ഭീകരത തുലയട്ടെ..സമാധാനം പുലരട്ടെ…
- GCW MALAYALAM
- 2 days ago
- 1 min read

ലോകരാഷ്ട്രങ്ങൾ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ഒരു വെല്ലുവിളി ഭീകരവാദത്തിന്റെതാണ്. ഒരു രാഷ്ട്രത്തിലുള്ള സാധാരണ ജനത ഭീകരവാദികളുടെ താവളമായി തങ്ങളുടെ രാഷ്ട്രം മാറുന്നതിനെ ഒരിക്കലും ഇഷ്ടപ്പെടുകയില്ല. ഭരണാധികാരികളുടെ ഒത്താശയോടെ, രാഷ്ട്രീയ പിൻ ബലത്തോടെ ഭീകരവാദികൾക്ക് സഹായകമായ നിലപാടുകൾ ചില രാഷ്ട്രങ്ങളെങ്കിലും ചെയ്തു കൊടുക്കാറുണ്ട്. തങ്ങളുടെ അധികാരം നിലനിർത്തുന്നതിനും ആഭ്യന്തരരാഷ്ട്രീയത്തിലും അന്താരാഷ്ട്രരംഗത്തും സ്വാധീനമുറപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു കുറുക്കു വഴിയായി ഭീകരവാദത്തെ ഉപയോഗിക്കുന്ന രാഷ്ട്രങ്ങൾ സ്വയം ശവക്കുഴി തോണ്ടുകയാണ്.
സാധാരണക്കാരായ ടൂറിസ്റ്റുകളെ കൊലപ്പെടുത്തിക്കൊണ്ട് കാശ്മീരിൽ ഭീകരവാദികൾ നടത്തിയ ആക്രമണം ലോകമനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. കാശ്മീർ മേഖലയിൽ ടൂറിസം പുരോഗതി പ്രാപിക്കുന്നു എന്ന് മനസ്സിലാക്കി ക്കൊണ്ടാണ് ഭീകരവാദികൾ അവിടുത്തെ ടൂറിസ്റ്റുകളെ തന്നെ കേന്ദ്രീകരിച്ചുകൊണ്ട് ആക്രമണം ആ സൂത്രണം ചെയ്തത്. കാശ്മീരിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തിച്ചേർന്ന രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഭീകരാക്രമണത്തിനിരയായത്. ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ചുകൊണ്ട് യുദ്ധസമാനമായ സാഹചര്യം ബോധപൂർവം സൃഷ്ടിക്കുകയാണ് ഭീകരവാദികൾ ചെയ്തത്.
ഏറ്റവും ശക്തമായി പ്രതികരിക്കേണ്ട പൈശാചികമായ സംഭവമായിരുന്നു പഹൽഗാമിൽ ബൈസരൺ താഴ് വരയിലുണ്ടായത്. നിരപരാധികളാ യ 26 പേരുടെ ജീവിതമാണ് ഹൃദയശൂന്യരായ പാക്ഭീകരരുടെ തോക്കിനുമുന്നിൽ പൊലിഞ്ഞത്. പാകിസ്ഥാനിലെ നിരവധി ഭീകര ക്യാമ്പുകൾ തകർത്തു കൊണ്ടും ഭീകരരെ വധിച്ചുകൊണ്ടും ‘ഓപ്പറേഷൻ സിന്ദൂരി’ലൂടെ ഇന്ത്യൻ പട്ടാളം അതിന് ശക്തമായ തിരിച്ചടി യാണ് നൽകിയത്.
തുടർന്ന് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായി. രണ്ട് ആണവശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ സമ്പൂർണ്ണയുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതി ലോകത്താകമാനം ഉണ്ടായി. സംഘർഷഭൂമികളിൽ മനുഷ്യ സ്നേഹികളായ എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനമാണ്. രക്തം കൊണ്ടും കണ്ണീരുകൊണ്ടും അശാന്തി യും സംഘർഷവും പടർത്താൻ ശ്രമിക്കുന്ന ഭീകരരെ ഒരു രാഷ്ട്രത്തിലേയും സാധാരണക്കാരായ ജനത പിന്തുണയ്ക്കില്ല. അവരെല്ലാവരും സമാധാനം പുലരണം എന്നാഗ്രഹിക്കുന്നവരാണ്.
മനുഷ്യൻ മനുഷ്യന് അന്യനാണെന്ന് പഠിപ്പിക്കുന്ന ഭീകരതയെ നേരിടാൻ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊണ്ട നാളുകളാണിത്. മുഴുവൻ രാഷ്ട്രീയ പാർട്ടികളും കേന്ദ്ര സർക്കാരിന്റെയും സൈന്യത്തിന്റെയും നടപടികളെ പിന്തുണച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയും കരുത്തും ലോകത്തിനു മുഴുവൻ മനസ്സിലാക്കി കൊടുക്കാൻ ഇത് സഹായിച്ചു.
മതമൗലികവാദങ്ങൾ സൃഷ്ടി ക്കുന്ന സംഘർഷങ്ങളിൽ നിന്നാണ് ഭീകര വാദം രൂപം കൊള്ളുന്നത്. മനുഷ്യന് ഭീഷണിയായി വളർന്നിട്ടുള്ള എല്ലാ ഭീകരതയെയും ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം സമാധാനപൂർണമായി ജീവിക്കാനുള്ള സാധാരണ ജനതയുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. ഭീകര വാദത്തെ പ്രോത്സാഹിപ്പിക്കുന്ന അധികാരികൾ ഇതിൽനിന്ന് പാഠം പഠിച്ച് എല്ലാ രാജ്യത്തെയും മനുഷ്യ സ്നേഹികൾ ആഗ്രഹിക്കുന്നതുപോലെ സമാധാനം പുലരുന്നതിനുള്ള പ്രവർത്ത നങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. അങ്ങനെ ഭീകരത നശിക്കുകയും സമാധാനം പുലരുകയും ചെയ്യുന്ന ഒരു ലോകത്തി നു വേണ്ടി നമുക്ക് നിലകൊള്ളാം.
ഡോ. ലാലു. വി
അസോസിയേറ്റ് പ്രൊഫസർ & വകുപ്പധ്യക്ഷൻ
മലയാളവിഭാഗം
സർക്കാർ വനിതാകോളേജ് തിരുവനന്തപുരം
Comments