top of page

സ്ത്രീയുടെ മൗനം വിലയ്ക്ക് വാങ്ങുകയാണ്

ചന്ദ്രമതി ടീച്ചറുമായി ആര്യ നടത്തിയ അഭിമുഖം

ഒരു കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ആ കാലഘട്ടത്തിന്റെ സങ്കീർണതകൾ എഴുത്തിലും വരുന്നത് തികച്ചും സ്വാഭാവികമല്ലേ? എന്നും കാനനച്ഛായയിൽ ആടുമേക്കാൻ പോകാൻ പറ്റില്ലല്ലോ!

1) എഴുത്തിനെ പ്രാർത്ഥന പോലെ മനസു കഴുകി വെടിപ്പാക്കുന്ന പ്രക്രിയയായി ടീച്ചർ വിലയിരുത്തുന്നുണ്ടല്ലോ? എഴുത്തിലേക്ക് വരാനിടയായ സാഹചര്യവും ഒരിടവേളയ്ക്കുശേഷം സജീവമായി എഴുത്തിലേക്ക് വന്നപ്പോൾ നേരിട്ട വെല്ലുവിളികളും എന്തൊക്കെയായിരുന്നു? ആ കാലഘട്ടത്തെ ഇന്ന് എങ്ങനെയാണ് നോക്കിക്കാണുന്നത്?

എഴുത്തിലേക്ക് വരാനിടയായ സാഹചര്യം ഏകാന്തപഥികയായ ഒരു പെൺകുട്ടിയുടെ പ്രായത്തിൽ കവിഞ്ഞ വായനയും സാഹിത്യകുതുകിയായ അച്ഛനുമാണ്. വായിച്ച നിരവധി പുസ്തകങ്ങളിൽ ഒരെണ്ണത്തിന്റെ നിരൂപണം, ആസ്വാദനക്കുറിപ്പ് എന്ന് വേണെങ്കിൽ പറയാം അതാണ് ആദ്യത്തെ കൃതി. പന്ത്രണ്ടാം വയസ്സിൽ മലയാളരാജ്യത്തിന്റെ ബാലപംക്തിയിൽ അത് അടിച്ചു വന്നു. പിന്നെ തുടരെയെഴുതി -- പല വാരികകളുടെയും ബാലപംക്തികളിൽ. കഥകളും കവിതകളും ലേഖനങ്ങളും എഴുതി. അന്നൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു. മുതിർന്നവരുടെ പേജുകളിലേക്ക് വളർന്നപ്പോഴാണ് പ്രശ്നങ്ങൾ ഉദയം ചെയ്തത്. അന്ന് സ്ത്രീസ്വാതന്ത്ര്യവാദങ്ങളൊന്നും ഇല്ലായിരുന്നല്ലോ. കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അധ്യാപകരിൽ നിന്നും വരെ എതിർപ്പുകൾ ഉണ്ടായി. അങ്ങനെയാണ് എഴുത്തിന് ഇടവേള ഉണ്ടായത്, നീണ്ട 18 വർഷങ്ങളുടെ ഇടവേള.

ഇന്ന് ആ കാലഘട്ടത്തിനെ അവലോകനം ചെയ്യുമ്പോൾ മനസ്സിലാവുന്നു, അന്ന് എന്നെ എതിർത്തവരുടെ കണ്ണിൽ ഞാൻ എല്ലാം തുറന്നെഴുതുന്നവൾ ആയിരുന്നു. അതായിരുന്നു പ്രശ്നം. എന്നാൽ തിരികെ വന്നപ്പോൾ ഞാൻ

അധ്യാപികയും ഭാര്യയും അമ്മയും ഒക്കെയായിരുന്നു. വായനയും സാഹിത്യം പഠിപ്പിക്കലും കൊണ്ട് രചനാകൗശലങ്ങൾ സ്വായത്തമാക്കിക്കഴിഞ്ഞിരുന്നു. നേരേ അമ്പു പ്രയോഗിക്കുന്നതിന് പകരം മറഞ്ഞുനിന്ന് ആക്ഷേപഹാസ്യത്തിലൂടെ അമ്പുകൾ അയക്കുന്ന രീതി ഞാൻ സ്വീകരിച്ചു. അതുകൊണ്ടുതന്നെ വലിയ വെല്ലുവിളികൾ ഉണ്ടായില്ല.


