top of page

മലയാളകാവ്യശാഖയിലെ ആലാപനവഴികളുടെ സാംസ്കാരികധ്വനികള്‍

  • 6 days ago
  • 4 min read

Updated: 3 days ago

ഡോ. ലക്ഷ്മി ദാസ്

താക്കോൽ വാക്കുകൾ: സാഹിത്യ രൂപം - ശബ്ദതലം - ജനപ്രിയ സ്വഭാവം - സാംസ്കാരിക ധ്വനികൾ 

മലയാളത്തിന്റെ സാഹിത്യരൂപങ്ങളിൽ സംഗീതാംശത്തിന് എന്നും പ്രാധാന്യം നല്കിവരുന്നുണ്ട്. മലയാളിയുടെ സ്വത്വബോധവുമായി ബന്ധപ്പെടുത്തി കേസരി ഇതു വിശദീകരിച്ചിട്ടുമുണ്ട്. കവിതയുടെ രൂപവും ഭാവവും മാറിവരുമ്പോഴും ഈ പ്രവണത പലവഴികളിലായി നിലനിൽക്കുന്നു. ചങ്ങമ്പുഴ ഉൾപ്പെടെയുള്ളവരുടെ കവിതകൾ വരികൾ കൊണ്ടു മാത്രമല്ല അതിലെ സംഗീതം കൊണ്ടു കൂടിയാണ് വളരെ ജനകീയമായത്. ആധുനികതയുടെ കാലത്തും വിവിധ വൃത്തവൈവിധ്യങ്ങളും  പടയണിയുടെ നാട്ടുതാളങ്ങളുമൊക്കെ കവിതയെ പല തരത്തിൽ ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിച്ചു. പിന്നീട് മൈക്കിന്റെയും ഓഡിയോ കാസറ്റുകളുടെയും കാലമായപ്പോൾ കാവ്യാലാപനത്തിന്റെ സാദ്ധ്യതകൾ വർദ്ധിച്ചു. പുതിയകാലത്തിൽ പുതിയരൂപത്തിൽ മലയാളിയുടെ സംഗീതഭ്രമം കാവ്യാലാപനത്തിന്റെ രൂപസവിശേഷതകളെ നിർണ്ണയിച്ചു എന്നതു വളരെ പ്രധാനമാണ്.

മലയാളത്തിന്റെ വിപുലമായ കാവ്യരൂപങ്ങളില്‍ സംഗീതത്തിന് പ്രമുഖസ്ഥാനമുണ്ട്. കേസരി ബാലകൃഷ്ണപ്പിള്ള നരവംശശാസ്ത്രപരമായുള്ള മലയാളിയുടെ സവിശേഷതകളിലൂന്നി സംഗീതഭ്രമമെന്ന ആശയത്തെ വിശദീകരിക്കുകയും കുഞ്ചൻ നമ്പ്യാർ, ചങ്ങമ്പുഴ എന്നിവരുടെ കവിതകളിലെ ജനകീയസ്വഭാവങ്ങളെ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.  താളമേളങ്ങളുടെ നാടായ കേരളത്തിലെ സാഹിത്യരൂപങ്ങളില്‍ സംഗീതത്തിന്റെ സാന്നിധ്യം ഉണ്ടാവുക സ്വാഭാവികമാണ്. 'സംസ്കൃതത്തില്‍ നിന്നും വ്യത്യസ്തമായി കേരളഭാഷയില്‍ ഗാനങ്ങളും സാഹിത്യത്തില്‍ ചേര്ത്തു വ്യവഹരിച്ചു പോരുന്നുണ്ട്' (1987:4) എന്ന് അപ്പന്‍ തമ്പുരാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

