കേരളനവോത്ഥാനം -വിമർശനം,വിചിന്തനം :സഹോദരൻപത്രത്തിലെ ലേഖനങ്ങളെ മുൻനിർത്തിയുള്ള പഠനം
- 6 days ago
- 7 min read
Updated: 4 days ago
അഞ്‌ജലി എം. പി.

സംഗ്രഹം
ലോകത്തെ ഏത് സമൂഹവും മാറ്റത്തിന് വിധേയമാകുന്നത് വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങളിലൂടെയാണ്. ആശയങ്ങളുടെ വിനിമയത്തിൽ ഏറ്റവും കൂടുതൽ സംവദിക്കുന്ന മാധ്യമങ്ങളാണ് പത്രങ്ങൾ.സാംസ്കാരികധാരകളെ സംവേദനം ചെയ്യുന്ന മാധ്യമങ്ങൾ എന്ന നിലയിൽ പത്രമാധ്യമങ്ങൾക്ക് കേരളനവോത്ഥാനപ്രക്രിയയിൽ സുപ്രധാന പങ്കാണുള്ളത്.
നവോത്ഥാനനായകനും സാമൂഹ്യപരിഷ്കർത്താവുമായ സഹോദരൻഅയ്യപ്പൻ ആരംഭിച്ച പത്രമാണ് ‘സഹോദരൻ.’ മിശ്രഭോജനത്തിന്റെ സംഘടിതമായ ഐക്യത്തിൽ ആരംഭിച്ച സഹോദര സംഘത്തിന്റെ മുഖപത്രമായിട്ടാണ് ‘സഹോദരൻ’ പത്രം പുറത്തിറക്കുന്നത്. സമഗ്രമായ സാംസ്കാരിക നവോത്ഥാനമായിരുന്നു സഹോദരൻ പത്രത്തിന്റെ ലക്ഷ്യം. കേരളനവോത്ഥാന കാലഘട്ടത്തിൽ സാമൂഹ്യപരിഷ്കരണത്തിനായി സഹോദരൻഅയ്യപ്പന്റെ ദർശനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് സഹോദരൻപത്രം കാരണമായി. ചാതുർവർണ്യം,ജാതി,മതം എന്നിവക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ, മിശ്രഭോജനം,മിശ്രവിവാഹം,മതപരിവർത്തനം, സമുദായപ്രാതിനിധ്യം തുടങ്ങിയ വ്യത്യസ്തവിഷയങ്ങൾ കേരളീയ സാമൂഹികപശ്ചാത്തലത്തിൽ വിലയിരുത്തുന്ന സഹോദരൻഅയ്യപ്പൻ രചിച്ച ലേഖനങ്ങളാണ് ഇവിടെ പഠനവിധേയമാക്കുന്നത്.
താക്കോൽവാക്കുകൾ:കേരളനവോത്ഥാനം,സഹോദരൻപത്രം,സാമുദായികപരിഷ്കരണം,സാമൂഹികവിമർശനം,സഹോദരൻ അയ്യപ്പൻ
കേരളനവോത്ഥാനവും പത്രങ്ങളും
പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച സാമൂഹിക-സാംസ്കാരികമുന്നേറ്റമായിരുന്നു കേരളനവോത്ഥാനം. അക്കാലത്തെ കലുഷിത സാഹചര്യമായിരുന്നു കേരളത്തിൽ നവോത്ഥാനത്തെ സൃഷ്ടിച്ചെടുത്തത്. തത്ഫലമായി ജാതിവ്യവസ്ഥ, സാമൂഹിക അസമത്വങ്ങൾ,നാടുവാഴിത്തം,കോളനിവൽക്കരണം എന്നിവയോടെല്ലാം വ്യത്യസ്തമായരീതിയിൽ പ്രതികരിച്ച സമുദായമത പരിഷ്കരണപ്രസ്ഥാനങ്ങളിലൂടെയും,വ്യക്തികളിലൂടെയുമാണ് കേരളനവോത്ഥാനം വികസനം പ്രാപിച്ചത്.ചരിത്രത്തിന്റെ ചാലകശക്തിയായി വർത്തിക്കുവാനും നവോത്ഥാനആശയങ്ങൾ പ്രവചിക്കുവാനും നവോത്ഥാന നായകർക്ക് കഴിഞ്ഞു. സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം എന്നീ വീക്ഷണത്തിൽ നിന്നുകൊണ്ട് സാമൂഹികസമത്വത്തിനുവേണ്ടി നിലകൊണ്ട സാമൂഹ്യപരിഷ്കർത്താവാണ് സഹോദരൻഅയ്യപ്പൻ. മിശ്രവിവാഹം, മിശ്രഭോജനം എന്നിവയിലൂടെ ജാതിവ്യത്യാസം ഇല്ലാതാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.പത്തൊമ്പതാംനൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിക്കുകയും സാമൂഹിക സാംസ്കാരികമാറ്റത്തിനൊപ്പം വികസിക്കുകയും ചെയ്ത വിനിമയരൂപമാണ് പത്രമാധ്യമങ്ങൾ. സാംസ്കാരികധാരകളെ സംവേദനം ചെയ്യുന്ന മാധ്യമങ്ങൾ എന്ന നിലയിൽ കേരളനവോത്ഥാനപ്രക്രിയയിൽ സുപ്രധാനപങ്കാണ് പത്രമാധ്യമങ്ങൾക്കുള്ളത്. പത്രങ്ങളുടെ ആവിർഭാവമാണ് മലയാളിയുടെ ജീവിതത്തിൽ ഒരു പൊതുമണ്ഡലം സാധ്യമാക്കിയത്. സാമൂഹികജീവിതത്തിൽ ഇടപെടാനും ലോകത്തിന്റെ മാറ്റങ്ങൾ തിരിച്ചറിയാനും പത്രങ്ങൾ സഹായിക്കുന്നതായി കാണാം. കേരളീയ സമൂഹത്തിന്റെ നവോത്ഥാനചരിത്രത്തിലും, സാംസ്കാരികവിനിമയത്തിലും പത്രങ്ങൾ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.സ്വദേശാഭിമാനിരാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘സ്വദേശാഭിമാനി ‘ എന്ന പത്രത്തിലൂടെ അദ്ദേഹം ഭരണകൂടവിമർശനത്തിനും രാഷ്ട്രീയഅവബോധത്തിനും മുൻകൈ എടുത്തു.കുമാരനാശാന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘വിവേകോദയം’ ശ്രീനാരായണധർമ്മപരിപാലനയോഗത്തിൻ്റെ മുഖപത്രമാണ്.ഈ പത്രം സാമൂഹികപരിഷ്കരണം ലക്ഷ്യമാക്കി പ്രവർത്തിച്ചു. മിതവാദി സി.കൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘മിതവാദി’ പിന്നാക്കവിഭാഗങ്ങളുടെ അവകാശങ്ങൾക്കും ജാതിവിരുദ്ധ പോരാട്ടത്തിനും മുൻനിരയിൽ നിന്നു. ‘സാധുജനദൂതൻ’ എന്ന പത്രത്തിലൂടെ അയ്യങ്കാളി ദളിത് സമൂഹത്തിൻ്റെ ഉന്നമനത്തിനായി ശബ്ദമുയർത്തി. മുഹമ്മദ്അബ്ദുറഹ്മാൻ ആരംഭിച്ച ‘അല്-അമീൻ’ എന്ന പത്രം സ്വാതന്ത്ര്യ സമരത്തിലും സാമൂഹിക പരിഷ്കരണത്തിലും പ്രധാന പങ്കുവഹിച്ചു.വി.ടി.ഭട്ടതിരിപ്പാട് ‘നമ്പൂതിരി’ എന്ന പത്രത്തിലൂടെ സമ്പൂതിരിസമുദായത്തിലെ അനാചാരങ്ങൾക്കെതിരെ പോരാടി.
