top of page

വിശുദ്ധ പാപങ്ങളുടെ കാണാപ്പുറങ്ങൾ: അരുൺ എഴുത്തച്ഛൻ്റെ യാത്രാസാഹിത്യത്തിലൂടെ

Updated: Oct 17

ശരണ്യ യു. 
ree

യാത്ര മനുഷ്യ ജീവിതത്തിൻ്റെ അനിവാര്യമായ ഘടകമാണ്. അധിവസിക്കുന്ന സ്ഥലത്തെ അതിരുകൾ മറികടന്ന് മറ്റൊരിടത്തേക്കുള്ള നീക്കം മാത്രമല്ല ലോകത്തെക്കുറിച്ചുള്ള അവബോധം വിപുലീകരിക്കുന്ന ഒരു സാംസ്കാരിക പ്രക്രിയയും ബൗദ്ധിക അന്വേഷണവുമായാണ് യാത്രയെ കാണപ്പെടുന്നത്. ഇത്തരത്തിൽ വൈവിധ്യമാർന്ന സഞ്ചാരാനുഭവങ്ങളെ രേഖപ്പെടുത്തുവാനുള്ള സാഹിത്യരൂപമായി യാത്രാവിവരണ സാഹിത്യം രൂപം കൊണ്ടു.  സ്ഥലകാലങ്ങളുടെ വ്യാപ്തിയെ അതിജീവിച്ച് മനുഷ്യാനുഭവങ്ങളുടെ വൈവിധ്യത്തിൽ വായനക്കാരനെ സജീവസാന്നിധ്യമായി ഉൾപ്പെടുത്തുന്നതിലൂടെ യാത്രാവിവരണ സാഹിത്യം സാഹിത്യലോകത്ത് അപൂർവമായ പ്രാധാന്യം കൈവരിച്ചിരുന്നു. മനുഷ്യൻ്റ സാംസ്കാരിക രൂപീകരണത്തിലും പരസ്പര ഇടപെടലുകളിലും നിർണായക പങ്കുവഹിച്ച ഇത്തരം രചനകൾ മലയാള സാഹിത്യത്തിൻ്റെ പുരോഗതിക്ക് വലിയ പിന്തുണയായി പ്രവർത്തിച്ചിട്ടുണ്ട്. ചരിത്ര യാത്രകളിൽ നിന്ന് തീർത്ഥാടനങ്ങളിലേക്കും, അവിടെനിന്ന് ജീവിതാന്വേഷണങ്ങളിലേക്കും, തുടർന്ന് അധിനിവേശത്തിന്റെയും കീഴടക്കലിന്റെയും ജീവിതങ്ങൾ തേടിയുള്ള വിപുലമായ യാത്രകൾ വരെ എത്തിനിൽക്കുകയാണ് ഈ സാഹിത്യ ശാഖ. നിയതമായി രൂപപ്പെട്ടിട്ടുള്ള യാത്രാവിവരണങ്ങളുടെ പ്രവണതയിൽ നിന്നും ഭിന്നമായ കൃതിയാണ് അരുൺ എഴുത്തച്ഛന്റെ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’. ബാല്യത്തിൽ തന്നെ ലൈംഗികതയുടെ ബലിപീഠങ്ങളിലേക്ക് വലിച്ചെറിയപ്പെടാൻ നിർബന്ധിതരായ ഇന്ത്യയിലെ ദേവദാസികളുടെ ചരിത്രവും വർത്തമാനവും സംഗമിക്കുന്ന ആഖ്യാനമാണ് ഈ കൃതി. സമൂഹം എന്നും അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്ത, ചുവന്ന തെരുവുകളിലും വേശ്യാലയങ്ങളിലും മാന്യതയുടെ കപട ധാരണകളെ നിഷേധിച്ചുകൊണ്ട് യാത്രാവിവരണ സാഹിത്യത്തിന് പുതുമയാർന്ന ദർശനവും ഭാവുകത്വവും നൽകിയ ഈ കൃതിയെ പഠിക്കുകയാണ് ഇവിടെ.

