രാമന്റെ ജൈവ രാഷ്ട്രീയം: ഒരു ബദൽ ജീവിതം.
- Jun 25
- 8 min read
Updated: 6 days ago
ഡോ. എസ്. അജയകുമാർ

സംഗ്രഹം
ചെറുവയൽ രാമൻ എന്ന ജൈവ മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കി ഹരിത- ജൈവ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് ഈ പ്രബന്ധത്തിൽ. രാഷ്ട്രീയപദത്തെ ഒരു സൌന്ദര്യ ശാസ്ത്ര രൂപകമായിട്ടാണ് പ്രബന്ധത്തിൽ നിബന്ധിച്ചിട്ടുള്ളത്. വികസന രാഷ്ട്രീയത്തിന്റെയും ആണവ മിടുക്കിന്റെയും പ്രത്യയശാസ്ത്ര പരിസരമാണ് ഇന്ന് ഭൂമിയുടെ ഭ്രമണപഥം. ജാത്യധികാരത്തിന്റെ ജ്ഞാനനീതിയും നഗരാസൂത്രണങ്ങളുടെ ജീവിതരീതിയുമാണ് നമുക്കായി പകുത്തുവച്ചിട്ടുള്ളത്. ഈ നീതിയിലും രീതിയിലും ജൈവികമായ ഒരു പൊരുത്തക്കേട് മുഴച്ചുനില്ക്കുന്നു. ഇവിടെ നമ്മൾ എന്നത് കൂടുതൽ തുല്യത (എല്ലാവരും തുല്യർ ചിലർ കൂടുതൽ തുല്യർ) അനുഭവിക്കുന്ന സവിശേഷ നമ്മളാണ്. മനുഷ്യസമുദായത്തിന്റെ പരിണാമഘട്ടങ്ങളിലെല്ലാം ഇത്തരം സാമൂഹ്യസമസ്യകൾ അഭിമുഖീകരിക്കുകകയും അവയെ സമൂഹം ഫലപ്രദമായി അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്, അതാണ് മനുഷ്യ വികാസ ചരിത്രം. ചരിത്രത്തിന്റെ ഈ വിശേഷ ഘട്ടങ്ങളിൽ ഓരോ ദേശത്തും അവിടവിടത്തെ പാരിസ്ഥിഹിക- സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തിൽ ചില വ്യക്തികൾ രൂപപ്പെടും. അവർ കാലത്തിന്റെയും ലോകത്തിന്റെയും നിലവിലെ സാഹചര്യങ്ങളുടെ ബദലുകളായിരിക്കും. അവരുടെ ജീവിതം തന്നെ ഒരു പ്രത്യശാസ്ത്രവും രാഷ്ട്രീയ പ്രവർത്തനവുമായിത്തീരും. അത്തരത്തിൽ ‘മല’നാട് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ മുന്നോട്ടുവയ്ക്കുന്ന ഒരു ബദൽ പ്രത്യയശാസ്ത്രമായി ചെറുവയൽ രാമനെ നിരീക്ഷിക്കുകകയാണ് ഈ പ്രബന്ധത്തിൽ.
താക്കോൽ വാക്കുകൾ
ആത്മകഥ, രാമൻ, രാഷ്ട്രീയം, പ്രകൃതി, വിത്ത്, ജൈവം, ഹരിതം, പ്രത്യയശാസ്ത്രം, പരിസ്ഥിതി, ബദൽ, തുല്യത, വയൽ, സമഗ്രത, അവബോധം.
രാമൻ എന്നത് നിലവിൽ ഒരു രാഷ്ട്രീയ സംജ്ഞയാണ്. വിശ്വാസം കൊണ്ടും അധികാരത്തിലേയ്ക്കുള്ള കുറുക്കുവഴിയായും രാമ ശബ്ദം മലയാളിയുടെയും ബോധാബോധങ്ങളിൽ സ്ഥാനം പിടിച്ചുകഴിഞ്ഞു. ആദിമലനാട്ടു കാവ്യമെന്നു കേളികേട്ട രാമചരിതത്തിലെ ചീരാമൻ മുതൽ രാമപ്പണിക്കർ, രാമാനുജൻ, രാമൻഭട്ടതിരിപ്പാട്, രാമൻപിള്ള, സി.വി. രാമൻ, രാമലിംഗം, തുടങ്ങി പ്രഖ്യാതരും ഒരു രാജവംശത്തിലെ തലമുറ രാമവർമ്മമാർ, രാമചന്ദ്രന്മാർ, ശ്രീരാന്മാർ എന്നിങ്ങനെ രാമ ശബ്ദം കൊണ്ട് ബഹുലമാണ് മലയാള നാട്. സ്ഥലപ്പേരുകളിലും രാമപ്പെരുമയ്ക്ക് കുറവില്ല. പഴയതലമുറയിൽ കീഴാളർ എന്നു മുദ്രകുത്തപ്പെട്ട ജനവിഭാഗത്തിന്റെയിടയിൽ സാർവ്വത്രികമായ ഒരു പേരായിരുന്നു രാമൻ എന്നത്. രാമ ശബ്ദത്തിന് മലനാട്ടിൽ ഉണ്ടായിരുന്ന സ്വീകാര്യത ഇതിൽനിന്നും വ്യക്തമാണ്. രമിപ്പിക്കുന്നത് അതായത് സന്തോഷിപ്പിക്കുന്നത് എന്നർത്ഥമാണ് ഈ ശബ്ദത്തിനുള്ളത്. മറ്റുള്ളവരെ രമിപ്പിക്കുന്നതും സ്വയം രമിക്കുന്നതും ആകാം. ഈ രണ്ടർത്ഥത്തിലായാലും വർത്തമാനകാലത്ത് പ്രസക്തമായ പേരാണ് ചെറുവയൽ കെ രാമൻ.
തന്റെ ജീവിതത്തെ ഒരു രാഷ്ട്രീയ പ്രവർത്തനമാക്കിയ മാതൃകാ രാമനാണ് ചെറുവയൽ രാമൻ. രാഷ്ട്രീയം എന്നത് വൈജ്ഞാനികതലത്തിൽ കക്ഷിരാഷ്ട്രീയം എന്ന കേവലാർത്ഥത്തിൽ ചുരുങ്ങിപ്പോകുന്ന ഒരു പദമല്ല. ജീവിതത്തിന്റെ ആകെത്തുക എന്ന സംസ്കാര വിവക്ഷ പോലെ ജീവിതത്തേക്കുറിച്ചുള്ള സമാഗ്രാവബോധമാണ് രാഷ്ട്രീയം. സമഗ്രം, അവബോധം തുടങ്ങിയ പ്രയോഗങ്ങൾ വിശദീകരണാർഹങ്ങളാണ്. സമഗ്രത സകലതും ഉൾപ്പെടുന്നു എന്നതിനപ്പുറം എല്ലാറ്റിനെയും കുറിച്ചുള്ള കരുതൽ കൂടിയാണ്. നിലനിൽപ്പിന്റെ പ്രത്യയശാസ്ത്രമായ രാഷ്ട്രീയത്തിന് നിലനിറുത്തേണ്ടതിന്റെ ബാധ്യതകൂടിയുണ്ട്. ഈ ബാധ്യതയാണ് സമഗ്രത ആവശ്യപ്പെടുന്ന കാലികത. അവബോധം എന്ന പദം ബോധത്തിൽനിന്നും മോചിപ്പിക്കപ്പെട്ട തുറവിയെക്കുറിക്കുന്നു. ബോധം ആർജ്ജിച്ചെടുക്കുന്ന സമഗ്രതയാണ് അവബോധം. ബുധന്മാർ ഏറെയുണ്ടാകാമെങ്കിലും അവബോധതലത്തിലേക്ക് ഉയർത്തപ്പടുന്നവർ കുറവായിരിക്കും. സാമൂഹ്യ-സാംസ്കാരിക ചരിത്രത്തിൽ അടയാളപ്പെട്ടവർ ബോധത്തിന്റെ സമഗ്രാഖ്യാനമായ അവബോധനിലയെ പ്രാപിച്ചവരാണ്. വർത്തമാനത്തിൽ ജൈവ-പാരിസ്ഥിതിക അവബോധതലത്തിൽ വ്യാപരിക്കുന്നു എന്നതാണ് ചെറുവയൽ രാമനെ ഒരു രാഷ്ട്രീയ സ്വത്വമാക്കുന്നത്.
ജൈവം, ഹരിതം എന്നീ പദങ്ങൾ പരിസ്ഥിതി വിചാരപരിധിയിലാണ് മനസ്സിലാക്കേണ്ടത്. പരിസ്ഥിതി ചിന്ത ചുറ്റുപാടുകളെക്കുറിച്ചുള്ള വിചാരപ്പെടൽ മാത്രമല്ല, മനുഷ്യന്റെ നിലനില്പിനെയും ഭാവിയെയും കുറിച്ചുള്ള സൈദ്ധാന്തികനില കൂടിയാണ്. മനുഷ്യന്റെ നിലനിൽപ്പിന്റെ പ്രശ്നം എന്ന നിലയിൽ ഇതിന് രാഷ്ട്രീയ വിവക്ഷകൂടി വന്നുചേരുന്നു. ജൈവരാഷ്ട്രീയം എന്ന ഫൂക്കോവിയൻ (Mchel Foucault) പരികല്പന ഇവിടെ സ്മരണീയമാണ്. മനുഷ്യനെ അധികാര പരിസരത്തുവിന്യസിച്ചുകൊണ്ടാണ് ഫൂക്കോ ജൈവരാഷ്ട്രീയത്തെ നിർവ്വചിക്കുന്നത്. മനുഷ്യകുലത്തിനു മേലുള്ള സുനിശ്ചിത നിയന്ത്രണ സംവിധാനത്തെയാണ് അദ്ദേഹം ജൈവ രാഷ്ട്രീയം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ജനനമരണക്കണക്കുകൾ, ഉത്പാദനം, ജീവനോപാധികൾ തുടങ്ങിയവയാണ് ആദ്യഘട്ടങ്ങളിൽ ജൈവരാഷ്ട്രീയത്തിന്റെ പരിധിയിൽവന്നിരുന്നത്. കാലക്രമേണ മനുഷ്യരാശി നേരിടുന്ന ദുരിതങ്ങളിലേക്കും ദൂരന്തങ്ങളിലേക്കും ഇതിന്റെ ശ്രദ്ധ വ്യാപിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾ, ബാങ്കിംഗ്, ഇൻഷൂറൻസ്, ജീവകാരുണ്യനിധി തുടങ്ങിയ സംവിധാനങ്ങൾ നിലവിൽവന്നതും ജൈവരാഷ്ട്രീയത്തിന്റെ പദ്ധതിയിൽപ്പെടുന്നു. പ്രകൃതിയും ആവാസവ്യവസ്ഥയും ജൈവരാഷ്ട്രീയത്തിന്റെ പരധിയിൽ ഫൂക്കോ ചേർക്കുന്നു. ഈ വിഷയം കുറേക്കൂടി വിപുലതയിലും ഗൌരവതലത്തിലും പരിഗണിച്ച ചിന്തകൻ അഗംബനാണ് (Georgeo Agumban). ജൈവികതയുടെ പ്രതിനിധാനങ്ങളെ ബയോസ് (Bios)എന്ന പരികല്പനകൊണ്ടാണ് അഗംബൻ കുറിക്കുന്നത്. ജൈവികമായതെന്തും രാഷ്ട്രീയതയുടെ അംശമാണെന്ന വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. നാഗരികതയുടെ പശ്ചാത്തലത്തിൽ മാറ്റിനിർത്തപ്പെട്ടതെല്ലാം അഗംബന്റെ ബയോസിൽ ഉൾപ്പെടുന്നു. ഈ സൈദ്ധാന്തിക പിന്തുണയാണ് അരികൂവല്കരിക്കപ്പെട്ടവരുടെ ജ്ഞാന-ജൈവ നിലപാടുകളെ പ്രസക്തമാക്കുന്ന ഘടകങ്ങളിലൊന്ന്.
ഹരിതം ,ജൈവം തുടങ്ങിയ പദങ്ങളെ പ്രാകൃത ജീവിതത്തിന്റെ ചിഹ്നങ്ങൾ എന്ന നിലയിലാണ് പ്രധാനമായും ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. പ്രാകൃത ജീവിതമെന്നാൽ പ്രകൃതിയോട് ഇണങ്ങിയത് എന്നാണ് വിവക്ഷ. മുതലാളിത്ത –ഉപഭോഗ യുക്തിയിൽ പ്രാകൃതം സംസ്കാര വിരുദ്ധമാണ്. പ്രാകൃതികമായത് മനുഷ്യാവസ്ഥയുടെ പാരിസ്ഥിതികമായ അടിത്തറയാണ്. മുതലാളിത്തവും ആധുനികതയും മുന്നോട്ടുവയ്ക്കുന്ന കച്ചവടയുക്തി പക്ഷേ ഇത് അംഗീകരിക്കുന്നില്ല. ഈ അവസ്ഥയെ ജോൺ ബല്ലാമി ഫോസ്റ്റർ ഇപ്രകാരം സൂചിപ്പിക്കുന്നു:
‘മനുഷ്യരുടെ അവസ്ഥയുടെ പാരിസ്ഥിതികമായ അടിത്തറ അംഗീകരിക്കാൻ കഴിയാത്തതിന് പാലകാരണങ്ങളുണ്ട്. പലരും ഇതിനെ ‘പ്രകൃതിയെ കീഴടക്കുക’, ‘പ്രകൃതി മനുഷ്യന്റെ അടിമയാണ്’, ‘പ്രകൃതി മനുഷ്യനുവേണ്ടിയുള്ളതാണ്’ മുതലായ പാശ്ചാത്യ സംസ്കൃതിയിലെ സാംസ്കാരിക വൈകല്യങ്ങളുടെ ഫലമായികരുതുന്നു. എന്നാൽ, ഇക്കാലത്തുപോലും പ്രകൃതിയുടെമേലുള്ള മനുഷ്യന്റെ ആശ്രിതത്വം അംഗീകരിക്കാൻ മനുഷ്യസമൂഹം തയ്യാറാകാത്തതിന് ഒരു കാരണം മുതലാളിത്തത്തിന്റെ പരിധിയില്ലാത്ത വികാസജ്വരമാണ്’ ( ജോൺ ബല്ലാമി ഫോസ്റ്റർ, മുതലാളിത്തത്തിനെതിരെ പരിസ്ഥിതി വിചാരം, വിവ. ഡോ. എം. പി. പരമേശ്വരൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്-2008, പുറം-18 )
