top of page

അറിവിന്റെ ജനാധിപത്യവത്ക്കരണം- അറബിമലയാളത്തിലെ വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം എന്ന കൃതിയെ മുൻനിർത്തി ഒരന്വേഷണം

  • 5 days ago
  • 5 min read

Updated: 2 days ago

 

സലാഹുദ്ദീൻ സി.ടി 

പ്രബന്ധ സംഗ്രഹം

            പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിൽ സംഭവിച്ച നവോത്ഥാന പ്രവർത്തനങ്ങളുടെ ഭാഗമായി മുസ്ലിം സമുദായത്തിനകത്തും പരിഷ്കരണ പ്രവർത്തനങ്ങൾ ഉണ്ടായി. മുഖ്യധാരാ മുസ്ലിം നവോത്ഥാന പഠനങ്ങളിൽ പരിഗണിക്കപ്പെടാതെ പോയ മേഖലയാണ് അറബിമലയാളത്തിലെ വൈദ്യകൃതികൾ. വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം എന്ന വൈദ്യ കൃതി, കോളറ രോഗത്തെക്കുറിച്ചും രോഗം വന്നാൽ ചികിത്സിക്കേണ്ടതിനെക്കുറിച്ചുമുള്ള അറിവ് നൽകുന്നു. രോഗം വരുമ്പോൾ മന്ത്രങ്ങളിലും ഖുർആൻ വചനങ്ങളിലും മാത്രം അഭയം തേടിയിരുന്ന മുസ്ലിം സമുദായത്തെ ആധുനികീകരിക്കുന്നതിൽ ഈ കൃതി വലിയ പങ്കു വഹിച്ചിട്ടുണ്ട്.  പത്തൊമ്പതാം നൂറ്റാണ്ടിൽ വൈദ്യം പോലുള്ള നിഗൂഢമാക്കപ്പെട്ട വിജ്ഞാനത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഈ കൃതി സഹായകമായി.

ആമുഖം

കേരളത്തിലെ മുസ്ലിം സമുദായം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെയും അവരുടെ വ്യവഹാരഭാഷയായി സ്വീകരിച്ചിരുന്നത് അറബിമലയാളമായിരുന്നു.  മതപരവും മതേതരവുമായ എല്ലാ വിഷയങ്ങളും അറബി മലയാളത്തിലൂടെയാണ് കേരളത്തിലെ മുസ്ലിം സമുദായം കൈകാര്യം ചെയ്തിരുന്നത്. പാട്ടിന്റെയും സാഹിത്യത്തിന്റെയും ബൃഹത്തായ ഒരു പാരമ്പര്യംതന്നെ അറബിമലയാളത്തിനുണ്ട്. അതോടൊപ്പം ചേർത്തുവയ്ക്കേണ്ട വൈജ്ഞാനിക ഗ്രന്ഥങ്ങളും അറബിമലയാളത്തിലുണ്ടായിട്ടുണ്ട്.

വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് അറബിമലയാളത്തിൽ രചിക്കപ്പെട്ട   വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം എന്ന കൃതിയെ പരിചയപ്പെടുത്തുകയും അത് നവോത്ഥാനകാലത്ത്  എങ്ങനെ വായിക്കപ്പെട്ടു എന്ന അന്വേഷണവുമാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം. നവോത്ഥാനകാലത്തെ ഇതര വ്യവഹാരങ്ങളോടൊപ്പം ചേർത്തു വയ്ക്കേണ്ടവയാണ് വൈദ്യകൃതികൾ. അറിവിന്റെ ജനാധിപത്യവത്കരണത്തിൽ ഇത്തരം കൃതികൾ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. എന്നാൽ നവോത്ഥാന പഠനങ്ങളിലൊന്നും ഇത്തരം കൃതികൾക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. 

