top of page

മൈൻഡ്ഫുൾനസ്

ഡോ.എസ്.കൃഷ്ണൻ      

ധ്യാനത്തിന് ആരെയും ശരിയാക്കാൻ ആവില്ല.  അതൊരു അന്വേഷണമാണ്,  അന്വേഷണം എന്ന ലക്ഷ്യത്തിലേക്കുള്ള നീണ്ട ഒരു യാത്രയാണ്.  യാത്ര തന്നെ ലക്ഷ്യവും അതിലേക്കുള്ള മാർഗ്ഗവും ആകുന്ന ഒന്നാണ് ധ്യാനം.  അന്വേഷണം ഒരു നീണ്ട യാത്രയാണ് എന്ന് പറയാം.  ലക്ഷ്യമില്ലാതെ നടത്തേണ്ട യാത്ര.  ഈ യാത്രയിൽ ആകർഷിക്കുന്ന ഒരേ ഒരു കാര്യം അവനവന്റെ നടത്തം മാത്രമാണ്.  ചുറ്റും മറ്റു പലരും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നുണ്ട്.  എന്നാൽ അവനവന് കൂട്ട് എൻറെ സ്വന്തം ചുവടുകൾ തന്നെ. 

    ചിലപ്പോഴൊക്കെ എനിക്ക് തോന്നും നടപ്പാത വൃത്തിയാക്കേണ്ടത് എൻറെയും കൂടി കടമയാണെന്ന്.  ഇലകളും കല്ലുകളും എടുത്തുമാറ്റി ഞാനത് വൃത്തിയാക്കാൻ ശ്രമിക്കും.  പുതിയ കൊടുങ്കാറ്റുകളും പേമാരികളും അതിനെ വീണ്ടും വൃത്തികേടാക്കിയേക്കാം.  എങ്കിലും ഇത് വഴി വൃത്തിയാക്കാനുള്ള എന്റെ ശ്രമമാണ്.  എൻറെ കാൽപ്പാടുകൾക്ക് കീഴിൽ അമർന്നുവിങ്ങുന്ന ഭൂമിയോടുള്ള എൻറെ കടപ്പാട്.  അതുകൊണ്ടുതന്നെയാണ് എന്നെ അറിയുന്നവരിൽ പലർക്കും അനിഷ്ടം ഉണ്ടാകുമെങ്കിലും ഞാൻ മൈൻഡ്ഫുൾനസിന്റെ മറ്റൊരു വശത്തെക്കുറിച്ച് സംസാരിക്കാൻ പോകുന്നത്.

വർത്തമാനകാലത്തെ മുൻവിധികളില്ലാതെ അനുനിമിഷം ശ്രദ്ധിക്കുന്നതിലൂടെ ലഭിക്കുന്ന തിരിച്ചറിവുകളെയാണ് മൈൻഡ്ഫുൾനസ് എന്ന് വിളിക്കുന്നത്. മൈൻഡ്ഫുൾനസ് ഇന്നൊരു ആഗോള പ്രതിഭാസത്തെ പ്രതിനിധീകരിക്കുന്ന വാക്കു മാത്രമല്ല മറിച്ച് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കും കൂടിയാണ്.  കർശനമായ പഠന നിരീക്ഷണങ്ങളിലൂടെ ശുദ്ധി ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ആശയവും  കൂടിയാണത്.  മൈൻഡ്ഫുൾനസിന് നമ്മുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾക്ക് ശമനം നൽകാൻ സാധിക്കും എന്നുള്ള അവകാശവാദങ്ങൾ കൗതുകത്തോടെയും പരിഹാസയോടെയും ഗൗരവമായും ഏറ്റെടുക്കുന്നവരാണ് ഇന്നത്തെ വിവിധ രംഗങ്ങളിലുള്ള ഗവേഷകർ.  ആരോഗ്യ വിദ്യാഭ്യാസ നിർവഹണ മേഖലകളിൽ മൈൻഡ്ഫുൾനസിന്റെ പ്രയോജനത്തെ കുറിച്ച് യാഥാർത്ഥ്യങ്ങളെക്കാൾ കൂടുതലായി നിറം പിടിപ്പിച്ച കഥകളാണ് പൊതുജനങ്ങൾക്ക് കേൾക്കാനാവുക.  പാശ്ചാത്യ രാജ്യങ്ങളുടെ പഠന സാക്ഷ്യകഥകൾ മാത്രം വെച്ച് പൗരസ്ത്യലോകത്ത് മൈൻഡ്ഫുൾനസ് വ്യാപാരികൾ സൃഷ്ടിക്കാൻ ഒരുങ്ങുന്ന വലിയ ഒരു തിരക്കഥ ഇതിന് പിന്നിൽ ഉണ്ടെന്ന് പലരും കരുതുന്നു.

