സിനിമാറ്റിക് ഐക്കണോഗ്രഫിയും സാംസ്കാരിക സമന്വയവും: കേരളത്തിലെ ക്രൈസ്തവചരിത്രം ഡോക്യുമെന്ററികളിൽ.
- 5 days ago
- 7 min read
Updated: 3 days ago
സുധാരസൻ പി. എസ്.

പ്രബന്ധസംഗ്രഹം
കേരളത്തിലെ ക്രൈസ്തവചരിത്രത്തെയും പാരമ്പര്യത്തെയും സാംസ്കാരികസ്വത്വത്തെയും ഡോക്യുമെന്ററി സിനിമകൾ എങ്ങനെയാണ് ദൃശ്യപരമായി അടയാളപ്പെടുത്തുന്നത് എന്ന അന്വേഷണമാണ് ഈ ഗവേഷണപ്രബന്ധം. 'Kerala: The Cradle of Christianity in South Asia'(2025) എന്ന ഡോക്യുമെന്ററിയെ മുൻനിർത്തി, ക്രൈസ്തവരുടെ സവിശേഷമായ ചരിത്രവും പാരമ്പര്യവും ഈ ഡോക്യുമെന്ററിയിൽ എങ്ങനെ ആവിഷ്കരിക്കപ്പെടുന്നു എന്ന് പ്രബന്ധം വിശകലനം ചെയ്യുന്നു.ആരാധനാസംഗീതത്തിലും ആചാരങ്ങളിലും പ്രകടമാകുന്ന തദ്ദേശീയമായ സ്വാധീനത്തെ ദൃശ്യവൽക്കരിക്കുന്നതിലൂടെ ഒരു ജനതയുടെ സാംസ്കാരികസ്വത്വം ഈ ഡോക്യുമെന്ററി എങ്ങനെ ദൃശ്യവൽക്കരിക്കുന്നുവെന്നും ചരിത്രപരമായ തെളിവുകളെയും പൈതൃക സ്മരണകളെയും ആധികാരികമായ ദൃശ്യരേഖകളായി സംരക്ഷിക്കുന്നതിലും വരുംതലമുറയ്ക്ക് കൈമാറുന്നതിലും ഡോക്യുമെന്ററിസിനിമകൾ വഹിക്കുന്ന നിർണ്ണായക പങ്കിനെ ഈ പഠനം പരിശോധിക്കുന്നു.
താക്കോൽ വാക്കുകൾ
സിനിമാറ്റിക് ഐക്കണോഗ്രഫി, സാംസ്കാരികസമന്വയം, വിഷ്വൽ ഹിസ്റ്റോറിയോഗ്രഫി, ക്രൈസ്തവസ്വത്വം.
ഡോക്യുമെന്ററി: യാഥാർത്ഥ്യത്തിന്റെ ദൃശ്യാവിഷ്കാരം
ചലച്ചിത്രകലയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒന്നാണ് ഡോക്യുമെന്ററി. ഭാവനാപരമായ കഥകൾക്കും കഥാപാത്രങ്ങൾക്കും പകരം യാഥാർത്ഥ്യത്തെയും വസ്തുതകളെയും അടിസ്ഥാനമാക്കി നിർമ്മിക്കപ്പെടുന്ന ദൃശ്യരൂപമാണിത്.(Creative treatment of actuality) എന്നാണ് ഡോക്യുമെന്ററി എന്ന പദത്തിന് പ്രമുഖ ചലച്ചിത്രകാരനായ ജോൺ ഗ്രിയേഴ്സൺ (1933) നൽകിയിട്ടുള്ള നിർവ്വചനം. വിവരങ്ങൾ കൈമാറുന്നതിനൊപ്പം തന്നെ ഒരു പ്രത്യേകവിഷയത്തിൽ സാമൂഹികമായ അവബോധം സൃഷ്ടിക്കുകയോ, ചരിത്രത്തെ അടയാളപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഡോക്യുമെന്ററികളുടെ പ്രാഥമിക ലക്ഷ്യം. സിനിമയുടെ തുടക്കകാലത്ത് ലൂമിയർ സഹോദരന്മാർ ചിത്രീകരിച്ച ദൈനംദിന ജീവിതദൃശ്യങ്ങളാണ് പിൽക്കാലത്ത് ഡോക്യുമെന്ററി എന്ന വിപുലമായ ശാഖയായി പരിണമിച്ചത്.
