പ്രതിരോധമുഖത്തിലെ സ്ത്രീ സാന്നിധ്യം - ബിയ്യാശയുടെ പെട്ടകം- ഒരു വിശകലനം
- Jul 14, 2025
- 3 min read
Updated: Jul 15, 2025
ഹസനത്ത് ബീഗം ബി.

ആമുഖം
അലിക്കുട്ടി ബീരാഞ്ചിറ യുടെ 'ബിയ്യാശയുടെ പെട്ടകം' എന്ന നോവലിനെ വിശകലനം ചെയ്യുകയാണ് ഈ പഠനത്തിൽ. ലക്ഷദ്വീപ് പശ്ചാത്തലത്തിൽ ജീവിച്ച ബിയ്യാശ എന്ന സ്ത്രീ കഥാപാത്രത്തിലൂടെ ഇതൾ വിരിയുന്നതാണ് നോവൽ. ഇന്ന് കാണുന്ന ദ്വീപുകളെക്കാൾ കാഠിന്യമേറിയ നാളുകൾ ആദ്യകാല അനുഭവങ്ങളിൽ ഉണ്ട്. മരണത്തിൽ അവസാനിക്കുന്ന രോഗത്തേക്കാൾ ജാതീയത എന്ന മാറാരോഗം മനസ്സിൽ ബാധിച്ച ഒരു വിഭാഗത്തിന്റെ ഇടയിൽക്കൂടി വളരെ സൂക്ഷ്മമായി സഞ്ചരിക്കുന്ന നോവലിസ്റ്റിനേയും ഇവിടെ കാണാം.
താക്കോൽ വാചകങ്ങൾ
ലക്ഷദ്വീപ്
ബിയ്യാശയുടെ പെട്ടകം
ജാതീയത
ഓടം
അറബിക്കടലിന്റെ പടിഞ്ഞാറുഭാഗത്ത് ചിതറിക്കിടക്കുന്ന 36 ദ്വീപ് സമൂഹങ്ങളുടെ കൂട്ടത്തെയാണ് ലക്ഷദ്വീപുകൾ എന്നറിയപ്പെടുന്നത്. പത്ത് ദ്വീപുകളിലാണ് ആൾതാമസം ഉള്ളത്. അഗത്തി, കവരത്തി, അമിനി, കടമം, കൽപ്പേനി, ആൻത്രോത്ത്, കിൽത്താൻ, ചെത്ത്ലാത്ത്, മിനിക്കോയി, ബിത്ര എന്നിങ്ങനെയാണ് ദീപുകളുടെ പേരുകൾ.
കടമത്ത് ദ്വീപിലാണ് ഡിഗ്രി കോളേജ് ഉള്ളത്. കോളേജിൽ മലയാളം അധ്യാപകനായി എത്തുന്ന അലിക്കുട്ടി ബീരാഞ്ചിറ ദ്വീപിടങ്ങളിലെ ഇരുൾമൂടിയ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്നു.
നീളം കൂടിയതും വീതി കുറഞ്ഞതുമാണ് ദ്വീപിന്റെ ഘടന. കടമത്ത് ദ്വീപ് വളരെ നീളം കൂടിയ ദ്വീപാണ്. ദ്വീപിന്റെ വടക്കേ അറ്റത്താണ് കോളേജ്. ആദ്യകാലങ്ങളിൽ ദ്വീപുകളിൽ വസൂരി രോഗം ബാധിച്ചവരെ താമസിപ്പിക്കാൻ ആയിരുന്നു ഈ കെട്ടിടങ്ങൾ ഉണ്ടാക്കിയിരുന്നത്. പിന്നീട് ക്രമേണ ഇത്തരം അസുഖങ്ങൾ ഇല്ലാതാവുകയും ചെയ്തു. ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പുതുക്കുകയും അണുവിമുക്തമാക്കുകയും ചെയ്ത ശേഷം കോളേജിനും ഹോസ്റ്റലിനുമായിട്ട് തുറന്നു കൊടുത്തു.
