top of page

ദേശം -ചരിത്രം-ആഖ്യാനം മനുഷ്യന് ഒരു  ആമുഖം എന്ന നോവലിൽ

  • 3 days ago
  • 8 min read
മഞ്ജു കെ. ആർ.

സാഹിത്യവും ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ചരിത്രത്തിൻറെ പാഠപരതയും പാഠത്തിന്റെ ചരിത്രപരതയും തിരിച്ചറിയപ്പെട്ടതോടെ ചരിത്രത്തെയും സാഹിത്യത്തെയും കുറിച്ചുള്ള സാമ്പ്രദായിക വീക്ഷണഗതികൾ അപ്രത്യക്ഷമായി. ചരിത്രവും സാഹിത്യവും ആഖ്യാനം ചെയ്യുന്നത് സംഭവങ്ങളെയും സന്ദർഭങ്ങളെയും ആണ്.സാഹിത്യം നടന്നതോ നടക്കാനിടയുള്ളതോ ആയ സംഭവങ്ങളെ ഭാവനാത്മകമായി പുന സൃഷ്ടിക്കുന്നു. നോവലിനെ കുറിച്ചുള്ള സങ്കല്പങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഓരോ കാലത്തും പ്രദേശത്തെ അടയാളപ്പെടുത്തുന്നത്. ആഖ്യാനത്തിലും പശ്ചാത്തലത്തിലും എല്ലാം മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പല കാലങ്ങളിലും അത് മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. സ്ഥലം ,പ്രദേശം എന്നിവയെ കുറിച്ചുള്ള സങ്കല്പങ്ങൾ ഉത്തരാധുനികതയിൽ പുതിയ ആശയങ്ങളാണ് പങ്കുവെക്കുന്നത് . മനുഷ്യ ചരിത്രത്തിന്റെ കേന്ദ്രസർവർഗങ്ങളിൽ ഒന്നായി ജാതിയെ സാമൂഹിക ഘടനയിൽ പ്രതിഷ്ഠിക്കുന്ന ആഖ്യാനങ്ങൾ സമകാലനോവലുകളിൽ കാണാൻ കഴിയും. ജാതി ചരിത്രം എന്ന നിലയിൽ സാമൂഹിക ചരിത്രം ഭാവന ചെയ്യുന്ന രീതിയിൽ നോവലിസ്റ്റ് ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ഒരു നോവലാണ് സുഭാഷ് ചന്ദ്രൻറെ മനുഷ്യന് ഒരു ആമുഖം. ഈ നോവലിലെ ദേശീയ ചരിത്രനിർമ്മിതിയേയും ആഖ്യാനത്തെയും കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഈ പ്രബന്ധം.

 

താക്കോൽ വാക്കുകൾ: ദേശം, പ്രദേശം, ആഖ്യാനം, പ്രാദേശിക ചരിത്രം, ചരിത്ര നിർമിതി ,സ്ഥലം, പുരാവൃത്തം, പ്രാദേശികത.

    

 

         ചരിത്രത്തെ ആഖ്യാനത്തിന്റെ മുഖ്യ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമായി സ്വീകരിച്ച നോവലാണ് സുഭാഷ് ചന്ദ്രന്റെ" മനുഷ്യന് ഒരു ആമുഖം".ചരിത്രത്തിൽ നിന്നെടുത്ത ചില സന്ദർഭങ്ങളെ കാര്യകാരണ ബന്ധത്തോടെ അടുക്കി വെക്കുകയും അവയിൽ വർത്തമാനകാലം സ്പന്ദിക്കുന്ന തിനായി  സാങ്കല്പികവും അല്ലാത്തതുമായ  കഥാപാത്രങ്ങളെ സന്നിവേശിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഈ നോവലിന്റെ രൂപം ജനപ്രിയമാക്കാൻ ശ്രമിക്കുന്നത് .കഥാപാത്രങ്ങളും നോവലിസ്റ്റും ഓരോ ചരിത്രപാഠത്തെയും പുതിയ രീതിയിൽ വായിച്ചു തുടങ്ങുന്നിടത്താണ് ഇത്തരം നോവലുകൾ ശ്രദ്ധേയമാകുന്നത് .അത് ആധുനികതാവാദരചനാ പദ്ധതിയിൽ ഇത്തരം വ്യാഖ്യാനങ്ങൾ ദാർശനികവും ലാവണ്യാത്മകവുമായ പ്രതലങ്ങളെ സ്പർശിക്കുന്നുണ്ട് .പുതിയ അനുഭവ മണ്ഡലങ്ങളാണ് ഉത്തരാധുനിക നോവൽ ആവിഷ്കരിക്കുന്നത് . ചരിത്രത്തോടുംരാഷ്ട്രീയത്തോടുമുള്ള വിമർശനാത്മകമായ സമീപനവും പുതിയ സാങ്കേതികസംസ്കാരത്തോടുള്ള അഭിമുഖീകരണവും നിലവിലുള്ള ആഖ്യാന മാതൃകകളുടെ അപര്യാപ്തത യെക്കുറിച്ചുള്ള ബോധവും ഭാഷ,  വായന, എഴുത്ത് തുടങ്ങിയ ക്രിയകളെ  കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും ഉത്തരാധുനിക രചനാ പ്രവണതകളുടെ ആക്കംകൂട്ടി .ആധുനിക സാഹിത്യത്തിൽ സൂക്ഷ്മരൂപത്തിൽ ആവിഷ്കൃത മായിരുന്ന അതികഥാ സങ്കേതം  ഉത്തരാധുനിക ഘട്ടത്തിൽ ശക്തമാകുന്നു.

