിന്തിക്കാൻ മുതിർന്നത്. ഏറ്റവും ബുദ്ധിയുള്ള മത്സ്യം അതായിരുന്നു. ആരോടും അഭിപ്രായം ചോദിക്കാതെ ആ മത്സ്യം അവിടം വിട്ടു പോകാൻ തീരുമാനിച്ചു. ശേഷിക്കുന്ന രണ്ടു മത്സ്യങ്ങളും അവിടെത്തന്നെ നിലകൊണ്ടു. അവർ ആ തടാകത്തിന്റെ രീതികളും മുറകളും നിശ്ചലതയും ഇഷ്‌ടപ്പെട്ടിരുന്നു. ഭവാനിപ്പുഴയുടെ കുതിച്ചുപായുന്ന വെള്ളം അവർ ഇഷ്ടപ്പെട്ടില്ല. വലയുമായി വന്ന മനുഷ്യരെ കണ്ടപ്പോൾ ശേഷിക്കുന്ന രണ്ട് മീനുകളിൽ ബുദ്ധികുറഞ്ഞ മത്സ്യം നിശ്ചലമായി ചത്തതുപോലെ കിടക്കുകയും രക്ഷപ്പെടുകയും ചെയ്തു. ബുദ്ധികെട്ട മത്സ്യത്തെ വലക്കാർ പൊരിച്ചു തിന്നു വെന്നും ആ കഥ പറയുന്നു. ഭവാനിപ്പുഴ എന്നത് ഊരിലെ ഓരോ മുഡുകരുടെയും മാനസിക പ്രതിഫലമാണ്.

ഭൂമിശാസ്ത്രപരമായി നിലകൊള്ളുന്ന അവരുടെ അതിർത്തികൾ ആചാരങ്ങളുടെ പാറക്കെട്ടുകൾ കൊണ്ട് നിശ്ചലമായിരുന്നു. തടാകത്തിന്റെ രീതികളും മുറകളും നിശ്ചലതയും ഇഷ്ടപ്പെട്ടുപോരുന്ന മത്സ്യങ്ങൾ സൂചിപ്പിക്കുന്നത്, മുഡുകരുടെ അബോധത്തിൽ നിർമ്മിക്കപ്പെട്ട പൊതുബോധമാണ് (Super Ego). ആ നിശ്ചലതയ്ക്ക് പുറത്ത് കടക്കാൻ ഉൾപ്രേരകമായി സ്വന്തം ഇച്ഛാശക്തിയെ പൊന്നി ഉപയോഗിക്കുന്നുണ്ട്. മാരനുമായുള്ള ഒത്തുചേരൽ സാധ്യമാവണമെങ്കിൽ തീർച്ചയായും ഈ പൊതുബോധത്തിന് പുറത്ത് കടക്കേണ്ടതായി വരുന്നു. എന്നാൽ നോവലിന്റെ അന്ത്യത്തിൽ നോവലിസ്റ്റ് ഇങ്ങനെ സൂചിപ്പിക്കുന്നു, "അവൾ മലർന്നടിച്ചുകിടക്കുന്നു. അവളുടെ നെഞ്ചിൽ ഈ താഴ്‌വരയുടെ ആചാരത്തേക്കാൾ ഭാരമുള്ള ഒരു പാറക്കഷണം അമർന്നിരിക്കുന്നു. ഒരു കൈ തറവിട്ട് ഉയർന്നുനിൽക്കുന്നു. ഭവാനിപ്പുഴയിലെ ബുദ്ധിയുള്ള മത്സ്യം രക്ഷപ്പെട്ടിരുന്നില്ല."(മലയാറ്റൂർ രാമകൃഷ്ണൻ, 2021: പുറം:198) ഊരുകാരുടെ അബോധത്തിൽ പരോക്ഷമായി ആഴ്ന്നിറങ്ങിയ വിശ്വാസത്തിന്റെ വേരുകൾ വീണ്ടും ദൃഢപ്പെടുകയാണ് ചെയ്യുന്നത്. ഇതിലൂടെ സൂപ്പർ ഈഗോയുടെ ദൃഢതയും അവ പ്രത്യക്ഷമായി ചെലുത്തിയ സ്വാധീനതയുമാണ് ഇവിടെ കാണുന്നത്.

കുറ്റബോധം (guilty conscious)

സാമൂഹികമായ മൂല്യബോധത്തെയും പെരുമാറ്റത്തെയും ഒരു വ്യക്തി ബോധപൂർവ്വമോ അബോധ പൂർവ്വമോ ലംഘിക്കുമ്പോഴാണ് കുറ്റബോധം ഉണ്ടാകുന്നത്. ഇത് വ്യക്തിയിലെ ഏറ്റവും സംഘർഷാ ത്മകമായ അവസ്ഥയാണ്. മല്ലീശ്വരനിൽ വിശ്വസിക്കാത്ത ഇരുളവിഭാഗത്തിൽനിന്ന് മുഡുകർ വിവാ ഹം ചെയ്യാൻ പാടില്ലെന്ന മൂല്യബോധം നഞ്ചനെ ആശയകുഴപ്പത്തിലാക്കുന്നുണ്ട്. അമ്മയില്ലാത്ത കുട്ടിയെ ലാളിച്ച് വളർത്തിയതിന്റെ പ്രശ്നമാണിതെന്ന്   അയാൾ സ്വയം നിരൂപിക്കുന്നു. പൊന്നിയുടെ ചലച്ചിത്ര ആവിഷ്കാരത്തിൽ ഊരിന്റെ പൊതു നന്മയ്ക്കായി തന്റെ മകളെ കുരുതി കൊടുക്കാൻ നിശ്ചയി ക്കുന്നതും ഈ മൂല്യബോധത്തിന്റെ ലംഘനത്തിൽ നിന്നാണ്. അബോധമായി നിലകൊള്ളുന്ന അനേകം പ്രത്യയശാസ്ത്രങ്ങളിലാണ് മനുഷ്യൻ ജീവിക്കുന്നത്. ഇത് ഒരു സാമൂഹിക നിർമ്മി തിയാണ്. ഈ മൂല്യബോധത്തിൽനിന്ന് പുറത്തുകടക്കാൻ പൊന്നി ശ്രമിക്കുന്നുണ്ട്. തന്റെ സുഹൃത്തായ മാശിയുമായുള്ള സംഭാഷണത്തിൽ നിന്നും അത് വ്യക്തമാണ്.