‘പ്രബുദ്ധകേരളം’ പത്രം ബ്രഹ്മാനന്ദശിവയോഗിയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു. ഇത്തരത്തിൽ കേരളനവോത്ഥാനകാലഘട്ടത്തിൽ കേരളീയസമൂഹത്തിൽ സമത്വം,വിദ്യാഭ്യാസം,സ്വാതന്ത്ര്യം എന്നിവ കൊണ്ടുവരുന്നതിൽ പത്രമാധ്യമങ്ങൾ നിർണ്ണായകപങ്ക് വഹിച്ചു.1917-ൽ സഹോദരൻഅയ്യപ്പന്റെ നേതൃത്വത്തിൽ ആരംഭിച്ച പത്രമായ ‘സഹോദര’നെ ഈ പത്രങ്ങളുടെ ചരിത്രത്തിൽ നിന്നെല്ലാം വ്യത്യസ്തമാക്കുന്ന ഒരു ഘടകം എന്തെന്നാൽ സഹോദരൻഅയ്യപ്പൻ കേരളത്തിന്റെ സാമൂഹിക,സാംസ്കാരികനവോത്ഥാനമെന്ന ഒറ്റലക്ഷ്യം മുൻനിർത്തി ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സ്വീകരിച്ച ഒരു സംവേദനമാധ്യമം എന്നതാണ്.
ചാതുർവർണ്യം വിമർശനം
ചാതുർവർണ്യം സമൂഹത്തിൽ സൃഷ്ടിച്ച ദുഷ്ഫലങ്ങളെ വിമർശിക്കുകയാണ് ചാതുർവർണ്യം എന്ന ലേഖനത്തിലൂടെ സഹോദരൻ അയ്യപ്പൻ ചെയ്യുന്നത്. ഭാരതത്തിലെ സാമൂഹിക ജീവിതക്രമത്തിന്റെ പ്രധാനസവിശേഷതയാണ് ബ്രാഹ്മണർ,ക്ഷത്രിയർ,വൈശ്യർ,ശൂദ്രർ എന്ന ക്രമത്തിലായിരുന്നു അന്നത്തെ ജാതിശ്രേണീകരണം.ക്ഷത്രിയരും വൈശ്യരും കേരളത്തിന്റെ സാമൂഹികഘടനയിൽ ഉണ്ടായിരുന്നതിന് വ്യക്തമായ തെളിവുകൾ ഇല്ല. ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിച്ചു നിർത്തുന്നത് ചാതുർ
വർണവ്യവസ്ഥയും, ജാതിവ്യവസ്ഥയും. കേരളീയ ജാതിസംവിധാനത്തിന് വർണ്ണവ്യവസ്ഥ സ്വീകാര്യമല്ല. തുർവർണ്യമാണ്. ചാതുർവർണ്യം ഈ സമൂഹത്തെ നിശ്ചലമാക്കി.
'വർണ്ണവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മനുവിനെ തെറ്റി, കൃഷ്ണനു തെറ്റി,വ്യാസനു തെറ്റി,ശങ്കരനും കൂട്ടർക്കും ഒക്കെ തെറ്റി.ഈ പടും തെറ്റി ഫലം ആണ് കാലാകാലം വരുന്നവർക്കൊക്കെ അടിമപ്പെട്ട് ജീവച്ഛയതിപോയ ഭാരതം ഇപ്പോൾ വർണ്ണവ്യവസ്ഥയും നാമാവശേഷമായി. അതിന്റെ സ്ഥാനത്ത് ഹിന്ദുക്കളെ എണ്ണമറ്റ വകുപ്പുകൾ ആയി തിരിച്ചു നിർത്തുന്ന ജാതിവ്യത്യാസം കയറി നിൽക്കുന്നു.'
ചാതുർവർണ്യം എന്ന ലേഖനത്തിൽ സഹോദരൻ അയ്യപ്പൻ ചാതുർവർണ്യത്തെ വിമർശ
നാത്മകമായി വിലയിരുത്തുകയാണ്.ഗോത്രസമൂഹത്തിന്റെ വളർച്ചയുടെ ഒരു ഘട്ടത്തിലെ സവിശേഷതയോട് ബ്രാഹ്മണമേധാവിത്വവും ചാതുർവർണ്യവ്യവസ്ഥയും ചേർന്നപ്പോൾ രൂപം കൊണ്ട ഒരു സാമൂഹ്യസമ്പ്രദായമാണ് ജാതി വ്യവസ്ഥ.ചാതുർവർണ്യവ്യവസ്ഥയുടെ സ്വാധീനം മൂലമാണ് അടിമത്തസ്വഭാവമുള്ള സമൂഹം രൂപപ്പെട്ടത്. ഹൈന്ദവനിയമങ്ങൾ മനുസ്മൃതിയുടെ ചുവടുപിടിച്ചാണ് എഴുതപ്പെട്ടിരിക്കുന്നത്. ശങ്കരാചര്യരുടെ ശങ്കരസ്‌മൃതികൾ പ്രചാരത്തിലാവും മുൻപേ മനുസ്മൃതിക്കായിരുന്നു പ്രാധാന്യം. കേരളത്തിലും ആര്യാധിനി വേശത്തിനുശേഷം അടുത്ത നൂറ്റാണ്ട് വരെ മനുസ്മൃതി പിന്തുടർന്നു.
