പ്രദീപൻ പാമ്പിരികുന്നിൻ്റെ സംഗീതവിചാരലോകം: തെരഞ്ഞെടുത്ത ലേഖനങ്ങളെ മുൻനിർത്തിയുള്ള വിശകലനം
- 5 days ago
- 8 min read
Updated: 3 days ago
വിസ്മയ സുന്ദർ പി

പ്രബന്ധസംഗ്രഹം
ദലിത് രാഷ്ട്രീയം,കീഴാളപഠനം, സംസ്കാരവിമർശനം,ചലച്ചിത്രസംഗീതപഠനം തുടങ്ങിയവയിലെല്ലാം തൻ്റെതായ ആശയങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടിയ എഴുത്തുകാരനാണ് പ്രദീപൻപാമ്പിരികുന്ന്. കീഴാളമായ പ്രതിരോധങ്ങളെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിൻ്റെ വിചാരലോകം നിർണയിക്കപ്പെട്ടിരുന്നത്. സംസ്കാരപഠനത്തിൻ്റെ ഉൾക്കാഴ്ച്ചകളെയും കീഴാള വിമർശനത്തിൻ്റെ സൈദ്ധാന്തിക സങ്കൽപ്പനങ്ങളെയും ചേർത്തു നിർത്തിയാണ് അദ്ദേഹം തൻ്റെ പഠനങ്ങൾ നടത്തിയത്. ഒരു സംസ്കാരപഠിതാവ് എന്ന നിലയിൽ അദ്ദേഹം ഏറ്റവും ഊന്നൽ നൽകിയത് ചലച്ചിത്രഗാനപഠനങ്ങൾക്കായിരുന്നു.അദ്ദേഹത്തിൻ്റെ ഏകജീവിതാനശ്വരഗാനം എന്ന പുസ്തകവും മറ്റു ചലച്ചിത്രഗാനനിരൂപണങ്ങളെല്ലാം തന്നെ മലയാള സിനിമാഗാനങ്ങളെ സംസ്കാരപഠനത്തിൻ്റെ പശ്ചാത്തലത്തിൽ പരിശോധിക്കുന്നവയായിരുന്നു. സംഗീതത്തിൻ്റെ ഏറ്റവും സൂക്ഷ്മമായ തലങ്ങളെക്കുറിച്ച് വിശകലനം ചെയ്ത അദ്ദേഹം തൻ്റെ ലേഖനങ്ങളിലൂടെ ചലച്ചിത്രഗാനനിരൂപണത്തെ ഒരു വിജ്ഞാനശാഖയായി വികസിപ്പിച്ചു. പ്രദീപൻ പാമ്പിരികുന്നിൻ്റെ തെരഞ്ഞെടുത്ത ചലച്ചിത്രഗാനനിരൂപണങ്ങളെ മുൻനിർത്തി നിലവിലിരുന്ന സംഗീത പഠനങ്ങളിൽ നിന്നും ഭിന്നമായി സംസ്കാരപഠനത്തിൻ്റെ രീതിശാസ്ത്രമുപയോഗിച്ചുകൊണ്ട് അദ്ദേഹം നടത്തിയ അന്വേഷണങ്ങളെ വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തിലൂടെ .
താക്കോൽ വാക്കുകൾ
സംസ്കാരം , വരേണ്യം , അഭിജാതം , ചലച്ചിത്രസംഗീതം , അഹം , വ്യക്തി
ആമുഖം
" സംസ്കാരം എന്ന പദത്തിന് അഭിജാതം,വരേണ്യം,സാമ്പത്തികമായി ഉന്നതിയിൽ എത്തിയിട്ടുള്ളവരുടേത് തുടങ്ങിയ അർത്ഥങ്ങൾ സ്വീകരിച്ചവർ സംസ്കാരത്തിൻ്റെ അപചയമായി കണ്ട കാര്യങ്ങളുടെ സാകല്യമായിരുന്നു ജനപ്രിയസംസ്കാരം"(സംസ്കാരപഠനo.പുറം.417).ഇവിടെ ജനപ്രിയസംസ്കാരമെന്നാൽ സാമാന്യജനങ്ങൾ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സംസ്കാരമെന്ന് സാരം. മാത്യു ആർനോൾഡിൻ്റെ സംസ്കാരവും അരാജകത്വവും ( culture and Anarchy ) എന്ന കൃതിയിലായിരുന്നു ജനപ്രിയ സംസ്കാരം അക്കാദമിക് പരിപ്രേക്ഷ്യത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.എന്നാൽ ജനപ്രിയസംസ്കാരം എന്ന ഒരു പദം പോലും ഈ കൃതിയിൽ അർനോൾഡ് ഉപയോഗിച്ചിരുന്നില്ല. മനുഷ്യരാശിയുടെ ഉദാത്ത സംസ്കാരങ്ങളെ നശിപ്പിക്കുന്ന അരാജകത്വപ്രവണതകളെയാണ് അദ്ദേഹം ജനപ്രിയസംസ്കാരമായി വിശകലനം ചെയ്തത്. ഉദാത്ത സംസ്കാരത്തിൻ്റെ അധമരൂപമായി ജനപ്രിയസംസ്കാരം വിലയിരുത്തപ്പെട്ടു. ഇത്തരത്തിൽ ഉദാത്തം / അധമം അഥവാ വരേണ്യം /ജനപ്രിയം എന്നിങ്ങനെ വിഭജനങ്ങൾ സംഗീതത്തിലും പ്രകടമായിരുന്നു. ഭാരതീയ സംഗീതത്തിൻ്റെ സ്വഭാവം വിശദീകരിച്ചു കൊണ്ട് പ്രദീപൻ പാമ്പിരികുന്ന് സംഗീതത്തിൽ നിലനിന്ന വരേണ്യ / അധമ വിഭജനങ്ങളെ ചോദ്യം ചെയ്യുന്നു.
