ഭൂവുടമാരീതികളും ഭൂമിയുടെ അധികാരികളും
- GCW MALAYALAM
- 2 days ago
- 5 min read
ഒരു ദേശത്തിൻ കതൈ –പത്ത്
ഡോ.ഷിബു കുമാർ പി എൽ

ഭൂവുടമാരീതികൾ
രാജഭരണകാലത്തു വ്യത്യസ്തരീതിയിലുള്ള ഉടമാവകാശങ്ങളായിരുന്നു ഭൂമിയുടെ മേലുണ്ടായിരുന്നത്. സ്ഥിരാവകാശമില്ലാത്ത ഭൂമികളും ദേവസ്വം, ബ്രഹ്‌മസ്വം, രാജകുടുംബസ്വത്തുക്കളുമായിരുന്നു പ്രധാനഭൂവിഭാഗങ്ങൾ.
ഈ ഭൂമികളുടെ വിതരണത്തെ പ്രധാനമായും നാലായി തരംതിരിച്ചിരുന്നു. (1) സർക്കാർവക (2) ജന്മം (3) കുടികിടപ്പ് (4) ഒറ്റി ഇതിൽ സർക്കാർഭൂമി നാലുതരമുണ്ടായിരുന്നു.
പണ്ടാരംവക
രാജ്യത്തിന്റെ മൂന്നിലൊരുഭാഗം ഭൂമിയും പണ്ടാരംവകയായിരുന്നു. (പണ്ടാരം എന്നാൽ സർക്കാർ). ഈ ഭൂമിയും ഭൂമിയിലെ ആദായങ്ങളും സർക്കാരിലേക്കുള്ളതാണ്. പണ്ടാരവകഭൂമിയിൽ നിശ്ചിതകാലയളവിൽ കൃഷിചെയ്യാൻ പാട്ടക്കാർക്കു ഭൂമി വിട്ടുകൊടുക്കുന്ന പതിവുണ്ട്. പാട്ടക്കാരൻ പാട്ടക്കാലാവധി തീരുന്നതുവരെ ഖജനാവിലേക്കു കരം ഒടുക്കേണ്ടിവരും (തിരുവനന്തപുരം-കൊച്ചി സെൻസസ് റിപ്പോർട്ട്(1):1951:VIII).
കണ്ടുകൃഷിഭൂമി
തിരുവിതാംകൂർരാജാക്കന്മാരുടെ കുടുംബസ്വത്താണ് കണ്ടുകൃഷിഭൂമി. കണ്ണായ ഭൂമിയാണ് കണ്ടുകൃഷിഭൂമികൾ (തിരുവനന്തപുരം-കൊച്ചി സെൻസസ് റിപ്പോർട്ട്(1):1951:VIII).
ശ്രീപത്മനാഭൻവകഭൂമി (വിരുത്തിനിലങ്ങൾ)
തിരുവിതാംകൂറിൽ 28,000 ഏക്കർ ഭൂമിയാണ് ഈ വിഭാഗത്തിൽപ്പെടുന്നത്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രംവക ഭൂമിയാണ് ഈ നിലങ്ങൾ. ക്ഷേത്രച്ചെലവിനാവശ്യമായ തുകയും സാധനങ്ങളും കണ്ടെത്തിയിരുന്നത് നാടിന്റെ പല ഭാഗത്തായിക്കാണുന്ന ഈ വിരുത്തിനിലങ്ങളിൽനിന്നാണ്. വിരുത്തിയെന്നാൽ, വൃത്തി, പ്രവൃത്തി, തൊഴിൽ എന്നൊക്കെയാണർത്ഥം. ക്ഷേത്രവകസ്വത്തുക്കളിലെ തൊഴിലാണ് വിരുത്തി. വിരുത്തി ചെയ്യുന്നവർ വിരുത്തിക്കാരും. നായർസമുദായത്തിലുള്ളവരാണ് രാജഭരണകാലത്തു വിരുത്തിക്കാരായി ഉണ്ടായിരുന്നത് (തിരുവനന്തപുരം-കൊച്ചി സെൻസസ് റിപ്പോർട്ട്(1):1951:VIII).
ശ്രീപാദംഭൂമി
ഇടയ്‌ക്കോട്, ആറ്റിങ്ങൽഭാഗങ്ങളിലായിട്ടുണ്ടായിരുന്ന രാജസ്വത്തുക്കളാണ് ശ്രീപാദംഭൂമി. തിരുവിതാംകൂർരാജകുടുംബത്തിലെ ആൺസന്താനങ്ങൾക്കു നൽകിയിരുന്ന ഭൂമിയാണ് ശ്രീപാദംഭൂമിയെന്ന് അറിയപ്പെടുന്നത് (തിരുവനന്തപുരം-കൊച്ചി സെൻസസ് റിപ്പോർട്ട്(1):1951:VIII).
