നിരീക്ഷണത്തിന്റെ ദൃശ്യരാഷ്ട്രീയം: ചലച്ചിത്രബിംബങ്ങളിലെ അധികാരവും വ്യക്തിത്വരൂപീകരണവും
- 5 days ago
- 5 min read
Updated: 3 days ago
അശ്വതി എം.സി.

സംഗ്രഹം
സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമ. മലയാളസിനിമാചരിത്രത്തിൽ ദൃശ്യഭാഷയുടെ പുതിയൊരു ലാവണ്യശാസ്ത്രം രൂപപ്പെടുത്തിയ സംവിധായകനാണ് ഭരതൻ. പ്രണയത്തിന്റെയും ലൈംഗികതയുടെയും രാഷ്ട്രീയത്തെ അദ്ദേഹം തന്റെ സിനിമകളിൽ ദൃശ്യവൽക്കരിച്ചു. ലൈംഗികതയുടെയും ഗ്രാമീണജീവിതത്തിന്റെയും ആവിഷ്കരണമെന്ന നിലയിൽ വ്യാപകമായി ചർച്ചചെയ്യപ്പെട്ട സിനിമയാണ് പറങ്കിമല (1981). ഗ്രാമീണ സദാചാരനോട്ടങ്ങളും വ്യക്തിയുടെ ആന്തരികകാമനകളും തമ്മിലുള്ള സംഘർഷമാണ് സിനിമയുടെ പ്രമേയം. ചലച്ചിത്രങ്ങളിലെ നോട്ടത്തിന്റെ രാഷ്ട്രീയം വിശകലനം ചെയ്യുമ്പോൾ മിഷേൽ ഫൂക്കോ വിഭാവനം ചെയ്ത നിരീക്ഷണസിദ്ധാന്തങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.വ്യക്തിയുടെ സ്വകാര്യതയ്ക്കും ഉടലിനുംമേൽ സമൂഹം സദാചാരത്തിന്റെ പേരിൽ നടത്തുന്ന സൂക്ഷ്മമായ അധികാരപ്രയോഗങ്ങളെ മിഷേൽ ഫൂക്കോയുടെ ‘പനോപ്റ്റിസിസം’ എന്ന സിദ്ധാന്തത്തിലൂടെ വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഈ പ്രബനധം. ഒരു ഗ്രാമപ്രദേശം എങ്ങനെ പനോപ്റ്റിക്കോൺ ജയിലിന് സമാനമായി മാറുന്നുവെന്നും, ക്യാമറയുടെ നോട്ടം എങ്ങനെ സ്ത്രീയെ ഒരു കാഴ്ചവസ്തുവായി മാറ്റുന്നുവെന്നും പ്രബന്ധം ചർച്ചചെയ്യുന്നു.
താക്കോൽ വാക്കുകൾ : സദാചാരം, അധികാരം, പനോപ്റ്റിക്കോൺ, നോട്ടം, പ്രണയം
ആമുഖം
ജനപ്രിയമാധ്യമമായ സിനിമ എന്നത് കാഴ്ചക്കാരന്റെ ദൃശ്യആസ്വാദനത്തെ തൃപ്തിപ്പെടുത്തുന്നവ മാത്രമല്ല, സമൂഹത്തിന്റെ അധികാരഘടനകളെയും സദാചാരബോധ്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു മാധ്യമം കൂടിയാണ് . സമകാലികസമൂഹത്തിൽ ഇന്നും പ്രസക്തമായ വ്യക്തിയുടെ സ്വകാര്യത,സാദാചാരപോലീസിംഗ് തുടങ്ങിയ വിഷയങ്ങളെ പ്രമേയവൽക്കരിച്ച സിനിമയെന്ന നിലയിലാണ് ‘പറങ്കിമല’യുടെ ചർച്ചയ്ക്ക് പ്രാധാന്യം കൈവരുന്നത്. മനുഷ്യബന്ധങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നതിൽ സാമൂഹികമായ അധികാരരൂപങ്ങൾക്ക് വലിയപങ്കുണ്ട്. മിഷേൽ ഫൂക്കോ സിദ്ധാന്തവൽക്കരിച്ച പനോപ്റ്റിക്കോൺ എന്ന സങ്കൽപ്പം കേവലം ഒരു ജയിൽ ഘടന മാത്രമല്ല, ആധുനിക സമൂഹത്തിന്റെ നിരീക്ഷണസ്വഭാവം കൂടിയാണ്. നിരീക്ഷണം വ്യക്തികളുടെ പ്രണയത്തെയും സദാചാര ബോധ്യങ്ങളെയും എങ്ങനെ നിയന്ത്രിക്കുന്നുവെന്നും അതൊരു അധികാരമേഖലയായി ഏതു രീതിയിൽ പ്രവർത്തിക്കുന്നുവെന്നും പനോപ്റ്റിക്കോൺ എന്ന സങ്കൽപ്പത്തിലൂടെ വ്യക്തമാകുന്നു. ‘പറങ്കിമല’ എന്ന സിനിമയെ ഈ സൈദ്ധാന്തിക സമീപനത്തിനകത്തുനിന്ന് വിലയിരുത്തുമ്പോൾ സമൂഹം, കുടുംബം എന്നീ സ്ഥാപനങ്ങൾ എങ്ങനെ ഒരു അദൃശ്യനിരീക്ഷണസംവിധാനമായി പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്താനാവും.
