top of page

വില്ലടിച്ചാൻ പാട്ടുകളിലെ ആരാധന സൂചകങ്ങൾ

രതീഷ് എസ്സ്.
ree

പ്രബന്ധ സംഗ്രഹം

മനോഹരമായ താളമേളങ്ങളുടെയും കല്പനാചാതുര്യങ്ങളുടെയും ഖനിയാണ് തെക്കൻ പാട്ടുകൾ. ഒരേസമയം കലയും സാഹിത്യവും സംസ്കാരവും ഇഴപിരിയാതെ ചേർന്നിരിക്കുന്നു എന്നതാണ് ഈ പാട്ട് ശാഖയുടെ പ്രത്യേകത. തെക്കൻ പാട്ടുകൾ എന്ന പേരിന് ആസ്പദം അവ പിറന്നു വീണ മണ്ണും ഓടിവളർന്ന പ്രദേശവും ആണ്. ദക്ഷിണകേരളത്തിൽ ഉത്ഭവിച്ച ഈ കഥാഗാനങ്ങൾക്ക് തെക്കൻ പാട്ടുകൾ എന്നാണ്  വിളിപ്പേര്. ഇവയെ പൊതുവേ വില്ലടിച്ചാൻ  പാട്ടുകൾ എന്നാണ് വിളിച്ചു പോരുന്നത്. എന്നാൽ സൂക്ഷ്മാർത്ഥത്തിൽ ഇത് പൂർണമായും ശരിയല്ല. തെക്കൻ കേരള ജനതയുടെ സംസ്കാരത്തെയും വിശ്വാസങ്ങളെയും  ആവാഹി ക്കുന്ന വില്ലടിച്ചാൽ പാട്ടുകളെയും അവയിൽ പറയപ്പെടുന്ന ആരാധനാ സൂചകങ്ങ ളെയും കുറിച്ചുള്ള അന്വേഷണവും കണ്ടെത്തലുകളുമാണ് ഈ പഠനം.


താക്കോൽ വാക്കുകൾ  

തെക്കൻ പാട്ടുകൾ, വില്ലടിച്ചാൻ പാട്ടുകൾ, ആരാധനാ സൂചകങ്ങൾ


പഠനത്തിന് ഉപയോഗിച്ചിരിക്കുന്ന പ്രധാന പാട്ടുകൾ.

ഇരവിക്കുട്ടിപ്പിള്ളപ്പോര് , ചാമുണ്ഡിക്കഥ , മൂവോട്ടുമല്ലൻകഥ , പൊന്നിറത്താൾകഥ


തെക്കൻ പാട്ടുകൾ മുഖവുര 

                        ഇന്നത്തെ കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന തിരുവനന്തപുരം കന്യാകുമാരി ജില്ലകളാണ് കേരളസംസ്ഥാന രൂപീകരണത്തിന് മുന്നേയുള്ള തെക്കൻ തിരുവിതാംകൂർ. ഈ പ്രദേശങ്ങളിൽ പ്രചരിച്ചിരുന്ന നാടൻ പാട്ടുകളാണ് തെക്കൻ പാട്ടുകൾ. പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെ തെക്കൻ ഭാഗങ്ങളായ നെയ്യാറ്റിൻകര, വിളവൻകോട്, കൽക്കുളം, തോവാള, അഗസ്തിശ്വരം  എന്നീ പ്രദേശങ്ങളിലാണ് ഈ പാട്ടുകൾക്ക് ഏറെ പ്രചാരം.  ഇവിടത്തെ അമ്മ അഥവാ മുത്താരമ്മൻ  ദേവാരധന നടത്തുന്ന ക്ഷേത്രങ്ങളിൽ ഉത്സവങ്ങളോട്  അനുബന്ധിച്ച് ഈ പാട്ടുകൾ ഇപ്പോഴും വിൽപ്പാട്ട് രൂപത്തിൽ പാടി വരുന്നുണ്ട്. പൂർവ്വ പണ്ഡിതന്മാർ ഗാനം, കഥാഗാനം എന്നിങ്ങനെ നാടൻപാട്ടുകളെ തിരിച്ചിട്ടുണ്ട്. ഇവയിൽ കഥാഗാനങ്ങളിലാണ് തെക്കൻ പാട്ടുകൾ ഭൂരിഭാഗവും ഉൾപ്പെടുന്നത്. ലീലാതിലകത്തിനുശേഷം പതിനെട്ടാം നൂറ്റാണ്ടിനകം രചിക്കപ്പെട്ടവയാണ് മിക്ക തെക്കൻ പാട്ടുകളും  

