ക്വീർ സമൂഹവും മലയാള സിനിമയും
- 2 hours ago
- 7 min read
ശ്രീലക്ഷ്മി എസ്
പ്രബന്ധ സംഗ്രഹം
മുഖ്യധാരയിൽ നിന്ന് ഒരുകാലത്ത് സമൂഹം അകറ്റി നിർത്തിയിരുന്ന വിഭാഗമാണ് ക്വീർ. ചേർത്ത് പിടിക്കലുകളുടെ പുതിയ കാലത്ത് സാഹിത്യത്തിലും കലയിലും അവർക്ക് അനുകൂലമായ നിലപാടുകൾ പ്രത്യക്ഷമായി. മലയാള സിനിമയിൽ ഈ മാറ്റം പ്രകടമായി കാണാൻ കഴിയും. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെയും സ്വവർഗ രതിയെയും പ്രമേയമാക്കി നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ മിക്കതും ആദ്യകാലത്ത് ചർച്ച ചെയ്യപ്പെടാതെയും വിജയിക്കാതെയും പോയിട്ടുണ്ട്. എന്നാൽ ഉത്തരാധുനിക കാലത്തെ ഇത്തരം ചിത്രങ്ങൾ വൻവിജയമാകുകയും വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയും ചെയ്തു.
മലയാള സിനിമ ഓരോ കാലഘട്ടത്തിലും ക്വീർ മനുഷ്യരെ അവതരിപ്പിച്ചത് വ്യത്യസ്തമായാണ്. മലയാള സിനിമയുടെ വിവിധ കാലഘട്ടങ്ങളിൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ പരിശോധിച്ചാൽ ക്വീർ സമൂഹത്തോടുള്ള നമ്മുടെ കാഴ്ചപ്പാടുകളുടെയും മനോഭാവങ്ങളുടെയും പരിവർത്തനഘട്ടം കൂടി മനസിലാക്കാൻ കഴിയും. ഇത്തരത്തിൽ മലയാളത്തിലെ തിരഞ്ഞെടുത്ത ചലച്ചിത്രങ്ങളിലൂടെ ക്വീർ സമൂഹത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് എങ്ങനെയെന്നും ഇത്തരം സ്വത്വാവിഷ്കാരത്തിൽ വന്ന മാറ്റങ്ങൾ എന്തെല്ലാമെന്നുമുള്ള അന്വേഷണമാണ് ഈ പഠനം.
താക്കോൽ വാക്കുകൾ: ക്വീർ , വിമത ലൈംഗികത, സ്വത്വാവിഷ്കാരം, ട്രാൻസ് ജെൻഡർ, സ്വവർഗാനുരാഗം
പ്രബന്ധം
ക്വീർ സമൂഹം എന്നത് ഭൂരിപക്ഷത്തിൽ നിന്നും ഭിന്നമായ, വ്യത്യസ്തമായ ലൈംഗിക ചായ്‌വോ ലിംഗപദവിയോ ഉള്ള സമൂഹത്തെയാണ് . LGBTQ+ പരിധിയിൽ വരുന്ന എല്ലാ മനുഷ്യരെയും അവരുൾപ്പെടുന്ന സാമൂഹിക പരിതസ്ഥിതികളെയും ചേർത്ത് ക്വീർ (Queer) എന്ന് വിശാലാർത്ഥത്തിൽ നമുക്ക് നിർവചിക്കാം. LGBTQ+ വിഭാഗത്തിൽ ഉൾപ്പെടുന്നവരെക്കുറിച്ചുള്ള എല്ലാവിധ പoനങ്ങളും ക്വീർ സിദ്ധാന്തത്തിൻ്റെ പരിധിയിൽ ഉൾപ്പെടുന്നു. 1991- ൽ തെരേസ ഡി ലോറേറ്റിസ് എന്ന ചിന്തകയാണ് 'ക്വീർ' [Quuer] എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. അധികാര സംവിധാനങ്ങൾക്ക് പുറത്ത് നിൽക്കുന്നത് എന്ന അർഥത്തിൽ പ്രയോഗിക്കപ്പെട്ട‘ ക്വീർ’അധികാര ഘടനകളോടുള്ള പ്രതിഷേധത്തെ കുറിക്കുവനായി ഉപയോഗിക്കുന്നു" (ട്രാൻസ്ജെൻഡർ: ചരിത്രം, സംസ്കാരം, പ്രതിനിധാനം, പുറo 20)
അനേക കാലം തങ്ങളുടെ സ്വത്വം മറ്റുള്ളവർക്ക് മുന്നിൽ മറച്ചുപിടിച്ച് ജീവിക്കേണ്ടി വന്നവരാണ് ലിംഗ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർ. ഒരു കാലഘട്ടം വരെ സമൂഹം അംഗീകരിക്കുകയോ പരിഗണിക്കുകയോ ചെയ്യാതിരുന്ന മനുഷ്യർ. 2014- ൽ വന്ന സുപ്രീംകോടതി വിധിയും 2019- ൽ നിലവിൽ വന്ന ട്രാൻസ് ജെൻഡർ പേഴ്സൺസ് ( പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ബില്ലും ഈ വിഭാഗങ്ങളുടെ മേലുള്ള സമീപനങ്ങൾക്ക് നേരെ എടുത്ത ചരിത്രപരമായ തീരുമാനങ്ങളായിരുന്നു. എന്നാൽ ക്വീർ മനുഷ്യരോടുള്ള സമൂഹത്തിൻ്റെ മനോഭാവങ്ങൾക്ക് ഇന്നും വലിയ മാറ്റങ്ങൾ വന്നിട്ടില്ല. ഹോമോസെക്ഷ്വാലിറ്റിയും സ്വവർഗാനുരാഗവും പാപമാണെന്ന് വിശ്വസിക്കുന്നവർ ഇന്നും സമൂഹത്തിലുണ്ട്. സ്വവർഗ വിവാഹം നിയമാനുസൃതമാക്കാൻ വേണ്ട നടപടികൾ ഒന്നും ഇന്ത്യയിൽ ഇതുവരെ സ്വീകരിച്ചിട്ടില്ല. പല യൂറോപ്യൻ രാജ്യങ്ങളിലും ഇന്ന് സ്വവർഗ വിവാഹത്തിന് നിയമസാധുതയുണ്ട്.