ഭാരതീയസംഗീതത്തിൻ്റെ വരേണ്യാധിപത്യം
ഭാരതീയസംഗീതത്തിൽ നിലനിന്ന വരേണ്യാധിപത്യത്തിന് കാരണം വേദകാലത്താണ് ഭാരതീയ സംഗീതം ഉത്ഭവിച്ചതെന്ന കാഴ്ച്ചപ്പാടായിരുന്നു.ഈ കാഴ്ച്ചപ്പാടാണ് സംഗീതത്തെ ദൈവത്തോടടുപ്പിക്കുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഇത്തരം രൂഢമൂലമായ ധാരണകൾ മൂലം ഓരോ ഗായകനും തന്നിൽ ഒരു അതിഭൗതികസാന്നിധ്യം പ്രവർത്തിക്കുന്നുണ്ടെന്ന് ചിന്തിക്കുകയും തങ്ങളുടെ സംഗീതജ്ഞാനം,അഭ്യാസം എന്നിവയെക്കാൾ പ്രാധാന്യം ദൈവാനുഗ്രഹത്തിന് നൽകുകയും ചെയ്യുന്നു.സംഗീതഗ്രന്ഥങ്ങൾ സംഗീതത്തിൻ്റെ ഉറവിടം സാമവേദത്തിൽ ആണെന്ന കാഴ്ച്ചപ്പാടിൽ ഊന്നുന്നതാണ് ഇതിനു മുഖ്യകാരണം. "ശാരങ്ഗദേവൻ്റെ സംഗീതരത്നാകരത്തിൽ സപ്തസ്വരങ്ങളുടെ ആവിർഭാവത്തെപ്പറ്റി ഇപ്രകാരം പറയുന്നു. ' സാമവേദാദിദം ഗീതം' സംജഗ്രാഹപ്പിതാ;മഹാ: ' അതായത് സാമവേദത്തിൽ നിന്നും ഗീതങ്ങളുണ്ടായി.ബ്രഹ്മാവ് സാമവേദത്തിൽനിന്നും കടഞ്ഞെടുത്തതാണ് സംഗീതമെന്നു കാണുന്നു " ( എം പി ജോർജ്.പുറം.-8).വേദം ദൈവദത്തമാണെന്നും ആരാലും ചോദ്യം ചെയ്യാനാവാത്ത വിധം സുദൃഢമാണെന്നും വിശ്വസിച്ചിരുന്നവർ സംഗീതത്തിനും ആ ദൈവികത്വം കല്പിച്ചു നൽകി. എന്നാൽ ഭാരതീയരുടെ ഈ വിശ്വാസം മറ്റ് സംഗീത സംസ്കാരങ്ങൾക്ക് സ്വീകാര്യമായിരുന്നില്ല. ഭാരതത്തിൽ സംഗീതത്തിൽ ദൈവം ശാശ്വതമായി മാറിയതോടെ സംഗീതത്തിൻ്റെ ഗോത്രചരിത്രത്തെ വിശകലനം ചെയ്യാനും അതിൻ്റെ വികാസഘട്ടങ്ങളെ വിശദീകരിക്കാനും സംഗീതജ്ഞർ ആരും ശ്രമിച്ചിരുന്നില്ല. വേദം നിത്യമാണെന്ന ധാരണ അവരെ ഇതിൽ നിന്നും തടഞ്ഞു എന്നു പറയുന്നതാകും കൂടുതൽ ശരി. കേവലതയാണ് ഇന്ത്യൻ സംഗീതാനുഭവത്തിൻ്റെ പൊരുൾ എന്ന് സംഗീതജ്ഞർ വിശ്വസിക്കുകയും,വികാരങ്ങളെ വ്യക്തി-കാലനിരപേക്ഷമായി സ്ഥാപിച്ചെടുക്കുന്നതിനാൽ സംഗീതത്തിന് ജാതിയോ മതമോ ഇല്ലെന്ന് വിശ്വസിക്കപ്പെട്ടു. ഇതോടൊപ്പം സംഗീതത്തിന് സാമൂഹ്യചരിത്രമല്ല സാങ്കേതികവികാസത്തിൻ്റെ ചരിത്രമാണുള്ളതെന്ന ധാരണ പ്രബലമായി.എന്നാൽ സംഗീതത്തിന് സാമൂഹ്യചരിത്രം കൂടിയുണ്ടെന്നും വേദങ്ങളാണ് സംഗീതത്തിൻ്റെ ഉറവിടമെന്ന ബ്രാഹ്മണാധീശത്വധാരണ വൈവിധ്യങ്ങൾ തേടുന്നതിൽ നിന്നും സംഗീതജ്ഞരെ തടയുകയാണ് ചെയ്തതെന്നും പ്രദീപൻ പാമ്പിരികുന്ന് ഊന്നിപ്പറയുന്നു.
സംഗീതത്തിൻ്റെ ഉത്ഭവം വേദങ്ങളിൽ ആരോപിക്കുന്നത് തികച്ചും അടിസ്ഥാനരഹിതമായ കാഴ്ച്ചപ്പാടായിരുന്നു. മനുഷ്യൻ്റെ അധ്വാനശീലത്തിൽ നിന്നും രൂപപ്പെട്ട സാമൂഹ്യചരിത്രത്തിന് വേദങ്ങളെക്കാൾ പഴക്കം അവകാശപ്പെടാം. ആദ്യഘട്ടത്തിൽ സംഗീതം മനുഷ്യൻ്റെ അധ്വാനശീലവുമായി ബന്ധപ്പെട്ടാണ് നിലനിന്നത്. തൻ്റെ അധ്വാനഭാരം ലഘൂകരിക്കാൻ മനുഷ്യൻ അവനറിയാതെതന്നെ പലതരത്തിലുള്ള ഈണശബ്ദങ്ങൾ പുറപ്പെടുവിച്ചു. എന്നാൽ ഇവയൊന്നും തന്നെ ചരിത്രത്തിൽ രേഖപ്പെട്ടിരുന്നില്ല. ഒരു പ്രത്യേക കാലഘട്ടത്തിൽ സമൂഹത്തിൽ മാനസികമായും കായികമായും പ്രബലമായ ഒരു ജനത ഉയർന്നു വന്നു. അക്കാലം വരെ അനുഭവങ്ങളുടെയും അധ്വാനത്തിൻ്റെയും പിൻബലത്തിൽ സ്വരുക്കൂട്ടിയ അറിവിൻ്റെ വൈപുല്യത്തെ അക്ഷരരൂപത്തിൽ രേഖപ്പെടുത്തിക്കൊണ്ട് സ്വന്തമാക്കി. ഈ ജ്ഞാനം വേദങ്ങളായി പരിണമിക്കുകയും അറിവും അധികാരവും അവരുടെ കുത്തകയായി മാറുകയും ചെയ്തു. എന്നാൽ മനുഷ്യൻ്റെ അധ്വാനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട സംഗീതത്തിൽ ഒരിക്കലും ഭക്തിക്ക് സ്ഥാനമുണ്ടായിരുന്നില്ല. ആ നിമിഷം അധ്വാനം ആയാസകരമാക്കാൻ അവനിൽ രൂപപ്പെട്ട വികാരവിചാരങ്ങളായിരുന്നു അതിൽ പ്രതിഫലിച്ചത്.വേദകാലത്തിൻ്റെ വരവോടെയാണ് സംഗീതത്തിൽ ഭക്തിയുടെ പരിവേഷം ചാർത്തപ്പെടുകയും ദൈവികത്വം ആരോപിക്കപ്പെടുകയും ചെയ്തത്. " ഒരു കോടി ജപത്തിൽ നിന്ന് ഒരു ധ്യാനവും ഒരു കോടി ധ്യാനത്തിൽ നിന്നും ഒരു ലയവും ഒരു കോടി ലയത്തിൽ നിന്ന് ഒരു ഗാനവും പിറക്കുന്നു എന്ന ഇന്ത്യൻ പുരാതനസങ്കല്പത്തിൽ നിന്നു തന്നെ ഇവിടെ സംഗീതവും അതാലപിക്കുന്ന സംഗീതജ്ഞനും എത്ര ഉന്നതമായ പീഠത്തിലാണ് അവരോധിക്കപ്പെട്ടിരുന്നതെന്ന് വ്യക്തമാണ്.ജപമുണ്ടെങ്കിൽ മാത്രമേ ഗാനമുള്ളൂ എന്ന വിശ്വാസമാണ് ഇവിടെ ഊട്ടിയുറപ്പിക്കപ്പെടുന്നത്. ജപമെന്നത് മനസ്സിൻ്റെ ഏകാഗ്രതയാണ്. അപ്പോൾ സംഗീതജ്ഞൻ്റെ ഏകാഗ്രചിത്തമാണ് സംഗീതത്തിന് ഭക്തിയും വിശുദ്ധിയും നൽകുന്നത്. " ( രമേശ് ഗോപാലകൃഷ്ണൻ . പുറം. 2).ഈ പുരാതന സങ്കല്പം തന്നെയാണ് പ്രദീപൻ പാമ്പിരികുന്ന് ഗായകനിൽ ചൂണ്ടിക്കാട്ടുന്ന അതിഭൗതികസാന്നിധ്യത്തിൻ്റെ അടിസ്ഥാനമായി മാറിയത്. സംഗീതത്തിൻ്റെ ചരിത്രം അന്വേഷിച്ചു ചെല്ലുമ്പോൾ നാം എത്തുക ആര്യ-ദ്രാവിഡ ആശയസമരങ്ങളുടെ ചരിത്രത്തിലാണെന്ന് വ്യക്തം. വേദങ്ങളാണ് സംഗീതത്തിൻ്റെ ഉത്ഭവകേന്ദ്രമെന്ന് വാദിക്കുന്ന ഒരു വിഭാഗം ജനതയും മറുവശത്ത് മനുഷ്യാധ്വാനത്തിൻ്റെ സാംസ്കാരികചരിത്രമാണ് മറ്റെന്തിനുമെന്ന പോലെ സംഗീതകലയ്ക്ക് ഉറവിടമായതെന്ന് സ്ഥാപിക്കുന്ന മറ്റൊരു ജനസമൂഹവും തമ്മിലുള്ള നിരന്തരമായ ആശയസംഘട്ടനത്തിൻ്റെ ചരിത്രമായി നമുക്കിതിനെ വിലയിരുത്താം.
