മോഹിനി'യാട്ട'ത്തിന്റെ സാംസ്കാരിക സവിശേഷതകള്‍
- 6 days ago
- 4 min read
Updated: 3 days ago
ഡോ. അനൂപ് വി.

കേരളത്തിന്റെ കലാപഠനങ്ങളിൽ സാമാന്യമായി കാണുന്ന സൗന്ദര്യാത്മകവിലയിരുത്തലകൾക്കപ്പുറം അവയ്ക്കുചില രാഷ്ട്രീയമാനങ്ങളുണ്ടെന്ന നീരീക്ഷണം വളരെ പ്രധാനമാണ്. അവ കണ്ടെത്തുന്നതോടെ സാമാന്യമെന്നു കരുതുന്ന പലതും സവിശേഷയുക്തികളാണെന്ന ബോധ്യം കലാപഠിതാക്കൾക്കുണ്ടാകുകയും പുതിയൊരു സൗന്ദര്യബോധത്തോടെയുള്ളകലാപഠനമാതൃകകൾ രൂപപ്പെടുകയും ചെയ്യും. ആട്ടമെന്ന പദത്തിന്റെ സാംസ്കാരികവിവക്ഷകളിലൂടെ മോഹിനിയാട്ടത്തിന്റെ കലാചരിത്രവിശകലനമാണ് ഈ പ്രബന്ധത്തിലൂടെ വിശദീകരിക്കുന്നത്
താക്കോൽ വാക്കുകൾ : ആട്ടം – ശൈലീകൃതം- സ്ത്രീ ശരീരം – സാംസ്കാരികവിവക്ഷകൾ
ശബ്ദതാരാവലിയില്‍ ആട്ടക്കാരന്‍ എന്ന വാക്കിനു നല്കുന്ന അര്‍ത്ഥം കഥകളി നടന്‍, ആടുന്നവന്‍, നടന്‍, ഒരു ചെറിയപക്ഷി എന്നെല്ലാമാണ് എന്നാല്‍ ആട്ടക്കാരി എന്ന പദത്തിനാകട്ടെ ആടുന്നവള്‍, നര്‍ത്തകി (ലാസിക) കുഴഞ്ഞാടുന്നവള്‍, തോന്ന്യാസക്കാരി എന്നുമാണ്(ശ്രീകണ്ഠേശ്വരം : 2019:260) .'ആടുക' എന്ന ക്രിയാപദവും അതിന്റെ നാമരൂപമായ 'ആട്ട'വും മലയാളത്തിലെ കലാവ്യവഹാരങ്ങളില്‍ ധാരാളം പരിചരിച്ചു പോരുന്ന രണ്ട് പദങ്ങളാണ്. 'ആടുക' എന്ന പദത്തിന്റെ കേവല ചലനാത്മകതയില്‍ നിന്നും ഭിന്നമായ സവിശേഷാര്‍ത്ഥത്തിലുള്ള തികച്ചും ശരീരനിഷ്ഠമായ നൃത്തരൂപങ്ങളെ കുറിക്കാനാണ് ഈ പദം അധികം ഭാഷയില്‍ ഉപയോഗിച്ചു പോരുന്നത്. ആടുന്നവന്‍/വള്‍ എന്നിവയ്ക്ക് പൊതുബോധത്തിലുള്ള അര്‍ത്ഥവിവക്ഷയെ സൂചിപ്പിക്കുവാനാണ് ശബ്ദതാരാവലിയിലെ അര്‍ത്ഥനസൂചന നല്‍കിയത്. ആടുന്നവന്‍, നടന്‍, കഥകളി നടന്‍ എന്നെല്ലാം ആടുന്ന പുരുഷനു അര്‍ത്ഥം ലഭിക്കുമ്പോള്‍ ആടുന്നവള്‍ക്ക് നര്‍ത്തകി എന്നതിനു പുറമെ ലഭിക്കുന്ന കുഴഞ്ഞാടുന്നവള്‍, തോന്ന്യാസക്കാരി എന്നീ അധികാര്‍ത്ഥങ്ങള്‍ ആ വാക്കിന്റെ ആശയപരിണാമത്തിലെ സാംസ്കാരികസന്ദര്‍ഭങ്ങളെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. സവിശേഷമായ ഈ അര്‍ത്ഥവിവക്ഷകള്‍ മലയാളിയുടെ കലാപാരമ്പ്യത്തെയും വിശേഷിച്ച് തികച്ചും സ്ത്രീനാട്യപരമ്പരയിലുള്ള മോഹിനിയാട്ടത്തെയും അടിസ്ഥാനമാക്കി അന്വേഷിക്കുവാനുള്ള ശ്രമമാണ് ഈ പ്രബന്ധത്തില്‍ ചെയ്തിരിക്കുന്നത്.
