top of page

നാടൻ കഥാഗാനങ്ങളിലെ കീഴാള പ്രത്യയ ശാസ്ത്രം : ചെങ്ങന്നൂരാതിപ്പാട്ടിനെ മുൻനിർത്തിയുള്ള വിശകലനം. 

പാർവതി ജെ.
ree

പ്രബന്ധസംഗ്രഹം : മധ്യകേരളത്തിലെ പറയരുടെ വീരഗാഥ അല്ലെങ്കിൽ ദളിതാവബോധമുള്ള കേരളത്തിലെ ആദ്യത്തെ സുദീർഘമായ വീരകഥാഗാനം എന്നറിയപ്പെടുന്ന നാടൻകഥാഗാനമാണ് ചെങ്ങന്നൂരാതിപ്പാട്ട്. നാടോടി കഥാഗാനങ്ങളിൽ താരതമ്യേന അത്രയേറെ പഴക്കം അവകാശപ്പെടാനാവില്ലെങ്കിലും മധ്യതിരുവിതാംകൂറിലെ പറയരുടെ ഇടയിൽ ഈ പാട്ടുകൾ പ്രചരിച്ചുന്നു എന്നുവേണം കണക്കാക്കാൻ. കേരളത്തിലെ മേലാളന്മാരുടെ കോട്ടകൊത്തളങ്ങൾ തകർത്ത ധീരനായ പറയനായിരുന്നു ചെങ്ങന്നൂരാതി. മധ്യകേരളത്തിലെ പറയ സമുദായത്തെക്കുറിച്ചും അവരുടെ ചരിത്രപരവും സാമൂഹികവുമായ ജീവിത രീതികളെക്കുറിച്ചും മനസ്സിലാക്കാൻ കഴിയുന്ന പാട്ടാണിത്. എന്നാൽ ഇത്തരം പാട്ടുകൾ നാടോടി വിജ്ഞാനീയം എന്ന രീതിയിൽ വേണ്ടത്ര വിശകലനം ചെയ്യപ്പെട്ടിട്ടില്ല. മധ്യതിരുവിതാംകൂറിലെ പറയ വിഭാഗത്തിന്റെ ജാതിസ്വത്വം ഒളിഞ്ഞു കിടക്കുന്ന ചെങ്ങന്നൂരാതിപ്പാട്ട് വിശകലനം ചെയ്ത് നാടോടി വിജ്ഞാനീയത്തിലെ കീഴാളപ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ട് ചില നിരീക്ഷണങ്ങൾ ക്രോഡീകരിക്കാനാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്. സെബാസ്റ്റ്യൻ വട്ടമറ്റം സമാഹരിച്ച, മറിയാമ്മച്ചേടത്തിയുടെ മാണിക്കം പെണ്ണ് നാടൻപാട്ടുകളിൽ അടങ്ങിയിരിക്കുന്ന ചെങ്ങന്നൂരാതിപ്പാട്ടാണ് ഈ പ്രബന്ധത്തിന് പാഠമായി സ്വീകരിച്ചിരിക്കുന്നത്.

 

താക്കോൽ വാക്കുകൾ : നാടൻ കഥാഗാനങ്ങൾ, ചെങ്ങന്നൂരാതിപ്പാട്ട്, കീഴാളപ്രത്യയശാസ്ത്രം, ജാത്യന്തസ്സ് / ജാതിമഹത്വം.

 

 

നാടൻ കഥാഗാനങ്ങൾ

 

                ആഖ്യാന സ്വഭാവമുള്ള നാടൻ പാട്ടുകളാണ് നാടൻ കഥാഗാനങ്ങൾ. കേരളീയ സാഹചര്യത്തിൽ അതിന് പലതരത്തിലുള്ള വർഗീകരണങ്ങൾ കല്പിക്കാമെങ്കിലും ആംഗലേയഭാഷയിൽ അവയെ ബാലഡുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. കവിതാ രൂപത്തിലുള്ള ജനകീയമായ ആഖ്യാനമാണ് ബാലഡുകൾ. “ കവിതാരൂപത്തിലുള്ള ഒരു കഥ എന്നേ അതുകൊണ്ട് പലപ്പോഴും അർത്ഥമാക്കുന്നുള്ളൂ” എന്ന് ഡോ. എം. വി. വിഷ്ണു നമ്പൂതിരി സൂചിപ്പിക്കുന്നതതുകൊണ്ടാണ് ( 1996:177).

                     എന്നാൽ ബാലഡുകളെത്തന്നെ ഫോക് ബാലഡുകളെന്നും ഫോക് എപ്പിക്കുകളെന്നും വർഗീകരിക്കുന്നത് കഥാഗാനങ്ങളെക്കുറിച്ചുള്ള പഠനത്തിൽ കൂടുതൽ വ്യക്തത നൽകുന്നതാണ്. തലമുറകളായി കൈമാറി വരുന്ന അജ്ഞാത കർതൃകങ്ങളായ നാടൻകഥാഗാനങ്ങളെയെല്ലാം ഫോക്ബാലഡിൽ ഉൾപ്പെടുത്താവുന്നതാണ്. രാഷ്ട്രീയമോ മതപരമോ സാമൂഹികമോ വൈകാരികമോ ആയ വിഷയങ്ങൾ ബാലഡുകൾക്ക് ഉള്ളടക്കമായി മാറാം. കർഷകരും ഇതര തൊഴിലാളികളുമടങ്ങുന്ന ജനസമൂഹങ്ങൾ വിനോദോപാദിയെന്ന നിലയിലായിരുന്നു ഇത്തരം കഥാഗാനങ്ങളെല്ലാം പാടുകയും പ്രചരിപ്പിക്കുകയും ചെയ്തത്. കഥകൾ പറയുന്നതിന് പകരം കൂട്ടമായും രസകരമായും അവർ കഥകൾ പാടുകയായിരുന്നു.

              ഇതേ വിഭാഗത്തിൽത്തന്നെ പെടുന്ന മറ്റൊരു വകഭേദം എന്നു പറയാവുന്നവയാണ് ഫോക് എപ്പിക്കുകൾ. വീരൻമാരായ മനുഷ്യരുടെയോ ഉത്തമരായ ദേവകളുടെയോ ദേശചരിത്രങ്ങളുടെയോ ഒക്കെ കഥകളടങ്ങിയ നീണ്ടഗാനങ്ങളാണ് എപ്പിക്കുകൾ എന്ന വിഭാഗത്തിൽപ്പെടുന്നത്. ഗാംഭീര്യമുള്ള കഥാപാത്രങ്ങളും ക്രിയാപ്രധാനമായ കഥാഗതിയുമാണ് ഇവയുടെ സവിശേഷത. ഇവ വീര രസം നിറഞ്ഞവയായിരിക്കും. കുറച്ചുകൂടി യാഥാർത്ഥ്യത്തോടും ചരിത്രത്തോടും ചേർന്നുനിൽക്കാൻ എപ്പിക്കുകൾക്ക് കഴിയാറുണ്ട്. അവ മനുഷ്യന്റെ ആന്തരിക ചോദനകളോടും സമരസപ്പെടുന്നവ ആയിരിക്കും. മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തിന്റെയും ദേശചരിത്രത്തിന്റെയും സത്ത ഇത്തരം കഥാ ഗാനങ്ങൾ വഹിക്കുന്നുണ്ട്. പുതിയ തലമുറയ്ക്ക് തങ്ങളുടെ വീര നായകന്റെ കഥ പകർന്നുകൊണ്ട് പാരമ്പര്യ ബോധവും പൈതൃകവും നിലനിർത്താനും സാരോപദേശം നടത്താനുമാണ് ഫോക് എപ്പിക്കുകൾ പ്രചരിപ്പിക്കുന്നത്. അജ്ഞാതകർതൃകങ്ങളായ ഇവയെ വാങ്മയേതിഹാസങ്ങളായി കണക്കാക്കാറുണ്ട്.

                നാടൻ കഥാഗാനങ്ങളെക്കുറിച്ചുള്ള നമ്മുടെ ഗവേഷകരുടെ നിരീക്ഷണങ്ങളെല്ലാം കേവലം വടക്കൻ പാട്ടുകൾ, തെക്കൻ പാട്ടുകൾ എന്ന നിലയിലേക്ക് മാത്രമേ വികസിച്ചിട്ടുള്ളൂ. പല സവിശേഷതകൾ കാരണം ഇവയിൽ ഉൾപ്പെടുത്താൻ കഴിയാത്തതും എന്നാൽ പഠനങ്ങൾ അർഹിക്കുന്നതുമായ നിരവധി കഥാ ഗാനങ്ങൾ കേരളത്തിൽ പ്രചാരത്തിലുണ്ട്.  ഉത്തരകേരളത്തിൽ പ്രചരിച്ചിരുന്ന ജനകീയ നാടൻ കഥാഗാനങ്ങളെ വടക്കൻപാട്ടുകൾ എന്നും ദക്ഷിണ തിരുവിതാംകൂറിൽ പ്രചരിച്ചിരുന്ന കഥാഗാനങ്ങളെ തെക്കൻ പാട്ടുകളെന്നും വിഭജിക്കുന്നതിൽ അവസാനിക്കുന്നതല്ല കേരളീയരുടെ നാടൻ കഥാഗാനപാരമ്പര്യം. ഈ രണ്ടു വിഭാഗങ്ങളിലും ഉൾപ്പെടുത്താൻ കഴിയാത്ത, എന്നാൽ ഗവേഷകരുടെ സവിശേഷ ശ്രദ്ധ അർഹിക്കുന്ന ധാരാളം വീരകഥാഗാനങ്ങൾ കേരളത്തിലുണ്ട്. നാടൻ ഗാനവിഭാഗങ്ങളെയെല്ലാം പരിഗണിച്ച സാഹിത്യ ചരിത്രങ്ങൾ പോലും അവയെ പരിഗണിച്ചിട്ടില്ല എന്നുള്ളതാണ് വാസ്തവം. സമീപകാലത്ത് ശ്രദ്ധ നേടിയ എടനാടൻ പാട്ടൊക്കെ ഈ ഗണത്തിൽപ്പെടുന്നു. അത്തരത്തിലൊരു വീരകഥാഗാനമാണ് സാംബവ വിഭാഗത്തിന്റെ /പറയ വിഭാഗത്തിന്റെ വീര നായകനായ ചെങ്ങന്നൂരാതിയെ കേന്ദ്രീകരിച്ചുള്ള ചെങ്ങന്നൂരാതിപ്പാട്ട്. അതുകൊണ്ടുതന്നെ സമൂഹത്തോടും അധികാരത്തോടും പടവെട്ടി മുന്നേറിയ ചെങ്ങന്നൂരാതിപ്പാട്ട് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

 

 ചെങ്ങന്നൂരാതിപ്പാട്ട്

 

                    മധ്യതിരുവിതാംകൂർ കേന്ദ്രീകരിച്ച് പറയ സമുദായത്തിനിടയിൽ പ്രചരിച്ചിരുന്ന വീര കഥാഗാനമാണ് ചെങ്ങന്നൂരാതിപ്പാട്ട്. നാടുവാഴിത്തവും ജന്മി- കുടിയാൻ വ്യവസ്ഥിതിയും ജാതീയമായ ഉച്ചനീചത്വങ്ങളും നിലനിന്നിരുന്ന കാലത്ത് അധികാര കേന്ദ്രങ്ങളോട് പടവെട്ടി മുന്നേറിയ ധീരോദാത്തനായ വീര നായകനാണ് ചെങ്ങന്നൂരാതി. അസ്പൃശ്യതയുടെയും അയിത്താചാരത്തിന്റെയും കാലത്ത് പറയ സമുദായത്തിൽ നിന്നും തന്റെ ജാതിയിലും ജന്മത്തിലും കഴിവിലും ഊറ്റം കൊണ്ടുതന്നെ പോർവീര്യം കാട്ടിയ നായകനായാണ് ചെങ്ങന്നൂരാതി ഈ പാട്ടിൽ നിറഞ്ഞുനിൽക്കുന്നത്. മറ്റെല്ലാ നാടൻപാട്ടുകളെയും പോലെ തന്നെ ചെങ്ങന്നൂരാതിപ്പാട്ടും അജ്ഞാത കർത്തൃകമാണ്. തലമുറകൾ കൈമാറ്റം ചെയ്ത ഈ പാട്ട് ഏതുകാലത്ത് പ്രചരിക്കപ്പെട്ടെന്നും യാഥാർത്ഥ്യവുമായി ഇത് പൊരുത്തപ്പെടുന്നുണ്ടോ എന്നുമൊക്കെ വളരെ ശുഷ്കമായ ചില നിരീക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇന്ന് ചെങ്ങന്നൂരാതിപ്പാട്ട് സമ്പാദിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയുമൊക്കെ ചെയ്യുന്നത് അതിന്റെ ഗവേഷണ സാധ്യതകളെ തുറന്നിടുന്നതാണ്. ചെങ്ങന്നൂരാതിപ്പാട്ട് സമ്പാദിച്ച് പ്രസിദ്ധീകരിച്ചവരിൽ പ്രമുഖർ വെട്ടിയാർ പ്രേംനാഥും പ്രൊഫ. വി. ആനന്ദക്കുട്ടൻ നായരുമൊക്കെയാണ്. കൂടാതെ സെബാസ്റ്റ്യൻ വട്ടമറ്റം സമാഹരിച്ച മറിയാമ്മച്ചേട്ടത്തിയുടെ മാണിക്കം പെണ്ണ് നാടൻപാട്ടുകളിലും ചെങ്ങന്നൂരാതിപ്പാട്ട് ചേർത്തിട്ടുണ്ട്. മാത്രമല്ല ഡോ. ചേരാവള്ളി ശശിയുടെ ചെങ്ങന്നൂകുഞ്ഞാതി ഒരു പുരാവൃത്തം എന്ന പേരിൽ നോവൽ രൂപത്തിലേക്ക് ഇതിന്റെ ആഖ്യാനം മാറ്റപ്പെട്ടിട്ടുമുണ്ട്. അതോടൊപ്പം തന്നെ പാട്ട് രൂപത്തിലുള്ള ആഖ്യാനവും കാണാൻ കഴിയും. ഇത്തരത്തിൽ ചില വിജ്ഞാന കുതുകികളാൽ സമ്പാദിക്കപ്പെട്ടു എന്നതൊഴിച്ചാൽ ചെങ്ങന്നൂരാതിപ്പാട്ടിനെക്കുറിച്ചുള്ള പഠനങ്ങൾ അധികമായി ലഭ്യമല്ല. വടക്കൻ പാട്ടുകളെയും തെക്കൻ പാട്ടുകളെയും പോലെ നിരവധി ആഖ്യാന രൂപങ്ങളിലേക്ക് മാറാതെ പോയതായിരിക്കാം ചെങ്ങന്നൂരാതിപ്പാട്ട് പോലെയുള്ള മധ്യതിരുവിതാംകൂറിലെ പാട്ടുകളുടെ പ്രചരണത്തിനും ജനപ്രിയതയ്ക്കും തടസ്സമായതെന്ന് പറയാം.

