top of page

മലയാള സാഹിത്യത്തിലെ ക്രൈം ഫിക്ഷൻ: ചരിത്രം, പ്രവണതകൾ

  • 5 days ago
  • 7 min read

Updated: 2 days ago

സോണിയ ജോസ്

സംഗ്രഹം

മലയാള സാഹിത്യത്തിലെ ക്രൈം ഫിക്ഷൻ ലളിതമായ ഡിറ്റക്ടീവ് കഥകളിൽ നിന്ന് സാമൂഹിക, സാംസ്കാരിക, മനശ്ശാസ്ത്രപരമായ ആഴമുള്ള സങ്കീർണ്ണ കൃതികളിലേക്കായി വികസിച്ച ഒരു പ്രധാന ശാഖയായി മാറിയിരിക്കുന്നു. പാശ്ചാത്യ സ്വാധീനങ്ങളിൽ നിന്ന് ആരംഭിച്ച് പ്രാദേശിക യാഥാർത്ഥ്യങ്ങളുമായി ചേർന്ന ഈ സാഹിത്യരൂപം കുറ്റകൃത്യങ്ങളും അന്വേഷണങ്ങളും മാത്രമല്ല, സമൂഹത്തിലെ അനീതികൾ, അധികാര ഘടനകൾ, മനുഷ്യ മനസ്സിൻ്റെ സങ്കീർണ്ണതകൾ എന്നിവയും പരിശോധിക്കുന്നു. മനശ്ശാസ്ത്രപരമായ സമീപനങ്ങൾ, ക്രിമിനോളജി സിദ്ധാന്തങ്ങൾ, വ്യക്തിത്വ പഠനങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ക്രൈം ഫിക്ഷൻ കൂടുതൽ ഗൗരവമുള്ള പഠനവിഷയമായി മാറുന്നു. സമകാലിക ഘട്ടത്തിൽ സൈബർ കുറ്റകൃത്യങ്ങൾ, സാമൂഹിക അസമത്വങ്ങൾ, രാഷ്ട്രീയ അഴിമതി തുടങ്ങിയ വിഷയങ്ങൾ പ്രധാന പ്രമേയങ്ങളായി ഉയർന്നുവരുന്നു. കൂടാതെ, കേരള ക്രൈം ഫയൽസ്  പോലുള്ള ദൃശ്യമാധ്യമങ്ങളുടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും സ്വാധീനം ഈ ശാഖയുടെ ജനപ്രീതിയും വായനശീലവും വർദ്ധിപ്പിച്ചിരിക്കുകയാണ്. പുതിയ എഴുത്തുകാർ, സ്ത്രീകളുടെ പങ്കാളിത്തം, ആഗോള-പ്രാദേശിക സംയോജനം എന്നിവയുടെ പിന്തുണയോടെ മലയാള ക്രൈം ഫിക്ഷൻ ഭാവിയിൽ കൂടുതൽ സമ്പന്നമാകുമെന്നതാണ് പഠനത്തിൻ്റെ നിരീക്ഷണം.

താക്കോൽ വാക്കുകൾ: മലയാള സാഹിത്യം, ക്രൈം ഫിക്ഷൻ, യുവജന വായന, സമകാലിക പ്രവണതകൾ, കുറ്റാന്വേഷണ നോവലുകൾ, സൈബർ കുറ്റകൃത്യങ്ങൾ, സാമൂഹിക വിമർശനം.

 

ലോകസാഹിത്യത്തിലെ പ്രധാന ശാഖയായ ക്രൈം ഫിക്ഷൻ മലയാള സാഹിത്യത്തിലും ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. തുടക്കത്തിൽ പാശ്ചാത്യ ഡിറ്റക്ടീവ് സാഹിത്യത്തിൻ്റെ സ്വാധീനത്തിലായിരുന്നുവെങ്കിലും പിന്നീട് കേരളത്തിൻ്റെ സാമൂഹിക സാംസ്കാരിക പശ്ചാത്തലത്തിൽ ആഴത്തിൽ ഉറച്ച ഒരു ശൈലി ഈ ശാഖയിൽ വികസിച്ച് വന്നിട്ടുണ്ട്. സങ്കീർണ്ണവും ഗൗരവമുള്ളതുമായ ഒരു സാഹിത്യരൂപമായി  ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. മലയാളത്തിലെ മുഖ്യധാര എഴുത്തുകാർ - സ്ത്രീകൾ ഉൾപ്പെടെ- ഉൾപ്പെടുന്ന ഒരു വിഭാഗം ഈ രംഗത്ത് ശക്തമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നതായി കാണാനാവും. കുറ്റകൃത്യങ്ങളും അന്വേഷണവും കേന്ദ്രീകരിച്ചുള്ള ഈ രചനകൾ വായനക്കാരിൽ ആവേശവും ആകാംക്ഷയും സൃഷ്ടിക്കുന്നു എന്നതാണ് ഇത്തരം കൃതികളുടെ സവിശേഷത.

ക്രൈം ഫിക്ഷൻ്റെ ചരിത്രവികാസം

കുറ്റകൃത്യം മനുഷ്യരെ എപ്പോഴും ആകർഷിച്ചിട്ടുള്ള ഒരു പ്രതിഭാസമാണ്. അത് ഒരേസമയം ആളുകളെ ആകർഷിക്കുകയും കൗതുകമുയർത്തുകയും  ചെയ്യുന്നു. നിയമപരമായി, കുറ്റകൃത്യം എന്നത് ഉദ്ദേശപൂർവ്വം നിയമത്തെ ലംഘിക്കുന്ന പ്രവൃത്തിയായി നിർവചിക്കപ്പെടുന്നു. കുറ്റത്തിൻ്റെ നിർവചനത്തെക്കുറിച്ച് വിദഗ്ധർ തമ്മിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ചിലർ അത് മറ്റുള്ളവർക്കു ഹാനി വരുത്തുന്ന പ്രവൃത്തിയായി നിർവചിക്കുന്നു, ചിലർ അത് നിയമലംഘനമായി കാണുന്നു, മറ്റുചിലർ അത് ആളുകൾക്ക് ദോഷകരമായ, കുറ്റപ്പെടുത്തപ്പെടുന്ന, പൊതുസമൂഹമോ സംസ്ഥാനമോ അപലപിക്കുന്ന ഒരു പ്രവൃത്തിയായി വിശദീകരിക്കുന്നു. ക്രൈം ഫിക്ഷൻ എന്നത് സാഹിത്യത്തിലെ ഒരു ശാഖയാണ്. ഇതിൽ കുറ്റകൃത്യങ്ങൾ, അവയുടെ അന്വേഷണം, കുറ്റവാളികൾ, അവരുടെ ഉദ്ദേശങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള കൃതികളാണ് ഉൾപ്പെടുന്നത്. സാധാരണയായി ഒരു ഡിറ്റക്ടീവിൻ്റെയോ വിവരണകർത്താവിൻ്റെയോ കാഴ്ചപ്പാടിൽ നിന്നാണ് ഇത്തരം കൃതികൾ അവതരിപ്പിക്കപ്പെടുന്നത്. കഥ സാധാരണയായി ഒരു കുറ്റകൃത്യത്തെ, പ്രത്യേകിച്ച് കൊലപാതകത്തെ, അതിൻ്റെ അന്വേഷണത്തെയും പരിഹാരത്തെയും വിവിധ കാഴ്ചപ്പാടുകളിൽ അവതരിപ്പിക്കുന്നു.

                 ക്രൈം ഫിക്ഷൻ എന്നത് നിരവധി ഉപശാഖകളെ ഉൾക്കൊള്ളുന്ന ഒരു വിപുലമായ പദമാണ്—ആദ്യകാല ഡിറ്റക്ടീവ് കഥകളിൽ നിന്ന് ഗോൾഡൻ ഏജ് കഥകളിലേക്കും, പോലീസ് അന്വേഷണ കഥകളിൽ നിന്ന് ത്രില്ലറുകളിലേക്കും ഇന്ന് വ്യാപിച്ചിരിക്കുന്നു. ഓരോ ഉപശാഖക്കും സ്വന്തം സവിശേഷതകളുമുണ്ട്.ക്രൈം എഴുത്തുകൾക്ക് എന്നും ആരാധകരുണ്ട്. വായനയ്ക്ക് ലഹരി കൊടുക്കുന്ന ചില സംഗതികൾ കുറ്റാന്വേഷണ- ക്രൈം ശാഖയ്ക്ക് നൽകാൻ പറ്റും എന്നതാണ് ഇതിൻ്റെ സവിശേഷത. ഉദ്വേഗം, അതിൻ്റെ ഫലമായുള്ള ഭയം, നെഞ്ചിടിപ്പ് ഒക്കെഇവിടെ  അക്ഷരങ്ങളിലൂടെ എത്തുന്നു. മനഃശാസ്ത്രപരമായി. ഇഹലോകത്തു നിന്ന് നമ്മൾ അപ്രത്യക്ഷരാകുന്ന പ്രതീതി അത് ഉണ്ടാക്കിയെടുക്കും. നിഗൂഢതകളിൽ അഭിരമിച്ച്  മാനസികമായ പദപ്രശ്നം പൂർത്തിയാക്കി ഒരു ടൈംട്രാവൽ നടത്തി മറ്റൊരു ഗ്രഹത്തിൽ നിന്ന് മടങ്ങിയെത്തിയ അനുഭവ ത്തിലെത്തിക്കും വായനക്കാരെ ഇത്തരം കൃതികൾ. കുറ്റം നമ്മൾ മാനസികമായി ചെയ്‌തു കൊണ്ടേയിരിക്കുന്നു, ദിവസം തോറും. അപ്പോൾ നമ്മുടെ ഉള്ളിൽ തന്നെ നടക്കുന്ന കുറ്റത്തോടുള്ള വാദപ്രതിവാദങ്ങളാണ് ഈ ഴോണർ എഴുത്തിൻ്റെ വിജയത്തിനു പിന്നിൽ. അതിന് കൊലപാതകകഥകൾ തന്നെ വേണമെന്നില്ല. പല മട്ടിൽ വരാം. മണ്ണു വാരിക്കൊണ്ടു പോകുമ്പോഴുള്ള ക്രൈം (മണൽജീവികൾ), പ്രണയം കൊണ്ടുള്ള ക്രൈം (ട്വിങ്കിൾ റോസ), നിസ്സഹായത കൊണ്ടു ള്ള ക്രൈം (നാലഞ്ച് ചെറുപ്പക്കാർ), ഈഗോ കൊണ്ടുള്ള കുറ്റവാസന (വിലായത്ത് ബുദ്ധ), പൗരോഹിത്യത്തിൻ്റെയും രാജ്യ തന്ത്രത്തിൻ്റെയും കുറ്റശാസ്ത്രം (ആനോ), രതിയിൽ നിന്നുള്ള ക്രൈം (പട്ടായയിൽ സംഭവിക്കുന്നത്) അങ്ങനെ കൃതികളിൽ കുറ്റവും അതിൻ്റെ വ്യാഖ്യാനവും കാണാൻ കഴിയും ( ഗ്രന്ഥാലോകം, ജനുവരി 2025).

