top of page

സ്വത്വാവബോധം ഗോത്രകവിതകളില്‍: തിരഞ്ഞെടുത്ത കവിതകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണം

അഞ്ജുഷ എന്‍.പി. 
ree

പ്രബന്ധസംഗ്രഹം

   ‘ഗോത്രകവിത’ എന്ന സംവര്‍ഗം കവിതാസാഹിത്യചരിത്രത്തിലെ നവീനമായൊരു പ്രവണതയാണ്‌. ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പലകാലങ്ങളായി ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. ആദിവാസികളെ നാഗരികനാക്കുവാനുള്ള പ്രവണത ഏറിവരുന്നുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ഗോത്രകവിത രൂപാന്തരം പ്രാപിക്കുന്നത്. ഗോത്രസ്വത്വാവബോധത്തിന്‍റെ ആവിഷ്ക്കാരമായി ഗോത്രകവിത മാറുന്നുണ്ട്.  ഗോത്രസ്വത്വാവബോധം കവിതയില്‍ പ്രതിഫലിക്കുന്നത് എപ്രകാരമാണെന്ന് ‘ഗോത്രകവിത’ എന്ന സമാഹാരത്തെ മുന്‍നിര്‍ത്തി പഠിക്കുകയാണ് ഈ പ്രബന്ധത്തിലൂടെ ചെയ്യുന്നത്.

 

താക്കോല്‍ വാക്കുകള്‍ : സ്വത്വം, സ്വത്വാവബോധം, ഗോത്രം, ഗോത്രകവിത, പെണ്ണെഴുത്ത്.

 

ആമുഖം

   ഗോത്രജനതയുടെ അനുഭവപരിസരത്തുനിന്ന് ഗോത്രഭാഷയില്‍ ഗോത്രവിഭാഗത്തിലെ കവികള്‍ എഴുതുന്നതും മറ്റുഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി പൊതുഇടത്തിലേക്ക് പ്രസിദ്ധീകരിക്കുന്നതുമായ കവിതകളാണ് പൊതുവെ 'ഗോത്രകവിത' എന്ന സംവര്‍ഗത്തില്‍ ഉള്ളടങ്ങിയിരിക്കുന്നത്. കേരളകവിതാസാഹിത്യചരിത്രത്തില്‍ സ്വതസിദ്ധമായ ഒരിടം നേടിയെടുത്ത മികച്ച കവിതാശാഖയാണ് ഗോത്രകവിതകള്‍. ഗോത്രഭാഷയിൽ സർഗാത്മകതയുടെ ചുവടുപിടിച്ച് ഗോത്ര ജീവിതത്തെ ആവിഷ്കരിക്കുകയാണ് ഓരോ കവിതയും. പ്രമേയപരമായും ഭാഷാപരമായും  കവിതാസാഹിത്യചരിത്രത്തിൽ വ്യത്യസ്തത പുലർത്തുന്ന ഒരു മഹത്തായ കാവ്യപ്രസ്ഥാനമായി മാറിയിട്ടുണ്ട് ഗോത്രകവിത. തങ്ങളുടെ ഭാഷയും ജീവിതാനുഭവങ്ങളും മുഖ്യധാരയിൽ അടയാളപ്പെടുത്തുക എന്ന സ്വത്വബോധമാണ് കവിതയുടെ ആവിഷ്കരണത്തിന് പിന്നില്‍ വര്‍ത്തിക്കുന്നത്.

     'ഗോത്രകവിത' എന്ന നവീനമായ സംജ്ഞ ഉരുത്തിരിഞ്ഞു വന്നത് സ്വത്വാവബോധത്തിൽ നിന്നാണെന്ന് നിസംശയം പറയാം. പരിഷ്കൃത ലോകത്തിലേക്ക് തങ്ങളുടെ സ്വത്വത്തെ അടയാളപ്പെടുത്തുക എന്ന ഉദ്യമം ഗോത്ര കവിതയിൽ സാധ്യമാകുന്നുണ്ട്. 'താൻ കറുത്തവൻ മാത്രമല്ലെന്നും വെളുത്തവൻ അല്ലാത്തവൻ കൂടി ആണെന്നും ബോധ്യപ്പെടുന്നവന്റെ ദുരന്തബോധം ക്രമേണ അഭിമാനവും ധാർഷ്ട്യവുമായി പിന്നെ വിപ്ലവബോധമായി രൂപം മാറുന്നു' (സച്ചിദാനന്ദന്‍,2018:47).  തങ്ങള്‍ ആദിവാസികളാണെന്നും തങ്ങളുടെ സ്വത്വം അടയാളപ്പെടുത്തേണ്ട ഒന്നാണെന്നുമുള്ള അഭിമാനബോധത്തിന്‍റെ പ്രതിഫലനമായി ഗോത്രകവിത മാറുന്നുണ്ട്. അതിന് ഉദാഹരണമാണ് അശോകന്‍ മറയൂരിന്‍റെ ‘പച്ചവ്‌്ട്’, ധന്യ വേങ്ങച്ചേരിയുടെ ‘മിരെനീര്’,  കേരളത്തിലെ വ്യത്യസ്ത ഗോത്ര ഭാഷയിൽ എഴുതുന്ന കവികളുടെ കവിതകൾ ഏകോപിപ്പിച്ച് സുകുമാരൻ ചാലിഗദ്ധയുടെയും സുരേഷ് എം മാവിലന്റെയും ഏകോപനത്തിൽ പ്രസിദ്ധീകരിച്ച 'ഗോത്രകവിത' എന്നീ കവിതാസമാഹാരങ്ങള്‍. ഈ കവിതാസമാഹാരങ്ങള്‍ എല്ലാം തന്നെ  ആദിവാസിസ്വത്വാവബോധത്തിന്‍റെ പ്രതിഫലനമാണ്. അത്തരത്തിലുള്ള കവിതകള്‍ വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. ഗോത്രസ്വത്വം പരിവര്‍ത്തനവിധേയമാവുന്ന ആധുനികയുഗത്തില്‍ ഗോത്രസ്വത്വാവിഷ്ക്കാരം എപ്രകാരമാണ് ഗോത്രകവികള്‍ ‘കവിത’ എന്ന സാഹിത്യമാധ്യമത്തിലൂടെ അടയാളപ്പെടുത്തുന്നതെന്ന് സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്.

 

 

സ്വത്വാവബോധം ഗോത്രകവിതകളില്‍

     ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരു ജനതയെ മറ്റു ജനവിഭാഗങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം എന്ന നിലയിലാണ് സ്വത്വസങ്കല്പത്തെ ഈ ലേഖനത്തില്‍ പ്രധാനമായും നിര്‍വ്വചിച്ചിരിക്കുന്നത്. വര്‍ണം, ഭാഷ, സംസ്കാരം, വംശം, ലിംഗം, ജാതി, മതം തുടങ്ങിയ ഒട്ടനവധി ഘടകങ്ങള്‍ ഒരു ജനതയുടെ സ്വത്വത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. വ്യത്യസ്തമായ സാമൂഹിക സാംസ്കാരിക ഘടകങ്ങളുടെ ഫലമായി സ്വത്വത്തില്‍ നിന്നും രൂപപ്പെടുന്നതാണ് സ്വത്വാവബോധം. അസമത്വങ്ങളെ തിരിച്ചറിയാനും അവ ചോദ്യം ചെയ്യാനുമുള്ള കെല്‍പ്പ് വ്യക്തിനേടിയെടുക്കുന്നത് സ്വത്വാവബോധത്തിലൂടെയാണ്. വ്യക്തിസത്തയുടെ ആത്മാഭിമാനത്തില്‍ നിന്നുമാണ് സ്വത്വാവബോധം രൂപപ്പെടുന്നത്. സാഹിത്യത്തില്‍ അത്തരത്തിലുള്ള സ്വത്വാവബോധത്തിന്‍റെ പ്രതിഫലനങ്ങള്‍ കാണാം. അതിന് ഉത്തമ ഉദാഹരണമാണ് ഗോത്രകവിത. അതില്‍ അടയാളപ്പെടുത്തുന്നത് ഒരു വ്യക്തിയെ അല്ല. മറിച്ച് ഒരു ജനതയെ ആണ്, അല്ലെങ്കില്‍ ഒരു ഗോത്രത്തെയാണെന്ന് പറയാം.

