top of page

പുതുമലയാളസിനിമയിലെ ഗേ സ്വത്വാവിഷ്കാര പരിണാമം

  • 5 days ago
  • 10 min read

Updated: 3 days ago

അലക്സാണ്ടർ ജോൺ

പ്രബന്ധസംഗ്രഹം

കേരളത്തിന്റെ സാംസ്‌കാരിക സംവേദനത്തെയും സാമൂഹിക പരിണാമത്തെയും മലയാളസിനിമ എക്കാലവും പ്രതിഫലിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ വിഷയസ്വീകരണവും അതിന്റെ ആവിഷ്‌കരണത്തിലുള്ള ` കൃത്യതയുംകൊണ്ട് ലോകസിനിമാചരിത്രത്തിൽ മലയാളസിനിമ അടയാളപ്പെട്ടിട്ടുണ്ട്. ഉത്തരാധുനികത മുന്നോട്ടുവെച്ച സാമൂഹിക പ്രശ്‌നങ്ങളെയെല്ലാം മലയാളസിനിമ വളരെയേറെ ഗൗരവത്തോടെ പരിഗണിച്ചു. അതിൽതന്നെ സ്വത്വരാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകി.  മുൻപ് പരിഗണിക്കാതെയിരുന്ന സ്വത്വരാഷ്ട്രീയത്തിന്റെ വിഭിന്നമായ ഏടുകൾ പുതുമലയാളസിനിമയിൽ വിശദമായി ചർച്ചചെയ്യപ്പെട്ടു. സ്ത്രീ, ദളിത് വിഷയങ്ങളും പരിസ്ഥിതിപ്രശ്നങ്ങളും പലപ്പോഴായി വെള്ളിത്തിരയിൽ അവതരിപ്പിക്കപ്പെട്ടു. അവയിലൊക്കെയും അരികുവത്കരിക്കപ്പെട്ട സ്വത്വങ്ങളുടെ നിലനില്പും അവയുടെ പ്രതിസന്ധികളും മലയാള സിനിമാചരിത്രത്തിൽ വരച്ചിടപ്പെട്ടു.

                                    പുതുമലയാളസിനിമയിൽ അവതരിപ്പിക്കപ്പെട്ട സ്വത്വരാഷ്ട്രീയ ചർച്ചകളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ക്വിയർ സ്വത്വാവിഷ്കാരം. എൽ. ജി. ബി. റ്റി. ക്യു ഐഡെന്റിറ്റികളുടെ സ്വത്വപ്രതിസന്ധികളെ ആവിഷ്കരിക്കുന്നതിന് മലയാളസിനിമ പലതരത്തിലുള്ള പാഠങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെ സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിനും അവ ധൈര്യമായി ചർച്ചചെയ്യുന്നതിനും പുതുമലയാള സിനിമ ശക്തമായി നിലകൊള്ളുന്നുണ്ട്. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വിയർ എന്നിങ്ങനെ വ്യത്യസ്ത ലൈംഗികസ്വത്വങ്ങളെ     വിവിധ  കാലഘട്ടങ്ങളിൽ മലയാളസിനിമ അടയാളപ്പെടുത്തിയിട്ടുണ്ട്.  ഇത്തരത്തിൽ ഗേ സ്വത്വങ്ങളെ അവതരിപ്പിക്കുന്നതിൽ പുതുമ പുലർത്തിയ മുംബൈ പോലീസ് (2013), മൈ ലൈഫ് പാർട്ണർ (2014), മൂത്തോൻ (2019), കാതല്‍ - ദി കോര്‍ (2023)  എന്നീ സിനിമകളെ  വിശകലനം ചെയ്യുന്നതിലൂടെ മലയാളസിനിമയിലെ ഗേ സ്വത്വാവിഷ്കാരപരിണാമത്തെ വിശകലനം ചെയ്യുവാനാണ് ഈ പ്രബന്ധത്തിലൂടെ താല്പര്യപ്പെടുന്നത്.

താക്കോൽവാക്കുകൾ : പുതുമലയാളസിനിമ, ഉത്തരാധുനികത, സ്വത്വരാഷ്ട്രീയം, ക്വിയർ, ഗേ, ശരീരം.

 

 

ആമുഖം

സിനിമയിലെ വ്യത്യസ്തസ്വത്വങ്ങളുടെ പ്രതിനിധീകരണം സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. മലയാളസിനിമയുടെ ചരിത്രം പരിശോധിക്കുമ്പോൾ, വിമതലൈംഗീക സ്വത്വങ്ങളുടെ  ആവിഷ്കാരം  കഴിഞ്ഞ ദശകങ്ങളിൽ ഗൌരവപൂർണ്ണമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നു കണ്ടെത്തുവാൻ സാധിക്കും. അദൃശ്യമായതും വൈവിധ്യമില്ലാത്തതുമായ  കഥാപാത്രങ്ങൾ  മുതൽ സങ്കീർണ്ണവും പലതരം അടുക്കുകളുള്ളതുമായ കഥാപാത്രങ്ങൾ വരെ ഇത്തരത്തിൽ മലയാളസിനിമയിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭിന്നലൈംഗികതയെയും ലിംഗഭേദത്തെയും സംബന്ധിച്ച പലതരം ആധികളും  ഉത്കണ്ഠകളും ചർച്ച ചെയ്യുന്ന സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അത് കേരളീയസമൂഹത്തിന്റെ ഇത്തരം വിഷയങ്ങളോടുള്ള ക്രിയാത്മകമായ പ്രതികരണവും  സ്വീകാര്യതയും പ്രതിഫലിപ്പിക്കുന്നു.                                                മുംബൈ പോലീസ് (2013), മൈ ലൈഫ് പാർട്ണർ (2014), മൂത്തോൻ (2019), കാതൽ-ദി കോർ (2023) എന്നീ ചലച്ചിത്രങ്ങൾ വ്യത്യസ്ത കാലഘട്ടങ്ങളിൽ സ്വത്വപ്രതിനിധാനരാഷ്ട്രീയത്തിലുണ്ടായ മാറ്റത്തെ ആവിഷ്കരിക്കുന്നു. മുഖ്യധാരാസിനിമയിലെ സ്വവർഗ്ഗാനുരാഗിയായ നായകനെ പരിചയപ്പെടുത്താനുള്ള ആദ്യ ശ്രമങ്ങളിൽ പ്രധാന്യമർഹിക്കുന്ന  ഒന്നായിരുന്നു മുംബൈപോലീസ്, ലൈംഗികതയെ കുറ്റകൃത്യങ്ങളുമായും സാമൂഹിക സദാചാരബോധവുമായും ബന്ധിപ്പിച്ചുകൊണ്ടായിരുന്നു അതിന്റെ ആഖ്യാനം. സമൂഹത്തിൽ ഉറച്ചുപോയ ഭിന്നവർഗ്ഗലൈംഗികബോധവും വിമതലൈംഗിക സ്വത്വങ്ങൾക്ക് നേരെയുള്ള എതിർപ്പിനെയും അത്  ശക്തിപ്പെടുത്തി. എം.ബി. പത്മകുമാർ രചനയും സംവിധാനവും നിർവഹിച്ച് 2014-ൽ ചിത്രമാണ് മൈ ലൈഫ് പാർട്ണർ.  കിരൺ, റിച്ചാർഡ് എന്നീ രണ്ട് പുരുഷന്മാർ തമ്മിലുള്ള ആഴമേറിയതും സങ്കീർണ്ണവുമായ വൈകാരിക ബന്ധത്തെക്കുറിച്ചാണ് ഈ കഥ പറയുന്നത്. ലൈംഗിക ബന്ധത്തേക്കാൾ മാനസിക അടുപ്പത്തിലേക്കും വൈകാരിക കരുതലിലേക്കും വെളിച്ചം വീശുന്നതാണ് ഈ സിനിമയുടെ ആഖ്യാനഘടന. ഗീതു മോഹൻദാസിന്റെ മൂത്തോൻ സ്വവർഗ്ഗാനുരാഗത്തെ ഒരു സാമൂഹികതിന്മ എന്നതിനപ്പുറത്തേക്ക് ഒരു മാനുഷിക അനുഭവമായി അവതരിപ്പിക്കുവാൻ ശ്രമിച്ചു.  വിമതലൈംഗികരുടെ പ്രണയവും അനുകമ്പയും മൂത്തോനിൽ സൂക്ഷ്മമായി ചിത്രീകരിച്ചു. ഒരു കുടുംബത്തിന്റെ ചട്ടക്കൂടിനുള്ളിൽ പലതരത്തിലുള്ള മാനസികസംഘർഷങ്ങൾ അനുഭവിക്കുന്ന സ്വവർഗ്ഗാനുരാഗിയായ കഥാപാത്രത്തെയാണ് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ-ദി കോർ അവതരിപ്പിച്ചത്. ക്വിയർ  ശരീരങ്ങളുടെയും മനസ്സിന്റെയും പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം മലയാളത്തിലെ ജനപ്രിയ സിനിമയിൽ  അടയാളപ്പെടുത്തുകയായിരുന്നു കാതൽ - ദി കോർ. മലയാളസിനിമയിലെ ഈ പരിവർത്തനം കേവലം സിനിമാറ്റിക്കായ  മാറ്റമല്ല, ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലം ഇതിനുണ്ട്. ശരീരം, സ്വത്വം, ലൈംഗികത, മനുഷ്യാവകാശങ്ങൾ എന്നിവയെ സംബന്ധിച്ച്  കേരളത്തിൽ രൂപപ്പെടുന്ന വ്യത്യസ്തവ്യവഹാരങ്ങളെ അത് പ്രതിഫലിപ്പിക്കുന്നുണ്ട്. വിഭിന്ന ആഖ്യാനങ്ങൾ, സൌന്ദര്യശാസ്ത്രം, സ്വത്വരാഷ്ട്രീയം, സാംസ്കാരികവിശകലനം എന്നിവ ഗേ പ്രതിനിധാനത്തിന്റെ ദൃശ്യപരതയും രാഷ്ട്രീയവും എങ്ങനെ രൂപപ്പെടുത്തിയെന്ന് ഈ നാലു സിനിമകളും സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ കണ്ടെത്തുവാൻ ശ്രമിക്കുന്നു. മലയാളസിനിമയിലെ ഗേ സ്വത്വത്തിന്റെ ആവിഷ്കാരത്തിലുണ്ടായിട്ടുള്ള  പരിണാമത്തിന്റെ പാത കണ്ടെത്തുവാൻ ഈ പ്രബന്ധം ശ്രമിക്കുന്നു.