ആദ്യകാല പസിൽ മിസ്റ്ററി കഥകൾ സാധാരണയായി ഗ്രാമപ്രദേശങ്ങളിൽ വ്യത്യസ്ത സാമൂഹിക തലങ്ങളിൽപ്പെട്ട ആളുകൾ ഒരുമിച്ച് താമസിക്കുന്ന പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. ഹാർഡ്-ബോയിൽഡ് ഫിക്ഷനിൽ, കഥയുടെ ശ്രദ്ധ കൂടുതലും  പ്രവർത്തനങ്ങളിലാണ്, കഥാപാത്രത്തിൻ്റെ മനശ്ശാസ്ത്രത്തിലല്ല. ഇത് സാധാരണയായി അമേരിക്കൻ നഗരങ്ങളിലെ കുറ്റവാളികളാൽ നിറഞ്ഞ തെരുവുകൾ പോലുള്ള പ്രത്യേക പശ്ചാത്തലത്തിലാണ് നടന്നിരുന്നത്. പോലീസ് പ്രോസീജുറൽ കഥകൾ കൂടുതൽ യാഥാർത്ഥ്യബോധമുള്ളവയാണ്. കാരണം അവ യഥാർത്ഥ പോലീസ് അന്വേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്, കൂടാതെ നിയമപരമായ വശങ്ങളെ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. ഈ ത്രില്ലറുകളിൽ ഭാഷയും പശ്ചാത്തലവും വളരെ പ്രധാനപ്പെട്ടതാണ്, കാരണം ശരിയായ രീതിയിൽ ഭാഷയുപയോഗിച്ചു സസ്പെൻസ് സൃഷ്ടിക്കുന്നതിലൂടെയാണ് വായനക്കാരിൽ ആവേശം ഉണ്ടാക്കാൻ സാധിക്കുന്നത്.

ക്രൈം ഫിക്ഷൻ എന്ന ശാഖ ബ്രിട്ടീഷ്, അമേരിക്കൻ സാഹിത്യങ്ങളിൽ ആഴത്തിൽ വേരൂന്നിയതായി കരുതപ്പെടുന്നു. പിന്നീട് ഇത് മറ്റ് രാജ്യങ്ങളിലേക്കും, പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യൻ ക്രൈം ഫിക്ഷൻ താരതമ്യേന പുതിയൊരു വികസനമാണ്. ഇന്ത്യൻ വായനക്കാർക്ക് മിസ്റ്ററിയും കുറ്റകൃത്യങ്ങളും എപ്പോഴും ആകർഷണീയമായിരുന്നെങ്കിലും, ഈ ശാഖയിൽ എഴുതുന്ന എഴുത്തുകാർ വളരെ കുറവായിരുന്നു. പാശ്ചാത്യ നോവലുകളിലെ വിഷയങ്ങളും കഥാപാത്രങ്ങളും ഇന്ത്യൻ വായനക്കാർക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനാൽ അവർ അഗതാ ക്രിസ്റ്റി, കോനൻ ഡോയൽ തുടങ്ങിയ പാശ്ചാത്യ എഴുത്തുകാരുടെ കൃതികളിലേക്ക് തിരിഞ്ഞു. അവയുടെ പശ്ചാത്തലവും പാശ്ചാത്യ നഗരങ്ങളായിരുന്നു.ഇന്ത്യൻ ക്രൈം ഫിക്ഷൻ്റെ പ്രശസ്ത എഴുത്തുകാരനായ ആർ.വി.രാമൻ ഇങ്ങനെ പറയുന്നു:“ഇന്ത്യയിൽ കഥകളുടെ കുറവൊന്നുമില്ലായിരുന്നു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഇതിഹാസങ്ങളിലും   നാടോടിക്കഥകളിലും  നിരവധി കഥകൾ ഉണ്ടായിരുന്നു. എന്നാൽ കൊലപാതക രഹസ്യങ്ങളോ ഡിറ്റക്ടീവ് കഥകളോ വളരെ കുറവായിരുന്നു. അതിനാൽ നാം ക്രിസ്റ്റി, കോനൻ ഡോയൽ, എഡ്ഗർ വാലസ് തുടങ്ങിയ പാശ്ചാത്യ എഴുത്തുകാരിലേക്ക് തിരിഞ്ഞു. അവ വളരെ ആകർഷകമായിരുന്നെങ്കിലും, ഒരു പ്രശ്നമുണ്ടായിരുന്നു—ഈ കഥകളിൽ ഒന്നും ഇന്ത്യയിൽ സംഭവിക്കുന്നതല്ല. ഞാൻ പരിചയപ്പെട്ട ഏക രാജ്യമായ ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള കഥകൾക്കായി ഞാൻ ആഗ്രഹിച്ചു.” (Raman, R. V.,2013) തുടർന്ന്, ഇംഗ്ലീഷിൽ നിന്നുള്ള നോവലുകളുടെ പ്രാദേശിക ഭാഷകളിലേക്കുള്ള വിവർത്തനം ആരംഭിച്ചു. വിവർത്തനപ്രവർത്തനങ്ങളിലൂടെ ക്രൈം ഫിക്ഷൻ ഇന്ത്യയിൽ പരിചയപ്പെടുത്തി. വ്യാപാര വിജയവും ഇതിന് ഒരു പ്രധാന കാരണമായി. പാശ്ചാത്യ കൃതികൾ ഹിന്ദി, ബംഗാളി, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പിന്നീട്, എഴുത്തുകാർ വിവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും വായനക്കാർക്ക് ഇന്ത്യയുമായി കൂടുതൽ ബന്ധപ്പെട്ട വിഷയങ്ങളും കഥാപാത്രങ്ങളും ഉൾപ്പെടുത്തുകയും ചെയ്തു.