   1970-കളിൽ അമേരിക്കയിലെ മസാച്ചുസെറ്റ്സ് സർവകലാശാലയിലെ മാനസിക സമ്മർദ്ദ ക്ലിനിക്കിൽ ജോൺ ക്യാബറ്റ് സിൻ എന്ന മോളിക്യുലർ ബയോളജിസ്റ്റ് മൈൻഡ്ഫുൾനസ് അടിസ്ഥാനമാക്കിയുള്ള മാനസിക സമ്മർദ്ദ നിർവഹണ പരിപാടി ആരംഭിച്ചതാണ് ആധുനിക മൈൻഡ്ഫുൾനസ് വിപ്ലവത്തിൻറെ തുടക്കം എന്ന് പറയാം. ദീർഘകാലമായി വേദനകളും സമ്മർദ്ദങ്ങളും അനുഭവിച്ചിരുന്ന ഒട്ടേറെ പേർക്ക് ജോണിന്റെ ക്ലാസുകൾ ആശ്വാസമായി. 8 ആഴ്ചകൾ നീണ്ടു നിൽക്കുന്ന, ആഴ്ചയിൽ ഒരു ദിവസം രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്ന ശില്പശാലകൾ ആയിരുന്നു ഈ പരിശീലന വേദി. ഹഠയോഗയിൽ നിന്നുള്ള ചില ആസനങ്ങൾ, ബുദ്ധമതത്തിന്റെ അടിസ്ഥാന പാഠങ്ങളിൽ നിന്നുമുള്ള ചില ധ്യാന പരിശീലനങ്ങൾ എന്നിവയായിരുന്നു ഇതിന്റെ ഉള്ളടക്കം. ഇടയ്ക്കുള്ള ദിവസങ്ങളിൽ ഏകദേശം 30 മുതൽ 45 മിനിറ്റ് വരെ വീട്ടിൽ വച്ച് നടത്തേണ്ട പരിശീലനങ്ങൾക്കായുള്ള നിർദ്ദേശങ്ങളും നൽകപ്പെട്ടിരുന്നു. തുടക്കത്തിൽ വിമർശന വിധേയമായി എങ്കിലും ക്രമേണ ശില്പശാലയിൽ പങ്കെടുത്തവരിൽ ഉണ്ടായ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ മറ്റു ഡോക്ടർമാരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

2011ൽ സാറ ലാസർ എന്ന ഗവേഷക 30 മുതൽ 45 മിനിറ്റ് വരെയുള്ള മൈൻഡ്ഫുൾനസ് പരിശീലനത്തിന് മസ്തിഷ്കത്തിന്റെ ചിന്തിക്കുന്ന ഭാഗത്തിന്റെ കട്ടി കൂട്ടാൻ ഉള്ള കഴിവുണ്ടെന്ന് പ്രാഥമിക പഠനത്തിലൂടെ ചൂണ്ടിക്കാട്ടി. പിന്നീട് 2021ൽ നടന്ന പഠനങ്ങൾ വിരുദ്ധ ഫലം പുറത്തുകൊണ്ടു വന്നിട്ടുണ്ടെങ്കിലും ഈ പഠനം മൈൻഡ്ഫുൾനസ് മേഖലയിലെ ഒരു ക്ലാസിക് പഠനമായി തന്നെ തുടരുകയാണ്. കൂടുതൽ ഗവേഷണങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഗവേഷകർ.

1990 കളിൽ ജോൺ റ്റീസ്ഡെയിൽ, മാർക്ക് വില്യംസ്, സിന്റൽ സെഗാൾ എന്നീ മന:ശാസ്ത്രജ്ഞർ മൈൻഡ്ഫുൾനസിനെ വിഷാദരോഗ പുനരാവർത്തനം തടയാനുള്ള ഒരു ജ്ഞാനാത്മക ചികിത്സാരീതിയായി വികസിപ്പിച്ചെടുക്കാൻ ശ്രമിച്ചു. ഇത് മൈൻഡ്ഫുൾനെസ്സ് ബേസ്ഡ് കൊഗ്നിറ്റീവ് തെറാപ്പി (MBCT) എന്ന മൂന്നാം നിരയിൽപ്പെട്ട മന:ശാസ്ത്ര ചികിത്സാ രീതികളിലേക്ക് നയിച്ചു. വിഷാദരോഗ ചികിത്സയിലും വിഷാദരോഗ പുനരാവർത്തനം തടയാനും MBCT എന്ന മന:ശാസ്ത്ര ചികിത്സാരീതി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

    ഗൂഗിളും ആപ്പിളും പോലെയുള്ള വലിയ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് ആയി മൈൻഡ്ഫുൾനസ് ഇടപെടലുകൾ നൽകിയത് കുറച്ചുകാലങ്ങൾക്ക് മുൻപ് ഏറെ ചർച്ചാവിഷയമായിരുന്നു. തൊഴിൽ മേഖലയിലെ ജീവനക്കാരുടെ അസാന്നിധ്യം കുറയ്ക്കുകയും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുകയും ഒക്കെ ചെയ്യുന്നതായി മൈൻഡ്ഫുൾനെസ്സ്  മേഖലയിലെ പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.  അത്തരമൊരു ഒറ്റമൂലി പരിഹാരം എത്രമാത്രം അപ്രതീക്ഷിതമായ തിരിച്ചടികൾക്ക് കാരണമാകും എന്നത് ചിന്തിച്ചയിടത്താണ് നാം പാശ്ചാത്യലോകത്തിൻറെ ശാസ്ത്രദൃഷ്ടിയുടെ മനോഭാവം കാണേണ്ടത്.

മൈൻഡ്ഫുൾനസ് എന്ന പേരിൽ നൽകപ്പെടുന്ന ഇടപെടലുകൾ എത്രമാത്രം അകൃത്രിമമാണെന്നതിലും ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. യോഗയും ടായ്ചിയും ഉൾപ്പെടെയുള്ള സാമ്പ്രദായിക രീതികൾ പലയിടങ്ങളിലും മൈൻഡ്ഫുൾനസ് എന്ന രീതിയിൽ വിപണനം ചെയ്യപ്പെട്ടു. അന്നുവരെ മൈൻഡ്ഫുൾനസ് എന്ന ആശയം കേട്ടിട്ടില്ലാത്ത പല യോഗാചാര്യന്മാരും വിപണിയിലുള്ള മൂല്യം കണ്ട് അവർ മൈൻഡ്ഫുൾനെസ്സ് ആണ് പരിശീലിപ്പിക്കുന്നതും പഠിപ്പിക്കുന്നതും എന്ന് പരസ്യം ചെയ്തു. വെറും ഒരു നിമിഷം മാത്രം ശ്വാസത്തിൽ ശ്രദ്ധിക്കുന്നത് പോലും ദീർഘകാല ഫലങ്ങൾ നല്കും എന്ന “തള്ളൽ” കുറച്ചൊന്നുമല്ല ആളുകളെ ആകർഷിച്ചത്.