 

1. മലയാളസിനിമയും ലൈംഗികസ്വത്വരാഷ്ട്രീയവും

മലയാളസിനിമയുടെ ചരിത്രം സാമൂഹിക യാഥാർത്ഥ്യങ്ങളുടെ പ്രതിഫലനമെന്ന നിലയിൽ പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രതിനിധാനം ഏറെക്കാലം ഏകപക്ഷീയവും വിവേചനപരവുമായ രീതിയിലായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ, സ്വവർഗ്ഗാനുരാഗം സിനിമയിൽ പ്രത്യക്ഷപ്പെട്ടാൽ അത് സാധാരണയായി ഹാസ്യവിഷയമായോ മാനസിക പ്രതിസന്ധിയുടെ സൂചനയായോ അവതരിപ്പിക്കപ്പെട്ടു. ഇത് ഹെറ്ററോനോർമറ്റിവ് സാമൂഹിക ഘടനയുടെ പ്രതിഫലനമായിരുന്നു, അവിടെ പുരുഷ-സ്ത്രീ ബന്ധം മാത്രമാണ് ‘സ്വാഭാവികം’ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിരുന്നത് (Warner, 1993). ഈ പശ്ചാത്തലത്തിൽ പുതുമലയാളസിനിമയുടെ ഉദയം നിർണായകമായ ഒരു വഴിത്തിരിവുണ്ടാക്കി. 2010-നു  ശേഷം സിനിമകൾ സ്വത്വരാഷ്ട്രീയം, ലിംഗപരിചയം, ശരീരരാഷ്ട്രീയം എന്നിവയെ ഗൗരവമായി ചർച്ച  ചെയ്യാൻ തുടങ്ങി. ഈ മാറ്റം ആഗോള ക്വിയർ പ്രസ്ഥാനങ്ങൾ, ഇന്ത്യൻ നിയമപരിഷ്കാരങ്ങൾ, ഡിജിറ്റൽ മീഡിയയുടെ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ടു കാണുവാൻ സാധിക്കും. പ്രത്യേകിച്ച് 2018-ലെ നവതേജ് സിംഗ് ജോഹർ വിധി, സ്വവർഗ്ഗാനുരാഗ ബന്ധങ്ങൾ കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ചതോടെ സാമൂഹിക ഘടനയിൽ തന്നെ വലിയ മാറ്റമുണ്ടായി. ഇത്തരം സാമൂഹികവും -നിയമപരവുമായ മാറ്റം മൂലം, മലയാളസിനിമ വിമതലൈംഗീക സ്വത്വത്തെ പുതുമയോടെ അവതരിപ്പിക്കാൻ തുടങ്ങി. മുംബൈ പൊലീസ് ഇതിൽ ഒരു പ്രധാന വഴിത്തിരിവായി മാറി, കാരണം ഇതിൽ ഗേ സ്വത്വം ഒരു ആഖ്യാനപരമായ ട്വിസ്റ്റായി മാത്രമല്ല, വ്യക്തിയുടെ ആത്മസംഘർഷത്തിന്റെ കേന്ദ്രമായും പ്രവർത്തിക്കുന്നുണ്ട്. മൈ ലൈഫ് പാർട്ണർ സ്വത്വാവകാശവാദ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നതിലും, മൂത്തോൻ ദൃശ്യരാഷ്ട്രീയത്തിന്റെ ധൈര്യം ആവിഷ്കരിക്കുന്നതിലും, കാതൽ – ദി കോർ സാമൂഹിക അംഗീകാരത്തിന്റെ സങ്കീർണ്ണതകളെ ആഴത്തിൽ പരിശോധിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചു.

പുതുമലയാളസിനിമയിൽ ഗേ സ്വത്വാവിഷ്കാരം എങ്ങനെ രഹസ്യാത്മകതയിൽ നിന്നും സമൂഹത്തിന്റെ ചർച്ചാകേന്ദ്രമായി പരിണമിച്ചു? ഇത് വെറും സിനിമാറ്റിക് പരിണാമമല്ല; അത് സാമൂഹിക ബോധവൽക്കരണത്തിന്റെ സൂചകമാണ്. ഗേ സ്വത്വം ഒരു ‘വ്യത്യസ്തത’ എന്ന നിലയിൽ നിന്ന് ‘സ്വാഭാവിക മനുഷ്യാവസ്ഥ’ എന്ന നിലയിലേക്ക് രൂപാന്തരപ്പെടുന്ന  പ്രക്രിയയാണ് ഇവിടെ പഠനവിധേയമാക്കുന്നത്. ഈ മാറ്റം സിനിമകളുടെ കഥാഖ്യാനത്തിലും  കഥാപാത്രനിർമ്മിതിയിലും ദൃശ്യഭാഷയിലും പ്രതിഫലിക്കുന്നുണ്ട്. മുംബൈ പൊലീസിൽ ഗേ സ്വത്വം വെളിപ്പെടുത്തൽ ട്രാജിക് ഘടകമായി പ്രവർത്തിക്കുമ്പോൾ, കാതൽ – ദി കോറിൽ അത് സാമൂഹിക സംവാദത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നു. ഈ വ്യത്യാസം സമൂഹത്തിന്റെ മാറുന്ന മനോഭാവത്തെ സൂചിപ്പിക്കുന്നു. ഈ പഠനത്തെ  മൂന്നു തലങ്ങളിലായി വിഭജിച്ചിരിക്കുന്നു. ഒന്നാമതായി, പുതുമലയാളസിനിമയിൽ ഗേ സ്വത്വത്തിന്റെ പ്രതിനിധാനം എങ്ങനെ പരിണമിച്ചുവെന്ന് വിശകലനം ചെയ്യുന്നു. രണ്ടാമത്, ഈ പരിണാമം സാമൂഹിക-നിയമപരമായ മാറ്റങ്ങളുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന് പരിശോധിക്കുന്നു. മൂന്നാമതായി, പുരുഷത്വം, കുടുംബം, നിയമം, ദൃശ്യരാഷ്ട്രീയം എന്നീ ആശയങ്ങളുടെ പുനർനിർവചനത്തിൽ ഈ സിനിമകൾ എങ്ങനെ സംഭാവന ചെയ്യുന്നു എന്ന് വിലയിരുത്തുന്നു. സിനിമകളുടെ സമൂഹത്തിലെ സ്ഥാനം, കുടുംബ ഘടന, പുരുഷത്വം, നിയമസംഘർഷം, ദൃശ്യരാഷ്ട്രീയം എന്നീ ആശയങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണ്.