ഈ മുതലാളിത്ത വികാസജ്വരപാതയിൽനിന്നും മാറി സഞ്ചരിക്കുന്ന മാനവികതയെയാണ് ഹരിതം, ജൈവം എന്നീ പ്രയോഗങ്ങൾകൊണ്ടർത്ഥമാക്കുന്നത്. ഇതിന്റെ വർത്തമാനകാല സാക്ഷ്യവും രാഷ്ട്രീയ സ്വത്വവുമായാണ് ചെറുവയൽ രാമനെ ഈ പ്രബന്ധത്തിൽ പരിഗണിക്കുന്നത്. രാമന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് പഠനം നിർവ്വഹിച്ചിട്ടുള്ളത്. ആത്മകഥാപഠനത്തിന് സവിശേഷമായ ഒരു രാഷ്ട്രീയ മാനം കൂടിയുണ്ട്. ഇക്കാര്യം എൻ. പ്രഭാകരൻ പൊക്കുടന്റെ ആത്മകഥയ്ക്കെഴുതിയ അവതാരികയിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു:
“എല്ലാം കഥകളാണെന്നു വാദിച്ചുറപ്പിക്കുകയല്ല; കഥ എന്നു വിളിക്കപ്പെടുന്നവതന്നെയും ‘കഥ’യായി മാത്രമല്ല നിലനില്ക്കുന്നത് എന്നു ബോധ്യപ്പെടുത്തുകയാണ് ഇന്നത്തെ ബൌദ്ധികാവശ്യം. ഏതു കഥയും കവിതയും അത് സ്വയം മറ്റെന്ത് ഭാവിക്കുമ്പോഴും ഏതെങ്കിലും തരത്തിലുള്ള സാമൂഹികവിശകലനംകൂടി ആയിത്തീരുന്നുണ്ട്. ആ വിശകലനത്തിന് രചയിതാവിന്റെ ജീവിതബോധവും രാഷ്ട്രീയ നിലപാടുമെല്ലാം ആധാരമായിത്തീരുന്നുമുണ്ട്. ഏത് ആത്മകഥയും ആത്മകഥ എഴുതുന്ന വ്യക്തിയുടെ കഥ എന്നതിലേറെ ആ വ്യക്തി ജീവീക്കുന്ന സമൂഹത്തിന്റെയും ചരിത്രഘട്ടത്തിന്റെയും വിവരണവും വിമർശനവുമാണ്. ഈയൊരു ധർമ്മം നിറവേറ്റുന്നതിന് ചിലപ്പോഴെങ്കിലും ഇതരസാഹിത്യ രൂപങ്ങളെക്കാൾ അനുയോജ്യമായിത്തീരുന്നത് ആത്മകഥയാണ്” (കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം ,ഡി. സി. ബുക്സ്-2010) അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിത കഥയാകുമ്പോൾ അതിനു ജീവരാഷ്ട്രീയച്ചൂര് ഏറും. അത്തരത്തിൽ ഒന്നാണ് ചെറുവയൽ രാമന്റെ ആത്മകഥ.
വ്യക്തി
1950 (ഔദ്യോഗിക രേഖകളിൽ 1952) ൽ വയനാട്ടു ജില്ലയിലെ തോണിച്ചാലിലാണ് രാമന്റെ ജനനം. അച്ഛൻ കേളപ്പൻ, അമ്മ തേയി. വയനാട്ടിലെ പ്രശസ്ത ആദിവാസി സമുദായമായ കുറിച്യ വിഭാഗത്തിൽ അംഗം. പഴശ്ശിരാജയുടെ പടനായകനായിരുന്ന തലക്കറ ചന്തുവിന്റെ പിൻഗാമികളുടെ കുടുംബം. അമ്മവഴിയ്ക്കാണ് ഈ ബന്ധം. മരുമക്കത്തായ രീതിയാണ് കുറിച്യർ പിൻതുടർന്നിരുന്നത്. കുറിച്യരുടെ കുടുംബവ്യവസ്ഥ സവിശേഷമാണ്. കുലമാണ് പ്രധാനം. വയനാട്ടിൽ 108 കുറിച്യ കുലമുണ്ടെന്നാണ് രാമന്റെ കണക്ക്. (ചെറുവയലും നൂറുമേനിയും –ചെറുവയൽ രാമന്റെ ആത്മകഥ, എഴുത്ത്: ശരത്കുമാർ. ജി. എൽ, മയാളമനോരമ-2023 , പുറം-7). ഇതിൽ ഒന്നാണ് തലക്കറ. ഈ കുലത്തിന്റെ തറവാടായിരുന്നു കൊടുമയിൽ. കൊടുമയിൽ തറവാടിന്റെ കീഴിലുള്ള കുടുംബമാണ് ചെറുവയൽ മുറ്റം . കുടുംബത്തെ മുറ്റം എന്നാണ് പറഞ്ഞിരുന്നത്. ചെറുവയൽ മുറ്റത്തെ അംഗമായിരുന്നു രാമന്റെ അമ്മ തേയി. അങ്ങനെ രാമൻ ചെറുവയൽ രാമനും തലക്കറ ചന്തുവിന്റെ പിന്മുറക്കാരനുമായി.
ദാരിദ്ര്യവും ഏറെക്കുറെ അനാഥത്വവും അനിശ്ചിതത്വവും നിറഞ്ഞ ബാല്യമായിരുന്നു രാമന്റേത്. രാമനടക്കം ആറുമക്കളായിരുന്നു ആ കുടുംബത്തിൽ. ബാല്യത്തിലെ പട്ടിണി അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു. “ചില ദിവസങ്ങളിൽ യാതൊന്നും കഴിക്കാനുണ്ടാവില്ല. ചേമ്പോ, താളോ, കാട്ടുകിഴങ്ങുകളോ അമ്മ സംഘടിപ്പിച്ചുകൊണ്ടുവന്ന് പുഴുങ്ങിത്തരും എന്നല്ലാതെ അരിഭക്ഷണം കിട്ടാനുണ്ടായിരുന്നില്ല. ഞങ്ങളുടെ അച്ഛൻ എന്തെങ്കിലും തൊഴിൽ കിട്ടുമ്പോൾ അതിനു പോയി കിട്ടുന്നതു കൊണ്ടുവന്ന് ഞങ്ങൾക്കു തരുമായിരുന്നു”. (ചെറുവയൽ രാമൻ-2023 , പുറം-10).
കുടുംബത്തിലെ കാർന്നോൻമാരെ അച്ഛൻ ധിക്കരിച്ച കുറ്റത്തിന് അമ്മയെയും രാമനടക്കം ആറുമക്കളെയും കാർന്നോർ അമ്മയുടെ കുടുംബമായ ചെറുവയലിലേക്ക് കൊണ്ടുവിട്ടു. രാമന് അന്നു രണ്ടു വയസ്സ് പ്രായം. രാമന് അഞ്ചു വയസ്സാകുമ്പോഴേയ്ക്കും അച്ഛൻ തിരികെയെത്തി അമ്മയെയും രണ്ടു സഹോദങ്ങളെയും കൂട്ടിക്കൊണ്ടുപോയി. രാമനും മറ്റുസഹോദരങ്ങളും അമ്മവീട്ടിൽത്തന്നെ കഴിയേണ്ടിവന്നു. ഉണ്ണാനും ഉടുക്കാനും ഒന്നുമില്ലാത്ത സ്ഥിതിതന്നെയായിരുന്നു ഇവിടെയും. കുട്ടിക്കാലത്തെ ദാരിദ്ര്യവും അച്ഛനമ്മമാരിൽ നിന്നുള്ള വേർപാടും പില്ക്കാല ജീവിതത്തെ കരുപ്പിടിപ്പിക്കാൻ രാമനെ സഹായിച്ചിരിക്കണം. കുട്ടിക്കാലത്തെ ഒരു സ്കൂൾ അനുഭവം അദ്ദേഹം ഇങ്ങനെ വിവരിക്കുന്ന:
“രാവിലെ സ്കൂളിൽപോകുന്നതിനു മുമ്പ് പ്രഭാത ഭക്ഷണമില്ല. തിരികെ വരുമ്പോഴും അങ്ങനെതന്നെ. കാട്ടിലൂടെയുള്ള യാത്രയ്ക്കിടയിൽ പഴങ്ങളെല്ലാം പറിച്ചുതിന്നും. ഉച്ചയ്ക്ക് ഊണു കഴിക്കാൻ വിടുമ്പോൾ മറ്റുള്ള കുട്ടികൾ ഭക്ഷണം കഴിക്കുന്നതു നോക്കി നിൽക്കാനായിരുന്നു ഞങ്ങളുടെ വിധി. മത്തി വറുത്തതുൾപ്പെടെയുള്ള വിഭവങ്ങളുടെ മണം വരുമ്പോൾ ഞങ്ങൾക്കുകൊതിതോന്നും. ഞങ്ങൾ ആ സമയത്ത് നേരെ കാട്ടിലേക്ക് ഓടി അവിടെനിന്നും കാട്ടുപഴങ്ങൾ പറിച്ചുതിന്നും. കാരയ്ക്ക, പേരയ്ക്ക, ഞാറയ്ക്ക, അങ്ങോല ഇങ്ങനെ പലവിധത്തിലുള്ള കാട്ടുപഴങ്ങളുണ്ട്. രണ്ടു മണിവരെ കാട്ടിൽ അലഞ്ഞുനടന്ന് പഴങ്ങൾ പറിച്ചു തിന്നിട്ടാണ് ക്ലാസ്സിൽ തിരികെയെത്തുക”. (ചെറുവയൽ രാമൻ-2023, പുറം-10). ഈ ‘കാടനുഭവ’ത്തിൽ നിന്നും ആർജ്ജിച്ചതാവണം രാമന്റെ പാരിസ്ഥിതിക- ജൈവ- ‘അവബോധം’.
അഞ്ചാം ക്ലാസ്സിൽ ജയിച്ചശേഷം വിദ്യാഭ്യാസം ഉപേക്ഷിച്ച് പൂർണ്ണമായും കൃഷിയിലേയ്ക്ക് തിരിഞ്ഞു. അമ്മാവനെ സഹായിച്ചുകൊണ്ടാണ് രാമന്റെ കൃഷി ജീവിതം ആരംഭിക്കുന്നത്. നാമെല്ലാവരും ഈ പ്രകൃതിയുടെ അടിമകളാണെന്നും പ്രകൃതിയെ ധിക്കരിച്ചു മുന്നോട്ട് പോകാൻ നമുക്കു കഴിയില്ലെന്നും പഞ്ചഭൂതങ്ങളിൽ അധിഷ്ഠിതമാണ് നമ്മുടെ ജീവിതമെന്നുമുള്ള പാഠങ്ങൾ അമ്മാവനിൽ നിന്നും സ്വീകരിക്കുകയും അത് തന്റെ ജീവിതത്തിൽ രാമൻ വെളിച്ചമാക്കുകയും ചെയ്തു. മദ്യപാനം, സിനിമ എന്നിവയെ തന്റെ അനുഭവവെളിച്ചത്തിൽ കുട്ടിക്കാലത്തുതന്നെ രാമൻ ഉപേക്ഷിക്കുന്നു. മനുഷ്യർക്ക് ജീവിക്കാൻ ഭക്ഷണം,വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാന സൌകര്യങ്ങൾ മതിയെന്ന വിശ്വാസക്കാരനാണ് രാമൻ. ബാക്കിയൊക്കെ ആർഭാടമാണെന്ന നിലപാടാണ് അദ്ദേഹത്തിന്. രാമന്റെ വീട് ഈ നിലപാടിന്റെ വിശദീകരണമാണ്. മുളയും വൈക്കോലും ഉപയോഗിച്ചുനിർമ്മിച്ച വീട്ടിലാണ് ഇപ്പോഴും വാസം. ഈ വീടിന് 150 വർഷം പഴക്കമുണ്ടെന്ന് പറയുന്നു. തന്റെ ചുറ്റുപാടിനെ ആശ്രയിച്ചുമാത്രം നിർമ്മിച്ച വീട്. പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന വീടെന്നാണ് രാമന്റെ പക്ഷം. വീടുണ്ടാക്കാൻ കുറിച്യർ ഉപഗോഗിക്കുന്ന കല്ലൻമുള ഇരുമ്പിനേക്കാൾ ബലമുള്ളതാണത്രേ. 500 മുതൽ 600 വർഷം വരെ ഇത് കേടുകൂടാതെ ഇരിക്കും. വൈക്കോൽ മേഞ്ഞ വീടിനുള്ളിൽ മഴക്കാലത്ത് ചൂടും ചൂടുകാലത്ത് തണുപ്പുമായിരിക്കുമെന്ന് രാമൻ സാക്ഷ്യപ്പെടുത്തുന്നു. ഒരു പ്രത്യേകതരം മണ്ണ് വെള്ളത്തിൽ കലക്കിയാണ് പെയിന്റായി ഉപയോഗിക്കുന്നത്. ഇത് മുന്നൂറു വർഷമെങ്കിലും നിറം മങ്ങാതെ നിൽക്കുമെന്നാണ് രാമന്റെ വാദം. വീടിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന പ്രകൃതി വിഭവങ്ങൾ രോഗപ്രതിരോധശക്തി കൂടി ഉള്ളതത്രേ. ചുറ്റുമുള്ള പ്രകൃതി വസ്തുക്കളെ ആശ്രയിക്കാതെ കൃത്രിമ വസ്തുക്കൾ വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് മിഥ്യാഭിമാനം കൊണ്ടുമാത്രമാണെന്ന അഭിപ്രായമാണ് രാമന്റേത്. ആത്മകഥയിലെ ‘വീട് എന്ന അഭയം’ എന്ന അദ്ധ്യായം അവസാനിപ്പിക്കുന്നത് നോക്കുക:
“തനതു വിത്തുകൾ മാത്രം കൃഷിചെയ്യുന്ന എന്നെ ഭ്രാന്തനെന്നു വിളിച്ചവർ ഇക്കാര്യത്തിലും നിലപാടുമാറ്റിയിട്ടില്ല. രാമേട്ടന് ഇപ്പോ അത്യാവശ്യം പ്രശസ്തിയൊക്കെ ആയില്ലേ. പല ആളുകളും വരുന്നതല്ലേ. ഈ വീടൊക്കെ ഒന്നു മാറ്റിക്കൂടേ എന്നു ചോദിക്കുന്നവരുണ്ട്. കെട്ടുകാഴ്ചകളേക്കാൾ മാനസിക സുഖത്തിനു പ്രാധാന്യം കല്പിക്കുന്ന വ്യക്തിയാണ് ഞാൻ. പ്രകൃതിയോടയിണങ്ങിയ ഈ വീട് പുതുക്കാതിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല”. (ചെറുവയൽ രാമൻ, 2023, പുറം-90). രാമന്റെ വ്യക്തിത്വത്തിന്റെ ആഖ്യാനം കൂടിയാണ് ഈ വാക്കുകൾ. ആർഭാട ജീവിതത്തോടുള്ള വിയോജിപ്പ് (ചെരുപ്പ് ഉപയോഗം പോലും ഉപേക്ഷിച്ചത് ഇതുമൂലമത്രേ), ഒരാളുടെയും അടിമയാകാനില്ലെന്ന നിശ്ചയം, പ്രകൃതിയോടും കൃഷിയോടുമുള്ള അടങ്ങാത്ത സ്നേഹം തുടങ്ങിയവയാണ് ചെറുവയൽ രാമന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാനം.
