top of page

വൈക്കത്തിന്റെ നോവലിലെ സ്വാതിതിരുനാൾ

Updated: Jul 15

 ലിലിൻ. വി.ഭാസ്‌കര
ree

ചരിത്രനോവൽ രചനാരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തു കാരനാണ് വൈക്കം ചന്ദ്രശേഖരൻനായർ. അദ്ദേഹം നിരവധി ചരിത്രനോവലുകളുടെ രചയിതാവാണ്. തിരുവിതാംകൂർ രാജ്യചരിത്രത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച ചരിത്രനോവലാണ് 'സ്വാതിതിരുനാൾ' 1829-1847 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന സർവ്വകലാവല്ലഭൻ ശ്രീ സ്വാതിതിരുനാൾ മഹാരാജാവിന്റെ ജീവിതത്തെ ആസ്പദമാക്കി 1989-ൽ എഴുതിയ കൃതിയാണിത്. ഈ നോവൽ കലാകാരനായ ആ മഹാരാജാവിന്റെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്നു. അദ്ദേഹം ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും ആത്മസംഘർഷങ്ങളും വേദനകളും അദ്ദേഹത്തിന്റെ ജീവിതവും ഭരണവുമെല്ലാം ഈ നോവലിൽ വിശദമായി ചിത്രീകരിക്കുന്നു.

സ്വാതിതിരുനാളിന്റെ ജനനം മുതൽ ജീവിതാന്ത്യംവരെയുള്ള ജീവിതകഥ ഏറെക്കുറെ വിശ്വാസയോഗ്യമായി ഈ നോവലിൽ പ്രതിപാദിക്കുന്നു. ജനനത്തിനു മുൻപുതന്നെ കിരീടാവകാശി ആയ സ്വാതിതിരുനാൾ രാജകുമാരൻ വളർന്നത് കൊട്ടാരത്തിലെ ആസ്ഥാനകവിയായ ഇരയിമ്മൻ തമ്പി രചിച്ച 'ഓമനത്തിങ്കൾക്കിടാവോ നല്ല കോമളത്താമര പ്പൂവോ...'എന്ന താരാട്ടുപാട്ട് കേട്ടുകൊണ്ടാണ്‌.

ബ്രിട്ടീഷ് മേൽക്കോയ്മയുടെ ധാർഷ്ട്യം അനുഭവിച്ചുകൊണ്ടാണ് സ്വാതി രാജകുമാരൻ വളർന്നത്. തങ്ങൾ ബ്രിട്ടീഷുകാരുടെ ആജ്ഞാനുവർത്തികളാണെന്ന ഓർമ്മ കുമാരനെ എപ്പോഴും അലട്ടിയിരുന്നു.

സ്വാതിതിരുനാൾ ജനിച്ച് നാലുമാസമായപ്പോൾ ഒരു രാജകീയ ദർബാർ വിളിച്ചുകൂട്ടി റാണി ഇങ്ങനെ പ്രഖ്യാപിച്ചു:

‘'എന്റെ കുലദൈവമായ ശ്രീപത്മനാഭസ്വാമിയുടെ നിയോഗമനുസരിച്ച് എന്റെ ഈ കുമാരനെ ഈസ്റ്റിന്ത്യാക്കമ്പനിയുടെ കൈകളിൽ ഞാൻ അർപ്പിച്ചു കൊള്ളുന്നു. രാജകുമാരന്റെ ഭാവിക്കു വേണ്ട രക്ഷയും സഹകരണവും മാന്യമായ പെരുമാറ്റവും നല്കുവാനുള്ള ചുമതല ഇപ്പോൾ മുതൽ ബഹുമാനപ്പെട്ട കമ്പനിയുടേതായിരിക്കും.'’1

ഈ കാഴ്ച ഇരയിമ്മൻ തമ്പിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തിരുവിതാംകൂറിന്റെ അനന്തരാവകാശിയായ കുമാരനെ വെള്ളക്കാരന്റെ ദയാവായ്പിനു സമർപ്പിക്കുന്ന കാഴ്ച കണ്ടുനിൽക്കേണ്ടിവന്നത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചു. തിരുവിതാംകൂറിൽ എല്ലാക്കാര്യങ്ങളും നിയന്ത്രിക്കുന്നത് റസിഡന്റും അയാളുടെ സേവകന്മാരുമായിരുന്നു. തിരുവിതാംകൂറുകാ രുടെ കൈകാലുകളും നാവും അദ്യശ്യമായ ചങ്ങലകളാൽ വരിഞ്ഞുമുറുക്ക പ്പെട്ടിരുന്നു. നാട്ടുകൂട്ടങ്ങൾ പിരിച്ചുവിടപ്പെട്ടു. അനന്തരാവകാശിയായി ആൺ കുഞ്ഞില്ലാത്ത സാഹചര്യത്തിൽ ബ്രിട്ടീഷുകാർ രാജ്യം കൈയടക്കുമോയെന്ന് റാണിയും ജനങ്ങളും ഭയപ്പെട്ടിരുന്ന സാഹചര്യത്തിലാണ് സ്വാതി രാജ കുമാരൻ ജനിക്കുന്നത്.

സൗഹൃദഭാവത്തിൽ ബ്രിട്ടീഷുകാർ സമീപിച്ചപ്പോൾത്തന്നെ ഭാവിയിൽ അവരിൽനിന്നുണ്ടാകാവുന്ന ആപത്തിനെക്കുറിച്ച് ഇരയിമ്മൻതമ്പി റാണിക്ക് സൂചന നൽകിയിരുന്നു. അത് റാണി വകവെച്ചില്ല. അതദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാണ്.

''രാജകുമാരൻ തിരുമനസ്സുകൊണ്ടു പിറന്നപ്പോൾ. ശ്രീപത്മനാഭന്റെ സന്നിധാനത്തിലേക്ക് മൺറോ സായ്പ് വെള്ളിക്കുടങ്ങൾ കൊടുത്തയച്ചല്ലോ അന്നെ ഈയുള്ളവൻ പറഞ്ഞതു ശരിയെന്നു കല്പിച്ച് വിചാരിച്ചില്ല. സായിപ്പ് അതു ചെയ്തത്, തിരുവിതാംകോട്ട് രാജസ്ഥാനത്തെക്കൊണ്ടു വെള്ളക്കാരനു പാദപൂജ ചെയ്യിച്ചുകൊള്ളാമെന്ന നിശ്ചയം തന്നെ’’2

ബ്രിട്ടീഷുകാരോട് എതിരിടാൻ ശക്തിയില്ലാത്തതിനാലാണ് റാണി ബ്രിട്ടീഷു കാരുടെ ശാസനങ്ങൾ അനുസരിച്ചത്. ഒരുപക്ഷേ റാണി ബ്രിട്ടീഷ് മേൽക്കോ യ്മയെ എതിർത്തിരുന്നെങ്കിൽ ഇന്ത്യയിലെ പല നാട്ടുരാജ്യങ്ങളു ടെയും വിധി ആകുമായിരുന്നു തിരുവിതാംകൂറിനും

രാജകൊട്ടാരത്തിലെ കാറ്റുപോലും ഈ സാഹചര്യത്തിൽ അസ്വസ്ഥമായിരുന്നു. റാണി രാജകുമാരനെ കുലദൈവമായ പത്മനാഭസ്വാമിയുടെ മുൻപിൽ സമർപ്പിച്ചു.

''ശ്രീപത്മനാഭാ, ഉണ്ണിയെ കാത്തുരക്ഷിക്കാൻ അവിടുന്നേയുള്ളു. വെള്ളക്കാര് അധികാരം പിടിച്ചുവാങ്ങിയിട്ട് ശത്രുതകാട്ടുന്നത്, അവിടുന്നു കാണുന്നുണ്ടല്ലോ. ഉണ്ണി അവിടുത്തെ ദാസനായിട്ട് രാജസ്ഥാനത്തേക്കു കയറുമ്പോൾ, തിരു സന്നിധാനമല്ലാതെ അവന് ആശ്രയം മറ്റൊന്നുമില്ല’’3

സ്വാതിതിരുനാളിന് രണ്ടുവയസ്സ് പൂർത്തിയാകുന്നതിനു മുൻപുതന്നെ മാതാവായ റാണി ലക്ഷ്മിഭായി നാടുനീങ്ങി. പിന്നീട് ഇളയമ്മയായ റീജന്റ്‌ റാണി നെഞ്ചോട് ചേർത്താണ് രാജകുമാരനെ വളർത്തിയത് കുട്ടിയായിരിക്കു മ്പോൾത്തന്നെ സംഗീതത്തിലും നൃത്തത്തിലും അമിതമായ താല്പര്യം പ്രകടിപ്പിക്കുന്ന രാജകുമാരനെയാണ് നോവലിൽ കാണാൻ കഴിയുന്നത്.

റാണി ലക്ഷ്മിഭായിയുടെ മരണശേഷം അനുജത്തിയായ റാണി പാർവ്വതി ഭായിയാണ് റീജന്റായി തിരുവിതാംകൂറിന്റെ ഭരണമേറ്റെടുത്തത്. പക്ഷേ, എല്ലാ അധികാരത്തിന്റെയും കാവൽക്കാരനും താക്കോൽ സൂക്ഷിപ്പുകാരനും മൺട്രോ സായ്പ് ആയിരുന്നു. ദിവാൻമാർ വരികയും പോകുകയും ചെയ്തു. അവർ റാണിയെയും റസിഡന്റിനെയും മാറിമാറി പ്രീതിപ്പെടുത്തി. അധികാരം പൂർണ്ണമായും ബ്രിട്ടീഷുകാരുടെ കൈയിലകപ്പെട്ടെന്നപ്യാഥാർത്ഥ്യം റാണി തിരിച്ചറിയുന്നുണ്ട്. റസിഡന്റിന്റെ സഹായ ത്തോടെ പരമാവധി ഭംഗിയായി ഭരണം നടത്തുക മാത്രമേ വഴിയുള്ളൂയെന്ന വർക്കറിയാം. ജ്യേഷ്ഠത്തിയുടെ മൂന്നു കുഞ്ഞുങ്ങൾ - രുഗ്മിണിഭായി, സ്വാതി രാജകുമാരൻ, ഉത്രം തിരുനാൾ ഇവരെക്കുറിച്ചുള്ള വിചാരം മാത്രമേ എപ്പോഴും റാണിക്കുള്ളൂ. ഈ കുഞ്ഞുങ്ങളുടെ ഭാവിയെപ്പറ്റി റാണി സദാ ഉത്കണ്ഠാകുലയാണ്.