    തനതായ ഭാഷയും ആചാരവിശ്വാസങ്ങളും ഉള്‍ക്കൊണ്ട് ഒരു പ്രദേശത്ത് കൂട്ടമായി ജീവിക്കുന്ന ഒരുകൂട്ടം ജനതയെ വിശേഷിപ്പിക്കുന്ന പദമാണ് ഗോത്രം(Tribe). പൊതുവായ ഉറവിടത്താലും താല്‍ക്കാലികമോ സ്ഥിരമോ ആയ രാഷ്ട്രീയ ഐക്യത്താലും ഒരു ഭാഷ ഒരു സംസ്കാരം എന്നിവ പങ്കുവെക്കുന്നതിലൂടെ നിര്‍വ്വചിക്കപ്പെടുന്ന സാമൂഹിക വിഭാഗം എന്നാണ് ‘എന്‍സെെക്ലോപീഡിയ ബ്രിട്ടാനിക്ക’ ഗോത്രത്തിന് നല്‍കിയിരിക്കുന്ന നിര്‍വ്വചനം. മാനവികജീവിതത്തിന്‍റെ പ്രാരംഭജീവിതാവസ്ഥ ഗോത്രസംസ്കാരവുമായി ബന്ധപ്പെട്ട് കിടക്കുന്നു. പ്രാചീന മനുഷ്യന്‍ ആധുനികനാവുന്ന കാലത്തിന്‍റെ ചരിത്രം ഗോത്രജീവിതാവസ്ഥയില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. വെെവിധ്യമാര്‍ന്ന സാംസ്കാരികസ്വത്വം ഉള്‍ക്കൊള്ളുന്നവരാണിവര്‍. ഈ ജനവിഭാഗങ്ങളെ സൂചിപ്പിക്കുവാനായി 'ഗോത്രം', 'ഗോത്രവര്‍ഗം',' പട്ടികവര്‍ഗം', 'വനവാസി', 'ഗിരിജനം', 'തദ്ദേശിയര്‍', 'ആദിമനിവാസികള്‍', ആദിവാസികള്‍, 'ആദിവാസിവര്‍ഗം', (Tribes) എന്നീ പദങ്ങള്‍ പ്രയോഗിക്കുന്നു.  കാലങ്ങളായി ചൂഷണം ചെയ്യപ്പെട്ട ആദിവാസിജനത സ്വത്വാവബോധം കെെവരിക്കുകയും കര്‍ത്തൃത്വമാര്‍ജ്ജിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അവരുടെ സര്‍ഗാത്മകതയില്‍ നിന്നും ഉരുവം കൊണ്ട സാഹിത്യരൂപമാണ് 'ഗോത്രകവിത'. അനീതിക്കെതിരെ ചോദ്യം ചെയ്യുവാനുള്ള കെല്‍പ്പ് ഒരു ജനതയില്‍ ഉണ്ടാവുന്നതില്‍ സ്വത്വാവബോധം വലിയ പങ്കുവഹിക്കുന്നു. 'സ്വയം തിരിച്ചറിയാനും അതിനെത്തുടര്‍ന്ന് താന്‍ ജീവിക്കുന്ന സമൂഹത്തിലെ അസമത്വങ്ങള്‍ തിരിച്ചറിയാനുമുള്ള വ്യക്തിയുടെ ബോധമാണ് സ്വത്വബോധം' (ഗോവിന്ദന്‍ മാസ്റ്റര്‍, എം.,വി.,2012:26).  ഇത്തരത്തിലുള്ള സ്വത്വബോധമാണ് ഗോത്രകവിതകളില്‍ കാണാന്‍ കഴിയുന്നത്. 'ഗോത്രകവിത' എന്ന സംവര്‍ഗം തന്നെ രൂപപ്പെടുന്നത് സ്വത്വാവബോധത്തില്‍ നിന്നുമാണ്. ഗോത്രജനതയുടെ ജീവിതം, സംസ്കാരം, ഭാഷ, വംശചരിത്രം, മിത്ത് തുടങ്ങി ഗോത്രവിഭാഗത്തിന്‍റെ വ്യത്യസ്തഭാവങ്ങള്‍ ഗോത്രകവിതയില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. അശോകന്‍ മറയൂരിന്‍റെ 'പൊടവ', സുരേഷ്.എം.മാവിലന്‍റെ 'പേലി', രാഗേഷ് നീലേശ്വരത്തിന്‍റെ 'പതി', മണികണ്ഠന്‍ അട്ടപ്പാടിയുടെ 'മണ്ണ്', ശിവലിംഗന്‍റെ 'വെളിയെ', ആര്‍.കെ.രാഗേഷ് അട്ടപ്പാടിയുടെ 'പട്ടാവ്', ലയനേഷ് തോലമ്പറ്റയുടെ 'തുടി', ജിജീഷ് ആര്‍. വയനാടിന്‍റെ 'പണിയനപ്പാട്ടു', അജയന്‍ മടൂരിന്‍റെ 'വേടന്‍റെ കെണി', 'കാട്ടുറുമ്പുകള്‍', 'കാത്തിരിപ്പ്', പ്രകാശ് ചെന്തളത്തിന്‍റെ 'കാട് ആരത് ?' സീനതച്ചങ്ങാടിന്‍റെ 'താക്കീത്', 'നഷ്ടസംസ്കാരം', തുടങ്ങിയ കവിതകളെല്ലാം ഗോത്രസ്വത്വം അടയാളപ്പെടുത്തുന്നവയാണ്. മുതുവാന്‍, മാവിലന്‍, ഇരുള, പണിയ, മുള്ളക്കുറുമന്‍, മലവേട്ടുവന്‍, എന്നീ ഗോത്രസ്വത്വങ്ങള്‍ കവിതയിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്.

       ആദിവാസിജീവിതത്തിന്‍റെ ദാരിദ്ര്യാവസ്ഥ തുറന്ന് കാട്ടുന്ന കവിതയാണ് അശോകന്‍ മറയൂരിന്‍റെ 'പൊടവ'. പൊടവയോടുള്ള ആദിവാസികളുടെ സമീപനം അവരുടെ ജീവിതരീതി ഇവയെല്ലാം കവിതയില്‍ അടയാളപ്പെടുന്നുണ്ട്. ഗോത്രജനതയുടെ ഉത്സവമായ 'പൊങ്കല്‍' വന്നാലാണ് ഒരു പുടവ വാങ്ങിക്കുന്നത്.

