ചിരിയുടെ തമ്പുരാനും സ്ത്രീ സങ്കല്പങ്ങളും, നമ്പ്യാരുടെ സ്ത്രീവിരുദ്ധ ഹാസ്യം: ഒരു വിമർശനാത്മക വായന
- 5 days ago
- 7 min read
Updated: 2 days ago
ലിസ്മിയ റോസ് കെ. ജോജോ

പ്രബന്ധസംഗ്രഹം
ഹാസ്യചക്രവർത്തിയായ കുഞ്ചൻനമ്പ്യാരുടെ തുള്ളലുകൾ രചിക്കപ്പെട്ട കാലം മുതൽ ഏവരെയും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. അതിൽ മാറ്റമൊന്നുമില്ലെന്നിരിക്കെത്തന്നെ കാലം മാറുമ്പോൾ കൃതികൾ പുനർവായനകൾക്ക് സാധ്യത തുറക്കുന്നതുപോലെ തുള്ളലുകളും പല ദിശയിൽ പുനർവായനയുടെ സാധ്യതകൾ തുറന്നിടുന്നുണ്ട്. ഇത്തരം പുനർവായനകൾ കൃതികളുടെ മൂല്യം കുറക്കുന്നു എന്ന ചിന്ത അബദ്ധമാണ്. പകരം, അത് പല ബൗദ്ധികതലത്തിൽ നിന്നുകൊണ്ട് കൃതികളെ വിമർശനാത്മകമായി സമീപിക്കാനും കൃതിയുടെ യഥാർത്ഥ മൂല്യം തിരിച്ചറിയാനും സാഹിത്യാനുഭാവിയെ സഹായിക്കുന്നു. ആ രീതിയിൽ ചിന്തിക്കുമ്പോൾ പുനർവായനക്ക് വിധേയമാക്കണ്ട പല അംശങ്ങൾ നമ്പ്യാർ കൃതികളിലും കണ്ടെത്താം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാമൂഹിക ബൗദ്ധിക പശ്ചാത്തലത്തിൽ നിന്ന് നോക്കുമ്പോൾ വിമർശനങ്ങൾക്ക് വിധേയമാകാവുന്ന, സ്ത്രീപക്ഷവിരുദ്ധമായ പല ആശയങ്ങളും നമ്പ്യാർ കവിതകൾ ഹാസ്യത്തിന്റെ കടലാസിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത് കാണാം. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നമ്പ്യാർ എന്ന പ്രതിഭ, അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് സമൂഹത്തിന്റെയും വ്യക്തികളുടെയും സൻമാർഗിക മൂല്യങ്ങളും, സാമൂഹിക ജീവിതത്തിന്റെ ഗുണനിലവാരവും ഉയർത്തുന്നതിന് തന്റെ കൃതികളിലൂടെ ശ്രമിച്ചിരുന്നു എന്നത് തർക്കമില്ലാത്ത യഥാർഥ്യമാണ്. ആ സത്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ വാർത്തമാനകാലത്തിന്റെ പരിസരത്ത് നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ തുള്ളലുകളിൽ കടന്നുവരുന്ന പുനർവായിക്കപ്പെടേണ്ടതായ സ്ത്രീചിന്തകളെന്തെന്നും എങ്ങനെയെന്നുമുള്ള അന്വേഷണമാണ് ഈ പ്രബന്ധം.
താക്കോൽ വാക്കുകൾ : കുഞ്ചൽ നമ്പ്യാർ, തുള്ളൽ, സ്ത്രീസ്വത്വം, പുനർവായന, സാഹിത്യം
ആമുഖം
സാഹിത്യലോകത്ത് എക്കാലത്തും വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളവയാണ് തുള്ളൽ കൃതികൾ. നമ്പ്യാരുടെ സ്വതസിദ്ധമായ ഹാസ്യ ശൈലി കൊണ്ട് തുള്ളലുകൾ ഇന്നും ജനപ്രിയ കലാരൂപമായി നിലനിൽക്കുന്നു. രാജപക്ഷത്ത് നിലയുറപ്പിച്ചിരുന്നപ്പോഴും നമ്പ്യാർ സമൂഹത്തിൽ നിലനിന്നിരുന്ന അഴിമതികളെയും അനീതികളെയും ജാതി വ്യവസ്ഥയെയും ഭയഭേദമില്ലാതെ വിമർശിക്കാൻ മറന്നിരുന്നില്ല. നമ്പ്യാരുടെ കണ്ണിൽ എല്ലാവരും തുല്യരായിരുന്നു എന്ന് പറയാം. പുരാണകഥകളെ കേരളീയ പശ്ചാത്തലത്തിലേക്ക് നമ്പ്യാർ പറിച്ചു നട്ടപ്പോൾ സംഭവസ്ഥല സാഹചര്യങ്ങളും കഥാപാത്രങ്ങളും മനോഭാവങ്ങളും നമ്പ്യാരുടെ ജീവിതകാലത്തെ സാമൂഹിക വ്യവസ്ഥിതിയിലേക്ക് രൂപാന്തരം ചെയ്തു. ഇതിൽ എടുത്തു പറയേണ്ടത് കേരളീയമായ സ്ത്രീപുരുഷ ചിത്രീകരണമാണ്. മലയാള സാഹിത്യത്തിൽ കേരളത്തിലെ സ്ത്രീപുരുഷ വിഭാഗങ്ങളുടെ ദൈനംദിന ജീവിതത്തിന് ഇത്രയേറെ ദൃശ്യപരത നൽകിയ മറ്റൊരു കവി ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പുരണത്തിലെ പാഞ്ചാലിയോ, ഭീമനോ, ആരുമായിക്കൊള്ളട്ടെ നമ്പ്യാർകൃതികളിൽ ഇവരെ അവതരിപ്പിക്കുമ്പോൾ കേരള ദേശത്ത് എവിടെയോ ജനിച്ചുവളർന്ന സ്ത്രീപുരുഷന്മാർ എന്ന പ്രതീതിയാണ് ഉണ്ടാവുക. ഇത്തരം അവതരണങ്ങളിൽ പലപ്പോഴും ആക്കാലത്തെ ലിംഗ വിവേചനത്തിന്റെ നേർമുഖങ്ങളും ദർശിക്കാം. നമ്പ്യാർ കൃതികളിലെ പുരുഷസമൂഹവിമർശനവും പുരുഷ കഥാപാത്ര ചിത്രീകരണവും വ്യക്തിക്ക് പ്രാധാന്യം കൊടുത്തിട്ടുള്ളതും വ്യക്തിയുടെ സ്വഭാവമനുസരിചുള്ളതുമാണെങ്കിൽ സ്ത്രീ ചിത്രീകരണം സങ്കീർണ്ണമാണ്. ഇവിടെയാണ് നമ്പ്യാരുടെ പരിഹാസങ്ങൾ പലപ്പോഴും ലിംഗപരമായ വിവേചനത്തിലേക്ക് വഴിമാറിയിരുന്നില്ലേ എന്ന് ചിന്തിക്കേണ്ടത്. ഒരുവശത്ത് സ്ത്രീകൾ നമ്പ്യാർഹാസ്യത്തിന്റെ ഉപാധികൾ ആകുമ്പോൾ മറുവശത്ത് അവർ ഹാസ്യത്തിന്റെ ചലനാത്മക പ്രതിരൂപങ്ങളാകുന്നു. തന്റെ ജീവിതകാലത്ത് നിലനിന്നിരുന്ന സാമൂഹിക മനോഭാവങ്ങൾ നമ്പ്യാരുടെ വ്യക്തിജീവിതത്തിലും ചെറുതായി പ്രതിഫലിച്ചിരുന്നതിനാലാകാം സ്ത്രീകളെ സ്വതന്ത്ര വ്യക്തിത്വങ്ങളായല്ല, മറിച്ച് പുരുഷാധിപത്യ സമൂഹത്തിലെ ഉപഭോഗവസ്തുക്കളായോ അല്ലെങ്കിൽ കുടുംബത്തിന്റെ അവിഭാജ്യ ഘടകമായോ ആണ് നമ്പ്യാർ കണ്ടത്. കഥാപാത്ര അവതരണത്തിൽ മാത്രമല്ല കഥ പറച്ചിലിന്റെ വിവിധ തലങ്ങളിലും സ്ത്രീകളെ കുറിച്ചുള്ള നമ്പ്യാരുടെ കാഴ്ചപ്പാടുകൾ ഒളിഞ്ഞും തെളിഞ്ഞും കടന്നു പോകുന്നുണ്ട്. പുരാണ കഥകളെ സമകാലീന സംഭവങ്ങളായി അവതരിപ്പിച്ചപ്പോൾ, അദ്ദേഹം തന്റെ കാലഘട്ടത്തിലെ സ്ത്രീവിരുദ്ധമായ പൊതുബോധത്തെയും തുള്ളൽ കൃതികളിലൂടെ അടിച്ചേൽപ്പിച്ചു. സ്ത്രീയെ ചപലയായും, വായാടിയായും, കുടുംബം കലക്കുന്നവളായും ചിത്രീകരിക്കുന്നതിൽ നമ്പ്യാർ കാട്ടിയ 'ആവേശം' ആധുനിക സ്ത്രീപക്ഷ വായനയിൽ കടുത്ത വിമർശനത്തിന് വിധേയമാകേണ്ടതുണ്ട്.
സ്ത്രീപുരുഷനിർമ്മിതിയിലെ വൈരുദ്ധ്യങ്ങൾ
നർമ്മത്തിലൂടെ സാമൂഹ്യ വിമർശനം നടത്തിയ നമ്പ്യാർ തന്റെ കൃതികളിൽ സ്ത്രീപുരുഷന്മാരെ ലിംഗഭേദമില്ലാതെ വിമർശിച്ചിരുന്നില്ലേ എന്ന ചോദ്യം ഉന്നയിച്ചാൽ തീർച്ചയായും ചെയ്തിരുന്നു എന്നാണ് ഉത്തരം. എന്നാൽ ലിംഗഭേദമില്ലാതെ നമ്പ്യാർ നടത്തിയ ഇത്തരം വിമർശനങ്ങൾ അറിഞ്ഞോ അറിയാതെയോ ലിംഗവിവേചനത്തിന് കാരണമായി എന്ന് പറയേണ്ടിവരും. സ്ത്രീയുടെ പദവിയെ തരംതാഴ്ത്തിക്കൊണ്ട് പുരുഷാധിപത്യത്തിന് അടിവരയിടാൻ നമ്പ്യാർ ശ്രമിച്ചിരുന്നതായി കാണാം. പുരുഷ വിഭാഗത്തെ പൗരുഷമില്ലായ്മ, ഭീരുത്വം, കാപട്യം, എന്നീ സ്വഭാവങ്ങളുടെ പേരിൽ വ്യക്തിപരമായി നമ്പ്യാർ തുള്ളലുകളിൽ ആദ്യവസാനം പരിഹസിക്കുന്നത് ദർശിക്കാം. ഇവിടെ താൻ ഉൾപ്പെടെയുള്ള പുരുഷസമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കാൻ നമ്പ്യാർ താല്പര്യപ്പെട്ടിരുന്നില്ല എന്ന് വ്യക്തം. സ്വഭാവം എന്നത് ഓരോ വ്യക്തിയെയും കേന്ദ്രീകരിച്ച് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണല്ലോ. വ്യക്തിസ്വഭാവത്തിന് പ്രാധാന്യം നൽകുകയും സ്വഭാവദൂഷ്യമുള്ളവരെ അതിന്റെ പേരിൽ വിമർശിക്കാൻ യാതൊരു വിമുഖതയും കാണിക്കാത്തതും ഒരു ജനകീയ കവി എന്ന നിലയിൽ വളരെ അഭിനന്ദനാർഹമാണ്. എന്നാൽ അതേ ചിന്ത സ്ത്രീ വിഭാഗത്തിലേക്ക് എത്തുമ്പോൾ നമ്പ്യാർ ചിലപ്പോഴൊക്കെ മനഃപൂർവം മറക്കുന്നു. അന്നത്തെ പുരുഷ കേന്ദ്രീകൃത വ്യവസ്ഥിതിയുടെ ഒരു മൗനാനുകൂലിയാണോ ഈ ജനകീയ കവി എന്ന് തോന്നിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വഴിമാറും. സ്ത്രീയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ചകളെ വ്യക്തിസ്വഭാവത്തിലേക്ക് ഒതുക്കാതെ സ്ത്രീത്വത്തിന്റെ പൊതുവായ സ്വഭാവമായി സാമാന്യവൽക്കരിക്കാനുള്ള ശ്രമം നമ്പ്യാർ നടത്തുന്നു. പുരുഷൻ മണ്ടനോ ഭീരുവോ ആകുന്നത് അവന്റെ മാത്രം വ്യക്തിത്വത്തിന്റെ പ്രത്യേകതയോ സാഹചര്യങ്ങൾക്കൊണ്ടോ ആകുമ്പോൾ സ്ത്രീമോശക്കാരി ആകുന്നത് അവൾ സ്ത്രീയായതുകൊണ്ടാണ് എന്നതാണ് നമ്പ്യാരുടെ പക്ഷം. പുരുഷന്മാരിൽ സ്വഭാവ ശൂന്യരായ ഒരു വിഭാഗം മാത്രം വിമർശിക്കപ്പെടുമ്പോൾ സ്ത്രീകൾ ഒന്നടങ്കം സ്ത്രീത്വത്തിന്റെ പേരിൽ ആക്ഷേപിക്കപ്പെടുന്നു. നമ്പ്യാരുടെ കണ്ണിൽ പുരുഷന്റെ വീഴ്ചകൾ വ്യക്തിപരവും സ്ത്രീയുടെ വീഴ്ചകൾ സാർവത്രികവുമാണ്. പെൺബുദ്ധി പിൻബുദ്ധിയെന്നു ഇടതടവില്ലാതെ പറഞ്ഞ നമ്പ്യാർ ഒരിടത്തും പുരുഷനെ ഇത്തരത്തിൽ സാമാന്യവൽക്കരിക്കാൻ ധൈര്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നമ്പ്യാരുടെ തുള്ളൽക്കൃതികൾ ഫ്യൂഡൽ കേരളത്തിന്റെ ലിംഗ-രാഷ്ട്രീയമാണ് വെളിപ്പെടുത്തുന്നത്. സ്ത്രീയെയും പുരുഷനെയും അദ്ദേഹം എങ്ങനെ വരച്ചിടുന്നു എന്ന് താരതമ്യം ചെയ്യുമ്പോൾ, അന്നത്തെ പുരുഷാധിപത്യ വ്യവസ്ഥയുടെ ഇരട്ടനീതി വ്യക്തമാകും. ഒരേ തെറ്റ് ചെയ്യുമ്പോൾ സ്ത്രീക്ക് ഒരു നീതി, പുരുഷന് വേറൊരു നീതി എന്നതാണ് നമ്പ്യാർ ഹാസ്യത്തിലൂടെ സാധൂകരിക്കുന്നത്.
തുള്ളലുകളിൽ തെളിയുന്ന സ്ത്രീശരീരരാഷ്ട്രീയം
നമ്പ്യാർ തന്റെ തുള്ളലുകളിൽ സ്ത്രീ-പുരുഷ ശരീരങ്ങളെ അവതരിപ്പിച്ചിരിക്കുന്ന രീതി അന്നത്തെ ഫ്യൂഡൽ സമൂഹത്തിലെ ലിംഗാധികാര ബന്ധങ്ങളെ സൂക്ഷ്മമായി വെളിപ്പെടുത്തുന്നുണ്ട്. പുരുഷ ശരീരം കർതൃത്വത്തിന്റെയും ശക്തിയുടെയും ഇടമായി അവതരിപ്പിക്കുമ്പോൾ സ്ത്രീ ശരീരത്തെ പുരുഷന്റെ കണ്ണിന് സംതൃപ്തി നൽകാനുള്ള ഉപകരണമായി നമ്പ്യാർ ചിത്രീകരിക്കുന്നു. നമ്പ്യാരുടെ കാലഘട്ടത്തിലും അതിനുമുമ്പും പിമ്പുമൊക്കെ സ്ത്രീ ശരീരത്തെ കാഴ്ചവസ്തുവായോ, കാമോദ്ദീപക ഉപകരണമായോ ചിത്രീകരിച്ചിരുന്നത് സ്വാഭാവികമായ ഒരു സാഹിത്യ പ്രവണതയായിരുന്നു എന്നത് സന്ദേഹമില്ലാത്ത കാര്യമാണ്. അപ്പോൾ നമ്പ്യാരെ മാത്രം വിമർശിക്കുന്നത് എന്തിന് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, തന്റെ കാലഘട്ടത്തിൽ നിലനിന്നിരുന്ന ഫ്യൂഡൽ വ്യവസ്ഥിതികളെ യാതൊരു ഒളിവും മറയും ഇല്ലാതെ വിമർശിക്കാൻ ധൈര്യം കാട്ടിയ ഒരു മഹത് വ്യക്തിത്വത്തിൽ നിന്ന് ഇത്തരം ഒരു സാഹസം കടന്നുവന്നത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്നത് തന്നെ. മഹാന്മാരുടെ ജീവിതത്തിലെ തെറ്റുകൾ ചെറുതാണെങ്കിലും അതെക്കാലത്തും ചൂണ്ടിക്കാണിക്കപ്പെടുമല്ലോ. കാലത്തിന് ഒരുപിടി മുന്നേ സഞ്ചരിച്ച ആ കലാകാരന് എന്തുകൊണ്ട് സ്ത്രീശരീര അവതരണത്തിൽ അന്നത്തെ പുരുഷാധിപത്യ സമൂഹത്തിന്റെ പ്രവണതകളെ മറികടക്കാൻ സാധിച്ചില്ല എന്നത് വിസ്മയം ഉളവാക്കുന്നതാണ്. സ്ത്രീ ശരീരത്തെയും സൗന്ദര്യത്തെയും വർണ്ണിക്കാൻ നമ്പ്യാർ അതീവ താല്പര്യം കാണിച്ചിരുന്നു. അത്തരം വർണ്ണനകളിൽ പുരുഷ കേന്ദ്രീകൃതമായ നോട്ടം ഒളിഞ്ഞു കിടക്കുന്നതായി കാണാം. സ്ത്രീയെ ഒരു വ്യക്തി എന്നതിനേക്കാൾ ഉപഭോഗ വസ്തുവായോ കാമുകിയായോ കാണാനാണ് നമ്പ്യാർ ശ്രമിച്ചത്. സൗന്ദര്യ വർണ്ണന എന്ന പേരിൽ ജനകീയനായ ആ കവി സ്ത്രീ ശരീരത്തെ ശ്ലീലാശ്ലീലങ്ങൾ നോക്കാതെ വിവരിക്കുന്നത് കാണാം. സ്ത്രീസ്വത്വം അവളുടെ രൂപത്തിലോ, ശരീരത്തിലോ ആണെന്ന ധാരണ നമ്പ്യാർ തുള്ളലിൽ ഊട്ടിയുറപ്പിക്കുന്നു.