                        വടക്കൻ പാട്ടുകളെ പറ്റി ആധികാരികമായ പഠനം നടത്തിയ ചേലനാട്ട്  അച്യുതമേനോൻ ബാലഡ്സ് ഓഫ് നോർത്ത് മലബാറിന്റെ ഒന്നാം ഭാഗത്ത് തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലുള്ളതുപോലുള്ള നാടോടി പാട്ടുകൾ ഉണ്ടെന്ന സൂചന നൽകുന്നുണ്ട്. അവയ്ക്ക് അച്ചടിമഷി പുരളാത്തത്കൊണ്ടാണ് വേണ്ടത്ര പ്രചാരം ലഭിക്കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തന്റെ സാഹിത്യചരിത്രഗ്രന്ഥത്തിൽ ഒരു അധ്യായം മുഴുവൻ  തെക്കൻപാട്ടുകൾക്കായി മാറ്റിവയ്ക്കുന്ന ഉള്ളൂർ "മലയാളമല്ലെന്ന് മലയാളികളും നല്ല തമിഴല്ലെന്ന് തമിഴരും ആ പാട്ടുകളെ പുച്ഛിച്ച് ത്രിശങ്കു സ്വർഗത്തിൽ നിർത്താറുണ്ടെങ്കിലും അവയ്ക്ക് വടക്കൻ പാട്ടുകളെപ്പോലെ തന്നെ അക്ലിഷ്ടമനോഹരമായ ഒരാകൃതിയും അനന്യസുലഭമായ ഒരാർജ്ജകതയും ഉണ്ട്" എന്ന് വിലയിരുത്തുന്നു.

                 തെക്കൻ പാട്ടുകളെ കുറിച്ച് മലയാളഭാഷാചരിത്രത്തിൽ പി ഗോവിന്ദപിള്ള “ദക്ഷിണ കേരളത്തിൽ സംസ്കൃതം അധികം കലരാത്ത മലയാളത്തിൽ തമിഴ് രീതി അനുസരിച്ച് പാടിപ്പതിഞ്ഞതും എഴുതപ്പെട്ടിട്ടില്ലാത്തതും ദൈർഘ്യം കുറഞ്ഞതും ജനങ്ങൾ പ്രിയത്തോടെ പാടി വന്നതുമായ പാട്ടുകൾ ഉണ്ടെന്നു” പറയുന്നു. തെക്കൻ പാട്ടുകൾക്ക് ധാരാളം ഉദാഹരണങ്ങൾ സൂചിപ്പിക്കുന്ന ഭാഷാചരിത്ര കർത്താവ് ‘തെക്കൻപാട്ട്’ എന്ന സംജ്ഞ പ്രസ്തുത കൃതിയിൽ സൂചിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ആദ്യകാലങ്ങളിൽ തെക്കൻ പാട്ടുകൾ സമാഹരിക്കുകയും പ്രകാശനം നടത്തുകയും ചെയ്ത കാഞ്ഞിരംകുളം കൊച്ചു കൃഷ്ണൻ നാടാർ തന്റെ പുസ്തകത്തിൽ (ചാമുണ്ഡിക്കഥ -1944) തെക്കൻ പാട്ടുകൾ എന്ന പദം സാർവത്രികമായി പ്രയോഗിച്ചു കാണുന്നു. ഇരവിക്കുട്ടിപ്പി ള്ളപ്പോര് (1962) രണ്ടാം പതിപ്പിന്റെ പ്രസ്താവനയിൽ ഇംഗ്ലീഷിൽ ബാലഡ് എന്ന് പറയുന്ന പ്രാചീന ഗാനങ്ങളുടെ മാതൃകയിൽ മലയാളത്തിൽ പലമാതിരി പാട്ടുകൾ ഉണ്ടെന്നും ഭാഷാപ്രയോഗം അനുസരിച്ച് അവയെ വടക്കൻപാട്ടെന്നും തെക്കൻ പാട്ടെന്നും രണ്ടായി തിരിക്കാം എന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.