 

 

   എഴുതപ്പെടുന്ന ചരിത്രത്തെയും സാഹിത്യത്തെയും കുറിച്ചുള്ള  പഴയ ധാരണകൾ മാറിയതോടെ എഴുതപ്പെടാതെ പോയ ചരിത്രത്തെയും സാഹിത്യത്തെയും കുറിച്ചുള്ള പുതിയ ധാരണകൾ കടന്നുവന്നു . സാഹിത്യം, ആദ്യം സാഹിത്യത്തെക്കുറിച്ച് തന്നെ എഴുതിയപ്പോൾ  ചരിത്രം ചരിത്രരചനയെ കുറിച്ചും ചിന്തിച്ചു തുടങ്ങി. ചരിത്രത്തിൻറെയും സാഹിത്യത്തിൻറെയും ആഖ്യാനങ്ങളുടെ തലത്തിൽ ഉണ്ടായ ഈ മാറ്റങ്ങൾ ആണ് ചരിത്ര വിജ്ഞാനീയത്തിൻറെയും അതികഥനത്തിൻറെയും പിന്നിലുള്ളത് . അതി കഥ പ്രാചീന, മധ്യകാല സാഹിത്യങ്ങളിലുമുള്ള  ഒരു ആഖ്യാന സങ്കേതം ആണെങ്കിൽ പോലും  ആധുനികതയിലാണ് നോവലിൻറെ ഒരു എഴുത്ത് രീതിയായി സ്ഥാനം നേടിയത്. ലിൻഡാഹാച്ചിയനാണ്" എ പൊളിറ്റിക്സ് ഓഫ് പോസ്റ്റ് മോഡേണിസം :ഹിസ്റ്ററി,തിയറി , ഫിക്ഷൻ" എന്ന ഗ്രന്ഥത്തിൽ ചരിത്രത്തെയും നോവലിനെ കുറിച്ചുള്ള ഈ പുതിയ കാഴ്ചപ്പാടിന്റെ ഫലമെന്നോണം "ചരിത്ര വിജ്ഞാന പരമായ അതികഥനം (HMF- Historiographic Meta Fiction)  എന്ന സംജ്ഞ രൂപപ്പെടുത്തിയത് .ഹിസ്റ്റോറിക്കൽ റൊമാൻസിൽ നിന്നും ഹിസ്റ്റോറിക്കൽ നോവലിൽ നിന്നും വ്യത്യസ്തമാണ് ഹിസ്റ്റോറിയോഗ്രാഫിക് മെറ്റാഫിക്ഷൻ. മുൻപ് സൂചിപ്പിച്ചതുപോലെ പോലെ അത് ചരിത്രത്തെയും നോവലിനെയും കുറിച്ച് ഒരേസമയം നടത്തുന്ന പുനരാഖ്യാനമാണ്.

      

            കല്പിത ചരിത്രവും  യഥാർത്ഥ ചരിത്രവസ്തുതകളും  കൂട്ടി കലർത്തിയുള്ള പുതിയ ആഖ്യാന സങ്കേതം ഉത്തരാധുനിക നോവലുകളുടെ മുഖ്യ സവിശേഷതയാണ് . വസ്തുതകൾക്കും യാഥാർത്ഥ്യത്തിനും മാത്രമിടമുള്ള നിലവിലുള്ള  ചരിത്രരചനാ സങ്കേതത്തെ തകിടംമറിക്കുന്ന ചരിത്രരചനാത്മക അതികഥനരീതി (Histographic metafiction) നോവൽ രചനയെസങ്കീർണ്ണവും അന്തർ വൈജ്ഞാനികവുമായ ഇടങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.  താനെഴുതുന്നത് കല്പിത കഥയാണെന്ന വെറുമൊരു വെളിപ്പെടുത്തൽ മാത്രമല്ല,  കത്തുകൾ, ലേഖനം, പ്രബന്ധം എന്നീ കഥാബാഹ്യരീതികൾ സ്വീകരിച്ച്, അതികഥാ തന്ത്രങ്ങളിലൂടെ ആവിഷ്കരണം ശക്തമാക്കുന്നു.  ഇങ്ങനെ കഥാജീവിതത്തിന് ആഖ്യാനാത്മകവും രചനാത്മകവുമായ ഒരു തലം സൃഷ്ടിച്ചു നോവലിസ്റ്റ് ലക്ഷ്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്നു. മുഖ്യധാരാ ചരിത്രത്തിൻറെ പരിധിയിൽ കടന്നുവരാത്ത പ്രാദേശിക ചരിത്രവും കുടുംബ ചരിത്രങ്ങളും ആണ് മിക്ക നോവലുകളുടെയും പ്രമേയം .ഇത്തരത്തിൽ  കൽപ്പിത ചരിത്രത്തെയും ചരിത്രവസ്തുതകളെയും ഭാവനയെയും ഇടകലർത്തി പുതിയൊരു ആഖ്യാന മാതൃക സ്വീകരിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.  ജനകീയ വർത്തമാനങ്ങളെയും കേട്ടുകേൾവികളെയും ചരിത്രപരമായി പുനസ്സൃഷ്ടിച്ചുകൊണ്ട് തച്ചനക്കരയുടെ ദേശ ചരിത്രവും അയ്യാട്ടുമ്പിള്ളിയുടെ കുടുംബ ചരിത്രവും നോവലിസ്റ് ആഖ്യാനം ചെയ്യുന്നു. നവോത്ഥാന ചരിത്ര പശ്ചാത്തലത്തിൽ തച്ചനക്കരയുടെ ദേശ ചരിത്രവും അയ്യാട്ടുമ്പിള്ളിയുടെ  കുടുംബ ചരിത്രവും ആഖ്യാനം ചെയ്യുന്നതിലൂടെ കഴിഞ്ഞ ഒരു ശതകം മുതൽ മുതൽ വരാനിരിക്കുന്ന പതിനാറ് വർഷക്കാലത്തെ കൂടിയുള്ള സാമൂഹിക-സാംസ്കാരിക ജീവിതത്തെയും ആണ് അടയാളപ്പെടുത്തുന്നത് . തച്ചനക്കരയുടെ ദേശ ചരിത്രം, ജാതി വിവരണം ,കുടുംബചരിത്രം എന്നിവയ്ക്കാണ് ഈ നോവലിൽ പ്രാധാന്യം.  ഇരുപതാം ശതകത്തിനുമുമ്പുള്ള തച്ചനക്കരയുടെ ചരിത്രം നാറാപിള്ളയുടെ ചെറുമകന് പറഞ്ഞുകൊടുക്കുന്ന കഥയിലൂടെയാണ് വ്യക്തമാക്കുന്നത്.

