എഴുത്തും ജീവിതവും –ബഷീറിൻ്റെ ആത്മരചനകളെ അടിസ്ഥാനമാക്കിയുള്ള പഠനം
- GCW MALAYALAM
- 4 days ago
- 5 min read
Updated: 2 days ago
സോനു എൽ. ജോൺസൻ

പ്രബന്ധസംഗ്രഹം
മലയാളസാഹിത്യത്തിൽ എഴുത്തും ജീവിതവും കൊണ്ട് വേറിട്ടു നിന്ന വ്യക്തിത്വത്തിനുടമയാണ് വൈക്കം മുഹമ്മദ്ബഷീർ. സാഹിത്യകാരനെന്ന നിലയിൽ ജീവിച്ച് മൺമറഞ്ഞ ഒരാളെ വായിക്കേണ്ടത് അയാളുടെ രചനകളുടെ അടിസ്ഥാനത്തിലാണ്. ബഷീറിന്‍്റെ എഴുത്തും ജീവിതവും വേറിട്ടു കാണുക പ്രയാസമാണ്. ഒരെഴുത്തുകാരന്‍്റെ നിലപാടും ജീവിതദർശനങ്ങളും സാഹിത്യരചനകളിൽ കലർന്നുവരുക സ്വാഭാവികമാണ്. കാലഘട്ടത്തിനനുസരിച്ച് ബഷീറിന്‍്റെ ചിന്തകളിലും നിലപാടുകളിലും വന്ന മാറ്റങ്ങൾ അദ്ദേഹത്തിന്‍്റെ രചനകളിൽ പ്രതിഫലിച്ചു കാണാം. ആത്മരചനകളുടെ അടിസ്ഥാനത്തിൽ ബഷീർ കൃതികളെ വിലയിരുത്തിയാൽ മിക്ക രചനകളും ജീവിതാനുഭവങ്ങൾ തന്നെയാണെന്നത് വ്യക്തമാകും. ബഷീറിന്‍്റെ ജീവിതാനുഭവങ്ങൾ അടയാളപ്പെട്ടുകിടക്കുന്ന ‘ഓർമ്മയുടെ അറകളിലും’ ‘കത്തുകളി’ലും അദ്ദേഹത്തിന് സാഹിത്യ ലോകത്തേക്ക് എത്താനിടയായ സാഹചര്യങ്ങൾ, എഴുതാൻ പ്രേരണ നൽകിയ വ്യക്തികൾ, അനുഭവങ്ങളെ കലാസൃഷ്ടിയാക്കുമ്പോൾ വരുത്തിയ മാറ്റങ്ങൾ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം ബഷീറിന്‍്റെ എഴുത്തും ജീവിതവുമായുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള പoനമാണ് ഈ പ്രബന്ധത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
താക്കോൽ വാക്കുകൾ
അനുഭവങ്ങൾ ,എഴുത്ത്, ജീവിതം, ആത്മരചനകൾ,
യഥാതഥാവിഷ്കാരം, പ്രേരണകൾ
തീക്ഷ്ണവും വൈവിധ്യം നിറഞ്ഞതുമായ അനുഭവതലങ്ങളിലൂടെ കടന്നുപോയ എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിന്റെ 'കത്തുകളും' 'ഓർമ്മകളുടെ അറകളും ' അപഗ്രഥിക്കുമ്പോൾ കാലത്തിനനുസരിച്ച് എഴുത്തുകാരന്‍്റെ നിലപാടുകളിൽ വന്ന മാറ്റങ്ങൾ പ്രകടമാണ്. ബഷീറിന്‍്റെ ആദ്യകാല രചനകൾ ഓർമ്മകളുടെ ആഖ്യാനം എന്ന നിലയിലാണ് എഴുതിയിട്ടുള്ളത്. മിക്ക രചനകളും രൂപം മാറി വന്ന ജീവിതാനുഭവങ്ങൾ തന്നെയെന്ന് ആത്മരചനകളിൽ നിന്നും വായിച്ചെടുക്കാനാകും. അനുഭവങ്ങളെ യഥാതഥമായി ആവിഷ്കരിക്കാതെ സ്ഥലം, കാലം, കഥാപാത്രങ്ങളുടെ ജീവിതപശ്ചാത്തലം എന്നിവയിൽ അദ്ദേഹം ബോധപൂർവ്വം മാറ്റങ്ങൾ കൊണ്ടുവന്നു. 