'ആട്ട'ത്തിന്റെ പരിണാമചരിത്രം
കേരളീയ കലാപാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി ആട്ടമെന്ന പദം പരിശോധിച്ചു നോക്കിയാല്‍ ക്ലാസിക്കല്‍, ഫോക് പാരമ്പര്യങ്ങളില്‍ ഉടനീളം വിഭിന്ന അര്‍ത്ഥസാധ്യതകളോടെ പരിചരിച്ചു പോന്നിരുന്ന ഒന്നാണെന്നു കാണാം. സംഘകാല പാരമ്പര്യത്തില്‍ കാണുന്ന 'ആടല്‍' പോലുള്ള അനുഷ്ഠാനനൃത്തങ്ങളും സവിശേഷക്ലാസിക്കല്‍ പാരമ്പര്യത്തിലെ കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, രാമനാട്ടം എന്നിവയും ഫോക്ക് പാരമ്പര്യത്തിലെ കളിയാട്ടം പോലുള്ള പദങ്ങളും 'ആട്ട'മെന്ന പദത്തിന്റെ വൈവിധ്യപൂര്‍ണ്ണങ്ങളായ അര്‍ത്ഥതലങ്ങളെ ഉള്‍ക്കൊള്ളുന്നുണ്ട്.
'കളി, മത്സരം, ഇളക്കം എന്നെല്ലാം അര്‍ത്ഥസൂചനകളുള്ള 'ആട്ടം' അധികവും ശരീരപ്രധാനമായ നൃത്തത്തെ സൂചിപ്പിക്കുന്ന സവിശേഷ പദമായിട്ടാണ് പൊതുവെ പ്രയോഗിക്കപ്പെടുന്നത് എന്ന് എം.വി. നാരായണന്‍ നിരീക്ഷിക്കുന്നണ്ട് (2021:41). ശരീരം പ്രധാനമായ ഈ നൃത്തസവിശേഷത നാട്യശാസ്ത്രത്തിലെ 'കരണ'ത്തിന് സമാനമാണ് എന്ന് കഥകളി സ്വരൂപമെന്ന കഥകളി ചരിത്രരചനയില്‍ അഭിപ്രായപ്പെടുന്നുണ്ട് 1.
"നാട്യശാസ്ത്രത്തില്‍ ഭരതന്‍ പറഞ്ഞ 'കരണ'ത്തിനു പകരമായി തെലുങ്കിലുള്ള 'ആടു'ശബ്ദം തമിഴില്‍ 'അടൈവ്' എന്നും മലയാളത്തില്‍ ആട്ടം' എന്നായതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്" (മങ്കൊമ്പ് ശിവശങ്കരപ്പിള്ള: 2006:68 ശിവരാമപിള്ള)
എന്ന നിരീക്ഷണവും ഇവിടെ പ്രസക്തമാണ്. ഈ രണ്ട് വ്യാഖ്യാനത്തിലൂടെയും വ്യക്തമാകുന്ന കാര്യം കലാപരിണാമത്തിന്റെ സവിശേഷസന്ദര്‍ഭത്തില്‍ ശരീരനിഷ്ഠമായ ചലനത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്ന അഭിനയരീതി പിന്തുടരുന്ന നൃത്തരൂപമെന്ന സവിശേഷാര്‍ത്ഥത്തിലേക്ക് 'ആട്ട'മെന്ന പദം പരിണമിച്ചിട്ടുണ്ട് എന്ന ആശയമാണ്.
