സൈബർലോകത്തെ മനുഷ്യബന്ധങ്ങൾ
- GCW MALAYALAM
- Oct 16
- 5 min read
Updated: Oct 17
ഡോ.ലാലു വി.

പ്രബന്ധസംഗ്രഹം: നമ്മുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ എന്നപോലെ സൈബറിടത്തിന്റെ ഇടപെടൽ സാഹിത്യത്തി ലും വളരെ ശക്തമായ ഒരു കാലഘട്ടമാണി ത്. സാങ്കേതിക സൃഷ്ടിയായ കമ്പ്യൂട്ടറും സർഗാത്മക സൃഷ്ടിയായ സാഹിത്യവും തമ്മിലുള്ള കൂടിച്ചേരലാണ് സൈബർ സാഹിത്യം. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, തുടങ്ങിയ നവമാധ്യമങ്ങൾ ഉൾപ്പെടുന്ന സൈബർ സമൂഹം സാഹിത്യ ത്തിലും ശക്തമായ സാന്നിധ്യം അറിയിക്കു ന്നു. പ്രമേയത്തിലും ആഖ്യാനത്തിലും സൈബർ സാന്നിധ്യമുള്ള ധാരാളം കൃതികൾ സമകാലിക മലയാളസാഹിത്യത്തിൽ നമുക്ക് കാണാൻ കഴിയും. മധുപാലിന്റെ ‘ഫേസ്ബുക്ക്’ എന്ന നോവലിനെ പഠന വിധേയമാക്കി സൈബർലോകത്തെ മനുഷ്യ ബന്ധങ്ങളുടെ സവിശേഷതകൾ കണ്ടെത്തു ന്നതിനുള്ള ശ്രമമാണ് ഈ പ്രബന്ധത്തിലൂ ടെ നിർവഹിക്കുന്നത്.
താക്കോൽ വാക്കുകൾ: സൈബർ സാഹിത്യം,സൈബർ സംസ്കാരം,സാമൂഹ്യ മാധ്യമങ്ങൾ, ഡിജിറ്റൽലോകം
സാമൂഹ്യമാധ്യമങ്ങൾ പുതിയകാല മനുഷ്യജീവിതത്തിന്റെ അഭേദ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. യഥാർത്ഥലോക ത്തേക്കാൾ ഇന്ന് മനുഷ്യൻ ജീവിക്കുന്നത് വെർച്വൽ ലോകത്തിലാണ്. വെർച്വൽ ലോകം മനുഷ്യൻറെ ജീവിതത്തെയും ചിന്ത കളെയും വീക്ഷണങ്ങളെയും വളരെയധികം സ്വാധീനിക്കുന്നു. കഥകൾ, കവിതകൾ, നോവലുകൾ എന്നിവയെല്ലാം സൈബർ സാഹിത്യത്തിൻറെ ഭാഗമായുണ്ട്.
മലയാളത്തിലെ സൈബർനോവലുകളുടെ ചരിത്രം എം.മുകുന്ദൻറെ ‘നൃത്ത’ത്തിലൂടെ യാണ് ആരംഭിക്കുന്നത്. ശ്രീധരൻ എന്ന കഥാപാത്രം പ്രസിദ്ധ നർത്തകനായ അഗ്നിയുമായി സംവദിക്കുന്നത് ഈമെയിൽ എന്ന സൈബർ മാധ്യമം വഴിയാണ്. തുടർന്ന് ശ്രീധരന്റെ ജീവിതത്തെ ഏതുതരത്തിൽ ഈമെയിൽ സംവാദങ്ങൾ സ്വാധീനിക്കു ന്നുവെന്ന് വ്യക്തമാകുന്നു. അഗ്നി മെയിലിലൂടെ ശ്രീധരനോട് തൻറെ കഥ പറയുന്ന തരത്തിലാണ് ആഖ്യാനം. സേതുവിൻറെ ‘അടയാളങ്ങൾ’ എന്ന നോവലും സൈബർ പശ്ചാത്തലത്തിൽ ഒരു സാധാരണ ജീവിത കഥ ആഖ്യാനം ചെയ്യുന്നു. ടി.ഡി. രാമകൃ ഷ്ണൻറെ ‘ഫ്രാൻസിസ് ഇട്ടിക്കോര’യും സൈബർ സാന്നിധ്യമുള്ള നോവൽ എന്ന ഗണത്തിൽ ഉൾപ്പെടുത്താൻ കഴിയും. നോവലിന്റെ ഉള്ളടക്കത്തിലും ആഖ്യാന രീതിയിലും സൈബർ സ്വാധീനം ദൃശ്യമാണ്. പ്രമേയപരമായി സൈബർ ഇടം ആവിഷ്കരിക്കുന്ന മറ്റൊരു നോവലാണ് ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’. സൈബർ ലോകത്തെ പ്രധാന സങ്കേതങ്ങളായ ഈമെയിൽ, ഓർക്കുട്ട്, ഫേസ്ബുക്ക്, എന്നിവയെല്ലാം ആഖ്യാനത്തിൽ കടന്നുവരുന്നു.