എല്ലാ ഭാഷകളിലും സാഹിത്യത്തിന്റെ തുടക്കം ഗാന/പാട്ടു രൂപത്തിലായിരിക്കാം ഉണ്ടായതെന്ന് സാമാന്യമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗാനരൂപത്തിൽ നിന്നും സാഹിത്യത്തിന്റെ വിഭിന്നരൂപങ്ങളിലുള്ള വളർച്ചയിൽ സാഹിതീയതയും അതുപോലെതന്നെ പാട്ടുവഴക്കങ്ങളും പലപ്രകാരേണ സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. പാട്ടിലൂടെയും മണിപ്രവാളത്തിലൂടെയും വളര്ന്നുവന്ന മലയാളപദ്യശാഖയുടെ സഞ്ചാരവഴികളിലെ സംഗീതത്തിന്റെ സാന്നിധ്യവും ഈണങ്ങളുടെ പരിണാമവും അവ നല്കുന്ന സാംസ്കാരികമായ സൂചകങ്ങളുമാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഭാഷയിലെ ആദ്യകാലകവികളായ രാമചരിതകാരനും കണ്ണശ്ശന്മാരും എഴുത്തച്ഛനുമൊക്കെ ആലാപനരീതിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് രചന നിര്‍വഹിച്ചവരാണ്. തങ്ങളുടെ രചനകളുടെ നിലനില്പ് അവയുടെ ആലാപനങ്ങളിലൂടെയുള്ള പടർച്ചകളിലാണെന്ന ബോധ്യം അവർക്കുണ്ടായിരുന്നിരിക്കണം. അതുകൊണ്ടുതന്നെ ആ ഈണങ്ങളിലൂടെ ലോകജീവിതത്തെ സംബന്ധിക്കുന്ന വലിയ തത്ത്വങ്ങള്പോലും ലളിതമായി ജനങ്ങളിലേക്കിറങ്ങി 'അര്‍ത്ഥബോധത്തോടുകൂടി ഉള്‍കൊണ്ടുകൊണ്ടുള്ള ആലാപനരീതി സഹൃദയര്‍ കാവ്യാനുശീലനത്തിന്റെ ഭാഗമായി കൈക്കൊണ്ടുപോന്നിട്ടുണ്ട്' (1998:11) എന്നത് ഈണങ്ങളുടെ പ്രചാരത്തിന് കാരണമായി.

കേരളത്തില്‍ കാവ്യങ്ങളുടെ ആലാപനശൈലികള്‍ക്ക് തുടക്കം കുറിച്ചത് ഭക്തിസാഹിത്യവുമായി ബന്ധപ്പെട്ടാണ്. ഭാഷ അതിന്റെ പൂര്‍ണ്ണവളര്‍ച്ചയിലെത്തിയ കാലഘട്ടത്തില്‍ എഴുതപ്പെട്ട കൃഷ്ണഗാഥയും രാമായണമഹാഭാരതങ്ങളും ഹരിനാമകീര്‍ത്തനവുമെല്ലാം ഏറ്റവും സാധാരണമായ രീതിയില്‍ അതിനുള്ളിലെ സംഗീതഭാവത്തെയും താളത്തെയും മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് ക്ഷേത്രങ്ങളിലും വീടുകളിലും പാരായണം ചെയ്യപ്പെടുകയും പിന്നീട് അത് സംഗീതാത്മകമായ രാഗബദ്ധമായ കാവ്യാലാപനരീതികളിലേക്ക് വളരുകയുമാണ് ചെയ്തത്.

ഭക്തി വിഷയമായി എഴുതപ്പെട്ട കാവ്യങ്ങളും ഗാനങ്ങളും അവയുടെ വ്യത്യസ്തമായ ആലാപനവഴികളുമെല്ലാം കേരളത്തിന്റെ സംഗീതചരിത്രത്തില്‍ വ്യക്തമായ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. മന്ദഗതിയിലും ഭക്തിഭാവത്തിലും ആലപിക്കപ്പെടുന്ന സോപാനസംഗീതശൈലിയും ലളിതവും കഥാത്മകവും ആയ കിളിപ്പാട്ട്ശൈലിയും ഉത്സാഹവും കൂട്ടായ്മസ്വഭാവവും വര്‍ദ്ധിപ്പിക്കുന്ന വഞ്ചിപ്പാട്ട് ശൈലിയുമെല്ലാം ഭാഷയിലെ കാവ്യാലാപനരീതികളെ സ്വാധീനിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ പണ്ടുകാലം മുതല്‍ അവതരിപ്പിച്ചു വന്നിരുന്ന, സംഗീതത്തിന് വളരെ കുറഞ്ഞ പ്രധാന്യം മാത്രമുണ്ടായിരുന്ന അക്ഷരശ്ലോകവേദികളിലും സംഗീതത്തിന്റെ സാന്നിദ്ധ്യം കണ്ടു തുടങ്ങി.