  ധ്യാനത്തിന്റെ പ്രതികൂല ഫലങ്ങളെക്കുറിച്ചും പാശ്ചാത്യലോകം പഠനങ്ങൾ നടത്തിയിട്ടുണ്ട്.  മൈൻഡ്ഫുൾനെസ്സ്  പരിശീലിക്കുന്നവരിൽ ഏകദേശം 25 ശതമാനത്തോളം പേർക്ക് വിവിധ തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നതായി ഇന്ന് ശാസ്ത്ര ലോകത്തിനറിയാം.  മൈൻഡ്ഫുൾനസ് പരിശീലനത്തിൽ പങ്കെടുത്ത മനോരോഗസാധ്യതയുള്ള പലരും സൈക്കോസിസ് അല്ലെങ്കിൽ തീവ്ര ന്യൂറോസിസ് ബാധമൂലം ക്ലേശങ്ങൾ അനുഭവിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പല മൈൻഡ്ഫുൾനസ് ഇടപെടലുകളും ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിക്കുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

   വർദ്ധിച്ച സാമ്പത്തിക ബാധ്യതമൂലം വികസ്വരരാജ്യങ്ങളിലുള്ളവർക്ക് വികസിതരാജ്യങ്ങളിലെ മൈൻഡ്ഫുൾനെസ്സ് പഠനരീതികൾ സ്വായത്തമാക്കാൻ പലപ്പോഴും കഴിയാറില്ല. അത്കൊണ്ട് തന്നെ വിവിധ രാജ്യങ്ങൾ തങ്ങളുടേതായ മൈൻഡ്ഫുൾനെസ്സ് രീതികൾ വികസിപ്പിച്ചിട്ടുണ്ട്.  വ്യത്യസ്ത മൈൻഡ്ഫുൾനസ് ഇടപെടലുകളിലെ താരതമ്യപഠനം ഏറെയൊന്നും നടന്നിട്ടില്ല എന്നത് മറ്റൊരു പ്രശ്നം തന്നെയാണ്.  പാശ്ചാത്യനാടുകളിൽ രൂപകൽപ്പന ചെയ്യപ്പെട്ട മൈൻഡ്ഫുൾനസ് ഇടപെടലുകൾക്ക് നമ്മുടെ സംസ്കാരത്തിനനുസൃതമായി മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകതയും അധികമൊന്നും ചർച്ച ചെയ്യപ്പെട്ടിട്ടില്ല.

  മൈൻഡ്ഫുൾനസ് ബോധവൽക്കരണത്തിന്റെ ഇരുണ്ട ഇടനാഴികളെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും ഒക്കെയുള്ള പഠനങ്ങളും കുറവാണ്. 2015 ൽ പ്രസിദ്ധീകരിച്ച, ഡോ. മിഗുവൽ ഫാരിയാസും, കാതറിൻ വിക്ക്ഹോമും എഴുതിയ “ദ ബുദ്ധ പിൽ: ധ്യാനത്തിന് നിങ്ങളെ മാറ്റാൻ കഴിയുമോ?” എന്ന  പുസ്തകം ധ്യാനത്തിന്റെ മനഃശാസ്ത്രപരവും സാമൂഹികവുമായ സ്വാധീനം പര്യവേക്ഷണം ചെയ്യുന്ന ഒന്നാണ്. ശാസ്ത്രീയപഠനങ്ങൾ, ക്ലിനിക്കൽ അനുഭവങ്ങൾ, വ്യക്തിഗതകഥകൾ എന്നിവയെ അടിസ്ഥാനമാക്കി, രചയിതാക്കൾ ധ്യാനത്തിന്റെ "ഇരുണ്ടവശ"ങ്ങളെ ഈ പുസ്തകത്തിൽ വിമർശനാത്മകമായി പരിശോധിക്കുന്നു, ആധുനിക ക്ഷേമ വ്യവസായങ്ങളിൽ (wellness industry) ധ്യാനത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ വേരുകളെ ഈ പുസ്തകം പരിശോധിക്കുന്നു. ഈ പുസ്തകം ധ്യാനത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മവും വസ്തുനിഷ്ഠമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ ധാരണ ഉണർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. മാത്രവുമല്ല, അതിന്റെ പരിവർത്തനശക്തിയെക്കുറിച്ചുള്ള അമിതമായ അവകാശവാദങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനും പ്രേരിപ്പിക്കുന്നു.

മൈൻഡ്ഫുൾനസ് മാനസികാരോഗ്യത്തിന്റെ ഒറ്റമൂലിയോ?

