മലപ്പുറം വാമൊഴി:ഭാഷയും സമുദായഘടനയും
- GCW MALAYALAM
- 2 days ago
- 7 min read
ഡോ. ജമീൽ അഹമ്മദ്

പ്രബന്ധസംഗ്രഹം
മലയാളത്തിലെ നൂറുകണക്കിന് ഭാഷാഭേദങ്ങളിൽ സാമുദായിക ഭാഷാഭേദങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് മാപ്പിളവാമൊഴി. ഭാഷാശാസ്ത്രപരമായും നാടോടിവിജ്ഞാനീയമേഖലയിലും സംസ്കാരപഠനത്തിലും ഒട്ടേറെ ഗവേഷണസാധ്യതകളുള്ള ഒരു വാമൊഴിവഴക്കമാണ് അത്. മാപ്പിളസാഹിത്യത്തിലെയും അറബിമലയാള ലിപിയിലെയും ഒട്ടനവധി രചനകളുടെ ഭാഷാപരവും സാംസ്കാരികവുമായ പശ്ചാത്തലം ആ വാമൊഴിവഴക്കമാണ്. മലപ്പുറമാണ് മാപ്പിളവാമൊഴിയുടെ പ്രധാന ഭൂമിക. മലപ്പുറം എന്ന ദേശത്തിനും അവിടത്തെ വാമൊഴിക്കും ഉള്ള സാമുദായികവും പ്രാദേശികവും മതപരവുമായ ബന്ധങ്ങൾ ഏറെ സംവാദങ്ങൾക്കും സാധ്യതയുള്ളതാണ്. മലപ്പുറത്തെ മാപ്പിളമാരുടെ വാമൊഴിയിലെ സാമുദായിക പശ്ചാത്തലം വിശദമാക്കുന്ന പഠനമാണിത്. അതിൻ്റെ ഭാഷാസ്വഭാവത്തെ മുൻനിറുത്തിയാണ് ഈ പ്രബന്ധത്തിലെ വസ്തുതകൾ സ്വരൂപിച്ചിരിക്കുന്നത്.
താക്കോൽ വാക്കുകൾ - മാപ്പിള, വാമൊഴി വഴക്കം, ദേശഭാഷ, അപരത്വം, സ്വത്വം, സാമുദായികത. ശൈലി, പഴഞ്ചൊല്ല്.
മലപ്പുറം എന്ന ദേശം അതിൻ്റെ ഭാഷാപരമായ വ്യത്യാസത്തിൽ കൂടിയാണ് പ്രത്യേകം അടയാളപ്പെട്ടുത്തപ്പെട്ടത്. മലപ്പുറം ഭാഷ, മാപ്പിള വാമൊഴി, മാപ്പിളഭാഷ എന്നൊക്കെ അത് സാമാന്യ മലയാളത്തിൽനിന്ന് വേറിട്ട് ചൊല്ലപ്പെടുന്നു. മലപ്പുറം വാമൊഴി മലയാളഭാഷയുടെ ഏറ്റവും അശുദ്ധമായ മാതൃകയായി എപ്പോഴും കരുതപ്പെട്ടു. കുമാരനാശാൻ ദുരവസ്ഥ (1922) എന്ന കവിതയിൽ ഏറനാട്ടിലെ 'ദുഷ്ടമഹമ്മദന്മാ'രായ "കൊള്ളക്കാർ ഒട്ടാളെ വെട്ടിക്കൊലചെയ്തും/ 'അള്ളാ' മതത്തിൽ പിടിച്ചു ചേർത്തും" മുന്നേറുന്ന രംഗം വിവരിക്കുന്നിടത്ത് അവരുടെ പ്രധാനപ്പെട്ട ഒരടയാളമായി പറയുന്നത്:
ശുദ്ധിയില്ലാത്ത മലയാള ഭാഷയിൽ
ക്രുദ്ധിച്ചസഭ്യങ്ങൾ ചൊല്ലിച്ചൊല്ലി
താനേ ചിലർ കലിയാർന്നു മദംപെടു-
മാനപോൽ കൂക്കിവിളിച്ചിടുന്നു. എന്നാണ്. ഭാഷയെ അശുദ്ധമാക്കുക, ക്രൂദ്ധിച്ച് അസഭ്യങ്ങൾ ചൊല്ലുക, കലിയാർന്ന് കൂകിയാർക്കുക എന്നീ മൂന്നു മുദ്രകളാണ് മാപ്പിളമാരുടെ ഭാഷാപ്രയോഗത്തിന് അദ്ദേഹം ചാർത്തുന്നത്. ആദ്യത്തേത് ഘടനാപരവും (Structural) രണ്ടാമത്തേത് പദതലത്തിലുള്ളതും (Semantic) മൂന്നാമത്തേത് താനത്തെ (Intonation) കുറിക്കുന്നതുമാണ്. ഭാഷാശുദ്ധിയില്ലാത്ത ജനവിഭാഗമാണ് മാപ്പിളമാർ എന്ന ആഖ്യാനം കഴിഞ്ഞ നൂറ്റാണ്ടിൻ്റെ തുടക്കത്തിലേ മലപ്പുറത്തുകാരെക്കുറിച്ച് ഉണ്ട് എന്നാണിതിന് തെളിവ്.
മാപ്പിളവാമൊഴിയെക്കുറിച്ചുള്ള ഈ പൂർവകൽപന ഇന്നും ശക്തമായി തുടരുന്നുണ്ട്. മലപ്പുറത്തുകാരെ പൊതുവെയും മുസ്ലിംകളെ പ്രത്യേകമായും സോഷ്യൽമീഡിയകളിൽ അപഹസിക്കാനും തെറിവിളിക്കാനും വരെ ഈ മാപ്പിളവാമൊഴി ഇക്കാലത്തും ഉപയോഗപ്പെടുത്തുന്നുണ്ട്. കേരളത്തിലെ മറ്റൊരു പ്രാദേശിക വാമൊഴിഭേദത്തിനും മതപരമായ സ്വത്വം പൊതുവെ ഇല്ല എന്നതും ശ്രദ്ധേയമാണ്. മലപ്പുറത്തെ മാപ്പിളമാർ മാത്രമല്ല, ഈഴവസമുദായങ്ങളും ദലിത് വിഭാഗക്കാരും പൊതുവെ മാപ്പിളവാമൊഴിയോട് ചാർച്ചയുള്ള ഈണത്തിലും പദഘടനയിലും സംസാരിക്കുന്നവരാണ്. പലരും അറബി പദങ്ങളും മാപ്പിള വാമൊഴി പദങ്ങളും സ്വാഭാവികമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ മലപ്പുറം ഭാഷ എന്നത് ഒരർഥത്തിൽ മുസ്ലിംകളുടെ മാത്രം ഉടമസ്ഥതയിലുള്ളതല്ല എന്നാണ് ശരി.
