ഭക്ഷണവും സംസ്കാരവും സ്വത്വപ്രതിസന്ധിയും അടുക്കള, ബിരിയാണി എന്നീ കഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം.
- GCW MALAYALAM
- Jul 14
- 6 min read
Updated: Jul 15
സ്വാതി കെ.പി.

പ്രബന്ധ സംഗ്രഹം
വ്യക്തിത്വത്തെ സമൂഹത്തിനുമുന്നിൽ അവതരിപ്പിക്കാനുള്ള ആശങ്ക വരുത്തി തീർക്കുന്ന അവസ്ഥയിൽ അധികാര ഗർവ്വിന്റെ അടിമത്വത്തിൽ ജീവിക്കേണ്ടിവരുന്ന രണ്ടു കഥാപാത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഈ പ്രബന്ധം . ഭക്ഷണത്തിന്റെയും സംസ്കാരത്തിന്റെയും വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവന്റെയും കഴിപ്പിക്കുന്നവനെയും പ്രതിസന്ധി വിശദീകരിച്ചു കൊണ്ട് സംസ്കാര പഠനത്തിന്റെ സാധ്യതകളെ ഈ പഠനത്തിന് പ്രയോജനപ്പെടുത്തുന്നു. അതിനുവേണ്ടി സന്തോഷ് എച്ചിക്കാനത്തിൻ്റെ 'ബിരിയാണി', ടി വി കൊച്ചുബാവയുടെ 'അടുക്കള' എന്നീ കഥകളിലെ പ്രധാന കഥാപാത്രങ്ങളെ മുൻനിർത്തിക്കൊണ്ട് ഈ കഥകൾക്ക് ഒരു പൊതു ഇടം കണ്ടെത്തുകയാണ് ചെയ്യുന്നത്. ഭക്ഷണം സൃഷ്ടിക്കുന്ന ആണധികാരത്തിന്റെയും ഭരണകൂടത്തിന്റെ ഇരയായി മാറുന്ന സാമാന്യ പൗരന്റെയും ജീവിതത്തെ മുൻനിർത്തി കൊണ്ട് സ്വത്വപ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളെ ഈ പഠനം മുന്നോട്ടുവെയ്ക്കുന്നു.
താക്കോൽ വാക്കുകൾ
ഭക്ഷണം , സംസ്കാരം, സ്വത്വപ്രതിസന്ധി,ആണധികാരം, ഫാസിസം, രാഷ്ട്രീയം
ആമുഖം
ഇന്ന് സമൂഹം നേരിടുന്ന വിവിധങ്ങളായ സാഹചര്യങ്ങളെ നിരീക്ഷിച്ച് അപഗ്രഥിച്ചാൽ സ്വത്വപ്രതിസന്ധി അവരെ നേരിട്ടു തന്നെ ബാധിക്കുന്ന വലിയൊരു സാമൂഹ്യപ്രശ്നം തന്നെയാണ്. അന്യസംസ്ഥാന തൊഴിലാളി സമൂഹം ജീവിതം തേടിയെത്തുന്ന ഒരിടമായി ഇന്ന് കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം പരിചിതമായ വിശപ്പിന്റെ രാഷ്ട്രീയത്തേക്കാൾ നിസ്സംഗതയോടെ നോക്കിക്കാണുന്ന ഒന്നാണ് സ്വത്വ പ്രതിസന്ധി. തങ്ങളെ ഭരിക്കുന്നവരുടെ മുന്നിൽ അടിമകളെപ്പോലെ പണിയെടുക്കുമ്പോൾ സമൂഹത്തിനു മുന്നിൽ സ്വന്തം വ്യക്തിത്വം അവതരിപ്പിക്കാൻ പ്രതിസന്ധി നേരിടുകയാണ്. ഇങ്ങനെ ആശങ്കപ്പെടുന്നവരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിൽ സ്വത്വപ്രതിസന്ധിയുടെ പ്രസക്തി കാലികമായി ഏറെയാണ്. ടി.വി.കൊച്ചുബാവയുടെ ' അടുക്കള'യും സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി 'യും എന്ന കഥകളെയയാണ് ഇതിന് തെരഞ്ഞെടുത്തിരിക്കുന്നത്. ധാരാളിത്തത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന നാട്ടിലെ പ്രമാണിയായ ഹാജിയാരുടെ വീട്ടിൽ നടക്കുന്ന കല്യാണമാണ് 'ബിരിയാണി' എന്ന കഥയിലെ വിഷയം .ഗോപാൽ യാദവ് എന്ന പ്രധാന കഥാപാത്രമായ ഒരു മനുഷ്യൻ്റെ ആരുമറിയാത്ത വികാര തീവ്രമായ ജീവിതത്തിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുകയാണ് ഈ കഥയിൽ. എന്നാൽ, വിവാഹശേഷം സ്ത്രീ എന്നത് വെറും ഭാര്യ മാത്രമായി അടുക്കളയിൽ ഒതുങ്ങി കൂടുന്ന , പണിയെടുക്കുന്ന യന്ത്രമായി മാറുകയാണ് ' അടുക്കള' എന്ന കഥയിലെ കോകില എന്ന കഥാപാത്രം. ഫാസിസത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന ആണധികാരത്തിന്റെയും രാഷ്ട്രീയാധിനിവേശത്തിന്റെയും നിയന്ത്രണങ്ങളിൽ തങ്ങൾ അറിയാതെ തന്നെ ഇരയായി മാറിപ്പോകുന്ന രണ്ടു കഥാപാത്രങ്ങളെ മുൻനിർത്തിക്കൊണ്ട് സമൂഹത്തിൽ ഒരു പൊതു സ്ഥാനം കണ്ടെത്തുകയാണ് രണ്ടു കഥകളിലൂടെ ചെയ്യുന്നത്. സംസ്കാര പഠനത്തിൻറെ സാധ്യതകളാണ് ഈ പഠനത്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നത്. ഇറ്റാലിയൻ രാഷ്ട്രീയ പോരാളിയും തത്വചിന്തകനുമായ അൻ്റോണിയോ ഗ്രാംഷിയുടെ മേൽക്കോയ്മ (Hegemony) എന്ന പരികല്പന സംസ്കാര പഠനം ഏറെ ഫലപ്രദമായി ഉപയോഗിക്കുന്നു. സമൂഹത്തിലെ ഏതെങ്കിലും ഒരു വ്യക്തിയോ വർഗ്ഗമോ സ്വന്തം പ്രത്യയശാസ്ത്രത്തെയും ലോക ബോധത്തെയും സമൂഹത്തിന്റെയാകെ അറിവുകളായി പരിവർത്തിക്കുന്ന ഉപായമാണ് മേൽക്കോയ്മ. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്കാരത്തിൻ്റെ ഭാഗമായ ഭക്ഷണരീതിയിലൂടെ ഒരുവൻ്റെ വ്യക്തിരൂപീകരണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന ബോധത്തിലേക്ക് കൊണ്ടെത്തിക്കുന്നു.
ഭക്ഷണസംസ്കാരം
ഓരോ പ്രദേശത്തിന്റെയും സംസ്കാരം വ്യത്യസ്തമാണ്. . സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഓരോ മനുഷ്യന്റേയും ഭക്ഷണ രീതി. ഭക്ഷണം എന്നത് വിശപ്പടക്കാനുള്ളതല്ലെന്നും ,വിശപ്പ് എന്ന സാമാന്യധാരണയിൽ നിന്നും അതൊരു സംസ്കാരത്തിന്റെ ഈടുവയ്പാണെന്നും അതിനൊരു സംസ്കാരം ഉണ്ടെന്നും തിരിച്ചറിഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം ഇന്ന് പോകുന്നത്.സംസ്കാരം എന്ന പരികൽപ്പനയും നിരവധി മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. ഏറ്റവും വിശിഷ്ടമായത് എന്ന സങ്കൽപ്പനത്തിൽ നിന്നും മുന്നോട്ടുപോയി. സംസ്കാരത്തെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് ഒരുവന്റെ ആവാസപരിസരം ,ഭക്ഷണം, വസ്ത്രം ,പാർപ്പിടം ,കല ,നിത്യ വ്യവഹാരം എന്നിങ്ങനെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുകയും അതോടൊപ്പം തന്നെ ഇവയെക്കുറിച്ച് എല്ലാം സാംസ്കാരികമായി പഠിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നു. ഓരോ പ്രദേശത്തിന്റെയും സംസ്കാരം വ്യത്യസ്തമാണ് അതുപോലെതന്നെ ഓരോ കൂട്ടായ്മയുടെയും അത് പ്രതിജനഭിന്നം തന്നെയെന്ന് സംശയമില്ല. അതിൽ തന്നെ ഭക്ഷണം വളരെ പ്രധാന പങ്കുവഹിക്കുന്നു. എന്തിനേറെ ഭക്ഷണം കഴിക്കുന്നതും ഉണ്ടാക്കുന്നതും വിളമ്പുന്നതുപോലും സാംസ്കാരികമായി പഠിക്കപ്പെടേണ്ടതാണ് അഥവാ പഠിക്കപ്പെടുന്നുമുണ്ട്. അത്രമേൽ ഭക്ഷണം ഒരു കൂട്ടായ്മയുടെ സ്വത്വപ്രകാശനത്തിൽ മുഖ്യപങ്ക് വഹിക്കുന്നു എന്നു കാണാം..ഓരോ സംസ്കാരത്തിനും , ഭക്ഷണത്തിൻറെ സംസ്കാരവും ഭക്ഷണ സംസ്കാരവും വ്യക്തിത്വരൂപീകരണത്തിന് എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നുള്ള വസ്തുത വിശദീകരിക്കേണ്ടതുണ്ട്.. ഭക്ഷണത്തിൻറെ ഉൽപ്പാദനത്തെയും ഉപഭോഗത്തെയും ചുറ്റിപ്പറ്റിയുള്ള മനോഭാവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ഭക്ഷണ സംസ്കാരമായിട്ടാണ് കണക്കാക്കുന്നത്. ഭക്ഷ്യസംസ്കാരം നമ്മുടെ വംശീയതയും സാംസ്കാരിക പൈതൃകവും ഉൾക്കൊള്ളുന്നുണ്ട്. .കൂടാതെ മറ്റുള്ളവരുമായി ബാഹ്യമായും നമ്മുടെ കുടുംബങ്ങളിലും കമ്മ്യൂണിറ്റികളിലും ആശയവിനിമയത്തിനുള്ള ഒരു സംവിധാനവും പ്രദാനം ചെയ്യുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരാളുടെ സ്വത്വബോധത്തെ രൂപപ്പെടുത്തുന്നതിലും നിർണയിക്കുന്നതിലും ഭക്ഷണത്തിന് വലിയ പങ്കുണ്ട്.