"നല്ലൊരു വദനവും ചില്ലീലതകൾ രണ്ടും,
ഫുല്ലാരവിന്ദത്തേയും വെല്ലും നയനങ്ങളും,
ചൊല്ലേറുമധരവും പല്ലും മന്ദസ്മിതവും
മെല്ലേയഴിഞ്ഞുലഞ്ഞനല്ല തലമുടിയും
പങ്കജമുകുളത്തോടങ്കം പൊരുതീടുന്ന കൊങ്കയുഗളമതും
കങ്കേളിദളങ്ങളോടൊത്ത കൈവിരലുകൾ"_ (സ്യമന്തകം)
"സരസമതാകിന ലോചനയുഗളം
പരിചൊടു കാണ്മാനെന്തവകാശം?
ഗിരിവരതനയേ! ലോചനമല്ലതു‘
കരിമീനിണ കളിയാടുകയത്രേ!
കരികുംഭാകൃതി കുളുമുലയുഗളം
പരിചൊടു കാണ്മാനെന്തവകാശം?
കുളുർമുലയല്ലതു കോകദ്വന്ദ്വം
നളിനസമീപേ വിളയാടുന്നു"_ (നളചരിതം)
“തൊണ്ടിപ്പഴങ്ങൾ മങ്ങിമണ്ടിയൊളിക്കുമല്ലോ
ചുണ്ടിന്റെ ഭംഗിയെ കണ്ടുവെന്നാകിലിപ്പൊൾ
രണ്ടു കണ്മുനകളെകൊണ്ടു കടാക്ഷമതു
കണ്ടുപുരുഷന്മാർ വീരണ്ടു വലംകെടുന്നു."_ (രുക്മിണീസ്വയംവരം)
സ്യമന്തകത്തിൽ സത്യഭാമയെ വർണ്ണിക്കുമ്പോഴും, നളചരിതത്തിൽ പാർവതിയെ വർണിക്കുമ്പോഴും, രുക്മിണീസ്വയംവരത്തിലെ രുക്മിണിയെ വർണ്ണിക്കുമ്പോഴും സ്ത്രീകൾ പുരുഷന് കാണപ്പെടാനുള്ളതാണ് എന്ന് നമ്പ്യാർ പറയാതെ പറയുന്നു. പുരുഷ കാമനയാണ് ഇവിടെയെല്ലാം സ്ത്രീ ശരീരത്തിന്റെ അളവുകോൽ ആകുന്നത്. അവൾ പുരുഷന്റെ കണ്ണിന് വിരുന്നാണ് അവളുടെ ശരീരം അവളുടെതല്ല, മറിച്ച് പുരുഷ സമൂഹത്തിന്റെ നോട്ടത്തിന് വിധേയമായ പൊതുസ്വത്തായി മാറുന്നു.
എന്നാൽ പുരുഷനെ വർണ്ണിക്കുമ്പോൾ നമ്പ്യാർക്ക് ഭിന്നമായ മറ്റൊരു മുഖമാണ്. സ്യമന്തകത്തിലെ കൃഷ്ണനെ വർണ്ണിക്കുമ്പോഴോ, നളചരിതത്തിലെ നളനെ വർണ്ണിക്കുമ്പോഴോ, കല്യാണസൗഗന്ധികത്തിലെ ഭീമനെ വർണ്ണിക്കുമ്പോഴോ പുരുഷ ശരീരം സൗന്ദര്യത്തിന്റെയോ കാമത്തിന്റെയോ മാത്രം അളവുകോലായി മാറുന്നില്ല. പകരം അത് അധികാരത്തിന്റെയും, ശക്തിയുടെയും, ദൈവികതയുടെയും, ജ്ഞാനത്തിന്റെയും ഇരിപ്പിടമായി മാറുന്നു. ചുരുക്കത്തിൽ നമ്പ്യാർ കൃതികളിൽ പുരുഷവർണ്ണന പുരുഷന്റെ വീര്യത്തെ വാഴ്ത്തുമ്പോൾ സ്ത്രീയാകട്ടെ ഒരു പ്രദർശന വസ്തുവായി മാത്രം ചുരുങ്ങുന്നു.
സദാചാരത്തിലെ ലിംഗനീതി
സമൂഹത്തിലെ സദാചാരപരമായ വിഷയങ്ങൾ അവതരിപ്പിക്കുമ്പോഴും നമ്പ്യാർ എന്ന കവി ഇരട്ട നീതിപുലർത്തുന്നതായി കാണാം. നമ്പ്യാർകൃതികളിൽ പലപ്പോഴും സ്ത്രീക്കും പുരുഷനും സംഭവിക്കുന്ന ഒരേ തരത്തിലുള്ള തെറ്റുകൾക്ക് രണ്ട് തരത്തിലുള്ള വ്യാഖ്യാനങ്ങൾ നൽകാനുള്ള കഠിനമായ പരിശ്രമം കവിയുടെ ഭാഗത്തുനിന്നു ഉണ്ടാകാറുണ്ട്. സ്ത്രീയുടെ സദാചാരലംഘനം കുലനാശത്തിന്റെ തന്നെ കാരണമായും മഹാപാപമായും ചിത്രീകരിക്കപ്പെടുമ്പോൾ പുരുഷന്റെ സദാചാരലംഘനമാട്ടെ വിധിയുടെ വിളയാട്ടമോ കലികാലത്തിന്റെ സ്വാധീനമോ മൂലം സംഭവിക്കുന്നതാണ് എന്നു വരുത്തി തീർക്കാൻ നമ്പ്യാർ ശ്രമിക്കുന്നു.
