top of page

ഉത്തരാധുനിക സൗന്ദര്യ ദർശനം : പി.രാമന്റെ  കവിതകളിൽ

ഡോ.ദേവി കെ.
ree

പ്രബന്ധ സംഗ്രഹം

ആധുനിക കവിത പരമ്പരാഗത മൂല്യ സങ്കൽപ്പങ്ങളോട് കലഹിക്കുന്നവ ആയിരുന്നെങ്കിലും ചുറ്റുപാടുമുള്ള സാധാരണ ജീവിതക്രമങ്ങളെ സ്വാംശീകരിക്കാൻ കൂട്ടാക്കിയില്ല.  ബൗദ്ധികമായി ഉയർന്ന ഒരാശയ പ്രപഞ്ചത്തിന്റെ സൃഷ്ടിയായിരുന്നു അത്. ആഖ്യാനത്തിൽ പല പുതുമകളും സ്വാംശീകരിച്ചുകൊണ്ട് നിലനിൽക്കുന്ന ആഖ്യാന മാതൃകകളെ അത് നവീകരിച്ചു. ആധുനികതയുടെ തുടർച്ചയെന്നോണമുണ്ടായ ഉത്തരാധുനികത ഒരളവിൽ ആധുനികതയുടെ തുടർവഴി തേടുന്നുണ്ടെങ്കിലും ആധുനികതയിൽ നിന്നും ഭിന്നമായ ബഹുവീക്ഷണങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്.  അതുകൊണ്ടുതന്നെ ബഹുതാന സൗന്ദര്യദർശനമാണ് ഉത്തരാധുനിക കവിതകളിൽ കാണാൻ സാധിക്കുന്നത്. ഉത്തരാധുനിക കവികളിൽ പ്രമുഖനായ പി രാമൻറെ കവിതകളിലൂടെ പുതു  കവിതകളുടെ സൗന്ദര്യദർശനം അന്വേഷിക്കുകയാണ് പ്രബന്ധം

 

താക്കോൽ വാക്കുകൾ:

ഉത്തരാധുനികത, സൗന്ദര്യ ദർശനം, സാംസ്കാരിക മൂലധനം,

 

          കാലമാണ് കലയുടെ രചനാ തന്ത്രത്തെ ഉടച്ചു വാർക്കുന്നത് .കാലത്തിന്റെ ചോദനകൾക്കനുസരിച്ച് സാഹിത്യത്തിൻറെ ഉള്ളടലുകളും മാറുന്നു. ഭാഷ, സാഹിത്യ പാഠം, ബുദ്ധി എന്നിവ ചേർന്ന് ഗൂഡമാക്കുകയും സെൻസർ ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്ന ആന്തരചോദനകളുടെ പൂരണമാണ് ഉത്തരാധുനിക സാഹിത്യത്തിൽ വെളിവാകുന്ന സൗന്ദര്യദർശനം. ഇത് സത്യത്തിന്റെ നിയമങ്ങളെ സ്ഥാനാന്തരണം ചെയ്യുന്ന കണ്ടെത്തലിന്റെ ദർശനമാണ്.  ബിംബാത്മകമായ ഭാഷയും രൂപ പരീക്ഷണങ്ങളും ആധുനികനന്തര കാവ്യ കലയിലെ നിർമ്മിതി പാഠത്തിന് പുതുമ നൽകുന്നു.

 

         വൈയക്തികാനുഭവതലങ്ങളിൽ നിന്നാണ് കവിതയുടെ പ്രമേയ ഘടന രൂപപ്പെടുന്നത്. വൈയക്തികവും സാമൂഹികവുമായ സൗന്ദര്യ തലങ്ങളെ കോർത്തിണക്കി ഭവാനുദീർഘമായോ ശബ്ദാലങ്കാര സുഭഗമായോ കാവ്യങ്ങൾ രചിച്ചിരുന്ന കാലം അസ്തമിച്ചു. സ്വർഗതുല്യമായ ഗ്രാമത്തിന്റെ സ്ഥാനത്ത് നരക തുല്യമായ നാഗരീകത പ്രതിഷ്ഠിക്കപ്പെടുകയും പാരസ്പര്യങ്ങൾ അന്യവൽക്കരണത്തിലേക്ക് വഴിമാറുകയും ചെയ്തു. നവമാധ്യമങ്ങളും മായികാനുഭവ പ്രപഞ്ചവും കാവ്യാനുഭവങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി. സാമൂഹിക ബോധവും വൈയക്തികതയും ആത്മസ് സ്പർശമില്ലാത്ത അനുഭവസത്തയായാണ് ഉത്തരാധുനികതയിൽ നിലകൊള്ളുന്നത്. സമകാലിക സമൂഹത്തിൽ ശക്തമായ ഇടപെടൽ നടത്തുന്ന സാങ്കേതികതയും അതിനാഗരികതയും മനുഷ്യ ജീവിതവേഗം വർദ്ധിപ്പിക്കുമ്പോൾ തന്നെ പാരിസ്ഥിതിക ചൂഷണങ്ങളുടെ ഗതി വേഗവും ത്വരിതപ്പെടുത്തുന്നുണ്ട്. പ്രാപഞ്ചികാടിത്തറയോടുള്ള ആഭിമുഖ്യവും അതോടൊപ്പം വികസനാഭിമുഖ്യവും വിരുദ്ധമാനങ്ങളായി ഉത്തരാധുനിക കവിതയുടെ അന്തർധാരയെ ശക്തിപ്പെടുത്തുന്നുണ്ട് .ലളിതമായി പറഞ്ഞാൽ ഒരു സാഹിത്യ മാതൃകയെയും ഉത്തരാധുനികത പിന്തുടരുന്നില്ല. പ്രത്യേകിച്ച് ലോകത്തെ ഒന്നാകെ ഒറ്റ ക്യാൻവാസിൽ ഒതുക്കുന്ന താത്വിക സങ്കല്പങ്ങളെ നിരാകരിക്കുകയും തൽസ്ഥാനത്ത് സാംസ്കാരിക മൂലധന വ്യവസ്ഥയിൽ അധിഷ്ഠിതമായി ഉത്തരാധുനിക സാഹചര്യത്തെ  അപഗ്രഥിക്കുകയുമാണ് ഉത്തരാധുനിക സാഹിത്യം ചെയ്യുന്നത് ( ബട്ലർ, 2000: പുറം 5)

 

യന്ത്ര നാഗരികതയും പുതു സംവേദനങ്ങളും

 