ഡോക്യുമെന്ററികൾ കേവലം വിവരങ്ങളുടെ ശേഖരണമല്ല,ദൃശ്യങ്ങളിലൂടെയും ശബ്ദത്തിലൂടെയും നടത്തുന്ന ഒരു ഗൗരവകരമായ സംവേദനമാണ്. നേരിട്ടുള്ള വിവരണം, വ്യക്തികളുടെ അഭിമുഖങ്ങൾ, പുരാരേഖകൾ, നിരീക്ഷണാത്മകമായ ദൃശ്യങ്ങൾ എന്നിവയെല്ലാം ഇതിൽ ഉപയോഗിക്കുന്നു. റോബർട്ട് ഫ്ലാഹർട്ടിയുടെ 'നനൂക്ക് ഓഫ് ദ നോർത്ത്' (1922) പോലുള്ള ചിത്രങ്ങൾ ഈ വിഭാഗത്തിലെ ആദ്യകാല നാഴികക്കല്ലുകളാണ്. സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഡോക്യുമെന്ററികൾ വെറുമൊരു റെക്കോർഡിംഗ് എന്ന നിലയിൽ നിന്നും മാറി, ശക്തമായ രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകൾ നടത്തുന്ന മാധ്യമമായി മാറിയിരിക്കുന്നു. ഗവേഷണമാണ് ഒരു മികച്ച ഡോക്യുമെന്ററിയുടെ നട്ടെല്ല്. ചരിത്രപരമായ രേഖകൾ പരിശോധിച്ചും, വിഷയവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ചും തയ്യാറാക്കുന്ന തിരക്കഥയാണ് ഇതിന്റെ അടിസ്ഥാനം. എന്നാൽ ഫീച്ചർ ഫിലിമുകളിൽ നിന്ന് വ്യത്യസ്തമായി, ചിത്രീകരണസമയത്ത് സംഭവിക്കുന്ന സ്വാഭാവികമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഡോക്യുമെന്ററികൾക്ക് കഴിയുന്നു. ഇത് ഈ മാധ്യമത്തിന് കൂടുതൽ വിശ്വാസ്യത നൽകുന്നു. എത്‌നോഗ്രാഫിക് സോഷ്യൽ, ഹിസ്റ്റോറിക്കൽ, നേച്ചർ എന്നിങ്ങനെ വിവിധ ഉപവിഭാഗങ്ങളിലായി ഡോക്യുമെന്ററികൾ വ്യാപിച്ചു കിടക്കുന്നു. ഒരു ജനതയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും വരുംതലമുറയ്ക്കായി സംരക്ഷിച്ചു വയ്ക്കുന്ന ദൃശ്യരേഖകൾ കൂടിയാണിവ. സിനിമാറ്റോഗ്രഫിയും ശബ്ദസംവിധാനവും ഡോക്യുമെന്ററികളിൽ നിർണ്ണായക പങ്കു വഹിക്കുന്നു.കൃത്രിമമായ സെറ്റുകൾക്ക് പകരം യഥാർത്ഥസാഹചര്യങ്ങളിൽ ചിത്രീകരിക്കുന്നതിനാൽ, ലഭ്യമായ വെളിച്ചത്തെയും ശബ്ദങ്ങളെയും സർഗ്ഗാത്മകമായി ഉപയോഗി ക്കേണ്ടി വരുന്നു. ഇത് പ്രേക്ഷകന് ഒരു 'ഇമേഴ്‌സീവ്' അനുഭവം നൽകുന്നു. സമകാലികലോകത്ത് പരിസ്ഥിതിപ്രശ്നങ്ങൾ, മനുഷ്യാവകാശലംഘനങ്ങൾ, സാംസ്കാരികവൈവിധ്യങ്ങൾ എന്നിവയെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടാൻ ഡോക്യുമെന്ററികൾക്ക് കഴിയുന്നുണ്ട്. വസ്തുതകളുടെയും കലയുടെയും സമന്വയത്തിലൂടെ സത്യത്തെ ദൃശ്യവൽക്കരിക്കുന്ന ശക്തമായ ഒരു മാധ്യമമാണ് ഡോക്യുമെന്ററി.
സാംസ്കാരികവിനിമയങ്ങളും ക്രൈസ്തവ സ്വത്വവും
'Kerala: The Cradle of Christianity in South Asia'(2025) കേരളത്തിലെ ക്രൈസ്തവ പാരമ്പര്യചരിത്രത്തെ വിശ്വാസപരമായും സാംസ്കാരികവുമായ കാഴ്ചപ്പാടിലൂടെയാണ് ഡോക്യുമെന്ററി സമീപിക്കുന്നത്. എ.ഡി. 52-ൽ സെന്റ്തോമസിന്റെ വരവോടെ ആരംഭിച്ച ഈ സാംസ്കാരിക പ്രവാഹം എങ്ങനെ ഭാരതീയ പാരമ്പര്യവുമായി ഇഴചേർന്നു എന്നതിനെ ഡോക്യുമെന്ററി പരിശോധിയ്ക്കുന്നു. കേരളത്തിന്റെ ചരിത്രമെന്നത് വൈവിധ്യമാർന്ന സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഒരു വലിയ സമന്വയഭൂമിയാണ്. പുരാതനകാലം മുതൽ തന്നെ അറബിക്കടലിന്റെ തീരത്തുള്ള ഈ പ്രദേശം ആഗോളവ്യാപാര ഭൂപടത്തിൽ ഇടംപിടിച്ചിരുന്നു. ഈ വ്യാപാരബന്ധങ്ങൾ കേവലം സുഗന്ധവ്യഞ്ജനങ്ങളിൽ മാത്രം ഒതുങ്ങാതെ ചിന്തകളുടെയും വിശ്വാസങ്ങളുടെയും കൈമാറ്റത്തിന് വഴിയൊരുക്കി.ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം. പാശ്ചാത്യ രാജ്യങ്ങളിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനും മുൻപേ തന്നെ കേരളത്തിൽ ഒരു ക്രൈസ്തവ സമൂഹം നിലനിന്നിരുന്നു എന്നത് ചരിത്രപരമായ വസ്തുതയാണ് (മേനോൻ, 2018). ഈ പാരമ്പര്യം ഒരു മതപരമായിട്ടുള്ള മാറ്റമല്ലായിരുന്നു, മറിച്ച് അത് കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഘടനയിൽ വലിയ സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു. ഈ ചരിത്രപരമായ പശ്ചാത്തലത്തെ ആധുനിക ദൃശ്യമാധ്യമമായ ഡോക്യുമെന്ററിയിലൂടെ പുനർവായന നടത്തുകയാണ് ഈ പഠനം ചെയ്യുന്നത്.