ഏഴുവയസ്സുള്ളപ്പോൾത്തന്നെ സ്വാതി രാജകുമാരൻ പൂക്കളെയും പക്ഷികളെയും തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. കനകാംബരം, ചെമ്പകം, പിച്ചി, പവിഴമല്ലി, രാജമല്ലി, ലജ്ജാവതി... 'ലജ്ജാവതി'യെന്ന് ഒരു പുഷ്പത്തിനെ കുമാരൻ വിളിച്ചപ്പോൾ റാണി അമ്പരന്നു. കന്യകയെപ്പോലെ നാണിച്ചു തലതാഴ്ത്തി നില്ക്കുന്നതിനാലാണ് കുമാരൻ ആ പൂവിന് 'ലജ്ജാവതി' എന്ന പേര് നൽകിയത്. ഈ പ്രായത്തിൽത്തന്നെ മനുഷ്യ മനസ്സിന്റെ ഭിന്നഭാവങ്ങൾ ദർശിക്കാനും തിരിച്ചറിയാനുമുള്ള സ്വാതിതിരുനാളിന്റെ അത്ഭുതകരമായ കഴിവ് നോവലിൽ പ്രകടമാണ്. ഈ കഴിവാകാം പിൽക്കാലത്ത് പ്രജാക്ഷേമതത്പരനായ രാജാവും മികച്ച കലാകാരനുമാകാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഇളയമ്മയോടൊപ്പം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ തൊഴുതു നില്ക്കുന്ന ഏഴുവയസ്സുള്ള ആ രാജകുമാരൻ ശംഖനാദംകേട്ട് അത് ഓംകാരമാണെന്ന് തിരിച്ചറിയുന്നു. പ്രായത്തിൽക്കവിഞ്ഞുള്ള കുമാരന്റെ അറിവ് റാണിയിൽ ഭയമാണുളവാക്കിയത്. ഇത്രയധികം അറിവുകാട്ടുന്ന കുട്ടികൾക്ക് ആയുസ്സ് കുറവാണെന്നവർ കേട്ടിട്ടുണ്ട്. അതാണാഭയത്തിനടിസ്ഥാനം. കുമാരന് ദീർഘായുസ്സ് കൊടുക്കണേയെന്നവർ ശ്രീപത്മനാഭനോട് മനമുരുകി പ്രാർത്ഥി ക്കുന്നു. കുമാരന് രണ്ടുവയസ്സുള്ളപ്പോൾ കൊട്ടാരത്തിൽ സംഗീത സദസ്സ് നടന്നിരുന്നു. ഈ അവസരത്തിൽ തളത്തിൽ സൂക്ഷിച്ചിരുന്ന വീണ കണ്ട് കുമാരൻ 'വീണ' എന്നുച്ചരിച്ചു. ഇതുകേട്ട ഇരയിമ്മൻ തമ്പി 'തമ്പുരാൻ, എന്റെ കൊച്ചുതിരുമനസ്സ് ഒരിക്കൽ ഒരു വലിയ സംഗീതജ്ഞനാകും' എന്ന് ദീർഘദർശനം ചെയ്തു.

ബാല്യത്തിൽതന്നെ തഞ്ചാവൂർ സുബ്ബറാവു, ഹരിപ്പാട് കൊച്ചുപിള്ള വാര്യർ തുടങ്ങിയ ഗുരുനാഥന്മാരുടെ കീഴിൽ പേർഷ്യൻ, കർണ്ണാടക, ഹിന്ദുസ്ഥാനി, തമിഴ്, മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ അഭ്യസിച്ചു തുടങ്ങിയിരുന്നു. കുമാരന് എട്ടുവയസ്സുള്ള സന്ദർഭത്തിൽ തഞ്ചാവൂർ സ്വദേശിനിയായ കനകവല്ലി എന്ന ദേവദാസി കൊട്ടാരത്തിൽ നൃത്തം അവതരിപ്പിച്ചു. നൃത്തം അതിന്റെ പരകോടിയിലെത്തിയ നിമിഷം രാജകുമാരൻ എഴുന്നേറ്റ് അകത്തെ അറയിലേക്കോടി. നൃത്തം അവസാനിച്ചതിനുശേഷം കുമാരനെ കാണാതെ കൊട്ടാരത്തിലുള്ളവർ ആകെ പരിഭ്രമിച്ചു. അവസാനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയ്ക്കൽ ചമ്രംപടഞ്ഞ് ധ്യാനനിമഗ്‌നനായ നിലയിൽ രാജ കുമാരനെ കണ്ടെത്തി. ഈ കുരുന്നുപ്രായത്തിൽത്തന്നെ സംഗീതത്തെയും നൃത്തത്തെയും തന്റെ ആത്മാവിലേക്ക് ആവാഹിക്കാൻ കുമാരനു കഴിഞ്ഞി രുന്നു. സംഗീതവും നൃത്തവും ആ കുട്ടിക്ക് ഈശ്വരസാക്ഷാത് ക്കാരത്തിനുള്ള മാർഗ്ഗമായിരുന്നു.

ബാല്യത്തിൽത്തന്നെ സ്വാതിതിരുനാൾ രാജകുമാരൻ അസാമാന്യ മായ ബുദ്ധിസാമർത്ഥ്യവും നിരീക്ഷണപാടവവും പ്രകടിപ്പിച്ചിരുന്നു. പതിമൂന്നു വയസ്സുള്ള രാജകുമാരന്റെ വിദ്യാഭ്യാസത്തെക്കുറിച്ചറിയാൻ താത്പര്യം പ്രകടിപ്പിച്ച ബ്രിട്ടീഷുകാരനായ കേണൽ വെൽഷിന്റെ മുൻപിൽ കുമാരൻ തന്റെ സാമർത്ഥ്യം പ്രകടിപ്പിച്ചു. സ്വാതിയുടെ ഇംഗ്ലീഷ് വായന അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. കുമാരൻ പേർഷ്യൻ വായിക്കുന്നതുകേട്ട് 'തിരുമനസ്സേ, അങ്ങ് ഇംഗ്ലീഷിനേക്കാൾ ഭംഗിയായി പേർഷ്യൻ ഭാഷ വശമാക്കിയിരിക്കുന്നു' എന്ന് സായ്പ് പറഞ്ഞുപോയി. യൂക്ലിഡിന്റെ ക്ഷേത്രഗണിതം വിശദീകരിക്കുന്ന സന്ദർഭത്തിൽ 'ജ്യോമട്രി' എന്ന ഇംഗ്ലീഷ് പദം 'ജ്യാമിതി' എന്ന സംസ്‌കൃത പദത്തിന്റെ തത്ഭവമാണെന്ന് സ്വാതിതിരുനാൾ അഭിപ്രായപ്പെട്ടതു കേട്ട് വെൽഷ് അത്ഭുതപ്പെട്ടു. 'ഹെക്‌സഗൺ' ഷഷ്ടകോണും 'പെന്റഗൺ' സപ്ത കോണും 'ഒപ്‌റ്റഗൺ' ശതകോണും 'ഡക്കഗൺ' ദശകോണും 'ഡ്യൂവോ ഡെക്കഗൺ' ഭുജകോണുമാണെന്നും ഇവയും സംസ്‌കൃതത്തിൽനിന്നും ഇംഗ്ലീ ഷിലേക്ക് തത്ഭവിച്ചതാണെന്നും സ്വാതി അഭിപ്രായപ്പെട്ടു. കുമാരന്റെ അറിവ് അദ്ദേഹത്തിന്റെ മനസ്സിൽ ആദരവു വളർത്തി

‘'അങ്ങ് അറിവുള്ള ഭാരതീയനാണ്. ഞാൻ ഇംഗ്ലീഷ് പഠിക്കുന്ന ഒരു നാട്ടു രാജകുമാരനെ കാൺമാനാണു വന്നത്. പക്ഷേ, നാനാഭാഷയും ഹൃദിസ്ഥ മാക്കിയ ഒരു ഭാരതീയവിജ്ഞാന ദാഹിയെയാണ് ഇവിടെ കാണുന്നത്.’’ 4

മറുപടിയായി സ്വാതിതിരുനാൾ പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്.

‘'കേണൽ, വെൽഷ്, നാം ഒരു ഭാരതീയനായിരിപ്പാൻ തന്നെ ആഗ്രഹിക്കുന്നു. വ്യക്തിപരമായി അങ്ങയോടും റസിഡന്റിനോടും നമുക്കു സ്‌നേഹവും ബഹുമാനവമാനവും ഉണ്ട്. എന്നുവരികിലും അങ്ങും റസിഡന്റും വിദേശീയമായ മേൽ ക്കോയ്മയെ പ്രതിനിധീകരിക്കുന്നു എന്നത് നമുക്ക് അസുഖകരമായ ഓർമ്മ യാണ്.’’5

ഈ വാക്കുകളിൽ വിദേശാധിപത്യത്തോടുള്ള എതിർപ്പ്, പ്രതിഷേധം, അസ്വ സ്ഥത, വിദ്വേഷം തുടങ്ങിയവ നിറഞ്ഞുനിൽക്കുന്നു. കേവലം പതിമൂന്നു വയസ്സേ ഉള്ളൂവെങ്കിലും വിദേശാധിപത്യത്തിന്റെ കരങ്ങൾ ആ ബാലനെ നിരന്തരം അലോസരപ്പെടുത്തിയിരുന്നു. രാജധാനിയിലെങ്ങും വൈദേശിക രോടുള്ള വിധേയത്വവും ഭയവുമാണ് നിറഞ്ഞുനിന്നിരുന്നത്. വെൽഷിന്റെ അഭിനന്ദനത്തിൽ രാജ്യസ്‌നേഹിയായ ആ രാജകുമാരന് അഭിമാനമല്ല, അപമാനമാണ് തോന്നിയത്. ഇരയിമ്മൻതമ്പിയോടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ അത് വിളിച്ചുപറയുന്നു.