     പ്രയോഗമനുസരിച്ച് തെക്കൻ പാട്ടുകളെ വാതപ്പാട്ട്, കേൾവിപ്പാട്ട്, ശാസ്ത്രപ്പാട്ട് എന്നിങ്ങനെ മൂന്നായി തിരിക്കാം. വിൽപ്പാട്ടുകളെ കുറിച്ച് ആധികാരിക ഗവേഷണം നടത്തിയ തമിഴ് പണ്ഡിതൻ ശ്രീ.ഗോമതിനായകം തെക്കൻ പാട്ടുകളെ പ്രധാന മായും നാലായി തിരിക്കുന്നു. (1)പുരാണേതിഹാസകഥകൾ (2)കൊടുംദൈവ കഥകൾ (3)സാമൂഹികകഥകൾ (4)ചരിത്രകഥകൾ എന്നിങ്ങനെയാണവ. തെക്കൻ പാട്ട് കൃതികളുടെ പ്രസിദ്ധീകരണം ആരംഭിച്ചിട്ട് വളരെയധികം കാലമായിട്ടുണ്ടെങ്കിലും വളരെ കുറച്ച് കൃതികൾ മാത്രമാണ് കണ്ടുകിട്ടിയിട്ടുള്ളത്. അവയിൽ തന്നെ വിരലിലെണ്ണാവുന്നതിനു മാത്രമാണ് സമഗ്രമായ പഠനം നടന്നിട്ടുള്ളത്.


വില്ലടിച്ചാൻപാട്ടുകൾ

    തെക്കൻ പാട്ടുകളെ പൊതുവേ വില്ലടിച്ചാൻ പാട്ടുകൾ എന്ന് വിളിക്കാറുണ്ട്. സൂക്ഷ്മ അർത്ഥത്തിൽ ഇത് ശരിയല്ല. തമിഴ്നാട്ടിൽ തിരുനെൽവേലി പ്രദേശങ്ങ ളിലും തെക്കൻ തിരുവിതാംകൂറിലും വളരെ പ്രചാരത്തിൽ ഉണ്ടായിരുന്ന കലയാണ് വില്ലടിച്ചാൻപാട്ട് എന്ന് ശൂരനാട് കുഞ്ഞൻപിള്ള അഭിപ്രായപ്പെടുന്നുണ്ട്. ദേവത പ്രീതിക്കോ വീരപ്രശംസയ്ക്കോ വേണ്ടി നിർമ്മിച്ചിട്ടുള്ളവയാണ് ഇത്തരം പാട്ടുകൾ. തമിഴ്നാടുമായി ബന്ധപ്പെട്ടതു കൊണ്ടാകാം ദക്ഷിണ കേരളത്തിനപ്പുറം അവയ്ക്ക് പ്രചാരം കിട്ടാതെ പോയതെന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. വില്ലടിച്ചാൻ പാട്ടുകളുടെ ഉല്പത്തി തമിഴ്നാട്ടിൽ ആണെന്ന് അദ്ദേഹം ചാമുണ്ഡികഥ എന്ന കൃതിയുടെ അവതാരികയിൽ അഭിപ്രായപ്പെടുന്നുണ്ട്. 