 

 

താക്കോൽ വാക്കുകൾ:

യാത്രാവിവരണം,ദേവദാസി, പെൺജീവിതം,ദാരിദ്ര്യം,പത്രപ്രവർത്തനം

 

 

   “നാം അനുഭവിക്കാത്ത  ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് “ എന്ന ബെന്യാമിന്റെ വാക്കുകൾ ഏറെ പ്രസക്തമാണ്. ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും താളുകളിൽ അടയാളപ്പെടുത്താതെ പോയ, എന്നന്നേക്കുമായി മാറ്റിനിർത്തപ്പെട്ട, പെൺ ജീവിതങ്ങളുടെ കഥയാണ്  ദേവദാസി സമ്പ്രദായത്തെ കുറിച്ചുള്ള ഓരോ പഠനത്തിലും തുറന്നുകാട്ടുന്നത്.

 

 ഇന്ത്യയിൽ അതിപുരാതന കാലം മുതൽ തന്നെ ദേവദാസി സമ്പ്രദായം നിലവിൽ ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. ദേവദാസി എന്ന വാക്കിന് ദൈവത്തിൻ്റെ ദാസി എന്നാണ് അർത്ഥം പ്രയോഗിച്ചു കാണുന്നത്.  ഒരു ആചാരം എന്ന പേരിൽ തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലാണ് ഈ സമ്പ്രദായം ആവിർഭവിച്ചത്. ദേവപ്രീതിക്കായി സ്ത്രീകളെ നേർച്ചയായി സമർപ്പിക്കപ്പെട്ടവരെയാണ് ദേവദാസികൾ എന്ന് വിളിക്കുന്നത്. രാജ്യത്തിൻ്റെ  പല ഭാഗങ്ങളിലും ഈ ആചാരം നിലനിന്നതിന്റെ തെളിവുകൾ ഉണ്ട്. എന്നാൽ കാലക്രമേണ മതപരമായ സേവനങ്ങളിൽ നിന്നും മാറി ഉയർന്ന ജാതിക്കാരുടെ താല്പര്യങ്ങൾക്ക് കീഴടങ്ങേണ്ട സാഹചര്യത്തിലേക്ക് അവർ വഴിമാറി. നിയമം മൂലം ദേവദാസി സമ്പ്രദായം ഇന്ത്യയിൽ നിർത്തലാക്കിയെങ്കിലും ഇന്നും ഉൾഗ്രാമങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ദേവദാസി സമ്പ്രദായം നിലനിന്നതിന്റെ തെളിവുകളാണ് ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’ എന്ന പുസ്തകത്തിൽ. ഡാൻസ് ബാർ നിരോധനത്തിന്റെ വ്യാപ്തി അറിയാൻ ഒരു പത്രപ്രവർത്തകൻ നടത്തിയ നീണ്ട യാത്രയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിൻ്റെ ഉള്ളടക്കം. യാത്രയ്ക്കിടയിൽ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ അനുഭവങ്ങളെ ഒരു മാധ്യമപ്രവർത്തകന്റെ അച്ചടക്കത്തോടെ ഭാവനയുടെ നിറം പിടിപ്പിക്കാതെ ആരോടും തെല്ലും പക്ഷപാതം കാണിക്കാതെയുള്ള ആഖ്യാനമാണ് ഗ്രന്ഥകാരൻ ഇതിൽ സ്വീകരിച്ചിരിക്കുന്നത്.

 

         ഇതര യാത്രാവിവരണ സാഹിത്യം പോലെ ഒരു കൃതിയല്ല ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’. ആഖ്യാതാവ് കടന്നുപോയിട്ടുള്ള ഓരോ സ്ഥലത്തിന്റെയും നിറം ചാലിച്ച പ്രകൃതി വർണ്ണനയോ, സ്ഥലമാഹാത്മ്യങ്ങളോ ഇതിൽ കാണാൻ കഴിയില്ല. പകരം നിറക്കൂട്ടുകൾ ഏതുമില്ലാതെ ഇരുണ്ട വേശ്യാ തെരുവുകളും അവിടത്തെ കറുത്ത ദിനരാത്രങ്ങളും അവിടേക്ക് അവരെ എത്തിച്ച ജീവിത സാഹചര്യങ്ങളുമാണ് ഇതിൽ പരാമർശിക്കുന്നത്. വേദനയുടെയും ഗതികേടിന്റെയും പട്ടിണിയുടെയും അതിജീവനത്തിന്റെയും നേർചിത്രീകരണമാണത്.