റോബർട്ട് റോസൻസ്റ്റോണിന്റെ വിഷ്വൽ ഹിസ്റ്റോറിയോഗ്രഫി (2006) എന്ന ആശയം ഈ പഠനത്തിന് സൈദ്ധാന്തികമായ അടിത്തറ നൽകുന്നു. കേരളീയ സംസ്കാരവും ക്രൈസ്തവ വിശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ദൃശ്യവൽക്കരിക്കുന്ന ശ്രദ്ധേയമായ ഒരു ഗവേഷണ രേഖയാണ് “Kerala: The Cradle of Christianity in South Asia”. ഡോക്യുമെന്ററിയിൽ കേരളത്തെ അടയാളപ്പെടുത്തുന്നത് കേവലം ഒരു ഭൂപ്രദേശമായിട്ടല്ല, മറിച്ച് ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ സാംസ്കാരിക വിനിമയങ്ങളുടെ കേന്ദ്രമായിട്ടാണ്. ഒന്നാം നൂറ്റാണ്ടിൽ മുസിരിസ് തുറമുഖം വഴി എത്തിയ ക്രൈസ്തവവിശ്വാസം എങ്ങനെയാണ് കേരളത്തിൽ വേരൂന്നിയതെന്നും അതൊരു തദ്ദേശീയപാരമ്പര്യമായി എങ്ങനെ മാറിയെന്നും ഡോക്യുമെന്ററി ആധികാരികമായി ചർച്ചചെയ്യുന്നു. സാംസ്കാരികസമന്വയത്തിന്റെ കാഴ്ചകളാണ് കേരളീയ ക്രൈസ്തവതയുടെ അടയാളങ്ങളായി ഈ ഡോക്യുമെന്ററിയിൽ അവതരിപ്പിക്കപ്പെടുന്നത്. ഹൈന്ദവക്ഷേത്ര വാസ്തുവിദ്യയോട് സാമ്യമുള്ള പഴയകാല പള്ളികൾ, ആരാധനാലയങ്ങളിൽ തെളിയുന്ന നിലവിളക്കുകൾ എന്നിവയെല്ലാം സംസ്കാരത്തിന്റെ തെളിവുകളായി അടയാളപ്പെടുത്തുന്നു. പൗരസ്ത്യമായ ആരാധനാക്രമവും ദ്രാവിഡമായ ആചാരങ്ങളും തമ്മിലുള്ള ഈ ലയനം കേരളീയക്രൈസ്തവർക്ക് ഒരു പ്രത്യേക സ്വത്വം നൽകിയെന്ന് ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു.
ദൃശ്യചരിത്രരേഖ എന്ന നിലയിലുള്ള ഡോക്യുമെന്ററിയുടെ പ്രസക്തി
ജയിൻ ജോസഫ് സംവിധാനം ചെയ്ത 'Kerala: The Cradle of Christianity in South Asia' എന്ന ഡോക്യുമെന്ററി കേരളത്തിലെ ക്രൈസ്തവസ്വത്വത്തെക്കുറിച്ചുള്ള ഒരു സുപ്രധാന ദൃശ്യരേഖയാണ്. പാരമ്പര്യം, സംഗീതം, വാസ്തുവിദ്യ എന്നിവയിലൂടെ ഒരു ജനതയുടെ ചരിത്രം എങ്ങനെ അടയാളപ്പെടുത്താം എന്ന് ഡോക്യുമെന്ററി ചൂണ്ടിക്കാണിക്കുന്നു. ഡോക്യുമെന്ററി നരവംശശാസ്ത്രപരമായ സമീപനമാണ് സ്വീകരിക്കുന്നത്. പുരാതന പള്ളികളിലെ ദൃശ്യഭാഷ, സാംസ്കാരികസമന്വയം എന്നിവ അതീവ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നു. ചരിത്രത്തെ കേവലം തീയതികളുടെയും പേരുകളുടെയും പട്ടികയായിട്ടല്ല കാണുന്നത്. മറിച്ച്, ദൃശ്യങ്ങളിലൂടെയും ശില്പങ്ങളിലൂടെയും സംഗീതത്തിലൂടെയും ഒരു ജനതയുടെ പാരമ്പര്യത്തെ അടയാളപ്പെടുത്തനാണ് ശ്രമിക്കുന്നത്. ലിഖിത ചരിത്രത്തിന് പരിമിതികളുള്ള ഇടങ്ങളിൽ ക്യാമറ ഒരു ഗവേഷകന്റെ കണ്ണായി പ്രവർത്തിക്കുന്നു.
സൈദ്ധാന്തിക ചട്ടക്കൂട്
ചരിത്രം,ചലച്ചിത്രം,സംഗീതം എന്നീ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് ഈ പഠനത്തിൽ സ്വീകരിച്ചിരിക്കുന്നത്. ചരിത്രത്തെ ദൃശ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും പുനർനിർമ്മിക്കുന്ന രീതിയെ വിശകലനം ചെയ്യാൻ റോബർട്ട് എ. റോസൻസ്റ്റോൺ (Rosenstone, 2006) മുന്നോട്ടുവെച്ച 'വിഷ്വൽ ഹിസ്റ്റോറിയോഗ്രഫി' (Visual Historiography) എന്ന സിദ്ധാന്തത്തെയാണ് പ്രധാനമായും ആധാരമാക്കിയിരിക്കുന്നത്. ലിഖിതരൂപത്തിലുള്ള ചരിത്രരേഖകൾക്ക് അപ്പുറം, ചലച്ചിത്രബിംബങ്ങൾക്കും ശബ്ദങ്ങൾക്കും ചരിത്രത്തെ കൂടുതൽ അനുഭവവേദ്യമായ രീതിയിൽ സംവേദനം ചെയ്യാൻ കഴിയുമെന്ന് ഈ സിദ്ധാന്തം വ്യക്തമാക്കുന്നു. അതോടൊപ്പം, കേരളത്തിലെ ക്രൈസ്തവപാരമ്പര്യത്തിൽ അന്തർലീനമായിരിക്കുന്ന സാംസ്കാരിക