മതാത്മകതയും ജനപ്രിയ ആഖ്യാനവും
- GCW MALAYALAM
- Jul 14
- 6 min read
Updated: Jul 17
ഡോ. സോജന്‍ പുല്ലാട്ട്

സംഗ്രഹം
ഒരു മതത്തിന്റെ അടിസ്ഥാനഘടകമാണ് മതാത്മകത (religiosity). ആത്മീയതയെ അനുഭവതലത്തിലേക്കെത്തിക്കുവാന്‍ മതം സ്വീകരിക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെയും കര്‍മ്മവിധികളുടെയും മേഖലയാണത്. വിശ്വാസത്തെ ജീവിതബന്ധിയാക്കി അവതരിപ്പിക്കുന്നത് മതാത്മകതയാണ്. ഈ മതാത്മകതയെ വായനക്കാര്‍ക്ക് ഹിതകരമായി ഒരു സാഹിത്യകാരന്‍ ആഖ്യാനം ചെയ്യുമ്പോഴാണ് അത് മതാത്മകതയുടെ ജനപ്രിയ ആഖ്യാനമായി മാറുന്നത്. മലയാളസാഹിത്യത്തില്‍ മതാത്മകതയുടെ വ്യത്യസ്ത ജനപ്രിയ ആഖ്യാനവഴികള്‍ കണ്ടെത്തിയവരില്‍ പ്രധാനിയാണ് മുട്ടത്തുവര്‍ക്കി. സാംസ്‌കാരികമായി എല്ലാ ഭാരതീയരും ഹിന്ദുക്കളാണെന്നും മതപരമായും ആരാധനാപരമായും മാത്രമേ വ്യത്യാസങ്ങളുള്ളൂവെന്നുമുള്ള മുട്ടത്തുവര്‍ക്കിയുടെ ദാര്‍ശനിക നിലപാടില്‍ നിന്നാണ് അദ്ദേഹത്തിന്റെ ജനപ്രിയ മതാത്മകദര്‍ശനം രൂപം കൊള്ളുന്നത്. സമൂഹത്തിന്റെയും സമുദായത്തിന്റെയും പൊതുബോധത്തെയും അംഗീകൃത അലിഖിത നിയമവ്യവസ്ഥകളെയും ഏറെ കടന്നാക്രമിക്കാതെയുള്ള മതാത്മക വീക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ നോവലുകളിലുള്ളത്. സുറിയാനി കത്തോലിക്കാ സമുദായത്തിന്റെ പശ്ചാത്തലത്തിലാണ് കഥകള്‍ ആവിഷ്‌കരിക്കുന്നതെങ്കിലും 'ദൈവ'സംബോധനകളും വിശേഷണങ്ങളും അതിനൊരു ജനാധിപത്യവത്ക്കരണം സാധ്യമാക്കിയിരിക്കുന്നു. ഈ ദൈവം, ജാതി-മത ചിന്തകള്‍ക്കതീതനായ, എല്ലാവര്‍ക്കം സമീപസ്ഥനായ, ചരാചരങ്ങളിലെല്ലാം വസിക്കുന്ന നീതിമാനായ ദൈവമാണ്. ഈ നീതിമാനായ ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച് വിധിയെ സംബന്ധിക്കുന്ന സന്ദേശം നോവലിലൂടെ പകര്‍ന്നു നല്‍കുകയാണ് അദ്ദേഹം ചെയ്തത്.
താക്കോല്‍ വാക്കുകള്‍
മതാത്മകത (religiosity), ആത്മീയത (spirituality), ധാര്‍മ്മികത (morality), ആനന്ദതത്ത്വം (pleasure principle), ജനപ്രിയ മൂലകം (popular element), ജനപ്രിയ ആഖ്യാനം (popular narration).
ആമുഖം
മലയാള സാഹിത്യത്തില്‍ വായനയുടെയും ഭാവനയുടെയും ആധുനിക സാംസ്‌കാരിക മണ്ഡലങ്ങളെ ജനപ്രിയവത്ക്കരിച്ചവരില്‍ പ്രമുഖനാണ് മുട്ടത്തുവര്‍ക്കി. സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി രചിച്ച നൂറ്റിനാല്പത്തിരണ്ട് കൃതികളിലൂടെ അദ്ദേഹം മലയാളഭാവനയ്ക്ക് സവര്‍ണ്ണ യാഥാസ്ഥിതിക പാരമ്പര്യങ്ങളില്‍ നിന്നും സോഷ്യലിസ്റ്റ് റിയലിസ്റ്റിക് പ്രവണതകളില്‍ നിന്നും അക്കാദമിക് സൗന്ദര്യവാദത്തില്‍നിന്നും വരണ്ട ആധുനികതാവാദയുക്തികളില്‍ നിന്നും ഭിന്നമായ ഒരു ബഹുജനഭാവുകത്വം നിര്‍മ്മിച്ചുനല്‍കി. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ദര്‍ശനങ്ങളില്‍ ജനപ്രിയ മതാത്മകതയ്ക്ക് നിര്‍ണ്ണായകസ്ഥാനമുണ്ട്. മതാത്മക ദര്‍ശനത്തെ ജനപ്രിയമാക്കുവാന്‍ മുട്ടത്തുവര്‍ക്കി സ്വീകരിച്ച സങ്കേതവൈവിധ്യങ്ങളെയും ആഖ്യാനതന്ത്രങ്ങളെയും വിശദീകരിക്കുവാനാണ് ശ്രമിക്കുന്നത്.