ആഖ്യാനത്തിലും പ്രമേയത്തിലും സൈബർ സാന്നിധ്യമുള്ള ശ്രദ്ധേയമായ മറ്റൊരു നോവലാണ് മധുപാലിന്റെ ഫേസ്ബുക്ക് . ഡിജിറ്റൽ യുഗത്തിലെ മനുഷ്യബന്ധങ്ങളുടെ സ്വഭാവം, വ്യക്തിത്വത്തിന്റെ വിഭജനം, സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം തുടങ്ങിയ വിഷയങ്ങൾ ഈ നോവലിൽ ആഴത്തിൽ പ്രതിപാദിക്കുന്നു. ഫേസ്ബുക്ക് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം, മനുഷ്യബന്ധ ങ്ങളെയും ചിന്തകളെയും വീക്ഷണങ്ങളെ യും എങ്ങനെ മാറ്റിമറിക്കുന്നുവെന്നതും മനുഷ്യജീവിതത്തിന്റെ പുതിയ മാനസികവും സാമൂഹികവും സാംസ്കാരികവുമായ വശങ്ങളെ എപ്രകാരം പ്രതിഫലിപ്പിക്കു ന്നുവെന്നതും ഈ നോവലിൽ നമുക്ക് ദർശിക്കാം. മനുഷ്യ വ്യക്തിത്വവും സമൂഹ മാധ്യമങ്ങളുമായുള്ള ബന്ധവുമാണ് ഈ നോവലിൻറെ മുഖ്യ പ്രമേയം. ഫേസ്ബുക്ക് മനുഷ്യൻറെ ഒരു വെർച്വൽ പ്രതിരൂപം സൃഷ്ടിക്കുന്നു. യാഥാർത്ഥ്യത്തിൽ നിന്നകന്ന് ലൈക്കും കമന്റും വഴി അംഗീകാ രം തേടുന്ന മനുഷ്യൻറെ മനോഭാവം ഈ നോവൽ തുറന്നു കാട്ടുന്നു. സ്വകാര്യതയുടെ നഷ്ടം, നൈതികതയുടെ തകർച്ച, മനുഷ്യ ൻറെ ഏകാന്തത തുടങ്ങിയവയും ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നു. ഫേസ്ബു ക്കിൽ നിത്യം പോസ്റ്റ് ചെയ്യുന്നവർ, വ്യാജ ഐഡികളിൽ ജീവി ക്കുന്നവർ, മറ്റുള്ളവ രുടെ ജീവിതം വീക്ഷിച്ച് ആസ്വദിക്കുന്നവർ, ഒറ്റപ്പെട്ടവർ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങൾ ഈ നോവലിലുണ്ട്.