താക്കോൽ വാക്കുകൾ: അറബിമലയാളം, വൈദ്യം, നവോത്ഥാനം

അറബിമലയാളം:

കേരളത്തിലെ മുസ്ലിങ്ങൾ മാതൃഭാഷയായ മലയാളത്തിന് സ്വന്തമായി അറബിലിപി ഉപയോഗിച്ച് അറബിമലയാളം എന്ന ലിപിവ്യവസ്ഥ നൂറ്റാണ്ടുകൾക്കുമുമ്പ് തന്നെ കണ്ടെത്തിയിരുന്നു. ഏതുകാലത്താണ് അറബി- മലയാള ഭാഷാരീതി ഉടലെടുത്തതെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല. എങ്കിലും ഒമ്പതാം നൂറ്റാണ്ടു മുതൽ അറബിമലയാളം നിലവിലുണ്ടെന്ന് വിശ്വസിക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ ഖാസി മുഹമ്മദ് രചിച്ച 'മുഹിയുദ്ദീൻ മാല' യാണ് കണ്ടുകിട്ടിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള അറബിമലയാള കൃതി. പതിനാറാം നൂറ്റാണ്ടു മുതൽ അറബിമലയാളം മുസ്ലിം സമുദായത്തിനിടയിൽ സജീവമായിരുന്നു. ആത്മീയവും ഭൗതികവും മതപരവുമായ മുഴുവൻ വ്യവഹാരങ്ങളും അറബിമലയാളത്തിലൂടെയാണ് മുസ്ലിം സമുദായം നിർവ്വഹിച്ചത്. അറബിമലയാളം കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ മുസ്ലിംകളുടെ ഗ്രന്ഥഭാഷയായിട്ടാണ് നിലനിന്നത്.

അറബിമലായാളത്തെക്കുറിച്ച് എ.സി. ബ‍ർണൽ ഇങ്ങനെ പറയുന്നു: “മാപ്പിളമാർ ഒരുനിലയിലും ഒരു സാഹിത്യമില്ലാത്തവരല്ല. അവർക്ക് അവരുടേതായ ചില ആചാരപ്രമാണ ഗ്രന്ഥങ്ങളുണ്ട്. അവയിൽപെട്ട ഒരു ഗ്രന്ഥവും മതപരവും ചരിത്രപരവുമായ ചില വിശിഷ്ട ഗ്രന്ഥങ്ങളും ഗാനങ്ങളുൂം അച്ചടിക്കപ്പെട്ടിട്ടുണ്ട്. തലശ്ശേരിയിലും പരിസരത്തുമുള്ള മാപ്പിളമാരൊഴിച്ച്, ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരദേശത്തുള്ള മാപ്പിളമാർ പരിഷ്‌കൃത അറബി ലിപിയാണ് അവരുടെ ഭാഷ എഴുതാൻ ഉപയോഗിക്കുന്നത്. ഈ ലിപി കണ്ടുപിടിച്ചതാരാണെന്നോ ഏതു കാലത്താണെന്നോ അറിവായിട്ടില്ല. (Specimens of South Indian Dialects- 1873)

            ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ അറബിമലയാളത്തിന് അറുന്നൂറ് വര്‍ഷത്തെ ചരിത്രമാണ് കല്‍പിക്കുന്നത്. (വാള്യം 1,1953, പു.228). എന്നാല്‍ അറബിമലയാളസാഹിത്യചരിത്രം രചിച്ച ഒ. ആബു ക്രിസ്തുവര്‍ഷം ഒമ്പതാം നൂറ്റാണ്ടു മുതല്‍ അറബിമലയാളം ആവിര്‍ഭവിച്ചതായി കണക്കാക്കാമെന്ന് പ്രസ്താവിക്കുന്നുണ്ട്. (1970, പു.16-17)

            മതഗ്രന്ഥങ്ങൾ, മതേതര കൃതികൾ, ഫത്‍വകൾ, മാലപ്പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, മഹാകാവ്യങ്ങൾ, സാഹിത്യങ്ങൾ, വൈദ്യം, ഗോളശാസ്ത്രം, സ്വപ്നവ്യാഖ്യാനം, ചരിത്രം തുടങ്ങി വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആയിരക്കണക്കിന് കൃതികൾ അറബിമലയാളത്തിലുണ്ടായിട്ടുണ്ട്.