        ഏടുവെച്ച് വായന എന്നൊരു സമ്പ്രദായം തെക്കൻ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ പണ്ട് നിലവിലിരുന്നു. ദേവതയെ ആരാധിക്കലും ഒപ്പം ശ്രോതാ ക്കളെ രസിപ്പിക്കലും ഇതിന്റെ  ലക്ഷ്യങ്ങൾ ആയിരുന്നു. മതിലകത്തുകഥ (ഭൂതപ്പിറവി) തുടങ്ങിയ ചില പാട്ടുകൾ ഇങ്ങനെയുള്ളവയാണ്. ശ്രോതാക്കളെ രസിപ്പിക്കുന്നതിനായി കാലക്രമത്തിൽ പല വാദ്യവിശേഷങ്ങളും ഉപയോഗിച്ചു തുടങ്ങി. അങ്ങനെ കഥാഗാനങ്ങൾ വില്ലടിച്ചാൻപാട്ടായി അവതരിപ്പിക്കുന്ന സമ്പ്രദായം സാർവ്വത്രികമായി. നാടോടി പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള ധാരാളം കലാരൂപങ്ങൾ തമിഴ്നാട്ടിൽ പ്രചാരത്തിലുണ്ട്. അമ്മാന, ചിന്ത്, കുമ്മി, ലാവണി, വില്പാട്ട് എന്നിവ അവയ്ക്ക് ഉദാഹരണമാണ്. ഇവയിൽ പലതും ഉത്സവത്തോട നുബന്ധിച്ച് ക്ഷേത്രങ്ങളിൽ നടത്തിപ്പോരുന്നവയാണ്. തിരുനെൽവേലി, കന്യാകു മാരി, തിരുവനന്തപുരം ജില്ലകളിലുള്ള പല ക്ഷേത്രങ്ങളിലും വിൽപ്പാട്ട് ഒരു അനുഷ്ഠാനമായിട്ടാണ് അവതരിപ്പിക്കുന്നത്. വിൽപ്പാട്ടിൻ്റെ ഈ അനുഷ്ഠാന രൂപത്തെ കുടിയിരുത്തുവിൽപ്പാട്ട് എന്ന് വിവക്ഷിച്ചു പോരുന്നുണ്ട്. തിരുനെൽ വേലി രാമനാഥപുരം ജില്ലകളിലെ ചില ക്ഷേത്രങ്ങളിൽ കഥാഗാനങ്ങൾ കൂത്തായും കോയമ്പത്തൂരിൽ ‘അമ്മാന’യായും അവതരിപ്പിക്കുന്നതായി തിക്കുറിശ്ശി ഗംഗാധ രൻ അഭിപ്രായപ്പെടുന്നുണ്ട്.  തമിഴ് ജനതയ്ക്ക് പ്രിയപ്പെട്ട വിൽപാട്ട് തൊട്ടടുത്ത പ്രദേശമായ തെക്കൻ തിരുവിതാംകൂറിലേക്കും വ്യാപിച്ചിരിക്കാം. വില്ലുപാട്ട്, വില്ലുകൊട്ടിപ്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടിപ്പാട്ട്, വില്ലടി, വില്ല് എന്നിങ്ങനെയും ഇതിന് പേരുകൾ ഉണ്ട്. വില്ലടിച്ചാൻപാട്ട് നടത്തുക സാധാരണ രാത്രിയിലാണ് 'തെക്കൻ തിരുവിതാംകൂറിൽ ധാരാളമായി കണ്ടുവരുന്ന ശാസ്താംകോവിലുകളിലും അമ്മൻ (മുത്താരമ്മൻ) -യക്ഷി -തമ്പുരാൻ കോവിലുകളിലും അനുഷ്ഠാനപരമായി ആണ്ട് തോറും ഇവ നടത്തപ്പെടുന്നു.

        തെക്കൻപാട്ടും വില്ലടിച്ചാൻപാട്ടും ഒന്നാണെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നുണ്ട്. ഇവ രണ്ടും പര്യായപദങ്ങൾ ആയിട്ടും അവർ പ്രയോഗിക്കു ന്നുണ്ട്. " കഥാഗാനമായ തെക്കൻ പാട്ടും വിൽപ്പാട്ട്കഥയും തമ്മിൽ പെട്ടെന്ന് തിരിച്ചറിയത്തക്ക  വ്യത്യാസങ്ങൾ കുറവാണ്. സൂക്ഷ്മ വിശകലനത്തിൽ മാത്രമേ അവയുടെ അന്തരം അറിയാൻ കഴിയൂ" എന്ന് തിക്കുറുശ്ശി ഗംഗാധരൻ അഭിപ്രായ പ്പെടുന്നുണ്ട്. 

ചില പാട്ടുകളിൽ ആമുഖത്തിൽ തന്നെ അത് ഒരു വിൽപ്പാട്ട് ആണെന്ന് കാണും. ചാമുണ്ഡികഥയിൽ ,


“വന്ന വില്ലിൽ പാട അരുൾവായ്”


“ചീരറിയേൻ ചികൈയറിയേൻ

ചിറന്തവില്ലിൽ പാടും വകൈയറിയേൻ”


“ചാലയിലെ വിളക്കെരിയ

തക്ക കവിരാശി വില്ലിൻപാട” മതിലകത്ത്കഥയിലും നീലികഥയിലും ഈ ചീരുകൾ   കാണാൻ സാധിക്കുന്നുണ്ട്.


ഇരവിക്കുട്ടിപിള്ളപോര് എന്ന വില്ലടിച്ചാൻപാട്ടിന്റെ തുടക്കം സദസ്യരെ അഭിസം ബോധന ചെയ്യുന്നതാണ്. എന്നാൽ ഈ പ്രസ്താവന ഇരവികുട്ടിപ്പിള്ളപോര് എന്ന കഥാഗാനത്തിൽ കാണാൻ സാധിക്കില്ല.