             “ മദ്ധ്യകേരളത്തിലെ പറയരുടെ ഒരു വീരഗാഥ” എന്ന ഉപശീർഷകത്തോടെയാണ് പ്രൊ. വി. ആനന്ദക്കുട്ടൻ നായർ ചെങ്ങന്നൂരാതിപ്പാട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാട്ടിനു മുൻപ് അദ്ദേഹത്തിന്റെ ഒരു വിശകലനവും ഇതോടൊപ്പമുണ്ട്. “ ഇരുപത്തൊന്നാതിമാരെക്കുറിച്ചും പതിനെട്ടു കളരികളെക്കുറിച്ചുള്ള പാട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നുവത്രേ. അതിൽ ഒരാതിയാണ് ചെങ്ങന്നൂർ കുഞ്ഞാതി അഥവാ ചെങ്ങന്നൂരാതി” (1980:193). എന്നദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ഒപ്പം, ചെങ്ങന്നൂരാതി വടക്കൻപാട്ടുകളിലെ തച്ചോളി ഒതേനനെയും മറ്റും അതിശയിക്കത്തക്ക വീരപരാക്രമങ്ങളോടു കൂടിയവനാണെന്ന് കൂടി അദ്ദേഹം ചേർത്തുവെക്കുന്നുണ്ട്.

                        ചെങ്ങന്നൂരാതിപ്പാട്ടിന്റെ ഇതിവൃത്തത്തിലേക്ക് കടന്നാൽ ചെങ്ങന്നൂരാതിയുടെ പരാക്രമങ്ങളുടെ വളരെ നീണ്ട നിരവധി കഥകളാണ് ഈ പാട്ടിൽ അടങ്ങിയിരിക്കുന്നത് എന്ന് കാണാം. ചെങ്ങന്നൂരാതിയുടെ ജനനം, ശൈശവത്തിൽ കരിയാത്തിപ്പുള്ളിന്റെ രൂപത്തിൽ വന്ന കരിയാപ്പണിക്കൻ തന്റെ ജീവൻ രക്ഷിച്ചതിന്റെ പേരിൽ കളരിവിദ്യയും ഒടിവിദ്യയും മറ്റുമഭ്യസിക്കുന്നത്. കുന്നുവം പെണ്ണ്, പാലുവം പെണ്ണ് മുതലായ സ്ത്രീകളെ വിവാഹം കഴിക്കുന്നത്, അതിരമ്പുഴക്കോട്ട,മൂവക്കൽക്കോട്ട,ഉലുവന്തുക്കോട്ട,കരിമല്ലൂക്കോട്ട മുതലായ കോട്ടകൾ തകർത്തു മുന്നേറുന്നത്, മങ്കൊമ്പിലാതിയും പാലുവം കോയിയും മറ്റുമായി അങ്കം വെട്ടി ജയിക്കുന്നത്, അങ്ങനെ ചെങ്ങന്നൂരാതിയുടെ ശൗര്യത്തിന്റെയും വീരപരാക്രമങ്ങളുടെയും തെളിവായ നിരവധി കഥകളും ഒടുവിൽ പത്തൊൻപതാം കളരിയായ ഇല്ലുവൻ കളരിയിൽ അങ്കം വെട്ടി ചെങ്ങന്നൂരാതി മരിക്കുന്നതുമായ നീണ്ട കഥയാണ് ഈ പാട്ടിലുള്ളത്.

              പാട്ടിന്റെ ഭാഷയും ചില സവിശേഷപ്രയോഗങ്ങളുമൊക്കെ മുൻനിർത്തി പതിനെട്ടാം നൂറ്റാണ്ടിൽ താരതമ്യേന അധികകാലം പഴക്കമില്ലാതെ പ്രചരിക്കപ്പെട്ടതാണ് ഇവ എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഒപ്പം ഒരു കവിയിൽ നിന്ന് സൃഷ്ടിക്കപ്പെടുകയും പിന്നീട് പരക്കെ പ്രചരിപ്പിക്കപ്പെടുകയും ചെയ്തതാണെന്നും അനുമാനിക്കാം. മാത്രമല്ല, മധ്യതിരുവിതാംകൂറിൽ സാഹസികരും കളരികൾക്കുടമകളുമായിരുന്ന പറയർ ജീവിച്ചിരുന്നുവെന്നും അതിലൊരാളാണ് ചെങ്ങന്നൂരാതി എന്നും ചില നിഗമനങ്ങൾ കാണാം. “ വേലപ്പറയൻ, മീനപ്പറയൻ, പെരുമ്പറയൻ, പണിപ്പറയൻ തൊട്ടുള്ള എട്ടു വിഭാഗങ്ങളിൽ വേലപ്പറയരിൽപ്പെട്ട മുപ്പത്തിരണ്ട് കുടുംബക്കാർ പ്രാചീനകാലം മുതൽ വലിയ ജന്മികളും പ്രമാണിമാരുമായി കേരള ചരിത്രത്തിൽ ഉണ്ടായിരുന്നു. അവർക്ക് നിരവധി ഏക്കർ മലമ്പുരയിടങ്ങളും നിലങ്ങളും കരമൊഴിവായി ലഭിച്ചിരുന്നു. കായംകുളം രാജാവിന് ചെയ്തുകൊടുത്ത സേവന സഹായങ്ങളുടെ ഫലമായിട്ടാണ് ഇവർക്കിതെല്ലാം ലഭിച്ചത്. ഇവർക്ക് വലിയ വീടും ആ വീട്ടിൽ ഏഴണി മച്ചുംപുറവും കളരിയും കച്ചകെട്ടും മറ്റും ഉണ്ടായിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ പറയ സമുദായത്തിനാണ് ഇങ്ങനെയൊരു സൗഭാഗ്യം ലഭിച്ചിട്ടുള്ളത്.” ( ശശി ചേരാവള്ളി. ഡോ., 2023:12)

             എന്തിരുന്നാലും നാടോടിവിജ്ഞാനീയ ശാഖയിൽപ്പെട്ട ഒരു വീരകഥാഗാനത്തിന്റെ അടിസ്ഥാനം അന്വേഷിക്കുന്നതിലുപരി അതിന്റെ പാഠം നൽകുന്ന ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമൂഹികശാസ്ത്രത്തിന്റെയും സാധ്യതകളെ വിശകലനം ചെയ്യുന്നതാവും ഉത്തമം.