ബംഗാളി എഴുത്തുകാരായ പഞ്ച്കഡി ദേ (1873 – 1975)യും ദിനേന്ദ്ര കുമാർ റേ (1869–1945)യും ഇന്ത്യൻ ക്രൈം ഫിക്ഷൻ്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. 1908-ൽ ഈശ്വർ പ്രസാദ് ശർമ എഴുതിയ കോകില ഓർ ദി ടെറിബിൾ ഫ്രൂട്ട് ഓഫ് സിൻ (Kokila or The Terrible Fruit of Sin) എന്ന കൃതി ഈ ശാഖയിൽ വലിയ സ്വാധീനം ചെലുത്തി. അപഹരണങ്ങൾ, മൃതദേഹങ്ങൾ, രക്തച്ചീറ്റൽ എന്നിവ ഉൾക്കൊള്ളുന്ന രഹസ്യവും സസ്പെൻസും നിറഞ്ഞ കഥാപരിസരം ആദ്യമായി ഇന്ത്യൻ വായനക്കാർക്ക് മുന്നിൽ അവതരിപ്പിച്ചത് ഈ കൃതിയാണ്.

ഇന്ത്യൻ ക്രൈം ഫിക്ഷൻ്റെ തുടർ വികാസം എഴുത്തുകാർ അവരുടെ കൃതികളിൽ കൂടുതൽ ഇന്ത്യൻ പശ്ചാത്തലങ്ങൾ ഉൾപ്പെടുത്താൻ ആരംഭിച്ചപ്പോഴാണ് ഉണ്ടായത്. പാശ്ചാത്യ എഴുത്തുകാരെപ്പോലെ തന്നെ ക്രൈം ഫിക്ഷൻ എഴുതുന്നതിൽ തങ്ങൾക്കും കഴിവുണ്ടെന്ന് തെളിയിക്കണമെന്നായിരുന്നു അവരുടെ ലക്ഷ്യം. ഇന്ത്യൻ സംസ്കാരവും ജീവിതരീതിയും പ്രതിനിധാനം ചെയ്യുന്നത് കുറ്റകൃത്യങ്ങളുടെ ചിത്രീകരണത്തോടൊപ്പം പ്രധാന ഘടകമായി മാറി. 1950-കളിൽ എഴുത്തുകാർ മോഷണം, അപഹരണം, അനധികൃത വേശ്യാവൃത്തി തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിലൂടെ സമകാലിക സാമൂഹിക സാഹചര്യങ്ങളെ അവതരിപ്പിക്കാൻ തുടങ്ങി. ഈ കാലഘട്ടത്തിലെ ശ്രദ്ധേയ കൃതികളിൽ താനവൻ (Thaanavan) എന്ന കൃതിയും ഉൾപ്പെടുന്നു. മോഷണം, അപഹരണം, വിചിത്ര കൊലപാതകങ്ങൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന കുറ്റകൃത്യങ്ങളാൽ ഇത് ഏറെ ജനപ്രിയമായി.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ക്രൈം ഫിക്ഷൻ എഴുത്തുകാർ ഭീകരവാദം, സീരിയൽ കൊലപാതകങ്ങൾ, മാനഹത്യകൾ, ബലാത്സംഗം, രാഷ്ട്രീയ കൊലപാതകങ്ങൾ, പോലീസിനെതിരായ ആക്രമണങ്ങൾ തുടങ്ങിയ ഗുരുതര വിഷയങ്ങളെ അവതരിപ്പിക്കാൻ തുടങ്ങി. തുടന്ന് ഇന്ത്യയിലെ  ക്രൈം ഫിക്ഷൻ്റെ വലിയ വിജയം എഴുത്തുകാരെ പുതിയ വിഷയങ്ങളും കഥാസംരചനകളും പരീക്ഷിക്കാൻ പ്രേരിപ്പിച്ചു. രഹസ്യവും ആവേശവും നിറഞ്ഞ കഥകളിലൂടെ വായനക്കാരെ ആകർഷിക്കുന്നതിനൊപ്പം ഇന്ത്യൻ സാമൂഹിക-സാംസ്കാരിക പ്രശ്നങ്ങളും ഇവയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