ജന്മംഭൂമി
സ്വകാര്യവ്യക്തികൾക്കു പാരമ്പര്യമായിക്കിട്ടിയ (ജന്മംകിട്ടിയ) ഭൂമിയാണ് ജന്മംവകവസ്തുക്കൾ. തലമുറതലമുറയായി കൈമാറിവരുന്നതിനാൽ ഈ വസ്തുക്കൾക്കു സർക്കാരിനു നികുതി അടയ്ക്കണം. ഇത്തരം ഭൂമികളെ ജന്മംഭൂമികളെന്നും അതിന്റെ ഉടമകളെ ജന്മികളെന്നും വിളിച്ചിരുന്നു. തെക്കൻതിരുവിതാംകൂറിൽ നായർ, ക്ഷത്രിയ, വെള്ളാളസമുദായക്കാർക്കിടയിലാണ് ഏറ്റവും കൂടുതൽ ജന്മംവകവസ്തുക്കളുണ്ടായിരുന്നത്. ജന്മംഭൂവുടമകൾ തങ്ങളുടെ ഭൂമിയിൽ പാട്ടക്കാരെക്കൊണ്ടാണ് കൃഷി ചെയ്യിച്ചിരുന്നത്. പാട്ടക്കാരിൽനിന്ന് ഈടാക്കുന്ന തുകയിൽനിന്നാണ് ജന്മിമാർ സർക്കാരിലേക്കു കരമടച്ചിരുന്നത്. ചാന്നാർ (നാടാർ), ഈഴവ, പുലയസമുദായത്തിൽപ്പെട്ടവരായിരുന്നു പാട്ടക്കാർ (തിരുവനന്തപുരം-കൊച്ചി സെൻസസ് റിപ്പോർട്ട്(1):1951:VIII).
വെറുംപാട്ടം
ഒരു നിശ്ചിതകാലയളവിലേക്ക് പാട്ടത്തിനെടുത്തു കൃഷിചെയ്യുന്ന ഭൂമിയാണ് വെറുംപാട്ടഭൂമി. ഇതിൽനിന്നു കിട്ടുന്ന ആദായം പാട്ടക്കാർക്കാണ്. പാട്ടക്കാലാവധി കഴിയുമ്പോൾ പാട്ടഭൂമിയിൽനിന്നൊഴിയാൻ പാട്ടക്കാർ ബാദ്ധ്യസ്ഥരാണ്. അല്ലാത്തപക്ഷം ഉടമയ്ക്ക് അവരെ ഒഴിപ്പിച്ചുവിടാൻ അധികാരമുണ്ട് (തിരുവനന്തപുരം-കൊച്ചി സെൻസസ് റിപ്പോർട്ട്(1):1951:VIII).
പങ്കുകൃഷി
കൃഷിഭൂമിയിൽ കർഷകർ ഭൂവുടമകളോടൊപ്പം പങ്കുചേർന്നു നടത്തുന്ന കൃഷിയാണ് പങ്കുകൃഷി. ഉല്പാദനം തുല്യമായി പങ്കിട്ടെടുക്കുന്നു (തിരുവനന്തപുരം-കൊച്ചി സെൻസസ് റിപ്പോർട്ട്(1):1951:VIII).
കുടികിടപ്പുകാർ (കുഴിക്കാണം)
ഭൂവുടമകളുടെ വസ്തുവിൽ ജന്മിമാരുടെ ഔദാര്യംകൊണ്ടു താമസിക്കുന്നവരായിരുന്നു കുടികിടപ്പുകാർ. ആ ഭൂമിയിൽ താമസിക്കാൻ താല്ക്കാലികകുടിൽ കെട്ടി ജന്മിയുടെ വസ്തുവിൽ ജോലിചെയ്തും വസ്തുക്കളെ പരിപാലിച്ചും ജീവിക്കേണ്ടവരായിരുന്നു കുടികിടപ്പുകാർ. ജനാധിപത്യവ്യവസ്ഥയോടെ കുടികിടപ്പുഭൂമി നിലവിലില്ലാതായി.
ഒറ്റി
ഭുമിയുടെ ആദായം ഒരു നിശ്ചിതകാലയളവിലേക്കു നിശ്ചിതതുക മുൻകൂറായി വാങ്ങിക്കൊണ്ടു പാട്ടത്തിനു കൊടുക്കുന്നതിനെയാണ് 'ഒറ്റി' എന്നു പറയുന്നത് (തിരുവനന്തപുരം-കൊച്ചി സെൻസസ് റിപ്പോർട്ട്(1):1951: VIII).
ജനാധിപത്യവ്യവസ്ഥയുടെ വരവോടെ ഭൂമിയിന്മേൽ ഉണ്ടായിരുന്ന പല ഉടമാവകാശങ്ങളും ഇല്ലാതായി. കുടികിടപ്പുഭൂമി അപ്രസക്തമായി. എന്നാൽ പാട്ടഭൂമിയും ഒറ്റിഭൂമിയും നിലവിലുണ്ട്. പാട്ടഭൂമിയിൽ വാഴക്കൃഷിയാണ് ഇന്നു തെക്കൻതിരുവിതാംകൂറിൽ കൂടുതലുള്ളത്. അതു ചെയ്യുന്നവർ നാടാർസമുദായക്കാരാണ്. ഭാഗപത്രം, ഇഷ്ടദാനം, വിൽപത്രം എന്നീ രീതികളിൽ പാരമ്പര്യഭൂമി കൈമാറുന്നു. അച്ഛനമ്മമാരുടെ വസ്തുക്കൾ 'ഭാഗപത്രം'വഴിയാണ് മക്കൾക്കു നല്കുന്നത്. ഒരു വ്യക്തിക്ക് ഇഷ്ടംപോലെ ഇഷ്ടമുള്ള വ്യക്തികൾക്കു നല്കുന്ന ഒന്നാണ് ഇഷ്ടദാനം. ഉടമസ്ഥന്റെ മരണശേഷം അനന്തരാവകാശികൾക്ക് അനുഭവിക്കാനുള്ള അവകാശമാണു വില്പത്രം. വസ്തുക്കൾ മറ്റൊരാൾക്കു വില്ക്കുന്നതു വിലയാധാരം. രാജഭരണകാലത്തെ പണ്ടാരംവകഭൂമി പിന്നീട് പുറമ്പോക്കുഭൂമിയായി മാറി. കണ്ടുകൃഷിയും ശ്രീപാദഭൂമിയും ഇന്നില്ല. ഭൂമി ഇന്നു സമ്പത്തിനെ ആശ്രയിച്ചിരിക്കുന്നു. സമ്പത്തുള്ള ആർക്കും ഭൂവുടമകളായി മാറാം. ഭൂമി ഇല്ലാതിരുന്ന ധാരാളംപേർ വലിയ ഭൂവുടമകളായിത്തീർന്നിട്ടുണ്ട്.