''തിരുവിതാംകോട്ടു രാജസ്ഥാനത്തിന് ഇംഗ്ലീഷുകാരിൽനിന്നു കിട്ടുന്ന ഓരോ അഭിനന്ദനവും ഉടയോന്മാർ അടിമകളുടെ കൈകളിൽ മുറുക്കുന്ന കെട്ടാണ്''.6

സംഗീതത്തിലും നൃത്തത്തിലും മുഴുകി പ്രകൃതിയിലെ ജീവജാലങ്ങളുടെ ഗാനങ്ങളാസ്വദിച്ചും അവയോടൊപ്പം പാട്ടുപാടിയുമാണ് രാജകുമാരൻ തന്റെ ബാല്യം കഴിച്ചുകൂട്ടിയത്. ബാല്യം കടന്നപ്പോൾത്തന്നെ രാജകുമാരൻ ഒരു തികഞ്ഞ പണ്ഡിതനും കലാസ്‌നേഹിയുമായി കഴിഞ്ഞിരുന്നു. പതിനാറാം വയസ്സിൽ കിരീടം ഏറ്റുവാങ്ങാനൊരുങ്ങുന്ന സ്വാതിരാജകുമാരനോട് ഇളയമ്മയുടെ പ്രാർത്ഥന ഇതായിരുന്നു: 'ഉണ്ണി തിരുവിതാംകൂറിന്റെ മാനം എന്റെ ഉണ്ണി തിരിച്ചുവാങ്ങണേ.' തങ്ങൾ അനുഭവിക്കുന്ന അടിമത്തത്തിന്റെയും അപമാനത്തിൻ്റെയും  കടുത്ത വേദന ഈ വാക്കുകളിൽ നിഴലിച്ചുകാണാം.

സ്വാതിതിരുനാൾ മഹാരാജാവ് അധികാരമേറ്റെടുത്തുകൊണ്ട് നടത്തിയ വിളംബരത്തിലെ വാചകം ഇരയിമ്മൻ തമ്പിയുടെ ആത്മാവിലാണ് മുഴ ങ്ങിയത്.

''ഇന്നേദിവസം നാം രാജ്യഭാരം ഏറ്റിരിക്കകൊണ്ട് ഈ രാജ്യത്തുള്ള സകലമാനപേരും ആയതറിഞ്ഞു നമ്മുടെ ആജ്ഞാശാസനയിൽ ഉൾപ്പെട്ടു നടന്നുകൊള്ളുകയും വേണം.''7

രാജകീയ ദർബാറിൽ ഇതുവരെ മുഴങ്ങിക്കേൾക്കാത്ത പുതിയൊരു ശബ്ദമാ യിരുന്നു അത്. മഹാരാജാവിന്റെ ഈ വാക്കുകൾ ബ്രിട്ടീഷ് റസിഡന്റിനും മറ്റു വൈദേശികർക്കുമുള്ള ഒരു താക്കീതുകൂടിയായിരുന്നു. താനാണ് തന്റെ രാജ്യത്തിന്റെ - തിരുവിതാംകൂറിന്റെ പരമാധികാരിയെന്ന് ഈ വാക്കുകളിലൂടെ അദ്ദേഹം ബ്രിട്ടീഷധികാരികളെ ഓർമ്മിപ്പിച്ചു. 'ഒരുദിവസം ഭരിച്ചാലും ഒത്ത വണ്ണം ഭരിപ്പാൻതന്നെ നമ്മുടെ തീരുമാനം' എന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ താൻ വെള്ളക്കാരെ വകവയ്ക്കില്ല എന്ന സൂചനകൂടിയുണ്ട്.

സത്യസന്ധനും നീതിനിർവ്വഹണത്തിൽ കടുകിട വിട്ടുവീഴ്ചയില്ലാത്തവനുമായ സ്വാതിതിരുനാളിനെയാണ് നോവലിൽ നമുക്കു കാണാൻ കഴിയുന്നത്. നടുവം വിളാകത്ത് ലക്ഷ്മിപ്പിള്ള എന്ന പാവപ്പെട്ട സ്ത്രീയോട് അമിതനികുതി ചുമത്തി പൂർവ്വവൈരാഗ്യം തീർക്കുന്ന ഇമ്മിണി എന്ന തഹസ്സിൽദാരെ ജോലിയിൽ നിന്നും പിരിച്ചയയ്ക്കുന്നു. ലക്ഷ്മിപ്പിള്ളയ്ക്ക് സംഗീതനൃത്താദികൾക്ക് നീക്കിവച്ചിരി ക്കുന്ന കൊട്ടാരം പണത്തിൽനിന്ന് എഴുന്നൂറ്റമ്പതു പണം മുപ്പതുകാശ് നൽകാൻ ഉത്തരവിടുകയും ചെയ്യുന്നു.

തിരുവിതാംകൂർ രാജവംശത്തിന്റെ കഴിഞ്ഞ കാലഘട്ടത്തെക്കുറിച്ചോർക്കുന്ന രാജാവിന് വേലുത്തമ്പിദളവയോട് യോജിക്കാൻ മാത്രമേ കഴിയുന്നുള്ളു. തിരുവിതാംകൂറിനുവേണ്ടിയാണ് ബ്രിട്ടീഷുകാരോട് ആ ധീരദേശാഭിമാനി പോരാടിയത്. ഇപ്പോൾ തിരുവിതാംകൂറിനു വേണ്ടി വേറൊരു തരത്തിലുള്ള പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം കരുതുന്നു. തിരുവിതാംകൂറിന് ബ്രിട്ടീഷുകാരോടെതിരിടാൻ കഴിവില്ലാതായിരിക്കുന്നുവെന്ന് സ്വാതിതിരുനാൾ തിരിച്ചറിയുന്നു. തന്റെ ഗുരുകൂടിയായ സുബ്ബരായരെ ദിവാനായി സ്വാതി തിരുനാൾ നിയമിച്ചത് അംഗീകരിക്കുന്നില്ലെന്ന് റസിഡന്റ് മോറിസൺ മദ്രാസ് ഗവൺമെൻറിനെ അറിയിച്ചിരിക്കുന്നു. രാജസ്ഥാനത്തിന്റെ ആഗ്രഹങ്ങൾക്കും തീരുമാനങ്ങൾക്കും അർത്ഥമില്ലാതായിരിക്കുന്നവോ? എന്നദ്ദേഹം സംശയി ക്കുന്നു.

സ്വാതിതിരുനാൾ വെള്ളക്കാരുടെ അടിമയായിരിക്കാൻ ആഗ്രഹിക്കുന്നില്ല. നട്ടെല്ലു നിവർത്തിനിന്ന് തന്റേടത്തോടെ സത്യസന്ധമായി രാജ്യം ഭരിക്കണ മെന്നാണദ്ദേഹത്തിന്റെ മോഹം. ബ്രിട്ടീഷുകാരുടെ മേൽക്കോയ്മ അംഗീകരിക്കാനും അദ്ദേഹത്തിനു മനസ്സില്ല. ഇതദ്ദേഹത്തിന്റെ വാക്കുകളിൽ നമുക്ക് ദർശിക്കാനാകും: ‘'തിരുവിതാംകൂറിനു രണ്ടു ഭരണാധികാരികളില്ല. നാം മാത്രമേ ഉള്ളൂ. ശ്രീപത്മനാഭദാസന്, വെള്ളക്കാരുടെയുംകൂടെ ദാസനായിരിപ്പാൻ സാദ്ധ്യമല്ല.''8 അദ്ദേഹത്തിന്റെ ധൈര്യം, സ്വാതന്ത്ര്യമോഹം, വെള്ളക്കാരോടുള്ള പ്രതിഷേധം തുടങ്ങിയവ ഈ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നു.

ബ്രിട്ടീഷുകാരോട് എതിരിടുന്നതിൽനിന്നും സ്വാതിതിരുനാളിനെ പാർവ്വതിഭായി പിൻതിരിപ്പിക്കുന്നു. മകന് ആപത്തുണ്ടാകുന്നത് അവർക്ക് താങ്ങാൻ കഴിയില്ല. അദ്ദേഹം നിർഭയനും തന്റെ പ്രജകളെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന വനുമാണ്. തന്റെ കുറെ പ്രജകളെ ബ്രിട്ടീഷുകാർ കൊലപ്പെടുത്തിയതറിഞ്ഞ് അദ്ദേഹം രോഷാകുലനാകുന്നു. റസിഡന്റിനും കമ്പനിക്കും ഇഷ്ടക്കേടുണ്ടാ കുമെന്നും അത് കമ്പനിയും തിരുവിതാംകൂറുമായുള്ള സൗഹൃദത്തെ ബാധിക്കുമെന്നും അറിയാമായിരുന്നിട്ടും അദ്ദേഹം നേരിട്ട് ശേവുകക്കാരുടെ ശവ സംസ്‌കാരചടങ്ങിൽ പങ്കെടുക്കുന്നു. ഇളയമ്മയുടെ വാക്കുകൾക്കും അദ്ദേഹത്തിൻ്റെ ദൃഢ നിശ്ചയത്തെ വ്യതിചലിപ്പിക്കാൻ കഴിയുന്നില്ല. സ്വന്തം സുരക്ഷ യേക്കാൾ പ്രജാക്ഷേമത്തിനാണ് അദ്ദേഹം മുൻതൂക്കം നൽകുന്നത്. മരണപ്പെട്ട പന്ത്രണ്ടുപേരുടെ കുടുംബങ്ങൾക്കും അദ്ദേഹം പണവും ഭൂമിയും ദാനമായി നൽകുന്നു. തന്റെ പ്രജകളെ താനറിയാതെ കൊലപ്പെടുത്തിയതിന് മഹാ രാജാവ് റസിഡന്റ് മോറിസനോട് ശക്തമായ ഭാഷയിൽ പ്രതിഷേധിക്കുന്നു. ‘ ഈ സംഭവം തിരുവിതാംകൂർ രാജസ്ഥാനത്തിന് നമ്മുടെ ബന്ധങ്ങളിലെ വിലപ്പെട്ട ഒരു ഓർമ്മയായിരിക്കും’'9 എന്ന് മോറിസനോടു പറയുന്നു.

