top of page

ഭൗമകാന്തിക കൊടുങ്കാറ്റുകളും ബഹിരാകാശ കാലാവസ്ഥയും

ഡോ. സീമ സി.എസ്.

പ്രബന്ധസംഗ്രഹം

സൂര്യനെക്കുറിച്ചുള്ള പഠനം, അതിന്റെ ചലനാത്മക പ്രക്രിയ, ഗ്രഹാന്തര മാധ്യമത്തിലും കാന്തമണ്ഡലത്തിലും ഭൂമിയുടെ അന്തരീക്ഷത്തിലേക്കും ഉള്ള അതിന്റെ പ്രതിപ്രവർത്തനം, തുടർന്നുള്ള ബഹിരാകാശ കാലാവസ്ഥാ പ്രത്യാഘാതങ്ങൾ എന്നിവയാണ് സൗരഭൗമ പഠനങ്ങളിൽ ഉൾപ്പെടുന്നത്. പ്രതികൂലമായ ബഹിരാകാശ കാലാവസ്ഥ, ആധുനിക സാങ്കേതിക സമൂഹത്തിൽ വ്യാപകമായ സാമൂഹികവും സാമ്പത്തികവുമായ തടസ്സങ്ങൾക്ക് കാരണമാകും. ഉപഗ്രഹങ്ങൾ, നാവിഗേഷൻ, ടെലികമ്മ്യൂണിക്കേഷൻ, വൈദ്യുത പവർ ട്രാൻസ്മിഷൻ ലൈനുകൾ, ഗ്യാസ് പൈപ്പ്‌ലൈനുകൾ തുടങ്ങിയ മനുഷ്യ സാങ്കേതിക സംവിധാനങ്ങളെ ഇത് ബാധിക്കുന്നു. ഈ സാഹചര്യത്തിൽ ബഹിരാകാശയാത്രികരുടെയും വിമാന യാത്രക്കാരുടെയും സുരക്ഷയും ഒരു പ്രധാന ആശങ്കയാണ്. പ്രധാന ബഹിരാകാശ കാലാവസ്ഥാ പ്രത്യാഘാതങ്ങളിലൊന്നായ ഭൗമകാന്തിക കൊടുങ്കാറ്റിനെയും ഭൂമിയിലുണ്ടാകുന്ന അതിന്റെ അനന്തരഫലങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചയാണ് ഈ ഗവേഷണ പ്രബന്ധം നൽകുന്നത്.

താക്കോൽ വാക്കുകൾ

സൗരകളങ്കങ്ങൾ (sunspots), ധ്രുവ ദീപ്തി (Aurora), സൗരജ്വാല (solar flare), കാന്തികക്ഷേത്രം (magnetic field), കൊറോണൽ മാസ് എജക്ഷൻ (CME), ഭൗമകാന്തിക കൊടുങ്കാറ്റ് (geomagnetic storm), ബഹിരാകാശ കാലാവസ്ഥ (space weather)

 

ആമുഖം

 

     പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള വിശാലമായ അന്വേഷണത്തിന്റെ ഭാഗമായി, പുരാതന ജനത ആകാശത്തെയും സൂര്യൻ ഉൾപ്പെടെയുള്ള ആകാശഗോളങ്ങളെയും മനസ്സിലാക്കാൻ ആഗ്രഹിച്ചിരുന്നു. സൂര്യനെ പലപ്പോഴും ഒരു ദൈവമായോ  ദിവ്യശക്തിയുടെ പ്രകടനമായോ, ശക്തിയും ജീവനും ഉൾക്കൊള്ളുന്ന ഒരു ദേവതയായോ ആരാധിച്ചിരുന്നു. ദൈനംദിന ജീവിതത്തിൽ സൂര്യന്റെ സ്വാധീനം നിഷേധിക്കാനാവാത്തതായിരുന്നു. കാർഷിക ആവശ്യങ്ങൾക്കും,  ഋതുക്കളെക്കുറിച്ചുള്ള ധാരണയ്ക്കും സൂര്യന്റെ ചലനങ്ങൾ നിർണായകമായിരുന്നു. അതുകൊണ്ടാണ് പുരാതന കാലം മുതൽ തന്നെ സൂര്യനെയും അതിന്റെ പ്രവർത്തനങ്ങളെയും നിരീക്ഷിക്കുന്നത് പതിവായി മാറിയത്.

    

സൗരകളങ്കങ്ങൾ

സൂര്യന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന, ചിത്രം 1 ൽ കാണിച്ചിരിക്കുന്നതു പോലെയുള്ള, തണുത്തതും ഇരുണ്ടതുമായ പ്രദേശങ്ങളാണ് സൗരകളങ്കങ്ങൾ (sunspots).

ചിത്രം 1: സൗരകളങ്കങ്ങൾ (https://scied.ucar.edu/learning-zone/sun-space-weather/sunspots)

ദൂരദർശിനികൾ ഉപയോഗിച്ചും അല്ലാതെയും നൂറ്റാണ്ടുകളായി സൂര്യകളങ്കങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പുരാതന കാലത്ത് സൂര്യകളങ്കങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കുന്നത് ഒരു കൗതുകമായി മാത്രമേ കണക്കാക്കപ്പെട്ടിരുന്നുള്ളൂ. ദൂരദർശിനിയുടെ കണ്ടുപിടുത്തത്തിനുശേഷം, സൂര്യകളങ്ക നിരീക്ഷണം ഗൗരവമേറിയ ഒരു കാര്യമായി മാറി. ജോഹന്നാസ് കെപ്ലർ, ഗലീലിയോ ഗലീലി, തോമസ് ഹാരിയറ്റ്, ക്രിസ്റ്റോഫ് ഷെയ്നർ തുടങ്ങിയവർ പ്രധാന സൂര്യകളങ്ക നിരീക്ഷകരായിരുന്നു. പൊതുവേ, സൂര്യന്റെ ഭൂതകാലത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് നമുക്ക് അവശേഷിക്കുന്ന നേരിട്ടുള്ള തെളിവാണ് ഈ നിരീക്ഷണങ്ങൾ. ഇപ്പോൾ സൗര ഭൗതികശാസ്ത്രജ്ഞർക്ക് മാത്രമല്ല, നക്ഷത്ര ജ്യോതിശാസ്ത്രജ്ഞർക്കും ഭൂതിക ശാസ്ത്രജ്ഞർക്കും, സൂര്യകളങ്ക നിരീക്ഷണങ്ങൾ വളരെയധികം പ്രധാനമാണ്.