ഈ അന്വേഷണത്തിലൂടെ മലയാളസിനിമയിലെ ക്വിയർ പ്രതിനിധാനത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തലിനെ വിലയിരുത്തുകയും. പുതുമലയാള സിനിമയെ സാമൂഹിക മാറ്റത്തിന്റെ സാംസ്കാരിക ഉപകരണമായി വായിക്കുവാൻ പര്യാപ്തമാക്കുന്നു. ക്വിയർ പ്രതിനിധാനം സാമൂഹിക നീതിയുടെയും മനുഷ്യാവകാശത്തിന്റെയും ചർച്ചകളെ ശക്തിപ്പെടുത്തുന്നു. സിനിമ ഇവിടെ ഒരു വിനോദമാധ്യമമല്ല; അത് സാമൂഹിക ബോധവൽക്കരണത്തിന്റെ വേദിയാണ്.

2. പുതുമലയാളസിനിമയും ക്വിയർ സിദ്ധാന്തവും

ക്വിയർ സിദ്ധാന്തം ഒരു വിമർശനാത്മക ചിന്താഗതിയാണ്, ഇത് ലൈംഗികതയും ലിംഗരാഷ്ട്രീയവും സ്ഥിരമായ ജൈവസത്യങ്ങളല്ലെന്നും, സാമൂഹിക-സാംസ്കാരിക നിർമ്മിതികളാണെന്നും വാദിക്കുന്നു (Butler, 1990). ഈ സിദ്ധാന്തം ഹെറ്ററോനോർമറ്റിവിറ്റിയെ ചോദ്യം ചെയ്യുകയും, സ്വാഭാവിക ലൈംഗീകസ്വത്വം എന്ന ആശയത്തിന്റെ രാഷ്ട്രീയസ്വഭാവം വെളിപ്പെടുത്തുകയും ചെയ്യുന്നു. ക്വിയർ സിദ്ധാന്തം സിനിമാ പഠനത്തിൽ നിർണായകമാണ്, സിനിമകൾ ലൈംഗികതയുടെ ദൃശ്യരാഷ്ട്രീയം വെളിപ്പെടുത്തുന്ന പ്രധാനപ്പെട്ട സാംസ്കാരിക ഉപകരണങ്ങളാണ്. പുതുമലയാളസിനിമയിൽ ഗേ സ്വത്വത്തിന്റെ അവതരണം ഈ സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുമ്പോൾ, സാമൂഹിക നിയന്ത്രണങ്ങളും പ്രതിരോധങ്ങളും വ്യക്തമായി മനസിലാക്കുവാൻ സാധിക്കും.

ഹെറ്ററോനോർമറ്റിവിറ്റി സമൂഹത്തിന്റെ ധാർമ്മികഘടനയെ നിയന്ത്രിക്കുന്ന ഒരു ശക്തമായ ആശയമാണ് (Warner, 1993). ഇത് വിവാഹം, കുടുംബം, പുരുഷത്വം എന്നിവയെ ഒരു നിർദ്ദിഷ്ട മാതൃകയിൽ നിർവചിക്കുവാൻ ശ്രമിക്കുന്നു. കാതൽ – ദി കോറിൽ വിവാഹം ഈ നിയന്ത്രണത്തിന്റെ ഉപാധിയായി പ്രവർത്തിക്കുന്നു. മൂത്തോനിൽ ഗ്രാമവും നഗരവും ഹെറ്ററോനോർമറ്റിവിറ്റിയുടെ വ്യത്യസ്ത രൂപങ്ങളുടെ സൂചകങ്ങളാകുന്നു.  ഗ്രാമത്തിൽ സമൂഹത്തിന്റെ നിരീക്ഷണം ശക്തമായിരിക്കുമ്പോൾ, നഗരത്തിൽ ക്വിയർ സമൂഹം അതിവേഗം രൂപപ്പെടുന്നു. ഇത് ഹെറ്ററോനോർമറ്റിവിറ്റിയുടെ ഭൗമശാസ്ത്രപരമായ വ്യത്യാസങ്ങളെ സൂചിപ്പിക്കുന്നു. ജുഡിത്ത് ബട്ട്ലറുടെ പ്രകടനാത്മകത സിദ്ധാന്തം പ്രകാരം, ലിംഗം ഒരു ആവർത്തനാത്മക പ്രകടനമാണ് (Butler, 1990). മുംബൈ പൊലീസിലെ നായകൻ തന്റെ ‘പുരുഷത്വം’ അവതരിപ്പിക്കേണ്ടി വരുന്നത് സാമൂഹിക പ്രതീക്ഷകളുടെ ഫലമായാണ്. മൈ ലൈഫ് പാർട്ണറിൽ കഥാപാത്രങ്ങൾ സമൂഹത്തിന്റെ സമ്മർദ്ദം മൂലം ഇരട്ടജീവിതം നയിക്കുന്നു. ഇത് പ്രകടനാത്മകതയുടെ രാഷ്ട്രീയ സ്വഭാവത്തെ വെളിപ്പെടുത്തുന്നു.

ഫൂക്കോയുടെ ‘ലൈംഗികതയുടെ ചരിത്രം’ (History of Sexuality) എന്ന പഠനം ഈ ചിന്താഗതിക്ക് അടിത്തറ ഒരുക്കുന്നു. ഫൂക്കോയുടെ അഭിപ്രായത്തിൽ, ലൈംഗികതയെ നിയന്ത്രിക്കുന്നത് സാമൂഹികനിയമങ്ങളോ മതച്ചട്ടങ്ങളോ മാത്രം അല്ല; മറിച്ച് ജ്ഞാനവും അധികാരവും ചേർന്നു നിർമ്മിക്കുന്ന  ഒരു ശാസ്ത്രീയ-സാമൂഹിക നിയന്ത്രണ സംവിധാനമാണ് (Foucault, 1978). സമൂഹം ഏതിനെ  “സാധാരണം” എന്നും ഏതിനെ “വ്യത്യസ്തം” എന്നും നിർവചിക്കുന്നുവോ – ആ  പ്രക്രിയയിൽ അധികാരത്തിന്റെ പ്രവർത്തനം വ്യക്തമാകുന്നു. പുതുമലയാളസിനിമയിലെ ഗേ സ്വത്വാവിഷ്കാരത്തെ ഈ സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ, സിനിമകൾ വെറും കഥകൾ പറയുന്ന ഇടങ്ങൾ മാത്രമല്ല,  അവ സാമൂഹിക നൈതികതയെ നിർമ്മിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുവാൻ ശേഷിയുള്ള ശക്തമായ ഉപകരണമാണ് എന്നു മനസിലാക്കാം. മുംബൈ പോലീസിൽ നായകന്റെ ലൈംഗികത സമൂഹത്തിന്റെ സാധാരണമായ ലൈംഗീകസ്വത്വ മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായതിനാൽ രഹസ്യമായി നിലനിൽക്കേണ്ടിവരുന്നു. ഇത് സമൂഹം നിർമ്മിച്ച ‘സാധാരണത്വത്തിന്റെ’ രാഷ്ട്രീയ സ്വഭാവം വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. അതേസമയം കാതൽ ദി കോറിൽ ഗേ സ്വത്വത്തെ കുറ്റകരമായ അവസ്ഥയോ വ്യത്യസ്തതയോ ആയി കാണാതെ, മനുഷ്യാവസ്ഥയുടെ സ്വാഭാവിക ഭാഗമായി അവതരിപ്പിക്കുന്നു. ഇത് ക്വിയർ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന “ലൈംഗിക വൈവിധ്യത്തിന്റെ സാധാരണവൽക്കരണം” എന്ന ആശയവുമായി ഒത്തുചേരുന്നു.