1.1. മതാത്മകത
ഏതൊരു മതവും മൂന്ന് അടിസ്ഥാന ഘടകങ്ങള്‍ ഉള്‍ച്ചേരുമ്പോള്‍ മാത്രമാണ് മതം എന്ന് വിളിക്കപ്പെടുവാന്‍ യോഗ്യത നേടുന്നത്. ആത്മീയതയും മതാത്മകതയും ധാര്‍മ്മികതയുമാണ് ഈ മൂന്ന് ഘടകങ്ങള്‍. ദൈവത്തെക്കുറിച്ചുള്ള നിയതമായ കാഴ്ചപ്പാടും പ്രബോധനവുമാണ് ആത്മീയതയുടെ (spirituality) അടിസ്ഥാനം. അതോടൊപ്പം മനുഷ്യനെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചുമുള്ള ദര്‍ശനവും ആത്മീയതയുടെ ഭാഗമാണ്. ആത്മീയതയെ അനുഭവതലത്തിലെത്തിക്കുവാന്‍ മതം സ്വീകരിക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെയും കര്‍മ്മവിധികളുടെയും മേഖലയാണ് മതാത്മകത (religiosity). ബാഹ്യാചാരങ്ങളായ പ്രാര്‍ത്ഥനകള്‍, ഭക്ത്യനുഷ്ഠാനങ്ങള്‍, പരിഹാരകൃത്യങ്ങള്‍, നേര്‍ച്ചകാഴ്ചകള്‍, ഉപവാസം, തീര്‍ത്ഥയാത്ര, തിരുനാളുകള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള ആചരണങ്ങളും മതാത്മകത തന്നെയാണ്. വിശ്വാസത്തെ ജീവിതബന്ധിയാക്കി അവതരിപ്പിക്കുന്നത് മതാത്മകതയാണ്. യഥാര്‍ത്ഥ ആത്മീയതയെ പ്രകടിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നവയായിരിക്കണം മതാത്മക ക്രിയകള്‍. മറ്റൊരു വാക്കില്‍ ആത്മീയതയുടെ പ്രകടരൂപങ്ങളാണ് മതാത്മകത. മതത്തിന്റെ ത്രിവിധ ഘടകങ്ങളില്‍ മൂന്നാമത്തേതാണ് ധാര്‍മ്മികത (morality). നന്മതിന്മകളുടെ വേര്‍തിരിക്കലും തിന്മയെ ഉപേക്ഷിച്ച് നന്മ ചെയ്യാനുള്ള ആഹ്വാനവും അടങ്ങിയതാണ് ധാര്‍മ്മിക പ്രബോധനം. ഓരോ മതത്തിന്റെയും ധാര്‍മ്മികത അതുള്‍ക്കൊള്ളുന്ന ദൈവദര്‍ശനവും മനുഷ്യദര്‍ശനവും പ്രപഞ്ചദര്‍ശനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ത്രിവിധ ദര്‍ശനങ്ങളില്‍ നിന്നാണ് ധാര്‍മ്മികദര്‍ശനം രൂപപ്പെടുന്നത്.
ഏതൊരു മതത്തെ സംബന്ധിച്ചും ആത്മീയതയും മതാത്മകതയും ധാർമ്മികതയും സ്വതന്ത്രമായി തനിച്ച് നില്‍ക്കുന്ന മൂന്ന് വസ്തുതകളല്ല; ഓരോന്നും മറ്റ് രണ്ടിനെയും പ്രതിബിംബിപ്പിക്കുകയും പരിപോഷിപ്പിക്കുയും ചെയ്തുകൊണ്ട് നിലകൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലെ മതാത്മകതയുടെ ജനപ്രിയ ആഖ്യാനത്തില്‍ ആത്മീയതയും ധാര്‍മ്മികതയും സമാസമം കലരുന്നുണ്ട്.
1.2. ജനപ്രിയ മതാത്മകത (Plopular Religiosity)
വായനക്കാര്‍ക്ക് പ്രിയങ്കരമായി മതാത്മകതയെ ആഖ്യാനം ചെയ്യുന്നതാണ് ജനപ്രിയ മതാത്മകത. മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലെ ആനന്ദ തത്ത്വത്തിന്റെ (pleasure principle) പ്രധാന ഘടകമാണിത്. മനഃശാസ്ത്രപഠനങ്ങളനുസരിച്ച് മനുഷ്യന്റെ മൗലിക ചോദനകള്‍ മൂന്നാണ്. ജന്മവാസന (id), അഹന്ത (ego), സന്മാര്‍ഗ്ഗബോധം (super ego) എന്നിവയാണവ. ജന്മവാസന പൂര്‍വ്വികരില്‍നിന്ന് പാരമ്പര്യമായി ലഭിച്ചതാണ്. ‘ഇദ്’ (id) വിഷയാസക്തമാണ്. ജന്തുസഹജമായ വികാരങ്ങളുടെ ഉറവിടമാണത് . നന്മയിലേയ്‌ക്കോ തിന്മയിലേയ്‌ക്കോ വഴിതിരിച്ചുവിടുന്ന കാര്യങ്ങളില്‍ മനുഷ്യനെ കുഴയ്ക്കുന്നത് ‘ഇദ്’ ആണ്. ജീവിതത്തില്‍ ആനന്ദതത്ത്വത്തെ തൃപ്തിപ്പെടുത്തുന്നതിന് ‘ഇദ്’ ശ്രമിച്ചുകൊണ്ടിരിക്കും. വികാരത്തള്ളലില്‍നിന്ന് വ്യക്തിയെ മോചിപ്പിക്കുകയാണ് ആനന്ദതത്ത്വത്തിന്റെ ലക്ഷ്യം. ഈ തത്ത്വം നന്നായി ഗ്രഹിച്ച മുട്ടത്തുവര്‍ക്കി, മത-സാമുദായിക-സാമൂഹിക ശക്തികളും നിയമവ്യവസ്ഥയും ചേര്‍ന്ന് മര്‍ദ്ദിച്ചൊതുക്കിയിരുന്ന സാധാരണക്കാരുടെ പ്രണയ-ലൈംഗിക കാമനകളെ ഭാവാത്മകമായും സന്ദര്‍ഭോചിതമായും പുനഃസൃഷ്ടിക്കുകയും ആനന്ദം പകര്‍ന്നുകൊടുക്കുകയും ചെയ്തു. ഇതിനായി പ്രമേയത്തില്‍ അദ്ദേഹം സ്വീകരിച്ച വിഷയവൈവിധ്യങ്ങളില്‍ പ്രധാനപ്പെട്ട ഒരിനമാണ് മതാത്മകതയുടെ ജനപ്രിയ ആവിഷ്‌ക്കാരം,
സമൂഹത്തിന്റെയും സമുദായത്തിന്റെയും പൊതുബോധത്തെയും അംഗീകൃത അലിഖിത നിയമവ്യവസ്ഥകളെയും ഏറെ കടന്നാക്രമിക്കാതെയുള്ള മതാത്മക വീക്ഷണങ്ങളാണ് അദ്ദേഹത്തിന്റെ നോവലുകളിലുള്ളത്. സുറിയാനി കത്തോലിക്കാ സമുദായത്തിന്റെ പശ്ചാത്തലത്തിലാണ് കഥകള്‍ ആവിഷ്‌കരിക്കുന്നതെങ്കിലും 'ദൈവ'സംബോധനകളും വിശേഷണങ്ങളും അതിനൊരു ജനാധിപത്യവത്ക്കരണം സാധ്യമാക്കിയിരിക്കുന്നു. ഈ ദൈവം ജാതി-മത ചിന്തകള്‍ക്കതീതനായ, എല്ലാവര്‍ക്കും സമീപസ്ഥനായ, ചരാചരങ്ങളിലെല്ലാം വസിക്കുന്ന നീതിമാനായ ദൈവമാണ്. ഈ നീതിമാനായ ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച് വിധിയെ സംബന്ധിക്കുന്ന സന്ദേശം നോവലുകളിലൂടെ പകര്‍ന്നു നല്‍കുകയാണ് അദ്ദേഹം ചെയ്തത്.
സാംസ്‌കാരികമായി എല്ലാ ഭാരതീയരും ഹിന്ദുക്കളാണെന്നും മതപരമായും ആരാധനാപരമായും മാത്രമേ വ്യത്യാസങ്ങളുള്ളൂവെന്നുമുള്ള മുട്ടത്തുവര്‍ക്കിയുടെ ദാര്‍ശനികനിലപാടില്‍ നിന്നാണ് അദ്ദേഹത്തിന്റെ ജനപ്രിയ മതാത്മകദര്‍ശനം രൂപം കൊള്ളുന്നത്. കാണുന്നവനും കേള്‍ക്കുന്നവനും അറിയുന്നവനുമായ ദൈവത്തിന്റെ കാഴ്ചപ്പാടുകള്‍ ബൈബിളിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ദൈവമിരിക്കുന്ന ആകാശത്തിന്റെ ചുവട്ടിലാണ് എല്ലാ നോവലുകളിലെയും ജീവിതാഖ്യാനം. ദൈവത്തിന്റെ പ്രസാദമായി ഒടുവില്‍ എത്തിച്ചേരുന്ന അപ്രതീക്ഷിതാനന്ദങ്ങളാണ് നോവലുകളുടെ അന്തഃസത്ത. ദൈവത്തിന്റെ നീതിയും നീതിമാന്റെ ധനികത്വവും പാപത്തിന്റെ പ്രത്യാഘാതങ്ങളും സദാചാര മര്യാദകളും പാപത്തില്‍നിന്ന് ഒഴിഞ്ഞ് നില്‍ക്കുവാനുള്ള മാര്‍ഗ്ഗങ്ങളും കുടുംബജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കവും സമൂഹജീവിതത്തില്‍ പുലര്‍ത്തേണ്ട സാമാന്യമര്യാദകളും സമ്പത്തിനോടും ദാരിദ്ര്യത്തോടുമുള്ള മനോഭാവങ്ങളും അവതരിപ്പിക്കുവാന്‍ മുട്ടത്തുവര്‍ക്കി കണ്ടെത്തിയ മാര്‍ഗ്ഗമാണ് ജനപ്രിയ മതാത്മകത. അതിന്റെ വ്യത്യസ്തമായ ആവിഷ്‌കാരരീതികളെയാണ് ഇനി വിശദീകരിക്കുന്നത്.
