top of page

ഇൻ്റർനെറ്റ് ഭാഷയുടെ അധിനിവേശം പഠിക്കപ്പെടേണ്ടതാണ്.

Updated: 2 days ago

ree

മലയാള സാഹിത്യ നിരൂപകൻ, അധ്യാപകൻ, ഗവേഷണമാർഗ്ഗദർശി എന്നീ നിലകളിൽ ദീർഘകാലം മലയാള സാഹിത്യ രംഗത്ത് പ്രവർത്തിച്ച ഡോ. ഡി ബെഞ്ചമിൻ്റെ മലയാള ഗവേഷണത്തിൻ്റെ സാധ്യതകൾ നിരീക്ഷണം

അഭിമുഖം
ഡോ. ഡി. ബെഞ്ചമിൻ /ഷൈനി ജെ

മലയാള ഗവേഷണരംഗത്തിന്റെ നിലവാരം എങ്ങനെ വിലയിരുത്തുന്നു. ദേശീയ - അന്തർദേശീയതലങ്ങളിൽ മലയാളഗവേഷണങ്ങൾക്ക് അംഗീകാരം ലഭിക്കുന്നുണ്ടോ?എന്താണ് അഭിപ്രായം?

  മലയാള ഗവേഷണത്തിന്റെ നിലവാരത്തെക്കുറിച്ച് ഉത്കണ്ഠപ്പെടാൻ ഒന്നുമില്ല. വളരെ ശ്രദ്ധാർഹമായ ചില ഗവേഷണപ്രബന്ധങ്ങൾ വരുന്നുണ്ട്. അത്രതന്നെ ഉയർന്ന നിലവാരമില്ലാത്ത ഗവേഷണ പ്രബന്ധങ്ങളും അംഗീകരിക്കപ്പെടുന്നുണ്ട്. ഇത് എപ്പോഴും അങ്ങനെതന്നെയായിരുന്നു. മലയാളത്തിൽ എഴുതപ്പെടുന്ന ഗവേഷണപ്രബന്ധങ്ങൾക്ക് ദേശീയമോ അന്തർദേശീയമോ ആയ അംഗീകാരംലഭിക്കുക എളുപ്പമല്ല ഗവേഷണപ്രബന്ധം സമർപ്പിക്കുന്നതോടൊപ്പം അവയുടെ ഇംഗ്ലീഷ്സംഗ്രഹം കൂടി സമർപ്പിക്കണമെന്ന് ഗവേഷകാചാര്യനായ ഡോക്ടർ കെ. എം. ജോർജ് നിർദ്ദേശിച്ചിരുന്നു ഈ സംഗ്രഹങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിക്കുകയും വേണം. അത്രയെങ്കിലും സംഭവിക്കാതെ ദേശീയവും അന്തർദേശീയവും ആയ തലങ്ങളിൽ അവ ശ്രദ്ധിക്കപ്പെടില്ല

മലയാളഗവേഷണ രംഗത്തിന് സാധ്യതകളും പരിമിതികളും ഉണ്ട് അവയോടുള്ള അങ്ങയുടെ സമീപനം എന്താണ്? പരിമിതികളെ എങ്ങനെ മറികടക്കാം?

 മലയാള ഗവേഷണത്തിന് മാത്രമല്ല എല്ലാ വിഷയങ്ങളിലെ ഗവേഷണങ്ങൾക്കും സാദ്ധ്യതകളും പരിമിതികളുമുണ്ട്. തീവ്രമായ വിജ്ഞാനദാഹത്തോടെ സ്വയം കണ്ടെത്തിയ ഒരു വിഷയം അക്കാദമീയമായ അച്ചടക്കത്തോടെ പഠിക്കുമ്പോഴാണ് നല്ല ഗവേഷണ പ്രബന്ധമുണ്ടാകുന്നത്. എം.എ. കഴിഞ്ഞു ഇനി എന്തു ചെയ്യണം എന്ന ചിന്തയോടെ, അല്ലെങ്കിൽ പ്രൊഫസറാകാൻ പി.എച്ച്.ഡി.ഉണ്ടാവണമല്ലോ എന്ന വിചാരത്തിൽ, മൂന്നു വർഷം ഫെലോഷിപ്പ് കിട്ടുമല്ലോ എന്നു കരുതി ഗവേഷണം ചെയ്താൽ ഉണ്ടാവുന്നത് ശരാശരി പ്രബന്ധമേയാകൂ. ഇന്നു നടക്കുന്ന ഗവേഷണങ്ങളിൽ ഏറിയപങ്കും ഈ രണ്ടാമതു പറഞ്ഞ തരത്തിലുള്ളതാണ്. അതു പരിഹരിക്കുക എളുപ്പമല്ല.