എന്നാൽ ആളുകൾ ഭയക്കുന്ന ഭാഗമാണത്. വടക്കുഭാഗത്ത് ആൾതാമസം കുറവാണ്. കൂടാതെ ആവശ്യത്തിലധികം മരങ്ങളും തെങ്ങുകളും ഉള്ളതുകൊണ്ടും ചെറിയ മൊട്ടക്കുന്നുകൾ ഉള്ളതുകൊണ്ടും ഇരുളിമ നിറഞ്ഞ പ്രദേശം കൂടിയാണത്.
ബിയ്യാശയുടെ പെട്ടകം
അലിക്കുട്ടി ബീരാഞ്ചിറ എന്ന അധ്യാപകൻ കേരളത്തിൽ നിന്നും കടമത്ത് ദ്വീപിലേക്ക് എത്തുന്നു. കുറച്ചു മാസങ്ങൾക്കുശേഷം അദ്ദേഹം ദ്വീപുപരിസരങ്ങൾ അന്വേഷിക്കാൻ തുടങ്ങി. അതിൽ നാവികന്മാരായ ദ്വീപുകാർ ഉപയോഗിച്ചിരുന്ന 'റഹ്മാനി' എന്ന പരമ്പരാഗത നാവികശാസ്ത്രത്തെക്കുറിച്ച് അറിയാനാണ് ബിയ്യാശയുടെ അടുത്തേക്ക് എത്തുന്നത്.
ബിയ്യാശ - കടമത്ത് ദ്വീപനടുത്തുള്ള കിൽത്താൻ ദ്വീപിൽ നിന്നും കടമത്ത് ദ്വീപിലേക്ക് എത്തപ്പെട്ട സ്ത്രീയാണ്. അവർ കോളേജിനടുത്ത് വടക്കേയറ്റത്ത് ഒറ്റയ്ക്ക് താമസിക്കുന്നു. ജനവാസമില്ലാത്ത വടക്കേ അറ്റത്ത് ചെറിയൊരു കൂരയിൽ പത്തുപതിനാറ് ആടുകൾക്കൊപ്പം കഴിയുകയാണ് അവർ. അവിടെ കടലിലേക്ക് ഇറങ്ങി നിൽക്കുന്ന യൂസഫ് പള്ളിക്കും കോളേജിനുമിടയിലെ കനത്ത ഏകാന്തതയിൽ ഈ ഒരു കുടിൽ മാത്രമേയുള്ളൂ. എവിടെ നിന്ന് പോലും ഒരു മനുഷ്യ കുഞ്ഞിന്റെ നേർത്ത ശബ്ദം പോലും കേൾക്കുകയില്ല. പകൽ സമയത്ത് പോലും ഈ പള്ളിയിലേക്ക് വളരെ കുറച്ചു പേരാണ് വരുന്നത്. രാത്രിയാകുന്നതോടെ നിശബ്ദത കനക്കും, ഇരുട്ട് പടരും. തെങ്ങോലകളിൽ കാറ്റുവന്ന് ഭയത്തിന്റെ പശ്ചാത്തലം ഉണ്ടാക്കും. പാതിരാത്രി ആകുമ്പോൾ പള്ളിക്കുളത്തിൽ ആളനക്കമുയരും. നമസ്കാരത്തിനായി കടലേറി വരുന്ന ജിന്നുകൾ വുളു എടുക്കുന്നതാണ്. യൂസഫ് പള്ളിയിലെ പാതിരാ ജിന്നുകളുടേതാണ്. രാത്രിയിൽ മനുഷ്യരാരും അത് വഴി പോകാറില്ല.
ബിയ്യാശയുടെ ദുനിയാവ്
ഈ വിജനതയിലാണ് ബിയ്യാശ ധൈര്യസമേതം താമസിക്കുന്നത്. കടലുകണ്ടിരിക്കാൻ പാകത്തിൽ കെട്ടിയുണ്ടാക്കിയ ഫറ(തെങ്ങുമടൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന വീതിയുള്ള ഇരിപ്പിടം) ത്തിൽ മുറുക്കാൻ സഞ്ചിയും മടിയിൽ വച്ച് അവർ ഇരിക്കും. കസവടക്കിയ കുപ്പായവും പുള്ളിത്തുണിയും പുള്ളി തട്ടവും ആണു വേഷം. ആടുകൾ എപ്പോഴും അടുത്തുതന്നെയുണ്ടാവും.