പനോപ്റ്റിസിസം (panopticism )
ഫ്രഞ്ച് ദാർശനികനായ മിഷേൽ ഫൂക്കോ വികസിപ്പിച്ചെടുത്ത ഒരു സൈദ്ധാന്തികസങ്കൽപ്പനമാണ് പനോപ്റ്റിസിസം(Foucault,1977). അദ്ദേഹം ‘Discipline and Punish’ എന്ന കൃതിയിലൂടെയാണ് പതിനെട്ടാംനൂറ്റാണ്ടിലെ ദാർശനികനും സാമൂഹികശാസ്ത്രകഞ്ജനുമായ ജെറമി ബെന്താം രൂപകല്പ്പന ചെയ്ത ‘പനോപ്റ്റിക്കോൺ’ എന്ന ജയിൽ മാതൃകയെക്കുറിച്ച് വിവരിക്കുന്നത്. പനോപ്റ്റിക്കോൺ എന്ന ജയിൽ മാതൃകയിൽ നിന്നാണ് ഫൂക്കോ പനോപ്റ്റിസിസം എന്ന സിദ്ധാന്തം രൂപപ്പെടുത്തിയത്. താൻ നിരന്തരമായ നിരീക്ഷണത്തിന് വിധേയരാകുന്നുവെന്ന ബോധം വ്യക്തികളെ സ്വയം നിയന്ത്രിക്കാൻ പ്രേരിപ്പിക്കുന്ന സാമൂഹികനിയന്ത്രണരീതിയെയാണ് പനോപ്റ്റിസിസത്തിലൂടെ വിവരിക്കുന്നത്. പനോപ്റ്റിക്കോൺ എന്നത് ബെന്താമിന്റെ ജയിൽ മാതൃകയെയും പനോപ്റ്റിസിസം എന്നത് ഫൂക്കോയുടെ സിദ്ധാന്തത്തെയുമാണ് സൂചിപ്പിക്കുന്നത്. ഫൂക്കോ തന്റെ പഠനം തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലെ പ്ലേഗ് ബാധിച്ച ഒരു നഗരത്തെ വിവരിച്ചുകൊണ്ടാണ്. പ്ലേഗ് പടരാതിരിക്കാൻ ഭരണകൂടം ആ നഗരത്തെ കർശനമായ നിരീക്ഷണ വ്യവസ്ഥയ്ക്കകത്താക്കുന്നു. നഗരത്തെ വിവിധ ഭാഗങ്ങളായി വിഭജിച്ച് ഓരോ വീടും പൂട്ടിയിടുകയും, ആളുകളെ വീടിനുള്ളിൽ തടവിലാക്കുകയും ചെയ്യുന്നു. ഇവിടെ കൃത്യമായ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഓരോ വ്യക്തിയെയും ഭരണകൂടം സദാസമയം നിരീക്ഷണ വിധേയമാക്കുന്നു. പ്ലേഗ് കാലത്തെ ഈ നിരീക്ഷണം ഓരോ മനുഷ്യന്റെയും ചലനങ്ങളെ കൃത്യമായി വിഭജിക്കാനും നിയന്ത്രിക്കാനും അധികാരത്തെ പഠിപ്പിച്ചു. പ്ലേഗ് കാലത്തെ ഈ നിരീക്ഷണരീതിയെ ഒരു വാസ്തുവിദ്യാ മാതൃകയായി (Architectural Model) ജയിലുകൾക്ക് വേണ്ടി രൂപകല്പ്ന ചെയ്തത സാമൂഹികശാസ്ത്രഞ്ജനാണ് ജെറമി ബെന്താം (1791). പ്ലേഗ് കാലത്തെ അച്ചടക്കം എന്ന ആശയത്തെ ബെന്താം ഒരു കെട്ടിടത്തിന്റെ രൂപമാതൃകയാക്കി മാറ്റി.
