top of page

'മാനസികആഘാതം' അകവും പുറവും: ചന്ത്രക്കാറനിൽ

Updated: Jul 15

ഡോ. ആഷ പുല്ലാട്ട്
ree

സംഗ്രഹം; വ്യക്തിയുടെ നിയന്ത്രണത്തിനും അതീതമാണ് മനസ്സ്.മനുഷ്യമനസ്സിലെ സംഘർഷങ്ങൾക്ക് സമൂഹത്തിൻറെ താളക്കേടുകൾകാരണമാകുന്നു.തിരുവിതാംകൂറിലെ രാജവംശം വംശവിച്ഛേദം നടത്തിയ എട്ടുവീട്ടിൽ കുടുംബത്തിൽപ്പെട്ട ഒരംഗം എന്ന നിലയിൽ ചന്ത്രക്കാരമാനസികഭാവങ്ങളെയും അത്തരമൊരു മാനസികാഘാതത്തിലേക്ക് അയാളെ എത്തിച്ച പരിതസ്ഥിതികളെയും മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

 

താക്കോൽ വാക്കുകൾ : മനശാസ്ത്രപരമായ ആഘാതം, പരിതസ്ഥിതികൾ ,അന്ത: സംഘർഷം, നോട്ടപ്പുള്ളി ,ഒറ്റപ്പെടൽ, ,മാനസികവ്യഥ, ആന്തരിക ലോകം, വികർഷണ പ്രതികരണങ്ങൾ, ജന്മവാസനകളുടെ സാമൂഹ്യവൽക്കരണം

 

വ്യക്തിയുടെ നിയന്ത്രണത്തിന് അപ്പുറം നിൽക്കുന്ന ഒന്നാണ് മനസ്സ്. മനസ്സിന് രോഗവും ആരോഗ്യവും കൽപ്പിക്കപ്പെടുന്നു ചിന്തയും വികാരവും തമ്മിലുള്ള സംഘർഷം മനസ്സിൽ ആസ്വാസ്ഥ്യം ജനിപ്പിക്കുന്നു മനുഷ്യമനസ്സിലെ സംഘർഷങ്ങൾക്ക് സമൂഹത്തിന്റെ താളക്കേടുകൾ കാരണങ്ങളായി തീരുന്നു കരുത്തുറ്റ വ്യക്തിത്വത്തിന്റെ ഭിന്ന മുഖങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനെയാണ് ആത്മസംഘർഷം എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്

പരിതസ്ഥിതികളും വ്യക്തിയും

 

മനുഷ്യവ്യക്തികളെപ്പോലെ തന്നെ പരിതസ്ഥിതികൾക്കും  വ്യക്തിത്വങ്ങൾ ഉണ്ട്. ചില പരിതസ്ഥിതികൾ മനുഷ്യനെ വളർത്തുമ്പോൾ മറ്റുചിലത് മനുഷ്യനെ തളർത്തുന്നു. മാനുഷിക പെരുമാറ്റങ്ങളിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നത് സമൂഹമാണ്.ഒരു വ്യക്തിക്ക് അയാളുടെ മതത്തിന്റെയും സമൂഹത്തിന്റെയും നിയമങ്ങളോടും വിലക്കുകളോടും പലപ്പോഴും ഏറ്റുമുട്ടേണ്ടി വരുന്നു ഈ അവസ്ഥ വ്യക്തിയിൽ അന്ത സംഘർഷം സൃഷ്ടിക്കുന്നുണ്ട് ഫ്രോയിഡിയൻ ചിന്തഅനുസരിച്ച് മനുഷ്യൻറെ പ്രശ്നങ്ങൾ എല്ലാം സംഘർഷങ്ങൾ മൂലം ഉണ്ടാകുന്നതാണ് ഇത് വ്യക്തിയുടെ ബോധമനസ്സിൽ നിന്നും മറച്ചു വയ്ക്കപ്പെടുന്നു എന്നാൽ മനസ്സ് സംഘർഷങ്ങൾക്കെതിരായി സജീവമായി നിലകൊള്ളുന്നുമാനസിക ഊർജ്ജം സംഘർഷത്തിലും അവയുടെ പ്രതിരോധത്തിലും തളച്ചിടുന്നതിനാൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നു.