മാപ്പിള വാമൊഴിയും മതസ്വത്വവും
ഒരു ഭാഷകസമൂഹത്തിലെ വാമൊഴിയെക്കുറിച്ചുള്ള പഠനം ആ സമൂഹത്തിൻ്റെ ഘടനയെയും സ്വത്വത്തെയും കുറിച്ചുള്ള പഠനംകൂടിയാണ്. ഭാഷ, സംസ്‌കാരം, ലിംഗഭേദം, വിശ്വാസാചാരങ്ങൾ, ദേശം തുടങ്ങിയവയിലുള്ള വ്യത്യാസങ്ങളാൽ നിർണയിക്കപ്പെടുന്ന വ്യക്തിസത്തയാണ് സ്വത്വം. ഒരു സമൂഹത്തിൻ്റെ സ്വത്വം രൂപപ്പെടുത്തുന്നതിൽ അവരുടെ ഭാഷയ്ക്ക് വലിയ പങ്കുണ്ട്. സമുദായത്തിൻ്റെ വാമൊഴി അതിൻ്റെ ഘടന നിർണയിക്കുകമാത്രമല്ല, ആ സവിശേഷഘടനയെ വെളിപ്പെടുത്തുകയും മറച്ചുവെക്കുകയും ചെയ്യാനുള്ള ഉപകരണമായി മാറുകയും ചെയ്യുന്നു. 'മലപ്പുറം മാപ്പിള' എന്ന സമുദായഘടന രൂപപ്പെട്ടതിൽതന്നെ ഇസ്ലാംമതത്തിൻ്റെ ചരിത്രപരമായ ഇടപെടലുകളുണ്ട്. അതുകൊണ്ടുതന്നെയാണ് മാപ്പിളസമുദായം ഇത്രയും മതാത്മകമായത്. മാപ്പിള സ്വത്വരൂപീകരണത്തിൻ്റെ പല അടരുകളും നിർണയിക്കുന്നത് അവരുടെ മതമാണ്. അതു ഭാഷയിലും പ്രതിഫലിക്കുമെന്ന് സുവിദിതമാണല്ലോ.
മാപ്പിള വാമൊഴിയിൽനിന്ന് ശേഖരിച്ച പദങ്ങളുടെ അപഗ്രഥനത്തിലൂടെ ഏറനാടൻ മാപ്പിള വാമൊഴിയിൽ മതാത്മകഘടകങ്ങളുടെ സ്വാധീനം വളരെ വലുതാണെന്ന് ഈ ലേഖകൻ വിശകലനം ചെയ്തിട്ടുണ്ട്. മാപ്പിളവാമൊഴിയിലെ മതാത്മക ഘടകങ്ങൾ എന്ന വിഷയത്തിൽ നടന്ന എൻ്റെ പി എച്ച് ഡി പ്രബന്ധത്തിലെ പ്രധാന നിഗമനങ്ങളിലൊന്നാണ് അത്. മാപ്പിളമാരുടെ മുഖ്യ സാമുദായിക സവിശേഷതകൾ നിയന്ത്രിക്കുന്നത് ആരാധനാനുഷ്ഠാനങ്ങൾക്കുപുറമെ മതാത്മകമായ ആചാരങ്ങളും അഘോഷങ്ങളുമാണ്. കൂടാതെ, ഭക്ഷണം, ഭാഷ, വേഷം തുടങ്ങിയവയിലും മാപ്പിളമാർ സ്വീകരിച്ച സവിശേഷ സ്വഭാവങ്ങളുണ്ട്. മാപ്പിള വാമൊഴിയെ മാനകമലയാളത്തിൽനിന്നും മറ്റു സാമുദായിക ഭാഷാഭേദങ്ങളിൽനിന്നും വേർത്തിരിക്കുന്ന പൊതുവായ പ്രത്യേകതകളിൽ പ്രധാനപ്പെട്ടവ ഉച്ചാരണവ്യത്യാസവും അറബിവാക്കുകളുടെ ആധിക്യവും മതപരമായ വാക്കുകളും മാപ്പിളവാമൊഴിയിൽ മാത്രം കാണുന്ന തനിവാക്കുകളുമാണ്. അവയിൽ ഉച്ചാരണവ്യത്യാസമൊഴിച്ച് മറ്റുള്ളവയെല്ലാം പദതലത്തിലെ വ്യത്യസ്തകളാണ്.
മാപ്പിളവാമൊഴിയും ഇതരസമൂഹങ്ങളും
മലപ്പുറത്തുകാർ സ്വസമുദായത്തിനകത്തുള്ളവരോടും പുറത്തുള്ളവരോടും ഇടപഴകുന്നവരാണെങ്കിലും എല്ലാ ഭാഷണസന്ദർഭങ്ങളിലും തനതായ മാപ്പിളവാമൊഴി പൊതുവെ ഉപയോഗിക്കുന്നില്ല. ചിലർ വീട്ടിൽ മാത്രം മാപ്പിളവാമൊഴിയുപയോഗിക്കുമ്പോൾ ചിലർ അടുത്ത സുഹൃത്തുക്കളോടാണ് മാപ്പിളവാമൊഴിയിൽ സംസാരിക്കുന്നത്. മാപ്പിളമാരോട് സ്വന്തം വാമൊഴിയിലും അന്യ സമുദായക്കാരോടും ഉപഭാഷാ വിഭാഗങ്ങളോടും മാനകഭാഷയോടടുത്തുനിൽക്കുന്ന മലയാളത്തിലും സംസാരിക്കുന്നവരുമുണ്ട്. ഏത് ഭാഷകസമൂഹത്തോടും മാപ്പിളഭാഷയിൽ സംസാരിക്കുന്നവരും ഉണ്ട്. വിദ്യാഭ്യാസവും സാമൂഹിക പദവിയും കുറഞ്ഞവരാണ് പൊതുവെ അത്തരക്കാർ. തങ്ങളുടെ ഭാഷ താരതമ്യേന മോശമാണെന്ന ധാരണയും അതിനു പിന്നിലുണ്ട്. തങ്ങളുടെ വാമൊഴിയെക്കാൾ അന്യ സമുദായങ്ങളുടെ വാമൊഴിയാണ് ശുദ്ധമെന്നും തങ്ങളുടെ വാമൊഴി 'പടുഭാഷ'യാണെന്നും മുസ്‌ലിംസമുദായത്തിലെ ഭൂരിപക്ഷംപേരും വിശ്വസിക്കുന്നുണ്ടെന്ന് ഡോ. പി. എം ഗിരീഷ് മറ്റൊരു സാമൂഹികഭാഷാശാസ്ത്ര ഗവേഷണത്തിൻ്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്. (ഭാഷയും അധികാരവും 2001 - 70).