സംഗീതത്തിന് സാങ്കേതിക വികാസത്തിൻ്റെ ചരിത്രം മാത്രമല്ല സാമൂഹ്യചരിത്രം കൂടിയുണ്ട് എന്നാണ് ലേഖകൻ മുന്നോട്ടു വെക്കുന്ന മറ്റൊരു ആശയം . ഇവിടെ പ്രദീപൻ പാമ്പിരികുന്നിൻ്റെ ചിന്തകളിൽ അഡോർണോയുടെ സംഗീതവിശകലനങ്ങൾ പുലർത്തുന്ന ഗാഢബന്ധം പ്രകടമാണ്."ദൈനംദിനജീവിതത്തിൻ്റെ വിരസതയിൽ നിന്നുള്ള വിച്ഛേദം എന്ന നിലയ്ക്കല്ല അഡോർണോ സംഗീതത്തെ / കലയെ കണ്ടത്. സംഗീതത്തെയും കലയെയും അവ ഉണ്ടാക്കുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്ന സാമൂഹ്യസന്ദർഭങ്ങളുമായി ബന്ധിപ്പിച്ചു പഠിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. യഥാർത്ഥത്തിൽ ഈ ലോകത്തിൽ നിന്നും മൗലികമായി വ്യത്യസ്തമായ മറ്റൊരു ലോകത്തെയാണ് കല ആവിഷ്കരിക്കുന്നത്.കലയുടെ പ്രാധാന്യത്തെപ്പറ്റി ആവേശഭരിതനാകുന്ന അഡോർണോ കലയ്ക്ക് സമൂഹവുമായി വളരെ സങ്കീർണ്ണമായ ബന്ധമാണുള്ളതെന്ന് വിലയിരുത്തുന്നു"(കെ.എംഅനിൽപുറം.98-99).സാമാന്യമായ ആസ്വാദനത്തിനപ്പുറം സംഗീതത്തിനു സാമൂഹികവും ദാർശനികവുമായ തലങ്ങളുണ്ടെന്ന് അഡോർണോ സൂചിപ്പിച്ച പോലെ സംഗീതത്തിൻ്റെ സാമൂഹ്യചരിത്രത്തെ പ്രദീപൻ പാമ്പിരികുന്ന് നിരീക്ഷിക്കുന്നുണ്ട്. ഭക്തിസംഗീതം ദൈവത്തിൽ സ്വയം സമർപ്പിക്കുന്നതിനുള്ള മാധ്യമമായപ്പോൾ ഗോത്രസംഗീതത്തിൻ്റെ ലക്ഷ്യം വിനോദം നൽകുക എന്നത് മാത്രമായിരുന്നില്ല. അവരുടെ നിത്യജീവിതത്തിൻ്റെ ഭാഗമായുണ്ടായ പിരിമുറുക്കങ്ങളിൽ നിന്നും വേദനകളിൽ നിന്നും സ്വയം മോചിപ്പിക്കാൻ സംഗീതം കാരണമായി. അവരുടെ ദേവതകളോടും അമാനുഷിക ശക്തികളോടും അഭ്യർത്ഥിക്കുമ്പോഴും ആചാരങ്ങളെ അനുഗമിക്കുന്നതിനുമെല്ലാം സംഗീതം പങ്കു വഹിച്ചിരുന്നു. അതിനാൽ സംഗീതം ആഘോഷങ്ങളുടെ കൂടി ഭാഗമാകുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ സംഗീതം സമൂഹത്തിനുള്ളിലെ സാമൂഹിക - മതപരിപാടികൾ അടയാളപ്പെടുത്തുന്നു. ഗോത്രസംഗീതം ഒരു കൂട്ടായ്മയുടെ സൃഷ്ടിയാണ്.ഇതിൻ്റെ സൃഷ്ടാക്കൾ ഇന്നും അജ്ഞാതമായി തുടരുന്നു. അവർ പാട്ടു പാടുന്നതും വാദ്യോപകരണങ്ങൾ വായിക്കുന്നതും നൃത്തം ചെയ്യുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. ജനനം മുതൽ മരണം വരെ ജീവിതഘട്ടത്തിലെ എല്ലാ ഭാഗങ്ങളുമായി സംഗീതം ബന്ധപ്പെട്ടിരിക്കുന്നു . പാശ്ചാത്യദേശത്ത് സംഗീതം രാഷ്ട്രങ്ങളുടെ സാമൂഹിക ചരിത്രത്തോടൊപ്പമാണ് മാറ്റങ്ങൾക്ക് വിധേയമായത്. എന്നാൽ ഇവിടെ സാമൂഹിക ചരിത്രത്തെ ആശ്രയിച്ചു കൊണ്ടാണ് സംഗീതം നിലനിന്നതെങ്കിലും പിന്നീട് അത് ഒരു സ്വതന്ത്രദർശനമായി വികാസം പ്രാപിച്ചു.ഇന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ആത്മീയ പശ്ചാത്തലത്തെയാണ് സംഗീതം ആദർശമായി ഉയർത്തിപ്പിടിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ സംഗീതത്തിൽ മിത്തുകളും ശാസ്ത്രങ്ങളും വേർതിരിച്ചെടുക്കാനാവാത്ത വിധം ഇഴചേർന്നിരിക്കുന്നു. ആദ്യഘട്ടത്തിൽ മനുഷ്യൻ്റെ അധ്വാനശീലവുമായി ബന്ധപ്പെട്ട സംഗീതം പിന്നീട് പ്രാർത്ഥനയുടെ സ്വഭാവം കൈവരിച്ചു. നാടോടി സംഗീതത്തിൽ ( Folk Music ) നിന്നും മതപരസംഗീത(SacredMusic)ത്തിലേക്കുള്ള മാറ്റമായാണ് നാം സംഗീതചരിത്രത്തെ വിശകലനം ചെയ്യേണ്ടത്.കേവലതയിൽ ശ്രദ്ധിച്ചിരുന്ന സംഗീതം തുടർന്ന് കൂടുതൽ അനുഷ്ഠാനാത്മകമായി മാറുകയായിരുന്നു എന്ന് ലേഖകൻ പരാമർശിക്കുന്നു.