'ധ്രുവചരിതത്തിൽ' പരപുരുഷഗമനം നടത്തുന്ന സ്ത്രീയെ ദുഷ്ടയായി ചിത്രീകരിക്കുന്നു. ഭർത്താവിരിക്കെ തന്നെ മറ്റൊരു പുരുഷനുമായി പ്രണയത്തിലേക്കുന്ന സ്ത്രീയ്ക്ക് കാമുകൻ മരിക്കുന്ന സമയത്ത് അവളുടെ മൂക്കും നഷ്ടപ്പെടുന്നു. തന്റെ പരപുരുഷബന്ധം മറ്റൊരാൾ അറിയാതിരിക്കാൻ അവൾ കുറ്റം ഭർത്താവിന്റെ തലയിൽ ഇടുന്നു. അവസാനം സത്യങ്ങൾ തെളിയുമ്പോൾ അവൾ ശിക്ഷിക്കപ്പെടുന്നു. അത്തരം ഒരു സ്ത്രീയെ ദുഷ്ട എന്ന് വിളിച്ചതിൽ അതിശയമില്ല. പക്ഷേ നമ്പ്യാർ ഒരു സ്ത്രീ ചെയ്ത വ്യക്തിപരമായ തെറ്റ് മുഴുവൻ സ്ത്രീത്വത്തിലേക്കും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് നോക്കുക.
"അംഗമാർക്കിദുഷ്ടതയെത്രയു-
മെങ്ങുമൊരേടത്തും വിശ്വസിപ്പാൻ മേല" _ (ധ്രുവചരിതം)
ഒരാൾ ചെയ്ത കുറ്റത്തിന് മുഴുവൻ സ്ത്രീകളെയും സദാചാരം ലംഘിക്കുന്നവരായും, വിശ്വസിക്കാൻ കൊള്ളാത്തവരായും ചിത്രീകരിക്കുന്നതിന് നമ്പ്യാരിലെ പുരുഷസത്ത ശ്രമിക്കുന്നു. ഭർത്താവിരിക്കെ തന്നെ മറ്റൊരു പുരുഷനമുയി ബന്ധപ്പെടുന്ന സ്ത്രീയെ സദാചാരക്കണ്ണിൽ നിന്നു ആക്രമിക്കുമ്പോൾ ഒന്നിൽ കൂടുതൽ ഭാര്യമാരും, അതിനപ്പുറം ആയിരക്കണക്കിന് കാമുകിമാരുമുള്ള അർജുനനെ പൗരുഷത്തിന്റെ പ്രതീകമായാണ് 'കാർത്തവീര്യാർജ്ജുനവിജയ'ത്തിൽ അവതരിപ്പിക്കുന്നത്. സ്ത്രീയുടെ മുമ്പിൽ തുറന്ന നമ്പ്യാരുടെ സദാചാരത്തിന്റെനെ കണ്ണ് പുരുഷനുമുമ്പിൽ എത്തിയപ്പോൾ അടഞ്ഞതെന്തുകൊണ്ട് എന്ന ചോദ്യം ഈ സാഹചര്യത്തിൽ ഉയർന്നു നിൽക്കും.
"ധാർമ്മികനാകിയ നരവരനപ്പോൾ
നർമ്മദനദിയുടെ സലിലം തന്നിൽ
പെണ്മണിമാരോടൊരുമിച്ചമ്പൊടു
വെണ്മ കലർന്നു കളിച്ചീടുന്നു;
നാരിമാരുമവരർജ്ജുനനൃപതി-
ക്കായിരമുണ്ടു മഹാസുന്ദരിമാർ
ആയിരമുണ്ടു കരങ്ങളുമതിസുഖ-
മായി രമിപ്പാനതുമനുകൂലം" _ (കാർത്തവീര്യാർജ്ജുനവിജയം)
ഒരേസമയം പലസ്ത്രീകളുമായി രതികേളികളിൽ ഏർപ്പെടുന്ന അർജുനൻ ധാർമികനും, ഭർത്താവിരിക്കെ പ്രണയം സൂക്ഷിച്ച സ്ത്രീ മാത്രമല്ല അവളുൾപ്പെടെയുള്ള സ്ത്രീസമൂഹം മുഴുവൻ 'വിശ്വസിക്കാൻ കൊള്ളാത്തവരും'. നമ്പ്യാർ കൃതികളിൽ സദാചാരം സ്ത്രീകൾ മാത്രം പാലിക്കേണ്ട ഒന്നാണെന്നു വരുന്നു. പുരുഷ സദാചാരത്തെക്കുറിച്ച് നമ്പ്യാർ തീർത്തു പറഞ്ഞിട്ടില്ല എന്നു പറയാൻ സാധിക്കില്ല. കർമം ചെയ്യാതെ വേശ്യാഗ്രഹത്തിൽ താമസമുറപ്പിക്കുന്ന പുരുഷന്മാരെ എന്നും നമ്പ്യാർ വിമർശിച്ചിട്ടുണ്ട്. പക്ഷെ പ്രശ്നം ആ വിമർശനം ആ വ്യക്തികളെ ഉദ്ദേശിച്ച് മാത്രമാണ് എന്നതാണ്. സ്ത്രീകളുടെ കാര്യം വരുമ്പോൾ 'കാടടച്ചു വെടിവെക്കാൻ' ശ്രമിക്കുന്ന നമ്പ്യാർ പുരുഷനിലേക്ക് വരുമ്പോൾ കുറച്ചുകൂടി നീതിമാനാകുന്നു.
കല്യാണസൗഗന്ധികത്തിൽ അഞ്ച് ഭർത്താക്കന്മാരുള്ള പാഞ്ചാലിയെ കുറിച്ച് നമ്പ്യാർ പറയുന്നതിങ്ങനെ
"അഞ്ചെങ്കിലഞ്ചും കണക്കെന്നവൾക്കൊരു
ചാഞ്ചല്യവുമില്ല തെല്ലുപോലും നിങ്ങ -
ളഞ്ചുജനത്തെയും കണ്മുനത്തല്ലിനാൽ
വഞ്ചിപ്പതിന്നവൾ പോരും വൃകോദര !