'കമ്മ്യൂണിസ്റ്റ് ഡെൻ ', 'പാത്തുമ്മയുടെ ആട് ', 'അനുരാഗത്തിന്‍്റെ ദിനങ്ങൾ' ,'മതിലുകൾ' എന്നീ സാഹിത്യരചനകൾ വെറും കഥകളല്ല.ജീവിതം തന്നെയാണ്. പഴമയുടെ ഛായ വരാത്ത വിധത്തിൽ വ്യത്യസ്തമായ പശ്ചാത്തലത്തിൽ അവയെ മികച്ച കലാസൃഷ്ടിയാക്കി അദ്ദേഹം പരിവർത്തനം ചെയ്തു. ജീവിതയാത്രയ്ക്കിടയിൽ രൂപപ്പെട്ട അനുഭവങ്ങളെ രസകരമായ ഭാഷയിൽ ബഷീർ അവതരിപ്പിച്ചു. മജീഷ്യൻ, പാചകക്കാരൻ, ലൂം ഫിറ്റർ, ട്യൂഷൻ മാസ്റ്റർ, സന്യാസി, പുസ്തകവ്യാപാരി എന്നിങ്ങനെ പല തൊഴിലിടങ്ങളിലൂടെ കടന്നുപോയ അദ്ദേഹം അനുഭവസമ്പന്നനായ കഥാകാരനായി. ബഷീറിന്റെ രചനകളുടെ അടിസ്ഥാനം അനുഭവങ്ങളുടെ ശക്തിയാണെന്നു പറയാം. പല നാടുകൾ, വേഷം, ഭാഷ എന്നിങ്ങനെയുള്ള അനുഭവലോകത്തെ അദ്ദേഹം എഴുത്തിലേക്ക് സ്വാംശീകരിച്ചു .തന്‍്റെ രചനകൾ എല്ലാം നിരത്തിവെച്ച് അതിന് പേരിടുകയാണെങ്കിൽ ജീവിതം ഇതുവരെ എന്ത് പഠിപ്പിച്ചു എന്നതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ സ്വന്തം ജീവിതം തന്നെയാണ് സാഹിത്യം എന്നദ്ദേഹം വെളിപ്പെടുത്തി. അദ്ദേഹത്തിന്‍്റെ സമാഹരിക്കപ്പെട്ട കത്തുകൾ പരിശോധിച്ചാൽ, ആദ്യകാലത്തെ കത്തുകളിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട നിലപാടുകളും പ്രണയചിന്തയും കാണാനാകും. പ്രണയിനിയായ ദേവിക്ക് എഴുതിയ കത്തുകളിൽ എഴുത്തിനെ കുറിച്ചുള്ള തന്‍്റെ നിലപാടുകൾ അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്. പുരോഗമന സാഹിത്യകാരന്മാർ മനുഷ്യ സമൂഹത്തിന് പുരോഗതി ഉണ്ടെന്ന് വിശ്വസിച്ചു എഴുതുന്നവരാണ്. മനസ്സിൻ്റെ സംതൃപ്തിയെക്കാൾ മനുഷ്യസമൂഹത്തിന്റെ പുരോഗതിക്കായിരുന്നു പുരോഗമന സാഹിത്യകാരന്മാർ പ്രാധാന്യം നൽകിയിരുന്നതെന്നും അദ്ദേഹം ആ കത്തുകളിൽ എഴുതി.