 

 

 കർണാടകത്തിലെ ഉച്ചംഗിമലയിൽ മാഘപൗർണ്ണമി നാളിൽ  ഇപ്പോഴും പെൺകുട്ടികളെ ദേവദാസികൾ ആക്കുന്നുണ്ടെന്ന വാർത്തയാണ് ഈ കൃതിയിലേക്ക് നയിക്കുന്നത് . ആ മാലപൗർണമി നാളിൽ ഉച്ചം ഗിമലയിൽ നിന്നാണ് ഗ്രന്ഥകാരൻ ദേവദാസികളെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നത്. കൊടിയ ദാരിദ്ര്യത്തെ മുതലെടുത്ത് കൊണ്ട് രാഷ്ട്രീയ താൽപര്യങ്ങളിലൂടെ തന്നെ നിലനിന്നിരുന്ന അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും തുറന്നു കാണിക്കുകയാണ് ഇവിടെ. ദാരിദ്ര്യവും അതിസമ്പന്നമായ വിശ്വാസവും കൂടിച്ചേരുമ്പോൾ നിർധനരായ മാതാപിതാക്കൾ പെൺകുട്ടികളെ ദൈവങ്ങൾക്ക് സമർപ്പിക്കുന്നു. ക്ഷേത്രങ്ങളുടെ സ്വത്ത് എന്ന് ഇവരെ വിശേഷിപ്പിച്ച് പകൽ ദൈവത്തിൻ്റെ ദാസിമാരായി അവരോധിക്കുകയും രാത്രിയിൽ പ്രമാണികളുടെ ദാസിമാരാകാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു. ഈ പെൺകുട്ടികൾ പിന്നീട് ചെന്നെത്തപ്പെടുന്നത് ചുവന്ന തെരുവുകളിലെ ഉള്ളറകളിലേക്കാണ്. വിശ്വാസത്തിൻ്റെ മറവിൽ നടക്കുന്ന ഇത്തരം ചൂഷണങ്ങളെയാണ് ഇവിടെ വിശുദ്ധീകരിക്കുന്നത്. രാഷ്ട്രപുരോഗതിയുടെ കെട്ടുകഥകൾ ഭരണാധികാരികൾ കൊട്ടിഘോഷിക്കുമ്പോൾ മറുവശത്ത് ദാരിദ്ര്യത്തിന്റെ മാറാപ്പും തോളിൽ ചുമന്നു ജീവിക്കുന്ന മനുഷ്യരുടെ പല ഭാവങ്ങളും ഈ പുസ്തകത്തിൽ കാണാം.

 

 ലോകത്തിലെ തന്നെ ഏറ്റവും വലിയ വേശ്യാ തെരുവുകളിൽ ഒന്നായ കൊൽക്കത്തയിലെ സോനാഗച്ചിയിലേക്കും കാളി ഘട്ടിലേക്കും മുംബൈയിലെ കാമാത്തിപുരയിലേക്കും ഒക്കെ ദേവദാസികളെ തേടിയുള്ള യാത്ര ചെന്നെത്തുന്നത് ഒരേ കഥയിലേക്കാണ് - ദാരിദ്ര്യം.  ഇരുന്നൂറ് രൂപ തരാമെങ്കിൽ തന്റെ ഭാര്യയുടെ കൂടെ കിടന്നോളൂ എന്ന് പറയുന്ന റിക്ഷാക്കാരനും, ഭർത്താവിൻ്റെ  മരണവാർത്ത അറിഞ്ഞിട്ടും കയ്യിൽ കരുതിയിരുന്ന അരി ഒരുമണി പോലും താഴെ വീഴാതെ നെഞ്ചോട് ചേർത്ത് ഓടേണ്ടിവരുന്ന ഒരമ്മയുടെ നിസ്സഹായതയും, ജീവിതത്തിലെ ഏറ്റവും വലിയ പ്രാർത്ഥന രാവിലെ രണ്ട് ദോശ കഴിക്കാൻ കഴിയണേ എന്നതാണ് എന്ന് പറയുന്ന രേണുക എന്ന പെൺകുട്ടിയും, കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികളുടെ താവളത്തിൽ നിന്ന് ‘നിനക്ക് ഇവിടെ നിന്ന് രക്ഷപ്പെടാൻ ആഗ്രഹമില്ലേ’ എന്ന് ചോദിക്കുമ്പോൾ ‘ ഇവിടെ ഭക്ഷണം കിട്ടുന്നുണ്ട്…. എന്തിനു വീട്ടിൽ പോയി പട്ടിണി കിടക്കണം’ എന്ന് മറു ചോദ്യം ചോദിക്കുന്ന പെൺകുട്ടിയും, ഇവരിലൂടെയൊക്കെ വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ അതിജീവന സിദ്ധാന്തം എന്ന സത്യം ബോധ്യപ്പെടുന്നു. ഇത്തരത്തിൽ ദാരിദ്ര്യം വേട്ടയാടുന്ന ജീവിതത്തോട് പൊരുതുന്ന അനേകം മനുഷ്യരുടെ കൂടി പുസ്തകമാണ് ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’.