    2030 ഓടെ വികസിതരാജ്യങ്ങളിൽ ഏറ്റവും വലിയ ആരോഗ്യപ്രശ്നം മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ ആയിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔഷധങ്ങൾ മാത്രം കൊണ്ട് ഈ വലിയ പ്രശ്നത്തെ അഭിമുഖീകരിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തം ആയിരിക്കും എന്ന ചിന്താരീതിയും പല രാജ്യങ്ങളിലെയും മാനസികാരോഗ്യ പ്രവർത്തകർ മുന്നോട്ടു വച്ചിട്ടുണ്ട്. മനോരോഗാവസ്ഥകളുടെ ചികിത്സയിലും പ്രതിരോധത്തിലും പുനരാവർത്തന സാധ്യത കുറയ്ക്കുന്നതിനും ഒക്കെ മൈൻഡ്ഫുൾനസ് പരിശീലനത്തിന്റെ സാംഗത്യത്തെക്കുറിച്ച് ഗവേഷകർ ചിന്തിക്കുന്നുണ്ട്. വിഷാദരോഗത്തിൻറെ പുനരാവർത്തന സാധ്യത 50 ശതമാനത്തിലേറെ കുറയ്ക്കാൻ MBCT പോലെയുള്ള മൈൻഡ്ഫുൾനസ് അധിഷ്ടിതമായ മനഃശാസ്ത്ര ചികിത്സാരീതികൾക്ക് സാധിക്കും എന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

209 ഓളം പഠനങ്ങളുടെ ഒരു മെറ്റാ വിശകലനം മൈൻഡ്ഫുൾനസ് അധിഷ്ഠിതമായ മനശാസ്ത്ര ചികിത്സാരീതികൾ ഉത്കണ്ഠയും വിഷാദരോഗവും ചികിത്സിക്കുന്നതിൽ ഗണ്യമായ പ്രയോജനം നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പഠനത്തിൽ കണ്ടെത്തിയ ഫലങ്ങൾ പഠനത്തിൻറെ തുടർനിരീക്ഷണത്തിലും നിലനിൽക്കുന്നതായി കണ്ടെത്തുകയുണ്ടായി. പരിമിതികളേറെയുള്ളതും പാർശ്വഫലങ്ങൾ ഉള്ളതുമായ ചികിത്സാരീതികൾ മാത്രമുള്ള ഒരു രോഗാവസ്ഥയ്ക്ക് ഈ പഠനങ്ങൾ നൽകുന്ന പ്രതീക്ഷ ചെറുതൊന്നുമല്ല.

കഴിഞ്ഞ നാല്പതോളം വർഷങ്ങൾക്കിടയിൽ മൈൻഡ്ഫുൾനസ് വിവിധ രൂപഭാവങ്ങളിൽ ആരോഗ്യരംഗത്തും മന:ശാസ്ത്രരംഗത്തും ഒരു മുഖ്യധാരാപ്രതിഭാസമായി നിലനിൽക്കുന്നുണ്ട്. മസ്തിഷ്കശാസ്ത്ര അധിഷ്ഠിതമായ ഗവേഷണങ്ങളിലൂടെ മൈൻഡ് ഫുൾനെസ് അടിസ്ഥാനമാക്കിയുള്ള ഇടപെടലുകൾക്ക് ഇന്ന് വിദ്യാഭ്യാസം, വിവിധ തൊഴിൽ മേഖലകൾ, സൈനിക മേഖല, നീതിന്യായ വ്യവസ്ഥ, എന്നീ രംഗങ്ങളിലും ചലനങ്ങൾ സൃഷ്ടിക്കാൻ ആകുമെന്ന് ഗവേഷകർ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

2015 ഒക്ടോബറിൽ യുകെ മൈൻഡ്ഫുൾനസ് ആൾ പാർട്ടി പാർലമെൻററി ഗ്രൂപ്പിന് വേണ്ടി പ്രസിദ്ധീകരിച്ച മൈൻഡ്ഫുൾനസ് നേഷൻ യുകെ റിപ്പോർട്ട്, വിദ്യാഭ്യാസം, ആരോഗ്യം, ക്രിമിനൽ നീതിന്യായ വ്യവസ്ഥ, തൊഴിൽ മേഖലകളിലെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ, എന്നിവ മൈൻഡ്ഫുൾനസ് അധിഷ്ഠിതമായ ഇടപെടലുകളിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചുള്ള ആദ്യത്തെ നയരേഖയാണ്. ബ്രിട്ടീഷ് പാർലമെൻറ് എറെ     തവണ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇത് തയ്യാറാക്കപ്പെട്ടത്. ഈ റിപ്പോർട്ടിലെ ശുപാർശകൾ വസ്തുനിഷ്ഠമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ശാസ്ത്രജ്ഞരിൽ നിന്നും പരിചയസമ്പന്നരായ മൈൻഡ്ഫുൾനസ് പരിശീലകരിൽ നിന്നും സ്വന്തം മേഖലകളിൽ മൈൻഡ്ഫുൾനസ് ഉപയോഗിക്കുന്നതിൽ ശ്രദ്ധേയമായ ഫലം നേടാൻ സാധിച്ചവരിൽ നിന്നുമൊക്കെയുള്ള അഭിപ്രായ നിർദ്ദേശങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടുതൽ പ്രാഥമികപഠനങ്ങൾ നടത്തുന്നതിനും കൂടുതൽ നിലവാരമുള്ള മൈൻഡ്ഫുൾനസ് അധ്യാപകരെ സൃഷ്ടിക്കാനും നയരൂപീകരണ വിദഗ്ധരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു ഈ റിപ്പോർട്ട്. മാത്രവുമല്ല ഈ മേഖലയിലെ ചില ഗവേഷണങ്ങളുടെ നിലവാരവും മൈൻഡ്ഫുൾനസ് പരിശീലന വ്യവസ്ഥയുടെ ഗുണനിലവാരത്തിലെ വ്യതിയാനവുമായി ബന്ധപ്പെട്ട ചില മുന്നറിയിപ്പുകൾ നൽകാനും ഈ റിപ്പോർട്ടിന് സാധിച്ചിട്ടുണ്ട്.