പരമ്പരാഗത കഥാവിന്യാസത്തെ മറികടന്ന് ഫേസ്ബുക്ക് പോസ്റ്റുകൾ, ചാറ്റു കൾ, കമന്റുകൾ, ലൈക്കുകൾ എന്നി ങ്ങനെയുള്ള രൂപത്തിലാണ് കഥാഗതി മുന്നോട്ടു പോകുന്നത്. ഡിജിറ്റൽ ആഖ്യാന ത്തിന്റെ വ്യത്യസ്തതകൾ ഈ നോവലിൽ കടന്നുവരുന്നു. ഫേസ്ബുക്ക് മനുഷ്യൻറെ യാഥാർത്ഥ്യത്തെ മറച്ചു പിടിക്കുന്ന മുഖാ വരണം ആകുന്നു. പലപ്പോഴും വ്യക്തി സമൂഹത്തിൽനിന്നകന്ന് സ്വയം നഷ്ടപ്പെട്ട അവസ്ഥയിലേക്ക് കടക്കുന്നു. ഡിജിറ്റൽ സംസ്കാരത്തിൻറെ ആഴത്തിലുള്ള പ്രതിഫ ലനമായി ഈ നോവലിനെ കണക്കാക്കാം. വെർച്വൽ ലോകത്തിൻറെ യാഥാർത്ഥ്യങ്ങ ളെയും മനുഷ്യബന്ധങ്ങളുടെ രൂപാന്തരങ്ങ ളെയും സാമൂഹിക സാങ്കേതികതകളുടെ ആഴങ്ങളെയും ഈ നോവൽ അന്വേഷിക്കു ന്നു. ഓൺലൈൻ ലോകത്ത് നിലനിൽക്കുന്ന ഒരു സമൂഹമാണ് ഈ നോവലിൽ ഉള്ളത്. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, സൗഹൃദങ്ങൾ, പ്രണയങ്ങൾ, വിദ്വേഷങ്ങൾ എല്ലാം ഡിജിറ്റൽ പരിസരത്തിലാണ് രൂപം കൊള്ളുന്നത്. ഫേസ്ബുക്കിൽ സജീവമായ ഒരു കൂട്ടം ജനങ്ങളാണ് നോവലിലെ കഥാപാ ത്രങ്ങൾ. അവരുടെ ലൈക്കുകളും കമന്റുക ളും പോസ്റ്റുകളും മെസ്സേജുകളും ആണ് കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ആദിമധ്യാന്ത പൊരുത്തമുള്ള ഒരു കഥാഗതി ഈ നോവലിനില്ല.
ആസ്വാദകർക്ക് വേണ്ടി എഴുതപ്പെട്ട കൃത്രിമ യാഥാർത്ഥ്യങ്ങളാണ് ഈ നോവലി ലെ കഥയും കഥാപാത്രങ്ങളും. നവീൻ ലോപ്പസ് എന്ന യുവ സംവിധായകനും അയാളുടെ ഫേസ്ബുക്ക് പേജും അവിടെ സംവദിക്കുന്ന വീണാസുകുമാരൻ, അനസൂയ വേണുഗോപാൽ തുടങ്ങിയ നിരവധി പ്രധാന കഥാപാത്രങ്ങളും അവരുടെ ചർച്ചയ്ക്ക് മറുപടി എഴുതുന്ന ഷാജു കുര്യൻ, അനിൽ ആദിത്യൻ, ഷൗക്കത്ത് തുടങ്ങിയ നിരവധി അപ്രധാന കഥാപാത്രങ്ങളും അടങ്ങുന്നതാണ് ഈ നോവലിലെ കഥാപാത്രസഞ്ചയം. യാഥാർത്ഥ്യ അയഥാർത്ഥ്യങ്ങൾ വായനക്കാർക്ക് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ നോവലിൽ സന്നിവേശിപ്പിച്ചി രിക്കുന്നു. നോവലിന്റെ ആരംഭം മുതൽ അവസാനം വരെ കഥാപാത്രങ്ങൾ സൈബർ പ്രതലത്തിൽ നിന്ന് പുറത്തു വരികയോ പരസ്പരം പരിചയപ്പെടുകയോ ചെയ്യുന്നില്ല. അതു കൊണ്ടുതന്നെ അവ രുടെ പേരുകളോ പറയുന്ന കഥകളോ യാഥാർത്ഥ്യമാകണമെന്നില്ല. ഫേസ്ബുക്ക് എന്ന സാമൂഹിക മാധ്യമത്തിൽ കൃത്രിമമായി പരിസരം സൃഷ്ടിച്ച് പരസ്പരം വിനിമയം ചെയ്യുന്ന പ്രതീതിയാഥാർത്ഥ്യമായി അത് മാറുന്നു. നോവലിന്റെ സ്വാഭാവികമായ ആസ്വാദനതലത്തിലും വ്യത്യസ്തതകൾ ഉണ്ട്. നോവലും അതിനു വരുന്ന വിമർശ നങ്ങളും കമന്റുകളുടെ രൂപത്തിൽ ആസ്വാദ കരി ലെത്തുന്നു. ഇതര നോവലുകളിൽ നിന്ന് വ്യത്യസ്തമായി അവ കൂടി വായന ക്കാർക്ക് പരിഗണിക്കേണ്ടിവരുന്നു.
