top of page

ഹരിതദർശനം: സുഗതകുമാരിയുടെ കവിതകളിൽ തുലാവർഷപ്പച്ചയെ മുൻനിർത്തി ഒരു പഠനം.

  • 5 days ago
  • 7 min read

Updated: 3 days ago

ബീന.വി.

പ്രബന്ധ സംഗ്രഹം

        പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കാവ്യാത്മകമായി ആവിഷ്കരിച്ച കവയിത്രിയാണ് സുഗതകുമാരി. ഈ പ്രബന്ധം സുഗതകുമാരിയുടെ ‘തുലാവർഷപ്പച്ച’ എന്ന കവിതാസമാഹാരത്തെ ഭൂവിമർശനം എന്ന ആധുനിക സാഹിത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നു. കേവലം പരിസ്ഥിതി വാദത്തിനപ്പുറം, ഭൂമിശാസ്ത്രപരമായ ഇടങ്ങളും മനുഷ്യന്റെ വൈകാരിക മണ്ഡലങ്ങളും എങ്ങനെ പരസ്പരം പിണഞ്ഞു കിടക്കുന്നു എന്ന് ഈ പഠനം അന്വേഷിക്കുന്നു.


താക്കോൽ വാക്കുകൾ

         ഭൗമനിരൂപണം, കാവ്യഭൂപടങ്ങൾ, പ്രകൃതികവിത, പരിസ്ഥിതിബോധം

ആമുഖം

       മലയാള കവിതയിലെ പ്രകൃതിബോധത്തെ ആത്മീയവും സാമൂഹികവുമായ തലത്തിലേക്ക് ഉയർത്തിയ പ്രതിഭയാണ് സുഗതകുമാരി. കാടും, പുഴയും, കടലും സുഗതകുമാരിയുടെ കവിതകളിൽ വെറും പശ്ചാത്തലങ്ങളല്ല, മറിച്ച് ജീവനുള്ള കഥാപാത്രങ്ങളാണ്. ഫ്രഞ്ച് പണ്ഡിതനായ ബെർട്രാൻഡ്

വെസ്റ്റ്ഫാൽ മുന്നോട്ടുവെച്ച ഭൂവിമര്‍ശനം എന്ന സിദ്ധാന്തം സാഹിത്യത്തിലെ ‘സ്ഥലത്തെ ‘ മുൻനിർത്തിയുള്ള പഠനമാണ്. സുഗതകുമാരിയുടെ കവിതകളിൽ ഭൂമി ഒരു ഭൗതിക വസ്തു എന്നതിലുപരി ഒരു സാംസ്കാരിക ഇടമായും വേദനിക്കുന്ന അമ്മയായും അടയാളപ്പെടുത്തുന്നു.

        സാഹിത്യത്തെ കാലത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന രീതിക്കു പകരം ‘സ്ഥലത്തിന്റെ’ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന രീതിയാണ് ഭൂവിമർശനം. ഒരു സ്ഥലത്തെ എഴുത്തുകാരന്റെ മാത്രം കാഴ്ചപ്പാടിൽ അല്ല നോക്കിക്കാണുന്നത് പകരം വിവിധ എഴുത്തുകാർ, സഞ്ചാരികൾ, തദ്ദേശവാസികൾ എന്നിവർ ഒരു സ്ഥലത്തെ എങ്ങനെ കാണുന്നു എന്ന് പരിശോധിക്കുന്നു. ഉദാ: പശ്ചിമഘട്ടത്തെ സുഗതകുമാരി എന്ന കവയിത്രി കാണുന്നതും ഒരു വിനോദസഞ്ചാരി കാണുന്നതും വ്യത്യസ്തമായിട്ടായിരിക്കും. സ്ഥലം എന്നത് വെറും ഭൂപടമല്ല, മറിച്ച് അവിടുത്തെ ഗന്ധം,ശബ്ദം,സ്പർശം എന്നിവ സാഹിത്യത്തിൽ എങ്ങനെ വരുന്നു എന്നത് പ്രസക്തമാണ്. സുഗതകുമാരിയുടെ കവിതയിലെ മണ്ണിന്റെ മണം ഇതിനുദാഹരണമാണ്. ഇത് സാഹിത്യത്തെ ഭൂമിശാസ്ത്രം, നഗരാസൂത്രണം,ചരിത്രം,പരിസ്ഥിതിശാസ്ത്രം എന്നിവയുമായി ബന്ധിപ്പിക്കുന്നു.        ഭൂവിമർശനത്തിൽ ‘സ്ഥലം’,’ ഇടം ‘എന്നീ രണ്ട് പദങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ‘സ്ഥലം’ എന്നത് പൊതുവായ,ശൂന്യമായ അല്ലെങ്കിൽ നിർവചിക്കപ്പെടാത്ത വിസ്തൃതിയാണ്. എന്നാൽ

  മനുഷ്യന്റെ വികാരങ്ങളോ വിചാരങ്ങളോ അനുഭവങ്ങളോ പതിഞ്ഞ് സവിശേഷമായ സ്വത്വം കൈവരിക്കുന്ന ഭൗതിക പ്രദേശങ്ങളെയാണ് ‘ഇടം’ എന്ന് വിളിക്കുന്നത്.

