ഇന്ദുലേഖയിലെ ബൗദ്ധിക ദർശനവും ചരിത്ര-സാമൂഹിക-സാംസ്കാരിക വിനിമയങ്ങളിലെ അന്തർദേശീയ ബന്ധങ്ങളും
- 6 hours ago
- 10 min read
ആർച്ച മുകുന്ദൻ
ഡോ. നജീം . ഇ ,
സംഗ്രഹം (Abstract)
മലയാള സാഹിത്യചരിത്രത്തിലെ നിർണ്ണായക കൃതികളിലൊന്നായ ഇന്ദുലേഖ ഒരു സാമൂഹ്യ നോവലെന്ന പരിമിതിയിൽ ഒതുങ്ങുന്ന കൃതി മാത്രമല്ല; മറിച്ച് തന്റെ കാലഘട്ടത്തിലെ ബൗദ്ധിക പ്രവാഹങ്ങളെയും ചരിത്രബോധത്തെയും ആന്തരികമായി ഉൾക്കൊണ്ട ഒരു സാംസ്കാരിക രേഖയുമാണ്. ചിത്രീകരണവും (imagery) ബൗദ്ധിക ദർശനവും എന്ന രണ്ട് പരസ്പരബന്ധിത ആശയങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ദുലേഖയെ ചരിത്ര നോവലായി വായിക്കുകയെന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. യഥാർത്ഥ സാമൂഹ്യ പരിവർത്തനത്തിന്റെ രേഖപ്പെടുത്തലിലുപരി, ചരിത്രബോധം എങ്ങനെ ദൃശ്യബിംബങ്ങളിലൂടെ ആവിഷ്കരിക്കപ്പെടുന്നു എന്നതിലേക്കാണ് ഈ പഠനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നോവലിലെ സ്ഥലബിംബങ്ങൾ-ഗൃഹാന്തരങ്ങൾ, വിദ്യാഭ്യാസമേഖലകൾ, പൊതു സാമൂഹിക ഇടങ്ങൾ-നിഷ്ക്രിയ പശ്ചാത്തലങ്ങളല്ല; മറിച്ച് പാരമ്പര്യവും ആധുനികതയും തമ്മിൽ സംവദിക്കുന്ന ആശയാത്മക ഇടങ്ങളാണ്. മാതൃസന്താന വ്യാവസ്ഥയും നവോത്ഥാന ചിന്തകളും തമ്മിലുള്ള സംഘർഷം ഈ ഇടങ്ങളിലൂടെ ദൃശ്യവൽക്കരിക്കപ്പെടുന്നു. പ്രത്യേകിച്ച് വിദ്യാഭ്യാസം നേടിയ സ്ത്രീകളുടെയും പരിഷ്കാരചിന്താഗതിയുള്ള പുരുഷ കഥാപാത്രങ്ങളുടെയും ചിത്രീകരണം, വ്യക്തിഗത ബോധത്തെ ഒരു കാലഘട്ടത്തിന്റെ കൂട്ടായ ചരിത്രബോധമായി ഉയർത്തുന്നു.
നോവലിന്റെ ബൗദ്ധിക ദർശനം ഇംഗ്ലീഷ് വിദ്യാഭ്യാസം, യുക്തിവാദം, പത്തൊൻപതാം നൂറ്റാണ്ടിലെ ആഗോളപരിഷ്കാരപ്രസ്ഥാനങ്ങൾ എന്നിവയുടെ സ്വാധീനം വെളിവാക്കുന്നു. സ്വാതന്ത്ര്യം, വ്യക്തിചേതന, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയ അന്തർദേശീയ ആശയങ്ങളുമായി ഇന്ദുലേഖ സംവാദത്തിലേർപ്പെടുമ്പോൾ, ദേശീയ സാംസ്കാരിക അടിത്തറ പൂർണ്ണമായി വിച്ഛേദിക്കപ്പെടുന്നില്ല. മറിച്ച്, പ്രാദേശികതയും ആഗോളതയും തമ്മിൽ സംയോജിക്കുന്ന ഒരു സങ്കര ബൗദ്ധികാവകാശമാണ് ഇവിടെ രൂപപ്പെടുന്നത്.
ചരിത്രപരവും അന്തർദേശീയവുമായ ഘടനകളുടെ പശ്ചാത്തലത്തിൽ ദൃശ്യബിംബങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ, ഇന്ദുലേഖ സാമൂഹ്യപരിഷ്കാരത്തെ മഹത്തായ സംഭവങ്ങളിലൂടെയല്ല, മറിച്ച് ചിന്തകളിലെ സൂക്ഷ്മമായ മാറ്റങ്ങളിലൂടെയും ഇടങ്ങളിലൂടെയും മനുഷ്യബന്ധങ്ങളിലൂടെയും പരിണാമത്തിലൂടെയുമാണ് ആവിഷ്കരിക്കുന്നതെന്ന് ഈ ലേഖനം വാദിക്കുന്നു. കോളോണിയൽ കേരളത്തിൽ ആധുനിക വിഷയബോധം രൂപപ്പെടുന്ന പ്രക്രിയയെ ദൃശ്യാനുഭവമായി മാറ്റിയെടുത്ത ഒരു ചരിത്രനോവലായാണ് ഇന്ദുലേഖയെ ഈ പഠനം സമീപിക്കുന്നത്.
