top of page

എക്കോയുടെ അവസ്ഥാന്തരങ്ങളും പ്രതികാരത്തിന്റെ ഇടങ്ങളും

  • 5 days ago
  • 7 min read

Updated: 3 days ago

ഏയ്ഞ്ചല്‍ മേരി ഏ. എസ്‌.

 

പ്രബന്ധ സംഗ്രഹം

ദിന്‍ജിത്‌ അയ്യത്താന്‍ സംവിധാനം നിര്‍വഹിച്ച്‌, ബാഹുല്‍ രമേശിന്റെ രചനയില്‍ 2025 ല്‍ മലയാളത്തില്‍ ഇറങ്ങിയ സിനിമയാണ്‌ എക്കോ. ഈ സിനിമയില്‍ പ്രകൃതിയും മനുഷ്യരും ഒരേപോലെ കഥാപാത്രങ്ങളാകുന്നുണ്ട്‌. ഇടുക്കി ജില്ലയിലെ പ്രകൃതിരമണീയമായ ഉപ്പുകുന്ന്‌ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌. ഒരേസമയം പ്രതികാരത്തിന്റെ പ്രതിധ്വനിയും ചെറുത്തുനില്‍പ്പിന്റെ അന്ത:സത്തയും കൂടിയാകുന്നു ഈ സിനിമ. ഈ സിനിമയുടെ എക്കോ എന്ന തലവാചകത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന അര്‍ഥാന്തരങ്ങളെക്കുറിച്ചും കഥയുടെ കാതലായ പ്രതികാരം എന്ന സത്തയെക്കുറിച്ചും ഈ പ്രബന്ധം അന്വേഷിക്കുന്നു.

പ്രധാന വാദങ്ങള്‍ :

1)എക്കോയിൽ നിലനില്‍ക്കുന്ന ദുരൂഹതകള്‍ സിനിമയുടെ ആസ്വാദനക്ഷമത വര്‍ധിപ്പിക്കുന്നു.

2) സിനിമയിലെ ഓരോ കഥാപാത്രവും ബഹുമുഖ വ്യക്തിത്വങ്ങള്‍ ആണ്‌.

3) ഇതിലെ ഓരോ കഥാപാത്രവും അന്തര്‍മുഖരാണ്‌. എല്ലാവര്‍ക്കും അവരുടെ പ്രിയപ്പെട്ടവരില്‍ നിന്ന്‌ പോലും പലതും ഒളിക്കാന്‍ ഉള്ളതായി സിനിമ കാണിച്ചുതരുന്നു.

4) എക്കൊയില്‍ കൃത്യമായി ഒരു നായകനോ നായികയോ ഉള്ളതായി നമുക്ക്‌ കാണാന്‍ കഴിയില്ല.

5) മലയാളസിനിമയില്‍ അധികമായി ആരും പരീക്ഷിച്ചിട്ടില്ലാത്തവിധം കഥാഗതിയിലും കഥാപാത്രാവിഷ് ക്കാരത്തിലും പതിവിലധികം ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നു ഈ സിനിമ.

6) സിനിമയിലെ ഓരോ കഥാപാത്രവും പലവഴികളിലൂടെയാണ്‌ സഞ്ചരിക്കുന്നതെങ്കിലും എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണ്‌.

7) ടെലോമിയന്‍ എന്ന വര്‍ഗത്തില്‍പ്പെട്ട നായ്ക്കളെയാണ്‌ പ്രധാനമായും ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. നായ്ക്കളുടെ സഹജവാസനകള്‍ക്ക്‌ മുന്‍തൂക്കം നല്‍കിക്കൊണ്ട്‌ അതില്‍ നിന്ന്‌ കഥ വികസിപ്പിച്ചെടുത്ത്‌ മുന്നോട്ട്‌ സഞ്ചരിക്കുകയാണ്‌ എക്കോ.

രീതിശാസ്ത്രം :

വിശകലനാത്മകമായ രീതിശാസ്ത്രമാണ്‌ ഈ പ്രബന്ധരചനയ്ക്കായി ഉപയോഗിക്കുന്നത്‌.

വിഷയത്തിന്റെ സാമൂഹ്യപ്രസക്തി :

1) കാലമിത്രയൊക്കെ പുരോഗമിച്ചിട്ടും ഗാര്‍ഹികപീഡനം മൂലം മരിച്ചു ജീവിക്കുന്ന / ആത്മഹത്യ ചെയുന്ന ഓരോ സ്ത്രീകൾക്കു മുന്നിലും നീട്ടിയ പാഠപുസ്തകമാണ്‌ മ്ലാത്തി ചേടത്തി.

ഉപസംഹാരം: മനുഷ്യരുടെയും മൃഗങ്ങളുടെയും വൈവിധ്യങ്ങളെ ഒന്നിച്ച്‌ ചേര്‍ത്തുകൊണ്ടാണ്‌ സിനിമ മുന്നോട്ട്‌ പോകുന്നത്‌. മനുഷ്യരുടെയും മൃഗങ്ങളുടെയും നൈസര്‍ഗികവാസനകളെ അതേപടി പകര്‍ത്തുകയും ഒരേസമയം ക്രൂരതയുടെയും പ്രതികാരത്തിന്റെയും പാത്രങ്ങളായി മാറുന്ന മനുഷ്യജന്മങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നു സിനിമ.

താക്കോല്‍വാക്കുകള്‍ : സിനിമ, ജീവിതം, നിലനില്‍പ്പ്‌ , ചെറുത്തുനില്‍പ്പ്‌

 

 പ്രബന്ധം

വിഷയം:എക്കൊയുടെ അവസ്ഥാന്തരങ്ങളും പ്രതികാരത്തിന്റെ ഇടങ്ങളും

 