     സുഗതകുമാരിയുടെ കവിതകളിൽ കേരളത്തിന്റെ ഒരു ‘ഹരിത ഭൂപടം ‘ നിർമ്മിക്കുന്നു. സഹ്യപർവ്വതം മുതൽ അറബിക്കടൽ വരെയുള്ള ഇടങ്ങളെ സുഗതകുമാരി കാവ്യാത്മകമായി രേഖപ്പെടുത്തുന്നു. നഷ്ടപ്പെട്ടുപോയ കുളങ്ങൾ, വയലുകൾ എന്നിവയെ കുറിച്ചുള്ള ഓർമ്മകൾ കേവലം സങ്കടമല്ല, മറിച്ച് ഭൂമിശാസ്ത്രപരമായ നഷ്ടബോധമാണ്.’ സൈലന്റ് വാലി ‘പോലുള്ള സ്ഥലങ്ങളെ കവിതയുടെ ഒരു പ്രതിരോധഇടമായി മാറ്റാൻ സുഗതകുമാരിക്ക് കഴിഞ്ഞു.

         സാഹിത്യത്തിലെ സ്ഥലകാലങ്ങളെയും ഭൂപ്രകൃതിയെയും കുറിച്ചുള്ള പഠനമാണ് ജിയോക്രിട്ടിസിസം. അഥവാ ഭൂവിമർശനം.1990 -ൽ ഫ്രഞ്ച് പണ്ഡിതനായ ബെർട്രാൻഡ് വെസ്റ്റ്ഫാൽ ആണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചത്. സാഹിത്യത്തിൽ പ്രതിപാദിക്കുന്ന സ്ഥലം (നഗരം, കാട്,ഗ്രാമം ) ആ കൃതിയെയും അതിലെ മനുഷ്യരെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിശകലനം ചെയ്യുന്ന രീതിയാണ് ജിയോ ക്രിട്ടിസിസം. ( ഭൂവിമർശനം) കവിതയിലും കഥയിലും മറ്റും ഭംഗിക്ക്  വേണ്ടിയാണ് പ്രകൃതിയെ വർണ്ണിക്കുന്നത്. എന്നാൽ ജിയോക്രിട്ടിസിസത്തിൽ ‘സ്ഥലം’/ ഇടം എന്നത്  ഒരുസജീവ ഘടകമാണ്. അത് മനുഷ്യരുടെ ചിന്തയെയും സംസ്കാരത്തെയും നിർണയിക്കുന്നു.

     സാഹിത്യകൃതികളിലെ ഭൂമിശാസ്ത്രപരമായ ഇടങ്ങളെയും സ്ഥല സങ്കൽപ്പങ്ങളെയും ആധാരമാക്കി നടത്തുന്ന പഠനരീതിയാണ് ഭൂവിമർശനം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്ന പരിസ്ഥിതി വിമർശനത്തിൽ നിന്ന് വ്യത്യസ്തമായി മനുഷ്യനും ഭൂമിയും തമ്മിലുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ ബന്ധങ്ങൾ ‘ഇടം ‘എന്ന സങ്കല്പത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതാണ് ഭൂവിമർശനം പ്രധാനമായി പരിശോധിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം സാഹിത്യകൃതികളിൽ എങ്ങനെ ആവിഷ്കരിക്കപ്പെടുന്നു എന്ന് പരിശോധിക്കുന്ന രീതിയാണ് ഭൂവിമർശനം.  പ്രകൃതി വർണ്ണനകൾ മാത്രമല്ല, ഭൂമിയുടെ നിലനിൽപ്പ്, പരിസ്ഥിതി നാശം, മനുഷ്യന്റെ കടന്നുകയറ്റം എന്നിവയെല്ലാം ഇതിൽ ചർച്ചയാവുന്നു. പാരിസ്ഥിതികാവബോധം വായനക്കാരിൽ വളർത്തുക, വികസനത്തിന്റെ പേരിൽ പ്രകൃതിക്കു മേലുള്ള കടന്നുകയറ്റങ്ങളെ വിമർശനാത്മമായി സമീപിക്കുക എന്നിവയാണ്  ഭൂവിമർശനത്തിന്റെ ലക്ഷ്യങ്ങൾ. ഭൂമിയെ ഒരു ജീവനുള്ള വസ്തുവായി കാണുകയും സാഹിത്യത്തിലൂടെ അതിന്റെ നൊമ്പരങ്ങളും അതിജീവനങ്ങളും അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് ഭൂവിമർശനം. മലയാള സാഹിത്യത്തിൽ ഭൂവിമർശനത്തിന് വളരെ വലിയ പ്രസക്തിയുണ്ട്. വൈലോപ്പിള്ളി, വൈക്കം മുഹമ്മദ് ബഷീർ, സുഗതകുമാരി, എസ്.കെ.പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികളിൽ എല്ലാം ഈ കാഴ്ചപ്പാട് കാണാൻ സാധിക്കും.