സാഹിത്യപ്രേരണകൾ
ജീവിതത്തിൻ്റെ സമസ്ത മേഖലകളെക്കുറിച്ച് പൊതുവേദികളിലും സുഹൃത്തുക്കളോടും സംസാരിക്കുമ്പോഴും സാഹിത്യമെഴുത്തിനെക്കുറിച്ച് പറയാനിഷ്ടപ്പെടാത്ത എഴുത്തുകാരനാണ് ബഷീർ. എന്നാൽ അദ്ദേഹത്തിന്‍്റെ പ്രസിദ്ധീകരിച്ച ‘കത്തുകളിലും’ ‘ഓർമ്മകളുടെ അറകളിലും’ സാഹിത്യമെഴുത്തിനെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്താനാകും. ഒരു നോവൽ എഴുതാൻ അദ്ദേഹം പ്രണയിനിയായ ദേവിയെ പ്രേരിപ്പിക്കുന്നുണ്ട്. എഴുതുമ്പോൾ സ്വന്തം അനുഭവങ്ങളെ മനസ്സിലിട്ട് പാകപ്പെടുത്തി എഴുതണമെന്ന ഉപദേശം കത്തുകളിലുണ്ട് .സ്വന്തം ജീവിതത്തിലെ അനുഭവങ്ങളെയും വേദനാജനകമായ, അവിസ്മരണീയമായ സംഭവങ്ങളെല്ലാം ഭംഗിയായി ചിത്രീകരിക്കുമ്പോൾ അത് മികവാർന്ന സാഹിത്യസൃഷ്ടിയാകുമെന്ന നിലപാടായിരുന്നു ബഷീറിന് ഉണ്ടായിരുന്നത്.എഴുതുമ്പോൾ ജീവിതാനുഭവങ്ങളെ എങ്ങനെയാണ് മാറ്റേണ്ടത് എന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിലെ എല്ലാവിധത്തിലുള്ള അനുഭവങ്ങളും പ്രതീക്ഷകളും വീഴ്ചകളും സ്വപ്നങ്ങളും കൃതിയിൽ രേഖപ്പെടുത്തണം. സ്വന്തം പ്രണയകഥയെത്തന്നെ രണ്ടു നായർ കുടുംബങ്ങളുടെ കഥയാക്കി രൂപാന്തരപ്പെടുത്തണമെന്ന് ദേവിയോട് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. (1)
തനിക്ക് അടുപ്പമുള്ളവരോട് എല്ലാം നോവൽ എഴുതണമെന്ന് ബഷീർ ആവശ്യപ്പെട്ടിട്ടുള്ളതായിഈ കത്തുകളിൽ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നു .സ്ത്രീ അനുഭവത്തെ അടിസ്ഥാനമാക്കി നോവൽ എഴുതാൻ ലളിതാംബിക അന്തർജനത്തോടും എം. എം ബഷീറിൻ്റ ഭാര്യയായ സുഹ്റയോടും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയൊരു നോവൽ എഴുതുമ്പോൾ എല്ലാ സ്ത്രീ അവസ്ഥകളും അതിൽ ഉൾക്കൊള്ളിക്കണം. പ്രസവവേദനയെക്കുറിച്ച് ‘ഐഷുകുട്ടി’ എന്ന പേരിൽ താൻ കഥയെഴുതിയെന്നും അനുഭവത്തിന്‍്റെ വെളിച്ചത്തിൽ ബി.എം സുഹറ അത്തരത്തിലൊരു നോവൽ എഴുതണമെന്നും അദ്ദേഹം പ്രേരിപ്പിക്കുന്നു. ലളിതാംബിക അന്തർജനം നോവൽ എഴുതുമ്പോൾ ഒരു സ്ത്രീയുടെ ജീവിതകഥയിൽ ഒരു സമുദായത്തിന്റെയും രാഷ്ട്രത്തിന്റെയും കഥയെ പറഞ്ഞു പോകണം എന്ന് അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്. ‘അഗ്നിസാക്ഷി’ നോവൽ എഴുതുന്നതിന് അന്തർജനത്തിന് ഇതൊരു പ്രേരണയായിരിക്കാം. ബഷീർ അന്തർജനത്തിന് ധാരാളം കത്തുകൾ അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജയിൽ അനുഭവങ്ങൾ അടയാളപ്പെട്ട് കിടന്ന കത്തിനു മറുപടിയായി 'തടവുകാരൻ 'എന്നൊരു കവിത അവർ എഴുതിയിട്ടുണ്ട്.
ബഷീറിന്റെ 'ശശിനാസ് 'എന്ന കഥ യഥാർത്ഥസംഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെന്ന് ഓർമ്മയുടെ അറകളിൽ അദ്ദേഹം വ്യക്തമാക്കുന്നു. കോഴിക്കോട് നഗരത്തിലെ ഒരു നായർ കുടുംബത്തിൽ നടന്ന സംഭവത്തെ മുസ്ലീം പശ്ചാത്തലത്തിൽ അദ്ദേഹം കഥയാക്കി. ‘ഓർമ്മകളുടെ അറകളിൽ’ ഈ രചനകളെക്കുറിച്ചുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 'പോലീസുകാരന്റെ മകൾ ' എന്ന കഥ ആദ്യം 100 പേജുള്ള നോവലിന്റെ രൂപത്തിലായിരുന്നു എഴുതിയിരുന്നത്. എന്നാൽ നോവൽ പ്രസിദ്ധീകരിച്ചാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകൾ ഭയന്ന് കഥയാക്കി മാറ്റി. ബഷീറിൻ്റെ എഴുത്തിന് ബർണാഡ് ഷായുടെ രചനകളോട് അടുപ്പം ഉണ്ടെന്ന ലളിതാംബികാ അന്തർജ്ജനത്തിന്റെ നിരീക്ഷണങ്ങളെ അദ്ദേഹം തള്ളിക്കളയുകയും തന്റെ രചനകൾക്കെല്ലാം സ്വന്തം അനുഭവങ്ങളുടെ ഛായയാണ് ഉള്ളതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു.