 

ചന്ത്രക്കാറ മനസ്സിലെ അന്ത:സംഘർഷം

 

സി.വി.രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലും ധർമ്മരാജായിലും രാമരാജാബഹദൂറിലും കടന്നുവരുന്ന അമാനുഷനായ ഒരു കഥാപാത്രമാണ് ചന്ത്രക്കാറൻ.  ചന്ത്രക്കാറൻ്റെ മനസ്സിലുണ്ടാകുന്ന സംഘർഷം കുട്ടിക്കാലം മുതലേ ഉള്ളതാണ് എട്ടുവീട്ടിൽ കുടുംബത്തിലെ ഒരു അംഗമാണ് ചന്ദ്രക്കാറൻ തിരുവിതാംകൂർ രാജവംശം വംശവിച്ഛേദനത്തിന് ഇരയാക്കിയ തലമുറയിലെ ഒരു അംഗമെന്ന നിലയിൽ അനാഥമായ ബാല്യത്തിലൂടെ കടന്നുപോയ ഒരാൾ അതിനാൽ ആ രാജ്യശക്തിയോട് എങ്ങനെ പ്രതികരിക്കണം എന്നത് അയാളിൽ സംഘർഷം ജനിപ്പിക്കുന്നുണ്ട് എന്നാൽ വംശപരമായി എതിർക്കാൻ അശക്തനായ ചന്ദ്രക്കാറൻ തൻറെ ഉള്ളിലെ സംഘർഷത്തെ അവിടെ ത്തന്നെ പലപ്പോഴും തളച്ചിടുന്നു സമൂഹത്തിൻറെ വിവേചനങ്ങളും പിന്നാക്ക അവസ്ഥകളും വ്യക്തിയിൽ അന്ത : സംഘർഷം സൃഷ്ടിക്കുന്നുണ്ട് തിരുവിതാംകൂർ സമൂഹം ഒരു നോട്ടപ്പുള്ളി ആയിട്ടാണ് ചന്ത്രക്കാരനെ പലപ്പോഴും കണ്ടിരുന്നത് അയാളുടെ ഓരോ പ്രവൃർത്തികളും അധികാരികൾ നിരീക്ഷിച്ചു കൊണ്ടാണിരുന്നത്.സമൂഹത്തിന്റെ ഇത്തരം സമീപനങ്ങൾ അയാളെ ഏകാന്തനാക്കി പലപ്പോഴും മാറ്റുന്നുണ്ട് ഇത് ചന്ത്രക്കാറനിൽ സംഘർഷാവസ്ഥ നിറയ്ക്കുന്നു. ഒരു വ്യക്തിയുടെ ആത്മസംഘർഷത്തിനുള്ള കാരണത്തെ അവന്റെ അബോധ മനസ്സിൽ മാത്രം അന്വേഷിച്ചാൽ പോരെന്നും അവൻ്റെ നിയന്ത്രണ പരിധിക്ക് അപ്പുറമുള്ള ബാഹ്യ ഘടകങ്ങളെക്കൂടി ആശ്രയിച്ചാണ് ഇത് നിൽക്കുന്നത്

സമൂഹത്തിൽ നിന്നും സ്വജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു പോകുന്നതായി വ്യക്തിക്ക് അനുഭവപ്പെടുമ്പോൾ അവൻറെ മനസ്സിൽ ഉണ്ടാകുന്ന സംഘർഷത്തിൽ നിന്നാണ് അനോമിയുണ്ടാകുന്നത് സമൂഹത്തിൽ നിന്നും ഒറ്റപ്പെടുമ്പോൾ ഒരുതരം നിരാകരണവ്യഥ വ്യക്തിയെ കടന്നുപിടിച്ചെന്നും വരാം ഈ നിരാകരണ വ്യഥയിൽ നിന്നും അപമാനവീകരണത്തിൽ നിന്നും ഉണ്ടാകുന്ന രോഷമാണ് സാമൂഹിക വിരുദ്ധരെയും കുറ്റവാളികളെയും സൃഷ്ടിക്കുന്നത് ഒരു സമൂഹം സ്വീകരിച്ചിരിക്കുന്ന മൂല്യബോധവും സാംസ്കാരിക അന്തരീക്ഷവും സദാചാര നിയമങ്ങളും എത്രത്തോളം മനുഷ്യത്വത്തിന് നിരക്കുന്നതാണോ അത്രത്തോളം സ്വസ്ഥമായ ജീവിതം നയിക്കാൻ വ്യക്തിക്ക് സാധിക്കുന്നു തിരുവിതാംകൂർ അധികാരി വർഗ്ഗം ചന്ത്രക്കാരൻ്റെ വംശത്തോട് കാട്ടിയ നീതികേടുകൾ ഇവിടെ ചിന്തനീയമാണ് ഇന്ദ്രിയങ്ങൾക്ക് ഗോചരമായ ബാഹ്യലോകം ഉള്ളതുപോലെ മനസ്സിന് പൂർണമായി പിടികിട്ടാത്ത ഒരു ആന്തരിക ലോകവും ഉണ്ട്. ``നമ്മെ വികാരഭരിതരും ചിന്താക്ലാന്തന്മാരും സർഗ്ഗധനന്മാരും ആക്കുന്നത് വസ്തുനിഷ്ഠമായ ബാഹ്യോർജ്ജത്തെക്കാളധികം.      

