മനോഭാവമാണ് റിയമാർ.
- GCW MALAYALAM
- Jul 15
- 4 min read
റിയ ഇഷ / രതീഷ് എസ്സ്.

ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ അദാലത്ത് ജഡ്ജി , ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം സിനിമ സീരിയൽ ആർടിസ്റ്റ് ട്രാൻസ്ജെൻഡർ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തമായ റിയ ഇഷയുമായി രതീഷ് എസ്സ്. നടത്തിയ സംഭാഷണം.
1. ഒരു ട്രാൻസ് വ്യക്തി എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ / സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ ? അനുഭവം വ്യക്തമാക്കാമോ ?
ഒരു ട്രാൻസ് വ്യക്തി എന്ന നിലയിൽ അഭിമാനം തോന്നിയ ഒരുപാട് നിമിഷങ്ങൾ ഉണ്ട്. ഈയൊരു അടുത്താണെങ്കിൽ കൂടൽ എന്ന മൂവിയിൽ എൻ്റെ അഭിനയം ഒരുപാട് പേർക്ക് ഇഷ്ടമാകുകയും അതിൽ ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുകയും ആ സിനിമ കണ്ടെറെങ്ങിയ നിമിഷവും വളരെ അഭിമാനം തോന്നിയ നിമിഷമാണ്. ‘കൂടൽ’ എന്ന സിനിമയിൽ നായക കഥാപാത്രത്തോടൊപ്പം പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഞാൻ ചെയ്തത്. സിനിമ കണ്ടവർക്ക് മനസ്സിലാകും എത്രത്തോളം ആഴമുള്ള കഥാപാത്രമാണ് അതെന്ന്. ഇതുവരെ ഇത്രയും നല്ലൊരു കഥാപത്രം കേരളത്തിലെ ഒരു ട്രാൻസ് വ്യക്തിയും ചെയ്തിട്ടില്ല. മുൻപും ട്രാൻസ് വ്യക്തികൾ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതൊക്കെ ഒന്നുകിൽ സെക്സ് വർക്കർ അല്ലെങ്കിൽ ചെറിയ കഥാപാത്രങ്ങൾ ഒക്കെ ആയിരുന്നു. പക്ഷേ ഈ സിനിമയിൽ എനിക്ക് നല്ലൊരു കഥാപാത്രമാണ് തന്നത്. അത് നന്നായി ചെയ്യാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.വളരെ അഭിമാനം തോന്നിയ നിമിഷമാണ്.
2. ട്രാൻസ് ജെൻഡർ എന്ന പദം പലപ്പോഴും രാഷ്ട്രീയ ലാഭമോ ഭരണാധികാരികൾ / സമൂഹം ആഘോഷമായോ കൺകെട്ടായോ ഉപയോഗിക്കുന്നതായി തോന്നിയിട്ടുണ്ടോ ?
എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല.
3. മാനസികവും ശാരീരികവുമായ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും സങ്കല്പിക്കാൻ കഴിയാത്ത കാര്യമാണ്. ഇതിനെ എങ്ങനെയാണ് റിയ കൈകാര്യം ചെയ്യുന്നത് ?
മാനസികവും ശാരീരികവുമായ വൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കുന്നതാണല്ലോ എല്ലാ ട്രാൻസ് വ്യക്തികളും. അവർ ഇവ രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നവർ തന്നെയാണ്. അത് കുറച്ച് ഹെവി റിസ്കാണ് സംഭവം. കാരണം ആ സമയങ്ങൾ ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ സ്ട്രഗിളിങ് പിരീഡ് തന്നെയാണ്. സാധാരണ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സങ്കല്പനങ്ങൾക്കും അപ്പുറമാണ് ഒരു ട്രാൻസ് വ്യക്തിയുടെ മനോബലം. ഒരേ സമയം ശാരീരികമായി ഒരാളായും മാനസികമായ് മറ്റൊരാളായും ജീവിക്കുക എന്നത് ദുഷ്കരമാണ്. അവയെ പടിപടിയായി മാറ്റുകയാണ് എന്നെപ്പോലുള്ളവർ ചെയ്യുന്നത്. എന്നാൽ അത് പറയും പോലെ വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു തലമല്ല. ഹെവി റിസ്കാണ്.