വൈക്കം മുഹമ്മദ് ബഷീറിനെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തിയത് എംപി പോളാണ്. പുത്തൻകാവ് മാത്തൻ തരകനിലൂടെയാണ് അദ്ദേഹം എം .പി പോളിനെ പരിചയപ്പെട്ടത്. ബഷീറിന്‍്റെ സാഹിത്യമെഴുത്തിൽ നിർണ്ണായകമായ തീരുമാനങ്ങളെടുക്കുന്നതിൽ എം.പി പോളിന് വലിയ പങ്കുണ്ട് എം.പി പോളിനെക്കുറിച്ച് ബഷീർ എഴുതിയ ജീവചരിത്രത്തിൽ ഇത് വ്യക്തമാകുന്നു ."സ്ത്രീ "എന്ന പേരിൽ ബഷീർ ഒരു നോവൽ എഴുതിയിരുന്നു. എം.പി പോൾ ആ നോവലിന്റെ ഭാഷയെ വിമർശിക്കുകയുണ്ടായി. ആ വിമർശനത്തെ ബഷീർ ഉൾക്കൊണ്ടു. ‘സ്ത്രീ’ നോവൽ വലിച്ചു കീറി ഉപേക്ഷിച്ചതായി അദ്ദേഹം എംപി പോൾ എന്ന ജീവചരിത്രഗ്രന്ഥത്തിൽ തുറന്നെഴുതി.
കെ.എം ജോർജിനയച്ച കത്തിൽ തന്‍്റെ എഴുത്തിന് ശക്തി പകർന്ന ഘടകങ്ങളെ കുറിച്ച് ബഷീർ പറയുന്നുണ്ട് . “ആദ്യകാലത്ത് കിഴക്കൻ - പടിഞ്ഞാറൻ സാഹിത്യം വായിച്ചിരുന്നെങ്കിലും അവയിൽ നിന്ന് പ്രേരണയുണ്ടായില്ല. സോമർസെറ്റ്മോം, മാക്സിo ഗോർക്കി ,മോപ്പസാങ്, ചെക്കോവ്, സ്‌റ്റെയിൻ ബർക്ക്, റൊമൈൻ റോളണ്ട്, ഹെമിങ് വേ എന്നിവരുടെ സാഹിത്യകൃതികൾ വായിച്ചിരുന്നുവെന്ന് അദ്ദേഹം ഉറപ്പിക്കുന്നു. ഇവ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് പറയുമ്പൊഴും, താൻ മറ്റു ഭാഷകളിലുള്ള കൃതികൾ വായിച്ചിരുന്നത് അവയുടെ ക്രാഫ്റ്റ് മനസ്സിലാക്കാൻ വേണ്ടിയായിരുന്നു” എന്ന് അദ്ദേഹം കത്തുകളിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട് (2). റൊമൈൻ റോളണ്ട്, സ്റ്റെയിൻ ബർക്ക് എന്നിവർ ബഷീറിനെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും സ്വാനുഭവങ്ങൾക്ക് അതീതമായി ഇത്തരം പ്രേരണകൾക്ക് അദ്ദേഹം വില കൽപ്പിച്ചിരുന്നില്ല .നട്ട്ഹംസന്‍്റെ ‘വിക്ടോറിയ’ എന്ന നോവലിന്റെ ആശയാനുകരണമാണ് ബാല്യകാലസഖി എന്ന എം കൃഷ്ണൻനായരുടെ വിമർശനങ്ങളെ ബഷീർ അവഗണിച്ചു.ഏകാന്തത അനുഭവിച്ച് പല വേഷങ്ങളിൽ അലഞ്ഞുതിരിഞ്ഞ വ്യക്തിയായിരുന്നു ബഷീർ. സന്യാസം ഉപേക്ഷിച്ച് അദ്ദേഹം ജീവിതത്തെ സ്വീകരിച്ചു. അതോടുകൂടി അദ്ദേഹത്തിന്‍്റെ ജീവിതവീക്ഷണം, സ്ത്രീ സങ്കല്പം എന്നിവയിൽ മാറ്റം വന്നു. ദേശീയപ്രസ്ഥാനം ശക്തമായ കാലഘട്ടത്തിൽ എഴുതിത്തുടങ്ങിയ ബഷീറിൽ അതിന്‍്റെ അനുരണനങ്ങൾ പ്രകടമായിരുന്നു.