   'പൊങ്കലവന്തേ ഒറ

    പൊടവ

    ഒറമൂല എറ്റിക്കെട്ടി

    മറുമൂല എറ്റ്വ്റ്സ്

    മീനും നണ്ടും തൂത്ത

    പൊടവ' (സുകുമാരന്‍ ചാലിഗദ്ധ; സുരേഷ് എം.,മാവിലന്‍,2023:29)

പൊങ്കൽ വന്നാൽ ഒരു പൊടവ, ഒരു മൂല അലക്കിക്കെട്ടി മറ്റേ മൂല അലക്കി വിരിച്ച് മീനിനെയും ഞണ്ടിനെയും കോരുന്ന പൊടവ എന്ന് പറഞ്ഞാണ് കവിത ആരംഭിക്കുന്നത്. 'പൊടവ' എന്നാൽ സാരിയാണ്. സാരിയുടെ ഒരറ്റം നാണം മറക്കാനും മറ്റേ അറ്റം മീനിനെ പിടിക്കാനും ഉപയോഗിക്കും. മുതുകിൽ കുഞ്ഞിനെ ഏറ്റുന്നതും കമ്പോടെ ചീരനുള്ളിയിട്ട് മടിയിൽ കെട്ടിവെക്കുന്നതും പൊടവയിലാണ്. മുതുവാൻ എന്ന ഗോത്രനാമം ഉണ്ടാവുന്നത് മുതുകിൽ കുഞ്ഞിനെ ഏറ്റി നടക്കുന്നതിനാലാണെന്ന് പറയപ്പെടുന്നുണ്ട്. മുതുവാൻ ഗോത്രസ്വത്വത്തിന്റെ അടയാളപ്പെടുത്തലാണ്

‘മുതുകില് കുഞ്ചി പൂണ്ട്’

(മുതുകിൽ കുഞ്ഞിനെ പൂണ്ട്) എന്ന വരി. സാരിയുടെ ഒരറ്റം വിരിച്ചു കിടക്കാനും മറ്റെ അറ്റം പൊതച്ചുകിടക്കാനും എടുക്കും, മുള്ളുകൊണ്ട് കീറിയാലും അലക്കിയിട്ട് പിഞ്ഞിപ്പോയാലും അതൊക്കെ തുന്നിച്ചേർത്ത് വീണ്ടും വീണ്ടും ഉപയോഗിക്കും. മാനം പോയാൽ തൂങ്ങിമരിക്കുന്നതും ഇതേ പൊടവയിലാണ്. 'പൊടവ' എന്നത് ആദിവാസി സ്വത്വത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഘടകമാണ്. ആദിവാസി ജീവിത സംസ്കാരത്തിന്റെ ഭാഗമായ പൊങ്കലിനെക്കുറിച്ചും ആദിവാസി ജീവിതത്തിന്റെ ദാരിദ്ര്യാവസ്ഥയെ കുറിച്ചും 'പൊടവ' എന്ന കവിതയിലൂടെ അശോകൻ മറയൂർ ആഖ്യാനം ചെയ്യുന്നു. 

    'പേലി' എന്ന കവിതയിൽ പ്രകടമാവുന്നത് ആദിവാസി സ്വത്വമാണ്. ഒരു വാഴ നടുന്നതിന്റെ ചിത്രത്തിലൂടെ കവി പറഞ്ഞു വെക്കുന്നത് ആദിവാസി സംസ്കാരമാണ്. കാട് അവർക്ക് അതിര്‍ത്ഥിഭേദിച്ച് വിഹരിക്കുവാനുള്ള സ്ഥലം ആയിരുന്നു. അധിനിവേശ ശക്തികളുടെ കടന്നുകയറ്റം മൂലമാണ് അവർക്ക് സ്ഥലം നഷ്ടപ്പെടുന്നത് സ്വന്തം ഭൂമിക്ക് വേണ്ടി നഗരവാസികളോട് അപേക്ഷിക്കേണ്ട അവസ്ഥയാണ് ആദിവാസികൾക്കുള്ളത്. സർക്കാരിന്റെ വനനിയമം ഇതിന്റെ ഫലമായി വന്നതാണ്. ആദിവാസികൾ കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കുന്ന പാഠമുണ്ട് അത് ഇവിടെ തെളിഞ്ഞു കാണുന്നു. നിസ്സ്വാർത്ഥമായ മനോഭാവത്തിന് അധിപരാണവർ.

      'ഏനൊഞ്ചി പാടെ നട്തെ;

       അയിക്ക്

       പേലിയൊഞ്ചല

       മാട്ട്ടി' (സുകുമാരന്‍ ചാലിഗദ്ധ; സുരേഷ് എം.,മാവിലന്‍,2023:87)

 

  ഞാനൊരു വാഴനട്ടു അതിന് വേലി ഒന്നും കെട്ടിയില്ല എന്നാണ് കവി പറയുന്നത്. സ്ഥലപരമായ അതിർത്തിയെ സംബന്ധിച്ച ആശങ്ക ഇല്ലാത്തവരാണ് ഗോത്രജനത എന്ന കാര്യം ഈ വരികളിൽ വ്യക്തമാണ്.

ഞാനെന്റെ കുട്ടിക്ക് വിയർപ്പ് മുളയ്ക്കുന്നതെങ്ങനെയെന്നും വാഴപ്പഴത്തിന്റെ മധുരം എന്തെന്നും വിശപ്പിന്റെ വില എന്തെന്നും പറഞ്ഞുകൊടുത്തിട്ടുണ്ട്. അതുകൊണ്ട് വാഴയ്ക്ക് ഇനി വേലി കെട്ടേണ്ടതില്ല എന്ന് പറഞ്ഞുവെക്കുകയാണ് കവി. അധ്വാനത്തിന്റെ മഹത്വവും വിശപ്പിന്റെ വിലയും പറഞ്ഞുകൊടുത്താണ് അവർ കുഞ്ഞുങ്ങളെ വളർത്തുന്നത് അവിടെ ആദിവാസിസ്വത്വം രൂപപ്പെടുകയാണ് മൂല്യബോധമുള്ള ഒരു സമൂഹമായി അവർ വളർന്നു വരുന്നതിന്റെ സൂചന വരികളിൽ തെളിഞ്ഞു കാണാം.

      മാവിലന്‍ തുളുഭാഷാകവിയായ രാഗേഷ്നീലേശ്വരത്തിന്‍റെ 'പതി' എന്ന കവിതയില്‍ സ്വത്വനഷ്ടമാണ് തെളിഞ്ഞുകാണുന്നത്. സ്വത്വം രൂപപ്പടുന്നതില്‍ സംസ്കാരത്തിന് വലിയ പങ്കുണ്ട്. പാരമ്പര്യമായ ആരാധനരീതിയില്‍ വന്ന മാറ്റമാണ് 'പതി' എന്ന കവിതയില്‍ അടയാളപ്പെടുന്നത്. ഗോത്രജനതയുടെ ആരാധനാകേന്ദ്രമായ പതിയുടെ നിര്‍മ്മാണ രീതിയെക്കുറിച്ച് കവിതയിൽ സൂചന നൽകുന്നുണ്ട്.