സമകാലിക ഘട്ടത്തിൽ, സ്പൈ ത്രില്ലർ, ഫാൻ്റ്സി ത്രില്ലർ, സീരിയൽ കില്ലർ ഫിക്ഷൻ, സൈക്കോളജിക്കൽ ത്രില്ലർ, ഫോറൻസിക് മിസ്റ്ററി, സസ്പെൻസ് കഥകൾ തുടങ്ങിയ വിവിധ ഉപശാഖകളിലേക്ക് ക്രൈം ഫിക്ഷൻ വികസിച്ചുകൊണ്ടിരിക്കുന്നു. ഇതിനോടൊപ്പം ശ്രദ്ധേയമായ മറ്റൊരു വസ്തുത,ആദ്യകാലങ്ങളിൽ ഇന്ത്യൻ ക്രൈം ഫിക്ഷൻ മേഖല പുരുഷ എഴുത്തുകാരുടെ ആധിപത്യത്തിലായിരുന്നു എന്നതാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ചില വനിതാ എഴുത്തുകാർ രംഗപ്രവേശം നടത്തി. അവർ സൃഷ്ടിച്ച സ്ത്രീ ഡിറ്റക്ടീവ് കഥാപാത്രങ്ങൾ ഈ ശാഖയ്ക്ക് പുതുമയാർന്ന ദിശ നൽകുകയും ചെയ്തു. അതോടൊപ്പം, സമകാലിക സമൂഹത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ലൈംഗിക പീഡനം, ഗാർഹിക പീഡനം, ബാലവേശ്യാവൃത്തി, പെൺഭ്രൂണഹത്യ എന്നീ ഗുരുതര പ്രശ്നങ്ങളും അവരുടെ കൃതികളിൽ പ്രതിഫലിച്ചു. ഈ സാഹചര്യത്തിൽ മധുമിത ഭട്ടാചാര്യ പറയുന്നത് ശ്രദ്ധേയമാണ്: ഇന്ത്യൻ ക്രൈം ഫിക്ഷനിൽ വനിതാ എഴുത്തുകാരുടെ സാന്നിധ്യം വളരെ കുറവാണ്; എന്നാൽ ഇന്ന് അതിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

വിവർത്തനപ്രക്രിയയിലൂടെ ആരംഭിച്ച ഇന്ത്യൻ ക്രൈം ഫിക്ഷൻ ഇന്ന് ശ്രദ്ധേയമായ പ്രാധാന്യം നേടിയ ശാഖയായി മാറിയിരിക്കുകയാണ്. ദാരിദ്ര്യം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, ബാലപീഡനം, രാഷ്ട്രീയ അക്രമങ്ങൾ തുടങ്ങിയ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങൾ ഇതിൻ്റെ പ്രമേയങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഇന്ത്യൻ പശ്ചാത്തലമാണ് ഈ ശാഖയുടെ മുഖ്യ സവിശേഷത. ഗ്രാമങ്ങളും നഗരങ്ങളും കഥാപശ്ചാത്തലങ്ങളാകുന്നതിനാൽ വായനക്കാരിൽ ആത്മീയമായ അടുപ്പവും അനുഭവപരിചയവും ഇത് സൃഷ്ടിക്കുന്നു.

ക്രൈം ഫിക്ഷൻ്റെ എല്ലാ ഉപശാഖകളിലും സാധാരണയായി കാണപ്പെടുന്ന പ്രധാന ഘടകം സാമൂഹിക സമത്വത്തിൻ്റെ തകർച്ചയും അതിൻ്റെ പുനഃസ്ഥാപനവുമാണ്. ഒരു കുറ്റകൃത്യം സമൂഹത്തിലെ സ്വാഭാവിക സമത്വത്തെ തകർക്കുകയും, തുടർന്ന് നടക്കുന്ന അന്വേഷണത്തിലൂടെ ആ സമത്വം വീണ്ടും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഇതോടൊപ്പം, ഈ ശാഖയുടെ മറ്റൊരു പ്രത്യേകത ഇരട്ട കഥാസംരചനയാണെന്നതാണ്—കുറ്റകൃത്യത്തിൻ്റെ കഥയും അതിൻ്റെ അന്വേഷണത്തിൻ്റെ കഥയും.

റ്റ്സ്വെൻ റ്റടോഡോറോവ് തൻ്റെ ദി ടൈപ്പോളജി ഓഫ് ഡിറ്റക്ടീവ് ഫിക്ഷൻ  (The Typology of Detective Fiction) എന്ന ലേഖനത്തിൽ ക്രൈം ഫിക്ഷനിൽ രണ്ട് കഥകളുടെ സാന്നിധ്യം ഉണ്ടെന്ന് വ്യക്തമാക്കുന്നു: ഒന്നാമത് കുറ്റകൃത്യത്തിൻ്റെ കഥയും, രണ്ടാമത് അതിൻ്റെ അന്വേഷണത്തിൻ്റെ കഥയും. ആദ്യ കഥ സംഭവങ്ങൾ നടന്ന വിധം അവതരിപ്പിക്കുമ്പോൾ, രണ്ടാമത്തെ കഥ ആ സംഭവങ്ങളുടെ വിശദീകരണമായിത്തീരുമെന്നതാണ് അദ്ദേഹത്തിൻ്റെ നിരീക്ഷണം(Todorov, Tzvetan,1977).

ക്രിമിനൽ സൈക്കോളജി (Forensic Psychology / Investigative Psychology) എന്നത് കുറ്റകൃത്യങ്ങളും കുറ്റവാളികളുടെ പെരുമാറ്റവും പഠിക്കുന്ന മനശ്ശാസ്ത്രശാഖയാണ്. ഇത് കുറ്റവാളിയുടെ ഉദ്ദേശം, ചിന്ത, പ്രവർത്തനം എന്നിവ പരിശോധിക്കുന്നു. ഡി.എ. ആൻഡ്രൂസിൻ്റെ അഭിപ്രായത്തിൽ ക്രിമിനൽ സൈക്കോളജി കുറ്റവാളിയുടെ പെരുമാറ്റത്തെ ശാസ്ത്രീയമായി പഠിക്കുകയും അത് നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ശാഖയാണ്(Andrews, D. A., and James Bonta,2010).