രാഷ്ട്രീയം
ജീവിതത്തിൽ തനിക്കുവേണ്ടി മാത്രമല്ലാതെ ഒരു വ്യക്തി സ്വീകരിക്കുന്ന നിലപാടുകളെയാണ് രാഷ്ട്രീയം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അത് രാഷ്ട്രത്തിനോ സമൂഹത്തിനോ തന്റെ ജീവിതം ഗുണകരമായിത്തീരണം എന്ന ചിന്തയുടെ പ്രതിഫലനം കൂടിയാണ്. രാമന്റെ ജീവിതത്തിൽ ഉടനീളം ഈ നിലപാടുകൾ കാണാം. മറ്റുള്ളവരുടെ അടിമയാകാനില്ല എന്ന് കുട്ടിക്കാലത്തുതന്നെ രാമൻ നിശ്ചയിക്കുന്നു. ആർഭാടങ്ങളെ അകറ്റുന്നു. ഇത്തരം വ്യക്തിപരമായ തീരുമാനങ്ങൾക്കു പിന്നിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷണം എന്ന ഒരു രാഷ്ട്രീയ കരുതൽ കാണാം. സിനിമ കാണില്ലെന്ന രാമന്റെ തീരുമാനത്തിന്റെ കാരണം നോക്കുക: “ഒരിക്കൽ ഒരു ചെങ്ങായിയെയും കൂട്ടി സിനിമയ്ക്കു പോയി. പ്രായമുള്ള സ്ത്രീകളും പെൺകുട്ടികളും കൊച്ചുകുട്ടികളുമൊക്കെ സിനിമ കാണാനുണ്ടായിരുന്നു. അവർ അടുത്ത സീറ്റുകളിൽ ഇരിക്കുന്നുണ്ട്. സിനിമയുടെ പേര് ഓർക്കുന്നില്ല. പക്ഷേ അതിൽ ഇരുപതു വയസ്സോളമുള്ള ഒരു പെൺകുട്ടി വീഞ്ഞുകഴിച്ച് ബോധമില്ലാതെ കിടക്കുമ്പോൾ, ഒരാൾ പ്രതികാരം തീർക്കാനായി ബലാൽസംഗം ചെയ്യുന്ന ഒരു രംഗമുണ്ടായിരുന്നു. ബലാൽസംഗം ചെയ്യുന്ന ആൾ പല ദിവസങ്ങളിൽ നിരീക്ഷിച്ചാണ് പെൺകുട്ടിയുടെ വളർത്തച്ഛനായ പള്ളീലച്ചൻ ഇല്ലാത്ത സമയം നോക്കി വരുന്നത്. പെൺകുട്ടി വീഞ്ഞു കുടിച്ച ലഹരിയിൽ മുറിയുടെ വാതിൽ തുറന്നിട്ട് ഉറങ്ങുന്നു. വില്ലൻ പെൺകുട്ടിയുടെ പാവാട പൊക്കുന്ന രംഗം വന്നപ്പോൾ ഞങ്ങളുടെ അടുത്തിരുന്ന കുറച്ചു ചെക്കന്മാർ അത് ആസ്വദിച്ചുകൊണ്ട് നമുക്കും അത്തരമൊരു അവസരം കിട്ടിയിരുന്നെങ്കിൽ എന്നൊരു വാക്യം പറഞ്ഞതു ഞാൻ കേട്ടു. അതൊരു വലിയ ഞെട്ടലായി. സിനിമാ കാണൽ പരിപാടി അന്നു നിർത്തി”.( (ചെറുവയൽ രാമൻ-2023, പുറം-17). സിനിമ ഒരു പൊതു ശത്രുവാണെന്ന നിലപാടല്ല, മറിച്ച് തന്റെ അനുഭവത്തിന്റെ രാഷ്ട്രീയ നിലപാടാണ് രാമൻ വ്യക്തമാക്കിയത്.