          സുഗതകുമാരിയുടെ ‘തുലാവർഷപ്പച്ച ‘എന്ന കവിതാസമാഹാരത്തിൽ സ്ഥലങ്ങളെയും ഭൂപ്രകൃതിയെയും മനുഷ്യനെയും  പ്രകൃതിയെയും തമ്മിലുള്ള ബന്ധത്തെയാണ് വിശകലനം ചെയ്യുന്നുത്. സുഗതകുമാരിയുടെ കവിതകളിൽ കേരളീയ പ്രകൃതി ഒരു പശ്ചാത്തലമല്ല, മറിച്ച് ജീവനുള്ള ഒരു കഥാപാത്രമാണ്. കാവ്, പുഴ,കാട്, കുന്നുകൾ, ഗ്രാമം, മഴ,പച്ചപ്പ്,നഗരം ഇവയെല്ലാം വളരെയധികം പ്രാധാന്യത്തോടെ കടന്നുവരുന്നു. തുലാവർഷപ്പച്ച എന്ന കവിത സമാഹാരത്തിലെ തുലാവർഷപ്പച്ച, കവിഹൃദയമോ നീവിഹഗമോ?, കാക്കപ്പൂവ്, നിശാശലഭം, കാലിഫോർണിയ കാടുകളിൽ,മരങ്ങൾ തുടങ്ങിയ കവിതകളിലെ ഭൂവിമർശനപരമായ സാധ്യതകളാണ് ഈ പ്രബന്ധത്തിലൂടെ അന്വേഷിക്കുന്നത്.


 തുലാവർഷപ്പച്ച


           വേനലിൽ കരിഞ്ഞുണങ്ങി ചാരമായി മാറിയ മണ്ണിലേക്ക് തുലാവർഷം പെയ്തിറങ്ങുന്നതാണ് കവിതയുടെ പശ്ചാത്തലം. പ്രകൃതിയുടെ ഉയർത്തെഴുന്നേൽപ്പിനെ, വീണ്ടെടുപ്പിനെയും കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. കരിഞ്ഞുണങ്ങിയ ഭൂമിയിലേക്ക് തുലാവർഷം പെയ്തിറങ്ങുമ്പോൾ ഉണ്ടാകുന്ന പച്ചപ്പിനെ കവി അത്ഭുതമായി കാണുന്നു.നാശത്തിന്റെ വക്കിലാണെങ്കിലും പ്രകൃതി അതിജീവിക്കാൻ ശ്രമിക്കുകയാണ് ഇവിടെ. പുൽനാമ്പുകൾ മുളച്ചു വരുന്ന പച്ചപ്പ് ,പ്രകൃതിയുടെ തളർന്നു പോകാത്ത ആത്മധൈര്യത്തിന്റെ അടയാളമാണ്. മലയാളിയുടെ കാർഷിക സംസ്കൃതിയുമായും വൈകാരിക ജീവിതവുമായും അഭേദ്യമായി ബന്ധപ്പെട്ടതാണ് തുലാവർഷം. വൈകുന്നേരങ്ങളിൽ ഇടിയും മിന്നലും ആയി വരുന്ന തുലാവർഷത്തിന് ഒരു വിഷാദഭാവവും ഒപ്പം പുനർജന്മത്തിന്റെ പ്രതീക്ഷയും ഉണ്ട്. സുഗതകുമാരിയുടെ കവിതകളിൽ തുലാവർഷം ഭൂമിയുടെ കണ്ണീരായും അതേസമയം വരാനിരിക്കുന്ന വരൾച്ചക്കെതിരെയുള്ള മുന്നറിയിപ്പായും മാറുന്നു.പ്രകൃതി പ്രതിഭാസങ്ങളായ മഴ, ഇടി,മിന്നൽ ഇവയൊക്കെ ഈ കവിതയിലെ പ്രധാന ഭാവങ്ങളാണ്. മഴയെ പ്രകൃതി പ്രതിഭാസമായിട്ടല്ല, മറിച്ച് മുറിവേറ്റ ഭൂമിയെ ശുശ്രൂഷിക്കുന്ന ഒരമ്മയായിട്ടാണ് സുഗതകുമാരി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഉണങ്ങി നിൽക്കുന്ന പുൽനാമ്പുകളിൽ വെള്ളം വീഴുമ്പോൾ ജീവനെ തൊട്ടുണർത്തുന്ന മഴത്തുള്ളികൾ പ്രകൃതിയുടെ സ്നേഹ സ്പർശമാണ്. കരിഞ്ഞ പുൽമേടുകളിൽ വീണ്ടും പച്ചപ്പുൽനാമ്പുകൾ വിടരുമ്പോൾ ഭൂമിയുടെ മുറിവുകൾ ഉണങ്ങുന്നത് പോലെയാണ് കവിയത് ചിത്രീകരിക്കുന്നത്.  ഭൂവിമർശന കാഴ്ചപ്പാടിൽ നോക്കുമ്പോൾ ഈ കവിത വളരെ പ്രസക്തമാണ്. മനുഷ്യന്‍ പ്രകൃതിയെ എത്ര നശിപ്പിച്ചാലും അനുകൂലമായ സാഹചര്യം ലഭിക്കുമ്പോൾ പ്രകൃതി സ്വയം വീണ്ടെടുക്കാൻ ശ്രമിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് തുലാവർഷപ്പച്ച എന്ന കാവ്യം.മനുഷ്യനും മൃഗങ്ങൾക്കും മാത്രമല്ല മണ്ണിലെ ചെറിയ പുല്ലിനും ഈ ഭൂമിയിൽ തുല്യ അവകാശമുണ്ടെന്ന് ഈ കവിത നമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യന്റെ കടന്നുകയറ്റങ്ങൾക്കിടയിലും പ്രകൃതി കാത്തുസൂക്ഷിക്കുന്ന ജൈവികമായ ഊർജ്ജത്തെയാണ് ഈ കവിത അനാവരണം ചെയ്യുന്നത്.


 കവിഹൃദയമോ നീ വിഹഗമോ?


