top of page

റാം c/o ആനന്ദിയിലെ ജനപ്രിയച്ചേരുവകൾ

Updated: Jul 15

ഡോ.ലാലു വി.
ree

പ്രബന്ധ സംഗ്രഹം:

സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ നോവലാണ് അഖിൽ പി ധർമ്മജന്റെ റാം c/o ആനന്ദി. 2020 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ പുതിയ പതിപ്പുകളുമായി മലയാളിയുടെ വായനാപരിസരത്തിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു.

‘വായന മരിക്കുന്നു’, ‘യന്ത്ര സംസ്കാരം പൗരാണികസംസ്കൃതിയെ വിഴുങ്ങുമോ’ തുടങ്ങിയ ചിന്തകളെയെല്ലാം അപ്രസക്തമാക്കി കൊണ്ടാണ് ഈ നോവലിന്റെ 30 ലധികം പതിപ്പുകൾ ചുരുങ്ങിയ സമയംകൊണ്ട് പുറ ത്തിറങ്ങിയത്.തലമുറ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരുപോലെ സ്വാധീനിക്കാൻ ഈ നോവലിനു കഴിഞ്ഞു. സൈബർ ലോകത്ത് മാത്രം ആനന്ദം കണ്ടെത്തിയിരുന്ന പുതുതലമുറയുടെ വായനാഭാവുകത്വത്തെ ഏറ്റവും അധികം സ്വാധീനിച്ച നോവലാണ് റാം c/o ആനന്ദി. ചെന്നൈ നഗരം പശ്ചാ ത്തലമാക്കി രചിക്കപ്പെട്ട ഈ നോവൽ ഒരു ഫീൽഗുഡ് സിനിമ പോലെ വായനക്കാർക്ക് ആസ്വദിക്കാൻ കഴിയുന്നു. പ്രണയം, സൗഹൃ ദം,യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങിയ വയെല്ലാം ഒത്തിണങ്ങിയ പ്രമേയവൈവിധ്യം ഈ നോവലിനെ കൂടുതൽ ജനപ്രിയമാക്കുന്നു. സ്ത്രീകൾ, വൃദ്ധർ, ട്രാൻസ്ജെൻഡർ തുടങ്ങി സമൂഹത്തിലെ പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളും ഈ നോ വൽ അഭിസംബോധന ചെയ്യുന്നു. ഒരു സിനിമ കണ്ടാസ്വദിക്കുന്നതുപോലെ വായനക്കാരന് ദൃശ്യാനുഭൂതി നൽകി കൊണ്ടാണ് ഇതിന്റെ ആഖ്യാനം മുന്നേറുന്നത്.

നോവലിൻറെ ജനകീയതയ്ക്ക് കാരണമായ ഘടകങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രബന്ധം.


താക്കോൽ വാക്കുകൾ : ജനപ്രിയ സാഹിത്യം, ജനപ്രിയ സംസ്കാരം, ദൃശ്യപരത, വാണിജ്യ സിനിമ,ത്രില്ലർ, സർപ്രൈസ്, സസ്പെൻസ്


ജനപ്രിയ സാഹിത്യം എന്നത് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതും വിനോദത്തിനായി എഴുതുന്നതുമായ സാഹിത്യമാണ്. വിനോദ വും അറിവും നൽകുന്നതിനോടൊപ്പം വായനക്കാരെ ചിന്തിപ്പിക്കുന്ന തിനും രസി പ്പിക്കുന്നതിനും ജനപ്രിയകൃതികൾക്ക് കഴി യുന്നു. അഭിജാതസാഹിത്യ വുമായി തട്ടിച്ചു നോക്കുമ്പോൾ ജനപ്രിയ സാഹിത്യം വില കുറഞ്ഞതാണെന്ന അഭിപ്രായം പങ്കുവെക്കു ന്നവരുണ്ട്. എന്നാൽ സാധാരണക്കാരായ മനുഷ്യരെ ഗ്രാമീണരെ ഒക്കെ അക്ഷരങ്ങളി ലേക്കും വായനയിലേക്കും അടുപ്പിച്ചത് ജനപ്രിയ സാഹിത്യം തന്നെയാണ്. പൈങ്കിളി സാഹിത്യം എന്ന ലേബൽ നൽകി എന്തോ കുറഞ്ഞ സാഹിത്യമായി അതിനെ മുഖ്യ ധാരാ സമൂഹവും അക്കാദമിക ലോകവും മാറ്റി നിർത്തി. ഒരുകാലത്ത് മുട്ടത്തുവർക്കി യുടെയും മറ്റും നോവലുകൾ മുഖ്യധാരാ എഴുത്തുകാരുടെയെല്ലാം കൃതികളേക്കാൾ വേഗത്തിൽ വിറ്റു പോവുകയും വായിക്ക പ്പെടുകയും ചെയ്തിരുന്നു. ജനപ്രിയ സാഹി ത്യം എന്തോ കുറഞ്ഞ സംഗതിയാണ് എന്ന ചിന്ത നമ്മുടെ അക്കാദമികപണ്ഡിതന്മാരും മുഖ്യധാരാഎഴുത്തുകാരും സമൂഹത്തിൽ പടർത്തി.