വൃത്താകൃതിയിലുള്ള ഒരു കെട്ടിടത്തിനു നടുവിലായി ഒരു നിരീക്ഷണഗോപുരവും അതിനു ചുറ്റിലുമായി തടവുകാരെ പാർപ്പിക്കുന്നതിനായുള്ള സെല്ലുകളും ഉണ്ടാവും. മധ്യഭാഗത്തെ ഗോപുരത്തിലിരിക്കുന്ന മേൽനോട്ടക്കാരന് സദാസമയവും തടവുകാരെ കാണുവാനും നിരീക്ഷിക്കുവാനും സാധിക്കും, എന്നാൽ തടവുകാർക്ക് ഗോപുരത്തിലിരിക്കുന്നയാളെ ഒരിക്കലും കാണാൻ സാധിക്കില്ല എന്നതാണ് പനോപ്റ്റിക്കോൺ ജയിൽമാതൃകയുടെ പ്രത്യേകത. താൻ എപ്പോഴൊക്കെയാണ് നിരീക്ഷിക്കപ്പെടുന്നതെന്ന് തടവുകാരന് അറിയില്ല, പക്ഷേ എപ്പോഴും നിരീക്ഷിക്കപ്പെട്ടേക്കാം എന്ന ഭയത്താൽ അവൻ സ്വയം നിയന്ത്രിക്കാൻ തുടങ്ങും. ബെന്താമിന്റെ ഈ ജയിൽമാതൃകയെ വിശകലനം ചെയ്ത മിഷേൽ ഫൂക്കോ ഈ ആശയത്തെ സമൂഹവുമായി ബന്ധിപ്പിച്ചുകൊണ്ട്, സമൂഹം മുഴുവൻ ഒരു പനോപ്റ്റിക്കോൺ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സൈദ്ധാന്തികമായി വിശദീകരിച്ചു. ‘പറങ്കിമല’ എന്ന സിനിമയെ ഒരു പനോപ്റ്റിക്കോൺ രൂപമാതൃകയായി താരതമ്യം ചെയ്യാൻ കഴിയും. ഗ്രാമവും, കുടുംബവും എങ്ങനെ ഒരു അദൃശ്യ നിരീക്ഷണ സംവിധാനമായി പ്രവർത്തിച്ചുകൊണ്ട് വ്യക്തികളുടെ(അപ്പുവിന്റെയും,തങ്കയുടെയും) പ്രണയത്തെയും, ലൈംഗികതയെയും നിയന്ത്രിക്കുന്നുവെന്ന് ഇതിലൂടെ മനസിലാക്കാം.
‘പറങ്കിമല’യിലെ നോട്ടങ്ങൾ ( The Gaze)
പനോപ്റ്റിക്കോണിനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും പ്രധാനമായി ഫൂക്കോ ചൂണ്ടിക്കാണിക്കുന്നത് നോട്ടത്തിന്റെ (The Gaze) അധികാരത്തെക്കുറിച്ചാണ്. പനോപ്റ്റിക്കോൺ എന്ന കെട്ടിടത്തിൽ തടവുകാരൻ എപ്പോഴും വെളിച്ചത്തിലും നിരീക്ഷകന്റെ കണ്ണുകൾക്കുമുന്നിലുമാണ്. ‘പറങ്കിമല’യിൽ ഗ്രാമം ഇത്തരമൊരു നിരീക്ഷണശാലയായി പ്രവർത്തിക്കുന്നു. തങ്കയുടെയും, അപ്പുവിന്റെയും പ്രണയവും, തുടർന്ന് അവർക്ക് നേരിടേണ്ടിവരുന്ന സദാചാരവിചാരണകളും, പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രകൃതിയേയും സ്ത്രീശരീരത്തെയും സൗന്ദര്യാത്മകമായി കൂട്ടിയിണക്കുന്ന ദൃശ്യഭാഷയാണ് ഭരതന്റെ മിക്ക സിനിമകളുടെയും പ്രത്യേകത. എന്നാൽ ഈ സൗന്ദര്യവൽക്കരണം പലപ്പോഴും പുരുഷകേന്ദ്രീകൃതമായ നോട്ടങ്ങളെ തൃപ്തിപ്പെടുത്തുന്നവയായിരുന്നു. സിനിമയുടെ ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ക്യാമറയുടെ ചലനങ്ങൾ ഒരു അദൃശ്യ നിരീക്ഷകനെന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. സിനിമയിൽ തങ്കയെ ചിത്രീകരിക്കുന്ന ഭൂരിഭാഗം ഷോട്ടുകളും മരങ്ങൾക്കിടയിലൂടെയോ മറ്റേതെങ്കിലും മറവിൽ നിന്നോ ഉള്ളവയാണ്. പുഴയിൽ കുളിക്കുമ്പോഴും, മലഞ്ചെരുവിലൂടെ നടക്കുമ്പോഴുമുള്ള ‘Low Angle’ ഷോട്ടുകൾ പ്രേക്ഷകനെ ഒരു ഒളിഞ്ഞുനോട്ടക്കാരനാക്കുന്നു. അപ്പുവിനെയും തങ്കയെയും നാട്ടുകാർ ശ്രദ്ധിക്കുന്ന രംഗങ്ങളിൽ ക്യാമറ ഉപയോഗിക്കുന്ന ‘Point of View’ ഷോട്ടുകൾ പനോപ്റ്റിക് നിരീക്ഷണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നവയാണ്. സിനിമയിലെ ക്യാമറയുടെ നോട്ടങ്ങൾ പലപ്പോഴും തങ്കയുടെ ശരീരത്തെ ഭാഗികമായി കാണിക്കാനാണ് ശ്രമിക്കുന്നത്. ഒരു വ്യക്തി എന്നതിലുപരി ഉടലുകളുടെ ഭാഗമായി അവളെ ദൃശ്യവൽക്കരിക്കുമ്പോൾ ക്യാമറ കണ്ണുകളെ ആൺനോട്ടത്തിന്റെ പ്രതീകമായി അടയാളപ്പെടുത്തേണ്ടിവരും. അവളുടെ ശാരീരികാദ്ധ്വാനം, തോളുകൾ, വിയർത്ത നെറ്റിത്തടം, വസ്ത്രത്തിന്റെ അടുക്കുകൾ, ശരീരഭാഗങ്ങൾ എന്നിവയിലേക്കുള്ള നിരന്തരമായ ക്ലോസപ്പ്ഷോട്ടുകൾ അവളെ ഒരു കാഴ്ചവസ്തുവാക്കി മാറ്റുന്നു. തങ്കയുടെ ശരീരത്തെ കീഴ്പ്പെടുത്തുന്ന രീതിയിലാണ് അപ്പുവിന്റെ നോട്ടങ്ങളെയും ചിത്രീകരിച്ചിരിക്കുന്നത് . നായികയുടെ വേദനകളെപ്പോലും ക്യാമറ ഒരുതരം ദൃശ്യസുഖമാക്കിമാറ്റുന്നു എന്നത് ശ്രേദ്ധേയമാണ്.
പറങ്കിമലയിലെ ഗ്രാമം ഒളിഞ്ഞുനോട്ടകണ്ണുകളുടെ സദാചാര ശൃംഖലയാണ്.ഗ്രാമമെന്നത് ആദ്യാവസാനംവരെ സജീവമായി ഇടപെടുന്ന ഒരു നിരീക്ഷകനാണ്. ഇവിടെ ഗ്രാമവാസികൾ ഓരോരുത്തരും പനോപ്റ്റിക്കോണിലെ നിരീക്ഷണ ഗോപുരങ്ങളായി പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് നാണിയെ പോലുള്ള കഥാപാത്രങ്ങൾ ഈ നിരീക്ഷണ വ്യവസ്ഥയുടെ പ്രതിനിധികളാണ്. നായികയുടെ ഓരോ ചലനങ്ങളും ഈ അദൃശ്യനിരീക്ഷണവലയത്തിനകത്താണ്. തങ്ക വഴിയിലൂടെ നടക്കുമ്പോൾ വേലിക്കരികിൽ നില്ക്കുന്നവരും, ചായക്കടയിലിരിക്കുന്നവരും അവളെ നിരീക്ഷിക്കുന്നു. ഈ നോട്ടങ്ങൾ അവളെ എപ്പോഴും അസ്വസ്ഥയാക്കുന്നു. താൻ എപ്പോഴും ആരുടെയൊക്കെയോ നിരീക്ഷണത്തിനു കീഴിലാണെന്ന ഭയം അവളെ സ്വയം നിയന്ത്രിക്കാൻ പ്രേരിപ്പിക്കുന്നു. അപ്പുവിനെ കാണാൻ പോകുമ്പോഴും ഒന്നിച്ച് നടക്കുമ്പോഴും അവളിൽ ഉണ്ടാവുന്ന പരിഭ്രമവും, പേടിയും അവ കൂടുതൽ ബലപ്പെടുത്തുന്നു. ഗ്രാമത്തിലെ ഓരോ ചലനവും മറ്റൊരാൾ അറിയുന്നുണ്ടെന്ന ഭയം കഥാപാത്രങ്ങളുടെ മുഖഭാവങ്ങളിൽ പ്രകടമാണ്. ആരുടെയും നിരീക്ഷണത്തിലല്ലെങ്കിലും ആരോ നോക്കുന്നുണ്ട് എന്ന തോന്നൽ അവരെ അസ്വസ്തരാക്കുന്നു. വ്യക്തികളെക്കാൾ ഗ്രാമത്തിന്റെ കണ്ണുകളാണ് ഇവിടെ അദൃശ്യ സാന്നിധ്യങ്ങളായി പ്രവർത്തിക്കുന്നത്. സിനിമയിൽ പ്രത്യക്ഷത്തിലുള്ള സംഭാഷണങ്ങളെക്കാൾ ക്യാമറയുടെ ആംഗിളിലൂടെയും, ഫ്രെയിമുകളിലൂടെയും, പശ്ചാത്തല സംഗീതത്തിലൂടെയും, ഗ്രാമത്തിലെ മണ്ണിനും മരങ്ങൾക്കുംവരെ കണ്ണുകളുണ്ടെന്ന പനോപ്റ്റിക്ക് അനുഭവം ഭരതൻ ദൃശ്യവൽക്കരിക്കുന്നു. പ്രണയിതാക്കൾക്കിടയിലേക്ക് കടന്നുവരുന്ന ഗ്രാമീണ നിശബ്ദതപോലും ഒരു നിരീക്ഷകന്റെ ധർമ്മമാണ് ഇവിടെ നിർവഹിക്കുന്നത്. അവരുടെ പ്രണയത്തിന് ചുറ്റും എപ്പോഴും ഒരു അരക്ഷിതാവസ്ഥ നിലനില്ക്കുന്നുണ്ട്. അതൊരു വ്യക്തിയുടെ ഇടപെടലിലൂടെയല്ല, മറിച്ച് സിനിമയുടെ ആകെ തുകയിലൂടെയാണ് നമുക്ക് അനുഭവപ്പെടുന്നത്.
സദാചാരമെന്ന അധികാരം
സമൂഹം കാലാനുസൃതമായി രൂപീകരിച്ചെടുത്ത നിയമങ്ങൾ എന്നതിനപ്പുറം വ്യക്തിയെ മെരുക്കിയെടുക്കാൻ ഉപയോഗിക്കുന്ന അധികാരംകൂടിയാണ് സദാചാരം. അപ്പുവിനെ തറവാടിത്തം എന്ന ആശയംകൊണ്ടും തങ്കയെ അവളുടെ ജാതി, സാമൂഹിക പശ്ചാത്തലം എന്നിവകൊണ്ടും ഗ്രാമം നിയന്ത്രിക്കുന്നു. നായകന്റെ തറവാട് സിനിമയിൽ ഒരു അധികാരകേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. അപ്പുവിന്റെ പ്രണയം തറവാടിന്റെ അന്തസിന് ചേർന്നതല്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് അപ്പുവിന്റെ അമ്മയിലും ചേച്ചിയിലും കാണുന്നത്. “ഇനി ഞാൻ പറയാതെ ഈ വീടിന്റെ പടിയിറങ്ങിപ്പോകരുത്”, “അവളുമായുള്ള പ്രേമം ഈ തറവാട്ടിൽ വേണ്ട” എന്നൊക്കെയുള്ള താക്കീതുകൾ അധികാരത്തിന്റെ ഭാഗമാണ്. സ്ത്രീ ശരീരത്തിൻമേൽ കുടുംബം നടത്തുന്ന അധികാരപ്രയോഗങ്ങൾ അപ്പുവിന്റെ അമ്മയുടെ സംഭാഷണങ്ങളിൽ വ്യക്തമാണ്. തങ്കയോട് അപ്പുവിന്റെ അമ്മ പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. “എനിക്ക് ആണായിട്ട് അവൻ ഒന്നേയുള്ളൂ, അവനാണ് ഈ തറവാടിന്റെ മാനം കാക്കേണ്ടവൻ, നീ ഞങ്ങളെ രക്ഷിക്കണം.” ഇവിടെ വ്യക്തിയുടെ പ്രണയം തറവാടിന്റെ അന്തസിന് കീഴ്പ്പെടേണ്ട ഒന്നായി വിലയിരുത്തപ്പെടുന്നു. ഒരു വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും പ്രകടനസ്വാതന്ത്ര്യത്തെയും റദ്ദ്ചെയ്യുന്നവയാണ് ഇത്തരം സംഭാഷണങ്ങൾ . അപ്പുവിന്റെ ജീവിതം അവന്റെ മാത്രം തിരഞ്ഞെടുപ്പല്ല, മറിച്ച് തറവാടിന്റെ പാരമ്പര്യം സംരക്ഷിക്കാനുള്ള ഒരു ഉപകരണമായി അവനെ അധികാരം മാറ്റിയെടുക്കുന്നു. ഇവിടെ അഭിമാനം എന്നത് സദാചാരത്തിന്റെ ഒരു അളവുകോലാണ്. അഭിമാനം എന്ന സങ്കൽപ്പം വ്യക്തിയുടെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും ഇല്ലായ്മ ചെയ്യാൻ അവനെ നിർബന്ധിതനാക്കുന്നു. അഭിമാനം നിലനിർത്താൻ മകന്റെ സന്തോഷം വേണ്ടെന്നുവയ്ക്കുന്ന