ശരീരനിഷ്ഠമായ ശൈലീകൃതാഭിനയത്തിലൂടെയുള്ള നൃത്തം എന്ന വിവക്ഷ പില്ക്കാലത്തു രൂപപ്പെട്ടു വന്നതും പ്രബലമായിത്തീര്‍ന്നതുമാണ്. മറ്റു ദേശീയപാരമ്പര്യങ്ങളിലും ഫോക് പാരമ്പര്യങ്ങളിലും ആ വാക് നിലനില്ക്കെ തന്നെ അതിന്റെ വ്യാവഹാരികാര്‍ത്ഥത്തില്‍ ഈയൊരു ആശയം പ്രബലമാകുന്നുണ്ടെന്ന് കാണാം. പ്രൊഫ. അയ്മനം കൃഷ്ണകൈമള്‍ തന്റെ കഥകളി വിജ്ഞാനകോശം എന്ന ഗ്രന്ഥത്തില്‍ കേരളത്തിലെ പ്രാചീനദൃശ്യകളെ മൊത്തത്തില്‍ ആട്ടങ്ങള്‍, തുള്ളലുകള്‍, കളികള്‍ എന്നിങ്ങനെ തിരിയ്ക്കാറുണ്ടെന്നു പറയുന്നു (കൃഷ്ണകൈമള്‍: 1986:84). ഇവിടെ ആട്ടമെന്ന പദത്തിന്റെ സാമാന്യാര്‍ത്ഥ വിവക്ഷയാണുള്ളത്. അതിന്റെ വിശദീകരണത്തില്‍:
"പ്രസ്തുത വിഭാഗങ്ങളില്‍ 'ആട്ടങ്ങള്‍' എന്ന വിഭാഗം അഭിനയപ്രധാനമായ നാടന്‍ കലകള്‍ മാത്രമാണ്. കഥകളിയുടെ പ്രാഗ്രൂപം എന്നു പറയാവുന്ന 'രാമനാട്ടം' അതിന്റെ ഉത്ഭവകാലത്ത് നാടന്‍കലകളുടെ നിലവാരത്തില്‍ നിന്നും വളരെയൊന്നും ഉയര്‍ന്നിരുന്നില്ല. ആ ദൃശ്യകലാരൂപം അന്യൂനവും ശാസ്ത്രനിഷ്ഠവുമായിത്തീര്‍ന്നപ്പോള്‍ മാത്രമാണ് കഥകളി എന്ന പേരില്‍ അറിയപ്പെട്ടത്". (കൃഷ്ണകൈമള്‍: 1986 : 84/85)
എന്ന് വ്യക്തമാക്കുന്നുണ്ട്.
രാമനാട്ടം കഥകളിയായി പരിണമിക്കുമ്പോഴും അതിലെ സവിശേഷ നൃത്തരൂപങ്ങളെ വിവക്ഷിക്കുവാനും 'ആട്ട'മെന്ന പദം നാം ഉപയോഗിക്കാറുണ്ടെന്നു കാണാം. കേവല പദാഭിനയത്തെ 'ആട്ട'മെന്നും സവിശേഷ അഭിനയ രീതികളെ സൂചിപ്പിക്കുവാന്‍ ഇളകിയാട്ടം, തന്റേടാട്ടം, പകര്‍ന്നാട്ടം മുതലായ പദങ്ങളും ഉപയോഗിച്ചു പോരുന്നു. ഏതാണ്ട് 18, 19 നൂറ്റണ്ടുകളാവുമ്പോഴേക്കും പുരുഷശരീരത്തിന്റെ ശൈലീകൃതാഭിനയത്തിന്‍റെ മറ്റൊരു പേരായി 'ആട്ടം' മാറുന്നത് കൂടിയാട്ടത്തിലെയും കൃഷ്ണനാട്ടത്തിലെയും കഥകളിയിലെയും അഭിനയസമ്പ്രദായങ്ങളിലെ പദസൂചനകളില്‍ കാണാം. എന്നാല്‍ സ്ത്രീകളായ നങ്ങ്യാന്മാരുടെ അവതരണത്തില്‍ ഈ അര്‍ത്ഥസൂചനകള്‍ ഉണ്ടാകുന്നുമില്ലതാനും2. തെയ്യാട്ടം, തിറയാട്ടം പോലുള്ള നാടന്‍കലകളിലാകട്ടെ തെയ്യം, തിറ തുടങ്ങിയ സ്വതന്ത്രരൂപങ്ങളായ പദങ്ങളും രൂപപ്പെട്ടുവരുന്നുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് തനികേരളീയമെന്ന് അവകാശപ്പെടാവുന്ന ശൈലീകൃതാഭിനയരീതി വികസിപ്പിച്ചെടുത്ത മോഹിനിയാട്ടമെന്ന കലാരൂപത്തിലെ ആട്ടവിവക്ഷകള്‍ക്ക് പുരുഷശരീരം കൊണ്ട് നിര്‍മ്മിച്ചെടുത്ത അഭിനയസങ്കേതങ്ങളുടെ ആശയപരമായ പ്രബലത എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന് ചിന്തിക്കേണ്ടതുണ്ട്.