ആധുനികത മുന്നോട്ടുവച്ച ഭാവുകത്വ സ്വഭാവങ്ങളിൽ ഒന്നായിരുന്നു ജനപ്രിയസംസ്കാരം. അച്ചടിയുടെയും സാക്ഷരതയുടെയും വർദ്ധനവ്, വായന ശാലകളും പത്രമാസികകളും പുസ്തക ങ്ങളും വഴിയുണ്ടായ വായനയെ ജനകീയ മാക്കുകയും ബഹുജനങ്ങളുടെ അഭിരുചി ക്കനുസരിച്ച് സാഹിത്യം സാധ്യമാക്കുകയും ചെയ്തു. റേഡിയോ, ടെലിവിഷൻ, സിനിമ, സംഗീതം, രംഗകലകൾ തുടങ്ങിയവയിലെ ല്ലാം ബഹുജനാഭിരുചിക്കനുസരിച്ച് മാറ്റങ്ങൾ ദൃശ്യമായി. ഉദാത്ത-ജനപ്രിയ വിഭജനം ശക്തമാക്കിയ അക്കാദമിക് പണ്ഡിതന്മാരും ബുദ്ധിജീവികളും ജനകീയകലാസാഹിത്യാ ദികളെ പുച്ഛിച്ച് പുറന്തള്ളി.



കേരളം സമ്പൂർണ്ണ സാക്ഷരത നേടിയതോടെ ദശലക്ഷക്കണക്കിന് കോപ്പികൾ പ്രചാരമുള്ള ‘മ’പ്രസിദ്ധീകരണങ്ങൾ മലയാളിയുടെ സാഹിത്യ വായനയെ വിപ്ലവ കരമായി ജനകീയവൽക്കരിച്ചു. സിനിമകളും തിയേറ്ററുകളും പ്രേക്ഷകരും വർദ്ധിക്കുന്ന തും ഇക്കാലത്താണ്. ടെലിവിഷൻ വ്യാപകമാ കുന്നതുവരെ നിലനിന്ന ഈ ജനപ്രിയ വായനാസംസ്കാരം മലയാളിയുടെ ഭാവുകത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകമാ യ പങ്കുവഹിച്ചു. ഇ.എം.എസ് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കൃതിയിൽ ജനപ്രിയ സാഹിത്യത്തെക്കുറിച്ചുള്ള അദ്ദേഹ ത്തിൻറെ നിലപാടുകൾ ഇപ്രകാരം വ്യക്തമാ ക്കുന്നു. “നമ്മുടെ സാഹിത്യവും സംഗീതവും അഭിനയകലയും പരിശോധിച്ചാൽ രണ്ടു സംഗതികൾ നമുക്ക് വ്യക്തമായി കാണാം. ഒന്ന്,അവ ആസ്വദിക്കുന്നതിലും നിർമ്മിക്കു ന്നതിലും മുമ്പ് പണ്ഡിതന്മാർക്കുണ്ടായിരുന്ന കുത്തക പൊളിഞ്ഞിരിക്കുന്നു. ദിനപത്രങ്ങളും ആഴ്ചപ്പതിപ്പുകളും റേഡിയോ, സിനി മ എന്നിവയും ഏതു പാവപ്പെട്ടവന്റെയും കൈയിലേക്ക് സംസ്കാരത്തെ എത്തിച്ചിരിക്കുന്നു. കാവ്യ നാടകാലങ്കാരങ്ങൾ പഠിച്ച് വ്യുല്പത്തി സമ്പാദിക്കാത്ത സാധാരണക്കാർ ക്കുപോലും സാഹിത്യസംബന്ധമായ അഭി പ്രായങ്ങൾ പറയത്തക്കവിധം അതിൽ താല്പര്യം പ്രദർശിപ്പിക്കുക ഇതിനുള്ള സാഹ ചര്യമാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതിൻറെ ഫലമായി നാട്ടുകാരുടെ സാംസ്കാരിക നില വാരമാകെ ഉയർന്നിരിക്കുന്നു.