അമ്മ, സദാചാര വ്യവസ്ഥയുടെ ഒരു ഏജെൻറ് ആയി മാറുകയാണ്. സദാചാരമെന്നത് ശരി/ തെറ്റ് എന്നീ ദ്വന്ദ്വങ്ങൾക്കപ്പുറം വ്യക്തികളെ നിയന്ത്രിക്കാനും അവരെ സമൂഹത്തിനാനിയോജ്യമായ വിധേയ ശരീരങ്ങളായി (Docile Bodies) മാറ്റാനും ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്. നമുക്കുചുറ്റും ഇത്തരം സദാചാര വിചാരണകൾക്ക് കീഴ്പ്പെട്ടുപൊയ നിരവധി മനുഷ്യന്മാർ ദിനംപ്രതി രൂപപ്പെടുന്നുണ്ട്. അപ്പുവും തങ്കയും അതിന്റെ പ്രതീകമാണ്.
സദാചാരം നായികയിൽ അധികാരം ചെലുത്തുന്നത് മറ്റൊരുതരത്തിലാണ്. ശാരീരികമായി തടവിലാക്കുന്നതിനപ്പുറം അവൾക്കുചുറ്റും ഒരു സാമൂഹിക വിലക്ക് സൃഷ്ടിക്കുകയാണ് സമൂഹം. അവളുടെ സാമൂഹികചുറ്റുപാടുകളിൽ അവൾ മാനസികമായി തടവിലാക്കപ്പെടുന്നു. നാട്ടുകാരുടെ നോട്ടങ്ങൾ, അപ്പുവിന്റെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ചിന്തകൾ എന്നിവയെല്ലാം അവളെ സ്വയം നിയന്ത്രണത്തിന് പരുവപ്പെടുത്തുന്നുണ്ട്. ശാരീരികപീഡനത്തേക്കാൾ ശക്തമായി അബോധമനസിലെ സദാചാരഭയം അവളിൽ പ്രവർത്തിക്കുന്നു. സദാചാരലംഘനം നടത്തുന്നവരെ ശരീരികാക്രമണത്തേക്കാൾ മാനസികമായും സാമൂഹികമായും ഒറ്റപ്പെടുത്തിക്കൊണ്ട് കുടുംബം ശിക്ഷിക്കുന്നു.‘പറങ്കിമല’യിൽ സദാചാരം ഒരു വ്യക്തിഗത വിഷയമല്ല,മറിച്ച് സമൂഹം, തറവാട് എന്നിവയുടെ ആകെത്തുകയാണ്. ഇതിന്റെ ഭാഗമായാണ് തനിക്കിഷ്ടമില്ലാത്ത ഒരാളുടെ കൂടെ അപ്പുവിനെ രക്ഷിക്കാനായി അവൾ ഇറങ്ങിപ്പോകുന്നത്. ഗ്രാമത്തിലെ സദാചാരനിരീക്ഷണത്തിൽനിന്നകന്ന് മറ്റൊരു ജീവിതത്തിലേക്ക് മാറുമ്പോഴും ഈ നോട്ടം അവളെ പിന്തുടരുന്നു. ഈ നോട്ടം അവളിൽ ഒരുതരം അസ്വസ്ഥതയും,അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നു. സമൂഹം നിശ്ചയിച്ച മാനദണ്ഡങ്ങൾക്കതീതമായി പ്രവർത്തിക്കുമ്പോൾ സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് പുറത്താക്കപ്പെട്ടവളെ സമൂഹം എങ്ങനെ നിരീക്ഷിക്കുന്നു എന്നതിന്റെ പനോപ്റ്റിക് ഉദാഹരണമാണിത്. വാറ്റുകാരനായ കൊടുവള്ളിക്കൊപ്പം(നെടുമുടി വേണു) താമസിക്കേണ്ടിവരുന്ന തങ്കയ്ക്ക് അയാളിൽനിന്നും മറ്റുള്ളവരിൽനിന്നും നേരിടേണ്ടിവരുന്ന ലൈംഗിക നോട്ടങ്ങളും, ലൈംഗികവും, ശാരീരികവും, മാനസികവുമായ അതിക്രമങ്ങളും ഈ അധികാരപ്രയോഗത്തിന്റെ ഭാഗമാണ്. ഈ അതിക്രമത്തിൽ നിന്നും സ്വയരക്ഷക്കായി അവൾ അയാളെ വധിച്ച് ആ നാട്ടിൽനിന്നും രക്ഷപ്പെട്ടോടി അപ്പുവിനരികിൽ എത്തുമ്പോഴും അവളെ പിന്തുടർന്ന അദൃശ്യനോട്ടം നിയമപാലകരുടെ രൂപത്തിൽ അവളുടെ അരികിലെത്തുന്നുണ്ട്.