വളരെ കാലമായി നിലനിന്നു പോരുന്ന പുരുഷ കേന്ദ്രിത സമൂഹം നിർമ്മിച്ച അതിർവരമ്പുകൾക്ക് പുറത്തായിരുന്ന സമൂഹം ഇന്ന് സമൂഹത്തിൻ്റെ കേന്ദ്രസ്ഥാനത്തേക്ക് എത്താൻ ശ്രമിക്കുകയാണ്. സാഹിത്യത്തിലും കലയിലും നിയമത്തിലുമൊക്കെ അവർക്കനുകൂലമായ നിലപാടുകൾ ഉണ്ടാകുന്നു. ഈ പരിവർത്തനം വളരെയധികം സമയമെടുത്ത് വളരെക്കാലം കൊണ്ട് സംഭവിച്ചതാണ്. വിവിധ കാലങ്ങളിലെ കലാ സാഹിത്യ സൃഷ്ടികൾ പരിശോധിച്ചാൽ ക്വീർ സമൂഹത്തോടുള്ള പൊതു സമീപനത്തിൽ വന്ന മാറ്റങ്ങൾ കൃത്യമായി അടയാളപ്പെടുത്താൻ കഴിയും.
സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന കലാസൃഷ്ടിയെന്ന നിലയിൽ സിനിമയും ക്വീർ സമൂഹത്തെ വ്യത്യസ്ത സമീപനത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ചരിത്രം പരിശോധിച്ചാൽ ക്വീർ സമൂഹത്തോടുള്ള മലയാളിയുടെ മനോഭാവം എങ്ങനെ മാറിയെന്ന് മനസിലാക്കാൻ കഴിയും. സിനിമയുടെ കേന്ദ്രാശയമായോ പ്രമേയമായോ ക്വീർ സമൂഹത്തെ ബന്ധപ്പെടുത്തി ചിത്രീകരിക്കപ്പെടുന്ന സിനിമകൾ ഏറെയൊന്നും മലയാളത്തിലില്ല. എന്നിരുന്നാലും ആദ്യകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതുകാലത്ത് അത്തരം സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും ജനപ്രിയതയും വർദ്ധിക്കുന്നുണ്ട്.
മലയാള സിനിമാ ചരിത്രത്തിൽ പല കാലങ്ങളിലായി ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ സിനിമ അടയാളപ്പെടുത്തുന്നത് വ്യത്യസ്തമായാണ്. ഹിജഡകളും സ്വവർഗ്ഗരതിക്കാരും ആദ്യകാല സിനിമകളിൽ അപഹാസ്യരും ഹാസ്യ കഥാപാത്രങ്ങളും മോശക്കാരും ആയിരുന്നെങ്കിൽ പിന്നീട് അവർ സിനിമയുടെ മുഖ്യ കഥാ പാത്രങ്ങളായി മാറുന്നു. ഈ മാറ്റത്തെ അടയാളപ്പെടുത്താൻ കഴിയുന്ന മൂത്തോൻ', 'കാതൽ ദി കോർ', 'അർദ്ധനാരി', 'ഞാൻ മേരിക്കുട്ടി’ എന്നി ചലച്ചിത്രങ്ങളാണ് പരിശോധിക്കുന്നത്.
