'ലോക്കപ്പ് ' ആകസ്മികതകളുടെ ലോകം
- GCW MALAYALAM
- Dec 29, 2025
- 4 min read
Updated: Dec 30, 2025
ഡോ.ലാലു വി.

പ്രബന്ധസംഗ്രഹം
മനുഷ്യജീവിതം ആകസ്മികതകൾക്കു മേൽ പണിതീർത്ത ഒന്നാണെന്ന് ഓർമ്മിപ്പിക്കുന്ന നോവലാണ് വി ഷിനിലാലിൻറെ 'ലോക്കപ്പ് ' . മനുഷ്യ സ്വാതന്ത്ര്യം, അധികാര സംവിധാനങ്ങളും മനുഷ്യാവസ്ഥയും തമ്മിലുള്ള സംഘർഷം എന്നിവ കേന്ദ്രമാക്കി രചിച്ച നോവലാണിത്. മലയാളത്തിലെ സമകാലിക എഴുത്തുകാ രിൽ ശ്രദ്ധേയനായ വി.ഷിനിലാലിന്റെ ഏറ്റവും പുതിയ നോവലായ 'ലോക്കപ്പി' നെ പഠനവിധേയമാക്കി, സമകാലിക സമൂഹ ത്തിലെ പോലീസ് സംവിധാനങ്ങളെയും മനുഷ്യാവകാശലംഘനങ്ങളെയും സ്വാതന്ത്ര്യ നിഷേധത്തെയും അധികാരത്തിന്റെ ക്രൂരത യെയും പുനർവായനയ്ക്ക് വിധേയമാക്കുക യാണ് ഈ പ്രബന്ധത്തിലൂടെ.
താക്കോൽ വാക്കുകൾ
അധികാരം, പോലീസ്, ,മനുഷ്യാവകാശം,സ്വാതന്ത്ര്യം, നീതി നിഷേധം, നിയമവ്യവസ്ഥ
സമകാല മലയാള നോവൽ സാഹിത്യത്തിൽ ശ്രദ്ധേയനായ വി. ഷിനിലാലിൻറെ “ലോക്കപ്പ്” എന്ന നോവൽ അധികാരസംവിധാനങ്ങളും മനുഷ്യാവ സ്ഥയും തമ്മിലുള്ള സംഘർഷങ്ങളെ ശക്തമായി ആവിഷ്കരിക്കുന്നു.നിയമവും അധികാരവും മനുഷ്യനെ എങ്ങനെ നിയന്ത്രിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു എന്നതിനെ കേന്ദ്രീകരിച്ചു കൊണ്ടാണ് നോവലിൻറെ ഇതിവൃത്തം മുന്നേറുന്നത്. അതോടൊപ്പം സാമൂഹ്യനീതി മനുഷ്യാവകാശം അധികാര രാഷ്ട്രീയങ്ങൾ തുടങ്ങിയ വിഷയങ്ങളെ ഈ നോവൽ ആഴത്തിൽ വിശകലനം ചെയ്യുന്നു. കുറ്റം തെളിയിക്കപ്പെടാത്ത അവസ്ഥയിലും മനുഷ്യൻ അനുഭവിക്കുന്ന അപമാനം, ഭയം, ശാരീരിക- മാനസിക പീഡനം എന്നിവ നോവലിൻറെ ആശയകേന്ദ്രമായി മാറുന്നു. ഭരണകൂട പോലീസ് സംവിധാനങ്ങളുടെ അന്ധകാരവശങ്ങളെ തുറന്നുകാട്ടുന്ന ഒരു സാമൂഹ്യ രേഖയായി ഈ നോവൽ മാറുന്നു.