ഹെറ്ററോനോർമറ്റിവിറ്റി എന്ന ആശയം സമൂഹത്തിൽ ഹെറ്റ്റോസെക്ഷ്വൽ ബന്ധത്തെ മാത്രമേ സ്വാഭാവികവും അംഗീകരിക്കപ്പെടുന്നതുമായ ലൈംഗിക മാതൃകയായി കണക്കാക്കൂന്നുള്ളൂ (Warner, 1993). ഈ ആശയം കുടുംബം, വിവാഹം, മതം, വിദ്യാഭ്യാസം, നിയമം തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ശക്തിപ്പെടുന്നു. സമൂഹത്തിന്റെ ഈ അധികാരഘടന പുതുമലയാളസിനിമയിലെ ഗേ കഥാപാത്രങ്ങളുടെ ജീവിതത്തിൽ വ്യക്തമായി പ്രത്യക്ഷപ്പെടുന്നു. മൈ ലൈഫ് പാർട്ണറിൽ നായക കഥാപാത്രങ്ങൾക്ക്  സമൂഹത്തിന്റെ സമ്മർദ്ദം മൂലം അവരുടെ ബന്ധം മറച്ചുവെക്കേണ്ടിവരുന്നു. ഇവിടെ ഹെറ്ററോനോർമറ്റിവിറ്റി വ്യക്തിയുടെ സ്വകാര്യജീവിതത്തെയും സ്വത്വപ്രകടനത്തെയും നിയന്ത്രിക്കുന്ന ശക്തിയായി പ്രവർത്തിക്കുന്നു. മൂത്തോൻ  ഈ ആശയത്തെ ഭൗമശാസ്ത്രപരമായ വ്യത്യാസങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്. ലക്ഷദ്വീപിലെ പരമ്പരാഗത സമൂഹം കർശനമായ ഹെറ്ററോനോർമറ്റിവ് നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾ, മുംബൈയിലെ നഗരജീവിതം ഒരു പരിധിവരെ ക്വിയർ സമൂഹങ്ങൾക്ക് ഇടം നൽകുന്നു. എന്നാൽ നഗരത്തിലെ ഈ ‘സ്വാതന്ത്ര്യം’ പോലും മറഞ്ഞുള്ള (അണ്ടർഗ്രൗണ്ട്) ജീവിതത്തിലൂടെ മാത്രമേ സാധ്യമാകു എന്നു സിനിമ വരച്ചുകാട്ടുന്നു. ഇത് ഹെറ്ററോനോർമറ്റിവിറ്റിയുടെ രൂപങ്ങൾ മാറിയാലും അതിന്റെ അധികാരസ്വഭാവം നിലനിൽക്കുന്നതിന്റെ ദൃശ്യാവിഷ്കാരമാണ്.

ഹെറ്ററോനോർമറ്റിവിറ്റിയുടെ പ്രധാന ഉപകരണമായി വിവാഹം പ്രവർത്തിക്കുന്നു. കാതൽ ദി കോറിൽ വിവാഹം ഒരു സാമൂഹിക നാടകമായി അവതരിപ്പിക്കപ്പെടുന്നു. വ്യക്തിയുടെ യഥാർത്ഥ ലൈംഗികത മറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമായി അത് മാറുന്നു. ഇത് ഹെറ്ററോനോർമറ്റിവിറ്റിയുടെ നിർബന്ധിത സാമൂഹിക സ്വഭാവത്തെ വെളിപ്പെടുത്തുന്നു. ജുഡിത്ത് ബട്ട്ലറിന്റെ ‘പ്രകടനാത്മകത സിദ്ധാന്തം’ ജെൻഡർ ഒരു സ്ഥിരമായ സ്വഭാവമല്ലെന്നും, സമൂഹം നിർബന്ധിതമാക്കുന്ന ആവർത്തിക്കുന്ന പ്രകടനങ്ങളിലൂടെ നിർമ്മിക്കപ്പെടുന്നതാണെന്നും വാദിക്കുന്നു (Butler, 1990). വ്യക്തികൾ അവരുടെ ലിംഗപരമായ സ്വത്വം സ്വാഭാവികമായി പ്രകടിപ്പിക്കുന്നില്ല; മറിച്ച് സാമൂഹിക പ്രതീക്ഷകൾക്ക് അനുസൃതമായി അത് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.

മുംബൈ പൊലീസിലെ നായകൻ ഒരു ശക്തനായ പൊലീസ് ഓഫീസറെന്ന നിലയിൽ ‘പുരുഷത്വം’ പ്രകടിപ്പിക്കേണ്ടി വരുന്നു. എന്നാൽ ഈ പ്രകടനം അദ്ദേഹത്തിന്റെ യഥാർത്ഥ ലൈംഗികതയുമായി സംഘർഷത്തിലാകുന്നു. ഇതിലൂടെ പുരുഷത്വം ഒരു പ്രകടനമാണെന്നും അത് സാമൂഹിക അംഗീകാരം നേടുന്നതിനുള്ള ഒരു ഉപാധിയാണെന്നും സിനിമ വ്യക്തമാക്കുന്നു. മൈ ലൈഫ് പാർട്ണറിൽ കഥാപാത്രങ്ങൾ ഇരട്ടജീവിതം നയിക്കുന്നു. പൊതുജീവിതത്തിൽ ഹെറ്ററോനോർമറ്റിവ് പുരുഷത്വം അവതരിപ്പിക്കുകയും സ്വകാര്യജീവിതത്തിൽ അവരുടെ യഥാർത്ഥ സ്വത്വം നിലനിർത്തുകയും ചെയ്യുന്നു. ഇത് പ്രകടനാത്മകതയുടെ സാമൂഹിക-രാഷ്ട്രീയ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. സമൂഹം അംഗീകരിക്കുന്ന രീതിയിൽ സ്വയം അവതരിപ്പിക്കേണ്ട നിർബന്ധിതാവസ്ഥ വ്യക്തിയിൽ അടിച്ചേൽപ്പിക്കപ്പെടുന്നു. കാതൽ ദി കോറിൽ രാഷ്ട്രീയ നേതാവായ കഥാപാത്രം പൊതുജീവിതത്തിൽ ഒരു മാതൃകാപുരുഷനായി പ്രത്യക്ഷപ്പെടുമ്പോൾ, സ്വകാര്യജീവിതത്തിൽ തന്റെ യഥാർത്ഥ സ്വത്വവുമായി പോരാടുന്നു. ഈ വിഭജനം പ്രകടനാത്മക ലിംഗത്വത്തിന്റെ സങ്കീർണ്ണതയെ ശക്തമായി അടയാളപ്പെടുത്തുന്നു.

 

2.1  പുരുഷത്വത്തിന്റെ സാമൂഹിക നിർമ്മാണം: ഹെജിമോണിക് മസ്കുലിനിറ്റി

ആർ. ഡബ്ല്യു. കോണൽ അവതരിപ്പിച്ച ഹെജിമോണിക് മസ്കുലിനിറ്റി എന്ന ആശയം, സമൂഹം അംഗീകരിക്കുന്ന ‘ആദർശ പുരുഷത്വം’ എങ്ങനെ നിർവചിക്കപ്പെടുന്നു എന്നതിനെ വിശദീകരിക്കുന്നു (Connell, 1995). അധികാരം, നിയന്ത്രണം, ഹെറ്ററോസെക്സ്വാലിറ്റി, വികാരനിയന്ത്രണം എന്നിവ ഈ മാതൃകയുടെ വ്യത്യസ്തഘടകങ്ങളാണ്. മുംബൈ പൊലീസിലെ നായകൻ ഒരു ശക്തനായ പൊലീസ് ഓഫീസറാണ്, അയാൾ ഹെജിമോണിക് പുരുഷത്വത്തിന്റെ പ്രതീകമാണ്. എന്നാൽ അദ്ദേഹത്തിന്റെ ഗേ സ്വത്വം ഈ മാതൃകയെ ചോദ്യം ചെയ്യുന്നതാണ്. ഇതിലൂടെ ഹെജിമോണിക് പുരുഷത്വം സ്വാഭാവികമല്ല; അത് സാമൂഹികമായി നിർമ്മിക്കപ്പെട്ട ഒരു ഘടനയാണെന്ന് സിനിമ സൂചിപ്പിക്കുന്നു.

മൂത്തോനിൽ  ക്രൂരതയുടെയും സ്നേഹത്തിന്റെയും സംഘർഷമായി പുരുഷത്വത്തെ അവതരിപ്പിക്കുന്നു. കഥാപാത്രങ്ങൾ അവരുടെ വികാരങ്ങളെ തുറന്നടിച്ച് പ്രകടിപ്പിക്കുന്നതിലൂടെ പുരുഷത്വത്തിന്റെ പരമ്പരാഗത നിർവചനങ്ങൾ തകരുന്നതായി കാണാം. കാതൽ ദി കോറിൽ രാഷ്ട്രീയ അധികാരവും വ്യക്തിപരമായ സുരക്ഷിതത്വമില്ലായ്മയും തമ്മിലുള്ള സംഘർഷം പുരുഷത്വത്തിന്റെ അസ്ഥിരതയെ വെളിപ്പെടുത്തുന്നു. ഇത് ഹെജിമോണിക് പുരുഷത്വത്തിന്റെ പരിമിതികളെ ചൂണ്ടിക്കാണിക്കുന്നു.