വിമത ലൈംഗികതയും സ്വവർഗ്ഗാനുരാഗവും മലയാള സിനിമയിൽ
"ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുണ്ടാകുന്ന വൈകാരികമായ ബന്ധത്തെയാണ്, സ്വവർഗ്ഗ ലൈംഗികത എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. സ്വവർഗ്ഗരതി/ സ്വവർഗ്ഗാനുരാഗം എന്നീ പദങ്ങളും, ഇതിനെ സൂചിപ്പിക്കുന്നതിനായി പൊതുവെ ഉപയോഗിച്ച് വരാറുണ്ട്.”(ട്രാൻസ് ജെൻഡർ: ചരിത്രം, സംസ്കാരം, പ്രതിനിധാനം, പുറം 16). സഹജമായ സ്ത്രീ - പുരുഷ ബന്ധങ്ങളിൽ നിന്ന് വ്യത്യസ്തമായ ലൈംഗിക ന്യൂനപക്ഷങ്ങളാണ് ഗേ (പുരുഷ സ്വവർഗാ നുരാഗി), ലെസ്ബിയൻ (സ്ത്രീ സ്വവർഗാനുരാഗി), ദ്വിലൈംഗികർ (bisexuals), ഹിജഡ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽപ്പെട്ടവർ. നിയമത്തിലും സമൂഹത്തിലും സംസ്കാരത്തിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന ഭിന്ന ലൈംഗികതയെ (hetero sexuality) ചെറുക്കുന്ന ജീവിതരീതി പിന്തുടരുന്നവരാണവർ. ഹിജഡകൾ, കോത്തികൾ, ഗേ/ലെസ്ബിയൻ, ദ്വിലൈംഗികർ തുടങ്ങിയ വിഭാഗങ്ങൾ വിമത ജീവിതരീതി പ്രയോഗിക്കുന്നവരാണ്. ഭിന്ന ലൈംഗിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം പ്രയോഗങ്ങളെയാണ് വിമതം എന്ന വാക്ക് സൂചിപ്പിക്കുന്നത് (ട്രാൻസ്ജെൻഡറുകളുടെ ജീവിതം ഇന്ത്യയിൽ ഒരു മലയാളി ഹിജഡയുടെ ആത്മകഥ, പുറം 102).
സ്വവർഗാനുരാഗം പ്രമേയമാക്കി മലയാളത്തിൽ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രം 1978- ൽ മോഹൻ സംവിധാനം ചെയ്ത ‘രണ്ട് പെൺകുട്ടികൾ’ ആണ്. വി ടി നന്ദകുമാറിൻ്റ ‘രണ്ട് പെൺകുട്ടികൾ’ എന്ന നോവലാണ് ഈ ചലച്ചിത്രത്തിന് ആധാരം. രണ്ട് പെൺകുട്ടികളുടെ തീവ്രമായ ആത്മബന്ധം ചിത്രീകരിച്ച സിനിമയാണിത്.
1986- ൽ പുറത്തിറങ്ങിയ പത്മരാജൻ്റെ ദേശാടനക്കിളി കരയാറില്ല എന്ന ചലച്ചിത്രം ഇന്ന് പലരും സ്വവർഗാനുരാഗത്തിൻ്റെ പരിധിയിലുൾപ്പെടുത്തി ചർച്ച ചെയ്യുന്നുണ്ട്. ഈ ചിത്രത്തിൽ ആത്മസുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിക്കുന്നു. എന്നാൽ സൗഹൃദത്തിനപ്പുറമുള്ള രണ്ട് പെൺകുട്ടികളുടെ ആത്മബന്ധമല്ലാതെ പ്രത്യക്ഷമായി ഈ ചിത്രം സ്വവർഗ പ്രണയത്തെ അവതരിപ്പിക്കുന്നില്ല. ചിത്രത്തിലെ സാലി (ശാരി) എന്ന കഥാപാത്രത്തിന് നിർമ്മല (കാർത്തിക) യോട് തോന്നുന്ന സ്നേഹവും സൗഹൃദവും അധികാര സ്വഭാവമുള്ള ഒന്നാണ്. നിർമ്മലയില്ലാതെ ജീവിക്കാൻ സാലിക്ക് കഴിയുകയില്ല. അതിനാലാണ് ഈ ചിത്രം ലെസ്ബിയനിസം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നു എന്ന് പലരും അഭിപ്രായപ്പെടുന്നത്. പക്ഷേ ചിത്രത്തിനൊടുവിൽ രണ്ട് പെൺകുട്ടികളും ആത്മഹത്യ ചെയ്യുകയാണ്.
ലെസ്ബിയനിസം പ്രമേയമാക്കി പുറത്തുവന്ന മറ്റൊരു ശ്രദ്ധേയമായ ചിത്രം 2004- ൽ പുറത്തിറങ്ങിയ സഞ്ചാരം ആണ്. ഡെലില, കിരൺ എന്നീ ബാല്യകാല സുഹൃത്തു ക്കളുടെ പ്രണയമാണ് ചിത്രത്തിൻ്റെ കാതൽ.