            വൈദ്യവുമായി ബന്ധപ്പെട്ടഅറബിമലയാളത്തിൽ ധാരാളം കൃതികളുണ്ടായിട്ടുണ്ട്. പട്ടാലത്ത് കുഞ്ഞിമാഹീൻ കുട്ടിവൈദ്യർ രചിച്ച വൈദ്യജ്ഞാനം, മണ്ണത്തൊടി വീരാൻകുട്ടിയുടെ മർമ്മശാസ്ത്രം, പാറപ്പുറത്ത് ഇല്ലത്ത് ബീരാൻകുട്ടി വൈദ്യർ രചിച്ച വിഷൂചികചികിത്സാ അഷ്ടാംഗഹൃദയം, എം. കെ. കുഞ്ഞിപ്പോക്കർ രചിച്ച വസൂരിചികിത്സാ കീർത്തനം, കൊങ്ങണംവീട്ടിൽ അഹ്മദ് എ ബാവമുസ്ല്യാർ രചിച്ച ജനോപകാരം തർജമ, വൈദ്യസാരം തർജമ, ഉപകാരം തർജമ കിത്താബ്, കൊങ്ങണം വീട്ടിൽ ഇബ്രാഹീം കുട്ടി മുസ്ല്യാർ രചിച്ച ശഫശിഫാ എന്ന വിഷചികിത്സ, മൊഹിയുദ്ദീനുബ്‌നു അഹമദ് രചിച്ച കിത്താബുത്ത്വിബ്ബുന്നബി, സി. എച്ച്. ഇബ്രാഹീംകുട്ടിയുടെ ത്വിബ്ബുൽ ഇംറാളുസ്സുഗ്‌റാ എന്ന ബാലചികിത്സ, എഴുതിയതാരെന്നറിയാത്ത വൈദ്യ യോഗരത്‌നം,  ഇലാജുൽ അത്ഫാൽ ബാലചികിത്സ, യൂനാനി വൈദ്യസാര യോഗശാസ്ത്രം തുടങ്ങിയ അച്ചടിക്കപ്പെട്ട വൈദ്യ കൃതികളും, അറബി-മലയാള ചികിത്സാ ഗ്രന്ഥം (കൈയെഴുത്ത്) പോലുള്ള അച്ചടിമഷി പുരളാത്ത കൃതികളും ഈ ഗണത്തിൽപ്പെടുന്നവയാണ്. ഇവ കൂടാതെ അനേകം കൈയെഴുത്തു ഗ്രന്ഥങ്ങളും അച്ചടിഗ്രന്ഥങ്ങളും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്.

വിഷൂചികചികിത്സാ അഷ്ടാംഗഹൃദയം

ഹിജ്റ വർഷം 1315 ൽ (ക്രി.വ.1897) അറബിമലയാളത്തിൽ രചിച്ച വൈദ്യകൃതിയാണ് വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം. പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ അഷ്ടാംഗഹൃദയം എന്ന ആയുർവേദ ഗ്രന്ഥത്തിൽ പരാമ‌ർശിക്കുന്ന വൈദ്യ വിധികളാണ് ഇതിൽ പ്രതിപാദിക്കുന്നത്. പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ ബീരാൻകുട്ടി വൈദ്യരാണ് ഇതിന്റെ രചയിതാവ്.

വിഷൂചിക എന്നത് കോളറ രോഗത്തിന്റെ മറ്റൊരു പേരാണ്. പ്രാചീന സംസ്കൃത ആയുർവേദ ഗ്രന്ഥങ്ങളായ അഷ്ടാംഗഹൃദയം, ചരകസംഹിത, സുശ്രുത സംഹിത എന്നിവയിലെല്ലാം ഇതേ പേരാണ് ഉപയോഗിച്ചിട്ടുള്ളത്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അഞ്ചാമത്തെ കോളറ പാൻ‍ഡമിക് (Fifth Cholera Pandemic) ഇന്ത്യയിലാണ് ഉത്ഭവിച്ചത്. മലബാർ പ്രദേശങ്ങളിലും വളരെ തീവ്രമായ നിലയിൽ കോളറ പടർന്നുപിടിച്ചു. മദ്രാസ് പ്രസിഡൻസിയിൽ 1892 ൽ മാത്രം 23,604 കോളറ മരണങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം എന്ന വൈദ്യകൃതി പ്രസക്തമാകുന്നത്.