മലയാളഭാഷാപഠനത്തെയും  ഗവേഷണത്തെയും സംബന്ധിച്ച് സമകാലിക പ്രസക്തിയുള്ള പഠനമേഖലകൾ ഏതൊക്കെയാണ്?

 ഭാഷാപഠനത്തെ ലിംഗ്വിസ്റ്റിക് വിഭാഗത്തിനു വിട്ടു കൊടുക്കുകയാണ് നന്ന്. സർഗ്ഗ സാഹിത്യത്തിൽ - കവിതയിലും നോവലിലുമൊക്കെ ഭാഷാഭേദങ്ങൾ ധാരാളമായി പ്രയോഗിച്ചു വരുന്നുണ്ട്. അതൊരു കേമത്തമായി കരുതപ്പെടാറുമുണ്ട്. ഭാഷാഭേദങ്ങളുടെ ഈ തള്ളിക്കയറ്റം സാഹിത്യത്തിന്റെ സുകരമായ സംവേദനത്തെ എങ്ങനെ ബാധിക്കുന്നു എന്നന്വേഷിക്കാവുന്നതാണ്. ഭാഷയുടെ മേലുള്ള ഇന്റർനെറ്റ്ഭാഷയുടെ അധിനിവേശവും പഠിക്കപ്പെടേണ്ടതാണ്.

ക്ലാസിക്കൽ സാഹിത്യവും ആധുനിക സാഹിത്യവും ഗവേഷണ സമീപനങ്ങളിൽ എങ്ങനെയൊക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു ?

  ഇവിടെ ക്ലാസിക്കൽ എന്ന പ്രയോഗം വിശദീകരണമർഹിക്കുന്നു. പ്രാചീന സാഹിത്യം എന്ന ലളിതമായ അർത്ഥത്തിലും ഏറ്റവും മികവുറ്റ സാഹിത്യം എന്ന അർത്ഥത്തിലും ഈ വാക്കു പ്രയോഗിക്കപ്പെടാറുണ്ട്. പ്രാചീന സാഹിത്യം എന്ന അർത്ഥമാണ് വിവക്ഷിക്കുന്നതെങ്കിൽ കാലം,ഭാഷ,മൂല കൃതിയുമായുള്ള താരതമ്യം തുടങ്ങിയ കാര്യങ്ങൾക്ക് ഊന്നൽ നല്കിക്കൊണ്ടുള്ള ഒരു രീതി ശാസ്ത്രമാണ് പ്രക്തമാകുന്നത്. ഉൽക്കൃഷ്ടസാഹിത്യം എന്ന അർത്ഥത്തിലാണെങ്കിൽ സാഹിത്യഗവേഷണത്തിന്റെ പൊതുവായ രീതിശാസ്ത്രം തന്നെ സ്വീകരിക്കപ്പെടണം. ആധുനികസാഹിത്യത്തിൽ വരുമ്പോൾ ഇതിൽ ആദ്യം പറഞ്ഞ കാര്യങ്ങളൊന്നും പ്രസക്തമാകുന്നില്ല. പുതിയ സാഹിത്യത്തിന്റെ അന്തർഭാവത്തിന്റെ സൂക്ഷ്മമായ വിശകലനവും വിലയിരുത്തലും ബഹിരംഗത്തിന്റെ വിലയിരുത്തലും കൂടുതൽ പ്രസക്തമാവും. വിശകലനത്തിന് , പ്രസക്തമായ സാഹിത്യ സിദ്ധാന്തങ്ങളെ പ്രയോജനപ്പെടുത്തുകയുമാവാം. സാഹിത്യത്തിന്റെ സാമൂഹികമായ വിതാനങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കും പ്രാധാന്യമേറും.

കലാ- സാംസ്കാരിക പഠനങ്ങൾ അവയുടെ രീതിശാസ്ത്രനിർമ്മിതിയിൽ സാഹിത്യപഠനത്തിൽ നിന്നും എപ്രകാരം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കാമോ?