പുരുഷസ്വവർഗാനുരാഗം പ്രമേയമാകുന്ന മലയാള ചലച്ചിത്രങ്ങളാണ് മുംബൈ പൊലീസ് (2013), മൈ ലൈഫ് പാർട്ണർ (2014), കാ ബോഡി സ്കേപ്സ് തുടങ്ങിയ ചലച്ചിത്രങ്ങൾ. സ്വവർഗാനുരാഗ പങ്കാളികളുടെ ദത്തെടുക്കൽ നിയമത്തെക്കുറിച്ച് കൂടി ചർച്ച ചെയ്യുന്ന ചിത്രമാണ് മൈ ലൈഫ് പാർട്ണർ. സ്വവർഗാനുരാഗ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാനും താമസിക്കാനും അവകാശം ഉണ്ടെങ്കിലും നിയമാനുസൃതമായി വിവാഹം കഴിക്കുന്നതിനോ കുട്ടികളെ ദത്തെടുക്കുന്നതിനോ ഉള്ള അവകാശം ഇല്ല. 2019-ൽ പുറത്തിറങ്ങിയ ‘മൂത്തോൻ’, 2023 -ൽ പുറത്തിറങ്ങിയ ' കാതൽ ദി കോർ ' എന്നീ ചിത്രങ്ങളും പുരുഷ സ്വവർഗ്ഗരതി പ്രമേയമായ ചിത്രങ്ങളാണ്. ഈ രണ്ട് ചിത്രങ്ങളും ഏറെ ചർച്ച ചെയ്യപ്പെടുകയും ജനപ്രീതി നേടുകയും ചെയ്ത ചിത്രങ്ങളാണ്.
2013 - ൽ പുറത്തിറങ്ങിയ ചിത്രമാണ് ' മുംബൈ പോലീസ്'. പൃഥ്വിരാജ് ആയിരുന്നു നായകൻ. ഒരു മുൻനിര നായകൻ ഒരു സ്വവർഗാനുരാഗിയുടെ വേഷം അവതരിപ്പിക്കുന്ന ആദ്യ സിനിമയാണ് 'മുംബൈ പോലീസ്'. പൃഥ്വിരാജിനെ പോലെ താരമൂല്യമുള്ള ഒരു യുവ നടൻ ഒരു പുരുഷ സ്വവർഗാനുരാഗിയായി വേഷമിട്ടു എന്നത് അഭിനന്ദനാർഹമാണ്. എന്നാൽ തൻ്റെ സ്വത്വം മറ്റുള്ളവർക്ക് മുന്നിൽ തുറന്നുകാട്ടുനുള്ള ധൈര്യം ആൻ്റണി മോസസ് (പൃഥ്വിരാജ്) എന്ന പോലീസ് ഉദ്യോഗസ്ഥനുണ്ടായില്ല . മാത്രമല്ല താൻ ഒരു 'ഗേ ' ആണെന്ന് മനസ്സിലാക്കിയ തൻ്റെ ആത്മസുഹൃത്തിനെ കൊല്ലാൻ പോലും ആൻ്റണി മടികാണിക്കുന്നില്ല. തൻ്റെ സൗഹൃദത്തിനുമപ്പുറമായിരുന്നു താനൊരു ' ഗേ ' ആണെന്ന് സമൂഹം തിരിച്ചറിയുമെന്നുള്ള അയാളുടെ ഭയം. അക്കാലത്ത് സ്വവർഗരതി പ്രകൃതിവിരുദ്ധവും നിയമപരമായ കുറ്റകൃത്യവും ആയിരുന്നു. സ്വവർഗരതി ഈ ചിത്രത്തിൻ്റെ കേന്ദ്രാശയം അല്ലെങ്കിലും വിമത ലൈംഗികത പുലർത്തുന്ന നായകനാണ് ചിത്രത്തിലുള്ളത്. എന്നാൽ ആ നായകൻ തന്നെയാണ് ഒടുവിൽ ആ ചിത്രത്തിലെ വില്ലനായി മാറുന്നതും.
2013- ൽ ഗീതുമോഹൻ ദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് മൂത്തോൻ. ഈ ചിത്രം വളരെയധികം ചർച്ച ചെയ്യപ്പെടുകയും നിരൂപക പ്രശംസ ലഭിക്കുകയും ചെയ്തു. ലക്ഷദ്വീപും മുംബൈയുമാണ് സിനിമയുടെ പശ്ചാത്തലം. അക്ബറിന് (നിവിൻ പോളി) അമീറി(റോഷൻ) നോട് തോന്നുന്ന ഇഷ്ടവും സൗഹൃദവും പ്രണയവും പ്രണയത്തിനപ്പുറം അവർ പരസ്പരം ഒന്നാവുന്നതും എല്ലാം ചിത്രത്തിൽ വ്യക്തമായി ആവിഷ്കരിക്കുന്നു. സ്വവർഗരതിയെയും വ്യത്യസ്ത ലിംഗ പദവി സ്വീകരിക്കുന്ന വിമത ലൈംഗികരെയുമൊന്നും ഒരു തരത്തിലും അംഗീകരിക്കാത്തതാണ് നമ്മുടെ മതങ്ങളുടെ ചട്ടക്കൂടുകൾ. അങ്ങനെയിരിക്കെ ലക്ഷദ്വീപ് പോലെയുള്ള , പ്രത്യേക മതവിഭാഗത്തിന് പ്രാധാന്യമുള്ള സ്ഥലത്ത് ജനിച്ചു വളർന്നവരാണ് അമീറും അക്ബറും. അക്ബറാകട്ടെ കുത്ത് റാത്തീബ് എന്ന അനുഷ്ഠാനം അവതരിപ്പിക്കുന്ന ആളുമാണ്. വിമത ലൈംഗികത പാപമാണെന്ന് കരുതുന്ന മതങ്ങൾ നിലനിൽക്കുമ്പോൾ ഇത്തരത്തിൽ അമീറിനെയും അക്ബറിനെയും സൃഷ്ടിച്ചത് ബോധപൂർവമായി ത്തന്നെ ആവണം.