കൃഷിഭൂമിയുടെ അധികാരികൾ
ഭൂമിയായിരുന്നു തിരുവിതാംകൂറിന്റെ പ്രാഥമികവും പ്രധാനവുമായ വരുമാനസ്രോതസ്സ്. എല്ലാവിഭാഗം ജനങ്ങൾക്കും കൃഷിയാവശ്യത്തിനുള്ള ഭൂമി സ്വന്തമായിട്ടുണ്ടായിരുന്നു. 1865-ലെ പണ്ടാരപ്പാട്ടവിളംബരപ്രകാരം ഭൂമിയുള്ള ഉയർന്നജാതിക്കാരിൽനിന്നും ഈഴവരിൽനിന്നും രാജഭോഗമായി നികുതി പിരിച്ചിരുന്നു .തിരുവിതാംകൂറിൽ മലബാർമേഖലകളിലുമുള്ളതു പോലെ നമ്പൂതിരിമാർക്ക് ഭൂസ്വത്ത് അധികമില്ലായിരുന്നു.
'തെക്കൻതിരുവിതാംകൂറിലെ നമ്പൂതിരിമാർക്കു രാജാക്കന്മാർ ഭൂദാനങ്ങൾ നടത്തിയിട്ടില്ലായിരുന്നു. മറ്റു പല ദാനങ്ങളും അവർക്കായി നടത്തിയിട്ടുണ്ടെങ്കിലും ഭൂദാനം ഇവിടെ സാർവ്വത്രികമല്ലായിരുന്നു. നമ്പൂതിരിമാർക്കു ഭൂമിദാനം ചെയ്ത രേഖകളൊന്നും കേരളത്തിൽനിന്നു കിട്ടിയിട്ടുമില്ല' (സോമൻ പി. (ഡോ.):2004:8).
ക്ഷേത്രപുരോഹിതരും പൂജാരികളും ബ്രാഹ്‌മണരായിരുന്നുവെങ്കിലും ക്ഷേത്രഭരണം രാജകുടുംബത്തിന്റെ മേൽനോട്ടത്തിലായിരുന്നു. പത്മനാഭസ്വാമിക്ഷേത്രവും തിരുവട്ടാർ ആദികേശവക്ഷേത്രവും മറ്റു പ്രധാനപ്പെട്ട ക്ഷേത്രങ്ങളൊക്കെയും രാജഭരണത്തിന്റെ കീഴിലായിരുന്നു. നടത്തിപ്പുകാർ നായർസമുദായക്കാരും.കാർഷികവൃത്തി പ്രധാനഉപജീവനമാക്കിയിരുന്ന നായർസമുദായത്തിനു ഭൂമി അടിസ്ഥാനതൊഴിലിടമായിരുന്നു. വയലുകളായിരുന്നു നായരുടെ പ്രധാനഭൂവിടം. വയലുകൾ കൃത്യമായി പരിപാലിക്കുന്നതിനായി വയലുകളുടെ കരകളിലായിരുന്നു അവരുടെ താമസം. വയലും വയലിനോടു ചേർന്ന കരഭൂമിയുമായിരുന്നു നായരുടെ ഭൂമേഖല. ഇവരുടെ കരയിലെ കൂട്ടായ്മയാണ് 'കരയോഗം.' കരയിലെ താമസക്കാർ 'കരക്കാർ'. വയലുള്ളവരെല്ലാം വയലിനോടു ചേർന്ന കരകളിൽ താമസക്കാരായിരിക്കും. വർഷത്തിൽ രണ്ടുതവണയാണ് കൃഷി(ഇരുപ്പൂകൃഷി)യിറക്കുന്നത്. ഇടവത്തിൽ നട്ടു ചിങ്ങത്തിൽ കൊയ്യുന്ന കന്നിക്കൊയ്ത്തും, തുലാത്തിൽ നട്ടു മകരത്തിൽ കൊയ്യുന്ന മകരക്കൊയ്ത്തും. പുഞ്ചക്കൃഷി ഇവിടങ്ങളിൽ തീരെയില്ല.