2) കഥയെഴുത്തിന്റെ വിഹ്വലതകൾ, അസ്വസ്ഥതകൾ ഇവയെല്ലാം തന്റെ കഥകളിലൂടെ തന്നെ ചിത്രീകരിച്ചിട്ടുണ്ടല്ലോ? (കഥയുടെ കഥ, കഥയാകാത്ത കഥ, ഉത്തരാധുനിക കഥാപ്രതിസന്ധി ) തുടങ്ങിയവയിലൊക്കെ കഥയെഴുത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നുണ്ട്. എഴുതണമെന്നാഗ്രഹിച്ചിട്ടും പിറക്കാതെ പോയ കഥകൾ .... അങ്ങനെയുണ്ടായിട്ടുണ്ടോ? എഴുതുമ്പോൾ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതായി എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?

കഥകളെത്തന്നെ വിഷയങ്ങളായി കഥകളിൽ കൈകാര്യം ചെയ്യുന്നത് ഉത്തരാധുനിക രചനാതന്ത്രമാണ്. സെൽഫ് റിഫ്ളക്സിവിറ്റി അഥവാ സ്വയം പ്രതിഫലനതന്ത്രം. ഇംഗ്ലീഷ് സാഹിത്യവും നിരൂപണവും പഠിപ്പിക്കുന്ന

അധ്യാപികക്ക് അതൊക്കെ പരിചിതമാകണമല്ലോ. കഥയെഴുത്തിന്റെ രാഷ്ട്രീയം നല്ല ഒരു കഥാ വിഷയം ആണ്. അത് ഒന്ന് ഉപയോഗിച്ച് നോക്കിയതാണ് ആര്യ പറഞ്ഞ കഥകൾ.

എഴുതണമെന്ന് ആഗ്രഹിച്ച കഥകളൊക്കെ എഴുതിയിട്ടുണ്ട്. എനിക്ക് തന്നെ വായിക്കാൻ ഇഷ്ടമുള്ള കഥ എഴുതണം എന്നാണ് എന്റെ പോളിസി. ഇപ്പോൾ ചന്ദ്രമതി എന്ന പേരിലുള്ള രണ്ടാം വരവിൽ, ഒരു സ്വാതന്ത്ര്യക്കുറവുമില്ല. വിവാഹത്തിനുശേഷമാണ് എഴുത്തിലും ജീവിതത്തിലും എനിക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചത്.


3) സ്ത്രീകൾ പല തരത്തിലും ചൂഷണങ്ങൾക്കും ആക്രമങ്ങൾക്കും ഇരയാകുന്ന സാഹചര്യം പല മേഖലകളിലും ഇന്നുമുണ്ട്. ടീച്ചറിന്റെ പല കൃതികളിലും ഇത്തരം സംഭവങ്ങളുടെ ചിത്രീകരണവുമുണ്ട്. (അമ്മ, മകൾ, പർദ്ദ, ഐസ്ക്രീം.... തുടങ്ങി അനേകം കഥകൾ) സമൂഹം ഏറെ പുരോഗമിച്ചുവെന്നു പറയുന്ന കാലത്തും സ്ത്രീസുരക്ഷയെന്നത് പ്രഹേളികയായി തന്നെ തുടരുന്നുവല്ലോ? സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ശാക്തീകരണത്തിനും പൊതുസമൂഹം ഏറെ ദൂരം സഞ്ചരിക്കേണ്ടതില്ലേ ? മാധ്യമങ്ങളിൽ ചർച്ചാ വിഷയമായ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ എങ്ങനെ വിലയിരുത്തുന്നു ? സ്ത്രീ പുരുഷസമത്വം അന്യവത്കരിക്കപ്പെട്ട തൊഴിലിടങ്ങളും ജീവിതാവസ്ഥകളും സമൂഹത്തിലും സാഹിത്യത്തിലും ഇതിനു മുൻപും ഉണ്ടായിട്ടുണ്ടല്ലോ?