"എനക്കു മാരനെ കല്ലാണം ശേലാമില്ലയാ? ആനാ നമ്മ മുറൈപ്പടി അതുകൂടാത്. നമ്മ മുറൈയെല്ലാം മല്ലിച്ചരൻ വച്ച ശട്ടംതാനേ? അന്ത മുറൈ തെറ്റിനടന്താലും മല്ലിച്ചരൻ കോവിച്ചുക്കാട്ടാ..."(മലയാറ്റൂർ രാമകൃഷ്ണൻ, 2021: പുറം:134) മാരനെ വിവാഹം കഴിക്കാൻ പൊന്നിക്ക് കഴിയാത്തത്  സാമൂഹ നിർമ്മിതമായ മുറയുടെ അടിസ്ഥാനത്തിലാണ്.  കൃഷിക്കുവേണ്ടി കാട് ചുട്ടെരിക്കുന്നത് മല്ലീശ്വരന്റെ ജട കത്തിക്കുന്നതിന് തുല്യമായി അവർ കരുതി. മുഡുകർ ഇരുളരെ വിവാഹം കഴിച്ചാൽ മല്ലീശ്വരന്റെ കോപം ഉണ്ടാകുമെന്നും അവർ വിശ്വസിച്ചു.ഊരിന്റെ ചട്ടം അവരിൽ ഏൽപ്പിച്ച കുറ്റബോധമാണ് (guilty conscious) ഇവിടെ കാണുന്നത്. പൊന്നിയുടെ സൂക്ഷ്മവായനയിൽ കഥാപാത്രങ്ങളിൽ ഉൾച്ചേർ ന്നിരിക്കുന്ന അപകർഷതാബോധം കാണാനാകും. ചലച്ചിത്രത്തിലും നോവലിലും അത് ഒന്നുപോലെ പ്രതിഫലിക്കുന്നുണ്ട്. തന്റെ പരിമിതികൾ മറച്ചുപിടിക്കാൻ അബോധമനസ്സ് കണ്ടെത്തുന്ന മാനസിക തന്ത്രമാണ് അപകർഷത. താൻ നിസ്സാരനാണെന്ന ബോധം അയാളെ അലട്ടുന്നതിൽ നിന്നാണ് ഇങ്ങനെ സംഭവിക്കുന്നത്. ഊരിനപ്പുറമുള്ള ലോകം സ്വപ്നം കാണാൻപോലും കഴിയാതെ  മല്ലീശ്വരൻ എന്ന ദൈവത്തെ എല്ലാ ചട്ടങ്ങൾക്കും മുകളിൽ സ്വീകരിക്കുന്ന ജനതയിൽ പ്രതിഫലിക്കുന്നത് ഈ അപകർഷതാബോധമാണ്.

പൊന്നിയിലെ സാധാരണീകരണ തത്ത്വം

മനുഷ്യമനസ്സിന്റെ മൂലമാതൃകകളാണ് ആദിപ്രരൂപം (Archetype). കാൾ ഗുസ്താഫ് യുങ്‍ (1975-1961) എന്ന മനശാസ്ത്രപണ്ഡിതന് മുൻപ് ദൈവബിംബങ്ങളോടാണ് ആദിപ്രരൂപങ്ങളെ സാദൃശ്യ പ്പെടുത്തിയിരുന്നത്. യുങ്‍ ഇതിന് വ്യത്യസ്തമായ നിർവചനങ്ങൾ നൽകി. പെർസോണ (Persona) എന്ന സങ്കല്പം ഇദ്ദേഹമാണ് മുന്നോട്ടുവച്ചത്. സാമൂഹികധർമ്മത്തിന് അനുസൃതമായി ഒരു വ്യക്തി ഉള്ളിൽ മറച്ചുവെച്ചിരിക്കുന്ന  യഥാർത്ഥ വ്യക്തിത്വമാണ് പെർസോണ. സാമൂഹികമായ മൂല്യ ബോധത്തിന്റെ  ചിട്ടകൾക്കിടയിൽ ഒരു വ്യക്തി തന്റെ ആത്മപ്രകാശന സാധ്യത കണ്ടെത്തുന്ന ഇടങ്ങളാണ് ആഘോഷങ്ങൾ. മറഞ്ഞിരിക്കുന്ന തന്റെ ആത്മത്തെ അത് വെളിപ്പെടുത്തുന്നു. കഥാകൃത്ത് പ്രസ്താവിക്കുന്ന മുഡുകസമുദായത്തിന്റെ ജീവിതക്രമങ്ങളുടെ ആകെ ലക്ഷ്യം എന്നത് ഇവയാണ്. "ഒരുനേരം കഞ്ഞിവയ്ക്കാൻ കോറ വേണം. ഒരു കമ്പിളി വാങ്ങിയാൽ വർഷക്കണക്കിനുപയോഗിക്കാം. പുകയില വാങ്ങാൻ ചില്ലറക്കാശുവേണം. അരക്കുറിശ്ശിപ്പൂരത്തിനും മല്ലീശ്വരൻമുടിയിലെ ശിവരാത്രിക്കും ചെലവാക്കാൻ കുറെ പണം വേണം. അത്രതന്നെ" (മലയാറ്റൂർ രാമകൃഷ്ണൻ, 2021: പുറം:24) നോവൽ ചിത്രീകരിക്കുന്ന ഊരിലെ ആദിവാസികളുടെ പൊതുബോധമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കാലാ കാലങ്ങളിൽ ആദിവാസികളുടെ ചിന്തകളിൽ ഉറച്ചുപോന്ന ഊരിന്റെ നിയമമാണിത്. ഇതിനപ്പുറം പോകുന്ന ഊരുനിവാസികൾ, ശാമിമാരാണ്.

