top of page

മനസ്സും ഡിജിറ്റൽ സാങ്കേതികവിദ്യയും

പ്രൊഫ. ഡോ. എസ്. കൃഷ്ണൻ
ree

   പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ടെലിഗ്രാഫ് എന്ന രീതി കണ്ടുപിടിക്കപ്പെട്ടപ്പോൾ അത് മനുഷ്യബന്ധങ്ങളിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ലോകം വിശ്വസിച്ചു. കപ്പലുകളെക്കാളും കുതിരകളെക്കാളും വേഗത്തിൽ സഞ്ചരിക്കാൻ സന്ദേശങ്ങൾക്ക് സാധിക്കും എന്ന കാര്യം വിശ്വസിക്കാൻ ആദ്യമൊന്നും മനുഷ്യന് കഴിഞ്ഞിരുന്നില്ല. “അകലത്തിന്റെ മരണം” എന്നാണ് പല മാധ്യമങ്ങളും ഈ സാങ്കേതികവിദ്യയെ വിശേഷിപ്പിച്ചത്. ചില ശുഭാപ്തിവിശ്വാസികളാകട്ടെ ഇതിനെ തുടർന്ന് ലോകത്ത് സമാധാനം പുലരുമെന്നും വിശ്വസിച്ചു. തങ്ങൾക്ക് പരസ്പരം സംസാരിക്കാൻ സാധിക്കുമെങ്കിൽ ലോകത്ത് എങ്ങനെയാണ് യുദ്ധം നിലനിൽക്കുക എന്നാണ് അവർ ചിന്തിച്ചത്.

    നാമിപ്പോൾ 21 ആം നൂറ്റാണ്ടിലേക്ക് കടന്നു കഴിഞ്ഞു. തൽക്ഷണമുള്ള വ്യക്തിബന്ധം എന്ന അന്നത്തെ സ്വപ്നം ഇന്ന് നമ്മെ ആവശ്യത്തിൽ കൂടുതൽ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്രപഞ്ചമായി പരിണമിച്ചിരിക്കുന്നു. ഉണരുന്ന പുലരിയുടെ നിമിഷം മുതൽ ക്ഷീണിച്ച കണ്ണുകൾക്ക് വിശ്രമം നൽകുന്ന രാത്രിയുടെ നിമിഷം വരെ ഡിജിറ്റൽ മാധ്യമങ്ങൾ നമ്മുടെ ഉള്ളിലും ഉടലിലും ആധിപത്യം പുലർത്തുന്നു. സ്ക്രോൾ ചെയ്യുക, സ്വയ്പ്പ് ചെയ്യുക, ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക, ഇതൊക്കെയായി മാറിയിരിക്കുന്നു നമ്മുടെ നിമിഷങ്ങൾ. സാങ്കേതികവിദ്യ ജീവിതത്തിൻറെ പല വശങ്ങളെയും കൂടുതൽ എളുപ്പവും ഊർജ്ജസ്വലവും ആക്കിയിട്ടുണ്ടെങ്കിലും അത് മനുഷ്യ മനസ്സിൽ അശാന്തിയുടെ അദൃശ്യ വിസ്ഫോടനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

     ഡിജിറ്റൽ യുഗം മാറ്റി മറിച്ച മനസ്സിന്റെ ഭൂപ്രദേശം ഇന്ന് ആധുനിക മനുഷ്യന് ഏറെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്. സാമൂഹികമാധ്യമങ്ങളും സാങ്കേതികവിദ്യയും നാം എങ്ങനെ ജീവിക്കുന്നു എന്ന് മാത്രമല്ല നമുക്ക് എന്ത് തോന്നുന്നു നാം എന്ത് ചിന്തിക്കുന്നു നാം എങ്ങനെ ബന്ധപ്പെടുന്നു എന്നതിനെയൊക്കെ സ്വാധീനിക്കുന്നു.