സ്വത്വബോധം
ഒരു വ്യക്തിയുടെ ജീവിതത്തിലെ അനിശ്ചിതത്വത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും കാലഘട്ടത്തെയാണ് സ്വത്വപ്രതിസന്ധി എന്നു പറയുന്നത്. എറിക് എറിക്സൺ സ്വത്വത്തിന് രണ്ട് വശങ്ങളുണ്ടെന്ന് കണ്ടെത്തുന്നു. ഒന്ന് വ്യക്തിക്ക് അഭിമുഖമായത്, രണ്ട് സമൂഹത്തിനഭിമുഖമായത്. ഒന്നാമതായി പറയുന്നത്, ഒരു വ്യക്തി തൻ്റെ ആത്മബിംബത്തിലേക്കും (self Image) ആത്മവിശ്വാസത്തിലേക്കുമാണ് തിരിഞ്ഞിരിക്കുന്നത്. രണ്ടാമതായി പറയുന്നത്, സാമൂഹ്യധർമ്മത്തിലധിഷ്ഠിതമായിരിക്കണം എന്നതാണ്. അന്വേഷണം, ആവിഷ്ക്കാരം എന്നിവയിലൂടെ മാത്രമേ ഒരു വ്യക്തി തൻ്റെ സ്വത്വത്തെ തിരിച്ചറിയുന്നുള്ളൂ. സ്വത്വബോധമുണരാൻ ഇന്നത്തെ മനുഷ്യനെ പ്രേരിപ്പിക്കുന്നത് സ്വത്വപ്രതിസന്ധിയാണ് (Identy Crisis). ഒരു വ്യക്തിയുടെ സ്വത്വബോധം അരക്ഷിതവും അസ്ഥിരവും ആകുമ്പോഴാണ് ഈ പ്രതിസന്ധി ഉണ്ടാകുന്നത്. ഈ പ്രതിസന്ധിയിൽ നിന്നുകൊണ്ട് ഭക്ഷണസംസ്കാരത്തിന്റെ ഭിന്നമായ അർത്ഥമാനങ്ങളിലൂടെയാണ് സ്വത്വപ്രതിസന്ധി വ്യക്തമാക്കുന്നത്. ആ ഒരു വ്യക്തിത്വത്തിൽ ആശയക്കുഴപ്പവും സംഭവിക്കുന്നുണ്ട്. ഒരു പ്രത്യേക സന്ദർഭത്തിൽ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ചില ബാഹ്യസമ്മർദ്ദങ്ങളും പ്രവർത്തികളും ഉണ്ടാവാം. അത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും അല്ലെങ്കിൽ ഗൃഹാന്തരീക്ഷത്തിൽ നിന്നും നോക്കുമ്പോൾ ഒരു അധികാര ഭാവത്തിൽ നിന്നും ഉണ്ടാകാം. ഇവ രണ്ടും ഒരു ഫാസിസ്റ്റ് മനോഭാവത്തിലേക്കാണ് കടന്നുവരുന്നത്.ഈ കടന്നു വരവ് ഒരു വ്യക്തിയുടെ ജീവിതത്തെയും വ്യക്തിത്വത്തെയും പാടെ ഹനിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് നയിക്കുന്നു.