 

    കർണ്ണാടകയിലെ ദാവൻഗരയും, ആന്ധ്രയിലെ രാജമണ്ഡ്റിയും, പുരിയും, ബംഗാളിലെ സോനാഗച്ചിയും, കാളിഘട്ടും, യു. പി യിലെ വൃന്ദാവനും, ബോംബെയിലെ കാമാത്തിപുരയുമെല്ലാം എണ്ണിയാലൊടുങ്ങാത്ത, അധികമൊന്നും അറിയപ്പെടാത്ത, അറിഞ്ഞാലും കണ്ടില്ലെന്നു നടിക്കുന്ന ഒരുപാട് സ്ത്രീ ജീവിതങ്ങളുടെ ചരിത്രം പേറുന്നുണ്ട്.      

      

      സതി നിർത്തലാക്കിയതിനെ തുടർന്ന് ചുവന്ന തെരുവുകളിൽ അഭയം പ്രാപിക്കേണ്ടി വന്നവരാണ് ഉത്തരേന്ത്യയിലെ ലൈംഗിക തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും. വൃന്ദാവനത്തിലെ വിധവകൾ ആയ രാധമാർ അതിനുദാഹരണമാണ്.   ഓരോ വർഷവും നൂറിലധികം  പേർ ഇവിടെയെത്തപ്പെടുന്നുണ്ട് എന്ന് അനൗദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നുണ്ട്.  അവിടെ അവർ നേരിടേണ്ടിവരുന്ന ചൂഷണങ്ങളെ പുറംലോകം എത്രകണ്ട് അറിഞ്ഞിട്ടുണ്ട് എന്നത് ഇന്നും സംശയകരമാണ്.

 

 

 വോട്ട് ബാങ്ക് നിലനിർത്താൻ വേണ്ടി രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഇവർക്ക് വേണ്ടി നടത്തുന്ന കാട്ടിക്കൂട്ടലുകളെ പല സന്ദർഭങ്ങളിലും ഗ്രന്ഥകർത്താവ് ഒരു മാധ്യമപ്രവർത്തകന്റെ പത്രധർമ്മമായി കണ്ട് തുറന്നു കാണിക്കുന്നുണ്ട്. എന്നാൽ മറ്റൊരു സന്ദർഭത്തിൽ മാധ്യമ ധർമ്മത്തിന്റെ പൊള്ളത്തരത്തെ ആഖ്യാതാവ് തന്നെ വിമർശിക്കുന്നുണ്ട്. കോയൽ രാജ് എന്ന പെൺകുട്ടിയെ കണ്ടതിനു ശേഷം ഗ്രന്ഥകാരൻ സ്വയം വിമർശിക്കുന്നുണ്ട്- “പിന്നെയുള്ള മൂന്നുനില ഇറങ്ങുമ്പോൾ ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല, ഞാൻ ആലോചിച്ചത്, വേശ്യകളെക്കാൾ മോശമാണോ പത്രപ്രവർത്തകന്റെ മനസ്സ് എന്നാണ്. വേശ്യകൾ എപ്പോഴെങ്കിലും മനസ്സ് തുറക്കാൻ ആഗ്രഹിക്കുന്നു. ആ സമയത്തും പത്രപ്രവർത്തകൻ അടുത്ത ന്യൂസ് സോഴ്സ് തേടുകയാണ്”.(അരുൺ എഴുത്തച്ഛൻ:2016;95).