സാമൂഹ്യമായ ചലനക്ഷമതയാണ് ഈ വിഭജനത്തിലൂടെ സൃഷ്ടിച്ച ചതുർവർഗങ്ങൾക്ക് കൈമോശം വന്നത്.തരംതിരിവോടുകൂടിയ അസമത്വം ഈ നാലു വർഗങ്ങളെയും ശാശ്വതമായ നിശ്ചലതയിൽ നിർത്തുകയും ചെയ്തു. വർണ്ണാധിഷ്ഠിതമായ ജാതിവിഭജനത്തിന്റെ സൂചനകൾ മഹാഭാസാമൂഹ്യമായ ചലനക്ഷമതയാണ് ഈ വിഭജനത്തിലൂടെ സൃഷ്ടിച്ച ചതുർവർഗങ്ങൾക്ക് കൈമോശം വന്നത്.തരംതിരിവോടുകൂടിയ അസമത്വം ഈ നാലു വർഗങ്ങളെയും ശാശ്വതമായ നിശ്ചലതയിൽ നിർത്തുകയും ചെയ്തു. വർണ്ണാധിഷ്ഠിതമായ ജാതിവിഭജനത്തിന്റെ സൂചനകൾ മഹാഭാരതത്തിൽ കാണാൻരതത്തിൽ കാണാൻകൈമോശം വന്നത്.തരംതിസാമൂഹ്യമായ ചലനക്ഷമതയാണ് ഈ വിഭജനത്തിലൂടെ സൃഷ്ടിച്ച ചതുർവർഗങ്ങൾക്ക് കൈമോശം വന്നത്.തരംതിരിവോടുകൂടിയ അസമത്വം ഈ നാലു വർഗങ്ങളെയും ശാശ്വതമായ നിശ്ചലതയിൽ നിർത്തുകയും ചെയ്തു. വർണ്ണാധിഷ്ഠിതമായ ജാതിവിഭജനത്തിന്റെ സൂചനകൾ മഹാഭാരതത്തിൽ കാണാൻരിവോടുകൂടിയ അസമത്വം ഈ നാലു വർഗങ്ങളെയും ശാശ്വതമായ നിശ്ചലതയിൽ നിർത്തുകയും ചെയ്തു.വർണ്ണാധിഷ്ഠിതമായ ജാതിവിഭജനത്തിന്റെ സൂചനകൾ മഹാഭാരതത്തിൽ കാണാൻ സാമൂഹ്യമായ ചലനക്ഷമതയാണ് ഈ വിഭജനത്തിലൂടെ സൃഷ്ടിച്ച ചതുർവർഗങ്ങൾക്ക് കൈമോശം വന്നത്.തരംതിരിവോടുകൂടിയ അസമത്വം ഈ നാലു വർഗങ്ങളെയും ശാശ്വതമായ നിശ്ചലതയിൽ നിർത്തുകയും ചെയ്തു.വർണ്ണാധിഷ്ഠിതമായ ജാതിവിഭജനത്തിന്റെ സൂചനകൾ മഹാഭാരതത്തിൽ കാണാകഴിയും.ഹിന്ദുപുരാണങ്ങളിൽ മനുഷ്യൻ അവരുടെ ജീവിതകാലത്ത് പല വർണ്ണങ്ങളിലേക്ക് സംക്രമിക്കുന്നത് കാണാം.ആദ്യകാലരാജാവായിരുന്ന വിശ്വാമിത്രൻ, ശൂദ്രൻ ആയിരുന്ന വ്യാസൻ തുടങ്ങിയവർ പിൻകാലത്ത് ബ്രാഹ്മണരായത് ഇതിനു ഉദാഹരണമാണ്.
ഹിന്ദുമതത്തിന് അഭിവൃദ്ധി കൈവരണമെങ്കിൽ ജാതിവ്യത്യാസം നാമാവശേഷമാകണമെന്ന് കാഴ്ചപ്പാടാണ് ഈ ലേഖനത്തിലൂടെ സഹോദരൻ അയ്യപ്പൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഹിന്ദുമതപരിഷ്കരണത്തിൽ ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലാത്ത അമൂല്യമായ അംശങ്ങൾ പരിപാലിക്കണമെന്നും അദ്ദേഹം പറയുന്നു.
'ചാതുർവർണ്യംമയാസൃഷ്ടം
ഗുണകർമ്മ വിഭാഗശ :
തസ്യ കർത്താരമപിമാം
വിദ്ധ്യ കർത്താരാവ്യയം'
(ചാതുർവർണ്യം ഗുണങ്ങളുടെയും കർമ്മങ്ങളുടെയും വിഭാഗം അനുസരിച്ച് സൃഷ്ടിക്കപ്പെട്ടതാണ്. നാശരഹിതനും കർത്താവല്ലാത്തവനുമായ എന്നെ അതിന്റെ കർത്താവായി അറിഞ്ഞാലും )
ഹിന്ദുമതത്തിൽ സ്വീകരിച്ചിട്ടുള്ള ചാതുർവർണ്യം, ഗീതോപദേഷ്ടാവായി സങ്കൽപ്പിക്കപ്പെട്ടിട്ടുള്ള ശ്രീകൃഷ്ണൻ സൃഷ്ടിച്ചതാണെന്നു പറയുന്നതിലൂടെ ജാതിയെ സ്ഥാപിക്കുകയാണ് ഈ ശ്ലോകത്തിൽ. എന്നാൽ സി ശങ്കരൻനായർ ഗീതയെപ്പറ്റി എഴുതിയ ലേഖനത്തിൽ ഈ ശ്ലോകം ജാതിക്ക് എതിരാണെന്ന് സമർഥിക്കുന്നു.ആ അഭിപ്രായത്തെ വിമർശിച്ചുകൊണ്ട് എഴുതിയ ലേഖനമാണ് ചാതുർവർണ്യം. ഗീതയ്ക്ക് മുൻപുള്ള ഗ്രന്ഥങ്ങളായാലും, പിന്നീടുള്ള ഗീതാഭാഷ്യങ്ങളിലായാലും ചാതുർവർണ്യത്തെ ജനനം അനുസരിച്ചുള്ള ഒന്നായിട്ടാണ് പറയുന്നത്. മുൻപുള്ള ശാസ്ത്രങ്ങളെ ക്രോഡീകരിച്ച് പ്രസ്താവിക്കാതെ ഒന്നിനെയും ഖണ്ഡിക്കുവാൻ ശ്രീകൃഷ്ണൻ തുനിയുന്നില്ല. മുൻപ് സൂചിപ്പിച്ച ഗീതാശ്ലോകത്തിന്റെ സ്വാഭാവികമായ അർത്ഥമെന്നത് ആർക്കും ജനനം അനുസരിച്ച് അംഗീകരിച്ചു പോരുന്ന ചാതുർവർണ്യത്തിൽ അതാതു വർണങ്ങൾക്കു പറഞ്ഞിട്ടുള്ള ഗുണകർമ്മങ്ങൾ ഒത്തിരിക്കുമെന്നാണ്, അല്ലാതെ ജനനം നോക്കാതെ ഗുണകർമ്മങ്ങളെ മാത്രം നോക്കി ജനങ്ങളെ നാലു വർണ്ണങ്ങളായി കൽപ്പിച്ചു കൊള്ളണമെന്നാണ് ഗീത പറയുന്നതെങ്കിൽ അത് വാസ്തവത്തിൽ നടപ്പിലാക്കിയിരിക്കുന്ന നാല് വിഭാഗങ്ങളെ കുറിക്കുകയല്ല. കേവലം മാനസികമായി ചെയ്യുന്ന ഒരു വിഭാഗം മാത്രമായി തീരും. ചാതുർവർണ്യവ്യവസ്ഥെയെപ്പറ്റിയുള്ള ചിന്തകളിലെ വൈരുദ്ധ്യങ്ങളുടെ അനന്തരഫലമായി ഭാരതത്തിന് വരുംകാലങ്ങളിൽ കൈവന്ന സാമൂഹികവും സാംസ്കാരികവുമായ തകർച്ചയെപ്പറ്റിയാണ് അയ്യപ്പൻ സൂചിപ്പിക്കുന്നത്. അപകടകരമായ ജാതിവ്യത്യാസത്തെ അംഗീകരിച്ചുകൊണ്ടല്ല ആ തെറ്റിനെ ഇന്നത്തെ സമൂഹത്തിലേക്ക് ഉൾക്കൊള്ളേണ്ടതെന്നും സൂചിപ്പിക്കുന്നു.