2.2  ദൃശ്യരാഷ്ട്രീയം: ശരീരവും ദൃശ്യാവിഷ്കാരവും

ലോറ മൾവേ അവതരിപ്പിച്ച ദൃശ്യരാഷ്ട്രീയ ആശയം സിനിമയിലെ ദൃശ്യാവിഷ്കാരം അധികാരബന്ധങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിനെ വിശദീകരിക്കുന്നു (Mulvey, 1975). ക്വിയർ ശരീരങ്ങൾ സിനിമയിൽ എങ്ങനെ ദൃശ്യവൽക്കരിക്കപ്പെടുന്നു എന്നത് സാമൂഹിക അംഗീകാരത്തിന്റെ സൂചകമാണ്. മുംബൈ പോലീസിൽ സ്വവർഗ്ഗാനുരാഗം  സൂചനകളിലൂടെ മാത്രമാണ് പ്രകടമാകുന്നത്. ഇത് അന്നത്തെ സാഹചര്യത്തിൽ സ്വവർഗ്ഗാനുരാഗം സിനിമയിൽ അവതരിപ്പിക്കുന്നതിലുള്ള പരിമിതിയെയും സാമൂഹിക ഭീതിയെയും പ്രതിഫലിപ്പിക്കുന്നു. മൂത്തോൻ  ഈ സംയമനം തകർത്തുകൊണ്ട് സ്വവർഗ്ഗാനുരാഗത്തെ വ്യക്തമായി ദൃശ്യവത്കരിക്കുന്നു. ഇത് ദൃശ്യരാഷ്ട്രീയത്തിൽ ഒരു വിപ്ലവകരമായ മാറ്റത്തെ സൂചിപ്പിക്കുന്നു. ക്വിയർ ശരീരങ്ങൾ ഇനി മറയ്ക്കപ്പെടേണ്ടതില്ല, അത് ആവിഷ്കരിക്കപ്പെടേണ്ടതാണ് എന്ന ബോധ്യമുണ്ടാക്കുന്നു. കാതൽ ദി കോറിൽ ദൃശ്യാവിഷ്കാരം മാന്യതയും സഹാനുഭൂതിയും നിറഞ്ഞ രീതിയിലേക്ക് മാറുന്നു. ക്വിയർ ശരീരങ്ങൾ ഇവിടെ ‘വ്യത്യസ്തതയാർന്ന’ ലൈംഗികസ്വത്വത്തിന്റെ പ്രതീകമല്ല, മനുഷ്യാവസ്ഥയുടെ ഭാഗമാണ്.

ഇന്ത്യയിലെ സെക്ഷൻ 377, ക്വിയർ വ്യക്തിത്വങ്ങളുടെ നിയമപരമായ സാധുതയെ  ദീർഘകാലം ബാധിച്ചു (Narrain, 2004). നിയമം ലൈംഗികതയെ നിയന്ത്രിക്കുന്ന ഒരു അധികാര ഉപാധിയായി പ്രവർത്തിച്ചു. മൈ ലൈഫ്  പാർട്ണറിൽ  ഈ നിയമപരമായ നിയന്ത്രണത്തിന്റെ മാനസിക-സാമൂഹിക ഫലങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിയമം വ്യക്തിയുടെ ലൈംഗികസ്വത്വത്തെ കുറ്റകരമാക്കുമ്പോൾ, അത് സാമൂഹിക ഒറ്റപ്പെടലിനും ആത്മസംഘർഷത്തിനും വഴിയൊരുക്കുന്നു. മുംബൈ പോലീസിൽ നിയമസംരക്ഷകനായ വ്യക്തിക്കുതന്നെ തന്റെ ലൈംഗികസ്വത്വത്തെ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥ നിയമത്തിന്റെ പരിമിതികളെ വെളിപ്പെടുത്തുകയാണ്. കാതൽ ദി കോറിൽ വിവാഹവും നിയമവും തമ്മിലുള്ള സംഘർഷം വ്യക്തിയുടെ സ്വത്വത്തെ ബാധിക്കുന്നു. നിയമം അംഗീകരിക്കുന്ന ബന്ധങ്ങളും സമൂഹം അംഗീകരിക്കുന്ന ബന്ധങ്ങളും തമ്മിലുള്ള വ്യത്യാസം ഇവിടെ വ്യക്തമാക്കുന്നുണ്ട്.

 

3.1 സാമൂഹിക അംഗീകാരം

പുതുമലയാളസിനിമയിലെ ഗേ സ്വത്വാവിഷ്കാരത്തെ മനസ്സിലാക്കുന്നതിന് സാമൂഹിക അംഗീകാരം എന്ന ആശയം കേന്ദ്രപ്രാധാന്യമർഹിക്കുന്നു. സമൂഹം എന്തിനെ സാധാരണവും എന്തിനെ വ്യത്യസ്തവുമെന്നു നിർവചിക്കുന്ന പ്രക്രിയ, വ്യക്തികളുടെ ജീവിതാനുഭവങ്ങളെ നേരിട്ട് സ്വാധീനിക്കുന്നു (Foucault, 1978). ഈ പശ്ചാത്തലത്തിൽ, 2010-കളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ സിനിമകൾ ഗേ സ്വത്വത്തെ രഹസ്യമായി നിലനിൽക്കുന്ന ഒരു സത്യമായി അവതരിപ്പിച്ചപ്പോൾ, അടുത്ത കാലഘട്ടത്തിലെ സിനിമകൾ അത് പൊതുസംഭാഷണത്തിന്റെ ഭാഗമാക്കി മാറ്റുന്നു. മുംബൈ പോലീസ് ഈ പരിണാമത്തിന്റെ ആദ്യ ഘട്ടത്തെ പ്രതിനിധീകരിക്കുന്നു. നായകന്റെ ഗേ സ്വത്വം കഥയുടെ അവസാന ഘട്ടത്തിൽ വെളിപ്പെടുന്ന ഒരു ട്രാജിക് സത്യമായി അവതരിപ്പിക്കപ്പെടുന്നു. ഈ അവതരണം ഗേ സ്വത്വത്തെ കുറ്റബോധത്തോടും ആത്മസംഘർഷത്തോടും ബന്ധിപ്പിക്കുന്നു. സമൂഹത്തിന്റെ അംഗീകാരം ഇല്ലാത്തതിനാൽ, വ്യക്തി തന്റെ യഥാർത്ഥ സ്വത്വത്തെ മറയ്ക്കേണ്ടി വരുന്നു. ഇത് ഹെറ്ററോനോർമറ്റിവ് സാമൂഹിക ഘടനയുടെ ശക്തമായ സ്വാധീനം സൂചിപ്പിക്കുന്നു (Warner, 1993).

അതേസമയം, മൈ ലൈഫ് പാർട്ണർ സാമൂഹിക അംഗീകാരത്തിനായുള്ള തുറന്ന പോരാട്ടത്തെ അവതരിപ്പിക്കുന്നു. ഈ സിനിമയിൽ ഗേ ബന്ധം ഒരു രഹസ്യമായി മാത്രം നിലനിൽക്കുന്നില്ല; അത് സ്വത്വത്തെ സംബന്ധിച്ച അവകാശവാദത്തിന്റെ വിഷയമായി മാറുന്നു. കഥാപാത്രങ്ങൾ അവരുടെ ബന്ധത്തെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക ഘടനകളെ ചോദ്യം ചെയ്യുന്നു. ഇത് ഗേ സ്വത്വം ‘മറയ്ക്കപ്പെടേണ്ട സത്യത്തിൽ’ നിന്ന് ‘അംഗീകരിക്കപ്പെടേണ്ട അവകാശം’ എന്ന നിലയിലേക്ക് മാറുന്ന ഘട്ടത്തെ സൂചിപ്പിക്കുന്നു. മൂത്തോൻ സാമൂഹിക അംഗീകാരത്തിന്റെ അഭാവം വ്യക്തികളെ സമാന്തര സമൂഹങ്ങളിലേക്ക് തള്ളുന്ന സാഹചര്യത്തെ അവതരിപ്പിക്കുന്നു. ലക്ഷദ്വീപിലെ പരമ്പരാഗത സമൂഹത്തിൽ ഗേ സ്വത്വത്തിന് ഇടമില്ലാത്തതിനാൽ, നഗരത്തിലെ അണ്ടർഗ്രൗണ്ട് ക്വിയർ സമൂഹം ഒരു സുരക്ഷിത ഇടമായി മാറുന്നു. ഇത് സാമൂഹിക പുറന്തള്ളലും പരസ്പര പിന്തുണയും ഒരേസമയം നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യത്തെ അവതരിപ്പിക്കുന്നു.ഇതിന് വിപരീതമായി, കാതൽ ദി കോർ ഗേ സ്വത്വത്തെ പൊതുസംഭാഷണത്തിന്റെ ഭാഗമാക്കി മാറ്റുന്നു. ഇവിടെ ഗേ സ്വത്വം ഒരു ട്രാജിക് ട്വിസ്റ്റ് അല്ല; അത് കുടുംബത്തിലും സമൂഹത്തിലും തുറന്നുപറയപ്പെടുന്ന ഒരു യാഥാർത്ഥ്യമാണ്. ഈ മാറ്റം മലയാളിസമൂഹത്തിലെ ബോധവൽക്കരണപ്രക്രിയയെ സൂചിപ്പിക്കുന്നു (Menon, 2012).