വൈലോപ്പിള്ളിയിലും പി കുഞ്ഞിരാമൻ നായരിലും സ്പന്ദിച്ച സർഗ്ഗ ചേതനയുടെ ഗ്രാമസൗഭഗങ്ങൾ വരുംതലമുറകളിൽ നഷ്ടസ്വർഗ്ഗങ്ങളുടെ ആവിഷ്കാരമായി മാറിയിട്ടുണ്ട് പി. രാമൻറെ തുരുമ്പ് എന്ന കവിതയെ ഇത്തരത്തിൽ പരിശോധിക്കുമ്പോൾ ജൈവ സംസ്കാരത്തിൻറെ ശിഥിലാവസ്ഥ വെളിപ്പെടുന്നു. പി കുഞ്ഞിരാമൻ നായരുടെ ‘കാലവർഷമേ നന്ദി, എന്ന കവിതയിലെ

        ഇരുമ്പും മരവും മണ്ണുമെന്റെ  കൂടെപ്പിറപ്പുകൾ

                  എരിദാഹക്കഞ്ഞി തരും കൈക്കോട്ടെൻ കുല ദൈവതം

എന്ന വരികളുമായി ചേർത്തുവയ്ക്കുമ്പോഴാണ് സാംസ്കാരിക വ്യതിയാനത്തിന്റെ ജീർണ്ണത വെളിവാകുന്നത് .ഇരുമ്പ് മാനവ സംസ്കൃതിയുടെ കൂട്ടു ജീവിതത്തിൻറെ അടയാളപ്പെടുത്തലാകുന്നു. ഗോത്രങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്കും മണ്ണിൽ നിന്ന് മനുഷ്യരിലേക്കും ഊർജ്ജം പകർന്ന ഇരുമ്പ്,അന്നരൂപിയായി മനുഷ്യകുലത്തെ നിലനിർത്തിയ മണ്ണിൻറെ മാതൃത്വത്തിന് പൂരകമായ പിതൃത്വം കൂടിയാണ്.ഇങ്ങനെ പല തലമുറകളിലൂടെ കടന്നുവന്ന ഇരുമ്പുസംസ്കൃതിയുടെ തുരുമ്പിച്ച അവശിഷ്ടങ്ങളാണ് കാവ്യത്തിന് ജീവനാകുന്നത്. മനുഷ്യന്റെ ത്യാഗവും സഹനവും സ്വാതന്ത്ര്യബോധവും ഇരുമ്പുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ഇരുമ്പ് ,കൊളോണിയലിസത്തിന്റെയും സംസ്കാരത്തിന്റെയും മുതലാളിത്തത്തിന്റെയും  ആധുനികവൽക്കരണത്തിന്റെയുമൊക്കെ കാതലായി മാറുന്നു. അതിനുള്ള ബദലും. എന്നാൽ സ്വാതന്ത്ര്യത്തിനുവേണ്ടി പീഡന മനുഭവിച്ച തലമുറയേക്കാൾ തുരുമ്പിച്ച വാഗണുകളെ സങ്കൽപ്പിക്കാൻ കഴിയുന്ന യന്ത്ര ചേതനയിലേക്ക് വഴിമാറുന്ന ഉത്തരാധുനിക സംസ്കൃതിയിലാണ് തുരുമ്പ് എന്ന കവിതയുടെ രൂപഭാവ ശിൽപം വാർന്ന് വീഴുന്നത്. “സങ്കല്പം പോലും തുരുമ്പാണ്,  അതിന് ഇരുമ്പിന്റെ കരുത്തില്ല. ഒന്നമർത്തിയാൽ  പൊടിഞ്ഞു പോകുന്നത്ര ശിഥിലം”. മനുഷ്യ കേന്ദ്രീകൃതമായ ബോധം യാന്ത്രികവും ശിഥിലവുമാകുന്ന മറു ബോധത്തിലേക്ക് പരിവർത്തനം ചെയ്യുന്നു.

        സ്ഥലകാല വിന്യാസങ്ങളിലും  കവിത പുതു സംവേദനം കാഴ്ചവയ്ക്കുന്നു. വലിയ ദേശാതിർത്തിയിൽ നിന്ന് ചെറിയ ഗ്രാമാതിർത്തിയിലേക്ക് പരിവർത്തനം ചെയ്യുന്ന യാഥാർത്ഥ്യത്തിന്റെ അനന്തസാധ്യതകളിലാണ് കവിതയുടെ ഇടം വിപുലപ്പെടുന്നത്. ഉരുക്കു വാഗണുകളിലെ മനുഷ്യക്കുരുതിയുടെ ചരിത്രം പാടവരമ്പിന്റെ പരിമിത പരിധിക്കുള്ളിലേക്ക് ചുരുങ്ങുകയും മരണത്തിന്റെ അടയാളങ്ങൾക്ക് പാത്രീഭവിക്കുകയും ചെയ്യുന്നു. കാലം ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയും സഞ്ചരിച്ച് ഭാവിയിൽ എത്തിച്ചേരുന്ന വർത്തുള്ളമാനമാകുന്നു ഈ കവിതയിൽ. ഭൂത വർത്തമാനങ്ങൾ മാറിമാറി ഇടംപിടിക്കുന്ന കവിതയിൽ ഭൂതം പോലും വർത്തമാനത്തിന്റെ സാധ്യതാ സമസ്യയാകുന്നു. മനുഷ്യനെയറിയാത്ത യന്ത്രത്തെയറിയുന്ന വർത്തമാനം.

          ‘പിന്നിട്ട 

                പതിനായിരക്കണക്കിനു

                വാഗണുകളിൽ

               ഒന്നു മാത്രമായിരുന്നു

               അത്

              എന്നിട്ടും

              എല്ലാവരും എല്ലാക്കാലത്തും

              ആ ഒറ്റ വാഗണിനെപ്പറ്റി

              പറഞ്ഞുകൊണ്ടിരിക്കുന്നു.

 

വാഗൺ ഒരു ചരിത്ര സഞ്ചാരമാകുന്നു കാലത്തെക്കുറിക്കുന്നതും മനുഷ്യസഹനത്തിൽ നിന്ന് യന്ത്രത്തുരുമ്പിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന മനോനിലകളുടെ കാലമാപിനി. 