നവീൻ ലോപ്പസിന്റെ ബാല്യകാല ജീവിതകഥ പറഞ്ഞുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. അച്ഛൻറെ പാത പിന്തു ടർന്ന് സിനിമാ മേഖലയിൽ എത്തിച്ചേരുന്ന അയാൾ സിനിമാ സംവിധായകനായി മാറുന്നു. തൻറെ ഫേസ്ബുക്ക് പേജിൽ വീണാ സുകുമാരന്റെ ഫ്രണ്ട് റിക്വസ്റ്റും ആശംസാ സന്ദേശവും കാണുന്ന നവീൻ ലോപ്പസ് അവളെ സുഹൃത്തായി സ്വീകരി ക്കുന്നു. അവളുടെ ജീവിത കഥയെന്ന മട്ടിൽ അയാളുടെ ഫേസ്ബുക്ക് പേജിൽ അവൾഎ ഴുതുന്ന കാര്യങ്ങൾ, അവയ്ക്ക് അയാൾ നൽകുന്ന മറുപടികൾ, അവയ്ക്ക് ലഭിക്കു ന്ന കമൻറുകൾ ,ലൈക്കുകൾ എന്നിവയിലൂ ടെയാണ് കഥാഗതി മുന്നേറുന്നത്. വീണാ സുകുമാരന്റെ ദയനീയമായ ദാമ്പത്യജീ വിതവും മരണപ്പെട്ട പോൾ സക്കറിയയു മായി അവൾക്കുള്ള മരണാനന്തര ബന്ധവും ഫാന്റസിയും യാഥാർത്ഥ്യവും തിരിച്ചറി യാനാകാത്ത വിധത്തിൽ അവതരിപ്പിക്കു ന്നു .
വീണാസുകുമാരന്റെ പോസ്റ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടാണ് അനസൂയ വേണുഗോപാലിൻറെ രംഗപ്രവേശം. കോളേജ് അധ്യാപികയായ അവർ ഭർത്താവിൻറെ മരണശേഷം അനുഭവിക്കുന്ന ഒറ്റപ്പെടലിൽ നിന്നു മുക്തി നേടാൻ പുതിയൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാൻ തുടങ്ങുന്നു. ഇത് ഇഷ്ടപ്പെടാത്ത അവരുടെ മകൻ ഇൻറർനെറ്റിൽ ഒരു വ്യാജ പ്രൊഫൈൽ നിർമ്മിച്ച് അതിൽ അവരുടെ നഗ്നചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഫോൺ നമ്പരും നൽകുന്നു. രക്തബന്ധങ്ങൾക്കു പോലും വിലയില്ലാതാകുന്ന തരത്തിൽ വ്യാജ നിർമ്മിതികളുടെ ഒരിടമായി സൈബർ ലോകം മാറുന്ന കാഴ്ച ഇവിടെ കാണാം.ഈ നോവലിൽ കടന്നുവരുന്ന എല്ലാവർക്കും ഒരു നോവൽ എഴുതാനുള്ള അനുഭവം ഉണ്ട്. കമന്റുകളുമായും ഒന്നോ രണ്ടോ പോസ്റ്റുകളു മായും മാത്രം വരുന്ന കഥാപാത്രങ്ങൾക്കും ഈ സാധ്യതയുണ്ട്. പക്ഷേ നവീൻ ലോപ്പസ് ആ സാധ്യത ഏറ്റെടുക്കുന്നില്ല. നോവലിസ്റ്റിനെ തേടി വരുന്ന കഥാപാത്രങ്ങൾ എന്ന് ഇവരെ വിശേഷിപ്പിക്കാം. നോവൽ എന്ന സാഹിത്യ രൂപത്തിന്റെ ഘടനയെയും സങ്കല്പത്തെയും അട്ടിമറിക്കുന്ന