ചലച്ചിത്രഗാനവും സംസ്കാരപഠനവും
ജീവിതരീതി തന്നെയാണ് സംസ്കാരം എന്ന റെയ്മണ്ട് വില്യംസിൻ്റെ നിർവചനം പിൻപറ്റി , ഒരു സമൂഹത്തിൻ്റെ സവിശേഷമായ മൂല്യങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ജീവിതരീതികളും പെരുമാറ്റ ശൈലികളും വ്യക്തമാകുന്ന പ്രയോഗങ്ങളും സ്ഥാപനങ്ങളും ക്രമങ്ങളും സംസ്കാരപഠനം വിശകലനം ചെയ്യുന്നു എന്ന് ടോണി ബെന്നറ്റ് പറയുന്നുണ്ട്( സംസ്കാരപഠനം,പുറം-360). എങ്ങനെയാണ് സംഗീതം സംസ്കാരപഠനത്തിൻ്റെ ഭാഗമായി മാറുന്നതെന്ന അന്വേഷണത്തിൽ അഡോണോയുടെ ചിന്തകളാണ് കൂടുതൽ പ്രസക്തമാകുന്നത്. കലയ്ക്ക് സമൂഹവുമായി വളരെ സങ്കീർണ്ണമായ ബന്ധമാണുള്ളതെന്ന് അഡോർണോ വിലയിരുത്തുന്നു. കലയുടെ തന്നെ മാനദണ്ഡം ഉപയോഗിച്ചു കൊണ്ടാണ് നാം കലയുടെയും സാഹിത്യത്തിൻ്റെയും പ്രാധാന്യം മനസ്സിലാക്കേണ്ടത്. ഇവിടെ അദ്ദേഹം സംഗീതത്തെയാണ് ഉദാഹരിക്കുന്നത്. കലയിലും സാഹിത്യത്തിലും ഉള്ളതുപോലെ നേരിട്ടുള്ള പ്രസ്താവനകൾ സംഗീതത്തിൽ ഇല്ലാത്തതിനാൽ പതിനെട്ടാം നൂറ്റാണ്ടുവരെ യൂറോപ്പിൽ സംഗീതത്തെ തരം താഴ്ത്തുന്ന കലാരൂപമായാണ് പരിഗണിച്ചിരുന്നത്. സംഗീതത്തെ തത്വചിന്തയുമായി ബന്ധിപ്പിക്കുന്നതിലൂടെ സംഗീതത്തിൻ്റെ ബൗദ്ധികതലത്തെ ഉയർത്താനാണ് അഡോർണോ ശ്രമിച്ചത്. എങ്ങനെയാണ് സംഗീതം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത് , അതെങ്ങനെയാണ് സത്യാസത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പരിഗണിക്കുന്നു ( കെ.എം അനിൽ . പുറം.99). ഇവിടെ സംഗീതത്തിന് സാമാന്യമായ ആസ്വാദനത്തിനപ്പുറം സാമൂഹികമായ അർത്ഥതലങ്ങളുണ്ടെന്നാണ് അഡോർണോ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ മലയാളചലച്ചിത്ര ഗാനങ്ങളുടെ സൂക്ഷ്മമായ വിശകലനത്തിലൂടെ മലയാളിയുടെ സാമൂഹികവും സാംസ്കാരികവുമായ പൊതുബോധങ്ങളെ രൂപപ്പെടുത്തുന്നതിൽ ചലച്ചിത്രഗാനങ്ങൾക്കുള്ള പങ്ക് വിശകലനം ചെയ്യുകയാണ് പ്രദീപൻ പാമ്പിരികുന്ന്.കേവലം ആത്മനിഷ്ഠമായ ആസ്വാദന നിരൂപണത്തിലേക്ക് ഒതുങ്ങിപ്പോയ സംഗീതവിശകലനങ്ങളെ മറികടക്കുകയും സംസ്കാരപഠനത്തിൻ്റെ ഗൗരവമായ മേഖലയിലേക്ക് നീക്കിനിർത്തി സിനിമാഗാനങ്ങളെ വിശകലനം ചെയ്യാനുമാണ് അദ്ദേഹം ശ്രമിക്കുന്നത്.
മലയാള ചലച്ചിത്രഗാനങ്ങളുടെ ചരിത്രവും വികാസവും വിശകലനം ചെയ്യുന്ന ലേഖകൻ മുഖ്യമായും ഊന്നൽ നൽകുന്നത് ചലച്ചിത്രഗാനങ്ങളുടെ ജനപ്രിയതയെ നിർണയിച്ചിട്ടുള്ള ഘടകങ്ങൾ എന്തെല്ലാമാണെന്ന് അന്വേഷിക്കാനാണ്. ചലച്ചിത്രഗാനങ്ങളുടെ ആസ്വാദ്യതയ്ക്ക് ആരംഭം തൊട്ട് സംഭവിച്ച മാറ്റങ്ങൾ, സിനിമയേക്കാൾ കൂടുതൽ ഗാനങ്ങൾക്ക് സ്വീകാര്യത ലഭിക്കാൻ കാരണമായ ജനപ്രിയഘടകങ്ങൾ, കേൾവിക്കാരൻ്റെ സംഗീത/സാഹിത്യരുചികളെ നിർണ്ണയിക്കുന്നതിൻ്റെ സാമൂഹ്യശാസ്ത്രം തുടങ്ങിയ അന്വേഷണങ്ങൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. മലയാള ചലച്ചിത്രഗാനങ്ങളുടെ ജനപ്രിയതയെ മുൻനിർത്തിയ അന്വേഷണങ്ങൾ അവ സാധാരണക്കാരുടെ സാഹിത്യാഭിരുചികളെ തൃപ്തിപ്പെടുത്തുന്നു എന്ന പൊതു സമീപനത്തിൽ നിന്നും ഏറെ മുന്നോട്ടു പോകുന്നവയായിരുന്നു പ്രദീപൻപാമ്പിരികുന്നിൻ്റെ നിരീക്ഷണങ്ങൾ .