മോഹിനി'യാട്ട'ത്തിന്റെ സാംസ്കാരിക സവിശേഷതകള്‍
ദക്ഷിണേന്ത്യയിലെ കലാപഠനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മോഹിനിയാട്ടത്തോളം തെറ്റിദ്ധരിക്കപ്പെട്ടതും തമസ്കരിക്കപ്പെട്ടതുമായ കലകള്‍ അപൂര്‍വ്വമാണ്. ക്ലാസിക്കല്‍ കലയെന്ന അംഗീകാരം ലഭിക്കുമ്പോള്‍ തന്നെ തമിഴ്നാട്ടിലെ ഭരതനാട്യത്തെപ്പോലെയോ ആന്ധ്രാപ്രദേശിലെ കുച്ചുപ്പുടിയെപ്പോലെയോ പ്രബലമായ ഒരു സ്ഥാനം അതിനു ലഭിക്കുന്നില്ല എന്നു കാണാം. ഭരതനാട്യത്തിന്റെയും കുച്ചുപ്പുടിയുടെയും ചരിത്രത്തില്‍ നിന്നു ഭിന്നമായി തുടക്കം മുതല്‍ സ്ത്രീപങ്കാളിത്തമുള്ള, സ്ത്രൈണശരീരചലനങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തിയ ഒരു നൃത്തരൂപമാണ് മോഹിനിയാട്ടമെന്ന് കാണാം3.
ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍ വ്യാപകമായി കാണുംവിധം ഒരു ദേവദാസി സമ്പ്രദായമോ അവരുടെ കലാപ്രകടനങ്ങളോ കേരളത്തിലുണ്ടായിരുന്നോ എന്ന കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. എന്നാല്‍ ശുചീന്ദ്രം ക്ഷേത്രത്തില്‍ നിന്നും അനന്തപദ്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്നും വൈക്കം ക്ഷേത്രത്തില്‍ നിന്നുമൊക്കെ ലഭിക്കുന്ന തെളിവ് പ്രകാരം അത്തരമൊരു സമ്പ്രദായത്തിന്‍റെയും കലാപ്രകടനത്തിന്‍റെയും പ്രാഗ് രൂപമെന്ന് പരിഗണിക്കാവുന്ന ദേവദാസിയാട്ടമെന്നോ തളിനങ്ങനടനമെന്നോ4 വിളിക്കാവുന്ന നൃത്തരൂപങ്ങളെക്കുറിച്ച് സൂചന നല്‍കുവാന്‍ മോഹിനിയാട്ടത്തില്‍ സൂക്ഷ്മമായി ഗവേഷണം ചെയ്ത കല്ല്യാണിക്കുട്ടിയമ്മയ്ക്കും ലീലാ ഓംചേരിക്കും സാധിക്കുന്നുണ്ട്.