മനുഷ്യൻ തന്റെ  വ്യക്തിഗതമായ ആന്തരികചോദനകളെ തൃപ്തിപ്പെടുത്തുന്നത് ആഘോഷ ങ്ങളിലും  ഉത്സവങ്ങളിലുമാണ്. മാരനെ ചതിയിലൂടെ വീഴ്ത്തി മാനിനെ ഊരുകാർക്ക് നൽകി ആഘോഷമായി അതിനെ ഭക്ഷിക്കുമ്പോൾ സ്വന്തം ദുർബലസ്വത്വത്തെയാണ് ചെല്ലൻ ആഘോഷിക്കുന്നത്. പൊന്നിയെ ലഭിക്കാത്ത ചെല്ലൻ മാശിയുമായി സംഗമിക്കുന്നതും അതിൽ തൃപ്തി കണ്ടെത്തുന്നതും അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ പ്രതിഫലനംതന്നെയാണ്. നോവലിസ്റ്റ് ആണും പെണ്ണും ഇടകലർന്നാടുന്ന രാവുകളെപ്പറ്റി  സൂചിപ്പിക്കുന്നുണ്ട്. വേലകത്തിന്റെ തോലും ശർക്കരയും ജാതിക്കയും മുന്തിരിങ്ങയും ചേർത്തുണ്ടാക്കിയ തേനും ചുട്ട മീനും മാംസവും മദ്യവുമാണ് അവരുടെ ആഘോഷങ്ങളിലെ പ്രധാന ഭക്ഷണം. പീനി (നീളം കുറഞ്ഞ നാദസ്വരം പോലുള്ള കുഴൽ), മദ്ദളം, ദവിൽ (ചെറിയതരം ചെണ്ട) എന്നിവ കൊട്ടി ബഹളംവെച്ചുള്ള നൃത്തമാണ് അവർ നടത്തിയിരുന്നത്. കഞ്ചാവ് ബീഡികൾ ഇവർ ഉപയോഗിച്ചിരുന്നു. ഇവരുടെ ജീവിതക്രമത്തെക്കുറിച്ച് നോവലിസ്റ്റ് വിവരിക്കുന്നുണ്ട്.

"ഊരുക്ക് മൂപ്പനുണ്ട്

പൊണ്ണുക്ക് മനശുമുണ്ട്

മനശുക്കുള്ളേ ഊരിരുക്കേ

അതുക്കുമൊരു മൂപ്പനുണ്ടേ

ഏത്തുമക്കാ ഏനാമക്കാ

റാക്കുമക്കാ അപ്പടിപോട്." 

                                                                              (മലയാറ്റൂർ രാമകൃഷ്ണൻ, 2021: പുറം:69)

ഊരിന് ഒരു മൂപ്പൻ ഉള്ളതുപോലെ പെണ്ണിന്റെ മനസ്സിനുള്ളിലും ഒരു ഊര് ഉണ്ട്. ആ ഊരിനും ഒരു മൂപ്പൻ ഉണ്ട്. അവരുടെ മനസ്സിലെ ആന്തരികചോദനകളെയാണ് ഇവ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള  തനത് വാമൊഴിയിലെ അനേകം പാഠങ്ങൾ നോവലിൽ കാണാം. പൊങ്കൽ എന്ന മുഡുകസമുദായത്തിലെ ആഘോഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കഥാഭാഗത്ത് കാണുന്നുണ്ട്. പൊന്നിയെ അനു വാദം  കൂടാതെ കടന്നു പിടിക്കാനുള്ള സാധ്യതയായാണ് ചെല്ലൻ അതിനെ കാണുന്നത്. ചലച്ചിത്ര ചിത്രീകരണത്തിലും ഇത്തരത്തിലുള്ള സന്ദർഭങ്ങളെ കൃത്യമായി ആവിഷ്കരിച്ചിട്ടുണ്ട്.

"കന്മദക്കരി കൊണ്ട് കണ്ണെഴുതി

മന്ദാർമകിഴം പൂ മുടിയിൽ ചൂടി

മണവാട്ടി മണവാളരൊത്തു

കൂടിമരുതു പൂത്ത കാടുകളിൽ പാടിയാടി "

ഒന്നിച്ച് പാടുകയും ആടുകയും ചെയ്യുന്ന ഊരുകാരുടെ സാധാരണീകരണ1 ഇടങ്ങളാകുന്നു ഇത്തരം ആഘോഷങ്ങൾ. സംഗീതവും നൃത്തവും ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഊര് എന്ന നാടകവേദി

അന്റോണിൻ അർട്ടോഡ് (Antonin Artaud) 1896-1948 അവതരിപ്പിച്ച ക്രൂര നാടകവേദി2 (Theatre of cruelty) എന്ന സങ്കല്പം പൊന്നി എന്ന കഥാഖ്യാനത്തിന്റെ ചിത്രീകരണത്തിൽ പലയിടങ്ങളിലും കാണാൻ സാധിക്കുന്നുണ്ട്. ജക്കമ്മയെ പ്രീതിപ്പെടുത്താനായി കോഴിയെ കുരുതി കൊടുക്കുന്നതും ഭീതി ഉളവാക്കുന്ന രക്തവർണ്ണമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും ബൊമ്മൻ എന്ന മന്ത്രവാദിയുടെ പ്രകടനവും ഇതിന് ഉദാഹരണങ്ങളാണ്. ഭവാനിപ്പുഴയുടെ പാറക്കെട്ടുകളിൽ പ്രതിധ്വനിക്കുന്ന ബൊമ്മന്റെ പ്രകമ്പനവും മുഡുകരുടെ ഭീതിയും ക്രൂരനാടക വേദിയുടെ അംശങ്ങൾ പ്രതിഫലിപ്പിക്കുന്നു. ചലച്ചിത്ര ആവിഷ്കരണത്തിൽ പശ്ചാത്തല സംഗീതവും വേറിട്ടൊരു അനുഭൂതി പ്രേക്ഷകരിൽ സൃഷ്ടിക്കുന്നുണ്ട്.

