നോഹയുടെ പെട്ടകം പോലൊരു ജീവലോകം
- 6 days ago
- 9 min read
Updated: 2 days ago
ഡോ . സ്വപ്ന. സി. കോമ്പാത്ത്

പ്രബന്ധസംഗ്രഹം
മലയാളിത്തത്തെ കവിതയിലേക്കാവാഹിച്ച മഹാകവി എന്ന് വിശേഷിപ്പിക്കാവുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാവ്യലോകത്തിലെ ജന്തുജാലങ്ങളെ ക്കുറിച്ചുള്ള അന്വേഷണമാണ് പ്രബന്ധം. സാരണക്കാരനോടൊപ്പം നിൽക്കുന്ന കവി എന്ന നിലയിൽ അദ്ദേഹത്തിൻ്റെ കാവ്യലോകത്തിൽ കൃഷിയും കർഷകരും അവരെ സഹായിക്കുന്ന കന്നുകാലികളും കാവൽക്കാരനായ നായയുമെല്ലാം ഉണ്ടാകുകയെന്നത് സ്വാഭാവികമാണ് .എന്നാൽ കേരളത്തെ അനുഭവിപ്പിക്കാൻ ഇത്തരം ജീവജാലങ്ങൾ മാത്രം പോര . പ്രമേയം ഏതായാലും, മലയാളി നിരന്തരം കണ്ടുവരുന്ന പക്ഷിമൃഗാദികളെ , കവിതയെ അലങ്കരിക്കുന്ന പൂക്കൾ പോലെ കൊരുത്തു വയ്ക്കുന്ന ഒരു പ്രവണത ബോധപൂർവ്വമോ അബോധ പൂർവ്വമോ അദ്ദേഹം പിന്തുടർന്നിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ കവിതകളെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ മനസ്സിലാകുന്നുണ്ട്. കാക്കയും ,ഗരുഡനും , ഉറുമ്പും ആനയും , ഞാഞ്ഞൂലും സർപ്പവുമെല്ലാം ആ കവിതകളിൽ ഇടം പിടിക്കുന്നു.
പുതുമണ്ണിൻ്റെ ഗന്ധവും മാമ്പൂവിന്റെ വശ്യതയും , കണിക്കൊന്നയുടെ നിറ ചാർത്തും , സഹ്യൻ്റെ തലയെടുപ്പും അദ്ദേഹം മലയാളകവിതയിലേക്ക് ആവാഹിച്ചു.
താക്കോൽ വാക്കുകൾ
വൈലോപ്പിള്ളി -പ്രാണി- ജന്തു -ജീവലോകം - തേനീച്ച -അടിയ ന്തിരാവസ്ഥ - നോഹയുടെ പെട്ടകം
കാല്പനികതയിൽ നിന്നാരംഭിച്ച തൻ്റെ ഭാവനയെ യാഥാർത്ഥ്യബോധത്തിലേക്ക് നയിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ. ശ്രീ എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ അദ്ദേഹത്തിൻ്റെ ‘കുടിയൊഴിക്കൽ’ എന്ന കവിത പല ലോകഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.ബഹുമുഖങ്ങളായ വിഷയങ്ങളിലേക്ക് അനുവാചകരെ നയിക്കുന്ന കവി എന്ന നിലയിൽ മലയാളകാവ്യലോകത്ത് ചിരപ്രതിഷ്ഠിതനാണ് അദ്ദേഹം.മലയാള കവിതാസാഹിത്യ ചരിത്രത്തിൽ "വാത്സല്യത്തിന്റെ ആർദ്രതയും സ്നേഹത്തിൻ്റെ ശീതളതയും വൈലോപ്പിള്ളിയുടെ കവിതകളെ മാധുര്യസംഭാവികമാക്കുന്നു" .( പു. 305) എന്നാണ് എം. ലീലാവതി അഭിപ്രായപ്പെടുന്നത്. "സമകാലിക സാമൂഹികജീവിതത്തോട് സംവദിക്കുകയും സംഭവങ്ങളോട് സ്വീയദർശനത്തിനുചിതമായി പ്രതികരിക്കുകയും ചെയ്യുന്നതിന്റെ ചിഹ്നങ്ങൾ വൈലോപ്പിള്ളിയുടെ കവിതയിൽ പ്രകടവും സമൃദ്ധവുമായി കാണാം" (പു. 306 )എന്നും അവർ നിരീക്ഷിക്കുന്നുണ്ട്.
വളരെ വിപുലമായ ഒരു കാവ്യ സമ്പത്താണ് വൈലോപ്പിള്ളി മലയാളിക്ക് സമ്മാനിച്ചിരിക്കുന്നത്.നേരത്തെ സൂചിപ്പിച്ചതുപോലെ സമകാലത്തോട് നിരന്തരം കലഹിക്കുന്ന കവിതകളാണ് അദ്ദേഹം എഴുതിയിരുന്നത്.പക്ഷേ കാലം എന്നത് നിരന്തരമായി പരിണമിക്കുകയാണല്ലോ.പേരിനുമാത്രം മലയാളിയായി നിൽക്കുന്ന നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് ആരാണ് മലയാളി ?ഏതൊക്കെ കാലഘട്ടങ്ങളിലൂടെയാണ് നമ്മൾ പരിണമിച്ചത് ?എവിടെയെല്ലാമാണ് പരിണാമങ്ങൾ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്? എന്നീ കാര്യങ്ങളിൽ തികഞ്ഞ ബോധ്യമുണ്ടാക്കി തരുന്ന ഉപാദാന സാമഗ്രികളാണ് അദ്ദേഹത്തിൻ്റെ രചനകൾ.ജീവിതയാഥാർത്ഥ്യങ്ങളെ അതേപടി ആവിഷ്കരിക്കുന്ന കവിയെന്ന നിലയിൽ അദ്ദേഹം മലയാളിയുടെ മനം കവർന്നു.ഒരു കവിക്ക് എങ്ങനെയാണ് ഒരു നാടിൻ്റെ മണവും രുചിയും കാലാവസ്ഥയും വാക്കുകളിലൂടെ അനുഭവിപ്പിക്കാനാവുക എന്നാർക്കെങ്കിലും സംശയമുണ്ടെങ്കിൽ തീർച്ചയായും അതിനുള്ള ഉത്തരം വൈലോപ്പിള്ളിയുടെ രചനകളാണ്. പുതുമണ്ണിൻ്റെ ഗന്ധവും മാമ്പൂവിന്റെ വശ്യതയും കണിക്കൊന്നയുടെ വർണ്ണശബളിമയും സഹ്യൻ്റെ പ്രൗഢിയും അദ്ദേഹം മലയാളകവിതയിലേക്ക് ആവാഹിച്ചു.
വൈലോപ്പിള്ളിക്കവിതയിലെ ജന്തുലോകം :-
ജന്തു എന്ന വാക്കിന് ശബ്ദതാരാവലി പ്രാണി എന്ന അർത്ഥം നിഷ്കർഷിക്കുന്നു,ഒപ്പം ജന്തു എന്നുള്ള ശബ്ദം മനുഷ്യരെ ഒഴിച്ചുള്ള പ്രാണികൾക്കാണ് അധികം ഉപയോഗിക്കാറുപതിവ് എന്ന് വിശദീകരിക്കുകയും ചെയ്യുന്നു (പു.933) എന്നാൽ തൊട്ടടുത്ത പേജിൽ ജന്തുക്കൾ എന്ന വാക്കിന് മനുഷ്യർ മുതലായ പ്രാണികൾ എന്ന് വിശദീകരണം നൽകുന്നുമുണ്ട്.തീർച്ചയായും താനെഴുതുന്ന കവിതകൾ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട തൻ്റെ ചിന്തകളുടെ വിപ്ലവഭൂമികയാണെന്ന് തിരിച്ചറിഞ്ഞ വൈലോപ്പിള്ളി, മനുഷ്യനുൾപ്പെടുന്ന ജന്തുലോകത്തെക്കുറിച്ച് തന്നെയാണ് എല്ലാ കവിതകളിലും ചിന്തിച്ചിട്ടുളളത്.
