top of page

മാർട്ടിൻ ബൂബറിന്റെ ദാർശനികതയിലെ പരസ്പരബന്ധത്തിന്റെ ആശയവും സമകാലിക പ്രസക്തിയും

ഷിൻസി എസ്.എൽ.
ree

സംഗ്രഹം

ആധുനികവൽക്കരണം പ്രധാനമായും മനുഷ്യജീവിതത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകിക്കൊണ്ട് സമൂഹത്തെ ഗണ്യമായി പരിവർത്തനം ചെയ്യുന്നു; എന്നിരുന്നാലും, സാങ്കേതികപുരോഗതികൾക്കിടയിൽ മനുഷ്യബന്ധങ്ങളുടെ ആധികാരികതയെയും പരസ്പര ബന്ധങ്ങളുടെ കെട്ടുറപ്പിനെയും ബാധിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തുന്നു. യഥാർത്ഥബന്ധത്തെ വാർത്തെടുക്കുന്നതിനുള്ള അന്തർലീനമായ ശേഷി മനുഷ്യർക്കുണ്ടായിരുന്നാലും ആധുനികകാലഘട്ടത്തിൽ അർത്ഥവത്തായ ബന്ധങ്ങളിൽ നിന്നും വ്യതിചലിക്കുന്ന ഒരു സമൂഹത്തെ കാണുവാൻ സാധിക്കുന്നു. ഈ സാഹചര്യത്തിലാണ് മാർട്ടിൻ  ബൂബറിന്‍റെ ഞാൻ-നീ ബന്ധത്തിന്‍റെ സവിശേഷതകളിൽ ഒന്നായ പരസ്പരബന്ധം എന്ന ആശയത്തിന്‍റെ പ്രാധാന്യം ഉയർന്നുവരുന്നത്. ഈ പഠനം, പരസ്പരബന്ധത്തിൽ ആധാരിതമായ മാർട്ടിൻ ബൂബറിന്റെ ‘ഞാൻ–നീ’ ബന്ധത്തിന്‍റെ ദാർശനിക ആശയം, ബന്ധങ്ങളുമായി ബന്ധപ്പെട്ട ആധുനിക ലോകത്തിലെ വെല്ലുവിളികൾക്ക് പ്രതിവിധിയായി പ്രവർത്തിക്കാനാകുമോ എന്നതു അന്വേഷിക്കുന്നതാണ്. അതോടൊപ്പം, വ്യക്തികൾ തമ്മിലുള്ള യഥാർത്ഥ ബന്ധം ആത്മാർത്ഥമായ സമൂഹത്തെയും, സമൂഹ ജീവിതത്തെയും വാർത്തെടുക്കുവാൻ സാധിക്കുമോ എന്നും ഈ പഠനത്തിലൂടെ പരിശോധിക്കുവാൻ ശ്രമിക്കുന്നു.