ബിയ്യാശയുടെ വീടിനടുത്ത് ചെറിയൊരു ഷെഡ്ഡുണ്ട്. അതിൽ പകുതിപ്പണി പൂർത്തിയായ ചെറിയൊരു ഓടവും (ചെറിയ പായക്കപ്പൽ) ഉണ്ട്. ആ ഓടത്തിന്റെ പണിമുക്കാലും പൂർത്തിയാക്കിയത് ബിയ്യാശ തന്നെയാണ്.
പരമ്പരാഗത നാവിക ശാസ്ത്രത്തെക്കുറിച്ച് അറിയാൻ ചെന്ന കഥാകൃത്ത് ബിയ്യാശയുടെ ജീവിതത്തിലേക്കാണ് ഇറങ്ങിച്ചെന്നത്.
കിൽത്താൻ ദ്വീപിൽ നിന്നും കുഷ്ഠം ബാധിച്ച അനിയൻ കുഞ്ഞിസീതയെ കടമത്തിലേക്ക് നാടുകടത്തി. ഈ അനിയനെ തിരഞ്ഞാണു ബിയ്യാശ കടമത്ത് ദ്വീപിൽ എത്തുന്നത്. എന്നാൽ സമയാസമയങ്ങളിൽ പരിചരണം കിട്ടാതെ അഭയകേന്ദ്രത്തിൽ കിടന്നു നരകിച്ച കുഞ്ഞിസീതിയെ കണ്ടെത്തുകയും അവനെ യൂസഫ് പള്ളിയുടെ തെങ്ങിൻ തോപ്പുകൾക്കിടയിൽ കുടിൽക്കെട്ടി താമസിപ്പിക്കുകയും ചെയ്തു. മുറിവ് കുത്തി പഴുത്ത് കരഞ്ഞ രാത്രികളിൽ ബിയ്യാശ അവനെ കടൽ മണമുള്ള കഥകൾ പറഞ്ഞ് ആശ്വസിപ്പിച്ചു. എന്നാൽ കഥ കേൾക്കാൻ അധികകാലം കുഞ്ഞിസീതി ജീവിച്ചിരുന്നില്ല. അനിയന്റെ വേദന പൊതിഞ്ഞ നീറ്റലുള്ള മണ്ണ് വിട്ടു പോകാൻ ബിയ്യാശയ്ക്ക് ആയില്ല. അവർ അവിടെ ജീവിച്ചു. രാപ്പകലുകളുടെ ഏകാന്തതയെ തോൽപ്പിക്കാൻ ഇടയ്ക്ക് എപ്പോഴോ ആടുകൾകയറിവന്നു.
ആടുകളോടൊത്ത് അവർ അവിടെ ജീവിച്ചു. അവരുടെ സഹായിയായി കുഞ്ഞിക്ക എന്ന മനുഷ്യനും ഉണ്ട്. ഭക്ഷണസാധനങ്ങളും ഓടത്തിന്റെ ആവശ്യത്തിനുള്ള സാധനങ്ങളും എത്തിച്ചു കൊടുക്കാനും കുഞ്ഞിക്കയാണ് സഹായിക്കാറ്. കെട്ടഴിച്ചുവിടുന്ന ആടുകളെ പഞ്ചായത്തുകാർ പിടിച്ചുകൊണ്ടു പോകുമ്പോൾ അവയെ വീണ്ടെടുക്കാൻ സഹായിക്കുന്നതും കുഞ്ഞിക്കയാണ്. ആടുകളെ തിരിച്ചു കിട്ടാൻ അപേക്ഷ എഴുതിയപ്പോൾ അതിൽ വടിവൊത്ത അക്ഷരത്തിൽ ഒപ്പിടാനും അറിയാമായിരുന്നു ബിയ്യാശയ്ക്ക്. എന്നാൽ ഇവിടെ തന്റെ ആടുകൾ ദ്വീപിന്റെ ആൾ ശല്യം ഇല്ലാത്ത ഭാഗത്താണ് താമസിക്കുന്നത്. അവയെക്കൊണ്ട് ആർക്കും യാതൊരു ശല്യമില്ലെന്നും പിന്നെ എന്തിനാണ് ഈ മിണ്ടാപ്രാണികളെ പിടിക്കുന്നത് എന്നും പഞ്ചായത്ത് മേലധികാരികളോട് ധൈര്യസമേതം ചോദ്യങ്ങൾ ചോദിച്ച വനിത കൂടിയാണ് ബിയ്യാശ.