എക്കോ എന്ന വാക്കിന്‌ പ്രതിധ്വനി എന്നാണ്‌ ആംഗലേയഭാഷയില്‍ അര്‍ഥം. സംസ്‌കൃതത്തിലാവട്ടെ ഏകം എന്നും. വിവിധ ഭാഷകളില്‍ എക്കോ എന്ന പദത്തിന്‌ വിവിധങ്ങളായ അര്‍ഥങ്ങളാണുള്ളത്‌.ഓരോ ഭാഷയിലെയും അര്‍ഥങ്ങളോട്‌ ചേരുന്ന വിധത്തിലാണ്‌ ഈ സിനിമയുടെ തിരക്കഥ എന്നത്‌ എടുത്ത്‌ പറയേണ്ടതുണ്ട്‌. പ്രതികാരത്തിന്റെ പ്രതിധ്വനിയായും പ്രകമ്പനമായും ഈ സിനിമയെ അടയാളപ്പെടുത്താം.കുര്യച്ചന്‍, മ്ലാത്തിച്ചേടത്തി, പിയൂസ്‌ (മണികണ്ഠന്‍),മോഹന്‍ പോത്തന്‍, ഡി. വൈ.എസ്‌.പി.,പാപ്പച്ചന്‍,അപ്പൂട്ടി തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ്‌ സിനിമ നീളുന്നത്‌.മലേഷ്യന്‍ കാടുകളില്‍ കാണപ്പെടുന്ന ടെലോമിയന്‍ എന്ന വര്‍ഗ്ഗത്തില്‍പ്പെട്ട പ്രത്യേക തരം നായകളെയാണ്‌ ഈ സിനിമയിലുടനീളം അവതരിപ്പിച്ചിരിക്കുന്നത്‌. പ്രത്യേക വിധമുള്ള പരിശീലനത്തിലൂടെ ഈ നായ്ക്കള്‍ക്ക്‌ മനുഷ്യന്റെ മനസ്‌ പോലും വായിച്ചെടുക്കാന്‍ കഴിയുമെന്ന്‌ നമുക്ക്‌ സിനിമയിലൂടെ വ്യക്തമാകും. യുദ്ധത്തിന്റെ ഭാഗമായി നല്ലയിനം നായകളെ പരിശീലിപ്പിച്ച്‌ സൈന്യത്തില്‍ എടുക്കുന്നതിന്‌ വേണ്ടിയാണ്‌ പട്ടാളക്കാരായ കുര്യച്ഛനും മോഹന്‍ പോത്തനും മലേഷ്യയിലെത്തുന്നത്‌. മലേഷ്യയിലെ നായപരിശീലകനായ ജോസിയായെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ വീട്ടില്‍ അന്നേദിവസം താമസിക്കുകയും ചെയ്യുന്നുണ്ട്‌ അവര്‍. നാട്ടില്‍ ഭാര്യയും മക്കളും ഉണ്ടെങ്കിലും കുര്യച്ഛന്‌ ജോസിയയുടെ ഭാര്യയായ സോയി എന്ന ചെറുപ്പക്കാരി പെണ്‍കുട്ടിയോട്‌ താല്പര്യം തോന്നുന്നു. ജോസിയയെ കള്ളക്കേസില്‍ അകത്താക്കിയിട്ട്‌ ജോസിയ അപകടത്തില്‍ മരിച്ചു എന്ന്‌ കള്ളം പറഞ്ഞ്‌ അയാളുടെ ഭാര്യയെയും കൊണ്ട്‌ കേരളത്തിലേക്ക്‌ പോരുകയാണ്‌ കുര്യച്ഛന്‍. മലേഷ്യയില്‍ ജോസിയ തീര്‍ത്ത പട്ടിത്തടങ്കലിലാണ്‌ ആ പെണ്‍കുട്ടി കഴിഞ്ഞിരുന്നത്‌. ജോസിയയുടെ അനുവാദം ലഭിക്കാതെ വെള്ളക്കെട്ടിന്‌ നടുവിലുള്ള ആ വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍പോലും അവള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. ജോസിയയുടെ വിവരം ഭാര്യയെ അറിയിക്കാന്‍ വീട്ടിലേക്ക്‌ എത്തുന്ന കുര്യച്ഛന്‌ ജോസിയയുടെ പരിശീലനം സിദ്ധിച്ച നായകളുടെ ക്രൂരമായ പ്രകടനം നേരിട്ട്‌ കാണാന്‍ കഴിയുന്നുണ്ട്‌. കുര്യച്ഛനോട്‌ കാര്യം അന്വേഷിക്കാന്‍ വേണ്ടി വീട്ടുപടിക്കല്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്ന ആ പെണ്‍കുട്ടിക്ക്‌ സ്വന്തം വീട്ടിലെ വളര്‍ത്ത്‌ / കാവല്‍നായകളുടെ അതിക്രൂരമായ ഹിംസയ്ക്ക്‌ ഇരയാകേണ്ടി വരുന്നു. തുടര്‍ന്ന്‌ ആ നായകളെയെല്ലാം തന്റെ തോക്കുകൊണ്ട്‌ വകവരുത്തി കുര്യച്ച൯ ആരോരുമില്ലാത്ത ആ പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോകുന്നു. മേല്‍ സൂചിപ്പിച്ച സംഭവമാണ്‌ എക്കോയുടെ പ്രധാന പ്ലോട്ട്. ഈ പ്ലോട്ടിലൂടെയാണ്‌ എക്കോ യാത്ര ചെയുന്നത്‌.

സുന്ദരിയും തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞവളുമായ (കാണുമ്പോള്‍ മകളെ പോലെ തോന്നിക്കുന്ന) തന്റെ ഭാര്യയെ തന്റെ അനുവാദമില്ലാതെ ആര്‍ക്കും ഒരു നോക്ക്‌ കാണാന്‍ പോലും കഴിയരുത്‌ എന്ന സ്വാർത്ഥ ചിന്താഗതിയാണ് / നിര്‍ബന്ധബുദ്ധിയാണ്‌ ജോസിയ ഭാര്യക്ക്‌ കാവലിനായി നായകളെ ഏര്‍പ്പെടുത്താന്‍ കാരണം. ജോസിയ തീര്‍ത്ത വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന സോയിയ്ക്ക്‌ പുറം ലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അവളുടെ ലോകത്ത്‌ ജോസിയായും നായ്ക്കളും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ആ വീട്ടിലേക്കാണ്‌ കുര്യച്ഛനും പോത്തനും എത്തുന്നത്‌. താന്‍ ഭര്‍ത്താവ്‌ ഒരുക്കിയ തടങ്കലില്‍ ആണെന്നും ഇതിന്‌ പുറത്ത്‌ മറ്റൊരു ലോകമുണ്ടെന്നും മനസ്സിലാക്കാതെ സോയി താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ സന്തോഷിച്ച്‌ കഴിയുന്നു. യഥാര്‍ത്ഥത്തില്‍ സോയി വീട്ടുതടങ്കലില്‍ ആണെന്ന്‌ പ്രേക്ഷകരും സോയിയും മനസിലാക്കുന്നത്‌ കുര്യച്ഛന്റെ അടുത്തേക്ക്‌ വരാന്‍ ശ്രമിക്കുന്ന സോയിയെ അതിക്രൂരമായി കടിച്ചു മുറിവേല്‍പ്പിക്കുന്ന നായ്ക്കളില്‍ നിന്നാണ്‌. ജോസിയായുടെ അസാന്നിധ്യത്തില്‍ നായ്ക്കളുടെ ലോകത്തായി മാത്രം ഒതുങ്ങി, ചത്ത്‌ ജീവിക്കേണ്ടിയിരുന്ന സോയിയെ മഴയും പുഴയുടെ തണുപ്പും നായ്ക്കളുടെ ക്രൗര്യവുമൊക്കെ അവഗണിച്ച്‌ രക്ഷിക്കുന്ന കുര്യച്ഛന്‌ ഒരു ദൈവദൂതന്റെ പരിവേഷമാണ്‌ സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ നൽകപ്പെടുന്നത്‌.