മനസ്സിന് അത്യന്തം വേദനയുളവാക്കുന്ന പല സന്ദർഭങ്ങളിലും മഹാരാജാവ് സംഗീതത്തിലും നൃത്തത്തിലുമാണ് ആശ്വാസം കണ്ടെത്തുന്നത്. ഈ സന്ദർഭത്തിൽ  ഷഡ്കാലഗോവിന്ദമാരാരുടെ ശ്രീപത്മനാഭസ്തുതിയാണ് അദ്ദേഹ ത്തിന് ആശ്വാസമരുളുന്നത്.

മദ്രാസ് ഗവർണർ ലൂഷിങ്ടണിനെ സന്ദർശിക്കുന്ന വേളയിൽ സ്വാതി തിരുനാൾ ഹസ്തദാനം നൽകിയതിനുശേഷം കുറേനേരം ഗവർണറുടെ കൈയിൽ മുറുകെ പിടിക്കുന്നു. ‘'യുവർ ഹൈനസ് ഇംഗ്ലീഷുകാർക്ക് ഇത്ര മുറുകെ ആരും ഹസ്തദാനം നൽകാറില്ല'’ എന്ന ഗവർണറുടെ വാക്കുകൾക്ക് 'യുവർ എക്സലൻസ്, ഇങ്ങോട്ടു സൗഹൃദം കാട്ടുന്നവരുടെ കൈകൾ നാം മുറുകെ പിടിക്കാറുണ്ട്' എന്ന് മറുപടി നൽകുന്നു. ലൂഷിംങ്ടൺ പണ്ഡിതനായ മഹാരാജാവ്' എന്ന് സംബോധന ചെയ്തപ്പോൾ 'തന്നെ പ്രജാക്ഷേമ തത്പരനായ രാജാവ്' എന്ന് വിളിക്കാൻ അവസരം ഉണ്ടാക്കിത്തരികയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. പാണ്ഡിത്യത്തേക്കാൾ പ്രജാക്ഷേമത്തിന് താൻ മുൻതൂക്കം നൽകുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ തെളിയിക്കുന്നു.

തന്റെ ഗുരുനാഥനോട് അളവറ്റ ഭക്തിയും ദയാവായ്പും പുലർത്തിയിരുന്ന വ്യക്തിയാണ് സ്വാതിതിരുനാൾ. തന്റെ ഗുരുവും ദരിദ്രനുമായ ചുനക്കര രാമവാര്യരെ രാജകീയമാണ് വിദ്യാഭ്യാസകാലത്തിനു ശേഷം നാട്ടിലേക്ക യയ്ക്കുന്നത്. അദ്ദേഹത്തിന് മണിമാളികയും അളവറ്റ ധനവും ഭൂമിയുമൊക്കെ നൽകി. മഹാരാജാവിന്റെ ദയാവായ്പിനിരയായ വാര്യർക്ക് താൻ കൃഷ്ണന്റെ മുൻപിൽനിന്നും മടങ്ങിയെത്തിയ കുചേലനാണെന്ന് തോന്നിപ്പോയി. അത്രയ്ക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഗൃഹൈശ്വര്യങ്ങൾ.

മനസ്സിന് അസ്വസ്ഥതകളുണ്ടാകുന്ന സന്ദർഭത്തിൽ മഹാരാജാവ് മുടവൻമുകളിലെ ചെറിയ വീട്ടിനുള്ളിൽ ഏകനായിരുന്ന് സംഗീതസാധനയിൽ  ഏർപ്പെടുക സാധാരണമാണ്. തിരുവട്ടാർ അയിപ്പിള്ള നാരായണിപ്പിള്ളയുടെ വീണാലാപനം കേട്ടതിനുശേഷം അദ്ദേഹം മുടവൻമുകളിലെ വീട്ടിലെത്തി 'വിഹര മാനസ! രാമേ...' എന്നു തുടങ്ങുന്ന വരികളിലൂടെ തന്റെ ഹൃദയഭാരം അദ്ദേഹം ശ്രീപത്മനാഭനുമുൻപിൽ സമർപ്പിച്ചു.

അദ്ദേഹം പ്രജകളോട് ദയാപൂർവ്വമാണ് പെരുമാറിയിരുന്നത്. കോപാകുലനാകേണ്ട പല സന്ദർഭങ്ങളിലും അദ്ദേഹം ആത്മനിയന്ത്രണം പാലിച്ചിട്ടുണ്ട്. കൊട്ടാരം രായസം പിള്ളയായ മാർത്താണ്ഡൻ ഒരിക്കൽ ശേവുകം പിള്ളയോട് വിദേശീയരായ കലാകാരന്മാർക്കുവേണ്ടി മഹാരാജാവ് ധാരാളം പണം വാരിക്കോരി ചെലവിടുന്നതിനെപ്പറ്റി കുറ്റപ്പെടുത്തി സംസാരിച്ചു. ഈ സംസാരം രാജാവ് കേൾക്കാനിടയായി. രാജാവിനെക്കണ്ട് ഭയന്നുവിറച്ച ചിന്നൻ മാർത്താണ്ഡൻ അപ്പോൾത്തന്നെ തന്റെ തല പോയെന്ന് കരുതി. എന്നാൽ മഹാരാജാവ് അയാളെ പട്ടാളത്താവളത്തിലും കുതിരാലയത്തിലും ആനത്താവളത്തിലും ഹജൂരിലുമെല്ലാം പറഞ്ഞയച്ചു. വിശേഷങ്ങൾ നേരിട്ട് ബോദ്ധ്യപ്പെടുത്താൻ കല്പിക്കുകയും ചെയ്തു. ഈ പ്രവൃത്തിയിലൂടെ താൻ കലാസാഹിത്യാദികളോടൊപ്പം രാജ്യകാര്യങ്ങൾക്കും തുല്യപ്രാധാന്യം നൽകു ന്നുണ്ടെന്ന് തന്റെ സേവകനെ ബോദ്ധ്യപ്പെടുത്തി. മാത്രമല്ല, കൊട്ടാരത്തിൽ അന്നു രാത്രിയിൽ നടക്കുന്ന സംഗീത നൃത്തസദസ്സിന് മേൽനോട്ടം വഹിക്കാൻ ചിന്നൻ മാർത്താണ്ഡനെ ചുമുതലപ്പെടുത്തുകയും ചെയ്തു. തിരുവിതാംകൂർ കൊട്ടാരത്തിലെ രായസംപിള്ള അക്ഷരവൈരിയും കലാവൈരിയുമാകാൻ പാടില്ലെന്ന് അദ്ദേഹം പറയുന്നു.

തന്റെ ജീവിതത്തിൽ സത്യസന്ധതയ്ക്ക് സ്വാതിതിരുനാൾ വലിയ പ്രാധാന്യം നൽകിയിരുന്നു. എത്ര അടുത്ത ബന്ധുക്കളായാലും അവർക്കു വേണ്ടി വഴിവിട്ടു പ്രവർത്തിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. തന്റെ അമ്മച്ചിയാകാൻ പോകുന്ന നാരായണിപ്പിള്ളയുടെ അക്കനായ പാറുക്കുട്ടിപ്പിള്ള ചില ഉദ്യോഗസ്ഥരുടെ പ്രേരണമൂലം തിരുവട്ടാർ ക്ഷേത്രത്തിലെ പോറ്റിയുടെ അനുജനായ വാമനൻ പോറ്റിക്കെതിരെ അന്യായം ബോധിപ്പിച്ചു. പോറ്റിക്കെതിരെ നടപടിയെടുക്കാൻ പാടില്ലെന്ന് ഇളയമ്മ രാജാവിനെ വിലക്കി. ഇളയമ്മയുടെ എതിർപ്പ് വകവയ്ക്കാതെ അദ്ദേഹം നേരിട്ട് കോടതിയിലെത്തി. പോറ്റി കുറ്റക്കാരനല്ലെന്ന് മനസ്സിലാക്കിയ രാജാവ് അക്കാര്യം നേരിട്ട് പറയാതെ വിഷ പരീക്ഷ പാറുക്കുട്ടിപ്പിള്ള നേരിട്ട് നടത്താൻ ഉത്തരവിട്ടു. പശ്ചാത്താപ വിവശയായ പാറുക്കുട്ടിപ്പിള്ള മഹാരാജാവിന്റെ കാൽക്കൽവീണ് മാപ്പപേക്ഷിക്കുന്നു.

രാജ്യത്ത് നിലനിന്നിരുന്ന വിഷപരീക്ഷ, ശുചീന്ദ്രം കൈമുക്ക് തുടങ്ങിയ പ്രാകൃതമായ ശിക്ഷാവിധികൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു ഈ നടപടി. ഒരു നിരപരാധിപോലും ചെയ്യാത്ത തെറ്റിന്റെ പേരിൽ ശിക്ഷിക്ക പ്പെടാൻ പാടില്ലെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.