ജാതി വ്യത്യാസം ഇല്ലാതാക്കുക
‘ഒരുജാതി,ഒരുമതം,ഒരുദൈവം’ എന്ന ലേഖനത്തിൽ അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയുടെ ദാർശനികതലം വ്യക്തമാക്കുന്നു. ഒരുജാതി ഒരുമതം ഒരുദൈവം എന്ന മഹാമന്ത്രം, വർഗീയതയുടെ അടിസ്ഥാനമായി നിലകൊള്ളുന്ന ജാതിയെ തിരസ്കരിക്കുന്നു. ഈ മന്ത്രം കേവലം ഒരു മഹാമതമന്ത്രമോ,ദൈവമന്ത്രമോ അല്ല.മറിച്ച് സാമുദായികപരിഷ്കരണമന്ത്രമാണ്.മനുഷ്യരെല്ലാം ഒരു സമുദായമാകണമെന്ന സന്ദേശമാണ് ഇതിലൂടെ ശ്രീനാരായണഗുരു നൽകുന്നതെന്ന് സഹോദരൻഅയ്യപ്പൻ സ്ഥാപിക്കുന്നു. ഇന്ത്യയിൽ ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന എല്ലാ ജാതികളും ഒന്നാകാനുള്ള മഹാമന്ത്രമായാണ് ശ്രീനാരായണഗുരുവിന്റെ ഈ സന്ദേശത്തെ വിലയിരുത്തുന്നത്. ശ്രീനാരായണഗുരുവിന്റെ സമുദായ പരിഷ്കരണത്തിൽ ഏറ്റവും പ്രധാനം ജാതി ഇല്ലാതാക്കുക എന്നതായിരുന്നു.മതവും ദൈവവിശ്വാസവും മനുഷ്യർക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. ഇതിനു വിപരീതമായി മനുഷ്യർ അവയ്ക്കുവേണ്ടി നിലകൊള്ളുന്നു എന്ന് ഗുരു ചിന്തിയ്ക്കുന്നില്ല. മനുഷ്യരേക്കാൾ പ്രാധാന്യം നൽകിയാണ് മതത്തെയും ദൈവവിശ്വാസത്തെയും കാണുന്നതെങ്കിൽ ഒരു ദൈവം ഒരു മതം ഒരു ജാതി മനുഷ്യന് എന്ന് തിരുത്തുമായിരുന്നു. പലരും ഈ സന്ദേശത്തെ ദുർവ്യാഖ്യാനം ചെയ്യാനിടയുണ്ടെന്നും,സമുദായ പരിഷ്കർത്താവായ അദ്ദേഹം മത ഗുരുവായി മാറുമെന്നും ഇത് ശ്രീനാരായണഗുരു സന്ദേശത്തിന് വരുന്ന വലിയ വിപത്തായിരിക്കുമെന്ന സൂചനയും ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. ബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കിയതോടുകൂടെ ബുദ്ധസന്ദേശത്തിന് ഇന്ത്യയിൽ വന്ന വിപത്ത് പോലെ ഗുരുവിന്റെ വാക്യവും ജനങ്ങളിലേക്ക് മറ്റൊരാർത്ഥത്തിൽ എത്തുമെന്നും ലേഖകൻ ചൂണ്ടിക്കാട്ടുന്നു.
‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ഗുരുവിന്റെ വാക്കുകൾ മതവിശ്വാസത്തെക്കാളും ദൈവവിശ്വാസത്തെക്കാളും മനുഷ്യത്വത്തിന് പ്രാധാന്യം നൽകാൻ ശ്രമിക്കുന്നതിന്റെ തെളിവാണ്.ഗുരു ആസ്തികനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പല ശിഷ്യരും അങ്ങനെ ആയിരുന്നില്ല. സഹോദരൻഅയ്യപ്പൻ,എം.സി ജോസഫ്,കുറ്റിപ്പുഴകൃഷ്ണപിള്ള തുടങ്ങിയവർ നാസ്തികരായിരുന്നു. എന്നാൽ ഗുരുവിന് ആ രീതിയോട് ഒട്ടും എതിർപ്പ് ഉണ്ടായിരുന്നില്ല. അവരുടെ പ്രവർത്തനങ്ങളോട് അസഹിഷ്ണുതയും ഉണ്ടായിരുന്നില്ല. ബഹുസ്വരതയെ അംഗീകരിക്കുന്ന ശ്രീനാരായണീയമാർഗം കേരള നവോത്ഥാനചരിത്രത്തിൽ തികച്ചും വേറിട്ട രീതിയാണ്. മതത്തിനും സമുദായത്തിനും അതിരുകളില്ലെന്നും ജാതിവ്യത്യാസങ്ങളെ സോദരത്വേന ഉൾക്കൊള്ളാനും ഗുരുവിന് കഴിഞ്ഞു.എത്രയോ കാലഘട്ടങ്ങൾക്കു മുൻപ് ഗുരുവിന്റെ വാക്യങ്ങളെ വളച്ചൊടിക്കാൻ സാധ്യതയുണ്ടെന്ന സഹോദരൻഅയ്യപ്പന്റെ നിരീക്ഷണം ഇന്നത്തെ സാമൂഹിക സാംസ്കാരിക അന്തരീക്ഷത്തിൽ യഥാർഥ്യമായി.
1903-ൽ സ്ഥാപിതമായ എസ്.എൻ.ഡി.പി മറ്റ് സമുദായങ്ങളെ പരിഷ്കരണത്തിന്റെ പാതയിലേക്ക് നയിക്കാൻ കാരണമായി. ധർമ്മപരിപാലനയോഗ രൂപീകരണം അവർണരുടെ ഇടയിലും, ഈഴവ സമുദായത്തിന്റെ ഇടയിലും വലിയ ആവേശം ഉണർത്തി. എല്ലാ മതത്തിലുമുള്ള നല്ല വശങ്ങളും സ്വാഗതം ചെയ്തു. എന്നാൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗം പോലുമല്ലാതെ വെറും സമുദായ സംഘടനയായി ഇന്ന് ഈ പ്രസ്ഥാനം പരിണമിച്ചിരിക്കുന്നു. ഗുരു ഒരു സാമുദായികനേതാവായും, മത നേതാവായും ഇന്നത്തെ കാലഘട്ടത്തിൽ വായിക്കപ്പെടുന്നതും ഈ ലേഖനത്തിന്റെ സമകാലിക പ്രസക്തിയെ അടയാളപ്പെടുത്തുന്നു.