മതാത്മകശൈലികളും അറബിപദങ്ങളും സവിശേഷമായ ഈണവുമെല്ലാം കൊണ്ട്, അന്യസമുദായത്തിൽപെട്ടവർക്ക് മാപ്പിളവാമൊഴി മനസ്സിലാവുകയില്ല എന്ന മുൻവിധിയാണ് അതിൻ്റെ പ്രധാന കാരണം. അന്യവിഭാഗക്കാരുമായുള്ള ഭാഷണസന്ദർഭങ്ങളിൽ മാപ്പിളവാമൊഴിയുടെ സവിശേഷതയായ ഭാഷാസ്വഭാവങ്ങളില്ലാതെ സംസാരിക്കാൻ മാപ്പിളമാർ നിർബന്ധിതരാകുന്നതും അതുകൊണ്ടാണ്. അതുമൂലം ഇന്നത്തെ മാപ്പിളമാർ ദ്വിഭാഷിത്വവുമായി ബന്ധപ്പെട്ട ചില ഭാഷാപ്രശ്‌നങ്ങൾക്കൂടി വഹിക്കുന്നുണ്ട്.
ഒരു സാമുദായിക ഭാഷാഭേദം എന്ന നിലയിൽ മാപ്പിളവാമൊഴിയുടെ സവിശേഷസ്വഭാവം നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ഏറനാടൻ മാപ്പിളമാരുടെ സാമൂഹികാവസ്ഥയിലും സാസ്‌കാരിക ജീവിതത്തിലും വന്ന മുന്നേറ്റങ്ങൾ ഇത്തരം മാറ്റങ്ങളെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. പൊതുവായ ഉച്ചാരണം സ്വീകരിക്കുക, അറബിവാക്കുകളും മതപരമായ വാക്കുകളും പരമാവധി ഒഴിവാക്കി സംസാരിക്കുക, മാനകമായതോ ഭൂരിപക്ഷസമൂഹത്തിൻ്റെയോ ഈണത്തിൽ സംസാരിക്കുക എന്നിവയാണ് മാപ്പിളവാമൊഴിയുടെ പരിചരണത്തിലുണ്ടായ പ്രധാന മാറ്റങ്ങൾ. സാമ്പത്തികമായ പുരോഗതിയും വിദ്യാഭ്യാസമുന്നേറ്റങ്ങളുമാണ് ഇത്തരം മാറ്റങ്ങളുടെ മുഖ്യ കാരണം. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക കാര്യങ്ങളുടെ ഭാഗമായി മറ്റു സമുദായങ്ങളോട് കൂടുതലായി ഇടപെടേണ്ടിവന്നതും മാപ്പിളമലയാളത്തിൻ്റെ മാറ്റത്തിന് കാരണമായി. ടെലിവിഷൻ, സിനിമ, വിവരവിനിമയ മാധ്യമങ്ങൾ, സോഷ്യൽമീഡിയ എന്നിവയുടെ സാംസ്‌കാരികമായ സ്വാധീനമായും വാമൊഴിയിലുണ്ടായ ഈ മാറ്റങ്ങളെ കാണണം.
മലപ്പുറം ചൊല്ലുകൾ
മാപ്പിളമാർ പൊതുവെയും മലപ്പുറത്തുകാർ പ്രത്യേകിച്ചും വിവിധ ഭാഷണസന്ദർഭങ്ങളിലുപയോഗിക്കുന്ന പഴഞ്ചൊല്ലുകളിലും അവരുടെ ഭാഷണസ്വഭാവത്തിൻ്റെ ഘടകങ്ങൾ പ്രകടമാണ്. പഴഞ്ചൊല്ലുകളിലും ശൈലികളിലുമാണ് വാമൊഴിയിലെ ജനകീയ സംസ്‌കാരത്തിൻ്റെ ചിഹ്നങ്ങൾ ഏറ്റവുമധികം വ്യക്തമാവുക. ഏതുസംസ്‌കാരത്തിൻ്റെയും അകത്തേക്കുള്ള പ്രവേശനമാർഗങ്ങളിൽ മെച്ചപ്പെട്ട ഒന്ന് പഴഞ്ചൊല്ലാണ്. സാമാന്യ ജനങ്ങൾ അവരുടെ അനുഭവത്തിൽനിന്ന് പടച്ചുണ്ടാക്കുന്ന വാമൊഴി പ്രതികരണങ്ങളെ പഴഞ്ചൊല്ലുകൾ എന്നു വിളിക്കാം. 'പറഞ്ഞു പഴകിയതും കാലപ്പഴക്കം വന്നതുമായ വാമൊഴി രൂപങ്ങളാണ് പഴഞ്ചൊല്ലുകളെ'ന്ന് മലയാളത്തിലെ പ്രമുഖ പഴഞ്ചൊൽ ശേഖരണകൃതിയുടെ കർത്താവായ പി. സി കർത്താ നിർവചിക്കുന്നു. ശൈലിയും പഴഞ്ചൊല്ലും തമ്മിൽ സാമ്യമുണ്ടെങ്കിലും പ്രകടമായ വ്യത്യാസങ്ങളുമുണ്ട്. ശൈലികൾ കാലഭേദത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. പഴഞ്ചൊല്ലുകളുടെ പ്രധാന ഘടകം അതിൻ്റെ പഴക്കം തന്നെയാണ്. ശൈലികൾ പഴകിയാണ് പഴഞ്ചൊല്ലുകളാകുന്നതെന്നും പറയാം. രൂപപരമായ പൂർണതയാണ് പഴഞ്ചൊല്ലുകളെ ശൈലിയിൽനിന്ന് വേറിട്ടുനിർത്തുന്ന ഭാഷാഘടകം. സമുദായത്തിൻ്റെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതം പഴഞ്ചൊല്ലുകളിൽ പ്രതിഫലിക്കുന്നു. മാപ്പിളമാർ ഉപയോഗിക്കുന്ന പഴഞ്ചൊല്ലുകൾ, ശൈലികൾ, പ്രയോഗങ്ങൾ എന്നിവയെ മാപ്പിളച്ചൊല്ലുകൾ എന്നും പറയാറുണ്ട്. മാപ്പിളമാരുടെ ദായക്രമം, മൂല്യവ്യവസ്ഥ, ജീവിതവൃത്തി എന്നിവയെല്ലാം മാപ്പിളച്ചൊല്ലുകൾ ആവിഷ്‌കരിക്കുന്നുണ്ട്. 'ഗണപതിക്കുവെച്ചത് കാക്ക കൊണ്ടുപോയി' എന്ന പഴമൊഴിയും 'ബദറിൽ ഇബ്‌ലീസ് ഇറങ്ങിയതുപോലെ' എന്ന പ്രയോഗവും രണ്ടു സമുദായങ്ങളുടെ വ്യത്യസ്ത ആചാരവിശ്വാസങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടല്ലോ. 'ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം' എന്ന പൊതുമലയാള ചൊല്ലിനെ ഒരുമയ്ക്ക് ഒമ്പത് ബർക്കത്ത് എന്ന് മാപ്പിള മാറ്റി ചൊല്ലുമ്പോൾ ദൈവാനുഗ്രഹം (ബർക്കത്ത്) എന്ന അധികസൂചന ലഭിക്കുന്നു. ഇങ്ങനെയുള്ള ഇസ്‌ലാംമത സൂചനകൾ മാപ്പിളച്ചൊല്ലുകളിൽ ധാരാളമുണ്ട്.