ഫാസിസം
പ്രാമാണിത്ത ദേശീയവാദത്തിലധിഷ്ഠിതമായ ഒരു തീവ്രരാഷ്ട്രീയവാദമാണ് ഫാസിസം. ഫാസിസ്റ്റുകൾ ഒരു രാജ്യത്തിൻറെ ഭരണസംവിധാനത്തെയും സാമ്പത്തിക സംവിധാനത്തെയും ഉൾപ്പെടെ രാഷ്ട്രത്തെ മൊത്തത്തിൽ തങ്ങളുടെ വീക്ഷണത്തിനും മൂല്യങ്ങൾക്കും രീതികൾക്കും അനുസൃതമായി ഉടച്ചുവാർക്കാൻ ലക്ഷ്യമിടുന്നവയാണ്. രാഷ്ട്രത്തിൻറെ അധികാരം ഒരു ശരാശരി പൗരനു കിട്ടാതെ പോകുന്ന ഭക്ഷണത്തിന്റെ മൂല്യത്തെ വിളിച്ചോതുമ്പോൾ ,ആണധികാരത്തിന്റെ ഫാസിസ്റ്റ് മനോഭാവം ശരാശരി ഒരു പെണ്ണിൻറെ സ്വന്തം രുചികളെ അവഗണിച്ചുകൊണ്ട് അവളെ ചൂഷണ വിധേയമാക്കുന്ന കാഴ്ചകളാണ് ഈ കഥകളിൽ കാണാൻ സാധിക്കുന്നത്. ജീവിതത്തിൻറെ വളർച്ചയിൽ പല ഘട്ടങ്ങളിലും സ്വത്വപ്രതിസന്ധി സംഭവിക്കാം. പക്ഷേ അതെല്ലാം സ്വാഭാവികമായി മറികടന്നെന്നും വരാം. ഇവിടെ തെരഞ്ഞെടുത്ത രണ്ട് കഥകളിൽ' ബിരിയാണി 'എന്ന കഥ ആദ്യ വായനയിൽ തന്നെ ഭക്ഷണ സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്. അതൊരു സമുദായവുമായി ബന്ധപ്പെട്ടുകൊണ്ടാണ് വായനക്കാരന്റെ ബോധമനസ്സിലേക്ക് കടന്നുവരുന്നത് പക്ഷേ സമുദായബോധത്തെ മാറ്റിമറിച്ചുകൊണ്ട് ഒരു പൊതു ഭക്ഷണത്തിലേക്കും ദാരിദ്ര്യത്തിലേക്കും അത് വഴിമാറുന്നുണ്ട്.എന്നാൽ സൂക്ഷ്മ വായനയിൽ ഏതോ അധികാര കേന്ദ്രം വരച്ച വരയോടുകൂടി സ്വന്തം നാട് നഷ്ടപ്പെട്ടുപോയ ,തന്റെ സ്വത്വത്തെ പോലും വ്യക്തമല്ലാത്ത രീതിയിൽ പകച്ചു നിൽക്കേണ്ടിവരുന്ന ഒരു സാധാരണ മനുഷ്യനെയാണ് കാണാൻ സാധിക്കുക. ഭക്ഷണത്തെ കേന്ദ്രമാക്കിക്കൊണ്ട് സ്വത്വ പ്രതിസന്ധി സൂക്ഷ്മമായി കണ്ടെത്താനായി ഈ കഥയിൽ സാധിക്കുന്നുണ്ട് അതുപോലെ അടുക്കള എന്ന കഥയിലും ഭർത്താവിനുവേണ്ടി സ്വന്തം ശരീരവും വ്യക്തിത്വവും മറന്നു കൊണ്ട് ജീവിക്കുന്ന കോകില എന്ന സ്ത്രീയിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. മാത്രമല്ല ഭക്ഷണം എന്നത് ഒരു സാംസ്കാരിക അധിനിവേശത്തിന്റെ ഫാസിസ്റ്റ് ഘടനയുടെ സ്വഭാവം കൂടി ഈ കഥകളിൽ പ്രകടമാക്കുന്നുണ്ട് എന്നു വ്യക്തം.
'ബിരിയാണി' - പുനർവായന
വ്യത്യസ്തമായ ഒരുപാട് തരം വ്യാഖ്യാനങ്ങൾക്ക് വഴിവെച്ച ഒരു കഥയാണ് ബിരിയാണി. അനുകൂലിച്ചുംപ്രതികൂലിച്ചുമുള്ള ഒരുപാട് നിരൂപണങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ കഥയ്ക്ക് ഉണ്ടായിട്ടുണ്ട്.എന്നാൽ ഇതിൻറെ സൂക്ഷ്മ വായനയിൽ ഒരു വ്യക്തിയുടെ സ്വത്വ പ്രതിസന്ധിയെ ഏതെല്ലാം തരത്തിൽ മാനസികസമ്മർദ്ദത്തിനു നിദാനമാകുന്നുവോ അത്രയും വൈകാരികതയെ ചോദ്യം ചെയ്യപ്പെടുന്നതായി അനുഭവപ്പെടുന്നു. ഗോപാൽ യാദവ് എന്ന ഒരു ഉത്തര്യേന്ത്യക്കാരനാണ് ഇതിലെ പ്രധാന കഥാപാത്രം.