വയനാട്ടിലെ ആദിവാസി സമൂഹം അനുഭവിച്ചുവന്ന ചൂഷണങ്ങളെക്കുറിച്ചും അവർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും രാമന് കൃത്യമായ ധാരണയുണ്ട്. കാർഷികോല്പന്നങ്ങൾ വാങ്ങുന്നതിൽ ഇടനിലക്കാർ നടത്തിയിരുന്ന ചൂഷണം മനസ്സിലാക്കാനോ തടയാനോ ആദിവാസി സമൂഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ ചൂഷണങ്ങളാണ് വയനാട് മറ്റുള്ള ആളുകളുടെ കയ്യിലാകാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം തിരിച്ചറിയുന്നു. ആദിവാസികളുടെ ഇടയിൽ ഭൂ ജന്മിമാർ കുറിച്യർ ആയിരുന്നു. ആയിരക്കണക്കിന് ഏക്കർ ഭൂമി ഓരോ കുലത്തിനുമുണ്ടാകും. ജീവിക്കാൻ വഴിയില്ലാതെ വരുമ്പോൾ ഈ ഭൂമി തുണ്ട് തുണ്ടായി പാട്ടത്തിന് നല്കും. പാട്ടഭൂമി തിരിച്ചെടുക്കാൻ കഴിയാതെ ഈ ഭൂമി മുഴുവൻ നഷ്ടപ്പെടും. ഇങ്ങനെയാണ് സ്വസമുദായം ഭൂ രഹിതരായി മാറിയതെന്ന യാഥാർത്ഥ്യം രാമൻ മനസ്സിലാക്കുന്നു. അഞ്ചാം ക്ലാസ് വരെ താൻ നേടിയ വിദ്യാഭ്യാസം ഇക്കാര്യത്തിൽ അദ്ദേഹത്തിന് തുണയായിത്തീർന്നു. എംപ്ലായ്മെൻറ് എക്സേഞ്ച് വഴി സർക്കാർ ജോലി ലഭിച്ചെങ്കിലും അതുപേക്ഷിച്ച് കൃഷി ഉപജീവനമായി അദ്ദേഹം സ്വീകരിച്ചു. കുറിച്യർ നായാട്ടും കൃഷിയുമായിരുന്നു ഉപജീവന മാർഗ്ഗമായി സ്വീകരിച്ചിരുന്നത്. നായാടുമ്പോഴും പ്രകൃതിയോട് നീതി പുലർത്തിയിരുന്ന സമീപനമായിരുന്നു ആദിവാസി സമൂഹം തുടർന്നിരുന്നത്. ഭക്ഷ്യയോഗ്യമായവയെ ആ ആവശ്യത്തിനുമാത്രമായിരുന്നു വേട്ടയാടിയിരുന്നത്. വംശനാശം വരുത്തിക്കൊണ്ട് ഒരു ജീവിയെയും ഉപദ്രവിച്ചിരുന്നില്ല. മൃഗമായാലും പക്ഷിയായാലും മത്സ്യമായാലും എല്ലാറ്റിനെയും സംരക്ഷിച്ചുകൊണ്ട് ഉപയോഗപ്പെടുത്തുക എന്ന നയമായിരുന്നു. പ്രകൃതിയോടയിണങ്ങിയ ആദിവാസികളുടെ സമീപനം ഇതായിരുന്നു. ചെറുവയൽ രാമന്റെ ജൈവ രാഷ്ട്രീയ നിലപാട് ഇതിൽനിന്നും ഉരുത്തിരിഞ്ഞതാണെന്ന് കാണാം.
ആദിവാസികളോടുള്ള സർക്കാർ സമീപനം സംബന്ധിച്ചും നിയമങ്ങൾ സംബന്ധിച്ചും ചെറുവയൽ രാമന് വ്യക്തമായ നിലപാടുകളുണ്ട്. ആദിവാസി സമൂഹത്തെമുഴുവൻ ഒന്നായികണ്ടുകൊണ്ടുള്ള നിയമങ്ങളും പദ്ധതികളും ഒരിക്കലും പ്രായോഗികമല്ലെന്ന പക്ഷക്കാരനാണ് അദ്ദേഹം. ഓരോ ആദിവാസി വിഭാഗത്തിനും സവിശേഷമായ സംസ്ക്കാരവും ജീവിത സാഹചര്യങ്ങളുമാണുള്ളത്. ഇത് തിരിച്ചറിഞ്ഞ് ഓരോരുത്തർക്കും അനുയോജ്യമായ പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. ഇക്കാര്യത്തിൽ നമ്മുടെ ഭരണ സംവിധാനങ്ങൾ അജ്ഞരാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. കുടുംബ വ്യവസ്ഥ, ഭൂപരിഷ്കരണം തുടങ്ങിയ കാര്യങ്ങളിൽ ഹിന്ദു നിയമം ആദിവാസികളുടെമേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണെന്ന ശക്തമായ വിമർശനം രാമൻ ഉന്നയിക്കുന്നു. ആദിവാസികളുടേത് ഗോത്ര സംസ്കാരമാണ്. അതിന്റെ നിയമങ്ങളാണ് തങ്ങൾക്ക് അനുസൃതം. ‘ആദിവാസികളെന്താണെന്നോ അവരുടെ ജീവിതം എന്താണെന്നോ എന്നതിനെ സംബന്ധിച്ച യാതൊരു ധാരണയും നമ്മുടെ സർക്കാരിന് ഇപ്പോഴുമില്ല’ ((ചെറുവയൽ രാമൻ,2023, പുറം -47). എന്നാണ് രാമൻ എഴുതുന്നത്.
നിലവിലെ നിയമങ്ങൾ മൂലം ആദിവാസികൾ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾക്ക് ചില ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു: ആദിവാസി വിഭാഗങ്ങളുടെയിടയിൽ ബാലവിവാഹമുണ്ട്. അതവരുടെ ആചാരമാണ്. ഇതിന്റെ പേരിൽ പലരും പോക്സോകേസിൽ ശിക്ഷ അനുഭവിക്കുന്നു. ജയിലിൽ കിടക്കുന്ന പലർക്കും എന്തിനാണ് തങ്ങൾ ശിക്ഷ അനുഭവിക്കുന്നത് എന്നുപോലുമറിയില്ല. രസകരമായ മറ്റൊരു നിയമം അവിഹിതഗർഭത്തെ സംബന്ധിച്ചതാണ്; അവിഹിത ഗർഭം ധരിക്കുന്നവർക്ക് സർക്കാർ 75,000 രൂപ നഷ്ടപരിഹാരം നല്കും. ഇത് അവിഹിത ഗർഭത്തെ പ്രോത്സാഹിപ്പിക്കാനല്ലേ എന്നാണ് രാമന്റെ ചോദ്യം. തെറ്റു ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന നിയമം!. ആദിവാസികൾക്ക് ആവശ്യമായ വിദ്യാഭ്യാസം നല്കണം, പക്ഷേ അത് അവരുടെ സംസ്കാരവും ജീവിതരീതിയും മാറ്റി നിർത്തിക്കൊണ്ടുള്ളതാവരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. സമൂഹത്തെയും നിയമങ്ങളെയും ഭരണകൂടത്തെയും സംബന്ധിച്ച് കൃത്യമായ ധാരണകളും അഭിപ്രായങ്ങളും ചെറുവയൽ രാമൻ വച്ചുപുലർത്തുന്നു. നിലവിലെ നിയമങ്ങൾ ആദിവാസി വിരുദ്ധമാണെന്ന അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം ഇങ്ങനെ പ്രകടിപ്പിക്കുന്നു:
“എവിടെയോയിരുന്ന് ആരോ നിർമ്മിക്കുന്ന നിയമങ്ങളുടെ ഇരകളായിത്തീരുകയാണ് ആദിവാസിവിഭാഗങ്ങൾ. മുന്നോക്ക സമുദായങ്ങളുടെ ആചാര സംരക്ഷണത്തിനുവേണ്ടി വലിയ ഒച്ചപ്പാടും ബഹളങ്ങളുമുണ്ടാക്കുന്നവർ പ്രാന്തവൽക്കരുടെ ആചാരങ്ങളുടെ കാര്യം വരുമ്പോൾ സൌകര്യപൂർവമായ മൌനം പാലിക്കും. അല്ലെങ്കിൽ അവരുടെ ആചാരപ്രകാരമുള്ള നിയമങ്ങളുടെ വലയത്തിലേക്കു മറ്റുള്ളവരെയും കൊണ്ടുവരാൻ ശ്രമിക്കും. ഇതൊരു തരം ബലാൽക്കാരം തന്നെയാണ്” (ചെറുവയൽ രാമൻ, 2023, പുറം-49). വർത്തമാനകാല സാമൂഹ്യ- രാഷ്ട്രീയ സാഹചര്യങ്ങളിലുള്ള സൂക്ഷ്മ നിരീക്ഷണംകൂടി ഈ വിമർശനത്തിൽ വായിച്ചെടുക്കാം. തന്റെ ഗ്രാമീണവും സാമുദായികവുമായ സ്വത്വം നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക സമൂഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും വിമർശിക്കുകയും ചെയ്യുന്ന നേതൃപാടവം രാമനിൽ പ്രകടമാണ്. മേൽ പറഞ്ഞ വിമർശനങ്ങളും നിലപാടുകളും അതിന്റെ തെളിവാണ്. ആദിവാസികളുടെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് അദ്ദേഹത്തിനുള്ളത്.