1.2.1. പുണ്യ x പാപ വിചാരം
ജനപ്രിയമതാത്മകതയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് വിശ്വാസിയുടെ മനസ്സിലുണ്ടാകുന്ന ഉദ്വിഗ്നമായ പുണ്യ x പാപ വിചാരങ്ങള്‍. സുറിയാനി കത്തോലിക്കാ സമുദായത്തില്‍പ്പെട്ട കഥാപാത്രങ്ങളിലൂടെയാണ് ഈ അന്തഃസംഘര്‍ഷത്തെ ചിത്രീകരിക്കുന്നതെങ്കിലും അന്യസമുദായാംഗങ്ങളായകഥാപാത്രങ്ങളിലും ഇത് സംഘര്‍ഷത്തെ സൃഷ്ടിക്കുന്നുണ്ട്. ബൈബിള്‍ കേന്ദ്രീകൃതമായ പുണ്യ x പാപ വിചാരത്തോടൊപ്പം ഭാരതീയവും ഭാരതീയേതരവുമായ ധര്‍മ്മാധര്‍മ്മ വിചാരങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നതാണ് കാരണം . പുണ്യ പാപ ചിന്ത മതദര്‍ശനങ്ങളിലെ പ്രധാനവിഷയമാണ്. പാപത്തിന്റെ നിന്ദ്യതയും ദാരുണതയും വിവിധ മതങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ''ഭാരതീയ കാഴ്ചപ്പാടില്‍ സ്വ-പരാഭ്യുദയത്തിനും മോക്ഷത്തിനും വേണ്ടിയുള്ള യത്‌നം പുണ്യവും സ്വ-പരോപദ്രവത്തിന് വേണ്ടിയുള്ള യത്‌നം പാപവുമാണ്. ആത്മൈക്യബോധത്തില്‍ നിന്നുണ്ടാകുന്ന സര്‍വ്വലോകസ്‌നേഹം പുണ്യവും അനൈക്യബുദ്ധിയില്‍ നിന്നുണ്ടാകുന്ന പരദ്വേഷം പാപവുമാണ്.''(9,10:2012)
ഭാരതീയ മതമനുസരിച്ച് പുണ്യമായി പരിവര്‍ത്തനം ചെയ്യുവാന്‍ സാധ്യതയുള്ളതാണ് പാപം. പാപത്തിന്റെ രൂപം മാറ്റാന്‍ പ്രയത്‌നം ആവശ്യമാണ്. ജൈനമതമനുസരിച്ച്, മനസ്സിന് ശാന്തി നല്‍കുന്ന കര്‍മ്മങ്ങളെല്ലാം പുണ്യങ്ങളും മറ്റുള്ളവര്‍ക്ക് ദുഃഖാനുഭവങ്ങള്‍ നല്‍കുന്ന കര്‍മ്മങ്ങളെല്ലാം പാപങ്ങളുമാണ്. വ്യക്തിജീവിതം പാപപങ്കിലമാണ് എന്ന് ബുദ്ധമതം വിധിക്കുന്നു. ഇച്ഛയാണ് അതിന്റെ ബാഹ്യമായ പ്രകടനം. ബൈബിളിന്റെ പഴയനിയമകാലം മുതലേ പാപം, പാപമോചനം എന്നീ രണ്ട് ദൈവശാസ്ത്രപ്രശ്‌നങ്ങള്‍ ശക്തമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പാപത്തിന്റെ നിന്ദ്യതയും ശിക്ഷാര്‍ഹതയും അനേകം സംഭവങ്ങളിലൂടെ അവതരിപ്പിക്കുന്നു. പുതിയനിയമത്തില്‍ ക്രിസ്തു പാപത്തെപ്പറ്റി പ്രഘോഷിക്കുകയല്ല, പാപബോധിയായി പ്രവര്‍ത്തിച്ച് കാണിക്കുകയാണ് ചെയ്യുന്നത്. പാപത്തെ ജയിച്ചു എന്ന ബോധം നിലനിര്‍ത്തിക്കൊണ്ട് തന്നെ അദ്ദേഹം പത്തു കല്പനകളെ രണ്ടായി ചുരുക്കുകയും ചെയ്തു.
മുട്ടത്തുവര്‍ക്കിയുടെ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഭാരതീയ-ഭാരതീയേതര പുണ്യപാപചിന്തകള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. രക്തമാംസങ്ങളുള്ള വിശ്വാസിയില്‍ പാപവിചാരം എങ്ങനെയാണ് വൈകാരികസംഘര്‍ഷമായി വികസിക്കുന്നതെന്ന് അദ്ദേഹം ചിത്രീകരിച്ചു. എന്നാല്‍ ഇത്തരം സംഘര്‍ഷങ്ങളെ കഥാപാത്രമനസ്സിന്റെ അവ്യക്ത മേഖലകളിലേയ്ക്ക് നയിച്ച് ദാര്‍ശനികപ്രശ്‌നമായി അവതരിപ്പിക്കുവാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. എങ്കിലും 'ആറാം പ്രമാണം' എന്ന നോവല്‍ ഈ വിഷയത്തെ ഗൗരവമായി ചര്‍ച്ച ചെയ്യുന്നു. വിവാഹപൂര്‍വ്വ-വിവാഹാനന്തര ലൈംഗികബന്ധങ്ങള്‍, അന്യായമായി സമ്പാദിക്കുന്ന പണവും വസ്തുവകകളും, ദൈവകല്പനയുടെ ലംഘനം, അബോര്‍ഷന്‍, ആത്മഹത്യകള്‍, നാവ്‌ദോഷങ്ങള്‍, മദ്യപാനം എന്നിവയെല്ലാം പാപമായി അദ്ദേഹം അവതരിപ്പിക്കുന്നു. ഇവയാണ് കുറ്റബോധത്തിലേയ്ക്കും മാനസികസംഘര്‍ഷങ്ങളിലേയ്ക്കും കഥാപാത്രങ്ങളെ നയിക്കുന്നത്. ''അന്യന്റെ ഭാര്യയെ നീ ആഗ്രഹിക്കരുത് എന്ന ഭീകരമായ പ്രമാണം ഒരു അഗ്നിശരംപോലെ അവന്റെ ഹൃദയത്തില്‍ വന്ന് തറച്ചുനിന്നു.''(70:2013).'അമ്മയെ അനുസരിക്കാതിരിക്കുന്നത് തെറ്റാണ്, പാപമാണ്''(9:2010).''ഈപ്പച്ചന്റെ അടുക്കലേയ്ക്ക് ചെല്ല് എന്ന് എന്റെ കറുത്ത മനഃസാക്ഷി എന്നെ പ്രേരിപ്പിക്കുന്നു. നീ ഒരിക്കലും വഞ്ചിതയാകരുത് എന്ന് എന്റെ വെളുത്ത മനഃസാക്ഷി എന്നെ വിലക്കിക്കൊണ്ട് നില്‍ക്കുന്നു.''