      ഈ കവിത പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു. കവി ഹൃദയത്തെ ഒരു പക്ഷിയോട് (മയിലിനോട് )സാമ്യപ്പെടുത്തുന്നു. പാറി  നടക്കുന്ന മയിലും കവിയുടെ ഹൃദയവും തമ്മിലുള്ള സാമ്യമാണ് പരാമർശിക്കുന്നത്. ആകാശത്തിലൂടെ സ്വതന്ത്രമായി പറക്കുന്ന മയിൽ വെറുമൊരു പക്ഷിയല്ല, മറിച്ച് പ്രകൃതിയുടെ സൗന്ദര്യവും വേദനയും ഒപ്പിയെടുക്കുന്ന കവിയുടെ ഹൃദയം തന്നെയാണ്. പക്ഷി സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. അതിരുകളില്ലാത്ത ആകാശത്തിലൂടെ പറക്കുന്ന പക്ഷിയെ ഒരു കൂട്ടിലടച്ചാൽ അതിനുണ്ടാകുന്ന വിഷമം. അതുപോലെയാണ് മനുഷ്യന്റെ അവസ്ഥയും.മനുഷ്യൻ ആത്യന്തികമായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. പ്രകൃതിയോടുള്ള തീവ്രമായ അനുരാഗം സുഗതകുമാരിയുടെ മിക്ക കവിതകളിലും കാണാം. മണ്ണും, വിണ്ണും, പൂക്കളും പുഴകളും എല്ലാം പക്ഷിയുടെ ഭാഗമാണ്. പ്രകൃതിക്ക് മുറിവേൽക്കുമ്പോൾ ആ വേദന സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങുന്ന ഒരു കവിയെ നമുക്ക് ഈ കവിതയിൽ കാണാം.

       കൂട്ടിലടയ്ക്കപ്പെട്ട മയിലും വീടിനുള്ളിൽ കഴിയുന്ന കവയിത്രിയും തമ്മിലുള്ള സാമ്യമാണ് കവി ഇവിടെ പരാമർശിക്കുന്നത്. മയിലിന് അഴിയിട്ട കൂട് ഒരു തടവറ ആണെങ്കിൽ കവയിത്രിക്ക് തഴുതിട്ട അഴികൾ (ജനൽകമ്പികൾ) ആണ് അതിർവരമ്പ്. ഒരാൾ പക്ഷിയും മറ്റേയാൾ മനുഷ്യനും ആണ് എങ്കിലും രണ്ടുപേരും തടവിലാക്കപ്പെട്ടവരാണ് എന്ന അർത്ഥം ഈ വരികളിലൂടെ വ്യക്തമാണ്.

 ‘ഒരുമാത്ര തങ്ങളിൽ നോക്കി നിന്നു ‘എന്ന വരിയിലൂടെ കവയിത്രിയും മയിലും തമ്മിലുള്ള ആഴമേറിയ ആത്മബന്ധം വെളിവാകുന്നു. വാക്കുകളിൽ അല്ലാതെ അവർ വേദനകൾ പങ്കുവെക്കുന്നു. മയിലിന്റെ കണ്ണുകളിലെ സങ്കടം കവയിത്രി സ്വന്തം ഹൃദയത്തിൽ തിരിച്ചറിയുന്നു.പ്രകൃതിയുടെ ഭാഗമായ മയിൽ കൂട്ടിൽ കിടന്നു വീർപ്പുമുട്ടുമ്പോൾ സാമൂഹികമായ ചുറ്റുപാടുകളിലും വീടിന്റെ ചട്ടക്കൂടുകളിലും പെട്ടുപോയ കവയിത്രി തന്റെ തന്നെ അവസ്ഥ അതിൽ ദർശിക്കുന്നു. പ്രകൃതിയിൽ നിന്ന് അകറ്റപ്പെട്ട ജീവജാലങ്ങളുടെയും സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകളുടെയും നിസ്സംഗത നമുക്ക് ഇവിടെ ദർശിക്കാൻ കഴിയും. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും അനുഭവിക്കുന്ന വേദന ഒന്നാണെന്നും മനുഷ്യൻ പ്രകൃതിയെ തടവിലാക്കുമ്പോൾ യഥാർത്ഥത്തിൽ മനുഷ്യൻ തന്നെ സ്വയം തടവുകാരനായി മാറുകയാണ് ചെയ്യുന്നത് എന്നും ഈ വരികൾ നമ്മെ ഓർമിപ്പിക്കുന്നു. ഞാനൊരു പക്ഷി മാത്രമാണോ അതോ പ്രകൃതിയുടെ സംഗീതം ഉൾക്കൊള്ളുന്ന കവിഹൃദയമാണോ എന്ന സംശയം കവിതയിൽ ഉടനീളം നമുക്ക് കാണാൻ കഴിയും.

    ചുരുക്കത്തിൽ പ്രകൃതിയുടെ സ്പന്ദനങ്ങൾ സ്വന്തം ഹൃദയമിടിപ്പായി ഏറ്റെടുക്കുന്ന കവയിത്രിയുടെ ആത്മഗതമാണിത്. പരിസ്ഥിതിനാശത്തിനെതിയുള്ള മൗനമായ വിലാപവും പ്രകൃതിയെ സ്നേഹിക്കാനുള്ള ആഹ്വാനവും ഈ കവിതയിലൂടെ നൽകുന്നു. കവിയുടെ ഹൃദയവും ഒരു പക്ഷിയെ പോലെയാണ്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്നതും,പ്രകൃതിയോട് ചേർന്നതും, ലോകത്തിന്റെ വേദനയും സൗന്ദര്യം ഒരുപോലെ അനുഭവിക്കുന്നതുമായ ആത്മാവ് കവിയുടേതാണ്. ഈ കവിത സ്വാതന്ത്ര്യത്തിന്റെയും കരുണയുടെയും പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെയും പ്രതീകമാണ്.