സദാചാരനിയമങ്ങൾ ലംഘിക്കുന്നവരെ പനോപ്റ്റിക്ക് സമൂഹം എങ്ങനെ ശിക്ഷിക്കുന്നുവെന്നത് ‘പറങ്കിമല’യിൽ വ്യക്തമാണ്. പനോപ്റ്റിക്കോൺ എന്നത് നിരീക്ഷണമാണെങ്കിൽ, ആ നിരീക്ഷണത്തിലൂടെ പിടിക്കപ്പെടുന്നവർക്ക് നല്കുന്ന ശിക്ഷയാണ് പരസ്യമായ ശിക്ഷാവിധികൾ (Public Punishments). ഫൂക്കോയുടെ നിരീക്ഷണത്തിൽ അധികാരത്തിന്റെ ശക്തി തെളിയിക്കുന്നതിനുള്ള മാർഗമാണ് പരസ്യമായ ശിക്ഷാവിധികൾ. ‘പറങ്കിമല’യിൽ ശാരീരിക പീഡനങ്ങളെക്കാൾ, സാമൂഹികമായ വിചാരണയിലൂടെ ഈ ശിക്ഷ നടപ്പാക്കുന്നു. അപ്പുവിനെയും തങ്കയെയും പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കുടുംബം അവർക്കുമെൽ അടിച്ചേൽപ്പിക്കുന്ന മാനസികസമ്മർദ്ദം ഇത്തരത്തിലൊരു ശിക്ഷാവിധിയാണ്. അപ്പുവിന്റെ അമ്മയിലൂടെയും, തറവാട് എന്ന അധികാരബിംബത്തിലൂടെയും ഈ പ്രണയിതാക്കൾക്കിടയിൽ പ്രയോഗിക്കപ്പെടുന്ന ഭയം അവരെ സമൂഹത്തിനുമുന്നിൽ കുറ്റവാളികളാക്കി ചിത്രീകരിക്കുന്നു.വ്യക്തികളുടെ സ്വകാര്യ വികാരങ്ങളെപ്പോലും പൊതുസദാചാരത്തിന്റെ ബലിപീഠത്തിൽ വച്ച് ശിക്ഷിക്കുന്നതിലൂടെ സമൂഹം മറ്റുള്ളവർക്ക് ഒരു താക്കീത് നല്കുന്നു. സദാചാരത്തിന്റെ കാര്യത്തിൽ പരസ്യ ശിക്ഷ എന്നത് മനുഷ്യനെ മാനസികമായി നിയന്ത്രിക്കാൻ കഴിയുന്ന ഒരു ആയുധമായി സമൂഹം ഇന്നും ഉപയോഗിക്കുന്നുണ്ട്.