പോലീസ് ലോക്കപ്പ് എന്ന പരിമിതമായ ഇടത്തെ കേന്ദ്രമാക്കി മനുഷ്യജീവിതം ആകസ്മികതകൾക്കു മേൽ പണിതീർത്തതാണെന്ന് ഓർമിപ്പിക്കുന്ന നോവലാണിത്.സമകാലിക സമൂഹത്തിലെ പോലീസ് സംവിധാന ങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും കേന്ദ്രീകരിച്ചാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. മൾട്ടി നാഷണൽ കമ്പനികളുടെ തർക്കങ്ങൾ ഒതുക്കി തീർക്കുന്ന അമിത് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിൻറെ ഉടമയായ അമിത് ആണ് നോവലിലെ കേന്ദ്ര കഥാപാത്രം. ലിഫ്റ്റ് ,കാർ, വിമാനം ഈ മൂന്നു പ്രതലങ്ങളിൽ മാത്രം കാൽ ചവിട്ടി ലോകം ചുറ്റുന്ന അമിത്തിന്റെ, ഒരു ദിവസം ലോക്കപ്പിൽ കിടക്കണമെന്ന് ആഗ്രഹം വരുത്തി വയ്ക്കുന്ന പ്രശ്നങ്ങളാണ് നോവലിൻറെ പ്രമേയത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. തൻറെ ഭാര്യ ദയയുമൊത്ത് ജന്മനാടായ തിരുവനന്തപുരത്ത് എത്തിച്ചേർന്ന്, തന്റെ സുഹൃത്തായ സി. ഐ. സലീമിന്റെ സഹായത്തോടെ തൻറെ ആഗ്രഹം സാധിക്കുവാനുള്ള ശ്രമം അമിത് നടത്തുന്നു. ദയയും അയാളുടെ ആഗ്രഹസാക്ഷാത്കാര ത്തിനായി കൂടെ നിൽക്കുന്നു. തൻറെ ഹാർലി ഡേവിഡ്സൺ ബൈക്കിൽ അയാൾ നഗര പര്യടനം ആരംഭിക്കുന്നു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ഒരു പോലീസുകാരനെ ഇടിച്ചിട്ട് , പോലീസ് പിടിയിലായി അയാൾ ലോക്കപ്പിൽ എത്തുന്നു.
ലോക്കപ്പിൽ വ്യത്യസ്ത സ്വഭാവങ്ങൾ ഉള്ള കുറ്റവാളികളെയും മനു ഷ്യരെയും കണ്ട് അമിത് അമ്പരക്കുന്നു. ജീവിതത്തിൽ ആദ്യമായി അയാൾ രണ്ട് അഴിവിടവുകൾക്കിടയിലൂടെ ലോകത്തെ കാണുന്നു.അതൊരു പുതിയ കാഴ്ചയാ യിരുന്നു. ഒരു അജ്ഞാത ഫോൺ കോൾ പ്രകാരം പോലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെ നിർദ്ദേശപ്രകാരം, ബൈക്കിൽ നിന്ന് ഡ്രഗ്സ് കണ്ടെടുത്തതിന്റെ പേരിൽ അമിത്തിനെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുന്നു. ആ രാത്രിയിൽ തന്നെ പോലീസ് ജീപ്പ് അപകട ത്തിൽപ്പെട്ട് സി.ഐ.സലിം മരണപ്പെടുന്നു. കൗതുകത്തിനായി തുടങ്ങിയ കളി കാര്യ മായി മാറുന്നു.