താക്കോൽ വാക്കുകൾ: പരസ്പരബന്ധം, ബന്ധങ്ങൾ, ഞാൻ-നീ ബന്ധം

ആമുഖം


ആധികാരികമായ മനുഷ്യബന്ധങ്ങളുടെ രൂപീകരണത്തിൽ അനിവാര്യമായ പങ്ക് വഹിച്ചു കൊണ്ടിരുന്ന ഒരു മഹത്തായ തത്ത്വചിന്തകനായിരുന്നു മാർട്ടിൻ ബൂബർ. ബന്ധങ്ങളെക്കുറിച്ച് മാർട്ടിൻ ബൂബറിന് ആഴത്തിലുള്ള ദാർശനിക ഉൾക്കാഴ്ചയുണ്ടായിരുന്നു. ദർശനികതയുടെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ, പരസ്പരബന്ധം എന്നത് മനുഷ്യ അസ്തിത്വത്തെക്കുറിച്ചുള്ള ധാരണയെ രൂപപ്പെടുത്തുന്ന പരസ്പരാശ്രയവും പരസ്പര ഇടപെടലുകളും സൂചിപ്പിക്കുന്നു. ബൂബറിന്‍റെ പരസ്പരബന്ധം എന്ന ആശയം അദ്ദേഹത്തിന്‍റെ ഞാൻ-നീ (I-Thou) ബന്ധത്തിൽ നിന്നാണ്. 'ഞാൻ-നീ', 'ഞാൻ-അത്' എന്നിവ തമ്മിലുള്ള വ്യത്യാസമാണ് ബുബറിന്റെ തത്ത്വചിന്തയുടെ കേന്ദ്രബിന്ദു. ഞാൻ–നീ (I-Thou) ബന്ധം പരസ്പരതയുടെയും യഥാർത്ഥ ബന്ധത്തിന്‍റെയും ലോകത്തെ തുറന്നു കൊടുക്കുമ്പോൾ, ഞാൻ–അതു (I-It) ബന്ധം ഉപയുക്തിയുടെയും വസ്തുവൽക്കരണത്തിന്‍റെയും ലോകത്തെ പ്രതിനിധീകരിക്കുന്നു. ഞാൻ-നീ ബന്ധത്തിന്‍റെ സവിശേഷതകളാണ്; നേരിട്ടുള്ള സാന്നിധ്യം, അനിർവചനീയത, ആഴത്തിലുള്ള തീവ്രത, തുറന്ന സംഭാഷണം തുടങ്ങിയവ. എന്നാൽ, ഇതിൽ പരസ്പരബന്ധം എന്നത് ശ്രേഷ്ഠമായതാണ് കാരണം, ബുബറിന്‍റെ തത്ത്വചിന്തയിൽ ആധികാരികബന്ധങ്ങൾ പരസ്പരബന്ധത്തിന്മേൽ അധിഷ്ഠിതമാണ്.അവിടെ ഓരോ വ്യക്തിയും പരസ്പരം തുറന്ന മനസ്സോടെയും പ്രതികരണശേഷിയോടെയും ഇടപഴകുന്നു.കൂടാതെ, സാന്നിധ്യത്തിന്‍റെയും സംഭാഷണത്തിന്‍റെയും ഒരു പൊതു ഇടം സൃഷ്ടിക്കുന്നു.


പരസ്പരബന്ധത്തെക്കുറിച്ചുള്ള മാർട്ടിൻ ബൂബറിന്‍റെ കാഴ്ചപ്പാട്


ബൂബറിന്‍റെ അഭിപ്രായത്തിൽ, യഥാർത്ഥ ബന്ധത്തിന്‍റെ അടിസ്ഥാനമായിട്ടും, യഥാർത്ഥ ബന്ധം സൃഷ്ടിക്കപ്പെടാൻ കാരണമാകുന്നതും പരസ്പരബന്ധമാണ്; ഇത് മനുഷ്യരുടെ അസ്തിത്വത്തിലേക്ക് തുറക്കുന്ന കവാടമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു. പരസ്പരബന്ധം എന്നത് രണ്ടുപേർ തമ്മിലുള്ള സാധാരണഗതിയിലുള്ള  സംഭഷാണത്തെക്കാൾ ഉപരി  അതിൽ പങ്കെടുക്കുന്ന പങ്കാളികളുടെ അടിസ്ഥാനസമത്വമാണ് വീക്ഷിക്കുന്നത്. സംഭാഷണത്തിലെ പങ്കാളിയുടെ അടിസ്ഥാനപരമായ തുല്യതയെയാണ് പരസ്പരബന്ധം സൂചിപ്പിക്കുന്നത് കൂടാതെ, അവരുടെ കാഴ്ചപ്പാടുകൾ മാനിക്കുവാനുള്ള  സന്നദ്ധതയും.

പരസ്പരബന്ധം ബൂബറിന്‍റെ ദൃഷിയിൽകൂടി വീക്ഷിക്കുമ്പോൾ, രണ്ടു വ്യക്തികൾ പരസ്പരം കണ്ടുമുട്ടുമ്പോൾ അവരുടെ ഇടയിൽ ബഹുമാനം, പരസ്പരസാന്നിധ്യം രൂപപ്പെടുന്നു. സത്യസന്ധത, വിശ്വാസം, എന്നിവ വ്യാപിക്കുന്നു. പരസ്പരം അംഗീകരിക്കാനും, മനസ്സിലാക്കുവാനും ഇത് നമ്മെ പ്രാപ്തരാക്കുന്നു. വ്യക്തി ബന്ധങ്ങളിൽ ഒരാൾ മാത്രം സത്യസന്ധത പുലർത്തുകയും മറ്റേ വ്യക്തി അകന്നു നിൽക്കുകയും ചെയ്യുമ്പോൾ അവിടെ പരസ്പരബന്ധം എന്ന ആശയം പൂർണമാകുന്നില്ല. തുല്യമായ പങ്കാളിത്തമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഈ ലോകത്ത് ജനിക്കുന്ന ഓരോ വ്യക്തിക്കും അവരുടേതായിട്ടുള്ള പ്രത്യേകതകളുണ്ട്. ആ പ്രത്യേകതകൾ മാനിച്ചുകൊണ്ട് തന്നെപ്പോലെ തന്നെ മറ്റൊരു വ്യക്തിയെയും പരിഗണിക്കപ്പെടുമ്പോൾ അത്തരം ഒരു കൂടിക്കാഴ്ചയിൽ തന്‍റെ സ്വന്തം അസ്തിത്വം ആധികാരികമാക്കപ്പെടുന്നു.