പൊന്നിയെ കുരുതി ചെയ്യണം എന്ന ബൊമ്മന്റെ പ്രവചനം ആവിഷ്കരിക്കുന്ന സീനിൽ ഭവാനിപ്പുഴ രക്തനിറമായി കാണിക്കുന്നു. കാഴ്ചയും പശ്ചാത്തലം സംഗീതവും ചേർത്ത് ഊര് ഒരു നാടക വേദിയായി മാറുന്നു. "ആ നിമിഷത്തിൽ പൊന്നി ഒരു സാധാരണ ആദിവാസിപ്പെണ്ണായി മാറി. അവൾ ആചാരങ്ങളുടെ ഭാരം ചുമക്കുന്ന അനുസരണയുള്ള മകളായി "(മലയാറ്റൂർ രാമകൃഷ്ണൻ, 2021: പുറം:122) താൻ ചെയ്യുന്നത് ഊരിന് നാശം വരുത്തുന്നുവെന്നും, അത് മല്ലിശ്വരന്റെ  കോപത്തിന് കാരണമാകുമെന്നും പൊന്നി വിശ്വസിക്കുന്നു. ശാമിമാരുടെ മാതൃക പിന്തുടരുന്ന തന്റേടിയായി മുദ്രകുത്തപ്പെട്ട പൊന്നിയും ആ പശ്ചാത്തലത്തിൽ  നിശ്ചലമാകുന്നതാണിവിടെ കാണുന്നത്. പൊന്നിയിൽ കാണുന്ന നിസ്സഹായതയും ജക്കമ്മയുടെ കോപവും ബൊമ്മന്റെ ശാപവും ക്രൂര നാടകവേദിയുടെ  തലങ്ങൾ കാണിച്ചുതരുന്നു.

ഭാവനയുടെ ആവിഷ്ക്കരണം 'പൊന്നി'യിൽ

വ്യത്യസ്തമായ ആഖ്യാനശൈലിയാണ് മലയാറ്റൂർ രാമകൃഷ്ണൻ പൊന്നി എന്ന നോവലിൽ ഉപയോഗിച്ചിരിക്കുന്നത്. കാവ്യാത്മകമായ ഭാഷയിലാണ് ഇതിന്റെ രചന നിർവഹിച്ചിട്ടുള്ളത്. കനത്ത മൂടൽ മഞ്ഞ്, മാനം മുട്ടെ ഉയർന്ന് നിൽക്കുന്ന ഒശത്തിപ്പാറ, പാടി(കുടിൽ) ചെറ്റവാതിൽ, മല്ലീശ്വരമുടി, ഭവാനിപ്പുഴ, നിലാവ് വെള്ളാരൻകല്ലുകളിൽ തട്ടിചിരിച്ചൊഴുകുന്ന കൊടുങ്കറപ്പള്ളത്തിന്റെ കര എന്നിങ്ങനെയുള്ള വിവരണങ്ങൾ നോവലിന്റെ പശ്ചാത്തലത്തെയാണ് വിവരിക്കുന്നത്. പ്രകൃതി ബിംബങ്ങളെ മനുഷ്യന്റെ ജീവിതസാഹചര്യങ്ങളുമായി  നോവലിസ്റ്റ് ബന്ധപ്പെടുത്തുന്നു. ചേലയഴിച്ച ഗർഭിണിയായ ആദിവാസിപ്പെണ്ണിന്റെ ഉദരംപോലെയാണ് ആകാശത്തിന്റെ വയറ്  വളർച്ച യെത്തിനിൽക്കുന്നതെന്ന് പറയുന്നതിലൂടെ പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന കാവ്യകൽപ്പനകളാണ് അനുവാചകന് നൽകുന്നത്. പ്രമേയത്തിനുചിതമായ ഇത്തരം പ്രയോഗങ്ങൾ നോവലിൽ കാണാ വുന്നതാണ്. ഇത് നോവലിലെ ഭാഷയ്ക്ക് കവിതയുടെ താളവും ക്രമഭംഗിയും നൽകുന്നു

നോവലിന്റെ ഭാഷ ഭാവനയുടെ അനേകം സാധ്യതകളാണ് തുറന്നിടുന്നത്."മാരന്റെ ചിത്രം എത്തി പ്പിടിക്കാനാവാത്ത അമ്പിളി പോലെ അവളുടെ മനസ്സിൽ ഉയർന്നുനിന്നു" (മലയാറ്റൂർ രാമകൃഷ്ണൻ, 2021: പുറം:15)ഇത്തരം പ്രയോഗങ്ങൾ ചലച്ചിത്ര ഭാഷയിലേക്ക് ആവിഷ്ക്കരിക്കുമ്പോൾ പരിമിതികൾ നേരിടുന്നു. പൊന്നി ഉൾക്കൊള്ളുന്ന ദേശം ഭൂമിശാസ്ത്രപരമായി അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ മാത്രമല്ല വായനക്കാരന്റ മനസ്സിലെ വിഭിന്നമായ ഭൂപ്രദേശങ്ങൾ കൂടിയാണ്. ചലച്ചിത്ര ആവിഷ്ക്കാരത്തിലേക്ക് പൊന്നി എന്ന നോവൽ മാറ്റപ്പെടുമ്പോൾ  ഭാവനയുടെ അനേകം കർതൃത്ത്വ ങ്ങളെ ഉപേക്ഷിക്കേണ്ടതായി വരുന്നു. നോവലിൽ  വായനക്കാരന്റെ മനസ്സിൽ അനേകം ഷോട്ടുകളും ഫ്രെയിമുകളും ഭാവന എന്ന മാധ്യമത്തിലൂടെ സംക്രമിക്കുമ്പോൾ ചലച്ചിത്രത്തിൽ ഭാവനയിലൂടെ ഉൾച്ചേർന്ന അനേകം ദേശങ്ങളെ നഷ്ടപ്പെടുത്തുന്നു. സ്വീഡിഷ് ചലച്ചിത്ര സംവിധായകനായ ഇങ്മർ ബർഗ്‌മൻ (Ingmar bergman) അഭിപ്രായപ്പെടുന്നത് ഇപ്രകാരമാണ്, സിനിമയുടെയും സാഹിത്യത്തിന്റെയും ആഖ്യാനതലങ്ങൾ വ്യത്യസ്തമാണ് അവ വിവിധ തലങ്ങളിലുള്ള ഭാവനയെയാണ് പ്രതിനിധാനം ചെയ്യുന്നത്. 1967 ലാണ് പൊന്നി എന്ന നോവൽ പുറത്ത് വരുന്നത് എന്നാൽ തോപ്പിൽഭാസി പൊന്നി സിനിമയാക്കുന്നത് 1976 ലുമാണ് കാലത്തിന്റെ മാറ്റവും ആശയങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെ യും മാറ്റവും കൃത്യമായി ഈ സാഹിത്യരൂപങ്ങളിൽ കാണാം. പാർശ്വവത്കരിക്കപ്പെട്ട (Marginalised) ഒരു ജനതയുടെ അടയാളപ്പെടുത്തലിനപ്പുറം ഊരിന്റെ അതിർത്തിക്കുള്ളിൽ തങ്ങളുടെ മനസ്സുകളെ മല്ലീശ്വരനു പ്രതിഷ്ഠിച്ച മുഡുകരെയാണ് നോവലിൽ നാം കാണുന്നത്. എന്നാൽ യുക്ത്യധിഷ്ഠിതമായ കാഴ്ച്ചകളിലേക്ക് ഭവാനിപ്പുഴയുടെ ചുഴികളിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന പരിവർത്തനം സിനിമയിൽ കാണാം.