4. റിയയുടെ കുട്ടിക്കാലം / വിദ്യാഭ്യാസം എന്നിവിടങ്ങളിൽ കുടുംബം - സമൂഹം എന്നീ ദ്വന്ദ്വങ്ങൾ റിയയെ എങ്ങനെയാണ് സ്വാധീനിച്ചത് ?
ഞാനൊരു വലിയ കുടുംബത്തിലെ അംഗമാണ്. ധാരാളം അംഗങ്ങൾ ഉള്ള കുടുംബം. എൻ്റെ കുട്ടിക്കാലത്തൊന്നും വലിയ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. ആ സമയത്ത് ഞാൻ സ്ത്രെണഭാവം കാണിക്കുമ്പോൾ തന്നെ അതൊരു കുട്ടിയുടെ തലത്തിലൂടെ മാത്രമാണ് അവർ കണ്ടിരുന്നത്. പിന്നെ ഞാനൊരു ഏജ് കഴിഞ്ഞപ്പോഴാണ് ഞാനായിട്ട് ഒരു പെൺകുട്ടിയെ ഉൾകൊള്ളാൻ കഴിയില്ലായെന്നും ഞാൻ ഞാനായിട്ട് ജീവിക്കാമെന്ന് കരുതി ഇറങ്ങി തിരിച്ചതും.
5. റിയ പലപ്പോഴും പറയുന്ന ഒരു കാര്യമാണ് സർക്കാർ ജോലിയിലെ റിസർവേഷൻ. ആൺ - പെൺ റിസർവേഷൻ ഇല്ലാത്ത ഒരു നാട്ടിൽ റിയ പറയുന്ന റിസർവേഷൻ സാധ്യമാണോ ? ജോലിയിൽ റിസർവേഷനപ്പുറം ഉന്നതവിദ്യാഭ്യാസതലങ്ങളിലേക്ക് എത്താനും വിദ്യാഭ്യാസം നേടാനുമുള്ള സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുകയല്ലേ വേണ്ടത്?
ഉന്നതവിദ്യാഭ്യാസം നേടാനുള്ള സാഹചര്യം ഇവിടെ ഇപ്പോൾ ധാരാളമുണ്ട്. ഞാനൊക്കെ മലപ്പുറത്തെ ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിച്ച ആദ്യ ട്രാൻസ് വ്യൂമൺ ആയിരുന്നു. അത് കഴിഞ്ഞ് കഴിയുമ്പോൾ ഒരു ജോലി എന്ന് പറയുന്നത് ഞങ്ങളെപ്പോലുള്ളവർക്ക് ഭയങ്കര പാടാണ്. കിട്ടുന്നില്ല എന്ന് തന്നെ പറയാം. പിന്നെയും ഈ സെക്സ് വർക്കിന് ഇറങ്ങുക എന്നാണ്. അങ്ങനെ ഒരു സാഹചര്യത്തിലാണ് റിസർവേഷനെക്കുറിച്ച് പറയുന്നത്. പ്രത്യേകിച്ച് ഒരു റിസർവേഷൻ ഉണ്ടാകുകയാണെങ്കിൽ അവർക്ക് ഒരു ജീവിതമാർഗം തന്നെ വളരെ , ജീവിതമല്ല സമൂഹം അവരെ നോക്കി കാണുന്നത് തന്നെ മാറും. സമൂഹത്തിൽ ഒരു സ്ഥാനവും അംഗീകാരവും ലഭിക്കുന്നതിന് അത് കാരണമാകും. വളരെ വേഗത്തിൽ തന്നെ അവരുടെ ജീവിതരീതികളും മാറും. ഒരു ജോലിക്കപ്പുറം സമൂഹത്തിൻ്റെ പരിഗണനയാണ് ഇതിലൂടെ സാധ്യമാകുന്നത്.
6. സംവിധായകൻ ശ്രീകാന്ത് ശ്രീധരനുമായുള്ള അടുപ്പം ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്ന് പല വേദികളിലും പറഞ്ഞ് കേട്ടിട്ടുണ്ട് - ആ അനുഭവങ്ങൾ പറയുമോ ?
