top of page

മാനസിക അസ്ഥിരതയും ലഹരി അടിമത്വവും — ഭഗവദ്ഗീതയിലെ സാംഖ്യശാസ്ത്രത്തിലൂടെ  ദാർശനിക കൗൺസിലിംഗ് യുവതലമുറക്ക് വഴികാട്ടുമ്പോൾ..

Updated: Jul 15

ഐശ്വര്യ പി. എൻ.
ree

സംഗ്രഹം

കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് പ്രകൃതി വഴങ്ങുമ്പോൾ പ്രകൃതിയുടെ ഭാഗമായ മനുഷ്യനും മാറ്റങ്ങള്‍ക്ക്  വിധേയനായികൊണ്ടിരിക്കും. ഇത്തരം ബാഹ്യമായ പ്രേരണകളാൽ മാറുന്ന മനുഷ്യന്റെ മാറാത്ത ഒരു സത്യം അവന്റെ ഓര്‍മകള്‍ ആണ്. ഓർമകൾക്കിടയിൽ ഉണ്ടാകുന്ന വിഷമങ്ങളും ആശങ്കകളും മനസിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. ഇത്‌ മാനസിക പിരിമുറുക്കത്തിനും നിയന്ത്രണമില്ലായ്മക്കും വഴി തെളിക്കുന്നു. ജീവിതത്തിൽ ലക്ഷ്യബോധം ഇല്ലാതാകുന്ന അവസ്ഥയിലേക്ക് ഇത് നയിക്കപ്പെടുമ്പോൾ മനുഷ്യന് സ്വയം ഒരു ആത്മ ശൂന്യത അനുഭവപ്പെട്ടേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നിലും ആനന്ദം കണ്ടെത്താൻ കഴിയാതെ വരും. എവിടെയെന്നില്ലാതെ ആനന്ദം തേടി പല വഴിയിലൂടെ മനസ്സ് സഞ്ചരിക്കും. അപ്പോൾ, വളരെ എളുപ്പത്തില്‍ കയറിപ്പറ്റാൻ കഴിയുന്ന  താല്‍ക്കാലിക സംതൃപ്തിയും ആനന്ദവും നിറഞ്ഞ, കപടമായ കവാടത്തിന് വാതിൽ തുറന്ന് മനസ്സിനെ മോഹിപ്പിച്ചു കൊണ്ടു പോയേക്കാവുന്ന ദീര്‍ഘകാല തടവറയാണ് ലഹരി. ഇതില്‍ നിന്ന് ഒരു മോചനം യുവതലമുറക്ക് വേണമല്ലോ? ഇനി അതിനുള്ള വഴിയാണ് നാം കാണേണ്ടത്. ദാര്‍ശനികമായ ചിന്തകളുടെ അടിസ്ഥാനത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്താല്‍ എത്രത്തോളം ഒരു പരിഹാരം കാണാന്‍ കഴിയുമെന്ന് ആലോചിക്കുകയാണ് ഈ ലേഖനത്തിൽ. ദാര്‍ശനിക കൗൺസിലിംഗ് എന്ന നൂതന പ്രസ്ഥാനത്തെ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകള്‍ ആണ് ഈ ലേഖനത്തിന്റെ ഉദ്ദേശം. ഭഗവദ്ഗീതയുടെ സാംഖ്യാശാസ്ത്രത്തെ ഒരു കൗൺസിലിംഗ് ഉപകരണമായി എടുത്തുകൊണ്ട് എങ്ങനെ ഈ വിഷയത്തെ ചര്‍ച്ച ചെയ്യണമെന്നുള്ള ശ്രമം ആണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.


താക്കോൽ വാക്കുകൾ: ദാർശനിക കൗൺസിലിംഗ്, ലഹരി, സംഖ്യാബുദ്ധി, ഭഗവദ്ഗീത  

 