അദ്ദേഹത്തിൻറെ ജീവിതയാഥാർത്ഥ്യത്തെ മലയാളിയുടെ പൊതുബോധവുമായി സമന്വയിപ്പിക്കുകയാണ് സന്തോഷ് എച്ചിക്കാനം ഈ കഥയിലൂടെ ചെയ്യുന്നത്.വടക്കേ മലബാറിലെ മുസ്ലിം കല്യാണങ്ങളിലെ ഭക്ഷണവും ഇതര സംസ്ഥാനക്കാരനായ ഒരു തൊഴിലാളിയുടെ വിശന്നു മരിച്ച മകളെ കുറിച്ചുള്ള ദുഃഖവും ആണ് ബിരിയാണി എന്ന കഥയുടെ പ്രതിപാദ്യം എന്നാൽ അതിൽ വിശപ്പും ദാരിദ്ര്യവും പട്ടിണിയും മരണവും സുഭിക്ഷതയും അഹന്തയും അന്തക്കേടും എല്ലാം പ്രതിപാദനങ്ങൾ ആയി വരുന്നുണ്ട്. യാഥാർത്ഥ്യത്തിന്റെ തുറന്ന പുസ്തകമായി അവതരിപ്പിക്കപ്പെട്ട കഥ എന്ന് തന്നെ ബിരിയാണിയെ കുറിച്ച് പറയാം. എന്നാൽ ഇതിലെ പ്രധാന കഥാപാത്രമായ ഗോപാൽയാദവ് എന്ന അന്യസംസ്ഥാന തൊഴിലാളി തൻ്റെ സ്വത്വത്തെ അവ്യക്തതയുടെ നിഴലിൽ സ്വയം നിർത്തുന്നു എന്ന ഒരു അസാധാരണത്വം കഥയിൽ വ്യക്തമാക്കുന്നുണ്ട്. ദാരിദ്ര്യം മനുഷ്യ സ്വത്വത്തെ ജീവനോടെ ഇല്ലാതാക്കുന്നു.ആർഭാടം നിറഞ്ഞ കല്യാണസൽക്കാരത്തിന് ശേഷം ബാക്കി വന്ന ഭക്ഷണപദാർത്ഥങ്ങൾ കുഴിവെട്ടി മൂടുക എന്നതായിരുന്നു ഗോപാൽ യാദവിൻ്റെ ജോലി. ആ, ധനിക കുടുംബത്തിലെ തന്നെ പത്തിരുപതു വയസ്സുള്ള പയ്യൻ്റെ നിർദ്ദേശപ്രകാരം ഗോപാൽയാദവ് ജോലി ചെയ്യാൻ തുടങ്ങി. അതിനിടയിലാണ് ഗോപാൽ യാദവിൻ്റെ വിവരങ്ങൾ ആ പയ്യൻ ചോദിച്ചറിയുന്നത്. ബീഹാറിലുള്ള ലാൽമാത്തിയ എന്ന തൻ്റെ സ്ഥലത്തെ പരിചയപ്പെടുത്തിയപ്പോൾ ഗൂഗിൾ നോക്കി ആ പയ്യൻ തറപ്പിച്ചു പറയുന്നു ഇത് ഝാർഖണ്ഡിലുള്ള സ്ഥലമാണെന്ന്. എന്നാൽ വീണ്ടും ഗോപാൽയാദവ് 'ലാൽ മാത്തിയ' ബിഹാറിലാണെന്ന് ഉറപ്പിച്ചു പറയുന്നു." മരിച്ചുപോയ ഒരാളുടെ മുഖത്തെ വെള്ളത്തുണി മാറ്റുന്നതു പോലെ മൊബൈൽ സ്ക്രീൻ നീക്കി സിനാൻ എന്ന പയ്യൻ ബീഹാറിൽ നിന്ന് ഝാർഖണ്ഡിൽ മാറികിടക്കുന്ന ലാൽ മാത്തിയായെ ഗോപാൽ യാദവിന് കാണിച്ചു കൊടുക്കുന്നു. ഈ പരാമർശത്തിൽ നിന്നും ജീവിച്ചിരിക്കുമ്പോൾ തന്നെ തൻ്റെ വ്യക്തിത്വം എന്നേന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന ബോധത്തിൽ അദ്ദേഹത്തിനു ആശയക്കുഴപ്പം സംഭവിക്കുന്നു. "തന്നെപ്പോലെ തൻ്റെ നാടും ബീഹാർ വിട്ടിരിക്കുന്നു" എന്ന യാഥാർത്ഥ്യത്തെ വേദനയോടെ മനസ്സിലാക്കുന്നു. സ്നേഹമുള്ളവർ മരിക്കുമ്പോഴൊക്കെ ചെയ്യാറുള്ളതുപോലെ കുറെ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു പുറത്തേക്ക് മെല്ലെ വിട്ടു. തൻ്റെ സ്വത്വ പ്രതിസന്ധിയിൽ ഒരു പാവം മനുഷ്യന് സ്വയമേ ചെയ്യാൻ സാധിക്കുന്നത് ഇത്രമാത്രം. സാധാരണ ജീവിതങ്ങളെ വെട്ടിപ്പിളർത്തുകയാണ് അധികാരികൾ . അധികാര വർഗ്ഗത്തിൻ്റെ അധീശ്വത്തിൽ അരിശം പൂണ്ട ഗോപാൽ യാദവ് പിക്കാസിൻ്റെ കട കൊണ്ട് മൺകട്ടയിൽ ആഞ്ഞടിച്ചു രണ്ടാക്കി, ഒന്ന് ബീഹാറും മറ്റേത് ഝാർഖണ്ഡും. 