" ഉന്നതമായിരിക്കിൻ്റ സപയോർ കേൾക്ക

ഉറുതിയുടൻ ഇരവിയുടെ കതയൈ പാട

നന്നയമായ് ഒരു വിതവും ഉരത്തേനയ്യാ

നളിനമുടൻ ഊരവരറിയ വേണ്ടി

എന്ന വിതമോ ഇരവി ഇരുന്ത ചെയ്തി

എനക്കുപദേശിത്തന്നതിനാൽ ഉരത്തേനയ്യാ

അന്നയരേ അരുൾപെറ്റ അതിശയങ്കൾ

അഴകുടനേ വെകുസപയിൽ പാടിൻ്റേനേ"


ഇവ രണ്ടിലും ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഇനി സാമ്യമുള്ള ഭാഗങ്ങളിൽ ശീലുകൾക്കും പദങ്ങൾക്കും പലതരത്തിലുള്ള വ്യതിയാനങ്ങളും കൂട്ടിച്ചേർക്ക ലുകളും കാണാം. സ്പഷ്ടമായ ഈ വ്യത്യാസങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാതെയാണ് തെക്കൻകഥാഗാനങ്ങളും വില്ല്പാട്ടുകളും ഒന്നാണെന്ന മട്ടിൽ പലരും അഭിപ്രായ പ്പെടുന്നത്.


വിൽപ്പാട്ടിലെ ആരാധനാ സൂചകങ്ങൾ

    പ്രാചീന തെക്കൻ കേരളത്തിലെ ജനങ്ങൾ ദ്രാവിഡ ആചാര രീതികളാണ് പിന്തുടർന്ന് വന്നത്. അവർ പ്രകൃതിയിലെ അത്ഭുതങ്ങളെയും ജീവജാലങ്ങളെയും ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്തുപോന്നു. കുലദൈവങ്ങളെയും, പൂർവികരെയും, വൃക്ഷങ്ങളിലും മലകളിലും കാറ്റിലും കടലിലും നദിയിലും മേഘത്തിലും ഒക്കെ കുടികൊള്ളുന്ന ശക്തികളെയും ആരാധിച്ചു പോന്നു. ഒരേ തൊഴിൽ വിഭാഗക്കാർ ഒന്ന് ചേർന്ന് താമസിക്കുന്ന സ്ഥലങ്ങളിൽ അമ്മ ദൈവാരാധനയും ഗ്രാമ സംരക്ഷക ദൈവങ്ങളെയും അവർ ആരാധിച്ചു പോന്നു. രോഗപീഠ വരുത്തുന്ന പിശാചുക്കളെയും അവർ പൂജിച്ചു. പരേതാരാധനയാണ് കേരളത്തിലെ ഏറ്റവും പഴക്കമേറിയ മതം എന്ന് വില്യം ലോഗൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ “വൃക്ഷാരാധന ലിംഗാരാധന തുടങ്ങിയ പ്രാകൃതാരാധന സമ്പ്രദായങ്ങൾ പലതും പരേതരരാധനയ്ക്കൊപ്പമോ മുമ്പോ നിലവിലുണ്ടായിരുന്നിരിക്കണം " എന്നാണ് എസ്. കെ. നായർ കരുതുന്നത്. ക്രമേണ ഈ വിശ്വാസങ്ങളെല്ലാം ജൈന ബുദ്ധ ബ്രാഹ്മണ്യ മതങ്ങൾക്ക് വഴിമാറുകയാണ് ഉണ്ടായത്. വടക്കൻപാട്ടുകളിലുള്ളതുപോലെ തെക്കൻ പാട്ടുകളിലും അന്നിവിടെ പ്രാബല്യത്തിലിരുന്ന മതാനുഷ്ഠാനങ്ങളെയും ആരാധനക്രമങ്ങളെയും പരാമർശി

ക്കുന്നുണ്ട്.

     വിൽപ്പാട്ടുകളിൽ ഈശ്വര ആരാധന ഏറെ പ്രാധാന്യത്തോടെ വർണ്ണിക്കുന്ന ഒരു ഭാഗമാണ്. പ്രത്യേകിച്ച് അമ്മ ആരാധന. തെക്കൻ തിരുവിതാംകൂറിലെ മിക്ക തറവാടുകളിലും കുടുംബങ്ങളിലും അന്ന് ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഇലങ്കം, തെക്കത് എന്നീ പേരുകളിലാണ് അവ അറിയപ്പെട്ടിരുന്നത്. ഇവയെ പറ്റിയുള്ള പരാമർശങ്ങൾ വിൽപ്പാട്ടുകളിൽ കാണാം. കുടുംബദേവതയെയോ പരദേവതയെയോ വന്ദിച്ചിട്ട് മാത്രമേ ഏതുകാര്യത്തിനും പുറപ്പെടുകയുള്ളൂ. മുവോട്ടുമല്ലൻ പാട്ടിൽ ആലിവീട്ടിൽ കുറുപ്പന്മാർ കൃഷിപ്പണിക്കു പുറപ്പെടുന്നതും വാഴപ്പള്ളി വരിക്കപ്പള്ളി വീടുകളിലെ കാര്യസ്ഥന്മാർ അത് തടയാൻ പോകുന്നതും തെക്കതിൽ കുളിച്ചു തൊഴുതിട്ടാണ്. ഇരവിക്കുട്ടിപ്പിള്ള പാട്ടിൽ യുദ്ധയാത്രയ്ക്ക് മുമ്പായി കുളി കഴിഞ്ഞ് ഇലങ്കത്തിൽ പോയി ഭദ്രകാളിയെ പ്രാർത്ഥിക്കുന്നതായി കാണാം. 