തൻ്റെ സ്വത്വം എന്താണെന്നും ലൈംഗിക ആഭിമുഖ്യം എന്താണെന്നും തിരിച്ചറിയാനും അത് തുറന്നുപറയാനും അക്ബർ തയ്യാറാകുന്നുണ്ട്. എങ്കിലും കുടുംബമോ സുഹൃത്തുക്കളോ അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല. തൻ്റെ ഇഷ്ടത്തെ അംഗീകരിക്കാതെ മറ്റൊരു ജീവിതം തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ സ്വയം ജീവിതം അവസാനിപ്പിക്കുകയാണ് അമീർ.
ഈ ചിത്രത്തിൽ തന്നെയുള്ള ‘മുല്ല’ എന്ന കഥാപാത്രം ശ്രദ്ധേയമാണ്. ഒരു പെൺകുട്ടിയായി ജനിച്ചിട്ടും ആൺകുട്ടികളെ പോലെയാണ് അവളുടെ വേഷവിധാനം. സമൂഹത്തിലെ അലിഖിത നിയമങ്ങളെ ചോദ്യം ചെയ്യുന്ന മുല്ലയെ അംഗീകരിക്കാൻ സമൂഹത്തിന് ആവുന്നതേയില്ല. ജൂഡിത്ത് ബട്ലർ 1990- ൽ രചിച്ച ജെൻഡർ ട്രബിൾ (Gender Trouble) എന്ന കൃതിയിൽ , ലിംഗ പദവി എന്നത് ഒരു പ്രകടനം (performance) ആണെന്ന ആശയം മുന്നോട്ട് വെച്ചു. മനുഷ്യർ ജനിക്കുന്നത് ഒരു നിശ്ചിത ലിംഗ സ്വത്വത്തോടെയല്ലെന്നും , മറിച്ച് സാമൂഹിക പ്രതീക്ഷകൾക്ക് അനുസരിച്ച് ആണിനെയോ പെണ്ണിനെയോ പോലെ അഭിനയിക്കാൻ (act) അവർ പഠിക്കുകയുമാണ് എന്നാണ് ബട്ട്ലർ വാദിക്കുന്നത്. മുല്ലയെ ഇത്തരത്തിൽ പെണ്ണായി അഭിനയിക്കാൻ സമൂഹം വളരെയധികം സമ്മർദ്ദം ചെലുത്തുന്നുണ്ട്. സിനിമയിൽ അക്ബറിൻ്റെ സുഹൃത്തായ, ട്രാൻസ്ജെൻഡറിൻ്റെ വേഷത്തിൽ മുംബൈയിൽ കഴിയുന്ന ലത്തീഫ് എന്ന കഥാപാത്രം മുല്ലയോട് ഒരവസരത്തിൽ ചോദിക്കുന്നുണ്ട് ‘സമൂഹം പറയുന്നത് പോലെ നടന്നാൽ പോരെ , ആപ്പോൾ ഒരു കുഴപ്പവുമില്ലല്ലോ എന്ന്.’ ഈ ചോദ്യം ബട്ട്ലറിൻ്റെ നിഗമനങ്ങളെ സാധൂകരിക്കുന്നു. മാത്രമല്ല ചിത്രത്തിനൊടുവിൽ മുടി വളർത്തി മുല്ലപ്പൂ ചൂടി പെണ്ണായി മാറിയ മുല്ലയെ നമുക്ക് കാണാനാകും.
ലത്തീഫ് എന്ന കഥാപാത്രം ട്രാൻസ്ജെൻഡർ ആയാണ് മുംബൈ നഗരത്തിൽ കഴിയുന്നത് എങ്കിലും ഇയാൾ ഒരു ' ഗേ ' വ്യക്തിയാണെന്ന് മനസ്സിലാക്കാം. അക്ബറിൻ്റെ മുന്നിൽ ഒരിക്കലും അയാൾ സ്ത്രീ വേഷത്തിൽ എത്താൻ ആഗ്രഹിക്കുന്നില്ല. മാത്രമല്ല അക്ബറും ലത്തീഫും തമ്മിൽ ലൈംഗിക ബന്ധം പുലർത്തിയിട്ടുണ്ട് എന്നത് അവരുടെ സംഭാഷണങ്ങളിൽ നിന്നും മനസ്സിലാക്കാം. അക്ബറിന് തൻ്റെ സഹോദരിയായ മുല്ലയെ സുരക്ഷിതമായി ഏൽപ്പിക്കാനാകുന്ന ഒരിടമാണ് ലത്തീഫ്. സ്വന്തം സ്വത്വം മറച്ചു വെച്ച് ജീവിക്കുന്ന ലത്തീഫിന് താൻ എന്താണെന്ന് തുറന്നു കാട്ടാനുള്ള ഏക ഇടം അക്ബറുമാണ്.