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രം വിദ്യാഭ്യാസം, ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും, ലൈംഗികതയെക്കുറിച്ചുള്ള പൊതു സംഭാഷണം ദീർഘകാലം മൗനത്തിലായിരുന്നു. 19-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കൾ വിവാഹം, വിധവാവിവാഹം, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ഇടപെട്ടുവെങ്കിലും, ലൈംഗിക വൈവിധ്യം ചർച്ചാവിഷയമായില്ല. ഇതിന്റെ ഫലമായി, ഹെറ്ററോസെക്സ്വൽ കുടുംബരൂപം “സാധാരണ” കേരളീയ ജീവിതത്തിന്റെ മാതൃകയായിത്തീർന്നു. ഈ ചരിത്രപരമായ മൗനം പുതുമലയാളസിനിമയിലെ ഗേ സ്വത്വത്തിന്റെ വൈകിയ പ്രത്യക്ഷതയെ മനസ്സിലാക്കാൻ സഹായിക്കുന്നു. മൈ ലൈഫ് പാർട്ണർ പോലുള്ള സിനിമകൾ വന്നപ്പോഴാണ് സ്വവർഗ്ഗബന്ധം ആദ്യമായി സ്വത്വാവകാശവാദ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. ഇത് സിനിമയുടെ ധൈര്യത്തിന്‍റെ സൂചന മാത്രമല്ല; കേരളീയസമൂഹത്തിൽ ഉയർന്നുവരുന്ന പുതിയ സംവാദങ്ങളുടെ പ്രതിഫലനമാണ്. സാമൂഹിക നവോത്ഥാനത്തിന്റെ പാരമ്പര്യം മനുഷ്യാവകാശ ചർച്ചകൾക്ക് അടിത്തറ ഒരുക്കിയെങ്കിലും, ലൈംഗിക വൈവിധ്യത്തെ അംഗീകരിക്കാൻ സമൂഹം കൂടുതൽ സമയം എടുത്തു.

3.2 ഹെറ്ററോനോർമറ്റിവിറ്റിയുടെ കേന്ദ്രം

കുടുംബം ഹെറ്ററോനോർമറ്റിവ് സാമൂഹിക ഘടനയുടെ പ്രധാന സ്ഥാപനമാണ്. വിവാഹം, സന്താനോൽപ്പാദനം,സ്വത്വലിംഗഭൂമികകൾ എന്നിവ ഈ ഘടനയെ നിലനിർത്തുന്ന പ്രധാന ഉപാധികളാണ് (Foucault, 1978). പുതുമലയാളസിനിമയിലെ ഗേ സ്വത്വാവിഷ്കാരത്തിൽ കുടുംബത്തിന്റെ പങ്ക് നിർണായകമാണ്, കാരണം വ്യക്തികളുടെ ലൈംഗികത കുടുംബ പ്രതീക്ഷകളുമായി നേരിട്ട് ഏറ്റുമുട്ടുന്നു. കാതൽ ദി കോർ വിവാഹത്തെ ഒരു സാമൂഹിക നാടകമായി അവതരിപ്പിക്കുന്നു. നായകൻ വിവാഹിതനായ വ്യക്തിയായിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ ലൈംഗികത വിവാഹത്തിന്റെ ഘടനയുമായി പൊരുത്തപ്പെടുന്നില്ല. ഇവിടെ വിവാഹം സ്നേഹത്തിന്റെ ബന്ധമല്ല; അത് സാമൂഹിക അംഗീകാരം നേടുന്നതിനുള്ള ഒരു ഉപാധിയാണ്. ഭാര്യയുടെ കാഴ്ചപ്പാട് ഉൾപ്പെടുത്തുന്നതിലൂടെ, ഈ സിനിമ വിവാഹജീവിതത്തിലെ മാനസിക സംഘർഷങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു.

മൈ ലൈഫ് പാർട്ണർ കുടുംബ അംഗീകാരത്തിന്റെ അഭാവം വ്യക്തികളെ സാമൂഹിക ഒറ്റപ്പെടലിലേക്ക് തള്ളുന്നതായി കാണിക്കുന്നു. കുടുംബം പിന്തുണയ്ക്കാത്തപ്പോൾ, വ്യക്തികൾ അവരുടെ സ്വത്വത്തെ മറച്ചുവെക്കുകയോ സാമൂഹികമായി ഒറ്റപ്പെടുകയോ ചെയ്യേണ്ടിവരുന്നു. ഇത് കുടുംബം ഒരു സുരക്ഷിത ഇടമെന്ന ധാരണയെ ചോദ്യം ചെയ്യുന്നു. മൂത്തോനിൽ ‘തിരഞ്ഞെടുക്കപ്പെട്ട കുടുംബം’ എന്ന ആശയം ഉയർന്ന് വരുന്നു. ക്വിയർ സമൂഹം പരസ്പര പിന്തുണയിലൂടെ ഒരു പുതിയ കുടുംബ ഘടന സൃഷ്ടിക്കുന്നു. ഇത് കുടുംബത്തിന്റെ ജൈവപരമായ നിർവചനത്തെ ചോദ്യം ചെയ്യുകയും, ബന്ധങ്ങൾ സാമൂഹികമായി പുനർനിർമ്മിക്കപ്പെടാമെന്ന ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. മുംബൈ  പോലീസിൽ  കുടുംബം നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും, സാമൂഹിക പ്രതീക്ഷകൾ കുടുംബ മൂല്യങ്ങളിലൂടെ നായകനെ നിയന്ത്രിക്കുന്നു. വിവാഹം ചെയ്യേണ്ടതിന്റെ സാമൂഹിക സമ്മർദ്ദം അദ്ദേഹത്തിന്റെ സ്വത്വത്തെ മറയ്ക്കാൻ പ്രേരിപ്പിക്കുന്നു. ഈ സിനിമകളുടെ താരതമ്യം കുടുംബം ഗേ സ്വത്വത്തിന് വെല്ലുവിളിയായും ചിലപ്പോൾ പിന്തുണയാകുന്ന പുതിയ രൂപങ്ങളായും പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. കുടുംബം ഇവിടെ സ്ഥിരമായ ഘടനയല്ല; അത് സാമൂഹിക മാറ്റങ്ങളോടൊപ്പം പരിണമിക്കുന്ന ഒരു സാംസ്കാരിക സ്ഥാപനമാണ്.