“മൻ്റു പുകഴ് വാളിരവി

ഇൻ്റു പാടൈ പോറേനമ്മാ

മനമതുതാൻ മെയ്ത്തു തരവേണുമേ

വന്തുടനേ കാത്തു രക്ഷിപ്പായേ

വായ്ത്തതൊരു പത്തിരമാകാളിയേ” 

കൽക്കുളത്തെ മഹാദേവർ ക്ഷേത്രം അക്കാലത്ത് വളരെ പ്രസിദ്ധമായിരുന്നു. അവിടെ കുളിച്ചു തൊഴുത് പടയ്ക്കു പോകുന്ന തന്റെ മകനെ സംരക്ഷിച്ചു കൊള്ളാൻ പരദേവതയായ കാളിയോട് അമ്മ പ്രാർത്ഥിക്കുന്നുന്നത് “ഇരവിയോടെ പടൈക്കുപോ മാകാളീ " എന്നാണ്.

     അചഞ്ചലമായ ഈശ്വരഭക്തി ജനങ്ങൾക്കുണ്ടായിരുന്നു. നേർച്ചകളിലൂടെയും വഴിപാടുകളിലൂടെയും ദേവതയെ പ്രീതിപ്പെടുത്തിയാൽ ഏത് കാര്യവും സാധിക്കും എന്ന് അവർ കരുതിപ്പോന്നു. ഈശ്വരവിശ്വാസം നാടോടി ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ്. നാടൻ ദൈവങ്ങൾക്കായിരുന്നു ആരാധനയിൽ മുൻതൂക്കം തമ്പുരാൻ, വിവിധ ബാധകൾ ഒക്കെ ജനങ്ങളുടെ ആരാധനാമൂർത്തികളായിരുന്നു. മുവോട്ടുമല്ലൻകഥയിൽ തമ്പുരാനെ കൂടാതെ ചാമുണ്ഡി, തെറ്റിക്കോട്ട്മല്ലൻ, മലൻമൂർത്തിവാത, ബ്രഹ്മമൂർത്തി, കളരിമൂർത്തി, ആറ്റുമാടൻതമ്പുരാൻ, ആറ്റില ക്ഷ്മി, പുരുഷാദേവി, മുത്താരമ്മ , മൂഴിക്കുറുമ്പിൽ അറകൊല, കരിങ്കാളിഅമ്മ മുതലായ 49 ദേവതമാരെ സ്തുതിച്ച് കുടിയിരുത്തി കൊണ്ടാണ് പാട്ട് ആരംഭി ക്കുന്നത്.

അന്ന് ജനജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച രണ്ട് ആരാധനാമൂർത്തികൾ ആയിരുന്നു വീരണകാവിൽ ചാത്താവും, ആരിയനാട്ടിൽ അയ്യനാരും. എന്ത് കാര്യം ആഗ്രഹിച്ചാലും അതിന്റെ സാധ്യത്തിനായി രണ്ട് ക്ഷേത്രങ്ങളിലും വെറ്റില, വെളിച്ചെണ്ണ, പൂജ ഇവ നേർച്ചയായി നൽകിയിരുന്നു. ജനങ്ങൾ പൊതുവേ ബഹുദൈവ വിശ്വാസികളായിരുന്നു. പല ദുർദേവതകളെയും അവർ ആരാധിച്ചു പോന്നു. ഇശക്കി , പാതാള മാടൻ, പാതാള ഇശക്കി, പാലാട്ടുകാരി , പച്ചതിന്നിമാടൻ , ചൂലാട്ടുകാരി, ഉള്ളുകുട്ടിക്കാറി, ചെങ്കിടായ് പൂതം, കരിങ്കിടായ് പൂതം തുടങ്ങിയവർ ഇക്കൂട്ടത്തിൽ പെടും. ഓരോ ദേവതയ്ക്കും സ്വഭാവമനുസരിച്ച് കരിങ്കിടായ്, ചെങ്കിടായ് , കരുക്കോഴി, പാലാട് , കരുമ്പറവ , ചെമ്പറവ എന്നിവ ബലി നൽകും.