 

    കാലം പ്രതീകാത്മകമോ ആലങ്കാരികമോ ആയാണ് ഉത്തരാധുനികവിതകളിൽ പ്രത്യക്ഷപ്പെടുന്നത് ഭാഷയ്ക്ക് കാലത്തെ അടയാളപ്പെടുത്താനും കാലാന്തര സഞ്ചാരം ചെയ്യാനുമുള്ള ശക്തി വിശേഷമുണ്ട്. ഇത് പലപ്പോഴും യാഥാർത്ഥ്യത്തെ പ്രതീകവൽക്കരിക്കാൻ ശ്രമിക്കുന്നു .യാഥാർത്ഥ്യം വൈയക്തികമാണ്. ഓരോരുത്തർക്കും അവരവരുടേതായ യാഥാർത്ഥ്യമുണ്ട്. ഓരോ യാഥാർത്ഥ്യവും ഓരോ പ്രതിനിധാനങ്ങളാണ്. ഭാഷ യാഥാർത്ഥ്യപ്രതിനിധാനങ്ങളെ ആവിഷ്കരിക്കാനുള്ള ഉപാധിയല്ല, മറിച്ച് യാഥാർത്ഥ്യത്തെ സൃഷ്ടിക്കുവാനുള്ള ഉപാധിയായാണ് മാറുന്നത് ( ബോക്മിയർ, 1994:32) ഇങ്ങനെ നോക്കുമ്പോൾ യാഥാർത്ഥ്യത്തെ അപനിർമ്മി ക്കുകയാണ് ഉത്തരാധുനിക കവിതകൾ ചെയ്യുന്നത് . ഇവിടെയും യാഥാർത്ഥ്യത്തിന്റെ ചരിത്ര സഞ്ചാരങ്ങളിലൂടെ സ്ഥലകാലങ്ങളെ അപനിർമിക്കുകയാണ് കവി. 

           അവസാനത്തെ പൂതം എന്ന കവിത യന്ത്ര സംസ്കൃതിയുടെ മറ്റൊരാഖ്യാനമാണ് തീവണ്ടിയുടെ സാന്ദ്ര താളത്തിൽ നഗരം വളരുമ്പോൾ വിസ്മൃതിയിലേക്കാണ്ടു പോകുന്ന പൂതത്തിൻറെ ,നാട്ടുമിത്തിന്റെ അവസാനദശയെ കുറിക്കുന്നു. കുട്ടികളെ തട്ടിയെടുക്കുന്ന പൂതം റെയിലോരത്തെ എരുക്കിൻ കാട്ടിൽ കഴിയുന്നു. എരിക്കിൻപാൽ കുടിച്ചും പൂമണത്തും കഴിയുന്ന പൂതം മാന്ത്രിക നൂൽ വലയെറിഞ്ഞ് കുട്ടികളെ പിടിക്കും. നിരക്ഷരനിൽ നിന്ന്  സാക്ഷരനിലേക്ക്

 എണ്ണലിന്റെ മാന്ത്രിക വലയെറിയുന്ന പൂതം നാട്ടു സംസ്കൃതിയുടെ അവസാനത്തെ കണ്ണിയാണ്. മനുഷ്യൻറെ ആന്തര ചേതനയിലമർത്തപ്പെട്ട ചോദനകളെയും മിത്തുകളെയും പൊളിച്ചു പുറത്തു കൊണ്ടുവരികയാണ് ഉത്തരാധുനിക സൗന്ദര്യശാസ്ത്രം ചെയ്യുന്നത്. ഇവിടെ പൂതം നാഗരികന്റെ ഉള്ളിലെ വറ്റിത്തീരാറായ ഗ്രാമീണ ജീവിത സത്തയുടെയും യന്ത്ര സംസ്കാരത്തിന്റെ കടന്നുവരവോടെ അരികു വൽക്കരിക്കപ്പെട്ട നാടോടിത്തത്തിന്റെയും സ്വരൂപമാണ്. തീവണ്ടി കൊളോണിയലിസത്തിന്റെ പ്രത്യക്ഷ സൂചകവും. പ്രകൃതിയെ കൊള്ളയടിക്കുന്ന നവസംസ്കാരികാധിപത്യത്തെ

കൊളോണിയലിസത്തിന്റെ ഈ രൂപകം സാധൂകരിക്കുന്നു. കൊളോണിയലിസം തുടങ്ങിവച്ച പാരിസ്ഥിതിക ചൂഷണങ്ങൾ കാലാനുസൃതമായി തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ തുടർച്ചയെയാണ് തീവണ്ടിയുടെ സഞ്ചാരപഥങ്ങൾ കുറിക്കുന്നത്. സമയദൈർഘ്യവും മനുഷ്യാധ്വാനവും കുറച്ചുകൊണ്ട് ദേശങ്ങൾ തമ്മിലുള്ള അകലം ചുരുക്കുന്ന തീവണ്ടി നാഗരീകതയുടെ അടിസ്ഥാന ഏകകമാകുന്നു. അതോടൊപ്പം ഗ്രാമീണ പ്രതനിധാനങ്ങളെ നശിപ്പിക്കുന്ന ശക്തി കൂടിയായി മാറുന്നു. ഇരുമ്പ് പൂതങ്ങൾക്ക് ഭയമാണ്. എഴുത്താണി കൊണ്ട് ആട്ടിയകറ്റപ്പെട്ട പൂതങ്ങൾ ഭീമാകാരമായിരിക്കുന്ന ഇരുമ്പ് സ്വത്വങ്ങളെ ഭയപ്പെട്ട് കുറ്റിക്കാട്ടിൽ കഴിയുന്നു. കുറ്റിക്കാട് അവശേഷിക്കുന്ന ജൈവ സംസ്കൃതിയുടെ നേർക്കാഴ്ചയാണ്. കാടകം പുക്കുന്ന നിരക്ഷരന്റെ പ്രതിനിധിയായ പൂതം പച്ച മനുഷ്യനെപ്പോലെ എരിക്കിൻ പാൽ കുടിക്കുന്നു. തീവണ്ടിയുടെ പുകമണം മാറ്റാൻ എരിക്കിൻ പൂമണക്കുന്നു. ഇങ്ങനെ യന്ത്ര സംസ്കാരം ആട്ടിയകറ്റിയ ജൈവചോദനകളുടെ പ്രതീകം കൂടിയായി പൂതം മാറുന്നു. ശബ്ദ മുഖരിതമായ റെയിൽവേ സ്റ്റേഷനും പൂതത്തിന്റെ ആവാസസ്ഥാനമായ കുറ്റിക്കാടും ഗ്രാമ നഗര സംഘർഷത്തിന്റെ സൂക്ഷ്മ ചിത്രമായി മാറുന്നു