 

 നൂറു വർഷങ്ങൾ കൊണ്ട് മലയാളി സമൂഹത്തിന് സംഭവിച്ച  സാംസ്കാരികവും വൈകാരികവുമായ ഒരു പരിണതിയെ ഒരു കുടുംബ കഥയുടെ പശ്ചാത്തലത്തിൽ പരുവപ്പെടുത്തിയതാണ് 'മനുഷ്യന് ഒരു ആമുഖം '. ഈ നോവൽ വായിച്ചുകഴിയുമ്പോൾ താൻ വായനയുടെ വഴിയിൽ ദീർഘമായ ഒരു സഞ്ചാരം പൂർത്തിയാക്കി എന്ന തോന്നൽ വായനക്കാരനിൽ ഉണ്ടാകാം. നോവലിൻറെ ഉള്ളടക്കം ഒരു നൂറ്റാണ്ടുകാലത്തെ  കേരളീയ ജീവിതത്തെ മാത്രമല്ല, മനുഷ്യ പ്രകൃതത്തിൻറെയും സർഗവൃത്തിയുടേയും പല ആഴങ്ങളേയും ഗാഢമായി സ്പർശിക്കുന്നുണ്ട് . പരപ്പിലും  ആഴത്തിലും പറഞ്ഞു വച്ചിരിക്കുന്ന ഒരു വലിയ കുടുംബകഥ, അയ്യാപ്പിള്ള മുതൽ ആൻമേരി വരെ കല്ലിൽ കൊത്തിയെടുത്ത പോലുള്ള അനേകം കഥാപാത്രങ്ങൾ, അത്യന്തം വികാരതീവ്രമായ ജീവിത മുഹൂർത്തങ്ങൾ ,എല്ലുറപ്പുള്ള ഭാഷ, ചൈതന്യവത്തായ ഇമേജുകൾ, മനുഷ്യാവസ്ഥയുടെ നാനാ മുഖങ്ങളെ കുറിച്ചുള്ള മൗലിക നിരീക്ഷണങ്ങൾ തുടങ്ങിയവ വായനക്കാരെ നോവലുമായി ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

 

    'പൂർണ്ണ വളർച്ച യെത്തും മുമ്പ്  മരിച്ചുപോകുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ' എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന ഈ നോവൽ നമ്മുടെ സാമ്പ്രദായികമായ കഥപറച്ചിലിൽ നിന്നും വ്യത്യസ്തമായി  നായകൻറെ മരണത്തിൻറെയും തുടർന്ന് അയാളുടെ ശവസംസ്കാര ചടങ്ങുകളുടെയും വിവരണത്തോടു കൂടിയാണ് ആരംഭിക്കുന്നത് .ജീവിച്ചു തീർന്നശേഷം നായകൻ നടത്തുന്ന അന്വേഷണവും ഇടപെടലുകളുമാണ് ഈ നോവലിലൂടെ നോവലിസ്റ്റിന് പറയാനുള്ളത് . ജിതേന്ദ്രൻ എന്ന നോവലിസ്റ്റിനാൽ  അപൂർണ്ണമായ നിലയിൽ ഉപേക്ഷിക്കപ്പെട്ട ഒരു നോവൽ ആയിട്ടാണ് മനുഷ്യനൊരാമുഖം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് .ജിതേന്ദ്രൻ എന്ന മുഖ്യകഥാപാത്രം ഭാര്യ ആൻ മേരിക്ക്  വിവാഹത്തിന് മുമ്പ് അയച്ച കത്തുകളും അയാൾ തൻറെ അനുഭവങ്ങളെ മുൻനിർത്തി നോവലിന് വേണ്ടി തയ്യാറാക്കിയ അപൂർണ്ണമായ കുറിപ്പുകളും മറ്റും വിധവയായ സന്ദർഭത്തിൽ  അവൾ എടുത്തു പരിശോധിക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. തൻറെ വ്യക്തിത്വത്തെ നിർണയിക്കുന്ന പല അനുഭവങ്ങളെയും തൻറെ കാലഘട്ടത്തിൻറെ അന്തരാത്മാവിനെ രൂപപ്പെടുത്തുന്ന  സംഭവങ്ങളെയു മെല്ലാം തൻറെ പ്രണയിനിക്ക് അയക്കുന്ന കത്തുകളിലെ വിചാരങ്ങളുടെ രൂപത്തിൽ സംഭവങ്ങൾ ആമുഖമായി അവതരിപ്പിച്ചുകൊണ്ടാണ് നോവലിലെ ഓരോ അധ്യായങ്ങളിലും സംഭവങ്ങളുടെ ആഖ്യാനത്തിലേക്ക്  എഴുത്തുകാരൻ പ്രവേശിക്കുന്നത് .പഴക്കംചെന്ന കടലാസുകളിൽ അവശേഷിച്ചിട്ടുള്ള ആ കുറിപ്പുകൾക്കും കത്തുകൾക്കുമിടയിലൂടെ ജിതേന്ദ്രൻറ മുൻ തലമുറകളുടെയും കേരളചരിത്രത്തിലെ ഗതിവിഗതികൾ നിർണയിച്ച പ്രധാന സംഭവങ്ങളുടേയും വ്യക്തികളുടേയും മലയാളിയുടെ മാറി മാറി വരുന്ന ജീവിത സാഹചര്യങ്ങളുടേയും സാംസ്കാരിക അഭിരുചികളുടേയും നേർചിത്രം ഈ നോവൽ പകർന്നു തരുന്നു .

 