‘'വിഷ പരീക്ഷ നടപ്പാക്കാൻ രാജസ്ഥാനത്തിനോ, അനുയായികൾക്കോ അവകാശമില്ലെന്നു നാം വിചാരിക്കുന്നു. കാരണം അതു ക്രൂരവും അർത്ഥ ശൂന്യവുമാണ്.’’ 10

തെറ്റുചെയ്‌തെങ്കിലും പാറുക്കുട്ടിപ്പിള്ളയോട് ക്ഷമിക്കാൻ വിശാല മനസ്‌കനായ രാജാവ് തയ്യാറായി. അവൾക്ക് സംരക്ഷണവും സഹായവും നൽകി. കലാകാരന്മാരെ നേരിട്ടുചെന്ന് കാണാനും ബഹുമാനിക്കാനും സ്വാതി തിരു നാളിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. പത്മനാഭദീക്ഷിതർ അസുഖ ബാധിതനായി കിടന്നപ്പോൾ താൻ ഒരു രാജാവാണെന്നകാര്യം മറന്നുകൊണ്ട് അദ്ദേഹം ദീക്ഷിതരെ വീട്ടിൽച്ചെന്ന് കാണുന്നു.

അയൽരാജ്യങ്ങളോട് വെള്ളക്കാർ പുലർത്തുന്ന ശത്രുതാമനോഭാവം മഹാരാജാവിന്റെ ശ്രദ്ധയിൽപ്പെടുന്നുണ്ട്. തഞ്ചാവൂരിലെ പണ്ഡിതനും കലാകാര നുമായ ശരഭോജി മഹാരാജാവ് വെള്ളക്കാരുടെ പീഡനത്തിൽപ്പെട്ടു കഴിയുന്നുവെന്ന വൃത്താന്തം സ്വാതിതിരുനാളിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു. തഞ്ചാവൂരിൽ കലാകാരന്മാർക്ക് അഭയം നൽകാൻ ശരഭോജി മഹാ   രാജാവിന് കഴിയാതെവന്നു. തഞ്ചാവൂരിൽനിന്നും തിരുവിതാംകൂറിൽ അഭയം തേടിയെത്തിയ കലാകാരന്മാരെ മഹാരാജാവ് സസന്തോഷം തന്റെ രാജധാനിയിലേക്ക് സ്വാഗതം ചെയ്തു. വടിവേലു, ശിവാനന്ദം, ചിന്നയ്യ, പൊന്നയ്യ തുടങ്ങിയവർ ഇങ്ങനെ അഭയംതേടി എത്തിയവരാണ്. ശത്രുരാജ്യ ത്തുനിന്നും വരുന്ന കലാകാരന്മാർക്ക് സ്വാതിതിരുനാൾ നിർലോഭം സഹായ ങ്ങളും സമ്മാനങ്ങളും നൽകുന്നതിൽ റെസിഡന്റിന് കടുത്ത എതിർപ്പുണ്ടാ യിരുന്നു. എന്നാൽ കലാസ്‌നേഹിയായ മഹാരാജാവ് അതൊന്നും വകവച്ചു കൊടുത്തിരുന്നില്ല.

പാറുക്കുട്ടിപ്പിള്ളയുടെയും കുഞ്ഞിന്റെയും ആത്മഹത്യ മഹാരാജാവിനെ വല്ലാതെ ഉലയ്ക്കുന്നു. ദൃഢചിത്തനായ മഹാരാജാവിന്റെ കണ്ണുകൾ അവരുടെ മരണവാർത്തയറിഞ്ഞ് നിറഞ്ഞുപോയി. അവരുടെ സഹോദരിയായ പാറുക്കുട്ടിപ്പിള്ളയെ എങ്ങനെ സമാധാനിപ്പിക്കുമെന്ന് അദ്ദേഹത്തിന് നിശ്ചയ മില്ലായിരുന്നു. അനാർഭാടമായാണ് സ്വാതിതിരുനാൾ നാരായണപ്പിള്ളക്ക് പട്ടും പരിവട്ടവും നൽകിയത്. സ്വന്തം ദുഃഖങ്ങളിൽ നിന്ന് മോചനം നേടാനായി അദ്ദേഹം കൂടുതൽ സമയം സംഗീതത്തിനായി ചെലവഴിച്ചു. നവരാത്രി സംഗീതോത്സവത്തിൽ പല പരിഷ്‌ക്കാരങ്ങളും ഏർപ്പെടുത്തി.

സ്വകാര്യദുഃഖങ്ങളും വെള്ളക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങളും കൂടിച്ചേർന്ന് മഹാരാജാവ് വല്ലാത്തൊരു മാനസികാവസ്ഥയിലായി. രാജാവിന്റെ നീക്കങ്ങളറിയാൻ റസിഡന്റ് ചാരന്മാരെ നിയമിച്ചു. ചാരനെ രാജാവ് കൈയോടെ പിടികൂടി ഇത് തന്റെ അധികാരത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു.

ചിങ്കൽപേട്ടയിലെ തടവറയിൽനിന്നും ബ്രിട്ടീഷുകാർ വിട്ടയച്ച ഇളയരാജാവ് കേരളവർമ്മ തക്കല കൊട്ടാരത്തിലെത്തി. തന്നെ കാണണമെന്ന് ദൂതൻ മുഖേന ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തെ തക്കലയിലെത്തി കാണാൻ സ്വാതിതിരുനാൾ തയ്യാറായി. തന്റെ അമ്മയോട് ഇളയരാജാവിന് കടുത്ത വൈരാഗ്യമാണെന്ന് സ്വാതിക്ക് അറിയാമായിരുന്നു. ഹ്യൂം സായിപ്പിനെ വധിക്കാൻ വേലുത്തമ്പിയുടെ സഹോദരന് നിർദ്ദേശം നൽകിയത് കേരളവർമ്മയാണെന്ന് ഇരയിമ്മൻ തമ്പി പറഞ്ഞ് സ്വാതിതിരുനാളിന് അറിയാമായിരുന്നു. അദ്ദേഹം ധീരദേശാഭിമാനിയായ വേലുത്തമ്പി ദളവയുടെ ഉറ്റമിത്രംകൂടിയാണ്. ഇളയരാജാവ് രാജ്യസ്‌നേഹിയായിരുന്നെന്ന് സ്വാതി തിരുനാൾ മനസ്സിലാക്കിയിട്ടുണ്ട്. തന്റെ മാതാവിനെക്കുറിച്ച് അപവാദം പറഞ്ഞെങ്കിലും ഇളയരാജാവ് കുടുംബത്തോട് കൂറുള്ളവനാണെന്ന് മഹാരാജാവിനറിയാം. സേവകർ കേരളവർമ്മയുടെ കുബുദ്ധിയെക്കുറിച്ച് പലതും പറഞ്ഞിട്ടും ആ മനുഷ്യന്റെ സ്വഭാവഗുണം കാണാൻ സ്വാതി തിരുനാളിനു കഴിയുന്നു. ദേശസ്‌നേഹം കാട്ടാതെ ബ്രിട്ടീഷുകാരെ പ്രീണിപ്പിക്കാൻ കേരളവർമ്മ തയ്യാറായിരുന്നെങ്കിൽ തന്റെ മാതാവായ റാണി ലക്ഷ്മി ഭായിയോട് ബ്രിട്ടീഷുകാർ അനുഭാവം കാട്ടുമായിരുന്നില്ലെന്ന് വിവേകശാലിയായ സ്വാതിതിരുനാൾ തിരിച്ചറിയുന്നു. വേലുത്തമ്പിയുടെ സുഹൃത്തും വഴികാട്ടിയുമായതിനാലാണ് കേരളവർമ്മ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായ തെന്ന് രാജാവ് തിരിച്ചറിയുന്നു. വേലുത്തമ്പിയുടെ ജഡം കെട്ടിത്തൂക്കുകയും ബന്ധുക്കളെ നാടുകടത്തുകയും ചെയ്തപ്പോഴും മനസ്സ് പതറാതെ തല ഉയർത്തിനിന്ന ഇളയ രാജാവിനെ ഓർത്ത് സ്വാതിതിരുനാൾ അഭിമാനം കൊള്ളുന്നു.

പ്രാകൃതവേഷത്തിലിരിക്കുന്ന കേരളവർമ്മയുടെ മൂന്നിലേക്ക് തികഞ്ഞ ആദരവോടെയാണ് മഹാരാജാവായ സ്വാതിതിരുനാൾ കടന്നുചെല്ലുന്നത്. അദ്ദേഹത്തിന്റെ മുൻപിൽ ഇരിക്കാൻപോലും രാജാവ് തയ്യാറാകുന്നില്ല.

''അപ്പാ പറവാനുള്ളതു നാം പറയാം. ഒന്നുകിൽ അപ്പൻ തിരുവിതാംകൂർ സിംഹാസനത്തിൽനിന്നും സ്ഥാനമൊഴിയണം. അല്ലാത്ത പക്ഷം അവിടെ ഉറച്ചിരുന്ന് വെള്ളക്കാരോടു പോരാടി മരണമെങ്കിൽ മരണം വരിക്കണം.''11 

ഇളയരാജാവിന്റെ ഈ വാക്കുകൾ സ്വാതിതിരുനാളിന്റെ ആത്മാവിലേക്കാണ് ചെന്നുവീണത്. നാളുകളായി അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന കാര്യങ്ങളാണ് ഇളയരാജാവ് ഇപ്പോൾ ആവശ്യപ്പെട്ടത്.