ഒരു പകർച്ചവ്യാധി അപകടകരമാംവിധം പടർന്നുപിടിക്കുമ്പോൾ അതിനെ നേരിടാനും അതിനുള്ള ചികിത്സ വിശദീകരിക്കുകയും ചെയ്യുക എന്ന കർത്തവ്യമാണ് ഗ്രന്ഥകാരൻ നടത്തുന്നത്. സാധാരണക്കാരായ മനുഷ്യർക്ക് രോഗത്തിന്റെ തീവ്രതയെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചുമുള്ള അറിവ് പകർന്നു നൽകുക എന്ന ദൗത്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്. അറബിമലയാളത്തിൽ മാത്രം സാക്ഷരരായിരുന്ന കേരള മുസ്ലിങ്ങളെ ഉദ്ദേശിച്ച് രചിച്ച ഗ്രന്ഥമാണിത്.

അഷ്ടാംഗഹൃദയം പോലുള്ള ഒരു സംസ്കൃത ഗ്രന്ഥത്തെ പഠിച്ച് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു മുസ്ലിം വൈദ്യന് സാധിച്ചു എന്നത് നിസ്സാരകാര്യമല്ല. സംസ്കൃത ജ്ഞാനം സവർണ്ണ ഹൈന്ദവരിൽ മാത്രം പരിമിതപ്പെട്ടിരുന്ന ഒരുകാലമാണത്. മാത്രമല്ല, മലയാള ഭാഷയിൽത്തന്നെ വിഷൂചികാ രോഗത്തിന് മാത്രമായിട്ടുള്ള ആദ്യത്തെ ചികിത്സാ ഗ്രന്ഥവും അറബിമലയാള ലിപിയിൽ രചിക്കപ്പെട്ട ഈ ഗ്രന്ഥമാണ്. (1902 ൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിതമായതിനെ തുടർന്ന് പ്രസിദ്ധീകരിച്ച ‘വിഷൂചിക’ എന്ന ലഘുലേഖയാണ് സവിശേഷമായി വിഷൂചിക ചികിത്സ യുമായി ബന്ധപ്പെട്ട്   മലയാള ലിപിയിൽ അച്ചടിച്ച ആദ്യത്തെ രേഖ)

‘വിഷൂചികയെന്നും തലമ്മൽതട്ടിയെന്നും നീർതിരിപ്പെന്നും നടപ്പുദീനമെന്നും മറ്റും പേരായ അനേക പേരുകൾ പറയപ്പെട്ട ചർദ്ദി തൂറൽ സംബന്ധമായ രോഗങ്ങൾക്കുള്ള ഉപകാരത്തിന് വേണ്ടിയും പ്രത്യേകം ഇസ്ലാം ഉടപ്പിറപ്പിന് മുഖ്യമായി ഉപകാരപ്പെടുവാൻ വേണ്ടി വളരെ ഭക്തിയോടും കൂടി ഹഖ് തആലാന്റെയും നബിന്റെയും ഉതക്കത്തോടു കൂടി കുറഞ്ഞോരു നിദാനത്തോടു കൂടി തൽക്ഷണം തന്നെ ഗുണങ്ങൾ കിട്ടേണ്ടതിലേക്ക് നാട്ടു വാക്കിൽ യെല്ലാവർക്കും തിരിയത്തക്കവണ്ണം യെളുപ്പത്തിൽ അവരവ‍ർക്കു തന്നെ ചെയ്യത്തക്കവണ്ണവും നാലണ വില കൊടുത്ത് വാങ്ങത്തക്ക വിധത്തിലും നാമിതാ ഒരു ചെറുതായ വിഷൂചിക ചികിത്സയെ ഉണ്ടാക്കി പ്രസിദ്ധമായി വെളിപ്പെടുത്തിയിരിക്കുന്നു.” (പു. 3,4). 

ഈ മുഖവുരയോടെയാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. തുടർന്നുള്ള ഓരോ പേജിലും രോഗാവസ്ഥയെക്കുറിച്ച് വിവരിക്കുകയും രോഗലക്ഷണങ്ങൾ പറയുകയും ചെയ്യുന്നു.  അഷ്ടാംഗഹൃദയത്തിൽ നിന്നുള്ള ശ്ലോകങ്ങളും അതിന്റെ അ‍ർത്ഥവും വിശദീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

നവോത്ഥാന പ്രവർത്തനം

            പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിൽ സംഭവിച്ച നവോത്ഥാന ശ്രമങ്ങൾ പ്രധാനമായും മത സാമുദായിക പരിഷ്കരണ പ്രവർത്തനങ്ങളായിരുന്നു. ഓരോ ജാതി മത സമുദായങ്ങളും സ്വയം നവീകരിക്കാനും ആധുനികമായ വിദ്യാഭ്യാസം നേടുന്നതിനും വേണ്ടി ശ്രമിച്ചു. ഇതിന്റെ ഭാഗമായി മുസ്ലിം സമുദായത്തിനകത്തും ഇത്തരം പ്രവർത്തനങ്ങളുണ്ടായി.

“രോഗം വന്നാൽ മാപ്പിളമാർ തങ്ങന്മാരെ സമീപിക്കുന്നു... അല്ലെങ്കിൽ മിക്കപ്പോഴും മുസലിയാർമാരെ സമീപിക്കുന്നു. അവർ ഖുറാനിലെ വചനങ്ങൾ ഒരു തുണിക്കഷ്ണത്തിലോ ചെമ്പ്/വെള്ളി ഏലസ്സിലോ എഴുതി രോഗബാധിതമായ ഭാഗത്ത് കെട്ടുന്നു, അല്ലെങ്കിൽ അത് കുടിക്കാനുള്ള മരുന്നായി (മന്ത്രിച്ചൂതിയ വെള്ളം) നൽകുന്നു.”  (വില്യം ലോഗൻ, പു.212)

ഇങ്ങനെ ആധുനിക വിദ്യാഭ്യാസത്തോടും വൈദ്യശാസ്ത്രത്തോടും നിഷേധാത്മക നിലപാട് വച്ചുപുലർത്തിയ ഒരു സമുദായമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളമുസ്ലിംകൾ. ഇത്തരം ഒരു സമൂഹത്തെ ആധുനികീകരിക്കാനുള്ള ശ്രമം കൂടിയാണ് വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം എന്ന  ക‌ൃതിയിലൂടെ ഗ്രന്ഥകാരൻ ചെയ്യുന്നത്. 

“യെല്ലാ രോഗങ്ങൾക്കും പടച്ചവൻ ലദുന്നിയ്യ് എന്ന ഇൽമിനെ (അറിവ്) ഹകീമുകൾക്ക് (വൈദ്യന്മാർ) അറിയിച്ചും അതാതിനുള്ള ഔഷധത്തെ നിലനിർത്തിയും മറ്റും തന്നിരിക്കുമ്പോൾ നമ്മൾ അതാതിനെ വിട്ടുകളയുന്നതും വൈദ്യം ഇല്ലെന്നുള്ള നിലയിൽ എന്തുവൈദ്യം ഏതുവൈദ്യം എന്നു പറഞ്ഞ് മേൽ പറഞ്ഞ ഹദീസിന് (നബിചര്യ) മാറ്റമായി വൈദ്യം ചെയ്യാതെയും ചെയ്യിപ്പിക്കാതെയും ഇരിക്കുന്നത് അതിശയത്തിൽ അതിശയം, എന്തൊരു പുതുമ, കഷ്ടം തന്നെ”. (വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം)

ഈ പ്രസ്താവനയിൽ അക്കാലത്തെ മുസ്ലിം സമുദായത്തിന്റെ നേർചിത്രം പ്രകടമാണ്. രോഗം വന്നാൽ ചികിത്സിക്കാതിരിക്കുകയും എല്ലാം ദൈവഹിതമെന്ന് വിചാരിച്ച് കഴിയുകയും ചെയ്തിരുന്ന കുറേ ആളുകൾ മുസ്ലിം സമുദായത്തിനകത്തുണ്ടായിരുന്നു. അത്തരത്തിലുള്ള സാധാരണക്കാരായ മനുഷ്യർക്ക് ചികിത്സയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുകയും  സമുദായത്തിനകത്തെ അജ്ഞതയെ ഇല്ലാതാക്കാനുള്ള ശ്രമവും ഈ ഗ്രന്ഥരചനയിലൂടെ നിർവ്വഹിക്കുന്നതായിക്കാണാം.