ആഖ്യാനഘടന: നോവലിലും സിനിമയിലും.

പൊന്നി എന്ന രചനയെ മുൻനിർത്തി വിശകലനം ചെയ്യുമ്പോൾ 'നോവൽ', 'സിനിമ ' എന്നീ രണ്ട് സങ്കേതങ്ങളിൽ വിഭിന്നമായ ആഖ്യാന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. നോവലിന്റെ ആഖ്യാന ഘടനയെ വിലയിരുത്തുമ്പോൾ ചില സവിശേഷതകൾ കാണാനാകും.

പത്തൊമ്പതാം നൂറ്റാണ്ടിൽ ജർമൻ എഴുത്തുകാരനായ ഗുസ്ത‌ാവ് ഫ്രേടാഗ് (Gustav Freytag) Technique of the Drama' എന്ന പുസ്‌തകത്തിൽ കഥാഖ്യാനത്തിന് രൂപകൽപ്പന ചെയ്‌ത ഘടനയാണ് Freytag's Pyramid എന്നറിയപ്പെടുന്നത്. വൈകാരികമായ ഒരു കഥസന്ദർഭത്തെ അവതരിപ്പിക്കുന്നതിനായി ഇത് ഉപയോഗിക്കാം. ഇതിന് പ്രധാനമായി അഞ്ച് ഘട്ടങ്ങൾ ഉണ്ട്.പ്രാരംഭ വിവരണം (Exposition), റൈസിംഗ് ആക്ഷൻ(Rising action),ക്ലൈമാക്സ് (climax), ഫാളിംഗ് ആക്ഷൻ (falling action), നിർവ്വഹണം  (Catastrophe) എന്നിവയാണ് അവ. പൊന്നി എന്ന നോവലിന്റെ ആഖ്യാന(Narrative structure) ഘടനയോട് ഇതിന് സമാനത ഉള്ളതായി കാണാം. പ്രധാനകഥാപാത്രങ്ങളെ കുറിച്ചുള്ള വിവരണം ഇതിവൃത്ത സൂചനകൾ എന്നിവ ഈ നോവലിന്റെ ആദ്യഭാഗത്ത്കാണാം. മുഡുകയുവതിയായ പൊന്നി എന്ന കേന്ദ്രകഥാപാത്രവും അവളുടെ ഏറ്റവും അടുത്ത സുഹൃത്തായ മാശിയും അവൾ പ്രണയിക്കുന്ന ഇരുളവിഭാഗത്തിൽപ്പെട്ട മാരൻ എന്ന കഥാപാത്രവും കൂടാതെ  ചെല്ലൻ, നഞ്ചൻ, ആണ്ടി, ചെല്ലി , കാട്ടുമൂപ്പനായ ദുണ്ടൻ, ചിക്കി, ഹനുമാൻ, ശിന്നദൊര എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ ഒന്നിക്കുന്ന പശ്ചാത്തലവർണ്ണനകൾ, കാടിന്റെ അന്തരീക്ഷം അവ എല്ലാം സംഗമിക്കുന്ന പ്രതിപാദ്യം ആദ്യ ഭാഗത്ത് കാണാം. ഊരിൽ നിലകൊള്ളുന്ന മല്ലീശ്വര പുരാവൃത്തങ്ങൾ, ഒശത്തിപ്പാറ, കാട്ടിപ്പാറ, ഭവാനിപ്പുഴ, എന്നിവ അനുവാചകരിൽ സൃഷ്ടിക്കുന്ന ഭാവനാന്തരീക്ഷം വികാസം പ്രാപിക്കുന്നു. പ്രാരംഭ വിവരണം (Exposition) എന്ന ആദ്യ ഘട്ടത്തെയാണ് ഇവ രൂപീകരിക്കുന്നത്.