 

ഇരട്ട മുഖമുള്ള മനുഷ്യര്‍

 

എക്കൊയിലെ ഓരോ കഥാപാത്രത്തിനും ഒന്നിലധികം മുഖങ്ങളുണ്ട്‌. ഒന്ന്‌ നന്മ തളം കെട്ടി നില്‍ക്കുന്ന മുഖം, മറ്റൊന്ന്‌ കാര്യസാധ്യത്തിനായി എന്തും ചെയ്യാന്‍ സന്നദ്ധമായ മറ്റൊരു മുഖം. നിഷ്കളങ്കതതയുടെ മുഖംമൂടി അണിഞ്ഞാണ്‌ ഇതിലെ ഓരോ കഥാപാത്രവും ആദ്യയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌. പിന്നീട്‌ സിനിമയുടെ സഞ്ചാരത്തിനൊത്തവിധം ഓരോ കഥാപാത്രവും തങ്ങളുടെ ആദ്യമുഖങ്ങള്‍ അഴിച്ചുവെയ്ക്കുന്നു. ഈ സിനിമ കാണുന്ന ഓരോരുത്തരിലും യഥാര്‍ത്ഥത്തില്‍ ഈ കഥാപാത്രത്തിന്റെ സ്വഭാവമെന്തെന്ന്‌ മനസിലാക്കാന്‍ കഴിയാതെ വരുന്ന വിധമുള്ള ഒരു അസന്നിഗ്‌ധാവസ്ഥ ഉടല്‍ പൂണ്ട്‌ വളര്‍ത്തപ്പെടുന്നുണ്ട്‌.

