top of page

സമയത്തിന്റെയും ചലനത്തിന്റെയും സിനിമ: ഡെല്യൂസിയൻ ആശയങ്ങൾക്ക് ഒരു ആമുഖം

  • 3d
  • 4 min read
പ്രതിഭ പി. പി.

പ്രബന്ധ സംഗ്രഹം

ഫ്രഞ്ച് തത്വചിന്തകനായ ഗില്ലെസ് ഡെല്യൂസ് 1983-1985 കാലഘട്ടങ്ങളിലായി തന്റെ സിനിമ കാഴ്ചപ്പാടുകളെ സംയോജിപ്പിച്ചുകൊണ്ട് സൃഷ്‌ടിച്ച രണ്ട് പുസ്തകങ്ങളാണ് സിനിമ 1 ദി മൂവ്മെന്റ് ഇമേജ്, സിനിമ 2 ദി ടൈം ഇമേജ്. ഇരുപതാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ചലച്ചിത്ര സിദ്ധാന്തങ്ങളെക്കുറിച്ചുള്ള  ഏറ്റവും മൗലികവും ദാർശനികപരവും സമഗ്രവുമായ ഈ രണ്ട് കൃതികളിലൂടെ സിനിമ എന്ന കലാസൃഷ്ടിയുടെ എറ്റവും ആന്തരികമായ സത്യത്തെയും അതിലേക്ക് നയിക്കപ്പെടുന്ന മനുഷ്യ ചിന്തയുടെ പ്രത്യേകതകളെയും തേടി കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ് രചയിതാവ്. കഥകളും വിവരണങ്ങളും അവതരിപ്പിക്കുന്ന ഏതെങ്കിലും ഒരു മാർഗമായി സിനിമയെ കാണാൻ ഡെല്യൂസ് സന്നദ്ധനായിരുന്നില്ല. സിനിമാറ്റിക് (സിനിമയെ സംബന്ധിച്ച ) രൂപത്തിന്റ രീതി തന്നെ ചിന്തയുടെയും ഭാവനയുടെയും മറ്റൊരു സാധ്യതയെ തന്നെ മാറ്റിമറിക്കുന്നതായി അദ്ദേഹം കണ്ടു. മറ്റൊരു വീക്ഷണകോണിൽ നിന്ന് ഇതെല്ലാം തന്നെ ഒരു തത്വചിന്തയുടെ ഭാഗമാണെന്ന് അദ്ദേഹം വിലയിരുത്തി. സമയത്തെയും ചലനത്തെയും ജീവിതത്തെയും മൊത്തത്തിൽ സിദ്ധാന്തീകരിക്കാൻ അദ്ദേഹം സിനിമയെ ഉപയോഗിക്കുന്നു.