മൈൻഡ്ഫുൾനസ് നേഷൻ യുകെ റിപ്പോർട്ട് പൊതുവേ അംഗീകരിക്കപ്പെടുകയും അതിലെ ദീർഘവീക്ഷണ സ്വഭാവമുള്ള ശുപാർശകൾ ഭാഗികമായെങ്കിലും അംഗീകരിക്കപ്പെടുകയും ചെയ്താൽ അതിന്റെ പ്രത്യാഘാതങ്ങൾ നമ്മുടെ സമൂഹത്തെ ആഴത്തിൽ സ്പർശിക്കും എന്നതിൽ സംശയമില്ല. ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും സംഘർഷഭരിതമായ പല പ്രശ്നങ്ങളെയും അവയുടെ ഉത്ഭവ സ്ഥാനത്തു വച്ചുതന്നെ കണ്ടെത്താനും വേണ്ട പരിഹാരങ്ങൾ കണ്ടെത്താനും ഇത് നമ്മെ സഹായിക്കും. മൈൻഡ്ഫുൾനസ് ചികിത്സാരീതിയായി നടപ്പിലാക്കുമ്പോൾ അവയുടെ പ്രവർത്തനരീതിയും അത് നടപ്പിലാക്കുമ്പോൾ അനുവർത്തിക്കേണ്ട ചിട്ടകളും നാം കൃത്യമായി പാലിക്കേണ്ടതുണ്ട്.

മൈൻഡ്ഫുൾനസ് എന്ന ആശയം

ശ്രദ്ധ ,അവബോധം ,മുൻവിധികളില്ലാത്ത സമീപനം എന്നിവയൊക്കെയാണ് മൈൻഡ്ഫുൾനസ് എന്ന ആശയത്തിന്റെ ആദ്യപാഠങ്ങൾ. ഭാഷ പഠിച്ചെടുക്കുന്നതിനു തുല്യമായ ഒരു സാർവത്രിക മനുഷ്യശേഷിയാണ് മൈൻഡ്ഫുൾനസ്. അവനവനുമായും മറ്റുള്ളവരുമായും ആന്തരികമായും ബാഹ്യമായും കൂടുതൽ വിവേകപൂർണമായ ഒരു ബന്ധം പുലർത്തുന്നതിനുള്ള ഒരു മാർഗമാണ് മൈൻഡ്ഫുൾനസ് എന്ന് പറയാം. നമ്മുടെ സ്വകീയമായ മൈൻഡ്ഫുൾനസ് പരിശീലനങ്ങൾക്ക് പോലുമുണ്ട് ഒരു സാമൂഹികമാനം. വർത്തമാനകാലത്തെ കുറിച്ചുള്ള നമ്മുടെ തോന്നലുകൾ, ശരീരം, ചിന്ത, വികാരങ്ങൾ, നിശബ്ദവും നിയന്ത്രിതവുമായ നമ്മുടെ അനുമാനങ്ങൾ, ഒരു വ്യക്തിയെന്ന നിലയിൽ നമ്മുടെ മനസ്സിന്റെയും പെരുമാറ്റത്തിന്റെയും നിയന്ത്രിതശീലങ്ങൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു.പലപ്പോഴും നാം നിസ്സാരമായി കണക്കാക്കുന്ന ദൈനംദിന അനുഭവങ്ങളുടെ വിവിധ തലങ്ങളുമായി വ്യത്യസ്തമായ ഒരു ബന്ധം വളർത്തിയെടുക്കുന്നതിൽ മൈൻഡ്ഫുൾനസിനുള്ള പങ്ക് ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

മൈൻഡ്ഫുൾനസിന്റെ ഏറ്റവും വ്യവസ്ഥാപിതവും സമഗ്രവുമായ ആവിഷ്കാരം ബുദ്ധമത പാതകളിൽ നിന്നാണ് ഉത്ഭവിക്കുന്നതെങ്കിലും മൈൻഡ്ഫുൾനസ് ഒരു മതമോ തത്വചിന്തയോ അല്ല എന്ന കാര്യത്തിൽ ഗവേഷകർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല. മനുഷ്യസ്വത്വത്തിന്റെ ഒരു വേറിട്ട രീതി എന്ന് നമുക്ക് മൈൻഡ്ഫുൾനസിനെ വിശേഷിപ്പിക്കാം. അറിവായും വിവേകമായും ചിന്തയായും പെരുമാറ്റമായും ഒക്കെ പ്രായോഗിക ജീവിതത്തിൽ മൈൻഡ്ഫുൾനസ് നട്ടുവളർത്താൻ ഏറെ വഴികളുണ്ട്. അടിസ്ഥാനപരമായി മൈൻഡ് ഫുൾസിനെ കുറിച്ച് സംസാരിക്കുമ്പോൾ നാം അവബോധത്തെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ആശയവിനിമയത്തിലെ സങ്കീർണതകൾ ഒഴിവാക്കാൻ നമുക്ക് അതിനെ തിരിച്ചറിവുകൾ എന്നും വിശേഷിപ്പിക്കാം. എന്താണ് അവബോധം എന്ന് ചോദിച്ചാൽ അത് ചിന്തയിൽ നിന്ന് വ്യത്യസ്തവും എന്നാൽ ചിന്തയ്ക്ക് പൂരകവുമായ ഒരു മനുഷ്യശേഷിയാണ് എന്നും പറയാം.