സ്ത്രീയുടെ സുരക്ഷ അവളുടെ സാമൂഹ്യസാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. സമൂഹത്തിന്റെ പുരോഗമനവും അതുമായിട്ട് ഒരു ബന്ധവുമില്ല. കാരണം മിക്ക പുരുഷന്മാരും എന്നും ഹോർമോണുകളുടെ ഇരയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പല ആരാധനാ വിഗ്രഹങ്ങളെയും ഉടച്ചുതള്ളിയില്ലേ? ക്യാമറയ്ക്ക് മുന്നിൽ മാന്യന്മാരും

സദാചാരവാദികളുമായിരുന്നവരുടെ തനിനിറം തുറന്നു കാട്ടിയില്ലേ? പക്ഷേ ഹേമ കമ്മിറ്റി ഇഫക്ട് എന്നേക്കും നിലനിൽക്കില്ല. താൽക്കാലികമായി ഒരു വിരാമം ഉണ്ടായത് പോലെ നമുക്ക് തോന്നാമെങ്കിലും പ്രശ്നങ്ങൾ തുടരുക തന്നെ ചെയ്യും.

ഇപ്പോൾ പുറത്തുവന്ന കഥകളേക്കാൾ പുറത്തുവരാത്ത കഥകളാണ് കൂടുതൽ. സ്ത്രീയുടെ മൗനം വിലയ്ക്ക് വാങ്ങുകയാണ് പലരും.. വില കൊടുക്കാൻ തയ്യാറായ പുരുഷന്മാരും അത് സ്വീകരിക്കാൻ തയ്യാറായ സ്ത്രീകളും ഏറ്റവും ഉള്ള ഇടമാണ് സിനിമാരംഗം. അങ്ങനെയല്ലാത്ത അപവാദങ്ങളും ധാരാളമുണ്ട്. സമൂഹത്തിൽ പൊതുവേ കാണുന്ന അയഞ്ഞ ധാർമികത സിനിമാരംഗത്ത് കൂടുതൽ ശക്തമായി പ്രതിഫലിക്കപ്പെടുന്നു. അത്രയേ ഉള്ളൂ. ഇത്തരം അവസ്ഥകൾ സമൂഹത്തിലും സാഹിത്യത്തിലും മറ്റെല്ലാ രംഗങ്ങളിലും അന്നും ഇന്നും ഉണ്ടായിരുന്നു.


4) ഒരു സെലിബ്രിറ്റിയുടെ ജീവിതം പ്രമേയമാകുന്ന കഥയാണല്ലോ 'ഡ്രസ് കോഡ് ' . നമ്മൾ അനുകരിക്കാൻ ശ്രമിക്കുന്ന അല്ലെങ്കിൽ നമ്മളെ സ്വാധീനിക്കുന്ന സെലിബ്രിറ്റികളുടെ ലോകം ഒരു മായക്കാഴ്ചയാണെന്നും അവരും നമ്മളും ഉൾപ്പെടുന്ന സമൂഹം കൃത്രിമത്വങ്ങളുടെ കാവൽക്കാരാണ് എന്നുമല്ലേ കഥയിലൂടെ പറയാൻ ശ്രമിച്ചത് ? വ്യക്തിത്വവും കർതൃത്വവും വാണിജ്യവൽക്കരിക്കപ്പെടുന്ന കാലഘട്ടത്തിലെ സങ്കീർണതകൾ എഴുത്തിലും പ്രതിഫലിക്കുന്നുണ്ടല്ലോ? അതിനെപ്പറ്റി എന്താണ് അഭിപ്രായം?