"മരിയ്ക്കില്ല ഞാൻ, മരവിയ്ക്കയുമില്ലെന്നിലെ
മനുഷ്യൻ മേന്മേൽ ഭാവ നിർഭരം വളർന്നാവൂ "
( കിളിയും മനുഷ്യനും, വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ , വാ.1, പു. 583)
എന്നു പാടിയ കവിക്ക് മനുഷ്യരെ മാറ്റിനിർത്തി കവിതയില്ലല്ലോ.
"പാടുവാൻ വരുന്നീലവർക്കെന്നാൽ
പാരമുണ്ടുപയ്യാരങ്ങൾ ചൊൽവാൻ "
(കന്നിക്കൊയ്ത്ത്, ടി.പു.26)) എന്ന് തിരിച്ചറിഞ്ഞ കവി സ്വാഭാവികമായും മനുഷ്യരിൽ തന്നെ അനീതി നേരിടുന്നവരെ തിരിച്ചറിയാനായി ശ്രമിക്കുകയും അവരെ അവകാശങ്ങളറിഞ്ഞ് പൊരുതി ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.എല്ലാത്തരത്തിലുമുള്ള മനുഷ്യരെ അടയാളപ്പെടുത്തുന്ന ആ കാവ്യലോകത്തിൽ,
"ജനിച്ച നാടുവിട്ട ,കലെയാസ്സാമിൽ പണിക്കു പോയവരും പരിഷകൾ ഞങ്ങൾ " ( ആസ്സാം പണിക്കാർ, ടി.പു. 84 ) എന്നു വേദനിക്കുന്ന ,ജന്മനാട്ടിൽ നിന്ന് മനപ്പൂർവ്വം പറിച്ചെറിയപ്പെടുന്ന പാവം തൊഴിലാളികളെ മുതൽ കണ്ടറിയാനുള്ള അദ്ദേഹത്തിൻ്റെ ശ്രമമാണ് പിന്നീട് ആത്മപരിശോധനയ്ക്കും അവസരമാകുന്നത്.
" പുഞ്ചിരി , ഹാ, കുലീനമാം കള്ളം
നെഞ്ചുകീറി ഞാൻ നേരിനെക്കാട്ടാം " (കുടിയൊഴിക്കൽ, ടി.പു.165) എന്നു പാടിയൊരാൾക്ക് അടുത്ത തലമുറയോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതാണ്
"ചോര തുടിക്കും ചെറു കൈയുകളേ,
പേറുക വന്നീപ്പന്തങ്ങൾ " എന്ന ആഹ്വാനത്തിലൂടെ അദ്ദേഹം നിർവഹിക്കുന്നത്
വൈലോപ്പിള്ളിയുടെ കവിതയിലെ ജന്തുലോകത്തെക്കുറിച്ച് ചിന്തിച്ചാൽ ഭാഗവതത്തിൽ ബാലകനായ ശ്രീകൃഷ്ണൻ മണ്ണു തിന്നതറിഞ്ഞ് കോപിഷ്ഠയായ യശോദ വാതുറക്കാനാവശ്യപ്പെട്ട അനുഭവമാണ് ഓർമ്മവരുന്നത്.
കൃഷ്ണൻ അമ്മപറഞ്ഞതുപോലെ ചെയ്യുന്നു. അവൻ വായ തുറക്കുമ്പോൾ, യശോദയ്ക്ക് ശ്വാസം മുട്ടുന്നു. കൃഷ്ണന്റെ വായിൽ അവൾ കാണുന്നത് കാലാതീതമായ മുഴുവൻ പ്രപഞ്ചവും, എല്ലാ നക്ഷത്രങ്ങളും ഗ്രഹങ്ങളും, അവയ്ക്കിടയിലുള്ള ദൂരവും, ഭൂമിയിലെ എല്ലാ കരകളും സമുദ്രങ്ങളും, അവയിലെ ജീവജാലങ്ങളുമാണ്.
അതായത് ഭഗവാൻ ഈ ലോകം മുഴുവൻ താനാണെന്ന് അമ്മയെ ബോധ്യപ്പെടുത്തുകയാണ്. അതുപോലെ വൈലോപ്പിള്ളിയുടെ കാവ്യലോകത്തിൽ സഞ്ചരിക്കുമ്പോൾ ഈ ലോകത്തിലെ മുഴുവൻ ജന്തുജാലങ്ങളെയും അവയിൽ കാണാൻ സാധിക്കുന്നു. ഏറ്റവും ചെറിയ ഈച്ച മുതൽ കരയിലെ ഏറ്റവും വലിയ മൃഗമായ ആനവരെ അദ്ദേഹത്തിന്റെ കവിതകളിൽ ഇടംപിടിക്കുന്നു. കാവ്യസൗന്ദര്യാവിഷ്‌കാരത്തിന് ജന്തുക്കളെ ഇത്രയധികം കൂട്ടുപിടിച്ച മറ്റൊരു കവി ഇല്ലെന്നുതന്നെ പറയാം.ഒരുപക്ഷേ അതുതന്നെയാണ് അദ്ദേഹത്തിൻ്റെ കവിതകളിലെ ദൃശ്യാത്മകതയ്ക്ക് കാരണമാകുന്നതും.
അദ്ദേഹത്തിൻ്റെ കവിതകളെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ശീർഷകത്തിലും പ്രമേയത്തിലും പ്രമേയപരിചരണത്തിലുമായി ജന്തുക്കൾ നാലുതരത്തിലാണ് ആ കവിതകളിൽ ഇടം പിടിക്കുന്നത് എന്നു കാണാം .
1.ശീർഷകങ്ങളിലെ ജന്തുലോകം
2 .മൃഗങ്ങൾ മാത്രം കഥാപാത്രങ്ങളാകുകയും മൃഗജീവിത യാഥാർത്ഥ്യങ്ങളെ മനുഷ്യജീവിതത്തോട് ചേർത്തുവയ്ക്കുകയും ചെയ്യുന്ന പ്രമേയമുള്ള രചനകൾ
3 .മൃഗങ്ങളും മനുഷ്യനും ഇടകലരുന്ന ജീവലോകം പ്രമേയമായ രചനകൾ
4.നേരിട്ടല്ലാതെ ചില പ്രയോഗങ്ങളിലൂടെ ജന്തുലോകത്തെ അടയാളപ്പെടുത്തുന്ന പ്രവണതയുള്ള കൃതികൾ .
മേൽ പ്രസ്താവിച്ച രീതിയിലുള്ള വിഭജനമാണ് അദ്ദേഹത്തിൻ്റെ കവിതകളിലെ ജന്തുലോകത്തെ സൂക്ഷ്മാപഗ്രഥനം ചെയ്യാനുള്ള മികച്ച ഒരു മാതൃക. ആ രീതിയിലാണ് ഈ പ്രബന്ധം സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്.
1. ശീർഷകങ്ങളിലെ ജന്തുലോകം.