മണ്ണ് ഉപയോഗിച്ച് ചതുരത്തിൽ തറ ചായിച്ചിട്ട് അതിന്റെ മൂലയിൽ തൂണ് കുഴിച്ചിട്ട് ഓലകൊണ്ട് മേൽക്കൂര ഉണ്ടാക്കി അതിനകത്ത് ഗോത്ര ജനതയുടെ ആരാധനാമൂർത്തിയായ തെയ്യത്തെ കുടിയിരുത്തുന്നു. കവിതയുടെ തുടക്കത്തിൽ ഇതാണ് പറയുന്നത്. അജ്ജൻ, കപ്പാളത്തി, കരിയാപ്പൊതി, എന്നിവയെല്ലാം ഗോത്ര ജനത ആരാധിക്കുന്ന തെയ്യങ്ങളാണ്. അവരോടൊപ്പം ഈ തെയ്യങ്ങളും മഴ നനഞ്ഞു എന്ന് പറയുന്നുണ്ട്. അവരുടെ ദാരിദ്ര്യാവസ്ഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അവരുടെ ദൈവങ്ങൾക്ക് പ്രിയം പള്ളിയറകളോടാണെന്നും മഞ്ഞും മഴയും വെയിലും കൊണ്ട് ഗോത്രജനതയ്ക്ക് കാവലിരുന്ന കുലദേവതകൾ ടൈലു പതിച്ച കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിൽ ഒരു വിളിക്ക് ഒമ്പത് കുറ്റാട്ടുമെന്ന് പറഞ്ഞ് വാതിലടച്ച് ഉറങ്ങുകയാണെന്നും കവി പറയുന്നു. ഹൈന്ദവവൽക്കരണത്തെയാണ് കവിതയിൽ സൂചിപ്പിക്കുന്നത്. പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ആരാധനാരീതിയായിരുന്നു ഗോത്ര ജനതയ്ക്ക് ഉണ്ടായിരുന്നത്. അതിൽ നിന്ന് ചില മാറ്റങ്ങൾ വന്നു തുടങ്ങി എന്ന സൂചനയാണ് ഗോത്ര ജനതയുടെ പതികളിൽ ഉണ്ടായിരുന്ന ദൈവം കോൺക്രീറ്റ് കെട്ടിടത്തിലായ് എന്നത്. നാല് തൂണ് നാട്ടി അതിനു മുകളിൽ നീല ടാർപ്പോളിൻ ഷീറ്റ് വലിച്ചുകെട്ടിയ പതികളിലാണ് അവർ ഇന്നും താമസിക്കുന്നതെന്നും കവി പറയുന്നു. ദ്രാവിഡാരാതനയുടെ ഭാഗമാണ് ഗോത്രാരാധനയും, ഇത് ഗോത്രസ്വത്വവുമായി ചേര്‍ന്നു നില്ക്കുന്ന ഒന്നാണ്. അതിൽ വന്നു ചേരുന്ന വ്യതിയാനങ്ങൾ കവിതയിൽ അടയാളപ്പെടുന്നുണ്ട്.

      ഇരുളഭാഷാകവിയായ മണികണ്ഠന്‍ അട്ടപ്പാടിയുടെ 'മണ്ണ്' എന്ന കവിതയില്‍ മാറിവരുന്ന ഗോത്രസംസ്കാരത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഗോത്രസ്വത്വം രൂപപ്പെടുന്നതില്‍ കൂട്ടായ്മക്ക് വലിയ പങ്കുണ്ട്. എന്നാല്‍ ഈ കവിതയില്‍ തെളിയുന്നത് ആ കൂട്ടായ്മയുടെ അസംഘടിതാവസ്ഥയും മാറുന്ന ഗോത്രസ്വത്വവുമാണ്. 'നമ്മുടെ' എന്ന് പറഞ്ഞവര്‍ 'ഞങ്ങളുടെ' എന്നും 'നമ്മള്‍' എന്ന് പറഞ്ഞവര്‍ 'നീ' എന്നും പറയുന്നു. ഉറുമ്പിനെപ്പോലെ ഒന്നായി നടന്നവര്‍ ഒന്നൊന്നായി പിരിഞ്ഞുപോയെന്ന് കവി പറയുകയാണ്. തനിമയാര്‍ന്ന ആദിവാസിക്കൂട്ടായ്മ അവര്‍ക്ക് നഷ്ടപ്പെട്ടു പോവുകയാണ്. മനുഷ്യര്‍ മണ്ണിനോട് ചെയ്യുന്ന ചൂഷണത്തെ അപലപിക്കുകയാണ് കവിത.

     ഇരുളഭാഷാകവിയായ ശിവലിംഗന്‍റെ 'വെളിയെ' എന്ന കവിത വന്തവാസികളോടുള്ള പ്രതിഷേധമാണ്. സ്വന്തം ഇടത്തില്‍ നിന്നും പുറത്താക്കപ്പെടുന്ന ഗോത്രജനതയുടെ നിസ്സഹായാവസ്ഥ ഈ വരികളില്‍ തെളിയുന്നു. ജീവിത യാഥാര്‍ത്ഥ്യങ്ങളെ 'വെളിയെ' എന്ന പദപ്രയോഗത്തിലൂടെ വളരെ അര്‍ത്ഥവത്തായി ശിവലിംഗന്‍ അവതരിപ്പിച്ചിരിക്കുന്നു.

     'നാമ് വാള്ന്തേമ് കാടിതി

      വാന്തേവാശി വന്തെ കാട്ക്കേ

      പിന്നെമ് നാമ് വെളിയേ

     ഇനി നാമ് എപ്പ ഉള്ളെ ?' (സുകുമാരന്‍ ചാലിഗദ്ധ; സുരേഷ് എം.,മാവിലന്‍,2023:125)

  കാട് കാട്ടുമക്കള്‍ക്ക് സ്വന്തമാണെന്നും വന്തവാസികള്‍ കാടുകയ്യേറി ആദിവാസികളുടെ വാസസ്ഥലം നഷ്ടപ്പെടുത്തുകയാണെന്നുമുള്ള സ്വത്വബോധത്തില്‍ നിന്നുമാണ്  'ഞങ്ങള്‍ കാട്ടില്‍ ജീവിച്ചു, ആ കാട്ടിലേക്ക് കുടിയേറ്റക്കാര്‍ വരികയും ഗോത്രജനത പുറത്താവുകയും ചെയ്തു. ഇനിയവര്‍ എപ്പൊഴാണ് അകത്തേക്ക് ? ' എന്ന ചോദ്യം ഉയര്‍ന്നു വരുന്നത്.  നമ്മള്‍ അകത്തുനില്‍ക്കേണ്ടുന്നവരാണെന്ന ബോധത്തിനൊപ്പം തന്നെ നഷ്ടപ്പെട്ട് പോവുന്ന വാസസ്ഥലത്തെ കുറിച്ചുള്ള ആകുലതയും ആ വരികളില്‍  കാണാം.

       സ്വന്തം ഇടത്തില്‍ നിന്നും ഇറങ്ങിപ്പോകേണ്ടി വന്ന ഗോത്രജനതയുടെ ദയനീയാവസ്ഥയാണ് ഇരുളഭാഷാകവിയായ ആര്‍.കെ.രമേശ് അട്ടപ്പാടിയുടെ 'പട്ടാവ്' എന്ന കവിതയിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്.