നെല്ലുല്പാദനത്തിന്റെ അധികാരികൾ നാഞ്ചിനാട്ടുമേഖലയിൽ വെള്ളാളരും കല്ക്കുളം, വിളവൻകോടു മേഖലകളിൽ നായന്മാരുമായിരുന്നു. നെല്ല്, ഭക്ഷ്യോത്പന്നം എന്നതിലുപരി, ക്രയവിക്രയസാമഗ്രികൂടിയായിരുന്നു. നെല്ലിന്റെ ഈ പ്രത്യേകതകാരണം നെൽക്കൃഷി ചെയ്തിരുന്ന ജനത ഭൂമിയുടെ അധികാരികളായി മാറി. വയലിനും കരയ്ക്കുമപ്പുറം വനമേഖലയും വരണ്ടസ്ഥലങ്ങളും തീരപ്രദേശവുമായിരുന്നു. അതുകൊണ്ട് അവിടത്തെ ജനതയ്ക്ക് ഈ മേഖലയിൽ കാര്യമായ സംഭാവനകളില്ലായിരുന്നു. അവിടങ്ങളിൽ, ചാന്നാർ (നാടാർ), പുലയർ, പറയർ എന്നിവരാണ് അധിവസിച്ചിരുന്നത്. പനകയറ്റം പ്രധാനതൊഴിലാക്കിയിരുന്ന ചാന്നാർസമുദായത്തിനു വയലുകളില്ലായിരുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ വലിയൊരു വിഭാഗമായിരുന്നെങ്കിലും നെൽക്കൃഷിമേഖലയിൽ അവരുടെ സാന്നിദ്ധ്യം കുറവായിരുന്നു.
രാജപാതകളുടെ ഇരുവശങ്ങളിലുമുള്ള ഭൂമി പണ്ടാരവകവസ്തുക്കളും പുറമ്പോക്കുകളുമായിരുന്നു. ഈ രാജവകഭൂമികൾ പിന്നീട് ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഈഴവരുടെയും അധീനതയിലായിത്തീർന്നു. പലർക്കും രാജാവ് വമ്പിച്ച ഭൂസ്വത്തു ദാനം ചെയ്തു. ഏറ്റവും വലിയ പള്ളികൾ സ്ഥിതിചെയ്യുന്നത് കൂടുതൽ ഗതാഗതസൗകര്യമുള്ളിടത്താകാൻ കാരണം ഇതാണ്. മിഷനറിപ്രവർത്തനം നടത്താൻ എത്തിയവർ ബ്രിട്ടീഷുകാരുടെ സഹായത്തോടെ സ്വന്തമാക്കിയ ഭൂമികളാണ് ഇന്നു മതസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തെക്കൻതിരുവിതാംകൂറിലെ ഭൂമികൾ.
ഭക്ഷ്യോത്പാദനത്തിൽ ഒരുകാലത്തും കേരളം സ്വയംപര്യാപ്തമായിരുന്നില്ല. ആവശ്യത്തിനുള്ള നെല്ല് കൃഷിചെയ്യാനുള്ള ഇടം ഇവിടെ കുറവായിരുന്നു. വനഭൂമിയായിരുന്നു കൂടുതലും. ഭൂമിയുടെ കിടപ്പും പലപ്പോഴും നെൽക്കൃഷിക്ക് അനുയോജ്യമല്ലായിരുന്നു.അതുകൊണ്ടുതന്നെ നെൽക്കൃഷിയുള്ള വിഭാഗത്തിനു സമൂഹത്തിൽ സ്വാധീനശക്തിയാകാനും രാജ്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാകാനും സാധിച്ചത്. ഭൂവുടമകളിൽനിന്നുള്ള നികുതി തെക്കൻകേരളത്തിന്റെ വരുമാനത്തിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. കൂലിയും സമ്പത്തും നെല്ലായിരുന്നു.
നെല്ലായിരുന്നു പ്രധാനപ്പെട്ട കൈമാറ്റവസ്തുവും..
തെക്കൻതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ നെൽക്കൃഷി ചെയ്തിരുന്ന ഇടമാണ് നാഞ്ചിനാടുൾപ്പെടുന്ന പ്രദേശങ്ങൾ. അതുകൊണ്ടുതന്നെ തിരുവിതാംകൂറിന്റെ 'നെൽക്കലവറ' എന്ന വിശേഷണം നാഞ്ചിനാടിനുണ്ടായിരുന്നു. കൃഷിക്കാരാകട്ടെ നായന്മാരും വെള്ളാളരും. കാർഷികവൃത്തിയിലേർപ്പെട്ടിരുന്ന ജനതതന്നെയാണ് എവിടെയും എല്ലാക്കാലത്തും ഭൂവുടമകളായിട്ടുള്ളത്. ചരിത്രത്തിൽ ഈ ചംക്രമണം സ്വാഭാവികമായിരുന്നു. ഒരു സവിശേഷകാലഘട്ടത്തിൽ നായർ അധികാരഘടനയിലെ പ്രമുഖവിഭാഗമായി മാറിയതിനുകാരണം ഈ മേൽക്കോയ്മയാണ്.
'അധികാരം കൈയാളിയിരുന്ന വർഗ്ഗങ്ങൾക്കു കാലക്രമത്തിൽ അധികാരം നഷ്ടപ്പെടുകയും മറ്റുവർഗ്ഗങ്ങൾ അവരുടെ അധികാരം പിടിച്ചടക്കുകയും ചെയ്യുന്നത് ലോകചരിത്രത്തിലെ ഒരു പൊതുസ്വഭാവമാണ്' (സദാനന്ദൻ കൊറ്റിയത്തു്).