താക്കോൽ വാക്കുകൾ

കാഴ്ച, സമയ ചിത്രം, സിനിമാറ്റിക്, അവതരണം, ചലന ചിത്രം

ആമുഖം

 ആധുനിക കാലഘട്ടത്തിൽ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രാധാന്യമുള്ള സംഭവങ്ങളിലൊന്നാണ് സിനിമ. മനുഷ്യന്റെ കണ്ണുമായി ബന്ധമില്ലാത്ത ഒരു ‘കാണുന്ന’ രീതിയെക്കുറിച്ച് ചിന്തിക്കാൻ സിനിമ നമ്മെ പ്രേരിപ്പിക്കുന്നു. ആ സന്ദർഭത്തിൽ സിനിമ നമുക്ക് percept (കാഴ്ച) പോലുള്ള എന്തോ ഒന്ന്  വാഗ്ദാനം ചെയ്യുന്നുണ്ട്. ഡെല്യൂസിന്റെ സിനിമ പുസ്തകങ്ങൾ ചലനത്തെക്കുറിച്ചും സമയത്തെക്കുറിച്ചും പ്രതിച്ഛായയുടെ സത്തയെ ക്കുറിച്ചുമെല്ലാം നിരന്തരം അന്വേഷണാത്മകമായ പരിശോധനയ്ക്ക് വിധേയമാക്കുന്നു.എന്നാൽ ഡെല്യൂസ് സിനിമയെ മറ്റൊരു ദിശയിലേക്ക് അല്ലെങ്കിൽ സിനിമയിലൂടെ നയിക്കപ്പെടുന്ന മനുഷ്യ ചിന്തയുടെ  സങ്കീർണമായ മറ്റൊരു തലത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. സെമിയോട്ടിക്‌, മനഃശാസ്‌ത്രപരമായ അല്ലെങ്കിൽ പ്രത്യയശാസ്‌ത്രപരമായ വീക്ഷണകോണിൽ നിന്ന് സിനിമകളെ വിമർശിക്കുന്നതിനു പകരം, ഹെൻറി ബെർഗ്സന്റെ ചലനത്തിന്റെയും സമയത്തിന്റെയും സിദ്ധാന്തത്തെയും ചാൾസ് സാൻഡേഴ്സ് പിയേഴ്സന്റെ അടയാളങ്ങളുടെ സിദ്ധാന്തത്തെയും അടിസ്ഥാനമാക്കി സിനിമാ ചിത്രങ്ങളുടെ ഒരു ദാർശനിക വർഗീകരണം ഡെല്യൂസ് സൃഷ്ടിക്കുന്നു. സിനിമയെ അഭിമുഖീകരിക്കുന്നത് ഒരു പുതിയ തത്വചിന്തയുടെ മേഖലയിലേക്ക് നമ്മെ തുറക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സിനിമയെക്കുറിച്ചുള്ള ഡെല്യൂസിന്റെ രണ്ട് പുസ്തകങ്ങളും ജീവിതവും മാനുഷികവും ആയ, നമുക്ക് തിരിച്ചറിയാനാവുന്ന രൂപങ്ങൾക്കുമപ്പുറത്തേക്ക് ഇതുവരെ ലഭ്യമായിട്ടില്ലാത്ത  ഏറ്റവും നിർണായകമായ ചില വാദമുഖങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ചിത്രങ്ങളുടെ ഒരു കൂട്ടമെന്ന നിലയിൽ സിനിമകളെ കുറിച്ചുള്ള സമൂലമായ പുതിയ ചിന്താരീതിക്ക് രണ്ട് പുസ്തകങ്ങളും ആഹ്വാനം ചെയ്യുന്നു.

സെൻസറി- മോട്ടോർ ബന്ധങ്ങളെയും ക്ലാസ്സിക്‌ കഥാഘടനയെയും അടിസ്ഥാനമാക്കിയുള്ള ചലനചിത്രത്തെ കുറിച്ച് ആദ്യ ഭാഗം വിവരിക്കപ്പെടുന്നു. രണ്ടാം ഭാഗം യുദ്ധാനന്തര സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന സമയ ചിത്രത്തെ കുറിച്ചും ആക്ഷൻ അടിസ്ഥാനമാക്കിയുള്ള കഥകൾ സാധാരണയായി പറയുന്ന രീതിയെക്കുറിച്ചും വിശദമാക്കുന്നു.  തത്വശാസ്ത്രത്തിലെ ‘സിനിമകൾ’ എന്ന് വിളിക്കപ്പെടാവുന്ന ഡെല്യൂസ് ന്റെ ഈ പുസ്തകങ്ങൾ ചലച്ചിത്ര സിദ്ധാന്തത്തെയോ തത്വചിന്തയെയോക്കുറിച്ചുള്ള മറ്റ് പുസ്തകങ്ങളെ പോലെയല്ല. പകരം സമയം, ചലനം, ധാരണ, ചിന്ത തുടങ്ങിയ അതിഭൗതിക പ്രശ്നങ്ങളെ പരിശോധിക്കാൻ സിനിമകൾ ഒരു പ്രത്യേക സ്ഥലമായി ഉപയോഗിക്കുന്ന ദാർശനിക സൃഷ്ടികളാണ് അവ. എന്താണ് ഒരു ചിത്രം? സിനിമ നിങ്ങളെ എങ്ങനെ ചിന്തിപ്പിക്കുന്നു? തുടങ്ങിയ പ്രധാന ചോദ്യങ്ങളെ ഈ പുസ്തകങ്ങൾ മുന്നോട്ട് വയ്ക്കുന്നു. തത്വചിന്ത കണ്ടെത്തേണ്ട വഴികളിൽ യാഥാർഥ്യം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ കഴിയുന്ന ചിത്രങ്ങളുടെയും അടയാളങ്ങളുടെയും പുതിയ പരിശീലനമായി സിനിമ മാറുന്നു.