ഈ ചിത്രങ്ങളിൽ എല്ലാം തന്നെ തൻ്റെ സ്വത്വത്തെ പുറത്തു പറയാൻ ഭയപ്പെടുന്ന മറച്ചുവയ്ക്കുന്ന വ്യക്തികളെയാണ് കാണാൻ കഴിയുക. ഈവ് കൊസോഫ്കി സെഡ്ജ് വിക് തൻ്റെ എപിസ്റ്റമോളജി ഓഫ് ക്ലോസെറ്റ് (epistemology of closet - 1990) എന്ന കൃതിയിൽ ക്വീർ വ്യക്തിത്വങ്ങൾ ഒളിച്ചുവെക്കാൻ സമൂഹം എങ്ങനെ പ്രേരിപ്പിക്കുന്നുവെന്ന് ചർച്ച ചെയ്യുന്നു. അവർ തങ്ങളുടെ സ്വത്വം വെളിപ്പെടുത്താനോ മറച്ചു പിടിക്കാനോ സമ്മർദ്ദത്തിലാക്കുന്ന ക്ലോസറ്റ് (closet) എന്ന ആശയം അവതരിപ്പിക്കുന്നു. സമൂഹത്തെ ഭയന്നാണ് ആൻ്റണി മോസസും അമറും അക്ബറും ലത്തീഫും, തങ്ങളുടെ സ്വത്വത്തെ മറച്ചുവെക്കുന്നത്.
2023- ൽ ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രമാണ് ‘കാതൽ ദി കോർ’. ഇതുവരെ ചർച്ച ചെയ്ത ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മാധവനും തങ്കച്ചനും തമ്മിലുള്ള ബന്ധത്തെ അംഗീകരിക്കാൻ സമൂഹം തയ്യാറാകുന്നുണ്ടെങ്കിലും വർഷങ്ങളോളം തങ്ങളുടെ സ്വത്വത്തെ, ലൈംഗികാഭിമുഖ്യത്തെ, മറച്ചുവെക്കാൻ അവർ നിർബന്ധിതരാവുന്നു. തൻ്റെ ഇഷ്ടം മറച്ചുവെച്ച് മാധവന് ഓമനയെ വിവാഹം ചെയ്യേണ്ടി വരുന്നു.
ലൈംഗികതയെ സമൂഹം എങ്ങനെ നിയന്ത്രിക്കുന്നു എന്ന് പഠിച്ച മിഷേൽ ഫൂക്കോ ലൈംഗികത വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പല്ല മറിച്ച്, ചരിത്രവും അധികാരവും ചേർന്ന് രൂപപ്പെടുത്തി ഒന്നാണെന്ന് വ്യക്തമാക്കുന്നു (The history of sexuality,1976). മാധവന് ഓമനയെ വിവാഹം ചെയ്യേണ്ടി വരുന്നത് അച്ഛൻറെ നിർബന്ധം മൂലമാണ്. അച്ഛൻ എന്ന അധികാരമാണ് അവിടെ മാധവന്റെ ലൈംഗികാഭിമുഖ്യത്തെ നിർണയിച്ചത്. സമൂഹ ത്തോടും അച്ഛനോടും ഉള്ള ഭയം കാരണം വർഷങ്ങളോളം മാനസിക സംഘർഷം നിറഞ്ഞ ജീവിതം മാധവനും ഓമനക്കും നയിക്കേണ്ടി വരുന്നു. ഒടുവിൽ ഓമന നൽകുന്ന വിവാഹമോചന പരാതിയിലൂടെ മാധവന്റെയും തങ്കച്ചന്റെയും യഥാർത്ഥ സ്വത്വത്തെ സമൂഹം തിരിച്ചറിയുന്നു. മാധവൻ പാർട്ടി പ്രവർത്തകനാണ്. തൻറെ സ്വത്വം വെളിപ്പെടുത്തിയതിന് ശേഷം അയാൾ ഇലക്ഷന് ജയിക്കുന്നു. സമൂഹത്തിലെ ഒരു വിഭാഗം അവരെ എതിർക്കുന്നുണ്ടെങ്കിലും സമൂഹം അവരെ അംഗീകരിക്കുന്നു. ആത്മഹത്യക്ക് വിട്ടുകൊടുക്കാതെ മാധവനെയും തങ്കച്ചനെയും ഒന്നിച്ച് ജീവിക്കാൻ ഈ ചിത്രം അനുവദിക്കുന്നുണ്ട്.
പുതുതലമുറയുടെ പ്രതിനിധി എന്നോണം അവതരിപ്പിക്കുന്ന ഓമനയുടെയും മാധവന്റെയും മകളുടെ കഥാപാത്രത്തിന്റെ മനോഭാവവും നിലപാടും ഇവിടെ ശ്രദ്ധേ യമാണ്. വളരെയധികം ജനപ്രീതി നേടിയ ഈ ചിത്രം സാമ്പത്തിക ലാഭവും ഉണ്ടാക്കി.മലയാളി പൗരുഷത്തിന്റെ പ്രതീകമായി കാണുന്ന മമ്മൂട്ടിയെ പോലെ ഒരു താരം ഇത്തരമൊരു വേഷം ചെയ്യുക എന്നത് ശ്രദ്ധേയമാണ്. മലയാള സിനിമയിൽ ഇതൊരു മാറ്റമാണ്. മലയാള സിനിമയോടൊപ്പം തന്നെ മലയാളിയുടെ മനോഭാവത്തിൽ വന്ന മാറ്റം കൂടിയായി ഇത് അടയാളപ്പെടുത്തുന്നു.