വിവരണം

ആധുനിക കാലത്തിലെ  യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നം മനസിന്റെ നിയന്ത്രണമില്ലായ്മയാണ്. മനസ്സിനെ സ്വയം നിയന്ത്രിക്കാൻ  അവർക്ക്  കഴിയുന്നില്ല. എല്ലാ പ്രശ്നങ്ങളുടെയും തുടക്കം ഇതിൽ  നിന്നുമാണ്. ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും ഉണ്ടായേക്കാവുന്ന കൊച്ചു കൊച്ചു സമ്മർദ്ധങ്ങൾ പോലും പുതിയ തലമുറയെ വലിയ രീതിയിൽ അസ്വസ്ഥരാക്കുന്നു. പ്രശ്നങ്ങളുടെ തീവ്രത പോലും തിരിച്ചറിയാനുള്ള വിവേകം ഉണ്ടാകാതെ വരുമ്പോൾ മനസ്സ് വ്യതിചലിക്കുന്നു. ഈ വ്യതിയാനം കൊണ്ടെത്തിക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴിയിലേക്കല്ല. മറിച്ച്, പ്രശ്നങ്ങളെ മറക്കാൻ എന്തെങ്കിലും മാർഗം അന്വേഷിക്കലിലേക്കാണ്. അങ്ങനെയുള്ള അന്വേഷണത്തിൽ പെട്ടെന്ന് എത്തപ്പെടാൻ കഴിയുന്ന സ്ഥാനം ലഹരിയും മയക്കുമരുന്നും തന്നെയാണ്. ഇതിൽ നിന്നും മാനസികമായി തന്നെ പിന്തിരിയാനുള്ള മാർഗനിർദ്ദേശങ്ങൾ വളരെ ചെറിയ പ്രായം മുതൽ കുട്ടികളിൽ  ഉണ്ടാക്കിയെടുക്കാൻ ഭഗവദ്ഗീത ദർശനത്തിന് കഴിയും. ഭഗവദ്ഗീതയിലെ സാംഖ്യശാസ്ത്രം, വിവേചനപരവും ജ്ഞാനാധിഷ്ഠിതവുമായ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു ധാരണയെ പ്രതിപാദിക്കുന്നു; ശരീരം, മനസ്സ്, വികാരങ്ങൾ എന്നിവയെ വേർതിരിച്ചറിയാൻ പഠിപ്പിക്കുന്ന ഒരു ജ്ഞാന-യോഗ വീക്ഷണം. ഈ ആശയത്തെ ഒരു ദാർശനിക കൗൺസിലിംഗ് ഉപകരണമായി എടുത്തുകൊണ്ട് ഇന്നത്തെ വലിയൊരു പ്രശ്നത്തെ പരിഹരിക്കാനാകുമോ എന്നു നോക്കാം.

 ദൈനംദിന ജീവിതത്തിൽ ഇന്ന് വളരെയധികം അലട്ടുന്ന ചർച്ചാവിഷയമാണ് ലഹരി. സ്കൂൾ കുട്ടികളുടെ ഇടയിൽ പോലും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം  എല്ലാവരെയും മാനസികമായി വ്യാകുലപ്പെടുത്തുന്നുണ്ട്. ഈയിടെ ദിനപത്രങ്ങളിൽ ലഹരിക്കുരുക്കിൽ വീണുപോയ കുഞ്ഞുങ്ങളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ മാത്രമാണ് കൂടുതൽ വാർത്തയായിരിക്കുന്നത്. ഇത്തരത്തിലുള്ള ആസക്തിയുടെ മൂല കാരണം എന്താണെന്ന് അന്വേഷിക്കലാണ് ഇതിൽ   നിന്നും സ്വതന്ത്രമാവാനുള്ള ആദ്യത്തെ ചവിട്ടുപടി. അസ്വസ്ഥമായ മനസ്സ്,  യുവാക്കളിൽ ഉളവാകുന്ന ഉത്കണ്ഠകൾ, തൽക്ഷണം ഉണ്ടായേക്കാവുന്ന ആനന്ദത്തിന് കോട്ടം സംഭവിക്കൽ, ജീവിത സാഹചര്യം, ചുറ്റുപാട്.. എന്നിവയൊക്കെ ലഹരിക്കടിമയാകുന്ന വ്യക്തികളുടെ കാരണങ്ങൾ  ആണ്. ഈ സന്ദർഭത്തിൽ ഭഗവദ്ഗീതയിലെ സാംഖ്യശാസ്ത്രം ആഴത്തിളുള്ള ഒരു ദാർശനിക പരിഹാരം വാഗ്ദാനം ചെയ്യുന്നു. 