                   

 

കീഴാള പ്രത്യയശാസ്ത്രവും ജാത്യന്തസ്സും

 

                           മധ്യതിരുവിതാംകൂറിലെ ജാതി സമൂഹങ്ങളിൽ നാടൻപാട്ട് പാരമ്പര്യം പ്രധാനമായും പുലർത്തി പോന്നിരുന്നത് പുലയർ, പറയർ മുതലായ ജാതി വിഭാഗങ്ങളിലാണ്. അക്കാലത്ത് നിലനിന്നിരുന്ന ജന്മി - കുടിയാൻ വ്യവസ്ഥിതിയിൽ ഉത്പാദന പ്രക്രിയയിൽ പ്രധാന പങ്കുവഹിച്ചിരുന്നവരായിരുന്നു പുലയ, പറയ സമുദായങ്ങൾ. അവർ തൊഴിലാളികളായിരുന്നുവെങ്കിലും തൊഴിലുടമകൾ ജന്മികൾ ആയിരുന്നു. അതുകൊണ്ടുതന്നെ നിരവധിയായ പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും അടിച്ചമർത്തലുകളുടെയും ചരിത്രം നമ്മുടെ നാടൻപാട്ടുകളിലും നാടൻകഥാഗാനങ്ങളിലുമൊക്കെ ധാരാളം കാണാൻ കഴിയും. എന്നാൽ, ഇത്തരത്തിൽ ഒരു ജാതി സമൂഹമെന്ന പേരിൽ, സമൂഹത്തിലെ അധ:സ്ഥിതമായിരുന്ന വർഗ്ഗസമൂഹം എന്ന പേരിൽ മർദ്ദിക്കപ്പെടുമ്പോഴും ജാതീയമായ അന്തസ്സ് അഥവാ തങ്ങളുടെ സ്വത്വത്തിലുള്ള അന്തസ്സ് ഈ മറ്റെല്ലാ ജാതിവിഭാഗങ്ങളിലെയും എന്ന പോലെ ഈ സമൂഹം പുലർത്തി പോന്നിരുന്നു. വ്യക്തമായ കീഴാള രാഷ്ട്രീയം പറയ - പുലയ സമുദായങ്ങളുടെ നാടോടി വിജ്ഞാനീയങ്ങളിൽ പ്രകടമാകുന്ന ജാത്യന്തസ്സിൽ / ജാതി മഹത്വത്തിൽ നിലനിൽക്കുന്നുണ്ടെന്ന് കാണാം. നമ്മുടെ അക്കാദമിക സമൂഹം പീഢകളുടെയും ചൂഷണങ്ങളുടെയും കാലഗണന രേഖപ്പെടുത്തുന്നതിനിടയിൽ ഇത്തരം നാടൻവാമൊഴിവഴക്കങ്ങൾ ഉൾക്കൊള്ളുന്ന ജാതി മഹത്വവാദത്തെയും അതുവഴി കീഴാളരുടെ രാഷ്ട്രീയത്തെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും വേണ്ടത്ര പരിഗണിച്ചിട്ടില്ലെന്ന് വേണം മനസ്സിലാക്കാൻ. പറയ സമുദായത്തിന്റെ ഇടയിൽ പ്രചരിച്ചിരുന്ന, പറയവീരൻ ചെങ്ങന്നൂരാതി നായകനാകുന്ന പാട്ടുകളിൽ ഇത്തരം ജാത്യന്തസ്സ് പ്രകടമാണെന്നു കാണാം. ചെങ്ങന്നൂരാതിപ്പാട്ടിന്റെ പലതരത്തിലുള്ള പാഠരൂപങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. പാട്ട് രൂപങ്ങളിൽ തന്നെയും നോവൽ സാഹിത്യം എന്ന നിലയിലുമൊക്കെ. ഇത്തരം ആഖ്യാന രൂപങ്ങളേതു പരിശോധിച്ചാലും “പറക്കള്ളി പെറ്റോരു പറമകനാണു ഞാൻ” എന്നാവർത്തിക്കുന്ന ചെങ്ങന്നൂരാതി എന്ന വീര നായകനെ കാണാൻ കഴിയും. തന്റെ ജാതിയിലും ജനനത്തിലും വേരുകളിലും അഭിമാനിക്കുന്ന തന്റെ വിജയങ്ങളെ പറയ സമുദായത്തിന്റെ വിജയത്തോടും ചേർത്തുവയ്ക്കുന്ന വീരനാണ് ചെങ്ങന്നൂരാതി.

          “ എന്നെയിപ്പം കണ്ടാലമ്മേ, ആരെന്നു ചൊല്ലും?

        പെറ്റമ്മ പേരു വിളിക്കണം പെറ്റോരു തള്ളേ   

          നിന്നെയിപ്പം കണ്ടാലെടാ പൊന്നു മകനെ   

         തെക്കുംകുറ്റി വലിയമ്പുരാന്റെ എളംപട പോലെ”

                മകന്റെ അഴകും ഗാംഭീര്യവും കണ്ടിട്ട് ഇങ്ങനെ ഊറ്റം കൊള്ളുന്ന അമ്മയെ ഒരു ഭാഗത്ത് നമുക്ക് കാണാൻ കഴിയും. അഴകും അണിഞ്ഞൊരുങ്ങലും ഗാംഭീര്യവും മേൽജാതിക്കാർക്കും പ്രാകൃത വേഷം കീഴ്ജാതിക്കാർക്കും എന്ന അലിഖിത നിയമമായിരുന്നു ഒരുകാലത്ത് നിലനിന്നിരുന്നത്. എന്നാൽ ഒരാളുടെ വസ്ത്രധാരണവും തലപ്പാവും പട്ടുറുമാലും അടങ്ങുന്ന ഇതര അധികാര ചിഹ്നങ്ങളും ജാതി സ്വത്വത്തെ ജാത്യന്തസ്സിലേക്കുയർത്തുന്നത് ചെങ്ങന്നൂരാതിയിൽ കാണാൻ കഴിയും.

            ഇത്തരത്തിൽ തമ്പുരാനെപ്പോലെ അണിഞ്ഞൊരുങ്ങി വന്ന ചെങ്ങന്നൂരാതിയെക്കണ്ട് പാലുവം കോയി തമ്പുരാനാണെന്ന് തെറ്റിദ്ധരിച്ച് തൊഴുത് വിനയത്തോടെ നിൽക്കുന്ന ഒരു ഭാഗം പാട്ടിലുണ്ട്.