കിളിപ്പാട്ട് വൃത്തങ്ങളിലൂടെയും തുള്ളൽപ്പാട്ടുകളിലൂടെയും വഞ്ചിപ്പാട്ടിന്റെ വിവിധ ഈണങ്ങളിലൂടെയും രൂപപ്പെട്ട കാവ്യമേഖലയിലെ പല താളങ്ങൾക്കും കാലത്തിനനുഗുണമായി പലപരിണാമങ്ങളും സംഭവിക്കുന്നുണ്ട്. താളാത്മകമായ പദ്യത്തില്‍ ഓര്‍മ്മയുടെ ഘടകം കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നു കാണാം. താളാത്മകമായ പദ്യങ്ങളുടെ പ്രചാരത്തിൽ കാലഘട്ടങ്ങളിലൂടെ പല പരിണാമങ്ങളും സംഭവിക്കുന്നുണ്ട്. ആസ്വാദനത്തിന്റെ ഭാഗമായുള്ള ചൊല്ലലിൽ നിന്നും ആസ്വദിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആലാപനത്തിലേക്ക് ആ ചൊൽവഴികൾ മാറുന്നതായി കാണാം. സുഹൃദ് സദസ്സുകളിലും മറ്റും ആരംഭിച്ച ഈ കവിതാലാപനം പൊതുസമ്മേളനങ്ങളുടേയും കാസറ്റുകളുടേയുമൊക്കെ ഭാഗമായി വളരെയധികം ജനശ്രദ്ധപിടിച്ചുപറ്റിയതായി കാണാം.

നാലുവരിയുള്ള ശ്ലോകങ്ങള്‍ വെറുതെ പറഞ്ഞുപോകുന്നതില്‍ നിന്നും വ്യത്യസ്തമായി അവയെ സംഗീതാത്മകമായി ചൊല്ലുവാന്‍ അക്ഷരശ്ലോകം അവതരിപ്പിക്കുന്നവര്‍ ശ്രദ്ധിച്ചു തുടങ്ങി. സംസ്കൃതവൃത്തത്തില്‍ എഴുതപ്പെട്ട പല കാവ്യങ്ങളും സംഗീതാത്മകമായി അവതരിപ്പിക്കപ്പെട്ടു. മലയാളത്തില്‍ ആധുനിക കവിത്രയം മുതല്‍ ഇങ്ങോട്ടുള്ള കവികള്‍ ഭൂരിഭാഗവും വൃത്തബദ്ധമായും താളാത്മകമായും കവിതകള്‍ എഴുതിയവരാണ്. അതുകൊണ്ടുതന്നെ ആ കവിതകള്‍ക്ക് അതാത് വൃത്തത്തിന്റേതായ സ്വാഭാവിക ഈണവും ഉണ്ടായിരുന്നു. ഈ വൃത്തങ്ങളുടെ ഈണത്തില്‍ അവ ചൊല്ലുക എന്നത് അത്ര ശ്രമകരമായ കാര്യമായിരുന്നില്ല. എന്നാല്‍ ചില വൃത്തങ്ങളുടെ സ്വഭാവികമായ ഈണങ്ങള്‍ കവിതയുടെ ഭാവത്തെ പ്രതികൂലമായി ബാധിക്കും എന്ന വസ്തുതയും കാണാതിരിക്കാനാവില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഗീതത്തിലെ രാഗഭാവം കവിതയ്ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. 'സമുചിതമായ ഒരു രാഗത്തിന്റെ ജീവസ്വരത്തില്‍ ഊന്നി രാഗഭാവം വരുത്തി പദ്യം ആലപിക്കുന്നത് പലപ്പോഴും മധുരമാണ്. വൃത്തത്തിലുള്ള ഏതു വരിയെയും ഏതുരാഗവും കൊടുത്ത് സംഗീതമാക്കാം എന്നതാണ് സംഗീതസംവിധാനത്തിന്‍റെ കല' (1998:35) എന്ന് പി. നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. അങ്ങനെ ആ പദ്യത്തിന്റെ ഭാവത്തോട് നീതി പുലര്‍ത്താനും കഴിയും.

ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയവരുടെ കവിതകളില്‍ വൃത്തത്തിന്റെ തനതായ ഈണത്തില്‍ ചൊല്ലാവുന്ന കവിതകളും രാഗഭാവം നല്‍കി അവതരിപ്പിക്കാവുന്ന കവിതകളും ധാരാളമുണ്ട്. കുമാരനാശാന്‍ എഴുതിയ 'കരുണ' ഉന്മേഷദായകമായ വഞ്ചിപ്പാട്ട് (നതോന്നത) വൃത്തത്തിലാണ് എഴുതിയിരിക്കുന്നതെങ്കിലും കാവ്യഭാവം വൃത്തഭാവത്തിന് അനുകൂലമല്ലായ്കയാല്‍ അത് മറ്റുതരത്തില്‍ ചൊല്ലാറുണ്ട്. എന്നാല്‍ ഊനതരംഗിണിയില്‍ എഴുതപ്പെട്ട ഉള്ളൂരിന്റെ പ്രേമസംഗീതം കാലമിത്ര കഴിഞ്ഞിട്ടും അതേ ശീലില്‍ തന്നെ തുടരുന്നുമുണ്ട്.

ഇങ്ങനെ പലതരത്തില്‍ ആധുനികകവിത്രയത്തിന്റെ കവിതകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും മലയാളകവിതയെ ആലാപനവഴികളിലൂടെ ഏറെ ജനകീയമാക്കിയ കവി ചങ്ങമ്പുഴയാണ്. അദ്ദേഹത്തിന്റെ കവിതകള്‍ കാവ്യാത്മകമായ വരികള്‍ കൊണ്ടു മാത്രമല്ല അവയിലെ സംഗീതം കൊണ്ടുകൂടിയാണ് ശ്രദ്ധേയമായത്. 1934 ല്‍ ചങ്ങമ്പുഴ എഴുതിയ 'ബാഷ്പാഞ്ജലി' വരികളിലെ മൃത്യുബോധം കൊണ്ടു മാത്രമല്ല അതിലുപയോഗിച്ചിരുന്ന മലനാട്ടുശീലുകളുടെ സാന്നിദ്ധ്യം കൊണ്ടുകൂടിയാണ് വായനക്കാരെ ആകര്‍ഷിച്ചത്' (2022:238)'. കവിതകളുടെ പേരുകള്‍ക്കൊപ്പം അതില്‍ താനുപയോഗിച്ചിരിക്കുന്നത് ഏത് 'മട്ട്' ആണെന്നുകൂടി കവി സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ കവിത വായിക്കുന്നവര്‍ക്ക് അതിന്‍റെ ഈണം തേടി അലയേണ്ടി വന്നിട്ടില്ല. 'ദാര്‍ശനികതയുടെ ഉദാത്ത തലത്തിലേക്കുയരുക' എന്നതിനേക്കാള്‍ ഒരു ഗാനരചയിതാവിന്‍റെ സാന്നിദ്ധ്യമാണ് ചങ്ങമ്പുഴകവിതകള്‍ അനുഭവപ്പെടുത്തുന്നത്' (2022:239)

ചങ്ങമ്പുഴയുടെ സംഗീതാത്മകമായ വരികള്‍ പല ചലച്ചിത്രഗാനങ്ങളുടെ നിര്‍മ്മിതിക്കും പ്രേരണയായിട്ടുണ്ട്. 'കുറത്തി' ശീലിന്റെ വ്യത്യസ്തങ്ങളായ ചൊല്‍വടിവുകള്‍ ചങ്ങമ്പുഴ ഉപയോഗിച്ചിട്ടുണ്ട്.

'ഒരു ദിവസം പുലരൊളിയില്‍

കുരുവികള്‍ തന്‍ ജനലരികില്‍'

എന്ന വരികളുടെ ചൊല്‍വടിവിലാണ് വയലാര്‍ രാമവർമ്മ :

'അവള്‍ കുളിക്കും പുഴക്കടവില്‍

അവള്‍ക്കുടുക്കാന്‍ പുടവയുമായ്' എന്ന ചലച്ചിത്രഗാനം എഴുതിയതെന്നും, ജി. ദേവരാജന്‍ ആദ്യമായി ഈണം നല്‍കിയത് ചങ്ങമ്പുഴയുടെ ആത്മരഹസ്യം എന്ന കവിതയ്ക്കാണെന്നും ബി.വി. ശശികുമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (2012:242).