കഥകളെല്ലാം പ്ലോട്ടിനപ്പുറം സംഭവങ്ങൾ ആയിരുന്നു. ഖുർആനിന്‍്റെ ആഴത്തിലുള്ള സ്വാധീനവും അദ്ദേഹത്തിന്റെ രചനകൾക്കുണ്ട്. "കാടായി തീർന്ന ഒറ്റമരത്തിന്‍്റെ ആത്മകഥയാണ് ബഷീർ സാഹിത്യമെന്ന് "എം. എൻ വിജയൻ അദ്ദേഹത്തിന്‍്റെ എഴുത്തുലോകത്തെ വിശേഷിപ്പിച്ചിട്ടുണ്ട് (3). ബഷീറിൻ്റെ ആത്മാനുഭവങ്ങൾ തന്നെയാണ് വലിയൊരു സാഹിത്യ പ്രപഞ്ചത്തെ രൂപപ്പെടുത്തിയതെന്ന എം.എൻ വിജയൻ്റെ നിരീക്ഷണം ശ്രദ്ധേയമാണ്. എഴുത്തിൽ നീറുന്ന അനുഭവമായി വിശപ്പിനെ അദ്ദേഹം അവതരിപ്പിച്ചു. ആത്മരചനകളുടെ അടിസ്ഥാനത്തിൽ ബഷീർ കൃതികൾ വിലയിരുത്തുമ്പോൾ കഥയും ആത്മകഥയും തമ്മിൽ വേർപിരിയുന്നില്ല എന്നത് വ്യക്തമാകുന്നു.രാഷ്ട്രീയ അനുഭവങ്ങളെ നേരിട്ട് പരാമർശിക്കുന്ന രചനകൾ എഴുതിയിട്ടില്ലെങ്കിലും 'കമ്മ്യൂണിസ്റ്റ് ഡെൻ' എന്ന കഥ യഥാർത്ഥ സംഭവം തന്നെയാണെന്ന് ഓർമ്മകളുടെ അറകളിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
എഴുത്തിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്, എനിക്ക് ഒരുപാട് ജോലികൾ അറിയാം. ആ കൂട്ടത്തിൽ എഴുതാനും അറിയാം എന്നാണ്. ബഷീറിൻ്റെ രചനകളിൽ സ്വപ്നങ്ങളും ഭാവനയും എഴുത്തുകാരൻ സഞ്ചരിച്ച ദേശങ്ങളും ഉണ്ട്. യഥാർത്ഥ അനുഭവങ്ങളെ രചനകളാക്കി മാറ്റുമ്പോൾ അവയിൽ അദ്ദേഹം ഭാഷയുടെ മാന്ത്രികത ഉൾച്ചേർത്തു. മതപരമായ ചിന്തകൾ പ്രതിഫലിക്കുന്ന കഥകളിൽ മനുഷ്യനും അപാരതയും തമ്മിലുള്ള ബന്ധത്തെ ബഷീർ അപഗ്രഥിക്കുന്നു. ജീവിതാനുഭവങ്ങളെ സാഹിത്യലോകത്തിന്റെ കേന്ദ്രമാക്കി അവതരിപ്പിച്ചപ്പോൾ അവ ബലമുള്ള എഴുത്തായി മാറി. കാണുന്നതിനുമപ്പുറമുള്ള ലോകത്തെക്കുറിച്ചുള്ള ചിന്തകൾ 'നീലവെളിച്ച' മെന്ന കൃതിയിൽ പ്രതിഫലിക്കുന്നു.