'ഇതിൽ എവിടെയാണ് ഞാൻ' എന്ന ചോദ്യത്തിലൂടെ യാത്ര തുടരുന്നു. ഇവിടെ ഗോപാൽ യാദവ് താനറിയാതെ തന്നെ ഫാസിസ്റ്റ് ചിന്താഗതിയുടെ, രാഷ്ട്രീയാധിനിവേശത്തിൻ്റെ തീരുമാനങ്ങളിൽ ഇരയായി മാറുകയാണ്. ഗർഭിണിയായ ഭാര്യയ്ക്ക് ഇഷ്ടഭക്ഷണമായ ബസ്മതി അരി അമ്പതു ഗ്രാം വാങ്ങി കൊടുക്കുന്ന, ബസ്മതി എന്നു തന്നെ മകൾക്കു പേരിടുന്ന,കഥയുടെ അവസാന ഭാഗത്ത് ബിരിയാണി വേസ്റ്റ് കൊണ്ടു നിറഞ്ഞ കുഴിയിൽ ചവിട്ടി താഴ്ത്തി മൂടുമ്പോൾ വിശന്നു ചത്തുപോയ തൻ്റെ കുഞ്ഞിനെ ഓർക്കുന്ന ഗോപാൽ യാദവ് തൻ്റെ ഓർമ്മകളെ, വേദനകളെ മറവിയുടെ മണ്ണിട്ട് മൂടി ചവിട്ടി ഉറപ്പിക്കുകയാണ്.
അടുക്കള - പുനരന്വേഷണം
സ്ത്രീപക്ഷ നിലപാട് പുലർത്തുന്ന ഒരു കഥയാണ് ടിവി കൊച്ചുബാവയുടെ അടുക്കള. അധികാരത്തിന്റെ പിടിയിലമരുന്ന പുരുഷാധിപത്യ മൂല്യങ്ങൾക്ക് നേരെയുള്ള ചോദ്യങ്ങളാണ് ഈ കഥയിൽ .അനേകം സ്ത്രീകളുടെ പ്രതിനിധിയാണ് ഈ കഥയിലെ കോകില എന്ന കഥാപാത്രം. കഥാകൃത്ത് തന്നെ പറയുന്നുണ്ട് "അടുക്കള കോകിലയുടെ ഗ്രാമീണ സ്വപ്നങ്ങൾക്ക് മേലെ കൂടി വലിച്ചു നീട്ടിയ വിസർജ്യങ്ങളുടെ ഓരോവുപുരയാകുന്നു' എന്ന് .പുരുഷാധികാരത്തിന്റെ പെണ്ണ് ഒരു അവശ്യോപകരണമായി മാത്രം കരുതുന്നു. കോകില എന്ന സ്ത്രീയുടെ കഷണ്ടിക്കാരൻ ആയ ഭർത്താവ് അദ്ദേഹത്തിനു പേരില്ല . അധികാരത്തിന്റെയും ആജ്ഞയുടെയും ചിഹ്നമാണ് ഭർത്താവ്. ആണധികാരത്തിന്റെ ഗർവിൽ അടുക്കളയുടെ വേനലിൽ നിന്ന് ഭാര്യയെ പുറത്തേക്ക് പറഞ്ഞു വിടാൻ വിസമ്മതിക്കുന്ന ഭർത്താക്കന്മാരുടെ പ്രതിനിധിയാണ് അയാൾ അണിഞ്ഞൊരുങ്ങി തീൻമേശയ്ക്ക് മുന്നിലിരിക്കുന്ന ഭർത്താവിനെ ഇഷ്ട ഭക്ഷണം വെച്ചു വിളമ്പുമ്പോൾ കുറ്റം കണ്ടുപിടിക്കാൻ ധൃതിപ്പെടുകയാണ് അയാൾ ' പുലർച്ചയ്ക്ക് ഉണർന്ന് വായ പോലും കഴുകാതെ അവളുടെ പ്രാഥമിക കാര്യങ്ങൾ പോലും സാധിക്കാതെ അടുക്കളയിൽ ഭർത്താവിൻറെ രുചിയ്ക്കനുസരിച്ച് വച്ച് വിളമ്പുകയും ആണ് കോകില എന്ന ഭാര്യ.