   ' മനുഷ്യന് ഒരു ആമുഖ'ത്തിലെ ചരിത്ര കഥനം ആരംഭിക്കുന്നത് പരശുരാമനിലാണ്.  മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ച് സവർണർക്കു നൽകിയ പരശുരാമൻ തന്നെയാണ് തച്ചനക്കര  തേവർ . തച്ചനക്കരയുടെ ദേശചരിത്രം, ജാതി വിവരണം, കുടുംബചരിത്രം എന്നിവയ്ക്കാണ് ഈ നോവലിൽ പ്രാധാന്യം. ഇരുപതാം ശതകത്തിനു മുമ്പുള്ള തച്ചനക്കര യുടെ ചരിത്രം നാറാപിള്ളയുടെ ചെറുമകന്പറഞ്ഞുകൊടുക്കുന്ന കഥയിലൂടെയാണ് വ്യക്തമാക്കുന്നത്. അയ്യാട്ടുമ്പിള്ളി എന്ന പേരിന് കാരണക്കാരനായ  അയ്യാ പിള്ളയുടെ കഥയാണ് ഇതിൽ പ്രധാനം . അയ്യാട്ടു മ്പിള്ളിയുടെ ചരിത്രം  അയ്യാ പിള്ളയിൽ നിന്ന് തുടങ്ങുന്നു . തിരുവിതാംകൂർ ഭരണാധികാരി അയ്യാപ്പിള്ളയെ വധശിക്ഷയ്ക്ക് വിധിക്കുന്നു .അനങ്ങാൻ കഴിയാത്ത ഇരുമ്പു കൂട്ടിലടച്ച്  മാമരത്തിൻറെ തുഞ്ചത്ത് തൂക്കിയിട്ടു ഭക്ഷണവും ജലപാനവും ഇല്ലാതെ കൊല്ലുകയാണ് ശിക്ഷ. മരണം കാത്തുകിടന്ന് പത്താം ദിവസം സന്ദേശവാഹകനായി  എത്തിയ കഴുകനെ പോലും 'ഫോ' ! എന്ന് ആട്ടിയോടിച്ചു കൊണ്ട് 27 ദിവസം മരണത്തെ വെല്ലുവിളിച്ചുകൊണ്ട് ഇരുമ്പുഴി കൂട്ടിൽ കഴിഞ്ഞ അസാമാന്യ മനോബലത്തിനുടമയായിരുന്നു  55കാരനായ അയ്യാപ്പിള്ള .തൻറെ മരണത്തെ ഓർമ്മിപ്പിച്ചുകൊണ്ട് തനിക്ക് ചുറ്റും കൂടിയ കഴുകന്മാരെ ആട്ടിയോടിച്ചു അവസാന ശക്തിയുമെടുത്ത് "ഫോ" ! എന്ന് ഉഗ്രമായി ആട്ടിയോടിച്ച ശേഷമാണ് അയ്യാപിള്ള മരണത്തിന് കീഴടങ്ങിയത്. ഇരുമ്പു കൂട്ടിനുള്ളിൽ കുറ്റവാളിയെ ബന്ധിച്ച് പൊതു സ്ഥലത്തോ വിജന സ്ഥലത്തോ ഉപേക്ഷിക്കുന്ന ഈ ശിക്ഷാവിധി കൺമുന്നിൽ എന്നപോലെ നോവലിസ്റ്റ് അവതരിപ്പിക്കുന്നുണ്ട്.  തൻറെ ശരീരം കാംക്ഷിച്ചു വന്നെത്തിയ കഴുകന്മാരെ അതിഭയങ്കരമായി ആൾക്കൂട്ടം സാക്ഷി നിൽക്കെ ആട്ടി യതുകൊണ്ടാണ്  പിൻതലമുറക്കാർക്ക്  അയ്യാട്ടുമ്പിള്ളി എന്ന തറവാട്ടുപേര് സ്വന്തമായത്. മരണ ശിക്ഷയെ തോൽപിച്ച അയ്യാ പിള്ളയിൽ നിന്ന് തുടങ്ങുന്നതാണ് അയ്യാട്ടുമ്പിള്ളിയുടെ ചരിത്രം . ഇങ്ങനെ  കുടുംബ ചരിത്രനിർമ്മിതിയിൽ മലയാളിയുടെ പൊതു സമീപനത്തെ തിരസ്കരിച്ചുകൊണ്ട് വധശിക്ഷയ്ക്ക് വിധേയനായ ഒരു കുറ്റവാളിയിൽ നിന്ന് കുടുംബചരിത്രം ആരംഭിക്കുന്നു . ഇരുപതാം ശതകത്തിലെ  തച്ചനക്കരയുടെയും നാറാപിള്ളയുടെ യും ചരിത്രമാണ് പിന്നീട് നോവലിൽ ഉള്ളത് . അയ്യാ പിള്ളയുടെ വീറും കരുത്തും അതിജീവനശേഷിയും ഒട്ടും കുറയാതെ നാറാപിള്ളയ്ക്ക് കിട്ടിയിരുന്നു. തൻറെ നായർ സ്വത്വ ബോധം ഉണർത്തിയ വരേണ്യ ജാത്യാഭിമാനമാണ്  തച്ചനക്കരയിലെ നാറാപിള്ളയെ മുന്നോട്ടുനയിക്കുന്നത് .മാറിയ കാലം മുന്നോട്ടുവയ്ക്കുന്ന മാനവികതയ്ക്ക് പുറംതിരിഞ്ഞു നിൽക്കുകയാണ് നാറാപിള്ള.

 

   ജാതിയുടെ ഉച്ചനീചത്വങ്ങളോ തീണ്ടലോ അല്ല, ജാതിപരമായ മേൽക്കോയ്മ നിലനിർത്തി തന്റെ ആഗ്രഹങ്ങൾക്ക് തടസ്സം ഉണ്ടാക്കാതെ മുന്നോട്ടു പോവുക എന്നതാണ് നാറാപിള്ളയുടെ ലക്ഷ്യം. തൻറെ രൂപം കൊണ്ടും സ്വഭാവം കൊണ്ടും തലയുയർത്തി നിൽക്കുന്ന അതി ശക്തനായ ഒരു കഥാപാത്രമാണ് നാറാപിള്ള .കുടിയനും കുറ്റിയാനും കരിവീട്ടി യുടെ നിറമുള്ള കഷണ്ടി ത്തലയനു മായിരുന്ന നാറാപിള്ളയ്ക്ക് നന്ദ്യാർവട്ടത്തെ തോൽപ്പിക്കുന്ന കുഞ്ഞുവമ്മയെ ഭാര്യയായി ലഭിക്കുന്നു .കുളിച്ചുകൊണ്ട് നിന്ന കുഞ്ഞു അമ്മയോട്  നാറാപിള്ളയ്ക്ക് തോന്നിയ കൗതുകം അവരുടെ വിവാഹത്തിലെത്തി. സാധുവും സാധാരണക്കാരിയുമായ കുഞ്ഞുവമ്മ അസാധാരണ പുരുഷനായ നാറാപിള്ള യോട് വളരെ നിഷ്കളങ്കതയോടെയും നിസ്സാര ഭാവത്തോടെയുമാണ് പെരുമാറുന്നത്.അയാളെ ഇഷ്ടപ്പെട്ടത് ശ്രീനാരായണഗുരുവിന്റെ പേരുകാര നായതു കൊണ്ടാണെന്ന് ആദ്യരാത്രിയിൽ കുഞ്ഞുവമ്മ പറഞ്ഞപ്പോൾ നായർ രക്തത്തിൽ ഊറ്റം കൊണ്ടിരുന്ന നാറാപിള്ള ജീവച്ഛവമായി മാറിപ്പോകുന്നു . പാടത്ത്കൊയ്ത്തുപണിക്കെത്തിയ കാളിപ്പെണ്ണുമായി നാറാപിള്ള പുലർത്തിയ മൃഗീയമായ ലൈംഗികതയ്ക്കും ആ സാധ്വി സാക്ഷ്യം വഹിക്കുന്നുണ്ട്." കരണക്കുറ്റി നോക്കി നാലുപൊട്ടിച്ചാൽ ഏതു പെണ്ണും അവിടെ നിൽക്കും "എന്ന് അക്കാമ്മ ചെറിയാനെ കുറിച്ച് നാറാപിള്ള പറയുന്നുണ്ട്. പെണ്ണിനെ കുറിച്ചുള്ള നാറാപിള്ളയുടെ കാഴ്ചപ്പാട് അതി ലൊതുങ്ങുന്നു. ജാത്യാഭിമാനം,പരപുച്ഛം, ലോക വിവരമില്ലായ്മ തുടങ്ങിയവയാണ് നാറാപിള്ളയുടെ ഗുണങ്ങൾ.