ബിയ്യാശയുടെ ദുനിയാവിൽ മനുഷ്യരേക്കാൾ കൂടുതൽ ആടുകളായിരുന്നു. ഒറ്റ പാത്രത്തിലാണ് ഒറ്റ പത്രത്തിൽ കഞ്ഞി വെച്ച് ഒന്നിച്ചു കുടിക്കുന്നവരാണ് ബിയ്യാശയും ആടുകളും. രണ്ടാഴ്ച മുൻപ് ഒരു ആട് വയറിളക്കം വന്ന് ചത്തപ്പോൾ അത്, തനിക്ക് വരേണ്ടിയിരുന്ന ഏതോ വലിയ മാറാവ്യാധിയെ ഏറ്റുവാങ്ങി മരിച്ചതാണ് ആ ആട് എന്നാണ് ബിയ്യാശ പറഞ്ഞത്.
ബിയ്യാശ എന്ന ബണ്ടവി (ആശാരി)
ബിയ്യാശ തന്റെ സങ്കടങ്ങൾ കരഞ്ഞുതീർത്തിരുന്നു. പകുതി പൂർത്തിയായ ഓടത്തിൽ കയറിയിരുന്ന് ഓടം തുഴഞ്ഞു തുഴഞ്ഞ് അവർ മതിയാവോളം കരയും. തന്റെ അനിയനും കുഷ്ഠം ബാധിച്ചവനുമായ കുഞ്ഞിസീതിയെ കിൽത്താൻ ദ്വീപിലേക്ക് കൊണ്ടുപോകാൻ ദ്വീപിലെ ഒരു ഓടക്കാരനും തയ്യാറായില്ല. കുഞ്ഞിസീതിയുടെ കുഷ്ഠത്തേക്കാളും ജാതി ചിന്തകളുടെ കൊടും വിഷമായിരുന്നു ആളുകളുടെ മനസ്സിൽ. ലക്ഷദ്വീപിലെ ഉയർന്ന ജാതിയായ കോയമാർക്കാണ് ഓടം ഉള്ളത്. മധ്യജാതിയിലുള്ള മാലി മാരാണ് ഓടം ഓടിച്ചിരുന്നത്. ഏറ്റവും താഴെത്തട്ടിൽ ഉള്ളവരാണ് മേലാച്ചേരികൾ. കോയമാരുടെ പ്രതാപത്തിന് മുന്നിൽ മുട്ടുമടക്കാൻ രണ്ടാം തരക്കാരിയായ ബിയ്യാശ ആഗ്രഹിച്ചില്ല. രോഗിയായ അനിയനു സ്വന്തം ദ്വീപിൽ കിടന്നു മരിക്കാനാണ് ആഗ്രഹം. അതുകൊണ്ടാണ് ബിയ്യാശ ഒരു കുഞ്ഞോടം നിർമ്മിക്കാൻ ആരംഭിച്ചത്.
ഓടം കാക്കയിലേക്ക്
ബിയ്യാശയുടെ ബാപ്പയാണ് ഓടംകാക്ക. കേരളത്തിലേക്കുള്ള ദീർഘ യാത്രകൾക്ക് ഏറ്റവും സുരക്ഷിതം ഓടംകാക്ക പണിത കെട്ടുറപ്പുള്ള പായോടങ്ങളാണ്. എന്നാൽ വെറുമൊരു മേലാച്ചേരിയായ ഓടംകാക്കയ്ക്ക് ദ്വീപാചാരങ്ങളുടെ കടലിൽ അത്ര എളുപ്പത്തിൽ പായ കെട്ടാൻ ആയില്ല. കാറ്റും കോളും നിറഞ്ഞ ദുസ്സഹമായ കടലായിരുന്നു മേലാച്ചേരികളുടെ ജീവിതം.