   കാക്കപ്പുവ്


       കാക്കപ്പൂവ് എന്ന കവിതയിൽ സുഗതകുമാരി സൗന്ദര്യസങ്കല്പങ്ങളെയും അവഗണിക്കപ്പെടുന്ന മനുഷ്യജീവിതത്തെയും കുറിച്ചുള്ള ആഴമുള്ള ചിന്തയാണ് അവതരിപ്പിക്കുന്നത്. ആരും ശ്രദ്ധിക്കാതെ പോകുന്ന വില കൽപ്പിക്കാത്ത ഒരു ചെറിയ പൂവിനെ മുൻനിർത്തി വലിയൊരു തത്ത്വചിന്തയാണ് കവി ഇവിടെ

അവതരിപ്പിക്കുന്നത്. കാക്കപ്പൂവ് ഭംഗി ഇല്ലാത്തതും മണമില്ലാത്തതുമാണ്. ആരും കാക്കപ്പൂവിനെ പറിച്ച് വീടുകളിലെ പൂന്തോട്ടത്തിൽ നടാറില്ല.വഴിയിറമ്പിലും പാടത്തും ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ചെറിയ പൂവാണിത്.എങ്കിലും അതിനും അതിന്റെതായ സൗന്ദര്യമുണ്ടെന്ന് കവി ഓർമിപ്പിക്കുന്നു. റോസാപ്പൂവിനെയും, പിച്ചിപ്പൂവിനെയും പോലെ പ്രസക്‌തിയില്ലാത്ത കാക്കപ്പൂവ് സമൂഹത്തിൽ വില കൽപ്പിക്കപ്പെടാത്ത മനുഷ്യരുടെ പ്രതീകമാണ്. അവർ അവരുടെ ലോകത്ത് ജീവിക്കുന്നു. ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ വേദന സഹിക്കുകയും ജീവിക്കുകയും ചെയ്യുന്നു. സാധാരണ മനുഷ്യൻ സൗന്ദര്യം ഭംഗിയിലും മണത്തിലും കാണുമ്പോൾ കവിയത് ജീവിതത്തിന്റെ നിസ്സഹായതയിലും സഹനത്തിലും ആണ് കാണുന്നത്. കാക്കപ്പൂവിന്റെ ലാളിത്യവും നിസ്സഹായതയും ആണ് അതിന്റെ സൗന്ദര്യം. കവിത മുഴുവനും കരുണയുടെ സ്വരം നിറഞ്ഞതാണ്.കവി കാക്കപ്പൂവിനോട് സംസാരിക്കുന്നതിലൂടെ അവഗണിക്കപ്പെടുന്ന എല്ലാവരോടുമുള്ള കവിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.നിറത്തിന്റെയും വലിപ്പത്തിന്റെയും പേരിൽ ആരെയും അവഗണിക്കരുത്. എല്ലാവർക്കും പ്രകൃതിയിൽ തുല്യ അവകാശമുണ്ടെന്ന് കവി ഓർമിപ്പിക്കുന്നു.മനുഷ്യൻ കൽപ്പിക്കുന്ന ചെറിയവൻ, വലിയവൻ എന്ന വേർതിരിവ് പ്രകൃതിയിൽ ഇല്ല. കാക്കപ്പൂവ് എന്ന കവിത ലാളിത്യത്തിന്റെ മഹത്വവും അവഗണിക്കുന്ന ചെറിയ കാര്യങ്ങളിലെ വലിയ സൗന്ദര്യവും ആണ് കവി ഇവിടെ സൂചിപ്പിക്കുന്നത്.

 കാക്കപ്പൂവ്

എന്നത് വെറും ഒരു പൂവല്ല, മറിച്ച് അത് നമ്മുടെ മണ്ണിന്റെ  പ്രാദേശിക ജൈവവൈവിധത്തിന്റെ പ്രതീകമാണ്. നിസ്സാരനായ കാക്കപ്പൂവ് എന്ന പുഷ്പത്തിലൂടെ ഒരു വലിയ നാടിന്റെ ഭൂമിശാസ്ത്രപരമായ തകർച്ചയാണ് കവി അടയാളപ്പെടുത്തുന്നത്.

നിശാശലഭം


    സുഗതകുമാരിയുടെ കാവ്യ പ്രപഞ്ചത്തിൽ പ്രകാശത്തേക്കാളും പകലിനെക്കാളും സവിശേഷമായ ഇടം രാത്രിക്ക് ഉണ്ട്. രാത്രി എന്നത് ഒരു സമയമല്ല,മറിച്ച് പ്രകൃതിയുടെ ആത്മീയവും നൈസർഗികമായ ഒരു ലോകമാണ്. നിശബ്ദതയിൽ പാറിപ്പറക്കുന്ന നിശാശലഭം പ്രകൃതിയുടെ നിഗൂഢവും മനോഹരവുമായ ഭാവത്തെ അവതരിപ്പിക്കുന്നു. അകറ്റിനിർത്തപ്പെട്ടവരും ആരാലും ശ്രദ്ധ കിട്ടാത്തവരുടെയും പ്രതീകമാണ് നിശാശലഭങ്ങൾ.എങ്കിലും അവയ്ക്ക് അവരുടേതായ സ്ഥാനമുണ്ട്.ഇരുട്ടിനെ ഭയപ്പെടാതെ അതിന്റെ സൗന്ദര്യം ഉൾക്കൊണ്ടുകൊണ്ട് പറക്കുന്ന ശലഭത്തെ കവി ആർദ്രതയോടും ആദരവോടും കൂടിയാണ് നോക്കിക്കാണുന്നത്.