      നിങ്ങൾ ഒരു കണ്ണാടിയുടെ മുൻപിൽ നിന്ന് കണ്ണാടിയിൽ മുഖം നോക്കുകയാണ്. എന്നാൽ കണ്ണാടി നിങ്ങളുടെ മുന്നിൽ പ്രതിഫലിപ്പിക്കുന്നത് എത്ര ആളുകൾ നിങ്ങളെ നോക്കുന്നു ഇഷ്ടപ്പെടുന്നു അല്ലെങ്കിൽ നിങ്ങളെ അവഗണിക്കുന്നു എന്നുള്ളത് കണക്കാക്കിയുള്ള നിങ്ങളുടെ രൂപ ഭംഗിയെയാണ്. ഇതാണ് സാമൂഹ്യ മാധ്യമങ്ങൾ ചെയ്യുന്നത്. അവ ഒരു വേദി മാത്രമല്ല, നമ്മുടെ പ്രകടനം മറ്റുള്ളവർ എങ്ങനെ നോക്കിക്കാണുന്നു എന്നറിയാനും കൂടിയുള്ള ഒരു അവസരമാണ് നമുക്ക് സമ്മാനിക്കുന്നത്.

ഇൻസ്റ്റാഗ്രാം, ടിക്ക് ടോക്ക്, ഫെയ്സ് ബുക്ക്, ട്വിറ്റർ, തുടങ്ങിയ സാമൂഹ്യമാധ്യമവേദികൾ ആധുനിക ജീവിതത്തിൻറെ അവിഭാജ്യ ഘടകങ്ങളായി മാറിയിട്ടുണ്ട് ഇന്ന്. ഷേക്സ്പിയറുടെ ‘ലോകം മുഴുവൻ ഒരു വേദിയാണ്’ എന്നതിന് പകരം ‘ലോകം മുഴുവൻ പ്രേക്ഷകരാണ്’ എന്ന ഒരു പുതിയ വിശ്വാസത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഈ സംസ്കാരം നമ്മെ സ്വയം ആദർശവൽക്കരിച്ച പതിപ്പുകൾ അവതരിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നു. പോരായ്മകൾ ഫിൽറ്റർ ചെയ്തശേഷം, ദുഃഖം ഇമോജികൾക്ക് പിന്നിൽ മറച്ചുവെച്ച ശേഷം, സന്തോഷം നിറഞ്ഞ ഒരു ഷോട്ടാണ് നമ്മൾ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കുവാൻ താല്പര്യപ്പെടുന്നത്.സ്ഥിരമായ ഈ രീതിയെ മനശാസ്ത്രജ്ഞർ ‘സാമൂഹ്യ താരതമ്യസിദ്ധാന്തം’ എന്ന് ചിലപ്പോൾ വിളിച്ചേക്കാം. നാം നമ്മെ തന്നെ താരതമ്യം ചെയ്യുന്നത് മറ്റുള്ളവർ നമ്മളോട് എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ചാണ്. എന്നാൽ ഡിജിറ്റൽ ലോകത്ത് പലപ്പോഴും എഡിറ്റ് ചെയ്യാത്ത നമ്മുടെ യാഥാർത്ഥ്യവും മറ്റൊരാളുടെ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത ഹൈലൈറ്റ് റീലും തമ്മിലാണ് താരതമ്യങ്ങൾ നടക്കുന്നത്. ഇതിൻറെ ഫലങ്ങളെ പറ്റി നാം പലപ്പോഴും ബോധവാന്മാരായിരിക്കില്ല. ആത്മാഭിമാനക്കുറവ്, ഉൽക്കണ്ഠ, വിഷാദം, പൊരുത്തപ്പെടൽ പ്രശ്നങ്ങൾ, ശാരീരിക ചിത്രണ പ്രശ്നങ്ങൾ അഥവാ ബോഡി ഇമേജ് പ്രശ്നങ്ങൾ എന്നിവയൊക്കെ ഇതിൻറെ പരിണിതഫലങ്ങളാണ്.