പനോപ്റ്റിസിസവും ആധുനിക സമൂഹവും
ആധുനിക നിരീക്ഷണ സാങ്കേതികവിദ്യകൾ (Surveillance Technology) പനോപ്റ്റിക്കോണിന്റെ മാതൃകതന്നെയാണ്. ഡിജിറ്റൽ നിരീക്ഷണ(Digital Surveillance) ത്തിന്റെ ഭാഗമായാണ് ഫൂക്കോ വ്യാഖ്യാനിച്ച പനോപ്റ്റിക്കോൺ ഗോപുരത്തിന് പകരം ഇന്ന് സി.സി.ടി.വി ക്യാമറകളും അൽഗോരിതങ്ങളും രൂപപ്പെടുത്തിയിരിക്കുന്നത്. റോഡുകളിലും മാളുകളിലും ജോലിസ്ഥലങ്ങളിലും നമ്മൾ നിരീക്ഷിക്കപ്പെടുന്നു എന്ന ബോധം (Constant Visibility) നിയമങ്ങൾ ലംഘിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നു. ഇന്ന് കാണുന്ന ഓൺലൈൻ മീഡിയ പ്ലാറ്റ്ഫോമുകൾ വ്യക്തികളുടെ സ്വകാര്യതയിലേക്ക് അവരറിയാതെ കടന്നുചെല്ലുന്നു. മറ്റുള്ളവർ നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധം നമ്മുടെ ഓൺലൈൻപെരുമാറ്റത്തെ നിയന്ത്രിക്കുന്നു. വ്യക്തികൾ അവരറിയാതെതന്നെ വൈറൽ കൊണ്ടേൻടിന്റെ ഭാഗമാവുന്നത് പനോപ്റ്റിക്കോണിന്റെ ആധിപത്യം നിലനില്ക്കുന്നതുകൊണ്ടാണ്. പനോപ്റ്റിക്ക് ഭീതി ഓരോരുത്തരുടെ ഉള്ളിലും ഉടലെടുക്കുന്നതുകൊണ്ടാണ് ഡിജിറ്റൽയുഗത്തിലും നാം സ്വയം നിയന്ത്രണവിധേയരാവാൻ പ്രേരിപ്പിക്കപ്പെടുന്നത്.
ഉപസംഹാരം
മിഷേൽ ഫൂക്കോ വിഭാവനം ചെയ്ത അധികാരത്തിന്റെ സൂക്ഷ്മരൂപങ്ങൾ ‘പറങ്കിമല’യിലെ ഓരോ ഫ്രെയിമിലും ദൃശ്യമാണ്. അധികാരം വ്യക്തികളുടെ സ്വകാര്യതയെ അടിച്ചമർത്തുകയും അവരെ വിധേയശരീരങ്ങളായി നിർമിച്ചെടുക്കുകയും ചെയ്യുന്നു. ഇവിടെ സദാചാരം ഒരു നിയമസംഹിതയായി പ്രവർത്തിക്കുകയും വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും, പ്രകടനസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുകയും ചെയ്യുന്നു. ശാരീരിക വിലക്കുകളെക്കാൾ ഭീകരമാണ് പനോപ്റ്റിക്‌വ്യവസ്ഥിതി സൃഷ്ടിക്കുന്ന മാനസികതടവറകളെന്ന് അപ്പുവിന്റെയും തങ്കയുടെയും നിസ്സഹായവസ്ഥയിലൂടെ വ്യക്തമാക്കുന്നു. പരമ്പരാഗതസദാചാര മാമൂലുകൾ വ്യക്തിയുടെ സ്വത്വത്തെ എങ്ങനെ ഇല്ലാതാക്കുന്നുവെന്ന് ‘പറങ്കിമല’യിലെ ദൃശ്യഭാഷയിലൂടെ വ്യക്തമാകുന്നു. ആധുനിക ഡിജിറ്റൽയുഗത്തിലെ സദാചാരഗറില്ലകൾക്കും നിരീക്ഷണ ക്യാമറകൾക്കും മുന്നിൽ നിൽക്കുന്ന സമകാലികസമൂഹത്തിന് ഫൂക്കോയുടെ ഈ നിരീക്ഷണങ്ങൾ ഇന്നും വലിയൊരു താക്കീതാണ്. ‘നോട്ടം’ എന്നത് വെറുമൊരു പ്രവർത്തിയല്ല, അത് നിശബ്ദമായി പ്രയോഗിക്കപ്പെടുന്ന ആഗോളഅധികാരതന്ത്രമാണെന്ന് ‘പറങ്കിമല’ എന്ന ദൃശ്യപാഠം നമ്മെ ഓർമിപ്പിക്കുന്നു.
റെഫറൻസ്
Foucault,M.(1977).Discipline and punish: The Birth of Prison. Trans.Alan Sheridan.New York: Vintage Books.
അശ്വതി എം.സി ,
ഗവേഷക, മലയാളവിഭാഗം,
യൂണിവേഴ്സിറ്റി കോളേജ്, പാളയം.




Comments