         

  “ കൊടയൂരി ചായിച്ചു കുത്തി പാലുവംകോയി

    പൊഞ്ചൂരക്കോലു വടി കണ്ണിക്കലിട്ടു

   തലയിലെ മുണ്ടൂരി അവൻ ആചാരത്തോടെ

   കൈനീട്ടി നിക്കണതൊണ്ടേ പാലുവം കോയി”

 

 ഇങ്ങനെ തമ്പുരാനോട് ആചാരം കാണിച്ച് പാലുവം കോയി നിൽക്കുമ്പോഴാണ് ചെങ്ങന്നൂരാതി ആ വിവരം വെളിപ്പെടുത്തുന്നത് :

 

  “ എന്നെത്തൊഴുകയും വേണ്ടനിക്കാചാരം  വേണ്ട

ഞാനൊരു പറക്കള്ളി പെറ്റ പറമകനാണേ”

              അനർഹമായ ആദരവ് താൻ ആഗ്രഹിക്കുന്നില്ലെങ്കിലും  പാലുവം കോയിയെ വിഡ്ഢിയാക്കാൻ കഴിഞ്ഞതിൽ ചെങ്ങന്നൂരാതി സന്തോഷിക്കുന്നുണ്ട്. എന്നാൽ തൊട്ടടുത്ത നിമിഷം പാലുവം കോയിയുടെ മട്ടു മാറുന്നു. ഒരു പറയനെ ആദരിക്കേണ്ടി വന്നതിൽ അയാൾക്ക് അതിയായ കോപമുണ്ടാകുകയും അസഭ്യവർഷം ചൊരിഞ്ഞു കൊണ്ട് അയാൾ ചെങ്ങന്നൂരാതിയുടെ നേരെ തിരിയുകയും ചെയ്യുന്നു. തുടർന്ന് അവര് തമ്മിൽ വലിയ തർക്കമുണ്ടാകുന്നു.

 

“ പട്ടിക്കള്ളങ്കഴുവേറി,പറക്കഴുവേറി,

   നിനക്കെന്തടാ ആചാരമില്ലാത്തെ യാത്തിരക്കാരാ?

    ആചാരമെങ്ങനിരിക്കും പോറ്റിത്തമരെ?

    തലയിക്കെട്ടുറുമാലും നിനക്കാചാരമല്ലേ

    താൻ തന്ന തലയിക്കെട്ടല്ലടാ പാലുവം കോയി

    തന്നെ ഞാൻ കാണുമ്പം ഊരാനക്കൊണ്ട്

    എന്റെ അമ്മാവന്മാരായോരു കാലം

   തെക്കുംകുറ്റി വല്യമ്പുരാൻ തന്ന തലേക്കെട്ട്”

                         

                  ഇവിടെ ചെങ്ങന്നൂരാതിയുടെ ജാത്യന്തസ്സിനെ ഉയർത്തിപ്പിടിക്കുന്നത് തമ്പുരാൻ തന്റെ പൂർവികർക്ക് നൽകിയ തലയിൽ കെട്ടും പട്ടുറുമാലുമാണ്. ഇവ രണ്ടും അധികാരത്തിനെതിരെ ശബ്ദിക്കാനുള്ള ആയുധമായാണ് ചെങ്ങന്നൂരാതി കാണുന്നത്. ഇവിടെ പാലുവം കോയി അധികാരത്തിന്റെയും സവർണ്ണ മേധാവിത്വത്തിന്റെയും പ്രതിനിധിയാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ തന്റെ പട്ടുറുമാലും തലയിൽക്കെട്ടും കാണിച്ച് ജാത്യാചാരം കാരണം തനിക്ക് കിട്ടാൻ ഇടയില്ലാത്ത ബഹുമാനത്തെ ചോദിച്ചു വാങ്ങുകയാണ് ചെങ്ങന്നൂരാതി ചെയ്യുന്നത്. അതിനെ എതിർക്കുന്ന സവർണജാതിബോധത്തെ കായികമായും വാചികമായും നേരിടാൻ അയാൾ തയ്യാറാണ്. തങ്ങളുടെ നായകൻ സവർണ്ണനെതിരെ സംസാരിക്കുകയും അയാളെ കീഴ്പ്പെടുത്തുകയും ചെയ്യുന്നത് ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്തിരുന്ന ഒരു തലമുറയാകാം ചെങ്ങന്നൂരാതിപ്പാട്ടിനെ ഏറ്റെടുക്കുകയും പാടി നടക്കുകയും ചെയ്തിട്ടുള്ളതെന്ന് നിസ്സംശയം പറയാൻ കഴിയും. ഗോപ്യമായി ഒന്നുമില്ലാത്ത നാടോടി വിജ്ഞാനീയത്തിൽ സവർണാധികാരത്തിനെതിരെയുള്ള തുറന്ന പോരാട്ടമായി ഈ നാടൻ കഥാഗാനത്തെ വീക്ഷിക്കാം. എന്നാൽ ഇത് അവകാശങ്ങൾക്ക് വേണ്ടിയുള്ള നേരിട്ടുള്ള ഒരു പോരാട്ടമല്ല. മറിച്ച്, തങ്ങൾക്ക് മറ്റെല്ലാ ജാതി വിഭാഗങ്ങളെയും പോലെ, അല്ലെങ്കിൽ അതിലും മികച്ചതായ കഴിവും കരുത്തും അറിവുമുള്ള ഒരു ധീരനായ പൂർവികനെ അവകാശപ്പെടാനുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമാണ്. ചരിത്രത്തിലൂടെയും പൈതൃകാഭിമാനത്തിലൂടെയും തങ്ങളുടെ ജാതി സ്വത്വത്തിന്റെ മേന്മ ഇതര ജാതിവിഭാഗങ്ങൾക്ക് മുൻപിൽ ഉയർത്തിക്കാട്ടാൻ കഴിയുമെന്ന് അവർ മനസ്സിലാക്കിയിരിക്കാം. അതിനു മധ്യതിരുവിതാംകൂറിലെ പറയ വിഭാഗം ചെങ്ങന്നൂരാതിപ്പാട്ട് എന്നൊരു നാടൻ കഥാഗാനത്തെ ആശ്രയിച്ചതാകാം. യാഥാർത്ഥ്യമോ സങ്കൽപ്പമോ ആയ ചെങ്ങന്നൂരാതി എന്ന വീരനായകനിലൂടെ തങ്ങളുടെ ആന്തരികസ്വത്വത്തിന്റെ പൂർത്തീകരണമാകാം അവർ സാധ്യമാക്കിയത്.

                    പാലുവം കോയിയുമായിട്ടുള്ള വാഗ്വാദങ്ങൾക്ക് ശേഷം പൊഞ്ചൂരക്കോലുവടി കൊണ്ട് പാലുവംകോയി ചെങ്ങന്നൂരാതിയെ തല്ലുന്നുണ്ട്. ഈ തല്ല് എതിർക്കാതെ കൊള്ളുന്ന ചെങ്ങന്നൂരാതി ആചാരത്തല്ലെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അവർണൻ തെറ്റ് ചെയ്താൽ ആചാരമായി തല്ലാനുള്ള അവകാശം അക്കാലത്ത് മേലാളന്മാർക്കുണ്ടായിരുന്നു. ചെങ്ങന്നൂരാതിയെപ്പോലെ ഒരു വീരയോദ്ധാവ് പോലും ഇതിനെ ജാതി മര്യാദയായി കണ്ട് പാലിക്കുന്നുണ്ട്.

   “ഞാനെന്റെ ജാതിമരിയാത യാത്തിര പോണേ

   ആചാരത്തല്ലൊന്നു ഞാൻ കൊള്ളുക ചെയ്തേ

   ഇനി എന്നെത്തല്ലരുതേ കോയി പാലുവം കോയി

   ഇനി എന്നെ തല്ലിയാക്കളി വല്ലാതിരിക്കും..”