നമ്പൂതിരിമാർക്കിടയിൽ പ്രചാരത്തിലുള്ള ചൊല്ലുകളിൽ സംസ്‌കൃത ഭാഷയുടെ സ്വാധീനം കാണുന്നതുപോലെ മാപ്പിളച്ചൊല്ലുകളിൽ അറബി പദങ്ങളും വാക്യങ്ങളും ധാരാളം കാണാം. 'ആശവലിയോന് അദാബ് പെട്ടുപോകും' എന്നതിലെ അദാബ്, 'ഒരുമക്ക് ഒമ്പത് ബർക്കത്ത്' എന്ന ചൊല്ലിലെ ബർക്കത്ത് തുടങ്ങിയ പദങ്ങൾ അറബിയിൽനിന്ന് ആദാനം ചെയ്തതാണ്. മലപ്പുറത്തെ മാപ്പിളമാരുടെ ചില ചൊല്ലുകളിൽ ഇസ്‌ലാമിക ചരിത്രം നേരിട്ടുതന്നെ വരുന്നതുകാണാം. ബസറീക്ക് ഈത്തപ്പഴം കയറ്റരുത് (ഇറാഖിലെ ബസ്വറ എന്ന പ്രദേശം ഈത്തപ്പഴ കൃഷിക്ക് ചരിത്രപ്രസിദ്ധമാണ്), ബദറില് ഈച്ച പെട്ടതുപോലെ എന്നീ ചൊല്ലുകൾ ഉദാഹരണം. മുഹമ്മദ്‌നബിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ പോരാട്ടമാണ് ബദ്ർ. യുദ്ധഭൂമിയിൽ പെട്ട ഈച്ച എത്ര നിസ്സാരസാന്നിധ്യമാണ്.
മുസ്‌ലിം സാമൂഹിക ബന്ധങ്ങളും പെരുമാറ്റവും ആണ് മലപ്പുറത്തെ മാപ്പിളമാരുടെ ചൊല്ലുകളിൽ കാണുന്ന സവിശേഷതകളിൽ മറ്റൊന്ന്. ഓൻ്റെ വാക്കും പഴേ ചാക്കും ഒരുപോലെയാണ്, കണ്ണകന്നാൽ ഖൽബകന്നു, അരിശള്ളോടത്തേ പിരിശള്ളൂ (പിരിശം - സ്‌നേഹം), ഉസ്‌റും പുളിം ല്ലാത്തോൻ്റെ മൂട്ടില് ആല് മൊളച്ചാ അത്തന്നെ തണല് (ഉസ്‌റുംപുളിയും എന്ന പ്രയോഗത്തിന് നാണം എന്നർഥം) തുടങ്ങിയ ചൊല്ലുകളിൽ അതാണ് മുന്നിട്ടുനിൽക്കുന്നതും. അതോടൊപ്പം മുസ്‌ലിംകൾ മാത്രം പങ്കുവെക്കുന്ന സാമുദായികമായ വിശേഷങ്ങളും മലപ്പുറം ചൊല്ലുകളിൽ ഉണ്ട്. കോയെർച്ചിനെക്കാളും ബീര്യം മത്തെൻ്റെലക്ക് (കോഴിയിറച്ചിയെക്കാളും ഡിമാന്റ് മത്തൻ ഇലക്ക്), നമ്പൂരി തീട്ടം ചവുട്ടിയപോലെ (അമിതമായ ശുദ്ധിബോധം ആകെ വൃത്തികേടാക്കും) തങ്ങള് കുപ്പായം അഴിച്ചപോലെ (സ്ഥാനവസ്ത്രം ശാരീരിക യോഗ്യതയല്ല. പുറംകണ്ട് അകത്തെക്കുറിച്ച് തെറ്റിദ്ധരിക്കരുത്) എന്നിവ അതിനുദാഹരണങ്ങളാണ്.
മാപ്പിളമാരുടെ കുടുംബബന്ധങ്ങളെ സൂചിപ്പിക്കുന്ന ചൊല്ലുകളാണ് വാപ്പ ചന്തക്കു പോയപ്പോ സൂപ്പി മൂപ്പനായി (സൂപ്പി മകൻ്റെ പേരാണ്), മുസീബത്തിൻ്റെ നായ മൂത്താപ്പാനിം കടിച്ച് (ആപത്തുവരുമ്പോൾ കൂട്ടത്തോടെ. മുസീബത്ത് - ആപത്ത്), കളിച്ച് കളിച്ച് വല്ലിപ്പാൻ്റെ താടിമ്മെ കളിക്കര്ത് (മുറത്തിൽ കയറിക്കൊത്തരുത്) എന്നീ ചൊല്ലുകൾ. മുസ്‌ലിം സ്ത്രീജീവിതവുമായി ബന്ധമുള്ള ചൊല്ലുകളെ വേറെത്തന്നെ പറയേണ്ടതുണ്ട്. ബീവികുത്ത്യാലും വെള്ളാട്ടി കൂത്യാലും അരി വെള്ത്താ മതി (വേലക്കാരിയാണ് വെള്ളാട്ടി), കുന്നു കുലുങ്യാലും കുഞ്ഞായ്ച്ച കുലുങ്ങൂല (സ്ത്രീയുടെ തന്റേടമാണ് സൂചന), പെണ്ണു തുള്ള്യാ പടിപ്പുര വരെ എന്നീ ചൊല്ലുകളിൽ സ്തീയുടെ സാമൂഹിക പദവിയെക്കുറിച്ച സാമുദായികബോധവും ഒളിഞ്ഞുകിടക്കുന്നുണ്ട്. വടക്കിനിക്ക് എകരം കൂടര്ത് (അടുക്കളക്ക് ഉയരം കൂടരുത്. വീട്ടുകാര്യങ്ങൾ തീരുമാനിക്കേണ്ടത് സ്ത്രീകളല്ല) എന്ന ചൊല്ല് പൊതുവെയുള്ള സ്ത്രീമനോഭാവത്തിൻ്റെ മലപ്പുറം ഭാഷാഭേദമാണ്.