 ജനിതകവും(genetic) ആന്തരികവുമായ ഘടനാ വിശേഷങ്ങളും സാഹചര്യ സംസ്കാരത്തിൻറെ സവിശേഷതയും പൂർവ്വ സ്മരണയുടെ ആധിക്യവും മറ്റുമാണ്.”(1)

ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ആദ്യം വരുന്ന ഉദ്ദീപനങ്ങൾ അമ്മയുടെ ശബ്ദവും സ്നേഹമസൃണമായ കരസ്പർശവും സ്തന്യാമൃതവുമാണ്. അവയോടൊക്കെയുള്ള പ്രതികരണം ഹൃദ്യമായസ്വീകരണവും അങ്ങനെയുള്ള അനുഭവങ്ങളുടെ ആവർത്തനത്തിൽ ഉള്ള അഭിവാഞ്ചയുമാണ് ഇതോടൊപ്പം വികർഷണ പ്രതികരണങ്ങളും കുട്ടിയിലുണ്ടാകുന്നുണ്ട്. വികർഷണമുണ്ടാകുന്നത് ദുഃഖഹേതുകമായിത്തീരുന്നു. ഇങ്ങനെ ആദ്യം തന്നെ ജീവിതത്തിൽ മൂല്യ വിവേചനം ഉണ്ടാവുകയും വളരുകയും ചെയ്യുന്നു ഏതിനോടെല്ലാം ആകർഷണം തോന്നുന്നു ഏതിനെ യെല്ലാം തള്ളിമാറ്റുന്നു എന്നതിനെ ആശ്രയിച്ചാണ് വ്യക്തിത്വത്തിന്റെ സ്വരൂപവും വികാസവും ആന്തരികമായ കെട്ടുറപ്പും ഉണ്ടാകുന്നത് വിപരീത സാഹചര്യങ്ങളിൽ വികർഷണങ്ങളോട്മല്ലിട്ട് ജീവിക്കേണ്ടിവരുമ്പോൾ മനസ്സിൽ ആകുലത വളർന്ന് രോഗഗ്രസ്തമായ വ്യക്തിത്വത്തെ കൊണ്ടുനടക്കാൻ വ്യക്തി നിർബന്ധിതനായി തീരുന്നു.

 

 

ബാല്യകാലത്തെ സംഘർഷങ്ങൾ    

ചന്ത്രക്കറൻ്റെ ജീവിതത്തിലും വികർഷണ പ്രതികരണങ്ങളാണ് കൂടുതലും  ഉണ്ടായിട്ടുള്ളത്. ചെറുപ്പ ത്തിൽത്തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട അവസ്ഥ ബന്ധുക്കൾ ഇല്ലാതിരുന്ന സാഹചര്യം ദാരിദ്ര്യാ വസ്ഥ സാമൂഹികമായ ഒറ്റപ്പെടൽ ഇവയെല്ലാം ചന്ദ്രക്കാറൻ നേരിടുന്നുണ്ട്. ``ഒരാളുടെ ജീവിതത്തിൽ തന്നെ നിർണായക സംഭവങ്ങൾ ഉണ്ടായി അവകൊണ്ട് രൂപപ്പെട്ടു വരുന്നതായിരിക്കും അയാളുടെ ആകെ വ്യക്തിത്വം നമ്മുടെ വ്യക്തിപരമായ ജനറ്റിക് രൂപരേഖകൾ എങ്ങനെ ഇരുന്നാലും സമൂഹം വ്യവസ്ഥ ചെയ്തിട്ടുള്ള വിദ്യാഭ്യാസം കീഴ് വഴക്കങ്ങൾ നിയമങ്ങൾ പ്രത്യയശാസ്ത്രങ്ങൾ അടികളും തിരിച്ചടികളും എല്ലാം വ്യക്തിജീവിതത്തിൽ അവയുടെ നഖക്ഷതങ്ങളും വിരലടയാളങ്ങളും ഉണ്ടാക്കുന്നുണ്ട്.”(2)

 

ദാമ്പത്യജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും അന്ത:സംഘർഷം 

 