അംബേദ്കർ നേതൃത്വം നൽകിയ നാസിക്കിലെ പ്രസിദ്ധമായ മതംമാറ്റ നിശ്ചയത്തിന്റെ പശ്ചാത്തലത്തിലാണ് 'ജാതി പോകണം' എന്ന ലേഖനം എഴുതുന്നത്.ഇന്ത്യയിലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായാലും സമുദായ പരിഷ്കരണത്തിനായാലും ഗാന്ധിജിയെ പോലൊരു മഹാപുരുഷന്റെ നേതൃത്വത്തിന് അത്ഭുതകരമായ ഫലങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്ന് തിരിച്ചറിഞ്ഞ ഒരാളാണ് ഡോ. ബി ആർ.അംബേദ്കർ. അയിത്തം ഇല്ലാതാക്കണമെന്നുള്ള ലക്ഷ്യം ഗാന്ധിജിയുടെ ഉള്ളിൽ ഉണ്ടെങ്കിലും ആ ലക്ഷ്യത്തിനുവേണ്ടി പ്രചരണം നടത്താൻ മറ്റു ചില താൽപര്യങ്ങളാൽ അദ്ദേഹത്തിന് കഴിഞ്ഞില്ല.അധ:കൃതരുടെ പ്രത്യേക പ്രാതിനിധ്യത്തിനുവേണ്ടി വാദിച്ചതിന്റെ ഫലമായി കമ്മ്യൂണൽ അവാർഡിൽ അധ:കൃതർക്ക് പ്രത്യേക മണ്ഡലങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി.ഗാന്ധിജിയുടെ ദത്തുപുത്രിയായ അധ:കൃതബാലികയെ ബ്രാഹ്മണനെകൊണ്ടും,വിസി രാജഗോപാലാചാരിയുടെ മകളെ സ്വന്തം മകനെ കൊണ്ടും വിവാഹം ചെയ്യിപ്പിച്ചത് അനുലോമമായും പ്രതിലോമമായും മിശ്രവിവാഹത്തിന് വിരോധമില്ലെന്നാണെങ്കിലും എഴുത്തിലും പ്രസംഗത്തിലും ജാതി വ്യത്യാസത്തെ താങ്ങിനിർത്തുന്ന പ്രവണതയാണ് സഹോദരൻ അയ്യപ്പൻ വിമർശനവിധേയമാക്കുന്നത്.സഹോദരൻഅയ്യപ്പന്റെ ആശയങ്ങളെ ഡോക്ടർ ബി ആർ അംബേദ്കറുടെ ജാതി വിമർശനത്തോട് ചേർത്തു വായിക്കാൻ കഴിയും.
ഇന്ത്യയിലെ ജാതിയുടെ അടിസ്ഥാനം തൊഴിലാണ്, തൊഴിൽ മാത്രമാണ് എന്ന ചിന്തയെ സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോൾ ഇന്ത്യയിലെ ജാതികൾ തൊഴിൽപരമാണെന്നത് ഒരു നിസ്സാരകണ്ടെത്തലാണ്. തൊഴിൽപരമായ ഒരു സംഘം എന്തുകൊണ്ട് തൊഴിൽപരമായ ഒരു ജാതിയായി മാറിയത് എന്ന പ്രശ്നം അംബേദ്കർ ഉന്നയിക്കുന്നു. മറ്റു ലോക സമൂഹങ്ങളിലും തൊഴിൽ സംഘങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ മാത്രം എന്തുകൊണ്ട് അത് ജാതിയായി പരിവർത്തനപ്പെട്ടു എന്ന അദ്ദേഹത്തിന്റെ ചോദ്യവും ശ്രദ്ധേയമാണ്. തൊഴിലും വരുമാനവും വർഗ്ഗപരമായ ഘടനകളുടെ പരിണാമത്തിന് വിധേയമാകുമ്പോൾ നിശ്ചലമായ സാമൂഹിക അവസ്ഥയിലാണ് ജാതി പ്രതിനിധാനം ചെയ്യുന്നത്. ശ്രേണീകൃതമായ അസമത്വം ഹൈന്ദവസമൂഹക്രമത്തിന്റെ അടിസ്ഥാനപ്രമാണമെന്ന് അംബേദ്കർ വിശേഷിപ്പിക്കുന്നു.
ഇന്ത്യൻ ജാതിവ്യവസ്ഥ കേവലം സാങ്കേതിക വിഭജനത്തിനപ്പുറമാണ്. മനോഘടനയും മൂല്യവ്യവസ്ഥയും കൂടി ചേരുന്ന പ്രതലമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബുദ്ധിസവും അംബേദ്കർ ചിന്തയും കേരളീയ അനുഭവമായി സമന്വയിപ്പിക്കാൻ ശ്രമിച്ചവരിൽ തുടക്കക്കാരനായി സഹോദരൻ അയ്യപ്പനെ രേഖപ്പെടുത്താം.
മിശ്രഭോജനം
മിശ്രഭോജനമെന്നത് മനുഷ്യസമത്വത്തെക്കുറിച്ചുള്ള പ്രഖ്യാപനമായിരുന്നു.
'ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്.വേണം ധർമ്മം വേണം ധർമ്മം വേണം ധർമ്മം.'
ജാതിക്കെതിരായ പോരാട്ടങ്ങളുടെ തുടക്കം മാത്രമായിരുന്നു മിശ്രഭോജനം.
'ജാതി നാശത്തുക്ക് ജയ്
ജാതി നാശത്തുക്ക് ജയ്
ദൈവനാശത്തുക്ക് ജയ്'
എന്നത് ജാതിരാക്ഷസദഹനങ്ങളിൽ പ്രസിദ്ധമായ മുദ്രാവാക്യമായി മുഴങ്ങിക്കൊണ്ടിരുന്നു. അയിത്തം അടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമെന്നത് രാഷ്ട്രീയ അധികാരമാണെന്ന് അംബേദ്കർക്കു മുൻപുതന്നെ സഹോദരൻഅയ്യപ്പൻ പ്രഖ്യാപിച്ചു. മനുഷ്യന്മാരെല്ലാം സമന്മാരാണെന്ന വോൾട്ടേയറിന്റെ പ്രഖ്യാപനം മലയാളത്തിൽ അവതരിപ്പിച്ചത് സഹോദരനിലൂടെയാണ്. മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്ക് ജാതി നശിക്കണം എന്നായിരുന്നു അയ്യപ്പന്റെ അഭിപ്രായം. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന ഗുരു വചനത്തിന് അയ്യപ്പൻ ഊന്നൽ നൽകി. ജാതി ഒരു തിന്മയും അന്ധവിശ്വാസവുമാണെന്നും,അയിത്തം ഉന്മൂലനം ചെയ്യുക എന്നത് താഴ്ന്നജാതിക്കാരുടെ ജന്മാവകാശമാണെന്നും അദ്ദേഹം വിശ്വസിച്ചു.തീണ്ടലും തൊടീലും അവസാനിക്കണമെങ്കിൽ ജാതി നശിച്ചേ മതിയാവൂ എന്നും പ്രഖ്യാപിച്ചു.വ്യത്യസ്ത സമുദായങ്ങൾ തമ്മിലുള്ള സൗഹൃദവും സഹകരണം മെച്ചപ്പെടുത്തുന്നതുൾപ്പെടെ പലകാരണങ്ങൾ കൊണ്ട് മിശ്രവിവാഹത്തെ അയ്യപ്പൻ പ്രോത്സാഹിപ്പിച്ചു.മിശ്രവിവാഹം മനുഷ്യന് ഗുണകരമാണെന്നും, ഇന്ത്യയിലെ വർഗീയതയുടെ പരിഹാരത്തിനും മിശ്രവിവാഹം സഹായകമാകുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.മിശ്രവിവാഹം വ്യാപകമാക്കുന്നത് അത്ര എളുപ്പമല്ലാത്തതിനാൽ ഇതിന് അനുകൂലമായ നിയമനിർമ്മാണം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് 1931 കൊച്ചി സിവിൽ വിവാഹബിൽ പാസാക്കുകയും,1935ൽ അത് നടപ്പിൽ വരുത്തുകയും ചെയ്തു.വ്യത്യസ്തജാതികളിലും മതങ്ങളിൽപെട്ടവരും തമ്മിലുള്ള വിവാഹങ്ങൾക്ക് നിയമസാധ്യത ഇതുമൂലം കൈവന്നു.