ക്ഷേത്രാനുബന്ധിയായി വികസിച്ചു വന്ന ഈ പ്രാഗ്കലാരൂപത്തെ മോഹിനിയാട്ടത്തിന്റെ പ്രാരംഭദശയായി കണക്കാക്കാവുന്നതാണ്. 15-ാം നൂറ്റാണ്ടാവുമ്പോഴേക്കും ക്ഷേത്രഭരണസംവിധാനത്തിലും അധികാരസ്വഭാവത്തിലുമൊക്കെ സംഭവിച്ച സാരമായ പരിണാമം ക്ഷേത്രസംബന്ധിയായി അനുഷ്ഠാനസ്വഭാവത്തിലവതരിപ്പിച്ചിരുന്ന ഈ നൃത്തശൈലിയ്ക്ക് സാരമായ മാറ്റം വരുത്തുകയും അതുമായി ബന്ധപ്പെട്ട പൊതുബോധത്തില്‍ 'ആഭാസകരമായ' ഒന്നെന്ന നിലയില്‍ മാറുകയും ചെയ്തതായി കാണാം. ക്ഷേത്രാനുബന്ധിത്വത്തില്‍ നിന്ന് വിമുക്തമായി ആസ്വാദനപരതയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട നൃത്തരൂപത്തില്‍ കൊണ്ടാടപ്പെട്ടത്' സ്ത്രീശരീരങ്ങളായതിനാല്‍ കലാപരമെന്ന സൗന്ദര്യബോധത്തേക്കാള്‍ അഴിഞ്ഞാട്ടമെന്ന നിലയിലാണ് പരിചരിക്കപ്പെട്ടു പോന്നിരുന്നത്.
കേരളത്തിലെ എല്ലാ ക്ലാസിക്കല്‍ കലകളിലുമെന്നതുപോലെ ഇതിന്റെ പരിഷ്കരണശ്രമങ്ങളുമാരംഭിക്കുന്നത് കൊട്ടാരകേന്ദ്രിതമായ കലാപാരമ്പര്യത്തിലാണ്. തിരുവിതാംകൂറില്‍ ഇരയിമ്മന്‍തമ്പിയുടെയും സ്വാതിതിരുന്നാളിന്റെയുമൊക്കെ ശ്രമഫലമുണ്ടായ പരിഷ്കാരങ്ങളില്‍ ഈ കല കുറേയൊക്കെ വീണ്ടെടുക്കപ്പെട്ടതായി കാണാം. ക്ഷേത്രബന്ധിതമായ ആചാരങ്ങളില്‍ നിന്ന് വിമുക്തമാക്കപ്പെട്ടതോടെ ന്യായമായും പുതിയൊരു രൂപവും (Form) ക്രമവും (Style) എല്ലാം അതിന് രൂപപ്പെടുത്തേണ്ടി വന്നു. തഞ്ചാവൂര്‍ കൊട്ടാരവുമായി ബന്ധപ്പെട്ട് ഭരതനാട്യത്തിനുണ്ടായ വികസനമാതൃകയില്‍ ആലോചനകളിലൂടെയും ദീര്‍ഘവീക്ഷണത്തിലൂടെയും നടത്തിയ ശ്രമങ്ങളുടെ തെളിവുകള്‍ സ്വാതിതിരുന്നാളിന്റെ പ്രവര്‍ത്തനങ്ങളില്‍ കണ്ടെത്താവുന്നതാണ്.
രൂപപ്പെടുത്തലിന്റെയും ക്രമപ്പെടുത്തലിന്‍റെയും ആദ്യപടിയെന്ന നിലയിലാണ് വടിവേലുവിന്‍റെ നേതൃത്വത്തില്‍ വ്യത്യസ്ത ദേശങ്ങളില്‍ നിന്നും കൊണ്ടുവന്ന മോഹിനിയാട്ട നര്‍ത്തകിമാരുടെ പങ്കാളിത്തത്തോടെ കച്ചേരി സമ്പ്രദായത്തില്‍ ചിട്ടപ്പെടുത്തുവാനുള്ള ശ്രമം സ്വാതിതിരുന്നാള്‍ നടത്തിയത്5. അതിനാവശ്യമായ സാഹിത്യരചനകള്‍ ചെയ്ത് അദ്ദേഹം നടത്തിയ പരിഷ്കരണങ്ങള്‍ കലാചരിത്രത്തില്‍ അടയാളപ്പെടുത്തിയത് മോഹിനിയാട്ടത്തിലെ 'അശ്ലീല' സ്വഭാവത്തെ സംസ്കരിച്ച് മറ്റൊന്നാക്കി മാറ്റി എന്ന രീതിയിലായത് എന്തുകൊണ്ടാണ് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. സ്വാതിതിരുന്നാളിന്‍റെ കാലശേഷം വീണ്ടും മോഹിനിയാട്ടം അധഃപതിച്ചെന്നും അതിന്‍റെ ദുര്‍ദശയില്‍ റാണി റീജന്‍റ് ലക്ഷ്മീഭായി അതിനെ നിരോധിച്ചെന്നും കലാചരിത്രങ്ങള്‍ രേഖപ്പെടുത്തുന്നു.