സിനിമയില്‍ പ്രത്യക്ഷപ്പെടുന്ന നായ്ക്കള്‍ക്കുമുണ്ട്‌ രണ്ട്‌ മുഖങ്ങള്‍. തങ്ങളുടെ യജമാനന്മാരോട്‌ വിധേയത്വം പുലര്‍ത്തുന്ന ഒരു മുഖം. യജമാനന്റെ മനസ്‌ വായിച്ച്‌ അവരുടെ ശത്രുക്കളെ തിരിച്ചറിഞ്ഞ്‌ ക്രൂരമായി അവരോട്‌ ഇടപഴകുന്ന / അവരെ വക വരുത്തുന്ന മറുമുഖം. കുര്യച്ഛന്റെ കാര്യം എടുത്താലും ഇത്‌ തന്നെയാണ്‌ അവസ്ഥ. കുര്യച്ഛന്‌ രണ്ടിലധികം മുഖങ്ങള്‍ ഉണ്ട്‌. തനിക്ക്‌ സോയിയോട്‌ ഉണ്ടായ പ്രണയം സഫലമാക്കാനെന്നതിനേക്കാളുപരി ആരും അപഹരിക്കരുത്‌ എന്ന്‌ ആഗ്രഹിച്ച്‌ ഭാര്യയെ നായത്തടങ്കലില്‍ ആക്കിയ ജോസിയായോട്‌ സ്വന്തം കൂര്‍മബുദ്ധി കൊണ്ട്‌ എതിരിടുന്ന ഒരു മുഖം, പീയൂസ്‌ എന്ന കള്ളപ്പേരില്‍ മ്ലാത്തിച്ചേടത്തിയെ പരിചരിക്കാന്‍ എത്തുന്ന അനാഥനായ മണികണ്ഠന്റെ ചെറുപ്പകാലത്ത്‌ അവനെ സംരക്ഷിക്കുന്ന ദൈവത്തിന്റെ മുഖം, മ്ലാത്തിയെ ചതിച്ച്‌ കൂടെ കൂട്ടിയതാണ്‌ എന്ന രഹസ്യം അവസാനനിമിഷം വരെയും തന്റെ മനസ്സില്‍ കൊണ്ട്‌ നടന്ന്‌, ആരോരുമില്ലാതെ മലേഷ്യന്‍ കാട്ടില്‍ ക്രൂരരായ പട്ടിക്കൂടുങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട്‌ പോകുമായിരുന്ന അവളെ രക്ഷിച്ച്‌ ഒപ്പം കൂട്ടിയ രക്ഷകന്റെ മുഖം. ആ നിമിഷം വരെ എന്തിനും ഏതിനും കൂട്ടായി നിന്ന ഉറ്റവരെപ്പോലും ചതിച്ച്‌ തകര്‍ത്ത്‌ കളയുന്ന ചെന്നായയുടെ മുഖം. ഇങ്ങനെ നിരവധി പൊയ്മുഖങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി എടുത്തണിഞ്ഞാണ്‌ കുര്യച്ഛന്‍ ഓരോരുത്തര്‍ക്ക്‌ മുന്നിലും അവതരിക്കുന്നത്‌. മാലാഖയുടെ മുഖമുള്ള മ്ലാത്തിച്ചേടത്തിയും പൊയ്മുഖങ്ങളുടെ വാഹകയാണ്‌. കഥയുടെ അവസാനം വരെയും കുര്യച്ഛന്‌ എന്ത്‌ സംഭവിച്ചു എന്ന്‌ സ്വന്തം മക്കളോട്‌ പോലും ഒളിച്ച്‌ വെച്ച്‌ അയാള്‍ക്ക്‌ നിത്യേന അന്നം വിളമ്പുന്ന നല്ല മുഖം, തന്നെ ആര്‍ക്കും എത്തിപ്പെടാനാവാത്തവിധം കാടിന്റെ നടുവില്‍ പട്ടിക്കാവലില്‍ സുരക്ഷിതയാക്കിക്കൊണ്ട്‌ തടവറയിലിട്ട, തന്റെ ആദ്യ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയ കുര്യച്ഛനോട്‌ അയാള്‍ക്ക്‌ പോലും മനസിലാക്കാന്‍ സാധിക്കാതെ പോയ വിധത്തില്‍ അതേ നാണയത്തില്‍ത്തന്നെ പകരം വീട്ടുന്ന പ്രതികാരത്തിന്റെ മുഖം, കുര്യച്ഛനെ അന്വേഷിച്ച്‌ വരുന്നവരോടെല്ലാം തനിക്ക്‌ ഒന്നുമറിയില്ല എന്ന്‌ മറുപടിയോതുന്ന നിഷ്കളങ്കതയുടെ ഒരു മുഖം , നായകളുടെ യജമാനത്തി ആയിരുന്നുകൊണ്ട്‌ ആ വസ്തുത ആരെയും അറിയിക്കാതെ മൂടി വെച്ച്‌ അവസാന ഷോട്ട്‌ വരെയും എല്ലാവരെയും വിജയകരമായി കബിളിപ്പിച്ച വേറൊരു മുഖം. യഥാര്‍ത്ഥത്തില്‍ സോയി എന്ന നിലയിലും മ്ലാത്തി എന്ന നിലയിലുമെല്ലാം അമ്പേ പരാജയമനുഭവിക്കേണ്ടി വരുന്നവളാണ്‌ ആ സ്ത്രീയുടെ കഥാപാത്രം. മലേഷ്യയില്‍ ജോസിയായ്ക്കൊപ്പം ആയിരുന്നപ്പോഴും കുര്യച്ഛനൊപ്പം കേരളത്തില്‍ ജീവിച്ചപ്പോഴുമെല്ലാം അവള്‍ക്ക്‌ തടവറവാസമായിരുന്നു. സ്വാതന്ത്ര്യം എന്തെന്ന്‌ അറിയാതെ ആണ്‌ ആ സ്ത്രീ ആ വെള്ളക്കെട്ടിന്‌ നടുവിലും കാടിന്‌ നടുവിലും ജീവിതം തള്ളി നീക്കിയത്‌ എന്ന്‌ കാണാനാവും. ഒടുക്കം മോഹന്‍ പോത്തനില്‍ നിന്ന്‌ സത്യങ്ങള്‍ എല്ലാം അറിയുമ്പോളും അവര്‍ ജാഗ്രതയേറിയ മൗനം പാലിക്കുന്നു. ഒരു സ്ത്രീയുടെ ദൈന്യതയും തനിക്ക്‌ വിധിക്കപ്പെട്ട ജീവിതത്തോട്‌ അവര്‍ കാണിക്കുന്ന അസഹിഷ്ണുതയും ഒടുവില്‍ എല്ലാറ്റിനോടും പോരാടുന്ന വിധവുമെല്ലാം ഈ സിനിമയെ ഒരു മികച്ച കലാസൃഷ്ടിയാക്കിത്തീര്‍ക്കുന്നു. പീയൂസ്‌ അഥവാ മണികണ്ഠന്‍ എന്ന കഥാപാത്രം അങ്ങേയറ്റം സൂത്രശാലിയായിരുന്ന്‌ കൊണ്ട്‌ നിഷ്കളങ്കത അഭിനയിക്കുന്ന ഒരുവന്‍ ആണ്‌. യഥാര്‍ത്ഥ പേര്‌ മണികണ്ഠന്‍ എന്നായ അയാള്‍ പീയൂസ്‌ എന്ന കള്ളപ്പേരില്‍ ആണ്‌ മ്ലാത്തി ചേടത്തിയുടെ കെയര്‍ ടേക്കര്‍ ആയി എത്തുന്നത്‌. മാത്തിച്ചേടത്തിയുടെ മുന്നിലും അടുപ്പക്കാര്‍ക്ക്‌ മുന്നിലും പീയുസ്‌ ആയിത്തന്നെ അഭിനയിക്കുകയാണ്‌ ആ ചെറുപ്പക്കാരന്‍. സ്വന്തം നേട്ടങ്ങള്‍ മാത്രം പ്രതീക്ഷിച്ചാണ്‌ പീയൂസിന്റെ ഓരോ നീക്കങ്ങളും. കാടിന്റെ മനം അറിയാവുന്ന, കാടിന്റെ ഓരോ ചലനങ്ങള്‍ക്ക്‌ പിന്നിലും ഒളിഞ്ഞിരിക്കുന്ന നിഗൂഡതകള്‍ അറിയാവുന്ന ഒരുവന്‍ ആണ്‌ പീയുസ്‌. കുര്യച്ഛനെ അന്വേഷിച്ച്‌ പത്തനംതിട്ടയില്‍ നിന്നും വരുന്ന രണ്ട്‌ പോലീസുകാരെയും വളരെ ബുദ്ധിപരമായി പറ്റിക്കുകയും ഒരാളെ വകവരുത്തുകയും മറ്റൊരാളെ കാടിന്റെ സന്തതിക്ക്‌ ഇല്ലാതാക്കാന്‍ ഇട്ടുകൊടുക്കുകയും ചെയുന്നുണ്ട്‌ പീയുസ്‌. മോഹന്‍ പോത്തന്‍,കുര്യച്ഛന്റെ കൂടെ പട്ടാളത്തില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്താണ്‌. ഇയാള്‍ക്കൊപ്പമാണ്‌ കുര്യച്ഛ൯ ജോസിയയുടെ വീട്ടില്‍ എത്തുന്നത്‌. സോയിയുടെ മുന്നിലും ജോസിയായ്ക്ക്‌ ഒപ്പവുമൊക്കെ തന്റെ നല്ല മുഖം തന്നെ എടുത്ത്‌ കാണിക്കാന്‍ പോത്തന്റെ കഥാപാത്രം ശ്രമിക്കുന്നുണ്ട്‌. എന്നാല്‍ ജോസിയയെ തന്ത്രപരമായി ഒഴിവാക്കിക്കൊണ്ട്‌ സോയിയെ സ്വന്തമാക്കാനുള്ള ബുദ്ധി കുര്യച്ഛന്‌ പറഞ്ഞുകൊടുത്തത്‌ പോത്തന്‍ ആയിരുന്നു. തന്റെ രണ്ട്‌ മുഖങ്ങളും വളരെ തന്ത്രപരമായി ഓരോന്ന്‌ ആവശ്യപ്പെടുന്ന ഇടങ്ങളില്‍ മാത്രം എടുത്തണിയാന്‍ പോത്തന്‌ കഴിയുന്നുണ്ട്‌.

സിനിമയുടെ ആദ്യ ഷോട്ടില്‍ ലോഡ്ജില്‍ റൂമെടുത്ത്‌ താമസിക്കുന്ന മോഹന്‍ പോത്തന് കുര്യച്ചന്‍ താമസിച്ചിരുന്ന ഇടത്തേക്ക്‌ വഴികാട്ടുന്നതിനായി എത്തുന്നത്‌ അപ്പൂട്ടി എന്ന മധ്യവയസ്കന്‍ ആണ്‌.ഇയാളും സിനിമയുടെ ആദ്യ ഭാഗങ്ങളിലൊക്കെ നല്ല മുഖത്തിന്റെ ഉടമയായിട്ടാണ്‌ അവതരിക്കപ്പെടുന്നതെങ്കിലും കുര്യച്ഛനെ സംബന്ധിച്ചുള്ള ഏതാനും രഹസ്യങ്ങള്‍ ഇയാള്‍ സൂക്ഷിക്കുന്നതായി സിനിമ വ്യക്തമാക്കുന്നു. കുര്യച്ഛനെ അന്വേഷിച്ച്‌ കുറേപ്പേര്‍ ആ കാട്ടിലെ വീട്ടിലും പരിസരപ്രദേശങ്ങളിലും എത്തുന്നുണ്ട്‌. എല്ലാവര്‍ക്കും പറയാനുള്ളത്‌ അവരെ കൂടെനിന്നുചതിച്ച കുര്യച്ഛനെക്കുറിച്ചാണ്‌.