റിമാൻഡ് പ്രതിയായി ജയിലിൽ എത്തിച്ചേരുന്ന അമിത്, വിചിത്രമായ ഒരു ലോകത്ത് എത്തിച്ചേർന്നതു പോലെയായിരു ന്നു. താൻ കണ്ടിട്ടുള്ളതോ പരിചയിച്ചിട്ടുള്ള തോ ആയ ഒരു ലോകമായിരുന്നില്ല ജയിലി നുള്ളിൽ കണ്ടത്. നടയടി,മാനഹാനി സെല്ലിനകത്തെ ദുർഗന്ധം, ബീഡി പുകയുടെ മൂക്ക് തകർക്കുന്ന നാറ്റം ഇവയെല്ലാം അദ്ദേഹത്തിന് സഹിക്കാവുന്നതിനപ്പുറമാ യിരുന്നു. തുടർന്ന് ജയിലിനകത്തെ മനുഷ്യർക്ക് ഒരേയൊരു ചിന്തയെ ഉള്ളൂ എന്ന് അയാൾ മനസ്സിലാക്കുന്നു. എങ്ങനെ യും പുറത്തിറങ്ങണം മറ്റുചിന്തകൾ ഒന്നും അയാളെ ബാധിക്കുന്നില്ല. അയാളുടെ മനസ്സ് മുഴുവൻ പുറംലോകമാണ്.ലോകത്തിൻറെ അനന്ത വിസ്തൃതിയാണ്.ജയിലിൽ പെട്ട മനുഷ്യൻ ആത്യന്തികമായി നിസ്സഹായനാ ണ്, ചുറ്റുപാടുമുള്ള മനുഷ്യരുടെ കരുണയി ലാണ് അയാളുടെ ഭാവി എന്നും അയാൾ തിരിച്ചറിയുന്നു. എത്രമാത്രം സമ്പന്നനും പ്രഗൽഭനും അധികാരകേന്ദ്രവും ആയിരു ന്നാലും തെളിവുകൾ എതിരായാൽ നിയമ വ്യവസ്ഥയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് പെട്ടെന്ന് രക്ഷപ്പെടാൻ ആർക്കും കഴിയില്ല എന്ന സത്യം അദ്ദേഹം മനസ്സിലാക്കുന്നു. ജീവിതങ്ങൾ അത്ഭുതങ്ങൾ തന്നുകൊ ണ്ടിരിക്കും, പ്രശ്നങ്ങളും എന്ന് മോട്ടിവേ ഷൻക്ലാസുകളിൽ ആവേശത്തോടെ സംസാരിച്ച അമിത് ജീവിതത്തിന്റെ ആക സ്മികതകളിൽ പരുവപ്പെടുന്ന കാഴ്ച ഈ നോവലിൽ ദർശിക്കാം.
ജീവിതം സങ്കൽ പ്പിക്കുന്നതിനേക്കാൾ വ്യത്യസ്തതകൾ നിറഞ്ഞതാണെന്ന് അയാൾ തിരിച്ചറിയാൻ തുടങ്ങുന്നു. 'ഇത്രനാളും പുറത്തുനിന്നാണ് അയാൾ പ്രശ്നങ്ങളെ കണ്ടിട്ടുള്ളത്. പുറത്തു നിൽക്കുന്നവർക്ക് ഒരുപാട് പരിഹാരങ്ങൾ നിർദ്ദേശിക്കാൻ ഉണ്ടാവും. ഇപ്പോൾ അയാൾ തന്നെ ഒരു പ്രശ്നമായിരിക്കുന്നു'. ജയിൽ നിരപരാധികൾക്ക് കൂടിയുള്ളതാണ് എന്നയാൾ തിരിച്ചറിയുന്നു. ഒന്നുമറിയാതെ ഒരു ചുഴിയിലേക്ക് എന്നപോലെ പെട്ടുപോയ പേരറിവാളനെ കുറിച്ച് അയാൾ ഓർക്കുന്നു. അറിയാതെ ചെയ്തുപോയ അബദ്ധത്തിന് പത്തൊമ്പതാം വയസ്സിൽ ജയിലിലായ രാജീവ് ഗാന്ധി വധക്കേസിലെ നിരപരാധിയായ പ്രതിയാണ് പേരറിവാളൻ. ആരോ പറഞ്ഞത് പ്രകാരം ബാറ്ററി വാങ്ങി