മാപ്പിള പഴംചൊല്ലുകളിലെ പ്രധാന തന്തു ഫലിതമാണ്. ഒരു കഥയുടെ പിന്നാമ്പുറം ആ ചൊല്ലുകൾക്കുണ്ടാകും. ഏരിവധികമുള്ള കോഴിക്കറി ഇഷ്ടമില്ലാത്ത മുസ്‌ലിയാർ തനിക്കെപ്പോഴും ആശ്രയിക്കേണ്ട വീട്ടുകാരനെ പിണക്കാതെ പറയുന്ന ഡയലോഗാണ്, ചാറ് നന്നായിട്ടുണ്ട്, ന്നാലും മുസ്‌ല്യാർക്ക് മാണ്ട എന്ന ചൊല്ലിനു പിറകിലെ കഥ. ചത്ത കോയി ഹറാമന്നെ, പക്ഷേ, ബസീക്ക് ചാട്ണത് തടയണ്ടാ എന്ന ചൊല്ലും ഇതിനനുബന്ധമായിട്ടുണ്ട്. സുന്നത്ത് കല്യാണത്തലേന്ന് മുങ്ങിക്കളഞ്ഞ മകനെക്കുറിച്ച് ഉമ്മ നടത്തിയ കടക്കട്ടെ ഒന്ന് ബാപ്പാന്റിം ചേൽക്ക് എന്ന പ്രസ്താവനയിലെ ധ്വനി ആലോചിച്ചാൽ ചിരി നിർത്താനാവില്ല. കൂട്ടത്തിൽ കൂടാത്തവരെക്കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു മലപ്പുറംചൊല്ലാണിത്.
മലപ്പുറം മൊഴിയിലെ തനതു ശൈലികൾ
ഭാഷയുടെ സൗന്ദര്യാത്മകമായ ആശയത്തെ പ്രതിനിധാനം ചെയ്യുന്ന ഏറ്റവും ചെറിയ ഭാഷണഘടകമാണ് ശൈലി. വാച്യാർഥത്തിന് പ്രസക്തി കുറവും വ്യംഗ്യാർഥസൂചനക്ക് പ്രാധാന്യവുമുള്ള ശബ്ദസമൂഹമാണ് ശൈലികൾ. 'പ്രഭാതമായി' എന്നതിനു പകരം 'വെള്ളകീറി'എന്നു പറയുന്നതാണ് ശൈലീപ്രയോഗം. ശീലത്തിൽ നിന്നാണ് ശൈലിയുണ്ടാകുന്നത്. ശൈലിയിൽ അത് പ്രയോഗിക്കുന്ന വ്യക്തിയുടെ മനോഘടനയും വക്താവിന് മറ്റൊരാളോടുള്ള സമീപനവും വ്യക്തമാകും. സാമൂഹിക ബന്ധങ്ങളുടെ സ്വഭാവം ശൈലികളുടെ പഠനത്തിലൂടെ മനസ്സിലാക്കാം. സമുദായം അംഗീകരിച്ച പൊതുവഴക്കങ്ങൾ എന്ന നിലയിൽ ശൈലികൾ സമുദായത്തിൻ്റെകൂടി സ്വഭാവത്തെ വെളിപ്പെടുത്തുന്നു. മതപരമായ അനുഷ്ഠാനം, ആചാരം, വിശ്വാസം, ഗാർഹികവും ചരിത്രപരവുമായ സൂചനകൾ, കഥാസൂചനകൾ, സാമൂഹിക ജീവിത ചിത്രങ്ങൾ എന്നിവയെല്ലാം ശൈലികളിൽ കാണാം. വിപരീത പദസംയോഗം, ഉപമാ സ്വഭാവം എന്നിവയും ശൈലികളുടെ പ്രത്യേകതകളാണ്.
മാപ്പിളമാരുടെ സാമുദായിക ജീവിതത്തിലെ പൊതു ഭാഷണസന്ദർഭത്തിൽ ഒട്ടേറെ ശൈലികളും പ്രയോഗങ്ങളുമുണ്ട്. ഏറനാടൻ മാപ്പിളമാരുമായുള്ള സംഭാഷണത്തിൽനിന്നും മറ്റുമായി ശേഖരിച്ച ശൈലികളിൽ എഴുപത് ശതമാനത്തിലും മതാത്മകവും സാമൂഹികവുമായ ചിഹ്നങ്ങൾ പ്രത്യക്ഷമായോ പരോക്ഷമായോ കാണുന്നുണ്ട്. പൊതു മാപ്പിളശൈലികളിൽ ഇസ്‌ലാമികവും സാമുദായികവുമായ ചരിത്രം, സംസ്‌കാരം, സാമ്പത്തിക സാമൂഹിക വ്യവഹാരങ്ങൾ, പെരുമാറ്റം, സൗന്ദര്യദർശനം, മനുഷ്യബന്ധങ്ങൾ എന്നിവയെയെല്ലാം സൂചിപ്പിക്കുന്നവയുണ്ട്. ശൈലികളുടെ ആഗമസ്വഭാവത്തെക്കാൾ അതിൻ്റെ അർഥസൂചനക്കും വ്യവഹാരതലത്തിനുമാണ് ഈ വിശകലനത്തിൽ പ്രാധാന്യം നല്കിയിരിക്കുന്നത്.