മാർട്ടിൻ ബൂബർ തന്‍റെ ഞാൻ-നീ ബന്ധത്തെ മനുഷ്യരിൽ മാത്രം ചുരുക്കാതെ, മൃഗങ്ങൾ, സസ്യങ്ങൾ, നിർജീവമായ വസ്തുക്കൾ, ദൈവം ഇങ്ങനെ വ്യാപിപ്പിക്കുന്നു. മാർട്ടിൻ ബൂബർ തന്‍റെ ബന്ധ തത്ത്വചിന്തയിലൂടെ മനുഷ്യബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. എന്തുകൊണ്ടെന്നാൽ, അത് യഥാർത്ഥ വ്യക്തിബന്ധങ്ങളുടെയും സാക്ഷാത്കാരത്തിന് അത്യാവശ്യമായ സന്ദർഭമായി വർത്തിക്കുന്നു. എല്ലാ ഞാൻ-നീ ബന്ധങ്ങളും പൂർണമായ പാരസ്പര്യം നിറഞ്ഞതാകുന്നില്ല. അതിനു കാരണം പരസ്പരതയ്ക്ക് പല പടവുകളാണ് ഉള്ളത്.  അസ്തിത്വം എന്നത്  ലോകത്തിൽ വെറുതെ ജീവിക്കുന്നു എന്ന നിലയിൽ മാത്രമല്ലാതെ; അതിന്‍റെ യഥാർത്ഥ അർത്ഥം സത്യസന്ധമായ അസ്തിത്വം കൈവരിക്കുന്നതിലാണ്. എന്നാൽ അത് ഒറ്റപ്പെടലിൽ സംഭവിക്കുന്നതല്ല മറിച്ചു അത് സാധ്യമാകുന്നത് സംവാദ ബന്ധത്തിൽ(Dialogical Relationship) കൂടി മാത്രമാണ്. നമ്മുടെ മുന്നിൽ നിൽക്കുന്ന വ്യക്തിയെ മനസ്സിലാക്കുകയും, സംസാരിക്കുകയും, കേൾക്കുകയും, സ്വീകരിക്കുകയും ചെയ്യുമ്പോൾ  പരസ്പരബന്ധം രൂപീകരിക്കപ്പെടുകയും മനുഷ്യന്‍റെ യഥാർത്ഥ സത്ത ബന്ധങ്ങളിലാണ് എന്ന തിരിച്ചറിവ് പ്രാപ്തമാവുക.


പരസ്പരബന്ധത്തിന്‍റെ ആവശ്യകത


ആധുനികവൽക്കരണത്തിന്റെ ഭാഗമായി വന്ന മാറ്റങ്ങൾ വ്യക്തികൾ തമ്മിലുള്ള സത്യസന്ധപരമായ ബന്ധത്തിൽ വിള്ളൽ വരുത്തി എന്നതാണ് ബൂബർ മുന്നോട്ടുവയ്ക്കുന്ന ആശങ്ക. അഗാധമായ സ്നേഹത്തിനും വിശ്വസ്തതക്കും പകരം അന്യവൽക്കരണവും, ഒറ്റപ്പെടലും വ്യക്തികൾ മുറുകെ പിടിക്കുമ്പോൾ അത് സമൂഹത്തെ ബാധിക്കുന്നു. ആധുനികതലമുറ സാങ്കേതികവിദ്യയുടെ പിടിയിൽ മുറുകുമ്പോൾ മനുഷ്യന്‍റെ ചില ധാർമികഉത്തരവാദിത്വങ്ങളും ചോർന്നു പോകുന്നു.സമൂഹത്തിലെ മാനുഷിക മൂല്യങ്ങളുടെ തകർച്ചയെ മാർസെലും ബെർദ്യേവും വിമർശനാത്മകമായി അഭിസംബോധന ചെയ്യുന്നു. ആധുനിക സാങ്കേതികവിദ്യയുടെ അമിതമായ സ്വാധീനം ജനതയുടെ മേൽ ഉണ്ടാക്കുന്നത് ഇത്തരത്തിലുള്ള തകർച്ചയ്ക്ക് കാരണമെന്ന് ഇവർ അഭിപ്രായപ്പെട്ടു. സാങ്കേതിക പുരോഗതികൾ ലോകത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. അതോടൊപ്പം, യന്ത്രങ്ങളുടെ ലോകത്തിൽ രൂപപ്പെടുന്ന ബന്ധങ്ങളെ വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്, കാരണം അവ മനുഷ്യന്‍റെ യഥാർത്ഥ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയും, അതുവഴി അവയെ ബഹുമുഖവും സങ്കീർണവുമായ നൈതിക പ്രതിസന്ധികളിലേക്ക് നയിക്കുകയും ചെയ്യുന്നു; അതിനാൽ, ഇത്തരത്തിലുള്ള വിശകലനം ഒരു അനിവാര്യമായ ദാർശനിക ആവശ്യകതയായി നിലകൊള്ളുന്നു