രണ്ട്.

കലാസ്വാദകരുടെയും കലാപ്രേമികളുടെയും വൃത്തം വിപുലമായതോടുകൂടി കലയുടെ രൂപത്തിലും ഉള്ളടക്കത്തിലും മാറ്റം വന്നിരിക്കുന്നു. ബഹുജനങ്ങളാസ്വദിക്കുന്ന സാഹി ത്യവും സംഗീതവും അഭിനയവും സാങ്കേതികമായി ഉയർന്നതാണോ താഴ്ന്നതാണോ എന്നതല്ല ഇന്നത്തെ പ്രശ്നം. താഴ്ന്നതായാലും ഉയർന്നതായാലും ബഹുജനങ്ങൾ ആ സ്വദിക്കുന്ന ഒരു പുതിയ കലയും സാഹിത്യവും ഉയർന്നുവരുന്നുണ്ടെന്നതാണ്”. ഈ നിരീക്ഷണം പോലെ ധാരാളം ബഹുജന ങ്ങളെ വായനയിലേക്ക് തിരികെ കൊണ്ടുവ ന്ന നോവലാണ് റാം c /o ആനന്ദി.


വായനക്കാരന് വളരെ വേഗത്തിൽ കഥാഗതിയുമായും കഥാപാത്രങ്ങളു മായും താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ലളിതമായ ഭാഷയിലാണ് നോവൽ രചിച്ചിരി ക്കുന്നത്. വാങ്മയചിത്രം പോലെയാണ് നോവലിലെ ഓരോ സംഭവങ്ങളും അവതരിപ്പിക്ക പ്പെടുന്നത്. സംഭവങ്ങളുടെയും കഥാപാത്ര ങ്ങളുടെയും ദൃശ്യവൽക്കരണം അനുവാചക മനസ്സിൽ വളരെ വേഗത്തിൽ തന്നെ സാധ്യമാക്കുന്ന ആഖ്യാനശൈലിയാണ് നോവലിസ്റ്റ് പിന്തുടരുന്നത്.