'പൂനിലാവിൽ 'എന്ന കഥയിൽ നിലാവിൽ കുളിച്ച് നിൽക്കുന്ന മറ്റൊരു ലോകത്തെയാണ് ബഷീർ അവതരിപ്പിച്ചിരിക്കുന്നത്. 'അനൽ ഹഖിൽ' സന്യാസത്തെ ചേർത്തുപിടിക്കുന്ന അനുഭവം രചനയാക്കി മാറ്റിയിരിക്കുന്നു. ‘അനൽ ഹഖ് ’ - ഞാനാണ് സത്യം എന്ന് പറഞ്ഞ ‘മൻസൂർ അൽ ഹല്ലാജിൻ്റ’ കഥ പറയുന്നു. ഞാനാണ് സത്യം എന്ന് പറഞ്ഞതിന്റെ പേരിൽ തൂക്കിലേറ്റപ്പെട്ട സൂഫിയാണ് മൻസൂർ അൽ ഹല്ലാജ്, എന്നാൽ ഇതേ കഥ 1982 ലെ രണ്ടാം പതിപ്പിൽ ചേർത്തപ്പോൾ അനൽ ഹഖ് എന്ന് ദൈവത്തിന്‍്റെ സൃഷ്ടികളിൽ ഒന്നായ മനുഷ്യൻ പറയുന്നത് തെറ്റാണെന്ന് വിശ്വസിക്കുന്നുവെന്ന് ബഷീർ വെളിപ്പെടുത്തുന്നു. മൻസൂറിന്റെ ചരിത്രം എഴുതിയത് ശരിയല്ല ഫാന്റസി ആണെന്ന് കരുതിയാൽ മതിയെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നു (4). ഇതിലൂടെ കാലാനുസൃതമായി തന്‍്റെ ദർശനങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ള എഴുത്തുകാരനാണ് ബഷീർ എന്ന് വെളിവാകുന്നു .
സഹോദരൻ അയ്യപ്പൻ ബഷീറിനെ വിശേഷിപ്പിച്ചത് He is a human being എന്നാണ്. ഒരു സാഹിത്യകൃതി എങ്ങനെ എഴുതണമെന്ന തന്റെ നിലപാട് സഹോദരൻ അയ്യപ്പൻ ബഷീറിനോട് പങ്കുവെക്കുന്നുണ്ട്. നിങ്ങൾ അടുത്ത് ഇടപഴകിയ ജീവിത സാഹചര്യങ്ങളിൽ കഥ ചിത്രീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മുസ്ലിം ജീവിത സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബഷീർ ധാരാളമായി എഴുതിയതിന് പിന്നിൽ ഇങ്ങനെ ഒരു പ്രേരണയുമുണ്ട് .ബഷീർ വിവാഹിതനാകുന്നതിന് മുൻപ് എഴുതിയിരുന്ന കഥകളിൽ ഏകാകികളായ കഥാപാത്രങ്ങളെ കാണാനാകും. ഭ്രമാത്മകമായ രചനകളാണ് ‘നീലവെളിച്ചവും’ ‘പൂനിലാവിലും’.
അനശ്വരIമായ ഏകാന്തത എന്ന സങ്കല്പം ബഷീറിൻ്റെ ആത്മീയ അന്വേഷണത്തിൽ നിറഞ്ഞുനിന്നു. ഏകാന്തതയുടെ മഹാതീരം എന്നാൽ ബഷീറിന് അനന്തതയിലേക്കുള്ള പാതയായിരുന്നു. ആൾക്കൂട്ടത്തിന് നടുവിലും ഏകാന്തതയുടെ ഒരു തലംബഷീറിനുണ്ട്. അത് അദ്ദേഹം സ്വയം സൃഷ്ടിച്ച ഒന്നാണ്. അദ്വൈതികളും സൂഫികളും മുന്നോട്ടുവെച്ച സങ്കൽപ്പമാണത്. “അനന്തതയിൽ അകപ്പെട്ട ഏകാകിയായ മനുഷ്യന്‍്റെ കാഴ്ചപ്പാടുകൾ ബഷീറിന്‍്റെ കഥയിലുണ്ട്. (5)” ബഷീറിൻ്റെ ഭാവനാലോകത്തെ അദ്ദേഹം ജീവിച്ച യഥാർത്ഥലോകത്തിൽ നിന്നും തിരിച്ചറിയുക പ്രയാസമാണ്. അദ്ദേഹത്തിൻ്റെ മിക്ക കഥകൾക്കും ആത്മകഥാപരമായ ഒരു ഉപപാഠം ഉണ്ട് എന്ന് സച്ചിദാനന്ദൻ ‘ബഷീറും ഇന്ത്യൻ സാഹിത്യ പാരമ്പര്യവും’ എന്ന ലേഖനത്തിൽ നിരീക്ഷിക്കുന്നു (6).