താക്കോൽവാക്കുകൾ (Keywords)
ഇന്ദുലേഖ
ചരിത്രനോവൽ
ദൃശ്യബിംബങ്ങൾ (Imagery)
ബൗദ്ധിക ദർശനം
സാമൂഹ്യപരിഷ്കരണം
നവോത്ഥാനചിന്ത
കോളോണിയൽ ആധുനികത
സ്ത്രീവിദ്യാഭ്യാസം
ചരിത്രബോധം
അന്തർദേശീയ ബന്ധങ്ങൾ
ആമുഖം (Introduction)
മലയാള നോവൽ സാഹിത്യത്തിന്റെ രൂപീകരണ ഘട്ടത്തിൽ ഇന്ദുലേഖ കൈവരിക്കുന്ന സ്ഥാനം അതിന്റെ ചരിത്രപരമായ പ്രാധാന്യം കൊണ്ടുമാത്രമല്ല, ഒരു കാലഘട്ടത്തിന്റെ ബൗദ്ധിക ഉണർവുകളെയും സാമൂഹ്യസംഘർഷങ്ങളെയും ദൃശ്യാനുഭവങ്ങളായി മാറ്റിയെടുത്ത സാഹിത്യകൃതിയെന്ന നിലയിലുമാണ് നിർണ്ണയിക്കപ്പെടുന്നത്. (Menon, O. Chandu. Indulekha, PP.1-15). സാമൂഹ്യപരിഷ്കരണത്തിന്റെ പ്രഥമ പരിമിതിയിൽ ഒതുക്കി വായിക്കപ്പെട്ട ഈ നോവൽ, ആന്തരികമായി സൂക്ഷ്മമായ വിചിന്തന-വിസ്തൃതിയുടെയും സംക്ഷിപ്തമായ ചരിത്രബോധത്തിന്റെയും കലാപരിണാമങ്ങളുടെയും രേഖയായി നിലകൊള്ളുന്നു. ഡോ.പി.കെ. രാജശേഖരനും[1] ഡോ.പി.വേണു ഗോപാലനും[2] പറയുന്നതുപോലെ “വിദ്യാഭ്യാസം, വിശേഷിച്ചും ഇംഗ്ലീഷ് വിദ്യാഭ്യാസം സ്ത്രീകളെ സ്വതന്ത്രവ്യക്തിത്വവും ചിന്തയുമുള്ളവരാക്കും, അതില്ലാത്തവർ ബലിയാടുകളുമാവുമെന്ന ആശയം അവതരിപ്പിക്കാൻ ചന്തുമേനോൻ ഉപയോഗിച്ച കഥാതന്ത്രമായിരുന്നു കല്യാണിക്കുട്ടിയുടെ സംബന്ധം. കല്യാണിക്കുട്ടിക്കുണ്ടായ അനുഭവത്തിന്റെ ചിത്രണ ത്തിലൂടെ വായനക്കാരുടെ, വിശേഷിച്ചും വായനക്കാരികളുടെ (പത്തൊമ്പതാം നൂറ്റാണ്ടിൽ അവരുടെ എണ്ണം എത്ര കുറവായിരുന്നാലും) പ്രതിഷേധം ഉയർത്തുകയായിരുന്നു ചന്തുമേനോന്റെ ലക്ഷ്യം. ഇന്ദുലേഖയുടെ സ്വാതന്ത്ര്യത്തിനും ഇഷ്ടവിവാഹത്തിനും കാരണം വിദ്യാഭ്യാസമാണെന്നും കല്യാണിക്കുട്ടിയുടെ അടിമത്തത്തിനും സംബന്ധദുരന്തത്തിനും കാരണം അതിന്റെ അഭാവമാണെന്നും താരതമ്യത്തിലൂടെ എടുത്തുകാട്ടി പ്രബോധനം നടത്താനാണ് ചന്തുമേനോൻ ശ്രമിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിലെ കേരള സമൂഹം അനുഭവിച്ച പരിവർത്തനങ്ങളെ ഇന്ദുലേഖ വെറും സംഭവക്രമങ്ങളായി അവതരിപ്പിക്കുന്നില്ല; മറിച്ച് ചിന്തകളിലൂടെയും ഇടങ്ങളിലൂടെയും മനുഷ്യബന്ധങ്ങളിലൂടെയും അവയെ ദൃശ്യവൽക്കരിക്കുന്നു. (പി.കെ.രാജശേഖരൻ, ഡോ.പി.വേണുഗോപാലൻ, ക്രിട്ടിക്കൽ എഡിഷൻ; ഇന്ദുലേഖ, റിവൈസ്ഡ് എഡിഷൻ-2025, pp.22-23).
ഇന്ദുലേഖ ഒരു ചരിത്ര നോവലായി വായിക്കപ്പെടുമ്പോൾ ചരിത്രം അതിന്റെ കഥാരേണുക്കളെ അടയാളപ്പെടുത്തുന്ന മഹത്തായ രാഷ്ട്രീയ സംഭവങ്ങളിലൂടെയല്ല, മറിച്ച് ദൈനംദിന ജീവിതത്തിന്റെ അദൃശ്യപാളികളിലൂടെയാണെന്ന് വ്യക്തമാകുന്നു. (Lukacs, Georg. The Historical Novel, pp.15-32). ഗൃഹാന്തരങ്ങളിലെ, ശാന്തത, വിദ്യാലയങ്ങളിലെ നവചിന്ത, പൊതുസാമൂഹിക ഇടങ്ങളിലെ സംവാദങ്ങൾ - ഇവയൊക്കെയും ചരിത്രം അനുഭവിക്കപ്പെടുന്ന ഇടങ്ങളായി മാറുന്നു. ഈ ഇടങ്ങളിൽ വിരിയുന്ന ദൃശ്യബിംബങ്ങൾ സാമൂഹ്യവ്യവസ്ഥകളുടെ വ്യാവഹാരതയായും ഒരു മഹാമാറ്റത്തിനുള്ള പ്രതിരോധങ്ങളായും ഒരേ സമയം ദൃശ്യമാകുന്നു. (Williams, Raymond. The Country and the City, pp.3-12).
ഈ പഠനം ഇന്ദുലേഖയിലെ ദൃശ്യബിംബങ്ങളെയും ബൗദ്ധികദർശനത്തെയും കേന്ദ്രമാക്കി നോവലിന്റെ ചരിത്രപരവും ആശയപരവുമായ ഘടനകളെ വിശകലനം ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. ചിത്രീകരണം ഇവിടെ അലങ്കാരമല്ല, അത് ചിന്തയുടെ ഭാഷയാണ്. കഥാപാത്രങ്ങളുടെ ബോധപരിണാമങ്ങൾ അവരുടെ ചലനങ്ങളിലൂടെയും അവർ അധിവസിക്കുന്ന ഇടങ്ങളിലൂടെയും വായിക്കപ്പെടുമ്പോൾ വ്യക്തിഗത അനുഭവങ്ങൾ ഒരു സമൂഹത്തിന്റെ ചരിത്രബോധ്യമായി ഉദിച്ചുയരുന്നു (Gagletion, Terry, The Event of Literature, pp.45-52).
അതേ സമയം, ഇന്ദുലേഖ പ്രാദേശിക പരിഷ്കാരകഥനത്തിൽ നിഷ്പ്രഭമാകുന്ന കേവല കൃതിയല്ല മറിച്ച്, ഇംഗ്ലീഷ് വിദ്യാഭ്യാസവും യുക്തിചിന്തയും അന്തർദേശീയ പരിഷ്കരണപ്രസ്ഥാനങ്ങളും ഇടചേർന്നൊരുക്കിയ ഒരു സ്വതന്ത്ര-ബൗദ്ധിക അന്തരീക്ഷം ഈ നോവലിന്റെ അടിത്തറയായി പ്രവർത്തിക്കുന്നു. (Viswanathan, Gauri. Marks of Conquest, pp.75-89). ഈ ആഗോള ആശയങ്ങൾ പ്രാദേശിക സാംസ്കാരിക ഘടനകളുമായി ഏറ്റുമുട്ടുകയും സംവദിക്കുകയും ചെയ്യുന്ന രീതിയാണ് നോവലിന്റെ ബൗദ്ധിക സാത്യന്തിക ദർശനത്തെ രൂപപ്പെടുത്തുന്നത്. (Said, Edward W Culture and Imperialissm, pp.66-79).
ഇത്തരത്തിൽ, ഇന്ദുലേഖാ ചരിത്രം ദൃശ്യാനുഭവമാകുന്ന ഒരു സാഹിത്യാവകാശമായി മാറ്റിവെയ്ക്കുന്നു. സ്ഥലങ്ങളും വ്യക്തികളും ചിന്തകളും ഒന്നിച്ചുചേർന്ന് ഒരു കാലഘട്ടത്തിന്റെ ആത്മാവിനെ ഭാഷയിലൂടെ വരയ്ക്കുന്ന ഈ നോവൽ, കോളോണിയൽ കേരളത്തിൽ[3] ആധുനികബോധം രൂപപ്പെടുന്ന പ്രക്രിയയെ ഉദ്ബോധിപ്പിക്കുന്നതിനുള്ള നിർണ്ണായക മായ ഒരു ഗ്രന്ഥമായി നിലകൊള്ളുന്നു. (Chatterjee, Partha. The Nation and Its Fragments, pp.134-142).