       

                   നാറാപിള്ള യുടെ നേർവിപരീത സ്വഭാവവും ശീലങ്ങളു മാണ് കുഞ്ഞു അമ്മയ്ക്കുണ്ടായിരുന്നത് . കുഞ്ഞു അമ്മയ്ക്ക് നവോത്ഥാന ചിന്തകൾ പകർന്നു നൽകിയത് നാടുവിട്ടുപോയ കേശവൻ എന്ന ബന്ധുവാണ്. തൻറെ ആൺമക്കൾക്ക് പാരമ്പര്യ വഴിക്ക് നായരെന്നും പിള്ളയെന്നും വാലു വയ്ക്കാതെ പരിഷ്കാരമുള്ള പേരുകളിട്ട് കേശവൻ പകർന്നുനൽകിയ നവോത്ഥാന ചിന്തകളെ കുഞ്ഞു അമ്മ പ്രാവർത്തികമാക്കി. മൂത്തമകൻ ഗോവിന്ദൻ  ചോവത്തിപെണ്ണിനെ ഇഷ്ടപ്പെടുന്നതറിഞ്ഞു ആ പ്രണയബന്ധത്തെ അംഗീകരിക്കുകയും അവന് വേണ്ടി നാറാപിള്ളയോട് കലഹിക്കുകയും ചെയ്യുന്നു .വാടകക്കാരായെത്തിയ  മേനോൻ മാഷിന്റെ കുടുംബ ജീവിതത്തിലൂടെ ഉദാത്ത ദാമ്പത്യവും സ്ത്രീ-പുരുഷ ബന്ധത്തിലെ സമത്വസ്വഭാവ വും എന്താണെന്ന് അവർ തിരിച്ചറിയുന്നു .ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അതിൽ അങ്ങേയറ്റം സന്തോഷിക്കുകയും ഗാന്ധിജിയുടെ മരണത്തിൽ അങ്ങേയറ്റം ദുഃഖിക്കുകയും ചെയ്യുന്നു . മകൻറെപ്രണയത്തെ എതിർക്കുന്ന ഭർത്താവ് ദിവസവും കാമ പൂർത്തിയ്ക്കായി  അയിത്തം നോക്കാതെ താഴ്ന്നജാതിക്കാരിയുടെ അടുത്ത് പോകുന്നതിനെ ചോദ്യം ചെയ്യാനും അവർ ധൈര്യപ്പെടുന്നുണ്ട്. ഒടുവിൽ പാറപോലെ ഉറച്ച മനസ്സും ശരീരവും ഉള്ള നാറാപിള്ള യോടുള്ള ജീവിതത്തെ ശപിച്ചും പ് രാ കിയും നാലുചുമരുകൾക്കുള്ളിൽ സ്വയം ജീവിതമൊടുക്കുന്നു. അക്കമ്മ ചെറിയാനെ പോലുള്ളവരുടെ സ്ത്രീമുന്നേറ്റ ചരിത്രങ്ങൾ ഒന്നും അറിയാതെ തന്നെ സ്വന്തം മനസ്സാക്ഷിയുടെ മുന്നിൽ സത്യധർമ്മനീതികളെല്ലാം തിരിച്ചറിഞ്ഞു ജീവിച്ച കുഞ്ഞുവമ്മ നോവലിലെ ശക്തയായ സ്ത്രീ സാന്നിധ്യം ആണ് .

 

   ഇരുപതാം നൂറ്റാണ്ട് കേരളത്തിൽ നിരവധി സാമൂഹിക മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരുന്ന കാലമാണ്.  ഈ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വരും കേരളചരിത്രത്തെ എപ്രകാരം ഉൾക്കൊണ്ടിരുന്നു എന്ന് ഈ നോവൽ വെളിപ്പെടുത്തുന്നുണ്ട്. ജാതിബദ്ധമായ കേരള സമൂഹത്തിലേക്ക്  വായനയും വിദ്യാഭ്യാസവും പ്രസരിപ്പിച്ച പുതിയ സ്വത്വബോധം ആയിരുന്നു  ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ  കണ്ടത്. നവോത്ഥാന നോവലിസ്റ്റുകളും സ്വതന്ത്ര ബുദ്ധിജീവികളും സാഹിത്യകാരന്മാരും  മുഖ്യധാരയാകുന്ന ഒരു സാംസ്കാരിക ജീവിതം പിന്നീടുണ്ടായി . കേരളീയ ജാതി ചിന്തയിൽ മാറ്റം വരുത്തിയതിൽ സാഹിത്യത്തിനുള്ള പങ്ക് വളരെ വലുതാണ് . വി. സി. ബാലകൃഷ്ണപ്പണിക്കർ,  വള്ളത്തോൾ, പോഞ്ഞിക്കര റാഫി ,ഇഎംഎസ്, തകഴി, വി ടി ഭട്ടതിരിപ്പാട് ,പ്രേംജി, നിത്യചൈതന്യയതി,  ചിന്മയാനന്ദൻ തുടങ്ങി നിരവധി എഴുത്തുകാരെയും നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട് .ഇരുപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളും ഈ നോവലിൽ സൂചിപ്പിക്കുന്നുണ്ട്.  തിരുവിതാംകൂർ ക്ഷേത്രപ്രവേശന വിളംബരം,  ആലുവ അദ്വൈതാശ്രമത്തി ലേക്കുള്ള മഹാത്മാഗാന്ധിയുടെ സന്ദർശനം,  നാരായണ ഗുരു , അയ്യങ്കാളി,  സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ചട്ടമ്പിസ്വാമികൾ തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾ , ഗ്രാമീണ ഗ്രന്ഥശാലകൾ ,കേരള പിറവി ,കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ,വിമോചനസമരം ,കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം , ടെലിവിഷൻ ,ഇംഗ്ലീഷ് മീഡിയം, മൊബൈൽ ഫോണിൻറെ കടന്നുവരവ് തുടങ്ങിയവയെല്ലാം ഈ നോവലിന്റെ ഭാഗമാകുന്നു .ക്ഷേത്രപ്രവേശനവിളംബരത്തിനു ശേഷവും തച്ചനക്കര ക്ഷേത്രത്തിൽ കയറി  പരശുരാമനെ തൊഴാൻ അവർ മടിച്ചുനിന്നു എന്ന് നോവലിൽ ഒരു പരാമർശമുണ്ട്. ഉപരിവർഗ്ഗത്തിൻറെ പദ്ധതികൾക്ക് അനുസരിച്ച് ആസൂത്രണം ചെയ്ത ജാതി വിരുദ്ധ കലാപങ്ങളോട് പ്രത്യക്ഷത്തിൽ പങ്കുചേർന്നിരുന്നെങ്കിലും ജാതിയുടെ ആഴത്തിലുള്ള സ്വാധീനത്താൽ അധ കൃത വർഗ്ഗം തങ്ങളുടെ വഴിയിൽ തന്നെയായിരുന്നു സഞ്ചരിച്ചത് എന്ന് ഈ പരാമർശം സൂചന നൽകുന്നുണ്ട് . ജാതി ബോധത്തിന്റെ പുരുഷ രൂപമായിരുന്നു നാറാപിള്ള .ജാതിപരമായ വേർതിരിവുകൾ ഇല്ലാതാകുന്നത് ഭയപ്പാടോടെയാണ് നാറാപിള്ള കണ്ടിരുന്നത് .നാറാപിള്ളയുടെ മകനും ചെറുമകനും ജാതിക്കു പുറത്തു നിന്നാണ് വിവാഹം കഴിക്കുന്നത് . മകൻ ഈഴവ സമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നു. കൊച്ചു മകനായ ജിതൻ ഒരു ക്രിസ്ത്യാനിപ്പെണ്ണിനെ ജീവിതസഖിയാക്കുന്നു.അത് വിദ്യാഭ്യാസം ലഭിച്ച അടുത്ത രണ്ട് തലമുറകൾ സമൂഹത്തെ നോക്കി കാണുന്നതിങ്ങനെയാണ് .മകൻ ഗോവിന്ദൻ ചെറുമകൻ ജിതേന്ദ്രൻ എന്നിവരിലൂടെ ജാതി ബോധത്തേയും സങ്കുചിത ചിന്തകളെയും നിരാകരിക്കുന്ന പുതുതലമുറ രംഗപ്രവേശം ചെയ്യുന്നു . വിപ്ലവ ചിന്തകളിലൂടെ , മിശ്ര വിവാഹങ്ങളിലൂടെ ജാതി ബദ്ധമായ ഘടന ശിഥിലം ആവുകയാണിവിടെ.  കഴിഞ്ഞ നൂറ്റാണ്ടിലെ