ബ്രിട്ടീഷുകാരുടെ എതിർപ്പുകളെ ഭയക്കാതെ ആത്മഹത്യചെയ്ത കേരളവർമ്മയുടെ മൃതദേഹം രാജകീയ ശ്മശാനത്തിൽ സംസ്‌കരിക്കാൻ സ്വാതിതിരുനാൾ തയ്യാറായി. മൃതദേഹത്തിൽ പുതപ്പിക്കാൻ രത്‌നഖചിത മായ ഒരു പട്ട് കൊടുത്തയച്ചു. ഇത്തരം പ്രവൃത്തികൾ ബ്രിട്ടീഷുകാരുടെ കടുത്ത എതിർ പ്പിനു കാരണമാകുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കേരളവർമ്മയുടെ കൈയിൽനിന്നും ലഭിച്ച അദ്ദേഹം വേലുത്തമ്പിദളവയ്ക്കയച്ച 'വാറോല' കണ്ട് ദിവാനായ സുബ്ബരായർ പരിശ്രമിച്ചപ്പോൾ:

‘'എന്തിന് ഈ സംഭ്രമം? ദളവാ വേലുത്തമ്പിയും കേരളവർമ്മത്തമ്പുരാനും തിരുവിതാംകൂറിൽ പിറന്നവരാണ്. അവർക്കു രാജ്യത്തെയും പ്രജകളെയും കുറിച്ചു ചില അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. തെറ്റും ശരിയും നിർണ്ണയിക്കാൻ കാലമായിട്ടില്ല. ഇരുപതോ മുപ്പതോ സംവത്സരങ്ങൾക്കിടയ്ക്ക് ആരും അവരുടെ ചെയ്തികളെപ്പറ്റി അങ്ങനെ വിധിപറയാൻ മുതിരേണ്ടതില്ല. ഭാവിയിലൊരിക്കൽ വേലുത്തമ്പിയും കേരളവർമ്മയും മാനിക്കപ്പെടുമെന്നുതന്നെ നമുക്കു തോന്നുന്നു.’’12 

സ്വാതിതിരുനാളിന്റെ ദേശസ്‌നേഹം, ദീർഘദർശനം, ബ്രിട്ടീഷു കാരോടുള്ള എതിർപ്പ് തുടങ്ങിയവ ഈ വാക്കുകളിൽ ദർശിക്കാം. കേരള വർമ്മയെ അടക്കം ചെയ്ത് തിരുവിതാംകൂർ രാജാക്കന്മാരുടെ പള്ളിയടക്കസ്ഥാനത്താണോയെന്ന് റസിഡന്റ് തന്നോട് ചോദിച്ചതായി ദിവാൻ സുബ്ബരായർ സ്വാതിതിരുനാളിനെ അറിയിക്കുന്നു. കേരളവർമ്മയെ കണ്ണമ്മൂലയിൽ തൂക്കിലിടാൻ ബ്രിട്ടീഷുകാർ ആലോചിച്ചിരുന്നുവെന്ന് റസിഡന്റ് പറഞ്ഞതായി ദിവാൻ അറിയിച്ചു. ഇതുകേട്ട് കോപാകുലനായ സ്വാതിതിരുനാൾ

'കേരളവർമ്മത്തമ്പുരാന്റെ ശവസംസ്‌കാരം രാജോചിതമായി നടത്തിയതായി മദിരാശി ഗവർണറെ തെര്യപ്പെടുത്തുവാൻ നാം പറഞ്ഞതായി റസിഡന്റിനെ അറിയിച്ചേക്കൂ' എന്നുപറഞ്ഞു.

കൽക്കുളം, വിളവംകോട് പ്രദേശങ്ങളിൽ ചാന്നാന്മാർ ലഹള നടത്തി. ഇതറിഞ്ഞ മഹാരാജാവ് ലഹള അടിച്ചമർത്താൻ തയ്യാറായില്ല. പകരം ചാന്നാന്മാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ലഹള പ്രദേശങ്ങൾ നേരിട്ടു സന്ദർശിച്ചു. നേതാക്കന്മാരുമായി സംഭാഷണം നടത്തി. ചാന്നാന്മാരുടെ ദയനീയസ്ഥിതി അദ്ദേഹം നേരിട്ടുകണ്ടറിഞ്ഞു. ആവശ്യമായ പരിഹാര നടപടികൾ കൈക്കൊണ്ടു. ചാന്നാന്മാരുടെ ദുരവസ്ഥയ്ക്കു കാരണക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.

അടുത്ത ബന്ധുക്കളുടെപോലും വഴിവിട്ട ശുപാർശയ്ക്ക് വഴങ്ങുന്നവനായിരുന്നില്ല സ്വാതിതിരുനാൾ മഹാരാജാവ്. ചാന്നാർ ലഹളയെത്തുടർന്ന് പിരിച്ചുവിടപ്പെട്ട ഉമ്മിണി ഉപഹാരവുമായി അമ്മവീട്ടിലെത്തി നാരായണിപ്പിള്ളയോട് ആവലാതി ബോധിപ്പിച്ചു. ഈ വിവരം മഹാ രാജാവിനെ വല്ലാതെ ചൊടിപ്പിച്ചു. അദ്ദേഹം പത്‌നിയോട് പൊട്ടിത്തെറിച്ചു. ‘'തിരുവിതാംകൂർ രാജസ്ഥാനത്തിനും ഹജൂരിനുമിടയ്ക്ക് അമ്മവീട് പരാതികൾ സമർപ്പിക്കാനുള്ള ഒരു അധികാര സ്ഥാനമല്ല. നമ്മുടെ പൂർവ്വികന്മാർ എന്തുചെയ്തുവെന്ന് നമുക്കറിയില്ല. നമുക്കു പുറകെ വരുന്നവർ എന്തുചെയ്യുമെന്നും നമുക്ക് നിശ്ചയമില്ല. പക്ഷെ, നാം അങ്ങനെ ഒരധികാരസ്ഥാനം സങ്കല്പിച്ചിട്ടില്ല, കാണുന്നുമില്ല.''13

അഴിമതിയെയും സ്വജനപക്ഷപാതത്തെയും വെറുക്കുന്ന പ്രജാക്ഷേമതത്പ രനായ അഭിമാനിയായ ഒരു രാജാവിന്റെ നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന വാക്കുകളാണിത്. ഉമ്മിണിപ്പിള്ളയ്ക്ക് കൈക്കൂലി നല്കി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ആറുമാസം തടവുശിക്ഷ വിധിച്ചു.

കൃഷിക്കാർക്കും കൃഷിപ്പണിചെയ്യുന്ന മറ്റു സാധുക്കൾക്കും ഉപദ്രവം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഒറ്റയ്ക്കും കൂട്ടമായും ജോലിയിൽനിന്ന് പിരിച്ചുവിടുന്നതാണെന്നും കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും വിളംബരം പുറപ്പെടുവിച്ചു. സ്വാതിതിരുനാൾ മനുഷ്യരെയെന്ന പോലെ മൃഗങ്ങളെയും പക്ഷികളെയും മറ്റു ജീവികളെയും സ്‌നേഹിച്ചിരുന്നു. അവയ്ക്ക് സ്വന്തം കൈകൊണ്ട് ഭക്ഷണം നൽകുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്നു.

തന്റെ പൂർവ്വികനായ മാർത്താണ്ഡവർമ്മ മഹാരാജാവ് എട്ടുവീട്ടിൽ പിള്ളമാരോട് ചെയ്ത ദ്രോഹങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണമെന്ന് സ്വാതി തിരുനാൾ ആഗ്രഹിച്ചു. മാർത്താണ്ഡവർമ്മ പിള്ളമാരെ തൂക്കിലേറ്റുകയും അവരുടെ സ്ത്രീകളെ തുറകയറ്റുകയും ചെയ്തിരുന്നു. തുറയിൽനിന്നും മൂപ്പനായ ഓനാസ് കയ്യാനെ വരുത്തി. എട്ടുവീടരുടെ പിന്മുറക്കാർ ആരെങ്കിലും അവ ശേഷിക്കുന്നുണ്ടോയെന്നന്വേഷിച്ചു നിരാശയായിരുന്നു ഫലം.

താൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ ഉദ്യോഗസ്ഥരും മറ്റുള്ളവരും ചെയ്തുതീർക്കണമെന്ന കാര്യത്തിൽ അണുവിട വ്യതിചലിക്കാൻ യ്യാറാകാത്ത ആളായിരുന്നു. പതിനാറുകെട്ടിൽ ഒരു ഭവനം ഒരുമാസത്തിനുളിൽ നിർമ്മിക്കാൻ സർവ്വാധിയോട് അദ്ദേഹം ആവശ്യപ്പെട്ടു അതിന് പ്രയാസമാണെന്ന് വലിയ തച്ചൻ പറഞ്ഞതായി സർവ്വാധി അറിയിച്ചപ്പോൾ മഹാരാജാവ് എഴുന്നേറ്റ് ശാന്തനായി പറഞ്ഞു:

''ശരി, നാം പറയുന്നതു കേട്ടോളൂ; ഒരുമാസക്കാലത്തിനുള്ളിൽ നാം മടങ്ങിവരു മ്പോഴേയ്ക്കും മേൽപറഞ്ഞ പതിനാറുകെട്ടും അതിന്റെ മുൻപിൽ ഒരു ഇരു  നിലയുംകൂടി തീർത്തിരിക്കണം. കൂടുതലൊന്നും പറയാനില്ല.''14

സർവ്വാധി ഇതുകേട്ടു നടുങ്ങി. അനുസരിച്ചില്ലെങ്കിലുള്ള ഭവിഷ്യത്ത് എന്തായിരി ക്കുമെന്ന് പറയാതെതന്നെ അവർക്കറിയാം.

സുഗന്ധവല്ലി എന്ന തഞ്ചാവൂർ നർത്തകിയുമായി സ്വാതിതിരുനാൾ പ്രണയത്തിലാകുന്നു. ഇതിനെത്തുടർന്ന് സ്വന്തം ഇളയമ്മയായ പാർവ്വതി ഭായിപോലും അദ്ദേഹത്തെ എതിർക്കുന്നു. കലാകാരനായ സ്വാതിയുടെ ഹൃദയം കാണാൻ തയ്യാറാകുന്നത് ധർമ്മപത്‌നിയായ നാരായണിപ്പിള്ള മാത്രമാണ്. സുഗന്ധവല്ലിയോട് രാജാവിന് തോന്നിയ അനുരാഗത്തിന് യഥാർത്ഥഹേതു നൃത്തമാണെന്ന് നാരായണിപ്പിള്ള തിരിച്ചറിയുന്നു. അവർക്കാ വശ്യമായ സഹായസഹകരണങ്ങൾ ചെയ്തുകൊടുക്കാൻ തയ്യാറാവുകയും ചെയ്യുന്നു. സുഗന്ധവല്ലിയുമായുള്ള അടുപ്പമറിഞ്ഞ് നാരായണിപ്പിള്ള പിണങ്ങു മെന്നായിരുന്നു രാജാവ് കരുതിയത്. അത്ഭുത കലാകാരിയായ സുഗന്ധവല്ലിയെ വെറുക്കുന്നതിനുപകരം അവരെ നമിക്കുകയാണ് താൻ ചെയ്യുന്നതെന്ന ഭാര്യയുടെ വാക്കുകൾ സ്വാതിയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിൽ ഇത് പ്രകടമാണ്.