            ശബ്ദം ദൃശ്യം സ്പർശം എന്നീ മൂന്ന് സംവേദന സാധ്യതകളെയും കവിത പ്രയോജനപ്പെടുത്തുന്നുണ്ട്. ഓടിയെത്തുന്ന തീവണ്ടി ശബ്ദം, റെയിൽ വക്കത്ത് നിന്ന് ഒന്നേ രണ്ടേയെന്നെണ്ണുന്ന കുട്ടി, എരിക്കിൻ പൂവുകൾ ഞെക്കി പൊട്ടിക്കുന്ന വിസ്ഫോടന ശബ്ദം എന്നിങ്ങനെ ഇന്ദ്രിയനുഭൂതികളെ സാക്ഷാത്കരിക്കുന്ന അനുഭവപ്രപഞ്ചമായി കാവ്യം മാറുന്നു.അറിവ്സാമൂഹികമായുംചരിത്രപരമായും  എങ്ങനെ നിർണ്ണയിക്കപ്പെടുന്നു വെന്ന് തുറന്നുകാട്ടുന്നതിലൂടെ, അറിവും സത്യവും വസ്തുനിഷ്ഠവും സാർവത്രികവുമായ യാഥാർത്ഥ്യങ്ങളല്ലെന്ന് ഉത്തരാധുനികത ഉറപ്പിക്കുന്നു . മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മനുഷ്യ സംസ്കാരത്തെ പ്രകൃതിയിൽ നിന്ന് വേർപെടുത്തുകയും പ്രകൃതിയെ വാക്കാലുള്ള നിർമ്മിതിയായി മാത്രം കാണുകയും ചെയ്യുന്ന നിർദ്ദിഷ്ട വ്യവഹാര രീതികൾക്ക് പിന്നിലെ എല്ലാ സമഗ്രമായ അറിവുകളെയും ഉത്തരാധുനികത ചോദ്യം ചെയ്യുന്നു. (Waugh Patricia, 1992:15)     ‘അവസാനത്തെ പൂത’വും നട്ടറിവിന്റെ അറ്റുകണ്ണിയായി മാറുന്നു.  പൂതപ്പാട്ടിലെ പൂതത്തിൻറെ  അപനിർമ്മിതി ഈ കവിതയിലുണ്ട്.  പഠിക്കാൻ പള്ളിക്കൂടത്തിലേക്ക് പോകുന്ന ഉണ്ണിയെ തട്ടിയെടുക്കുന്ന പൂതം, അമ്മയുടെ സ്നേഹത്തിനു മുന്നിൽ അടിയറവ് പറയുന്ന പൂതം, ഉണ്ണിയെ സ്നേഹിച്ച് ഉണ്ണിയുടെ ഊരിലേക്കിറങ്ങുന്ന പൂതം എന്നിങ്ങനെയുള്ള പൂതപ്പാട്ടിലെപൂതം, അവസാനത്തെ പൂതത്തിലേക്കെത്തുമ്പോൾ  സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കു മുന്നിൽ തഴയപ്പെട്ട പ്രകൃതി കൂടിയാകുന്നു.

         പി രാമൻറെ കവിതകളിൽ വരണ്ട സ്ഥലികളെ സചേതനമാക്കുന്നത് ഗ്രാമ ചൈതന്യത്തിന്റെ നീരുറവയാണ്. ഏത് ഊഷരതയിലും പ്രകൃതിയുടെ ലാവണ്യം അലിഞ്ഞു കിടപ്പുണ്ടെന്ന് തോന്നലിലാണ് കാവ്യത്തിന്റെ ആത്മാവ് നിലകൊള്ളുന്നത്. പാറയുടെ കഥയിലെ പാറ ചേതനാചേതനങ്ങളിലേക്ക് സംക്രമിക്കുന്ന പ്രകൃതിയുടെയും സ്ത്രീയുടെയും പരിച്ഛേദമാണ്. മുഖം തകർന്നു മരിക്കുന്ന പ്രകൃതി, പാറ പൊട്ടിച്ച് നിർമ്മാണം നടത്തുന്നവന്റെ കൊലക്കത്തിക്കിരയാകുന്നവൾ ,ആക്രമണങ്ങൾക്കിടയിൽ സഹനത്തിന്റെ നെല്ലിപ്പലകയിൽ നിന്ന് താഴോട്ട് പതിക്കുന്നവൾ, കോളനിയിലെ കിണറ്റിൽ പൊന്തുന്നവൾ പ്രകൃതിയുടെ പ്രതിരോധത്തെ ചുട്ടുകരിക്കുന്ന മനുഷ്യൻറെ സംഹാരമാണ് കവിതയുടെ കാതൽ

 

     നാലുകോൽക്കു വെള്ളമുള്ള കിണറ്റിൽ

             ഇന്നലെ അബദ്ധത്തിൽ വീണവൾ

             മരിച്ചത് വെള്ളം കുടിച്ചല്ല

            മുഖം തകർന്ന്

 

അസംബന്ധതയിലൂടെ ഉൽപാദിപ്പിക്കുന്ന സംബന്ധതയാണ് കവിതയുടെ അന്തസത്തയെ അപരിമേയമാക്കുന്നത്. പ്രകൃതി ചൂഷണവും സ്ത്രീക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളും ഉപഭോഗ സംസ്കാരത്തിൻറെ ഇരുപുറങ്ങളാണ്. പ്രകൃതിയും പെണ്ണും ഒന്നായിത്തീരുന്ന പാരസ്പര്യത്തിന്റെ പാഠമാണ് കവിത മുന്നോട്ട് വയ്ക്കുന്നത്. രണ്ടു കൂട്ടരും വംശപരമ്പരയുടെ അനുസ്യൂതിയെ നിലനിർത്തുന്നവരാണ്. അവരുടെ നാശം ജീവി വർഗ്ഗത്തിൻറെ ഒന്നടങ്കമുള്ള ഉന്മൂലനമായി മാറുന്നു. ഈ ഉന്മൂലനത്തിന്റെ ചരിത്രമാണ് പൊടി എന്ന കവിതയും മുന്നോട്ട് വയ്ക്കുന്നത്.  മനുഷ്യഹൃദയങ്ങൾ പൊടി സമാനമാകുന്നു. കനം ഇല്ലാത്തതും സദാ അസ്വാസ്ഥ്യങ്ങളാൽ നിറയുന്നതുമായ ഒന്ന്. വരൾച്ചയുടെ വർത്തമാനകാലമാണ് പൊടി. അവിടെ സ്നേഹത്തിന്റെയോ പാരസ്പര്യത്തിന്റെയോ നനവില്ല. ഒരിക്കലും ഒട്ടിച്ചേരാനാകാതെ പാറി നടക്കുന്ന പൊടിപടലങ്ങൾക്കപ്പുറത്തുള്ള ഭൂതകാല സഞ്ചാരത്തിലാണ് ഭൂമിയിൽ നിന്നും തുടച്ചുമാറ്റപ്പെട്ട എണ്ണമറ്റ ജീവിവർഗങ്ങളുടെ തലമുറകളെ കവി ഓർത്തെടുക്കാൻ ശ്രമിക്കുന്നത്. മനസ്സിൽ വെച്ച് മൂടോടെ പറഞ്ഞു പോയ ജീവിവർഗങ്ങളുടെ പട്ടിക. പ്രപഞ്ചത്തിൽ നിന്ന് നിഷ്കാസിതരാവുന്ന അനേകം ജീവിവർഗങ്ങളുണ്ട്. മനുഷ്യരുടെയും യന്ത്രങ്ങളുടെയും ആധിപത്യത്തിനു കീഴിൽ നിശബ്ദമായി തുടച്ചുമാറ്റപ്പെട്ടവർ. വികസനം നശിപ്പിക്കുന്ന ജൈവവൈവിധ്യങ്ങളെ കാലം വിസ്മൃതിയിലാഴ്ത്തുന്നു.