രചനാരീതിയാണ് ഈ നോവലിനുള്ളത്. ഈ നോവലിൽ പറയുന്ന പല ജീവിതവും ഫിക്ഷനും റിയാലിറ്റിയുമായി ഇഴചേർന്നു നിൽക്കുന്നു. ജീവിത സന്ദർഭങ്ങൾക്ക് തുടർച്ചയും അവസാനവും ഇല്ലാത്തതുപോലെ ഈ നോവലിലെ പല സന്ദർഭങ്ങൾക്കും തുടർച്ചയും അവസാന വും ഇല്ല. കെട്ടുകഥകളും ഭാവനയും യാഥാർ ത്ഥ്യവും കെട്ടുപിണഞ്ഞു കിടക്കുന്നു.
വർണ വർഗ ലിംഗ ധന വ്യത്യാസ മില്ലാതെ എല്ലാവർക്കും കടന്നുവരാവുന്ന ഒരു ഇടമായി സൈബർ ഇടം മാറിക്കഴിഞ്ഞു. എല്ലാവർക്കും കടന്നു വരാം, എഴുതാം, അഭിപ്രായം പറയാം, എതിർക്കാം, അനുകൂ ലിക്കാം, പ്രണയാനുഭവങ്ങൾ പങ്കുവയ്ക്കാം ,ഓർമ്മകൾ പങ്കുവയ്ക്കാം ഇങ്ങനെ അന ന്തസാധ്യതകൾ ഫേസ്ബുക്കിനെ സൈബർ ഇടത്തിലെ ഏറ്റവും ജനകീയമായ ഒന്നാക്കി മാറ്റി. സൈബർ സംസ്കാരം വ്യക്തികൾക്ക് നൽകുന്ന സ്വാതന്ത്ര്യമാണ് ഇതിന് കാരണം. ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കാവുന്ന വ്യക്തിക ളാണ് സൈബർ ലോകത്ത് സജീവമാകു ന്നത്. അവരുടെ പ്രതിനിധികളാണ് വീണാ സുകുമാരനും അനസൂയ വേണുഗോപാലും മറ്റും. പ്രതികാരം ചെയ്യാനും ചൂഷണത്തിനും വേണ്ടി സൈബറിടത്തെ വ്യാപകമായി ഉപ യോഗിക്കുന്ന കാഴ്ചകളും ഈ നോവലിൽ കാണാം.
ഈ നോവലിന് പെൺവായനയുടെ ഘടനയുണ്ട്. സ്ത്രീ കഥാപാത്രങ്ങളാണ് മനസ്സ് തുറക്കാനും തങ്ങളുടെ ജീവിത പ്രശ്നങ്ങൾ അവതരിപ്പിക്കാനുമായി ഫേസ്ബുക്കിനെ പ്രധാനമായും തിരഞ്ഞെ ടുക്കുന്നത്. നോവലിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളായ വീണാസുകുമാ രനും അനസൂയ വേണുഗോപാലും അനിതകു മാരിയുമെല്ലാം അരക്ഷിതമായ മാനസികാ വസ്ഥ ഉള്ളവരാണ്. വീടിനകത്തും പുറത്തും ഒറ്റപ്പെടൽ അനുഭവിക്കുന്ന അവർക്ക് ഉള്ളിലുള്ളത് പങ്കുവയ്ക്കാൻ യഥാർത്ഥ ലോകത്തിൽ ആരുമില്ല. അതുകൊണ്ടാണ് അവർ ഫേസ്ബുക്ക് വാളുകളിൽ അഭയം പ്രാപിക്കുന്നത്. അസംതൃപ്തമായ ദാമ്പത്യ ജീവിതവും ഭർത്താവിൻറെ ശാരീരികവും മാനസികവുമായ പീഡനങ്ങളും ഒറ്റപ്പെടലും അനുഭവിക്കുന്ന സ്ത്രീകളുടെ പ്രതിനിധിക ളാണ് വീണാസുകുമാരനും അനിതകുമാരിയും.