കൊടുത്തു എന്ന കുറ്റമാണ് അയാൾ ചെയ്തത്. ആ ബാറ്ററിയാണ് ടൈം ബോംബിൽ ഘടിപ്പിച്ച് രാജീവ് ഗാന്ധിയെ കൊല്ലാൻ ഉപയോഗിച്ചത്. മറ്റു പ്രതികൾക്കൊപ്പം അവനും കോടതി വധശിക്ഷ വിധിച്ചു. അമ്മയുടെ പോരാട്ടത്തിന് ഒടുവിൽ അവൻറെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു. ഒടുവിൽ 51 വയസ്സിൽ കാരാഗ്രഹവാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവൻ്റെ കൗമാരവും യൗവനവും ജയിൽ കാർന്നു തിന്നു കഴിഞ്ഞിരുന്നു. അകത്തേക്ക് പോയത് ചോര തുടിക്കുന്ന യുവാവ് ആയിരുന്നുവെങ്കിൽ തിരികെ വന്നത് വെറുമൊരു ചണ്ടിയായിരുന്നു. ജയിൽ, ജീവിതം തകർത്ത ഒട്ടനവധി നിരപരാധികൾ ഉണ്ടെന്ന് അയാൾ തിരിച്ചറിയുന്നു.
ഡോ.ലാസറിന്റെയും സലീമിന് പകരം പുതുതായി ചാർജെടുത്ത സി.ഐ രാജേഷിന്റെയും ഇടപെടലിലൂടെ കോടതി വ്യവഹാരങ്ങൾ കുറച്ചുകൂടി വേഗതയിലാ കുന്നു. കണ്ടെടുത്ത തൊണ്ടിമുതലിന്റെ ലാബ് റിപ്പോർട്ടിന് വേണ്ടി അവർ കാത്തിരി ക്കുന്നു. എന്നാൽ കോടതിയിൽ ദുർവിധി വീണ്ടും അയാളെ കാത്തിരുന്നു. സി.ബി.സി.ഐ.ഡിയുടെ പ്രോസിക്യൂട്ടർ ഒറ്റ നിമിഷംകൊണ്ട് സ്ക്രിപ്റ്റ് മാറ്റി. നഗരത്തിൽ അന്നു രാത്രിയിൽ കൊല്ലപ്പെട്ട രണ്ടു പെൺകുട്ടികളുടെ സ്കൂട്ടറിൽ നിന്നും അമിതിന്റെ ബൈക്കിൽ നിന്ന് ലഭിച്ച അതേ കെമിക്കൽ കണ്ടൻസ് അടങ്ങിയിട്ടുള്ള സ്റ്റഫ് കിട്ടിയിട്ടുണ്ടെന്ന് അറിയിക്കുന്നു. തുടർന്ന് പ്രതിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുന്നു. ഒരു നിമിഷം കൊണ്ട് പ്രതീക്ഷകൾ എല്ലാം അസ്ഥാനത്തായി വീണ്ടും അമിത് ജയിലിൽ അടയ്ക്കപ്പെടുന്നു. ജയിലിൽ വച്ച് സഹതടവുകാരെ നിരീക്ഷിച്ചുകൊണ്ട് 'ആരും നൂറു ശതമാനം ക്രിമിനലുകൾ അല്ല, വളർച്ചയ്ക്കിടയിൽ എവിടെയോ വെച്ച് ഒരു സ്ലിപ്പ് .പിന്നെ ഒരിക്കലും തിരികെ പിടിച്ചു കയറാൻ ആവാത്ത വിധം ഹിമാനികൾ വഴുക്കുന്ന ഗർത്തത്തിലേക്ക് ആ മനുഷ്യൻ ആണ്ട് പോകുന്നു'. എന്ന് തിരിച്ചറിയുന്നു.
വനിതാ പോലീസ് കോൺസ്റ്റബിൾ ആയ സീനയുടെയും ദയയുടെയും അന്വേഷണ ങ്ങളിലൂടെ അമിത്തിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുന്നു.