തൻ്റെ രചനകളുടെ ശീർഷകങ്ങളുടെ സാംഗത്യത്തിൽ വളരെയധികം ശ്രദ്ധിച്ചിരുന്ന ഒരു കവിയാണ് വൈലോപ്പിള്ളി എന്ന് നമുക്ക് അദ്ദേഹത്തിന്റെ ശീർഷകങ്ങൾ വായിക്കുമ്പോൾ തന്നെ മനസ്സിലാകാറുണ്ട്. വ്യാജമാതൃകകൾ ഒന്നും പിന്തുടരാത്ത ഒരു കവിയെന്ന നിലയിൽ മലയാളം ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു കവിയാണ് വൈലോപ്പിള്ളി .അദ്ദേഹത്തിൻ്റെ ആർജ്ജവവും ആത്മാർത്ഥതയും ആ കവിതകളുടെ ജീവചൈതന്യമായി വർത്തിക്കുന്നു.ആ ചൈതന്യത്തെ ഏറ്റവും ജാഗ്രതയോടെ അടയാളപ്പെടുത്തുന്ന ശീർഷകങ്ങളാണ് അദ്ദേഹത്തിൻ്റെ കവിതകളുടെ മുഖമുദ്ര എന്നുതന്നെ പറയാം. 1950 ൽ പ്രസിദ്ധീകരിക്കപ്പെട്ട ശ്രീരേഖ എന്ന സമാഹാരത്തിൽ കൃഷ്ണപ്പരുന്ത്, വാനമ്പാടിയോട്, പടക്കളത്തിലെ പൂമ്പാറ്റ,സ്വർണ്ണ മത്സ്യങ്ങൾ എന്നിങ്ങനെ പക്ഷികളും ചെറുപ്രാണികളും ജലജീവികളും ശീർഷകമായി വരുന്ന നാലു കവിതകളുണ്ട് .1954 ൽ പ്രസിദ്ധീകരിച്ച കുന്നിമണികൾ എന്ന സമാഹാരത്തിൽ മഞ്ഞക്കിളി ,വർക്കത്തുകെട്ട താറാവ്, പെണ്ണും പുലിയും എന്നിങ്ങനെ മൂന്ന് കവിതകളുണ്ട്. 1958 ൽ പ്രസിദ്ധീകരിക്കപ്പെട്ട കാവ്യസമാഹാരത്തിന്റെ പേരുതന്നെ കടൽക്കാക്കകൾ എന്നാണ്.ശീർഷകത്തിലെ കവിത കൂടാതെ, കരിയിലാം പീച്ചികൾ ,കാക്കകൾ എന്നീ രണ്ടു കവിത കൾകൂടി ആ സമാഹാരത്തിലുണ്ട്.തുടർന്ന് വന്ന അടുത്ത കൃതിയുടെ പേരും ഒരു ശാഠ്യത്തിന്റെ തുടർച്ച എന്നപോലെ കുരുവികൾ എന്നാകുന്നു.കാക്കകൾ, ഓന്ത്, തവള, ഒരു പോത്തും രണ്ട് മൈനകളും എന്നിവയാണ് അതിൽ ജന്തുലോകത്തെ പ്രതിധാനം ചെയ്യുന്ന ശീർഷകങ്ങൾ ഉള്ള കവിതകൾ .
കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കയ്പവല്ലരി എന്ന സമാഹാരത്തിൽ കൂടും കിളിയും, എണ്ണപുഴുക്കൾ, പൂച്ചക്കുട്ടികൾ, കിളിയും മനുഷ്യനും എന്നിങ്ങനെയുള്ള കവിതകളുണ്ട്.1971 ലെ ഓടക്കുഴൽ പുരസ്കാരവും,1972ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ച വിട എന്ന സമാഹാരത്തിൽ കുറുക്കന്മാർ, മധുമക്ഷിക എന്നിങ്ങനെ രണ്ട് കവിതകളുടെ ശീർഷകങ്ങളിൽ തന്നെ ജന്തുക്കളിടം പിടിച്ചിട്ടുണ്ട്. അതിലെ
"കൂ " എന്ന കവിത കുയിൽ പാട്ടിന്റേതാണ്. 1980 ൽ പ്രസിദ്ധീകരിക്കപ്പെട്ട മകരക്കൊയ്ത്തിൽ പൂങ്കോഴികൾ കൂകുന്നു,പശു,പുലിയമ്മ, കർക്കിടകത്തിലെ കാക്കകൾ, തേനീച്ചയുടെ സ്വയംവരം എന്നീ കവിതകൾ കാണാം. 1981 ൽ പ്രസിദ്ധീകരിക്കപ്പെട്ട മിന്നാമിന്നി എന്ന സമാഹാരത്തിന്റെ ശീർഷകത്തിൽ മാത്രമല്ല നിരവധി കവിതകളിൽ ശീർഷകമായും പ്രമേയമായും മൃഗസാന്നിധ്യം കാണാവുന്നതാണ്.ആന, കാക്കച്ചി ,നായ്ക്കുട്ടി,ബുൾബുൾ പക്ഷികൾ,പൂച്ച സുഖിക്കുന്നു,കാക്കയും പൂച്ചയും,മിന്നാമിന്നി,കട്ടുറുമ്പിന്റെ കഥ, മാടത്തക്കിളി, വൗവ്വാൽ എന്നിങ്ങനെ വൈവിധ്യമാർന്ന ജന്തുലോകത്തിന്റെ സാന്നിധ്യം ശീർഷകങ്ങളിൽ കാണാം .
1981 ൽ പ്രസിദ്ധീകരിക്കപ്പെട്ട പച്ചക്കുതിര എന്ന സമാഹാരത്തിലും ശീർഷകത്തിൽ ജന്തുസാന്നിധ്യമുള്ള നിരവധി കവിതകളുണ്ട് .ആനയും ഓടക്കുഴലും,ചങ്ങാലിപ്രാവ്, കുട്ടികളും പക്ഷികളും,പൂമ്പാറ്റ, മീനുകൾ, കഴുതയും കുതിരയും,കാക്കയും കല്ലും ,കാളയും തവളയും,കുറുക്കനും മുന്തിരിങ്ങയും എന്നിങ്ങനെ നീളുന്നു ആ ശീർഷകങ്ങൾ .1984ൽ പ്രസിദ്ധീകരിക്കപ്പെട്ട മുകുളമാല എന്ന സമാഹാരത്തിൽ അമ്മുവിൻ്റെ ആട്ടിൻകുട്ടിയും കാലൻ കോഴിയും മൃഗശാലയിലെ ആമയും ശീർഷകങ്ങളിൽ ജന്തു സാന്നിധ്യത്തിൽ ഉറപ്പുവരുത്തുന്നുണ്ട്. 1986 ൽ പ്രസിദ്ധീകരിക്കപ്പെട്ട കൃഷ്ണമൃഗങ്ങൾ എന്ന സമാഹാരത്തിൽ പുലികളെന്നും കൃഷ്ണമൃഗങ്ങളെന്നും പേരുള്ള രണ്ട് കവിതകളുണ്ട്. 1995ൽ പ്രസിദ്ധീകരിക്കപ്പെട്ട അന്തിചായുന്നു എന്ന സമാഹാരത്തിൽ ചാത്തനും കുയിലും ഞാനും, പൊൻമാനിൻ്റെ പിന്നാലെ എന്നീ കവിതകളുടെ ശീർഷകങ്ങളിൽ ജന്തുലോകത്തിൻ്റെ സാന്നിധ്യം പ്രകടമാണ്.
2. മൃഗങ്ങൾ മാത്രം കഥാപാത്രങ്ങളാകുകയും മൃഗജീവിത യാഥാർത്ഥ്യങ്ങളെ മനുഷ്യജീവിതത്തോട് ചേർത്തുവയ്ക്കുകയും ചെയ്യുന്ന പ്രമേയമുള്ള രചനകൾ .