വിത്തിന്റെ രാഷ്ട്രീയം
ചെറുവയൽ രാമന്റെ പ്രശസ്തിയും പ്രസക്തിയും നെൽവിത്തു സംരക്ഷണവുമായി ബന്ധപ്പെട്ടാണ്. 50 തരം നെൽ വിത്തുകളുടെ സംരക്ഷകനാണ് അദ്ദേഹം. വയനാട്ടിൽ നേരത്തേ നൂറ്റിയൻപതോളം നെൽ വിത്തിനങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. എന്നാൽ ഇവ സംരക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വിത്തുസംരക്ഷകനായി രാമൻ മാറുന്നത്. വിത്ത് സംരക്ഷിക്കുക മാത്രമല്ല ആവശ്യക്കാർക്ക് അത് സൌജന്യമായി നല്കുന്നു എന്നതു കൂടിയാണ് രാമന്റെ വിത്തുവിപ്ലവം. നെൽ വിത്തുകളെല്ലാം തന്റെ മക്കളാണെന്ന സങ്കല്പമാണ് രാമന്. അമ്മാവന്റെ പരമ്പരാഗത കൃഷിരീതിയാണ് രാമനും തുടർന്നത്. ആറിനം പരമ്പരാഗത വിത്തുകളാണ് അമ്മാവന്റെ കൈവശം ഉണ്ടായിരുന്നത്. 150 ൽ നിന്നും ആറായി ചുരുങ്ങിയ ഈ കണക്കിൽനിന്നായിരിക്കണം പരമ്പരാഗത വിത്തുകളുടെ നാശം രാമൻ തിരിച്ചറിയുന്നത്. വയനാടിന്റെ തനിമയാർന്ന പുരാവസ്തുക്കളെ സംരക്ഷിക്കണമെന്ന തിരിച്ചറിവും വിത്ത് ശേഖരണത്തിന് പ്രേരണയായി. തുടർന്ന് വയനാട്ടിലങ്ങോളമിങ്ങോളം നടന്ന് നെൽ വിത്തുകൾ ശേഖരിക്കാനും കൃഷിചെയ്തു സംരക്ഷിക്കാനും തുടങ്ങി. വയനാട്ടിന്റെ തനത് വിത്തിനങ്ങളാണ് അദ്ദേഹത്തിന്റെ പക്കലുള്ളതിലധികവും. നെൻമണികളിൽ വലിപ്പവും ശേഷിയുമുള്ളവ ശേഖരിച്ച് ഏഴുദിവസമെങ്കിലും രാത്രിയും പകലുമായി ഉണക്കിയെടുത്താണ് വിത്താക്കിമാറ്റുന്നത്. ചാണകം മെഴുകിയ തറയിലിട്ടാണ് നെല്ല് ഉണക്കുന്നത്. ഇങ്ങനെയുള്ള പരമ്പരാഗത വിത്തുകൾക്ക് രോഗപ്രതിരോധശേഷി കൂടുതലായിരിക്കുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഹരിതവിപ്ലവത്തോടുള്ള കടുത്ത എതിർപ്പ് തന്റെ വിത്തുസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നതായി അദ്ദേഹം പറയുന്നു. ഹരിത വിപ്ലവം തനതു കൃഷി രീതികളെ തകർത്തെന്ന ഉറച്ച അഭിപ്രായക്കാരനാണ് അദ്ദേഹം. ഉത്പാദനം വർദ്ധിപ്പിക്കുക എന്ന നയമായിരുന്നു ഈ പദ്ധതിക്കുപിന്നിൽ. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി പ്രോത്സാഹിപ്പിച്ചു. സബ്സിഡി പോലുള്ള മോഹന വാഗ്ദാനങ്ങളിലൂടെ കൃഷിക്കാരെ ഇതിലേക്ക് ആകർഷിച്ചു. അങ്ങനെ തനതു കൃഷി സമ്പ്രദായം പ്രതിസന്ധിയിലായെന്നും രാമൻ വിലയിരുത്തുന്നു. ഹരിതവിപ്ലവത്തിലൂടെ പട്ടിണി മാറ്റുമെന്ന വാദം അസംബന്ധമാണെന്നും അദ്ദേഹം വാദിക്കുന്നു. കൃഷി ചെയ്യുന്ന സ്ഥലങ്ങളിലെ ഉത്പാദനം കൃത്രിമമായി കൂട്ടുകയല്ല, മറിച്ച് തരിശുകിടക്കുന്ന നിലങ്ങൾ മുഴുവൻ കൃഷിയോഗ്യമാക്കി മാറ്റുകയാണ് വേണ്ടത്. ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗത്തെ സംബന്ധിച്ച കണക്കെടുത്ത് അതനുസരിച്ചുള്ള കൃത്യമായ ആസൂത്രണങ്ങൾ നടത്തണം. ഇത്തരത്തിലുള്ള കാഴ്ചപ്പാടുകളാണ് രാമനുള്ളത്. നമ്മുടെ ഭക്ഷ്യശീലത്തിൽ വന്ന ദുശ്ശീലങ്ങൾക്കു കാരണം ഹരിതവിപ്ലവമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ജിൻ ബാങ്കുകളോടുള്ള എതിർപ്പും രാമന്റെ വിത്തുരാഷ്ട്രീയത്തിനുണ്ട്. വിത്തിന്റെ പേറ്റന്റ് എന്നത് പ്രകൃതി വിരുദ്ധമാണെന്നാണ് രാമന്റെ പക്ഷം. അദ്ദേഹത്തിന്റെ അഭിപ്രായം നോക്കുക: ‘വിത്തുകൾ മഹാത്ഭുതങ്ങളാണ്. ജീവന്റെ തുടിപ്പുകളാണ്. നാളെയുടെ കരുതലാണ്. പ്രകൃതിയുടെ അനുഗ്രഹമാണ്. അത് ഒരു വ്യക്തിക്ക് സ്വന്തമാക്കി വയ്ക്കാനുള്ളതല്ല. വിറ്റ് കാശാക്കാനുമുള്ളതല്ല.അത് പ്രചരിപ്പിക്കപ്പെടണം. അതുകൊണ്ടാണ് ജിൻ ബാങ്കുകളെ ഞാൻ എതിർക്കുന്നത്. അവർ പേറ്റന്റെടുത്ത് അതിന്റെ ഉടമസ്ഥാവകാശം എല്ലാകാലത്തേക്കുമായി സ്വന്തമാക്കി വയ്ക്കുകയാണ്. അത് പ്രകൃതി വിരുദ്ധമാണെന്ന് ഞാൻ വിശ്വസിക്കുന്നു’ ((ചെറുവയൽ രാമൻ,2023, പുറം-113)
ആവശ്യക്കാർക്ക് സൌജന്യമായി വിത്ത് നല്കുമ്പോൾ അദ്ദേഹം ഒരു ഉപാധി വയ്ക്കും. കൃഷി ചെയ്ത് അടുത്തവർഷം അതേയളവ് വിത്ത് തിരിച്ചുനല്കുക എന്ന ഉപാധി. കർഷകർ തമ്മിലുള്ള ബന്ധം നിലനിറത്താൻ കൂടിയാണ് ഈ വിത്ത് കൈമാറ്റം. പരമ്പരാഗത കൃഷി സമ്പ്രദായത്തെയും വിത്തിനങ്ങളേയും സംരക്ഷിക്കാൻ ഇതുവഴി സാധ്യമാകുമെന്ന് അദ്ദേഹം കരുതുന്നു.