''ഇന്നു നാം പുടവകൊടുത്ത് സ്വീകരിച്ചത് ഒരു സ്ത്രീയെ അല്ല, ദേവതയെ യാണെന്നു നാം മനസ്സിലാക്കുന്നു. ദേവതയായ സ്ത്രീയെ, അമ്മയുടെ മുമ്പിൽ നമസ്‌കരിപ്പാൻ നമുക്കു ഭാഗ്യം ലഭിച്ചില്ല. പക്ഷേ ഒരു സ്ത്രീയുടെ മുമ്പിൽ ശിരസ്സു കുനിപ്പാൻ ഇന്നു നമുക്കു ഭാഗ്യം ലഭിച്ചു.''15

നാരായണിപ്പിള്ളയുടെ ദുഃഖം പലപ്പോഴും മഹാരാജാവിനെ അലട്ടുന്നുണ്ട്. ''ഒരു സ്ത്രീയും ഒരു മഹാരാജാവിന്റെ പത്‌നിയാകാൻ പാടില്ല’' എന്നദ്ദേഹം പറയുന്നു.

അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ശക്തമായി പ്രതികരിക്കുന്ന ആളാണ് സ്വാതിതിരുനാൾ. സ്വന്തം ഗുരുനാഥനായ സുബ്ബരായർ അഴി മതിക്കും സ്വജനസ്‌നേഹത്തിനും വശംവദനായത് രാജാവിനെ വളരെയധികം വേദനിപ്പിച്ചു. കടുത്ത ദുഃഖത്തോടുകൂടിയാണെങ്കിലും അദ്ദേഹം ദിവാനെ പിരിച്ചയയ്ക്കുന്നു. നീതി നടപ്പിലാക്കുന്നതിൽ നിന്നും ഗുരുഭക്തി അദ്ദേഹത്തെ പിറകോട്ടുവലിക്കുന്നില്ല.

ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അത്യധികം അഭിമാനം കൊള്ളുന്നയാളാണ് സ്വാതിതിരുനാൾ മഹാരാജാവ്. ജനറൽ കല്ലനോട് താൻ ഭാരതീയനാണെന്നും തിരുവിതാംകൂർ കൊട്ടാരത്തെ ഭാരതത്തിന്റെ കൊട്ടാരം എന്നു വിളിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും പറയുന്നു. അദ്ദേഹത്തിന്റെ കറയറ്റ രാജ്യസ്‌നേഹമാണ് ഈ വാക്കുകളിൽ തെളിഞ്ഞു കാണുന്നത്.

തിരുവിതാംകൂറിന്റെ ഭരണകാര്യങ്ങളിൽ ജനറൽ കല്ലൻ അന്യായമായി തലകടത്താൻ തുടങ്ങി. രാജാവ് അറിയാതെ റസിഡന്റ്‌റ് കൃഷ്ണരായരെ ദിവാൻ പേഷ്‌ക്കാർ ആയി നിയമിച്ചു. വിദേശീയരായ കലാകാരന്മാരെ തിരുവിതാംകൂറിൽ സംരക്ഷിക്കാൻ കഴിയാത്ത സ്ഥിതിവിശേഷം സംജാത മായി. തന്റെ ദുഃഖങ്ങളിലെല്ലാം മഹാരാജാവ് ആശ്രയമായി കണ്ടെത്തിയത് സാക്ഷാൽ ശ്രീ പത്മനാഭസ്വാമിയെയാണ്. ആ നടയ്ക്കൽ ധ്യാനനിമഗ്‌നനായി തന്റെ ആത്മാവിനെ പത്മനാഭപാദത്തിലർപ്പിച്ച് ദുഃഖങ്ങൾക്ക് ശമനം കണ്ടെത്താൻ അദ്ദേഹം ശ്രമിച്ചു. രാജ്യകാര്യങ്ങളിൽനിന്ന് ക്രമേണ പിൻവലി ഞ്ഞ അദ്ദേഹം സംസ്‌കൃത കൃതികൾ രചിക്കുന്നതിൽ ആനന്ദം കണ്ടെത്തി. ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ഭജനമിരിക്കുകയും ചെയ്തു. തന്റെ രാജ്യത്തെയും പ്രജകളെയും ശ്രീപത്മനാഭന്റെ കൈകളിൽ സമർപ്പിച്ചു.

സ്വാതിതിരുനാളിന്റെ പ്രണയത്തിനും സ്‌നേഹത്തിനും പാത്രമായെങ്കിലും സുഗന്ധവല്ലി, തിരുവിതാംകൂറിൽനിന്നും മടങ്ങിപ്പോകുന്നു. നാരായണിപ്പിള്ള യോടുള്ള അകമഴിഞ്ഞ കൃതജ്ഞതയും സ്‌നേഹവുമാകാം ഇതിനവരെ പ്രേരിപ്പിച്ചത്. ഇത് സ്വാതിതിരുനാളിനെ വല്ലാതെ തളർത്തുന്നു. മറ്റൊരു പെൺകുട്ടിയുടെയും നൃത്തം ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് അദ്ദേഹത്തിന്റെ മാനസികാവസ്ഥ ചെന്നെത്തുന്നു. രാജ്യകാര്യങ്ങളിലും സ്വകാര്യദുഃഖങ്ങളിലുംപെട്ടുഴലുന്ന മാഹാരാജാവ് നാരായണിപ്പിള്ളയെ കാണാൻ തിരുവട്ടാർ അമ്മച്ചിവീട്ടിലേക്ക് കടന്ന്‌ ചെന്നിട്ട് നാളുകൾ ഏറെയായി.

സ്വാതിതിരുനാൾ സുബ്ബരായരെ വീണ്ടും ദിവാനായി തിരുവിതാംകുറിലേക്ക് കൊണ്ടുവന്നു. മഹാരാജാവിന്റെ ഈ പ്രവൃത്തി റസിഡന്റിന് തീരെ ഇഷ്ടമായില്ല. തന്റെ സേവകനായ കൃഷ്ണറാവുവിനെ ദിവാനാക്കണ മെന്നായിരുന്നു അദ്ദേഹത്തിന്റെ മോഹം; റസിഡന്റ് ദിവാൻ സുബ്ബരായരെ തിരുവിതാംകൂറിൽ നിന്നും നാടുകടത്തി. ഈ വാർത്തയറിഞ്ഞ് 'നമുക്കു യാതൊരധികാരവും ഇല്ലാതായോ ശ്രീപത്മനാഭാ!' എന്ന് മഹാരാജാവ് വിലപിച്ചു.

തിരുവിതാംകൂറിന്റെ വിവിധഭാഗങ്ങളിൽ നേരിട്ട് സന്ദർശിക്കാൻ മഹാരാജാവ് തീരുമാനിച്ചു. ജനങ്ങളുടെ സ്ഥിതിഗതികൾ നേരിട്ടറിയാനായിരുന്നു ഇത്. പലപ്പോഴും അദ്ദേഹം വേലുത്തമ്പി ദളവയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. ഇത് ഇരയിമ്മൻതമ്പിയെയും പാർവ്വതിഭായി യെയും ഭയപ്പെടുത്തി. വേലുത്തമ്പി ബ്രിട്ടീഷുകാരെ ചെറുക്കാനായി രാജ്യത്തുടനീളം സഞ്ചരിച്ചിരുന്നു. ഇപ്പോൾ സ്വാതിതിരുനാൾ അദ്ദേഹത്തിന്റെ പാത പിൻതുടരുകയാണോ യെന്നവർ ഭയപ്പെട്ടു.

അയൽ രാജ്യങ്ങളിൽ ബ്രിട്ടീഷുകാർ കാണിക്കുന്ന അനീതികളും അക്രമങ്ങളും സ്വാതിതിരുനാളിനെ വല്ലാതെ ഉലയ്ക്കുന്നു; കൊച്ചി ദിവാൻ ശങ്കരവാര്യരെ കൂട്ടുപിടിച്ചുകൊണ്ട് അവിടുത്തെ റസിഡന്റ് കൊച്ചിത്തമ്പുരാനെ കഷ്ടപ്പെ ടുത്തുന്നു. തമ്പുരാൻ സ്വാതിയെപ്പോലെ മദിരാശി ഗവർണർക്ക് കത്തെഴുതി യെങ്കിലും ഗവർണർ യാതൊരു നടപടിയും കൈക്കൊണ്ടില്ല. കുത്തിന്റെ മറുപടി കിട്ടിയത് കൊച്ചിത്തമ്പുരാൻ സ്വാതി തിരുനാളിനെ അറിയിച്ചു: 'വാര്യരെ പിരിച്ചുവിടാൻ രാജസ്ഥാനത്തുനിന്ന് ആവശ്യപ്പെടു ന്നതിനാൽ മദിരാശി ഗവർണർ ഖേദിക്കുന്നു' എന്നായിരുന്നു ഗവർണറുടെ മറുപടി. തമ്പുരാന്റെ ഈ ദുരവസ്ഥയിൽ തനിക്ക് ഹൃദയ പൂർവ്വമായ വേദനയുണ്ടെന്ന് സ്വാതിതിരുനാൾ ഇരയിമ്മൻ തമ്പിയോടു പറയുന്നു.