ബെർഗ്സന്റെ മെമ്മറി സിദ്ധാന്തത്തെ അടിസ്ഥാനമാക്കി വർത്തമാനവും ഭൂതകാലവും എല്ലായ്‌പ്പോഴും ഒരുമിച്ച് ജീവിക്കുന്നുവെന്ന് ഡെല്യൂസ് പറയുന്നു. കഥയ്ക്ക് ഫ്ലാഷ്ബാക്കുകൾ വിശദീകരിക്കേണ്ട ആവശ്യമില്ല. അവ വർത്തമാന കാലത്തോടൊപ്പം തുല്യമായ യഥാർത്ഥ മാനങ്ങളായി ജീവിക്കുന്നു. ഭൂതകാലവും വർത്തമാനകാലവും ഒരേ സമയം സംഭവിക്കുന്നതായി സമയത്തിന്റെ ഘടന ഒരു ക്രിസ്റ്റൽ ചിത്രം കാണിക്കുന്നു.ഇത് പ്രധാനമായും നേടിയെടുത്തത് സമയത്തിന്റെ ഭാവനയിലൂടെയാണ്. ഡെല്യൂസിന്റെ അഭിപ്രായത്തിൽ സിനിമയാണ് സമയത്തിന്റെ ഒരു ചിത്രം വാഗ്ദാനം ചെയ്യുന്നത്. സിനിമയെക്കുറിച്ചുള്ള ഈ പുസ്തകങ്ങളിൽ ഏറ്റവും അടിസ്ഥാനപരമായ വസ്തുതയെ ഉപയോഗിക്കാൻ അദ്ദേഹം ശ്രമിച്ചു. കാലാവസ്തുക്കളെയും സമയചിത്രം, കാഴ്ച എന്നിവയുടെയുമെല്ലാം ഇഴകീറി പര്യവേക്ഷണം ചെയ്യാനുള്ള പ്രധാന വാതിലുകളെ അദ്ദേഹം തുറന്ന് തരുന്നു. സമയചിത്രം (time image) എന്ന ആശയം സങ്കൽപ്പങ്ങളുടെ സ്വഭാവത്തെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു. സമയത്തിന്റെ തന്നെ അവതരണം, അത് ജീവിതത്തിന്റെ രൂപീകരണത്തെയും ചാലനാത്മകതെയും അഭിമുഖീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഒരു കലാരൂപത്തിന് ചിന്തയെ പരിവർത്തനം ചെയ്യാൻ കഴിയുന്ന രീതിയുടെ ഒരു ഉദാഹരണമായി ഡെല്യൂസ് സിനിമയെ അവതരിപ്പിച്ചപ്പോൾ വെറുമൊരു ഉദാഹരണമെന്നതിനേക്കാൾ എത്രയോ മുകളിലായി സിനിമ ചിന്താമണ്ഡലങ്ങളിൽ ഉയർന്ന് നിൽക്കുന്നു. സിനിമ എന്ന കലാസൃഷ്ടി സാഹിത്യത്തിലോ സിനിമയിലോ തന്നെ പുനർവിചിന്തനം ചെയ്യപ്പെടുമ്പോൾ അത് ഏറ്റവും മികച്ച രീതിയിലായിരിക്കും വെളിപ്പെടുന്നത്. സിനിമ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമാകുമ്പോൾ തന്നെ സിനിമാറ്റിക് എന്താണ് എന്നതിലേക്ക് കടക്കുന്നു. ഇത് നിരവധി ചിത്രങ്ങൾ പകർത്തി അവയെ ബന്ധിപ്പിക്കുകയും ഒരു sequence (ചലച്ചിത്രത്തിലെ ഒരു രംഗത്തിലെ ഉപഭാഗത്തിന്റെ ശ്രേണി) രൂപപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ക്യാമറയുടെ മാനുഷികമല്ലാത്ത കണ്ണുപയോഗിച്ച് sequence കൾ മുറിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ നിരവധിയാർന്ന മത്സരവീക്ഷണങ്ങളോ  ആംഗിളുകളോ സൃഷ്ടിക്കാൻ അതിന് കഴിയും.