മതപരിവർത്തനം - പ്രതികരണങ്ങൾ
അയിത്തം ഇല്ലാതാക്കുന്നതിന് സഹായിക്കുമെന്നതിനാൽ മതംമാറ്റവാദം നല്ലതാണെന്ന് 'മതപരിവർത്തനം' എന്ന ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. തൊപ്പിയിട്ട പുലയനോട് വഴിമാറാൻ പറയാൻ കേരളക്കരയിൽ ആരും ധൈര്യപ്പെടുകയില്ല. എന്നാൽ വെന്തീഞ്ഞയിട്ട പുലയന് അത്രതന്നെ എളുപ്പത്തിൽ അയിത്തശല്യം മാറുകയുമില്ല.ഇത്തരത്തിലുള്ള അവ്യവസ്ഥിതി മതപരിവർത്തനത്തിൽ നിലനിന്നതായി കാണാം. മതം മാറിയാലും വിടാതെ പിന്തുടരുന്ന അയിത്തത്തെ ഇത് സൂചിപ്പിക്കുന്നു. ക്രിസ്ത്യാനികൾ പുതു ക്രിസ്ത്യാനികളെ നിന്ദിക്കുന്നിടത്തോളം മുസ്ലീങ്ങൾ പൊതുമുസ്ലീങ്ങളെ നിന്ദിക്കുകയില്ലെന്നും, ഇന്ത്യയുടെ അഭിവൃദ്ധിക്ക് ആവശ്യമാണെങ്കിൽ മതം മാറുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിൽ ഒരു അഭിമാനക്ഷതവും ഇല്ലെന്നും ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.സമുദായത്തിനു കൂടെ അഭിവൃദ്ധി കൈവരുന്ന മതപരിവർത്തനത്തെയാണ് സഹോദരൻഅയ്യപ്പൻ പ്രോത്സാഹിപ്പിക്കുന്നത്.അന്യ സമുദായത്തിൽ ചേരുന്നതിനാൽ മതം മാറുന്നവർക്ക് ഗുണങ്ങൾ സിദ്ധിച്ചാലും അതുമൂലം അവരുടെ സമുദായത്തിന് അവശത മാത്രമാണ് ഫലമായിരിക്കുക. പിന്നീട് സമുദായം വീണ്ടും ശക്തി ഹീനമാവുകയുമായിരിക്കും ഫലം. അതുകൊണ്ട് ഈഴവർ,പുലയർ മുതലായവർ ഒന്നിച്ച് മതപരിവർത്തനത്തിനു വേണ്ടി ശ്രമിക്കണം എന്നതാണ് അദ്ദേഹത്തിൻറെ കാഴ്ചപ്പാട്. അങ്ങനെയുള്ള മതപരിവർത്തനം സാധ്യമാകുമ്പോൾ മാത്രമാണ് സമുദായത്തിന് ഗുണം ഉണ്ടാകുന്നത്.
മതമാറ്റമല്ല മതപരിഷ്കരണമാണ് ഉചിതമെന്നു പറഞ്ഞ സഹോദരൻ അയ്യപ്പൻ മതപരിവർത്തനത്തെ അനുകൂലിക്കുന്നത് പോലും ഇന്ത്യയുടെ അഭിവൃദ്ധിയ്ക്ക് വേണ്ടിയാണ്.സ്വതന്ത്രചിന്തയുടെ കുറവുകൊണ്ടാണ് മതങ്ങളും മതങ്ങൾ കൊണ്ടുള്ള ദോഷവും നിലനിൽക്കുന്ന കാഴ്ചപ്പാടാണ് ലേഖകനുള്ളത്.
കേരളത്തിലെ സമുദായബോധം ജാതിയുടെ അതിർത്തി കവിഞ്ഞു വളർന്നിട്ടില്ലെന്ന ചിന്തയാണ് ‘കേരളത്തിലെ സമുദായ പ്രവർത്തനങ്ങൾ’ എന്ന ലേഖനത്തിൽ പ്രതിപാദിക്കുന്നത്. എൻഎസ്എസ്, എസ്എൻഡിപി, കത്തോലിക്ക്കോൺഗ്രസ്, മുസ്ലിം ഐക്യസംഘം, നമ്പൂതിരിയോഗക്ഷേമസഭ, അരയസമാജം, പുലയമഹാസഭ മുതലായ സമുദായപ്രസ്ഥാനങ്ങൾ സമൂഹത്തിന്റെ പരിവർത്തന ചാലകശക്തികളായി പ്രവർത്തിച്ചു.മറ്റൊരു പൊതുജന പ്രവർത്തങ്ങൾക്കും ലഭ്യമാകാത്ത ശക്തിയും പ്രചാരവും ഇവയ്ക്കു ലഭിച്ചു.എന്നാൽ സ്വന്തം സമുദായത്തിന്റെ ശക്തിക്ക് വേണ്ടി അന്യസമുദായങ്ങളുടെ ന്യായമായ അവകാശങ്ങളെ അവഗണിക്കുന്ന ചില പ്രത്യേക സമുദായസ്നേഹികളെ അദ്ദേഹം നിശിതമായി വിമർശിക്കുന്നു. സ്വന്തം സമുദായത്തിന്റെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വേണ്ടി അന്യസമുദായങ്ങളുടെ മാത്രമല്ല, രാജ്യത്തിന്റെയാകെ പുരോഗതി പോലും തടസ്സമാകുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ അവർ സന്നദ്ധരാണ്. സമുദായത്തിലെ പ്രവർത്തനങ്ങൾ വൃദ്ധരുടെ കയ്യിൽ നിന്നും യുവാക്കളുടെ കൈകളിലേക്ക് വരുന്നത് മാറ്റത്തെ സ്വാഗതം ചെയ്യുന്നതായി കാണാം. കൊച്ചിയിലും തിരുവിതാംകൂറിലും ഈഴവരുടെ സമുദായ പ്രവർത്തനങ്ങളും, കേരളത്തിലെ നമ്പൂതിരിമാരുടെ സമുദായ പ്രവർത്തനങ്ങളും, യുവജന പ്രസ്ഥാനമായി കഴിഞ്ഞിട്ടുണ്ട്. ഇത് പ്രത്യേക സമുദായമാർഗത്തിൽ നിന്നും ഏക ജനതാദർശനത്തിലേക്ക് മഹാശക്തിയായി പരിണമിക്കും. ജാതിയും,മതവും നശിപ്പിക്കണമെന്ന അഭിപ്രായക്കാരായ യുവജനങ്ങൾക്ക് ആ പ്രവർത്തനങ്ങളെ നേർദിശയിൽ നയിച്ചു കൊണ്ടുപോകാൻ കഴിയും. സമുദായപ്രവർത്തനങ്ങൾ പ്രത്യേകം ജാതി പ്രശ്നങ്ങളായിരിക്കുന്ന നിലവിട്ട് പാശ്ചാത്യരാജ്യങ്ങളിലെ പോലെ