വേലയടച്ച് വിത്തിട്ട് കിളയെടുത്ത കാലത്ത് മണ്ണുക്കാരന്‍ പറയുന്നതിനപ്പുറം ഗോത്രജനതയ്ക്ക് ഒന്നുമില്ല. മണ്ണുക്കാരനായിരുന്നു അവരുടെനേതാവ്. എന്നാല്‍ ആ കാലഘട്ടം മാറിപ്പോയെന്നും അധികാരികള്‍ വന്നതിനാല്‍ പണിയുമില്ല പട്ടയവുമില്ല എന്ന അവസ്ഥയാണ്.  ഗോത്രജനത അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികളെ കുറിച്ചാണ് കവിതയില്‍ പറയുന്നത്. ഊരുവിട്ട് ഭൂമിവിട്ട് കടന്നുപോവാന്‍ അധികാരികള്‍ ആജ്ഞാപിച്ചു എന്നാല്‍ ഓടിയൊളിക്കില്ല കെെകളുയര്‍ത്തി നില്‍ക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്യുകയാണ് കവി. ഓരോ ആദിവാസിജനതയുടെയും മനസില്‍ തീര്‍ത്ത പ്രതിരോധമായി കവിത മാറുന്നുണ്ട്. ഇത് തങ്ങളുടെ ഭൂമിയാണെന്നുള്ള ബോധത്തില്‍ നിന്നും രൂപം കൊണ്ട സ്വത്വപ്രതിരോധമാണ് 'പട്ടാവ്' എന്ന കവിത.  ആദിവാസിസ്വത്വവുമായി ചേര്‍ന്നുനില്‍ക്കുന്ന തുടി നിര്‍മ്മാണത്തിന്‍റെ സൂചനയാണ് പണിയഭാഷാകവിയായ 'ലയനേഷ് തേലമ്പറ്റ'യുടെ 'തുടി' എന്ന കവിതയില്‍ കാണുന്നത്.

      'എന്ന ഓര്‍മ്മലി തുടി ഒച്ചയില്

       ഒരു രാജ്യ ഇന്ത' (സുകുമാരന്‍ ചാലിഗദ്ധ; സുരേഷ് എം.,മാവിലന്‍,2023:175)

എന്‍റെ ഓര്‍മ്മയിലെ തുടിശബ്ദത്തില്‍ ഒരു രാജ്യമുണ്ടായിരുന്നു എന്ന കവിതയിലെ ആദ്യവരിയില്‍ നിന്നുതന്നെ ആദിവാസി ജീവിതത്തില്‍ അത്രമേല്‍ പ്രധാനപ്പെട്ട വാദ്യോപകരണമാണ് തുടി എന്ന് വ്യക്തമാണ്.

        തങ്ങള്‍ ആരാണെന്ന് വിലയിരുത്തുന്ന കവിതയാണ് പണിയഗോത്രഭാഷാകവിയായ ജിജീഷ് ആര്‍ വയനാടിന്‍റെ 'പണിയനപ്പാട്ട്'.

പണിയ സ്വത്വത്തിന്‍റെ ആഖ്യാനമായി കവിതമാറുന്നു. ഗോത്രസ്വത്വാവബോധത്തില്‍ നിന്നും രൂപപ്പെട്ട കവിതയാണിത്. ഞങ്ങളും പണിയരാണ്, ഞങ്ങളുടെ മക്കളും പണിയരാണ്, തമ്പുരാന്  മുതലാളിമാര്‍ വിറ്റപണിയര്‍ എന്നാണ് കവിതയില്‍ പറയുന്നത്. സ്വന്തം മണ്ണ് നഷ്ടപ്പെടുന്ന ഗോത്രജനതയുടെ നിസ്സഹായതയും കവിതയില്‍ കാണാം. എവിടെ നിന്നോ വന്ന മനുഷ്യര്‍ ആദിവാസികളുടെ മണ്ണ് സ്വന്തമാക്കി അവരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയാണ്. തമ്പുരാന്‍റെ ആവശ്യം കഴിയുമ്പോള്‍ പണിയരെ കൊണ്ടുപോയി ചന്തയില്‍ വില്‍ക്കുന്നു. ആദിവാസി ജനതയെ അടിമകളാക്കിമാറ്റുന്നതിന്‍റെ നേര്‍സാക്ഷ്യമാണ് 'പണിയനപ്പാട്ട്'.

അധിനിവേശക്കാരുടെ സമ്പര്‍ക്കഫലമായി ഗോത്രസ്വത്വത്തില്‍ വന്ന ദൗര്‍ഭാഗ്യപരമായ മാറ്റത്തെയാണ് മുള്ളക്കുറുമ ഭാഷാകവിയായ അജയന്‍ മടൂരിന്‍റെ 'വേടന്‍റെ കെണി' എന്ന കവിതയില്‍ ആവിഷ്ക്കരിക്കുന്നത്.

അജയന്‍ മടൂര്‍ 'കാട്ടുറുമ്പുകള്‍' എന്ന കവിതയിലൂടെ നഷ്ടപ്പെട്ടുപോവുന്ന ഗോത്രസ്വത്വത്തെയാണ് അവതരിപ്പിക്കുന്നത്.

     'നാട്നെയും കാട്നെയും അതിര്‍ത്തിലി

     മുള്ള് വേലിമ കുടുങ്ങിക്കെടക്ക്നവര്‍'. (സുകുമാരന്‍ ചാലിഗദ്ധ; സുരേഷ് എം.,മാവിലന്‍,2023:185)

 

      എന്ന വരികളില്‍ തെളിയുന്നത് സ്വത്വം നഷ്ടപ്പെട്ടുപോവുന്ന ഗോത്രജനതയെയാണ്.  നാടിന്‍റെ സംസ്കാരമാണോ കാടിന്‍റെ സംസ്കാരമാണോ നല്ലതെന്ന് തിരിച്ചറിയാനാവാതെ പ്രതിസന്ധിയിലാവുന്ന ഗോത്രസ്വത്വത്തിലാണ് കവിത അവസാനിക്കുന്നത്. കാടകസംസ്കാരത്തില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതയാണ് 'കാത്തിരിപ്പ്' എന്ന കവിതയില്‍ തെളിയുന്നത്. മുള്ളക്കുറുമ ഭാഷാകവിയായ അജയന്‍ മടൂരിന്‍റെ കവിതകളില്‍ ആദിവാസി സ്വത്വപ്രതിസന്ധിയാണ് തെളിഞ്ഞുകാണുന്നത്.

    സുധാരാജേഷ് മഞ്ഞളമ്പരയുടെ 'നഷ്ടസംസ്കാരം' എന്ന കവിതയും നഷ്ടപ്പെട്ടുപോവുന്ന ഗോത്രസ്വത്വത്തെ അടയാളപ്പെടുത്തുന്നവയാണ്.