കൽപ്പേനി ദ്വീപിലെ മേലാച്ചേരി വിഭാഗക്കാർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില കിട്ടാതെ വന്നപ്പോൾ, ചരക്കുകൾ കേരളത്തിലേക്ക് കൊണ്ടുപോകാനായി ഓടംകാക്കയുടെ സഹായത്തോടെ ഓടം ഉണ്ടാക്കിയെങ്കിലും നടുക്കടലിൽ വെച്ച് മേലാള ജാതിക്കാർ അവയെല്ലാം തല്ലിത്തകർത്ത് ആഴക്കടലിൽ ആഴ്ത്തുകയാണ് ഉണ്ടായത്. അതോടെ ഓർമ്മ മാത്രമായി അവശേഷിക്കുകയാണുണ്ടായത്.
' റഹ്മാനി ' എന്ന നാവിക ശാസ്ത്രത്തെക്കുറിച്ചുള്ള നോവലിസ്റ്റിന്റെ സംശയങ്ങൾക്കെല്ലാം മറുപടി പറഞ്ഞതിനു ശേഷം ബിയ്യാശ കടമത്ത് ദ്വീപിനോട് വിട പറയാൻ ഒരുങ്ങുകയാണ്. ജന്മനാടായ കിൽത്താനിലേക്ക് പോകാൻ അവർ എല്ലാവിധ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞു. സ്വന്തമായി പണി പൂർത്തിയാക്കിയ ഓടത്തിൽ യാത്ര പുറപ്പെടാൻ അവർ ഒരുങ്ങിക്കഴിഞ്ഞു. ദ്വീപിലെ ആചാരപ്രകാരം, അപ്പക്കഷണങ്ങളാലും കുരുത്തോലയാലും ചെന്തെങ്ങിൻ കുലകളാലും അലങ്കരിച്ച ഓടത്തിൽ തന്റെ ആടുകളെയും കയറ്റി അവർ യാത്ര പുറപ്പെടാൻ ഒരുങ്ങി. നോവലിസ്റ്റും കുഞ്ഞിക്കയും കിൽത്താൻ ദ്വീപ് വരെ കൂടെ വരാം എന്ന് പറഞ്ഞപ്പോൾ ബിയ്യാശ പറഞ്ഞു, ' അവിടെയും മനുഷ്യരുണ്ട്. എന്റെ ആടുകളെ കെട്ടഴിച്ചു വിട്ടാൽ പഞ്ചായത്തുകാർ പിടികൂടും. അതുകൊണ്ട് ഞാൻ ആൾതാമസമോ പഞ്ചായത്തോ ഇല്ലാത്ത സുഹേലി ദ്വീപിലേക്ക് പോവുകയാണ്. അവിടെ ദ്വീപ്കാരെ സംരക്ഷിക്കുന്ന 'സുഹേലിക്കഴിഞ്ഞോർ' ഉണ്ട്. അവരുടെ സുരക്ഷിത വലയത്തിൽ ഞങ്ങൾ അവിടെ എത്തും. ആ ദ്വീപിൽ ഇനിയുള്ള കാലം താമസിക്കും.' എന്ന് പറഞ്ഞ ബിയ്യാശ കൈവീശി. ഉയർന്നുപൊന്തുന്ന തിരമാലകളെ വകഞ്ഞു മാറ്റി ഓടത്തിന്റെ യാത്ര ആരംഭിച്ചു.
ഉപസംഹാരം
ബിയ്യാശ എന്ന ധൈര്യശാലിയായ സ്ത്രീ കഥാപാത്രത്തിലൂടെ ദ്വീപിന്റെ യഥാർത്ഥ മുഖം കൂടിയാണ് നോവലിസ്റ്റ് വായനക്കാരന് മുൻപിൽ തുറന്നു കാട്ടുന്നത്.
'ബിയ്യാശയുടെ പെട്ടക'ത്തിൽ ദ്വീപുണ്ട്, ജാതിയുണ്ട്, പ്രതിരോധങ്ങളുണ്ട്, അസ്തിത്വബോധമുണ്ട്.
സഹായക ഗ്രന്ഥങ്ങൾ
ബിയ്യാശയുടെ പെട്ടകം - അലിക്കുട്ടി ബീരാഞ്ചിറ, ഐവറി ബുക്സ്,തൃശ്ശൂർ 2024
ഹസനത്ത് ബീഗം ബി
ഗവേഷക വിദ്യാർഥി
മലയാള വിഭാഗം
നിർമ്മല കോളേജ്
മൂവാറ്റുപുഴ
9497305963





Comments