സാമൂഹ്യവും മതപരവുമായ ആചാരങ്ങളോടുള്ള നോവലിന്റെ വിമർശനബോധം
(The Novel’s Critical Engagement with Social and Religious Customs)
ഇന്ദുലേഖ പത്തൊൻപതാം നൂറ്റാണ്ടിലെ കേരളസമൂഹത്തിൽ ആധിപത്യമുറപ്പിച്ച സാമൂഹ്യവും മതപരവുമായ ആചാരങ്ങളെ നേരിട്ട് ആക്രമിക്കുന്ന കൃതിയല്ല. മറിച്ച്, അവയെ സ്വാഭാവികവും മാറ്റമില്ലാത്തതുമായ സത്യങ്ങളായി അംശീകരിക്കാനുള്ള പ്രവണതയെ സൂക്ഷ്മമായി ചോദ്യം ചെയ്യുന്ന ഒരു ബൗദ്ധിക ഇടപടെലായാണ് നോവൽ പ്രവർത്തിക്കുന്നത്. (Menon, O. Chandu, Indulekha, PP.18-25). ഈ ചോദ്യം ചെയ്യൽ വാഗ്വാദത്തിലൂടെയല്ല, ദൃശ്യബിംബങ്ങളിലൂടെയും കഥാപാത്രബോധത്തിലൂടെയും നിത്യജീവിതത്തിന്റെ ചെറുതായ ഘടകങ്ങളിലൂടെയുമാണ് മുന്നേറുന്നത് (Paniker, K. Ayyappan. A Short History of Malayalam Literature, PP.109-113).
വിവാഹസംവിധാനങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങൾ നോവലിൽ പ്രധാനമായും പരിശോധിക്കപ്പെടുന്നു. സ്ത്രീയുടെ വ്യക്തിത്വവും ബൗദ്ധികശേഷിയും അവഗണിക്കുന്ന സാമൂഹ്യക്രമങ്ങൾ, നൈതികമായും മാനുഷികമായും ചോദ്യം ചെയ്യപ്പെടുന്നു. ഇവിടെ സ്ത്രീ ഒരു സാമൂഹ്യനിയമത്തിന്റെ നിഷ്ക്രിയ അനുയായിയായി നിലനിൽക്കുന്നില്ല, മറിച്ച് ചിന്തിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഒരു മനുഷ്യബോധമായി അവതരിപ്പിക്കപ്പെടുന്നു. (Devika, J. Engendering Individuals, PP.34-41). ഈ അവതരണത്തിലൂടെ, പാരമ്പര്യത്തിന്റെ പേരിൽ ന്യായീകരിക്കപ്പെട്ട ആചാരങ്ങളുടെ മാനുഷികത വിമർശന വിധേയമാകുന്നു.
മതപരമായ ആചാരങ്ങൾ നോവലിൽ പൂർണ്ണമായും നിഷേധിക്കപ്പെടുന്നില്ല. എന്നാൽ യുക്തിവാദത്തിന്റെയും ആത്മപരിശോധനയുടെയും അഭാവമുള്ള അന്ധാനുഷ്ഠാ നങ്ങൾ സൂക്ഷ്മമായി ചോദ്യം ചെയ്യപ്പെടുന്നു. വിശ്വാസവും ബോധവും തമ്മിലുള്ള ഈ വ്യത്യാസം വ്യക്തികളുടെ മാനസികസംഘർഷങ്ങളിലൂടെയാണ് നോവൽ ആവിഷ്കരിക്കുന്നത്. (Engletion, Terry. The Event of Literature, PP.57-63) മതം ഇവിടെ ആത്മീയാനുഭവത്തിന്റെ വഴിയായി നിലകൊള്ളുമ്പോൾ, അതിന്റെ സാമൂഹ്യ പ്രയോഗ ങ്ങൾ നിരൂപണാത്മകമായി വിലയിരുത്തപ്പെടേണ്ടതാണെന്ന സന്ദേശമാണ് ഉയരുന്നത്.
പ്രത്യേകിച്ച്, വിദ്യാഭ്യാസം നേടിയ കഥാപാത്രങ്ങൾ സമൂഹത്തിലെ അധികാരബന്ധങ്ങളെ ചോദ്യം ചെയ്യുന്ന ശബ്ദങ്ങളായി മാറുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസവും ആഗോള ചിന്താപ്രവാഹങ്ങളും ഇവർക്കു നൽകുന്ന ബൗദ്ധിക ഉപകരണങ്ങൾ, ആചാരങ്ങളെ ചരിത്രപരമായ ഘടനകളായി തിരിച്ചറിയാൻ സഹായിക്കുന്നു. (Viswanathan, Gauri, Marks of Conquest, PP.92-101). ഇതുവഴി, ആചാരങ്ങൾ ശാശ്വതസത്യങ്ങളല്ല; കാലപരിണാമത്തിന് വിധേയമായ മനുഷ്യനിർമ്മിത ഘടനകളാണെന്ന തിരിച്ചറിവ് ശക്തമാകുന്നു. (Said, Edward W. Culture and Imperialism, PP.81-88).
ഇതുവഴി, ഇന്ദുലേഖ സാമൂഹ്യവും മതപരവുമായ ആചാരങ്ങളെ നിഷേധിക്കുന്ന കൃതിയായി മാറുന്നില്ല, മറിച്ച് അവയെ മനുഷ്യമൂല്യങ്ങളുടെ വെളിച്ചത്തിൽ വീണ്ടും പരിശോധിക്കാൻ ക്ഷണിക്കുന്ന ഒരു ബൗദ്ധിക സംഭാഷണമായി നിലകൊള്ളുന്നു. ഈ സംഭാഷണാത്മക സമീപനമാണ് നോവലിനെ ഒരു സാമൂഹ്യരേഖയിലുപരി, ഒരു മാനുഷിക പരിഷ്കാര ദർശനമായി ഉയർത്തുന്നത്. (Chatterjee, Partha. The Nation and its Fragments, PP.146-150)
ചരിത്രപ്രാധാന്യവും മനശ്ശാസ്ത്രപരമായ ചികിത്സാപരതയും
(Historical Significance and Psychological Therapeutic Dimensions)
ഇന്ദുലേഖയുടെ ചരിത്രപ്രാധാന്യം സാമൂഹികപരിഷ്കരണത്തിന്റെ വാചിക പ്രഖ്യാപ നത്തിൽ ഒതുങ്ങുന്നല്ല; മറിച്ച് ഒരു സമൂഹത്തിന്റെ സങ്കീർണ്ണമായ സകലിതാവസ്ഥയെ സാഹിത്യത്തിലൂടെ ശാന്തമാക്കുകയും പുനരാഖ്യാനം സാധ്യമാക്കുകയും ,ചെയ്യുന്ന സൂക്ഷ്മമായ ഇഴനാരുപോലെ പ്രവർത്തിക്കുകയും ചെയ്യുന്നു. (Menon, O.Chandu. Indulekha, PP.42-50). പത്തൊൻപതാം നൂറ്റാണ്ടിലെ കേരളസമൂഹം അനുഭവിച്ച സൈദ്ധാന്തിക-സാംസ്കാരിക അസ്ഥിരതകൾ, പൈതൃകതയുടെ വ്യർത്ഥഭാരവും ആധുനികതയുടെ അമിതാസക്തിയും തമ്മിലുള്ള അസ്വസ്ഥതയുടെ ചരിത്ര സാക്ഷ്യമായി നിലകൊള്ളുന്നു. (Paniker, K.Ayyappa. A Short History of Malayalam Literature, PP.114-120). ഈ അർത്ഥത്തിൽ, ഇന്ദുലേഖ ഒരു കാലഘട്ടത്തിന്റെ സാമൂഹ്യരേഖ മാത്രമല്ല; അതിന്റെ മാനസിക ചരിത്രവുമാണ്.