സമഷ്ടി സ്നേഹമാണ് വൈലോപ്പിള്ളിക്കവിതകളുടെ കാതൽ എന്ന് നിസ്സംശയം പറയാം.ലോകമെമ്പാടുമുള്ള സമസ്ത ജീവജാലങ്ങളുടെയും മുകളിൽ മനുഷ്യൻ പ്രഖ്യാപിക്കുന്ന ആധിപത്യത്തെ റദ്ദാക്കിക്കൊണ്ട് മനുഷ്യനെക്കാൾ ഉദാത്തത മൃഗങ്ങൾക്കാണെന്ന് കവി പല കവിതകളിലും സ്ഥാപിക്കാറുണ്ടെന്ന് അനുവാചകർക്ക് അനുഭവപ്പെടാറുണ്ട്.രതിയും വിരതിയും മൃതിയും ജീവിതവും ഒന്നിക്കുന്ന അസാധാരണമായൊരു പ്രമേയമാണ് മകരക്കൊയ്ത്ത് എന്ന സമാഹാരത്തിലുള്ള തേനീച്ചയുടെ സ്വയംവരം എന്ന കവിതയുടേത് .സ്വയംവരത്തിനു ശേഷം / ഇണചേരലിനു ശേഷം തേനീച്ച റാണിയുടെ വരന് മരണം സംഭവിക്കുന്ന പ്രകൃതിനിയമത്തെ
"ഹാ , ദയനീയേ,യക്ഷി, ഭുജിച്ചൂ
നീ ദയിതൻ തൻ ജീവരസം" (ടി.പു 892)
കവി ഇപ്രകാരം അടയാളപ്പെടുത്തുന്നു
കാക്കയുടെ കാഴ്ചപ്പാടിൽ മനുഷ്യജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു കവിതയാണ് കർക്കിടകത്തിലെ കാക്കകൾ.അടിയന്തരാവസ്ഥക്കാലത്തെക്കുറിച്ചുള്ള ഒരു കവിതയാണിത്. പക്ഷേ കാക്ക അതിന്റെ കുഞ്ഞുങ്ങളോട് സംസാരിക്കുന്ന രീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു.
"ഒന്ന് തോന്നുന്നു, ണ്ടേതോ കിടാത്ത നെ
കൊന്നിരിക്കാം ചതിച്ചൊരു കശ്മലൻ
നമ്മളെപ്പോലെയാണിവ, രാപത്തു
സംഭവിക്കുകിൽ പറ്റമായ് നേർക്കുവോർ "( ടി. പു. 854 ) എന്നൊക്കെ പറയുന്നുണ്ടെങ്കിലും മനുഷ്യരുടെ ക്രൂരതകളെക്കുറിച്ച് വിശദീകരിക്കുവാൻ കാക്ക മറക്കുന്നില്ല .
കഷ്ടതയാൽ കറങ്ങുന്ന മനുഷ്യൻ ഏത് കെട്ട ചെയ്തിയും ചെയ്യുമെന്നാണ് കാക്ക പറയുന്നത്. നമ്മുടെ തോട്ടിലും പാടത്തും മഴക്കാലത്ത് കണ്ടിരുന്ന തവളകൾ എങ്ങോട്ട് പോയി? ആലോചിക്കേണ്ട ചോദ്യമാണ്? കാക്കക്കുഞ്ഞ് ഭയന്നുകൊണ്ട് ചോദിക്കുകയാണ് നമ്മളെയും പിടിച്ചവർ തിന്നുമോ? സാധ്യതയുണ്ട് എന്ന് പറയുന്ന കാക്കമ്മ "വിശക്കുമ്പോൾ നന്നു കാക്കയിറച്ചിയു"മെന്നവർ പറയുമെന്ന് പരിഹസിക്കുന്നു.
"പാലിനു തുല്യം പ്രാണസൗഹൃദം പരസ്പരം " എന്ന് കരുതിയിരുന്ന നാലു കാളകളുടെ ജീവിതത്തിന് സംഭവിച്ച ദുരന്തമാണ് പുലിയമ്മ എന്ന കവിതയുടെ പ്രമേയം. മകരക്കൊയ്ത്ത് എന്ന സമാഹാരത്തിലാണ് ഈ കവിത ഉൾപ്പെട്ടിട്ടുള്ളത്. നാലു കാളകളുടെയും സൗഹൃദം അവരെ പിടിക്കുന്നതിൽ നിന്ന് പുലിയമ്മയെ തടഞ്ഞു.നിസ്സാര പ്രശ്നങ്ങളുടെ പേരിൽ കലഹിച്ചപ്പോൾ പുലിയമ്മ അവരെ കീഴ്പെടുത്തി.ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി പൊരുതുന്ന സമയത്ത് വിഭാഗീയതയുമായി മുന്നോട്ടു പോയാൽ അതപകടമാണെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ കവിത നിർവഹിക്കുന്ന ധർമ്മം. തീർച്ചയായും ഇത് മനുഷ്യജീവിതത്തെ മുൻനിർത്തിയുള്ള ഒരു ചിന്ത തന്നെയാണ്, അതുകൊണ്ടാണ് അവസാനത്തെ നാലുവരികളിൽ,
"പൊയ് കഥിക്കുകയല്ല,
തൈകളേ , മുതിർന്നോരേ
ഐകമത്യമേ നമ്മൾ -
ക്കഭയമത്യാപത്തിൽ " (ടി.പു 846)എന്ന ജീവിതദർശനം കവിതയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കാർട്ടൂൺ കവിതകൾ എന്ന തലക്കെട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന കവിതകളിലൊന്നാണ് പശുവും കിടാവും
"പശുവും കിടാവും , ഹാ , പണ്ടേതാൻ നമുക്കിഷ്ടം
പശു കുത്തുന്നു, പക്ഷേ പാലീമ്പും പൈക്കുട്ടനോ,
ഒരു വർഷത്തിനുള്ളിലോരാതെ വളർന്നു, ങ്കാൽ
ചുരമാന്തി നിൽക്കുന്നു ചുവപ്പ് കാണും ദിക്കിൽ " ( ടി. പു. 829)
സ്വേച്ഛാധിപതിയായ ഒരു അമ്മയെയും അവരുടെ സാഹസിയും കമ്മ്യൂണിസ്റ്റ് വിരോധിയുമായ മകനെയും ചിത്രീകരിക്കുന്ന അദ്ദേഹത്തിൻ്റെ രാഷ്ട്രീയബോധവും അടിയന്തരാവസ്ഥയെ തുടർന്നുണ്ടായ സാഹചര്യങ്ങളും ഈ കവിതയിൽ പ്രതിധ്വനിക്കുന്നു .
അടിയന്തരാവസ്ഥയെ പ്രമേയമാക്കി എഴുതിയ മറ്റൊരു കാർട്ടൂൺ കവിതയാണ് ചെന്നായയും ആട്ടിൻകുട്ടിയും. തൻ്റെ പിതാവിനെ നിന്ദിച്ചു, തൻ്റെ മകനെ ശകാരിച്ചു എന്നൊക്കെ പറഞ്ഞുകൊണ്ട് ജനങ്ങളെ ഉപദ്രവിക്കുന്ന ഒരു ഭരണാധികാരിയായി തളളചെന്നായയെ കണക്കാക്കുന്നു . തളളച്ചെന്നായ ഇന്ദിരാഗാന്ധിയുടെ പ്രതീകമാണ്. ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ എന്ന ചലച്ചിത്രഗാനത്തിൻ്റെ മട്ടിൽ എഴുതിയിട്ടുള്ള ഈ കവിത ചോലയ്ക്ക് മുകളിലിരുന്നു കൊണ്ട് ചെന്നായ ,താഴെ വെള്ളം കുടിക്കുന്ന ആട്ടിൻകുട്ടിയോട് നീയെന്റെ വെള്ളം കലക്കി എന്ന് ആരോപിക്കുന്നു. അത്തരത്തിലുള്ള മറ്റു അസത്യ പ്രസ്താവനകൾ കൂടി നടത്തി ചെന്നായ ആട്ടിൻകുട്ടിയെ കൊന്നു തിന്നുകയാണ്.
ഈ കവിതയുടെ അവസാനം നൽകിയിട്ടുള്ള നാലുവരികൾ അടിയന്തരാവസ്ഥയുടെ ഭീകരതയെ വ്യക്തമാക്കുകയും ചെന്നായയുടെയും ആട്ടിൻകുട്ടിയുടെയും കഥയിൽ നിന്ന് മനുഷ്യരുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കുകയും ചെയ്യുന്നു.