     നിശാശലഭങ്ങൾക്ക് ആയുസ്സ് കുറവാണ്.വെളിച്ചത്തിലേക്ക് ചെന്ന് സ്വയം നാശം വരുത്തുന്ന നിശാശലഭത്തിന്റെ സ്വഭാവം മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യൻ ആകർഷകം എന്ന് തോന്നുന്ന വസ്തുക്കളുടെയും മോഹങ്ങളുടെയും പിന്നാലെ പോവുകയും അതിന്റെ ഫലമായി ദുഃഖങ്ങളും  നഷ്ടങ്ങളും ഏറ്റുവാങ്ങേണ്ടിയും വരുന്നു. നിശാ ശലഭത്തിന്റെ വിധി മനുഷ്യജീവിതത്തിന്റെ പ്രതിഫലനമാണ്.

      നിശാശലഭം എന്ന കവിതയിൽ കവിയിത്രിക്ക് പ്രകൃതിയോടുള്ള കരുണ വ്യക്തമായി കാണാം. ആരും ശ്രദ്ധിക്കാത്ത ചെറിയ ജീവിയോട് പോലും കരുണയും സഹാനുഭൂതിയും കാട്ടുന്നു.പ്രകൃതിയിലെ ഓരോ ജീവിക്കും സ്വന്തം നിലനിൽപ്പും മനോഹാരിതയും ഉണ്ടെന്ന സന്ദേശം കവിത നൽകുന്നു. സകലജീവജാലങ്ങളെയും ഒരുപോലെ കാണുന്ന വിശാലമായ മാനവികത  നിശാശലഭം എന്ന കവിത പ്രകടമാകുന്നു. നിശാശലഭം ഒരു ജീവിയുടെ കഥയല്ല മറിച്ച് മനുഷ്യന്റെ സ്വപ്നങ്ങളുടെയും പരാജയങ്ങളുടെയും പ്രതീകം കൂടിയാണ്.


 കാലിഫോർണിയ കാടുകളിൽ


        ഈ കവിതയിൽ കവി കേരളത്തിലെ പ്രകൃതിയെയും കാലിഫോർണിയ കാടുകളിലെ പ്രകൃതിയെയും താരതമ്യം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നു. കവിക്ക് അവിടെയുള്ള മരങ്ങളുടെ പേരുകൾ അറിയില്ല എങ്കിലും തന്റെ സ്വന്തം നാട്ടിലെ സ്ഥലത്തെ മറ്റൊരു വിദേശ രാജ്യത്തെ സ്ഥലവുമായി താരതമ്യം ചെയ്യുന്നു. കാലിഫോർണിയ കാടുകളിൽ നിൽക്കുമ്പോൾ കവി തന്റെ നാട്ടിലെ നശിച്ചുപോയ കാടുകളെ ഓർക്കുന്നു.കേരളത്തിലെ നഷ്ടപ്പെട്ടുപോയ ഭൂപ്രകൃതിയെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി കവി ഇതിനെ മാറ്റുകയാണ്. അമേരിക്കയിൽ കാടുകൾ സംരക്ഷിക്കപ്പെടുന്നു. എന്നാൽ തന്റെ ജന്മനാട്ടിൽ കാടുകളും പുഴകളും ഒക്കെ മനുഷ്യൻ വെട്ടി നശിപ്പിക്കുകയും വികസനത്തിന്റെ പേരിൽ പുഴയിൽ മണ്ണിട്ട് നികത്തുകയും ചെയ്യുന്നു.ഒരിടത്ത് സംരക്ഷിക്കുമ്പോൾ മറ്റൊരിടത്ത് എല്ലാം നശിപ്പിക്കുന്ന ജനങ്ങളെയാണ് നാം കാണുന്നത്.വികസനത്തിന്റെ പേരിൽ മനുഷ്യൻ നടത്തുന്ന ക്രൂരതയാണ് കവി ഇവിടെ പരാമർശിക്കുന്നത്.

  മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അകലം വർദ്ധിക്കുന്നു.ഭൂവിമർശനത്തിൽ മനുഷ്യൻ പ്രകൃതിയോട് എങ്ങനെ പെരുമാറുന്നു എന്നത് വളരെ പ്രധാനമാണ്. കാലിഫോർണിയ കാടുകളിൽ അനുഭവപ്പെടുന്ന വിസ്മയം തന്റെ നാട്ടിലെ പ്രകൃതിയെ സംരക്ഷിക്കാൻ കഴിയാത്തതിന്റെ കുറ്റബോധമായി മാറുന്നു.പ്രകൃതിയെ ഒരു ഉപഭോഗവസ്തുവായി മാത്രം കാണുന്ന മനുഷ്യന്റെ മനോഭാവത്തെ കവി വിമർശിക്കുന്നു. ലോകത്തിലെ ഒരു കോണിലെ പ്രകൃതിഭംഗി മറ്റൊരു കോണിലെ പ്രകൃതി നാശത്തെക്കുറിച്ചുള്ള കടുത്ത വിമർശനമായി മാറുകയാണ് ഇവിടെ. വൃക്ഷങ്ങൾ ഭൂമിയുടെ ശ്വാസമാണ് അവയെ നശിപ്പിക്കുന്നത് ഭൂമിയെ തന്നെ നശിപ്പിക്കുകയാണ്. ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വ്യാപിച്ചുകിടക്കുന്ന പ്രകൃതി സ്നേഹത്തിന്റെയും ആകുലതയുടെയും ഇടം കൂടിയാണ് കാലിഫോർണിയ കാടുകളിൽ എന്ന കവിത.