സിനിമയെ സിനിമാറ്റിക് ആക്കുന്നത് ഏതൊരു നിരീക്ഷകനിൽ നിന്നും ചിത്രങ്ങളുടെ ക്രമാനുഗതമായ ഈ വിമോചനമാണ്. അതിനാൽ തന്നെ സിനിമയുടെ സ്വാധീനമെന്നത്  അതിന്റെ അവതരണമാണ്. ലോകത്തെക്കുറിച്ചുള്ള നമ്മുടെ ദൈനംദിന കാഴ്ച എല്ലായ്‌പ്പോഴും നമ്മുടെ താൽപ്പര്യങ്ങൾ മാത്രം ഉൾകൊള്ളുകയും നമ്മുടേത് മാത്രമായ ഒരു വീക്ഷണകോണിൽ നിന്നുമുള്ള കാഴ്ചയാണ്. എന്റെ ലോകത്തിലേക്കുള്ള ധാരണകളുടെ ഒഴുക്ക് ഞാൻ സംഘടിപ്പിക്കുന്നു. അതായത് ഞാൻ ഒരു വസ്തുവിനെ കസേരയായോ അല്ലെങ്കിൽ മേശയായോ കാണുന്നു. ഓരോ വസ്തുവും  എന്താണെന്നും ഏതാണെന്നും ഉള്ള കർമപദ്ധതി ഉൾക്കൊള്ളുന്ന കൃത്യമായ ഒരു ലോകം സൃഷ്ടിച്ചിരിക്കുന്നു. എന്റെ ലോകത്തെ അങ്ങനെ ചുരുക്കാം. സ്ഥിരതയാർന്ന ഈ ബാഹ്യ ലോക ചിന്ത പ്രവണതകളിൽ നിന്ന്  നമ്മെ മോചിപ്പിക്കാനുള്ള കഴിവ് ഡെല്യൂസ് ന്റെ സിനിമക്ക് ഉണ്ട്. നമുക്ക് താല്പര്യമുള്ളതോ അതല്ലെങ്കിൽ പ്രായോഗികമോ ആയ ബന്ധങ്ങൾ ചിത്രങ്ങളിൽ അടിച്ചേൽപ്പിക്കാതെ തന്നെ നമുക്ക് ഗ്രഹിക്കാൻ കഴിയുമെങ്കിൽ സിനിമയുടെ അവതരണത്തെക്കുറിച്ചു  തന്നെ നമുക്ക് ഒരു ധാരണ ലഭിച്ചേക്കാം.