ഇഴചേരലുകളെ മനസ്സിലാക്കാൻ മെൽവിൽഹെർസ്കോവിറ്റ്‌സ്(Herskovits,1938)വികസിപ്പിച്ചെടുത്ത'കൾച്ചറൽസിൻക്രെറ്റിസം' (Cultural Syncretism) സാംസ്കാരികസമന്വയം എന്ന ആശയവും സൈദ്ധാന്തിക അടിത്തറയായി സ്വീകരിച്ചിരിക്കുന്നു. രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള സമ്പർക്കത്തിലൂടെ രൂപപ്പെടുന്ന സമ്മിശ്ര സാംസ്കാരികസ്വത്വത്തെയും ആചാരങ്ങളെയും വിശകലനം ചെയ്യാൻ ഇത് സഹായിക്കുന്നു. കൂടാതെ, ഡോക്യുമെന്ററിയിലെ സുറിയാനി ആരാധനാ സംഗീതത്തെ അതിന്റെ സാമൂഹികവും ചരിത്രപരവുമായ പശ്ചാത്തലത്തിൽ പഠിക്കുന്നതിനായി ജാപ് കുൻസ്റ്റ് (Kunst,2008) ആവിഷ്കരിച്ച 'എത്‌നോമ്യൂസിക്കോളജി' (Ethnomusicology) എന്ന സമീപനവും പഠനത്തിന് ഉപയോഗിച്ചിട്ടുണ്ട്. ഈ മൂന്ന് സിദ്ധാന്തങ്ങളിലൂടെ ഡോക്യുമെന്ററി എന്ന ദൃശ്യമാധ്യമം എങ്ങനെയാണ് കേരളീയ ക്രൈസ്തവ ചരിത്രത്തെയും സ്വത്വത്തെയും വീണ്ടെടുക്കുന്നത് എന്ന് ഈ ലേഖനം പരിശോധിക്കുന്നു
സാധാരണയായി ചരിത്രകാരന്മാർ ലിഖിത രേഖകളെയാണ് ചരിത്രരചനയ്ക്കായി ആശ്രയിക്കുന്നത്. എന്നാൽ വിഷ്വൽ ഹിസ്റ്റോറിയോഗ്രാഫിയിൽ ക്യാമറയും ദൃശ്യങ്ങളും ചരിത്രരചനയ്ക്കുള്ള ഉപകരണങ്ങളായി മാറുന്നു. ഇവിടെ ഡോക്യുമെന്ററി സംവിധായകൻ ഒരു ചരിത്രകാരന്റെ ധർമ്മമാണ് നിർവ്വഹിക്കുന്നത്.ലഭ്യമായ ചരിത്രവസ്തുതകളെ ദൃശ്യഭാഷയിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ, അത് ചരിത്രത്തെ കൂടുതൽ ജനകീയവും അനുഭവവേദ്യവുമാക്കുന്നു.പ്രേക്ഷകനെ ആ കാലഘട്ടത്തിലേക്ക് എത്തിയ്ക്കാൻ കഴിയുന്നതിലൂടെയാണ് ചരിത്രപരമായ ഒരു ചലച്ചിത്രമോ,ഡോക്യുമെന്ററിയോ വിജയിക്കുന്നത്. ഇത് വെറുമൊരു വിവരണമല്ല, മറിച്ച് ചരിത്രത്തിന് നൽകുന്ന ഭൗതികമായ തെളിവാണ്. വിഷ്വൽ ഹിസ്റ്റോറിയോഗ്രാഫിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാസ്തുവിദ്യയെ ഒരു ചരിത്രരേഖയായി കാണുക എന്നത്. കേരളത്തിലെ പള്ളികളുടെ നിർമ്മാണശൈലിയിൽ ഹൈന്ദവവാസ്തുവിദ്യയുടെ സ്വാധീനം ഈ ഡോക്യുമെന്ററി വ്യക്തമായി ചിത്രീകരിക്കുന്നു ഈ ദൃശ്യങ്ങൾ ക്രൈസ്തവ സംസ്കാരം എങ്ങനെ പ്രാദേശികസംസ്കാരവുമായി ഇഴചേർന്നിരിക്കുന്നു എന്നതിന്റെ തെളിവുകളാണ്. പള്ളികളുടെ അൾത്താരകളിൽ കാണപ്പെടുന്ന ചുവർചിത്രങ്ങൾ വെറും അലങ്കാരങ്ങളല്ല, അവ അക്കാലത്തെ വിശ്വാസങ്ങളുടെയും സാമൂഹികജീവിതത്തിന്റെയും ദൃശ്യരേഖകളാണ്. വിഷ്വൽ ഹിസ്റ്റോറിയോഗ്രാഫി എന്ന നിലയിൽ, ഈ ചിത്രങ്ങളിലെ നിറങ്ങൾ, വേഷവിധാനങ്ങൾ, ബിംബങ്ങൾ എന്നിവയെ ഡോക്യുമെന്ററി വിശകലനംചെയ്യുന്നു. എത്ത്നോമ്യൂസിക്കോളജി എന്ന ശാഖയുമായി ബന്ധപ്പെട്ടാണെങ്കിലും, വിഷ്വൽ ഹിസ്റ്റോറിയോഗ്രാഫിയിൽ ശബ്ദങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. പുരാതനമായ ക്രൈസ്തവഗീതങ്ങൾ പശ്ചാത്തലത്തിൽ ഉപയോഗിക്കുന്നത് വഴി ആ സമൂഹത്തിന്റെ സാംസ്കാരികമായ സ്വത്വം ഡോക്യുമെന്ററി ഉറപ്പിക്കുന്നു. രണ്ട് സംസ്കാരങ്ങൾ ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന പുതിയൊരു രൂപത്തെയാണ് സിൻക്രെറ്റിസം എന്ന് വിളിക്കുന്നത്. കേരളത്തിലെ ക്രൈസ്തവമതം ഒരു ഭാരതീയ രൂപമായി മാറിയത് എങ്ങനെയെന്ന് ഈ ഡോക്യുമെന്ററി ദൃശ്യവൽക്കരിക്കുന്നു. ചട്ടയും മുണ്ടും, മാർഗ്ഗംകളി, തുടങ്ങിയവയുടെ ഉപയോഗം ചിത്രീകരിക്കുന്നതിലൂടെ സാംസ്കാരികമായ ഈ ലയനത്തെ സംവിധായകൻ ചരിത്രപരമായി അടയാളപ്പെടുത്തുന്നു.