ജനങ്ങളുടെ ആരോഗ്യസംരക്ഷണം,ആരോഗ്യ പരിഷ്കരണം, ദാരിദ്ര്യനിവാരണം മുതലായ കാര്യങ്ങൾക്കായി ശ്രമിക്കുന്ന സാമൂഹികപരിഷ്കരണ പ്രസ്ഥാനമായി തീരുന്ന കാലം അകലെയല്ലെന്നുള്ള ശുഭാപ്തി വിശ്വാസം ലേഖകനിൽ പ്രതിഫലിക്കുന്നു.സാമുദായികപരിഷ്കരണപ്രസ്ഥാനങ്ങൾ എപ്രകാരമാണ് സാമൂഹിക ഉന്നമനത്തിന് കാരണമായതെന്ന കൃത്യമായ ബോധ്യവും, അവയെ ഏതെല്ലാം തരത്തിൽ സാമൂഹിക ക്ഷേമത്തിനായി വിനിയോഗിക്കാമെന്ന കാഴ്ചപ്പാടും പ്രസക്തമാണ്.
'സമുദായ പ്രാതിനിധ്യവാദം '
'സമുദായ പ്രാതിനിധ്യവാദം’ എന്ന ലേഖനത്തിൽ തിരുവിതാംകൂർ ഗവൺമെന്റിന്റെ സാമുദായിക പ്രാതിനിധ്യത്തിനെതിരെയുള്ള വിമർശനം എന്ന നിലയിൽ രചിച്ചതാണ്. സാമുദായികപ്രാതിനിധ്യം കാര്യക്ഷമതയ്ക്കു ഹാനി വരുത്തുമെന്നതാണ് സമുദായപ്രാതിനിധ്യവാദികൾ മുന്നോട്ടുവയ്ക്കുന്ന ആശയം. കാര്യക്ഷമത ചില ജാതിക്കാരുടെ കുത്തകയാണെന്നും, ജാതികൾക്കനുസരിച്ചുള്ള കാര്യക്ഷമതയുടെ ഏറ്റക്കുറച്ചിലിനെ എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് തരംതിരിക്കുന്നതെന്നും വിമർശിക്കുന്നു. സർവീസിലെയും നിയമസഭകളിലെയും കാര്യക്ഷമതയ്ക്ക് 'സമുദായ പ്രാതിനിധ്യവാദം' ആവശ്യവുമാണ്. ഭിന്നസമുദായങ്ങളുള്ള രാജ്യത്ത് എല്ലാ സമുദായങ്ങളിൽ നിന്നും ഉദ്യോഗസ്ഥന്മാരും നിയമസഭാ മെമ്പർമാരും ഉണ്ടാകുന്നത് ജനകീയഭരണത്തെ പരിപോഷിപ്പിക്കാൻ കാരണമാകും.ജനകീയഭരണം ആദ്യം തന്നെ നടപ്പിലാക്കിയ പാശ്ചാത്യരാജ്യങ്ങളിൽ സമുദായ ഭിന്നതകൾ ഉണ്ടെങ്കിലും ഇന്ത്യയിലുള്ള അകൽച്ചയില്ല. അവിടെ ജനങ്ങളെയാകെ ഒരു സമൂഹമായി പരിഗണിക്കുന്നു.ബ്രിട്ടീഷ് ഇന്ത്യയിൽ പ്രധാനമന്ത്രിയുടെ കമ്യൂണൽ അവാർഡ് ഭൂരിഭാഗസമുദായമാകുന്ന ഹിന്ദുക്കളെ ന്യൂനസമുദായമാക്കിതീർത്തുവെന്നും, അവരുടെ സമുദായങ്ങൾക്ക് പ്രാതിനിധ്യം കുറവാകുമെന്നും പറഞ്ഞുകൊണ്ട് പണ്ഡിതനായ മാളവ്യയും മറ്റും കമ്മ്യൂണൽഅവാർഡിനെ എതിർത്തു. സമുദായ വ്യത്യാസങ്ങളുടെ ശക്തികുറഞ്ഞാൽ സമുദായ പ്രാതിനിധ്യവാദത്തിന്റെ ആവശ്യകത ഇല്ലാതാകും.
ജാതിപരമായ ഗാന്ധിജിയുടെ നിലപാടുകളിൽ സഹോദരൻ അയ്യപ്പൻ കടുത്ത വിമർശനം രേഖപ്പെടുത്തിയിരുന്നു.ജാതി ഇന്ത്യയുടെ ശാപമാണ് അത് നശിക്കണം. ജാതിപരമായ അസമത്വങ്ങളെല്ലാം അവസാനിക്കണം എന്ന ചിന്താഗതിയിൽ ഒരു വിട്ടുവീഴ്ചക്കും സഹോദരൻ പത്രം തയ്യാറായിട്ടില്ല. ബോംബെയിലെ ഒരു സമ്മേളനത്തിൽ ജാതി ആവശ്യമാണെന്ന് ഗാന്ധിജി പ്രസംഗിക്കുകയുണ്ടായി. ആ പ്രസംഗത്തെ രൂക്ഷമായി ആക്ഷേപിച്ചുകൊണ്ട് സഹോദരൻ 'ഗാന്ധിജിയും ജാതിയും 'എന്നൊരു കുറിപ്പ് എഴുതി. ഹിന്ദുമതം ജാതിമതമാണ്, ഇന്ത്യയിൽ അത് നാമാവശേഷമാകുമ്പോൾ ഇന്ത്യ നന്നാകും. അന്ന് ഇന്ത്യ സ്വയം ഭരിക്കുകയും ചെയ്യും അതുവരെ ഇന്ത്യ കരയേണ്ടി തന്നെയിരിക്കും.ഭാവിഭാരതത്തെ കടന്നു കണ്ടുകൊണ്ട് അതിൻറെ ഒടുവിലദ്ദേഹം കുറിച്ചിട്ട വരികളാണിത്.ഏത് ജാതിക്കാരെയും ബ്രാഹ്മണൻ ആയാലും ശരി, പറയൻ ആയാലും ഉയർന്നവനായി എണ്ണണം. അവിൽ മോഷ്ടിച്ച നമ്പൂതിരിക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടെങ്കിൽ പ്രജാമെമ്പറായ പുലയന് പ്രവേശനം കൊടുക്കുകയും വേണം. തീണ്ടൽ മുതലായ ദുരാചാരങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമിക്കേണ്ടതാണ്. അധ:കൃത വർഗ്ഗക്കാർക്ക് പഠിപ്പും പണവും ശുചിത്വവും വന്നതിന്റെ ശേഷം മാത്രമേ അയിത്തം ഉപേക്ഷിക്കാവൂ എന്ന് വയ്ക്കുന്നത് മണ്ടത്തരവും ആത്മഹത്യപരവുമാണ്.അധ:കൃത വർഗ്ഗത്തിലുള്ള മനുഷ്യർക്ക് രാഷ്ട്രീയശക്തി കൈവരേണ്ടതാണെന്ന ചിന്താഗതി സഹോദരൻ അയ്യപ്പനിൽ പ്രകടമാണ്.