ജയിൽ മോചിതനായി വീട്ടിലെത്തുമ്പോൾ രാത്രി മൂന്ന് മണിക്ക് ആഹാരവുമായി കാത്തിരിക്കുന്ന ഉമ്മയുടെ ചിത്രമാണ് 'അമ്മ' എന്ന കഥ. ശബ്ദങ്ങളെക്കുറിച്ച് ബഷീർ പറയുന്നത് ഞാൻ അത് ചുമ്മാ എഴുതിയതല്ല എൻ്റെ ജീവിതത്തിൻ്റെ വലിയൊരു ഭാഗമാണത് എന്നതാണ്. പലനാളത്തെ ചിന്തയുടെയും അധ്വാനത്തിന്റെയും ഫലമാണ് . അനുഭവങ്ങളെ ചെത്തി മിനുക്കി അവതരിപ്പിക്കുവാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. സ്വന്തം അനുഭവങ്ങളെ തന്നെ രൂപമാറ്റം വരുത്തി എഴുത്താക്കി തീർക്കണമെന്ന അദ്ദേഹത്തിന് നിലപാട് ഓർമ്മക്കുറിപ്പുകളിലും കത്തുകളിലും പ്രതിഫലിക്കുന്നു.
‘ഓർമ്മകൾ’, ‘ഭാർഗവീനിലയം’ എന്നിവ പ്രസിദ്ധപ്പെടുത്തണമെന്ന എം.എം ബഷീറിൻ്റെ അഭിപ്രായത്തോട് ബഷീർ പ്രതികരിക്കുന്നത് അവ പ്രസിദ്ധപ്പെടുത്താം, എന്നാൽ ഓർമ്മകൾ പ്രസിദ്ധീകരിക്കേണ്ട. അവർ ജീവിച്ചിരിപ്പുണ്ട്, അത് പലർക്കും വിഷമമുണ്ടാകും. പകർത്തിക്കഴിഞ്ഞാൽ വായിക്കുന്നതിനും തിരുത്തുന്നതിനുമായി തനിക്ക് നൽകണമെന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. ആളുകളുടെയും സ്ഥലങ്ങളുടെയും പേരുകൾ മാറ്റണമെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇപ്രകാരം യഥാർത്ഥ അനുഭവത്തെ സാഹിത്യ സൃഷ്ടിയായി മാറ്റിയെടുക്കുമ്പോൾ ഏതെല്ലാം മേഖലകളിൽ ശ്രദ്ധിക്കണമെന്ന് എന്നത് വ്യക്തമാകുന്നു .
എഴുതുന്നതിനെല്ലാം പുനർവായനകൾ ഉണ്ടാകത്തക്ക ശൈലിയാണ് ബഷീറിനുള്ളത്. ബഷീറിന് ഭ്രാന്ത് വന്നതിനെ അടിസ്ഥാനമാക്കി പെരുന്ന തോമസ് ‘ഭ്രാന്ത് മോഷണം’ എന്ന കഥ എഴുതിയിട്ടുണ്ട്. കെ. സി ജോർജിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ ആണ് 'കമ്മ്യൂണിസ്റ്റ് ഡെൻ 'എന്ന കഥ. അന്നത്തെ സംഭവങ്ങൾ, വിശദാംശങ്ങൾ എന്നിവ ഏറ്റവും ആധികാരികമായി അറിയുന്നതിന് ബഷീറിൻ്റെ കഥ വായിച്ചാൽ മതിയെന്ന് ബഷീർ സ്മരണകളിൽ കെ.സി ജോർജ് വെളിപ്പെടുത്തുകയുണ്ടായി. തന്റെ അനുഭവം കഥയാക്കി അവതരിപ്പിക്കുന്നതിനായി അദ്ദേഹം പുതുശൈലി സ്വീകരിച്ചു. ബഷീറിൻ്റെ 'ജന്മദിനം' എന്ന കഥ ഏറ്റവും തീക്ഷണമായ ആത്മകഥാ രചനയാണ്. 'മരണത്തിൻ്റെ നിഴലിൽ' എന്ന കൃതിയിൽ തന്റെ ജീവിതം തന്നെയാണ് എഴുത്ത് എന്ന് ബഷീർ വ്യക്തമാക്കുന്നു . രചനകളെ കഥ, നോവൽ നാടകം, ഗദ്യ കവിത എന്നിങ്ങനെ തരം തിരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. മതിലുകൾ നോവൽ എന്ന പേരിൽ പുറത്തിറങ്ങിയത് വിമർശനത്തിനിടയാക്കി . പെരുമ്പടവം എഴുതിയ 'അഭയം'എന്ന നോവലിൽ ബഷീർ കഥാപാത്രമായി വരുന്നു.