"ഹാ കഷ്ടം നരജീവിതം! ദുരിതമി-
ശ്ശോകം മറക്കാൻ സുഖോ -
ദ്രേകം ചീട്ടുകളിക്കയാം ചിലർ , ചിലർ -
ക്കകണ്ഠപാനം പ്രിയം;
മൂകം മൂക്കിനു നേർക്കു കാണ്മു ചിലരി-
ന്നേകം ശിവം സുന്ദരം
ശ്ലോകം ചൊല്ലിയിരിപ്പൂ ഞങ്ങൾ ചില ; രീ
ലോകം വിഭിന്നോത്സവം. " ( ടി. പു. 831)
പുതിയപാഠങ്ങൾ എന്ന കവിതയിലെ രണ്ടാമത്തെ ഖണ്ഡത്തിന് കൊറ്റിയും കുറുക്കനും എന്നാണ് പേര്. കുറുക്കൻ പൂങ്കോഴി ചാറുണ്ടാക്കി കൊറ്റിയെ വിരുന്നിനു ക്ഷണിക്കുന്നു. വിഭവം പരന്ന പിഞ്ഞാണത്തിൽ വിളമ്പി കൊറ്റിയെ പറ്റിക്കുകയും കൊറ്റിയുടെ പങ്കുകൂടി കുടിച്ചിറക്കുകയും ചെയ്യുന്നു. പകരം വീട്ടണം എന്നുറപ്പിച്ച കൊറ്റി പൂമീൻ കറിവെച്ച് നീണ്ട തൂതയിൽ നിറച്ചു വച്ചു. ക്ഷണിക്കാനായി ചെന്നപ്പോൾ കുറുക്കനതാ അജീർണ്ണം ബാധിച്ച് ചത്തു കിടക്കുന്നു. കൊറ്റിയും കുറുക്കനും മാത്രം കഥാപാത്രങ്ങളായുള്ള ഈ കവിതയുടെ അവസാനത്തിൽ രണ്ടു വരി മാനവർക്ക് വേണ്ടി കവി എഴുതിച്ചേർക്കുന്നു.
"ഇപ്പഴങ്കഥയ്ക്കൊരു പാഠ, മന്യർതൻ പങ്കും
സാപ്പടുന്നവർക്കന്ത്യമാപ്പെടുമകാലത്തിൽ "(ടി. പു.577)
ഇത്തരത്തിലുള്ള ഒട്ടനവധി കവിതകൾ അദ്ദേഹത്തിൻ്റെ സമാഹാരങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
3. മൃഗങ്ങളും മനുഷ്യനും ഇടകലരുന്ന ജീവലോകം പ്രമേയമായ രചനകൾ
മകരക്കൊയ്ത്ത് എന്ന സമാഹാരത്തിലാണ് വളർത്തുമകള്‍ എന്ന കവിത ഉൾപ്പെട്ടിട്ടുള്ളത്.വനം വകുപ്പിലെ ഒരു ഗുമസ്തന്റെ അനുഭവം അതേ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത തേറമ്പിൽ ശങ്കുണ്ണി മേനോൻ പറഞ്ഞതിനെ ആസ്പദമാക്കി എഴുതിയത് കവി തന്നെ അഭിപ്രായപ്പെട്ടിട്ടുള്ള കവിതയാണ് വളർത്തുന്നത്.പറമ്പിക്കുളത്തെ ജോലി ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ വളരെ വാത്സല്യത്തോടെ കൊണ്ടുനടന്നിരുന്ന ഒരു ചെറിയ പിടിയാന കുട്ടിയുണ്ടായിരുന്നു.കുഴിയിൽ പതിച്ച ആ പെൺകുട്ടിയെ താപ്പാനകൾ കയറ്റിയെടുത്തു . അരുമ പെൺകുട്ടിയെ പോലെ അവരെല്ലാം അവളെ കൊണ്ട് നടന്നു.
"ഒരു പെൺതരി വീട്ടിന്നാഘോഷ , മുണ്ടെൻ വീട്ടി-
ലൊരുപൊൻമകൾ ,കാട്ടിൽ നീയൊരു കറമ്പിയും "വൈദ്യന്മാർ തോറ്റുപോയ അവളുടെ തുമ്പിക്കൈയിലെ ഒരു വ്യാധിയെ കത്തി വെച്ച് കീറി മരുന്ന് വെച്ച് ഒഴിവാക്കിയ ഉദ്യോഗസ്ഥർക്ക് "പിടിയാനയെ കാട്ടിൽ വിട്ടേക്കൂ ജീവിച്ചിടുകിൽ ജീവിക്കട്ടെ " എന്ന തമ്പുരാന്റെ കൽപ്പന വേദനാജനകമായിരുന്നു.വളരെ വർഷങ്ങൾക്കുശേഷം പിന്നീട് ഒരു ഓഡിറ്റ് സമയത്ത് ഈ ഉദ്യോഗസ്ഥർ പറമ്പിക്കുളം എത്തിയപ്പോൾ രാത്രിയിൽ പുറത്ത് കിടക്കുമ്പോൾ ഒരു തുമ്പിക്കൈ തന്നെ തലോടുന്നത് അറിയുന്നു. വളർത്തച്ഛനെ തേടിയെത്തിയ ആ പിടിയാനയോട് അദ്ദേഹത്തിന് ഒന്നേ പറയാനുണ്ടായിരുന്നു.
"മകളേ, സന്തോഷമായ്, മടങ്ങൂ കൂട്ടത്തിലേ-
യ്ക്കകലെ ത്യജിക്ക നീ മർത്യർ തന്നാവാസങ്ങൾ"(ടി.പു 924 )
തങ്ങളുടെ ജീവിതത്തിൻ വന്നുപോകുന്ന വന്യമൃഗങ്ങളെ വാത്സല്യപൂർവ്വം പരിചരിച്ച ഒരു ഉദ്യോഗസ്ഥനാണ് വളർത്തുമകളിലെ
കേന്ദ്രകഥാപാത്രം.
മരിച്ചതു പോലെ കിടന്ന് കരടിയെ സമർത്ഥമായി പറ്റിച്ചൊരാളുടെ കഥ നമ്മൾ പണ്ട് കേട്ടിട്ടുണ്ട്.അതിൻ്റെ ഗുണപാഠത്തെ മനുഷ്യരുടെ സ്വഭാവ സവിശേഷതകളുമായി ബന്ധപ്പെടുത്തിപുനരാവിഷ്കരിക്കുകയാണ് തൊപ്പി എന്ന കവിതയിലൂടെ.
ഇരുവർ കൂട്ടുകാർ വനത്തിൽ പണ്ടൊരു കരടിയെ കണ്ട കഥ കേട്ടിട്ടില്ലേ? എന്ന് തുടങ്ങുന്ന കവിതയിൽ ഒരു പടുവൃദ്ധനും അയാളെക്കാൾ പത്തു വയസ്സ് കുറവുള്ള മറ്റൊരു വൃദ്ധനും ചേർന്ന് കാട്ടിലൂടെ നടക്കുകയായിരുന്നു.എതിരെ ഒരു കരടി വരുന്നു. ഒഴിഞ്ഞു പോവുകയാണ് നല്ലത് എന്ന് കരടി മനസ്സിൽ വിചാരിക്കുന്നു. കാരണം,
"നരനെ വിശ്വസിച്ചിടുകിലോ ചാവാൻ
തരം വരുമെന്നേ വനപുരാണങ്ങൾ " എന്നത് അവൻ്റെ തിരിച്ചറിവാവണം . കരടിയെ കണ്ടു പേടിച്ച
ഇളയവൃദ്ധൻ ഒരു കണക്കിന് ഒരു മരത്തിൽ കയറിപ്പറ്റി , മറ്റേ വൃദ്ധൻ ഒരു അനക്കവുമില്ലാതെ ശ്വാസം പിടിച്ചു കൊണ്ട് നിലത്തു കിടന്നു. കരടി
"മരിച്ചുപോയതാമിരയെത്തിന്നുകില്ലെ" ന്നയാൾക്കറിയാം. കരടി പോയതിനു ശേഷം മരത്തിൽ കയറിയ മനുഷ്യൻ തിരികെ എത്തുന്നു. ആപത്തിൽ തനിച്ചാക്കി പോകുന്നത് എന്തു തരം സൗഹൃദം എന്ന വൃദ്ധൻ്റെ ചോദ്യത്തിനു മറുപടി നൽകാതെ കരടി എന്താണ് ചെവിയിൽ പറഞ്ഞ രഹസ്യം എന്നാണ് അയാൾ ചോദിക്കുന്നത് .