ക്രിമിനൽ സൈക്കോളജിസ്റ്റുകൾ കുറ്റവാളിയുടെ മനസ്സിലേക്ക് ആഴത്തിൽ കടന്ന് അവരുടെ പ്രവർത്തികളുടെ കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നു. കുറ്റകൃത്യങ്ങളെ വിശദീകരിക്കാൻ നിരവധി സിദ്ധാന്തങ്ങൾ ഉണ്ട്. ചില സാമൂഹിക സാഹചര്യങ്ങൾ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു.; ചിലത് മാനസിക പ്രശ്നങ്ങൾ കാരണമാകുന്നു; നാഡീവ്യവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങളും ജൈവ ഘടകങ്ങളും ചിലപ്പോൾ കുറ്റകൃത്യങ്ങൾക്ക് കാരണമാകാം.

റസിൽ ഡ്യൂറൻ്റ് ൻ്റെഅഭിപ്രായത്തിൽ, ക്രിമിനോളജി എന്നത് കുറ്റകൃത്യങ്ങളും കുറ്റവാളികളുടെ പെരുമാറ്റവും അതിനോടുള്ള സമൂഹത്തിൻ്റെ പ്രതികരണങ്ങളും പഠിക്കുന്ന ശാഖയാണ്. ക്രിമിനൽ സൈക്കോളജി ഈ പഠനത്തിൽ മനശ്ശാസ്ത്രത്തെ ഉപയോഗിച്ച് കുറ്റകൃത്യങ്ങളുടെ കാരണങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്നു(Durant, Russell, 2011).

എഡ്വിൻ സതർലാൻഡ് തൻ്റെ ക്രിമിനോളജിയുടെ തത്വങ്ങൾ (Principles of Criminology -1947) എന്ന കൃതിയിൽ വ്യക്തമാക്കുന്നത്, ആളുകൾ വെറും കുറ്റാനുകൂലമായ പരിസരത്തിൽ ജീവിക്കുന്നതുകൊണ്ടു മാത്രം കുറ്റകൃത്യങ്ങൾ പഠിക്കുന്നില്ല; മറിച്ച്, ഹിംസാത്മക പെരുമാറ്റം കാണുകയും അതിന് അനുകൂല പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യുമ്പോഴാണ് അവർ അത് പഠിക്കുന്നത് എന്നാണ്(Sutherland, Edwin H.,1947). ലാറി ജെ. സീഗൽൻ്റെ അഭിപ്രായത്തിൽ, “ഒരു വ്യക്തി തൻ്റെ സുഹൃത്തുക്കൾ മയക്കുമരുന്ന് ഉപയോഗത്തിൻ്റെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ കുറ്റകൃത്യങ്ങളെ അനുകൂലിക്കുന്ന ഒരു നിർവചനം ഉണ്ടാകുന്നു; എന്നാൽ മാതാപിതാക്കളോ സുഹൃത്തുക്കളോ കുറ്റകൃത്യത്തെ അപലപിക്കുന്നതിലൂടെ അതിന് വിരുദ്ധമായ സമീപനം രൂപപ്പെടുന്നു” (നജീബ് എം.സ്‌റ്റഡിയിങ് ക്രൈം ഇൻ ഫിക്ഷൻ: ആൻ ഇൻട്രൊഡക്ഷൻ).

സാമൂഹിക ഘടകങ്ങൾ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നതുപോലെ തന്നെ ചില മന:ശ്ശാസ്ത്രപരമായ ഘടകങ്ങളും പ്രധാനമാണ്. ഹിംസാത്മകമായോ ആക്രമണപരമായോ പെരുമാറ്റത്തിൽ ഏർപ്പെടുന്നവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരിക്കാമെന്നാണ് ഈ സമീപനം സൂചിപ്പിക്കുന്നത്. പലപ്പോഴും, ഇത്തരത്തിലുള്ള ആളുകൾ അവരുടെ കോപം മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ഈ വിധത്തിൽ പെരുമാറുന്നത്. ശാരീരിക പീഡനമോ രക്ഷാകർതൃത്വത്തിൻ്റെ അഭാവമോ ഉള്ള കുടുംബങ്ങളിൽ വളരുന്ന കുട്ടികൾക്ക് ഹിംസാത്മക പ്രതികരണങ്ങൾ കാണിക്കാൻ സാധ്യത കൂടുതലാണ്. മാതാപിതാക്കളുടെ ശാരീരികവും ലൈംഗികവുമായ പീഡനവും കുട്ടികളിൽ ആക്രമണപരമായ പെരുമാറ്റം വളർത്താൻ ഇടയാക്കുന്നു.