ആ കാട്ടില്‍ വന്നുപോകുന്ന ഓരോ മനുഷ്യരിലും നമുക്ക്‌ പൊയ്മുഖങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. മനഃശാസ്ത്രപരമായി ചിന്തിച്ചാല്‍ ഓരോ വ്യക്തിയിലും കുടികൊള്ളുന്ന തന്റെ തന്നെ അപരന്റെ വെളിപ്പെടല്‍ ആണ്‌ ഈ മുഖംമാറ്റത്തിലൂടെ ഈ സിനിമയിലെ ഓരോ കഥാപാത്രത്തിനും കൈവരുന്നത്‌ എന്ന്‌ മനസിലാക്കാനാവും.

 

എക്കോയിലെ എന്നിടങ്ങള്‍

എക്കോ സിനിമയിലെ ഓരോ കഥാപാത്രത്തിനും അവരുടേത്‌ മാത്രമായ ഇടങ്ങള്‍ അവകാശപ്പെടാനുണ്ട്‌. ആ ഇടങ്ങളിലുള്ള നിലനില്‍പ്പിനായി അവര്‍ സിനിമയിലുടനീളം സമരം ചെയ്യുന്നുമുണ്ട്‌, പ്രത്യക്ഷമായും പരോക്ഷമായും. ഓരോ കഥാപാത്രത്തിനും അവരവരുടെ തനതായ ഇടങ്ങളിലുള്ള നിലനില്‍പ്പാണ്‌ പ്രധാനം. ഒരേസമയം പ്രകൃതിയോടും മനുഷ്യരോടും പൊരുതുന്നുണ്ട്‌ ഇതിലെ ഓരോ കഥാപാത്രവും. ചിലര്‍ സത്യം കണ്ടെത്താനായാണ്‌ പൊരുതുന്നതെങ്കില്‍ മറ്റുചിലര്‍ സത്യം മറച്ചുപിടിക്കാനായാണ്‌ പൊരുതുന്നത്‌.തന്റെതായ ഇടങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്‌ ഓരോ കഥാപാത്രവും പൊരുതുന്നത്‌.എവിടെയോ,മറഞ്ഞോ / അദൃശ്യനായോ ഇരിക്കുന്ന കുര്യച്ഛന്‍ എന്ന വ്യക്തിയാണ്‌ ഈ ശബ്ദ / നിശബ്ദപോരാട്ടങ്ങള്‍ക്ക്‌ ഈര്‍ജം പകരുന്നത്‌ എന്നതാണ്‌ രസകരമായ വസ്തുത.കൂടെ നില്‍ക്കുന്നവരെപ്പോലും നിമിഷനേരം കൊണ്ട്‌ ചതിച്ച്‌ കടന്നുകളയാന്‍ അസാമാന്യ കഴിവുള്ള കുര്യച്ഛന്‌ സോയി എന്ന തന്റെ മലേഷ്യന്‍ ഭാര്യക്ക്‌ മുന്നില്‍ പൊള്ളത്തരങ്ങള്‍ക്കൊണ്ട്‌ താന്‍ പണിതുയര്‍ത്തിയിരിക്കുന്ന മഹാസൗധം ഒരിക്കലും ഇടിഞ്ഞു വീഴരുത്‌ എന്ന ആഗ്രഹമാണ്‌.താന്‍ ആയിരിക്കുന്ന ഇടത്തെ സംരക്ഷിക്കാനുള്ള കുര്യച്ഛന്റെ വ്യഗ്രതയാണ്‌ നമുക്ക്‌ ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്‌.മ്ലാത്തി ച്ചേടത്തി,പിയൂസ്‌,മോഹന്‍പോത്തന്‍ തുടങ്ങിയവരുടെ സ്വഭാവങ്ങളും വിഭിന്നമല്ല.ഇതിലെ ഓരോ വ്യക്തിയും അവരവരുടേതായ ഇടത്തില്‍ സന്തോഷം കണ്ടെത്തി ജീവിക്കുന്നവരാണ്‌. കുര്യച്ഛന്റെ എണ്ണത്തില്‍ അധികമുള്ള ഭാര്യമാരില്‍ ഒരുവളായി ആണ്‌ അയാള്‍ സോയിയെ കബളിപ്പിച്ച്‌ കേരളത്തില്‍ കൊണ്ടുവരുന്നത്‌. തന്റെ പ്രവർത്തികളിലെ ശരിതെറ്റുകള്‍ കണ്ടെത്താന്‍ ഒരിക്കല്‍പോലും അയാൾ ശ്രമിക്കുന്നില്ല.തന്നിലെ ചതി സോയി തിരിച്ചറിഞ്ഞു എന്ന്‌ മനസ്സിലാക്കുന്ന വേളയില്‍ കുര്യച്ഛന്‌ ചെറിയൊരു പതര്‍ച്ച ഉണ്ടാകുന്നുണ്ട്‌, എങ്കില്‍പ്പോലും ആ പതര്‍ച്ചയില്‍ നിന്നും തന്റെ മുഖം രക്ഷിച്ച്‌ സോയിയെ അനുനയിപ്പിക്കാനുള്ള ഒരു ശ്രമം നടത്താന്‍ അയാള്‍ക്ക്‌ പെട്ടെന്ന്‌ കഴിയുന്നുണ്ട്‌.മ്ലാത്തിച്ചേടത്തിയുടെ മ്ലാനത തളം കെട്ടിയ മുഖം ധാരാളം കഥകള്‍ പറയുന്നുണ്ട്‌ ആസ്വാദകരോട്‌ . തടവറയില്‍ കഴിയുന്ന ഒരുവളുടെ ദൈന്യതയും എല്ലാരുമുണ്ടായിട്ടും ആരുമില്ലാത്തവളായി മാറിയ ഒരു വൃദ്ധയായ സ്ത്രീയുടെ പരിദേവനങ്ങളും മ്ലാത്തിച്ചേടത്തിയുടെ ശൂന്യത നിറഞ്ഞ മുഖം കാട്ടിത്തരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മ്ലാത്തിച്ചേടത്തിയുടെ ഇടം കുരിയച്ചന്‍ തന്നെയാണ്‌. അയാളിലേക്കാണ്‌ അവര്‍ ചുരുങ്ങിപ്പോകുന്നതും വികസിക്കുന്നതുമെല്ലാം. അയാള്‍ക്കായി അവര്‍ ഒരുക്കിയിരിക്കുന്ന തടവറയിലേക്ക്‌ മുടങ്ങാതെ ഭക്ഷണം എത്തിക്കുന്നതിന്‌ വേണ്ടിയാണ്‌ മക്കള്‍ വിളിച്ചിട്ടും കൂടെ പോകാതെ അവര്‍ ആ കാട്ടില്‍ത്തന്നെ കഴിയുന്നത്‌. കുര്യച്ഛനോട്‌ പ്രതികാരം ചെയ്യുമ്പോഴും മ്ലാത്തിച്ചേടത്തിക്ക്‌ നഷ്ടപ്പെടുന്ന ഒന്നുണ്ട്‌. ആ കാടിനപ്പുറമുള്ള നായ്ക്കള്‍ക്കപ്പുറമുള്ള ഒരു ജീവിതം. പക്ഷെ അവര്‍ അത്‌ ആഗ്രഹിക്കുന്നില്ല എന്ന്‌ വേണം മനസിലാക്കാന്‍.