ഡ്രസ്സ് കോഡ് സമൂഹത്തിൽ നാം സാധാരണ കാണുന്ന കപട ആദർശവാദികളെ കളിയാക്കാൻ എഴുതിയ കഥയാണ്. അവരുടെ ആദർശങ്ങൾ സമയവും ആവശ്യവും അനുസരിച്ച് സ്വയം മാറിക്കൊണ്ടിരിക്കും. പ്രവൃത്തികളെല്ലാം സ്വയം വിരുദ്ധങ്ങൾ ആയിരിക്കും.

അതെ. താഴെനിന്നു നോക്കുന്നവർക്ക് മായക്കാഴ്ചകളാണ് അവരുടെ ജീവിതം.

സാധാരണക്കാർ അതറിയാതെ അവരെ അനുകരിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ഒരു കാലഘട്ടത്തിൽ ജീവിക്കുമ്പോൾ ആ കാലഘട്ടത്തിന്റെ സങ്കീർണതകൾ എഴുത്തിലും വരുന്നത് തികച്ചും സ്വാഭാവികമല്ലേ? എന്നും കാനനച്ഛായയിൽ ആടുമേക്കാൻ പോകാൻ പറ്റില്ലല്ലോ!


5)ആഗോളവത്കരണത്തിന്റേയും മുതലാളിത്തത്തിന്റേയും പ്രതിസന്ധികൾ മനുഷ്യനെ മറ്റൊരു തരത്തിൽ ജീവിക്കാൻ പരുവപ്പെടുത്തിയിട്ടുണ്ട്. ജീവിതം അന്യവത്കരിക്കപ്പെടുന്ന തൊഴിലിടങ്ങളും പ്രണയത്തിന്റെ അന്യവത്കരണവും സൈബർ സംസ്കാരത്തിന്റെ പരിണിതഫലങ്ങളുമെല്ലാം ഈ യുഗത്തിന്റെ യാഥാർത്ഥ്യമാണ്. ഇത്തരം ജീവിതാവസ്ഥകളുടെ ഹാസ്യാത്മകവും ദുരന്താത്മകവുമായ ജീവിതാവസ്ഥകളുടെ ചിത്രീകരണം ടീച്ചറിന്റെ കഥകളിലുണ്ടല്ലോ. ഗൗരവകരമായ സത്യങ്ങൾ കഥയിൽ കടന്നുവരുന്നത് വ്യത്യസ്തമായ ആഖ്യാനതന്ത്രങ്ങളിലൂടെയാണ്. ഈ രീതി മന:പൂർവമായി അവലംബിച്ചതാണോ ? കഥാഖ്യാനത്തിൽ പൊതുവേ സ്വീകരിച്ചിട്ടുള്ള മാർഗങ്ങൾ എന്താണ്?

നേരത്തെ പറഞ്ഞല്ലോ, എഴുത്തുകാരി എന്ന ആദ്യ ജന്മത്തിൽ എന്റെ കഥകൾ നേർക്ക് നേരെ നിന്നുള്ള ബാണപ്രയോഗങ്ങൾ ആയിരുന്നു. അതിന്റെ പ്രശ്നങ്ങളും സഹിക്കേണ്ടി വന്നു. ചന്ദ്രമതി എന്ന അടുത്ത ജന്മത്തിൽ കഴിഞ്ഞ ജന്മത്തിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങളുടെ സഹായമുണ്ട്. ഗൗരവകരമായ സത്യങ്ങൾ, അപ്രിയ സത്യങ്ങൾ, നർമ്മത്തിന്റെ മേമ്പൊടി

ചേർത്ത് അവതരിപ്പിച്ചാൽ അതിന്റെ ഇഫക്ട് കൂടും. ഈ പാഠം പ്രായോഗികമാക്കാൻ ഉത്തരാധുനിക രചനാതന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ആധുനികത ദുരന്താഭിമുഖ്യം ആയിരുന്നെങ്കിൽ ഉത്തരാധുനികത