1930കളിൽ നടത്തിയ പരീക്ഷണങ്ങളിൽ മന:ശാസ്ത്രജ്ഞനായ ബി എഫ് സ്കിന്നർ ഭക്ഷണം ലഭിക്കുന്നതിന് വേണ്ടി ഒരു ബട്ടൺ അമർത്താൻ പ്രാവുകളെ പഠിപ്പിച്ചു. ചിലപ്പോൾ എല്ലായ്പ്പോഴും ഭക്ഷണം ലഭിക്കുകയും മറ്റു സമയങ്ങളിൽ അത് വല്ലപ്പോഴും വരികയും ചെയ്യുന്നു എന്ന രീതിയിലാണ് ഈ പരീക്ഷണങ്ങൾ രൂപകൽപ്പന ചെയ്തത്. യാദൃശ്ചികമായി ഭക്ഷണം നൽകുന്ന പ്രാവുകൾ കൂടുതൽ ക്ഷമപൂർവ്വം പെരുമാറി. അവർക്ക് പെക്കിംഗ് നിർത്താൻ സാധിച്ചില്ല. നമ്മുടെ ഫോൺ നോട്ടിഫിക്കേഷൻ പകരുന്ന അതേ മനശാസ്ത്ര സംവിധാനമാണ് ഇതും.

ഒരു പിങ്കിന്റെയോ വൈബ്രേഷന്റെയോ നേരിയ ശബ്ദം പോലും ഒരു ചെറിയ പ്രതിഫലമാണ്. ഇത് മസ്തിഷ്കത്തിന്റെ ഡോപ്പമിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു.  ലഹരി ആസക്തിയിൽ ഉൾപ്പെട്ടിരിക്കുന്ന അതേ വ്യവസ്ഥ തന്നെയാണ് ഇവിടെയും പ്രവർത്തനക്ഷമമാകുന്നത്. ഈ ദൗർബല്യത്തെ ചൂഷണം ചെയ്യുന്നതിനാണ് സാമൂഹ്യ മാധ്യമ വേദികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലൈക്കുകൾ, ഷെയറുകൾ, കമന്റ് എന്നിവയാണ് നമ്മെ അതിലേക്ക് തന്നെ തിരികെ കൊണ്ടുവരുന്ന ഡിജിറ്റൽ അപ്പക്കഷണങ്ങൾ. ഓരോ സ്വയ്പ്പും ടാപ്പും ഒരു ചൂതാട്ടമായി മാറുന്നു.  നാം പോസ്റ്റ് ചെയ്യുന്ന ഒരു പുതിയ സന്ദേശത്തിന് ലൈക്കുകൾ ഉണ്ടാകുമോ? നാം പോസ്റ്റ് ചെയ്യുന്ന വീഡിയോ വൈറലാകുമോ? ഇഷ്ടപ്പെട്ട ഒരു വ്യക്തിയിൽ നിന്നുമുള്ള ഇമോജികൾ സന്ദേശമായി ലഭിക്കുമോ? ഇതൊക്കെ നമ്മുടെ പ്രശ്നങ്ങളായി മാറുന്നു.

ഇത് ക്രമേണ ഡോപ്പമിൻ എന്ന രാസവസ്തു ഉൾപ്പെട്ടിരിക്കുന്ന ഒരു ഫീഡ്ബാക്ക് ലൂപ്പ് സൃഷ്ടിക്കുന്നു. നിർബന്ധിത പെരുമാറ്റങ്ങൾ ശക്തിപ്പെടുത്തുവാനും നമ്മുടെ ശ്രദ്ധയുടെ ദൈർഘ്യം കുറയ്ക്കുവാനും ഇത് കാരണമാകുന്നു. വാസ്തവത്തിൽ അമിതമായ സാമൂഹ്യ മാധ്യമ ഉപയോഗം തലച്ചോറിന്റെ പ്രീഫ്രോണ്ടൽ കോർട്ടക്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പല ഗവേഷകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് അമിതാവേഗശീലം, തീരുമാനമെടുക്കുവാനുള്ള നിപുണത, വൈകാരിക നിയന്ത്രണം എന്നിവയ്ക്ക് കാരണമാകുന്നു.