                എന്ന് തുടർന്ന് ചെങ്ങന്നൂരാതി മേലാളനെ ഭീഷണിപ്പെടുത്തുന്നുമുണ്ട്.  

              താൻ കളരി അഭ്യസിച്ചവനെങ്കിലും ചെങ്ങന്നൂരാതി പലപ്പോഴും താനത് ഗുരുമുഖത്ത് നിന്ന് പഠിച്ചിട്ടില്ല ഇന്ന് കളവു പറയുന്നുണ്ട്. “നമ്മളു പടിച്ചതിലൊരങ്കം കാണുക വേണം” എന്ന് പാലുവം കോയി പറയുമ്പോൾ

   “ ഞാനൊന്നും പടിച്ചില്ലേ പാലുവം തമരേ

        ആശാനെ കണ്ടവനല്ല കളരി കണ്ടില്ല

        ആശാനെ പണം വച്ചു തൊഴുതറിവില്ല” എന്നാണ് ചെങ്ങന്നൂരാതി പറയുന്നത്. കരിയാപ്പണിക്കൻ വിദ്യ അഭ്യസിപ്പിച്ചതിനുശേഷം ചെങ്ങന്നൂരാതിയോട് പറയുന്നുണ്ട്, താനാണ് ഗുരുവെന്ന് എവിടെയും പരാമർശിക്കരുതെന്ന്. ഗുരുവിന്റെ വാക്കനുസരിച്ചാണ് ചെങ്ങന്നൂരാതി ഇത്തരത്തിൽ കളവ് പറയുന്നതെന്നാണ് പാട്ടിലുള്ളതെങ്കിലും അത് അക്കാലത്ത് പറയനു നിഷിദ്ധമായിരുന്ന വിദ്യാഭ്യാസത്തെ ചെങ്ങന്നൂരാതി നേടിയത് സാധൂകരിക്കാൻ വേണ്ടിയുള്ള കെട്ടുകഥയാവാനും സാധ്യതയുണ്ട്. മധ്യതിരുവിതാംകൂറിൽ അക്കാലത്ത് കളരി അഭ്യസിച്ചിരുന്ന പറയരുണ്ടെന്നുള്ള നിരീക്ഷണങ്ങളും ഇവിടെ ശ്രദ്ധേയമാണ്.

             പാലുവം കോയിയുമായുള്ള പോരിനൊടുവിൽ “തോളോട് തോളുപിടിച്ച് എണങ്ങു ചങ്ങാത്തം” (പൊരുത്തമുള്ള ഇല്ലക്കാർ തമ്മിലുള്ള ചങ്ങാത്തം) നേടിയാണ് കോയിയെ തോൽപ്പിച്ച് പാലുവം പെണ്ണുള്ള പറമാടത്തിലേക്ക് ചെങ്ങന്നൂരാതി യാത്രയാകുന്നത്. വധിക്കാമായിരുന്നിട്ടും അത് ചെയ്യാതെ ഇണങ്ങു ചെങ്ങാത്തം നേടുന്നതിലൂടെ മേലാളനുമായുള്ള സൗഹൃദം ചെങ്ങന്നൂരാതി ആഗ്രഹിച്ചിരുന്നുവെന്ന് വേണം പറയാൻ. ഈ സൗഹൃദവും ജാത്യന്തസ്സ് കൂട്ടുന്ന ഒന്നായി ചെങ്ങന്നൂരാതി കരുതിയിരിക്കാം.

            ഇത്തരത്തിൽ പറയ വിഭാഗത്തിന്റെ ജാത്യന്തസ്സ് അഥവാ ജാതി മഹത്വവാദം തെളിയിക്കുന്ന നിരവധി സന്ദർഭങ്ങൾ പാട്ടിലുടനീളം കാണാം. പാലുവം പെണ്ണിന്റെ പറമാടത്തിൽ എത്തിയ ചെങ്ങന്നൂരാതി ഇപ്രകാരം പറയുന്നുണ്ട്.

       “ കേട്ടാലും കേൾക്കണമെന്റെ മാനത്തമ്പുരാട്ടീ,

   പാലുവം പറമാടമിതുതന്നെയാണോ?

   ഇല്ലം മടമെന്നെക്കൊണ്ടു തീണ്ടിക്കരുതേ

   നമ്പൂരി മടമെന്നെക്കൊണ്ട് തീണ്ടിക്കരുതേ”

 

പറമാടം ചെങ്ങന്നൂരാതിക്കന്യമല്ല. എന്നാൽ ഇല്ലവും നമ്പൂതിരി മഠങ്ങളും ആതിക്ക് വിലക്കപ്പെട്ട ഇടങ്ങളാണ്. അതുകൊണ്ടുതന്നെ പറമാടങ്ങൾ തിരിച്ചറിയാനുള്ള ലക്ഷണങ്ങളും സൂചനകളും ഓരോ പറമാടത്തിലുമുണ്ടായിരുന്നു. പാലുവം പെണ്ണിന്റെ പറമാടം കണ്ട് മേൽജാതിക്കാരുടെ ഇല്ലം പോലെ തോന്നിയിട്ട് അതല്ലെന്നുറപ്പിക്കാൻ ആതി തെളിവ് ചോദിക്കുക്കയാണിവിടെ. ( നമ്പൂതിരി മഠങ്ങളും ഇല്ലങ്ങളും പോലുള്ള പറമാടങ്ങളുണ്ടായിരുന്നു എന്ന സൂചന.) പെണ്ണ് കെട്ടിത്തീരാത്ത വാലു മുറവും ഈറയും പുളിയും ചേർപ്പയും കോർമ്പലുമൊക്കെ കാണിക്കുന്നുണ്ട്. കെട്ടിലും മട്ടിലും പറമാടം എന്ന് തോന്നിച്ചില്ലെങ്കിലും ജാത്യാചാരങ്ങളും ലക്ഷണങ്ങളും പാലിക്കേണ്ടത് നിർബന്ധമായിരുന്നു. ഇത്തരത്തിൽ തങ്ങളുടെ പൂർവികർ ഒരുകാലത്ത് അനുഭവിച്ചിരുന്ന സമ്പൽസമൃദ്ധിയെ കുറിച്ചുള്ള സ്‌മൃതികളും അതിലൂടെ രൂപപ്പെട്ടുവരുന്ന ജാത്യാഭിമാനവും ചെങ്ങന്നൂരാതിപ്പാട്ടിൽ നിറഞ്ഞുനിൽക്കുന്നത് കാണാം. ഈ സ്മൃതികൾ യാഥാർത്ഥ്യമോ സങ്കൽപ്പമോ ആവാം പക്ഷേ അവ സൃഷ്‌ടിച്ച സ്വാഭിമാനം തലമുറകൾ കൈമാറിയിരുന്നു.