" ഹിതോപദേശമായി ഭവാൻ ധരിക്കുക -
അടുത്തൊരു സഖാവകന്നിടുമ്പോഴും
അകന്നടുക്കിലും അവനെ നമ്പൊലാ "
മാത്രമല്ല വിരണ്ടു മണ്ടിയ വിരുതന് അങ്ങയുടെ തൊപ്പിയിൽ ഒരു കണ്ണുണ്ട് ഞാൻ അങ്ങയുടെ കഥ കഴിക്കുകയാണെങ്കിൽ ആ തൊപ്പി അവൻ കരസ്ഥമാക്കും എന്നുകൂടി പറഞ്ഞതായി വൃദ്ധൻ ഇളയ വൃദ്ധനോട് പറയുന്നു തൻ്റെ തൊപ്പി (അധികാരം) തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഇളയവൃദ്ധനെന്ന് തനിക്കു മനസ്സിലായതായി മൂത്തവൃദ്ധൻ ഇളയ വൃദ്ധനെ അറിയിക്കുന്നു അതു കേട്ട് ക്രുദ്ധനായ ഇളയ വൃദ്ധൻ മൂത്ത വൃദ്ധൻ്റെ തൊപ്പി തട്ടിയെടുത്ത്, പാവത്തെ
പെരുംകാട്ടിൽ ഉപേക്ഷിച്ചുകൊണ്ട് രക്ഷപ്പെടുകയാണ്. പക്ഷേ ചെന്നുപ്പെടുന്ന തോ വിശന്നു വലഞ്ഞിരുന്ന ഒരു പെൺപുലിയുടെ മുന്നിലും. മനുഷ്യൻ്റെ സ്വാർത്ഥതാത്പര്യങ്ങളെ ,വിധിയുടെ നിയോഗങ്ങളെ ഇത്ര ലളിതമായി ആവിഷ്കരിച്ച മറ്റൊരു കവിതയുണ്ടാകില്ല തന്നെ.
പത്തിലൊന്ന് എന്ന കവിത പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെ ആവിഷ്കരിക്കുന്നു.തിരുവോണത്തിന് പാകമാകും എന്ന് കരുതി അമ്മ " വരിക്കപ്ലാവിന്റെ ഒടുക്കത്തെ കുരുന്നിനെക്കുറിച്ച് " സ്വപ്നം കാണുന്നു . എരിശ്ശേരിക്കും ഉപ്പേരിക്കും ഉള്ളതായി എന്ന അമ്മയുടെ പദ്ധതി കർക്കിടകത്തിലെ മഴ പെയ്ത്തിൽ പാഴാവുകയാണ്.പ്ലാവിലെ വഴുക്കൽ കാരണം ആരും കയറി പറിക്കാൻ തയ്യാറാകുന്നില്ലായിരുന്നു. "പത്തിലൊന്ന് സക്കാത്തേകണം “ എന്ന് അനുശാസിക്കുന്ന റംസാൻ മാസം കൂടിയാണ്. ചക്ക പഴുത്ത് തൂങ്ങി .ഒരു ചെറു ശർക്കരയുടെ വലിപ്പത്തിൽ കാക്ക പൊളിച്ചു തുടങ്ങി.അതോടൊപ്പം കാറ്റിലെങ്ങും തേൻ മണവും പരന്നു തുടങ്ങി. ജീവജാലങ്ങൾക്കുള്ള ഒരു ക്ഷണക്കത്ത് പോലെ ആ ഗന്ധം പരന്നത്. അണ്ണാർക്കണ്ണൻമാരും ഈച്ചകളും വവ്വാലുകളും സദ്യയുണ്ടു.ചുണ്ടെലി കാരിയ ചക്കക്കുരു കൂടി കണ്ടപ്പോൾ നായകന് പത്തിലൊന്ന് സക്കാത്ത് നൽകിയ തൃപ്തി ഉണ്ടാകുന്നു.ഇത്തരത്തിൽ നിരവധി കവിതകളിൽ മനുഷ്യരും മൃഗങ്ങളും ഇടകലർന്നു ജീവിതത്തിന് ദിശാബോധം നൽകുന്നുണ്ട്.
4.നേരിട്ടല്ലാതെ , ചില പ്രയോഗങ്ങളിലൂടെ ജന്തുലോകത്തെ അടയാളപ്പെടുത്തുന്ന രചനകൾ
വാക്കുകളിലൂടെ കാലാവസ്ഥ തന്നെ സൃഷ്ടിക്കാൻ സാധിച്ചിട്ടുള്ള കവി എന്നു നിരൂപകർ അഭിപ്രായപ്പെടുന്ന വൈലോപ്പിള്ളിയുടെ രചനാവൈഭവം ഏറ്റവുമധികം പ്രകടമാകുന്നത് ഉക്തി വൈചിത്ര്യത്തിലാണ്.
ഓണപ്പാട്ടുകാർ എന്ന കവിതയിൽ,
"പുല്ലാണി മുറ്റത്തേതോ
കുപ്പയിൽ നിന്നും ഞര-
മ്പെല്ലുകൾ വലിച്ചാർത്തൂ
ചിലക്കും വൻ കാക്കകൾ " എന്നിങ്ങനെ കാക്കകളുടെ ശബ്ദവും അവരുടെ കൂട്ടത്തെയും അവരില്ലാതെ തന്നെ നമ്മെ ബോധ്യപ്പെടുത്തുകയാണ് കവി.
സർപ്പക്കാട് എന്ന കവിതയിൽ
"അങ്ങിനെ കണ്ടും കേട്ടുമുറങ്ങി
സ്വപ്നം കണ്ടേൻ, പിന്നെ പുലരിയി
ലങ്ങു പുഴുക്കളെ റാഞ്ചിയെടുത്തൊരു
വണ്ണാത്തിക്കിളി മാത്രം പാടി " ( ടി. പു.എന്നീ വരികളിൽ വണ്ണാത്തിക്കിളിയുടെ ശബ്ദം മാത്രമാണോ അനുവാചകനിലേക്ക് ഒഴുകിയെത്തുന്നത്. പുലരിയോടൊപ്പം നമ്മുടെ കണ്ണുകളിലേക്ക് എത്തിച്ചേരുന്ന എല്ലാ കാഴ്ചകൾക്കും കവി പശ്ചാത്തലമൊരുക്കുന്നു.
പുണ്യദർശനം എന്ന കവിതയിൽ
"കീടങ്ങൾ തിന്നൊരാപ്പൂവിൻ കവിളത്തു
കൂടുന്നൊരശ്രുവിൻ മുത്തും "
ഇവിടെ വെറുതെ ഒരു പൂവിനെക്കുറിച്ച് മാത്രം പറയുകയല്ല,കീടങ്ങൾ തിന്ന പൂവ് എന്ന് തന്നെ ഉറപ്പിച്ചു പറയുന്നു.അവിടെ അദൃശ്യമായ ഒരു സാന്നിധ്യമായി കീടങ്ങളും എത്തുന്നു .കാലിക്കുട മണിനാദം എന്നൊരു വാക്ക് പ്രയോഗിക്കുമ്പോൾ വാഗർത്ഥമായല്ലാതെ തന്നെ ഒരു കാളവണ്ടി നമുക്കുള്ളിലേക്ക് എത്തുന്നു.വാക്കുകൾ കൊണ്ട് ദൃശ്യം ചമയ്ക്കാനുള്ള അപൂർവ സാധന സ സ്വായത്തമാക്കിയ കവിയാണ് അദ്ദേഹം.