അറിവിന്റെ ജനാധിപത്യവത്ക്കരണം

            നവോത്ഥാന പ്രവർത്തനങ്ങളുടെ ഏറ്റവും വലിയ പ്രാധാന്യം അറിവിനെ ജനാധിപത്യവത്കരിച്ചു എന്നതാണ്. പരമ്പരാഗത സമൂഹങ്ങളിൽ അറിവ് എന്നത് ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം അധികാര പരിധിയിലുള്ളതായിരുന്നു. വിദ്യാലയങ്ങളിലൂടെയും അച്ചടിയിലൂടെയും ഈ അറിവ് പൊതുമധ്യത്തിലേക്ക് എത്തിയതോടെയാണ് ജാതിശ്രേണിയിൽ അധിഷ്ഠിതമായ അധികാര ഘടനയ്ക്ക് ഇളക്കം തട്ടിയതെന്ന് കെ.എൻ. പണിക്കർ നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെ അറിവിനെ സാധാരണക്കാരായ മനുഷ്യരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നമ്മുടെ നവോത്ഥാന പ്രവർത്തകർ നടത്തിയത്.

            വൈദ്യശാസ്ത്രപരമായ അറിവുകൾ ഇരുപതാം നൂറ്റാണ്ടുവരെയും പാരമ്പര്യമായി മാത്രം കൈമാറ്റം ചെയ്യപ്പെട്ടതായിരുന്നു. പാരമ്പര്യമായി തലമുറകളിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടുകയും അറിവുകളെ നിഗൂഢമാക്കി നിലനിർത്തുക എന്നതും ഇതിന്റെ ഭാഗമായിരുന്നു. ഈ നിഗൂഢ വത്കരണത്തിലൂടെ വൈദ്യം മുതലായ വിജ്ഞാനങ്ങൾക്ക് ദിവ്യ പരിവേഷം പോലും ലഭ്യാമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം പോലുള്ള ഒരു വൈദ്യകൃതി പ്രസക്തമാകുന്നത്.

            അക്കാലത്ത് നിഗൂഢമാക്കപ്പെട്ട ഒരു വിജ്ഞാന മേഖലയെ അച്ചടിയിലൂടെ ജനകീയമാക്കാൻ ശ്രമിച്ചു എന്നതാണ് ഈ കൃതിയുടെ പ്രാധാന്യം. സംസ്കൃതത്തിൽ മാത്രം ലഭ്യമായിരുന്ന ആയുർവേദ വിജ്ഞാനത്തെ നാട്ടുഭാഷയിലേക്ക് വിവർത്തനം ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കാൻ ഈ കൃതിക്ക് സാധിച്ചു. ജനങ്ങളുടെ ഭാഷയിൽ അറിവിനെ നല്കുമ്പോൾ മാത്രമാണ് അറിവിന്റെ ജനാധിപത്യവത്കരണം പൂർണ്ണമാകുന്നതെന്ന് ഗ്രന്ഥകർത്താവ് വിശ്വസിച്ചിരുന്നു.[1]

മതപരമായ വിശ്വാസം

             ബഹുഭൂരിപക്ഷവും അറബിമലയാളത്തിൽ മാത്രം സാക്ഷരരായിരുന്ന ജനവിഭാഗമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള മുസ്ലിംകൾ. ഭൗതിക കാര്യങ്ങളേക്കാൾ മതപരമായ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്തിരുന്ന ഒരു ജനതയായിരുന്നു. അതുകൊണ്ടുതന്നെ അറബിമലയാളത്തിലെ വൈദ്യകൃതികളെ വിശകലനം ചെയ്യുമ്പോൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു വസ്തുത, അതിനകത്തെ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ചികിത്സയുമായി ബന്ധപ്പെട്ട കൃതികൾ രചിക്കുന്നത് പോലും മതപരമായ വിശ്വാസത്തിന്റെ ഭാഗമായാണ് എഴുത്തുകാർ കാണുന്നത്.