ഒരു ഒറ്റവരിയിലെ സന്ദർഭങ്ങളുടെ കൂടിച്ചേരലുകളെ സമയമായി ഇനി ചിന്തിക്കേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട ചലനമെന്നാൽ തന്നെ, അതിന്റെ എല്ലാ വൈവിധ്യത്തിലും ഒരേ വീക്ഷണകോണിൽ നിന്നുമാണ് നാം കാണുന്നത്. മനുഷ്യ സാധ്യമായ എല്ലാ സൃഷ്ടിയിൽ നിന്നും യാഥാർഥ്യത്തിലേക്കുള്ള വ്യത്യാസത്തിന്റെ ശക്തിയായി സമയത്തെക്കുറിച്ച് ചിന്തിക്കുക. ഡെല്യൂസിനെ സംബന്ധിച്ചിടത്തോളം ഇതിനർത്ഥം നമ്മൾ അനുഭവിക്കുന്ന സമയം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നാണ്. നാം ജീവിക്കുന്ന ലോകം വർത്തമാന കാലത്തിൽ നിന്നും വിഭിന്നമായി വ്യക്തിത്വം ഇല്ലാത്ത ഒരു ഓർമ്മയുടെ യഥാർഥ്യമാണ്. അവ വാർത്തമാനത്തിൽ നിലനിൽക്കുന്നില്ലെങ്കിൽ തന്നെയും ഒരു ഓർമ്മക്ക് വർത്തമാനകാല ജീവിതത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ കഴിയും. എന്തെന്നാൽ അത് മുൻപ് നടന്നൊരു യഥാർഥ്യവും വാർത്തമാനകാലത്തോട് ചേർന്ന് നിൽക്കുന്നതുമായിരിക്കും. നാം ഒരു സിനിമ കാണുമ്പോൾ ഡാറ്റയെ വിവരണങ്ങളിലേക്കും കഥാപാത്രങ്ങളിലേക്കും അർത്ഥങ്ങളിലേക്കും വ്യാഖ്യാനിക്കുകയോ സമന്വയിപ്പിക്കികയോ  ചെയ്യുന്നു. സംവേദനക്ഷമതയില്ലാതെ തന്നെ ഒരു രൂപമോ ബന്ധമോ ചിന്തിക്കാൻ ഒരു ആശയം നമ്മെ അനുവദിക്കുന്നു. സങ്കൽപ്പങ്ങളുടെ ചലനത്തെക്കുറിച്ച് നാം ചിന്തിക്കുന്ന ഒരു വാക്കോ ശബ്ദമോ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കുന്നത് പോലെ ഒരു കലയ്ക്ക് എപ്പോഴും ഏതെങ്കിലും തരത്തിലുള്ള ക്രമമോ സമന്വയമോ അർത്ഥമോ ഉണ്ടായിരിക്കും. കലാ സൃഷ്ടികൾ നമ്മെ അനുഭവങ്ങളുടെ സംയോജനത്തിൽ നിന്ന് കൂട്ടിച്ചേർക്കപ്പെട്ടതിന്റെ ഫലങ്ങളിലേക്ക് തിരിച്ചു കൊണ്ടുപോകുന്നു. സിനിമയിൽ ഇത് രണ്ട് തരത്തിൽ ചെയ്യാൻ ശ്രമിക്കുന്നു.