വൈലോപ്പിള്ളിയുടെ കവിതകളിലെ ജന്തുലോകത്തെ പല മട്ടിൽ നമുക്ക് വർഗീകരിക്കാനാവും ചില കവിതകളിൽ മനുഷ്യരെ മൃഗങ്ങളോട് സാദൃശ്യപ്പെടുത്തുന്നു. അടിയന്തരാവസ്ഥ പ്രമേയമായി വരുന്ന കവിതകളിലെല്ലാം ഇന്ദിരാഗാന്ധിയെ പശുവായും തള്ളച്ചെന്നായയായും പരാമർശിക്കുന്നു. സാഡോ മസോക്കിസം (ഒരാളിൽ തന്നെ അന്യരെ പീഡിപ്പിക്കുന്നതിലും സ്വയം പീഡനം അനുഭവിക്കുന്നതിലും ആനന്ദം കണ്ടെത്തുന്ന വൈകൃതം)എന്ന അവസ്ഥയെ അവതരിപ്പിക്കുമ്പോഴാണ് പലപ്പോഴും മൃഗങ്ങളെ മനുഷ്യരോട് ഉപമിക്കാറുള്ളത് .എന്നാൽ വൈലോപ്പിള്ളിയുടെ കവിതകളിൽ കീർത്തിപദങ്ങളായും മൃഗനാമങ്ങൾ ഉപയോഗിച്ചുവരുന്നു.
കവിസിംഹം എന്ന കവിതയിൽ സിംഹം എന്ന വാക്കുകൊണ്ട് മഹാകവി വള്ളത്തോളിനെയാണ് കവി ഉദ്ദേശിക്കുന്നത്.കവിയുടെ പകലും രാത്രിയും പ്രഭാതവുമെല്ലാം വിവരിക്കുന്ന പൂങ്കോഴികൾ കൂകുന്നു എന്ന കവിതയിൽ കവികളാണ് പൂങ്കോഴികൾ. കെ കെ രാജയെക്കുറിച്ച് എഴുതിയ രാജകവി എന്ന കവിതയിൽ രാജാവിനെ പുംസ്കോകിലം എന്നാണ് വിശേഷിപ്പിക്കുന്നത്.മധുമക്ഷിക എന്ന കവിത മഹാകവിക്ക് അനുമോദനം അറിയിച്ചുകൊണ്ട് എഴുതിയിട്ടുള്ളതാണ്. മഹാകവിയെ മക്ഷിക എന്നാണ് അഭിസംബോധന ചെയ്യുന്നത്. കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൻ്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പാട്രിസ് ലുമുംബയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എഴുതിയ കവിതയിൽ അദ്ദേഹത്തെ യുവസിംഹമായി കരുതുന്നു.
"സിംഹങ്കുലമാമീ ഭൂമിയിലിന്നോളവും
നിങ്ങളാൽ ഹിതമായിലീത്തരം യുഹ സിംഹം "
കുരുവികൾ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘കവിതയോട് ‘ എന്ന കവിതയിൽ തൻ്റെ അറുമുഷിപ്പനായ ജോലിയെ " ഒരു ചക്കുക്കാള തൻ കഴിച്ചിലി "നോടാണ് സാദൃശ്യപ്പെടുത്തുന്നത്.അതുപോലെ, തന്നെ ചതിച്ച ഒരാളെക്കുറിച്ച് താമസിച്ച മനുഷ്യൻ എന്ന കവിതയിൽ "ഞാൻ ഏറ്റവും നമ്പിയ മണിതത്തയെൻകരളറുത്തതും " എന്ന സൂചിപ്പിക്കുന്നുണ്ട് .ഒരു പോത്തും രണ്ട് മൈനകളും എന്ന കവിതയിൽ മേലുദ്യോഗസ്ഥന്റെ തോളിൽ കയറി സേവമൊഴിയുന്ന സ്റ്റാഫംഗങ്ങൾ പലപ്പോഴും പരദ്രോഹത്തിന് വഴിയൊരുക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.മേലധികാരിയാണ് ഇവിടെ പോത്ത് .അദ്ദേഹത്തിൻ്റെ ചെവി തിന്നുന്ന സഹപ്രവർത്തകർ മൈനകളും.
"അത്ഭുതമില്ലീ ലോക-
മറയ്ക്കുന്നതിലെന്നെ " എന്ന വരികളിലൂടെ തവളയെക്കുറിച്ചാണ് കവി പറയുന്നത്. വിരൂപമായ ഉടൽ അതിനകത്ത് വിശ്വപ്രേമനിർഭരമായ ആർദ്രഹൃദയം എന്നിങ്ങനെ സ്വയം സാധൂകരിക്കാനായും കവി തവള എന്ന ഉപമ സ്വീകരിച്ചിരിക്കുന്നു.ഇതുകൂടാതെ ബസ് പോലെയുള്ള വാഹനങ്ങൾക്കും മൃഗങ്ങൾ കൊണ്ട് ഉപമ സൃഷ്ടിച്ചിട്ടുണ്ട് കവി .ചേറ്റുപുഴ എന്ന കവിതയിൽ
"ബസ്സൊരിരമ്പും കരിമ്പുലി പോലെ
ബദ്ധരയം കുതികൊള്ളുമ്പോൾ " എന്ന്
ഉപമിച്ചിരിക്കുന്നത് ഇവിടെ ഓർക്കാവുന്നതാണ്.
ലോകത്തോടു മുഴുവൻ സ്നേഹമുള്ള,പ്രകൃതിയിലെ സകലപ്രാണികളോടും ദയാവായ്പുള്ള ഒരു പാരമ്പര്യത്തെയാണ് എണ്ണപ്പുഴുക്കൾ എന്ന കവിത അനാവരണം ചെയ്യുന്നത്.
"അപ്പു,നീ ദ്രോഹിക്കരു "തമ്മ ചൊല്ലുന്നു,
ചിറ്റൂ -
രപ്പ, നാടുവാനെണ്ണകൊണ്ടുപോം പുഴുവല്ലോ "
എന്ന അമ്മ നിന്നോട് പറയുന്നിടത്ത് ഏതോ നിസ്സാരശലഭത്തിന്റെ ചെറുകുഞ്ഞാണിപ്പുഴു എന്ന യാഥാർത്ഥ്യത്തെ മറികടന്നുകൊണ്ട് അതിൻ്റെ ജീവിതത്തിന് ദിവ്യത്വം കൽപ്പിക്കുകയാണ് അമ്മ ചെയ്യുന്നത്.
"കൂരിരുട്ടിന്റെ കിടാത്തി " യായി വൈലോപ്പിള്ളി കല്പിച്ചിട്ടുള്ള കാക്കയാണ് അദ്ദേഹത്തിൻ്റെ കവിതകളിൽ ആവർത്തിച്ചുവരുന്ന പക്ഷി എന്ന പലരും പറഞ്ഞിട്ടുണ്ട്. "ഉറ്റതോഴരാണെന്നുമെനിക്കീ കറമ്പന്മാർ " എന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതും ഈ വാദത്തിന് ഒരു കാരണമാകാം.