കാരിംഗ്ടൺ പ്രഭാവം

                 പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്തനായ ഒരു ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായിരുന്നു റിച്ചാർഡ് കാരിംഗ്ടൺ. ഇംഗ്ലണ്ടിലെ ലണ്ടനിനടുത്തുള്ള റെഡ്ഹിൽ എന്ന ചെറിയ പട്ടണത്തിലെ തന്റെ നിരീക്ഷണാലയത്തിൽ സൂര്യനെ നിരീക്ഷിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ. സൂര്യന്റെ ഭ്രമണ അച്ചുതണ്ടിന്റെ സ്ഥാനം, അതിന്റെ ഉത്തര-ദക്ഷിണ ധ്രുവങ്ങളുടെ സ്ഥാനം എന്നിവ അദ്ദേഹം നിർണ്ണയിച്ചിരുന്നു. 1859-ൽ, സൂര്യന്റെ ഉപരിതലത്തിൽ വളരെ വലുതും സങ്കീർണ്ണവുമായ ഒരു സൗരകളങ്ക കൂട്ടം പ്രത്യക്ഷപ്പെട്ടു. അതേ വർഷം സെപ്റ്റംബർ 1 ന്, രാവിലെ ഏകദേശം 11 മണിക്ക്, കാരിംഗ്ടൺ തന്റെ പിച്ചള ദൂരദർശിനി സൂര്യനു നേരെ ചൂണ്ടി, അതിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന ഭീമാകാരമായ സൗരകളങ്ക കൂട്ടങ്ങളുടെ ചിത്രം വരയ്ക്കാൻ തുടങ്ങി. പെട്ടെന്ന് സൂര്യന്റെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുന്ന സൂര്യകളങ്കങ്ങളുടെ പ്രദേശത്ത് നിന്ന് ഒരു തിളക്കമുള്ള ജ്വാല കണ്ടു(Hayakawa et al., 2019). സമയം രാവിലെ 11 മണി ആയിരുന്നു. വെളുത്ത വെളിച്ചം കുറച്ചുനേരം തീവ്രമാവുകയും പിന്നീട് തീവ്രത കുറയുകയും ഒടുവിൽ അപ്രത്യക്ഷമാവുകയും ചെയ്തു. അദ്ദേഹം സൂര്യകളങ്കങ്ങളുടെ രേഖാചിത്രങ്ങൾ വരയ്ക്കുകയും അവ റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ ജേണലിൽ സമർപ്പിക്കുകയും ചെയ്തു (ചിത്രം 2).

ചിത്രം 2: റിച്ചാർഡ് കാരിംഗ്ടൺ 1859-ൽ വരച്ച സൂര്യകളങ്കങ്ങൾ. A, B എന്നീ രണ്ട് സ്ഥലങ്ങളിലാണ് അഞ്ച് മിനിറ്റ് നീണ്ടുനിന്ന വെളുത്ത വെളിച്ചം കാണപ്പെട്ടത്. (Hayakawa et al., 2019)

     കാരിംഗ്ടൺ ഉടൻ തന്നെ അസാധാരണ വെളിച്ചത്തെക്കുറിച്ച് റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയെ അറിയിച്ചെങ്കിലും, അടുത്ത ദിവസം വരെ അദ്ദേഹം അതിനെക്കുറിച്ച് കൂടുതലായി ചിന്തിച്ചിട്ടുണ്ടാകില്ല. പതിനേഴു മണിക്കൂറിനുശേഷം, കാനഡ മുതൽ ഓസ്ട്രേലിയ വരെ എല്ലായിടത്തും, ധ്രുവങ്ങളിലും ഭൂമധ്യരേഖയിലും, ആകാശത്ത് അസാധാരണമായ ധ്രുവ ദീപ്തി (Aurora) ദൃശ്യമായി. സാധാരണയായി ധ്രുവപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ധ്രുവദീപ്തികൾ അന്ന് ഉഷ്ണമേഖലാ പ്രദേശങ്ങളിലും ദൃശ്യമായിരുന്നു. രാത്രി ആകാശം പകൽ പോലെ പ്രകാശിച്ചു. ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്ക്, ധ്രുവ ദീപ്തി കാണുന്നത് ഇതാദ്യമായിരുന്നു. ചിലർ ലോകാവസാനം വന്നെത്തിയെന്ന് വിശ്വസിച്ചപ്പോൾ, മറ്റു ചിലർ പക്ഷികളുടെ കരച്ചിൽ കേട്ടും, തെളിഞ്ഞ ആകാശം കണ്ടും അവരുടെ ദിവസം ആരംഭിച്ചു.