ആള് അബൂജാഹിലാ, ആള് ഖുറൈശിയാ എന്നിങ്ങനെ ചില വ്യക്തികളെ ചരിത്രപുരുഷൻമാരിലേക്ക് ചേർത്ത് പറയുന്നത് ആ വ്യക്തിയുടെ സ്വഭാവവും ചരിത്രത്തിലെ വ്യക്തിയുടെ സ്വഭാവവും സമാനമാകുന്നതുകൊണ്ടാണ്. അബൂജാഹിൽ മുഹമ്മദ് നബിയുടെ ശത്രുവും ഖുറൈശി മക്കയിലെ പ്രമാണിഗോത്രവുമാണ്. ഇതേ സൂചനകൾ ഏതൊരു ചരിത്രവ്യക്തിയിലേക്കും ചേർത്തുപറയാറുണ്ട്. ആ ചരിത്രമറിയുന്ന ഒരാൾക്കേ പ്രയോഗത്തിലെ സൂചന പിടികിട്ടുകയുള്ളൂ എന്നു മാത്രം. ഇസ്‌ലാമിക സംസ്‌കാരത്തിൻ്റെ സൂചനകളുള്ള ശൈലികളാണ് സബൂറാവുക (ക്ഷമപാലിക്കുക). കാക്കകാർന്നോർമാരെ മുതല്ക്ക് (പണ്ടുകാലം തൊട്ടേ) തുടങ്ങിയവ. മാപ്പിള ശൈലികളിലെ ചിലത് വിപരീതമോ ചേർച്ചയോ ഉള്ള ദ്വന്ദങ്ങളാണ്. ദീനും ദുൻയാവും (മതവും ഭൗതികലോകവും), ലഅ്ബു ലഹ്‌വും (കളിയും തമാശയും), യമീനും ശിമാലും (ഇടത്തും വലത്തും), ഇശാറത്തും ഇബാറത്തും (അടയാളവും സൂചനയും) എന്നിവ ഉദാഹരണം.
മലപ്പുറത്തെ മാപ്പിളമാരുടെ ശൈലികളിലുള്ള മതവിശ്വാസ ചിഹ്നങ്ങളിൽ ഏറ്റവും കൂടുതലുള്ളത് വിശ്വാസം സൂചിപ്പിക്കുന്നവയാണ്. അല്ലാഹുവാണ് എല്ലാ കാര്യങ്ങളുമറിയുന്നവൻ എന്ന വിശ്വാസപ്രകാരം, കൂടുതൽ ഉറപ്പില്ലാത്ത കാര്യങ്ങൾ പറയുമ്പോൾ അല്ലാഹുഅഅ്‌ലം (അല്ലാഹുവാണ് ഏറ്റവും അറിവുള്ളവൻ) എന്ന് ചേർത്തു പറയുന്നത് സാധാരണയാണ്. അല്ലാക്കറിയാ എന്ന് അതിൻ്റെ മലയാളരൂപവും പതിവുണ്ട്. കാര്യങ്ങളെല്ലാം അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിന് തവക്കൽത്തു അലല്ലാ എന്നു പറയുന്നു. അർശും കുർസും (സിംഹാസനം), ആലമുൽ അർവാഹ് (ആകാശലോകം) എന്നിവ ഉദാഹരണം. മുഹമ്മദ് നബിയോടുള്ള സ്‌നേഹവും പ്രിയതയും മാപ്പിളമാരുടെ ശൈലിയിലെ മറ്റൊരു പ്രധാന മതചിഹ്‌നമാണ്. നബിപ്രകീർത്തനങ്ങൾക്കാണ് മദ്ഹ് എന്നു പറയുന്നത്. മദ്‌ഹോതുക, മദ്ഹ് പാടുക എന്നീ ശൈലികൾ അനാവശ്യമായി പുകഴ്ത്തുന്നതിനെക്കുറിച്ചുള്ള ഭാഷണസന്ദർഭങ്ങളിലെ പ്രയോഗങ്ങളാണ്. ഹബീബ്, ഇശ്ക് തുടങ്ങിയ പ്രവാചക പ്രണയപദങ്ങളും ശൈലിയായി മാറുന്നു. പുന്നാര ഹബീബേ എന്ന സ്‌നേഹസംബോധന അതിനുദാഹരണമാണ്.
മരണവുമായും പരലോകവുമായും ബന്ധപ്പെട്ട മതവിശ്വാസവും പ്രയോഗങ്ങളായി മാറുന്നുണ്ട്. ഇഹത്തിലും പരത്തിലും അതിജയിക്കുന്ന മുസ്‌ലിം ആകാനാണ് മാപ്പിളമാർ പ്രാർഥിക്കുക. പരലോകത്തിലെ മഅ്ശറയിൽ ഓരോ മനുഷ്യനും തങ്ങളുടെ പാപഭാരംകൊണ്ട് പാഞ്ഞുനടക്കുമ്പോൾ നഫ്‌സി നഫ്‌സീ (എൻ്റെ കാര്യം, എൻ്റെ കാര്യം) എന്ന് വിലപിക്കുമെന്ന പ്രവചനമുണ്ട്. സ്വന്തംകാര്യം മാത്രം നോക്കിനടക്കുന്നവരെ കുറിക്കാനും ഈ പ്രയോഗം മാപ്പിളമാർ ഉപയോഗിക്കുന്നു. ഖുർആനിൽനിന്നോ ഹദീസിൽനിന്നോ ഉള്ള പ്രയോഗങ്ങളും മലപ്പുറത്ത് നേരിട്ട് ശൈലിയായി മാറും. ഇവയുടെ അർഥം സാമൂഹികഭാഷണ സന്ദർഭത്തിലുള്ള മറ്റൊരു സൂചനയാണ് നല്കുക എന്നുമാത്രം. ഖലക്കസ്സമാവാത്തി (ആകാശഭൂമികളുടെ പടപ്പ്) എന്ന വാക്യഖണ്ഡം പ്രയോഗിക്കുന്നത് ആകെ കുഴമറിഞ്ഞുപോയി എന്ന അർഥത്തിലാണ്. വസ്‌വാസുൽ ഖന്നാസ് (മാനസികമായ ആശയക്കുഴപ്പം) എന്നത് ഖുർആനിലെ ഒരു വാക്യത്തിൻ്റെ കഷ്ണമാണ്. അത് പ്രയോഗിക്കുന്നതാകട്ടെ ചെയ്തു തൃപ്തിയാകാത്ത അവസ്ഥക്കും. ഖുർആനിൽനിന്നു നേരിട്ടുള്ള കഥാസൂചനകളും ശൈലികളിലുണ്ട്. അസ്ഹാബുൽ കഹ്ഫിൻ്റെ ഉറക്കം എന്ന പ്രയോഗം ഖുർആനിലെ അൽ കഹ്ഫ് എന്ന അധ്യായത്തിലെ ഗുഹാവാസികളുടെ കഥയിലെ നീണ്ട ഉറക്കിനെയാണ് സൂചിപ്പിക്കുന്നത്, ഖാറൂൻ്റെ പൊന്ന് ഖാറൂൻ എന്ന മുതലാളിയുടെ നാശത്തിൻ്റെ ഖുർആൻ കഥയെ ഓർമിപ്പിക്കുന്നു.