ക്രൈം മനശ്ശാസ്ത്രത്തിലെ പ്രധാന സിദ്ധാന്തങ്ങളിൽ ഒന്നാണ് വ്യക്തിത്വ സിദ്ധാന്തം (Personality Theory). ഇത് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ചില വ്യക്തിത്വ ഗുണങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കുന്നു. സ്വാർത്ഥത, സ്വകേന്ദ്രിതത്വം, അസൂയ, അനാസ്ഥ എന്നിവയുള്ളവർക്ക് കൂടുതൽ ആക്രമണപരമായ പെരുമാറ്റം കാണപ്പെടുന്നു. സൈക്കോസിസ് അല്ലെങ്കിൽ ആന്റിസോഷ്യൽ പെരുമാറ്റം പോലുള്ള ഗുരുതര വ്യക്തിത്വ പ്രശ്നങ്ങളുള്ളവർ കൂടുതൽ ഹിംസാത്മകരാണെന്ന് കരുതപ്പെടുന്നു. ഇത്തരത്തിലുള്ള വ്യക്തികൾക്ക് കുറ്റകൃത്യങ്ങൾ ന്യായീകരിക്കാൻ കഴിയും, കൂടാതെ അവർക്ക് കുറ്റബോധമോ പരിഭവമോ കുറവായിരിക്കും. ചില ക്രിമിനോളജിസ്റ്റുകൾ കുറ്റകൃത്യവും ബുദ്ധിശക്തിയും തമ്മിൽ ബന്ധമുണ്ടെന്ന് വാദിക്കുന്നു; ഉയർന്ന ഐ. ക്യു.  ഉള്ളവർക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ചിലർ കരുതുന്നു.

വ്യക്തിത്വവും കുറ്റകൃത്യവും എന്ന വിഷയത്തെ സംബന്ധിച്ച്   പ്രധാന സംഭാവന നൽകിയിരിക്കുന്നത് ഹാൻസ് ഐസെങ്ക് (Hans Eysenck) ആണ്. 1964-ൽ പ്രസിദ്ധീകരിച്ച കുറ്റകൃത്യവും വ്യക്തിത്വവും (Crime and Personality)എന്ന കൃതിയിൽ, വ്യക്തിത്വഗുണങ്ങളും കുറ്റകൃത്യങ്ങളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വ്യക്തിത്വം പാരമ്പര്യവും പരിസ്ഥിതിയും ചേർന്നുണ്ടാകുന്ന പെരുമാറ്റരീതികളുടെ സമാഹാരമാണെന്ന് അദ്ദേഹം പറയുന്നു(Eysenck, Hans J.,1964).

മലയാള ക്രൈം ഫിക്ഷൻ്റെ ചരിത്രവികാസം

ആദ്യകാല മലയാള ക്രൈം കഥകൾ പ്രധാനമായും "ആരാണ് കുറ്റവാളി"? എന്ന ചോദ്യത്തെ മാത്രം ചുറ്റിപ്പറ്റിയുള്ളതായിരുന്നു. തുടർന്ന് മലയാളത്തിൽ കോട്ടയം പുഷ്പനാഥിൻ്റെ കൃതികൾ ഈ ശാഖയിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവന്നു. അദ്ദേഹത്തിൻ്റെ രചനകൾ ഉൾക്കൊണ്ട മനഃശാസ്ത്രപരമായ ആഴവും സാമൂഹിക യാഥാർഥ്യങ്ങളുടെ പ്രതിഫലനവും ഈ വാദത്തിന് തെളിവാണ്. മലയാളം ക്രൈം ഫിക്ഷനെ ഒരു ഗൗരവമുള്ള സാഹിത്യ രൂപമായി ഉയർത്താൻ അദ്ദേഹത്തിൻ്റെ കൃതികൾക്ക് സാധിച്ചു എന്നത് വസ്തുതയാണ്. ആദ്യകാല മലയാള ക്രൈം ഫിക്ഷനിലെ കഥാപാത്രങ്ങൾ കൂടുതലായി ഏകമാനമായവയായിരുന്നു. എന്നാൽ സങ്കീർണ്ണമായ വ്യക്തിത്വങ്ങളുള്ള കഥാപാത്രങ്ങൾ പിന്നീട് പ്രത്യക്ഷപ്പെട്ടു തുടങ്ങി.   ഓരോ കഥാപാത്രത്തിൻ്റെയും ആന്തരിക സംഘർഷങ്ങൾ, വികാരങ്ങൾ, ജീവിതാനുഭവങ്ങൾ എന്നിവ കഥകളിൽപ്രധാനപ്പെട്ടതായി മാറി. പിന്നീട് ക്രൈം ഫിക്ഷനുകളിൽ സാമൂഹിക വിമർശനവും അവതരിപ്പിച്ചു തുടങ്ങി. കഥകൾ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ളതായിരുന്നെങ്കിലും, അതിൽ സമൂഹത്തിൻ്റെ യാഥാർത്ഥ്യങ്ങളും പ്രതിഫലിച്ചിരുന്നു. ലാഭലോഭം, അധികാരം, അഴിമതി, വിശ്വാസവഞ്ചന തുടങ്ങിയ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു. സമകാലീനമായി  ക്രൈം ഫിക്ഷൻ സാമൂഹിക പ്രശ്നങ്ങളെ വിമർശിക്കാൻ ഉപയോഗിക്കുന്നു. വർഗ്ഗ അസമത്വം, രാഷ്ട്രീയ അഴിമതി, നീതിന്യായ സംവിധാനത്തിലെ പിഴവുകൾ തുടങ്ങിയവ പ്രധാന വിഷയങ്ങളായി മാറുന്നു.