    മരങ്ങൾ


       മരങ്ങൾ എന്ന കവിതയിൽ മരങ്ങൾ വെറും പ്രകൃതി ദൃശ്യങ്ങൾ അല്ല, മറിച്ച് മനുഷ്യ ചരിത്രത്തിന്റെ സാക്ഷികളാണ്. വികസനത്തിനു വേണ്ടി മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്ന സാഹചര്യത്തിൽ മരങ്ങൾ സഹനത്തിന്റെ പ്രതീകങ്ങളായി കവിതയിൽ പ്രത്യക്ഷപ്പെടുന്നു. മരങ്ങൾക്ക് സംസാരിക്കാൻ കഴിയില്ല.പക്ഷേ അവരുടെ മൗനം തന്നെ ശക്തമായ പ്രതിഷേധമായി മാറുന്നു. മരങ്ങൾ നാടിന്റെ ചരിത്രവും  മനുഷ്യന്റെ അനുഭവങ്ങൾ സൂക്ഷിക്കുന്ന സ്ഥലമായും മാറുന്നു.ഇവ ഭൂമിയുടെ ഓർമ്മകൾ സൂക്ഷിക്കുന്ന സജീവ ഘടകങ്ങളാണ്.ഈ കവിതയിൽ ഭൂമി ഒരു ജീവിക്കുന്ന ശരീരമായി ചിത്രീകരിക്കപ്പെടുന്നു.മുറിവേൽക്കുന്ന ഭൂമി,മരങ്ങൾ എന്നിവ മനുഷ്യന്റെ അതിക്രമത്തിന്റെ ഇരയായി മാറുന്നു.മരങ്ങൾ സംസാരിക്കാറില്ല എങ്കിലും അവരുടെ മൗനം ശക്തമായ ഭാഷയായി മാറുന്നു. പ്രകൃതിക്ക് സ്വന്തം ഭാഷ ഇല്ലെങ്കിലും സാഹിത്യത്തിലൂടെ അതിന് ശബ്ദം ലഭിക്കുന്നു. അതിലൂടെ പ്രകൃതി ഒരു നിസ്സഹായവസ്തുവല്ല,മറിച്ച് പ്രതികരിക്കുന്ന ഒരു സത്തയായി മരത്തിനെ കവി അവതരിപ്പിക്കുന്നു.

     ‘തുലാവർഷപ്പച്ച ‘എന്ന കവിതയിൽ വരൾച്ച മൂലം നിർജീവമായ ഒരു ഭൂപ്രദേശത്തെ മഴ എങ്ങനെ സജീവ ഇടമായി മാറ്റുന്നു എന്ന് ഈ കവിത കാണിക്കുന്നു. ഭൂമിയുടെ നിറം മാറുന്നതിലൂടെ സംഭവിക്കുന്ന ഭൂമിശാസ്ത്രപരമായ പുനർനിർമ്മിതിയാണ് ഇത്.

 ‘കവിഹൃദയമോ നീ വിഹഗമോ ‘എന്ന കവിതയിൽ ആകാശത്തിന്റെ അതിരുകൾ ഇല്ലാത്ത വിസ്തൃതിയും ഭൂമിയുടെ പരിമിതികളും തമ്മിലുള്ള വൈരുദ്ധ്യം പ്രകടമാകുന്നു. ‘കാക്കപ്പൂവ് ‘എന്ന കവിതയിൽ അരിക് വൽക്കരിക്കപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ ചെറിയ ഇടങ്ങളെ സാഹിത്യത്തിന്റെ കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവരുന്നു. വലിയ വനങ്ങളോ മലകളോ അല്ല മറിച്ച് വയൽ വരമ്പുകളിലെ കാക്കപ്പൂവ് ആണ് നാടിന്റെ യഥാർത്ഥ ഭൂമിശാസ്ത്ര അടയാളം എന്ന്കവിത സമർപ്പിക്കുന്നു.