     അക്കാലത്ത് ടെലിഗ്രാഫ് ആയിരുന്നു പ്രാഥമിക ആശയവിനിമയ സാങ്കേതികവിദ്യ. ശക്തമായ വൈദ്യുത പ്രവാഹങ്ങൾ കാരണം ടെലിഗ്രാഫ് വയറുകളിൽ തീപ്പൊരികളും തീപിടുത്തങ്ങളും ഉണ്ടായി. ഇതുമൂലം നിരവധി രാജ്യങ്ങളിലെ ടെലിഗ്രാഫ് ലൈനുകളുടെ  തകരാരിൽ ആകുകയും അവ മണിക്കൂറുകളോളം പ്രവർത്തനരഹിതമാവുകയും ചെയ്തു. ടെലിഗ്രാഫ് ഓപ്പറേറ്റർമാർക്ക്  പോലും പ്രേരിത വൈദ്യുത പ്രവാഹങ്ങൾ മൂലം വൈദ്യുതാഘാതം അനുഭവപ്പെട്ടു. എന്നിരുന്നാലും ആദ്യമായി അമേരിക്കയിലെ  ബോസ്റ്റണിൽ നിന്ന് 4000 കിലോമീറ്റർ അകലെയുള്ള പോർട്ട്‌ലാൻഡിലേക്ക് ബാറ്ററികളുടെ സഹായമില്ലാതെ ആശയവിനിമയം ആ ദിവസം സാധ്യമായി (Muller, 2014). അറ്റ്ലാന്റിക് കടക്കുന്ന വ്യാപാര കപ്പലുകളിലെ കോമ്പസ് സൂചികൾ ക്രമരഹിതമായി കറങ്ങാൻ തുടങ്ങി.

    സൗരജ്വാലയുടെ (solar flare) രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ നിരീക്ഷണമായിരുന്നു ഇത്. റേഡിയോ തരംഗങ്ങൾ മുതൽ ഗാമാ കിരണങ്ങൾ വരെ വിവിധ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന സൗര അന്തരീക്ഷത്തിൽ കാണപ്പെടുന്ന സ്ഫോടനാത്മക പ്രതിഭാസങ്ങളാണ് സൗരജ്വാലകൾ. കാരിംഗ്ടൺ കണ്ട സൗരജ്വാലയാണ് ഈ ഭൗമകാന്തിക, പാരിസ്ഥിതിക പ്രക്ഷുബ്ധതകൾയ്ക്ക് കാരണമെന്ന് വർഷങ്ങൾക്ക് ശേഷം ശാസ്ത്രജ്ഞർ മനസ്സിലാക്കി. 1859-ലെ സൗര കൊടുങ്കാറ്റ് ഇപ്പോൾ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം കാരിംഗ്ടൺ പ്രഭാവം എന്നറിയപ്പെടുന്നു. കാരിങ്ടൺ പ്രഭാവം മൂലമുണ്ടായ കാന്തിക പ്രക്ഷുബ്ധതകൾ, വ്യാപകമായ ധ്രുവപ്രകാശ പ്രദർശനങ്ങൾ, ടെലിഗ്രാഫ് പ്രക്ഷേപണത്തിലെ തടസ്സങ്ങൾ എന്നിവ പൊതുജനശ്രദ്ധ ആകർഷിക്കുകയും പത്രങ്ങളിലും ശാസ്ത്രീയ ലേഖനങ്ങളിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു. സൂര്യനും ഭൂമിയുടെ കാന്തികക്ഷേത്രവും തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ കാരിംഗ്ടൺ പ്രഭാവം സഹായിച്ചു.

ഭൗമകാന്തിക കൊടുങ്കാറ്റ്

1600 എ.ഡി.യിൽ ഭൂമി ഒരു വലിയ കാന്തമായി പ്രവർത്തിക്കുന്നുവെന്ന ആശയം വില്യം ഗിൽബെർട്ട് മുന്നോട്ട് വച്ചു. ഇത് അക്കാലത്തെ ശാസ്ത്രത്തിന്റെ ഒരു പുതിയ ശാഖയായ ജിയോമാഗ്നറ്റിസത്തിന്റെ ജനനത്തിനും കാരണമായി. ഗ്രഹങ്ങളുടെ കാന്തികക്ഷേത്ര ശക്തി (planetary magnetic field) സാധാരണയായി നാനോടെസ്‌ല (nT) എന്ന യൂണിറ്റിലാണ് അളക്കുന്നത്. ഭൂമിയുടെ കാന്തികക്ഷേത്ര ശക്തി ഉപരിതലത്തിൽ ഏകദേശം 30,000 - 60,000 nT ന് തുല്യമാണ്. 1806 ഡിസംബർ 21-ന് രാത്രി, വോൺ ഹംബോൾട്ട് തുടർച്ചയായി ആറ് മണിക്കൂർ ശക്തമായ കാന്തിക വ്യതിയാനങ്ങൾ നിരീക്ഷിക്കുകയും അതേസമയത്ത് ധ്രുവദീപ്തിയുടെ സാന്നിധ്യം ശ്രദ്ധിക്കുകയും ചെയ്തു. ഈ നിരീക്ഷണങ്ങളിൽ നിന്ന്, ഭൂമിയിലെ കാന്തിക പ്രക്ഷുബ്ധതകളും ആകാശത്തിലെ ധ്രുവദീപ്തികളും ഒരേ പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വോൺ ഹംബോൾട്ട് നിഗമനം ചെയ്തു. അദ്ദേഹം ഈ പ്രതിഭാസത്തെ ഭൗമകാന്തിക കൊടുങ്കാറ്റ് (geomagnetic storm) എന്ന് വിളിച്ചു. ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ നിരീക്ഷണങ്ങൾ വളരെക്കാലം കൃത്യമായും തുടർച്ചയായും രേഖപ്പെടുത്തുന്ന ഒരു സ്ഥലമാണ് ഭൗമകാന്തിക നിരീക്ഷണാലയം (Geomagnetic observatory). വളരെക്കാലം കഴിഞ്ഞ്, വോൺ ഹംബോൾട്ട് സ്ഥാപിച്ച ലോകമെമ്പാടുമുള്ള കാന്തിക നിരീക്ഷണാലയങ്ങളുടെ ശൃംഖല, അത്തരം കാന്തിക കൊടുങ്കാറ്റുകൾ ലോകമെമ്പാടുമുള്ള പ്രതിഭാസങ്ങളാണെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയിലെ ബോംബെയിൽ സ്ഥിതി ചെയ്യുന്ന കൊളാബ ഭൗമകാന്തിക നിരീക്ഷണാലയം, അക്കാലത്ത് പ്രവർത്തിച്ചിരുന്ന ചുരുക്കം ചില കാന്തിക നിരീക്ഷണാലയങ്ങളിൽ ഒന്നായിരുന്നു. 1859 സെപ്റ്റംബർ 01-02 തീയതികളിൽ നടന്ന കാരിംഗ്ടൺ സംഭവം താഴ്ന്ന അക്ഷാംശങ്ങളിൽ (low latitudes) രേഖപ്പെടുത്തിയ ഒരേയൊരു നിരീക്ഷണാലയമാണിത്. ഇന്ത്യയിലെ കൊളാബ ഭൗമകാന്തിക നിരീക്ഷണാലയം ഈ സമയത്ത് ഭൂമിയുടെ കാന്തികക്ഷേത്രത്തിൽ 1600 nT-ൽ അധികം കുത്തനെയുള്ള കുറവ് രേഖപ്പെടുത്തി. ഇപ്പോഴും ഗവേഷകർ കൊളാബ ഡാറ്റയിൽ നിന്നുള്ള കാന്തിക ഡാറ്റ വിശകലനം ചെയ്ത്, കാന്തമണ്ഡല പ്രവാഹങ്ങൾ ഭൂമിയുടെ കാന്തികക്ഷേത്രത്തിൽ ചെലുത്തുന്ന സ്വാധീനം പഠിക്കുന്നു (Love and Mursula, 2024)