 മുഡുഗർ, ഇരുളർ, കറുമ്പർ എന്നിവരാണ് അട്ടപ്പാടിയിലെ പ്രധാന ആദിവാസി സമുദായങ്ങൾ. നാഗരികരുടെ (ശാമിമാരുടെ)  രീതികൾ പിന്തുടരുന്നു എന്ന പേരിൽ ആക്ഷേപം കേൾക്കേണ്ടിവന്ന എഴുത്തും വായനയും അഭ്യസിച്ച തന്റേടിയായ പൊന്നി നഞ്ചന്റെ  മകളാണ്. കാട് ചുട്ടെരിച്ച്  ഏർക്കാടുകൾ(കൃഷിസ്ഥലം) നിർമ്മിച്ചാണ്  മുഡുകർ കൃഷി ചെയ്തിരുന്നത്. അവരുടെ കൃഷി ഭൂമിയെ സംബന്ധിച്ചുള്ള തർക്കങ്ങളും ഊരുകൂട്ടം കൂടുന്നതും ബൊമ്മൻ എന്ന മന്ത്രവാദിയുമായി ഉണ്ടാകുന്ന സംഘട്ടനവും ചെല്ലന് ലഭിക്കുന്ന ശാപവും കഥയെ വികസിപ്പിക്കുന്നു. ഏറ്റവും ഇഷ്ടപ്പെട്ടത് എന്തോ അത് നഷ്ടമാകുമെന്ന ബൊമ്മന്റെ  ശാപം ചെല്ലന്റെ പിതാവ് ആണ്ടിയിൽ സൃഷ്ടിക്കുന്ന അന്ത:സംഘർഷങ്ങൾ എന്നിവയിലൂടെ കഥ വികാസം പ്രാപിക്കുന്നു. റൈസിംഗ് ആക്ഷൻ (Rising action) എന്ന ഘട്ടത്തോട് കഥാസന്ദർഭം എത്തുന്നു. മാനിനുവേണ്ടി ചെല്ലനും മാരനുമായി ഉണ്ടാകുന്ന സംഘർഷം, പൊന്നിയും മാരനും തമ്മിലുള്ള പ്രണയം ചർച്ചാവിഷയം ആകുന്നതും,പൊങ്കലിലെ രാത്രിയും ഇരുളനെ പ്രണയിച്ച പൊന്നിക്ക് ആചാരത്തിന്റെ വിലക്കുകൾക്ക് അപ്പുറം പോകാൻ കഴിയാത്തതുമായ ഒരു പശ്ചാത്തലത്തിൽ തന്റെ ഉറ്റ സുഹൃത്തായ മാശിപോലും അറിയാതെ മാരനോടൊപ്പം പോകാൻ പൊന്നി തീരുമാനിക്കുന്നതും വ്യത്യസ്തമായ ഒരു ദിശയിലേക്ക് കഥയെ കൊണ്ടുചെല്ലുന്നു .ഈ സന്ദർഭത്തിൽ കഥാനായകനും നായികയും ഒന്നിക്കുന്നു എന്ന ധാരണയിലേക്ക് കഥാഘടനയെ കൊണ്ടുപോവുകയും ക്ലൈമാക്സ് (climax) ഘട്ടത്തിലേക്ക് കഥാഗതി നീങ്ങുകയും ചെയ്യുന്നു. ബൊമ്മൻ ഉപദേശിച്ച വേരുകളുടെ മന്ത്രങ്ങൾ ഫലം കാണാതെ പോകുന്ന മാശിയുടെ അന്ത:സംഘർഷങ്ങളും ഊരിലാകെ പെയ്തിറങ്ങിയ മഴയും മറ്റൊരു ദിശയിലേക്ക് കഥാഗതിയെ കൊണ്ടുപോകുന്നു. ഇവിടെ ആഖ്യാന ഘടനയിൽ ഫാളിംഗ് ആക്ഷൻ (falling action) ആരംഭിക്കുന്നു.

ആഘോഷമായി കൊണ്ടാടിയിരുന്ന ശിവരാത്രിയിൽ ഊരുകാർ വ്രതംനോറ്റ് ബലിയാടുമായി മല്ലീശ്വരമുടി കയറിയിരുന്നു. ആ ദിവസം തീണ്ടലാണെന്ന് വ്യാജംപറഞ്ഞ അവൾ ഊരിൽ തങ്ങി. അന്ന് മല്ലീശ്വര മുടിയിൽ മഴ പെയ്തു. മഴ ഉരുൾപൊട്ടലായി മാറി. ബൊമ്മന്റെ ശാപം പൊന്നിയിലേക്ക് ആഴ്ന്നിറങ്ങു പോലെ മാരനിൽനിന്ന് അവൾ എടുക്കപ്പെടുന്നു. ഒന്നുചേരാൻ കഴിയാതെ പൊന്നി ഒരു ശൂന്യതയായി അവശേഷിക്കുന്നു. നിർവഹണത്തിന്റെ (Catastrophe) പ്രത്യേകതയായ ദുരന്തവും അനിശ്ചിതത്വവും ഇവിടെ കാണാം. Freytag's Pyramid  എന്ന ഘടനയോട് ഇത് സമാനത പുലർത്തുന്നതായി കാണം.

സിനിമയുടെ ദൃശ്യപാഠത്തിലേക്ക് കടക്കുമ്പോൾ, വ്യത്യസ്തമായ മറ്റൊരു ഘടനയാണ് അതിൽ സ്വീകരി ച്ചിരിക്കുന്നത്.ക്ലാസിക് ചൈനീസ്, കൊറിയൻ, ജാപ്പനീസ് വിവരണങ്ങളിൽ പ്രധാനമായും കാണ പ്പെടുന്ന ഒരു ഘടനയാണ് കിഷോറ്റെൻകെത്സു (Kishōtenketsu). ഈ ഘടനയ്ക്ക് പ്രധാനമായും നാല് ഭാഗങ്ങളാണ് ഉള്ളത്. ആമുഖം(Introduction), വികാസം(development), വഴിത്തിരിവ്(twist), നിഗമനം(resolution). കോട്ടമൈതാനത്തിലെ നൃത്തച്ചുവടുകളിലാണ് സിനിമയിലെ ആദ്യ ദൃശ്യം ആരംഭിക്കുന്നത്. തുടർന്നുള്ള ചിത്രീകരണത്തിൽ കഥാപാത്രങ്ങളെ അവരുടെ പ്രത്യേകതകളെയും ക്രമികമായി കാഴ്ച്ചക്കാർക്ക് മനസിലാകുന്നു. പ്രധാന കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരണം ഇതിവൃത്ത സൂചനകൾ എന്നിവ തിരക്കഥ ഘടനയുടെ ആരംഭത്തിൽ കാണാം(Introduction). ചെല്ലന് പൊന്നിയോട് തോന്നുന്ന പ്രണയവും പൊന്നിക്ക് മാരനോട് തോന്നുന്ന പ്രണയവും അന്ത: സംഘർഘങ്ങളിലേക്ക് എത്തിക്കുകയും കഥ  വികാസംപ്രാപിക്കുകയും ചെയ്യുന്നു (Development). മല്ലീശ്വരന്റെ ശാപമാണ് കഥാഗതിയിൽ വഴിത്തിരിവ് സൃഷ്ടിക്കുന്നത്. ഇരുളനെ പ്രണയിച്ച മുഡുക യുവതി മല്ലീശ്വരന് യാഗമായി സമർപ്പിക്കപ്പെടണം. പൊന്നിയുടെ പിതാവായ നഞ്ചനും അതിനു കൂട്ടുനിൽക്കുന്നു. ഈ വിവരം അറിയാതെ അവരുടെ കൂടെ പൊന്നി പോകുന്നു. കഥാഗതിയുടെ ചിത്രീകരണത്തിൽ ആഖ്യാനഘടനയിൽ ഉണ്ടാകുന്ന വഴിത്തിരിവ് (Twist) ആണിത്.