ചെറുവയൽ രാമന്റെ വീക്ഷണങ്ങളെയും നിലപാടുകളെയും ചുരുക്കത്തിൽ ഇങ്ങനെ ക്രോഡീകരിക്കാം:
*ആർഭാട ജീവിതത്തോടുള്ള വിയോജിപ്പ്.
*നാമെല്ലാവരും പ്രകൃതിയുടെ അടിമകളാണെന്ന കാഴ്ചപ്പാട്.
*മാറ്റങ്ങളിൽ നിന്നും ആവശ്യമായതു മാത്രം സ്വീകരിക്കുക എന്ന രീതി.
*കൂട്ടുകുടുംബ വ്യവസ്ഥ യഥാർഥ സോഷ്യലിസ്റ്റ് വ്യവസ്ഥയാണെന്ന കാഴ്ചപ്പാട്.
*പരമ്പരാഗത മർഗ്ഗങ്ങളിലുള്ള വിശ്വാസം.
*വൻകിട ഉത്പാദനത്തേക്കാൾ നീതിപൂർവമായ വിതരണമാണ് ശരിയെന്ന നിലപാട്.
*വയനാടിന്റെ പാരമ്പര്യത്തിലുള്ള അഭിമാനം.
*നാടിന്റെ തനതു മൂല്യങ്ങളും സമ്പത്തും സംരക്ഷിക്കണമെന്ന നിശ്ചയം.
കൃഷിയും പ്രകൃതിയും നാടിനോടുള്ള ആദരവും ഒത്തുചേർന്ന ഒരു ജൈവ പ്രകൃതിയാണ് ചെറുവയൽ രാമൻ എന്നു പറയാം. ആധുനികതയുടെയും പരിഷ്കാരങ്ങളുടെയും സ്ഥലകാലങ്ങളിൽ വ്യാപരിക്കുമ്പോഴും പാരമ്പര്യത്തോടു രാമൻ പുലർത്തുന്ന അഭിനിവേശം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പല നിലപാടുകളിലും പ്രായോഗികതയുടെ പരിമിതികൾ കാണാമെങ്കിലും അതിലെ ദാർശനികത തള്ളിക്കളയാൻ കഴിയില്ല. പ്രകൃതിയോടിണങ്ങിയുള്ള ജീവിതാനുഭങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത ജ്ഞാനമാണ് അതിന്റെ കരുത്ത്. നമ്മുടെ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും പരിസ്ഥിതി സൌന്ദര്യശാസ്ത്രചിന്തകർക്കും ഒരു തുറന്ന പാഠപുസ്തകമാണ് ചെറുവയൽരാമൻ.
തന്റെ ജൈവ – നാടൻ - വ്യക്തിത്വം രൂപപ്പെട്ടതെങ്ങനെയെന്ന രാമന്റെ വിശദീകണത്തോടെ ഈ പ്രബന്ധം ചുരുക്കാം: “ ആചാരങ്ങളും ചടങ്ങുകളും പ്രാർത്ഥനകളുമൊക്കെ നിറഞ്ഞതായിരുന്നു ഞങ്ങളുടെ കൃഷിരീതി. ഇവിടെ സസ്യങ്ങളും മൃഗങ്ങളും മനുഷ്യരും സഹവർത്തിത്വത്തോടെ ഇടപെടുന്നു. ഇതാണ് വയനാടിന്റെ കാർഷിക സംസ്കൃതി. ആ സംസ്കൃതിയിൽ ജനിക്കുകയും ജീവിക്കുകയും അതിന്റെ ഗുണ ഫലങ്ങൾ അനുഭവിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയിലാണ് ഞാൻ ഈ വിത്തുകളുടെ ശേഖരണത്തിലും സംരക്ഷണത്തിലും എന്റെ ഊർജ്ജം ചെലവഴിക്കുന്നത്’((ചെറുവയൽ രാമൻ,2023, പുറം- 112). നാടും കാർഷിക സംസ്കൃതിയും രൂപപ്പെടുത്തിയ രാഷ്ട്രീയമാണ് രാമന്റേത്. മലയാളികളെ സംബന്ധിച്ച് അത് വയലിന്റേതും. ഉപഭോഗാസക്തിയുടെയും ആഡംബരങ്ങളുടെയും കാഴ്ചപ്പെടുത്തലുകളുടെയും വർത്തമാനകാലത്ത് ഇത്തരം വ്യക്തിത്വങ്ങൾ യഥാർഥ ബദൽ ജീവിതങ്ങളാണ്.
ഗ്രന്ഥ സൂചി:
ചെറുവയൽ രാമൻ, ചെറുവയലും നൂറുമേനിയും(ആത്മകഥ),മനോരമ ബുക്സ്-2008.
ജോൺ ബെല്ലാമി ഫോസ്റ്റർ, മുതലാളിത്തത്തിനെതിരെ പരിസ്ഥിതി വിജ്ഞാനം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – 2017.
സി. വി. ജോയി, വയനാട്ടിലെ ഗോത്ര സമുദായങ്ങൾ ജീവിതവും സംസ്കാരവും, നാഷണൽ ബുക്സ്റ്റാൾ - 2017.
പൊക്കുടൻ, കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം, ഡി. സി. ബുക്സ് -2002.
രാജൻ ഗുരുക്കൾ ,മിത്ത് ചരിത്രം, സമൂഹം, നാഷണൽ ബുക്സ്റ്റാൾ- 2013.
ഡോ. ഷീബ എം. കുര്യൻ, സംസ്കാരപഠനത്തിന്റെ പുതു വഴികൾ, കേരള സർവകലാശാല-2018.
സമൂഹശാസത്രചിന്തകൾ-വിജ്ഞാനകോശം, കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് – 2025.
സംസ്കാരപഠനം-ചരിത്രം സിദ്ധാന്തം പ്രയോഗം , മലയാളപഠനസംഘം, വള്ളത്തോൾ വിദ്യാപീഠം -2017




Comments