കാടുകയ്യേറാന്‍ വരുന്ന നഗരവാസികള്‍ക്കെതിരെയുള്ള പ്രതിഷേധസ്വരമാണ് സീനതച്ചങ്ങാടിന്‍റെ 'താക്കീത്' എന്ന കവിത. നഗരവാസികള്‍ കാട്ടിലെത്തിയാല്‍ കാടിന്‍റെ സത്ത തന്നെ നഷ്ടപ്പെട്ടു പോകും. നെെസര്‍ഗ്ഗികമായ പ്രകൃതിയില്‍ നഗരവാസികള്‍ കടന്നുകയറിയാല്‍ കാട് നശിക്കപ്പെടും എന്ന കാര്യത്തില്‍ കവിക്ക് യാതൊരു സംശയവുമില്ല, അതുകൊണ്ട് തന്നെയാണ്

     'കാടുകയറരുത്

     കാടുകയറിവരരുത്

     അവരതുപോല്‍

     തുടര്‍ന്നോട്ടേ…' (സുകുമാരന്‍ ചാലിഗദ്ധ; സുരേഷ് എം.,മാവിലന്‍,2023:260)

 എന്ന് കവി താക്കീത് ചെയ്യുന്നത്. കാട് തങ്ങളുടേതാണെന്ന സ്വത്വബോധമാണ് കവിയെ ഇങ്ങനെ താക്കീത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഗോത്രജനതയുടെ ഇടം നഷ്ടപ്പെടാതിരിക്കാനുള്ള താക്കീതായി കവിത മാറുന്നുണ്ട്.

 

പെണ്ണുഴുത്തിലെ ഗോത്രസ്വത്വനിര്‍മ്മിതി

        ഗോത്ര കവിതാസാഹിത്യത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ഗോത്രപെൺകവികൾ. ഗോത്രജീവിതാവിഷ്കാരവും, സ്ത്രീ സ്വത്വാവിഷ്കാരവും ഗോത്രകവിതകളിലെ പെണ്ണെഴുത്തുകളിൽ ദർശനീയമാണ്. നാഗരിക മനുഷ്യന് അനിർവചനീയമായ കാടകത്തെ ജീവിതത്തിൻ്റെ തീക്ഷ്ണ ഭാവത്തിലൂടെ സ്വതസിദ്ധമായ ഭാഷയിൽ ഗോത്രകവിതയിലൂടെ നിർവചിക്കുന്നതിനൊപ്പം തന്നെ മൃതമായി കൊണ്ടിരിക്കുന്ന ഭാഷകളെ സർഗാത്മതയിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന് ഭാഷാപ്രതിരോധം തീർക്കുകകൂടി ചെയ്യുന്നു. കാടകത്തെ തങ്ങളുടെ അനുഭവവുമായി കോർത്തിണക്കി കൊണ്ടാണ് ഗോത്ര പെണ്ണെഴുത്തുകൾ വായനക്കാർക്ക് മുന്നിൽ എത്തുന്നത്. ഗോത്ര പെണ്‍കര്‍തൃത്വങ്ങളില്‍ കാണുന്നത് മുഖ്യധാരാസമൂഹം എന്നവകാശപ്പെടുന്നവരുടെ സാഹിത്യത്തിലുള്ളതുപോലെയുള്ള ഫെമിനിസമല്ല, ഗോത്രജീവിതാവിഷ്കാരമാണ്. സ്ത്രീപക്ഷ നിലപാടുകള്‍ക്കുപരി ഗോത്രസ്വത്വത്തെ അടയാളപ്പെടുത്തുന്നവയാണവ. ധന്യാവേങ്ങച്ചേരിയുടെ 'രാമായണം', 'ക്റാച്ചില്‍', 'പരിച്ചം പര്‍ണക', 'കാവെല്', ലിജിന കടുമേനിയുടെ 'ഏങ്കടെ മണ്ണ് ഏങ്കടെ ഉയിര്', 'പെെപ്പ്', ഉഷ എസ്. പെെനിക്കരയുടെ 'ചമരം', അജിത പിയുടെ 'കറുപ്പ് ചൂടണ മാനം', ബിന്ദു ഇരുളത്തിന്‍റെ 'മളെ ബന്‍ത്ത്', ദിവ്യ പിയുടെ ‘നെല്ലിക്കായ്’, ശാന്തിപനക്കന്‍റെ 'കോലുകൊമ്പു' രാജി രാഘവന്‍റെ 'കാട്ട് കെയങ്ക്' എന്നീ കവിതകളെല്ലാം അതിനുദാഹരണങ്ങളാണ്.

   മാവിലൻ തുളു ഭാഷയിൽ എഴുതുന്ന ധന്യാവേങ്ങച്ചേരിയുടെ കവിതകൾ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്നവയാണ്. വരേണ്യസംസ്കാരത്തോടുള്ള പ്രതിഷേധസ്വരമായി ധന്യാവേങ്ങച്ചേരിയുടെ കവിതകൾ മാറുന്നു. 'രാമായണം' എന്ന കവിത അടിച്ചമർത്തപ്പെട്ടവന്റെ പ്രതിഷേധസ്വരമാണ്. രാമനെക്കുറിച്ച് ചോദിച്ചപ്പോൾ എനിക്ക് രാമായണവും രാമനെയും അറിയില്ല എന്ന് പറയുന്നു. അവർക്ക് അറിയുന്നത് ഗോത്രവംശജരായ അധ്വാനിക്കുന്ന കുറുത്ത രാമന്മാരെയാണ്. മണിക്കൂറുകൾ പാടത്ത് പണിയെടുക്കുന്ന, അധ്വാനിക്കുന്ന കാടുവെട്ടിത്തെളിച്ച് പുനം കൃഷി ചെയ്ത് ജീവിക്കുന്ന മനുഷ്യസ്വരൂപത്തെ മാത്രമെ അവർ അറിയുന്നുള്ളു. അവർ ഇന്നിൽ ജീവിക്കുന്നവരാണ് അതുകൊണ്ട് തന്നെ മിഥ്യയായ പുരാണപുരുഷനെ അവർ അറിയണമെന്നില്ല. പച്ചയായ മനുഷ്യരിലാണ് അവർക്ക് വിശ്വാസം. വിശപ്പാണ് ഏറ്റവും വലിയ ആധി, ആ വിശപ്പകറ്റുന്നത് ഈ മനുഷ്യരാണ്. കാടിനെ കൃഷിഭൂമിയാക്കിയവർ, വിശപ്പകറ്റാൻ വഴി കണ്ടെത്തിയവർ, വിശപ്പെന്ന ആധിയകറ്റിയവർ അങ്ങനെയുള്ള മനുഷ്യനാണ് അവർക്ക് ദൈവം. അവരെക്കുറിച്ച് ആരും എവിടെയും എഴുതിയില്ലെന്നും അവർക്കായി അമ്പലം പണിതില്ല പൂജ ചെയ്തില്ല എന്നും കവി വിമർശനാത്മകമായി വിലയിരുത്തുകയാണ്. അരികുവൽക്കരിക്കപ്പെട്ട തന്റെ വംശത്തെ സമൂഹത്തിന് മുന്നിൽ ആവിഷ്ക്കരിക്കേണ്ടുന്നതിന്റെ ഉൾബോധമാണ് കവിതയിൽ തെളിയുന്നത്. 'തങ്ങളും മനുഷ്യരും സ്വതന്ത്രരുമാണെന്ന് കണ്ടെത്തുന്നതോടെ ഭരിക്കപ്പെടുന്നവർ ആത്മാഭിമാനം വീണ്ടെടുക്കുന്നു. അതിനായി സ്വന്തം പൈതൃകത്തിലേക്ക് തിരിയുന്നു. ഒപ്പം വർത്തമാന സാമൂഹികാവസ്ഥയുടെ മുഖാവരണം നീക്കിക്കാണുവാൻ ആഗ്രഹിക്കുന്നു’ (സച്ചിദാനന്ദന്‍,2018:47). ഇതേ സ്വത്വദർശനത്തിന്റെ പ്രതിഫലനമാണ് ‘രാമായണം’ എന്ന കവിത.