 

    എട്ടുവർഷത്തെ നീണ്ട യാത്രയ്ക്കിടയിൽ ഒരൊറ്റ കുട്ടിയെ പോലും ദേവദാസിയാക്കാത്ത ഉച്ചംഗിമലയിലെ മാഘപൗർ‍ണമി നേരിൽ കണ്ട സംതൃപ്തിയോടെയാണ് അരുൺ എഴുത്തച്ഛൻ തൻ്റെ യാത്ര അവസാനിപ്പിക്കുന്നത്. എന്നിരുന്നാലും 2016ലെ സുപ്രീംകോടതി വിധി വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടില്ല എന്നതിന് തെളിവാണ് കർണാടകത്തിലിന്നും വർദ്ധിച്ചുവരുന്ന ശൈശവ വിവാഹങ്ങൾ. നിയമമല്ല, വിശപ്പാണ് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്ന് അവരുടെ ജീവിതങ്ങൾ പറയുന്നു.

 

  “പെൺ ഭ്രൂണഹത്യ നിയമമൂലം നിരോധിക്കപ്പെട്ടിട്ടും എത്രയോ പെൺകുരുന്നുകൾ ഇന്നും ഭൂമി കാണാതെ ഒടുങ്ങുന്നുണ്ട്, പിറന്നുവീഴുന്ന പെണ്ണുങ്ങളുടെ ദുരിതം കാണുമ്പോൾ അങ്ങിനെ ജനിക്കപ്പെടാതെ ഒടുങ്ങിയവർ ഭാഗ്യവതികൾ എന്ന് സമ്മതിക്കേണ്ടി വരുന്നു”(അരുൺ എഴുത്തച്ഛൻ: 2016;208) എന്ന് ഗ്രന്ഥകർത്താവിനോടൊപ്പം തന്നെ ഓരോ വായനക്കാരന്റെയും മനസ്സിൽ ആവർത്തിക്കപ്പെടുന്നു.

 

ഉപസംഹാരം

 

    ആരാധനയുടെയും വിശ്വാസത്തിന്റെയും പേരിൽ ബാല്യത്തിൽ തന്നെ ദേവദാസികളാകാൻ വിധിക്കപ്പെട്ട നിരവധി പെൺ ജീവിതങ്ങളുടെ യാത്രയാണ് അരുൺ എഴുത്തച്ഛൻ്റെ ‘വിശുദ്ധ പാപങ്ങളുടെ ഇന്ത്യ’.     ചുവന്ന തെരുവുകളിലെ ഇരുൾമൂടിയ ദിനരാത്രങ്ങളെ ഒട്ടും തന്നെ കെട്ടിച്ചമയ്ക്കലുകൾ ഇല്ലാതെ, ദാരിദ്ര്യവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന ഗതികേടിന്റെ നേർക്കാഴ്ചയിലൂടെ യാത്രാവിവരണസാഹിത്യത്തിന്റെ മാറുന്ന ഭാവുകത്വമാണ് ഈ കൃതി.

 

 

സഹായക ഗ്രന്ഥങ്ങൾ

1.അരുൺ എഴുത്തച്ഛൻ, വിശുദ്ധ പാപങ്ങളുടെ ഇന്ത്യ, ഡിസി ബുക്സ്, കോട്ടയം,2016

2.രമേഷ് ചന്ദ്രൻ വി ,സഞ്ചാരസാഹിത്യം മലയാളത്തിൽ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം, 1989

3.സോമൻ പി, ദേവദാസികളും സാഹിത്യ ചരിത്രവും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2009

ശരണ്യ യു

ഗവേഷക

മലയാള വിഭാഗം

സർക്കാർ വനിതാ കോളേജ്

തിരുവനന്തപുരം

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page