(257:1981). ''അവള്‍ ദൈവകല്പനയെ ലംഘിച്ച് പാപം ചെയ്തതുകൊണ്ടായിരിക്കാം ദൈവം അവളുടെ പ്രാര്‍ത്ഥന കേള്‍ക്കാത്തത്. പാപം ചെയ്തവരെ ദൈവം ശിക്ഷിക്കും'' (191:1983).''അബോര്‍ഷന്‍ പാപമാണ്. നിന്റെ ഉദരത്തില്‍ രൂപംകൊള്ളുന്ന ശിശുവിന്റെ ആയുസ്സിന്റെ ഉടമ സ്രഷ്ടാവായ ദൈവമാണ്. അതിനെ നശിപ്പിക്കുന്നത് ദൈവത്തിന്റെ ദൃഷ്ടിയില്‍ കൊലപാതകമാണ്.'' (173:1985). ''തന്നെ പൂര്‍ണ്ണമായി വിശ്വസിച്ച് എല്ലാം സമര്‍പ്പിച്ച അവളെ ദുഃഖിപ്പിക്കുന്നത് പാപമാണ്. അത് പാപമല്ലെങ്കില്‍ പിന്നെയീ ലോകത്തില്‍ പാപം എന്നൊന്നില്ല.''(213:2013). 'മോഷ്ടിച്ചതല്ലാ, പോക്കറ്റടിച്ചതുമല്ലാ, അത് പാപമാകുമോ?'' (39:2013)എന്നിങ്ങനെ പാപകാരണങ്ങളോ സന്ദേഹങ്ങളോ ആയി വ്യത്യസ്ത സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അച്ചടക്കമില്ലാത്ത ലൈംഗികബന്ധങ്ങളും കാമാസക്തിയുമാണ് നോവലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. 'ആറാം പ്രമാണം', 'നമുക്ക് ജീവിക്കാം','ഫിഡില്‍', 'ഈന്തത്തണല്‍', 'പാടത്തിനക്കരെ' എന്നിങ്ങനെയുള്ള അനേകം നോവലുകളില്‍ ഈ വിഷയം കേന്ദ്രസ്ഥാനത്ത് നിര്‍ത്തി ചര്‍ച്ച ചെയ്യുന്നുണ്ട്. 'വ്യഭിചാരം ചെയ്യരുത്' എന്ന പഴയനിയമ ദൈവകല്പന 'ആറാം പ്രമാണ'ത്തില്‍ പ്രതീകധ്വനികളുയര്‍ത്തിക്കൊണ്ട് കഥാപാത്രങ്ങളെ വേട്ടയാടുന്നു. ഫ്രോയിഡിയന്‍ മനഃശാസ്ത്രസിദ്ധാന്തങ്ങള്‍ 1950 കളില്‍ മലയാള സൈദ്ധാന്തികലോകത്തില്‍ ചര്‍ച്ചയായപ്പോള്‍ അതിനെ ഉപരിപ്ലവമായി മുന്നില്‍ നിര്‍ത്തിക്കൊണ്ടും (നമുക്ക് ജീവിക്കാം) ഈ വിഷയം അദ്ദേഹം ചര്‍ച്ച ചെയ്തിട്ടുണ്ട്.
'എന്തിനാല്‍ പ്രേരിതനായിട്ടാണ് സ്വയമിച്ഛിക്കുന്നില്ലെങ്കില്‍ക്കൂടി മനുഷ്യന്‍ പാപത്തെ ചെയ്തുപോകുന്നത്' എന്ന അര്‍ജ്ജുന വിഷാദത്തെ വിവാഹനാന്തരലൈംഗികബന്ധം, കാമാസക്തി എന്നിവയുമായി ബന്ധപ്പെടുത്തി മുട്ടത്തുവര്‍ക്കി ഉന്നയിക്കുന്നു.
1.2.2. പ്രതീകകല്പനകള്‍
പുണ്യ-പാപ വിചാരങ്ങളുമായി ബന്ധപ്പെട്ട് 'പിശാച്', 'മാലാഖ', 'സ്വര്‍ഗ്ഗം', 'നരകം' തുടങ്ങിയ ക്രൈസ്തവ പ്രതീകങ്ങളാണ് നോവലില്‍ ഉള്ളത് . ഭക്തി, ദൈവവിശ്വാസം എന്നിവയുടെ പരസ്യപ്രകടനരൂപങ്ങളായി കൊന്ത, വെന്തിങ്ങ, കാശ്‌രൂപം തുടങ്ങിയവയും പ്രത്യക്ഷമാകുന്നു. ജപിച്ചുകെട്ടിയ ഏലസ്സ് നഷ്ടമായാല്‍ ദുര്‍ദേവതകളുടെ ആക്രമണമുണ്ടാകുമെന്ന സങ്കല്പംപോലെ ഇവ നഷ്ടമായാല്‍ പിശാചിന്റെ ആക്രമണത്തിന് വിധേയമാകുമെന്ന ചിന്ത മതത്തിനൊപ്പം വളര്‍ന്ന് വന്നതാണ്. പാപത്തില്‍നിന്ന് വിശ്വാസിയെ അകറ്റിനിര്‍ത്തുന്ന സാഹചര്യങ്ങളോ, ക്രിയകളോ തടസ്സപ്പെട്ടാലും അവന്‍ സംഘര്‍ഷത്തിനടിമയാകുമെന്ന് നോവലുകള്‍ സാക്ഷ്യപ്പെടുത്തുന്നു. കാരണം ബാഹ്യാചാരങ്ങളിലൂടെയും ചടങ്ങുകളിലൂടെയും അനുഷ്ഠാനസ്വഭാവമുള്ള ക്രിയകളിലൂടെയും നിര്‍മ്മിക്കപ്പെടുന്നതാണ് ഓരോ ക്രൈസ്തവവിശ്വാസിയുടെയും മനസ്സ്. അവന്റെ മനസ്സിനെ എല്ലാവിധ പാപങ്ങളില്‍നിന്നും അകറ്റിനിര്‍ത്താന്‍ ഒരു പരിധിവരെ ഇത്തരം പ്രതീകങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്ന് നോവലുകള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ''ചുവരിലിരിക്കുന്ന യേശുദേവന്റെ തിരുഹൃദയരൂപം അവനെ ശാസനാരൂപത്തില്‍ നോക്കുന്നതുപോലെ തോന്നി'' (74:1982), ''അവന്‍ കഴുത്തില്‍ തപ്പി, വെന്തിങ്ങ ഇല്ല... ദൈവം അവനെ കൈവിട്ട് കളഞ്ഞതുപോലൊരു തോന്നല്‍....'' (84:2013) ,''വെള്ളിയാഴ്ച മാംസം വിലക്കപ്പെട്ട ആ ദിവസംതന്നെ അവന്‍ മാംസം ഭക്ഷിച്ചുവെന്ന ഭീകരസത്യം അവന്റെ ഓര്‍മ്മയില്‍ ഉദയം ചെയ്തു.'' (98:2013) ,എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ നോവലുക ളിലുണ്ട്.