 

'എട്ടടി ദൂറട്ട് നിന്റിത്തല

 

നിന്റിപ്പാന്റെ പീപ്പല് ബേങ്ക്ക് ന’ (സുകുമാരന്‍ ചാലിഗദ്ധ; സുരേഷ് എം.,മാവിലന്‍,2023:91)

 

ഗോത്ര ജനതയുടെ സിസ്സഹായവസ്ഥയാണ് ഈ വരികളിൽ തെളിയുന്നത്. ‘രാമായണം’ എന്ന കവിതയിലൂടെ വരേണ്യബോധത്തെ വിമര്‍ശിക്കുകയും ഗോത്രസ്വത്വത്തെ അടയാളപ്പെടുത്തുകയും ചെയ്യുകയാണ് ധന്യവേങ്ങച്ചേരി.

   ഗോത്രകവിതയിലെ പെണ്ണെഴുത്തുകള്‍ ഓരോന്നും സവിശേഷമായവയാണ്. കാടനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ത്രെെണസത്തയെ ലയിപ്പിച്ചുകൊണ്ടുള്ള കാവ്യാനുഭവം കവിത പകരുന്നു. വ്യവസ്ഥിതികളോടുള്ള ചോദ്യം ചെയ്യല്‍, ഭാഷാപ്രതിരോധം, ബിംബകല്‍പ്പന, ഭാവനാത്മകത, പരിസ്ഥിതി- സ്ത്രീപക്ഷ ചിന്ത തുടങ്ങിയ അനേകം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നവയാണവ. നീതി നിഷേധത്തോടുള്ള പ്രതിഷേധവും തമസ്ക്കരണത്തിന്‍റെ സാക്ഷ്യപ്പെടുത്തലും അധിനിവേശത്തിന്‍റെ ഇരകളാകേണ്ടി വന്ന നിസ്സഹായരായ സ്ത്രീസമൂഹത്തിന്‍റെ ദാരുണാവസ്ഥയും പുരുഷനോട്ടം ഭയപ്പെടുന്ന സ്ത്രീയെയും കവിതയില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഗോത്രജീവിതത്തിലെ അനുഭവലോകത്തിന്‍റെ ആവിഷ്ക്കാരം മറ്റു പെണ്ണെഴുത്തുകളില്‍ നിന്നും ഗോത്രകവിതകളിലെ പെണ്ണെഴുത്തുകളെ വ്യത്യസ്തമാക്കുന്നു. കാടിന്‍റെ ഉള്ളകങ്ങളെ ആഴത്തില്‍ ചികഞ്ഞെടുക്കുന്ന സ്ത്രെെണസത്തയുടെ ആഖ്യാനമായി ഗോത്രപെണ്ണെഴുത്തുകള്‍ മാറുന്നുണ്ട്. പരിസ്ഥിതി സ്ത്രീവാദവും കാല്‍പ്പനികതയും ആധുനികതയുമെല്ലാം ചേര്‍ന്ന നവീനമായ കാവ്യപ്രപഞ്ചം തീര്‍ക്കുകയാണ് ഗോത്രകവിതയിലെ പെണ്ണെഴുത്തുകള്‍. 

ഗോത്ര സ്വത്വാവബോധത്തിന്‍റെ പ്രതിഫലനമായി പെണ്‍കര്‍തൃത്ത്വത്തെ വിലയിരുത്താം. സാഹിത്യവ്യവഹാരങ്ങളിലെല്ലാം സ്ത്രീസ്വത്വപരമായ അടയാളപ്പെടുത്തലുകള്‍ പുരുഷാധികാരത്തിന്‍റെ സൗന്ദര്യബോധത്തിനൊന്നിച്ച് രൂപം പ്രാപിച്ചവയാണ്. എന്നാല്‍ ഗോത്രകവിതയിലെ സ്ത്രീസ്വത്വമെന്നത് പുരുഷനോട്ടത്തിലൂടെ വ്യാഖ്യാനിക്കപ്പെട്ടവയല്ല. മറിച്ച് സ്ത്രീപക്ഷത്തുനിന്നും എഴുതപ്പെട്ടതാണ്. 'നിലാനിറപ്പെണ്ണും കാട്ടുകതയും', 'ഉമ്മിണി വറ്റ് ', 'തല്ലുവാങ്ങുന്നവര്‍', 'കറുത്തപള്ളെന വെളുത്ത പുള്ളെ', 'ഞാന്‍', 'ഭ്രഷ്ട്', 'പുഴക്കണ്ണാടി', 'മടങ്കല്‍', 'നുച്ച്', 'നിയെലു വീന്ത കനവു', 'മല്ലി', എന്നീ കവിതകള്‍ സ്ത്രീസ്വത്വാവിഷ്കാരത്തിന് ഉദാഹരണങ്ങളാണ്.

   ആദിവാസികളും കാടും ഇഴപിരിയാനാവാത്ത ബന്ധം പുലര്‍ത്തുന്നു. അതുകൊണ്ട് തന്നെ കവിതയിലെ കാടും ഗോത്രസ്വത്വത്തിന്‍റെ ഭാഗമാണ്. സുകുമാരന്‍ ചാലിഗദ്ധയുടെ കവിതകള്‍ കാടിന്‍റെ താളത്തെ അടയാളപ്പെടുത്തുന്നവയാണ്. കവിതവായിച്ചു കഴിയുമ്പോള്‍ കാടിന്‍റെ ഉള്ളകത്തിന്‍റെ ഇന്ദ്രിയാനുഭൂതി ആസ്വാദകരില്‍ നിറയുന്നു. നാം അധിവസിക്കുന്ന കാടും അതിന്‍റെ നെെസര്‍ഗികതയും കവിതയിലൂടെ ആവിഷ്ക്കരിക്കാം എന്ന സാധ്യതയിലേക്ക് കൊണ്ടെത്തിക്കുന്നത് സ്വത്വബോധമാണ്.

      വംശചരിത്രാവിഷ്ക്കരണവും മിത്തിന്‍റെ ആവിഷ്ക്കാരവും ഗോത്രസ്വത്വത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. ഇത് അവരുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്. അശോകന്‍ മറയൂരിന്‍റെ 'പൊറമല' എന്ന കവിതയില്‍ ആവിഷ്കൃതമാവുന്നത് മുതുവാന്‍ ഗോത്രത്തിന്‍റെ വംശചരിത്രമാണ്. കാവ്യാത്മകമായി രേഖപ്പെടുത്തിയ 'പൊറമല' എന്ന വംശചരിത്രം സ്വത്വാവബോധത്തില്‍ നിന്നും ഉടലെടുത്ത സാംസ്കാരികരേഖയാണ്. ലിജിന കടുമേനിയുടെ 'കുറത്തിയും വേട്ടുവനും'  എന്ന കവിതയില്‍ മലവേട്ടുവനെ പുനം കൊത്താന്‍ പഠിപ്പിച്ച ഗോത്രമിത്ത് ആഖ്യാനം ചെയ്തുകൊണ്ട് മലവേട്ടുവരുടെ സാംസ്കാരികസ്വത്വത്തെ അടയാളപ്പെടുത്തുന്നു. മാവിലന്‍ ഗോത്രവിഭാഗങ്ങള്‍ കൊണ്ടു നടക്കുന്ന മിത്തിന്‍റെ സ്വാധീനം രാഗേഷ് നീലേശ്വരത്തിന്‍റെ ചെെമറ് എന്ന കവിതയില്‍ കാണാന്‍ കഴിയും. 'വംശചരിത്രം', 'മിത്ത്' എന്നീ പരികല്‍പ്പനകള്‍ ഗോത്രസ്വത്വനിര്‍മ്മിതിയില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്, അതിന്‍റെ കാവ്യാത്മകമായ ആവിഷ്ക്കരണം സാധ്യമാവുന്നത് സ്വത്വബോധത്തില്‍ നിന്നുമാണ്. 