        ആഖ്യാനത്തിലും കവിത വേറിട്ട് നിൽക്കുന്നു.  മനസ്സിന്റെ തേഞ്ഞവിരലെല്ല്, കാട്ടിൻ നടുവിൽ മുക്രയിട്ടു നിൽക്കുന്ന സ്ഥലകാലങ്ങൾ എന്നിങ്ങനെ അമൂർത്തമായതിനെ മൂർത്തവൽക്കരിക്കുകയും മൂർത്തമായതിനെ അമൂർത്ത വൽക്കരിക്കുകയും ചെയ്യുന്ന ക്രാഫ്റ്റ് ഈ കവിതയുടെ ആന്തരിക തലത്തെ ദൃഢമാക്കുന്നു. നഷ്ട പ്രപഞ്ചത്തെ വീണ്ടെടുക്കുന്നതിന് തടസ്സമായി നിൽക്കുന്ന പുതുകാലത്തിൻറെ ഊഷരതയിലാണ് കവിതയുടെ ജൈവചേതന നിലനിൽക്കുന്നത്. അറുത്തിട്ട കാട് ,മൂർച്ചയേറിയ പൊടി, വർത്തമാനകാലത്തെ പാരിസ്ഥിതിക ചൂഷണത്തിന്റെ പ്രത്യക്ഷതയെ കുറിക്കുന്നു

        പഴങ്ങൾ, മഴ എന്ന കവിതയും ഒരു മനുഷ്യൻ ഒരു പൂവ് ,ഉള്ളുണക്കം എന്നീ കവിതകളും സമാനവിതാനങ്ങളിലെ വ്യത്യസ്ത അനുഭവങ്ങളെ സാക്ഷാത്കരിക്കുന്നു. മനുഷ്യന്റെ മടക്കവും യന്ത്രവൽക്കരണത്തിനൊടുക്കവും എത്തിനിൽക്കുന്നത് മണ്ണിലാണെന്ന തിരിച്ചറിവാണിത്. പ്രകൃതിജന്യമായ  ചേതനാചേതനങ്ങളുടെ അസ്തിത്വം വിലയം പ്രാപിക്കുന്ന മണ്ണിലേക്കുള്ള ഗതിമാറ്റത്തെ കവിത സാധൂകരിക്കുന്നു. പഴങ്ങൾ, മഴ എന്ന കവിത ഉർവരാനുഭവങ്ങളുടെ  സാക്ഷാത്കരണമാണ്. ഒരു മനുഷ്യൻ ഒരു പൂവ് എന്ന കവിതയിൽ കുന്നിടിച്ച് ഓട തുറന്ന് ഇരുമ്പ് കമ്പികൾ ഉയർന്നുനിന്ന്…..ലോകം സ്വയം നഗരവൽക്കരണത്തിലേക്കും ചീഞ്ഞതിന്റെ ദുർഗന്ധത്തിലേക്കും പരിമിതപ്പെടുമ്പോൾ, ഗ്രാമം പാർക്കിനുള്ളിലെ ചെറു പ്രകൃതിയിലേക്കു ചുരുങ്ങുന്നു. പൂവ് സ്ത്രൈണതയായും പ്രകൃതിയായും വിശുദ്ധിയായും പരിവർത്തനം ചെയ്യപ്പെടുന്നു. ഉള്ളുണക്കം എന്ന കവിതയിൽ ഉണക്കം ഉള്ളിനിണങ്ങിയതാണ് എന്നു പറയുന്നിടത്താണ് കവിതയുടെ ട്വിസ്റ്റ്. ഉള്ളുണങ്ങിപ്പോയ സമൂഹത്തിൻറെ കാഴ്ചപ്പാടുകളാണ് കവിത മുന്നോട്ട് വെക്കുന്നത്.ഉപഭോഗ സംസ്കാരത്തിന്റെ വേഗപാച്ചിലിലാണ് മരം വീട്ടുസാമാനങ്ങളായി പരിണമിക്കുന്നത്. ഉണക്കം തട്ടിയതിനെ ഇഷ്ടപ്പെടുകയും അതായിത്തീരുകയും ചെയ്യുന്ന ഉത്തരാധുനിക മാനവിക ബോധമാണ് ഉള്ളുണക്കത്തിലേത്. അതിനു ജൈവപ്രപഞ്ചവുമായി യാതൊരു ബന്ധവുമില്ല. ഭോഗപരതയിൽ ഊന്നുന്ന പുതിയ ജീവിത വീക്ഷണമാണത് സംവേദനം ചെയ്യുന്നത്.

        എത്രകണ്ട് പ്രകൃതിയിൽ നിന്നകന്നാലും മനുഷ്യമനസിന്റെ അബോധ തലങ്ങളിൽ കുടികിടക്കുന്ന ഗ്രാമീണ മിത്തുകളെ കവിത തട്ടികുടഞ്ഞെടുക്കുന്നു. ചാത്തനേറായും പൂതമായും പാറയിൽ തട്ടുന്ന കൈക്കോട്ടിന്റെ മറുവിധിയും ഒക്കെ രൂപാന്തരം പ്രാപിച്ചെത്തുന്ന അബോധ ഗ്രാമീണതയാണ് കവിതയുടെ സൗന്ദര്യശാസ്ത്ര ഘടനയെ നിർണയിക്കുന്നത്.

          

 ഭാഷ: സങ്കല്പനങ്ങളും യാഥാർത്ഥ്യവും

 