ചിന്തകൾക്ക് ഉപരിയാണ് അവബോധം. ഏത് ചിന്തയേയും നമുക്ക് അവബോധത്തിൽ നിലനിർത്താൻ സാധിക്കും. പുറമേ നിന്ന് നമുക്ക് അതിനെ നിരീക്ഷിക്കുകയും അറിയുകയും മനസ്സിലാക്കുകയും ചെയ്യാം. ശുദ്ധമായ അവബോധത്തിന് ജീവിതത്തെയാകെ വിവേകത്തോടെയും സ്വാതന്ത്ര്യത്തോടെയും ആരോഗ്യകരമായും അനുകമ്പാപൂർണ്ണമായും തൻമയീഭാവത്തോടെയും നോക്കിക്കാണാനും മനസ്സിലാക്കാനും ഉള്ള കഴിവുമുണ്ട്.

മൈൻഡ്ഫുൾനസ് വെല്ലുവിളികൾ

  മൈൻഡ്ഫുൾനസിന്റെ മുന്നിലുള്ള വെല്ലുവിളികൾ ഏറെയാണ്. മൈൻഡ്ഫുൾനസ് മനുഷ്യവംശം നേരിടുന്ന നാനാവിധമായ പ്രശ്നങ്ങൾക്കുള്ള ദ്രുതപരിഹാരമല്ല. ശ്രദ്ധയുടെ സൂക്ഷ്മതയെ കുറിച്ച് പഠിക്കാതെ മൈൻഡ്ഫുൾനസിന്റെ ശ്വാസങ്ങൾ നമുക്ക് സ്വായത്തമാക്കാൻ ആവില്ല.

മക് മൈൻഡ്ഫുൾനസ് എന്ന് മൈൽസ് നീൽ  പേരിട്ടു വിളിച്ച ആധുനിക മൈൻഡ്ഫുൾനസ് മാർഗ്ഗം ധ്യാന സമ്പ്രദായങ്ങളുടെ പാരമ്പര്യ അടിത്തറകളിൽ നിന്ന് ഒരു പരിധിവരെ വ്യത്യസ്തമാണ്. എന്നാൽ അതുപോലെ തന്നെ ആകർഷകങ്ങളായ, അപ്രയോഗികമായ വാഗ്ദാനങ്ങൾ നിരത്തിവെച്ച് മൈൻഡ്ഫുൾനസ് എന്ന ആശയത്തിന്റെ അന്തസത്ത ചോർത്തിക്കളയപ്പെട്ടിട്ടുമുണ്ട്. മൈൻഡ്ഫുൾനസ് വഴിയിലൂടെയുള്ള ഇരുപതോളം വർഷങ്ങലിലെ യാത്ര എന്നെ പഠിപ്പിച്ചത് മൈൻഡ്ഫുൾനസ് ഒരു വ്യവസായം എന്ന രീതിയിൽ ഏറെ വളർച്ച പ്രാപിച്ചിട്ടുണ്ട് എന്നാണ്. ദുർബലരായ സേവന ദാതാക്കൾ ദുർബലരായ ഉപഭോക്താക്കളെ താൽക്കാലികമായി സന്തുഷ്ടരാക്കുന്നതിനായി നൽകുന്ന ഉപരിതല പരിമള ലേപനം എന്ന രീതിയിൽ മാത്രമാണ് ഇന്ന് മൈൻഡ്ഫുൾനസ് ഏറെയും ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

തുടക്കത്തിൽ എറെ ജനപ്രീതി നേടിയെടുക്കാൻ ആയെങ്കിലും ഔന്നത്യമാർന്ന നിലവാരത്തിലുള്ള വസ്തുനിഷ്ഠമായ തെളിവുകൾ സൃഷ്ടിച്ചെടുക്കാനും നിലവാരമുള്ള പരിശീലകരെ സൃഷ്ടിക്കാൻ വേണ്ട സാമ്പത്തിക സ്രോതസ്സുകളുടെ അഭാവത്തെക്കുറിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ തന്നെ ഏറെ പരാതികൾ ഉയർന്നിട്ടുണ്ട്. നമ്മുടെ നാട്ടിലെ കണക്കുകൾ അതിലും എത്രയോ ശോചനീയാവസ്ഥയിലാണെന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ജനപ്രീതി എന്നതിലുപരി നിലവാരമുള്ള ഒരു മൈൻഡ്ഫുൾനസ് മാർഗം രൂപകൽപ്പന ചെയ്യുന്നതിനും മികച്ച അധ്യാപകരെ സൃഷ്ടിക്കുന്നതിനും ഉചിതമായ പരിശീലന മാർഗങ്ങളും ഉപഭോക്താവിനെയും കണ്ടെത്തുന്നതിനും ഒക്കെ വേണ്ട ധനസഹായം ഇന്നത്തെ അവസ്ഥയിൽ നമ്മുടെ നാട്ടിൽ നിന്ന് ലഭ്യമല്ല. നയരൂപീകരണം നടത്തുന്ന വ്യത്യസ്ത സ്ഥാപനങ്ങൾക്ക് ഇതിനുള്ള ഉത്തരവാദിത്വമുണ്ട്. എന്നാൽ ഈ വ്യവസായ കൂനകൾക്കിടയിലും ഉൾക്കാമ്പുള്ള മൈൻഡ്ഫുൾനസ് പരിശീലകർ ഉണ്ടെന്നതാണ് ആശ്വാസം.

മൈൻഡ്ഫുൾനസ് രോഗജന്യമോ?