സിനിമാ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തിൽ എത്തിച്ചേരുന്ന റാം എന്ന മല യാളിയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന കഥ റാമിൽ നിന്ന് സഹപാഠികളായ രേഷ്മ,വെട്രി എന്നിവരിലൂടെ കോളേ ജിലെ റിസപ്ഷനിസ്റ്റായ ആനന്ദിയിലേക്ക് വികസിക്കുന്നു. വെട്രിയും ആനന്ദിയും താമ സിക്കുന്ന വീടിൻറെ ഉടമയായ പാട്ടിയും യാത്രയ്ക്കിടയിൽ റാം പരിചയപ്പെടുന്ന ട്രാൻസ്ജെൻഡർ ആയ മല്ലിയും നോവലിലെ പ്രധാന കഥാപാത്രങ്ങളാണ്. കഥാപാത്ര സൃ ഷ്ടിയിൽ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. വായനക്കാരന്റെ മനസ്സിൽ തങ്ങിനിൽക്കുന്ന രീതിയിൽ തന്നെ യാണ് കഥാപാത്രങ്ങളെയും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളെയും അവതരി പ്പിച്ചിരിക്കുന്നത്. ഒരു സിനിമ ആസ്വദിക്കു ന്നത് പോലെ വായനക്കാരന് ഈ നോവൽ ആസ്വദിക്കാൻ കഴിയുന്നു. അനുവാചകന്റെ ഹൃദയത്തിൽ ദൃശ്യസാക്ഷാത്കാരം നൽകി കൊണ്ടാണ് നോവലിലെ ഓരോ രംഗങ്ങളും കടന്നു പോകുന്നത്. വായനക്കാർക്ക് കഥാപാത്രങ്ങളുമായി വൈകാരികമായി അടുപ്പും ഉളവാകുന്ന രീതിയിലാണ് നോവലിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയെല്ലാം സൃഷ്ടിച്ചിരി ക്കുന്നത്.ചെന്നൈ നഗരത്തിലെ വിവിധ പ്രദേശങ്ങളും മാർക്കറ്റും പൂക്കടകളും ബസ് സ്റ്റാന്റും സിനിമാ തിയേറ്ററുകളും റെയിൽവേ സ്റ്റേഷനുകളും ബീച്ചുകളുമൊക്കെ നോവലി ലൂടെ വായനക്കാരുടെ മനസ്സിലേക്ക് കുടിയേ റുന്നു. ഈ പ്രദേശങ്ങൾ കണ്ടിട്ടില്ലാത്തവർ ക്ക് പോലും നോവലിസ്റ്റിന്റെ അവതരണത്തി ലൂടെ അവയെല്ലാം സുപരിചിതങ്ങളായ ഇട ങ്ങളായി മാറുന്നു.



പ്രണയവും വിരഹവും സൗഹൃദവും സാഹോദര്യവും വാത്സല്യവും സസ്പെൻസും രാഷ്ട്രീയവും സന്തോഷങ്ങളും നൊമ്പരങ്ങളുമെല്ലാം നിറഞ്ഞതാണ് ഈ നോവൽ. നോവലിസ്റ്റിന്റെ ആഖ്യാനത്തിലൂടെ വായനക്കാരന്റെ ഉള്ളിലും ഈ വികാരങ്ങളുടെ വേലിയേറ്റമുണ്ടാകുന്നു. ജനപ്രിയ സാഹി ത്യത്തിൻറെ പ്രധാന സവിശേഷതകളിലൊന്നായ വിശാലമായ സ്വീകാര്യതയുടെ കാര്യ ത്തിലും ഈ നോവൽ മുൻപന്തിയിലാണെന്ന് കാണാം. എല്ലാത്തരം ആളുകളുടെ ഇടയിലും ഈ നോവലിന് സ്വീകാര്യത ലഭിച്ചിരിക്കുന്നു. വിൽപ്പനയുടെയും പ്രചാരത്തിന്റെയും കാര്യത്തിലും ഈ നോവൽ വലിയ മുന്നേറ്റ മാണ് നടത്തിയത്. സോഷ്യൽമീഡിയ വഴി ഏറ്റവുമധികം ആൾക്കാരിലേക്കെത്തിയ നോവൽ എന്ന സവിശേഷതയും ഇതിനുണ്ട്. എല്ലാത്തരം വായനക്കാർക്കും എളുപ്പത്തിൽ വായിച്ചാസ്വദിക്കാൻ കഴിയുന്ന ലളിതമായ ഭാഷയാണ് ഈ നോവലിനുള്ളത്. വിവിധ വിഷയങ്ങളുടെ ഒത്തുചേരലും ഈ കൃതി യിൽ കാണാം. പ്രണയം, സാഹസികത, കു റ്റാന്വേഷണം, ഫാൻറസി, ചരിത്രം, രാഷ്ട്രീ യം, സൗഹൃദം, പ്രതികാരം, പോരാട്ടം തുടങ്ങി വ്യത്യസ്ത വിഷയങ്ങളെ നോവലിസ്റ്റ് കോർ ത്തിണക്കിയിരിക്കുന്നു. നോവലിന്റെ അവ സാന ഭാഗത്ത് ലോകത്തിലെ പലായനങ്ങളുടെയും മനുഷ്യക്കടത്തിന്റെയും അതിക്രമ ങ്ങളുടെയും നേർചിത്രം കൂടി നോവലിസ്റ്റ് അവതരിപ്പിക്കുന്നു. ആനന്ദി ലോകമെമ്പാടു മുള്ള ഒറ്റപ്പെട്ട മനുഷ്യരുടെ പ്രതീകമായി മാറുന്നു. റാമിൻറെ പ്രണയം ആനന്ദിയോട് മാത്രമല്ല ലോകത്തിലെ എല്ലാ ഒറ്റപ്പെട്ടവർ ക്കും വേണ്ടിയുള്ളതാണ്. പ്രണയകഥ എന്നതിനോടൊപ്പം തന്നെ അതിജീവനത്തിന്റെ യും അതിക്രമങ്ങൾക്കെതിരെയുള്ള പോരാ ട്ടത്തിന്റെയും കഥ കൂടിയാണ് ഈ നോവൽ. പലസ്തീനിലെ വംശഹത്യയെക്കുറിച്ചും ലോ കമെമ്പാടുമുള്ള മനുഷ്യക്കടത്തിനെക്കുറി ച്ചും ഈ കൃതി ചർച്ച ചെയ്യുന്നു. ലോകത്ത് നടക്കുന്ന അതിക്രമണങ്ങളെക്കുറിച്ചും പലായനങ്ങളെക്കുറിച്ചും വായനക്കാരനെ ചിന്തിപ്പിക്കാൻ ഈ നോവൽ പ്രേരിപ്പിക്കു ന്നു.



ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾ,ദേശ രാഷ്ട്ര അധികാര ക്രമത്തിനകത്ത് പൗരത്വ സംരക്ഷണമില്ലാതെ അഭയാർത്ഥികളാകുന്നവരുടെ ഇച്ഛകൾ തുടങ്ങിയവയൊക്കെ നോവലിന്റെ ആഖ്യാന വിഷയങ്ങളാകുന്നു. ത്രില്ലർ- സർപ്രൈസ് -സസ്പെൻസ് സ്വഭാവത്തോടു കൂടിയാണ് നോവലിലെ പല സന്ദർഭങ്ങളും അവതരി പ്പിക്കപ്പെടുന്നത്. അധികാര സാമൂഹിക വ്യവസ്ഥ തന്നെ പ്രതിക്കൂട്ടിലാകുന്ന പല സംഭവങ്ങളും നോവലിൽ പലയിടത്തും പ്രതിപാദിക്കുന്നു. ദേശ രാഷ്ട്ര വ്യവസ്ഥ മൂലം പുറന്തള്ളപ്പെടുന്ന ജനത നേരിടുന്ന ദുരിതത്തിന്റെ രാഷ്ട്രീയത്തിലേക്ക് വായന ക്കാരുടെ ശ്രദ്ധക്ഷണിക്കാൻ നോവലിന് സാ ധിക്കുന്നുണ്ട്. ശ്രീലങ്കൻ തമിഴ് അഭയാർത്ഥി ചരിത്രവും അവർ നേരിടുന്ന അതിക്രമങ്ങ ളും നോവലിസ്റ്റ് അവതരിപ്പിക്കുന്നു. അധികാര വ്യവസ്ഥയും സ്ഥാപനവൽക്കരിക്ക പ്പെട്ട അതിന്റെ വ്യത്യസ്ത ശാഖകളും സ്ത്രീ കൾക്കെതിരെയുള്ള അതിക്രമത്തിൽ പല രീതിയിൽ പങ്കുചേരുന്നുണ്ട്. ഭാവനാത്മക തയ്ക്കപ്പുറം അതിശയോക്തിയുടെ സാന്നിധ്യം നോവലിലെ അതിജീവന പ്രതികാര സ ന്ദർഭങ്ങളിലെല്ലാം കാണാൻ സാധിക്കും. മല്ലിയുടെ കൊലപാതകത്തിന്റെ പ്രതികാര മായി പോലീസുകാരെ അതിക്രമിച്ച് കൊല പ്പെടുത്തുന്ന രംഗങ്ങളെല്ലാം അത്തരത്തിലുള്ളതാണ്.