നാലഞ്ചു ഭർത്താവൊരുത്തിക്കു താനതു
നാലുജാതിക്കും വിധിച്ചതല്ലോർക്കണം"_ ( കല്യാണസൗഗന്ധികം)
സപത്നീ സമ്പ്രദായം കൊടികുത്തി വാഴുന്ന കാലഘട്ടത്തിലാണ് അഞ്ചു ഭർത്താക്കന്മാർ ഉള്ളതിന്റെ പേരിൽ ഒരു സ്ത്രീ വിമർശിക്കപ്പെടുന്നത്. അഞ്ചു പേരെയും വിവാഹം കഴിക്കാൻ തയ്യാറായ പാഞ്ചാലിയ്ക്ക് യാതൊരുവിധ നാണവുമില്ല എന്ന് പറയാൻ നമ്പ്യാർ മടിക്കുന്നില്ല. മാത്രമല്ല അവൾ അഞ്ചുപേരെയും വഞ്ചിക്കും എന്നും പറയുന്നു. എന്നാൽ മറുവശത്ത് ധ്രുവചരിതത്തിൽ രണ്ട് ഭാര്യമാരുണ്ടായിരിക്കുകയും, രണ്ടാം ഭാര്യയായ സുരുചി കാണിക്കുന്ന അതിക്രമങ്ങൾക്ക് മൗനാനുവാദം നൽകുകയും ചെയ്യുന്ന ഉത്താനപാദ രാജാവിനെ ആദ്യഭാര്യയായ സുനീതിയുടെ വാക്കുകളിൽ കൂടി തന്നെ നമ്പ്യാർ കുറ്റവിമുക്തനാക്കുന്നു.
"ചെറ്റുംകുമാരക! നിന്നുടെതാതന്റെ
കുറ്റമല്ലേതുമിതെന്നുബോധിക്കനീ"_ (ധ്രുവചരിതം)
എല്ലാം കണ്ടില്ല കേട്ടില്ല എന്നു നടിക്കുന്ന ഭർത്താവിനെ കൂടുതൽ സംരക്ഷിച്ചുകൊണ്ട് സുനിതയെ കൊണ്ട് സപത്നിയായ സുരുചിയെ നമ്പ്യാർ കൂടുതൽ വിമർശിക്കുന്നു. അഞ്ചു ഭർത്താക്കന്മാർ ഉള്ളത് ഗാന്ധാരിയുടെ വലിയ സദാചാരലംഘനം ആകുമ്പോൾ ധാരാളം ഭാര്യമാരും കാമുകിമാരും ഉള്ള അർജുനനും രാവണനും പൗരുഷത്വത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകങ്ങൾ ആകുന്നു. ‘നളചരിത’ത്തിൽ നളൻ ചൂതുകളിച്ച് രാജ്യം നഷ്ടപ്പെടുത്തുന്നതും ഗർഭിണിയായ ഭാര്യയെ ഇരുട്ടിൽ കാട്ടിൽ ഒറ്റയ്ക്ക് ഉപേക്ഷിച്ചു പോകുന്നതും ഒരു തെറ്റായി പോലും നമ്പ്യാർ കാണുന്നില്ല. എല്ലാം കലിയുടെ തലയിലിട്ട് നമ്പ്യാർ നളനെ കുറ്റവിമുക്തനാകുന്നു. അർദ്ധരാത്രിയിൽ ഭാര്യയെ കാട്ടിൽ ഉപേക്ഷിച്ചത് ആകട്ടെ വിധിയുടെ വികൃതിയും. അപ്പോഴും നളനെ മഹിപതിയെന്നും മന്നവനെന്നും വിശേഷിപ്പിക്കാൻ നമ്പ്യാർ മറക്കുന്നില്ല.
നമ്പ്യാരുടെ തുള്ളലുകളിലെ സദാചാര സങ്കല്പം സാർവലൗകികമോ നിഷ്പക്ഷമോ അല്ലെന്ന് വ്യക്തമാണ്. അത് ആഴത്തിൽ ലിംഗപരവും രാഷ്ട്രീയപരവും ആണ്, സ്ത്രീക്കും പുരുഷനും ഇരട്ട നീതി നൽകുന്ന ഒന്ന്. ഈ ഇരട്ട നീതി പതിനെട്ടാം നൂറ്റാണ്ടിലെ ഫ്യൂഡൽ പുരുഷാധിപത്യത്തിന്റെ സദാചാര രാഷ്ട്രീയത്തിന്റെ അടിസ്ഥാനം തന്നെയാണ്. നമ്പ്യാരാകട്ടെ ഹാസ്യത്തിന്റെ മേമ്പൊടി ഉപയോഗിച്ച് ഈ അസമത്വത്തെ സാധൂകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.
വികാരാവിഷ്ക്കരണത്തിലെ ലിംഗവൈരുദ്ധ്യങ്ങൾ
നമ്പ്യാർ സ്ത്രീകളെ പലപ്പോഴും സാമൂഹികമായി പുരുഷനേക്കാൾ താഴ്ത്തി നിർത്താൻ ശ്രമിക്കുന്നത് കാണാം. സ്ത്രീ വാക്ക് കേൾക്കുന്നത് ഒരു പുരുഷന്റെ പൗരുഷത്തിന് ഒരിക്കലും യോജിച്ചതല്ല എന്ന പക്ഷമാണ് നമ്പ്യാർക്കുള്ളത്. സ്ത്രീകളുടെ വാക്കുകൾ ഒരിക്കലും യുക്തിസഹം ആയിരിക്കില്ല എന്ന ധാരണ നമ്പ്യാർ വെച്ചുപുലർത്തിയിരുന്നു എന്ന് വേണം കരുതാൻ. പാഞ്ചാലിയുടെ ആഗ്രഹം കേട്ട് കല്യാണസൗഗന്ധിക പുഷ്പം തേടി പോകാൻ തയ്യാറായ ഭീമനെ കുറിച്ച് നമ്പ്യാർ പറയുന്നത് ഇങ്ങനെയാണ്.