വലിയ സൗരജ്വാലകളും കടുത്ത കാന്തിക കൊടുങ്കാറ്റുകളും തമ്മിലുള്ള ബന്ധം ബോധ്യപ്പെടുത്തുന്നതിന് ആവശ്യമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിന് ശാസ്ത്ര സമൂഹത്തിന്റെ ഒരു നൂറ്റാണ്ടോളം യോജിച്ച ശ്രമങ്ങൾ വേണ്ടിവന്നു. ബഹിരാകാശ യുഗത്തിന്റെ ആവിർഭാവത്തോടെ, ഭൗമകാന്തിക കൊടുങ്കാറ്റുകളും അവയുടെ സൗര, ഗ്രഹാന്തര കാരണങ്ങളും ഉൾപ്പെടെയുള്ള സൗര-ഭൗമ ബന്ധങ്ങളെ മനസ്സിലാക്കുന്നതിന് വലിയ പ്രചോദനം ഉണ്ടായിട്ടുണ്ട്. ഭൂമിയിലും പരിസ്ഥിതിയിലും നേരിട്ടുള്ള സ്വാധീനം കാരണം, സൗര പ്രവർത്തനവും ഭൂമിയിലെ അതിന്റെ വ്യാപന ഫലങ്ങളും തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിലെ താൽപര്യം വർദ്ധിച്ചു വന്നു. ബഹിരാകാശ ശാസ്ത്രത്തിലെ ഒരു പുതിയ ശാഖയായ ബഹിരാകാശ കാലാവസ്ഥാ ഗവേഷണ മേഖല (space weather)ഉയർന്നുവന്നു. സൂര്യൻ, ഗ്രഹാന്തര ബഹിരാകാശം, ഗ്രഹ കാന്തികമണ്ഡലങ്ങൾ, അയണോസ്ഫിയറുകൾ, അന്തരീക്ഷങ്ങൾ, ഭൂമി എന്നിവയെക്കുറിച്ചാണ് ബഹിരാകാശ കാലാവസ്ഥ പഠിക്കുന്നത്. എന്നിരുന്നാലും ബഹിരാകാശ കാലാവസ്ഥയുടെ കാതലായ ഘടകം ഭൗമകാന്തിക കൊടുങ്കാറ്റുകളാണ്.

             സൂര്യന്റെ ഏറ്റവും പുറത്തെ അന്തരീക്ഷമായ കൊറോണയിൽ നിന്നുള്ള പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും തുടർച്ചയായ ഒരു പ്രവാഹമാണ് സൗരവാതം (solar wind). സൗരവാതം ചാർജ്ജ് കണികകൾക്കൊപ്പം 5 nT തീവ്രതയുള്ള സൂര്യന്റെ കാന്തികക്ഷേത്രവും വഹിക്കുന്നു. സൗരവാതത്തിനുള്ളിലെ കാന്തികക്ഷേത്രത്തെ ഇന്റർപ്ലാനറ്ററി മാഗ്നറ്റിക് ഫീൽഡ് (IMF) എന്ന് വിളിക്കുന്നു. സാധാരണയായി, ഭൂമിയുടെ കാന്തികക്ഷേത്രം ഈ കണികകളിൽ മിക്കതിൽ നിന്നും നമ്മെ സംരക്ഷിക്കുന്നു. സൗരവാതവുമായുള്ള ഇടപെടൽ മൂലം, ഭൂമിയുടെ രാത്രിഭാഗത്തുള്ള  കാന്തികക്ഷേത്രം ദ്വിധ്രുവ ആകൃതിയിൽ (dipole) നിന്ന് ഒരു കണ്ണുനീർ തുള്ളി ആകൃതിയിലേക്ക് രൂപാന്തരപ്പെടുന്നു (ചിത്രം 3).    