സിനിമാറ്റിക് ഐക്കണോഗ്രഫിയും വാസ്തുവിദ്യാസമന്വയവും
ഈ ഡോക്യുമെന്ററിയിലെ ദൃശ്യബിംബങ്ങൾ എങ്ങനെ ചരിത്രത്തെ പുനർനിർമ്മിക്കുന്നു എന്നത് അതീവപ്രാധാന്യമുള്ള വിഷയമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ ആഗോള ചിഹ്നങ്ങൾ കേരളത്തിന്റെ പ്രാദേശികപശ്ചാത്തലത്തിലേക്ക് വരുമ്പോൾ സംഭവിച്ച രൂപപരിണാമങ്ങളെ ഡോക്യുമെന്ററിയിൽ ചിത്രീകരിക്കുന്നു.നിലവിളക്കുകൾ, ചുമർചിത്രങ്ങൾ എന്നിവ വെറും മതപരമായ അടയാളങ്ങളല്ല, മറിച്ച് കേരളീയക്രൈസ്തവസ്വത്വത്തിന്റെ ദൃശ്യരേഖകളാണ്. വിദേശത്തു നിന്നുള്ള ആശയങ്ങൾ പ്രാദേശികമായ ബിംബങ്ങളുമായി സമന്വയിക്കുമ്പോൾ ഒരു മതം എങ്ങനെ ഒരു നാടിന്റെ സംസ്കാരത്തിലേക്ക് വേരൂന്നുന്നു എന്നതും, കേരളത്തിലെ പുരാതന പള്ളികളുടെ നിർമ്മാണ ശൈലിയിൽ ഹൈന്ദവ ക്ഷേത്രവാസ്തുവിദ്യയുടെ ആഴത്തിലുള്ള സ്വാധീനം എത്രത്തോളമുണ്ടെന്നും ഡോക്യുമെന്ററിയിൽ കൃത്യമായി അടയാളപ്പെടുത്തുന്നു. പള്ളികളുടെ പുറംഭാഗത്തുള്ള മുഖമണ്ഡപം ക്ഷേത്രങ്ങളുടെ ഘടനയോട് പുലർത്തുന്ന സാമ്യം സാംസ്കാരിക സമന്വയത്തിന്റെ പ്രതീകമാണ്. ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ പള്ളികളുടെ മേൽക്കൂരകളിലെ കൊത്തുപണികളിലൂടെ സഞ്ചരിക്കുമ്പോൾ, പാശ്ചാത്യ ശൈലിയേക്കാൾ ഉപരിയായി കേരളീയശൈലിക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. ഇത് സാംസ്കാരികമായ ഒത്തുചേരലിന്റെയും പരസ്പര ബഹുമാനത്തിന്റെയും ദൃശ്യരൂപങ്ങളാകുന്നു. കേരളത്തിലെ പള്ളികൾക്ക് മുന്നിൽ കാണുന്ന കൂറ്റൻ കൽക്കുരിശുകൾ ലോകത്തിലെ മറ്റ് ക്രൈസ്തവ രാജ്യങ്ങളിൽ നിന്ന് കേരളത്തെ വേറിട്ടു നിർത്തുന്നു. ഈ കൽക്കുരിശുകളുടെ കൊത്തുപണികൾക്ക് ഹിന്ദു കലാരൂപങ്ങളോടുള്ള സാമ്യം ഡോക്യുമെന്ററി വിശകലനം ചെയ്യുന്നു.കൂടാതെ, പള്ളിക്കകത്തും പുറത്തുമുള്ള നിലവിളക്കുകളുടെ ഉപയോഗം കേരളീയമായ കാഴ്ചപ്പാടാണ് വെളിവാക്കുന്നത്.കേരളീയ ക്രൈസ്തവത എന്നത് ഭാരതീയപൈതൃകത്തിന്റെ അവിഭാജ്യഘടകമാണെന്ന ഡോക്യുമെന്ററിയുടെ പ്രധാനവാദത്തെ ഇത് ബലപ്പെടുത്തുന്നു. പഴയ പള്ളികളിലെ ചുമർചിത്രങ്ങൾ പാശ്ചാത്യ റെനൈസൻസ് കലയേക്കാൾ ഉപരിയായി കേരളത്തിലെ ക്ഷേത്രചുവർചിത്രകലയോടാണ് കടപ്പെട്ടിരിക്കുന്നത് എന്ന് ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മതം എങ്ങനെ ഒരു സമൂഹത്തിന്റെ ജീവിതരീതിയുമായി പൂർണ്ണമായി ലയിച്ചുചേരുന്നു എന്നതിന്റെ തെളിവാണിത്. ഇത്തരം ചിത്രങ്ങളിലൂടെ സംവേദനം ചെയ്യപ്പെടുന്ന ചരിത്രം അക്കാദമിക് തലത്തിൽ കൂടുതൽ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
സാംസ്കാരികസമന്വയവും ക്രൈസ്തവ സാമൂഹികജീവിതവും
കേരളത്തിലെ ക്രൈസ്തവജീവിതം എന്നത് മറ്റു മതവിഭാഗങ്ങളുമായി വേർപിരിക്കാനാവാത്ത വിധം ഇഴചേർന്നു കിടക്കുന്ന ഒന്നാണെന്ന് ഈ ഡോക്യുമെന്ററി അടിവരയിടുന്നു. “സാംസ്കാരികസമന്വയം” എന്നത് കേരളീയന്റെ ജൈവികമായ ജീവിതരീതിയാണെന്ന് ഡോക്യുമെന്ററിയിലെ ഓരോ ദൃശ്യവും സാക്ഷ്യപ്പെടുത്തുന്നു. ഹൈന്ദവ,ബുദ്ധ,ദ്രാവിഡ പാരമ്പര്യങ്ങളിൽ നിന്ന് കടമെടുത്ത ആചാരങ്ങൾ ക്രൈസ്തവവിശ്വാസവുമായി ചേർന്ന് ഒരു പുതിയ സംസ്കാരം രൂപപ്പെട്ടത് എങ്ങനെയെന്ന് ഈ ഡോക്യുമെന്ററി വിശകലനം ചെയ്യുന്നു.പള്ളികളിലെ മുത്തുക്കുടകൾ, തുടങ്ങിയവ ചിത്രീകരിക്കുമ്പോൾ ക്രൈസ്തവജീവിതത്തിലെ ആചാരങ്ങളിൽ കേരളീയമായ സ്വാധീനം ഡോക്യുമെന്ററി വ്യക്തമാക്കുന്നു.ക്രൈസ്തവവിവാഹചടങ്ങുകൾ ഹൈന്ദവ പാരമ്പര്യവുമായുള്ള ആഴത്തിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.