ഹാസ്യാത്മകമാണ്. ചിലപ്പോൾ ഞാൻ ഓർക്കാറുണ്ട്, ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുവാൻ പോയതുകൊണ്ടാണ് എന്റെ എഴുത്ത് ഇങ്ങനെയായത് എന്ന്. സിദ്ധാന്തങ്ങൾക്ക് വേണ്ടി സിദ്ധാന്തങ്ങളെ കഥയിൽ ഉപയോഗിക്കാറില്ല. "ജ്യോതി വിശ്വനാഥിന്റെ (പോസ്റ്റ് മോഡേൺ) കഥ"യിൽ പ്പോലും ബ്രാക്കറ്റിൽ ഉള്ള വാക്ക് ഹാസ്യത്തിനുവേണ്ടി ഉപയോഗിച്ചതാണ്. പക്ഷേ അതിൽ സിദ്ധാന്തത്തിന്റെ അടിയൊഴുക്കുമുണ്ട്. Open ending അഥവാ തുറന്ന അവസാനം ഉത്തരാധുനിക സിദ്ധാന്തമാണല്ലോ.


6) വ്യത്യസ്തമായ സമകാലിക പ്രസക്തിയുള്ള പ്രമേയങ്ങളെ സവിശേഷമായ രീതിയിൽ അവയുടെ ഗൗരവം നഷ്ടപ്പെടാതെ തന്നെ ഹാസ്യാത്മകമായി കഥകളിലൂടെ ചിത്രീകരിക്കുന്നുണ്ടല്ലോ? (' ഓടക്കുഴൽ കഥകളും സർവകലാശാലയിലെ നിയമനം' പോലുള്ളവയും ശ്രദ്ധേയമാണ്.) സമൂഹവും ജീവിതവും കലയും അന്യവത്കരിക്കപ്പെടുമ്പോൾ എഴുത്ത് എത്രത്തോളം ശ്രമകരമായിത്തീരുന്നുണ്ട് ? എത്രത്തോളം സങ്കീർണമാണ്? വിശദീകരിക്കാമോ?

എഴുത്ത് ശ്രമകരം തന്നെയാണ്. ആദ്യത്തെ ഡ്രാഫ്റ്റ് ഞാൻ ആരെയും കാണിക്കുക പോലും ചെയ്യില്ല. മിക്കപ്പോഴും മൂന്നാമത്തെ ഡ്രാഫ്റ്റ് ആണ് പ്രസിദ്ധീകരണത്തിന് പോവുക. മരക്കൊമ്പിൽ ഇരുന്ന് പാടുന്ന കുയിലിന്റെ അനായാസതയോടെ കഥകൾ പിറന്നു വീഴുമെങ്കിലും ക്രാഫ്റ്റിന്റെ കളി കൊണ്ടുവരുമ്പോൾ ആണ് അവയ്ക്ക് ദ്വിമാനം കിട്ടുക. എഴുത്ത് സങ്കീർണ്ണം ആണെങ്കിലും അവയുടെ പാരായണക്ഷമതയിൽ ഞാൻ ശ്രദ്ധിക്കാറുണ്ട്.


7) സ്വന്തം രചനകളിൽ തന്നെ ഏറ്റവും പ്രിയപ്പെട്ട കഥ ഏതാണ് ? ആ കഥ എഴുതാനിടയായ സാഹചര്യവും എഴുത്തനുഭവും കൂടി പങ്കു വയ്ക്കാമോ? അധ്യാപക വൃത്തി എഴുത്തിനെ സഹായിച്ചിട്ടുണ്ടോ?