ആധുനികദശയില്‍ വള്ളത്തോള്‍ കലാമണ്ഡലത്തിലൂടെ നടത്തിയ പരിഷ്കരണ ശ്രമങ്ങളെ അടയാളപ്പെടുത്തുമ്പോഴും ഊന്നല്‍ നല്‍കിയത് ഈ സംസ്കരണ പ്രക്രിയയെ അടയാളപ്പെടുത്തുവാനാണ്. സ്ത്രീശരീരങ്ങളുടെ സ്വതന്ത്രപ്രകടനങ്ങളായ ഈ ആട്ടവഴികളിലെ പരിഷ്കരണ ശ്രമങ്ങള്‍ എന്തുകൊണ്ടാണ് മറ്റു കലാരൂപങ്ങളിലെ പരിഷ്കരണശ്രമങ്ങള്‍ പോലെ പരിഗണിക്കപ്പെടാത്ത് എന്നത് ചിന്തനീയമാണ്.
മോഹിനിയാട്ടത്തിലെ നൃത്തസംവിധാനത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന കൈകൊട്ടിക്കളിയുടെ അയഞ്ഞ ഘടനയില്‍ നിന്നും ഭിന്നമായ ശൈലീകൃതാഭിനയത്തിന്റെ അവതരണവും അഭ്യസനക്രമവുമാണ് മോഹനിയാട്ടത്തിനുള്ളതെന്ന് കാണാം. ബെറ്റി ജോണ്‍സിന്‍റെ മോഹിനിയാട്ടത്തെപ്പറ്റിയുള്ള മോണോഗ്രാഫില്‍6 .
Student rose five or six nazhikas before sunrise (a nazhika is 24 minutes) They began practice immediately, at day break they stoped for breakfast... (Betty True Jones : 1978:18)
എന്നു തുടങ്ങി ഉഴിച്ചിലുള്‍പ്പെടെയുള്ള അഭ്യാസങ്ങളെപ്പറ്റി വിസ്തരിച്ചു പറയുന്നുണ്ട്.
കേരളത്തിലെ മറ്റേതൊരു ക്ലാസിക്കല്‍ കലകളേയും പോലെ ശൈലീകൃതമായ അഭിനയസംവിധാനങ്ങളും സങ്കേതങ്ങളും പരിഷ്കരണങ്ങളും സംഭവിച്ച മോഹിനിയാട്ടത്തിലെ 'ആട്ട' വിവക്ഷയ്ക്കു മാത്രം മുന്‍പു കണ്ട ആശയപരമായ വ്യാപ്തി പലപ്പോഴും കൈവരുന്നില്ലെന്നു കാണാം. ശൈലീകൃതമായി ആടി തകര്‍ക്കുന്ന പുരുഷവേഷങ്ങളില്‍ നിന്നും ഭിന്നമായ സ്ത്രീശരീരങ്ങളുടെ പ്രകടനം ആട്ടത്തിന്റെ ജനപ്രിയ വിവക്ഷയോടു ചേര്‍ന്ന് വ്യാവഹാരികാര്‍ത്ഥം പങ്കിട്ടുവന്നതിലെ സാംസ്കാരികയുക്തി തിരിച്ചറിയേണ്ടതുണ്ട്. അത്തരം പഠനങ്ങളാവട്ടെ മോഹിനിയാട്ടമെന്ന കലാരൂപത്തിന്‍റെ ചരിത്രത്തിലേക്കും അതിന്റെ രാഷ്ട്രീയം തിരിച്ചറിയുന്നതിലേക്കും നമ്മെ നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കുറിപ്പുകള്‍
1. നാട്യശാസ്ത്രം കരണത്തിനു നല്‍കുന്ന നിര്‍വ്വചനം-
ഹസ്തപാദ സമായോഗോ
നൃത്തസ്യകരണം ഭവേത്
കൈകാലുകള്‍ വേണ്ടതുപോലെ യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന് കരണമെന്നു പേര്‍ (നാട്യശാസ്ത്രം 4-ാം അധ്യായം താണ്ഡവലക്ഷണം പിഷാരോടി : 1997: 146)
2. നങ്ങ്യാര്‍കൂത്തെന്ന രീതിയില്‍ മാത്രമാണ് വ്യഹരിച്ചു പോന്നത്.