കവിതകളുടെ ഗാനാത്മകത തൊട്ടറിഞ്ഞ കവിയാണ് ചങ്ങമ്പുഴ. മലയാളകവിതയ്ക്ക് സംസ്കൃതവൃത്തങ്ങളുടെ അച്ചടക്കത്തേക്കാള്‍ നാടന്‍ ഈണങ്ങളുടെ ഒഴുക്കാണ് ഇണങ്ങുന്നതെന്ന് മുന്‍പേ അദ്ദേഹം തിരിച്ചറിഞ്ഞു. 'രമണന്‍' ചൊല്ലി നടക്കാത്ത മലയാളികള്‍ വിരളമായിരിക്കും എന്നതു തന്നെ അദ്ദേഹത്തിന്‍റെ ജനകീയതയ്ക്ക് ഉദാഹരണമാണ്. സംഗീതത്താല്‍ വായനക്കാര്‍ക്ക് ഇന്ദ്രിയസുഖം നല്‍കിയ കവിയാണ് ചങ്ങമ്പുഴ എന്ന് കേസരി അഭിപ്രായപ്പെട്ടിട്ടുണ്ട്.

താളബദ്ധതയും ഗാനാത്മകതയും പുതിയ ഭാവുകത്വത്തിനു യോജിക്കുന്നതല്ലെന്നും ഗാനാത്മകത കവിതയുടെ ഗൗരവം ചോര്‍ത്തിക്കളയും എന്നമുള്ള പ്രബലവാദം നിലനില്ക്കെതന്നെ സംഗീതഭ്രമത്താൽ, അവഗണിക്കപ്പെട്ട പലരുടേയും കവിതകൾ കൊണ്ടാടപ്പെട്ടു. കവിത ഗൗരവതരമാക്കാൻ ശ്രമിച്ചവരിലും ഈ സംഗീതാത്മകത മറ്റൊരുതരത്തിൽ പ്രത്യക്ഷപ്പെട്ടു. മലയാളകവിതയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന കക്കാടും, അയ്യപ്പപണിക്കരും, ആറ്റൂരും, സച്ചിദാനന്ദനും സാമ്പ്രദായികവൃത്തങ്ങളെ പരീക്ഷണങ്ങളോടെ പ്രയോഗിച്ചവരാണ്. സാമ്പ്രദായിക വൃത്ത, ഗാനപാരമ്പര്യത്തെ അതിലംഘിക്കുന്നവയാണെങ്കിലും അവയ്ക്കും താളാത്മകയുണ്ടായിരുന്നു. സംഗീതം ഉള്‍ച്ചേര്‍ന്ന കവിതകളില്‍ നിന്ന് സംഗീതത്തിനു വേണ്ടിയുള്ള കവിതകളിലേക്കുള്ള മാറ്റം മലയാളത്തിലെ സാഹിത്യസാംസ്കാരികമേഖലയില്‍ സംഭവിച്ച മാറ്റങ്ങളെയും പുതിയ പ്രവണതകളെ കൂടിയുമാണ് മുന്നോട്ടുവയ്ക്കുന്നത്. 'കവിത പദ്യമേയല്ല എന്നൊരു തോന്നല്‍ ആധുനികതാവാദകാലത്തും തുടര്‍ന്ന് ആധുനികാനന്തരകാലത്തും പ്രബലമാവുകയും ഗദ്യകവിതകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുകയും' ചെയ്തത് (2022:17) കാവ്യാസ്വാദനത്തെ ബാധിച്ചു. എന്നിരുന്നാലും കവിതാചരിത്രത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തിയത് താളാത്മകമായ കാവ്യരൂപങ്ങള്‍ തന്നെയാണെന്നു കാണാം.