താൽക്കാലിക ആസ്വാദന ത്തിനും വൈകാരികതയ്ക്കുമപ്പുറം നോവലിന് നമ്മെ അസ്വസ്ഥരാക്കാൻ തക്ക ഉൾക്കാമ്പുണ്ടോ എന്ന ചർച്ച സാഹിത്യ ലോകത്ത് ഉന്നയിക്കപ്പെടുന്നുണ്ട്. സങ്കീർണ്ണമായ രാ ഷ്ട്രീയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ നീതി അനീതി പ്രശ്നങ്ങളെ പ്രതികാരത്തിന്റെയും ആക്രമണത്തിന്റെയും കാഴ്ചപ്പാടിൽ അവതരിപ്പിച്ചു പരിഹരിക്കുമ്പോൾ വായനക്കാരുടെ ചിന്തയ്ക്ക് നോവൽ ബാക്കിവയ്ക്കുന്നതെന്ത് എന്ന ചോദ്യം പ്രസക്തമാണ്. കേവലമായ ആസ്വാദനത്തിനാണ് ജനപ്രിയസാഹിത്യം ഊന്നൽ നൽകുന്നതെന്ന ലളിതമായ ഉത്തരമാണ് ഇതിന് നൽകാൻ കഴിയുന്നത്.



ബഹുജനങ്ങളെ എല്ലാക്കാലത്തും സ്വാധീനിക്കുന്ന സൗഹൃദം, പ്രണയം, പ്രതികാരം,സാഹസികത,കുറ്റാന്വേഷണം, ചരിത്രം, രാഷ്ട്രീയം, ഇവയുടെ ഒരു സമ്മേളനമായി ഈ നോവൽ മാറുന്നു.


സൗഹൃദം : നോവലിലെ പ്രധാന കഥാപാത്രമായ റാമിന് ചെന്നൈ നഗരത്തിൽ നിന്ന് ലഭിക്കുന്ന സൗഹൃദങ്ങളാണ് കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. റാം, വെട്രി,ആനന്ദി, രേഷ്മ, പാട്ടി, മല്ലി എന്നിവരുടെ സൗഹൃദമാണ് ഇതിവൃത്തത്തെ കൂടുതൽ ദൃഢമാക്കുന്നത് . സൗഹൃദത്തിന്റെ ആഘോഷങ്ങളും കൂട്ടായ്മകളും സന്തോഷങ്ങളും സാന്ത്വനങ്ങളും പ്രശ്നപരിഹാരങ്ങളുമൊക്കെ സമർത്ഥ മായി ആവിഷ്കരിക്കുന്ന ഈ നോവൽ സൗഹൃദങ്ങളെ ഇഷ്ടപ്പെടുന്ന സൗഹൃദം കാത്തു സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരെയും ഒന്നുപോലെ സ്വാധീനിക്കുന്നു. എല്ലാ കാലത്തും സൗഹൃദങ്ങൾക്ക് നിലനിൽപ്പുണ്ട്. അതുകൊണ്ടുതന്നെ സൗഹൃദത്തിൻറെ വ്യത്യസ്ത മാതൃകകൾ കാട്ടിത്തരുന്ന ഈ നോവൽ കൂടുതൽ ജനപ്രിയമാകുന്നു.


പ്രണയം : പ്രണയത്തിൻറെ വ്യത്യസ്ത മുഖങ്ങൾ ഈ നോവൽ ആവിഷ്കരിക്കുന്നുണ്ട്. റാമും മല്ലിയും തമ്മിലുള്ള പ്രണയം റാമും ആനന്ദിയും തമ്മിലുള്ള പ്രണയം പാട്ടിയും ഭർത്താവും തമ്മിലുള്ള പ്രണയം ഇവയെല്ലാം അനുവാചക ഹൃദയത്തിൽ ആഴത്തിൽ പതിയുന്ന തരത്തിൽ ആവിഷ്കരിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. സൗഹൃദം പോലെ പ്രണയവും ഒരു സാർവ്വ ലൗകിക വികാരമാണ്. റാമും മല്ലിയും തമ്മിലുള്ള പ്രണയം രൂപാന്തരപ്പെടുന്നത് ദേഷ്യം,സഹതാപം, അനുകമ്പ, സ്നേഹം എന്നിങ്ങനെയാണ്. ട്രാൻസ്ജെൻഡർ വ്യക്തികൾ അനുഭവിക്കുന്ന സാമൂഹികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങളും ഒറ്റപ്പെടലുകളും വായനക്കാരനിൽ ഒരു നൊമ്പരമായി പടർത്താൻ മല്ലി എന്ന കഥാപാത്രസൃഷ്ടിക്ക് കഴിയുന്നു. ആനന്ദിയും റാമും തമ്മിലുള്ള പ്രണയവും അനുവാചകന് ആകർഷകമായ രീതിയിലാണ് അവ തരിപ്പിക്കുന്നത്. റാമും ആനന്ദിയും തമ്മിലുള്ള പ്രണയവും ആനന്ദിയുടെ ജീവിത പ്രാരാബ്ധങ്ങളും പണം സമ്പാദിക്കാൻ തെരഞ്ഞെടുക്കുന്ന വഴികളും നഷ്ടപ്പെട്ട സഹോദരനെ തിരികെ ലഭിക്കാൻ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളും പലായനത്തിന്റെയും ഒറ്റപ്പെടലിന്റെയും വേദനകളുമെല്ലാം അനുവാചക മനസ്സിൽ തീവ്രമായ നൊമ്പരങ്ങൾ സൃഷ്ടിക്കുന്നു. പാട്ടിയും ഭർത്താവും തമ്മിലു ള്ള പ്രണയത്തിൻറെ കഥയും വ്യത്യസ്ത മാണ്. മരണശേഷവും ആ പ്രണയം നിലനിർ ത്തുന്ന പാട്ടി പത്മിനി കാറിനെ തന്റെ ഭർത്താവിൻറെ പ്രതിരൂപമായി കാണുന്നു. പോയ നല്ല കാലത്തിൻറെ ഓർമ്മകളും പേറി ചെന്നൈ നഗരത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്ന അവരുടെ വീട് കേന്ദ്രീകരിച്ചാണ് നോവലിന്റെ ഇതിവൃത്തം പുരോഗമിക്കുന്നത്. പ്രണ യാർദ്രമായ മനസ്സുള്ളവർക്കെല്ലാം ഈ നോവൽ കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെടും.


പ്രതികാരം : അധികാരികളും അധികാര വ്യവസ്ഥിതിയും സംരക്ഷണ ചുമതല ഉള്ളവരും നടത്തുന്ന ഭീകരതകൾ ഏറ്റുവാങ്ങേണ്ടി വരുന്ന ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ വേദനയുടെ കഥയും പ്രതികാരത്തിന്റെ കഥയും നോവലിൽ ആവിഷ്കരിക്കുന്നുണ്ട്. തങ്ങളോട് ചെയ്ത ക്രൂരതയ്ക്ക് പകരമായി പോലീസുകാരെ മൃഗീയമായി കൊലചെയ്തുകൊണ്ട് തങ്ങളുടെ പ്രതികാരം നിർവഹിക്കുന്ന ട്രാൻസ്ജെൻഡർ സമൂഹം നിരാലംബർക്കും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ടെന്ന് തെളിയിക്കുന്നു. ആനന്ദിയുടെ പ്രതികാരത്തിന്റെയും പ്രതിഷേധത്തിന്റെയും മുഖങ്ങളും നോവലിൽ തെളിയുന്നുണ്ട്.


സാഹസികത , കുറ്റാന്വേഷണം : ജനപ്രിയ ഘടകങ്ങളായ സാഹസികത,കുറ്റാന്വേഷണം എന്നിവയോടൊപ്പം ഫാന്റസിയുടെ ഒരു ലോകവും നോവലിൽ ഉൾച്ചേർത്തിരിക്കുന്നു. പാട്ടിയുടെ നാട്ടിലേക്ക് പോകുന്ന റാമും ആനന്ദിയും അനുഭവിക്കുന്ന സാഹസികത നിറഞ്ഞ സംഭവങ്ങളുടെ വിവരണം ഫാന്റസി യുടെ മേമ്പൊടിയോടെയാണ് അവതരിപ്പിക്കുന്നത്. സാഹസികത നിറഞ്ഞ ചുറ്റുപാടുകളിലൂടെയാണ് ആനന്ദിയുടെ ജീവിതം ആദ്യാവസാനം കടന്നുപോകുന്നത്. കുറ്റാന്വേഷണവും നോവലിന്റെ കഥാഗതിയെ ഉദ്യേഗത്തോടെ നിലനിർത്തുന്നു. ആനന്ദിയുടെ ആൾമാറാട്ടവും പോലീസിൻറെ അന്വേഷണവും റാമും വെട്രിയും രേഷ്മയും ചേർന്ന് ആനന്ദിയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ചു കണ്ടെത്തുന്നതും അന്വേഷണാത്മക നോവലിൻറെ തലത്തിലേക്ക് ഈ കൃതിയെ മാറ്റുന്നു.