ഭരണത്തിന്റെ അവസാനകാലമായപ്പോഴേക്കും ജനറൽ കല്ലന്റെ പേരു കേൾക്കുന്നതുപോലും സ്വാതിതിരുനാൾ മഹാരാജാവിന് ഇഷ്ടമല്ലാതായി. തന്റെ രാജ്യത്ത് നടപ്പിലാക്കിയിരുന്ന പ്രാകൃതമായ ശിക്ഷാവിധികൾ വിഷ പരീക്ഷ, ശുചീന്ദ്രം കൈമുക്ക്, കുറ്റം ചെയ്ത സ്ത്രീകളെ തല മുണ്ഡനം ചെയ്ത് നാടുകടത്തൽ തുടങ്ങിയവ - നിരോധിച്ചു. താൻ ഭരിക്കുമ്പോൾ ഇത്തരം പ്രാകൃതമായ ശിക്ഷാനടപടികൾ പാടില്ലെന്ന് അദ്ദേഹം കൽപ്പിച്ചു. ഇത്തരം ശിക്ഷാവിധികളുടെ അർത്ഥശൂന്യത മഹാരാജാവിന് അറിയാമായിരുന്നു.

''നാം ഭരണാധികാരിയാണ്. പക്ഷെ നാം അതല്ല ഇഷ്ടപ്പെടുന്നത്. നാം ശ്രീപത്മനാഭന്റെ തൃപ്പാദങ്ങളിൽ ലയിപ്പാൻ ഇഷ്ടപ്പെടുന്നു. ആ നിമിഷം കാത്തിരിക്കുന്നു. അതിനുമുമ്പ് ചെയ്യേണ്ടതെല്ലാം ചെയ്തുതീർക്കാൻ ശ്രമിക്കുന്നു.''16

ആകെ അസ്വസ്ഥമായ അവസ്ഥയിലായിരിക്കുമ്പോഴാണ് പത്‌നിയായ നാരായണിപ്പിള്ളയുടെ അകാലവിയോഗം. മഹാരാജാവിന്റെ ദുഃസ്ഥിതിയെ ക്കുറിച്ചോർത്ത് ഹൃദയംനൊന്താണവർ മരിച്ചത്. ഇത് സ്വാതിതിരുനാളിനെ തീർത്തും ഒറ്റപ്പെടുത്തി. റസിഡന്റിന്റെ നീരസം ഒഴിവാക്കാനായി കൃഷ്ണറാവു വിനെ താത്കാലിക ദിവാനാക്കി. എന്നിട്ടും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. ഒടുവിൽ സ്ഥാനത്യാഗം ചെയ്യാൻവരെ ആലോചിച്ചു. ഇളയമ്മയും ഇരയിമ്മൻതമ്പിയും ചേർന്നാണ് അതിൽനിന്നും പിൻതിരിപ്പിച്ചത്. കൃഷ്ണറാവു രാജിവച്ചു. കൃഷ്ണറാവു തിരുവിതാം കൂറിൽ താമസിക്കാൻ പാടില്ലായെന്ന് മഹാരാജാവ്‌ കല്പിച്ചു. കുപിതനായ കല്ലൻ സുബ്ബറാവുവിനെ തിരുവിതാംകൂറിൽനിന്നു നാടുകടത്തി.

അന്യദേശക്കാരായ കലാകാരന്മാർ മേരുസ്വാമി ഉൾപ്പെടെയുള്ളവർ ഒറ്റയ്ക്കും കൂട്ടമായും കൊട്ടാരത്തോട് വിടവാങ്ങി. സ്വാതിതിരുനാൾ സംഗീതത്തിനായി കൂടുതൽ സമയം നീക്കിവച്ചു. 'ഭക്തിമഞ്ജരി' എന്ന കൃതി പൂർത്തിയാക്കി. ആകെ അസ്വസ്ഥതകൾക്കിടയിൽപ്പെട്ട മഹാരാജാവ് ഒടുവിൽ കൃഷ്ണരായരെ ദിവാ നായി നിയമിച്ചു.

അവസാന നാളുകളിൽ മഹാരാജാവ് വല്ലാത്ത മാനസിക സംഘർഷങ്ങ ളിലൂടെയാണ് കടന്നുപോയത്. ഏറെക്കുറെ അദ്ദേഹമൊരു സങ്കല്പലോക ത്തിലായി. ഈ ഭൂമി വിട്ടുപോകുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. അന്തരിച്ച ത്യാഗരാജസ്വാമികളുമായി കണ്ടുമുട്ടുന്നതായി സ്വപ്‌നദർശനം ഉണ്ടായി. ജീവിച്ചിരുന്നപ്പോൾ ത്യാഗരാജസ്വാമികളെ ദർശിക്കാൻ മഹാരാജാവിനു കഴിഞ്ഞിരുന്നില്ല. ഇത് താൻ മരണത്തിലേക്കടുക്കുന്നതിന്റെ മുന്നോടിയായി അദ്ദേഹത്തിനു ലഭിച്ച സൂചനയാകാം. അന്നു രാത്രിയിൽ ആ മഹാനു ഭാവനായ ചക്രവർത്തി നാടുനീങ്ങി.

ധീരനും സത്യസന്ധനും നീതിനടപ്പിലാക്കുന്നതിൽ തെല്ലും വിട്ടുവീഴ്ച്ച യില്ലാത്തവനും കലാസ്‌നേഹിയും പ്രജാക്ഷേമതത്പരനുമൊക്കെയായിരുന്ന സ്വാതിതിരുനാൾ മഹാരാജാവിനെ അദ്ദേഹത്തിന്റെ ഗാംഭീര്യത്തിനും പ്രൗഢിക്കും ഒരു കോട്ടവും തട്ടാത്ത രീതിയിൽ അവതരിപ്പിക്കാൻ വൈക്കം ചന്ദ്രശേഖരൻ നായർക്കു കഴിഞ്ഞിട്ടുണ്ട്. നിശ്ചയദാർഢ്യത്തിൽ ശക്തൻ തമ്പുരാനു തുല്യനായിരുന്നു അദ്ദേഹം. പ്രജാക്ഷേമത്തിനും കലാപരിപോഷ ണത്തിനും അദ്ദേഹം തുല്യസ്ഥാനം നല്കിയിരുന്നു. നൂതന സാങ്കേതിക വിദ്യകളിൽ അദ്ദേഹത്തിന് അതിയായ താത്പര്യം ഉണ്ടായിരുന്നു.

ഒരു മനുഷ്യനായി തന്നെ മറ്റുള്ളവർ കാണണമെന്ന് സ്വാതിതിരുനാൾ അതിയായി ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന് കലയായിരുന്നു എല്ലാമെല്ലാം. പ്രിയപ്പെട്ടവരുടെ - സുഗന്ധവല്ലി, സഹോദരി രുഗ്മിണിഭായി. പിതാവ് രാജരാജവർമ്മ, നാരായണിപ്പിള്ള, ചെറിയകോയിത്തമ്പുരാൻ, കണ്ടൻ മേനോൻ തുടങ്ങിയവരുടെ അടുത്തടുത്തുണ്ടായ വേർപാടുകൾ അദ്ദേഹത്തെ മാനസികമായി തളർത്തി.

തികഞ്ഞ മനുഷ്യസ്‌നേഹിയും പ്രജാക്ഷേമതത് പരനും സംഗീതപ്രേമിയും ഭരണകാര്യങ്ങളിൽ ദത്തശ്രദ്ധനും ആയ ഒരു മഹാരാജാവിനെയാണ് വൈക്കം ചന്ദ്രശേഖരൻനായരുടെ 'സ്വാതിതിരുനാൾ' എന്ന നോവലിൽ കാണാൻകഴിയുന്നത്. സ്വാതിതിരുനാളിന്റെ ജനനം മുതൽ മരണംവരെയുള്ള സുപ്രധാന സംഭവങ്ങളെല്ലാം ഈ നോവലിൽ വിശദമായി ചിത്രീകരി ച്ചിരിക്കുന്നു. സ്വാതിതിരുനാളിന്റെ സംഗീതാദികലകളിലുള്ള താത്പര്യം, സംഗീതസാധനയിൽ മുഴുകി ആത്മദുഃഖങ്ങൾ കഴുകിക്കളയാനുള്ള ശ്രമം, ശ്രീപത്മനാഭസ്വാമിയോടുള്ള അദ്ദേഹത്തിന്റെ അകമഴിഞ്ഞ ഭക്തി, കലാകാരന്മാരോടുള്ള ബഹുമാനം തുടങ്ങിയവ ഈ നോവലിൽ ഉടനീളം കാണാൻ കഴിയും. ആദർശധീരനും ദൃഢചിത്തനും തികഞ്ഞ രാജ്യസ്‌നേഹി യുമായ ഒരു മഹാരാജാവിനെയാണ് വൈക്കം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.

 

സഹായക ഗ്രന്ഥങ്ങൾ

1.      ചന്ദ്രശേഖരൻ നായർ, വൈക്കം, സ്വാതിതിരുനാൾ, ഡി.സി.ബുക്സ്, കോട്ടയം

2.      അതേപുസ്തകം, പു. 22.

3.      അതേപുസ്തകം, പു. 20.

4.      അതേപുസ്തകം, പു. 40

5.      അതേപുസ്തകം, പു. 41.

6.      അതേപുസ്തകം, പു. 41

7.      അതേപുസ്തകം, പു 42.

8.      അതേപുസ്തകം, പു. 47.

9.      അതേപുസ്തകം, പു. 89.

10.    അതേപുസ്തകം, പു. 89.

11.    അതേപുസ്തകം, പു. 134.

12.    അതേപുസ്തകം, പു. 138.

13.    അതേപുസ്തകം, പു. 145.

14.    അതേപുസ്തകം, പു. 160.

15.    അതേപുസ്തകം, പു. 179.

16.    അതേപുസ്തകം, പു. 252,

17.    അതേപുസ്തകം, പു. 252,


ലിലിൻ. വി.ഭാസ്‌കര

അസിസ്റ്റന്റ് പ്രൊഫസർ

മലയാളവിഭാഗം

 ശ്രീനാരായണകോളേജ്

 ചെമ്പഴന്തി


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

              ഷീന എസ്

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page