കേരളത്തിൽ ഏറ്റവുമധികം ജനങ്ങളെ ആകർക്ഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നത് സിനിമാസംഗീതമാണെന്ന് പറയുമ്പോഴും സിനിമാഗാനത്തെ അപ്രധാനമായി കാണുന്ന കേരളത്തിലെ സാമാന്യ സംഗീതാസ്വാദകരുടെ പൊതു നിലപാടിനെ പ്രദീപൻ പാമ്പിരികുന്ന് തള്ളിക്കളയുന്നു. ഇതിന് കാരണം ക്ലാസിക്കൽസംഗീതം ശുദ്ധമായതും കലർപ്പില്ലാത്തതുമാണെന്ന ധാരണ പ്രബലമായതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കർണാടക സംഗീതം നമ്മുടെ ഭാവുകത്വത്തെ അടക്കി വാഴുന്നതു കൊണ്ടാണ് സിനിമാ സംഗീതം സ്വതന്ത്രമല്ല / കലർപ്പാണ് എന്ന പൊതുബോധം രൂപപ്പെട്ടത്.ചലച്ചിത്ര സംഗീതത്തിനു മാത്രമായി സംഗീതമില്ലെന്നും അത് ശാസ്ത്രീയസംഗീതത്തിൻ്റെയോ നാടോടിസംഗീതത്തിൻ്റെയോ സന്ദർഭനിഷ്ഠമായ പ്രയോഗം മാത്രമാണെന്നുള്ള അഭിപ്രായം പ്രബലമാണ്. ഇതിനെ മുൻനിർത്തി തന്നെ മലയാളചലച്ചിത്രഗാന സംഗീതത്തിന് മാത്രമായ ഒരു ചരിത്രം സങ്കല്പിക്കാൻ സാധ്യമാണോ എന്ന അന്വേഷണത്തിൽ അദ്ദേഹം ഏർപ്പെടുന്നു. ജനപ്രിയസംഗീതം രൂപപ്പെടുന്നതിനു മുൻപേ കേരളത്തിന് പൊതുവായ ഒരു സംഗീതപാരമ്പര്യം അവകാശപ്പെടാനാവില്ല. കേരളം മുഴുവൻ പ്രചരിച്ചിരുന്ന നാടൻ ഈണങ്ങളൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. സംഗീതത്തിന് ജാതിയും മതവുമില്ലെന്ന് പറയുമ്പോഴും ജാതീയമായും മതപരവുമായാണ് കേരളത്തിൽ സംഗീതത്തെ സമീപിച്ചിരുന്നത്. ഏതെങ്കിലും തരത്തിൽ പ്രചാരം നേടിയ ഈണങ്ങൾ പ്രത്യേക സമുദായത്തിൻ്റെയോ പ്രദേശത്തിൻ്റെയോ പരിധികൾക്കുള്ളിൽ ഒതുങ്ങി നിന്നു. ക്ലാസിക്കൽസംഗീതം പോലും കേരളത്തിലുടനീളം പ്രചാരം നേടിയിരുന്നില്ല. കേരളത്തിലെ ചില പ്രദേശങ്ങളിലോ കുടുംബങ്ങളിലോ മാത്രമാണ് ശാസ്ത്രീയ സംഗീതത്തിന് പ്രചാരം ഉണ്ടായിരുന്നത്.1950-കളിൽ ആകാശവാണീ നിലയങ്ങൾ സ്ഥാപിക്കപ്പെട്ടതോടെ ക്ലാസിക്കൽ സംഗീതം പ്രചാരം നേടി. " കർണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ത്യാഗരാജസ്വാമികളുടെ കാലത്ത് ശാസ്ത്രീയം / ജനപ്രിയം എന്ന ദ്വന്ദ്വം പൊതുധാരണകളിൽ ഉണ്ടായിരുന്നില്ല. ജനങ്ങൾ കൂട്ടമായി ഭജനകളും കീർത്തനങ്ങളും പാടുന്ന പതിവ് അക്കാലമാവുമ്പോഴേക്ക് വികസിച്ചു വന്നിരുന്നു. ത്യാഗരാജൻ്റെ പാട്ടുകൾ ഈ ജനകീയ സംഗീതത്തിൻ്റെ ഭാഗമായി ഉണ്ടായതാണ്. പിൽക്കാലത്ത് വെങ്കിടമഹിയെപ്പോലുള്ളവർ ശാസ്ത്രീയസംഗീതത്തിലെ രാഗപദ്ധതിയും വ്യാകരണ പദ്ധതിയും ഉണ്ടാക്കി. തുടർന്നു വന്നവർ ഈ വ്യാകരണമനുസരിച്ച് പാട്ടുകൾ സംവിധാനം ചെയ്യാനാരംഭിച്ചു. അപ്പോൾ മുതലാണ് ശാസ്ത്രീയം / ജനപ്രിയം എന്ന ദ്വന്ദ്വമുണ്ടായതും ഒന്നു മറ്റൊന്നിൻ്റെ അന്യമായി മാറിയതും " ( മലയാള ചലച്ചിത്രഗാനം കാമന ശരീരം ദേശം . പുറം . 20 ) . കേരളത്തിൻ്റെ തനതു സംഗീതം എന്ന് അവകാശപ്പെട്ടിരുന്ന കഥകളിപ്പാട്ട് , സോപാന സംഗീതം എന്നിവയും തിരുവാതിരപ്പാട്ട്, മോഹിനിയാട്ട ഗാനങ്ങൾ തുടങ്ങിയ സവർണ ജനവിഭാഗങ്ങൾക്കിടയിൽ ആസ്വദിക്കപ്പെട്ടപ്പോൾ പുള്ളുവപ്പാട്ട് , പുലയപ്പാട്ട്,ചെറുമിപ്പാട്ട്, കുറത്തിപ്പാട്ട് , പാണൻപ്പാട്ട് , മാപ്പിളപ്പാട്ട് തുടങ്ങിയ ജനസംസ്കാരത്തിലുൾച്ചേർന്ന പാട്ടുകൾ ജാതി / മത / ഗോത്ര വിഭജനങ്ങളാൽ വിഭാഗീയ ധാരയായാണ് നിലകൊണ്ടത്. തെയ്യം , തിറ, പടയണി , പൂതംകളി , കാളകളി എന്നീ കലാരൂപങ്ങളിലും സംഗീതം അവിഭാജ്യ ഘടകമായിരുന്നു. എന്നാൽ ജനങ്ങൾക്ക് ഒരിക്കലും ഒരുമിച്ചുകൂടാനോ പാടാനോ മുന്നേറാനോ കഴിയാത്ത വിധം ഗാനങ്ങൾ പലവിധത്തിൽ വിഭാഗീകരിക്കപ്പെട്ടു. "അതതു സന്ദർഭങ്ങളിലല്ലാതെ അവയുടെ സംഗീതമൂല്യം ആരും പരിഗണിച്ചിരുന്നില്ല. അവയെ രാഗത്തിൻ്റെ അളവുകോൽ വെച്ച് പരിശോധിക്കുകയെന്നതിനപ്പുറം അവ സംവേദനം ചെയ്യുന്ന സവിശേഷമായ ഭാവാത്മതെയെന്ത് എന്ന് ആരും അന്വേഷണ വിഷയമാക്കിയിട്ടില്ല " ( പ്രദീപൻ പാമ്പിരികുന്ന്. പുറം . 980 ) . കേരളീയ സംഗീതത്തിൻ്റെ ചരിത്രവും വർത്തമാനവും അന്വേഷിക്കുമ്പോൾ ഇവിടത്തെ ജാതി / മത വ്യവസ്ഥിതിയുടെ പശ്ചാത്തലവുമായി ബന്ധപ്പെടുത്തിക്കൊണ്ട് വേണം സംഗീതരൂപങ്ങളെ വിലയിരുത്താൻ. നിലവിലെ സാമൂഹികാന്തരീക്ഷത്തെ പൊളിച്ചെഴുതാൻ ചലച്ചിത്രഗാനങ്ങൾക്കായി. എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഗാനമിശ്രിതങ്ങളായിരുന്നു ചലച്ചിത്രഗാനങ്ങൾ. ജാതി / മത ചട്ടക്കൂടുകളെ ഭേദിച്ചു കൊണ്ട് പൊതു സമൂഹത്തിൻ്റ സംഗീത ഭാവങ്ങളായി ലളിതഗാനങ്ങൾ, നാടകഗാനങ്ങൾ,ചലച്ചിത്രഗാനങ്ങൾ എന്നിവ വികാസം നേടി. ഇതിൽ തന്നെ ജനപ്രിയസംഗീതത്തിൻ്റെ ഏറ്റവും നവീകരിക്കപ്പെട്ട രൂപമായിരുന്നു ചലച്ചിത്രഗാനങ്ങൾ .