ലഹരി എന്നത് ഇന്ദ്രിയങ്ങളാൽ നയിക്കപ്പെടുന്ന ഒരു ആസക്തിയാണ്. ഇന്ദ്രിയങ്ങൾ എപ്പോഴും മനസ്സിനെ ആഗ്രഹങ്ങൾക്കു പിറകെ വലിച്ചുകൊണ്ടുപോകുന്നു. താൽക്കാലിക ആനന്ദത്തിന് പിറകെ പോകുന്ന മനസ്സിനെ സ്ഥിരമായ ആന്തരിക സംതൃപ്തിയിലേക്ക് നയിക്കാൻ ഇന്ദ്രിയങ്ങൾക്കും അതിലൂടെ മനസ്സിനും കഴിയണം. ഭഗവദ്ഗീതയുടെ വിശദീകരണം ഇങ്ങനെ:

ധ്യായതോ വിഷയാൻ പുംസഃ

സംഗസ്തേഷൂപജായതേ

സംഗാത് സംജായതേ കാമഃ

കാമാത് ക്രോധോഽഭിജായതേ.         (ഗീത 2.62)

 

---- വിഷയങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന് അവയിൽ ആസക്തി ജനിക്കുന്നു. ആസക്തിയിൽ നിന്നു കാമം (ശക്തമായ ആഗ്രഹം) ഉടലെടുക്കുന്നു. കാമത്തിൽ നിന്നു ക്രോധവും ഉടലെടുക്കുന്നു;...

 

ക്രോധാദ് ഭവതി സമ്മോഹഃ

സമ്മോഹാത് സ്മൃതിവിഭ്രമഃ

സ്മൃതിഭ്രംശാദ് ബുദ്ധിനാശോ

 ബുദ്ധിനാശാത് പ്രണശ്യതി.   (ഗീത 2.63)

--- ക്രോധത്തിൽ നിന്ന് അവിവേകവും  അവിവേകത്തിൽ നിന്ന് ഓർമ്മയില്ലായ്മയും. ഓർമ്മയില്ലായ്മ മൂലം വിവേകബുദ്ധിയും നശിക്കുന്നു. വിവേകബുദ്ധി നഷ്ടപ്പെടുന്നതോടെ ആ മനുഷ്യൻ (ആദ്ധ്യാത്മികമായി) നശിക്കുന്നു.