പത്തൊൻപതാംനൂറ്റാണ്ടിന്റെ അവസാനംവരെ കൃഷിയെന്നാൽ ഇവിടെ നെല്ലുമാത്രമായിരുന്നു. ഇടവിളയായി നെൽവയലുകളിൽ നടുന്ന എള്ള്, ഉഴുന്ന്, പയർ എന്നിവയെയും കൃഷിയിനത്തിൽ ഉൾപ്പെടുത്താം. മറ്റു വിളകൾക്കൊന്നും ഇവിടെ വലിയ പ്രാധാന്യം കൊടുത്തിട്ടില്ലായിരുന്നു. പ്ലാവ്, മാവ്, പുളി തുടങ്ങിയ മരങ്ങളൊന്നും ആരും കൃഷിചെയ്തുവളർത്തിയതല്ല. വാണിജ്യലക്ഷ്യവും ഇതിനില്ലായിരുന്നു. ഇവയൊക്കെ സ്വാഭാവികമായി വളരുന്ന മരങ്ങളാണ്. നെൽക്കൃഷിക്കായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. പിന്നീടു വയലിന്റെ കരകളിൽ തെങ്ങുകൃഷികൂടി ചെയ്തുതുടങ്ങി. കുരുമുളക്, ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി മുതലായവ കരകളിൽ വീട്ടുപറമ്പിൽ ചെയ്തിരുന്നെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി നെല്ലുതന്നെയായിരുന്നു.
വിരുത്തിയും ഭൂസ്വത്തും
വൃത്തി (പ്രവൃത്തി)യുടെ തദ്ഭവമാണ് വിരുത്തി. വിരുത്തിയെന്നാൽ ജോലി എന്നർത്ഥം. രാജാവിനും ക്ഷേത്രത്തിനുംവേണ്ടി ചെയ്യുന്ന ജോലിയാണ് ഇവിടെ വിരുത്തി. പുണ്യാഹം, ഹിരണ്യഗർഭം, പത്മനാഭസ്വാമിക്ഷേത്രത്തിനാവശ്യമായ ജോലികൾ ഇതൊക്കെ ചെയ്യേണ്ടതു വിരുത്തിക്കാരുടെ ധർമമാണ്. നായർസമുദായത്തിലുള്ളവരാണ് വിരുത്തിക്കാരിലധികവും. അതുകൊണ്ട് വിരുത്തിക്ക് 'നായർവിരുത്തി' എന്ന പേരു പിന്നീടു വന്നുചേർന്നു. തിരുവിതാംകൂറിൽ തോവാള, അഗസ്തീശ്വരം, ചെങ്കോട്ടത്താലൂക്കുകളിൽ വിരുത്തിയില്ലായിരുന്നു. വിരുത്തിക്കാർക്ക് രാജാവ് സ്വത്തുക്കൾ പതിച്ചുനൽകിയിരുന്നു. ഈ നിലങ്ങളിൽനിന്നു രാജാവിനും ക്ഷേത്രത്തിനും ആവശ്യമായ ചെലവു കണ്ടെത്തലാണ് വിരുത്തിക്കാരുടെ കടമ. സർക്കാരിനു വർഷംതോറും നിശ്ചിതതുക വിരുത്തിനിലങ്ങൾക്കു കരമായി ഒടുക്കണം. അല്ലാത്തപക്ഷം വിരുത്തിനിലങ്ങൾ രാജാവ് തിരിച്ചുപിടിക്കും. കൂലിയില്ലാത്ത ഒരുതരം ഊഴിയവേലതന്നെയായിരുന്നു വിരുത്തി എന്ന പ്രവൃത്തി. 18-19 നൂറ്റാണ്ടുകളിൽ ഏറ്റവും കൂടുതൽ വിരുത്തിനിലങ്ങൾ സ്വന്തമായിട്ടുണ്ടായിരുന്നത് നായർസമുദായത്തിനാണ്
വിരുത്തിക്കാർക്കുള്ള കൂലി വിരുത്തിഭൂമിയിൽനിന്നു തന്നെ കണ്ടെത്തണം. സർക്കാരിന്റെ പേരിലുള്ള വെറുംഭൂമി ആദായകരമാക്കാനുള്ള ഒരു ഏർപ്പാടുകൂടിയായിരുന്നു വിരുത്തി. അതു രാജഭരണത്തിന് ഏറ്റവും സഹായകമായി വർത്തിച്ച നായർസമുദായത്തിനു ലഭിച്ചതു സ്വാഭാവികം.