ചലച്ചിത്രഗാനങ്ങളുടെ സ്വതന്ത്രാസ്തിത്വം
ലോകത്തിൽ ഏറ്റവുമധികം ആസ്വാദകരുള്ള കലാരൂപം സംഗീതമാണ്. സമൂർത്തതയിൽ നിന്നും അമൂർത്തതയിലേക്കും കേവലതയിലേക്കുമാണ് ആധുനികസംഗീതത്തിൻ്റെ സഞ്ചാരം എന്ന് അഡോർണോ പറയുന്നുണ്ട്. അഡോർണോയുടെ ആശയത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് പ്രദീപൻ പാമ്പിരികുന്നിൻ്റെ അന്വേഷണങ്ങൾ പുരോഗമിക്കുന്നത്. ചലച്ചിത്രഗാനങ്ങൾ ചലച്ചിത്രത്തിനകത്തു മാത്രമല്ല പുറത്തും നിലനിൽക്കാൻ ശേഷി ഉള്ളവയാണ്. ഈ ശേഷി തന്നെയാണ് അവയെ സംസ്കാരപഠനത്തിൻ്റെ പരിധിയിലേക്ക് കൊണ്ടുവരുന്ന പ്രധാനഘടകമെന്ന് ലേഖകൻ പരാമർശിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കപ്പെട്ട സിനിമയുടെ കഥയും കഥാപാത്രങ്ങളും സമകാലീനമായി അപ്രസക്തമാകാം. അക്കാലത്തെ നടീനടന്മാരെ ഇന്ന് ആരാധിക്കണമെന്നുമില്ല. എന്നാൽ അക്കാലത്തെ സിനിമകളിൽ യേശുദാസും ജയചന്ദ്രനുമെല്ലാം ആലപിച്ച ഗാനങ്ങൾ നാം ഇന്നും കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. സിനിമ കാലത്തിൻ്റെ ചട്ടക്കൂടിൽ സൃഷ്ടിക്കപ്പെട്ട കലയാണ്. എന്നാൽ സംഗീതത്തിൻ്റെ ഈ കാലാതിവർത്തിത്വത്തിനു കാരണം അതിൻ്റെ അമൂർത്തതയാണ്. ചില ഗാനങ്ങളുടെ വരികൾ / സാഹിത്യം പ്രതിഫലിപ്പിക്കുന്ന ആശയം ചിലപ്പോൾ അത് രചിക്കപ്പെട്ട കാലത്തെ പ്രതിനിധാനം ചെയ്യുന്നതാകാം . എന്നാൽ അതിൻ്റെ ഈണം / സംഗീതം കാലാതീതമായി നമ്മിൽ സ്വാധീനം ചെലുത്തും. കാരണം കേവലതയെയാണ് ഈ ഗാനങ്ങൾ സ്പർശിക്കുന്നത്.
മലയാളിയുടെ നീലക്കുയിൽ കാലം
മലയാള ഗാനങ്ങളെ അതിൻ്റെ കേരളീയ രൂപത്തിൽ ചിട്ടപ്പെടുത്തി എന്നതാണ് നീലക്കുയിലിൻ്റെ ചരിത്രപ്രാധാന്യമായി ലേഖകൻ ചൂണ്ടിക്കാട്ടുന്നത്. ശ്രീ നാരായണ ഗുരുവിന് ശേഷമാണ് ആധുനിക കേരളത്തിൽ സമൂഹം എന്ന നൂതന വ്യവഹാരം ആരംഭിക്കുന്നത്. മനുഷ്യർക്കിടയിൽ നിലനിന്നിരുന്ന ഭിന്നജാതി വിഭജനങ്ങളെ ഗുരു എതിർക്കുകയും മനുഷ്യൻ എന്നാൽ ഒരു ജാതിയാണെന്ന് സമർത്ഥിക്കുകയും ചെയ്തു. ജാതി -ഉപജാതിവ്യവസ്ഥയുടെ താത്വികാടിത്തറയ്ക്ക് കോട്ടം തട്ടിയതോടെ ജാതി ബന്ധങ്ങൾക്കതീതമായ,സാമൂഹ്യ ബന്ധങ്ങളുടെ സംഘാതമായി മനുഷ്യൻ എന്ന സംവർഗം ഉയർന്നു വന്നു. ഈ മനുഷ്യരാണ് ആധുനിക പൗരസമൂഹത്തിൻ്റെ പങ്കാളികൾ. നീലക്കുയിൽ സൃഷ്ടിച്ച പാട്ടുവിപ്ലവം ഇത്തരത്തിൽ ഒരു പരിവർത്തനം തന്നെയായിരുന്നു. " ദൈവവിധേയനല്ലാത്ത ദക്കാർത്തിയൻ അഹത്തിൻ്റെ ആഘോഷമായിരുന്നു മലയാള സിനിമാഗാനത്തിൻ്റെ ഈ നീലക്കുയിൽ ഘട്ടം " ( പ്രദീപൻ പാമ്പിരികുന്ന്. പുറം. 913 ) എന്ന് ലേഖകൻ നിരീക്ഷിക്കുന്നു. ദെക്കാർത്തിയൻ വിശകലനത്തിലൂടെ മനുഷ്യനെക്കുറിച്ചുള്ള പഴയ സങ്കലപ്പം മാറുന്നു. അതായത് മനുഷ്യൻ എന്നാൽ ദൈവം സ്വന്തം ഛായയിൽ തീർത്ത ജീവിയാണെന്ന വാദം അപ്രസക്തമാവുകയും ദൈവത്തിൻ്റെ നിഗൂഢമായ കയ്യൊപ്പില്ലാത്ത വെറുമൊരു യന്ത്രമായി മനുഷ്യനെ വിലയിരുത്തുകയും ചെയ്യുന്നു. " സാമൂഹികസ്ഥാനങ്ങളുമായി കൂട്ടിയിണക്കപ്പെടാത്ത ഞാൻ ആണ് അഹം. ഞാൻ ആരാണ് എന്ന് ചോദിക്കുമ്പോൾ ഞാൻ ആത്മാവാണ് ; ഞാൻ ബോധമാണ് ;ഞാൻ ചിന്തിക്കുന്ന പ്രതിഭാസമാണ് ; ഞാൻ ശരീരമാണ് എന്നൊക്കെ പറയുമ്പോൾ വസ്തുനിഷ്ഠമായ കാലത്തിലും ചരിത്രത്തിലും അടയാളപ്പെടുത്താത്ത,ജീവിതത്തിൻ്റെ നിഗൂഢമായ ഇടത്തെയാണ് അത് വിപക്ഷിക്കുന്നത് " . (ടി.വി മധു . പുറം.16)ദെക്കാർത്തിൻ്റെ ഉപദർശനത്തിലെ പ്രധാന ഭാഗമാണ് ഞാൻ ചിന്തിക്കുന്നു , അതുകൊണ്ട് ഞാൻ ഉണ്ട് എന്നത്. വ്യക്തിവത്കരണത്തിൻ്റെ ചരിത്രഘട്ടത്തിനുള്ളിൽ നിന്നു കൊണ്ടു വേണം ഇതിനെ വിശകലനംചെയ്യേണ്ടത്. ചിന്തിക്കുന്ന വസ്തു എന്ന രീതിയിൽ ഒരാൾ തൻ്റെ സ്ഥാനം നിർണയിക്കുമ്പോൾ അവിടെ ഒരു വ്യക്തി കൂടെ രൂപപ്പെടുന്നു. ചിന്തിക്കുന്ന ഒരു വ്യക്തിയുടെ രൂപീകരണംനടക്കുന്നു. കേരളത്തിൽ ജനതയുടെ ആത്മാഭിമാനമായിരുന്നു ജാതിവ്യവസ്ഥയ്ക്ക് ഇളക്കം തട്ടിച്ചത്. സ്വയം പ്രവർത്തനക്ഷമമായ / ചിന്താശേഷിയുള്ള ആത്മം ഉള്ള വ്യക്തിയായി ജാതി ശരീരത്തെ മാറ്റിയെടുക്കാനാണ് ശ്രീ നാരായണഗുരു ശ്രമിച്ചത്. അടിച്ചമർത്തപ്പെട്ട ജനത തൻ്റേതായ ഇടം കണ്ടെത്തുന്നു. ഇത്തരത്തിൽ മനുഷ്യൻ എന്ന രൂപം ദൈവത്തിൻ്റെ സൃഷ്ടിയാണെന്നതിൽ കവിഞ്ഞ ബോധം അതിലംഘിക്കാനും മനുഷ്യൻ എന്ന രൂപം / അഹം സ്വതന്ത്രമാകാനും ചലച്ചിത്രഗാനങ്ങൾ വഴിയൊരുക്കി. യൂറോപ്പിൽ സംഗീതത്തെ ദൈവത്തിൽ നിന്നും വിടുവിച്ചത് ഹാർമണി ആണെങ്കിൽ വരേണ്യ / ഭക്തി സംഗീതത്തെ ദൈവവിമുക്തമായ സംഗീതരൂപമാക്കി മാറ്റിയത് ചലച്ചിത്ര ഗാനങ്ങളായിരുന്നു .