ലഹരി വസ്തുക്കളുടെ  ഉപയോഗം മനുഷ്യന്റെ  കേന്ദ്ര നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. ഒരുപക്ഷേ യുവാക്കളോ കുട്ടികളോ ഇതിനെ  ഒരു ജിജ്ഞാസയോടെ സമീപിക്കുന്നതാവാം; എങ്ങനെയാണ് ഇതിലൂടെ ആനന്ദം കണ്ടെത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയാകാം ചുരുക്കം ചില യുവാക്കളെ ഈ പുകമറയിലേക്കെത്തിക്കുന്നത്. ഇത്തരം അമിതമായ ആഗ്രഹവും അത് നേടിയെടുക്കണമെന്നുള്ള പ്രായത്തിന്റേതായ ആവേശവും മനുഷ്യനെ കൊണ്ടെത്തിക്കുന്നത, മാനസ്സികമായും ശാരീരികമായും  കാർന്നുതിന്നുന്ന മഹാരോഗത്തിലേക്കാണെന്ന് അവൻ അറിയുന്നില്ല. അങ്ങനെ തിരിച്ചറിയാനുള്ള വിവേകം പോലും പുതു തലമുറക്കില്ലതാനും. അമിത ആവേശത്താൽ ഇതിന് അടിമപ്പെട്ട് പോകുന്ന കുട്ടികൾക്ക് പിന്നീട് അത് കിട്ടാതെയാകുമ്പോൾ  മനസ്സിന് സ്ഥിരത ഇല്ലാതാവുകയും ക്രോധം അവനെ മൃഗീയതയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ബന്ധങ്ങൾ അവന് ബന്ധനങ്ങളായി തോന്നിതുടങ്ങും, അങ്ങനെ ആ ബന്ധനങ്ങളെ മറികടക്കാൻ പെറ്റമ്മയെയും കൂടെപ്പിറപ്പുകളെയും പോലും കൊന്ന് ആ ശക്തിയുടെ പുറകെ വീണ്ടും സഞ്ചരിക്കും. സ്വന്തം മകൻ ലഹരിക്ക് അടിമയായി കാണിച്ചുകൂട്ടിയ കോലാഹലങ്ങൾ വർഷങ്ങളോളം സഹിച്ച ഒരു അമ്മ പോലീസിൽ പരാതി നല്കി മകനെ പിടിച്ചുകൊണ്ട് പോകുന്നത് കണ്ടുനില്ക്കുന്ന ദയനീയമായ കാഴ്ചയുടെ വാർത്തയിലൂടെയാണ് ഇന്ന് എന്റെ ദിവസം തുടങ്ങിയത് തന്നെ. വാർത്തയിലൂടെ നാം അറിയുന്നത് നൂറിൽ  ഇരുപത് ശതമാനം മാത്രം. ഇങ്ങനെ അമിതമായ ആഗ്രഹങ്ങൾ നമ്മെ നാശത്തിലേക്ക് നയിക്കുമെന്ന് 5000 വർഷങ്ങൾക്ക് മുമ്പെ ശ്രീകൃഷ്ണൻ സൂചിപ്പിച്ചിട്ടുള്ളതായിരുന്നുവെന്ന് മാത്രം ഇവിടെ ഓർമിപ്പിക്കുന്നു. മനുഷ്യന് അവന്റെ ഇന്ദ്രിയങ്ങൾക്ക്  കടിഞ്ഞാൺ ഇടാതെ  സ്വതന്ത്രമാക്കി വിട്ടാൽ അവന് പോലും എത്താൻ  കഴിയാത്ത ഇടങ്ങളിലേക്ക് മനസിനെ അവർ കൊണ്ടെത്തിക്കും. ഇതാണ് എല്ലാ വിധത്തിലുമുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾക്കും നിദാനം. കോപം എന്നത് അടങ്ങാത്ത ആഗ്രഹത്തിൽ നിന്നും ജനിക്കുന്നതാണ്. ഒരുതരത്തിൽ, അടങ്ങാത്ത ആഗ്രഹമാണ് കോപമെന്ന് പറയാം. ആഗ്രഹങ്ങളെ അടക്കിവെക്കാൻ സാധിക്കാതെ വരുന്ന ഒരാൾക്ക് സംഭവിക്കാവുന്ന ഒരു മാനസിക വികാരം ആണ് കോപം. ഒരുപക്ഷേ ഇങ്ങനെ ചിന്തിക്കാം; ആഗ്രഹങ്ങൾ അത്യന്തം പൂർണതയോടെ ലഭ്യമായി കഴിഞ്ഞ ഒരുവൻ അതിൽ  തൃപ്തനായി എത്ര നിമിഷം ഇരിക്കാൻ കഴിയും. മനുഷ്യന് സുഖങ്ങൾ നൈമിഷികമാണ്. ആഗ്രഹത്തിന് പരിധിയില്ല. പൂർത്തീകരിക്കപ്പെട്ട ആഗ്രഹം അത്യാഗ്രഹത്തിലേക്ക് നയിക്കുന്നു. മഹാഭാരത കഥയിൽ ചൂതാട്ടത്തിൽ ആകർഷിക്കപ്പെട്ട ധർമപുത്രർ പോലും ചെന്നു വീണത് അബദ്ധത്തിലേക്കാണല്ലോ..അത് ബുദ്ധിക്ഷമത കൂടിയവനും പറ്റാവുന്ന അബദ്ധം. എന്ത് കാര്യവും നേടിയെടുക്കാനും ചിന്തിക്കാനും വിവേകത്തോടെ പെരുമാറാനും ഒക്കെയുള്ള കഴിവ് മനുഷ്യന് മാത്രമേ ഉള്ളൂ. അങ്ങനെയുള്ള മനുഷ്യന് എന്തുകൊണ്ട് അവന്റെ അമിതമായ ആഗ്രഹങ്ങളെയും നിയന്ത്രിക്കാൻ  കഴയുന്നില്ല.. കഴിയും എന്നു തന്നെയാണ് എന്റെ വാദം. ഒരു കുഞ്ഞിന് തിരിച്ചറിയാനുള്ള പ്രായവും പ്രാപ്തിയുമായി കഴിയുമ്പോൾ മുതൽ അവനെ അല്ലെങ്കിൽ അവളെ, ഇന്ദ്രിയങ്ങളെ(ഒരു പരിധിവരെ) നിയന്ത്രിക്കേണ്ട ആവശ്യകതയും പ്രോൽസാഹനവും നല്കുക. മുതിർന്നവരെ മാതൃകയാക്കുന്ന അവർ അവരിലൂടെ അതും പഠിക്കട്ടെ..  ഭഗവദ്ഗീതയും അതുതന്നെയാണ് നിർദ്ദേശിക്കുന്നത്.