കേരളത്തിലെ ക്രൈസ്തവപാരമ്പര്യത്തിന്റെ ആത്മീയവും സാംസ്കാരികവുമായ നട്ടെല്ല് അതിന്റെ പുരാതനമായ ആരാധനാസംഗീതമാണെന്ന് ഡോക്യുമെന്ററി സമർത്ഥിക്കുന്നു. സിറിയക് പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഈ സംഗീതശൈലി ലോകത്തിലെ തന്നെ ഏറ്റവും പഴയ സംഗീത രൂപങ്ങളിൽ ഒന്നാണ്. പശ്ചിമേഷ്യയിൽ നിന്ന് എത്തിയ സുറിയാനി ഭാഷയിലുള്ള പ്രാർത്ഥനാ ഗീതങ്ങൾ കേവലം മതപരമായ അനുഷ്ഠാനങ്ങൾ എന്നതിലുപരി ഒരു ജനതയുടെ ചരിത്രപരമായ തുടർച്ചയെയാണ് പ്രതിനിധീകരിക്കുന്നത്. സംഗീതം എങ്ങനെ ഒരു സമുദായത്തിന്റെ സാമൂഹിക സ്വത്വത്തെ നിർവചിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് മാർഗ്ഗംകളിപ്പാട്ടുകൾ.സെന്റ് തോമസിന്റെ പ്രബോധനങ്ങളെയും സമുദായത്തിന്റെ ചരിത്രത്തെയും പാട്ടുകളിലൂടെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. പള്ളിപ്പെരുന്നാളുകൾ എന്നത് ഒരു പ്രത്യേകവിഭാഗത്തിന്റെ മാത്രം ആഘോഷമല്ല, മറിച്ച് അത് നാടിന്റെ മൊത്തത്തിലുള്ള ഉത്സവമാണെന്ന ദൃശ്യങ്ങൾ ഡോക്യുമെന്ററിയിലുണ്ട്. പള്ളി പ്രദക്ഷിണങ്ങളിൽ ഉപയോഗി ക്കുന്ന ചെണ്ടമേളവും വാദ്യഘോഷങ്ങളും കേരളത്തിലെ ക്ഷേത്രോത്സവങ്ങളോട് പുലർത്തുന്ന സാമ്യം സാംസ്കാരികവിനിമയത്തിന്റെ മികച്ച ഉദാഹരണമാണ്. ഇത് കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ദൃശ്യവൽക്കരിക്കാനുള്ള സംവിധായകന്റെ ശ്രമമായി കാണാം. കേരളത്തിലെ ക്രൈസ്തവചരിത്രത്തെ കേവലം ഒരു മതത്തിന്റെ വളർച്ചയായിട്ടല്ല,കേരളത്തിന്റെ സാംസ്കാരിക പരിണാമത്തിന്റെ ഭാഗമായിട്ടാണ് ഡോക്യുമെന്ററിയിൽ അവതരിപ്പിക്കുന്നത്. ഒന്നാം നൂറ്റാണ്ടിൽ മുസിരിസ് തുറമുഖം വഴിയുള്ള ആഗോള വ്യാപാരബന്ധങ്ങളിലൂടെയാണ് ക്രൈസ്തവവിശ്വാസം കേരളത്തിലെത്തുന്നത്. ഇത് കേരളീയമായ സാമൂഹികപശ്ചാത്തലത്തിൽ ജൈവികമായി വളർന്നതാണെന്നു ഡോക്യുമെന്ററി ആധികാരികമായി സമർത്ഥിക്കുന്നു. മിഷണറിമാരുടെ വരവിനും എത്രയോ മുൻപേ ഇവിടെ നിലനിന്നിരുന്ന ഒരു തദ്ദേശീയ ക്രൈസ്തവസ്വത്വത്തെ വീണ്ടെടുക്കാനാണ് സംവിധായകൻ ഈ ആഖ്യാനത്തിലൂടെ ശ്രമിക്കുന്നത്.കേരളത്തിലെ സാമൂഹികവ്യവസ്ഥിതിയിൽ ക്രൈസ്തവർക്ക് ഉണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ച് ഡോക്യുമെന്ററി ഗൗരവകരമായ ചർച്ചകൾ നടത്തുന്നുണ്ട്.ചരിത്രത്തെ കേവലം ലിഖിതരേഖകളിൽ ഒതുക്കാതെ ദൃശ്യങ്ങളെയും ചിഹ്നങ്ങളെയും തെളിവുകളായി സ്വീകരിക്കുന്ന രീതിയാണ് ഈ ഡോക്യുമെന്ററിയുടെ സവിശേഷത. പുരാതന പള്ളികളിലെ വാസ്തുവിദ്യ, ക്ഷേത്രശൈലിയോട് സാമ്യമുള്ള കൽക്കുരിശുകൾ, നിലവിളക്കുകൾ എന്നിവയെല്ലാം ഒരു സാംസ്കാരികസമന്വയത്തിന്റെ അടയാളങ്ങളായി ദൃശ്യവൽക്കരിക്കുന്നു. മതപരമായ വിശ്വാസത്തിനപ്പുറം കേരളീയമായ ആചാരങ്ങളെയും കലകളെയും മുറുകെപ്പിടിച്ച ക്രൈസ്തവപാരമ്പര്യം എങ്ങനെ രൂപപ്പെട്ടുവെന്ന് വിശകലനം ചെയ്യുന്നു.സംഗീതത്തെ ഒരു ചരിത്രരേഖയായി ഉപയോഗിക്കുന്ന 'എത്‌നോമ്യൂസിക്കോളജിക്കൽ' സമീപനമാണ് ഈ ഡോക്യുമെന്ററിയുടെ മറ്റൊരു ആകർഷണം. സുറിയാനി ഭാഷയിലുള്ള പുരാതന പ്രാർത്ഥനാഗീതങ്ങൾ കേരളീയമായ രാഗങ്ങളുമായും താളങ്ങളുമായും എങ്ങനെ ഇഴചേർന്നു എന്ന് ഡോക്യുമെന്ററി ശബ്ദരേഖകൾ സഹിതം വിവരിക്കുന്നു. ഈ സംഗീത പാരമ്പര്യം ഒരു ജനതയുടെ സ്വത്വം അടയാളപ്പെടുത്തുന്നതിൽ എത്രത്തോളം പ്രധാനമാണെന്ന് സംവിധായകൻ തെളിയിക്കുന്നു. ശബ്ദങ്ങളിലൂടെ ചരിത്രത്തെ പുനർനിർമ്മിക്കുന്ന ഈ രീതി പുതിയൊരു അക്കാദമിക് കാഴ്ചപ്പാട് നൽകുന്നു. കേരളത്തിന്റെ മതസൗഹാർദ്ദത്തിന്റെ വലിയൊരു ചരിത്രമാണ് ഈ ഡോക്യുമെന്ററി അടയാളപ്പെടുത്തുന്നത്. പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും സാധാരണക്കാരുടെ ജീവിത രീതികളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഇതിലെ ആഖ്യാനം ചരിത്രത്തിന് കൂടുതൽ ആധികാരികത നൽകുന്നു.