നാം ഒന്ന് പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ പത്രങ്ങൾ പുസ്തകങ്ങൾ റേഡിയോ തുടങ്ങിയ പൊതുസ്രോതസ്സുകളിലൂടെ ആണ് നാം വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരുന്നത് എന്നാൽ ഇപ്പോൾ നാം ഇഷ്ടപ്പെടുന്ന വാർത്തകളെ കുറിച്ചുള്ള പോസ്റ്റുകൾ മാത്രം നമുക്ക് കൂടുതൽ ദൃശ്യമാകുന്ന വിധത്തിൽ വാർത്തകളെ പോലും നമുക്ക് ഫിൽറ്റർ ചെയ്യാവുന്ന അവസ്ഥയുണ്ട്.

ഒരാളുടെ നിലവിലുള്ള വിശ്വാസങ്ങൾ വെല്ലുവിളികൾ ഇല്ലാതെ ശക്തിപ്പെടുത്തുവാനും ഇത് കാരണമാകുന്നു. വൈവിധ്യമാർന്ന കാഴ്ചപ്പാടുകളുമായുള്ള സമ്പർക്കം പരിമിതപ്പെടുകയും രാഷ്ട്രീയവും വ്യക്തിപരവുമായ ധ്രൂവികരണത്തിന് ഇത് കാരണമാവുകയും ചെയ്യുന്നു. പരസ്പരം മനസ്സിലാക്കാൻ കഴിയാത്ത വ്യക്തികൾ വ്യത്യസ്ത കുമിളകളിൽ വ്യത്യസ്ത ഉപഗ്രഹങ്ങളിൽ എന്നപോലെ ജീവിക്കാൻ തുടങ്ങുന്നു. മനസ്സ് കാണാൻ ആഗ്രഹിക്കുന്ന കാരണങ്ങളുമായി മാത്രം സമ്പർക്കം പുലർത്തുമ്പോൾ ക്രമേണ അതിൻറെ വഴക്കം നഷ്ടപ്പെടുന്നു. ഇതര കാഴ്ചപ്പാടുകൾ സ്വീകരിക്കാനുള്ള കഴിവ് ക്ഷയിക്കാൻ തുടങ്ങുന്നു. നമ്മുടെ വൈകാരിക പ്രതികരണങ്ങൾ മൂർച്ചയുള്ളതായിത്തീരുന്നു. നമ്മുടെ ക്ഷമ കുറഞ്ഞു വരുന്നു. ഒപ്പം കേൾക്കാനുള്ള നമ്മുടെ പ്രവണതയും.

ഡിജിറ്റൽ യുഗത്തിലെ ഏറ്റവും കയ്പ്പേറിയ കാര്യം എന്നത്തേക്കാളും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിലും നാം എന്നത്തേക്കാളും കൂടുതൽ ഏകാന്തത അനുഭവിക്കുന്നു എന്നതാണ്. സാമൂഹിക മാധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്നവർ പലപ്പോഴും ഏകാന്തത, വിഷാദം, ഉൽക്കണ്ഠ എന്നീ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉയർന്ന അളവിൽ അനുഭവിക്കുന്നു എന്ന പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ ആശയവിനിമയത്തിന് അപ്പുറത്ത് ആരും അല്ലെങ്കിൽ ഒന്നും തന്നെ ഇല്ലാതെ സഹവാസത്തിന്റെ മിഥ്യാധാരണ സൃഷ്ടിക്കാൻ കഴിയും. 100 ലൈക്കുകൾ അർത്ഥവത്തായ സംഭാഷണങ്ങൾക്ക് തുല്യമല്ല. ഇമോജികൾ ആലിംഗനങ്ങളല്ല. ആരുടെയെങ്കിലും കഥയിലൂടെ സ്ക്രോൾ ചെയ്യുന്നത് അവരുടെ ശബ്ദങ്ങളും അനുഭവങ്ങളും കേൾക്കുന്നതിനു തുല്യവും അല്ല.