ഉപസംഹാരം
നിരന്തരമായ സംവാദങ്ങളിലൂടെയാണ് നവോത്ഥാനപ്രക്രിയ ഏതൊരു സമൂഹത്തിലും സ്വാർത്ഥകമാകുന്നത്.മതവും ജാതിയും ഏറെ സങ്കീർണമായിത്തീർന്നു. അവയുടെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങൾ പ്രകടമായി തന്നെ ഇന്നത്തെ സമൂഹത്തിലും നിലനിൽക്കുന്നതായി കാണാം. സാമൂഹികപരിഷ്കരണം ലക്ഷ്യമാക്കി രൂപപ്പെട്ട പ്രസ്ഥാനങ്ങൾ കേവലം ശരിയായ അർത്ഥത്തിലല്ല സമൂഹത്തിൽ സംവേദനം ചെയ്യുന്നത്. ഇത്തരത്തിലുള്ള സാമൂഹികാവസ്ഥയിൽ നിന്നുകൊണ്ട് സഹോദരൻപത്രത്തിലെ ലേഖനങ്ങളെ അപഗ്രഥിക്കുന്നതിലൂടെ കേരളനവോത്ഥാനപഠനത്തിന് പുതിയ ദിശാബോധം നൽകാൻ കഴിയുന്നു.നവോത്ഥാനകാലഘട്ടത്തിൽ ആശയങ്ങളെ ശക്തമായി ആവിഷ്കരിച്ചത് പത്രമാധ്യമങ്ങളായിരുന്നു. ജാതി,മതം,അന്ധവിശ്വാസം,യുക്തിവാദം എന്നിങ്ങനെ ഒരു കാലഘട്ടത്തിൽ കേരളത്തിന്റെ സവിശേഷ സാമൂഹിക പശ്ചാത്തലത്തിൽ നിലനിന്ന വിഷയങ്ങളെക്കുറിച്ച് വ്യത്യസ്തമായ നിലപാടുകൾ സഹോദരൻപത്രം അടയാളപ്പെടുത്തിയതെന്ന് കണ്ടെത്തുന്ന വഴി കേരള നവോത്ഥാനപഠനത്തിന് പുതിയ ദിശാബോധം നൽകാൻ പത്രത്തിന് കഴിഞ്ഞു എന്ന് മനസ്സിലാക്കാം . ഒരു വ്യക്തി അദ്ദേഹത്തിന്റെ ജീവിതം കൊണ്ട് വിവിധ മേഖലകളിൽ നടത്തിയ ഇടപെടലുകൾ നവോത്ഥാന പ്രവർത്തനമാണോ എന്ന് മനസ്സിലാക്കുവാൻ ആ പ്രവർത്തനങ്ങളുടെ ചരിത്രത്തിലുള്ള തുടർച്ചയും തലമുറകളിലേക്ക് അവ കൈമാറ്റം ചെയ്യപ്പെടുന്ന സ്വഭാവവും പരിശോധിക്കുക എന്നത് അടിസ്ഥാനപ്രമാണമാണ്.
പ്രവർത്തനങ്ങളുടെ ചരിത്രപരമായ നിലനിൽപ്പാണ് ഇതിലൂടെ പഠനവിധേയമാക്കുന്നത്. സഹോദരൻ പത്രത്തെ മുൻനിർത്തിയുള്ള ഈ പഠനം കേരളനവോത്ഥാനപ്രക്രിയയിൽ സഹോദരൻഅയ്യപ്പൻ നൽകിയ സംഭാവനകളെകുറിച്ചുമുള്ള വായനയാണ്.
ഗ്രന്ഥസൂചി
1. അജയ് ശേഖർ, സഹോദരൻ അയ്യപ്പൻ ടൂവേർഡ്‌സ് എ ഡെമോക്രാറ്റിക്ക് ഹ്യൂച്ചർ, അദർ ബുക്ക്സ്, കോഴിക്കോട്, 2012
2. കുഞ്ഞഹമ്മദ്, കെ.ഇ.എൻ, കേരളീയനവോത്ഥാനത്തിൻ്റെ ചരിത്രവും വർത്തമാനവും, ലിഡ്‌ബുക്‌സ്, കോഴിക്കോട്, 2012
3. കൊച്ച്, കെ.കെ, കേരളചരിത്രവും സമൂഹരൂപീകരണവും, കേരളഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012
4. ഗോവിന്ദപ്പിള്ള, പി. സാസ്‌കാരവും നവോത്ഥാനവും, വിവർത്തനം-പി. പി. സത്യൻ, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം, 2011
5. ഗോവിന്ദപ്പിള്ള, പി, വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരിക ചരിത്രം, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
6. രാധാകൃഷ്‌ണൻ, ആർ. (ഡോ.), കേരളത്തിലെ നവോത്ഥാനസമരങ്ങൾ മാളുബൻ പബ്ലിക്കേഷൻസ്, തിരുവനന്തപുരം, 2010,
7. ശ്രീധരമേനോൻ,എ., കേരളസംസ്‌കാരം, ഡി.സി ബുക്‌സ്, കോട്ടയം, 2012.
8.. സന്തോഷ്, ഒ. കെ., സഹോദരൻ അയ്യപ്പൻ ചിന്ത പബ്ലിക്കേഷൻസ്, 2015.
9. സംസ്‌കാരപഠനം, ചരിത്രം സിദ്ധാന്തം പ്രയോഗം, മലയാളപഠനസംഘം, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, മലപ്പുറം, 2011,
10. സാനു എം.കെ, സഹോദരൻ കെ. അയ്യപ്പൻ, സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം, 2008.
അഞ്‌ജലി എം. പി.
ഗവേഷക, മലയാളവിഭാഗം
സർക്കാർ വനിതാകോളേജ്
email - anjalimp31@gmail.com




Comments