1.2.3. ദൈവാശ്രയബോധം
ക്രൈസ്തവ മതസങ്കല്പത്തില്‍ നിരൂപാധികമായ ദൈവാശ്രയബോധത്തിന്റെ പര്യായമാണ് വിശ്വാസം. ഇത്തരം വിശ്വാസമാണ് ബൈബിള്‍ ഉപദേശിക്കുന്നത്. വിശ്വാസികളുടെ വിധേയത്വമാണ് (commitment) ക്രൈസ്തവികതയുടെ കാതല്‍. മുട്ടത്തുവര്‍ക്കിയുടെ കഥാപാത്രങ്ങള്‍ ദൈവത്തെ എന്റെ ദൈവം എന്ന് വിളിക്കാറുണ്ട്. ആ വിളിയില്‍ അടങ്ങുന്ന വൈയക്തികതയുടെ തീവ്രത വിശ്വാസത്തിന്റെ തിളക്കമാണ്. ദൈവം മാത്രമാണ് തങ്ങള്‍ക്കാശ്രയം എന്ന് വിശ്വസിക്കുന്ന ഇവര്‍ പരമമായ നിസ്സഹായതാബോധവും തത്ജന്യമായ സമ്പൂര്‍ണ്ണ സമര്‍പ്പണബുദ്ധിയും പാപിയാണെന്ന ചിന്തയും ഉത്തമ ക്രൈസ്തവികതയുടെ ലക്ഷണങ്ങളായി സ്വീകരിക്കുന്നവരുമാണ്. സുവിശേഷഭാഗ്യങ്ങളില്‍ പലതിനും അര്‍ഹരായിട്ടുള്ള ഇവരുടെ മൗലികഭാവങ്ങളാണ് മുട്ടത്തുവര്‍ക്കി ആവിഷ്‌കരിച്ചിരിക്കുന്നത്.
ദൈവാശ്രയബുദ്ധിയുടെ ബാഹ്യാവിഷ്‌കാരങ്ങളാണ് ദേവാലയ സന്ദര്‍ശനവും കുടുംബപ്രാര്‍ത്ഥനയും നേര്‍ച്ചകാഴ്ചകളും ഭക്തവസ്തുക്കളുടെ സ്വീകരണവുമെല്ലാം. ഇത്തരം ബാഹ്യാവിഷ്‌കാരങ്ങളിലൂടെയാണ് വിശ്വാസം പ്രഘോഷിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നത്. തലമുറകളായി കൈമാറിവന്ന വിശ്വാസം പരിപാലിക്കപ്പെടുന്നതും ഇതേ രീതികളിലൂടെ തന്നെയാണ്, വിധിയന്ത്രത്തിരിപ്പിന് കീഴിലും പതറാത്തതാണ് മുട്ടത്തുവര്‍ക്കിയുടെ കഥാപാത്രങ്ങളില്‍ കാണുന്ന ദൈവാശ്രയബുദ്ധി. ''സകല അറിവിന്റെയും കേന്ദ്രം ദൈവമെന്ന് വിശ്വസിക്കുക. നിന്റെ സകല പ്രവൃത്തികളും ദൈവത്തെ സാക്ഷിനിര്‍ത്തിക്കൊണ്ടുള്ളതായിരിക്കണം.'' (45:2010), ''ദൈവത്തിങ്കലേയ്ക്ക് മടങ്ങിച്ചെന്നാലോ.... ഈ ധൂര്‍ത്തപുത്രനെ ദൈവം സ്വീകരിക്കുമോ....'' (148:1983), ഏതവനായാലും ദൈവത്തിന് നിരക്കാത്ത വര്‍ത്തമാനം പറയരുതേ...'' (54:2010), ''ലോകം സങ്കല്പിക്കുന്നതിലും കൂടുതലായി പ്രാര്‍ത്ഥനകൊണ്ട് സാധിക്കും. ദൈവം നമുക്ക് തന്നിരിക്കുന്ന അറിവും സമ്പത്തും അന്യരുടെ ഉപകാരത്തിനായി ഉപയോഗിക്കുക.'' (105:2013), ''ശത്രുത വച്ചുപുലര്‍ത്തുന്നത് ക്രിസ്ത്യാനിക്ക് ചേര്‍ന്നതല്ലാ നിര്‍മ്മലേ....'' (149:1990)[1] എന്നിങ്ങനെ ദൈവാശ്രയബോധത്തിന്റെ ബഹിഃസ്ഫുരണങ്ങള്‍ നിരവധിയാണ്.