രചനകൾ എല്ലാം എഴുത്തുകാർക്ക് മക്കളെപ്പോലെയാണ്. അതിൽനിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാൻ പ്രയാസമാണ്. എന്നാലും "ആര്യാവർത്തനം " എന്ന് ഞാൻ പറയും. ചന്ദ്രമതി എഴുതിയ ആദ്യത്തെ കഥയാണത്. അവൾ ആദ്യം പ്രസിദ്ധീകരിച്ചത് ദേവിഗ്രാമം എന്ന കഥ ആണെങ്കിലും ആദ്യം എഴുതിയത് "ആര്യാവർത്തന"മാണ്. എന്റെ പൂർവജന്മത്തിലെ കഥകളെ

വാളുകൊണ്ടു വെട്ടിയിട്ടുള്ള ആളാണ് സാഹിത്യവാരഫലം എഴുതിയിരുന്ന എം. കൃഷ്ണൻ നായർ സർ. ചന്ദ്രമതി ചന്ദ്രികയുടെ പുനർജന്മം ആണ് എന്നറിയാതെ അദ്ദേഹം ആ വർഷത്തെ ഏറ്റവും മികച്ച കഥകളിലൊന്നായി "ആര്യാവർത്തന"ത്തെ തെരഞ്ഞെടുത്ത് മലയാളമനോരമയിൽ അവതരിപ്പിച്ചു. അതെനിക്ക് നല്ല ഒരു ബ്രേക്ക്‌ തന്നു. ചന്ദ്രമതി ആരാണെന്ന് അന്വേഷണങ്ങൾ ഉണ്ടായി. പിന്നീടെഴുതിയ എല്ലാ കഥകളും ശ്രദ്ധിക്കപ്പെടാനും അത് അവസരമൊരുക്കി. അതുകൊണ്ട് "ആര്യാവർത്തനം" എന്റെ പ്രിയകഥയാണ്.

എഴുത്തനുഭവം ആ കഥക്ക് പ്രത്യേകിച്ചൊന്നുമില്ല. ചന്ദ്രമതിയുടെ ആദ്യകഥക്കുവേണ്ടിയുള്ള തപസ് ഫലം തന്നതാണ് എന്നു മാത്രമേ പറയാനുള്ളൂ.


8)സ്ത്രീസ്വത്വാവിഷ്കാരങ്ങളുടെ പകർന്നാട്ടങ്ങൾ വ്യത്യസ്ത തലങ്ങളിൽ ടീച്ചറിന്റെ കഥകളിലൂടെ കണ്ടെടുക്കാമല്ലോ? സാധാരണ കേരളസ്ത്രീയുടെ വ്യാകുലതകൾ, പ്രശ്നങ്ങൾ, തൊഴിൽ, പുരുഷന് വിധേയയാകേണ്ടി വരുന്ന നിസ്സഹായകമായ സന്ദർഭങ്ങൾ, പാശ്ചാത്യ വത്കരണത്തിനെതിരായ പ്രതികരണങ്ങൾ തുടങ്ങിയയെല്ലാം എഴുത്തിനെ സർഗാത്മകവും പ്രത്യയ ശാസ്ത്രപരവുമാക്കുന്നുണ്ട്. 'ഫെമിനിസം' എന്ന പ്രത്യയ ശാസ്ത്രത്തിൽ മാത്രമൊതുങ്ങുന്നതാണോ ടീച്ചറിന്റെ കഥകളുടെ അനുഭവലോകം. അതിനുമപ്പുറം വായനയുടെ സാധ്യതകൾ എന്തൊക്കെയാണ്?