അവളുടെ ആത്മഗതങ്ങൾ അടുക്കള ചുമരുടെ കലുഷ നിശ്വാസങ്ങളുമായി പരിണമിക്കുന്നുണ്ട്. കഥയിൽ തന്നെ പറയുന്നുണ്ട് വെട്ടുകല്ലുകളുടെ ചെറു സുഷിരങ്ങൾ സൂക്ഷിപ്പു സ്ഥലികളാകുന്നു, ഉച്ചരിക്കപ്പെടാത്ത വ്യഥകളുടെ, ആത്മകഥകളുടെ എന്ന്. ചരിത്രപരമായി ആവർത്തിക്കപ്പെടുന്ന പെണ്ണ് അനുഭവങ്ങളുടെ നീറ്റലാണ് അടുക്കളയിലെ കോകില . താൻ എന്താണ്? തന്റെ വ്യക്തിത്വം എന്ത്? ഇതിനെല്ലാം ഉത്തരം തേടുകയാണ് സ്വയം മറന്നു തുടങ്ങുന്ന കോകില .കൈവേഗമില്ലെന്ന് വാക്കുകളാൽ ചൂഴ്ത്തി പറഞ്ഞുകൊണ്ട് അഞ്ച് മിനിറ്റുകൾക്കിടയിൽ ബുൾസൈയും ബ്രഡ് മൊരിച്ചതും താൻ തയ്യാറാക്കുമെന്ന് പുരുഷത്വത്തിന്റെ വമ്പോടെ ചിന്തിക്കുന്ന ഭർത്താവ്. അതിനിടയിൽ ശുദ്ധമായ നെയ്യിൽ പൊരിച്ചെടുത്ത അരി പലഹാരം ,ബീഫ് വരട്ടിയത്, ഇറച്ചിചാറ്, ഉപ്പുമാവും പപ്പടവും .....അങ്ങനെ പോകുന്നു കോകിലയുടെ തൃപ്തി. എന്നാൽ കോകിലയുടെ തൃപ്തിയിൽ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് അയാളുടെ കഷണ്ടിയോളം ക്ഷുഭിതനായി അയാൾ പറയുകയാണ് "ഇതെല്ലാം തിന്നു തീർക്കാൻ സമയമെവിടെ? ഓരോന്നിനും ഓരോ നേരമുണ്ടെന്നും". അറിവില്ലായ്മയുടെ പ്രതീകമായി 'കോമൺ സെൻസില്ലാത്തവൾ' എന്ന് ഭാര്യയെ സ്ഥാപിച്ച് ഉറപ്പിക്കുന്നു. സമയാസമയങ്ങളിൽ രുചിക്ക് അനുസരിച്ചുള്ള ഭക്ഷണം തയ്യാറാക്കൽ, അയാളുടെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റൽ കൂടെ അയാളുടെ കുറ്റപ്പെടുത്തലും അവഗണനയും. സമൂഹത്തിൽ ആധിപത്യം വഹിക്കുന്ന ഒരു ലിംഗവിഭാഗമെന്ന നിലയ്ക്കുള്ള പുരുഷൻ്റെ കാഴ്ചപ്പാടുകളാണ് സ്ത്രീകളെ അടുക്കളോപകരണമാക്കുന്നതും ഉപഭോഗവസ്തുവാക്കി മാറ്റുന്നതും.നമ്മുടെ സമൂഹത്തിൽ സ്ത്രീക്കും പുരുഷനും നൽകിയിട്ടുള്ള സ്വത്വ സങ്കൽപ്പത്തിൽ വ്യത്യാസമുണ്ട് അവയാണ് സ്ത്രീക്കും പുരുഷനുമുള്ള ഇടങ്ങൾ നിർണയിക്കുന്നത് .പൊതുവേ സമൂഹം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്വത്വം പുരുഷന്റേതാണ്. ഈ വേർതിരിവ് നിമിത്തം പലപ്പോഴും സ്ത്രീയെ യഥാർത്ഥ സ്വത്വത്തിൽ നിന്നും മാറ്റി നിർത്താൻ കുടുംബവും സമൂഹവും സംസ്കാരവും എല്ലാം പ്രേരിതരാകുന്നു. പുരുഷന്റെ ആജ്ഞകൾക്കനുസരിച്ച് അധികാര ഗർവോടെ പെണ്ണിനെ ആഘോഷിക്കുമ്പോൾ അയാളിൽ സംഭവിക്കുന്ന അഹങ്കാരം സംസ്കാരത്തിൻറെ ഭാഗമായി തീരുകയാണ്. സ്ത്രീ ശരീരത്തെ മറന്ന് ഭർത്താവിനുവേണ്ടി പണിയെടുക്കേണ്ടവളായി തീരുന്നു. അയാളുടെ വയറും ശരീരവും നിറയ്ക്കേണ്ട ഭക്ഷണമായി സ്വയം മറന്ന്,' സ്ത്രീയെ പുരുഷൻ്റെ കൃഷിയിടമാക്കുന്നു' എന്ന പഴയ ശൈലിയിൽൽ യാഥാർത്ഥ്യത്തിൻ്റെ സാംസ്കാരികമൂല്യത്തിലൊരിടമായി,സ്വത്വപ്രതിസന്ധിയിലകപ്പെട്ട് 'അവളായി'മാത്രം തുടരുന്നു.