പീയൂസിന്റെ കാര്യമെടുത്താല്‍ അയാള്‍ കുര്യച്ഛന്‍ വളര്‍ത്തിയ അനേകം നായ്ക്കളില്‍ ഒരു മനുഷ്യമുഖമുള്ള നായ ആണെന്ന്‌ മനസ്സിലാക്കാം.തന്റെ അവസാനശ്വാസം വരെയും കുര്യച്ഛന്റെ വിശ്വസ്തനായിരിക്കാനാണ്‌ അയാള്‍ ശ്രമിക്കുന്നത്‌. വേണ്ടിവന്നാല്‍ കുര്യച്ഛന് വേണ്ടി മ്ലാത്തിച്ചേടത്തിയെ ഇല്ലാതാക്കാന്‍ പോലും അയാള്‍ക്ക്‌ മടിയില്ല.മണികണ്ഠന്‍ പീയൂസ്‌ എന്ന കള്ളപ്പേരില്‍ ആ വീട്ടില്‍ എത്തുന്നത്‌ പോലും കുരിയച്ഛനോടുള്ള കൂറ്‌ കൊണ്ടാണ്‌, അയാള്‍ എവിടെയാണ്‌ ഉള്ളതെന്ന്‌ കണ്ടുപിടിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ്‌. വന്നുപെട്ടിരിക്കുന്ന സ്ഥലത്ത്‌ തന്നെ ജിവിച്ചുപോകാനുള്ള എല്ലാ കഴിവും സിദ്ധിച്ചിട്ടുണ്ട്‌ പിയൂസിന്‌.കുര്യച്ഛന്‍ പരിശീലിപ്പിച്ചെടുത്ത മികച്ച ഗുണങ്ങളുള്ള നായയാണ്‌ പീയൂസ്‌.കുര്യച്ചനെ  അന്വേഷിച്ച്‌ പത്തനംതിട്ടയില്‍ നിന്ന്‌ എത്തുന്ന രണ്ട്‌ പോലീസുകാരോട്‌ പീയൂസ്‌ ഇടപെടുന്ന സന്ദര്‍ഭങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു നായയുടേതിന്‌ സമമാണ്‌ എന്ന്‌ മനസിലാക്കാന്‍ കഴിയും. പിന്നില്‍നിന്ന്‌ ആക്രമിച്ച്‌; നിലത്തേക്ക്‌ മറിച്ചിട്ട്‌ കടിച്ച്‌, തോളില്‍ കയറിയിരുന്ന്‌ നഖങ്ങള്‍ കൊണ്ട്‌ ഇറുക്കിയൊക്കെ ഒരു മൃഗത്തിന്റേതിന്‌ തുല്യമായ രീതിയില്‍ ആണ്‌ പീയൂസിന്റെ പെരുമാറ്റങ്ങള്‍. കൂടാതെ, ആദ്യത്തെ പോലീസുകാരനെ വകവരുത്തിയ ശേഷം അയാള്‍ നായ്ക്കളെപ്പോലെ വിജയസൂചകമായി ഓരിയിടുക പോലും ചെയ്യുന്നുണ്ട്‌. എങ്കില്‍ത്തന്നെയും കുര്യച്ഛ൯ എന്ന തന്റെ യജമാനനോട്‌ പീയൂസ്‌ എന്ന മനുഷ്യശരീരമുള്ള നായയ്ക്ക്‌ ഉള്ള കൂറും ആത്മാര്‍ത്ഥതയും എടുത്ത്‌ പറയേണ്ടതാണ്‌. പ്രഥമദൃഷ്ട്യാ യാതൊരു ഭൗതികനേട്ടവും കുര്യച്ഛനെ കണ്ടെത്തുന്നതില്‍ നിന്നും പീയൂസിന്‌ ലഭിക്കാനില്ല. എന്നിട്ടുപോലും അയാള്‍ മാസങ്ങളോളം തന്റെ യജമാനനെ തേടുന്നു.സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളും കുര്യച്ഛനെ തേടുന്നത്‌ അയാളെ ഇല്ലാതാക്കാനോ ജയിലില്‍ അടയ്ക്കാനോ വേണ്ടിയാണ്‌. ഇവിടെയാണ്‌ പീയൂസ്‌ വ്യത്യസ്തനാകുന്നത്‌. അയാള്‍ കുര്യച്ഛനെ തേടുന്നത്‌ ഒരിക്കല്‍ ആരോരുമില്ലാതിരുന്ന തന്നിലെ ആറ്‌ വയസുകാരന്‌ ആരെല്ലാമോ ആയിത്തീര്‍ന്നതിന്റെ നന്ദി സൂചകമായാണ്‌. ചില സമയങ്ങളില്‍ സംരക്ഷണത്തിനും നിയന്ത്രണത്തിനും ഒരേ മുഖമായിരിക്കും എന്ന കുര്യച്ഛന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്നത്‌ പീയൂസിന്റെ കാര്യത്തിലാണ്‌. പീയൂസിന്റെ ഇടവും കുര്യച്ഛ൯ തന്നെയാണ്‌. അയാള്‍ അന്വേഷിക്കുന്നതും ആഗ്രഹിക്കുന്നതും കുര്യച്ഛന്റെ സാമീപ്യമാണ്‌.