ചരിത്രം ഇവിടെ കേവലം ഒരു പുറംഘടനയായി അവതരിപ്പിക്കപ്പെടുന്നില്ല. കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളിലൂടെയാണ് ചരിത്രം അനുഭവപ്പെടുന്നത്. വിദ്യാഭ്യാസം നേടിയ പെൺകരുത്തിന്റെ ആത്മബോധം, യുക്തിചിന്തയിലേക്ക് തിരിയുന്ന പുരുഷബോധം, അന്ധാചാരങ്ങളിൽ കുടുങ്ങിയ സമൂഹത്തിന്റെ ആശങ്ക – ഇവയൊക്കെയും ഒരു സാമൂഹ്യ മനസ്സിന്റെ വിവിധ നിലകളാണ്. (Williams Raymond. The Long Revolution, PP.58-66). ഈ മനസ്സിന്റെ സംഘർഷങ്ങളെ തിരിച്ചറിയുകയും അവയ്ക്ക് ഭാഷ നൽകുകയും ചെയ്യുന്നതിലൂടെ ഇന്ദുലേഖ ഒരു മാനസിക ശമന പ്രക്രിയ ആരംഭിക്കുന്നു. ഈ പശ്ചാത്തലത്തിൽ, നോവലിന് ഒരു മനശ്ശാസ്ത്രപരമായ ചികിത്സാപരത[4] (Psychological therapy) കൈവരിക്കുന്നതായി വായിക്കാം. വ്യക്തികളുടെ ആത്മസംഘർഷങ്ങൾ വായനക്കാരന്റെ അനുഭവങ്ങളുമായി സംവദിക്കുമ്പോൾ, നോവൽ ആത്മ പരിശോധനയ്ക്കുള്ള ഒരു വേദിയായി മാറുന്നു. (Freud, Sigmund. Creative Writers and Day-Dreaming, PP.141-148). പാരമ്പര്യബന്ധനങ്ങളിൽ നിന്നുള്ള മോചനത്തിനുള്ള ബൗദ്ധിക മാർഗ്ഗങ്ങൾ നോവൽ നേരിട്ട് നിർദേശിക്കുന്നില്ലെങ്കിലും, അവയെ ചിന്താവിഷയമാ ക്കുന്നതിലൂടെ മാനസികവിമോചനത്തിന്റെ സാധ്യത തുറക്കുന്നു. (Engleton, Terry. Literary Theory: An Introduction, PP.67-72).
പ്രത്യേകിച്ച്, സ്ത്രീബോധത്തിന്റെ ചിത്രീകരണം ചികിത്സാപരമായ ഒരു ഇടപെടലായി പ്രവർത്തിക്കുന്നു. സ്ത്രീയെ മൗനത്തിന്റെ പ്രതീകമായി നിലനിർത്തിയ സാമൂഹ്യഘടനയിൽ ചിന്തിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന സ്ത്രീയുടെ ദൃശ്യാവിഷ്കാരം ഒരു മാനസിക പുനർസംഘടനയാണ് (Devika, J.Engendering Individuals, PP.48-55). ഇത് സ്ത്രീയ്ക്കു മാത്രമല്ല, സമൂഹത്തിനാകെ ബാധകമായ ഒരു ബൗദ്ധിക ശുശ്രൂഷയായി മാറുന്നു.
അതിനാൽ, ഇന്ദുലേഖയുടെ ചരിത്രപ്രാധാന്യം സാമൂഹ്യപരിവർത്തനത്തിന്റെ രേഖപ്പെടുത്തലിലുപരി, ഒരു സമൂഹത്തിന്റെ മാനസിക പീഢനങ്ങളെ തിരിച്ചറിയുകയും അവയ്ക്ക് സാഹിത്യത്തിലൂടെ ശാന്തമായ പ്രതികരണം നൽകുകയും ചെയ്യുന്ന അതിന്റെ ശേഷിയിലാണ്. ചരിത്രവും മനശ്ശാസ്ത്രവും ഇവിടെ വേർപിരിയുന്നില്ല, മറിച്ച് പരസ്പരം ശമിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന അനുഭവങ്ങളായി ലയിക്കുന്നു. ഈ ലയനമാണ് ഇന്ദുലേഖയെ ഒരു ചരിത്ര നോവലായി മാത്രമല്ല, മാനസിക ബോധവൽക്ക രണത്തിന്റെ സാഹിത്യരേഖയായും ഉയർത്തുന്നത്. (Chatterjee, Parth. The Nation and its Fragments, PP.152-158).
അന്തർദേശീയ സാമ്യങ്ങൾ
(International Similarities)
ഇന്ദുലേഖയെ ഒരു പ്രാദേശിക സാമൂഹ്യനോവലായി മാത്രം വായിക്കുമ്പോൾ, അതിന്റെ ബൗദ്ധിക വ്യാപ്തി പരിമിതമാകുന്നു. മറിച്ച്, പത്തൊൻപതാം നൂറ്റാണ്ടിലെ ആഗോളസാഹിത്യ പ്രവാഹങ്ങളുടെ പശ്ചാത്തലത്തിൽ ഈ കൃതിയെ നിലനിറുത്തുമ്പോൾ, ഇന്ദുലേഖ വിവിധ രാജ്യങ്ങളിലെ പരിഷ്കാരാത്മക നോവലുകളുമായി[5] പങ്കിടുന്ന ആശയപരവും ഘടനാപരവുമായ സാമ്യങ്ങൾ വ്യക്തമായി തെളിഞ്ഞു വരുന്നു. (Damrosch, David. What is World Literature?, PP.45-52). ആധുനികതയിലേക്കുള്ള സമൂഹങ്ങളുടെ മാനസിക യാത്രയെ സാഹിത്യത്തിലൂടെ രേഖപ്പെടുത്തുന്ന ഈ കൃതികൾ, ഭാഷയും സംസ്കാരവും വ്യത്യസ്തമായിരുന്നാലും ഒരേ ബൗദ്ധിക ആശങ്കകളിലാണ് നിലകൊള്ളുന്നത്.
സ്ത്രീബോധവും വ്യക്തിസ്വാതന്ത്ര്യവും ഇന്ദുലേഖയിൽ എത്രമാത്രം കേന്ദ്രസ്ഥാനത്താണ് നിൽക്കുന്നതോ, അതുപോലെ തന്നെ യൂറോപ്യൻ പരിഷ്കാര നോവലുകളിലും കാണാം. ജെയിൻ ഓസ്റ്റിന്റെ Pride and Prejudice പോലുള്ള കൃതികളിൽ, സ്ത്രീയുടെ ബൗദ്ധിക സ്വയംഭരണവും വിവാഹസ്ഥാപനത്തെക്കുറിച്ചുള്ള വിമർശനവും സാമൂഹ്യപരിഷ്കാരത്തിന്റെ സൂക്ഷ്മഭാഷയായി പ്രവർത്തിക്കുന്നു. (Austen, Jane. Pride and Prejudice, PP.58-65). ഈ കൃതികളിലേതുപോലെ തന്നെ, ഇന്ദുലേഖയിലും സ്ത്രീയുടെ തെരഞ്ഞെടുപ്പ് അവകാശം സാമൂഹ്യഘടനകളോട് മൗനമായ പ്രതിരോധമായി മാറുന്നു. (Devika, J. Engendering Individuals, PP.61-68).