ഭഗവദ്ഗീത അനുസരിച്ച് ഇന്ദ്രിയങ്ങളെ അടിച്ചമർത്തേണ്ടതില്ല, മറിച്ച് ജ്ഞാനം, സ്ഥിരമായ പരിശീലനം, വിവേകം, സന്തുലിതാവസ്ഥ എന്നീ മാർഗങ്ങളിലൂടെ മനസ്സിനെ ത്വരിതപ്പെടുത്തുക. ഭഗവദ്ഗീതയിലെ രണ്ടാം അധ്യായത്തിൽ ഇന്ദ്രിയങ്ങളെയും മനസിനെയും ക്രമേണ നിയന്ത്രിക്കാനുള്ള വഴിയായി ശ്രീകൃഷ്ണൻ പറയുന്നത് ബുദ്ധിയോഗവും ജ്ഞാനയോഗവും ആണ്. മനസ്സിനേയും ഇന്ദ്രിയങ്ങളെയും സന്തുലിതമാക്കാൻ യോഗ സഹായിക്കുന്നു. “യോഗസ്ഥ കൂരു കർമ്മാണി സങ്ഗം ത്യക്ത്വാ ധനഞ്ജയ”(2.48)— ആസക്തി ഉപേക്ഷിച്ച് യോഗയിൽ സ്ഥാപിതമായ പ്രവർത്തികൾ  ചെയ്യാൻ കൃഷ്ണൻ  അർജുനനെ ഉപദേശിക്കുന്നു. ഇവിടെ ലഹരി എന്ന കുരുക്കിൽ വീണുപോയ യുവാക്കളോടും മനസ്സ്  ചഞ്ചലമാകുന്ന അവസ്ഥയിൽ ഒരിക്കലെങ്കിലും അതിൽ  നിന്നു കെട്ടുപൊട്ടിച്ച് പുറത്തുവരണമെന്ന് തോന്നുന്ന അവസരത്തിൽ യോഗ നിങ്ങൾക്കൊരു ഒറ്റമൂലിയായിരിക്കും എന്നത് നിസംശയം സ്ഥാപിക്കാനാകും. യോഗയിലൂടെ സമചിത്തതയോടെ പ്രവർത്തിക്കാനാവും. ഇതിലൂടെ മനസ്സ് ഇന്ദ്രിയ ആകർഷണങ്ങളാൽ വശീകരിക്കപ്പെടാതെ നിലനില്ക്കാനാവും എന്നത് വാസ്തവം. ഭാഗവദ്ഗീതയിൽ മനസ്സും ഇന്ദ്രിയങ്ങളും തമ്മിലുള്ള ബന്ധം പറയുന്നത് ആണ് ചുവടെ സൂചിപ്പിച്ചിരിക്കുന്നത്

 

രാഗദ്വേഷവിയുക്തൈസ്തു

വിഷയാനിന്ദ്രിയൈശ്ചരൻ

ആത്മവശ്യൈർവിധേയാത്മാ

 പ്രസാദമധിഗച്ഛതി.           (ഗീത 2.64)

--യാതൊരുവൻ രാഗദ്വേഷങ്ങളില്ലാത്തവയും സ്വാധീനത്തിലുള്ളവയുമായ ഇന്ദ്രിയങ്ങളിലൂടെ വിഷയങ്ങളെ അനുഭവിക്കുന്നുവോ ആത്മസംയമനമുള്ള ആ വ്യക്തി മനഃശാന്തിയടയുന്നു.

 

പ്രസാദേ സർവദുഃഖാനാം

ഹാനിരസ്യോപജായതേ

പ്രസന്നചേതസോ ഹ്യാശു

 ബുദ്ധിഃ പര്യവതിഷ്ഠതേ.       (ഗീത 2.65)

 

--മനസ്സു് പ്രശാന്തമാകുമ്പോൾ അവൻ്റെ സകല ദുഃഖങ്ങളും ഇല്ലാതാകുന്നു. പ്രശാന്തമനസ്‌കൻ്റെ ബുദ്ധി വേഗംതന്നെ സുസ്ഥിരമാകുകയും ചെയ്യുന്നു.