   ഒരു മാനസികസമ്മർദ്ദ ലഘൂകരണ ഉപാധി എന്ന നിലയിൽ ഏറെ പ്രസക്തിയുണ്ട് മൈൻഡ്ഫുൾനസ് എന്ന ആശയത്തിന്. അസ്വാസ്ഥ്യ ജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടെന്നും ചില പഠനങ്ങൾ ഉണ്ട്. ആ ധ്യാനം പ്രത്യാഘാതങ്ങൾ ഇല്ലാത്ത രോഗാവസ്ഥകൾക്കുള്ള ചികിത്സയാണെന്ന് ഉള്ള തെറ്റിദ്ധാരണയാണ് നാം ആദ്യം മാറ്റേണ്ടത്. ശ്വാസത്തിൽ ശ്രദ്ധിക്കുമ്പോൾ ശ്വാസനത്തിനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് ചിലർ ബോധവാന്മാരാകുന്നു. ഉറച്ചിരിക്കാൻ ശ്രമിക്കുമ്പോൾ തോന്നുകയും ചെയ്യുന്നു. ചിന്തകളെ ശ്രദ്ധിക്കുമ്പോൾ പരിഭ്രാന്തി വർദ്ധിക്കുന്നു. കണ്ണടച്ചിരിക്കുമ്പോൾ കണ്ണുകൾ തുറക്കാൻ തോന്നുന്നു. ചിലർക്ക് ശരീരം വലിഞ്ഞു മുറുകും. ടെൻഷനും തലവേദനയും തോന്നും. നെഞ്ചിടിപ്പ് വർദ്ധിക്കും. ചിലപ്പോൾ ഉറക്കം വരും. മറ്റു ചിലപ്പോൾ അപസ്മാരതുല്യമായ ചലനങ്ങൾ ഉണ്ടായേക്കാം. ഗുണകരം എന്ന് പലരും വാഴ്ത്തിപ്പാടുന്ന മൈൻഡ്ഫുൾനസ് തങ്ങൾക്ക് ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തങ്ങളുടെ കുഴപ്പം കൊണ്ടാണെന്ന് മറ്റൊരു ചിലർ ചിന്തിച്ചേക്കാം. ഏകദേശം 25% ത്തോളം പേരിൽ ലഘുവായതോ ഗുരുതരമായതോ ആയ ഇത്തരം പാർശ്വഫലങ്ങൾ ഉണ്ടാകാം എന്ന കാര്യം പല പരിശീലകരും പുറമേ പറയാറില്ലെന്ന് മാത്രം.

ആപ്പുകൾ, ഓൺലൈൻ കോഴ്സുകൾ, പുസ്തകങ്ങൾ, മാസികകളിലെ ലേഖനങ്ങൾ എന്നിവയിലൂടെ മൈൻഡ്ഫുൾനസ് പഠിക്കുന്ന പലർക്കും ഇത്തരം പാർശ്വഫലങ്ങളെ നേരിടേണ്ടിവരുന്നു എന്നുള്ളത് ഒരു ശാസ്ത്ര സത്യമാണ്. ജനപ്രീതി വർധിച്ചു എങ്കിലും അതുപോലെതന്നെ തെറ്റിദ്ധാരണകളും വർദ്ധിച്ചു. ഒരുകാലത്ത് മനോരോഗ ചികിത്സാരംഗത്ത് ഇലക്ട്രോ കൺവെൻസീവ് തെറാപ്പി എന്ന ഷോക്ക് ചികിത്സ നിലവിൽ വന്നപ്പോൾ ആദ്യകാലത്ത് പല്ലുവേദനയ്ക്കും പ്രസവവേദനയ്ക്കും വരെ അത് ഉപയോഗിച്ചത് ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. സമാനമായ ഒരു അവസ്ഥ തന്നെയാണ് ഇന്ന് മൈൻഡ്ഫുൾനസ് അധിഷ്ഠിതമായ ഇടപെടലുകൾക്ക് വന്നു ഭവിച്ചിരിക്കുന്നത് ഭ്രാന്തമായ ജീവിതാവേഗവും സമയക്കുറവും ജീവിതശൈലികളുടെ അമിതഭാരവും ഒക്കെ സമ്മാനിക്കുന്ന സംഘർഷങ്ങൾക്ക് ആരോഗ്യകരമായ ഒരു പരിഹാരം എന്ന നിലയിലാണ് മൈൻഡ്ഫുൾനസ് ഇന്ന് നമ്മുടെ മുന്നിലേക്ക് എത്തുന്നത്. സ്മാർട്ട് ഫോണിൽ 10 മിനിറ്റ് നേരത്തെ നിർദ്ദേശാനുസൃതമായ മൈൻഡ്ഫുൾനസ് മെഡിറ്റേഷൻ വാഗ്ദാനം ചെയ്യുന്ന ഹെഡ് സ്പേസ് എന്ന ആപ്പിന് ലോകമെമ്പാടുമായി മൂന്ന് ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ഉണ്ട്. അതിൻറെ മൂല്യം 250 കോടി രൂപയോളം അതായത് 25 മില്യൺ പൗണ്ട് വരികയും ചെയ്യും.