ഗ്രാമം പോലെ മനുഷ്യ സ്വത്വനിർമ്മിതിയിൽ സവിശേഷമായ സ്ഥാനം ഭാഷയ്ക്കുണ്ട്. ജനനം മുതൽ മരണം വരെയുള്ള എല്ലാ ചിന്തകളെയും വികാരങ്ങളെയും വിചാരങ്ങളെയും ആലേഖനം ചെയ്യുന്നത് ഭാഷയാണ്. മനുഷ്യസ്വപ്നങ്ങളും യാഥാർത്ഥ്യത്തിന്റെ കാഴ്ചകളും ഭാഷയിലൂടെയാണ് അർത്ഥ സാന്ദ്രത തേടുന്നത്. ഭാഷയും കുഞ്ഞും എന്ന കവിതയിൽ ഭാഷ മാതൃത്വത്തിന്റെ സ്വരമായി മാറുന്നു. മർത്യനു പെറ്റമ്മ തൻ ഭാഷ താൻ എന്ന വള്ളത്തോളിന്റെ വരികൾ പുതിയ സംവേദനത്തിന് വഴിമാറുന്നു. ഭാഷയും കുഞ്ഞും എന്ന കവിതയിൽ ഭാഷയും കുഞ്ഞും തമ്മിലുള്ള കേളി ബന്ധസൂചനയിൽ നിന്ന് വാക്കിൻറെ മഹാവിസ്മയ പ്രപഞ്ചത്തിലേക്കുള്ള വഴി തുറക്കൽ വെളിപ്പെടുന്നു. വാക്കുമൊത്തു കളിച്ചിരിക്കുക, എന്ന പരാമർശത്തോളം വാക്കിൻറെ സചേതനത്വത്തെക്കുറിക്കാൻ മറ്റൊന്നും ആവശ്യമില്ല. അനശ്വരമായ ഭാഷയുടെ അനുസ്യൂതിയാണ് ഈ കവിത മുന്നോട്ടുവയ്ക്കുന്നത്. കൂടിപ്പിണഞ്ഞു കിടക്കുന്ന വാക്കുകൾ, ഇരുന്നു കളിക്കുന്ന വാക്കുകൾ തുടങ്ങിയ പ്രയോഗങ്ങളിലൂടെ വാക്കിനെ വസ്തു ബോധവുമായി ബന്ധിപ്പിച്ച് ത്രിമാന ദൃശ്യാനുഭവതലം നൽകുന്നു.

           ഭാഷയ്ക്ക് മുൻപ് എന്ന കവിതയിൽ അപശബ്ദങ്ങൾക്ക് പിന്നാലെ നടക്കുന്ന കുഞ്ഞ് ആദിമ മനുഷ്യനിലേക്കും വ്യവസ്ഥികരിക്കപ്പെടാത്ത നാടോടി ഭാഷയുടെ സാധ്യതകളിലേക്കും വിരൽചൂണ്ടുന്നു. ഭാഷയുടെ ഉച്ചനീചാവസ്ഥകൾക്കതീതമായ സാധ്യതകളെയാണ് ഉത്തരാധുനികത തേടുന്നത്. അപകൃഷ്ട മെന്നു തോന്നുന്നതിലും സൗന്ദര്യത്തിന്റെ ലാഞ്ജന കണ്ടെത്തുകയാണ് പുതിയകാവ്യശാസ്ത്രം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭാഷയുടെ ശ്രേണീബന്ധങ്ങൾ ഉടച്ചു വാർക്കപ്പെടുന്നു.

        ഭാഷാ പരീക്ഷണം ഒന്ന് എന്ന കവിതയിൽ ഭാഷാ വിതാനങ്ങളുടെ സ്വഭാവം വീണ്ടും മാറുന്നു. ഹൈടെക് യുഗത്തിലെ വസ്തു ബോധവുമായിട്ടാണതിനു ബന്ധം. തിരിച്ചു നടക്കാനാവാത്ത വിധം യന്ത്രസങ്കരങ്ങളിലേക്ക് ജൈവ ബോധം വഴുതിവീഴുന്നു . മനുഷ്യമനസ്സുകൾ തമ്മിലുള്ള ആർദ്രസംവേദനം അറ്റു പോവുകയും യന്ത്രമാനവികത സ്ഥാപനവൽക്കരിക്കപ്പെടുകയും ചെയ്യുന്നതിൻറെ യുക്തിയിലാണ് ഉത്തരാധുനിക ഭാഷയുടെ നിലനിൽപ്പ്.

        പിറ്റേന്നുണർന്നതും

                ഉപകരണങ്ങളെക്കുറിച്ചു വാചാലനായി

      ഞാൻ വ്രതം മുറിച്ചു

ഭാഷ എഴുത്താവുകയും എഴുത്ത് നൂതന സംവിധാനമാവുകയും ചെയ്യുന്നതിന്റെ പരിണാമ ദശകളും ഇവിടെ കാവ്യ വിഷയമാകുന്നുണ്ട്. താളിയോലയ്ക്കു വിട എന്ന കവിതയിൽ താളിയോലയിൽ നിന്ന് കടലാസിലേക്കും കടലാസിൽ നിന്ന് സ്ക്രീനിലേക്ക് സംക്രമിക്കുന്ന എഴുത്തിന്റെ ജാലവിദ്യകളവതരിപ്പിക്കുന്നു.

 

         സാങ്കേതികവിദ്യകൾ എഴുത്തിന്റെ ലോകം വൈവിധ്യപൂർണ്ണമാക്കുമ്പോൾ പേനയുന്തലിന്റെ ആനന്ദം അനുഭവിക്കുന്നുണ്ട് കവി. പഴമയുടെ ഉള്ളുറവകളെ നിലനിർത്താൻ ശ്രമിക്കുന്ന നൂതന ഭാവുകത്വ പ്രതിനിധാനമായാണ് കവിത നിലകൊള്ളുന്നത്. പഴമയും പുതുമയും ഇടകലർന്നതിന്റെ സംക്രാന്തി ചിഹ്നങ്ങൾ കാവ്യഭാഷയുടെ മൂർച്ച വർദ്ധിപ്പിക്കുന്നു. ഭാഷയ്ക്ക് എഴുത്തുകൂടാതെ ഭാഷണവും ആസ്വാദനവുമുണ്ട് ആ രണ്ടു തലങ്ങളിലും കവിതയുടെ വീണ്ടെടുപ്പുകൾ നടക്കുന്നുമുണ്ട്. കൈവിട്ടുപോയ രഹസ്യമാണ് എഴുത്ത് അവിടെ ഒരുമിച്ചൊഴുകുന്നത് കവിയും ആസ്വാദകനുമാണ്.

         കൂടിക്കലരുന്ന തുണ്ടുകളിൽ

                      നാമൊരുമിച്ചൊഴുകുന്ന കാഴ്ച

                      ദൂരെ നിന്നേ കാൺമതുള്ളു, കൈകൾ

                      നീട്ടിയാൽ മുന്നിൽ സ്വന്തം രഹസ്യം

      എഴുത്തുകാരന്റെ രഹസ്യം വായനക്കാരന്റേതു കൂടിയായൊഴുകുന്നതിന്റെ ,അറ്റമില്ലാതെ ഒഴുകി പരക്കുന്നതിന്‍റെ സംവേദനാനുഭവമാണ് കവിത നൽകുന്നത്.കൂടുതൽ ആനന്ദിച്ചെനെ എന്ന കവിതയും ആസ്വാദനത്തിന് വിലങ്ങു തടിയാകുന്ന എഴുത്തുകാരനിലേക്കും എഴുത്തുകാരനിൽ നിന്ന് ഈശ്വരനിലേക്കും എത്തിനിൽക്കുന്ന നവതത്വ ശാസ്ത്രം മുന്നോട്ടു വയ്ക്കു ന്നു.