 

ചിത്രം 3: ഇടതുവശത്ത്, ഒറ്റപ്പെട്ട ഒരു സാഹചര്യത്തിൽ ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ ദ്വിധ്രുവ കാന്തികക്ഷേത്രം; വലതുവശത്ത് സൗരവാതം മൂലം രൂപാന്തരപ്പെട്ട ഭൂമിയുടെ കാന്തികക്ഷേത്രം. (https://scied.ucar.edu/learning-zone/sun-space-weather/earth-magnetospherehttps://www.aeronomie.be/en/encyclopedia/magnetosphere-boundary-and-interior-complex-structure)

 

സൂര്യന്റെ ആന്തരിക മേഖലയ്ക്കുള്ളിൽ നിന്നുള്ള വളച്ചൊടിച്ചതും ക്രമരഹിതവുമായ കാന്തികക്ഷേത്രങ്ങളാണ് (magnetic field) സൂര്യകളങ്കങ്ങൾയ്ക്ക് കാരണം. ഈ ശക്തമായ കാന്തിക കേന്ദ്രീകൃത മണ്ഡലം പലപ്പോഴും സൗരജ്വാലകളും (solar flares) കൊറോണൽ മാസ് ഇജക്ഷനുകളും (CMEs) സൃഷ്ടിക്കാൻ കഴിയും. സൂര്യനിൽ നിന്നുള്ള വികിരണങ്ങളുടെ തീവ്രമായ സ്ഫോടനങ്ങളാണ് സൗരജ്വാലകൾ. സൂര്യന്റെ സജീവ മേഖലകളിൽ നിന്നും മിനിറ്റുകൾ മുതൽ മണിക്കൂറുകൾ വരെയുള്ള സമയ സ്കെയിലിൽ സംഭവിക്കുന്ന വളരെ ഊർജ്ജസ്വലമായ കാന്തിക പ്ലാസ്മ സ്ഫോടനങ്ങളാണ് CMEകൾ. ഇത് വലിയ അളവിൽ സൗരോർജ്ജവും പ്ലാസ്മയും ബഹിരാകാശത്തേക്ക് പുറപ്പെടുവിക്കുന്നു. ഇത് സൗരവാതത്തെ ത്വരിതപ്പെടുത്തുകയും അതിന്റെ വേഗതയും സാന്ദ്രതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഉയർന്ന വേഗതയിലുള്ള ഈ സൗരവാതങ്ങൾ ഗ്രഹാന്തര മാധ്യമത്തിൽ പ്രവേശിക്കുമ്പോൾ, സൗരവാതത്തിൽ നിന്ന് ഭൂമിയുടെ കാന്തമണ്ഡലത്തിലേക്ക് ഊർജ്ജം കൈമാറുകയും അവ ഭൗമകാന്തികക്ഷേത്രത്തെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. സൗരവാതത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടോണുകളും ഇലക്ട്രോണുകളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കുത്തിവയ്ക്കുന്നു. ഭൂമിയുടെ കാന്തികക്ഷേത്രം പ്രോട്ടോണുകളെ പടിഞ്ഞാറോട്ട് വ്യതിചലിപ്പിക്കുന്നു, ഇലക്ട്രോണുകൾ കിഴക്കോട്ട് വ്യതിചലിക്കുന്നു. അതിന്റെ ഫലമായി റിംഗ് കറന്റ് (ring current) എന്ന് വിളിക്കപ്പെടുന്ന വൈദ്യുത പ്രവാഹം ഭൂമധ്യരേഖാ തലത്തിൽ ഉണ്ടാകുന്നു. വർദ്ധിച്ച റിംഗ് കറന്റ് ഭൂമിയുടെ ഉപരിതലത്തിലെ ഭൗമകാന്തികക്ഷേത്രത്തെ കുറയ്ക്കാൻ കാരണമാകുന്നു. സൂര്യകളങ്കങ്ങളിൽ നിന്ന് പുറപ്പെടുന്ന സൗരജ്വാലകൾ, കൊറോണൽ മാസ് ഇജക്ഷനുകൾ പോലുള്ള സൗരപ്രവർത്തനങ്ങൾ മൂലമാണ് ഈ പ്രക്ഷുബ്ധതകൾ ഉണ്ടാകുന്നത് ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ കുറവു ഉണ്ടാക്കുന്ന ഈ പ്രക്ഷുബ്ധതയാണ് ഭൗമകാന്തിക കൊടുങ്കാറ്റ്. സൂര്യനിൽ നിന്നുള്ള ചാർജ്ജ് കണികകൾ ഭൂമിയുടെ കാന്തികക്ഷേത്രവുമായി കൂട്ടിയിടിക്കുകയും രാത്രി ആകാശത്തെ പ്രകാശിപ്പിക്കുന്ന വർണ്ണാഭമായ തരംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് ധ്രുവ ദീപ്തി എന്ന അതിശയകരമായ പ്രകാശ പ്രകടനം സംഭവിക്കുന്നത്. 2024 മെയ് 10-11 തീയതികളിൽ ഉണ്ടായ മഹാ കാന്തിക കൊടുങ്കാറ്റിന്റെ സമയത്ത് ഇന്ത്യയിൽ പോലും അറോറകൾ കാണപ്പെട്ടു.

 

ചിത്രം 4: 2024 മെയ് 11 ന് ഇന്ത്യയിലെ ലഡാക്കിനു മുകളിലുള്ള ആകാശത്ത് ദൃശ്യമായ ധ്രുവദീപ്തി. ( https://www.indiatoday.in/science)

.