ശബ്ദലേഖനവും, വാമൊഴി ചരിത്രആഖ്യാനവും
ഡോക്യുമെന്ററിയിലെ ആഖ്യാനത്തിൽ ശബ്ദത്തിനുള്ള പങ്ക് ശ്രദ്ധേയമാണ്.ഓരോ ദൃശ്യത്തിനും അനുയോജ്യമായ രീതിയിൽ പഴയ പ്രാർത്ഥനാതാളങ്ങൾ ഉപയോഗിച്ചിരിക്കുന്നത് ഡോക്യുമെന്ററിയുടെ വേഗതയെയും വികാരത്തെയും നിയന്ത്രിക്കുന്നു.“ആമേൻ” പോലുള്ള ശബ്ദ പ്രയോഗങ്ങളുടെ ആവർത്തനവും ആരാധനയിലെ നിശബ്ദതയും ഒരു ആത്മീയ പരിവേഷം നൽകുന്നു. ഡോക്യുമെന്ററിയിലെ അഭിമുഖങ്ങൾ കേവലം വിവരങ്ങൾ നൽകാനല്ല, മറിച്ച് വാമൊഴിചരിത്രത്തെ രേഖപ്പെടുത്താനാണ് ഉപയോഗിച്ചിരിക്കുന്നത്. വിദഗ്ദ്ധരായ ചരിത്രകാരന്മാരോടൊപ്പം തന്നെ സാധാരണക്കാരായ വിശ്വാസികളുടെയും വൈദികരുടെയും അനുഭവങ്ങൾ പങ്കുവെക്കുന്നത് ഡോക്യുമെന്ററിയ്ക്ക് ഒരു “ഹ്യൂമൻ ടച്ച്” നൽകുന്നു. ഓരോ വ്യക്തിയുടെയും സംസാരം അവരവരുടെ സാംസ്കാരികപശ്ചാത്തല ത്തെയും പാരമ്പര്യത്തോടുള്ള ആഭിമുഖ്യത്തെയും വെളിപ്പെടുത്തുന്നു.ഇത് ചരിത്രത്തെ ഔദ്യോഗിക രേഖകളിൽ നിന്ന് മോചിപ്പിച്ച് ജനകീയമായ ഒരു തലത്തിലേക്ക് എത്തിക്കുന്നു.
ഡോക്യുമെന്ററിയുടെ ആഖ്യാനവും ദൃശ്യഭാഷയും
ചരിത്രപരമായ വസ്തുതകളെയും ദൃശ്യാനുഭവങ്ങളെയും വൈദഗ്ധ്യത്തോടെ സമന്വയിപ്പിക്കുന്ന ആഖ്യാനശൈലിയാണ് ഈ ഡോക്യുമെന്ററി പിന്തുടരുന്നത്. വെറുമൊരു ചരിത്രവിവരണമെന്നതിലുപരി,പ്രേക്ഷകനെ ആ സാംസ്കാരികകാലഘട്ടത്തിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയിലുള്ള “ഇമേഴ്‌സീവ്” സമീപനമാണ് സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. പ്രമുഖ ചരിത്രകാരന്മാരുടെ സംഭാഷണങ്ങൾ,പുരാതനലിഖിതങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ, സമകാലിക ആരാധനാക്രമങ്ങൾ എന്നിവകൊണ്ട്, ആഖ്യാനരീതി അക്കാദമിക് ഗൗരവമുള്ള ചലച്ചിത്രഭാഷയായി മാറുന്നു. ഇവ കോർത്തിണക്കിക്കൊണ്ട് വ്യക്തമായ ഒരു ചരിത്രബോധം നൽകുന്ന ആഖ്യാനമാണ് ഇതിലുള്ളത്. ഡോക്യുമെന്ററിയുടെ ദൃശ്യഭാഷയിൽ പുരാതനമായ ദേവാലയങ്ങളുടെ ഉൾഭാഗങ്ങൾ, ചുവർചിത്രങ്ങൾ, കൽക്കുരിശുകൾ എന്നിവയ്ക്ക് നൽകിയിരിക്കുന്ന പ്രാധാന്യം സവിശേഷമാണ്. നിശ്ചലമായ ചരിത്രബിംബങ്ങളിലൂടെയുള്ള ക്യാമറചലനങ്ങൾ പ്രേക്ഷകരിൽ ഒരു ചരിത്രരേഖ കാണുന്നതിനേക്കാൾ ഉപരിയായി,ഒരു സംസ്കാരത്തിന്റെ ഭാഗമാകുന്ന അനുഭവം ഉളവാക്കുന്നു.