ജാപ്പനീസുകാർ ഹിക്കിക്കൊമോറി എന്ന ഒരു പദം ഉപയോഗിക്കാറുണ്ട്. സമൂഹത്തിൽനിന്ന് പൂർണ്ണമായും പിൻവാങ്ങുകയും തീവ്രമായ സാമൂഹിക ഒറ്റപ്പെടലിൽ ജീവിക്കുകയും പലപ്പോഴും ഇന്റർനെറ്റിന് മാത്രം ആശ്രയിക്കുകയും ചെയ്യുന്ന ആളുകളെയാണ് ഈ പദം വിവരിക്കുന്നത്. ഇത് വളരെ തീവ്രമായ ഒരവസ്ഥയാണ്   എന്ന് നമുക്ക് തോന്നാമെങ്കിലും ഈ പ്രതിഭാസം ആഗോളതലത്തിൽ തന്നെ വളർന്നുവരുന്ന ഒന്നാണ്. ഡിജിറ്റൽ ലോകത്തിൻറെ നിയന്ത്രണത്തിലും പ്രവചനത്തിലും ആശ്വാസം കണ്ടെത്തുകയും യഥാർത്ഥ ലോക ബന്ധങ്ങളുടെ തീവ്രതയെ ഭയപ്പെടുകയും ചെയ്യുന്ന ചെറുപ്പക്കാർക്കിടയിൽ മേൽപ്പറഞ്ഞ വസ്തുതകൾ ഏറെ പ്രസക്തമാണ്.

ഇതൊക്കെയാണെങ്കിലും സാങ്കേതികവിദ്യ ഒരു വില്ലൻ അല്ല. അതൊരു തീപ്പൊരി പോലെയാണ്. ശ്രദ്ധിച്ചു ഉപയോഗിച്ചാൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാം. അല്ലെങ്കിൽ മനുഷ്യനെ ചുട്ടു കൊല്ലാനും. ഒരു കത്തിക്ക് അടുക്കളയിൽ പാചകത്തിൽ സഹായിക്കാനും സാധിക്കും ഒരു മനുഷ്യനെ കൊല്ലാനും സാധിക്കും.  നാം അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലും ഏറെ പ്രസക്തമായ കാര്യം അത് നമ്മെ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ്.

സാമൂഹ്യ മാധ്യമങ്ങൾക്ക് ശബ്ദങ്ങളെ ശാക്തീകരിക്കാനും പാർശ്വവത്കരിക്കപ്പെട്ടവരെ ബന്ധിപ്പിക്കാനും വ്യത്യസ്ത തലങ്ങളിലുള്ള അവബോധം പ്രചരിപ്പിക്കുവാനും സാധിക്കും. മാനസിക രോഗവുമായി പൊരുതുന്നവർ പലപ്പോഴും സഹായത്തിനായി ഓൺലൈനിൽ നിന്നും പിന്തുണ സമൂഹങ്ങൾ കണ്ടെത്താറുണ്ട്. അവിടെ അയിത്തം അവരെ നിശബ്ദരാക്കുന്നില്ല. വിദ്യാഭ്യാസപരമായ ഉള്ളടക്കങ്ങൾ മൈൻഡ്ഫുൾനസ് ആപ്ലിക്കേഷനുകൾ, ടെലിതെറാപ്പി വേദികൾ, ആഗോള കാഴ്ചപ്പാടുകളിലേക്കുള്ള പ്രവേശനം എന്നിവ മാനസിക ക്ഷേമത്തെ പിന്തുണയ്ക്കുന്ന ഡിജിറ്റൽ വരദാനങ്ങളാണ്.