ഭൗമകാന്തിക കൊടുങ്കാറ്റുകളുടെ അനന്തരഫലങ്ങൾ

     ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രമായ ഭൗമകാന്തിക കൊടുങ്കാറ്റ് 1859 സെപ്റ്റംബർ 1-2 തീയതികളിൽ ഉണ്ടായ കാരിംഗ്ടൺ കൊടുങ്കാറ്റായിരുന്നു. 1859-ൽ ഉണ്ടായതുപോലുള്ള സൗര കൊടുങ്കാറ്റുകൾ ഭാഗ്യവശാൽ ഏകദേശം 500 വർഷത്തിലൊരിക്കൽ മാത്രമേ സംഭവിക്കൂ. എന്നാൽ ചെറിയ കൊടുങ്കാറ്റുകൾ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്, 1859-ലെ കൊടുങ്കാറ്റിന്റെ പകുതി തീവ്രതയുള്ള കൊടുങ്കാറ്റുകൾ ഏകദേശം 50 വർഷത്തിലൊരിക്കൽ സംഭവിക്കാറുണ്ട്. അന്ന് ടെലിഗ്രാഫ് മാത്രമായിരുന്നു കൈവശമുണ്ടായിരുന്ന ഏക ആശയവിനിമയ സാങ്കേതികവിദ്യ. ഇന്ന്, അത്തരമൊരു കൊടുങ്കാറ്റിന് ഉപഗ്രഹങ്ങൾക്ക് സാരമായ കേടുപാടുകൾ വരുത്തുവാനും, ടെലിഫോൺ, റേഡിയോ, ടിവി എന്നിവയിലൂടെയുള്ള ആശയവിനിമയങ്ങൾ പ്രവർത്തനരഹിതമാക്കുകയും, മുഴുവൻ ഭൂഖണ്ഡങ്ങളിലും വൈദ്യുതി തടസ്സങ്ങൾ സൃഷ്ടിക്കുവാനും കഴിയും. കാന്തിക കൊടുങ്കാറ്റുകളുടെ സമയത്ത് ഊർജ്ജസ്വലമായ കണികകൾക്ക് സ്വാധീനം ചെലുത്താൻ കഴിയുന്ന സാങ്കേതിക സംവിധാനങ്ങളെ നാം കൂടുതലായി ആശ്രയിക്കുന്നതിനാൽ, ഭൂകാന്തിക കൊടുങ്കാറ്റുകൾ ഇപ്പോൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ വിനാശകരമാണ്. സാങ്കേതികവിദ്യകളുടെ വിശ്വസനീയവും സുരക്ഷിതവുമായ പ്രവർത്തനം വലിയ അളവിൽ ബഹിരാകാശ കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ചിത്രം 3 ൽ   കാണിച്ചിരിക്കുന്നത് പോലെ ബഹിരാകാശയാത്രികരിൽ വികിരണ ഫലങ്ങൾ, പവർ ഗ്രിഡുകളിലും പൈപ്പ്‌ലൈനുകളിലും ഭൗമകാന്തികമായി പ്രേരിതമായ വൈദ്യുതധാരകൾ (GIC), ട്രാൻസ്-പോളാർ റൂട്ടുകളിൽ സഞ്ചരിക്കുന്ന യാത്രക്കാരെ ബാധിക്കുന്ന വികിരണങ്ങൾ, എന്നിവയാണ് പ്രധാന ബഹിരാകാശ കാലാവസ്ഥാ പ്രത്യാഘാതങ്ങൾ.

 

ചിത്രം 5: ബഹിരാകാശ കാലാവസ്ഥാ പ്രത്യാഘാതങ്ങൾ. https://science.nasa.gov/science-research/earth-science

     ഭൂമിയിൽ നിന്ന് 160 കിലോമീറ്റർ മുതൽ 2,000 കിലോമീറ്റർ വരെയുള്ള താഴ്ന്ന ഭൗമ ഭ്രമണപഥത്തിലെ (Low Earth Orbit) ഉപഗ്രഹങ്ങളാണ് കാരിംഗ്ടൺ പോലുള്ള ഭൂകാന്തിക കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളത്. ഭൂകാന്തിക കൊടുങ്കാറ്റുകൾ ഉണ്ടാകുമ്പോൾ ഇത്തരം ഉയരങ്ങളിൽ അന്തരീക്ഷ സാന്ദ്രത വർദ്ധിക്കുകയും അതുവഴി ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ നിന്ന് വേർപെടുത്തപ്പെടുകയും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും അന്തരീക്ഷത്തിൽ വെച്ച് തന്നെ കത്തിത്തീരുകയും ചെയ്യും. സൗരജ്വാലയിൽ നിന്നുള്ള ചാർജ്ജ് കണിക ഉപഗ്രഹത്തിന്റെ ഇലക്ട്രോണിക് ഘടകവുമായി പ്രതിപ്രവർത്തിച്ച് തകരാറുണ്ടാക്കുകയും ചെയ്യുന്നു. 2022 ഫെബ്രുവരി 03 ന്, സ്‌പേസ് എക്‌സ് സ്റ്റാർലിങ്ക് ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളെ - 49എണ്ണം വിക്ഷേപിച്ചു. തൊട്ടുപിന്നാലെ അപ്രതീക്ഷിതമായി അതിൽ 38  എണ്ണത്തിന്റെ ഭ്രമണപഥം വിച്ഛേദിക്കപ്പെടുകയും കത്തിനശിക്കുകയും ചെയ്തു.    ഈ സംഭവം ഭൗമകാന്തിക കൊടുങ്കാറ്റ് മൂലമാണെന്ന് പറയപ്പെടുന്നു (Berger et al., 2023). ഇപ്പോൾ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ ഏകദേശം 10,000 പ്രവർത്തനക്ഷമമായ ഉപഗ്രഹങ്ങളുണ്ട്. ആ ഉപഗ്രഹങ്ങളിൽ പലതും സൈനിക, കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങൾ കൂടിയാണ്. ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയവും (ISS) അതിലൊന്നാണ്. ഭൗമകാന്തിക കൊടുങ്കാറ്റുകളുടെ സമയത്ത് ബഹിരാകാശ നിലയത്തിലെ യാത്രികർ ഉയർന്ന അളവിലുള്ള വികിരണങ്ങൾക്ക് വിധേയരാകുകയും അവർക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, സ്റ്റേഷനുള്ളിൽ അവർ സുരക്ഷിതരാണ്. ഭൂകാന്തിക സംഭവങ്ങൾ നടക്കുമ്പോൾ, അവർക്ക് ഏറ്റവും സംരക്ഷിത മൊഡ്യൂളുകളിലേക്ക് പോകാനും അവിടെ നിന്ന് പ്രത്യാഘാതങ്ങളെ മറികടക്കാനും കഴിയും. പക്ഷേ ബഹിരാകാശ നിലയത്തിന് പുറത്ത് എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുമ്പോൾ, അല്ലെങ്കിൽ ബഹിരാകാശ നടത്തങ്ങൾ നടത്തുമ്പോൾ ഒരു സൗരജ്വാല സംഭവിച്ചാൽ, അവരുടെ ബഹിരാകാശ സ്യൂട്ടുകൾക്ക് വികിരണങ്ങളിൽ നിന്ന് മതിയായ സംരക്ഷണം നൽകാൻ കഴിയില്ല. ബഹിരാകാശ സഞ്ചാരികൾ മാത്രമല്ല, ട്രാൻസ്പോളാർ റൂട്ടുകളിലെ വിമാന യാത്രക്കാരും ജീവനക്കാരും വർദ്ധിച്ച വികിരണ ഡോസുകൾക്ക് വിധേയരാകുന്നു.