ഈ ബന്ധം ജീവിതത്തിൽ വലിയ മാറ്റം ഉണ്ടായി എന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. പുള്ളിക്കാരനുമായി നല്ല സൗഹൃദമാണ് ഒരു അവാർഡ് മൂവി എനിക്ക് സമ്മാനിച്ചത് അദ്ദേഹമാണ്. പക്ഷേ അതൊരു റിലീസിലേക്ക് ഒരുക്കാൻ സാധിച്ചിട്ടില്ല. ട്രാൻസിനെ സംബന്ധിച്ചിട്ട് നല്ലൊരു അന്വേഷണം നടത്തിയിട്ടുള്ള വ്യക്തിയാണദ്ദേഹം . അതേ തീം ഉപയോഗിച്ച് തന്നെയാണ് അദ്ധേഹം സിനിമയും ചെയ്തിരിക്കുന്നത്. എന്നാൽ അദ്ദേഹമാണ് എൻ്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തി എന്ന് പറയാനാകില്ല.
അങ്ങനെ നോക്കുകയാണെങ്കിൽ എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയിട്ടുള്ളത് സിന്ധുമാമിനോടാണ്. കൈലാസ് പ്രൊഡക്ഷൻ്റെ സിന്ധു മാമിനോട് നടൻ മുകേഷിൻ്റെ സഹോദരിയാണ് . പുള്ളിക്കാരിയാണ് എനിക്ക് ആദ്യമായി സീരിയലിൽ ഒരു അവസരം തരുന്നത്. അതും എനിക്ക് ഏറെ ഇഷ്ടപ്പെട്ട പോലീസ് വേഷത്തിൽ. അവരോടാണ് എനിക്ക് ഗുരുത്വസമാനമായ ബഹുമാനം ഉള്ളത്. ബാക്കി എല്ലാ സംവിധായകരോടും ബഹുമാനമുണ്ട്.
7. സിനിമ - സീരിയൽ ലോകത്തേക്കുള്ള കടന്നു വരവും അതിലെ നിലനിൽപ്പും വിശദമാക്കാമോ?
സിനിയിലാണേലും സീരിയലിലാണേലും എപ്പോഴും ലൈവായിരിക്കുക എന്നതാണ് ഏറെ പ്രാധാന്യം. ഈ മേഖലയിലാണെങ്കിൽ ലൈവായി തുടരുക. അല്ലാതെ ഇന്നവേഷം കിട്ടിയാലേ ഇന്നത് ചെയ്യൂ അങ്ങനെയൊന്നുമില്ല. നമുക്ക് കിട്ടുന്ന വേഷം കുഴപ്പമില്ല എന്ന് തോന്നിയാൽ ചെയ്യുക. സിനിമ എന്നതാണെങ്കിൽ ഒരു നിശ്ചിത കാലയളവിൽ കഴിയുന്നതാണ് . എന്നിരുന്നാലും തുടർച്ചയായ വർക്ക് ഉണ്ടാകും. നല്ലൊരു വേഷം കൂടിയാണെങ്കിൽ മാസത്തിൽ ഇത്ര ദിവസം ഷൂട്ട് എന്നൊക്കെ പറയാൻ കഴിയും. എന്നെ സംബന്ധിച്ചിടത്തോളം ഇവ രണ്ടും(സിനിമയും സീരിയലും) ഒരേ നാണയത്തിൻ്റെ ഇരുപുറങ്ങളാണ്. രണ്ടിനും അതിൻ്റേതായ സ്ഥാനം ഉണ്ട്.
8. എന്തുകൊണ്ടാണ് സ്ക്രീനിൽ കൂടുതലും പോലീസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്?
എന്തുകൊണ്ടാണ് പോലീസ് വേഷങ്ങൾ കൂടുതൽ ചെയ്യുന്നു എന്ന് ചോദിച്ചാൽ എനിക്ക് കിട്ടുന്ന വേഷങ്ങൾ ഞാൻ ചെയ്യുന്നു. അല്ലാതെ ഇന്നത് കൊണ്ടല്ല. പിന്നെ എനിക്ക് ഏറ്റവും കൂടുതൽ യോജിക്കുന്ന വേഷം എന്നത് നമ്മളെ ഒരു ഡയറക്ടർ കാണുമ്പോൾ നമ്മുടെ രൂപം ഇന്ന കഥാപാത്രത്തിന് ഓക്കെയാണെന്ന് ഡയറക്ടർ തീരുമാനിക്കുകയും അതിനായി നമ്മളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അത് ഞാൻ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു എന്ന് മാത്രം . അതിലുപരി അഡ്വകേറ്റ്, പോലീസ് , ഡോക്ടർ ഇങ്ങനെയുള്ള റോളുകൾ, അതായത് സമൂഹം മാം എന്ന് സംബോധന ചെയ്യുന്ന വേഷങ്ങൾ ചെയ്യാനാണ് കൂടുതൽ താത്പര്യം.