ചരിത്രം,രാഷ്ട്രീയം: അഭയാർത്ഥികളുടെ ചരിത്രവും രാഷ്ട്രീയവും നോവലുമായി സന്നിവേശിപ്പിച്ചിരിക്കുന്നതിലൂടെ ഈ കൃതിക്ക് ഒരു അന്താരാഷ്ട്ര മാനം കൈവരുന്നു. ശ്രീലങ്കൻ അഭയാർത്ഥി പ്രശ്നം, പലായനം ചെയ്തവരുടെ ജീവിതം, ഉറ്റവരും ഉടയവരും പലായനം ചെയ്യുകയോ നഷ്ടപ്പെടുകയോ ചെയ്തവരുടെ ഒറ്റപ്പെടലിന്റെ വേദനകൾ, സ്വത്വം പോലും നഷ്ടപ്പെട്ട് വ്യാജ ഐഡന്റിറ്റി യിൽ ജീവിക്കേണ്ടി വരുന്നവരുടെ പ്രശ്ന ങ്ങൾ, മനുഷ്യക്കടത്തിന്റെ പ്രശ്നങ്ങൾ, തുടങ്ങി ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന നോവൽ കൂടിയായി ഈ കൃതി മാറുന്നു.

ഇത്തരത്തിൽ ജനപ്രിയത യ്ക്കു വേണ്ട എല്ലാ ചേരുവകളും പാക ത്തിൽ ചേർത്താണ് അഖിൽ .പി. ധർമ്മജൻ ഈ നോവൽ രചിച്ചിരിക്കുന്നത്. എല്ലാത്തരം ആസ്വാദകരെയും തൻറെ നോവലിലേക്ക് ആകർഷിക്കുന്ന രചനാരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. പ്രണയവും സാഹസികതയും മാത്രമല്ല ചരിത്രവും രാഷ്ട്രീയവും കൂടി ഉൾച്ചേർത്തുകൊണ്ട് ഗൗരവതരമായ ചിന്തകളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകാൻ ഈ നോവലിന് കഴിയുന്നു. ഒരു ജനപ്രിയ നോവലിന് വേണ്ട വ്യത്യസ്ത ഘടകങ്ങളെ അതിസമർത്ഥമായി കോർത്തിണക്കി കൊണ്ടുള്ള നോവലിസ്റ്റിന്റെ ആഖ്യാനം റാം c/o ആനന്ദി എന്ന നോവലിനെ അനുവാചക ഹൃദയത്തോട് കൂടുതൽ ചേർത്തുനിർത്തുന്നു.



ഗ്രന്ഥസൂചി


അഖിൽ .പി.ധർമ്മജൻ. റാം c/o ആനന്ദി, ഡി സി ബുക്സ്, കോട്ടയം,2024.

ഇ.എം.എസ്. കേരളം മലയാളികളുടെ മാതൃഭൂമി, ചിന്ത പബ്ലിഷേഴ്സ്. തിരുവനന്തപുരം, 2022

ശ്രീകുമാർ,എം.ജി (എഡി.) ജനപ്രിയ സാഹിത്യം മലയാളത്തിൽ, സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം, 2014

ഡോ.ലാലു വി.

അസോസിയേറ്റ് പ്രൊഫസർ

മലയാളവിഭാഗം

യൂണിവേഴ്സിറ്റി കോളേജ്  തിരുവനന്തപുരം

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page