ആധുനികതയുടെ കാലത്തും വിവിധ വൃത്തവൈവിധ്യങ്ങളും പടയണിയുടെ നാട്ടുതാളങ്ങളുമൊക്കെ കവിതയെ കൂടുതല്‍ ആസ്വാദ്യകരമാക്കി. കടമ്മനിട്ടയുടെ പടയണിത്താളങ്ങളും ചൊല്‍ക്കാഴ്ചയുമൊക്കെ മലയാളകവിതയുടെ അവതരണതലത്തെ വേറിട്ടതാക്കി. കവിതയ്ക്ക് സംഗീതത്തോടും താളത്തോടും ബന്ധിച്ചു നില്‍ക്കുന്ന സുദൃഢമായ അടിവേരുണ്ട് എന്നത് ഇതില്‍ നിന്നും തന്നെ വ്യക്തമാണ്. തൊണ്ട തുറന്ന് ചൊല്ലിയിരുന്ന കവിതകളെ ആളുകള്‍ സ്വീകരിച്ചിരുന്നെങ്കിലും ആ രീതിയില്‍ വിപ്ലവകരമായ മാറ്റം സംഭവിച്ചത് മൈക്കിന്റെ ഉപയോഗവും ഓഡിയോകാസറ്റുകളുടെ പ്രചാരവും വര്‍ദ്ധിച്ചതോടുകൂടിയാണ്. അതുകൊണ്ടുതന്നെ കവിതകളധികവും വരികളിലുള്ള സംഗീതത്തെ മാത്രം ആശ്രയിക്കാതെ രാഗഭാവത്തോടെ സംഗീതം കൊടുത്ത് ചൊല്ലാവുന്ന തരത്തിലേക്ക് രൂപപരമായി മാറ്റപ്പെട്ടു.

കാവ്യശരീരത്തെ ആശയം കൊണ്ട് എന്നതിനേക്കാള്‍ അധികം ശബ്ദം കൊണ്ട് ശ്രദ്ധേയമാക്കുന്ന തലത്തിലേക്ക് അവതരണം മാറി. ഈ മേഖലയില്‍ ഏറ്റവും ശ്രദ്ധേയനായ കവിയാണ് വി. മധുസൂദനന്‍നായര്‍. അദ്ദേഹത്തിന്‍റെ 'നാറാണത്തുഭ്രാന്തന്‍' തുടങ്ങിയുള്ള കവിതകള്‍ കാവ്യാലാപനത്തിന്‍റെ പുതിയ വഴികള്‍ തുറന്നിട്ടു. സ്വന്തം കവിതകള്‍ മാത്രമല്ല മലയാളത്തിലെ പ്രശസ്തമായ ഈണങ്ങളും പിന്നീട് കവിതകളിലെ വരികള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്. അക്കാലത്തുതന്നെ ഒ.എൻ.വിയെപ്പോലെയും സുഗതകുമാരിയെപ്പോലെയുമുള്ളവരും സ്വന്തം ശബ്ദത്തിൽ കവിതയാലപിച്ച് ശ്രദ്ധനേടുന്നുണ്ട്. ചൊൽകവിതകളിൽ നിന്നും ഭിന്നമായി ചുള്ളിക്കാടും കടമ്മനിട്ടയുമെല്ലാം ഈ മാർഗ്ഗം സ്വീകരിക്കുന്നുണ്ട്. മലയാളത്തിലെ ശ്രദ്ധേയങ്ങളായ പല കവിതകളും ജനപ്രിയമാവുന്ന കാലഘട്ടമായിരുന്നു അത്.  പൊതുയോഗങ്ങളിലും വാഹനങ്ങളിൽപ്പോലും കവിതകൾ കേട്ടുതുടങ്ങി. പിന്നീട് കാസറ്റുകവിതകളുടെ പ്രവാഹത്തിൽ സാഹിതീയത കുറഞ്ഞ് സംഗീതാത്മകത മാത്രമായി പലകവികളും ആഘോഷിക്കപ്പെട്ടിട്ടുണ്ട്. മലയാളിയുടെ ഈ കവിതാഭ്രമം വൈകാതെ അവസാനിക്കുകയും സാമൂഹ്യമാധ്യമങ്ങളുടെ കാലത്തിൽ പുതിയരൂപം കൈവരിക്കുന്നതായും കാണാം.