കലാസംസ്കാര പഠനങ്ങൾ എന്ന പൊതുവായ പ്രയോഗം ഒഴിവാക്കേണ്ടതാണ്. ഓരോ സാംസ്കാരിക നിർമ്മിതിയേയും വിശകലനം ചെയ്യാൻ അതിന്റേതായ രീതിശാസ്ത്രം കണ്ടെത്തണം കലയുടെ കാര്യത്തിലും ഇത് പ്രസക്തമാണ്. ചിത്രകല വിശകലനം ചെയ്യുന്ന രീതിശാസ്ത്രം സംഗീതത്തെ വിലയിരുത്താൻ അപര്യാപ്തമാകുമെന്നു തീർച്ച. കലാസാംസ്കാരിക പഠനങ്ങൾക്ക് പൊതുവായ ഒരു രീതിശാസ്ത്രം നിർമ്മിക്കുക സാദ്ധ്യമാകുമെന്നു തോന്നുന്നില്ല.

മലയാള ഗവേഷണത്തിനായി തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥി എന്തൊക്കെ മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട് വ്യക്തമാക്കാമോ?

പ്രാഥമികമായി വേണ്ടത് മലയാള സാഹിത്യ ചരിത്രബോധമാണ്. ഏതു വിഷയത്തിലാണോ ഗവേഷണം നടത്തുന്നത് അതിനെക്കുറിച്ച് ഇതുവരെ നടന്ന പഠനങ്ങളെക്കുറിച്ചുള്ള ധാരണയും. ചില സർവകലാശാലകൾ ഗവേഷണം ഏതെങ്കിലും സിദ്ധാന്തത്തെ മുൻ നിറുത്തി നടത്തണമെന്ന് ശഠിക്കാറുണ്ട്. അങ്ങനെയെങ്കിൽ സ്വീകരിക്കുന്ന സിദ്ധാന്തത്തിലും വേണ്ട പരിചയം നേടണം. പക്ഷേ ഗവേഷണത്തിനു യഥാർത്ഥമായ മൗലികതയുണ്ടാവണമെങ്കിൽ സിദ്ധാന്തവും ഗവേഷകൻ തന്നെ കണ്ടെത്തണം. അത് അയാൾ സ്വീകരിക്കുന്ന രീതിശാസ്ത്രത്തിന്റെതന്നെ ഭാഗമാകണം.


കേരളത്തിലെ സർവകലാശാലകളിൽ മലയാളഗവേഷണത്തിന് മതിയായ പിന്തുണ ലഭിക്കുന്നുണ്ടോ ? എന്താണ് അഭിപ്രായം ?

  പണ്ടത്തേതിനെ അപേക്ഷിച്ച് മലയാളഗവേഷണത്തിന് സർവകലാശാലകളിൽ നിന്ന് ഇന്ന് പിന്തുണ ലഭിക്കുന്നുണ്ട്.


ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ നിലവാരതകർച്ച ഒരു പ്രധാനപ്രശ്നമല്ലേ ? മലയാളത്തിൽ ഇന്ന് നിലവിലുള്ള ജേണലുകളെ വിലയിരുത്താമോ ?

  കേരളസാഹിത്യഅക്കാദമിയുടെ സാഹിത്യലോകം മലയാള ഗവേഷണപ്രബന്ധങ്ങൾ ചില വ്യവസ്ഥകൾക്ക് വിധേയമായി പ്രസിദ്ധീകരിക്കുന്നുണ്ട്. പക്ഷേ അക്കാദമിക് ഗുണനിലവാരത്തെക്കാൾ മറ്റു പല പരിഗണനകളും  ആ തെരഞ്ഞെടുപ്പിനു പിന്നിലുണ്ടെന്ന് തോന്നുന്നു. ചില കോളെജുകളിൽ നിന്നു ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണങ്ങൾ ഉണ്ട്. പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുക്കുന്നതിന് മുമ്പു തന്നെ പ്രബന്ധങ്ങൾ പരിശോധിക്കാൻ ഒരു വിദഗ്ധ കമ്മറ്റിയുമുണ്ട്. ഈ കമ്മറ്റിയുടെ പ്രവർത്തനം ഫലപ്രദമാകുന്നില്ല എന്നാണ് തോന്നുന്നത്. ഗവേഷകന് പ്രബന്ധം സമർപ്പിക്കുന്നതിനു മുമ്പ് ചില പ്രസിദ്ധീകരണങ്ങൾ വേണം. അതുകൊണ്ട് ഒരു ഉദാര സമീപനമാകാം എന്ന ചിന്തയും നിലവാരം കുറഞ്ഞ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണത്തിന് കാരണമാകുന്നുണ്ട്.