അതേ സമയം, റഷ്യൻ യാഥാർത്ഥ്യ നോവലുകളിൽ പ്രത്യേകിച്ച് ഇവാൻ ടുർഗനേവിന്റെ[6] Fathers and Sons കാണുന്ന തലമുറ സംഘർഷം ഇന്ദുലേഖയിലും സാന്നിധ്യമുണ്ട്. പാരമ്പര്യബോധവും നവചിന്തയും തമ്മിലുള്ള ഈ സംഘർഷം, വ്യക്തിഗതബന്ധങ്ങളെ ബാധിക്കുന്നതിലൂടെ ഒരു സമൂഹത്തിന്റെ ആന്തരിക വിഭജനത്തെ പ്രതിനിധീകരിക്കുന്നു. (Turgenev, Ivan Fathers and Sons, PP.112-120). ഈ സാമ്യം ഇന്ദുലേഖയെ ആഗോള ആധുനികതയുടെ ഒരു പ്രാദേശിക രൂപമായി വായിക്കാൻ ഇടയാക്കുന്നു. (Lukacas, Georg. The Historical Novel, PP.188-195).
ഇന്ത്യൻ പശ്ചാത്തലത്തിൽ, ബങ്കിംചന്ദ്ര ചാറ്റോപാധ്യായുടെ[7] സാമൂഹ്യനോവലുകളു മായി ഇന്ദുലേഖ പങ്കിടുന്ന സാമ്യങ്ങൾ ശ്രദ്ധേയമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ സ്വാധീനം, നൈതികതയും ആചാരങ്ങളും തമ്മിലുള്ള സംഘർഷം, പരിഷ്കാരചിന്തയുടെ പരിമിതികൾ-ഇവയെല്ലാം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പരിഷ്കാരസാഹിത്യത്തിന്റെ പൊതുലക്ഷണങ്ങളാണ്. (Chatterjee, Bankimchandra. Rajmohan’s wife, PP.23-31). ഇന്ദുലേഖ ഈ പ്രവാഹത്തിൽ നിന്ന് വേറിട്ടു നിൽക്കുന്നതെങ്കിലും അതുമായി സംവദിച്ചുകൊണ്ടാണ് സ്വന്തം ശബ്ദം രൂപപ്പെടുത്തുന്നത്. (Viswanathan, Gauri Masks of Conquest, PP.104-111).
കൂടാതെ, നോവലിന്റെ യാഥാർത്ഥ്യബോധവും മാനസിക ആന്തരികതയും വിക്ടോറിയൻ നോവലുകളുടെ ആത്മാവിനോട് സാമ്യമുള്ളതാണ്. സാമൂഹ്യക്രമങ്ങളുടെ വിമർശനം വ്യക്തികളുടെ ആത്മസംഘർഷങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ രീതി, ഇന്ദുലേഖയെ ആഗോള യാഥാർത്ഥ്യനോവൽ പരമ്പരയിൽ സ്ഥാനം നൽകുന്നു. (Watt, Ian. The Rise of the Novel, PP. 290-297) ഇവിടെ പരിഷ്കാരം ഒരു രാഷ്ട്രീയ പ്രഖ്യാപനമല്ല; മറിച്ച് വായനക്കാരന്റെ ബോധത്തിൽ പതിയുന്ന ഒരു മാനസിക പ്രക്രിയയാണ്. (Eagleton, Terry. The Event of Literature, PP.81-87).
അതിനാൽ, ഇന്ദുലേഖയുടെ അന്തർദേശീയ സാമ്യങ്ങൾ അതിന്റെ പ്രാദേശികതയെ ഇല്ലാതാക്കുന്നില്ല; മറിച്ച് അതിനെ ആഗോള സാഹിത്യസംവാദത്തിന്റെ ഭാഗമാക്കുന്നു. ഭാഷാപരമായ അതിരുകൾക്കപ്പുറം, മനുഷ്യബോധത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഒരു പൊതുചിന്തയാണ് ഈ നോവൽ പങ്കുവെയ്ക്കുന്നത്. ഈ സാമ്യം തന്നെയാണ് ഇന്ദുലേഖയെ ഒരു പ്രാദേശിക സാമൂഹ്യ നോവലിൽ നിന്നുയർത്തി, ആധുനിക ലോകസാഹിത്യത്തിന്റെ ശാന്തമായ ഒരു സംഭാഷണസ്ഥാനമായി മാറ്റുന്നത്. (Damrosch, David. What is World Literature? PP.98-104).
തുലനാത്മക പ്രതീകങ്ങൾ
(Comparative Perspectives)
ഇന്ദുലേഖയെ തുലനാത്മക സാഹിത്യപരിപ്രേക്ഷ്യത്തിൽ സമീപിക്കുമ്പോൾ, അത് ഒരു പ്രാദേശിക സാമൂഹ്യനോവലെന്ന പരിധിവിട്ട്, പത്തൊൻപതാം നൂറ്റാണ്ടിലെ ആഗോള ആധുനികതയുമായി സംവദിക്കുന്ന ഒരു ബൗദ്ധിക കൃതിയായി പ്രത്യക്ഷപ്പെടുന്നു. (Damrosch, David. What is World Literature?, PP. 54-60). ഭാഷയും ദേശവും സംസ്കാരവും വ്യത്യസ്തമായിരുന്നാലും, സാമൂഹ്യപരിഷ്കാരവും വ്യക്തിബോധവും കേന്ദ്രമാ ക്കുന്ന നോവലുകൾ ലോകസാഹിത്യത്തിൽ പങ്കുവെക്കുന്ന ആശങ്കയിലൂടെ ബന്ധപ്പെട്ടു നിൽക്കുന്നു. ഇന്ദുലേഖ ഈ പൊതുപ്രവാഹത്തിൽ നിന്നാണ് തന്റെ സ്വതന്ത്രശബ്ദം കണ്ടെത്തുന്നത്.
യൂറോപ്യൻ പരിഷ്കാര നോവലുകളുമായി ഇന്ദുലേഖ പങ്കിടുന്ന പ്രധാന സാമ്യം സ്ത്രീബോധത്തിന്റെ അവതരണത്തിലാണ്. ജെയിൻ ഓസ്റ്റിന്റെ Pride and Prejudice പോലുള്ള കൃതികളിൽ സ്ത്രീയുടെ വിവേകബോധവും വ്യക്തിഗത തെരഞ്ഞെടുപ്പും സാമൂഹ്യഘടനകളോടുള്ള ശാന്തമായ പ്രതിരോധമായി പ്രവർത്തിക്കുന്നു. (Ansten, Jane. Pride and Prejudice, PP.72-79) ഇതുപോലെ തന്നെ, ഇന്ദുലേഖയിലും സ്ത്രീയുടെ ആത്മബോധം പാരമ്പര്യബന്ധങ്ങളെ ചോദ്യം ചെയ്യുന്ന ബൗദ്ധിക ശക്തിയായി മാറുന്നു. (Devika, J. Engendering Individual, PP.70-77). ഇവിടെ പരിഷ്കാരം അക്രമാത്മകമല്ല; അത് ചിന്തയുടെ പരിണാമമാണ്.