നവോത്ഥാന സാമൂഹിക ചരിത്രത്തിൻറെ ലഘു ആഖ്യാനമാണ് നാറാപിള്ളയുടെ കുടുംബചരിത്രം..ഈ കഥാപാത്രങ്ങളെല്ലാം കഴിഞ്ഞ നൂറ്റാണ്ടിൽ കേരളീയസമൂഹം പരിചയിച്ച വ്യത്യസ്ത ജീവിത ദർശനങ്ങളുടെ പ്രതിനിധാനങ്ങളാണ്.

 

   മനുഷ്യന് ഒരു ആമുഖം എന്ന നോവലിലെ ആഖ്യാന രീതി വളരെ സവിശേഷമാണ്. ധർമ്മാർത്ഥ കാമ മോക്ഷങ്ങളാകുന്ന നാലു ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന നോവൽ എഴുത്തുകാരന്റെ തന്നെ ഭാഷയിൽ "സൃഷ്ട്യുന്മാദത്തിൻറെ കാറ്റുപിടിച്ച വാക്കുകളുടെ പായ്ക്കപ്പൽ ആണ്."പത്ത് അധ്യായങ്ങൾ വീതമുള്ള നാലു ഭാഗങ്ങളായി പുരുഷാർത്ഥങ്ങളുടെ പേരുകൾ നൽകിയിട്ടുള്ള ഈ വിഭജനം നോവലിനെ സംബന്ധിച്ചിടത്തോളം ഔചിത്യ പൂർണമാണ്. ആദ്യഘട്ടമായ ധർമ്മത്തിൽ ധർമ്മദേവൻ ആയ ഗുരുദേവ ദർശനങ്ങളെയും അധർമ്മ മൂർത്തിയായ നാറാപിള്ള യെയും ഒരു നാണയത്തിന് ഇരുപുറങ്ങളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു . അർത്ഥകാണ്ഡത്തിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളും കാമകാണ്ഡത്തിൽ പ്രണയവും മോക്ഷത്തിൽ  നായകനായ ജിതൻറെ ജീവിതവും  ആവിഷ്കരിക്കുന്നു ഇതുകൂടാതെ നൂറോളം കഥാപാത്രങ്ങൾ അവിടത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടും അല്ലാതെയും നോവലിൽ കടന്നുവരുന്നുണ്ട്. 1999 മാർച്ച് 29 മുതൽ മുതൽ 2000 ജനുവരി 1 വരെ ജിതേന്ദ്രൻ അമേരിക്ക അയച്ച കത്തുകൾ അധ്യായങ്ങൾക്ക് മുന്നിൽ ചേർത്തിട്ടുണ്ട് . മനുഷ്യാവസ്ഥയെ  സംബന്ധിച്ചുള്ള  തത്വചിന്താപരമായ കാഴ്ചപ്പാടുകളും നോവലിസ്റ്റിന്റെ ദർശനങ്ങളും ഈ കത്തുകളിൽ ഉണ്ട്. മനുഷ്യാവസ്ഥ എല്ലാക്കാലത്തും നേരിടുന്ന പ്രതിസന്ധികളെയും ജിതേന്ദ്രൻ കത്തുകളിലൂടെ ഓർമിപ്പിക്കുകയാണ് നോവലിസ്റ്റ് ." ധീരനും സ്വതന്ത്ര നും സർവ്വോപരി സർഗ്ഗാത്മകനുമായ മനുഷ്യശിശു  അറുപതോ എഴുപതോ വർഷം കൊണ്ട് ഭീരുവും പരതന്ത്റ  നുമായി സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കു വേണ്ടി മാത്രം ചെലവിട്ട് ഒടുവിൽ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപോകുന്ന തിനെയാണ് മനുഷ്യ ജീവിതം എന്ന് പറയുന്നതെങ്കിൽ പ്രിയപ്പെട്ട വളേ മനുഷ്യനായി പിറന്നതിൽ എനിക്ക് അഭിമാനിക്കാൻ ഒന്നുമില്ല "എന്ന്  ജിതൻ പറയുന്നുണ്ട്. പൂർണ്ണവളർച്ചയെത്തും മുമ്പ് മരിച്ചുപോകുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ എന്ന് നോവലിൻറെ തുടക്കത്തിൽ എഴുതിയിട്ടുണ്ട്. ഈ വിഷയമാണ് നോവലിലുടനീളം പ്രശ്നവൽക്കരിക്കുന്നത്. ജനനത്തിനും മരണത്തിനും ഇടയിലെ ജീവിതത്തിൻറെ  നാല് അർത്ഥതലങ്ങളിൽ അർത്ഥകാമ ങ്ങൾക്ക്  പ്രാധാന്യം ലഭിക്കുകയും   അതിൽ തന്നെ കാമവും സന്താനോൽപ്പാദനവും മാത്രമാണ് മനുഷ്യൻറെ പ്രധാന കർമ്മമെന്ന് വരികയും ചെയ്യുന്നു . മനുഷ്യ ജീവിതത്തിൻറെ അർത്ഥം പരിമിതപ്പെടുകയാണ് എന്ന് നോവലിസ്റ്റിന് അഭിപ്രായമുണ്ട്.