"പെണ്ണിന്റെചൊൽ കേട്ടു ചാടിപ്പുറപ്പെട്ടു
പൊണ്ണൻ മഹാഭോഷനയ്യോ! മഹാജളൻ!"_ ( കല്യാണസൗഗന്ധികം)
ഭാര്യയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ ശ്രമിക്കുന്ന ഭർത്താവിനെ യാതൊരു മടിയുമില്ലാതെയാണ് നമ്പ്യാർ 'മഹാജളൻ' എന്നു വിളിക്കുന്നത്. ഭർത്താവിനെ അനുസരിക്കുകയും ഭർതൃവാക്ക് കേൾക്കുകയും ചെയ്യുന്ന ഭാര്യ ഉത്തമയും, വിവേകമതിയുമാകുമ്പോൾ ഭാര്യയുടെ വാക്ക് കേൾക്കുന്ന ഭർത്താവ് വിമർശനത്തിന് ഇരയാകുന്നു. ഇതേ കൃതിയിൽ തന്നെ,
"അച്ചിക്കു ദാസ്യവൃത്തി ചെയ്യുന്നവൻ
കൊച്ചിക്കു പോയങ്ങു തൊപ്പിയിട്ടീടണം" _ (കല്യാണസൗഗന്ധികം)
എന്നും നമ്പ്യാർ പറയുന്നു. ഭാര്യ പറയുന്നത് കേൾക്കുന്ന ഭർത്താവിനെ നമ്പ്യാർ വിശേഷിപ്പിക്കുന്നത് അച്ചിക്ക് ദാസ്യവൃത്തി ചെയ്യുന്നവൻ എന്നാണ്. അവൻ ഒരിക്കലും ഒരു ഉത്തമനായ പുരുഷനല്ല. സ്ത്രീ ഒരിക്കലും വിവേകം ഉള്ളവളല്ല എന്നും, അവളുടെ വാക്കുകൾ കേൾക്കുന്നത് അബദ്ധങ്ങളിൽ ചെന്ന് ചാടിക്കും എന്നുമുള്ള മറ്റൊരർത്ഥവും ഈ വരികൾ നൽകുന്നുണ്ട്. സ്ത്രീകളും അവരുടെ വാക്കുകളും പലപ്പോഴും കലഹങ്ങൾക്ക് വഴിവെക്കുന്നു.
"കനകം മൂലം കാമിനി മൂലം,
കലഹം പലവിധമുലകിൽ സുലഭം" _ (കിരാതം)
സ്ത്രീയും, സ്വർണ്ണവും കലഹത്തിന് കാരണമാകുന്നു എന്നു പറയാൻ തിടുക്കം കാണിച്ച നമ്പ്യാർ കലഹപ്രിയരും, യുദ്ധപ്രിയരുമായ ആക്കാലത്തെ പുരുഷന്മാരെ ഒഴിവാക്കി വിടുകയും ചെയ്തു. ഇവിടെയും സ്ത്രീത്വത്തെ സാമാന്യവൽക്കരിക്കാനുള്ള നമ്പ്യാരുടെ ശ്രമവും എടുത്ത് പറയേണ്ടതാണ്. ഇത്തരത്തിലുള്ള വാക്കുകൾ അറിയാതെയാണെങ്കിലും സ്ത്രീ വാക്കുകൾക്കും, സ്ത്രീ കോപങ്ങൾക്കും വില നല്കാത്ത പൊതുബോധം രൂപീകരിക്കുന്നതിന് കാരണമാകും. സ്ത്രീപുരുഷ വികാരവിഷ്ക്കരണത്തിലും നമ്പ്യാർ വൈരുധ്യം പുലർത്തുന്നുണ്ട്. സ്ത്രീയുടെ കോപം കുലം മുടിക്കുന്നതിനുള്ള കാരണം വരെയാകുമ്പോൾ പുരുഷന്റെ കോപവും അവന്റെ ധൈര്യവും തമ്മിൽ ബന്ധപ്പെടുത്തിയിരിക്കുന്നു. അതുപോലെ സ്ത്രീകളുടെ ആഗ്രഹങ്ങളും പലപ്പോഴും സാധാരണ മാനുഷിക വികാരം എന്നതിനപ്പുറം ദുരാഗ്രഹം എന്ന രീതിയിലേക്കും, അതിമോഹം എന്ന രീതിയിലേക്കും നമ്പ്യാർ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.
" പെണ്ണുങ്ങളിലൊരു പെണ്ണിനുമാഗ്രഹ-
മെന്നുള്ളതിനൊരു കുറവില്ലേതും"_ ( രുക്മിണീസ്വയംവരം)
പക്ഷെ പുരുഷന്റെ ആഗ്രഹങ്ങൾ അവന്റെ ലക്ഷ്യങ്ങളും സ്വപനങ്ങളുമാണ്. നമ്പ്യാരുടെ കൃതികളിലെ സ്ത്രീപുരുഷ വികാരവിഷ്കരണത്തിലെ ഈ ലിംഗപരമായ വൈരുധ്യം വായനയുടെ ഒന്നാം ഘട്ടത്തിൽ തന്നെ മനസ്സിലാക്കാം. സ്ത്രീകോപത്തെയും മോഹങ്ങളെയും തീർത്തും ലളിതവൽക്കരിക്കുകയും, കോപം അവളുടെ ജന്മസ്വഭാവം ആണെന്ന് നമ്പ്യാർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ പുരുഷകോപം കാരണമില്ലാതെ ഉണ്ടാകുന്ന ഒന്നല്ല, അതിനു പുറകിൽ ന്യായമായ കാരണങ്ങൾ തീർച്ചയായും ഉണ്ടാകും എന്ന ആശയവും മുന്നിൽ വെക്കപ്പെടുന്നു. വാർത്തമാനകാലത്തും വീടകങ്ങളിലും, പൊതുവിടങ്ങളിലും സ്ത്രീ കലഹങ്ങളും, കോപവും തമാശകളായി പറഞ്ഞു ചിരിക്കുന്നതിനുള്ള വകയായി അവതരിപ്പിക്കപ്പെടുന്നതും, വീടകങ്ങളിലെ ഭർത്താവിന്റെയോ, അച്ഛന്റെയോ കോപമാകട്ടെ, പൊതുവിടങ്ങളിലെ പുരുഷന്റെ കോപമാകട്ടെ അത് ന്യായമുള്ളതും, ഗൗരവമായതുമായി സമൂഹം കണക്കാക്കുന്നത് ദർശിക്കാം. ഇത്തരം ചിന്തകൾക്ക് ആക്കം കൂട്ടിയതിന് പിന്നിൽ നമ്പ്യാരെ പോലെ മഹാനായ ഒരു കവിയും കാരണമായി എന്നത് ദുഃഖകരമാണ്. വർത്തമാനകാല പരിസരത്ത് നിന്നുകൊണ്ട് വിവിധ കാലഘട്ടത്തിലെ കൃതികളെ പുനർവായിക്കേണ്ട ആവശ്യത തെളിയുന്നതും കാലങ്ങൾക്കൊണ്ട് മാറാത്ത ഇത്തരം കാഴ്ചപ്പാടുകൾ മൂലമാണ്.