 

ഇന്ദ്രിയാണാം ഹി ചരതാം

യന്മനോഽനുവിധീയതേ

തദസ്യ ഹരതി പ്രജ്ഞാം

 വായുർനാവമിവാംഭസി.         (ഗീത2.67 )

 

--- വിഷയങ്ങളിൽ അലയുന്ന ഇന്ദ്രിയങ്ങളെ പിന്തുടരുന്ന മനസ്സു്, വെള്ളത്തിലെ തോണിയെ കാറ്റെന്നപോലെ ബുദ്ധിയെ (ലക്ഷ്യത്തിൽനിന്ന്) ദൂരെ വലിച്ചുകൊണ്ടു പോകുന്നു.

 

വിഹായ കാമാൻ യഃ സർവാൻ

പുമാംശ്ചരതി നിഃസ്പൃഹഃ

നിർമമോ നിരഹങ്കാരഃ

 സ ശാന്തിമധിഗച്ഛതി.        (ഗീത 2.71)

 

--- യാതൊരുവൻ എല്ലാ കാമങ്ങളെയും വെടിഞ്ഞു് ആഗ്രഹം, മമത, അഹങ്കാരം ഇവയിൽനിന്നു മുക്തനായി ജീവിക്കുന്നുവോ അവൻ ശാന്തിയെ പ്രാപിക്കുന്നു.



യദാ സംഹരതേ ചായം

കൂർമോഽങ്ഗാനീവ സർവശഃ

ഇന്ദ്രിയാണീന്ദ്രിയാർത്ഥേഭ്യ

സ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ. (ഗീത 2.58)


--ആമ തൻ്റെ അവയവങ്ങളെ പിൻവലിക്കുന്നതുപോലെ, എല്ലാ വിഷയങ്ങളിൽനിന്നും യാതൊരുവൻ തൻ്റെ ഇന്ദ്രിയങ്ങളെ പിൻവലിക്കുന്നുവോ അവൻ്റെ പ്രജ്ഞ സ്ഥിരമായതാണു്.


ഭഗവദ്ഗീതയും നിരവധി ദാർശനിക പാരമ്പര്യങ്ങളും യോഗയെ ഇന്ദ്രിയ നിയന്ത്രണത്തിനുള്ള ശക്തമായ ഒരു മാർഗമായി അവതരിപ്പിച്ചിരിക്കുന്നു. ഇവിടെ ശാരീരിക ആസനങ്ങൾ മാത്രമല്ല മാനസിക ആസനങ്ങൾക്കാണ്  പ്രാധാന്യം കൂടുതൽ. മനസ്സ് ഒരൊറ്റ വസ്തുവിൽ കേന്ദ്രീകരിച്ച് ധ്യാനം ചെയ്യുന്നതിലൂടെ ഇന്ദ്രിയങ്ങളെ നമ്മുടെ പരിധിയിൽ കൊണ്ടുവരാൻ യോഗയിലെ മാനസിക ആസനങ്ങൾക്ക്  കഴിയും.  പതിവായി യോഗ പരിശീലനത്തിലൂടെ ലഹരി മാത്രമല്ല മറ്റ് ഏത് തരത്തിലുള്ള അമിതമായ ആസക്തിക്കും നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും. ദാർശനിക കൗൺസിലിംഗ്, പ്രശ്നങ്ങളെ വസ്തുനിഷ്ഠമായി കാണാൻ സഹായിക്കുന്നു. യോഗയിലൂടെ അച്ചടക്കമുള്ള ജീവിത ശൈലി മെച്ചപ്പെടുത്തിയെടുക്കാൻ കഴിയും. ദാർശനിക കൗൺസിലിംഗ്, സ്വാധ്യായത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്; സ്വയം അറിയുക, സ്വയം പ്രശ്നങ്ങളെ പഠിക്കുക, അതിനു സ്വയം പരിഹാരം കാണുക. ഇതിന് വളരെ മികച്ച കൗൺസിലിംഗ് രീതി യോഗയിൽ ഉണ്ട്. യോഗയിലെ യമ-നിയമ ആസനങ്ങൾ അർഥപൂരണമായ ജീവിതത്തിനായുള്ള മാർഗനിർദ്ദേശങ്ങളായി ഉപയോഗിക്കാവുന്നതാണ്. മനസ്സിനെ ശാന്തമാക്കാൻ ധ്യാനവും പ്രാണായാമവും സഹായിക്കുന്നു. ഇങ്ങനെ ജീവിത ലക്ഷ്യങ്ങളെ പുന:ക്രമീകരിക്കാൻ സഹായിക്കുന്നതിലൂടെ യോഗയെ ഒരു കൗൺസിലിംഗ് ഉപകരണമായി തത്വശാസ്ത്രം കണക്കാക്കിയിരിക്കുന്നു.