മാർട്ടിൻ ബൂബറിന്‍റെ ദാർശനികതപ്രകാരം, യഥാർത്ഥ ബന്ധത്തിന്‍റെ നിലനിൽപ്പ് വ്യക്തികളെ വ്യക്തികളായി പരിഗണിക്കാതെ, വെറും വസ്തുക്കളായി കാണുമ്പോഴാണ് തകർച്ചക്ക് വഴിയൊരുക്കുന്നത്. പരസ്പരബന്ധം രണ്ടോ അതിലധികം വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചു പറയുമ്പോൾ അവിടെ സത്യസന്ധത, വിശ്വാസം കേന്ദ്ര സ്ഥാനങ്ങൾ കൈവരിക്കുന്നു.  വ്യക്തികൾ തമ്മിലുള്ള കണ്ടുമുട്ടലിൽ ഒരു വ്യക്തി സത്യസന്ധത പുലർത്തുകയും മറ്റേ വ്യക്തിക്ക് അകന്നു നിൽക്കുകയും ചെയ്യുമ്പോൾ അവിടെ ആശയവിനിമയം നടന്നേക്കാം എന്നാൽ അത് എങ്ങനെയുള്ള ബന്ധമാണ് എന്നതിലാണ് പ്രസക്തി. വ്യക്തികൾ തമ്മിലുള്ള  കണ്ടുമുട്ടലുകളിൽ ബഹുമാനം, ഉത്തരവാദിത്തം, പരസ്പര സാന്നിധ്യം ഇവ ഉണ്ടായിരിക്കണം എന്നാൽ  മാത്രമേ നല്ല രീതിയിൽ ഉള്ള ബന്ധങ്ങൾ  വഴി നല്ലൊരു സമൂഹത്തെ വാർത്തെടുക്കുവാൻ സാധിക്കയുള്ളു.

നമ്മുടെ മുന്നിൽ നിൽക്കുന്ന വ്യക്തിയെ മനസ്സിലാക്കുകയും, സംസാരിക്കുകയും, കേൾക്കുകയും, സ്വീകരിക്കുകയും ചെയ്യുമ്പോൾ  പരസ്പരബന്ധം രൂപീകരിക്കപ്പെടുകയും മനുഷ്യന്റെ യഥാർത്ഥ സത്ത ബന്ധങ്ങളിലാണ് എന്ന തിരിച്ചറിവ് പ്രാപ്തമാകുന്കയും ചെയ്യുന്നു. മനുഷ്യാന്തര ഇടപെടലുകളുടെ സങ്കീർണ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിൽ വ്യക്തിവാദവും കൂട്ടായ്മവാദവും കാണിച്ച അപര്യാപ്തതകളെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്, ബൂബർ പരസ്പരബന്ധത്തിൽ ആധാരിതമായ വ്യക്തിബന്ധത്തെ രൂപപ്പെടുത്തിയെടുത്തത്. പരസ്പരബന്ധം എന്നത് തുറന്നു സംഭാഷണത്തിലും ബഹുമാനത്തിലും വേരൂന്നിയതാണ്.