ഉപസംഹാരം
ജീവിതത്തിൻറെ വളർച്ചയിൽ പല ഘട്ടങ്ങളിലും ഇതുപോലെയുള്ള സ്വത്വ പ്രതിസന്ധി സംഭവിക്കാം. പക്ഷേ അതെല്ലാം സ്വാഭാവികമായി മറികടന്നെന്നും വരാം. ഇവിടെ തെരഞ്ഞെടുത്ത രണ്ട് കഥകളിൽ 'ബിരിയാണി: എന്ന കഥ ആദ്യ വായനയിൽ തന്നെ ഭക്ഷണ സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നത്. പൊതുവായി അതൊരു സമുദായവുമായി ബന്ധപ്പെട്ടുകൊണ്ടാണ് വായനക്കാരന്റെ ബോധമനസ്സിലേക്ക് കടന്നുവരുന്നത്. പക്ഷേ സമുദായ ബോധത്തെ മാറ്റിമറിച്ചുകൊണ്ട് ഒരു പൊതു ഭക്ഷണത്തിലേക്കും ദാരിദ്ര്യത്തിലേക്കും അത് വഴിമാറുന്നുണ്ട്. എന്നാൽ സൂക്ഷ്മ വായനയിൽ ഏതോ അധികാര കേന്ദ്രം വരച്ച വരയോടു കൂടി സ്വന്തം നാട് നഷ്ടപ്പെട്ടുപോയ തൻറെ സ്വത്വത്തെ പോലും വ്യക്തമല്ലാത്ത രീതിയിൽ പകച്ചു നിൽക്കേണ്ടിവരുന്ന ഒരു സാധാരണ മനുഷ്യനെയാണ് കാണാൻ സാധിക്കുക. ഭക്ഷണത്തെ കേന്ദ്രമാക്കിക്കൊണ്ട് സ്വത്വ പ്രതിസന്ധി സൂക്ഷ്മമായി കണ്ടെത്താനായി ഈ കഥയിൽ സാധിക്കുന്നുണ്ട്. അതേപോലെ 'അടുക്കള' എന്ന കഥയിലും ഭർത്താവിനു വേണ്ടി സ്വന്തം ശരീരവും വ്യക്തിത്വവും മറന്നുകൊണ്ട് ജീവിക്കുന്ന കോകില എന്ന സ്ത്രീയിലും ഇത് തന്നെയാണ് സംഭവിക്കുന്നത് മാത്രമല്ല ഭക്ഷണം എന്നത് ഒരു സാംസ്കാരിക അധിനിവേശത്തിന്റെ ഘടനയുടെ സ്വഭാവം കൂടി ഈ കഥകളിൽ പ്രകടമാക്കുന്നുണ്ട് . ഭക്ഷണം സൃഷ്ടിക്കുന്ന ആണധികാരത്തിൻ്റെയും ഭരണകൂടത്തിൻ്റെ ഇരയായി മാറുന്ന സാമാന്യ പൗരൻ്റെയും ജീവിതമാണ് ഈ രണ്ടു കഥകളുടെയും കാതൽ.
ഗ്രന്ഥസൂചി
1.ഉണിത്തിരി എൻ പി പി 2007, സംസ്കാരപഠനങ്ങൾ, ചിന്ത പബ്ലിക്കേഷൻസ് തിരുവനന്തപുരം.
2. അനിൽ കെ.എം (എഡി) 2017 ,സംസ്കാര നിർമ്മിതി, പ്രോഗ്രസ് പബ്ലിക്കേഷൻസ്, കോഴിക്കോട്
3. ഇ എം എസ് / ഗോവിന്ദപിള്ള പി. 1996 , ഗ്രാംഷിയൻ വിചാരവിപ്ലവം, ചിന്ത പബ്ലിക്കേഷൻസ് തിരുവനന്തപുരം
4. കൊച്ചുബാവ ടി വി 20013 അടുക്കള (കഥ) ഡി സി ബുക്സ്, കോട്ടയം
5. പണിക്കർ കെ. എൻ 2002 ,സംസ്കാരവും ദേശീയതയും, കറൻ്റ് ബുക്സ് തൃശൂർ
6.മലയാള പഠന സംഘം (എഡി) 2007,സംസ്കാരപഠനം ചരിത്രം, സിദ്ധാന്തം, പ്രയോഗം, കറൻ്റ് ബുക്സ് തൃശൂർ
7. രവീന്ദ്രൻ പി.പി. 2013, സംസ്കാരപഠനത്തിനൊരാമുഖം, സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം
8 .സന്തോഷ് എച്ചിക്കാനം 2016 'ബിരിയാണി'(കഥ) മാതൃഭൂമി ആഴ്ചപതിപ്പ്
9. Erik H Erikson, Identy:youth and Crisis 1968, Newyork.w.w.Norton company
സ്വാതി കെ.പി.
മലയാളം ഗവേഷക
വിമല കോളേജ് (ഓട്ടോണമസ്) തൃശൂർ
കാലിക്കറ്റ് യൂണിവേഴ്സിറ്റി
mob: 8547824104
mail id : swathykp125@gmail.com
Comments