"ചലച്ചിത്രഗാനം / ചലച്ചിത്ര സംഗീതം എന്ന ഗണമാണ് കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ദേശീയമായ ജനപ്രിയത്വം കൈവരിച്ച സാംസ്കാരിക വിഭവം . വ്യത്യസ്ത സാമൂഹിക വർഗ്ഗങ്ങൾക്ക് പൊതുവായി പങ്കു ചേരാവുന്ന അനുഭൂതി മണ്ഡലമായി ചലച്ചിത്രഗാനം / ചലച്ചിത്ര സംഗീതം മാറിത്തീർന്നു. ആധുനികീകരണം ജന്മംനൽകിയ പൊതുമണ്ഡലത്തിൻ്റെ സൗന്ദര്യാനുഭൂതിപരമായ തുടർച്ചയെന്ന് ചലച്ചിത്ര സംഗീതത്തെ വിവരിക്കാൻ കഴിയും " . ( സുനിൽ പി ഇളയിടം.പുറം.39-40 ) . അതുവരെ നിലനിന്ന സംഗീതധാരകളിൽ നിന്നും വ്യത്യസ്തമായി ദേശഭേദത്തിൻ്റെയും ജാതിഭേദത്തിൻ്റെയും വിഭജനങ്ങളെ മറികടന്ന് പൊതുമലയാളത്തിൻ്റ സാംസ്കാരിക ഭൂമികയിൽ നിലയുറപ്പിക്കാൻ ചലച്ചിത്ര സംഗീതത്തിനായി. ആധുനികീകരണം ജന്മം നൽകുന്ന പൊതുമണ്ഡലത്തിലാണ് പൊതുവായ ബോധം രൂപപ്പെടുന്നതും ദേശീയ പൗരത്വം എന്ന പുതിയൊരു പദവിയിലേക്ക് വ്യക്തികൾ പരിണമിക്കുകയും ചെയ്യുന്നത്. ഈ പരിവർത്തനത്തിലേക്കുള്ള ഒരു മാധ്യമമായി ചലച്ചിത്രഗാനങ്ങളെ അടയാളപ്പെടുത്താം. മലയാളമെന്ന ഭാഷാബോധം മാത്രമായിരുന്നു അക്കാലത്തെ ജനതയ്ക്ക് പൊതുവായിട്ടുണ്ടായിരുന്നത്. 1956 ൽ കേരളം ഭാഷാസംസ്ഥാനമായി രൂപം കൊള്ളുമ്പോൾ മലയാളിയുടെ സ്വത്വബോധം കേരളീയത എന്ന സ്വത്വബോധത്തിലേക്ക് പരിണമിക്കുകയായിരുന്നു. പ്രാദേശിക ഭേദങ്ങളെ കയ്യൊഴിഞ്ഞ് കേരളീയതയുടെ പൊതു പ്രാതിനിധ്യം അവകാശപ്പെടാവുന്ന സാംസ്കാരികവിഭവങ്ങൾ ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയായിത്തീർന്നു. ഇത്തരമൊരാവശ്യ നിർവഹണത്തിന് കെൽപ്പുള്ള സാംസ്കാരികവിഭവം എന്ന രീതിയിൽ കേരളീയത എന്ന പൊതുസ്വത്വബോധത്തിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കുന്നതിൽ ചലച്ചിത്ര സംഗീതം ഒരു പരിധിയോളം വിജയിച്ചു. ഈ രീതിയിൽ വേണം സാംസ്കാരികചരിത്രത്തിൽ ചലച്ചിത്രഗാനങ്ങളെ അടയാളപ്പെടുത്തേണ്ടത് .