 

     മലയാളി സ്വത്വത്തിന് ഏറ്റവും കാതലായ അംശങ്ങളെ ആവാഹിക്കുന്ന തും അതു മലയാളിയുടെ ബൗദ്ധികവും വൈകാരികവുമായ പരിണാമങ്ങളെ അടയാളപ്പെടുത്തുന്നതു മായ ഒരു നോവലാണ് താനെഴുതുന്നത് എന്ന എഴുത്തുകാരൻറെ  ബോധ്യം 'മനുഷ്യന് ഒരു ആമുഖം 'എന്ന നോവലിൽ പലയിടത്തായി വെളിപ്പെടുന്നുണ്ട്. ജി തൻറെ ആധികൾ ഉൾക്കൊള്ളുന്ന പ്രണയലേഖനങ്ങൾ,  ഒരു കാലത്ത് അയാൾ തീവ്രമായി എഴുതാൻ ആഗ്രഹിച്ച പുസ്തകത്തിൻറെ കുറിപ്പുകൾ എന്നിവ ചേർന്ന് ചരിത്രവും ആഖ്യാനവും ഇടകലരുന്ന നോവൽ രൂപത്തെ സൃഷ്ടിക്കുന്നു ഒരാൾ ജീവിക്കുന്നതും ജീവിച്ചിരുന്നതും ആയ ചരിത്രം അന്തിമവിശകലനത്തിൽ വെറും കല്പിത കഥയായി മാറുന്ന ആഖ്യാനതന്ത്രവും ഇതിൽ പരീക്ഷിക്കുന്നുണ്ട്. പാവകൾ നിർമ്മിക്കുന്ന കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായി വിരമിച്ച് ഫ്ലാറ്റ് ജീവിതം നയിക്കുന്ന ജിതേന്ദ്രൻറെ മരണത്തിൽ ഈ നോവൽ ആരംഭിക്കുന്നു .സ്ത്രീ പുരുഷ ബന്ധം , ലൈംഗികത എന്നിവയെ സംബന്ധിച്ച് നിലനിൽക്കുന്ന ധാരണകളെ ഈ നോവൽ പരിഗണിക്കുന്നില്ല . ലൈംഗികത, പ്രണയം എന്നിവയെ ഉദാത്ത വൽക്കരിക്കുന്ന ശൈലിയിൽ നിന്ന് മാറി യാഥാർഥ്യത്തിൻറെ അനുഭവതലം ആണ് നോവലിസ്റ്റ് പിന്തുടരുന്നത് .അത് ലൈംഗികതയും പ്രണയവും  യാഥാർത്ഥ്യത്തിൻറെ അനുഭവ സത്യങ്ങളായി ആവിഷ്കരിക്കുന്നു.  രോഗം, ശരീരം, മരണം എന്നിവ പോലെ പോലെ തികച്ചും ശാരീരികമായ കർമ്മം മാത്രമായി ലൈംഗികതയെയും കാണുന്നു. പുരുഷസഹജമായ സാധാരണ വികാരം എന്നതിനപ്പുറം  ലൈംഗികതയ്ക്ക് ജിതൻറെ ജീവിതത്തിൽ വലിയ ഇടമില്ല . ജിതനിൽ കൗമാരകാലത്ത് കാണുന്ന ലൈംഗികാഭിമുഖ്യം പതിയെ മങ്ങുകയാണ് .ഭംഗിയില്ലാത്ത സ്ത്രീകളോട് പ്രത്യേക അനുകമ്പയുള്ള ജിതൻ  തലയും മുലയും ഉള്ള പെണ്ണായി സോഫിയയെ കാണുന്നു .മറ്റു സ്ത്രീകളോട് ഒന്നും ഒരിക്കലും  വെളിപ്പെടുത്തിയിട്ടില്ലാത്ത ആദ്യത്തെ വേഴ്ചയും അതിൽ നിന്നുണ്ടായ സുഖകരമല്ലാത്ത പ്രതികരണങ്ങളും മറ്റേതൊരു യുവാവിനേയും പോലെ ജിതൻറെ ഓർമ്മകളുടെ ചതുപ്പിൽ ആഴ്ന്നു കിടന്നിരുന്നു. രതി കർമ്മത്തെ തികച്ചും യാന്ത്രികവും മരണതുല്യമായ ഒന്നായി നോവലിൽ വിശേഷിപ്പിക്കുന്നുണ്ട്. പതിനാലാം വയസ്സിലെ ഒരു രാത്രിയിൽ ഇതിൽ പഠിപ്പിച്ചത് പോലെ  രതിയുടെയും മൃതിയുടെയും ഞരക്കങ്ങൾക്ക് അത്ഭുതകരമായ സാദൃശ്യം ഉണ്ടായിരുന്നു എന്ന്എഴുതിയിട്ടുണ്ട്. മലിനജലം പോലെ കെട്ടിക്കിടക്കാൻ തുടങ്ങിയ പുതിയ കാലത്തിലും  മനുഷ്യർ കൊതുകിനെ പോലെ പെറ്റുപെരുകുന്നതിൽ മനംമടുത്ത ജിതൻ തനിക്ക് കുട്ടികൾ വേണ്ടെന്ന തീരുമാനത്തിൽ എത്തിയിട്ടും അയാൾ ഇടതടവില്ലാതെ ഭോഗിക്കുകയാണ് .തൻറെ മരണശേഷം നിലനിൽക്കാൻ കെൽപ്പുള്ള ഒന്നിനെ സൃഷ്ടിക്കുക എന്ന കർമ്മത്തിൽ നിന്നും ഒളിച്ചോടാൻ അയാൾ തീവ്രമായി ആഗ്രഹിക്കുന്നുണ്ട് .  സ്വന്തം സൃഷ്ടിപരത  വംശ വൃദ്ധിക്കു വേണ്ടി മാത്രം ചെലവിട്ട് വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചു പോകുന്ന നിസ്സാരനാണ് മനുഷ്യൻ എന്ന കണ്ടെത്തലാണ് മനുഷ്യാവസ്ഥയുടെ ആത്യന്തിക സത്തയായി നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.