ട്രാൻസ്ജെൻഡർ പ്രതിനിധാനം മലയാള സിനിമയിൽ
ഒരു ലിംഗവിഭാഗത്തിൽ ജനിക്കുകയും അപരലിംഗവിഭാഗത്തിൻ്റെ താൽപര്യങ്ങളും ചേഷ്ടകളും പ്രകടിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെയാണ് ട്രാൻസ്ജെൻഡർ എന്നു പറയുന്നത്,(ട്രാൻസ്ജെൻഡർ , ചരിത്രം, സംസ്കാരം,പ്രതിനിധാനം, പുറം 16). മലയാള സിനിമാ ലോകത്ത് നിരവധി ചിത്രങ്ങളിൽ ട്രാൻസ്ജെൻഡർ കഥാപാത്രങ്ങൾ പ്രത്യക്ഷമാകുന്നുണ്ട്. സൂത്രധാരൻ, അതിരാത്രം, ഉറുമി, അണ്ണാറക്കണ്ണനും തന്നാലായത് തുടങ്ങിയ സിനിമകളിലൊക്കെ ട്രാൻസ്ജെൻഡർ കഥാപാത്രങ്ങൾ ഉണ്ട്. എന്നാൽ അവയിൽ ഉറുമിയൊഴികെ മറ്റു സിനിമകളിൽ ഒക്കെ അവർ അപഹാസ്യരായിട്ടോ, ഹാസ്യ കഥാപാത്രങ്ങൾ ആയിട്ടോ ആണ് അവതരിപ്പിക്കപ്പെട്ടത്. ഉറുമിയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രമാകട്ടെ പലപ്പോഴും സമൂഹം കുടിലമായതിനെ ശകാരിക്കാനുപയോഗിക്കുന്ന 'ആണും പെണ്ണും കെട്ടവൻ' എന്ന പ്രയോഗത്തെ സാധൂകരിക്കാൻ ഉതകുന്ന തരത്തിലാണുതാനും (ലിംഗ പദവി പഠനങ്ങൾ, പുറം 155). സ്ത്രൈണ സ്വഭാവമുള്ള പുരുഷനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് പുറത്തുവന്ന സിനിമയാണ് 2005-ൽ പുറത്തുവന്ന 'ചാന്ത് പൊട്ട്'. എന്നാൽ ഇതിലെ രാധാകൃഷ്ണൻ (ദിലീപ്) ഒരിക്കലും ഒരു ട്രാൻസ് വ്യക്തിയല്ല.
2012 ലാണ് ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കികൊണ്ട് 'അർദ്ധനാരി'എന്ന ചിത്രം റിലീസ് ആകുന്നത്. ട്രാൻസ്ജെൻഡർ ജീവിതവും സംസ്കാരവും മുഴുനീളെ അവതരിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രമാണ് അർദ്ധനാരി.
എല്ലാ മനുഷ്യരിലും സ്ത്രീയും പുരുഷനും വ്യത്യസ്ത അനുപാതത്തിൽ ഉണ്ടെന്നും ആ അനുപാതത്തിലെ ഏറ്റക്കുറച്ചിലുകളാണ് സ്ത്രീ - പുരുഷ ഉഭയലിംഗ സ്വത്വങ്ങളെ നിർണയിക്കുന്നത് എന്നുമുള്ള സി.ജെ യുങ്ങിൻ്റെ സിദ്ധാന്തത്തിൽ ഊന്നിയാണ് അർദ്ധനാരി എന്ന സംജ്ഞയെ വിശദീകരിക്കാനാവുക (ലിംഗപദവി പഠനങ്ങൾ, പുറം 162). ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത് മനോജ്. കെ.ജയൻ ആണ്. വിനയനിൽ നിന്നും മഞ്ജുളയിലേക്കുള്ള യാത്രയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. മഞ്ജുള ഒരു ഹിജഡയാണെങ്കിലും ചില സന്ദർഭങ്ങളിൽ പുരുഷന്റെ ചിന്തകളും പുരുഷസ്വഭാവവും അയാളിൽ ഉണരുന്നുണ്ട്. അതിനാൽ മഞ്ജുളയെ അർദ്ധനാരിയായാണ് കണക്കാക്കുന്നത്.
ട്രാൻസ്ജെൻഡർ വിഭാഗങ്ങൾ വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കുന്നതിനെ കുറിച്ചും അവരുടെ ഇടയിലുള്ള ആചാരങ്ങൾ, അവർ നേരിടുന്ന പ്രശ്നങ്ങൾ ഇവയൊക്കെ ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്.എന്നാൽ ഈ ചിത്രം സാമ്പത്തികമായി വിജയം നേടുകയോ പ്രേക്ഷകപ്രശംസ നേടുകയോ ചെയ്തില്ല. ഭിക്ഷാടനവും ലൈംഗികവേഴ്ചയും ആണ് ഹിജഡകളുടെ തൊഴിലായി അംഗീകരിച്ച നൽകപ്പെട്ടിട്ടുള്ളത് എന്ന് ഈ ചിത്രം പറയുന്നു. ട്രാൻസ്ജെൻഡർ വിഭാഗങ്ങളോടുള്ള സമൂഹത്തിൻറെ തിരസ്കൃതപരമായ മനോഭാവമാണ് ഈ ചിത്രത്തിൽ തെളിയുന്നത്.