 

 

 

ഉപസംഹാരം

      ഒരു വ്യക്തിയെ അല്ലെങ്കില്‍ ഒരു ജനതയെ മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രത്യേക സ്വഭാവമാണ് സ്വത്വം. സ്വത്വത്തെ കുറിച്ചുള്ള ബോധമാണ് സ്വത്വാവബോധം. ഇത്തരത്തിലുള്ള ബോധം അനീതിയെ ചോദ്യംചെയ്യാനുള്ള പ്രചോദനം നല്കുന്ന ഒന്നാണ്. അത്തരത്തിലുള്ള ചോദ്യം ചെയ്യലും അടയാളപ്പെടുത്തലും പ്രതിഷേധവും നിറഞ്ഞ സര്‍ഗസപര്യയാണ് ഗോത്രകവിത.

ആദിവാസിജീവിതത്തിന്‍റെ  വ്യത്യസ്ത ഭാവങ്ങള്‍ ആവിഷ്ക്കരിച്ച ഗോത്രകവിത കവിതാസാഹിത്യ ചരിത്രത്തില്‍ വ്യത്യസ്തമായ ഒരു പാത വെട്ടിത്തെളിച്ച സാഹിത്യമാധ്യമമാണ്. കാലങ്ങളായി ചൂഷണം ചെയ്യപ്പെട്ട ഗോത്രജനത സ്വത്വാവബോധം കെെവരിക്കുകയും കര്‍തൃത്ത്വമാര്‍ജ്ജിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവരുടെ സര്‍ഗാത്മകതയില്‍ നിന്നും രൂപം കൊണ്ട സാഹിത്യരൂപമാണ് ‘ഗോത്രകവിത’. തങ്ങളുടെ സ്വത്വം അവമതിക്കപ്പെടുന്നു എന്ന സ്വത്വാവബോധത്തില്‍ നിന്നാണ് ഗോത്രജീവിതവും സംസ്കാരവും ആവിഷ്ക്കരണ വിഷയമാവുന്നത്. സ്വത്വനഷ്ടം അനുഭവിക്കുന്ന ജനത സ്വന്തം അസ്ഥിത്വത്തെ തിരിച്ചറിയുന്ന കാഴ്ച ഗോത്രകവിതയില്‍ കാണാന്‍ കഴിയും. വ്യത്യസ്ത ഗോത്ര ജീവിതത്തെ കവിത ആവിഷ്ക്കരണ വിഷയമാക്കിയിട്ടുണ്ട്. വ്യത്യസ്ത ഗോത്രം എന്നത് പോലെ തന്നെ അവ ഓരോന്നും വ്യത്യസ്ത സാംസ്കാരിക സ്വത്വം ഉള്‍ക്കൊള്ളുന്നവയാണെന്ന് കവിതയില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഗോത്രജീവിതം, സംസ്കാരം, ആചാരനുഷ്ഠാനങ്ങള്‍ തുടങ്ങി ഗോത്രജീവിതത്തിന്‍റെ സമസ്തഭാവങ്ങളും കവിതയ്ക്ക് വിഷയമാണ്.

ഗോത്രകവികള്‍ മുന്നോട്ട് വെച്ച ആശയം നവീനമായ ഉണര്‍വ്വിലേക്ക് എത്തിക്കുന്ന ഒന്നാണ്. മാനകഭാഷയുടെ ആധിപത്യത്തിന് വഴങ്ങിക്കൊടുക്കാതെ തങ്ങളുടെ മാതൃഭാഷ(ഗോത്രഭാഷ)യില്‍ തങ്ങളെത്തന്നെ അടയാളപ്പെടുത്തുക എന്നത് സ്വത്വാവബോധത്തിന്‍റെ ഫലമാണ്. അധിനിവേശശക്തികള്‍ക്കെതിരെയും ഭാഷാധിപത്യത്തിനെതിരെയും ഗോത്രകവികള്‍ നടത്തിയ സര്‍ഗാത്മക പ്രതിരോധമാണ് 'ഗോത്രകവിത'. ഗോത്രജനതയുടെ കാര്‍ഷികസംസ്കാരം, ഭക്ഷണസംസ്കാരം, അടിമത്വം, ചൂഷണം, പ്രതിരോധം, പ്രതീക്ഷ, അസ്തിത്വവ്യഥ, ദാരിദ്ര്യം, ഗോത്രമിത്ത്, പ്രകൃതി, സ്ത്രീസ്വത്വം തുടങ്ങി ഗോത്രജീവിതവുമായി ബന്ധപ്പെട്ടതെന്തും ഗോത്രകവിതകളില്‍ നിന്നും കണ്ടെടുക്കാം. ഇവയെല്ലാം ഗോത്രസ്വത്വത്തിന്‍റെ ഭാഗമാണ്. ഗോത്രജീവിതത്തിന്‍റെ നേര്‍സാക്ഷ്യമായ 'ഗോത്രകവിത' സ്വത്വാവബോധത്തില്‍ നിന്നും രൂപാന്തരം പ്രാപിച്ച പ്രതിരോധസാഹിത്യമാണ്.

 

 

ഗ്രന്ഥസൂചി

 

1. ഗോവിന്ദന്‍ മാസ്റ്റര്‍,എം.,വി.,(എഡി), സ്വത്വരാഷ്ട്രീയത്തെ പറ്റി,ചിന്താപബ്ലിക്കേഷന്‍,തിരുവനന്തപുരം,2012.

2. സച്ചിദാനന്ദന്‍,കവിതയുടെ മുഖങ്ങള്‍, ഡിസി ബുക്സ്, കോട്ടയം,2018.

3. സുകുമാരന്‍, ചാലിഗദ്ധ., സുരേഷ്, എം., മാവിലന്‍.,(ഏകോപനം), ഗോത്രകവിത, ഡിസി ബുക്സ്, കോട്ടയം,2021.

4. എന്‍സെെക്ലോപീഡിയ ബ്രിട്ടാനിക്ക, മലയാളം എന്‍സെെക്ലോപീഡിയ, ഡസ്ക് റഫറന്‍സ്,വാല്യം,1, അമുതല്‍ ട വരെ, ഡി സി ബുക്സ്,2023.

 

—-----------------------------------------------------------------------------------------------------------------  

അഞ്ജുഷ എന്‍.പി.

ഗവേഷക

മലയാളവിഭാഗം

യൂണിവേഴ്സിറ്റി കോളേജ്

തിരുവനന്തപുരം

                  

                                                                                                           

 

                    

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page