     ഭൂമിയിലെ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ, വൈദ്യുത പവർ സപ്ലൈ നെറ്റ്‌വർക്ക് ട്രാൻസ്‌ഫോർമറുകൾ, ഗ്യാസ്, ഓയിൽ പൈപ്പ്‌ലൈനുകൾ, കടലിനടിയിലെ കമ്മ്യൂണിക്കേഷൻ കേബിളുകൾ, ടെലിഫോൺ നെറ്റ്‌വർക്കുകൾ എന്നിവയെയും ബാധിക്കും. ഇന്ന് കാരിംഗ്ടൺ പ്രഭാവത്തിന് സമാനമായ ഒരു സംഭവം ഉണ്ടായാൽ, പവർ ട്രാൻസ്‌ഫോർമറുകളിൽ ഒരു വിനാശകരമായ പ്രത്യാഘാതമുണ്ടാക്കും, അത് അവ പൊട്ടിത്തെറിക്കുകയും ലോകത്തിന്റെ വലിയ ഭാഗങ്ങളെ ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്യും. പ്രേരിത വൈദ്യുതധാരകൾ ഏറ്റവും കൂടുതലുള്ള ഉയർന്ന അക്ഷാംശങ്ങളിലും, നീണ്ട വൈദ്യുതി ലൈനുകൾ ഉള്ള പ്രദേശങ്ങളിലും, ഭൂമി മോശമായി ചാലകത കാണിക്കുന്ന പ്രദേശങ്ങളിലും ഇത് സംഭവിക്കാൻ സാധ്യതയുണ്ട്. 1989 മാർച്ച് 13-ന് ഉണ്ടായ മഹാ കാന്തിക കൊടുങ്കാറ്റിനിടെയാണ് കാനഡയിലെ ക്യുബെക്ക് പവർ ഗ്രിഡ് തകരാറിലായത്. സൂര്യൻ ഇരുട്ട് കൊണ്ടുവന്ന ദിവസം. പുലർച്ചെ മൂന്ന് മണി മുതൽ ഒമ്പത് മണിക്കൂറിലധികം പ്രവിശ്യയിലെ മുഴുവൻ പവർ ഗ്രിഡും പ്രവർത്തനരഹിതമായി. ഈ സമയത്ത്, സ്കൂളുകളും ബിസിനസുകളും, മെട്രോ, വിമാനത്താവളം എന്നിവ അടയ്ക്കേണ്ടി വന്നു. ക്യൂബെക്കിൽ ഇരുട്ട് മൂടിയതിനുശേഷം, ആ ദിവസം ദൂരെയുള്ള ഫ്ലോറിഡ, ടെക്സസ്, ക്യൂബ എന്നിവിടങ്ങളിൽ അറോറകൾ കാണപ്പെട്ടു. 2003 ഒക്ടോബർ 30-ലെ ഹാലോവീൻ കൊടുങ്കാറ്റ് കാരണം സ്വീഡനിലെ വൈദ്യുതി തടസ്സങ്ങൾ, സ്കോട്ടിഷ് പവർ ഗ്രിഡിലെ പ്രക്ഷുബ്ധതകൾ, ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്‌ഫോർമർ കേടുപാടുകൾ എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (Boteler, 2019).

     കാന്തിക കൊടുങ്കാറ്റുകൾ മൂലം ഉയർന്ന ഫ്രീക്വൻസി റേഡിയോ സിഗ്നലുകൾ മങ്ങിപ്പോകുന്ന പ്രതിഭാസങ്ങൾ (short wave fade out) വ്യാപകമായി പഠിക്കപ്പെട്ടിട്ടുണ്ട് (Curto, 2020). കാന്തിക കൊടുങ്കാറ്റുകൾ റേഡിയോ ആശയവിനിമയത്തിലും ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റങ്ങളിലും(GPS) തടസ്സങ്ങൾക്ക് കാരണമാകും. ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റത്തിലെ തടസ്സങ്ങൾ വിമാനങ്ങളെ പ്രത്യേകിച്ച് സങ്കീർണ്ണമായ ലാൻഡിംഗ് പ്രവർത്തനങ്ങളിൽ ബാധിക്കുന്നു. ജിപിഎസും ആശയവിനിമയ സംവിധാനങ്ങളും ഒരേ സമയം പരാജയപ്പെടുന്നത് വിമാനാപകടങ്ങളുടെ സാധ്യത കൂടുതൽ വർദ്ധിപ്പിക്കും; എയർ ട്രാഫിക് കൺട്രോളർമാർക്ക് അവർ ഏകോപിപ്പിക്കാൻ ശ്രമിക്കുന്ന വിമാനങ്ങളെ ട്രാക്ക് ചെയ്യാനോ സംസാരിക്കാനോ ബുദ്ധിമുട്ടേണ്ടിവരും.. ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, ടെലിവിഷൻ, റേഡിയോ പ്രക്ഷേപണങ്ങൾ, ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള എന്തും പരാജയപ്പെടാം.