‘ നിശാശലഭം’ എന്ന കവിതയിലൂടെ പകൽ വെളിച്ചത്തിലെ ഭൂമിയല്ല രാത്രിയിലെ ഭൂമി. രാത്രിയുടെ നിഗൂഢമായ ഇടത്തെയും അവിടുത്തെ നിശബ്ദസഞ്ചാരങ്ങളെയും കുറിച്ചുള്ള പഠനമായി ഈ കവിതയെ കാണാം. ‘കാലിഫോർണിയ കാടുകളിൽ ‘എന്ന കവിതയിൽ തദ്ദേശീയമായ ഇടവും വിദേശീയമായ ഇടവും തമ്മിലുള്ള താരതമ്യമാണ് ഇവിടെ നടക്കുന്നത്. കാലിഫോണിയ കാർഡുകളിൽ നിൽക്കുമ്പോഴും കവിയുടെ മനസ്സ് കേരളത്തിലെ കാടുകളെയും അവിടുത്തെ മരങ്ങളെയും തേടുന്നത് സ്ഥലത്തോടുള്ള തീവ്രമായ അടുപ്പം കാരണമാണ്.’ മരങ്ങൾ’ എന്ന കവിതയിൽ മരങ്ങൾ വെറും സസ്യങ്ങൾ അല്ല, മറിച്ച് ഭൂമിയുടെ ചരിത്രവും ഓർമ്മകളും പേറുന്ന പ്രധാനമായ സ്ഥലമാണ്. ഒരു മരം മുറിക്കപ്പെടുമ്പോൾ ആ പ്രദേശത്തിന്റെ സ്വത്വവും ആത്മാവും നഷ്ടപ്പെട്ട ശൂന്യമായ ഒരിടമായി മാറുന്നു.


ഉപസംഹാരം.


       സുഗതകുമാരിയുടെ കവിതകൾ കേവലം പ്രകൃതി വർണ്ണനകളല്ല, മറിച്ച് ഭൂമിയുടെ ജൈവഭൂപടത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണ്. തുലാവർഷപ്പച്ച,മരങ്ങൾ എന്നീ കവിതയിലൂടെ ഒരു പ്രദേശത്തിന്റെ അടയാളമായി അവിടുത്തെ സസ്യങ്ങളെ കാണുന്നു. മരങ്ങൾ വെട്ടി മാറ്റുമ്പോൾ ആ സ്ഥലം അതിന്റെ ആത്മാവ് നഷ്ടപ്പെട്ട വെറും ഭൂമിയായി മാറുന്നു. കവിഹൃദയമോ നീ വിഹഗമോ എന്ന കവിതയിലൂടെ മനുഷ്യന്റെ ആന്തരിക ലോകം പ്രപഞ്ചപത്തോളം വിശാലമായ ഒരു ഭൗമ ഇടമായി വികസിക്കുന്നത് കാണാം. കാക്കപ്പൂവ് എന്ന കവിതയിൽ നമ്മുടെ ശ്രദ്ധയിൽപ്പെടാത്ത സൂക്ഷ്മയിടങ്ങളെ സാഹിത്യത്തിന്റെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുന്നു. കാലിഫോർണിയ കാടുകളിൽ എന്ന കവിതയിലൂടെ ഭൂമിയുടെ ഒരറ്റത്തുള്ള പ്രകൃതിവിസ്മയം മറ്റൊരിടത്തെ നാശത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ആയി മാറുന്നു. കവയിത്രിയെ സംബന്ധിച്ച് പ്രകൃതി എന്നത് ഒരു ഉപഭോഗ വസ്തു അല്ല, മറിച്ച് മനുഷ്യന്റെ നിലനിൽപ്പിന് ആധാരമായ പവിത്രമായ ഒരിടമാണ്. ജിയോക്രിട്ടിസിസം എന്ന സമീപനത്തിലൂടെ ഈ കവിതകളെ പഠിക്കുമ്പോൾ ഭൂമി നേരിടുന്ന മുറിവുകൾ കവയിത്രിയുടെ സ്വന്തം ആത്മാവിനേറ്റ മുറിവുകളായി മാറുന്നത് കാണാം.

     ഭൂവിമർശനം എന്ന ആധുനിക സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ സുഗതകുമാരിയുടെ കവിതകളെ വിശകലനം ചെയ്യുമ്പോൾ അവ കേവലം പ്രകൃതിസ്നേഹത്തിന്റെ ആവിഷ്കാരമല്ല മറിച്ച് ഭൂമി എന്ന ഇടത്തെ സാംസ്കാരികവും രാഷ്ട്രീയമായും വീണ്ടെടുക്കാനുള്ള ശ്രമമാണെന്ന് വ്യക്തമാകും. ‘തുലാവർഷപ്പച്ച ‘ എന്ന കവിതാസമാഹാരം.

 മനുഷ്യൻ പ്രകൃതിക്കുമേൽ നടത്തുന്ന കടന്നുകയറ്റങ്ങൾ എങ്ങനെ ഭൂമിശാസ്ത്രപരമായ തനിമയെ ഇല്ലാതാക്കുന്നു എന്നതിലേക്കാണ്. ചുരുക്കത്തിൽ ഭൂമിയെ ഒരു കമ്പോള വസ്തുമായി കാണാതെ ജീവനുള്ള അസ്തിത്വമായി കാണാൻ ഈ പഠനം നമ്മെ പഠിപ്പിക്കുന്നു.


   സഹായക ഗ്രന്ഥങ്ങൾ


1 ആർദ്രതയുടെ പുനർജനികൾ ( സുഗതകുമാരി കവിതാപഠനം  -ഡോ: ആശാ ലത.വി.

2 തുലാവർഷപ്പച്ച - സുഗതകുമാരി

3 മലയാള കവിതാ സാഹിത്യ ചരിത്രം - ഡോ: എം.ലീലാവതി.

4Geocriticism: Real and Fictional Space -, Bertrand Westphal

ബീന.വി.

ഗവേഷക, മലയാള വിഭാഗം

സർക്കാർ വനിതാ കോളേജ്

തിരുവനന്തപുരം

Email:beenanavaneeth 2024@gmail. com


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. ശ്രീലക്ഷ്മി എസ്. കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page