പരസ്പര പങ്കാളിത്തം (Mutual engagement) ‘ഇടയ്ക്കുള്ളത്’ (the Between) എന്ന ബന്ധമണ്ഡലത്തിലാണ് സംഭവിക്കുന്നത്, അവിടെ ഒരാളുടെ അസ്തിത്വം മറ്റൊരാളുടെ അസ്തിത്വത്തെ അഭിമുഖീകരിക്കുന്നു; ‘മറ്റൊരാൾ’ (the Other) അതുല്യമായ ‘നീ’യായി പൂർണ്ണമായും അംഗീകരിക്കപ്പെടുന്നു

മറ്റുള്ളവരോട് ഉള്ള അംഗീകാരവും, ബഹുമാനവും, മാന്യമായ സമീപനവും അവിഭാജ്യ ഘടകമാണ്. മറ്റുള്ളവരെ ഒരനന്യമായ, അവിഭാജ്യമായി കാണുകയും വഴി അർത്ഥവത്തായ സമൂഹം സൃഷ്ടിക്കുവാൻ കഴിയും. ഞാൻ-അത് ബന്ധത്തിൽ നിന്ന് ഞാൻ-നീ ബന്ധത്തിലേക്ക് ഉള്ള പരിവർത്തനം അടിസ്ഥാനപരമാണ്. മറ്റുള്ളവരോടുള്ള വിശ്വാസത്തിന്‍റെയും, പരസ്പരതയുതുടെയും അഭാവം സമൂഹത്തിന്‍റെ ഭാവിക്ക് ഭീഷണി സൃഷ്ടിക്കുന്നു. ആധുനിക സാങ്കേതികവിദ്യയിൽ അമിത ആശ്രയം കുറച്ച്, മനുഷ്യ മൂല്യങ്ങളുടെയും വ്യക്തിത്വത്തിന്‍റെയും പ്രാധാന്യത്തെ മുൻനിരയിലെത്തി പരിഗണിക്കുന്നത് വ്യക്തികളിൽ മനസ്സിൽ സത്യസന്ധമായ ബന്ധങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നു. ഈ സമീപനം മറ്റുള്ളവരെ വെറും വസ്തുവല്ലാതെയോ ഉപകരണമാക്കാതെയോ കാണാൻ സഹായിക്കുകയും, യഥാർത്ഥത്തിൽ സത്യസന്ധമായ ഒരു സമൂഹം രൂപപ്പെടാൻ വഴിയൊരുക്കുകയും ചെയ്യുന്നു. ഞാൻ-നീ’ ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാം ഞാൻ-നീ ബന്ധങ്ങളും പൂർണ്ണമായ പരസ്പരബന്ധം ആകുന്നില്ല കാരണം പല പടവുകളുണ്ടെന്ന് ബൂബർ പറയുന്നു. “ബൂബർ ആൻഡ് ബുബെറിസം-എ ക്രിട്ടിക്കൽ ഇവാലുയേഷൻ”ലിൽ, പോൾ എഡ്വേർഡ്സ് ബൂബറിനെ വിമർശിക്കയുണ്ടായി,  മരങ്ങളും, കല്ലുമായും എങ്ങനെ പരസ്പരത എന്ന ആശയം സാധ്യമാകും എന്നതായിരുന്നു കാരണം.  എന്നാൽ ബന്ധങ്ങളിൽ വ്ശ്വസിച്ചിരുന്ന ബൂബർ തന്റെ ആശയമായ ഞാൻ-നീ ബന്ധം എല്ലായിടത്തും എല്ലാവരിലും വ്യാപിപ്പിക്കണം എന്ന് കരുതിയിട്ടുണ്ടാകാം. നമുക്ക് സത്യമാർന്ന ബന്ധങ്ങൾ വളർത്താൻ പരസ്പരത വളരെ പ്രധാനമാണ്. പരസ്പര ബന്ധം എന്നത് വിശ്വാസത്തിലും പരസ്പരാശ്രിതത്വത്തിലും അധിഷ്ഠിതമായ ഒരു സുസ്ഥിര ബന്ധം വളർത്തിയെടുക്കുന്നു. പരസ്പരബന്ധിതത്വത്തിനും പങ്കിട്ട ഉത്തരവാദിത്തത്തിനും ഊന്നൽ നൽകുന്നതിലൂടെ വ്യക്തിത്വപരമായ വീക്ഷണകോണിൽ നിന്ന് വ്യത്യസ്തമായി പരസ്പരബന്ധം പ്രാധാന്യം നേടുന്നു, അതുവഴി മനുഷ്യബന്ധങ്ങളെക്കുറിച്ച് കൂടുതൽ സമഗ്രമായ ധാരണ വളർത്തിയെടുക്കുന്നു. പരസ്പരത വ്യക്തിപരമായ ചിന്താഗതിയോട് താരതമ്യപ്പെടുത്തുമ്പോൾ, പരസ്പരത ബന്ധങ്ങളുടെ കൂട്ടായ്മയും പങ്കിട്ട ഉത്തരവാദിത്തവും മുൻനിർത്തി മനുഷ്യബന്ധങ്ങളെ കൂടുതൽ സമഗ്രമായി മനസ്സിലാക്കാൻ സഹായിക്കുന്നു.