4.   ഡിജിറ്റൽ കാലത്തിലെ ക്വിയർ സമൂഹങ്ങളുടെ ദൃശ്യത

ഗ്ലോബലൈസേഷനും ഡിജിറ്റൽ മീഡിയയുടെ വ്യാപനവും കേരളത്തിലെ യുവതലമുറയുടെ ലൈംഗികതയോടുള്ള സമീപനത്തിൽ മാറ്റം സൃഷ്ടിച്ചു. നഗരങ്ങൾ ക്വിയർ വ്യക്തികൾക്ക് സ്വീകാര്യതയും മറയും ഒരേസമയം നൽകുന്ന ഇടങ്ങളായി മാറി. മൂത്തോൻ ഈ നഗര-ഗ്രാമ വ്യത്യാസത്തെ ശക്തമായി ദൃശ്യമാക്കുന്നു. ലക്ഷദ്വീപിലെ ഗ്രാമജീവിതം സാമൂഹിക നിരീക്ഷണത്തിന്റെ ശക്തമായ ഘടനയെ പ്രതിനിധീകരിക്കുമ്പോൾ, മുംബൈ നഗരം ക്വിയർ ബന്ധങ്ങൾക്ക് ഇടം നൽകുന്ന സങ്കീർണ്ണമായ സാമൂഹിക ഭൂപടമായി അവതരിപ്പിക്കുന്നു. ഈ ദൃശ്യവ്യത്യാസം ഗ്ലോബലൈസേഷന്റെ സാംസ്കാരിക സ്വാധീനത്തെ സൂചിപ്പിക്കുന്നു. നഗരങ്ങൾ “സ്വാതന്ത്ര്യത്തിന്റെ ഇടങ്ങൾ” ആയി അവതരിപ്പിക്കപ്പെടുമ്പോഴും, അവിടെ പുതിയ തരത്തിലുള്ള അതിക്രമങ്ങളും അസുരക്ഷിതത്വങ്ങളും നിലനിൽക്കുന്നു. അതിനാൽ, നഗരസംസ്കാരം ക്വിയർ മോചനത്തിന്റെ പൂർണ്ണ മാതൃകയല്ല, മറിച്ച് അത് പുതിയ സാധ്യതകളും അപകടങ്ങളും ഒരുമിച്ചുള്ള സാമൂഹിക സാഹചര്യമാണ്.

കേരളത്തിലെ കുടുംബഘടന, പ്രത്യേകിച്ച് മധ്യവർഗ്ഗ കുടുംബം, സാമൂഹിക മാനദണ്ഡങ്ങളുടെ പ്രധാന കേന്ദ്രമാണ്. വിവാഹം, സന്തതി, കുടുംബബഹുമാനം എന്നിവ വ്യക്തിയുടെ ജീവിതത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. കാതൽ ദി കോർ ഈ കുടുംബഘടനയുടെ പുനർനിർവചനത്തെ ശക്തമായി അവതരിപ്പിക്കുന്നു. ഇവിടെ വിവാഹം ഒരു സാമൂഹിക കരാർ മാത്രമല്ല; അത് വ്യക്തിത്വത്തെ മറയ്ക്കുന്ന ഒരു സംവിധാനമായി പ്രവർത്തിക്കുന്നു. മൈ ലൈഫ് പാർട്ണറിൽ  കുടുംബത്തിന്റെ നിയമപരവും സാമൂഹികവുമായ സമ്മർദ്ദങ്ങളെ തുറന്നുകാട്ടുന്നു. കുടുംബം വ്യക്തിയുടെ ലൈംഗികതയെ നിയന്ത്രിക്കുന്ന ഒരു സ്ഥാപനമായി പ്രവർത്തിക്കുന്നു. എന്നാൽ പുതുമലയാളസിനിമ കുടുംബത്തെ പൂർണ്ണമായും നിരസിക്കുന്നില്ല; മറിച്ച് സംവാദത്തിലൂടെ പുനർനിർവചിക്കാൻ ശ്രമിക്കുന്നു. ഇത് കേരളത്തിന്റെ കുടുംബകേന്ദ്രിത സംസ്കാരത്തിൽ ഒരു നിർണായക മാറ്റത്തെ സൂചിപ്പിക്കുന്നു.

സോഷ്യൽ മീഡിയയുടെ വ്യാപനം ക്വിയർ ദൃശ്യത വർധിപ്പിക്കുന്നതിൽ നിർണായകമാണ്. സിനിമ റിലീസുകൾക്ക് പിന്നാലെ നടന്ന ഓൺലൈൻ ചർച്ചകൾ, പ്രേക്ഷക പ്രതികരണങ്ങൾ, വിമർശനങ്ങൾ എന്നിവ പൊതുസംഭാഷണത്തിന്റെ പുതിയ രൂപങ്ങളെ സൃഷ്ടിച്ചു. കാതൽ ദി കോർ പുറത്തിറങ്ങിയ ശേഷം നടന്ന സോഷ്യൽ മീഡിയ സംവാദങ്ങൾ സിനിമയെ ഒരു സാംസ്കാരിക സംഭവമായി മാറ്റി. ഡിജിറ്റൽ പൊതുസ്ഥലങ്ങൾ ക്വിയർ വ്യക്തികൾക്ക് സ്വയംപ്രകടനത്തിനുള്ള വേദി നൽകുന്നു. അതേസമയം ട്രോൾ,  ഓൺലൈൻ അതിക്രമം എന്നിവയും സൈബർ സ്പേസിൽ നിലനിൽക്കുന്നു. പുതുമലയാളസിനിമ ഈ സങ്കീർണ്ണതയെ പരോക്ഷമായി പ്രതിഫലിപ്പിക്കുന്നു.

അതേപോലെ കേരളത്തിലെ മതസാംസ്കാരികഘടന ലൈംഗികതയെ നിയന്ത്രിക്കുന്ന ഒരു പ്രധാന ഘടകമാണ്. വിവാഹം, കുടുംബം, ലൈംഗികത എന്നിവ മതധാർമ്മികതയുടെ ഭാഗങ്ങളായി നിർവചിക്കപ്പെടുന്നു. കാതൽ ദി കോർ മതപരമായ നൈതികതയും വ്യക്തിഗത സ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷത്തെ സൂചിപ്പിക്കുന്നു. പുതുമലയാളസിനിമ മതത്തെ ഏകപക്ഷീയമായി വിമർശിക്കുന്നില്ല. മറിച്ച്, വ്യക്തിഗത കരുണയും സഹാനുഭൂതിയും സാമൂഹിക നൈതികതയെ പുനർനിർവചിക്കാമെന്ന് സൂചിപ്പിക്കുന്നു. ഇത് കേരളത്തിന്റെ മതസഹവർത്തിത്വ പാരമ്പര്യവുമായി ബന്ധപ്പെട്ടു വായിക്കാം. പുതുമലയാളസിനിമയിലെ ഗേ സ്വത്വം വെറും സംഭാഷണങ്ങളിലൂടെ മാത്രമല്ല; ദൃശ്യഭാഷയിലൂടെയും പ്രകടമാകുന്നു. മൂത്തോൻയിലെ നിശ്ശബ്ദനോട്ടങ്ങൾ, മുംബൈ പൊലീസിലെ അന്തർമുഖത, കാതൽ ദി കോറിലെ ഗൃഹാന്തരീക്ഷം എന്നിവയെല്ലാം ലൈംഗികതയുടെ ദൃശീയരാഷ്ട്രീയ സൂചകങ്ങളാകുന്നു. ശരീരത്തിന്റെ സാന്നിധ്യവും അഭാവവും ലൈംഗികതയ്ക്കുമേലുള്ള  സാമൂഹിക നിയന്ത്രണങ്ങളെ സൂചിപ്പിക്കുന്നു. ദൃശ്യരാഷ്ട്രീയം പ്രേക്ഷകനെ സഹാനുഭൂതിയിലേക്ക് നയിക്കുന്നു. ഗേ സ്വത്വത്തെ “വിചിത്രം” എന്ന നിലയിൽ കാണാതെ, മനുഷ്യാനുഭവത്തിന്റെ ഭാഗമായാണ് പുതുസിനിമകൾ അവതരിപ്പിക്കുന്നത്. ഇത് സിനിമയുടെ ധാർമ്മിക അധികാരഘടനയെ സൂചിപ്പിക്കുന്നു.

ക്വിയർ ദൃശ്യത വർധിച്ചിട്ടും, സാമൂഹിക പ്രതിരോധം പൂര്‍ണമായി ഇല്ലാതായിട്ടില്ല. കുടുംബ സമ്മർദ്ദം, സാമൂഹിക അപകീർത്തി, നിയമപരമായ അനിശ്ചിതത്വങ്ങൾ എന്നിവ ഇപ്പോഴും നിലനിൽക്കുന്നു. പുതുമലയാളസിനിമ ഈ പ്രതിരോധത്തെ മറയ്ക്കുന്നില്ല; മറിച്ച് അത് തുറന്നുകാട്ടുന്നു. ഭാവിയിൽ, ക്വിയർ കഥാപാത്രങ്ങൾ അവരുടെ ലൈംഗികതയെക്കാൾ കൂടുതൽ സങ്കീർണ്ണമായ മനുഷ്യാനുഭവങ്ങളുമായി അവതരിപ്പിക്കപ്പെടുമെന്ന് കരുതാം. ഗേ സ്വത്വം കഥയുടെ കേന്ദ്രസംഘർഷമല്ലാതെ, ജീവിതത്തിന്റെ സ്വാഭാവിക ഘടകമായി അവതരിപ്പിക്കപ്പെടുന്ന ഘട്ടത്തിലേക്ക് ഡിജിറ്റൽയുഗത്തിലെ മലയാളസിനിമ വളരുകയാണ്.