നവമാധ്യമങ്ങളുടെ കാലഘട്ടമായപ്പോഴേക്കും പ്രഗല്‍ഭരായ സംഗീതസംവിധായകര്‍ കവിതകള്‍ തെരഞ്ഞെടുത്ത് രാഗാടിസ്ഥാനത്തില്‍ ഈണം നല്‍കി അവതരിപ്പിക്കുന്ന തരത്തിലേക്ക് സാഹചര്യങ്ങള്‍ മാറുന്നുണ്ട്. അത് മത്സരവേദികളിലും ആസ്വാദനസദസ്സുകളിലും ചൊല്ലുക മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. യുട്യൂബ് പോലുള്ള മാധ്യമങ്ങളിലൂടെ കവിത വീണ്ടും ശക്തമായി തിരിച്ചുവരവ് നടത്തി എന്നുപറയാം. കാസറ്റുകവിതകളുടെ കാലത്തിനുശേഷം കവിത ഇത്രയധികം കേൾക്കപ്പെടുന്നത് ഇപ്പോഴത്തെ കാലത്താണ്.

ഒരു കാലഘട്ടത്തില്‍ മത്സരവേദികളിലും മറ്റും ഈ കാസറ്റുകവിതകള്‍ തരംഗമായി മാറി. കുട്ടികള്‍ ആ കവിതകളെ അന്ധമായി അനുകരിക്കുന്ന രീതിയുണ്ടായി. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ നിരന്തരമായ ആവര്‍ത്തനം മടുപ്പുളവാക്കുകയും കവിതകളുടെ സ്വീകാര്യത കുറയുകയും ചെയ്തു. മത്സരങ്ങളില്‍ കാസറ്റു കവിതകള്‍ ചൊല്ലിയാല്‍ മത്സരഫലം പ്രതികൂലമാകും എന്ന സാഹചര്യവും ഉണ്ടായി. അതുകൊണ്ടുതന്നെ മത്സരരംഗത്തു നിന്നും ഈ കവിതകള്‍ അകന്നു തുടങ്ങി. പക്ഷെ അപ്പോഴും ഇത് കേട്ടാസ്വദിക്കുന്നവര്‍ ഉണ്ടായിരുന്നു. കവിതാലാപനത്തിനു പുറമേ മറ്റുപലരൂപത്തിലും സംഗീതാവിഷ്ക്കാരത്തിന്റെ ഭാഗമായി അവ പ്രത്യക്ഷപ്പെട്ടും. പല കാവ്യങ്ങളും നൃത്തശില്പങ്ങളായി അവതരിപ്പിക്കപ്പെട്ടു. അതുപോലെതന്നെ മോഹിനിയാട്ടത്തിലും തിരുവാതിരയിലുമൊക്കെ മലയാളത്തിലെ പല കവിതകളും സ്ഥാനം പിടിച്ചു. സാഹീതയതയ്ക്കപ്പുറം മലയാളിക്കുള്ള സംഗീതഭ്രമത്തിന്റെ അടിയടരുകൾ പലകാലത്തായി രൂപപ്പെട്ടു അസ്തമിച്ച സവിശേഷപ്രവണതകളിലും ഇന്നും നില്ക്കുന്ന സാംസ്കാരികരൂപങ്ങളിലും കാണാം എന്നത് വളരെ പ്രധാനമാണ്.

 

സഹായകഗ്രന്ഥങ്ങൾ

1.    അപ്പൻതമ്പുരാൻ, ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും, മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്, ഒക്ടോബർ 1987.

2.    ആദർശ്, സി (എഡിറ്റർ), വൃത്തമാനങ്ങൾ, രസയാത്ര പബ്ലിക്കേഷൻസ്, കൊച്ചി, ഒക്ടോബർ 2022.

3.    ഗുപ്തൻനായർ, എസ്, കേരളവും സംഗീതവും, പൂർണ്ണ പബ്ലിക്കേഷൻസ്, കോഴിക്കോട്, ഏപ്രിൽ 2008.

4.    നാരായണക്കുറുപ്പ്, പി. , മലയാളവൃത്തപഠനം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, മാർച്ച് 1998.

5.    വിഷ്ണുനമ്പൂതിരി, എം.വി. , കേരളത്തിലെ നാടൻ സംഗീതം, അന്താരാഷ്ട്ര കേരളപഠനഗവേഷണകേന്ദ്രം, കേരളസർവ്വകലാശാല, തിരുവനന്തപുരം, ഫെബ്രുവരി 2005.

ഡോ. ലക്ഷ്മി ദാസ്

അസിസ്റ്റന്റ് പൊഫസർ,

മലയാള വിഭാഗം.

HHMSPB NSS കോളജ്, നീറമൺകര

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. ശ്രീലക്ഷ്മി എസ്. കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page