നിഗമനം


ബൂബറിന്റെ ദാർശനിക ദൃഷ്ടിക്കോണിൽ, പരസ്പരബന്ധം എന്നത് ഒരു സത്യസന്ധമായ ബന്ധത്തിലേക്കാണ് ലക്ഷ്യമിടുന്നത്. ഇത്തരമൊരു ബന്ധം സാധ്യമാകുന്നത് വ്യക്തികൾ യഥാർത്ഥമായി കണ്ടുമുട്ടുന്ന വേളയിലാണ്. ആ കണ്ടുമുട്ടലിലാണ് അവർ തങ്ങളുടേതായ പൂർണ്ണമായ മനുഷ്യാവസ്ഥയെ സാക്ഷാത്കരിക്കുന്നത്. അത്തരം അനുഭവത്തിൽ, വ്യക്തികൾക്ക് പരസ്പരം തങ്ങൾ  തുല്യരെന്ന ബോധം ജനിക്കുന്നു. അതുവഴി വ്യക്തികളെ മനസ്സിലാക്കുന്ന, പരിഗണിക്കുന്ന അർത്ഥവത്തായ സമൂഹത്തെ പഠിത്തുയർത്തുവാൻ കഴിയും. ഞാൻ-നീ ബന്ധത്തിന് അതിന്റെ പൂർണ്ണത കൈവരണമെങ്കിൽ അതിന് ഞാൻ-നീ ബന്ധത്തിലെ ഞാനും നീയും സജീവമായി പങ്കാളികളാകുമ്പോഴാണ് അതിന് പരസ്പരത എന്ന ആശയം വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. ഞാൻ-അത്’ എന്നതിൽ നിന്ന് ‘ഞാൻ-നീ’ എന്ന ബന്ധത്തിലേക്കുള്ള പരിവർത്തനം നിർണായകമാണ്. ആധുനിക സാങ്കേതികവിദ്യ നല്ലതാണെങ്കിലും അതിലേക്കുള്ള അമിത പ്രാധാന്യം കുറയ്ക്കുകയും മാനുഷിക മൂല്യങ്ങളിലേക്കും മനുഷ്യ വ്യക്തിത്വത്തിലേക്കും ശ്രദ്ധ തേടുകയും ചെയ്യുന്നത് വ്യക്തികളുമായി അർത്ഥവത്തായ ബന്ധങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. ബൂബറിന്റെ അഭിപ്രായത്തിൽ, മറ്റുള്ളവരെ വെറും ഉപകരണമെന്നോ വസ്തുവെന്നോ കാണുന്ന പ്രവണത ഒഴിവാക്കാൻ ഈ സമീപനം സഹായിക്കുന്നു; അതുവഴി, യഥാർത്ഥ സമൂഹത്തിന്റെ സാക്ഷാത്കാരത്തിനും വഴിയൊരുക്കുന്നു.


ഗ്രന്ഥസൂചി


  1. Buber, Martin. I and Thou. Translated by Ronald Gregor Smith, Scribner, 1958.

  2. Edwards, Paul. Buber and Buberism: A Critical Evaluation. University of Kansas, 1970.

  3. Friedman, Maurice. Martin Buber: The Life of Dialogue. 4th ed., Routledge, 2002.

  4. Manimala, Varghese J. Being Person and Community. Intercultural Publications, 1991.

  5. Ravenscroft, Simon. A Macat Analysis of Martin Buber’s I and Thou. Macat International, 2017.

ഷിൻസി എസ്.എൽ.

റിസർച്ച് സ്കോളർ

ഫിലോസഫി വിഭാഗം

യൂണിവേഴ്സിറ്റി കോളേജ്

പാളയം,

തിരുവനന്തപുരം.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page