പക്ഷേ അദ്ദേഹത്തിൻ്റെ രചനകളിലെ ജന്തുജീവിതം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ കാക്കയേക്കാൾ കൂടുതൽ ഹംസവും തത്തയുമെല്ലാം ആ കവിതകളിൽ ചിറകടിയൊച്ച ഉണ്ടാക്കുന്നുണ്ടെന്ന് കാണാം . മറ്റു പല കവിതകളിലും കാണാത്ത കാലൻകോഴിയെന്ന പക്ഷി ഒരുപാടു തവണ ആവർത്തിച്ചു വരുന്നതും കാണാം.ആ വരികളിൽ ഏറ്റവും അധികം ഇഴഞ്ഞു നീങ്ങിയിട്ടുള്ള ഭയപ്പെടുത്തുന്ന ഒരു ജന്തുവാണ് നാഗങ്ങൾ.സർപ്പക്കാട് എന്ന കവിതയിൽ മണ്ണറപൂകിയ ഞാഞ്ഞൂലുകൾ എന്ന പരാമർശമുണ്ട്.വെള്ളിലവള്ളിയിൽ ചെള്ളുകളെക്കുറിച്ചും ഉറുമ്പിൻ കൂട്ടങ്ങളെക്കുറിച്ചും പറയുന്നുണ്ട്.പനിനീർപൂന്തോട്ടം എന്ന കവിതയിൽ "പനിനീർച്ചെടിയെ തിന്നു മുടിക്കും വെൺചിതലു "കളെക്കുറിച്ച് പരാമർശമുണ്ട്.അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിൻ്റെ കവിതകളിലില്ലാത്ത ജന്തുക്കളെക്കുറിച്ചുള്ള അന്വേഷണമാകും കൂടുതൽ നല്ലത് എന്ന് തോന്നുന്നു. പൂമ്പാറ്റകളും തത്തകളും ( പുണ്യദർശനം )ആനയും ( വളർത്തുമകൾ )വണ്ടുകളും (നെയ്യാമ്പലുകൾ )പശുക്കളും (ഉപമന്യു )കാളകളും മയിലുകളും (ഗൃഹപുരാണം ) കുയിലുകളും (മഞ്ഞു കാലത്തെ കരിയിലകൾ) പുലിയും ( പുലിയമ്മ) ചെമ്മീനും (മിണ്ടുക മഹാമുനേ) കഴുകനും കുറുക്കനും (പിന്നത്തെ വസന്തമേള) കാലൻ കോഴി (വിഷുക്കണി ) കുരങ്ങനും (കുരങ്ങുരാമൻ) കൂറാനും ചിതലും (പൊട്ടി പുറത്ത് ശീവോതി അകത്ത് ) കുരുവികളും (വെള്ളില വള്ളി ) കോഴികളും ( പൂങ്കോഴികൾ കൂകുന്നു) ഒട്ടകവും (സർക്കസ് ) തേനീച്ചയും (ഇതുപോലെ ) എലിയും (വിരുന്നുകാരൻ)പ്രാവും ( ഉജ്ജ്വല മുഹൂർത്തം ) പൂച്ചയും ( പൂച്ച കുട്ടികൾ ) ആട്ടിൻ കുട്ടിയും (ചെന്നായയും ആട്ടിൻകുട്ടിയും ഇടയനും ), കൊറ്റിയും (കൊറ്റിയും കുറുക്കനും )കഴുതപ്പുലിയും ( ഇരുളിൽ ) വേട്ടാളനും ( വിഷുക്കണി ) ഓന്തും ( ഓന്ത് ) കടൽക്കാക്കകളും (കടൽകാക്കകൾ) കരിയിലക്കിളികളും (കരിയിലാം പീച്ചികൾ ) എന്നിങ്ങനെ വലിയൊരു ജന്തുലോകം തന്നെ അദ്ദേഹത്തിൻ്റെ കവിതകളിൽ നിറഞ്ഞിരുപ്പുണ്ട്.
ഉപസംഹാരം
പ്രകൃതിയുടെ പച്ചപ്പും , ജീവജാലങ്ങളുടെ വൈചിത്ര്യവുമാണ് വൈലോപ്പിള്ളിക്കവിതകൾക്ക് നിറം പകരുന്നത്.
"തുടുവെള്ളാമ്പൽ പൊയ്ക-
യല്ല ,
ജീവിതത്തിൻ്റെ
കടലേ കവിതയ്ക്കു
ഞങ്ങൾക്ക് മഷിപ്പാത്രം " എന്ന ദർശനം ഉൾക്കൊണ്ട് എഴുതുന്നതു കൊണ്ടായിരിക്കാം ഭൂമിയിൽ കാലുറപ്പിച്ച് നിന്നുകൊണ്ട് ചുറ്റുമുള്ള മനുഷ്യരെ നോക്കി , ആർത്തരുടെ വേദനയിൽ സഹതപിച്ചും, അവരെ ഉത്ഥാനത്തിലേക്ക് നയിക്കേണ്ട ആവശ്യകതയുണ്ടെന്നും , തിരുത്തലുകളിലൂടെ മുന്നേറണമെന്നും വിചാരിക്കുന്ന ഒരു കവിയ്ക്ക് മഴയോടും വെയിലിനോടും നിലാവിനോടും സംവദിക്കാനാവുന്നതുപോലെ മണ്ണിനോടും മരങ്ങളോടും മനുഷ്യരോടും സഹവർത്തിക്കാനാവുന്നതു പോലെ ചുറ്റുപാടുമുള്ള ജന്തുജാലങ്ങളോടുള്ള ഉത്തരവാദിത്തം മറക്കാനുമാകുന്നില്ല.
വിഷുക്കാലമായാൽ ഇന്നും മലയാളി ഏറ്റവും കൂടുതൽ ഏറ്റുചൊല്ലുന്നത്
" ഏതു ധൂസരസങ്കൽപ്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും "
എന്നാണല്ലോ ? കീടനാശിനികൾ കൊണ്ടും , മണ്ണു മാന്തിയന്ത്രങ്ങൾ കൊണ്ടും, നമ്മൾ ഇല്ലാതാക്കിയ വൈവിധ്യമാർന്ന ജന്തുലോകത്തെ, അവയ്ക്കു മുകളിലൂടെ പടുത്തുയർത്തിയ ബഹുനില കെട്ടിടങ്ങളിലിരുന്ന് കൊണ്ട് നമ്മുടെ വേരുകൾ തിരയുന്ന മലയാളിയെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളടക്കം ചെയ്തിട്ടുണ്ട് എന്നുള്ളതാണ് വൈലോപ്പിളളി രചനകളുടെ സവിശേഷത. കൊന്നപ്പൂക്കളെപ്പോലെ , തേന്മാവിൻ പൂക്കളെ പോലെ തുമ്പിയും പൂമ്പാറ്റയും വിഷുക്കിളികളും കുയിലുകളും മലയാളിയെ നിർണയിക്കുന്ന ജന്തുജാലങ്ങൾ ആയിരുന്നുവെന്ന തിരിച്ചറിവിലേക്കുള്ള പാത കൂടിയാണ് വൈലോപ്പിള്ളിയുടെ രചനകൾ തുറന്നിടുന്നത് .
സഹായകഗ്രന്ഥങ്ങൾ
1.എം.ലീലാവതി, മലയാള കവിതാസാഹിത്യ ചരിത്രം, കേരള സാഹിത്യ അക്കാദമി,തൃശ്ശൂർ,2011.
2. എം. ലീലാവതി, സാഹിത്യ നിരൂപണത്തിലെ ദിശാബോധം,കേരള സാഹിത്യ അക്കാദമി,തൃശ്ശൂർ, 2006.
3.വൈലോപ്പിള്ളി ശ്രീധരമേനോൻ,സമ്പൂർണ്ണ കൃതികൾ, കറൻ്റ് ബുക്ക് സ് , തൃശൂർ, 2010
4. ശ്രീ കണ്ഠേശ്വരം , ശബ്ദതാരാവലി , ഡിസി ബുക്സ്, കോട്ടയം, മൂന്നാം പതിപ്പ്, 2011 .
ഡോ . സ്വപ്ന. സി. കോമ്പാത്ത്
അസിസ്റ്റൻ്റ് പ്രൊഫസർ & HoD
മലയാളവിഭാഗം
സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (ഓട്ടോണമസ് ) , കൊടകര




Comments