വിരുത്തിയുടെ വകഭേദങ്ങൾ
സ്വകാര്യവിരുത്തി (Perosnal Viruthi)
ക്ഷേത്രത്തിലെ ബ്രാഹ്‌മണരുടെ ആവശ്യങ്ങൾ, ഊട്ടുപുരയിലെ ജോലികൾ ഒക്കെയാണ് സ്വകാര്യവിരുത്തിയിൽ വരുന്നത്. ക്ഷേത്രത്തിന് ആവശ്യമായ നെല്ല്, അരി, പഴം, വാഴയില, പാൽ, നെയ്യ്, തേങ്ങ, ധാന്യം, ഉപ്പ്, വിറക്, എണ്ണ എന്നിവ വിരുത്തിക്കാർ ഊട്ടുപുരയിലേക്ക് നൽകണം. ഇതിനു പ്രതിഫലമില്ല. വിരുത്തിനിലങ്ങളിൽനിന്നു കിട്ടുന്ന ആദായത്തിന്റെ ഭൂരിഭാഗവും ക്ഷേത്രാവശ്യത്തിനായി നൽകണം. ഏതുസമയത്തും വിരുത്തിക്കാർ സ്വകാര്യവിരുത്തി ചെയ്യാൻ തയ്യാറാകണം
മുന്നിലവിരുത്തിക്കാർ (Tax Collectors)
നികുതിപിരിവാണ് മുന്നിലവിരുത്തിക്കാരുടെ ജോലി. 'പിള്ള' എന്നാണ് നികുതിപിരിവുകാരുടെ ഔദ്യോഗികപ്പേര്. പ്രവൃത്തിയാർ പറയുന്നതനുസരിച്ച് സർക്കാരിനും ദേവസ്വത്തിനുമുള്ള നികുതിപിരിക്കുന്നത് ഇവരായിരുന്നു. രാജഭരണത്തിൽ ഏറ്റവും സ്വാധീനമുള്ള വിഭാഗക്കാരായിരുന്നു മുന്നിലവിരുത്തിക്കാർ. പോലീസുകാരുടെ വൃത്തിയും മുന്നിലവിരുത്തിക്കാർ ചെയ്തിരുന്നു.
വാഴത്തോപ്പുവിരുത്തി
സൈനികസേവനമാണു് വാഴത്തോപ്പുവിരുത്തി.
കണ്ടിവിരുത്തി
ക്ഷേത്രപുരോഹിതന്മാരുടെ ആവശ്യത്തിനുവേണ്ടിയുള്ള വിരുത്തി. ഇതിനു പ്രത്യേകം നിലങ്ങൾ മാറ്റിവച്ചിട്ടുണ്ടായിരുന്നു. നായർതന്നെയാണു വിരുത്തിക്കാർ.
പണിക്കൽവിരുത്തി
ക്ഷേത്രസേവനവിരുത്തിയാണ് പണിക്കൽവിരുത്തി. ഈ ആവശ്യത്തിനു മാത്രമായ നിലങ്ങളും കണ്ടങ്ങളും മറ്റാവശ്യത്തിന് ഉപയോഗിക്കാൻ പാടില്ല.
കൊട്ടടിക്കൽവിരുത്തി
മേളക്കാർക്കുള്ള വിരുത്തിയാണിത്. സൈന്യത്തിൽ ഡ്രം (drum) ഉപയോഗിക്കുന്നവർക്കുവേണ്ടിയാണ് ഈ വിരുത്തി.
പണിക്കവിരുത്തി
കളരിപ്പണിക്കാർക്കുള്ള വിരുത്തിയാണിത്.
പള്ളിവിരുത്തി
കൊട്ടാരം ജോലിക്കാർക്കുള്ള വിരുത്തി.
കാവൽവിരുത്തി
കൊട്ടാരം, ക്ഷേത്രം എന്നിവയുടെ കാവലിനു വേണ്ടിയുള്ള വിരുത്തി.
പറയണവിരുത്തി
കവികൾക്കും കലാകാരന്മാർക്കുമുള്ള വിരുത്തി.
തിരുനന്ദാവനവിരുത്തി
പൂന്തോട്ടം കാവൽക്കാരനു നല്കുന്ന വിരുത്തി.
കാക്കൈനാർ വിരുത്തി
പാരമ്പര്യകലാകാരന്മാർക്കുള്ള വിരുത്തി.
ഊർപ്പൊതുവാൾ വിരുത്തി
ഗ്രാമാധികാരി നല്കുന്ന വിരുത്തി.
തളിവിരുത്തി
ക്ഷേത്രാധികാരികൾക്കു നല്കുന്ന വിരുത്തി.
പുറപ്പൊതുവാൾവിരുത്തി
ഗ്രാമത്തിനു പുറത്തു സേവനമനുഷ്ഠിക്കുന്ന സർക്കാർസേവകർക്കുള്ള വിരുത്തി.
കലവണിയവിരുത്തി
തെക്കൻതിരുവിതാംകൂർഭാഗത്തെ ക്ഷേത്രപോറ്റിമാർക്കു നൽകുന്ന വിരുത്തിയാണ് കലവണിയവിരുത്തി).
വിരുത്തിനിലങ്ങളിൽനിന്നാണ് ഓരോവിഭാഗത്തിനും കൂലിനൽകിയിരുന്നത്. വിരുത്തിയെല്ലാം ചെയ്തിരുന്നത് നായന്മാർതന്നെ. ഉപ്പു കൊണ്ടുപോകുന്ന ജോലിവരെ വിരുത്തിക്കാരുടേതായിരുന്നു. നെല്ല് അരിയാക്കേണ്ടതും രാജകുടുംബത്തിന്റെ ലഗ്ഗേജ് ചുമക്കേണ്ടതുമെല്ലാം വിരുത്തിക്കാരുടെ തൊഴിലായിരുന്നു. വിരുത്തിക്കാർ തന്നെയായിരുന്നു നാട്ടിലെ ക്രമസമാധാനപാലകരും
സമാധാനകാലത്തു കൃഷിക്കാരും യുദ്ധകാലത്തു സൈനികരുമാകുമായിരുന്നു വിരുത്തിക്കാർ. ആഘോഷങ്ങൾപോലും വിരുത്തിക്കാരാണു നടത്തിയിരുന്നത്. ആയതിനുള്ള പണം ചിലപ്പോൾ മുൻകൂറായി ലഭിച്ചെന്നിരിക്കും.