ഫെമിനിസത്തിന്റെ പ്രത്യയശാസ്ത്രത്തിൽ മാത്രം കഥകളെ ബോധപൂർവം ഒതുക്കി നിർത്തിയിട്ടില്ല. ഒരു സ്ത്രീയായി ജനിച്ചതുകൊണ്ട്, ജീവിക്കുന്നതു കൊണ്ട്, സ്ത്രീയുടെ മണ്ഡലങ്ങളാണ് കൂടുതൽപരിചിതം. കഥകളുടെ ബാക്ഗ്രൗണ്ട് അങ്ങനെയാവുന്നതിന് അതാവാം കാരണം. ഫെമിനിസത്തിന്റെ പ്രകടനപരതയിൽ എനിക്ക് ഒട്ടും താല്പര്യമില്ല. പെണ്ണെഴുത്ത് എന്ന സംജ്ഞയെ എതിർത്തതും അതുകൊണ്ടായിരുന്നു. ചില കഥകളിൽ പുരുഷ വ്യാപാരങ്ങൾ ഞാൻ ചർച്ച ചെയ്തിട്ടുണ്ട്. ചുറ്റിനുമുള്ള സമൂഹത്തിലെ അനീതികളും അധാർമികതകളും കഥാവിഷയമാക്കിയിട്ടുണ്ട്.

അറിയാത്ത അനുഭവ ലോകങ്ങൾ തുറന്നു തരുന്നതാണ് വായന. ഇപ്പോഴും ഞാൻ ധാരാളം വായിക്കുന്നുണ്ട്. എഴുത്ത് കുറഞ്ഞു എങ്കിലും എന്റെ അനുഭവമണ്ഡലത്തെ സമ്പന്നമാക്കി സൂക്ഷിക്കുന്നുണ്ട് വായനാനുഭവങ്ങൾ. അതുകൊണ്ടുതന്നെ വീണ്ടുമൊരു കഥയെഴുതാൻ എനിക്ക് ആശയദാരിദ്ര്യം വരാറില്ല.


9) ഓണം വരികയാണല്ലോ ? ടീച്ചറിന്റെ ഓണക്കഥകൾ, ഓണവിശേഷങ്ങൾ കൂടെ പങ്കു വയ്ക്കാമോ?പുതിയ എഴുത്തുകൾ ? ഭാവി പരിപാടികൾ ..... എന്തൊക്കെയാണ്?

ഓണക്കഥകൾ അധികമൊന്നുമില്ല."ചിത്രശലഭ പ്രഭാവം" മാത്രമേ പുതിയതായി എഴുതിയുള്ളൂ എന്ന് സാങ്കേതികമായി പറയാം. അത് മാതൃഭൂമി ഓണപ്പതിപ്പിൽ ഉണ്ട്. എഴുതിവച്ചിരുന്ന ഒരെണ്ണം മോടി പിടിപ്പിച്ച് പത്തനാപുരത്തെ ഗാന്ധിഭവന്റെ ഓണപ്പതിപ്പിന് കൊടുത്തു. " നരയാമ" എന്ന് പേര്.

കഥകൾ കുറയാൻ കാരണം പുതിയ എഴുത്താണ്. ഒരു നോവൽ രചനയുടെ തിരക്കിലാണ് ഞാൻ. ഒരുപാട് ഗവേഷണം ആവശ്യപ്പെടുന്ന നോവൽ. ഏതാണ്ട് പകുതി കഴിഞ്ഞു.

ഇതൊക്കെയുള്ളൂ ഓണ വിശേഷങ്ങൾ. എന്റെ കൂട്ടുകാരൻ മൂന്നുവർഷങ്ങൾക്കു മുമ്പ് എന്നെ വിട്ടു പോയതിനു ശേഷം ഞാൻ ഓണം ആഘോഷിക്കാറില്ല.

ഭാവി പരിപാടികൾ ----- നോവൽ പ്രസിദ്ധീകരിച്ചിട്ടേ അതിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ.


10) ബാലസാഹിത്യ കൃതികളാണല്ലോ ടീച്ചർ ഈയിടെ അധികമായി എഴുതുന്നത്. അതിനു പിന്നിലെ പ്രേരകശക്തിയും പ്രചോദകഘടകങ്ങളേയും പറ്റി പറയാമോ?