1.2.4. മറുചോദ്യങ്ങള്‍
ശരി-തെറ്റുകളെക്കുറിച്ചും പാപ-പുണ്യങ്ങളെക്കുറിച്ചും ധാരണകളുള്ള വിശ്വാസിയിലുണ്ടാകാവുന്ന ചില മറുചോദ്യങ്ങളെയും മുട്ടത്തുവര്‍ക്കി നോവലുകളിലവതരിപ്പിക്കുന്നുണ്ട്. നോവലിലെ ജനപ്രിയ മതാത്മകതയെ നിര്‍ണ്ണയിക്കുന്നതില്‍ ഇവയ്ക്കും നിര്‍ണ്ണായക സ്ഥാനമുണ്ട്. ദൈവവുമായി ഗാഢബന്ധം പുലര്‍ത്തുന്ന വിശ്വാസിയുടെ ഉള്ളിലുയരുന്ന ചോദ്യങ്ങളായോ അല്പവിശ്വാസിയുടെ ജല്പനമായോ അവയെ അവതരിപ്പിക്കുന്നു. ദൈവത്തിന്റെ നീതി, വിവേചനാശക്തി, കാരുണ്യം എന്നിവയും മനുഷ്യന്റെ പ്രണയം, ലൈംഗികത, പുണ്യ-പാപങ്ങള്‍ എന്നിവയും ഇത്തരം ചോദ്യങ്ങളിലൂടെ വിലയിരുത്തപ്പെടുന്നു. സാധാരണക്കാരായ വായനക്കാരുടെ ഉള്ളിലുയരാവുന്ന മറുചോദ്യങ്ങളെ മുന്‍കൂട്ടിക്കാണുന്ന എഴുത്തുകാരന്‍ അവയെ വിരുദ്ധമനോഗതികളുള്ള കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയും ഉത്തരം നല്‍കുകയും ചെയ്യുന്നു. ആത്യന്തികമായി ദൈവനീതിയുടെ മഹത്വമാണ് തെളിയിക്കപ്പെടുന്നതെങ്കിലും വായനക്കാരുടെ മനസ്സിലുണ്ടായേക്കാവുന്ന ബഹുസംവാദാത്മകതയെയും ബഹുസ്വരതയെയും നോവല്‍ പരിസരത്തില്‍ത്തന്നെ പരിഗണിക്കുന്നുവെന്നതാണ് മറു ചോദ്യങ്ങളുടെ പ്രസക്തി. ''ദൈവം എന്തിനാണ് അവനെ ശിക്ഷിക്കുന്നത്. ദൈവത്തിന് അവനോട് കരുണയുണ്ടോ... ഉണ്ടായിരുന്നുവെങ്കില്‍ പിന്നെന്തിന് അവനെ ദൈവം ഇങ്ങനെ അനാഥനും ദരിദ്രനുമാക്കി?'' (40:2013), ''അവളെ മാത്രം ദൈവം ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തുകൊണ്ട്?'' (21:2010), ''എന്തിനാണ് ദൈവം കുറേപ്പേരെ സമ്പന്നരും ബാക്കിയുള്ളവരെ നിര്‍ദ്ധനരും ആക്കുന്നത്. മനസ്സിലാകുന്നില്ല. ദൈവം നീതിമാനാണോ?''217:(2013), ''നാം കൈകൊണ്ട് മെനഞ്ഞുണ്ടാക്കുന്ന കളിമണ്‍ പ്രതിമകളെ നാം വണങ്ങണോ?'' (296:1981), ''എനിക്കീ പാപത്തിന്റെ കാര്യം കേള്‍ക്കുന്നത് തന്നെ ദേഷ്യമാ... ഈ ചന്ദ്രയുഗത്തില്‍ ആരെങ്കിലും പാപപുണ്യങ്ങളാകുന്ന പഴയ അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുമോ?'' (298:1981) എന്നിങ്ങനെ ഒരു സാധാരണക്കാരന്റെ ആത്മനൊമ്പരങ്ങളുടെ പ്രതിഫലനമായി ഇത്തരം അഭിപ്രായപ്രകടനങ്ങളെ അവതരിപ്പിക്കുന്നു.
1.2.5. പ്രലോഭനങ്ങളുടെ അതിജീവനം
നൈമിഷിക വികാരങ്ങള്‍ക്ക് അടിപ്പെട്ട്, ദൈവകല്പനകള്‍ ലംഘിച്ച് മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന കഥാപാത്രങ്ങളെ ചിത്രീകരിച്ചതിനൊപ്പം പ്രലോഭനങ്ങളെ ദൈവവിചാരത്താലും പാപഭയത്താലും മറികടക്കുന്ന കഥാപാത്രങ്ങളെയും മുട്ടത്തുവര്‍ക്കി ആവിഷ്‌കരിച്ചിട്ടുണ്ട്. കുടുംബത്തോടും സമൂഹത്തോടും കൂടുതല്‍ പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ടും ഇന്ദ്രിയനിഗ്രഹം സാധിച്ചുകൊണ്ടും ഭക്ത്യനുഷ്ഠാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചുകൊണ്ടും പാപത്തെ മറികടക്കാനാകുമെന്ന് ഈ കഥാപാത്രങ്ങള്‍ തെളിയിക്കുന്നു. ഇത്തരം അതിജീവനപാഠങ്ങളെയും ജനപ്രിയ മതാത്മകാവിഷാകാരത്തിന്റെ മൂലകമായി (element) അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ''താന്തോന്നിയായ കുട്ടിയെപ്പോലെ തോമ്മായുടെ മനസ്സ് സഞ്ചരിച്ചു. എങ്കിലും അതിനെ അവന്‍ നിയന്ത്രിച്ച് കീഴടക്കി.'' (183:2013), ''തന്റെ ഉള്ളില്‍ ഏതാനും നിമിഷംമുമ്പ് അങ്കുരിച്ച പാപവിചാരത്തിന് പ്രായശ്ചിത്തമായി അവളുടെ മുഖം അയാള്‍ തന്റെ വക്ഷസ്സോട് ചേര്‍ത്തുപിടിച്ചു. തന്റെ ഭര്‍ത്താവിന്റെ സ്‌നേഹപ്രകടനം തറതിയ്ക്ക് ആശ്ചര്യകരമായി തോന്നി.'' (161:2013), ''ശീമ മദ്യത്തിന്റെ രുചി എന്തെന്ന് അറിയുവാന്‍ അയാള്‍ക്ക് കൊതിയുണ്ടായിരുന്നു. പക്ഷേ കുഞ്ഞുങ്ങളെപ്പറ്റി ഓര്‍ക്കും. പാവപ്പെട്ട ഭാര്യയെ ഓര്‍ക്കും. മടങ്ങിപ്പോരും'' (215:2013) എന്നിങ്ങനെ പ്രലോഭനാതിജീവനത്തിന്റെ വഴികള്‍ വ്യത്യസ്തമാണ്.