നവമാധ്യമങ്ങളായ ഇൻറർനെറ്റ്, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയവയുടെ വ്യാപകമായ ഉപയോഗം നമ്മുടെ സാമൂഹ്യ സാംസ്കാരിക വ്യവസായ രംഗങ്ങളിൽ ശക്തമായ സ്വാധീനം ചെലു ത്തുന്നു. അതിലൂടെ പുതിയൊരു മാധ്യമ സംസ്കാരം രൂപം കൊണ്ടിരിക്കുന്നു. മറ്റൊരാളുടെ സഹായം ആവശ്യമില്ലാതെ ഒരാൾക്ക് സമൂഹത്തോട് പറയാനുള്ളത് തുറന്നു കാട്ടാൻ കഴിയുന്നു. കമ്പ്യൂട്ടറിലൂടെ യോ സ്മാർട്ട് ഫോണിലൂടെയോ തൻറെ ഉള്ളിലുള്ളത് വിളിച്ചു പറയാൻ നവമാ ധ്യമങ്ങളിലൂടെ സാധിക്കുന്നു. തങ്ങളുടെ സ്വത്വം പോലും പ്രദർശിപ്പിക്കാതെ വ്യാജ പേരുകളും പ്രൊഫൈലുകളും ഉപയോഗിച്ച് വികാരങ്ങളും വിചാരങ്ങളും ഇഷ്ടാനു സരണം അവതരിപ്പിക്കാൻ കഴിയുന്ന ഒരു ഇടമായി സൈബറിടം മാറുന്നു.
നോവലിലെ ആഖ്യാനത്തിന്റെ സ്ഥലാവിഷ്കാരങ്ങൾ കഥാപാത്രങ്ങളുടെ ഫേസ്ബുക്ക് കുറിപ്പുകളുടെ ഉള്ളടക്കത്തിൽ ഉൾച്ചേർന്നിരിക്കുകയാണ്. ഫേസ്ബുക്ക് അവതരിപ്പിക്കുന്ന പ്രതീതി ലോകത്തിന്റെ സ്ഥലം തന്നെയാണ് നോവലിന്റെ പ്രാഥമിക സ്ഥലമായി വായനക്കാരന് മുന്നിലെത്തുക. ഈ ഭാവനാസ്ഥലത്ത് വന്നു നിറയുന്ന ഭൗതികാനുഭവങ്ങളുടെ വെളിച്ചത്തിലാണ് നോവലിന്റെ സ്ഥലവിതാനം പൂർണമാകു ന്നത്. നവീൻലോപ്പസ് ഉൾപ്പെടെ ഈ നോവ ലിൽ കടന്നുവരുന്ന കഥാപാത്രങ്ങളെല്ലാം തങ്ങളുടെ ജീവിതം ആവിഷ്കരിക്കുന്നത് അവരവരുടെ സ്ഥലത്തെക്കുറിച്ചുള്ള ജീവ നുള്ള പരാമർശങ്ങൾ നൽകി കൊണ്ടാണ്.