'ഹഖ് തആലാ നമ്മൾക്ക് അവന്റെ ഓശാരമായി തന്നിരിക്കുന്ന ആഫിയത്തിനെയും (ആരോഗ്യം) ശിഫാനെയും (രോഗശമനം) ആയത്പ്രകാരം തന്നെ അവൻ ചാത്തിരാക്കിയിരിക്കുന്നു. കിലശങ്ങളെയും മരുന്നുകളെയും യെന്നതിനോടുകൂടെ രോഗത്തിന് ചികിത്സിക്കേണ്ടിയത് നമ്മൾക്ക് സുന്നത്തായി (നബിചര്യ) വന്നിരിക്കുന്നു. അമ്പിയാക്കന്മാരിൽ (പ്രവാചകന്മാർ) ചികിത്സേന്റെ ഇൽമ് ഇല്ലാത്തവർ ആരും തന്നെയില്ല. ഒരു രാജ്യത്ത് ഒരു ആളെങ്കിലും ചികിത്സ പഠിക്കേണ്ടത് ഫർള്കിഫാ (സാമൂഹ്യ ബാധ്യത) ആണെന്നും ആരും പഠിക്കാതെയിരുന്നാൽ എല്ലാവർക്കും ആ കുറ്റം ഇരിക്കും എന്നും വന്നിരിക്കുന്നു. അപ്പോൾ ഇസ്ലാമായവർക്ക് ചികിത്സ പഠിക്കേണ്ടത് ആവശ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.' (വിഷൂചിക ചികിത്സ അഷ്ടാംഗഹൃദയം)

            മുകളിൽ പരാമർശിച്ച ഭാഗം ചികിത്സ പഠിക്കേണ്ടത് ഇസ്ലാം മതവിശ്വാസികളുടെ മതപരമായ ബാധ്യതയാണെന്ന് ഓർമ്മിപ്പിക്കുന്നു. അതിലൂടെ താൻ ചെയ്യുന്ന പ്രവൃത്തി ദൈവത്തിനുള്ള ഒരു ആരാധനയായിട്ടാണ് ഗ്രന്ഥകർത്താവ് കാണുന്നത്. തുടർന്ന്, രോഗം വരുമ്പോൾ  ചികിത്സ ചെയ്യേണ്ടതിന് മടിക്കരുതെന്നും ചികിത്സ ചെയ്യേണ്ടത് മുസ്ലിംകൾക്ക് മതപരമായ നിർബന്ധമാണെന്നും ഉണർത്തുന്നു.[2]

ഉപസംഹാരം

            പത്തൊമ്പതാം നൂറ്റാണ്ടിൽ പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ ബീരാൻകുട്ടി വൈദ്യർ രചിച്ച വിഷൂചിക ചികിത്സാ അഷ്ടാംഗ ഹൃദയം എന്ന കൃതിയെ പരിചയപ്പെടുത്താനും വിശകലനം ചെയ്യാനുമാണ് ഈ പ്രബന്ധത്തിലൂടെ ശ്രമിച്ചത്. നമ്മുടെ മുഖ്യാധാരാ നവോത്ഥാന പഠനങ്ങളിലൊന്നും പരിഗണിക്കപ്പെടാതെ പോയ കൃതികളാണ് അറബിമലയാളത്തിലെ വൈദ്യകൃതികൾ. ആധുനിക വിദ്യാഭ്യാസത്തോടും വൈദ്യശാസ്ത്രത്തോടും വിമുഖരായിരുന്ന മുസ്ലിം സമുദായത്തെ ഉദ്ബോധിപ്പിക്കാനുള്ള ശ്രമമാണ് ഈ കൃതിയിലൂടെ ഗ്രന്ഥകാരൻ നിറവേറ്റുന്നത്. മാത്രമല്ല രോഗം വന്നാൽ ചികിത്സിക്കേണ്ടത് മതപരമായ കടമയാണെന്ന് ഈ കൃതി ഉണർത്തുന്നു.