'പ്രശ്നങ്ങളുടെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ അവ എല്ലായി പ്പോഴും എല്ലായിടത്തും ഉണ്ട് എന്നതാണ്. കൃത്യമായ സന്ദർഭത്തിൽ അവിടെ ചെന്നെ ത്തുന്ന ഒരാളെ അവ വരിഞ്ഞു മുറുക്കി ക്കൊള്ളും. പ്രശ്നങ്ങളിൽ നിന്നും രക്ഷപെ ടാൻ നമ്മൾ ആത്മാർത്ഥമായി ശ്രമിക്കു മ്പോൾ നമ്മൾ അറിയാത്ത നമ്മളെ അറി യാത്ത ചിലർ നമുക്ക് സഹായവുമായി എ ത്തും' എന്ന പാഠവും അമിത്ത് പഠിക്കുന്നു. ഒടുവിൽ' പ്രശ്നങ്ങളിൽ നിന്ന് തിരികെ ഇറങ്ങുമ്പോൾ നമ്മൾ പുതിയൊരു മനുഷ്യനായി മാറിയിട്ടുണ്ടാവും' എന്നും അയാൾ തിരിച്ചറിയുന്നു. ഒരു കൗതുക ത്തിനായി തുടങ്ങി പ്രശ്ന സങ്കീർണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോയ അമിത്തിന്റെ ജീവിതവീക്ഷണം തന്നെ മാറ്റുന്നതിന് ഈ സംഭവവികാസങ്ങൾ കാരണമായി. കർഷകർക്കെതിരായി മൾട്ടി നാഷണൽ കമ്പനികളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിച്ചുകൊണ്ട് ഒത്തുതീർപ്പുകൾ ഉണ്ടാക്കിയിരുന്ന അയാൾ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തീരുമാനങ്ങൾ എടുക്കുന്നു. അധികാര സംവിധാനങ്ങളും മനുഷ്യാവസ്ഥയും തമ്മിലുള്ള സംഘർഷങ്ങളെ ശക്തമായി ആവിഷ്കരിക്കുന്ന ഈ നോവൽ വായനക്കാരനിൽ ശക്തമായ അസ്വാസ്ഥ്യം സൃഷ്ടിച്ചുകൊണ്ടാണ് മുന്നേറുന്നത്. നിയമവും അധികാരവും മനുഷ്യനെ എങ്ങനെ നിയന്ത്രിക്കുകയും പീഡിപ്പിക്കു കയും ചെയ്യുന്നു എന്നതും ഈ നോവലിൽ ദർശിക്കാൻ കഴിയും. ഭയം, അപമാനം, കുറ്റബോധം, അനിശ്ചിതത്വം, ആത്മാഭിമാന ത്തിന്റെ തകർച്ച, പ്രതീക്ഷയുടെ നൂല്പാലം തുടങ്ങിയ മാനസിക അവസ്ഥകളെ ഈ നോവൽ സൂക്ഷ്മമായി അവതരിപ്പിക്കുന്നു.
കസ്റ്റഡി പീഡനം, നിയമത്തിന്റെ ദുരുപയോഗം, സാധാരണക്കാരിൽ നിന്ന് നീതി ആകന്നു നിൽക്കുന്ന അവസ്ഥ എന്നിവ ചിത്രീകരിക്കുന്നതിലൂടെ മനുഷ്യാവകാശങ്ങളിലേക്കും നോവൽ കടന്നു ചെല്ലുന്നു. പോലീസ് സംവിധാനം പ്രതിനിധീകരിക്കുന്ന അധികാരവും അതിൻറെ മുന്നിൽ സാധാരണ മനുഷ്യൻറെ നിസ്സഹായതയും നോവൽ തീവ്രമായി ആവിഷ്കരിക്കുന്നു. നിയമവും നീതിയും തമ്മിലുള്ള അകലവും നോവൽ തുറന്നുകാട്ടുന്നു.