അതിർവരമ്പുകൾ നിശ്ചയിക്കുക, പൂർണ്ണ ശ്രദ്ധയോടെ ഇടപെടുക, ഡിജിറ്റൽ സാബത്ത് (ഡിജിറ്റൽ സാബത്ത് എന്നാൽ ഒരാൾ സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ് തുടങ്ങിയ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു കാലയളവാണ്) എടുക്കുക എന്നിവയൊക്കെ ഇത്തരക്കാരിൽ നാം പ്രാവർത്തികമാക്കേണ്ട മന:ശാസ്ത്രപരമായ സ്വയം പരിചരണത്തിന്റെ ശക്തമായ പ്രവർത്തനങ്ങളാണ്.

ഡിജിറ്റൽ അറിവ് വളർത്തിയെടുക്കുക എന്നത് പോലെ തന്നെ ഡിജിറ്റൽ അറിവുകൾ യുക്തമായ രീതിയിൽ ഉപയോഗിക്കുക എന്നുള്ളതും പ്രധാനമാണ്. അതിനായി നമുക്ക് പല കാര്യങ്ങളിൽ ശ്രദ്ധിക്കാം. കാലത്ത് ഉണർന്നെഴുന്നേറ്റ് കഴിഞ്ഞാൽ കുറഞ്ഞത് രണ്ട് മണിക്കൂർ നേരത്തേക്ക് എങ്കിലും മൊബൈൽ ഫോൺ പരിശോധിക്കാതെ ദിവസം ആരംഭിക്കുക. പ്രഭാതങ്ങൾ സ്ക്രീൻ വിമുക്തമാകട്ടെ. നിങ്ങൾക്ക് ആശ്വാസം നൽകുന്നു എന്ന് തോന്നാത്ത അസ്വസ്ഥതകൾ സമ്മാനിക്കുന്നതെന്ന് തോന്നുന്ന അക്കൗണ്ട്കൾ അൺഫോളോ ചെയ്യുക. നിങ്ങൾക്ക് പ്രയോജനം നൽകുന്ന അല്ലെങ്കിൽ നിങ്ങളെ ഏതെങ്കിലും രീതിയിൽ സഹായിക്കുന്ന വ്യക്തികളുടെ അക്കൗണ്ടുകൾ പിന്തുടരുക. സാമൂഹ്യ മാധ്യമ ഉപയോഗം നിരീക്ഷിക്കുന്നതിനും ആരോഗ്യകരമായ പരിധി നിശ്ചയിക്കുന്നതിനും ലഭ്യമായ വിവിധ സ്ക്രീൻ ടൈം ഉപകരണങ്ങൾ ഉപയോഗിക്കുക. ആശയവിനിമയത്തിൽ ടെക്സ്റ്റ് ചെയ്യുന്നതിന് പകരം ശബ്ദത്തിനും മുഖാമുഖ സംഭാഷണങ്ങൾക്കും മുൻഗണന നൽകുക. ഭക്ഷണസമയത്തും ഉറക്കത്തിൻറെ സമയത്തും ഫോണുകൾ മാറ്റിവയ്ക്കുക. ഏതെങ്കിലും പോസ്റ്റ് ഫോർവേഡ് ചെയ്യുന്നതിന് മുൻപ് ഇത് ശരിയാണോ, ഇതിൽ കാരുണ്യത്തിന്റെ അംശം ഉണ്ടോ, ഇതിന്റെ ആവശ്യമുണ്ടോ എന്നുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കുക.