ഉപസംഹാരം
കാലത്തെ ആശ്രയിക്കുന്ന ചലനമാണ് ക്രിയ. ഓരോ ക്രിയയ്ക്കും വിശേഷഗുണങ്ങള്‍ ഉണ്ട്, കഥാപാത്രത്തിന്റെ ക്രിയകളുടെ സ്വഭാവവും ആശയരീതികളും അടിസ്ഥാനമാക്കിയാണ് ഗുണങ്ങളെ വേര്‍തിരിക്കുന്നത്. പാപവും പുണ്യവും നീതിയും അനീതിയുമെല്ലാം ഇങ്ങനെ വേര്‍തിരിക്കാനാവുന്ന ഗുണങ്ങളാണ്. വേര്‍തിരിവിന്റെ മാനദണ്ഡം ദൈവകല്പനകളും മതാത്മക ദര്‍ശനങ്ങളുമാണ്. ഇങ്ങനെ വേര്‍തിരിക്കപ്പെടുന്ന ഗുണഗണങ്ങളെ അടിസ്ഥാനമാക്കി വ്യക്തികളുടെ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നു. പാപത്തിന് മധ്യവര്‍ഗ്ഗക്കാരന്‍ കല്പിക്കുന്ന ശിക്ഷ നോവലിസ്റ്റ് നോവലിനുള്ളില്‍ വച്ചുതന്നെ നടത്തിക്കൊടുക്കുന്നു; സ്വര്‍ഗ്ഗം, നരകം, പിശാച്, കുരിശ് എന്നീ മതാത്മകപ്രതിരൂപങ്ങളെയെല്ലാം ജനാധിപത്യവത്കരിക്കുന്നു; ദൈവത്തോട് പരിഭവിക്കുകയും മറുചോദ്യങ്ങള്‍ ചോദിച്ച് തങ്ങളുടെ അസംതൃപ്തികളെ അറിയിക്കുകയും ചെയ്യുന്ന നിഷ്‌കളങ്കമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു.വായനക്കാരനുണ്ടാകുന്ന സംശയങ്ങളെ നോവലിസ്റ്റ്തന്നെ ആഖ്യാനം ചെയ്യുന്നു. ഇത്തരം ആഖ്യാനങ്ങളിലൂടെ മനുഷ്യന്റെ അജ്ഞതയും ദൈവത്തിന്റെ ജ്ഞേയതയും പ്രകീര്‍ത്തിക്കപ്പെടുന്നു. ചുരുക്കത്തില്‍ അതിരുകളില്ലാതെ സ്വീകരിക്കുവാനും ആസ്വദിക്കുവാനും പറ്റുന്ന വിശാലമായ ദൈവദര്‍ശനമാണ് മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലെ ജനപ്രിയമതാത്മകതയുടെ അന്തഃസത്ത
സഹായകഗ്രന്ഥങ്ങൾ
1. തോമസ്, തുമ്പമണ്‍, പ്രൊഫ., പാപവിചാരം, സി. ജെ.യുടെ നാടകങ്ങളില്‍, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2012
2. വര്‍ക്കി, മുട്ടത്ത്, ആറാം പ്രമാണം, ഡി. സി. ബുക്‌സ്, കോട്ടയം, 2013.
3. വര്‍ക്കി, മുട്ടത്ത്, പട്ടുതുവാല, ഡി. സി. ബുക്‌സ്, കോട്ടയം, 2010.
4. വര്‍ക്കി, മുട്ടത്ത്, ഈന്തത്തണല്‍, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, കോട്ടയം, 1981.
5. വര്‍ക്കി, മുട്ടത്ത്, പാടത്തിനക്കരെ, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, കോട്ടയം, 1983.
6. വര്‍ക്കി, മുട്ടത്ത്, സ്‌നേഹിച്ച പെണ്ണ്, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, കോട്ടയം, 1985.
7. വര്‍ക്കി, മുട്ടത്ത്, കരകാണാക്കടല്‍, ഡി. സി. ബുക്‌സ്, കോട്ടയം, 2013.
8. വര്‍ക്കി, മുട്ടത്ത്, ഒരു കുടയും കുഞ്ഞുപെങ്ങളും, ഡി. സി. ബുക്‌സ്, കോട്ടയം, 2013.
9. വര്‍ക്കി, മുട്ടത്ത്, നമുക്ക് ജീവിക്കാം, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, കോട്ടയം, 1983.
10. വര്‍ക്കി, മുട്ടത്ത്, ലിസി എന്റെ ലിസി, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, കോട്ടയം, 1982.
11. വര്‍ക്കി, മുട്ടത്ത്, ഇണപ്രാവുകള്‍, ഡി. സി. ബുക്‌സ്, കോട്ടയം, 2010.
12. വര്‍ക്കി, മുട്ടത്ത്, എന്റെ സുന്ദരി, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, കോട്ടയം, 1983.
13. വര്‍ക്കി, മുട്ടത്ത്, പാടാത്ത പൈങ്കിളി, ഡി. സി. ബുക്‌സ്, കോട്ടയം, 2010.
14. വര്‍ക്കി, മുട്ടത്ത്, പഞ്ചായത്ത് വിളക്ക്, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, കോട്ടയം, 1990.
ഡോ. സോജന്‍ പുല്ലാട്ട്
അസോ. പ്രൊഫസര്‍, മലയാളവിഭാഗം
സെന്റ് തോമസ് കോളേജ്, പാലാ
ഫോണ്‍: 9497585239
ഇമെയില്‍: sojanpullattu@gmail.
Comments