ലളിതവും ശക്തവുമായ ഭാഷയിലൂടെ, സ്വാഭാവികവും ജീവിതഗന്ധി യുമായ സംഭാഷണങ്ങളിലൂടെ നോവൽ വായനക്കാരന്റെ മനസ്സിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. അലങ്കാര വാക്കുകളില്ലാത്ത ഭാഷയിലൂടെ ജനഹൃദയങ്ങളിൽ കുടിയേ റാൻ നോവലിസ്റ്റിന് കഴിയുന്നു. ലോക്കപ്പിൽ കഴിയുന്ന കഥാപാത്രങ്ങളിലൂടെ സമൂഹ ത്തിൻറെ വർഗ്ഗ വ്യത്യാസങ്ങൾ, സാമ്പത്തിക അസമത്വം, അധികാര ബന്ധങ്ങൾ എന്നിവ വ്യക്തമാകുന്നു. ഭയം,അപമാനം, കുറ്റബോ ധം, നിരാശ, പ്രതീക്ഷ തുടങ്ങിയ മാനസികാ വസ്ഥകളെ സൂക്ഷ്മമായി അവതരിപ്പിക്കാൻ ഈ നോവലിന് കഴിയുന്നുണ്ട്. ക്രാഫ്റ്റിലെ പുതുമയും നോവലിൻറെ കൗതുകമാണ്. വിഷ്വൽ റൈറ്റിങ്ങിന്റെ ഭംഗി സുന്ദരമായി ആവിഷ്കരിക്കുന്നു ഈ നോവൽ.
ജയിലിൽ എത്തുന്ന ഓരോ മനുഷ്യരും വ്യത്യസ്ത സാമൂഹിക മാനസിക പശ്ചാത്തലങ്ങളെ പ്രതിനിധീകരിക്കുന്നു. ലോക്കപ്പിനുള്ളിലെ ഭയം,അപമാനം, നിസ്സഹായത എന്നിവ വായനക്കാരനിലേക്ക് ശക്തമായി പകരാൻ നോവലിസ്റ്റിന് കഴിയുന്നു. പോലീസ് സംവിധാനം പ്രതിനിധീ കരിക്കുന്ന അധികാരവും അതിൻറെ മുന്നിൽ സാധാരണ മനുഷ്യന്റെ നിസ്സഹാ യതയും നോവൽ തീവ്രമായി ആവിഷ്കരി ക്കുന്നു. നിയമവും നീതിയും തമ്മിലുള്ള അകലവും നോവൽ തുറന്നുകാട്ടുന്നു. ജയിലിനുള്ളിൽ കഴിയുന്നവരുടെ ഭീതികൾ, ഓർമ്മകൾ,കുറ്റബോധം, ആത്മസംഘർഷം എന്നിവ സൂക്ഷ്മമായി തുറന്നുകാട്ടുന്നതിലൂ ടെ മനുഷ്യാവസ്ഥയുടെ പഠനമായി ഈ നോവൽ മാറുന്നു. മനുഷ്യസ്വാതന്ത്ര്യം, അധികാര ക്രൂരത, വിധിവൈപരീത്യം, നീതി നിഷേധം എന്നിവയെക്കുറിച്ചെല്ലാം പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുവാൻ നോവലിന് കഴിയുന്നു. മനുഷ്യസ്വാതന്ത്ര്യം മാനവ മൂല്യങ്ങൾ ഇവയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി നോവൽ മാറുന്നു.
ഗ്രന്ഥസൂചി
ഷിനിലാൽ,വി ലോക്കപ്പ്, മാതൃഭൂമി ബുക്സ്, കോഴിക്കോട്,2025.
ഡോ.ലാലു. വി
അസോസിയേറ്റ് പ്രൊഫസർ
മലയാള വിഭാഗം
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം.





Comments