മരണം മരണാനന്തര കർമം എന്നിവയുമായി ബന്ധപ്പെട്ട ആചാരങ്ങളെ കുറിക്കുന്ന ശൈലികളാണ് മതപരമായ ആചാരങ്ങളെ സൂചിപ്പിക്കുന്ന മാപ്പിള ശൈലികളിൽ കൂടുതലുള്ളത്. മൗത്തും ഹയാത്തും (മരണവും ജീവിതവും) എന്ന ഇരട്ട പ്രയോഗത്തിലൂടെ ജീവിതം മുഴുവൻ എന്ന അർഥം ലഭിക്കുന്നു. വാസുവെടുക്കുക, സക്കറാത്തിൻ്റെ ഹാല് എന്നിവ മരണാസന്ന സമയത്തെ കുറിക്കുന്നു. മരണപ്പെടുക എന്ന അർഥത്തിൽ മരണാന്തര കർമങ്ങളോടു ബന്ധപ്പെട്ട കാര്യങ്ങളും പ്രയോഗിക്കുന്നു. മൂക്കിൽ പഞ്ഞിവെക്കുക, മൂന്നുകണ്ടത്തിൽ പൊതിയുക, മണ്ണോടു ചേരുക, മുഖത്ത് മണ്ണിടുക, മൂന്നുപിടി മണ്ണ് തുടങ്ങിയവ ഉദാഹരണമാണ്. അപകടത്തിന് ഇറച്ചിയിൽ മണ്ണാക്കുക എന്ന ശൈലിയുണ്ട്. ഒരാളോട് അൻ്റെ പായസം ഞാൻ കുടിക്കും എന്ന് ഭീഷണിപ്പെടുത്തുന്നത് മരണശേഷം മൂന്നാംനാളിൽ വീട്ടിൽവച്ചു കൊടുക്കുന്ന കണ്ണോക്ക് പായസത്തെ സൂചിപ്പിച്ചാണ്. മയ്യത്തിനെ കുത്തുക എന്ന പ്രയോഗത്തിന് ശവത്തിൽ തോണ്ടുക എന്നുതന്നെ അർഥം. കുജ്ജ്ക്ക് (കുഴീക്ക്) കാലുനീട്ടുക, കബറോളം നീളുക, കുഴിതോണ്ടുക തുടങ്ങിയ ശൈലികളിലും മരണത്തിൻ്റെ ആചാരചിഹ്നങ്ങളുണ്ട്.
മലപ്പുറത്തെ മാപ്പിളമാരുടെ സാമൂഹികബന്ധത്തിലെ ഇസ്‌ലാമികനിർദേശങ്ങളും ധാരാളം മാപ്പിളശൈലിയിലുണ്ട്. ഈബത്തും നമീമത്തും എന്ന പരദൂഷണവും ഏഷണിയും ദീനിൽ വിലക്കപ്പെട്ടതാണ്. ബീവി ചമയുക (പുണ്യവാളത്തിയാകുക), ഓത്തുംബൈത്തും, പാട്ടും പാരായണവും എന്നിവയിലും ആചാരപരമായ ചിഹ്‌നങ്ങളുണ്ട്. അറിവ്, മതവിജ്ഞാനം അറബിഭാഷയുമായുള്ള ബന്ധം എന്നിവയെ സൂചിപ്പിക്കുന്ന ശൈലികളുമുണ്ട്. അലിഫും ബാഉം തിരിയുക എന്നാൽ പ്രാഥമിക വിവരമുണ്ടാവുക എന്നാണ്. അറബി അക്ഷരമാലയിലെ ആദ്യ അക്ഷരങ്ങളാണവ. ആയത്തും ഹദീസും ഓതുക എന്ന ശൈലി തെളിവുനിരത്തുക, പണ്ഡിതോചിതം സംസാരിക്കുക എന്നീ ആശയങ്ങൾ നല്കുന്നു. എകരവും വികരവും (അറിവും കഴിവും), കിത്താബോതുക (ഉപദേശിക്കുക, പഠിക്കുക), ജാഹിലിയാകാലം (അറിവില്ലാത്ത ഭൂതകാലം) തുടങ്ങിയ ശൈലികൾ മതാത്മകമായ അറിവിനെ കുറിക്കുന്നതാണ്.
ഇസ്‌ലാമികമായ അനുഷ്ഠാനങ്ങളുമായി ബന്ധമുള്ള ശൈലികൾ മാപ്പിളവാമൊഴിയിൽ ഏറെയുണ്ട്. ആ ശൈലികൾക്ക് പക്ഷേ, സാന്ദർഭികമായി മതത്തിനു പുറത്തുള്ള അർഥസാധ്യതയാണ് പലപ്പോഴും ഉണ്ടാവുക. നിയ്യത്ത് വക്കുക എന്ന ശൈലിയുടെ കർമശാസ്ത്രപരമായ അർഥം ഒരു ആരാധന ചെയ്യാൻ നിർബന്ധമായും ഉണ്ടാകേണ്ട മുൻവിചാരമാണ്. പക്ഷേ, ഏതൊരു കാര്യം ചെയ്യാനുദ്ദേശിക്കുന്നതിനെയും നിയ്യത്തുവെക്കുക എന്ന പ്രയോഗം സൂചിപ്പിക്കും. ഇസ്‌ലാമിലെ പ്രധാന ആരാധനയായ നമസ്‌കാരത്തിൻ്റെ ചിഹ്നങ്ങളുള്ള ശൈലികളും ധാരാളമുണ്ട്. അഞ്ചുനേരം കുമ്പിടുക എന്നത് നമസ്‌കരിക്കുക എന്നതിൻ്റെ മറ്റൊരു പദമായി ഉപയോഗിക്കുന്നുവെന്നു മാത്രമല്ല ഒരാളുടെ മൊത്തം അനുഷ്ഠാനകാര്യങ്ങളിലുള്ള ശ്രദ്ധയെ സൂചിപ്പിക്കുകയും ചെയ്യുന്നു. മക്കയിലേക്ക് തിരിയുക, പടിഞ്ഞാട്ട് തിരിയുക എന്ന ശൈലികൾക്കും ഇതേ അർഥമാണുള്ളത്. ഇശാറത്തും ഇബാറത്തും (ആംഗ്യവും സൂചനയും), വജ്ഹാവുക (അഭിമുഖീകരിക്കുക), തക്ബീർ കെട്ടുക (ആരംഭിക്കുക), അവ്വല് വഖ്ത്ത് (കൃത്യസമയം), സുജൂദുചെയ്യുക (പ്രണമിക്കുക), സലാംവീട്ടുക (വിരമിക്കുക) തുടങ്ങിയ ശൈലികളൊക്കെ നമസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. ഹജ്ജുമായി ബന്ധപ്പെട്ട ശൈലികളാണ് ഇഹ്‌റാം കെട്ടുക (തുടക്കം കുറിക്കുക), ഖില്ല പിടിച്ച് പറയുക (അങ്ങേയറ്റം പ്രാർഥിക്കുക), മക്കത്ത് പോവുക (ഹജ്ജ് ചെയ്യുക) എന്നിവ. ഹജ്ജ് ചെയ്തയാളെ ഹാജി എന്നു വിളിക്കും. കള്ളഹാജി, മുറിഹാജി, വട്ടിഹാജി (പലിശവാങ്ങുന്ന ഹാജിയാർ)തുടങ്ങിയ തമാശശൈലികളും മാപ്പിളമാർക്കിടയിൽ പ്രചാരത്തിലുണ്ട്. മാപ്പിളമാരുടെ സഹജമായ ഫലിതബോധവും ശൈലീകരണത്തിനു പിന്നിലുണ്ടെന്ന് മാപ്പിളശൈലിയിൽ പഠനം നടത്തിയ എൻ കെ എ ലത്തീഫ് നിരീക്ഷിച്ചിട്ടുണ്ട്.