3. ഭരതനാട്യത്തിലേതു പോലെയോ കുച്ചുപുടിയിലേതുപോലെയോ അവതരത്തില്‍ പുരുഷസാന്നിദ്ധ്യമില്ലാത്ത ചിട്ടയില്‍ വന്ന ചലനങ്ങളുടെ ക്രമമാണ് മോഹിനിയാട്ടത്തിന്‍റേത്.
4. ദേവദാസി പാരമ്പര്യത്തെക്കുറിച്ച് കല്ല്യാണിക്കുട്ടിയമ്മയും തളിനങ്ങ നടനം സംബന്ധിച്ച് ലീലാ ഓംചേരിയും വിശദീകരിച്ചെഴുതിയിട്ടുണ്ട്.
4. മോഹിനിയാട്ടനര്‍ത്തകിമാരെ കൊട്ടാരത്തിലേക്ക് അയയ്ക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ശ്രീ. സ്വാതിതിരുനാള്‍ മീനച്ചല്‍ കര്‍ത്തായ്ക്ക് എഴുതിയ എഴുത്തിന്‍റെ പതിപ്പ് തിരുവനന്തപുരം ഗ്രന്ഥപുരയില്‍ സൂക്ഷിച്ചുണ്ടെന്നറിയുന്നു. (കല്ല്യാണിക്കുട്ടിയമ്മ -കലാമണ്ഡലം ത്രൈമാസിക 1999:12)
6. Betty True James 1965-69 കാലഘട്ടത്തില്‍ ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പോടെ കലാമണ്ഡലത്തില്‍ വന്ന് താമസിച്ച് ഗവേഷണം ചെയ്ത് തയ്യാറാക്കിയ മോണോഗ്രാഫ്.
സഹായകഗ്രന്ഥങ്ങള്‍
1. ആദര്‍ശ് (എഡി), 2021, സൂത്രവാക്കുകള്‍, രസയാത്ര പബ്ലിഷേഴ്സ്, കൊച്ചി.
2. കല്യാണിക്കുട്ടിയമ്മ ,കലാമണ്ഡലം 2008, മോഹിനിയാട്ടം ചരിത്രവും ആട്ടപ്രകാരവും, ഡി.സി ബുക്കസ് കോട്ടയം.
3. കൃഷ്ണകൈമള്‍, അയ്മനം, കഥകളി വിജ്ഞാനകോശം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം.
4. നാരായണ പിഷാരടി, കെ.പി, 1997, ഭരതമുനിയുടെ നാട്യശാസ്ത്രം (വിവ.), കേരള സാഹിത്യ അക്കാദമിക, തൃശ്ശൂര്‍
5. പത്മനാഭപിള്ള, ശ്രീകണ്ഠശ്വരം, 2019, നാഷണല്‍ ബുക്ക്സ്റ്റാള്‍, കോട്ടയം.
6. ശിവശങ്കരപിള്ള, മാങ്കൊമ്പ്, ശിവരാമപിള്ള സി.കെ, 2006, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
മാസിക
7. കേരളകലാമണ്ഡലം ത്രൈമാസികം, മോഹിനിയാട്ടപതിപ്പ് 1999, കേരളകലാമണ്ഡലം, ചെറുതുരുത്തി
ഇംഗ്ലീഷ്
8. Betty True Jones, 1973, A Dance Tradition of Kerala, South India, Committee of Research in dance, USA.
ഡോ. അനൂപ്.വി
അസിസ്റ്റന്റ് പ്രൊഫസർ
മലയാള വിഭാഗം
SSV കോളേജ്
വളയൻചിറങ്ങര




Comments