ജീവിതത്തെ അതിജീവനത്തിനായി ഉപയോഗിക്കുന്ന സ്ത്രീകളുടെ കഥയാണ് ‘ഫേസ്ബുക്കി’ൽ പ്രധാനമായും പറയുന്നത്. അതിജീവനശ്രമം അവസാനിക്കാത്തത് പോലെ ആ കഥകളും അവസാനിക്കുന്നില്ല. അവസാനിക്കാത്ത അതിജീവനകഥകളുടെ സാമൂഹിക പ്രതലമാണ് ഫേസ്ബുക്ക്. വരൂ, ഇടപെടൂ, മുന്നോട്ടു നയിക്കൂ എന്ന് പറയുന്ന തുപോലെ പോസ്റ്റുകളിലൂടെയും ലൈക്കുക ളിലൂടെയും കമന്റുകളിലൂടെയും ഇതിൽ പങ്കെടുക്കുന്നവരെല്ലാം ഉള്ളടക്കത്തിന്റെ ഭാഗമാകുന്നു. ഒരു ഫേസ്ബുക്ക് കൂട്ടായ്മയി ലൂടെ രൂപമാർജിക്കേണ്ട ഒരു നോവലാണ് ഇത്. നോവലിലെ കേന്ദ്ര കഥാപാത്രം നവീൻ ലോപ്പസ്, ഷൗക്കത്തിനുള്ള മറുപടി പോ സ്റ്റിൽ പറയുlന്നതു പോലെ ‘താങ്കൾക്ക് ഈ എഴുതിയത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വായിച്ചു കഴിയുമ്പോൾ ഒരു അഭിപ്രായം ഉണ്ടാവുമല്ലോ അത് എന്തായാലും എനിക്ക് എഴുതൂ ,അതിലൂടെ ഒരു പുതിയ കാഴ്ച യുണ്ടാകും. അതു പരസ്പരം പങ്കുവെക്കു മ്പോൾ പുതിയൊരുവഴി ഉണ്ടാകും. അതി ലൂടെ സഞ്ചരിക്കുമ്പോൾ ഭാഷയുടെ, സംഭ വങ്ങളുടെ ഒരു പുതിയ ലോകം ഉണ്ടാവും’. അങ്ങനെയുണ്ടാകുന്ന ഒരു ലോകമാണ് നോവലിലെ ലോകം എന്ന് നവീൻ ലോപ്പസ് പറയുന്നു. അതായത് വായന ക്കാരുട പൂരിപ്പിക്കലിലൂടെ മുന്നേറുന്ന നോവൽ. വായനക്കാരുടെ പോസ്റ്റുകളും കമന്റു കളും ലൈക്കുകളും മറുപടികളുമായി നോവൽ മുന്നേറുന്നു. നോവലിൽ സൂചിപ്പിക്കുന്നതു പോലെ ‘എവിടെയൊക്കെയോ ജീവിക്കുന്ന ആളുകൾ ഒരു വിസ്മയ ലോകത്ത് ഒന്നിക്കു ന്നു.അവരവർക്ക് തോന്നിയതുപോലെ മനസ്സ് വിളിച്ചു പറയുവാനായി ഒരു ചുവർ സൃഷ്ടി ച്ചിരിക്കുന്നു.മനസ്സിന്റെ ഗതിവിഗതി കൾ ആ ചുവരുകളിൽ എഴുതുന്നു’.
ഫേസ്ബുക്കിന്റെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങൾ, വ്യക്തിത്വം, സ്വകാര്യത, ധാർമികത എന്നിവയെ ഈ നോവൽ ആഴത്തിൽ പരിശോധിക്കുന്നു. നോവലി ൻറെ പ്രമേയം, സാമൂഹ്യമാധ്യമങ്ങളുടെ ആധിപത്യം, വ്യാജ വ്യക്തിത്വങ്ങൾ, മനുഷ്യ മനസ്സിലെ ഏകാന്തത തുടങ്ങി ഇന്നത്തെ ലോകവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ജീവിതയാഥാർ ത്ഥ്യങ്ങളെ ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകൾ എങ്ങനെ മാറ്റി മറിക്കുന്നു എന്ന് ഈ നോവൽ ചർച്ച