              മറ്റൊരു വേളയിൽ കല്യാണത്തിനു വേണ്ടി ഒരുങ്ങി ഇറങ്ങിയ പാലുവം പെണ്ണിനെ പാട്ടിൽ വർണ്ണിക്കുന്നുണ്ട്. പറച്ചേലമുണ്ട് ചുറ്റി, കഴുത്തു നിറയെ കാതു നിറയെ പൊന്നുമിട്ട് വട്ടിയും വലം കയ്യിലെടുത്ത കൊമ്പനരിവാളുമായാണ് അവൾ മാരന് നൽകപ്പെടുന്നത്. അധ്വാനത്തിന്റെയും കരുത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി ഇവിടെ പറയപ്പെണ്ണ് ചിത്രീകരിക്കപ്പെടുന്നു.

               തെക്കുംകുറ്റി വലിയ തമ്പുരാന് പോലും പണം വാരിക്കോരി നൽകി പോരിന് പോകാൻ ആനയെ വാങ്ങുന്ന ചെങ്ങന്നൂരാതിയെ പാട്ടിൽ ഒരിടത്ത് കാണാൻ കഴിയും.

        “ മുക്കാലി പേഴേലും നിന്നവനനേഴെല നുള്ളി

          ഏഴെല നുള്ളിയവൻ കുമ്പിളുകുത്തി 

          കുമ്പിളു നെറയോളം പണം വാരിവച്ചേ

          തൂരത്തു കൊണ്ടങ്ങു വക്കുന്നതുണ്ടേ”

 

 ഇവിടെയും തമ്പുരാനെ തീണ്ടാതെ പണം ദൂരത്ത് നിന്നാണ് ചെങ്ങന്നൂരാതി കൊടുക്കുന്നത്. തമ്പുരാനിൽ നിന്നും വാങ്ങിയ ആനപ്പുറത്ത് പോരിനു വരുന്ന ചെങ്ങന്നൂരാതി എല്ലാ സവർണ്ണ ചിഹ്നങ്ങളെയും സ്വതന്ത്രമാക്കുന്നുണ്ട്.

               ഇത്തരത്തിൽ ചെങ്ങന്നൂരാതിപ്പാട്ടിലുട നീളം സവർണനെ പോലെ തന്നെ എല്ലാ സുഖസൗകര്യങ്ങളോടുകൂടിയും ജീവിച്ച, മർദ്ദനങ്ങൾ നേരിടേണ്ടി വന്നിട്ടില്ലാത്ത എന്നാൽ ജാതി മര്യാദകൾ പാലിച്ചു പോന്നിരുന്ന പറയവീര നായകനെയും ഇതര കുടുംബങ്ങളെയും കാണാം.

ചെങ്ങന്നൂരാതിയുടെ കഥയും പാട്ടും ഏതെങ്കിലും ഒരു കവിഭാവനയിൽ തെളിഞ്ഞതാണെങ്കിൽ തിക്തമായ ജാതിയാഥാർത്ഥ്യങ്ങളിൽ നിന്നുള്ള രക്ഷനേടലാണ്  ഈ ഭാവന എന്ന് മനസ്സിലാക്കാൻ കഴിയും. അല്ലെങ്കിൽ വ്യതിരിക്തമായ മറ്റൊരു ചരിത്രത്തെ ബോധപൂർവം സൃഷ്ടിച്ചെടുക്കൽ. അങ്ങനെയെങ്കിൽ ഇത്തരം ഗാനങ്ങൾ പാടി പ്രചരിപ്പിച്ചിരുന്ന ഒരു സമുദായത്തിന്റെ തന്നെ അൾട്ടർനേറ്റീവ് റിയാലിറ്റി (alternative reality ) യുടെ ഭാഗമാണ് ചെങ്ങന്നൂരാതിപ്പാട്ടെന്നു പറയാം. നാടോടി വിജ്ഞാനീയത്തിൽ നാടൻ പാട്ടുകളും വീരകഥാഗാനങ്ങളുമൊക്കെ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നെന്ന് വേണം മനസ്സിലാക്കാൻ.

 സവർണ്ണരെയും അവരുടെ ജാതി മേൽക്കോയ്മകളെയും മർദ്ദിച്ച് നിലംപരിശാക്കി അതിൻമേൽ ജയം കണ്ടെത്തുന്ന പറയുന്ന നായകൻ എന്ന സങ്കല്പം തങ്ങളുടെ പാട്ടുകളിലൂടെയും കലകളിലൂടെയും തലമുറകളിലേക്ക് കൈമാറ്റം ചെയ്ത് ഒരു ബദൽ ചരിത്രം തന്നെ നിർമ്മിക്കാനുള്ള സൗന്ദര്യാത്മകമായ ശ്രമം എന്ന് ചെങ്ങന്നൂരാതിപ്പാട്ടിനെ വിശേഷിപ്പിക്കാം.

“ ഭൂതകാലത്തിന്റെ കടുത്ത യാഥാർത്ഥ്യങ്ങളും കണ്ണീർ മുഖങ്ങളും അധമ ബോധങ്ങളും അനാവരണം ചെയ്യാനല്ല. നിലവിലെ യാഥാസ്ഥിതിക വ്യവസ്ഥിതികളോട് ഏറ്റുമുട്ടി വിജയിക്കുന്ന ആദർശവാനും ത്യാഗോജ്വലനുമായ ഒരു ദളിത് ധീരനായകനെ സൃഷ്ടിച്ചെടുക്കുകയായിരുന്നു കവിയുടെ ലക്ഷ്യം. മറ്റുള്ള അരക്ഷിത സത്യങ്ങളും ദൈന്യതകളുമൊക്കെ പിന്നിൽ നിൽക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം.” ( ശശി ചേരാവള്ളി ഡോ., 2023 : 11). ഇതൊരു വാദം എന്ന നിലയ്ക്ക് മാത്രം നിലനിൽക്കെ ചെങ്ങന്നൂരാതിക്കഥയ്ക്ക്  മധ്യതിരുവിതാംകൂറിലെ പറയസമൂഹത്തിന്റെ ചരിത്രവുമായി നേരിട്ട് ബന്ധമുണ്ടെന്ന തരത്തിലുള്ള നിരീക്ഷണങ്ങളും നിലവിലുണ്ട്. “ഏതായാലും കേരളത്തിലെ ഒരു ഗണനീയ വർഗ്ഗമായ പറയർ ഒരു കാലത്ത് അക്ഷരവിദ്യയിലും ആയുധവിദ്യയിലും എന്തൊക്കെയോ കഴിവുകൾ നേടിയിരുന്നു. കുഞ്ചൻ നമ്പ്യാർ പറ വിദ്യയെക്കുറിച്ചും പറഭാഷയെക്കുറിച്ചും പറയുന്നത് വെറുതെയാവില്ല.” എന്ന് നിരീക്ഷിക്കുന്ന പ്രൊഫ. വി. ആനന്ദക്കുട്ടൻ നായർ(1980:191) രാജാധികാരം ശിഥിലമായ ഒരു കാലഘട്ടത്തിൽ നാടുവാഴികളുടെ ഭരണകാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം ഇമ്മാതിരിയുള്ള വീരനായകന്മാർ ഉദയം കൊണ്ടെന്നും പറയരുടെ ഇടയിലും അത്തരക്കാരായ നല്ലൊരു കൂട്ടം ഉണ്ടായിരുന്നു എന്നും വാദിക്കുന്നുണ്ട്. ആയുധാഭ്യസം, ആൾമാറാട്ടം, ചാത്തൻ സേവ തുടങ്ങിയവയിൽ ഈ പറയവിഭാഗത്തിന്റെ പങ്ക് അന്വേഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