ഉപസംഹാരം
നമ്പ്യാർ മലയാളത്തിന്റെ ഹാസ്യ ചക്രവർത്തിയാണ് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. തുള്ളലിലൂടെ നമ്പ്യാർ സൃഷ്ടിച്ചത് കേവലം ഒരു കലാരൂപം മാത്രമല്ല, ഒരു സാമൂഹിക വിപ്ലവം കൂടിയായിരുന്നു. സമൂഹത്തിൽ മാത്രമല്ല സംസ്കൃതത്തിന്റെ കാർക്കശ്യത്തിൽ ബന്ധിക്കപ്പെട്ടിരുന്ന മലയാളഭാഷയിലും തുള്ളലുകൾ വിപ്ലവം നടത്തി. അത്തരം ഒരു കവി 'കേരളത്തിന്റെ ജനകീയ കവി' എന്ന പദവിയിലേക്ക് വളർന്നതിൽ അത്ഭുതപ്പെടാനില്ല. അധികാരത്തിന്റെ അഹന്തയ്ക്കെതിരെ, അനീതിയുടെ നേരെ നമ്പ്യാർ തന്റെ തുള്ളലുകൾ ആയുധമാക്കി. ഇന്നും മലയാളിയുടെ സാംസ്കാരിക ഓർമ്മയിൽ കുഞ്ചൻ നമ്പ്യാർ ജ്വലിച്ചു നിൽക്കുന്നു.
ഒരു മഹത്തായ കൃതിയേയോ, കവിയേയോ ആരാധിക്കുക എന്നാൽ അതിനെ ചോദ്യം ചെയ്യാതിരിക്കുക എന്നല്ല അർത്ഥം. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്യൂഡൽ കാലഘട്ടത്തിൽ ജീവിച്ചിരുന്ന നമ്പ്യാർക്ക് വ്യക്തിയെന്ന നിലയിൽ ചില പരിമിതികളും, അക്കാലത്ത് ശരിയും പിൽക്കാലത്ത് തെറ്റുമായി മാറിയ ചില കാഴ്ചപ്പാടുകളും തീർച്ചയായും ഉണ്ടായിരുന്നിരിക്കാം. അത് മഹാനായ ആ എഴുത്തുകാരന്റെ കൃതികളിൽ പ്രതിഫലിച്ചിരിക്കും എന്നതിൽ സംശയമില്ല. സ്ത്രീയെ ശരീരമാക്കിയതും, പുരുഷനെ കർതൃത്വം ഉള്ളവനാക്കിയതും അദ്ദേഹത്തിന്റെ മാത്രം കുറ്റമായി പറഞ്ഞവസാനിപ്പിക്കാൻ സാധിക്കില്ല. അത് കാലത്തിന്റെ പോരായ്മ കൂടിയാണ്. എല്ലാക്കാലത്തും എഴുത്തുകാരിൽ കാലം നിർണായകമായ ഒരു സ്വാധീനശക്തിയായി നിലകൊണ്ടിരുന്നു. നമ്പ്യാരെയും കാലം സ്വാധീനിച്ചതിൽ അതിശയമില്ല.
പുനർവായനകളുടെ വർത്തമാനകാലത്ത് നിന്നുകൊണ്ട് നമ്പ്യാർ കൃതികളെ പരിശോധിക്കുമ്പോൾ തുള്ളൽ കൃതികളുടെ ആസ്വാദകർ ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണ്. ഒന്നാമത്തേത് തുള്ളലുകളുടെ കാവ്യഭംഗിയും നമ്പ്യാരുടെ സാമൂഹിക ധീരതയെയും ആരാധിക്കുക എന്നതാണ്. രണ്ടാമത്തേത് കുറച്ചുകൂടി സങ്കീർണമായ ഒരാശയമാണ്. എല്ലാ ആസ്വാദകരും അതിനു തയ്യാറാകണമെന്നില്ല. നമ്പ്യാർ കൃതികളിൽ നിലനിൽക്കുന്ന ലിംഗ-ജാതി-അധികാര പക്ഷപാതങ്ങളെ വിമർശനാത്മകമായി വായിച്ച് വർത്തമാനകാലത്തെ സമത്വബോധത്തിന്റെ വെളിച്ചത്തിൽ അവയെ പുനർ നിർമ്മിക്കുകയാണ് അത്. ഇത്തരം പുനർവായനകളിലൂടെ കൃതികൾ നിരാകരിക്കപ്പെടുകയോ, അവയുടെ മഹത്വം കുറയുകയോ ചെയ്യുമെന്നുള്ള ധാരണ മാറേണ്ടതാണ്. പകരം ഇതിലൂടെ കൃതികൾ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടുന്നു എന്ന് പറയേണ്ടിവരും. അല്ലാത്തപക്ഷം നാം ചിരിക്കുന്നത് ഏതോ കാലത്തിൽ കെട്ടപ്പെട്ട നമ്മുടെ തന്നെ ചങ്ങലകളെ നോക്കിയായിരിക്കും. ഒരു സമൂഹത്തിന്റെ സംസ്കാരം വളരുന്നത് അതിൽ എഴുതപ്പെട്ട ക്ലാസിക്കുകളെ ആഘോഷിച്ചുകൊണ്ട് മാത്രമല്ല അവയോട് നിരന്തരം കലഹിച്ചു കൂടിയാണ്.
സഹായകഗ്രന്ഥങ്ങൾ
1) കുഞ്ചൻ നമ്പ്യാർ, തുള്ളൽ കഥകൾ (രണ്ടാം ഭാഗം), മംഗളോദയം അച്ചുകൂടം, തൃശ്ശൂർ, കേരള സാഹിത്യ അക്കാദമി ഡിജിറ്റൽ ലൈബ്രറി, 1954
2) കുഞ്ചൻ നമ്പ്യാർ, കിരാതം, സായാഹ്ന ഫൗണ്ടേഷൻ, തിരുവനന്തപുരം, 2013
3) കുഞ്ചൻ നമ്പ്യാർ, കല്യാണസൗഗന്ധികം, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം, 1987
4) പണിക്കർ കെ.എം., കുഞ്ചൻ നമ്പ്യാരും മലയാള കവിതയും, കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ, 1976
ലിസ്മിയ റോസ് കെ ജോജോ
അധ്യാപിക,
മലയാളവിഭാഗം,
പവനാത്മാ കോളേജ്
മുരിക്കാശ്ശേരി




Comments