 ദാമ്പത്യ ജീവിതത്തിലും കുടുംബജീവിതത്തിലും അന്ത: സംഘർഷം അനുഭവിക്കുന്ന കഥാപാത്രമാണ് ചന്ത്രക്കാരൻ വ്യക്തിപരമായ സവിശേഷതകളിലും അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലും പൂർണ്ണമായ ഏകീകരണം ഉള്ള രണ്ടു വ്യക്തികളല്ല  ചന്ത്രക്കാറനും അയാളുടെ ഭാര്യയും .അതിനാൽ തന്നെ ദാമ്പത്യ ബന്ധത്തിൽ അന്ത': സംഘർഷം ഉണ്ടാകുന്നു ചന്ദ്രക്കാരന്റെ സാമൂഹ്യ ജീവിതത്തിലെ നിലപാടുകളും സ്വകാര്യ ജീവിതത്തിലെ സ്വാർത്ഥ താല്പര്യങ്ങളും ആണ് അയാളുടെ കുടുംബജീവിതത്തിൽ സംഘർഷം സൃഷ്ടിച്ചത്

 കുപ്പശാരുടെ വധത്തിനുശേഷം വീട്ടിൽ തിരിച്ചെത്തുമ്പോൾ ചന്ത്രക്കാറൻ്റെ ഭാര്യയും മകളും അയാളെ ഒറ്റപ്പെടുത്തി കടന്നുപോയി ക്കഴിഞ്ഞിരുന്നു മാനസികമായി അകലം കാത്തുസൂക്ഷിച്ചവരായിരുന്നു ചന്ദ്രക്കാരന്റെ ഭാര്യയും മകളും മാത്രമല്ല മകളേക്കാൾ അധികം മരുമകനായ കേശവൻ കുഞ്ഞിനോടാണ് അയാൾ സ്നേഹം കാണിച്ചിരുന്നത്

 

ജന്മവാസനകളുടെ സാമൂഹികവൽക്കരണം വ്യക്തിയിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നുണ്ട് വ്യക്തിയിൽ നിന്ന് സാമൂഹ്യജീവിയിലേക്കുള്ള മാറ്റത്തിന്റെ ഓരോ ഘട്ടത്തിലും വ്യക്തിയും സമൂഹവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകും സമൂഹത്തിന് നല്ലതായി തോന്നുന്നത് വ്യക്തിക്ക് അങ്ങനെ ആകണമെന്നില്ല വ്യക്തിയിലുള്ള വെറുപ്പ് അസൂയ ഉത്കർഷേച്ഛ തുടങ്ങിയ ഭാവങ്ങളെ സമൂഹം കൂടുതൽ പ്രകോപിപ്പിച്ചേക്കാം ഇതും വ്യക്തിയിൽ മാനസികാഘാതം ഏൽപ്പിക്കും തീരുമാനങ്ങളോട് വിയോജിച്ച് നിൽക്കേണ്ട സന്ദർഭങ്ങളും സംഘർഷാത്മകമായ മറ്റു സാഹചര്യങ്ങളും സാമൂഹിക ജീവിതത്തിൽ വ്യക്തിക്ക് അനുഭവിക്കേണ്ടിവരും .

 

വ്യക്തിത്വം പല ഘടകങ്ങൾ കൊണ്ടാണ് നിർമ്മിക്കപ്പെടുകയും ഉദ്ഗ്രഥിക്കപ്പെടുകയും ചെയ്യുന്നത്. ജീവിതത്തിൻറെ ബാലപാഠങ്ങൾ ഒരുവൻ പഠിക്കുന്നത് സ്വന്തം മാതാപിതാക്കളിൽ നിന്നാണ്. മാതാപിതാക്കളിൽ നിന്നുണ്ടാകുന്ന സ്വാധീനവും സമൂഹം വെളിപ്പെടുത്തിത്തരുന്ന സദാചാര സാന്മാർഗിക തത്വങ്ങളും ചേർന്ന് വ്യക്തിയുടെ ബോധ മണ്ഡലത്തിൽ സൃഷ്ടിക്കുന്ന മൂല്യ സങ്കല്പമാണ് സൂപ്പർഈഗോ എന്ന കാഴ്ചപ്പാട് ഇവിടെ ശ്രദ്ധേയമാണ് കുടുംബ സാമൂഹിക അന്തരീക്ഷങ്ങൾ ആരോഗ്യകരമല്ലാതാവുമ്പോൾ അത് വ്യക്തിത്വ രൂപീകരണത്തെ പ്രതികൂലമായി ബാധിക്കുകയും വ്യക്തിയിൽ അന്ത :സംഘർഷം സൃഷ്ടിക്കുകയും ചെയ്യും. ഒരു വ്യക്തിയിലെ മാനസിക ഭ്രമം അക്രമാസക്തി വിധേയത്വസ്വഭാവം വൈകാരിക നിയന്ത്രണമില്ലായ്മ എന്നിവയുടെ  അടിസ്ഥാന കാരണം മാതാപിതാക്കളും ശിശുവും തമ്മിൽ ഉണ്ടായിരുന്നതായ ബന്ധത്തിലെ പോരായ്മകളാകാം.