 

     ആശയങ്ങളോട് പ്രകടമായ ആസക്തി വെളിവാക്കുന്ന ഒരു നോവലാണ്  മനുഷ്യനൊരാമുഖം .ഏറ്റവും സാധാരണവും നിസ്സാരമായ മനുഷ്യ അനുഭവങ്ങളെ പോലും അതിൻറെ ചാലക ശക്തികളിൽ മുഖ്യമായ ആശയങ്ങളോടു കൂടി ചേർത്തു വയ്ക്കാനുള്ള വെമ്പൽ നോവലിലുടനീളം പ്രകടമാണ് .ഓരോ അധ്യായത്തിലും ആമുഖമായി ചേർത്തിരിക്കുന്ന കുറിപ്പുകൾ ഓരോന്നും ഓരോ ആശയത്തിൻറെ തന്നെ അവതരണം ലക്ഷ്യം വച്ചുള്ളതാണ് .ഈ ആശയങ്ങളിൽ ചിലത് നോവലിന്റെ ഇതര ഘടകങ്ങൾ പുലർത്തുന്ന ഗഹനതയുടെ നിലവാരത്തെക്കാൾ വളരെ താഴെയാണെന്നത് ഒരു യാഥാർത്ഥ്യമാണ്. എഴുത്തിലൂടെ താൻ നിർവഹിക്കേണ്ട ജീവിത വിമർശനത്തിൻറെ വൈപുല്യത്തെ കുറിച്ച്  ഇങ്ങനെ ഒരു ധാരണ പുലർത്തുകയും ആ ധാരണയോട് ആകാവുന്നത്ര നീതിപുലർത്താൻ പൂർണമായി  യത്നിക്കുകയും ചെയ്തിട്ടുള്ള ഈ നോവൽ താഴ്ന്ന മധ്യവർഗ്ഗത്തിലുള്ള സവർണ്ണ ജീവിതങ്ങൾക്ക് തന്നെയുള്ള ഒരു പ്രശ്നമാണ്. കഥാപാത്രങ്ങളെ ഭരിക്കുന്ന ഈ അസ്തിത്വം  മാറ്റിയെടുക്കാൻ  നോവലിന് കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ് . സാഹിത്യരൂപങ്ങളി ൽ വെച്ച്  നോവൽ അതിൻറെ ഇതിവൃത്തത്തിലേക്കും ആശയ ലോകത്തേക്കും പരമാവധി കാര്യങ്ങളെക്കുറിച്ച് കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്ന ഒരു മാധ്യമമാണ്. എന്തും കുത്തി നിറയ്ക്കാവുന്ന കീറച്ചാക്കിൻറെ അവസ്ഥയിലേക്ക് അതിനെ എത്തിക്കുന്നത് ഈ വ്യഗ്രത കൊണ്ടാണ്. അനുഭവങ്ങളുള്ള അതിൻറെ സമീപനം ബഹുമുഖം ആണ് .ബഹുസ്വരതയും ബഹുഭാഷ ണത്വവും ജന്മ സ്വഭാവമായ നോവൽ നാനാമുഖമായ ആത്മ സംശയങ്ങ ളിലേക്കും ആത്മ വിമർശനത്തിലേക്കും എഴുത്തിനെ കുറിച്ചുള്ള അവിശ്വാസത്തിലേക്കും എല്ലാം നോവലിസ്റ്റിനെ നയിക്കും .ഈ അനുഭവം ഏറ്റവും വൈകാരികമായും വാചാലമായും അവതരിപ്പിക്കുന്ന ഒരു നോവലാണ് "മനുഷ്യനൊരാമുഖം".

 

 

സഹായകഗ്രന്ഥങ്ങൾ

 

  1. കുമാർ ജെ, ഡോ. ,ഷിജു കെ. ഡോ , എഡി. 2018, ആധുനികാനന്തര മലയാള നോവൽ , മാളുബൻ പബ്ലിക്കേഷൻസ്., തിരുവനന്തപുരം

  2. ശിവദാസ് , കെ.കെ.,ഡോ., എഡി. 2014, മലയാളനോവൽ രണ്ടായിരത്തിനുശേഷം. പാപ്പിറസ് ബുക്സ്, കോട്ടയം

  3. ശ്രീകുമാർ . കെ, ഡോ., എഡി. 2017,  നവ നോവൽ വസന്തം.പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്

  4. ലിസി മാത്യു , വി., ഡോ.,2012, ഇവൾ പൂക്കും ഇലഞ്ഞി മരങ്ങൾ , കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

  5. ജോബിൻ ചാമക്കാല , ഡോ., എഡി.2020, നോവലും പ്രാദേശികതയും, ആത്മ ബുക്സ്, കോഴിക്കോട്

  6. ഷാജി ജേക്കബ്, ഡോ., 2018, ആധുനികാനന്തര മലയാള നോവൽ  വിപണി, കല, പ്രത്യയശാസ്ത്രം . കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

  7. സുധീഷ് എസ് .,2016, ചരിത്രവും ഭാവനയും നോവൽ കലയിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

  8. സുധാകരൻ സി ബി ., 1999, ഉത്തരാധുനികത, കറൻറ് ബുക്സ്

  9. ബെഞ്ചമിൻ ഡി .ഡോ., 2010 നോവൽ സാഹിത്യ പഠനങ്ങൾ , മാളുബൻ പബ്ലിക്കേഷൻസ് ,തിരുവനന്തപുരം

  10. Foster .E.M,1990: Aspect of the novel , London: Penguin books

മഞ്ജു കെ. ആർ.

അസി. പ്രഫസർ,മലയാളവിഭാഗം,

ഗവൺമെൻറ് കോളേജ്നെടുമങ്ങാട്.

( ഗവേഷക,കെ.കെ. ടി.എം. ഗവൺമെൻറ് കോളേജ്

കൊടുങ്ങല്ലൂർ,കാലിക്കറ്റ് യൂണിവേഴ്സിറ്റി)

 

 

 

 

 

     

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്




സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page