5. ഉപസംഹാരം

ഈ പഠനം പുതുമലയാളസിനിമയിൽ ഗേ സ്വത്വത്തിന്റെ അവതരണം രഹസ്യവൽക്കരണത്തിൽ നിന്ന് സാമൂഹിക അംഗീകാരത്തിലേക്കുള്ള ഒരു ദീർഘപരിണാമ പ്രക്രിയയാണെന്ന് തെളിയിക്കുന്നു. മുംബൈ പോലീസ്, മൈ ലൈഫ് പാർട്ണർ, മൂത്തോൻ, കാതൽ ദി കോർ എന്നീ സിനിമകൾ ഒരേ വിഷയത്തെ വ്യത്യസ്ത സാമൂഹിക ഘട്ടങ്ങളിൽ അവതരിപ്പിക്കുന്നു. ഈ സിനിമകളിലെ  ഗേ സ്വത്വം, സാമൂഹിക പ്രതിഷേധം, വ്യക്തിയുടെ മാനസികാവസ്ഥ, കുടുംബങ്ങളിലെ അംഗീകാരം  എന്നീ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്നു. ഈ പരിണാമം സിനിമയുടെ കഥാസംഘടനയിലും ദൃശ്യഭാഷയിലും കഥാപാത്ര നിർമ്മിതിയിലും പ്രകടമാണ്. ആദ്യം ഗേ സ്വത്വം ഒരു രഹസ്യമായി അവതരിപ്പിക്കപ്പെടുമ്പോൾ, പിന്നീട് അത് വ്യക്തിയുടെ ആത്മസംഘർഷത്തിന്റെ ഭാഗമാകുന്നു. അവസാന ഘട്ടത്തിൽ, അത് കുടുംബത്തോടും സമൂഹത്തോടും സംവദിക്കുന്ന ഒരു മനുഷ്യാവസ്ഥയായി മാറുന്നു. ഈ മാറ്റം ക്വിയർ സിദ്ധാന്തം സൂചിപ്പിക്കുന്ന ലൈംഗികതയുടെ സാമൂഹിക നിർമാണ സ്വഭാവത്തെ സ്ഥിരീകരിക്കുന്നു (Butler, 1990).

പുതുമലയാളസിനിമയിലെ ഗേ സ്വത്വാവിഷ്കാരം ക്വിയർ സിദ്ധാന്തത്തിന്റെ പാശ്ചാത്യ കേന്ദ്രീകൃതതയെ ചോദ്യം ചെയ്യുന്നു. പാശ്ചാത്യ ക്വിയർ ചർച്ചകൾ വ്യക്തിപരമായ സ്വാതന്ത്ര്യത്തെ മുൻനിർത്തുമ്പോൾ, കേരളീയ സാഹചര്യത്തിൽ കുടുംബവും സമൂഹവും നിർണായക ഘടകങ്ങളാണ്. കാതൽ ദി കോർ കുടുംബസംവാദത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നു, ഇത് ക്വിയർ സിദ്ധാന്തത്തിൽ അപൂർവമായി കാണുന്ന ഒരു സാംസ്കാരിക ഘടകമാണ്. ഇതിലൂടെ “കമ്മ്യൂണിറ്റേറിയൻ ക്വിയർത്വം” എന്ന പുതിയ സിദ്ധാന്തപര നിർദ്ദേശം മുന്നോട്ടുവയ്ക്കാം. ഇതിൽ വ്യക്തിയുടെ ലൈംഗിക സ്വാതന്ത്ര്യം കുടുംബബന്ധങ്ങളെയും സാമൂഹിക ഉത്തരവാദിത്വങ്ങളെയും പൂർണ്ണമായി നിരസിക്കുന്നില്ല. മറിച്ച്, സംവാദത്തിലൂടെ സഹവർത്തിത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഈ സമീപനം ദക്ഷിണേഷ്യൻ സമൂഹങ്ങളിൽ ക്വിയർ ചർച്ചകൾക്ക് കൂടുതൽ പ്രായോഗികമായ മാതൃകയായി പ്രവർത്തിക്കാം (Narrain, 2018). ഈ പഠനം ചില നിർണായക ഭാവി ഗവേഷണ സാധ്യതകൾ തുറക്കുന്നു. ഒന്നാമതായി, ലെസ്ബിയൻ, ട്രാൻസ്, നോൺ-ബൈനറി സ്വത്വങ്ങളുടെ പ്രതിനിധാനം പുതുമലയാളസിനിമയിൽ എങ്ങനെ വികസിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനം ആവശ്യമാണ്. രണ്ടാമതായി, പ്രേക്ഷക പ്രതികരണങ്ങൾ ക്വിയർ ദൃശ്യതയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള അനുഭവപരിശോധനകൾ നിർണായകമാണ്. മൂന്നാമതായി, ഓടിടി  പ്ലാറ്റ്ഫോമുകളുടെ ഉദയം ക്വിയർ കഥകളുടെ അവതരണത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾ പഠിക്കേണ്ടതുണ്ട്. ഡിജിറ്റൽ വിതരണ സംവിധാനങ്ങൾ സെൻസർഷിപ്പിന്റെ നിയന്ത്രണങ്ങളെ മറികടക്കാൻ സഹായിക്കുന്നതിനാൽ, ഭാവിയിൽ കൂടുതൽ വൈവിധ്യമാർന്ന ക്വിയർ അവതരണങ്ങൾ പ്രതീക്ഷിക്കാം.

പുതുമലയാളസിനിമയിലെ ഗേ സ്വത്വപരിണാമം ഒരു സാംസ്കാരിക നവോത്ഥാനത്തിന്റെ സൂചനയാണ്. ഇത് വെറും ലൈംഗിക രാഷ്ട്രീയത്തിന്റെ പരിണാമമല്ല; മനുഷ്യാവസ്ഥയുടെ വൈവിധ്യത്തെ അംഗീകരിക്കുന്ന ഒരു സാമൂഹിക ബോധവൽക്കരണ പ്രക്രിയയാണ്. സിനിമ ഇവിടെ ഒരു ദൃശ്യരേഖ മാത്രമല്ല; അത് സാമൂഹിക നൈതികതയുടെ പുനർനിർവചനത്തിനുള്ള വേദിയാണ്. ക്വിയർ സ്വത്വം ഭാവിയിൽ “വ്യത്യസ്തത” എന്ന നിലയിൽ അല്ല, മനുഷ്യജീവിതത്തിന്റെ സ്വാഭാവിക ഘടകമായി അവതരിപ്പിക്കപ്പെടും. പുതുമലയാളസിനിമ ഇതിനകം തന്നെ ഈ ദിശയിലേക്ക് നീങ്ങുന്നുവെന്ന് ഈ പഠനം തെളിയിക്കുന്നു.

 

References

  1. Butler, J. (1990). Gender trouble: Feminism and the subversion of identity. Routledge.

  2. Connell, R. W. (1995). Masculinities. University of California Press.

  3. Foucault, M. (1978). The history of sexuality, Vol. 1: An introduction. Vintage Books.

  4. Menon, N. (2012). Seeing like a feminist. Zubaan.

  5. Mulvey, L. (1975). Visual pleasure and narrative cinema. Screen, 16(3), 6–18.

  6. Narrain, A. (2004). Queer: Despised sexuality, law and social change. Books for Change.

  7. Warner, M. (1993). Fear of a queer planet. University of Minnesota Press.

  8. Venkiteswaran, C. S. (2025). Udalinte Thaarasancharangal. DC Books.

  9. Kathiravan, E. (2018). Cinema-yude Samoohika Velippadukal. DC Books.

  10. Kishorkumar. (2023). Mazhavil Kanniloote Malayalacinema. DC Books.

  11. Narrain, A. (2018). The Right that Dares to Speak its Name. Penguin.

Alexander John, Research Scholar,

School of Letters, Mahatma Gandhi University,Kottayam.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. ശ്രീലക്ഷ്മി എസ്. കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page