സിനിമയുടെ ആദ്യഭാഗങ്ങളില്‍ നായ്ക്കളുടെ നിയന്ത്രിതാവ്‌ കുര്യച്ഛൻ ആണെന്ന ധാരണ ഉണ്ടാവുന്നുണ്ടെങ്കിലും അവസാന ഭാഗത്ത്‌ നായ്ക്കളെ നിയന്ത്രിക്കുന്നത്‌ മ്ലാത്തിച്ചേടത്തി ആണെന്ന്‌ കാണാനാവും. അതേ, നായ്ക്കളുടെ ഇടവും മ്ലാത്തിച്ചേടത്തിയാണ്‌.മ്ലാത്തിച്ചേടത്തി നല്‍കുന്ന മുന്നറിയിപ്പുകള്‍ക്ക്‌ അനുസൃതമായി ആണ്‌ നായ്ക്കളുടെ പ്രവര്‍ത്തനങ്ങള്‍. നായ്ക്കളുടെ നിയന്ത്രിതാവ്‌ ആരെന്ന യാഥാര്‍ഥ്യത്തെ അവസാന ഷോട്ട്‌ വരെയും മറച്ച്‌ പിടിച്ചുകൊണ്ട്‌ സിനിമ വ്യത്യസ്തമായ ഒരു വഴിത്തിരിവ്‌ സൃഷ്ടിക്കുന്നു.

പ്രതികരണം:നിലനില്‍പ്പിനായും പ്രതിരോധത്തിനായും

ഈ സിനിമയിലെ ഓരോ കഥാപാത്രവും തങ്ങളുടെ തന്നെ നിലനില്‍പ്പിന്‌ വേണ്ടിയാണ്‌ സാഹചര്യങ്ങളോട്‌ പ്രതികരിക്കുന്നത്‌ എന്ന്‌ കാണാനാവും.പീയൂസ്‌ കുടിക്കാന്‍ കൊടുക്കുന്ന വെള്ളം പോലും പ്രാണികള്‍ക്ക്‌ ഒഴിച്ച്‌ കൊടുത്ത്‌ അതില്‍ വിഷം കലര്‍ത്തിയിട്ടില്ല എന്ന്‌ ഉറപ്പ്‌ വരുത്തിയ ശേഷമാണ്‌ മ്ലാത്തിച്ചേടത്തി കഴിക്കുന്നത്‌. അവരുടെ അത്രയും കാലത്തെ ജീവിതം കൊണ്ട്‌ കൂടെ നില്‍ക്കുന്നവരെപ്പോലും വിശ്വസിക്കാന്‍ പാടില്ല എന്ന യാഥാര്‍ഥ്യം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഏത്‌ നിമിഷവും തനിക്കായി കൊലക്കയര്‍ ഒരുക്കപ്പെടുമെന്ന ഉറച്ച ബോധ്യത്തിലാണ്‌ മ്ലാത്തിച്ചേടത്തി ജീവിക്കുന്നത്‌. അവര്‍ക്ക്‌ ആരെയും വിശ്വാസമില്ല. അവര്‍ അടുത്തറിഞ്ഞിട്ടുള്ള കുര്യച്ഛ൯ എന്ന അവരുടെ ഭര്‍ത്താവ്‌ പോലും അവരെ നേടിയെടുത്തത്‌ ചതി പ്രയോഗത്താലാണ്‌.കുര്യച്ഛന്‌ ഇനിയൊരു തിരിച്ചുവരവുണ്ടെങ്കില്‍ ആ വരവില്‍ മ്ലാത്തിച്ചേടത്തിയെ ഇല്ലാതാക്കും എന്നുറപ്പാണ്‌. കാരണം മ്ലാത്തി സത്യങ്ങള്‍ അറിഞ്ഞിരിക്കുന്നു. ഈ അവസ്ഥയില്‍ സ്വന്തം നിലനില്‍പ്പ്‌ ലക്ഷ്യമാക്കിയാണ്‌ മ്ലാത്തിച്ചേടത്തി നായ്ക്കളുടെ നിയന്ത്രണമേറ്റെടുക്കുന്നത്‌. കുര്യച്ഛന്‍ ഒരുക്കിയ തടവറയില്‍ സ്വന്തം ഇഷ്ടപ്രകാരം ജീവിതം തള്ളിനീക്കുമ്പോഴും മ്ലാത്തിച്ചേടത്തിയുടെ ഉള്ളില്‍ നിറയുന്നത്‌ സ്നേഹംനടിച്ച്‌ തന്നെ ഇല്ലാതാക്കിയ കുര്യച്ഛനോട്‌ താനും നിശബ്ദമായ്‌ പകരം വീട്ടി എന്ന സന്തോഷമാണ്‌. മ്ലാത്തിച്ചേടത്തി സ്വന്തം നിലനില്‍പ്പിനായിത്തന്നെയാണ്‌ കരുക്കള്‍ നീക്കിയത്‌. പീയൂസ്‌ പോലീസുകാരനെ കൊല്ലുന്നത്‌,അഥവാ അവര്‍ കുരിയച്ചനെ കണ്ടെത്തിയാല്‍ കുര്യച്ഛനെ ജയിലിലടയ്ക്കും എന്നതിനാലാണ്‌. ഇതിനെയും സ്വന്തം നിലനില്‍പ്പിനും ആത്മസംതൃപ്തിക്കും വേണ്ടിയുള്ള പീയൂസിന്റെ പ്രവര്‍ത്തനങ്ങളായി വായിച്ചെടുക്കാം. തന്റെ മനസ്സില്‍ ഇന്നും ജീവിക്കുന്ന ഒരു ആറ്‌ വയസുകാരന്റെ മനഃസംതൃപ്തിക്കായാണ്‌ പീയൂസ്‌ ഇത്‌ ചെയ്യുന്നത്‌.പോത്തനും ഡി. വൈ. എസ്‌. പി.യും പോലീസുകാരുമൊക്കെ കുര്യച്ഛനെ തേടി കാട്‌ കയറുന്നതും തങ്ങളുടെ പ്രതികാരത്തിന്റെയും നിലനില്‍പ്പിന്റെയും ഭാഗമായാണ്‌. പോത്തന്‍ എത്തുന്നത്‌ തന്നെ ചതിച്ച്‌ ജയിലിലാക്കിയ കുര്യച്ഛനോട്‌ പ്രതികാരം ചെയ്യാനാണ്‌. ഡി.വൈ.എസ്‌.പി.യ്ക്കും പോലീസുകാര്‍ക്കും കുര്യച്ഛനെ തേടല്‍ അവരവരുടെ ജോലിയിലെ നിലനില്‍പ്പിന്റെ ഭാഗവും.