ചെയ്യു ന്നു. മനുഷ്യൻറെ സ്വീകാര്യതക്കുള്ള ആഗ്ര ഹം ഫേസ്ബുക്കിൽ ലൈക്ക്, കമൻറ്, ഷെ യർ തുടങ്ങിയ ഇടപെടലുകൾ എങ്ങനെ വളർത്തുന്നു എന്നതിനെ എഴുത്തുകാരൻ ആഴത്തിൽ പരിശോധിക്കുന്നുണ്ട്. വെർ ച്വൽ ലോകത്തിലെ ബന്ധങ്ങൾ യഥാർത്ഥ ലോകത്തിലെ ബന്ധങ്ങളെ എങ്ങനെ തകർ ക്കുന്നുവെന്നതും ഈ നോവലിൽ അവതരി പ്പിക്കപ്പെടുന്നു. കഥാപാത്രങ്ങൾ നാം ദിനംപ്ര തി കാണുന്ന സാമൂഹിക ലോകത്തിലെ സാധാരണ മനുഷ്യരാണ്. ഓൺലൈൻ ലോകത്തിൽ മുഖം മറയ്ക്കുന്നവർ, സ്വയം പ്രചരണവാദികൾ, നിസ്സംഗർ, വ്യാജപ്രചാ രകർ എന്നിങ്ങനെ ഓരോ കഥാപാത്രവും ഫേസ്ബുക്കിന്റെ വ്യത്യസ്ത മുഖങ്ങൾ ആണ് പ്രതിനിധീകരിക്കുന്നത്. മാനവ മൂല്യങ്ങളുടെ തകർച്ച, സ്വകാര്യതയുടെ നഷ്ടം, സാമൂഹിക ബോധത്തിന്റെ ക്ഷയം എന്നിവയും നോവലിൽ അവതരിപ്പിക്കുന്നു.
നവസാങ്കേതികതയുടെ കാലഘട്ടത്തിൽ മനുഷ്യബന്ധങ്ങളുടെ മാറ്റങ്ങൾ, സ്വകാര്യതയുടെ നഷ്ടം, ആത്മ സാക്ഷാത്കാരത്തിന്റെ ദൗർലഭ്യം തുടങ്ങിയ വിഷയങ്ങൾ ഈ നോവലിൽ കടന്നു വരു ന്നു. ആധുനിക മനുഷ്യൻറെ ഇരട്ട ജീവിതം ,അതായത് യഥാർത്ഥജീ വിതവും ഓൺ ലൈൻ ജീവിതവും നോവൽ ആവിഷ്കരി ക്കുന്നു. സമൂഹ മാധ്യമങ്ങളിൽ സ്വയം നിർ മ്മിക്കുന്ന മുഖം വഴി അംഗീകാരം നേടാൻ ശ്രമിക്കുന്ന കഥാപാത്രങ്ങൾ നോവലിലുണ്ട്. നോവലിലെ കഥാപാത്രങ്ങൾ അവരുടെ ജീവിതത്തെ ഓൺലൈൻ മുഖങ്ങളിലൂ ടെ അവതരിപ്പിക്കുന്നു. അവർ യഥാർത്ഥ വ്യക്തിത്വം മറച്ചുവച്ച് സ്വയം സൃഷ്ടിച്ച വ്യാജ മുഖാവരണങ്ങളിൽ കുടുങ്ങിയിരിക്കുന്നു. ഇതിലെ കഥാപാത്രങ്ങൾ, കഥാപ്രതീകങ്ങൾ അല്ല മറിച്ച് ആധുനിക സമൂഹത്തിലെ മാനസികാവസ്ഥയുടെ പ്രതീകങ്ങളാണ്. ഡിജിറ്റൽ കാലഘട്ടത്തിലെ സ്വത്വബോധത്തി ന്റെയും യാഥാർത്ഥ്യത്തിന്റെയും സംഘർ ഷവും ഈ നോവലിൽ ദർശിക്കാം.
ഗ്രന്ഥസൂചി
മധുപാൽ, ഫേസ്ബുക്ക് മാതൃഭൂമി ബുക്സ് കോഴിക്കോട്, 2023.
സുനീത,ടി.വി,സൈബർ മലയാളം, കറൻറ് ബുക്സ്, തൃശ്ശൂർ, 2018.
സുനീത, ടി.വി, ഇ.മലയാളം,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 2014
സുനീത,ടി.വി,മലയാളവും ഇൻറർനെറ്റും, ലിപി, കോഴിക്കോട്,2010
ഡോ.ലാലു വി.
അസോസിയേറ്റ് പ്രൊഫസർ
മലയാളവിഭാഗം, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം,





Comments