                              ഇങ്ങേരി ന്നോളവുമീ

                             ഭൂമിയിലില്ലെന്നാകിൽ

                            കൂടുതലാനന്ദിച്ചേനേ

                            ഇങ്ങേരെഴുതിയ നമ്മൾ

 

എഴുത്തുകാരന്റെയും ഈശ്വരന്റെയും മരണമെന്ന ഉത്തരാധുനിക പ്രത്യയശാസ്ത്ര കൽപ്പന പൂർണത നേടുന്ന എഴുത്തുവഴികളിലാണ് കവിതയുടെ താത്വികതലം പ്രസക്തി നേടുന്നത്. ഒരേ സമയം തന്റെ  ആത്മവത്ത വെളിപ്പെടുത്തുകയും അതേ സമയം തന്നെ അതിനെ നിരാകരിക്കുകയും ചെയ്യുന്ന ഭാവ സങ്കീർണ്ണത ഈ കവിതകൾ പുലർത്തുന്നു. സൗന്ദര്യശാസ്ത്രത്തിന് പുതിയ കേന്ദ്രീകരണവും അർത്ഥവും നൽകിക്കൊണ്ട് അതിനെ പരിഷ്കരിച്ചത് നീത്ഷേയാണ് .  അതിനായി കൃത്യമായ വീക്ഷണകോണുകളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം അവതരിപ്പിച്ചു.  അതോടൊപ്പം തന്നെ അതിഭൗതികതയെയും വംശപാരമ്പര്യങ്ങളെയും സർഗാത്മക വ്യാഖ്യാനത്തെയും നിരാകരിക്കുകയും ചെയ്തു.

      ഭാഷ അമ്മയാകുന്നതുപോലെ പ്രകൃതിയും അമ്മയാണ് പ്രകൃതിയും നാടോടി ശീലുകളും ചേർന്ന് കവിതയുടെ വരണ്ട ഭൂമിയെ ഉർവരമാക്കുന്നു.  കുഞ്ഞിന്റെ പാട്ടുപോലെ ഇമ്പവും കൗതുകവും നിറഞ്ഞ കാവ്യപാഠങ്ങൾ മധുരമായ അനുഭൂതി നൽകുന്നു. രണ്ട് ദിവസം, അങ്ങാടിയും അച്ഛനും തുടങ്ങിയ കവിതകൾ ഇങ്ങനെ നാടോടി ശീലുകളിൽ വാർന്നു വീണവയാണ്.

            എന്റെ  കുഞ്ഞിനെ

                              ഈ രണ്ടു നാളിലും

                               തുമ്പി ദായെ

                              ന്നിരുത്തിയതെന്തു നീ?

 

എന്ന് തുമ്പിയോട് ചോദിക്കുന്നിടത്ത് താളാത്മകതയ്ക്കപ്പുറം നിൽക്കുന്ന ഭീതിതമായ ലോക വ്യവഹാര സൂചന കടന്നുവരുന്നു. ആനന്ദാനുഭവങ്ങളും സൗന്ദര്യനുഭൂതികളും ഭയങ്ങളായി വഴിമാറുന്ന ഉത്തരാധുനിക സമസ്യയാണ് തുമ്പി. തുമ്പിയും പൂക്കളും വസന്തകാലത്തിന്റെയും ഉർവ്വരതയുടെയും പ്രതിനിധാനങ്ങളാണ്. അങ്ങനെ പ്രപഞ്ചാനുസ്യൂതിയുടെ സുന്ദരമായ തുടർച്ചയാകുന്നു തുമ്പി. എന്നാൽ പുതുകാലഘട്ടത്തിൽ ഭയവിഹലതകളെ നിറയ്ക്കുന്ന വരണ്ട വന്യതയായാണ് തുമ്പി മാറുന്നത്.

         അങ്ങാടിയും അച്ഛനും എന്ന കവിതയും ഉപഭോഗ സംസ്കാരം പിടിച്ചു വലിക്കുന്ന വടംവലിയിൽ നിലയുറപ്പിക്കുന്ന രണ്ടു തലമുറകളിലൂടെ കടന്നു പോകുന്നു.

 

         അങ്ങാടിയങ്ങു പിടിച്ചു വലിക്കുന്നു.

                     അച്ഛനിങ്ങോട്ടും പിടിച്ചു വലിക്കുന്നു.

 

പഴയ തലമുറ കമ്പോള സംസ്കൃതിയുടെ കെട്ടുകലകളെ അതിജീവിക്കുന്നു എങ്കിൽ പുതിയ തലമുറ ഇളം കൈകൾ ഊർന്ന് കമ്പോളത്തിൻ്റെ വിസ്മയ പ്രപഞ്ചത്തിലേക്ക് കൂപ്പുകുത്തുന്നു. എന്തും കച്ചവടമാക്കി മാറ്റുന്ന വൈകൃതങ്ങളെ വികാരമന്യേ അവതരിപ്പിക്കുന്നിടത്താണ് ഉഭയസംസ്കൃതി വെളിവാകുന്നത്. എല്ലാ പാരമ്പര്യങ്ങളിൽ നിന്നും പൂർണ്ണമായി വേർതിരിക്കപ്പെട്ടവരാണ് ഇന്നത്തെ ഉപഭോക്താക്കൾ. അതുകൊണ്ടുതന്നെ പാരമ്പര്യത്തെ ഊട്ടിയുറപ്പിക്കുന്ന നാടോടി ശീലുകളിൽ പാരമ്പര്യ നിരാസത്തിന്റെ നവ സംസ്കാരം അവതരിപ്പിക്കുന്നിടത്ത് നിലനിൽക്കുന്ന വൈരുദ്ധ്യവും ശ്രദ്ധേയമാണ്. "വിപരീതങ്ങളുടെ തുടർച്ചയായ ഏകീകരണം, ഘടകങ്ങളുടെ മൊത്തത്തിലുള്ള സങ്കീർണ്ണമായ ബന്ധം" (ആർ. വില്യംസ് 1983, 103) എന്നമാർക്സിയൻ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ വില്യംസിന്റെ നിരീക്ഷണം ഉത്തരാധുനിക സാഹിത്യത്തിനു കൂടി ബാധകമാണ് .                         