റഷ്യൻ യാഥാർത്ഥ്യ നോവലുകളിൽ കാണുന്ന തലമുറ സംഘർഷം – പ്രത്യേകിച്ച് ഇവാൻ ടുർഗനേവിന്റെ Fathers and Sons- ഇന്ദുലേഖയിലും പ്രകടമാണ്. നവചിന്തയും പാരമ്പര്യവും തമ്മിലുള്ള സംഘർഷം വ്യക്തിഗത ബന്ധങ്ങളെ വിച്ഛേദിക്കുന്നതിലൂടെ, സമൂഹത്തിന്റെ ആന്തരിക വിഭജനത്തെ ദൃശ്യമാക്കുന്നു. (Turgenev, Ivan. Fathers and Sons, PP.126-134). ഈ സംഘർഷം ഇന്ദുലേഖയെ ഇന്ത്യൻ സാമൂഹ്യപരിഷ്കാരത്തിന്റെ രേഖ മാത്രമല്ല, ആഗോള ആധുനികതയുടെ പ്രാദേശിക രൂപമായി വായിക്കാൻ സഹായിക്കുന്നു. (Lukacs, Georg. The Historical Novel, PP.201-208).
ഇന്ത്യൻ സാഹിത്യപരമ്പരയിൽ, ബങ്കിചന്ദ്രചതോപാധ്യായുടെ സാമൂഹ്യ നോവലുകളുമായി ഇന്ദുലേഖയ്ക്കുള്ള ബന്ധം ശ്രദ്ധേയമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസം സൃഷ്ടിച്ച ബൗദ്ധികപരിഷ്കാരം, ആചാരങ്ങളും യുക്തിവാദവും തമ്മിലുള്ള സംഘർഷം, പരിഷ്കാരത്തിന്റെ നൈതിക പരിമിതികൾ - ഇവയെല്ലാം ഉപഭൂഖണ്ഡമാകെ പങ്കുവെച്ച അനുഭവങ്ങളാണ്. (Chatterjee, Bankimchandra Rajmohan’s Wife, PP.34-41). ഇന്ദുലേഖ ഈ സംവാദത്തിന്റെ ഭാഗമായിരുന്നാലും, അതിന്റെ സ്ത്രീകേന്ദ്രിതബോധം അതിനെ വേറിട്ടു നിർത്തുന്നു. (Viswanathan Gauri. Marks of Conquest, PP.113-119).
ഘടനാപരമായി, സാമൂഹ്യവിമർശനം വ്യക്തികളുടെ മാനസിക അനുഭവങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതി വിക്ടോറിയൻ നോവലുകളുടെ ആത്മാവിനോട് ഇന്ദുലേഖയെ ബന്ധിപ്പിക്കുന്നു. ഇവിടെ സാമൂഹ്യ പരിഷ്കാരം ഒരു പ്രഘോഷണമല്ല; വായനക്കാരന്റെ ബോധത്തിൽ പതിയുന്ന ഒരു മൗനപരിവർത്തനമാണ്. (Watt, Ian. The Rise of the Novel, PP.301-308). ഈ രീതി ഇന്ദുലേഖയെ ആഗോള യാഥാർത്ഥ്യനോവൽ പരമ്പര യിലെ ഒരു ശാന്തശബ്ദമായി മാറ്റുന്നു. (Eagleton, Terry. The Event of Literature, PP.90-95).
ഇതിനാൽ, ഇന്ദുലേഖയുടെ തുലനാത്മക വായന അതിന്റെ പ്രാദേശികതയെ ഇല്ലാതാക്കുന്നില്ല; മറിച്ച്, ലോകസാഹിത്യത്തിലെ സമാനചിന്തകളുമായി ബന്ധിപ്പിച്ച് അതിന്റെ ബൗദ്ധിക വ്യാപ്തി വികസിപ്പിക്കുന്നു. മനുഷ്യബോധത്തിന്റെ പരിണാമത്തെക്കുറിച്ചുള്ള ഒരു ആഗോള സംഭാഷണത്തിൽ ഇന്ദുലേഖ പങ്കുചേരുന്നു എന്ന തിരിച്ചറിവാണ് ഈ ദൃഷ്ടികോണം നൽകുന്നത്. (Damrosch, David. What is World Literature?, PP.102-108).
പഠനവിശകലനം
(Textual Analysis)
ഇന്ദുലേഖയുടെ പാഠം സൂക്ഷ്മമായി വായിക്കുമ്പോൾ, സാമൂഹ്യപരിഷ്കാരവും ബൗദ്ധിക ഉണർവും വാചികപ്രഖ്യാപനങ്ങളിലൂടെയല്ല; മറിച്ച് ഭാഷയുടെ നിഴലുകളിലൂടെയും ദൃശ്യബിംബങ്ങളുടെ ആവർത്തനങ്ങളിലൂടെയും രൂപപ്പെടുന്നതായി കാണാം. (Menon, O.Chandu. Indulekha, PP.61-68). നോവലിന്റെ പാഠഘടന ആശയങ്ങളെ നേരിട്ട് പ്രഖ്യാപിക്കുന്നതിൽനിന്ന് മാറി, അവയെ വായനക്കാരന്റെ ബോധത്തിൽ പതിയുന്ന അനുഭവങ്ങളാക്കി മാറ്റുന്ന രീതിയിലാണ് മുന്നേറുന്നത്. ഈ പാഠാത്മക സൂക്ഷ്മതയാണ് ഇന്ദുലേഖയെ ഒരു വാദാത്മകകൃതിയായി മാറ്റുന്നത്. (Williams, Raymond. The Long Revolution, PP.72-78).
ഭാഷയുടെ തെരഞ്ഞെടുപ്പ് ആദ്യം ശ്രദ്ധേയമാകുന്നു. പരമ്പരാഗത വിവരണ ഭാഷയും നവീന ചിന്താഭാഷയും തമ്മിലുള്ള സൂക്ഷ്മമായ സംഘർഷം പാഠത്തിൽ നിലനിൽക്കുന്ന (Panikar, K. Ayyappa. A Short History of Malayalam Literature, PP.128-134). ചില ഭാഗങ്ങളിൽ ഭാഷ പാരമ്പര്യബോധത്തിന്റെ ഭാരമേറ്റെടുക്കുമ്പോൾ, മറ്റുഭാഗങ്ങളിൽ യുക്തിവാദത്തിന്റെയും ആധുനികബോധത്തിന്റെയും ശബ്ദമായി മാറുന്നു. ഭാഷാപരമായ ഈ മാറ്റം തന്നെ നോവലിന്റെ ആശയസംഘർഷത്തിന്റെ പാഠാത്മക പ്രതിഫലനമാണ്.
സ്ഥലങ്ങളുടെ വിവരണം പാഠവിശകലനത്തിൽ നിർണ്ണായകമാണ്. ഗൃഹാന്തരങ്ങൾ അടച്ചുപൂട്ടലിന്റെയും പാരമ്പര്യനിയന്ത്രണത്തിന്റെയും സൂചനകളായി പ്രത്യക്ഷപ്പെടുമ്പോൾ, വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്ന ഇടങ്ങളും ചിന്താവിസ്താരത്തിന്റെ സാധ്യതകളെ പ്രതിനിധീകരിക്കുന്നു. (Devika, J. Engendering Individuals, PP.81-87). ഈ ദൃശ്യ വ്യത്യാസം കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളുമായി ചേർന്ന്, സ്ഥലങ്ങളെ ബൗദ്ധിക അവസ്ഥകളായി മാറ്റുന്നു. പാഠത്തിൽ സ്ഥലം ഒരു ഭൗതിക ഘടനയല്ല; അത് ചിന്തയുടെ ഭൂപടമാണ്. (Said Edward Kl. Culture and Imperialism, PP.102-108).