സിനിമ എന്ന സംഭവത്തിന്റെ എല്ലാ ചിന്താഗതികളെയും പരിവർത്തനം ചെയ്യാൻ അനുവദിക്കുന്നതിനായി ഡെല്യൂസ് സമയ- ബിംബം, ചലന - ബിംബം എന്നീ രണ്ട് ആശയങ്ങളെ രൂപീകരിച്ചിരിക്കുന്നു. സമയ ചിത്രം ചിന്തയുടെയും അനിശ്ചിതത്വത്തിന്റെയും പുതിയ ഇടങ്ങളെ സൃഷ്ടിക്കുന്നു. ക്ലാസിക്കൽ ഫിലിം സിദ്ധാന്തത്തിൽ കഥാപാത്രങ്ങളെ തിരിച്ചറിയുന്നതിന് പലപ്പോഴും  പ്രാധാന്യം നൽകുന്നതെങ്ങനെയെന്നാൽ, വ്യക്തികളെ ഉൾപ്പെടുത്താതെ ധാരണയും സമയവും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിലൂടെയാണ്. എന്നാൽ ചലന ചിത്രത്തിൽ കഥാപാത്രം ഒരു നിശ്ചിത വിഷയമല്ല പകരം, അവ ചിത്രങ്ങളുടെ ശ്യംഖലയിലേക്കുള്ള ഒരു കണ്ണിയാണ്. ഇതിൽ ശുദ്ധമായ ചലനത്തിന്റെ ലോകം നാം ഒരിക്കലും കാണുന്നിലെന്നും പകരം സ്ഥിരമായ നിബന്ധനകളുമായി ബന്ധപ്പെട്ടാണ് ചലനത്തെ കാണാനാവുക എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്നാൽ ഒരു ആശയം നമ്മെ യഥാർത്ഥവും ദൈനംദിനവുമായ ലോകത്തിൽ നിന്ന് കലാസൃഷ്ടികളുടെ ലോകത്തേക്ക് നയിക്കുന്നത് ചലനത്താൽ നിർമ്മിതമായ ലോകത്തിന്റെ പ്രതികരണമാണ്. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സൃഷ്ടികളിൽ തെളിവ് പോലെത്തന്നെ പ്രാധാന്യമർഹിക്കുന്നതാണ് വിവേചനപരമായ ഏകത്വം. നമ്മുടെ മുൻപേ രചിക്കപ്പെട്ടിട്ടുള്ളതും ക്രമീകരിചതുമായ ലോകത്തിൽ നിന്ന് പുറകോട്ട് പോകുകയും അവയിലെ വ്യത്യാസങ്ങളെ കുറിച്ച് ചിന്തിക്കുകയും ചെയ്യുമ്പോൾ തത്വചിന്തയും കലയും ഇവിടെ ഒരുമിച്ച് പ്രവർത്തിക്കുന്നു. സംഘാടനത്തിൽ നിന്നും ലക്ഷ്യബോധത്തോടെയുള്ള കാഴ്ചപ്പാടുകളിൽ നിന്നും സ്വാതന്ത്രമായ ഏകവചന സ്വാധീനങ്ങളും ധാരണകളും കല അവതരിപ്പിക്കുന്നു. തത്വചിന്ത ഈ ഏകത്വങ്ങളുടെ സാധ്യതയെ  കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുന്നു. എല്ലാ മനുഷ്യരും സമൂലമായ ചിന്തയിൽ ഏർപ്പെടുന്നില്ല. പക്ഷെ ചിന്ത ഒരു അമൂല്യമായ മനുഷ്യ ശക്തിയാണ്. വ്യത്യസ്തതകൾ സൃഷ്ടിക്കുന്നതിന് സിനിമക്ക് അതിന്റെതായ വഴിയുണ്ട്. ചിന്തയിലൂടെ മനുഷ്യജീവിതം മാറുന്നത് പോലെ ചിത്രങ്ങളുടെ ഉപയോഗത്തിലൂടെ സിനിമ രൂപാന്തരപ്പെടുന്നു. സാർവത്രികമെന്ന് കരുതാൻ നമ്മെ അനുവദിക്കുന്ന ആശയങ്ങൾ സൃഷ്ടിക്കുന്നത് ഡെല്യൂസ് നെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ നൈതികതക്ക് നിർണായകമാണ്. ഏതൊരു വസ്തുവിന്റെയും ജീവിത രീതിയുടെയും പ്രത്യേക വ്യത്യാസം ചിന്തിക്കാൻ നമ്മെ അനുവദിക്കുന്നത് സാർവത്രികമായ ഒന്നാണെങ്കിൽ അത് പിടിവാശികളിൽ നിന്നും അതുപോലെതന്നെ മുൻധാരണകളിൽ നിന്നോ മുൻവിധികളിൽ നിന്നോ നമ്മെ മോചിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ്. പൊതുവായതിനേക്കാൾ പ്രത്യേകമായുള്ള വ്യതാസങ്ങളെ കുറിച്ച് ചിന്തിക്കാൻ ഇത് പ്രേരിപ്പിക്കുന്നു.