നോവലിൽനിന്ന് വ്യത്യസ്തമായി ചില മാറ്റങ്ങൾ തിരക്കഥയിൽ വരുന്നതായി കാണാം. പിതാവിന് തന്റെ മകളെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയുന്നില്ല. മന്ത്രവാദിയായ ബൊമ്മന്റെ പ്രതിച്ഛായ ചിത്രീകരണത്തിൽ മറ്റൊരു രൂപം സ്വീകരിക്കുന്നു. ഇവിടെ മല്ലീശ്വരന്റെ ശാപം വ്യർഥമായി പോവുകയാണ് ചെയ്യുന്നത്. പുരാവൃത്തങ്ങളുടെ പുനരാഖ്യാനങ്ങൾക്കപ്പുറം നിൽക്കുന്ന യാഥാർഥ്യമായി ഇവിടെ കഥാഗതി മാറുന്നു. പൊന്നിയും മാരനും പിതാവായ നഞ്ചന്റെ സമ്മതത്തോടെ ഒന്നിക്കുന്ന രീതിയിലാണ് കഥ അവസാനിക്കുന്നത്. ശുഭപര്യവസായി എന്ന രീതിയിലേക്കുള്ള നായിക നായക ചേർച്ച നിഗമന (resolution) ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. കിഷോറ്റെൻകെത്സു എന്ന ആഖ്യാന ഘടനയുമായി ഇവ ബന്ധം പുലർത്തുന്നുണ്ട്

ഉപസംഹാരം

മലയാറ്റൂർ രാമകൃഷ്ണന്റെ പൊന്നി എന്ന രചന അട്ടപ്പാടിയിലെ ഗോത്ര സമൂഹത്തിന്റെ നേർ ചിത്രീകരണമാണ്. മുഡുകരുടെ അബോധത്തിൽ ആഴ്ന്നിറങ്ങിയ മല്ലീശ്വരൻ എന്ന ബിംബത്തെ അവരുടെ വിചാരങ്ങളുമായി എത്രമാത്രം ബന്ധം പുലർത്തുന്നുവെന്നും സൂപ്പർ ഈഗോയുടെ ഉപോത്പ്പന്നമായി ഊരിന്റെ പ്രത്യയശാസ്ത്രം മാറുന്നുവെന്നും അവയുടെ വായനയിലൂടെ വ്യക്തമാണ്. ഊരിനപ്പുറമുള്ള ലോകം സ്വപ്നം കാണാൻപോലും കഴിയാതെ  മല്ലീശ്വരൻ എന്ന ദൈവത്തെ എല്ലാ ചട്ടങ്ങൾക്കും മുകളിൽ സ്വീകരിക്കുന്ന ജനതയിൽ പ്രതിഫലിക്കുന്നത് അപകർഷതാബോധമാണ് സാമൂഹികമായ മൂല്യബോധത്തിന്റെ  ചിട്ടകൾക്കിടയിൽ ഒരു വ്യക്തി തന്റെ ആത്മപ്രകാശന സാധ്യത കണ്ടെത്തുന്ന ഇടങ്ങളാണ് ആഘോഷങ്ങൾ. മറഞ്ഞിരിക്കുന്ന തന്റെ ആത്മത്തെ അത് വെളിപ്പെടുത്തുന്നു ഇവിടെ സാധാരണീകരണ തത്ത്വത്തിന് സാധുത കണ്ടെത്താനാകും. അനന്തമായ സാധ്യതകളാണ് ഭാഷയിൽ നിലനിൽക്കുന്നത്. പൊന്നി എന്ന നോവൽ ഉൾക്കൊള്ളുന്ന ദേശം   ഭൂമിശാസ്ര്രപരമായി അട്ടപ്പാടിയിലെ ആദിവാസി ഊരുകൾ മാത്രമല്ല വായനക്കാരന്റെ മനസ്സിലെ വിഭിന്നമായ ഭൂപ്രദേശങ്ങൾ കൂടിയാണ്. ചലച്ചിത്ര ആവിഷ്ക്കാരത്തിലേക്ക് പൊന്നി എന്ന നോവൽ മാറ്റപ്പെടുമ്പോൾ  ഭാവനയുടെ അനേകം സാധ്യതകളെ ഉപേക്ഷിക്കേണ്ടതായി വരുന്നു. ആഖ്യാന ഘടന പരിശോധിക്കുമ്പോൾ 1967 ൽ രചിച്ച പൊന്നി എന്ന നോവൽ ഗുസ്ത‌ാവ് ഫ്രേടാഗ് മന്നോട്ടുവച്ച   Freytag's Pyramid-ന്റെ ഘടനയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്. 1976 ൽ തോപ്പിൽഭാസി സംവിധാനം ചെയ്തിരിക്കുന്ന പൊന്നി എന്ന സിനിമയുടെഘടന ക്ലാസിക് ചൈനീസ്, കൊറിയൻ, ജാപ്പനീസ് വിവരണങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന   കിഷോറ്റെൻകെത്സു മാതൃകയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കാണാം. രണ്ട് സാഹിത്യ മാധ്യമത്തിനും ഇടയിലെ ഈ മാറ്റം വിഭിന്നമായ സാഹിത്യ പ്രത്യയശാസ്ത്രങ്ങളിൽ വായിക്കപ്പെടുന്നു.

കുറിപ്പുകൾ

1.  മനുഷ്യ വികാരങ്ങളെ അതിന്റെ ഉന്നതിയിൽ എത്തിക്കുകയും വിമലീകരിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് സാധാരണീകരണം. ഭട്ടനായകന്റെ ഭുക്തിവാദത്തിലാണ് ഇത് പരാമ ർശിക്കുന്നത്. ഭാരതീയ ചിന്തയിലെ സാധാരണീകരണ തത്വത്തിന് സമാനമായ പാശ്ചാത്യ രൂപമാണ് കഥാർസിസ്.