ബഷീറിൻ്റെ കൃതികൾ മെലിഞ്ഞു പോകാനുള്ള കാരണം അനുഭവങ്ങളോടുള്ള നിശിതമായ കൂറാണെന്ന എം.എൻ വിജയൻ്റെ അഭിപ്രായം ശരിയാണ്. ബഷീറിൻ്റെ ഭ്രാന്തിനെക്കുറിച്ച് കത്തുകളിലും പാത്തുമ്മയുടെ ആടിൻ്റെ ആമുഖത്തിലും വ്യക്തമായി പറഞ്ഞു പോകുന്നുണ്ട്. ‘കാൽപ്പാട് ’ എന്ന കഥയിൽ ഭ്രാന്ത് പിടിച്ചാൽ എന്താ ചെയ്കയെന്ന് എഴുത്തുകാരൻ ചോദിക്കുന്നു. നീല വെളിച്ചത്തിൽ ഇല്ലാത്ത ഭാർഗ്ഗവിക്കുട്ടിയോട് സംസാരിക്കുന്നു. മാന്ത്രികപ്പൂച്ച എഴുതുന്ന വേളയിലും അദ്ദേഹം ഇതേ അവസ്ഥയിലായിരുന്നു. നൂറ്റിയൊന്ന് നാക്കുകൾ എന്ന കഥയിൽ ലോകത്തുള്ള എല്ലാവർക്കും ഭ്രാന്തുണ്ടെന്നും തനിക്ക് 99% ഭ്രാന്താണെന്നും അദ്ദേഹം വെളിപ്പെടുത്തി. ‘ശശിനാസ് ’ എന്ന കഥയിൽ ഉന്മാദം എന്ന വാക്കിന്‍്റെ ആവർത്തനമുണ്ട്. ചിലസന്ദഭങ്ങളിലെങ്കിലും ഭ്രാന്തമായ അവസ്ഥയിൽ നിന്നും മാറാനുള്ള ബൗദ്ധിക ഉപാധിയായിട്ടാണ് ബഷീർ എഴുത്തിനെ കണ്ടിരുന്നത്. ഇത്തരത്തിൽ ബഷീറിൻ്റെ ആത്മരചനകൾ പരിശോധിക്കുമ്പോൾ ബഷീറിൻ്റെ എഴുത്തും ജീവിതവും തമ്മിലുള്ള ഇഴയടുപ്പം വ്യക്തമാകുന്നു.
കുറിപ്പുകൾ
1.പോൾ മണലിൽ, ബഷീറിൻ്റെ കത്തുകൾ പുറം. 44
2. ബഷീറിൻ്റെ കത്തുകൾ, പുറം. 208
3. വിജയൻ എൻ.എം.മരുഭൂമികൾ പൂക്കുമ്പോൾ, പുറം.14
4. പെരുമ്പടവം ശ്രീധരൻ, ബഷീറിൻ്റെ ആകാശങ്ങൾ, പുറം.29
5. സച്ചിദാനന്ദൻ, ബഷീറും ഇന്ത്യൻ സാഹിത്യ പരമ്പരയും. പുറം.72
ഗ്രന്ഥസൂചി
1. ബഷീർ സമ്പൂർണ്ണ കൃതികൾ, ഡി.സി ബുക്ക്സ്, കോട്ടയം
2. അഷ്റഫ് ഇ.എം ബഷീറിൻ്റെ ഐരാവതങ്ങൾ (എഡി.)
4. ജമാലുദ്ദീൻ കുഞ്ഞ് എം.ഡോ, ബഷീറിൻ്റ കലയും ദർശനവും, മൾബറി പബ്ലിക്കേഷൻസ്, 2000
5. നാരായണൻ കൽപ്പറ്റ, എന്‍്റെ ബഷീർ, മാതൃഭൂമി ബുക്ക്സ്, 2018
6. ശ്രീധരൻ പെരുമ്പടവം, ബഷീറിൻ്റെ ആകാശങ്ങൾ, സങ്കീർത്തനം പബ്ലിക്കേഷൻസ്, കൊല്ലം 2009
7. പോക്കർ പി.കെ, വൈക്കം മുഹമ്മദ് ബഷീർ, സർഗ്ഗാത്മകതയുടെ നീലവെളിച്ചം, വചനം ബുക്ക്സ്, 2019
സോനു എൽ ജോൺസൻ
അസോസിയേറ്റ് പ്രൊഫസർ
മലയാള വിഭാഗം
സെന്‍്റ് ജോൺസ് കോളേജ്
അഞ്ചൽ
Comments