മൈൻഡ്ഫുൾനസ് സൃഷ്ടിക്കുന്ന നെഗറ്റീവ് അനുഭവങ്ങൾ രണ്ടു വിഭാഗങ്ങളിൽപ്പെടുന്നു.  സ്വയം പര്യവേഷണത്തോടുള്ള സ്വാഭാവിക പ്രതികരണമായും തീവ്രമാനസിക അസ്വസ്ഥതകൾ ആയും. പരിചയസമ്പന്നരായ പരിശീലകർക്ക് തങ്ങളുടെ വിദ്യാർഥികളിൽ മൈൻഡ്ഫുൾനസിന്റെ പാർശ്വഫലങ്ങൾ തിരിച്ചറിയാനും അവ തടയാനും സാധിക്കും. എന്നാൽ എന്താണ് പരിചയസമ്പന്നതയുടെ മാനദണ്ഡം?  മാനസിക ക്ഷേമം, സമ്മർദ്ദം കുറയ്ക്കൽ, വൈകാരിക സന്തുലിതാവസ്ഥ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് മുൻവിധികൾ ഇല്ലാത്ത സ്വീകാര്യതയോടെ വർത്തമാനകാല അവബോധം വളർത്തിയെടുക്കുന്നതിന് മറ്റുള്ളവരെ നയിക്കുന്ന പരിശീലനം ലഭിച്ചതും അതേ സമയം തന്നെ സ്വന്തം മാർഗ്ഗത്തിന്റെ പരിമിതികളെക്കുറിച്ച് യുക്തമായ ബോധം ഉള്ളതുമായ ഒരാളെ മൈൻഡ്ഫുൾനെസ് വിദഗ്ധൻ എന്ന് പറയാം.

മാനസികാരോഗ്യം എന്ന പദം ഇന്ന് ധനസമ്പാദത്തിന് ഉള്ള ഒരു മാർഗ്ഗമായി മാറിയിരിക്കുന്നു.  മാനസിക സമ്മർദ്ദത്തിന്റെ ഉറവിടം നീക്കം ചെയ്യുന്നതിന് പകരം അത് അപ്രായോഗികമായ ജോലിഭാരം കാരണമോ മാനേജ്മെന്റിന്റെ പീഡനം കൊണ്ടോ എന്നൊക്കെയുള്ള രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുക.  അവിടെയാണ് അതിജീവനശേഷി വർദ്ധിപ്പിക്കാൻ എന്ന പേരിൽ ചില തൊഴിൽ ദാതാക്കൾ അവരുടെ ജീവനക്കാരെ മൈൻഡ്ഫുൾനസ് പരിശീലിക്കാൻ പ്രേരിപ്പിക്കുന്നത്.  തൊഴിലിടങ്ങളിൽ മിനി മൈൻഡ്ഫുൾനസ് ക്ലാസുകൾ നൽകിക്കഴിഞ്ഞാൽ പിന്നെ മാനസികസമ്മർദ്ദം കൂടുതലാണെന്ന് തൊഴിലാളിക്ക് പരാതി പറയാനാവില്ലല്ലോ.

ടെക്നോളജിയും ആത്മീയതയും കൈകോർക്കുന്ന ഒരിടമായി  ചിലർ മൈൻഡ്ഫുൾനസിനെ ഉയർത്തിക്കാട്ടുന്നു.  ആത്മീയതയുടെ സാവധാനതയും ടെക്നോളജിയുടെ വേഗതയും കൂടിച്ചേർന്നാൽ അസംഭാവ്യമായത് സംഭവിപ്പിക്കാൻ ആകും എന്നാണ് ചിലർ കരുതുന്നത്. അതിന് നിയോഗമാകാൻ മൈൻഡ്ഫുൾനസിന് സാധിക്കുമെന്നാണ് അവരുടെ പക്ഷം.

പറഞ്ഞുവന്നത്, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മൈൻഡ്ഫുൾനെസ് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും, വ്യാപകമായ അതിന്റെ സ്വീകാര്യത പലപ്പോഴും പരിമിതികളെയും പ്രതികൂല ഫലങ്ങളെയും അവഗണിച്ചുകൊണ്ടാണ്. മൈൻഡ്ഫുൾനെസ്സിന്റെ വാണിജ്യവൽക്കരണം അതിന്റെ ഗൌരവം കുറയ്ക്കുകയും യുക്തമായ രീതിയിലുള്ള പരിശീലനത്തേക്കാൾ വേഗത്തിൽ നിമിഷനേരം കൊണ്ട് കണ്ടെത്താവുന്ന ഒരു പരിഹാരമായി അതിനെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, കോർപ്പറേറ്റ് ലോകം എന്നിവയിലേക്കുള്ള അതിന്റെ ഉൾപ്പെടുത്തൽ ധാർമ്മികവും ഫലപ്രദവുമാണെന്ന് ഉറപ്പാക്കാൻ വസ്തുനിഷ്ഠമായ തെളിവ് അടിസ്ഥാനമാക്കിയുള്ള സൂക്ഷ്മപരിശോധന അത്യന്താപേക്ഷിതമാണ്. യഥാർഥ മൈൻഡ്ഫുൾനസിന് ദൈനംദിന പരിശീലനത്തിന്റെ ഏതാനും മിനിറ്റുകൾ മാത്രമല്ല, പ്രതിബദ്ധതയും വിമർശനാത്മകമായ പ്രതിഫലനവും ആവശ്യമാണ്.  സന്തുലിതവും, വിവേകപൂർണ്ണവുമായ സമീപനം യഥാർത്ഥ തിരിച്ചറിവുകൾക്കും സമാധാനത്തിനുമുള്ള വളർച്ചയ്ക്കുമുള്ള ഒരു ഉപകരണമെന്ന നിലയിൽ വ്യക്തവും കൃത്യവുമായ ഉദ്ദേശ്യം വീണ്ടെടുക്കാൻ സഹായിക്കും.

ഗ്രന്ഥസൂചി


1. Farias M, Wikholm C. The Buddha Pill: Can Meditation Change You? London: Watkins Publishing; 2015.


2. Rinpoche D. The precious pills of Tibetan medicine. J Tibetan Med. 2003;(1):34-41.

 

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ.ദീപ ബി.എസ്.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page