 

ഉപസംഹാരം

രാഷ്ട്രീയത്തിനും ധാർമ്മികതയ്ക്കും ഉള്ള പ്രത്യാഘാതങ്ങൾ ഡെല്യൂസ് പ്രത്യയ ശാസ്ത്രങ്ങളെ വിമർശന വിധേയമാക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ചലച്ചിത്ര സിദ്ധാന്തത്തിന് രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ട്. സംഘടിത ശക്തിയും സമർത്ഥമായ മാനേജ്മെന്റും ഉള്ള ഒരു ലോകത്തെ ചലിക്കുന്ന ചിത്രം കാണിക്കുന്നു. കാര്യങ്ങൾ നോക്കുന്നതിലുള്ള സാധാരണ രീതികളെ കുഴപ്പത്തിലാക്കുന്നതിലൂടെ, സമയ ചിത്രം പ്രതിരോധത്തിന്റെ ഇടങ്ങൾ സൃഷ്ടിക്കുന്നു. ചലന -ചിത്രവും സമയ -ചിത്രവും തമ്മിലുള്ള വ്യത്യാസം സിനിമകളുടെ ചരിത്രത്തിലെ വ്യത്യസ്തയെ മാത്രമല്ല യഥാർഥ്യത്തെ സജ്ജമാക്കുന്ന നിരവധിയാർന്ന പുതിയ വഴികളെയും കാണിക്കുന്നു.

ഡെല്യൂസിന്റെ ധാർമ്മികതയ്ക്കും സാഹിത്യവുമായുള്ള ദാർശനിക  സോഫിസ്റ്റിക്കൽ ഏറ്റുമുട്ടലിനും സമയം നിർണായകമാണ്. സമയത്തെക്കുറിച്ച്  പുനർവിചിന്തനം നടത്താൻ നമ്മെ പ്രാപ്തരാക്കുന്ന മാധ്യമം സിനിമ ആയതിനാലാണ് സിനിമ നമ്മുടെ സ്വയം പരിവർത്തനത്തിന്റെ കാതലാകുന്നത്. സമയത്തിന്റെ സങ്കീർണമായ ഒഴുക്കിൽ നിന്ന് മനുഷ്യസ്വത്വം പോലുള്ള ക്രമീകൃതമായ സങ്കല്പത്തെ നാം സൃഷ്ടിച്ചെടുക്കുന്നു. വ്യത്യസ്തമായ കാലപ്രവാഹത്തിന്റെ ഒഴുക്കിലേക്ക് നമ്മെ കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും സമയത്തിനും ചലനത്തിനും കഴിയുന്നു. ആയതിനാൽ സിനിമ നമുക്ക് അസ്ഥിരമായ, അദൃശ്യമായ ഒരു സമയം നൽകുന്നു. മനുഷ്യ ചിന്തയുടെ മറ്റൊരു വാതിൽ ഇവിടെ തുറക്കപെടുന്നു.

ഗ്രന്ഥസൂചി

1. Bogue, R. Deleuze on Cinema. Routledge, 2003.

2. Colebrook, C. Gilles Deleuze. Routledge, 2002.

3. Deleuze, Gilles. Cinema 1 The Movement Image. Continuum, 2005.

4. Deleuze, Gilles. Cinema 2 The Time Image. Continuum, 2005.

5. Marks, L. U. The Skin of the Film: Intercultural Cinema, Embodiment and the Senses. Duke University Press,1998.

6. Rodowick, D. N. Gilles Deleuze’s Time Machine. Duke University Press, 1997.

പ്രതിഭ പി പി

തത്വശാസ്ത്ര വിഭാഗം

യൂണിവേഴ്സിറ്റി കോളേജ്

കേരള സർവകലാശാല

തിരുവനന്തപുരം

ഇമെയിൽ:prathibhaprasad35@gmail.com

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്




സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page