മനസ്സ് ഒരു യന്ത്രമല്ല. ഡിജിറ്റൽ യുഗത്തിൽ പലപ്പോഴും മനസ്സിനെ ഒരു യന്ത്രത്തോടാണ് താരതമ്യം ചെയ്യപ്പെടുക. മസ്തിഷ്കത്തിനെ ഒരു കമ്പ്യൂട്ടറിനോടും. എന്നാൽ വരൾച്ചയ്ക്കും കാട്ടുതീയ്ക്കും ഒക്കെ ഇരയാകുന്ന ജീവനുള്ളതും ശ്വസിക്കുന്നതും ആയ ഒരു വനത്തെ പോലെയാണ് മനസ്സ്. സാമൂഹ്യ മാധ്യമങ്ങളും സാങ്കേതികവിദ്യയും ശക്തവും ആകർഷകവും ഇരട്ട അറ്റങ്ങൾ ഉള്ളതുമായ ഉപകരണങ്ങളാണ്. അവയ്ക്ക് നമ്മുടെ ലോകത്തെ രൂപപ്പെടുത്താനോ നശിപ്പിച്ചു കളയാനോ നമ്മെ ബന്ധിപ്പിക്കാനോ ഒറ്റപ്പെടുത്താനോ നമ്മെ വിജയിപ്പിക്കാനോ നമ്മെ കീഴടക്കാനോ ഒക്കെ കഴിയും. ലോകത്തിന്റെ ഇങ്ങേയറ്റത് നടക്കുന്ന ഒരു കാര്യം നിമിഷങ്ങൾക്കുള്ളിൽ അമേരിക്കയിൽ അറിയുന്നത് സാങ്കേതികതയുടെ മികവ് തന്നെ. അയൽനാടുകളിലേക്ക് കൃത്യസ്ഥാനത്ത് ബോംബിട്ട് യുദ്ധം നടത്തുന്ന യുദ്ധവും സാങ്കേതികയുടെ വികൃതി തന്നെ. എന്തിനേറെ പറയുന്നു, ചെറിയ കണക്കുകൾ മനസ്സിൽ കൂട്ടാൻ  മടിച്ച് കാൽക്കുലേറ്റർ വരുന്നത് വരെ വെച്ച് കാത്തിരിക്കുന്ന മടിയും സാങ്കേതികത്വം നമുക്ക് സമ്മാനിച്ചത് തന്നെ.

സാമൂഹ്യ മാധ്യമങ്ങളുടെ കുറ്റങ്ങളെയും കുറവുകളേയും അവ സൃഷ്ടിക്കുന്ന അപകടങ്ങളെയും കുറിച്ച് ഇന്ന് ബുദ്ധിജീവികൾ എറെ വാചാലരാകുന്നുണ്ട്. നമ്മുടെ ഫോണുകൾ വലിച്ചെറിയുക എന്നതും നമ്മുടെ എല്ലാ സാമൂഹ്യ മാധ്യമ  അക്കൗണ്ടുകളും ഇല്ലാതാക്കുക എന്നതും പ്രായോഗികമായ മാർഗ്ഗങ്ങൾ അല്ല. സാങ്കേതികവിദ്യ ബോധപൂർവ്വം ഉപയോഗിക്കുന്നതിനെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. ലോകത്തിന്റെ അപ്പുറത്ത് ഒരാകാശവും ഒരു വൃക്ഷവും ഒരു സുഹൃത്തുമുണ്ട് എന്ന് ചിന്തിക്കുന്നതോടൊപ്പം തന്നെ ഇപ്പുറത്തും അതൊക്കെ ഉള്ളതിനെക്കുറിച്ച് നാം ബോധവാന്മാരാകുകയാണ് വേണ്ടത്.

മനസ്സ് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും ശബ്ദത്തിന്റെയും കോലാഹലങ്ങളുടെയും ലോകത്ത് അത് ഒരു നിമിഷത്തെ നിശബ്ദത അർഹിക്കുന്നുണ്ട്. 

References

1.        Ott BL. The Digital Mind: How Computers (Re)Structure Human Consciousness. Philosophies. 2023;8(1):4.

2.        Davies T. Mind change: How digital technologies are leaving their mark on our brains. New Media Soc. 2016;18(9): (Epub June 6, 2016).

3.        Wong YJ, Ahmad N, Neo LS, Lee JW, Loong K, Low R, et al. Mind Over Matter: Effects of Digital Devices and Internet Dependence Perceptions and Behavior on Life Satisfaction in Singapore. Soc Sci. 2024;13(8):389.


പ്രൊഫ. ഡോ. എസ്. കൃഷ്ണൻ,

മനോരോഗചികിത്സാ വിഭാഗം മേധാവി,

സർക്കാർ മെഡിക്കൽ കോളേജ്,

തിരുവനന്തപുരം

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

              ഷീന എസ്

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page