 

                      അപ്പു ഓടുന്ന വഴി, യാത്ര കഴിഞ്ഞ്, ഉപ്പ്, വിളവു കഴിഞ്ഞ് ,ആവർത്തനം തുടങ്ങിയ കവിതകളിൽ പരമ്പരാഗത രീതികളെ ഉടച്ചുകളയുന്ന പുതിയ രൂപഭാവഘടനയിലേക്ക് കവിത വഴിമാറുന്നു. മൂന്നു വരി അഞ്ചു വരി എന്നിങ്ങനെ സംക്ഷിപ്തതയുടെ ആക്കതൂക്കങ്ങളിലാണ് കാവ്യ നിബന്ധന. അസംബന്ധം എന്നു തോന്നുന്ന ഉക്തി വൈചിത്രത്തിലൂടെ തത്വചിന്തയുടെയും അപനിർമ്മാണത്തിന്റെയും അനന്തസാധ്യതകൾ  സൃഷ്ടിക്കപ്പെടുന്നുണ്ട്. ഉദാഹരണമായി

     എല്ലാ പാമ്പുകളും ഒന്നിച്ച്

             തല പിന്നാക്കം വലിച്ചു

            അപ്പു ഓടുന്ന വഴിയിൽ നിന്ന്..

 

         കാലം, ലൈംഗികത, മരണം എന്നിങ്ങനെ അനേകാർത്ഥമാനങ്ങളാണ് കാവ്യത്തിന്റെ അന്തർധാരയെ പൂരിപ്പിക്കുന്നത്. അതിജീവനത്തിന്റെ പാഠങ്ങളാണ് അപ്പുവിന്റെ പ്രയാണമായി നിലകൊള്ളുന്നത്. ആക്രമണോത്സുകമായ അനേകതകളെ പിന്തള്ളി മുന്നോട്ടുപോകുന്ന ജീവിതം ഇങ്ങനെ കെട്ടിലും മട്ടിലും സൗന്ദര്യ കല്പനകളിലും കവിതയുടെ രീതിശാസ്ത്രം വേറിട്ട് നിൽക്കുന്നു.

                   കവിതയുടെ രൂപശില്പം തീരെ ചെറുതോ അല്പം വലുതോ ആണ്. വ്യവസ്ഥാപിതമായ കാവ്യ നിബന്ധനകൾക്ക് അതീതമായ ഒരു സങ്കലന രീതിയിലേക്ക് കവിതയുടെ കെട്ടുംമട്ടും മാറുന്നു. ആദിമധ്യാന്തപ്പൊരുത്തമില്ലാത്ത മൂർത്താമൂർത്ത ബിംബങ്ങളിലൂടെ കവിതയുടെ ഭാവതലം  സാന്ദ്രത തേടുന്നു . അർത്ഥനിരാസത്തിൽ നിന്നുണ്ടാകുന്ന ഭാവാതീതതലങ്ങൾ കവിതയുടെ സംവേദനത്തിന് ശക്തി പകരുകയും ചെയ്യുന്നു. എല്ലാ പാരഡികളെയും പോലെ, ഈ ഉത്തരാധുനിക വാസ്തുവിദ്യയും യാഥാസ്ഥിതികവും ഗൃഹാതുരത്വപരവുമായി വായിക്കാൻ കഴിയും. ഇതിൽ കലയും ചിന്തയും ഇരട്ടി എൻകോഡ് ചെയ്യപ്പെട്ടിരിക്കുന്നു, പരസ്പര വിരുദ്ധമെന്ന് തോന്നുന്ന വ്യാഖ്യാനങ്ങൾക്ക് കവിത  സാധ്യത നൽകുകയും ചെയ്യുന്നു

 

        

                ഒരു മോന്തായം നിറയെ

                അണ്ണാറക്കണ്ണൻമാർ

                  മറു നിമിഷം

                 ഒരു മോന്തായം നിറയെ

                   എലിവാലുകൾ

മാറിമറിയുന്ന ദൃശ്യവൈവിധ്യങ്ങളുടെ സംസ്കാരമാണ് ഉത്തരാധുനിക ലാവണ്യശാസ്ത്രം മുന്നോട്ടുവയ്ക്കുന്നത്. അത് ചലനാത്മകവും അസ്ഥിരവുമാണ്.  ഭാഷാ വിതാനങ്ങളുടെ സവിശേഷതകളിലാണ് പുതു കവിതയുടെ ലാവണ്യ വിതാനങ്ങൾ ശക്തിപ്പെടുന്നത്. ഉത്തരാധുനികതയിൽ കാവ്യപാഠം പാരമ്പര്യ രീതികളുടെ തുടർച്ചകളും ഇടർച്ചകളും പുതുമകളും കൂടിക്കലർന്നതാണ്. വസ്തുനിഷ്ഠ സത്യം എന്ന സങ്കൽപ്പനത്തിൽ നിന്ന് വിമുക്തമാകുന്ന രചനാ തന്ത്രമാണ് ഉത്തരാധുനിക സൗന്ദര്യ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നത്.വൈ യക്തികതകൾക്കും സർവ്വജനീനതയ്ക്കും അനന്തമായ പുരോഗതിക്കും എതിരായി സഞ്ചരിക്കുന്ന ഉത്തരാധുനികതയുടെ സൂക്ഷ്മഭാവം പി  രാമന്റെ കവിതകളിൽ അന്തർലീനമായി കിടക്കുന്നുണ്ട്. പാരമ്പര്യത്തെ തൊട്ടെടുക്കുകയും കാലത്തിന്റെ  മൂശയിൽ പുതുക്കിപ്പണിയും ചെയ്യുമ്പോൾത്തന്നെ പാരമ്പര്യത്തെ നിരസിക്കുന്ന ആഖ്യാന മാതൃകകളും രാമന്റെ  കവിതയിൽ കാണാം.

 

സഹായക ഗ്രന്ഥങ്ങൾ

  1. രാമൻ .പി, കനം, കറൻറ് ബുക്സ്, തൃശ്ശൂർ,2000

  2. രാമൻ .പി, തുരുമ്പ് , ഡി.സി.ബുക്സ്,കോട്ടയം,2006

  3. രാമൻ .പി ,ഭാഷയും കുഞ്ഞും, കറന്റ് ബുക്സ്, തൃശൂർ, 2013

  4. Brockmeier, J., 1994. ‘Translating Temporality? Narrative Schemes and Cultural Meanings of Time.’ Public lecture presented at Collegiums in Budapest, Institute for Advanced Study. ISSN 1217-5811 ISBN 963 8463 104.

  5. Christopher Butler, Postmodernism: A very short introduction,Oxford University Press,2000

  6. Waugh, Patricia, Practising Postmodernism/Reading Modernism. London: Edward Arnold, 1992

  7. Williams Raymond ,Key words: a vocabulary of culture and society, London,Flamingo,Fontana,1983


ഡോ. ദേവി.കെ

അസി.പ്രൊഫസർ

മലയാള വിഭാഗം

കേരള കേന്ദ്രസർവ്വകലാശാല

കാസർഗോഡ്

 

 

            

 

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page