“ഇന്തനല്ല തേവതയ്ക്ക്

വെലികൊടകൾ കൊടുക്കവേണം

ആടുകിടായ് കൊണ്ടു വന്തു

ആദരവായ് കൊടുക്ക വേണം" എന്നാണ് പൊന്നിറത്തൾകഥയിൽ മന്ത്രവാദി പറയുന്നു.

ചില ചില ദുർദേവതമാർക്കും പരേതാത്മാക്കൾക്കും കള്ളും ചാരായവും നിവേദ്യം ആയി അർപ്പിച്ചിരിക്കുന്നതായി സൂചനയുണ്ട്

" പണ്ടേയുള്ള വേലച്ചാവിനു

കള്ളരക്കു വക്കുതാരാം "

മനുഷ്യൻ തന്റെ രൂപത്തിലും ഭാവത്തിലും ആണല്ലോ ദൈവത്തെ സങ്കൽപ്പിക്കു ന്നത്. അതുകൊണ്ടുതന്നെയാണ് ഞങ്ങൾക്കിഷ്ടപ്പെട്ട ഭക്ഷണപാനീയങ്ങൾ ദേവതമാർക്കും നിവേദിക്കുന്നത്. കാർഷികസംസ്കാരം വ്യാപകമായിരുന്ന അക്കാലത്ത് പഴം, നാളികേരം മുതലായ കാർഷിക ഉൽപ്പന്നങ്ങൾ അവർ ദൈവങ്ങൾക്കും നിവേദ്യം ആയി നൽകി. പ്രതാപികളായ ചില ദുർമൂർത്തികളെ പ്രീതിപ്പെടുത്താൻ മനുഷ്യരക്തവും അർപ്പിച്ചിരുന്നു. വേണ്ടിവന്നാൽ നരബലിയും നടത്തിയിരുന്നു. പ്രേതാരാധനയും പൂർവികാരാധനയും പുരാതനകാലം മുതലേ നിലനിന്നുപോകുന്നു തെക്കൻ പാട്ടുകളുടെ കാലത്ത് ഈ സമ്പ്രദായം ഇവിടെ സാർവത്രികമായിരുന്നു ഇവിടത്തെ ആദിവാസി വിഭാഗമായ കാണിക്കാരുടെ ഇടയ്ക്ക് മുത്തപ്പൻ പൂജയ്ക്ക് ഇപ്പോഴും വലിയ പ്രാധാന്യമുണ്ട്. മരണപ്പെട്ട വീരന്മാർ, പണ്ഡിതന്മാർ, മന്ത്രവാദികൾ, വൈദ്യന്മാർ മുതലായവരെ പ്രത്യേകം തറകളിൽ അവർ ആരാധിക്കുന്നു.


കണ്ടെത്തലുകൾ 

  • തെക്കൻ പാട്ടിലെ ദൈവാരാധന തികച്ചും ആത്മീയമാണ്.

  • വീര കഥകളിൽ പോലും നായകന്മാർ മരണമടഞ്ഞാൽ നേരെ ശിവലോകം പൂകി ഭഗവാനിൽ നിന്നും വരം വാങ്ങി ദേവി ദേവന്മാരായി മാറുന്നു പിന്നീട് അവരെ കുടിയിരുത്തി ആരാധിച്ചു പോരുന്നു.

  • ഓരോ കുടുംബങ്ങൾക്കും വെച്ച് ആരാധനയും തെക്കത് എന്നറിയപ്പെടുന്ന പരദേവത സ്ഥാനങ്ങളും ഉണ്ടായിരുന്നു. ഇവിടെ തൊഴുതിട്ടെ  ഏത് കാര്യ ത്തിനും പുറപ്പെടുകയുള്ളൂ.

  • ശിവൻ, ശാസ്താവ്, അയ്യനാർ, വിഷ്ണു, കൃഷ്ണൻ, ഭദ്രകാളി മുതലായ ആര്യ ദൈവങ്ങളെക്കാൾ ചാമുണ്ഡി, അമ്മൻ, മാടൻ, തമ്പുരാൻ, പലതരം യക്ഷി കൾ, ബാധകൾ എന്നിങ്ങനെയുള്ള നാടോടി ദേവതകൾക്കായിരുന്നു വില്ലടിച്ചാൻ  പാട്ടുകളിൽ പ്രാധാന്യം.