മേരിക്കുട്ടി എന്ന ട്രാൻസ് വുമണിൻ്റെ ജീവിതം പറയുന്ന സിനിമയാണ്‘ ഞാൻ മേരിക്കുട്ടി.’ എല്ലാ പ്രതിസന്ധികളോടും പൊരുതി ജീവിതവിജയം നേടുന്ന കഥാപാത്രമായാണ് മേരിക്കുട്ടിയെ അവതരിപ്പിക്കുന്നത്.ഒരു പോലീസ് ഓഫീസർ ആവുക എന്നതാണ് മേരിക്കുട്ടിയുടെ ലക്ഷ്യം. സമൂഹത്തിലും കുടുംബത്തിലും മേരിക്കുട്ടി വളരെയധികം അവഗണനകളും ദുരിതങ്ങളും നേരിടുന്നുണ്ട്. എന്നാൽ ഒരു വിഭാഗം ആളുകൾ മേരിക്കുട്ടിയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ട്.
വ്യവസ്ഥിതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അതിനുള്ളിൽ നിന്നുകൊണ്ടേ കഴിയൂ എന്ന് മനസ്സിലാക്കി കൃത്യമായ ലക്ഷ്യങ്ങളോടെ പോരാടുന്ന നിലപാടുകൾ ഉള്ള കഥാപാത്രമാണ് മേരിക്കുട്ടി എന്ന ട്രാൻസ് വുമൺ. മേരിക്കുട്ടിക്ക് പിന്തുണയുമായി എത്തുന്നവരിൽ ഒരാൾ ക്രിസ്തീയ പുരോഹിതനാണ് എന്നതും ശ്രദ്ധേയം.
ആദ്യകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്വീർ സമൂഹത്തിലുള്ള വ്യക്തികളെ കൃത്യമായി അടയാളപ്പെടുത്താനും അവരുടെ സ്വത്വത്തെ അംഗീകരിക്കാനും പുതിയകാല മലയാള സിനിമകൾക്ക് കഴിയുന്നുണ്ട്. കാതലും മേരിക്കുട്ടിയും ഒക്കെ അതിൻറെ തുടക്കമാണ്. മലയാള സിനിമയോടൊപ്പം പ്രേക്ഷക സമൂഹത്തിന്റെയും നടി നടന്മാരുടെയും മനോഭാവ ത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇത്തരം സിനിമകൾ പ്രേക്ഷകശ്രദ്ധയും ജനപ്രീതിയും നേടുന്നു എന്നത് ഇതിന് തെളിവാണ്. പുരുഷ കേന്ദ്രിതമായ മലയാള സിനിമയുടെ പൊതു മനോഭാവങ്ങളിലും സമീപനങ്ങളിലും വന്ന പുരോഗമനോൻമുഖത പുതിയ ക്വീർ സിനിമകളെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹികമായ സമീപനങ്ങളിലും പരിവർത്തനം സംഭവിക്കുന്നു. ഇത് സിനിമയുടെ നവീകരണത്തിനും ആശയവൈവിധ്യത്തിനും കരുത്തുപാകുന്നു.
സഹായക ഗ്രന്ഥങ്ങൾ
അനിൽകുമാർ കെ എസ്, ഡോക്ടർ രശ്മി ജി (എഡി.), ട്രാൻസ്ജൻ്റർ: ചരിത്രം, സംസ്കാരം, പ്രതിനിധാനം, ചിന്താ പബ്ലിഷേഴ്സ്, 2022
പ്രസീത കെ, മൂന്നാം ലിംഗപദവി മലയാള സിനിമയിൽ, ലിംഗപദവി പഠനങ്ങൾ, ഡോക്ടർ രാജേഷ് എം ആർ (എഡി.), പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ, 2022
വിജയൻ കോടഞ്ചേരി, ട്രാൻസ്‌ജെൻഡറു കളുടെ ജീവിതം ഇന്ത്യയിൽ ഒരു മലയാളി ഹിജഡയുടെ ആത്മകഥ ലിറ്റ്മസ് , 2006
സദാനന്ദൻ പി ജി, മലയാള സിനിമയുടെ വ്യാകരണ ഭേദങ്ങൾ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, 2021
Butler Judith, Gender Trouble, Routledge, 1990
ശ്രീലക്ഷ്മി എസ്
അസിസ്റ്റൻ്റ് പ്രൊഫസർ ഓൺ കോൺട്രാക്ട്
മലയാള വിഭാഗം
സനാതന ധർമ്മ കോളേജ് ആലപ്പുഴ
Ph. 7558906460


Comments