            വൈദ്യം പോലെ നിഗൂഢമാക്കപ്പെട്ട വിജ്ഞാനമേഖലയെ ജനാധിപത്യ വത്കരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കൃതി. സംസ്കൃതത്തിൽ മാത്രം ലഭ്യമായിരുന്ന ആയുർവേദ ടെക്സ്റ്റുകളെ അറബിമലയാളത്തിൽ അവതരിപ്പിക്കുക വഴി, അതുവരെയും അന്യമായിരുന്ന ഒരു വിജ്ഞാന മേഖലയിലേക്ക് മുസ്ലിം സമുദായത്തെ നയിക്കാനും ഗ്രന്ഥകാരൻ ശ്രമിക്കുന്നു.


[1]കുറിപ്പുകൾ

 '...എന്നാൽ അറബ്, തമിൾ, സംസ്‌കൃതം, ഇംഗ്ലീഷ് ഈ ഭാഷകളിലാണ് ഇപ്പോൾ ചികിത്സ അധികം കൊടുക്കുന്നത്. അത് സർവ്വർക്കും അറിയാൻ കയ്യാത്തതിനാൽ നമ്മളെ മലയാളം ഭാഷയിൽ അതിനെ തർജമ ചെയ്തിരിക്കുന്നു.' (വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം, പു. 4) 

[2] “മേൽപറഞ്ഞ രോഗം തുടങ്ങിയാൽ വൈദ്യനെ വരുത്തി ചികിത്സിക്കാൻ ഇട പോരായ്കയാൽ തൽക്ഷണം അവരവർക്കു തന്നെ ഉപകാരപ്പെടുവാൻ വേണ്ടി ഈ എളുപ്പമായ വൈദ്യത്തെ എല്ലാവരും വായന ചെയ്തു പഠിച്ചും പഠിപ്പിച്ചും തമ്മ തമ്മിൽ ഉതക്ക ഉപകാരങ്ങൾ ചെയ്തും പടച്ചവനെ സദായിപ്പോഴും പേടിച്ചു നടന്നുവരുന്ന കൂട്ടക്കാരാൽ പടച്ചവൻ ഞമ്മളെ എല്ലാവരെയും ആക്കട്ടെ” (വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം, പു.7)

സഹായക ഗ്രന്ഥങ്ങൾ

  1. ആബു ഒ., അറബിമലയാള സാഹിത്യചരിത്രം, 1970, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം.

  2. ‍ഡോ. ജമീൽ അഹമ്മദ് (എഡി.), കേരളമുസ്ലിം ഹിസ്റ്ററി കോൺഫറൻസ് പ്രബന്ധ സമാഹാരം, 2015, കേരളമുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ, കോഴിക്കോട്.

  3. പരമേശ്വരയ്യർ എസ് ഉള്ളൂർ, കേരളസാഹിത്യ ചരിത്രം, വോള്യം 1, 1953, കേരള സർവ്വകലാശാല, തിരുവനന്തപുരം.

  4. ബീരാൻകുട്ടി വൈദ്യർ പാറപ്പുറത്ത് ഇല്ലത്തുപറമ്പിൽ, 1897, വിഷൂചിക ചികിത്സാ അഷ്ടാംഗഹൃദയം (അറബിമലയാളം)

  5. ലോഗൻ വില്യം, മലബാർ മാന്വൽ, (വിവ. ടി.വി.കൃഷ്ണൻ), 1985, മാതൃഭൂമിസ ബുക്സ്,

കോഴിക്കോട്.

  1. Burnell A.C., Specimens of South Indian Dialects- 1873, Internet Archive.

  2. https://www.aryavaidysala.com/downloads/ 


സലാഹുദ്ദീൻ സി.ടി,

അസി.പ്രൊഫസർ, ഗവ.കോളേജ് ചിറ്റൂർ.

(പാർട്ട് ടൈം ഗവേഷകൻ, മലയാള കേരളപഠന വിഭാഗം, കാലിക്കറ്റ് സർവ്വകലാശാല)

Mob.9400849489, ctsalahuddeen@gmail.com

 

 

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. ശ്രീലക്ഷ്മി എസ്. കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page