വിജ്ഞാനവിനിമയത്തിൻ്റെ രണ്ടു വർഷം
- GCW MALAYALAM
- 3 days ago
- 1 min read

ഒരു സമൂഹം ആധുനികമാകുന്നത് സാമ്പത്തികാഭിവൃദ്ധിയിലൂടെയോ നാഗരികതയിലൂടെയോ മാത്രമല്ല, അവിടെയുള്ള ജനതയും പ്രകൃതിയും ഏതു രീതിയിൽ നിലനിൽക്കാൻ അവസരമൊരുങ്ങുന്നു എന്നതും പ്രധാനമാണ്. അങ്ങനെ നോക്കിയാൽ നമ്മുടെ സമൂഹം പല വിഷയങ്ങളിലും ലോകനിലവാരത്തിലേക്ക് വളർച്ച നേടേണ്ട അവസ്ഥയിലാണ്. പുതിയ കാലഘട്ടം മനുഷ്യാവകാശധ്വംസനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തുതുടങ്ങിയിട്ടുണ്ട്.ലിംഗ ന്യൂനപക്ഷനീതിയും ഈ രീതിയിൽ സവിശേഷശ്രദ്ധ നേടുന്നു. വൈജ്ഞാനികമലയാളം ഈ ലക്കം ഏറെ പ്രാധാന്യമുള്ള ഈ വിഷയമാണ് പരിഗണിക്കുന്നത്.
ലിംഗന്യൂനപക്ഷം ഭൂരിപക്ഷലിംഗഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായ ലിംഗസ്വത്വം ഉള്ള വ്യക്തികളെ പൊതുവായി കുറിക്കുന്ന പദമാണ്. അടുത്ത കാലത്താണ് ട്രാൻസ്‌ജെൻഡർ എന്ന ലിംഗഭേദം പോലും സാധാരണക്കാർ അംഗീകരിച്ചുതുടങ്ങിയത്. വളരെ യഥാസ്ഥിതികമായ സമൂഹം അങ്ങനെയുള്ളവരെ സമൂഹത്തിൽ നിലനിൽക്കാൻ പോലും അനുവദിച്ചിരുന്നില്ല. മതാ ധിഷ്ഠിതസമൂഹങ്ങൾ ഇങ്ങനെയുള്ള വിഷയങ്ങൾ അഭിമുഖീകരിക്കാൻപോലും ശ്രമിക്കാറില്ല. പുരുഷാധിപത്യമാണ് ഇവരെ നയിക്കുന്നത്. സ്ത്രീയെപ്പോലും രണ്ടാം ലിംഗമായി കണക്കാക്കുന്ന അധമചിന്ത ഇന്നും നിലനിൽക്കുന്നു.
ലിംഗഭേദത്തിലോ ലൈംഗികതയിലോ ഭൂരിപക്ഷത്തിൽനിന്ന് വ്യത്യസ്തമായ വിഭാഗങ്ങളെയെല്ലാം ലിംഗലൈംഗികന്യൂനപക്ഷമായി പരിഗണിക്കാം. ട്രാൻസ്‌ജെൻഡർ, ഗേ ലെസ്ബിയൻ ഇവയെല്ലാം ഈ പരിധിയിൽ വരുന്നു. ലിംഗന്യൂനപക്ഷാവകാശങ്ങൾ ഇന്ത്യ നിയമപരമായി സംരക്ഷിക്കുന്നുണ്ട്. അവർ നേരിടുന്ന സമൂഹ്യവും സാമ്പത്തികവും ആരോഗ്യകരവുമായ പ്രശ്നങ്ങൾ നാം അറിയേണ്ടതുണ്ട്. വൈജ്ഞാനികമലയാളം ഈ ലക്കം അതുകൊണ്ടുതന്നെ ഏറെ പ്രസക്തമാകുന്നു.
ചീഫ് എഡിറ്റർ
ഡോ. ബി. ശ്രീകുമാർ സമ്പത്ത്
Comments