                യാഥാർത്ഥ്യമായാലും സങ്കല്പമായാലും പതിനെട്ടു കളരികളെയും നശിപ്പിച്ച് വിജയം കൈവരിക്കുന്ന, ഒടിവിദ്യ അറിയാവുന്ന പറയവീരൻ തലമുറകളുടെ പ്രചോദനമായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടാകാം ‘ചെങ്ങന്നൂ കുഞ്ഞാതി ഒരു പുരാവൃത്തം’  എന്ന് നോവൽ രൂപത്തിൽ ചെങ്ങന്നൂരാതിപ്പാട്ട് പുനരാഖ്യാനം ചെയ്ത ഡോ. ചേരാവള്ളി ശശി അതിന്റെ ആമുഖത്തിൽ “ദളിതനെ കുറിച്ച് ദളിതർ എഴുതുന്ന ദളിതാവബോധത്തോടെയുള്ള കേരളത്തിലെ ആദ്യത്തെ സുദീർഘമായ കഥാഗാനമാണ് ചെങ്ങന്നൂ കുഞ്ഞാതി. ദളിതാവബോധം കുറവാണെങ്കിലും പ്രതിഷേധവും പ്രത്യാക്രമണവും ഒട്ടും കുറവല്ല.” ( 2023:13 ) എന്ന് അഭിപ്രായപ്പെടുന്നത്. സവർണ്ണനെ പോലെ ജീവിച്ചിരുന്ന ദളിതനാണ് കുഞ്ഞാതിയെന്ന് പറയാം.

 

ഉപസംഹാരം

 

         കേരളത്തിന്റെ നാടോടി കഥാഗാനചരിത്രം പരിശോധിച്ചാൽ വടക്കൻ പാട്ടുകളും തെക്കൻ പാട്ടുകളും നമുക്ക് കാണാൻ കഴിയും. എന്നാൽ മധ്യതിരുവിതാംകൂറിലെ നാടോടി ഗാനസാഹിത്യത്തെ ഈ വർഗ്ഗീകരണങ്ങളിലൊന്നും ഉൾപ്പെടുത്തി കണ്ടിട്ടില്ല. അപ്രകാരമുള്ള മധ്യതിരുവിതാംകൂറിന്റെ നാടൻ വീരകഥാഗാനമാണ് ചെങ്ങന്നൂരാതിപ്പാട്ട്. എന്നാൽ നാടോടി വിജ്ഞാനീയ വിഭാഗം എന്ന നിലയിൽ ഈ പാട്ട് സമ്പാദിക്കപ്പെട്ടും പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയത് തന്നെ വളരെ അടുത്ത കാലത്താണ്. അതുകൊണ്ടുതന്നെ ഈ പാട്ടിനെക്കുറിച്ച് വേണ്ടത്ര ഗവേഷണങ്ങളോ പഠനങ്ങളോ നടന്നിട്ടുമില്ല. മധ്യ തിരുവിതാംകൂറിലെ സാംബവ വിഭാഗത്തിന്റെ വീര നായകനായ ചെങ്ങന്നൂരാതിയുടെ ശൗര്യവും ധീരതയും പ്രകടമാകുന്ന ഈ പാട്ട് അക്കാലഘട്ടത്തെ ജാതിജീവിതത്തിന്റെ ചരിത്രത്തെക്കൂടി അനാവരണം ചെയ്യുന്നുണ്ട്. കൃത്യമായ കീഴാള ഭാവുകത്വവും വ്യക്തമായ ചരിത്ര ബോധവും ഈ പാട്ടിന്റെ പാഠത്തെ പ്രസക്തമാക്കുന്നു. ജാതി വ്യവസ്ഥിതിയും ഓരോ ജാതികളിലും അവർണ - സവർണ ഭേദമില്ലാതെ നിറഞ്ഞുനിന്നിരുന്ന ജാത്യാഭിമാന ബോധവും ഈ പാട്ടിന്റെ പാഠത്തെ കാലതിവർത്തിയാക്കുന്നു. അതുകൊണ്ടുതന്നെ മധ്യതിരുവിതാംകൂറിന്റെ ജാതി ജീവിതത്തിന്റെ ഒരു ചരിത്രരേഖ എന്ന നിലയിൽ ഈ പാട്ട് നിലനിൽക്കുന്നതാണ്.

 

 ഗ്രന്ഥസൂചി

 

1. ആന്റണി.പി, സജു തോമസ് (സമാഹരണം) താവല് ഫോക് ലോർ -  സാഹിത്യ പഠനങ്ങൾ, കാർണിവൽ പബ്ലിക്കേഷൻസ്,കോട്ടയം,2023.

 

2. ആനന്ദക്കുട്ടൻ നായർ. വി,(സമ്പാദനം)  കേരളഭാഷാ ഗാനങ്ങൾ ഭാഗം രണ്ട് - തെക്കൻ കേരളത്തിലെ പാട്ടുകൾ,കേരള സാഹിത്യ അക്കാദമി, തൃശൂർ,1980.

 

3. ഗോപി ബുധനൂർ, ചെങ്ങന്നൂരാതിയുടെ വീരകഥകൾ, കളം ബുക്സ്,ബുധനൂർ,2020

 

4. രാജൻ ഗുരുക്കൾ, മിത്ത് ചരിത്രം സമൂഹം, സാഹിത്യപ്രവർത്തകസഹകരണസംഘം, കോട്ടയം,2013.

 

5.വിനിൽ പോൾ, ദളിത് ചരിത്ര ദംശനം, മാതൃഭൂമി ബുക്സ്,കോഴിക്കോട്, 2022.

 

6. വിഷ്ണു നമ്പൂതിരി എം.വി,ഡോ., നാടൻ പാട്ടുകൾ മലയാളത്തിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2008.

 

7. വിഷ്ണു നമ്പൂതിരി എം.വി, ഡോ., നാടോടിവിജ്ഞാനീയം, ഡി സി ബുക്സ്, കോട്ടയം,1996.

 

8. ശശി ചേരാവള്ളി,ഡോ., ചെങ്ങന്നൂ കുഞ്ഞാതി ഒരു പുരാവൃത്തം, ചിന്താ പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2023.

 

9. സജിത കെ. ആർ. (എഡി),  എടനാടൻപാട്ട്, കറന്റ് ബുക്സ്, കോട്ടയം, 1997.

 

10. സെബാസ്റ്റ്യൻ വട്ടമറ്റം (സമാഹരണം), മറിയാമ്മച്ചേടത്തിയുടെ മാണിക്കംപെണ്ണ് (നാടൻ പാട്ടുകൾ),സാഹിത്യപ്രവർത്തക സഹകരണസംഘം, നാഷണൽ ബുക്ക്സ്റ്റാൾ,കോട്ടയം,2011.


പാർവതി. ജെ.,

മലയാളവിഭാഗം ഗവേഷക

ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല

കാലടി.



 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page