 

മലയാളത്തിൽ നടത്തുന്ന ഗവേഷണങ്ങളുടെ കണ്ടെത്തലുകൾ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ? സമൂഹത്തിന് പ്രയോജനപ്രദമാകുംവിധം എപ്രകാരം അവയെ രൂപപ്പെടുത്താം?

 

 ഗവേഷണത്തിന്റെ കണ്ടെത്തലുകൾ ജനങ്ങളിലെത്താനുള്ള മാർഗ്ഗം അവയുടെ സംഗ്രഹങ്ങളെങ്കിലും പ്രസിദ്ധീകരിക്കുകയാണ്. ശാസ്ത്രഗവേഷണത്തിന്റെ കണ്ടെത്തലുകൾ സാമൂഹിക ജീവിതത്തെ ബാധിക്കുന്നതു പോലെ സാഹിത്യ ഗവേഷണത്തിന്റെ ഫലങ്ങൾ ബാധിക്കുകയില്ല. മസ്തിഷ്കജ്വരത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള ഗവേഷണം രോഗം പ്രതിരോധിക്കാൻ സഹായകമാകും. വൈലോപ്പിള്ളി ക്കവിതയിലെ നൊസ്റ്റാൾജിയയെക്കുറിച്ചുള്ള ഗവേഷണം ആ കവിതയുടെ ഗഹനതലങ്ങൾ വിശദമാക്കുകയേയുള്ളൂ. ശാസ്ത്രഗവേഷണത്തിന്റെ കാഴ്ചപ്പാടിൽ സാഹിത്യ ഗവേഷണത്തെയും കാണുന്നതു കൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ ഉണ്ടാവുന്നത്.

ഭാഷാസാങ്കേതികവിദ്യയുടെ ഉപയോഗം ഗവേഷണ രംഗത്തെ ഏതൊക്കെ രീതിയിൽ സ്വാധീനിക്കും?  അവയെ എങ്ങനെ  പ്രയോജപ്പെടുത്താം?

 ഭാഷാ സാങ്കേതികവിദ്യ എല്ലാ പഠനങ്ങളെയും ഗാഢമായി സ്വാധീനിക്കുന്നുണ്ട്. പക്ഷേ മലയാളത്തിൽ ഭാഷാസാങ്കേതിക വിദ്യയുടെ വളർച്ച തികച്ചും അപര്യാപ്തമാണ്. ഗവേഷണത്തിൽ വസ്തുതകളുടെ സംഭരണം, അടുക്കൽ, അപഗ്രഥനം എന്നീ കാര്യങ്ങൾ അത് കൂടുതൽ സുകരമാക്കും.


മലയാള ഗവേഷണരംഗം കൂടുതൽ പ്രസക്തവും ശക്തവുമാക്കാൻ എന്തൊക്കെ നിർദ്ദേശങ്ങൾ നൽകാനാകും?

 യഥാർത്ഥഗവേഷണ താല്പര്യമുള്ളവർ മാത്രം ഗവേഷണ രംഗത്തു കടന്നുവരുന്നു എന്നുറപ്പാക്കുക. പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണത്തിന് സാമ്പത്തികസഹായം നല്കുക. അല്ലെങ്കിൽ പ്രസിദ്ധീകരണ ചുമതല സർവകലാശാലകൾ ഏറ്റെടുക്കുക.

 

അന്തർവൈജ്ഞാനിക പഠനമേഖലകൾ മലയാളത്തിൽ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം? അഭിപ്രായം പങ്കുവയ്ക്കാമോ?

മനശ്ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ചരിത്രം , ഭാഷാശാസ്ത്രം എന്നീ വിദ്യാ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ഗവേഷണം സാദ്ധ്യമാണ്. അത് സാഹിത്യ ഗവേഷണത്തിന്റെ അതിരുകൾ വികസിപ്പിക്കും.

 

വരും നാളുകളിൽ  മലയാള ഗവേഷണരംഗത്തിന് എന്തൊക്കെ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. നിരീക്ഷണം പങ്കുവയ്ക്കാമോ?

 കൂടുതൽ സങ്കീർണ്ണമായ വിഷയങ്ങൾ സ്വീകരിച്ചേക്കും. കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും വിനിയോഗം വർദ്ധിക്കും.



 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

              ഷീന എസ്

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page