ഉപസംഹാരം

മുകളിൽ വിവരിച്ച ഗണ്യമായ പ്രായോഗിക പ്രത്യാഘാതങ്ങൾ കാരണം ഭൂകാന്തിക കൊടുങ്കാറ്റുകളുടെ പ്രവചനങ്ങൾ പ്രധാനമാണ്. എന്നിരുന്നാലും ബഹിരാകാശ കാലാവസ്ഥാ പ്രവചനം ഇപ്പോഴും വളരെ വെല്ലുവിളി നിറഞ്ഞതാണ്. ബഹിരാകാശ കാലാവസ്ഥ പ്രവചിക്കാനുള്ള ഒരു മാർഗം സൂര്യന്റെ ഉപരിതലത്തിൽ നിന്നുള്ള ഹ്രസ്വവും ഊർജ്ജസ്വലവുമായ സൗര സ്ഫോടനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ്. സൗരകളങ്കങ്ങളുടെ വലിപ്പം, സ്ഥാനം, എണ്ണം എന്നിവയിലെ മാറ്റങ്ങളും സൗരപ്രവർത്തനത്തിന്റെ സൂചകങ്ങളാകാം. കൂടുതൽ സൗരകളങ്കങ്ങൾ ഉള്ളപ്പോൾ, സൂര്യൻ കൂടുതൽ സജീവമായിരിക്കും. ഏകദേശം 11 വർഷത്തിലൊരിക്കൽ സൂര്യകളങ്കങ്ങളുടെ എണ്ണം കൂടുകയും കുറയുകയും ചെയ്യുന്നു. 2025  കൂടുതൽ സൂര്യകളങ്കങ്ങൾ കാണപ്പെടുന്ന സൗര മാക്സിമം വർഷമാണ്. അതിനാൽ ശക്തമായ സൗരജ്വാലകളും CMEകളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സൂര്യനെ നിരീക്ഷിക്കേണ്ടത് നിർണായകമാണ്. 2024 ൽ ഇന്ത്യൻ ആകാശത്ത് പോലും ധ്രുവദീപ്തി കാണിച്ച ശക്തമായ കൊടുങ്കാറ്റുകൾ ഉണ്ടായതായി നമുക്ക് ഓർമ്മിക്കാം. ഒരു സൗര കൊടുങ്കാറ്റ് വരുന്നുവെന്ന് മുന്നറിയിപ്പ് ലഭിച്ചാൽ, ഭൂമിയുടെ ഭ്രമണപഥത്തിലെ വൈദ്യുത ഗ്രിഡുകൾ, ആശയവിനിമയ സംവിധാനങ്ങൾ, ഉപഗ്രഹങ്ങൾ എന്നിവ സംരക്ഷിക്കാൻ നമുക്ക് നടപടികൾ കൈക്കൊള്ളാം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികർക്ക് മുന്നറിയിപ്പ് നൽകാനും നമുക്ക് കഴിയും.

 

ഗ്രന്ഥസൂചി

Berger, T.E., Dominique, M., Lucas, G., Pilinski, M., Ray, V., Sewell, R., Sutton, E.K., Thayer, J.P., Thiemann, E., 2023. The Thermosphere Is a Drag: The 2022 Starlink Incident and the Threat of Geomagnetic Storms to Low Earth Orbit Space Operations. Sp. Weather 21. https://doi.org/10.1029/2022SW003330

Boteler, D.H., 2019. A 21st Century View of the March 1989 Magnetic Storm. Sp. Weather 17, 1427–1441. https://doi.org/10.1029/2019SW002278

Curto, J.J., 2020. Geomagnetic solar flare effects: A review. J. Sp. Weather Sp. Clim. 10. https://doi.org/10.1051/swsc/2020027

Hayakawa, H., Ebihara, Y., Willis, D.M., Toriumi, S., Iju, T., Hattori, K., Wild, M.N., Oliveira, D.M., Ermolli, I., Ribeiro, J.R., Correia, A.P., Ribeiro, A.I., Knipp, D.J., 2019. Temporal and Spatial Evolutions of a Large Sunspot Group and Great Auroral Storms Around the Carrington Event in 1859. Sp. Weather 17, 1553–1569. https://doi.org/10.1029/2019SW002269

Love, J.J., Mursula, K., 2024. Challenging Ring-Current Models of the Carrington Storm. J. Geophys. Res. Sp. Phys. 129. https://doi.org/10.1029/2024JA032541

Muller, C., 2014. The Carrington Solar Flares of 1859: Consequences on Life. Orig. Life Evol. Biosph. 44, 185–195. https://doi.org/10.1007/s11084-014-9368-3

 



ഡോ. സീമ സി.എസ്.,

അസോസിയേറ്റ് പ്രഫസർ,

ഫിസിക്സ് വിഭാഗം,

സർക്കാർ വനിതാ കോളേജ്,

തിരുവനന്തപുരം.


 

 

 

 

 

 

 

 

 

 


 

 

 

 

 

 


Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ.ദീപ ബി.എസ്.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page