9 . ട്രാൻസ്ജെൻഡർ എന്ന പദം തൃപ്തികരമാണോ ?
തീർച്ചയായും. എന്നെ ട്രാൻസ് വ്യുമൺ എന്ന് വിളിക്കുന്നത് തന്നെയാണ് എനിക്ക് ഇഷ്ടം. സാധാരണ ഗതിയിൽ സമൂഹം അംഗീകരിക്കുന്ന ഒരു ലേഡി അല്ല ഞാൻ . പുരുഷ ശരീരത്തിൽ നിന്നും സ്ത്രീയിലേക്ക് മാറിയ ഒരാളാണ് ഞാൻ. അപ്പോൾ അതിനൊരു കാറ്റഗറി - ട്രാൻസ്ജെൻഡർ എന്ന രീതിയിൽ ജനങ്ങൾ അംഗീകരിക്കുമ്പോൾ ആ പദം വളരെ നല്ല പദമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
11. പല മേഖലകളിൽ കഴിവു തെളിയിച്ച ഒരു വ്യക്തിയാണ് റിയ - ഇനിയും സമൂഹത്തിൽ റിയമാർ ഉണ്ടാകുമോ ?
ഏയ് റിയ എന്ന് പറയുന്നത് ട്രാൻസ്ജെൻഡറിൻ്റെ അവസാന വാക്കൊന്നും അല്ല ഒരുപാട്, ഒത്തിരി ഇപ്പോൾ ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. അപ്പോൾ എന്നെക്കാളും വലിയ റിയമാർ ഇനിയും ജനിക്കാൻ പോകുന്നു . ഇപ്പോൾ ഉള്ളതിൽ തന്നെ കേമന്മാരും കേമത്തിമാരും ഉണ്ട്. ഇതൊന്നും ഇവിടം കൊണ്ട് അവസാനിക്കാൻ പോകുന്നില്ല.പുരാതനകാലം മുതൽ തന്നെ ട്രാൻസ് ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ പുതിയ പേരുകൾ നൽകുന്നു എന്ന് മാത്രം. നബിയുടെ കാലം തൊട്ടെ ഹുൻസ എന്ന് പറയുന്ന ഞങ്ങളെ പോലുള്ള വർഗ്ഗം ഉണ്ടായിരുന്നു. കാലം മാറുമ്പോഴാണ് ഓരോ വിഭാഗവും സ്വതന്ത്രത്തിലേക്ക് എത്തുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമാണല്ലോ നമുക്ക് എല്ലാ പേർക്കും ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ കഴിഞ്ഞത്. അതുപോലെ തന്നെ ഇപ്പോൾ ട്രാൻസ് എന്നൊരു വിഭാഗം എല്ലാ ജനവിഭാഗങ്ങൾക്കിടയിലും ഉണ്ട് എന്ന് കാട്ടി കൊടുക്കാനും അതിനു വേണ്ടി പോരാടാനും അത് സമൂഹത്തിലേക്ക് വ്യാപിപ്പിക്കാനും കഴിയുന്നുണ്ട്.
12. പുതിയ പ്രോജക്ടുകൾ എന്തൊക്കെയാണ്?
എൻ്റെ പുതിയ പ്രോജക്ട് ധീരം എന്ന് പറയുന്ന ചിത്രത്തിൽ ഇന്ദ്രജിത്തിനോടൊപ്പം നാലഞ്ച് സീനിൽ വരുന്നുണ്ട്. പിന്നെ വിസ്കി എന്നൊരു മൂവി പിന്നെ ഒരു ഫോറസ്റ്റ് ഓഫീസർ ആയിട്ടുള്ള മൂവി വരുന്നു. കൂടാതെ ഏഷ്യനെറ്റിൽ സ്നേഹക്കൂട് എന്ന സീരിയലും ചെയ്ത് കൊണ്ടിരിക്കുന്നു.
Comments