ഓരോ വ്യക്തിയുടെയും പെരുമാറ്റങ്ങളെപ്പറ്റി അയാൾക്ക് ചുറ്റുമുള്ള സമൂഹത്തിന് ചില പ്രതീക്ഷകൾ ഉണ്ട്. സമൂഹം അയാളിൽ നിന്ന് ഒരു പ്രത്യേക രീതിയിലുള്ള പെരുമാറ്റം ആവശ്യപ്പെടുന്നു. പലപ്പോഴും സമൂഹം തന്നിൽ നിന്ന് പ്രതീക്ഷിക്കുന്ന രീതിയിലുള്ള പെരുമാറ്റം കാഴ്ചവയ്ക്കാൻ ഒരു വ്യക്തിക്ക് കഴിഞ്ഞെന്നു വരില്ല .അപ്പോൾ വ്യക്തിയും സമൂഹവും തമ്മിൽ സംഘർഷത്തിൽ ആകുന്നു. ചന്ത്രക്കാറൻ എന്ന കഥാപാത്രത്തിന്റെ മാനസിക ആഘാതത്തിന്റെ

പിന്നിൽ സമൂഹത്തിന്റെവലിയ പങ്കുണ്ടെന്നത് തീർച്ചയാണ്. മറ്റൊരുവാക്കിൽ തിരുവിതാംകൂർ ചരിത്രത്തിൻറെ നേരറിവുകളോട്  സി. വി. യുടെ മനസ്സ് കലഹിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ട കഥാപാത്രമാണ് ചന്ത്രക്കാറൻ. 

      

 അടിക്കുറിപ്പുകൾ

1. യതി നിത്യ ചൈതന്യ മനശാസ്ത്രം ജീവിതത്തിൽ ഡിസി ബുക്സ് കോട്ടയം 1987 പുറം 223

2. യതി നിത്യ ചൈതന്യ മനശാസ്ത്രം ജീവിതത്തിൽ ഡിസി ബുക്സ് കോട്ടയം 1987 പുറം 242

 

സഹായക ഗ്രന്ഥങ്ങൾ

1. കൃഷ്ണപിള്ള, എൻ. പ്രതിപാത്രം ഭാഷണഭേദം, ഡി.സി. ബുക്സ്, കോട്ടയം, 1994.

2. മുരളീധരൻ നെല്ലിക്കൽ,വിശ്വ സാഹിത്യ ദർശനങ്ങൾ, ഡി.സി .ബുക്സ്, കോട്ടയം, 1998.

3. യതി നിത്യ ചൈതന്യ,മന:ശാസ്ത്രം ജീവിതത്തിൽ, ഡി.സി.ബുക്സ്, കോട്ടയം, 1987.

4. രാജശേഖരൻ, പി .കെ. അന്ധനായ ദൈവം മലയാള നോവലിൻറെ നൂറുവർഷങ്ങൾ, ഡിസി ബുക്സ്, കോട്ടയം ,1999.

5. രാമൻപിള്ള, സി. വി. ധർമ്മരാജ, പൂർണാ പബ്ലിക്കേഷൻസ്, കോഴിക്കോട്, 2004.

6. രാമൻപിള്ള, സി. വി. രാമരാജാബഹദൂർ,സാഹിത്യപ്രവർത്തക സഹകരണ സംഘം, എൻ.ബി.എസ്. കോട്ടയം, 2003.

7. വേലായുധൻ പിള്ള, പീ.വി. ആണുങ്ങൾ ഇല്ലാത്ത കൊറ വലിയ കൊറ,പ്രഭാത ബുക്ക് ഹൗസ്,തിരുവനന്തപുരം, 2000.

ഡോ. ആഷ പുല്ലാട്ട്

അസോസിയേറ്റ് പ്രൊഫസർ  

മലയാള വിഭാഗം

ടി എം ജെ എം ഗവ. കോളേജ്

മണിമലക്കുന്ന്

കൂത്താട്ടുകുളം

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page