പണ്ടാരഭൂമികളുടെ നടത്തിപ്പുകാരും കൃഷിക്കാരും കാവൽക്കാരും നായരായിരുന്നു. '1889-ലെ തിരുവിതാംകൂർ വിരുത്തിക്കമ്മിറ്റി റിപ്പോർട്ടു പ്രകാരം 20880 വിരുത്തിക്കാരും 2000 കുടുംബക്കാരുമാണ് വിരുത്തിനിലങ്ങളെ ആശ്രയിച്ചുകഴിഞ്ഞിരുന്നത്. ഇതിൽ ചാവേർവിരുത്തിക്കാരുമുൾപ്പെടും' ചാവേർവിരുത്തിക്കാരും സർക്കാരിനു നികുതിയടയ്ക്കണമായിരുന്നു. വിരുത്തിക്കാർ നികുതിയടയ്ക്കുന്നതിൽ വീഴ്ചവരുത്തിയാൽ കർശനമായ ശിക്ഷകൾ നൽകിയിരുന്നു. മൂന്നുപ്രാവശ്യം തുടർച്ചയായി നികുതി അടയ്ക്കുന്നതിൽ ഉദാസീനത കാണിച്ചാൽ വിരുത്തിക്കാരനിൽനിന്നു നിലം സർക്കാരിലേക്കു പിടിച്ചെടുക്കുമായിരുന്നു. സ്ഥിരാവകാശമില്ലാത്ത നിലങ്ങളായിരുന്നു വിരുത്തിഭൂമികൾ. നികുതി തെറ്റാതെ അടച്ചുകൊണ്ടിരുന്നാൽ സ്ഥിരാവകാശഭൂമിപോലെ ഈ നിലങ്ങൾ എത്രകാലംവരെയും ഉപയോഗിക്കാമായിരുന്നു. അങ്ങനെ എണ്ണമറ്റ പണ്ടാരവകവസ്തുക്കളുടെയെല്ലാം കാര്യക്കാർ നായന്മാരായിമാറി. വിരുത്തിനിലങ്ങൾ ഒരിക്കലും രാജാവ് വിരുത്തിക്കാരുടെ പേരിലാക്കിക്കൊടുത്തിരുന്നില്ല. മാർത്താണ്ഡവർമ്മയുടെ കാലത്തു വിരുത്തിക്കാരെ ദേവസ്വത്തിലേക്കും ഊട്ടുപുരയിലേക്കും മാറ്റുകയുണ്ടായി .അപ്പോഴേക്കും നായർസമുദായം ഭരണതലത്തിലും ഉദ്യോഗതലത്തിലും സ്വാധീനശക്തിയായി മാറിയിരുന്നു. കൈകാര്യം ചെയ്തിരുന്നവരുടെ ഭൂസ്വത്തായി കാലക്രമത്തിൽ വിരുത്തിനിലങ്ങൾ മാറി.
കാർഷികവൃത്തിയിലേക്കു കടന്നുവന്ന നായർജനതയ്ക്കു ഭൂസ്വത്തിൻമേൽ സ്ഥിരാവകാശമുണ്ടായത് സ്വാഭാവികം മാത്രമാണ്. കാടും ചതുപ്പും നിറഞ്ഞ നിമ്‌നോന്നതസ്ഥലങ്ങൾ കൂടുതലുണ്ടായിരുന്ന ഈ പ്രദേശത്തിൽ ഭൂമി ഒരു കിട്ടാക്കനിയല്ലായിരുന്നു. കൃഷിക്കായി കാടുവെട്ടിത്തെളിക്കേണ്ടിവന്നു. കാടിനെ മാത്രം ആശ്രയിച്ചുകഴിഞ്ഞിരുന്ന വനാന്തർഭാഗത്തെ ഗോത്രജനത മറ്റു പരീക്ഷണങ്ങൾക്കു മുതിരാതെ വനഭൂമിയോടും പ്രകൃതിയോടുമിണങ്ങി ജീവിച്ചു. എന്നാൽ കാർഷികവൃത്തിയിലേക്കു തിരിഞ്ഞ ജനതയ്ക്കു പ്രകൃതിയെ തങ്ങളുടെ ആവശ്യത്തിനനുസരിച്ചു പല രീതിയിൽ രൂപപ്പെടുത്തേണ്ടിവന്നു. ഈ രൂപപ്പെടുത്തലിനു കായികശേഷിയുള്ളവരും കാർഷികതല്പരരുമായ ജനതയ്ക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. പ്രകൃതിശക്തിയോടും കാലാവസ്ഥയോടും നിരന്തരം പോരാടിയാണ് അവർ കൃഷി വിളയിച്ചെടുത്തിരുന്നത്. എലി, വന്യമൃഗങ്ങൾ, മഴ, കാറ്റ്, മറ്റു പ്രകൃതിശക്തികൾ തുടങ്ങിയവ കൃഷിക്കു പലപ്പോഴും തടസ്സമായിരുന്നു. ഈ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ അവർ പ്രകൃതിയെത്തന്നെ ആരാധിച്ചു. കൃഷിക്കു നാശമുണ്ടാക്കുന്ന ശക്തികളെ പൂജിച്ച് അവർ അവയെ മനുഷ്യജീവിതത്തിന് അനുകൂലമാക്കിമാറ്റി. കാവുകളും മരങ്ങളും മഴയും കാറ്റുമൊക്കെ ദൈവങ്ങളായി ആരാധിക്കപ്പെട്ടു. കാർഷികവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായ ദൈവസങ്കല്പമാണിതൊക്കെ.