  • ഇത്തരം ദേവതകൾക്ക് ബലികൊടകൾ നൽകിയില്ലെങ്കിൽ അവർ സർവ്വനാശം വരുത്തുമെന്ന് വിശ്വസിച്ചു പോന്നു.

  • മിക്ക വില്ലടിച്ചാൻ പാട്ടുകളും ദേവദാസ്തികളോട് കൂടിയാണ് ആരംഭിക്കു ന്നത്. മിക്കതിലും നാടൻ ദേവതകളെയാണ് സ്തുതിക്കുന്നത്.

  • ജനങ്ങൾ പൊതുവേ ബഹുദൈവ വിശ്വാസികളായിരുന്നു.


ഉപസംഹാരം.

    അചഞ്ചലമായ ഭക്തിയിൽ ഊന്നിയതാണ് തെക്കൻ തിരുവിതാംകൂറിന്റെ സംസ്ക്കാരം. ഇവിടെ ഉത്ഭവിച്ച വില്ലുപാട്ടുകളിലും ഇതിന്റെ സ്വാധീനം കാണാം. ആര്യദൈവങ്ങളുടെ ആധിക്യമല്ല ഈ പാട്ടുകളിൽ കാണുന്നത്. നേരെ മറിച്ച് പ്രകൃതി ശക്തികളെയും, മാതൃശക്തികളെയും, വീരപുരുഷന്മാരുടെ ദേവരൂപ ങ്ങളെയും, യക്ഷികളെയും, മറുതകളെയും ആണ് പ്രധാനമായും ഈ പാട്ടുകളിൽ സ്തുതിക്കുന്നത്. കൈലാസം മുതൽ തെരുവിലെ സ്ഥാനദേവത വരെയുള്ള ദൈവ സങ്കൽപത്തെ മിക്ക വിൽപ്പാട്ടുകളിലും വർണ്ണിക്കുന്നുണ്ട്. ഓരോ ദേവതകളെയും ബലി കൊടകൾ നൽകി പാടിക്കുടിയിരുത്തുന്ന രീതി വിൽപ്പാട്ടുകളിൽ ഉണ്ട്. ബഹുദൈവ വിശ്വാസികളായിരുന്നു ഈ പാട്ടുകളിലെ ജനങ്ങൾ. ദൈവപ്രീതിക്കായി, മഹാമാരികൾ ഒഴിവാക്കുന്നതിനായി , ഇഷ്ടകാര്യസാധ്യത്തിനു വേണ്ടി അവർ ഏതു തരത്തിലുള്ള ബലികളിലൂടെയും 'ദേവതകളെ പ്രീതിപ്പെടുത്താറുണ്ട്.


ഗ്രന്ഥസൂചിക 

  1. മലയാളഭാഷാചരിത്രം- ഗോവിന്ദപിള്ള പി. 

  2. ഇരവികുട്ടിപിള്ളപ്പോര് ഒരു പഠനം-തിക്കുറിശ്ശി ഗംഗാധരൻ ഡോ. 

  3. ചാമുണ്ഡികഥ (വില്ലടിപ്പാട്ട് ) -കൊച്ചു കൃഷ്ണൻ നാടാർ കെ., കാഞ്ഞിരംകുളം, ( digital copy - Pdf )

  4. ഇരവിക്കുട്ടിപ്പിള്ളപ്പോര് -കൊച്ചു കൃഷ്ണൻ നാടാർ കെ, കാഞ്ഞിരംകുളം (ഡിജിറ്റൽ പതിപ്പ് - pdf )

  5. പൊന്നിറത്താ കഥതെക്കൻപാട്ട്: പത്മകുമാരി ജെ. (സമ്പാ.) 

  6. നീലിക്കഥ- പത്മകുമാരി ജെ. (സമ്പാ.) 

  7. കേരളസാഹിത്യ ചരിത്രം ഉള്ളൂർ പരമേശ്വരയ്യർ എസ്. , കേരള സർവകലാശാല, വാല്യം 1

  8. നാഞ്ചിനാടിന്റെ സാംസ്‌കാരിക ചരിത്രം - ഡോ.കെ. ഷിജു 

  9. തെക്കൻപാട്ടുകൾ - ചില അടിസ്ഥാന ചിന്തകൾ - ത്രിവിക്രമൻതമ്പി ജി. (ഡോ) 

രതീഷ് എസ്സ്.

ഗവേഷകൻ മലയാളവിഭാഗം 

സർക്കാർ വനിതാ കോളേജ് തിരുവനന്തപുരം 

PH :9061815890


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

              ഷീന എസ്

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page