ഗവേഷണവും കലയും ഒത്തുചേരുമ്പോൾ
“Kerala: The Cradle of Christianity in South Asia” എന്ന ഡോക്യുമെന്ററിയ്ക്കു ദൃശ്യങ്ങളിലൂടെയും, ശബ്ദത്തിലൂടെയും ഒരു ചരിത്രത്തെ ആഴത്തിൽ സംവേദനം ചെയ്യാൻ കഴിയുന്നു.ഡോക്യുമെന്ററിയുടെ ആഖ്യാനരീതി പ്രേക്ഷകന്റെ സാംസ്കാരിക ബോധത്തെ ഉണർത്തുന്ന ഒരു കലാസൃഷ്ടിയായിമാറുന്നു. കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എങ്ങനെ ഒരു ദക്ഷിണേഷ്യൻ സാംസ്കാരിക സ്വത്വമായി പരിണമിച്ചു എന്ന് വിശകലനം ചെയ്യാനാണ് സംവിധായകൻ ശ്രമിക്കുന്നത്. ക്രൈസ്തവത എന്നത് ഇവിടുത്തെ സാംസ്കാരിക വൈവിധ്യത്തിൽ നിന്ന് രൂപപ്പെട്ടുവന്നതാണെന്നും, കേരളത്തിലെ ക്രൈസ്തവ ആചാരങ്ങൾക്കു കേരളത്തിലെ പാരമ്പര്യങ്ങളുമായി ആഴത്തിൽ ബന്ധമുണ്ട ന്നുള്ളത്, വാസ്തുവിദ്യാശൈലികൾ,ആ രാധനാക്രമങ്ങൾ എന്നിവ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവ പ്രാർത്ഥനാഗീതങ്ങൾ കേരളീയരാഗങ്ങളുമായി ലയിച്ചുചേർന്നത് ലോകത്തിലെ തന്നെ അപൂർവ്വമായ ഒരു സംഗീത പ്രതിഭാസമായിട്ടാണ് ചിത്രീകരിക്കുന്നത്. ഡോക്യുമെന്ററിയിലെ ദൃശ്യങ്ങൾ പള്ളികളെയും ലിഖിതങ്ങളെയും വെറുമൊരു കാഴ്ചവസ്തുവായിട്ടല്ല, ജീവിക്കുന്ന ചരിത്രരേഖകളായി അവതരിപ്പിക്കാനാണ് ഡോക്യുമെന്ററി ശ്രമിക്കുന്നത്.
ഉപസംഹാരം
ദൃശ്യ-ശ്രാവ്യമാധ്യമങ്ങളിലൂടെ ഒരു ജനതയുടെ സാംസ്കാരികചരിത്രത്തെ ഫലപ്രദമായി സംവേദനം ചെയ്യാൻ ഈ ഡോക്യുമെന്ററിക്ക് സാധിക്കുന്നുണ്ട്. സവിശേഷമായ ആഖ്യാനശൈലിയിലൂടെ പ്രേക്ഷകന്റെ സാംസ്കാരിക ബോധത്തെ ഉണർത്തുന്ന ഉന്നതമായ ഒരു കലാസൃഷ്ടിയായി “Kerala: The Cradle of Christianity in South Asia” മാറുന്നു."വൈവിധ്യങ്ങൾക്കിടയിലെ ഏകത്വം" എന്ന ദർശനമാണ് ഈ പഠനത്തിന്റെ അന്തർധാര. മതം പലപ്പോഴും മനുഷ്യരെ വേർതിരിക്കാറുണ്ടെങ്കിലും, കലയും സംഗീതവും സംസ്കാരവും എങ്ങനെ മനുഷ്യരെ വൈകാരികമായി ഒന്നിപ്പിക്കുന്നു എന്ന് ഈ ഡോക്യുമെന്ററി ദൃശ്യവൽക്കരിക്കുന്നു. കേരളത്തിന്റെ പൈതൃകം എന്നത് കേവലം അതിജീവനത്തിന്റേതല്ല, മറിച്ച് സഹിഷ്ണുതയുടെയും പാരസ്പര്യത്തിന്റെയും ചരിത്രമാണ്.ആ സാംസ്കാരികചരിത്രത്തിലെ തിളക്കമാർന്ന ഏടായ ക്രൈസ്തവപാരമ്പര്യത്തെ ദൃശ്യഭാഷയിലൂടെയും സൂക്ഷ്മമായ വിശകലനങ്ങളിലൂടെയും അടയാളപ്പെടുത്താനാണ് ഈ പ്രബന്ധം ശ്രമിച്ചിട്ടുള്ളത്.
ഗ്രന്ഥസൂചി
1. Barnouw, E. (1993). Documentary: A History of the Non-fiction Film (2nd rev. ed.). Oxford University
2. Flaherty, R. J. (Director). (1922). Nanook of the North
3. Grierson, J. (1933). The documentary producer. Cinema Quarterly,
4. Herskovits, M. J. (1938). Acculturation: The study of culture contact. J. J. Augustin.
5. Nichols, B. (2017). Introduction to Documentary (3rd ed.). Indiana University Press.
6. Kunst, J. (2008). Ethnomusicology: A study of its nature, its problems, methods and representative personalities to which is added a bibliography (3rd ed.). Martinus Nijhoff.
7. Rosenstone, R. A. (2006). History on Film/Film on History. Pearson/Longman
8. ഗണേഷ്, കെ. എൻ. (2018). കേരളത്തിന്റെ ഇന്നലെകൾ. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്. തിരുവനന്തപുരം.
9. മേനോൻ, എ. ശ്രീധര. (2015). കേരള സംസ്കാരം. ഡി.സി. ബുക്സ്.
10. മേനോൻ, എ. ശ്രീധര. (2018). കേരള ചരിത്രം. ഡി.സി. ബുക്സ്.
11. വാരിയർ, രാഘവ. & ഗുരുക്കൾ, രാജൻ. (1991 ). കേരള ചരിത്രം ഒന്നാം ഭാഗം. വള്ളത്തോൾ വിദ്യാപീഠം.
12. വേലായുധൻ, പി. എസ്. (2016). ലോക ചരിത്രം ഭാഗം ഒന്ന്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്. തിരുവനന്തപുരം.
13. ശ്രീധരമേനോൻ, എ. (1997). കേരളവും സ്വാതന്ത്ര്യസമരവും. ഡി.സി. ബുക്സ്.
സുധാരസൻ പി. എസ്.
ഗവേഷക വിദ്യാർഥി, സ്കൂൾ ഓഫ് ഫിലിം സ്റ്റഡീസ്
മലയാള സർവകലാശാല, തിരൂർ




Comments