സ്വകാര്യസ്വത്ത് നിലവിൽ വന്നിട്ടില്ലാത്ത ഒരു കാലത്ത് കൃഷിക്കുവേണ്ടി ഭൂമിയിൽ പരീക്ഷണങ്ങൾ നടത്തി ഭൂമിയെ കൃഷിയോഗ്യമാക്കിയ ജനത അതുവഴി ഭൂസ്വത്തുകൾക്കുടമയായി. നികുതിസമ്പ്രദായം വരുന്നതുവരെ ഈ കൃഷിഭൂമികൾ അതിനനുയോജ്യമാക്കിയ ജനതയ്ക്കു സ്വന്തമായിരുന്നു. ഇതാണ് നായർസമുദായം ഇവിടെ ഭൂസ്വത്തുടമയാകാൻ കാരണം. ഭൂപരിപാലനം. കൂടാതെ, ചില സ്ഥലങ്ങളിൽ ക്ഷേത്രഭരണത്തിനു പ്രാപ്തരായ നമ്പൂതിരിമാരില്ലാത്തതിനാൽ അവിടെയുള്ള നായർവിഭാഗത്തെ ആ ചുമതലയേല്പിക്കുകയും ചെയ്തു. ക്രമേണ ആ സ്വത്തുക്കളും സ്വകാര്യസ്വത്തായിത്തീർന്നു. സാമൂഹികക്രമത്തിൽ നമ്പൂതിരിമാർക്കു തൊട്ടുതാഴെയായിരുന്നു നായന്മാർ. അതുകൊണ്ട് അത്തരം അവകാശങ്ങൾ സാമൂഹികാവസ്ഥയിൽ പിന്നീട് സ്വാഭാവികമായി മാറി .
തിരുവിതാംകൂർരാജകുടുംബത്തിലെ പുരുഷന്മാർ വിവാഹംകഴിച്ചിരുന്നത് നായർ/വെള്ളാളസ്ത്രീകളെയാണ്. ഈ വിവാഹബന്ധമാണ് നായർക്കുടുംബങ്ങൾക്കു ഭൂസ്വത്തു ലഭിക്കാനിടയായ മറ്റൊരു കാരണം. കാർത്തികതിരുനാളിന്റെ കാലംമുതൽ തിരുവിതാംകൂർരാജാക്കന്മാർ നായർസ്ത്രീകളെയാണു വിവാഹംകഴിച്ചിരുന്നത്. ക്ഷത്രിയ-നായർ സംബന്ധവ്യവസ്ഥയിൽ ജനിക്കുന്ന കുട്ടികൾക്കു പിതാവിന്റെ സ്വത്തിന്മേൽ അവകാശമില്ലായിരുന്നു. മരുമക്കത്തായസമ്പ്രദായമാണ് തിരുവിതാംകൂർഭരണകൂടം അനുവർത്തിച്ചുപോന്നിരുന്നത്. നായർസ്ത്രീകളിൽ ജനിച്ച രാജാവിന്റെയും രാജകുടുംബത്തിലെ പുരുഷന്മാരുടെയും മക്കൾക്കും കുടുംബത്തിനും കരമൊഴിവാക്കി ധാരാളം വസ്തുവകകൾ ദാനം ചെയ്തിരുന്നു. ഇതു ഭൂസ്വത്തിന് ഉടമകളാകാൻ നായർക്കു് ഇട നല്കി. രാജാവിന്റെ മക്കൾക്കു രാജാധികാരത്തിൽ അവകാശമില്ലെങ്കിലും ഭരണതലത്തിലും ഉദ്യോഗതലത്തിലും അവർ സ്വാധീനതാശക്തിയായിരുന്നു. വിളവൻകോടുതാലൂക്കിലെ അരുമന അമ്മവീട്, കല്ക്കുളംതാലൂക്കിലെ തിരുവട്ടാർ അമ്മവീട് എന്നിവ രാജാവിന്റെ ഭാര്യമാരുടെ വീടുകളായിരുന്നു. മറ്റു രാജകുമാരന്മാരുടെ നായർ അച്ചിവീടുകൾ ഇത്രത്തോളം പ്രശസ്തമല്ലായിരുന്നു. എന്നിരുന്നാലും രാജകുടുംബത്തിൽനിന്നു സ്വത്തുവകകൾ രാജരക്തത്തിൽ പിറന്നവർക്കും കുടുംബത്തിനും സംബന്ധക്കാരിക്കും എഴുതിനൽകിയിരുന്നു. കന്യാകുമാരിജില്ലയിലെ പല നായർവീടുകളും ഈ സംബന്ധവ്യവസ്ഥയിൽ ഉൾപ്പെട്ടിരുന്നു. നായർ ഭൂവുടമകളായി മാറിയതിൽ ഇതും പ്രധാന പങ്കുവഹിച്ചു.
ഡോ.ഷിബു കുമാർ പി.എൽ.
അസിസ്റ്റന്റ് പ്രൊഫസർ
മലയാളവിഭാഗം
ഗവ. കോളേജ്, കാസർഗോഡ്
9496953293
Comments