സമകാലിക ക്രൈം ഫിക്ഷനുകളിലെ പ്രവണതകൾ 

  1. മനശാസ്ത്രപരമായ ആഴം

 

സമകാലിക ക്രൈം നോവലുകൾ കുറ്റകൃത്യങ്ങളുടെ മാനസിക കാരണങ്ങളെ കൂടുതൽ പരിശോധിക്കുന്നു. ട്രോമ, കുറ്റബോധം വ്യക്‌തിത്വ സവിശേഷതകൾ എന്നിവ പ്രധാന വിഷയങ്ങളായി ഉയർന്നുവരുന്നു. ലാജോ ജോസിൻ്റെ റൂത്തിൻ്റെ ലോകം, ഹൈഡ്രേഞ്ചിയ,  ശ്രീ പാർവതിയുടെ വയലറ്റ് പൂക്കളുടെ മരണം തുടങ്ങിയ നോവലുകൾ ഇതിനുദാഹരണമാണ്.

 

  1. പ്രാദേശിക യാഥാർത്ഥ്യം

 

കേരളത്തിൻ്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ ആസ്പദമാക്കിയുള്ള കൃതികളും ജാതി,ലിംഗ സമത്വം, അഴിമതി എന്നിവയുടെ പ്രതിഫലനവും കൃതികളിൽ കാണാനാവും. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതരം കൃതികളും ഇത്തരം വിഭാഗങ്ങളുടെ സവിശേഷതയാണ്.

 

  1. സൈബർ കുറ്റകൃത്യങ്ങൾ

 

 ടെക്നോളജിയുടെ വളർച്ചയോടെ സൈബർ ക്രൈം ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയ വിഷയങ്ങൾ നോവലുകളിൽ സജീവമാണ് അടുത്ത ഇരയെ കുറിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തുന്നത് ചിത്രീകരിക്കുന്ന മായ കിരണിൻ്റെ ബ്രെയിൻ ഗെയിം ഇതിനുള്ള ഉദാഹരണമാണ്.

 

ദൃശ്യമാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന കേരള ക്രൈം ഫയൽസ്പോലുള്ള സീരീസുകളുടെ ജനപ്രീതി ക്രൈം ഫിക്ഷനിലേക്കുള്ള വായനക്കാരുടെ ആകർഷണം വർദ്ധിപ്പിച്ചിരിക്കുന്നു. കുറ്റം, വിചാരണ, നീതി, അനീതി എന്നീ വിഷയങ്ങൾക്ക് വ്യക്തത നൽകാനുള്ള ശ്രമം ഏത് എഴുത്തുകാരിൽ നിന്നുണ്ടായാലും അതിന് പ്രസക്തിയുണ്ട്. ഇവിടെ കഥയുടെ ആവേശവും അനിശ്ചിതത്വവുമാണ് വായനക്കാരെ പിടിച്ചിരുത്തുന്ന പ്രധാന ഘടകങ്ങൾ. ഇത്തരം കൃതികൾ വായനക്കാരെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയും അവരുടെ വിശകലനശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സൈബർ കുറ്റകൃത്യങ്ങൾ, സാമൂഹിക അനീതികൾ എന്നിവ പ്രധാനമായും യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. സിനിമകളും വെബ് സീരീസുകളും ഈ ശാഖയുടെ ജനപ്രീതി വർദ്ധിപ്പിക്കുകയും സാമൂഹിക ബോധം ഉയർത്തുകയും സാംസ്കാരിക മാറ്റങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, പുതിയ എഴുത്തുകാർ, സിനിമ-വെബ് സീരീസ് രൂപാന്തരങ്ങൾ എന്നിവയുടെ പിന്തുണയോടെ ഈ ശാഖ കൂടുതൽ വികസിച്ചു വരുന്നു. ഭാവിയിൽ ആഗോള ശൈലികളും പ്രാദേശിക വിഷയങ്ങളും സംയോജിപ്പിച്ച് ഇത് കൂടുതൽ സമ്പന്നമാകുകയും യുവജനങ്ങളുടെ സ്വീകാര്യത അതിൻ്റെ ഭാവിയെ ശക്തിപ്പെടുത്തുകയും ചെയ്യും.

 

സഹായക ഗ്രന്ഥങ്ങൾ

1.      ഇന്ത്യ ടുഡേ മലയാളം. “മലയാള സാഹിത്യവും ക്രൈം ഫിക്ഷൻ നോവലുകളും.” 21 Jan. 2023,India Today Malayalam 

2.      കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ. “മലയാളത്തിലെ കുറ്റാന്വേഷണ സാഹിത്യം: പുതിയ പ്രവണതകൾ.” ഗ്രന്ഥാലോകം, vol. 77, no. 1, Jan. 2025.

3.      Andrews, D. A., and James Bonta. The Psychology of Criminal Conduct. Routledge, 2010.

4.      Durant, Russell. Criminology. Oxford University Press, 2011.

5.      Eysenck, Hans J. Crime and Personality. Routledge & Kegan Paul, 1964.

6.      Najeeb, M. “Studying Crime in Fiction: An Introduction.” The Journal of Popular Culture, 2024, pp. 1–2.https://doi.org/10.1111/jpcu.13388

7.      Raman, R. V. Fraudster. Pan Macmillan India, 2013.

8.      Sutherland, Edwin H. Principles of Criminology. 4th ed., J.B. Lippincott Company, 1947.

9.      Todorov, Tzvetan. “The Typology of Detective Fiction.” The Poetics of Prose. Translated by Richard Howard, Cornell University Press, 1977, pp. 42–52.


സോണിയ ജോസ്

മലയാളവിഭാഗം

പാവനാത്മ കോളേജ്

മുരിക്കാശ്ശേരി.

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. ശ്രീലക്ഷ്മി എസ്. കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page