കുട്ടിയായിരിക്കുമ്പോൾ ബാലപംക്തികളിൽ എഴുതിയതൊക്കെ ബാലസാഹിത്യമല്ലേ? അതിൽ നിന്ന് തെരഞ്ഞെടുത്തത് പൂർണ്ണ ബുക്സ് " ഷേർലക് ഹോംസ് " എന്ന പേരിൽ പുസ്തകം ആക്കിയിട്ടുണ്ട്. ഇപ്പോൾ എനിക്ക് ഒരു കൊച്ചു മകൾ ഉണ്ട്. ദ്യുതി ഗണേഷ്. മകന്റെ കുട്ടി. അവൾക്ക് രാത്രി പറഞ്ഞു കൊടുക്കുന്ന കഥകളാണ് " ഇഷ്ടക്കുട്ടിയും ഇഷ്ടല്ലാക്കുട്ടിയും" എന്ന പേരിൽ H&C ബുക്സ് ഇറക്കിയത്. ഇത് രണ്ടും ആകുമ്പോൾ എന്റെ ബാലസാഹിത്യത്തിന്റെ തുടക്കവും പുതിയതുമായി. ഇടയ്ക്ക് വേറെ ഒന്ന് രണ്ട് ബാലസാഹിത്യകൃതികൾ കൂടിയുണ്ട്.പ്രേരകശക്തി ഒന്ന് കൊച്ചുമകൾ ദ്യുതിയാണ്. വളരെ മിടുക്കിയാണ്. എന്തെങ്കിലും ഉഴപ്പി പറഞ്ഞു പറ്റിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ അവയുടെ രചനയിൽ ഞാൻ വളരെ ശ്രദ്ധിക്കാറുണ്ട് .

രണ്ടാമത്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ " തളിര് " മാസികയിലെ രാധിക തുടങ്ങിയ സുഹൃത്തുക്കളും. അവർ നിർബന്ധിച്ചു എഴുതിക്കും. ദ്യുതിക്ക് പറഞ്ഞു കൊടുത്ത കഥകൾ ഞാൻ ശ്രദ്ധാപൂർവ്വം പകർത്തും.

സാധാരണ കഥകൾ എഴുതുന്നതിനേക്കാൾ പ്രയാസമാണ് കുട്ടികൾക്ക് വേണ്ടി എഴുതുന്നത്. പുറത്തുള്ള കുട്ടികൾ ഹാരി പോട്ടറും കടന്ന് നിൽക്കുമ്പോൾ ഇവിടെ ഇപ്പോഴും മണ്ണപ്പം ചുട്ടു കളിക്കുന്നതേയുള്ളൂ.

കുട്ടികൾക്ക് വേണ്ടി ഒരു നോവൽ എഴുതണമെന്ന് വലിയ ആഗ്രഹമുണ്ട്. നടക്കുമോ എന്നറിയില്ല.

ചന്ദ്രമതി

എഴുത്തുകാരി, അധ്യാപിക, വിവര്‍ത്തക. 1954ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. വിദ്യാഭ്യാസം: ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. പിഎച്ച്.ഡി. പുരസ്‌കാരങ്ങള്‍: തോപ്പില്‍ രവി അവാര്‍ഡ്, വി.പി. ശശികുമാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. അന്നയുടെ അത്താഴ വിരുന്ന്, തട്ടാരംകുടിയിലെ വിഗ്രഹങ്ങള്‍, ദേവീഗ്രാമം തുടങ്ങിയ പതിമ്മൂന്നോളം കൃതികള്‍. തിരുവനന്തപുരം ആള്‍ സെയിന്റ്‌സ് കോളെജില്‍ അദ്ധ്യാപികയായിരുന്നു.

2件のコメント

5つ星のうち0と評価されています。
まだ評価がありません

評価を追加
ゲスト
2024年9月16日
5つ星のうち5と評価されています。

പതിവ് പോലെ നന്നായിട്ടുണ്ട് ആര്യ

いいね!
ゲスト
2024年9月16日
返信先

നന്ദി 🥰🥰🥰🙏🙏🙏🙏

編集済み
いいね!
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page