2.  അന്റോണിൻ അർട്ടോഡാണ് ക്രൂരനാടക വേദി (Theatre of cruelty) എന്ന സങ്കൽപ്പം അവതരിപ്പിക്കുന്നത്. അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ പ്രകാശനമാണ് ഇതിലൂടെ സാധ്യമാകുന്നത്. വ്യവസ്ഥാപിതമായ ക്രമങ്ങൾക്കപ്പുറം മാനുഷിക ഇന്ദ്രിയങ്ങൾക്ക് കടന്നുചെല്ലാനുള്ള ഇടം ഇത്തരം നാടകവേദികൾ നൽകുകയും ആത്മപ്രകാശന സാധ്യത നിർമ്മിക്കുകയും ചെയ്യുന്നു.

ഗ്രന്ഥസൂചി

അച്യുതൻ,എം., പാശ്ചാത്യ  സാഹിത്യ ദർശനം, ഡി സി ബുക്സ്,കോട്ടയം,2022.

അപ്പൻ,കെ പി., മാറുന്ന മലയാള നോവൽ,ഡി സി ബുക്സ്,കോട്ടയം,2015.

ജിതേഷ്,ടി.,(ഡോ), സിനിമയുടെ വ്യാകരണം,സാംസ്കാരിക വകുപ്പ് പ്രസിദ്ധീകരണം, തിരുവനന്തപുരം,1997.

ജോസഫ്,വി കെ., സിനിമയും പ്രത്യയശാസ്ത്രവും,ഒലിവ് പബ്ലിക്കേഷൻസ്,കോഴിക്കോട്, 2011.

ബാലകൃഷ്ണൻ,പി.കെ., നോവൽ: സിദ്ധിയും സാധനയും,ഡി സി ബുക്സ്,കോട്ടയം,2006.

രാജശേഖരൻ,പി.കെ., അന്ധനായ ദൈവം മലയാള നോവലിന്റെ 100 വർഷങ്ങൾ,ഡി സി ബുക്സ്,കോട്ടയം,2008.

രാജശേഖരൻ,പി.കെ., ബുക്ക്സ്റ്റാൾജിയ, മാതൃഭൂമി ബുക്സ്, കോഴിക്കോട്,2017.

രാമകൃഷ്ണൻ മലയാറ്റൂർ.,പൊന്നി,ഡി സി ബുക്സ്,കോട്ടയം,2021.

Freud, Sigmund. The Ego and the Id. Hogarth Press, 1923.

Bakhtin, Mikhail. Rabelais and His World. Indiana University Press, 1984.

 

ആനുകാലിക സൂചി

ജിനേഷ് കുമാർ.,(ഡോ), മിത്തും സിനിമയും, വിജ്ഞാനകൈരളി,56(ഏപ്രിൽ 2024),പു.53-56.

ഗോദാർദ്., നവ തരംഗ സിനിമയുടെ ഗോഡ് ഫാദർ, വിദ്യാരംഗം,(ഒക്ടോബർ 2022),പു.6-9.

സന്തോഷ്‌, യു പി., കാലത്തോട് തെയ്യങ്ങൾക്ക് പറയാനുള്ളത്, ഭാഷാപോഷിണി, (ഏപ്രിൽ 2024),പു.6-17.

ഗവേഷണ പ്രബന്ധങ്ങൾ

1.  അനിൽകുമാർ കെ.എസ്,(2022).ദളിത് സംസ്കാരം മലയാള ചലച്ചിത്രങ്ങളിൽ: തിരഞ്ഞെടുത്ത ചലച്ചിത്രങ്ങളെ ആസ്പദമാക്കി ഒരു പഠനം(പി.എച്ച്.ഡി. തീസിസ്,കേരള സർവ്വകലാശാല).

2.  ലീനാറാണി., (2022).മലയാറ്റൂർ രാമകൃഷ്ണന്റെ നോവലകളിലെ പ്രമേയവും ശൈലിയും, ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറി (പി.എച്ച്.ഡി. തീസിസ് കേരളസർവ്വകലാശാല).

3.  നസീബ്, എസ്., (2002).മലയാറ്റൂർ രാമകൃഷ്ണന്റെ നോവലുകളിലെ സാമൂഹിക സാംസ്കാരിക പ്രശ്നങ്ങൾ :ഒരു അപഗ്രഥനം,(പി.എച്ച്.ഡി. തീസിസ്,കേരള സർവ്വകലാശാല).

ഓൺലൈൻ റഫറൻസുകൾ

ദൃശ്യപാഠങ്ങൾ

1.  രാജശേഖരൻ,പി കെ, സിനിമാ സന്ദർഭങ്ങൾ ഓർമ്മകളിലെ കൊട്ടകകാഴ്ചകൾ,യൂട്യൂബ്, https://youtube.com/watch?v=EmhDZcNA-As&si=L6FG4kdKj0OE4A3Q പ്രവേശിച്ചത്,25 ഫെബ്രുവരി 2025

2.     രാജശേഖരൻ,പി കെ., എഴുത്തിൽ പ്രതിനിധാനം ചെയ്യപ്പെടാത്ത പ്രദേശങ്ങൾ പ്രതിനിധാനം ചെയ്യപ്പെടാത്ത ജീവിതങ്ങളാണ്, യൂട്യൂബ്, https://youtube.com/watch?v=nyCVHYaGOfs&si=kmVuRFLREYDV13B

പ്രവേശിച്ചത്,23 ഫെബ്രുവരി 2025

3.     ജോൺ പോൾ,മലയാറ്റൂർ രാമകൃഷ്ണൻ, https://youtube.com/watch?v=0QOngrajrGU&si=Rwzdh8rjCa6Ldenz

പ്രവേശിച്ചത് 26 ഫെബ്രുവരി 2025

4.     സണ്ണി എം കപ്പിക്കാട്, ദളിത് സത്യം തത്വചിന്, https://youtube.com/watch?v=LcL0YdKTOqk&si=0KmTTLPE78-eRTah

പ്രവേശിച്ചത്,26 ഫെബ്രുവരി 2025

5.     തോപ്പിൽ ഭാസി, പൊന്നി,

പ്രവേശിച്ചത്,20 ഫെബ്രുവരി 2025

 

 

അനുബന്ധം


ree

ree


Anna Maria Joseph

BEd scholar

Department of Malayalam

Mar Theophilus training college, trivandrum

 

 


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page