നിഗമനം

മാനസ്സിക അസ്ഥിരതയാലും ലഹരി അടിമത്വത്തിലൂടെയും നമ്മുടെ യുവ തലമുറ കൈവിട്ടു പോയിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ, അവരെ ഏതൊക്കെ മാർഗങ്ങളിലൂടെ വെളിച്ചത്തിലേക്ക് നയിക്കാമെന്ന ആലോചനയാണ് ഇന്ന് പലയിടങ്ങളിലും നടക്കുന്നത്. ഇതിനായി വിവിധ മേഖലകളിൽ പ്രത്യേക തരം സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. തത്ത്വചിന്തയുടെ മേഖലയിൽ ഇതിന് എന്ത് ചെയ്യാനാനാവും എന്ന ചോദ്യത്തിന് ഒരു മറുപടിയെന്നോണമാണ് ഈ ലേഖനം പൂർത്തിയാക്കിയിരിക്കുന്നത്. ഭഗവദ്ഗീതയിലെ സാംഖ്യാശാസ്ത്രത്തെ     കൗൺസിലിംഗ് രീതികളാക്കി എടുത്തുകൊണ്ട് ദാർശനിക കൗൺസിലിംഗ് വഴി ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ആത്മ ജ്ഞാനത്തിലൂടെ, വിവേകത്തിലൂടെ, ഇന്ദ്രിയ നിയന്ത്രണത്തിലൂടെ ലഹരി എന്ന മഹാവിപത്തിനെ പൂർണ്ണമായും ഇല്ലായ്മ ചെയ്യാൻ കഴയുമെന്ന് തന്നെ പ്രതീക്ഷിക്കാം. സാംഖ്യശാസ്ത്രത്തിന്റെ പ്രകാശത്തിൽ യുവതലമുറക്ക് ആത്മവിശ്വാസം പകരാനും ജീവിത സമസ്യകളെ നേരിടാൻ മാനസിക ബലമുള്ളവർ ആയി മാറാനും ഉന്നതമായ ദാർശനിക കൗൺസിലിംഗ് സാങ്കേതികതകളാണ് ഭഗവദ്ഗീതയിലുള്ളത്. മാനസിക സ്ഥിരതയും ലഹരിയിൽ  നിന്നുള്ള മോചനവും നേടി ലോകത്തിന് പ്രയോജനം ചെയ്യുന്ന പുതിയ തലമുറകൾ നമുക്ക് ചുറ്റും പുതുമയുള്ള പ്രകശമേകട്ടെ എന്ന പ്രാർഥനയോടെ ലേഖനം അവസാനിപ്പിക്കുന്നു.  

ഗ്രന്ഥസൂചി

  1. The Bhagavad Gita

  2. Ranganathananda, Swami. Universal Message of the Bhagavad Gita: An exposition of the Gita in the Light of Modern Thought and Modern Needs. Advaita Ashrama (A Publication House of Ramakrishna Math, Belur Math), 2000.

  3. Bhattathiri, M. P. and Govt. of Kerala. Bhagavad Gita and Management. www.vaikhari.org.

  4. Simoes, Stephanie. “Liberation and Non-Attachment: Arjuna’s Fear in the Bhagavad-Gītā.” Graduate Program in Philosophy, Faculty of Humanities, Brock University, by Graduate Program in Philosophy and Faculty of Humanities, Brock University, thesis, 2015, pp. 1–89.

  5. Hagiu, Adrian, et al. “A New Method in Philosophical Counseling (IPAA).” Postmodern Openings, vol. 14, no. 1, Apr. 2023, pp. 46–61. https://doi.org/10.18662/po/14.1/603.


ഐശ്വര്യ. പി. എൻ

റിസെർച്ച് സ്കോളർ

ഫിലോസഫി വിഭാഗം

ഗവൺമെന്റ് കോളേജ് ഫോർ വുമൺ

വഴുതക്കാട്

തിരുവനന്തപുരം


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page