1960 കളിൽ സാങ്കേതിക വിദ്യയിലുണ്ടായ വളർച്ച ചലച്ചിത്രസംഗീതത്തിൻ്റെ ദേശീയ പദവി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ആകാശവാണിയുടെ വരവോടെ കേരളത്തിലുടനീളം ചലച്ചിത്ര സംഗീതം എത്തിപ്പെടുകയും എല്ലാവർക്കും ലഭ്യമാവുന്ന സാംസ്കാരികവിഭവമായി ചലച്ചിത്രഗാനങ്ങൾ മാറുകയും ചെയ്തു. സിനിമാഗാനങ്ങളുടെ ജനാധിപത്യവത്കരണത്തിന് ആകാശവാണി മാധ്യമമായി. ആകാശവാണിയിലൂടെ സാധ്യമായ കേൾവിശീലം വ്യക്തിനിഷ്ഠമായ സൗന്ദര്യ രൂപമാക്കി കഥാസന്ദർഭങ്ങളെ മാറ്റി പണിയുന്നതിലൂടെ കേൾവിക്കാരൻ്റെ ആത്മാവിൻ്റെ അശരീരിയായ് ചലച്ചിത്രഗാനങ്ങൾ മാറുകയായിരുന്നു എന്ന് പ്രദീപൻ പാമ്പിരികുന്ന് നിരീക്ഷിക്കുന്നു. ആകാശവാണി സൃഷ്ടിച്ച ഏകാന്തതയുടെ അന്തരീക്ഷവും തീയേറ്ററിലെ ഇരുട്ടും എല്ലാം ഒരു സ്വതന്ത്രഅഹം സൃഷ്ടിച്ചെടുക്കുന്നതിൽ വഴിയൊരുക്കി. അദ്ദേഹം പറയുന്നു " ശരീരം കൊണ്ട് ഫ്യൂഡൽ വ്യവസ്ഥയെ ബലപ്പെടുത്തിയിരുന്ന കാർഷികത്തൊഴിലാളികൾ മനസ്സുകൊണ്ട് ജിഞ്ചക്കം താരോ .... പാടുന്നുണ്ട് നീലക്കുയിലിൽ " ( പ്രദീപൻ പാമ്പിരികുന്ന്: 915 )
ഉപസംഹാരം
ഇന്ത്യൻചലച്ചിത്രഗാനങ്ങളെയും ഗാനസംഗീതപാരമ്പര്യങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന പ്രദീപൻ പാമ്പിരികുന്ന് തൻ്റെ നിരൂപണങ്ങളിലൂടെ ചലച്ചിത്രഗാന നിരൂപണത്തെ ഒരു വിജ്ഞാന ശാഖയായി വികസിപ്പിക്കാനാണ് ശ്രമിച്ചത്. ദലിത് പഠനം എന്ന രീതിയിൽ മാത്രം ഒരുക്കാവുന്നതല്ല പ്രദീപൻ്റെ സൈദ്ധാന്തിക ജീവിതമെന്ന് അദ്ദേഹത്തിൻ്റെ ചലച്ചിത്രഗാനനിരൂപണങ്ങളിലൂടെ വ്യക്തമാകുന്നു. അഡോണോയുടെ ഉൾക്കാഴ്ച്ചകളെ കൃത്യമായി പിന്തുടർന്നു കൊണ്ട് അദ്ദേഹം ചലച്ചിത്രഗാനങ്ങളെ സംസ്കാരപഠനത്തിൻ്റെ രീതിശാസ്ത്രമുപയോഗിച്ചു സാംസ്കാരികചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തുന്നു. ജനപ്രിയസാഹിത്യത്തിൻ്റെയും കലയുടെയും ഉള്ളിലടങ്ങിയിരിക്കുന്ന അധികാരരൂപങ്ങളെ അദ്ദേഹം വിമർശനാത്മകമായി വിശകലനം ചെയ്യുന്നു. സംഗീതത്തിൻ്റെ വരേണ്യതാസ്വഭാവം സംഗീതത്തിൻ്റെ സാങ്കേതിക ചരിത്രത്തെ മാത്രം പരിഗണിക്കുകയും സാമൂഹ്യചരിത്രത്തെ കയ്യൊഴിയുകയും ചെയ്യുന്നു എന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേരുന്നു . സിനിമാഗാനങ്ങളെ അപ്രധാനമായി കാണുന്ന കേരളത്തിലെ സാമാന്യ സംഗീതാസ്വാദകരുടെ പൊതു നിലപാടിനെ അദ്ദേഹം തള്ളി തളയുന്നു. കർണ്ണാടക സംഗീതത്തിൻ്റെ ശുദ്ധതാ സങ്കല്പം ഉയർത്തിപ്പിടിക്കുന്നവർക്ക് മുന്നിൽ യഥാർത്ഥ സിനിമാഗാനത്തിൻ്റെ സവിശേഷത ശുദ്ധിയല്ല, കലർപ്പാണെന്നദ്ദേഹം പ്രഖ്യാപിക്കുന്നു. തീയേറ്ററുകളിൽ നിന്ന് ആകാശവാണിയിലേക്കുള്ള ഗാനസഞ്ചാരം എങ്ങനെയാണ് കേൾവിക്കാരൻ്റെ സ്വകാര്യസത്തയോട് സംവദിക്കുന്ന ഗാനസംസ്കാരത്തെ രൂപപ്പെടുത്തിയതെന്ന് അത് ഗാനഗന്ധർവ്വ സങ്കല്പത്തിലേക്ക് നയിച്ചതെന്നും പ്രദീപൻ വിശദീകരിക്കുന്നുണ്ട്. യേശുദാസിനെ ക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പഠനങ്ങൾ ഈ ഗാനഗന്ധർവ്വ സങ്കല്പത്തെ അപനിർമ്മിക്കുന്നതായിരുന്നു. മലയാള ചലച്ചിത്രഗാനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾ മലയാളി സമൂഹത്തെയും അതിൻ്റെ ഗതിവിഗതികളെയും ആഴത്തിൽ സ്പർശിക്കുന്ന തരത്തിലുള്ള പഠനം കൂടിയായി മാറുന്നു.
സഹായക ഗ്രന്ഥങ്ങൾ
1.അനിൽ കെ എം (എഡി ), സംസ്ക്കാര നിർമ്മിതി , കോഴിക്കോട് , പോഗ്രസ് ബുക്സ്, 2017
2 .ജോർജ് എം.പി , പാശ്ചാത്യ സംഗീതപ്രവേശിക , കോട്ടയം , ഡി. സി ബുക്സ്
3. പ്രദീപൻ പാമ്പിരികുന്ന് , ഏകജീവിതാനശ്വരഗാനം ചലച്ചിത്ര സംസ്കാരപഠനം, , കോഴിക്കോട് , ലീഡ് ബുക്സ് , 2012
4 .പ്രദീപൻ പാമ്പിരികുന്ന്, പ്രദീപൻ പാമ്പിരികുന്നിൻ്റെ ലേഖനങ്ങൾ സമാഹരണം , ആമുഖം , സുനിൽ പി ഇളയിടം , കെ.എം അനിൽ , തൃശൂർ : കേരള സാഹിത്യ അക്കാദമി , 2020
5.മധു ടി.വി , ഞാൻ എന്ന ( അ ) ഭാവം തത്വചിന്താപരമായ പഠനങ്ങൾ , തൃശൂർ : കേരള സാഹിത്യ അക്കാദമി , 2011
6.മുരളി വി.ടി ,സംഗീതത്തിൻ്റെ കേരളീയ പാഠങ്ങൾ , തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , 2008
7.രമേശ് ഗോപാലകൃഷ്ണൻ , ജനകീയ സംഗീത വിചാരങ്ങൾ , കോഴിക്കോട് : മാതൃഭൂമി ബുക്സ് , 2015
8.ഷിബു മുഹമ്മദ് (എഡി ) , യേശുദാസ് ഗന്ധർവ്വ സംഗീതം വിമർശിക്കപ്പെടുന്നു, കോഴിക്കോട് , റാസ്ബെറി ബുക്സ് ,2014
9.സംസ്കാരപഠനം ചരിത്രം സിദ്ധാന്തം പ്രയോഗം, മലയാള പഠന സംഘം കാലടി, തൃശൂർ : വള്ളത്തോൾ വിദ്യാപീഠം, 2007
10.മലയാള ചലച്ചിത്രഗാനം കാമന ശരീരം ദേശം , സാഹിത്യ പ്രവർത്തക സഹകരണ സംഘം , കോട്ടയം : നാഷണൽ ബുക്ക്സ്റ്റാൾ കോട്ടയം , 2012
ലേഖനം
1.രമേശ് ഗോപാലകൃഷ്ണൻ , കർണാടക സംഗീതവും കാലിക സംഗീതവും ( ലേഖനം ) , സമകാലിക മലയാളം ,2019
വിസ്മയ സുന്ദർ പി.
ഗവേഷക മലയാള വിഭാഗം
ഗവ.ആർട്സ് & സയൻസ് കോളേജ്
കോഴിക്കോട് .




Comments