ഖൂർആൻ പാരായണവുമായി ബന്ധമുള്ള ശൈലികളുമുണ്ട്. ഫാത്തിഹയോതുക (ആരംഭിക്കുക), ബിസ്മിചൊല്ലുക (തുടക്കമിടുക), ഖത്തംതീർക്കുക (അവസാനിപ്പിക്കുക), ആമീൻ പറയുക (റാൻ മൂളുക), കിത്താബ്മടക്കുക (അവസാനിപ്പിക്കുക) തുടങ്ങിയ ശൈലികൾ ഉദാഹരണമാണ്. പ്രാർഥനയുടെ ചിഹ്നങ്ങളുള്ള തക്ബീറും തഹ്‌ലീലും ചൊല്ലുക, ദൂആ ഇരക്കുക തുടങ്ങിയ ശൈലികൾക്കുപുറമെ ഇസ്‌ലാമിക വിശ്വാസപ്രകാരമുള്ള ദിക്ക്‌റുകളും നേരിട്ട് ശൈലിയായി മാറുന്നു. തവക്കൽത്തു അലല്ലാ (അല്ലാഹുവിൽ ഏല്പ്പിക്കുന്നു) ലാ ഹൗലാ (അപകടസൂചന) എന്നിവ അതിനുദാഹരണമാണ്. മുസ്‌ലിംകളുമായി ബന്ധമുള്ള പൊതുരാഷ്ട്രീയവും മലപ്പുറത്ത് ശൈലിയായി മാറിയിട്ടുണ്ട്. ബാബരി മസ്ജിദ് തകർത്ത കർസേവ എന്ന സംഘ്പരിവാർ കാംപയിൻ ഇന്ന് മലപ്പുറത്ത് ഏത് ഇടിച്ചുനിരത്തൽ പരിപാടിയെയും സൂചിപ്പിക്കുന്ന ശൈലിപദമാണ്. ഖിലാഫത്ത് സമരകാലത്തെ ബ്രിട്ടീഷ് കൂട്ടക്കൊലയുടെ ദുരന്തചരിത്രമായ വാഗൺട്രാജഡി എന്ന ശൈലി, കാറ്റോട്ടമില്ലാത്ത മുറിയിൽ ആളുകൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഏതൊരു അവസ്ഥയെയും കുറിക്കും.
ഉപസംഹാരം
മലപ്പുറത്തെ മാപ്പിളവാമൊഴിയുടെ സാമുദായിക പശ്ചാത്തലം കണ്ടെത്താനുള്ള ഒരു ശ്രമമായിരുന്നു ഈ പഠനം. ഈ പ്രബന്ധത്തിൽനിന്ന് ഉരുത്തിരിഞ്ഞ ധാരണകളെ ഉപസംഹരിക്കാം. മലപ്പുറത്തെ ജനങ്ങളുടെ പൊതുവായ വാമൊഴിയിൽ ഏതൊരു വാമൊഴിവഴക്കത്തിലുമുള്ളതുപോലെ പ്രത്യേകമായ സ്വന - സ്വനിമ വ്യത്യാസങ്ങളും ശൈലികളും പഴഞ്ചൊല്ലുകളുമുണ്ട്. മലപ്പുറത്തെ മാപ്പിളമാരുടെ ഭാഷണശൈലിയിലുള്ള പ്രധാന വ്യത്യസ്തത അവയിലെ മതാത്മകമാനം മറ്റു ഭാഷണസമൂഹങ്ങളെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ്. മറ്റു സമുദായങ്ങളുടെ പൊതുജീവിതത്തിലുള്ളതിനെക്കാൾ മതവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സാമുദായികബോധവും മാപ്പിളമാർ വഹിക്കുന്നതിനാലാണ് അത്.
സഹായകഗ്രന്ഥങ്ങൾ
Gumperz John J (Ed.).1990 Language and Social Identity. U K; Cambridge University Press.
Ishtla Sing & Jean Stilwell Peccei, (Ed.). 2004. Language, Society and Power, London: Routledge.
Joseph. John. E. 2004. Language and Identity. National, Ethnic, Religious. Basingstoke, New York: Palgrave Macmillan.
Miller Roland E. 1975. Mappila Muslims of Kerala. Culcutta Orient Longman.
അജിത്കുമാർ എൻ. വാമൊഴിയുടെ സൗന്ദര്യശാസ്ത്രം. (2006) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരം.
ഗിരീഷ് പി എം. ഡോ. 2001 അധികാരവും ഭാഷയും. പാപ്പിയോൺ. കോഴിക്കോട്
ജമീൽ അഹ്മദ്. ഡോ. 2017 മലയാള മുസ്‌ലിം. ഭാഷ സംസ്‌കാരം ചരിത്രം. പ്രതീക്ഷ ബുക്‌സ്, കോഴിക്കോട്.
കർത്താ. പി. സി. പ്രൊഫ. പഴഞ്ചൊൽ പ്രപഞ്ചം (2001), ഡി സി ബുക്‌സ് കോട്ടയം
കാരശ്ശേരി എം എൻ തെളിമലയാളം. (2006). ഡി. സി ബുക്‌സ് കോട്ടയം
കാരശ്ശേരി. എം. എൻ. മുസ്‌ലിം നാടുകളിലെ പഴഞ്ചൊല്ലുകൾ. (2001) പാപ്പിയോൺ. കോഴിക്കോട്.
രാമലിംഗംപിള്ള. മലയാള ശൈലി നിഘണ്ടു. (1993) ഡി. സി ബുക്‌സ് കോട്ടയം.
ലത്തീഫ്. എൻ. കെ എ. മാപ്പിളശൈലി. (1994) പി കെ ബ്രദേഴ്‌സ്, കോഴിക്കോട്
Comments