 

പ്രതികാരത്തിന്റെ ഇടങ്ങളും ഇടപെടലുകളും

എക്കോയിലെ പീയൂസ്‌ ഒഴിച്ചുള്ള ഓരോ കഥാപാത്രത്തിനും പറയാനുള്ളത്‌ കുര്യച്ഛന്‍ എന്ന വ്യക്തിയോട്‌ തങ്ങള്‍ക്ക്‌ ചെയ്യാനുള്ള പ്രതികാരത്തിന്റെ കഥയാണ്‌. ഈ സിനിമയിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും കൂടെനിന്ന്‌ തകര്‍ത്ത്‌ കളഞ്ഞവനാണ്‌ കുര്യച്ചന്‍. സോയിയെ സ്നേഹം നടിച്ച്‌ തടവറയിലാക്കിയതും ജോസിയായെയും പോത്തനെയും കള്ളക്കേസില്‍ കുടുക്കിയതുമൊക്കെ കുര്യച്ഛന്റെ തന്ത്രങ്ങളായിരുന്നു.എന്നാല്‍ കുര്യച്ഛനോട്‌ പ്രതികാരം ചെയ്യാന്‍ രംഗത്തെത്തുന്ന ഓരോരുത്തരോടും പ്രതികാരം ചെയ്യുകയാണ്‌ കുര്യച്ഛന്റെ വിശ്വസ്തനായ മുന്തിയ ഇനം മനുഷ്യ നായ പീയൂസ്‌. കാഴ്ചയില്‍ ഏകദേശം ഇരുപത്തിയഞ്ചുവയസൊ അതില്‍ക്കൂടുതലോ തോന്നിക്കുന്ന പീയൂസിന്‌ നായയുടെ ശൗര്യമാണ്‌. ഏത്‌ പ്രതിബന്ധങ്ങളെ തരണം ചെയ്തും തന്റെ യജമാനനനെ കണ്ടെത്തും എന്ന്‌ നിശ്ചയിച്ചുറപ്പിച്ച പീയൂസ്‌ കഥയുടെ ഗതിനിര്‍ണയിക്കുന്ന പ്രധാന കഥാപാത്രമാണ്‌. ആരുടെ പ്രതികാരപ്രവര്‍ത്തനത്തിനാണ്‌ തീവ്രത കൂടുതല്‍ എന്ന്‌ പ്രത്യക്ഷത്തില്‍ നമുക്ക്‌ നിര്‍ണയിക്കാന്‍ കഴിയില്ല.കാരണം ഓരോരുത്തരും തങ്ങളുടേതായ രീതിയില്‍ സാഹചര്യങ്ങളോടും വ്യക്തികളോടും പടപൊരുതുന്നുണ്ട്‌.മ്ലാത്തിച്ചേടത്തിയുടെ പ്രതികാരമാണ്‌ സിനിമയില്‍ വേറിട്ട്‌ നില്‍ക്കുന്നത്‌. അവര്‍ കുര്യച്ഛന്റെ അതേ മീറ്ററില്‍ത്തന്നെ അയാളോട്‌ പ്രതികാരം ചെയ്യുന്നു, അയാള്‍ പോലും അറിയാതെ. തന്നെ വീട്ടുതടങ്കലിലാക്കി ജീവപര്യന്തം ശിക്ഷ വിധിച്ച കുര്യച്ഛനെയും അവര്‍ കാണാമറയത്ത്‌ ജീവപര്യന്തത്തിലാക്കുന്നു. എല്ലാം നഷ്ട്ടപ്പെട്ട ഒരു പെണ്ണിന്റെ പ്രതികാരവും പ്രതിരോധവുമാണ്‌ ഈ സിനിമ കാട്ടിത്തരുന്നത്‌.മ്ലാത്തിച്ചേടത്തി എന്ന കഥാപാത്രം സിനിമയിലെ വേറിട്ട മുഖമാണ്‌. ഒരേസമയം സ്ത്രീത്വത്തിന്റെ നിസഹായതയും തീയുറപ്പും അവരുടെ മിഴികളില്‍ തളം കെട്ടിനില്‍ക്കുന്ന കണ്ണീരില്‍ പ്രോജ്ജ്വലിക്കുന്നു. ഡി.വൈ എസ്‌.പി.,പോത്തന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക്‌ സിനിമ വ്യക്തമായ ചരിത്രം നല്‍കുന്നില്ല എന്ന്‌ പറയേണ്ടിവരും. കാരണം എന്തിന്‌ വേണ്ടിയാണ്‌ പോത്തനെ കുര്യച്ഛ൯ ജയിലിലാക്കിയത്‌ എന്നതും ഡി. വൈ.എസ്‌. പി. എന്തിന്‌ കുര്യച്ഛനെ അന്വേഷിക്കുന്നുവെന്നതും സിനിമ ഉത്തരം നല്‍കാതെ അവശേഷിപ്പിച്ച ചോദ്യങ്ങളാണ്‌. ഈ ദുരൂഹതകള്‍ സിനിമയുടെ ആസ്വാദനക്ഷമത വര്‍ധിപ്പിക്കുന്നു. കൃത്യമായി ഒരു നായകനെയോ നായികയേയോ ഈ സിനിമ അവതരിപ്പിക്കുന്നില്ല. നിലനില്‍പ്പിനായി സമരം ചെയ്യുന്ന ഏതാനും മനുഷ്യരുടെ പ്രതികാര/ പ്രതിരോധങ്ങളുടെ കഥ പറഞ്ഞുകൊണ്ട്‌ എക്കോ എന്ന മിസ്റ്ററി ഡ്രാമ വെള്ളിവെളിച്ചത്തില്‍ യാത്ര തുടരുന്നു.

 

ഗ്രന്ഥസൂചി

 

1) എരമം ജിനേഷ്‌ കുമാര്‍, 2018,നവോഥാന മൂല്യങ്ങളും മലയാളസിനിമയും, കേരള ഭാഷ ഇന്‍സ്റ്റിറ്റൂട്ട്‌,തിരുവനന്തപുരം.

2) ചന്ദ്രശേഖര്‍ ഏ.., 2018,സിനിമ ഒരു ദൃശ്യപ്രതിഷ്ടാപനം,നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം

3) ദിവാകരന്‍ RVM, 2011,കഥയും തിരക്കഥയും, ഒലിവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌

4) ജോസഫ്‌ വി. കെ., 2010,ദേശം, പൗരത്വം, സിനിമ, ചിന്ത പബ്ലിഷേഴ്‌, തിരുവനന്തപുരം

5) പി. സക്കീര്‍ ഹുസൈന്‍, 2017,തിരയും കാലവും, ഗ്രീന്‍ ബുക്സ്‌, കോട്ടയം

6) മാനുവല്‍ കെ. ജോസ്‌,സിനിമയുടെ പാഠങ്ങള്‍ വികലനവും വീക്ഷണവും, കറന്റ്‌ ബുക്സ് , കോട്ടയം

7) മുഹമ്മദ്‌ ഫക്രൂദീന്‍ അലി, 2012,താരശരീരവും ദേശചരിത്രവും, ചിന്താ പബ്ലിഷേസ്‌, തിരുവനന്തപുരം

ഏയ്ഞ്ചല്‍ മേരി ഏ. എസ്‌.

ഗവേഷകന മലയാള വിഭാഗം

ശ്രീശങ്കരാചാര്യ സംസ്‌കൃതസര്‍വകലാശാല, കാലടി

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. ശ്രീലക്ഷ്മി എസ്. കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page