കഥാപാത്രസംവാദങ്ങൾ നോവലിലെ വാദങ്ങളുടെ പ്രധാന പാഠാത്മക ഉപകരണങ്ങളാണ്. വാദപ്രതിവാദങ്ങളായി തോന്നാത്ത സംഭാഷണങ്ങൾ പോലും, സൂക്ഷ്മമായ ആശയ വ്യത്യാസങ്ങൾ വെളിപ്പെടുത്തുന്നു. ഒരേ സാമൂഹ്യസാഹചര്യത്തെ കഥാപാത്രങ്ങൾ വ്യത്യസ്തമായി വായിക്കുന്നരീതി, പാഠത്തിൽ ആശയബഹുസ്വരത സൃഷ്ടിക്കുന്നു. (Eagleton Terry. The Event of Literature, PP.95-101) ഇതുവഴി, നോവൽ ഏകദിശയായ പരിഷ്കാര പ്രഖ്യാപനം ഒഴിവാക്കി, ചിന്തയുടെ സംവാദാത്മക സ്വഭാവം നിലനിർത്തുന്നു.
സ്ത്രീകഥാപാത്രങ്ങളുടെ ആന്തരിക ചിന്തകൾക്ക് പാഠത്തിൽ നൽകുന്ന പ്രാധാന്യം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. സ്ത്രീബോധം പുറംലോകത്തോട് പ്രതികരിക്കുന്നതിലുപരി, അതിന്റെ ആന്തരിക സംഘർഷങ്ങളിലൂടെയാണ് രൂപപ്പെടുന്നത് (Devika, J. Engendering Individuals, PP.88-93). ഈ ആന്തരികസ്വരം വായനക്കാരനെ വ്യക്തിഗത അനുഭവത്തിന്റെ തലത്തിലേക്ക് നയിക്കുകയും, സാമൂഹ്യപ്രശ്നങ്ങളെ മാനസികാനുഭവങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. ഇതാണ് നോവലിന്റെ ചികിത്സാപരമായ പാഠാത്മക ശക്തി. (Freud, Sigmund. Creative Writers and Day-Dreaming, PP.149-155).
ഇന്ദുലേഖയിലെ പരിഷ്കരണ സ്വരം ഏറ്റവും വ്യക്തമായി പ്രകടമാകുന്നത് മാധവനും പഞ്ചുമേനോനും തമ്മിലുള്ള സംഭാഷണ വേളയിലാണ്. അതിന് പിന്നാലെയുള്ള പഞ്ചുമേനോന്റെ പ്രതിജ്ഞ വായനക്കാരെ ഒരു ഭീതിതാന്തരീക്ഷത്തിലേക്ക് നയിക്കുന്നു. ഇന്ദുലേഖയെ മാധവന് വിവാഹം കഴിക്കാൻ നൽകില്ലെന്ന് പഞ്ചുമേനോന്റെ പ്രതിജ്ഞ പിതൃത്വാധിപത്യത്തിനും പരിഷ്കരണാത്മക ബോധത്തിനും ഇടയിൽ നോവൽ നടത്തുന്ന സംവാദത്തെ ഉദാഹരിക്കുന്നു . " പഞ്ചുമേനോൻ : എന്നാൽ ഞാൻ പറയാം എന്റെ ശ്രീ പോർക്കലി ഭഗവതിയാണേ[8] ഞാൻ ഇന്ദുലേഖയെ മാധവനു കൊടുക്കുകയില്ല"(ക്രിട്ടിക്കൽ എഡിക്ഷൻ - ഇന്ദുലേഖ , ചന്തുമേനോൻ , ഡോ.പി.കെ. രാജശേഖരൻ, ഡോ.പി.വേണുഗോപാൽ)
അവസാനമായി, പാഠത്തിന്റെ ഘടന തന്നെ പരിഷ്കാരത്തിന്റെ താളം പിന്തുടരുന്നതായി കാണാം. പെട്ടെന്നുള്ള വിച്ഛേദങ്ങളോ അക്രമാത്മക മാറ്റങ്ങളോ ഇല്ലാതെ, ചിന്തയുടെ സ്വാഭാവിക പരിണാമമാണ് പാഠം രേഖപ്പെടുത്തുന്നത് (Lukacas, Georg. The Historical Novel, PP.210-215). ഈ ഘടനാപരമായ ശാന്തതയാണ് ഇന്ദുലേഖയെ ഒരു ചരിത്രനോവലായി മാത്രമല്ല, ബൗദ്ധിക പരിണാമത്തിന്റെ പാഠരേഖയായി വായിക്കാൻ പ്രേരിപ്പിക്കുന്നത്.
നിരൂപണം (Conclusion)
ഇന്ദുലേഖ ചരിത്രനോവലായി മാത്രം രേഖപ്പെടുത്തുമ്പോൾ; അത് പത്തൊൻപതാം നൂറ്റാണ്ടിലെ കേരള സമൂഹത്തിന്റെ ബൗദ്ധിക, സാമൂഹ്യ, മാനസിക പരിതസ്ഥിതികളെയും ദൃശ്യാനുഭവങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്ന സാഹിത്യരചനയാണ് (Menon O. Chandu. Indulekha, PP.1-15). സാമൂഹ്യവും മതപരവുമായ ആചാരങങളെ ചോദ്യം ചെയ്യുന്ന നോവലിന്റെ വിമർശനബോധം, വ്യക്തിപരമായ ബോധപരിണാമങ്ങൾക്കും സമകാലിക സാമൂഹ്യസംഘർഷങ്ങൾക്കുമിടയിൽ രൂപപ്പെടുന്ന സംസ്കൃതി സഞ്ചാരത്തിന്റെ പ്രതീകമായി മാറുന്നു. (Devika, J. Engendering Individuals, PP.48-55).
പാഠവിശകലനത്തിന്റെ സൂക്ഷ്മമായ സമീപനം നോവലിലെ ഭാഷ, ദൃശ്യബിംബങ്ങൾ, രംഗങ്ങൾ, കഥാപാത്രസംവാദങ്ങൾ എന്നിവ വായനക്കാരുടെ ബോധത്തിലേക്ക് എത്തിക്കുന്നു. (Williams, Raymond. The Long Revolution, PP.72-78). ഭാഷയും സ്ഥലവും മാനസികാവസ്ഥകളുമായി ചേർന്ന് നോവലിന്റെ ബൗദ്ധിക ഉണർവും ചിന്താസമ്പത്തും ഉയർത്തുന്നു, അതുവഴി വായനക്കാരൻ സാമൂഹ്യപരിഷ്കാരത്തിനുള്ള ആശയപരിപ്രവാഹത്തിൽ പങ്കാളിയാകുന്നു. (Paniker, K. Ayyappa. A Short History of Malayalam Literature, PP.128-134).
അന്തർദേശീയ സമാനതകളും തുലനാത്മക വായനകളും ഇന്ദുലേഖയുടെ പ്രാദേശികതയെ വിപുലീകരിച്ച് ആഗോളസാഹിത്യസംവാദത്തിന്റെ ഭാഗമാക്കുന്നു. (Damrosch, David. What is World Literature?, PP.102-108). യൂറോപ്യൻ, റഷ്യൻ, ഇന്ത്യൻ സമൂഹങ്ങളിലെ പരിഷ്കാര നോവലുകൾക്കൊപ്പം ഈ കൃതിയുടെ ആശയങ്ങൾ സംവിദിക്കുന്നുവെന്നതു വ്യക്തമായതാണ്. സ്ത്രീബോധത്തിന്റെ കേന്ദ്രത്വം, മാനസിക സംഘർഷങ്ങളുടെ പ്രതിഫലനം, സാമൂഹ്യ വിമർശനത്തിന്റെ ശാന്തത - all these elements make Indulekha a work that bridges the local and the global, the historical and the psychological (Austen, Jane. Pride and Prejudice, PP.72-79; Turgenev, Ivan. Fathers and Sons, PP.126-136).
ഇന്ത്യൻ ഭാഷാപരമ്പരയിലേക്കും സാമൂഹ്യപരിഷ്കാര സാഹിത്യത്തിലേക്കും ഇന്ദുലേഖ നൽകിയ സംഭാവനകൾ അനന്യമാണ്. വിദ്യാഭ്യാസം, ആചാരങ്ങൾ, യുക്തിവാദം എന്നിവയെ നിരീക്ഷിച്ചുള്ള നോവൽ, ഒരു കാലഘട്ടത്തിന്റെ സാമൂഹ്യരേഖ മാത്രമേല്ല, ബൗദ്ധിക ഉണർവും മാനസിക ശാന്തിയും സംവദിക്കുന്ന ഒരു സാഹിത്യാവകാശവുമാണ്. (Chatterjee, Bankimchandra. Rajmohan’s Wife, PP.34-41; Viswanathan, Gauri, Masks of Conquest, PP.113-119).
അവസാനമായി, ഇന്ദുലേഖ ഒരു ചരിത്രനോവലായും സാമൂഹ്യപരിഷ്കാരത്തിന്റെ രേഖയായും, അന്തർദേശീയ സംവാദത്തിന്റെ ഭാഗമായും, വ്യക്തി മനസ്സിന്റെ പരിണാമത്തെ പ്രതിഫലിപ്പിക്കുന്ന സാമൂഹ്യബോധവും ബൗദ്ധിക ദർശനവുമുള്ള കൃതിയുമാണെന്ന് സ്ഥാപിക്കാം. ഭാഷ, ദൃശ്യബിംബങ്ങൾ, പാഠഘടന, അന്തർദേശീയ സാമ്യങ്ങൾ, തുലനാത്മക വീക്ഷണങ്ങൾ - all these coverage to present Indulekha as a literary artefact that transcends its temporal and spatial boundaries, inviting readers into a reflective, historical, and humanistic dialogue (Eagleton, Terry. The Event of Literature, PP.90-95; Lukacks, Georg. The Historical Novel, PP.210-215)
References (MLA9)
1. Austen, Jane. Pride and Prejudice. London: T. Egerton, 1813. PP.72-79.
2. Chatterjee, Bankimchandra Rajmohan’s Wife. Culcutta: Thacker, Sprink & Co., 1864. PP.34-41.
3. Damrosch, David. What is World Literature? Princeton: Princeton University Press, 2003. PP. 54-60, 102-108.
4. Devika, J.Engendering Individuals. The Language of Reform and the Malayalam Public Sphere, Hyderabad: Orient Blackswan, 2007. PP.48-55, 70-77, 81-87, 88-93.
5. Eagleton, Terry. The Event of Literature. London: Yale University Press, 2012. PP.90-95, 95-101.
6. Frued, Sigmund. Creative Writers and Day-Precaming. London: Hogarth Press, 1908. PP.149-155.
7. Lukacas, Georg. The Historical Novel, London: Merlin Press, 1962. PP.201-208, 210-215.
8. Menon, O.Chandu. Indulekha. Trivandrum: Current Books, 1889. PP.1-15, 61-68.
9. Paniker, K. Ayyappa. A Short History of Malayalam Literature. Delhi: Sahitya Akademi, 2005. PP.128-134.
10. Said-Edward W. Culture and Imperialism, New York: Knopf, 1993. PP.102-108.
11. Turgenev. Ivan. Fathers and Sons, Moscow: Foreign Languages Publishing House, 1862. PP.126-134.
12. Viswanathan, Gauri. Masks of Conquest: Literary Study and British Rule in India. New York: Columbia University Press, 1989. PP.113-119.
13. Watt, Ian. The Rise of the Novel: Studies in Defoe, Richardson and Fielding. Berkeley: University of California. Press, 1957. PP.301-308.
14. Williams, Raymond. The Long Revolution. London: Chatto & Windus, 1961. PP.72-78.
[1] ഡോ. പി. കെ . രാജശേഖരൻ . വിമർശകൻ , സാഹിത്യ നിരൂപകൻ , പത്രപ്രവർത്തകൻ, അധ്യാപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്. ലോക സാഹിത്യത്തിലെ വിഖ്യാത നോവലുകൾ മലയാളത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.
[2] ഡോ. പി . വേണുഗോപാലൻ . മലയാള കഥാകാരൻ , നാല് നോവലുകളും പതിനാല് ചെറുകഥാ സമാഹാരങ്ങളുമടക്കം ഇരുപതോളം പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടു.
[3] കൊളോണിയൽ കേരളം . 1498ൽ വാസ്കോഡഗാമയുടെ വരവോടെ പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് ആധിപത്യം കൊളോണിയൽ കേരളത്തിന്റെ സവിശേഷതയാണ് .ഈ കാലഘട്ടം കേരളത്തിന്റെ വ്യാപാര- സാംസ്കാരിക- ഭരണപരമായ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തി
[4] Reading novel as a physical therapy. Reading novels acts as a potent form of bibliotherapy, reducing stress and anxiety by promoting relaxation, empathy and mental stimulation
[5] Reformist Novel . സാമൂഹിക അനാചാരങ്ങൾ, ജാതി വ്യവസ്ഥ, സ്ത്രീ ജീവിതം , വിദ്യാഭ്യാസം ,ആധുനികത തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണവും മാറ്റത്തിനുള്ള ആഹ്വാനവും ലക്ഷ്യമാക്കി രൂപപ്പെട്ട നോവൽ വിഭാഗമാണ് പരിഷ്കരണാത്മകനോവൽ . പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിലെ തുടക്കവും മലയാളസാഹിത്യത്തിൽ ഈ നോവൽ രൂപം സാമൂഹിക നവോത്ഥാന ആശയങ്ങളുടെ പ്രചാരകനായി നിർണായക പങ്കു വഹിച്ചു .
[6] ഇവാൻ തുർഗെനേവ് . റഷ്യൻ സാഹിത്യകാരനാണ്. നോവലുകളും അനേകം കഥകളും രചിച്ചിട്ടുണ്ട്
[7] ബങ്കിം ചന്ദ്ര ചതോപാഥ്യയ. ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവർത്തകമായിരുന്നു ബങ്കിം ചന്ദ്ര ചതോപാഥ്യയ എന്ന ബങ്കിം ചന്ദ്ര ചാറ്റർജി. വന്ദേമാതരത്തിന്റെ രചയിതാവ് എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാണ്. ധാരാളം നോവലുകളും കവിതകളും രചിച്ചിട്ടുണ്ട്
[8] ശ്രീ പോർക്കലി എന്ന ദേവി സങ്കല്പം ശ്രീ മഹാലക്ഷ്മി ദേവിയുടെ ഒരു ഭാവമാണ് പടയ്ക്ക് പോകുന്നതിനു മുൻപായി ഈ ദേവിയെ പൂജിക്കുന്ന പതിവും മുൻപ് ഉണ്ടായിരുന്നു
ആർച്ച മുകുന്ദൻ
അസിസ്റ്റന്റ് പ്രൊഫസർ (ഓൺ കോൺട്രാക്ട്), മലയാളവിഭാഗം ,
ടി.കെ.എം . കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
archamukundan@gmail.com , mobile : 9961516430
ഡോ. നജീം . ഇ ,
ടി.കെ.എം . കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്


Comments