top of page

ഗോത്രഭാഷയുടെ സാമൂഹികഭാഷാസ്വഭാവം: മലവേട്ടുവഗോത്രത്തെ ആസ്പദമാക്കിയുള്ള പഠനം

  • 2 hours ago
  • 6 min read
കാവ്യ കണ്ണൻ

 

 പ്രബന്ധ സംഗ്രഹം

            സമൂഹവും ഭാഷയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഭാഷയുടെ സഹായത്താൽ സമൂഹത്തെയും സംസ്കാരത്തെയും പഠിക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ ഭാഷയ്ക്കും സമൂഹത്തിനും തമ്മിലുള്ള എല്ലാതരം ബന്ധങ്ങളെക്കുറിച്ചും പഠനം നടത്തുന്ന പഠനശാഖയാണ് സാമൂഹികഭാഷാശാസ്ത്രം.

          ഭാഷാപരമായ വ്യതിരിക്തതകൾ പുലർത്തുന്ന കേരളത്തിൽ മാനകഭാഷയായ മലയാളത്തിനു പുറമേ ധാരാളം ഗോത്രഭാഷകളുമുണ്ട്. ഇത്തരത്തിൽ സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള ഗോത്രവിഭാഗമാണ് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന മലവേട്ടുവർ. മലവേട്ടുവഭാഷ എപ്രകാരമാണ് അവരുടെ സംസ്കാരത്തെയും സാമൂഹിക രൂപീകരണത്തെയും സ്വത്വത്തെയും അടയാളപ്പെടുത്തുന്നതെന്ന് സാമൂഹികഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പഠിക്കാനാണ് ഈ പ്രബന്ധത്തിലൂടെ ശ്രമിക്കുന്നത്.

താക്കോൽ വാക്കുകൾ

സാമൂഹികഭാഷാശാസ്ത്രം(Sociolinguistics),ഭാഷണസമൂഹം, സംസ്കാരം, സമരസത (Accomodation), അധിവാസം

           സമൂഹത്തിന്റെ ഉൽപന്നവും പ്രധാനപ്പെട്ട ഒരു സംവേദനോപകരണവുമാണ് ഭാഷ. ഭാഷയെ ഉപാധിയാക്കി സാമൂഹികശാസ്ത്രജ്ഞർ സമൂഹത്തെ പഠിക്കാറുണ്ട്. ഭാഷ സാമൂഹികസംഘങ്ങളെ അടയാളപ്പെടുത്തുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു. ഭാഷയുടെ സഹായത്താൽ സമൂഹത്തെയും സംസ്കാരത്തെയും പഠിക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ ഭാഷയ്ക്കും സമൂഹത്തിനും തമ്മിലുള്ള എല്ലാതരം ബന്ധങ്ങളെക്കുറിച്ചും പഠനം നടത്തുന്ന പഠനശാഖയാണ് സാമൂഹികഭാഷാശാസ്ത്രം (Sociolinguistics). വ്യാകരണസാധുതയുള്ള വാക്യങ്ങളെ സൃഷ്ടിക്കാനുള്ള കഴിവിനേക്കാൾ സമൂഹത്തിൽ സാമൂഹികാസ്തിത്വത്തിന്റെ ഭാഗമായി നിൽക്കാൻ കഴിയുന്ന തരത്തിൽ ഭാഷ പ്രകടിപ്പിക്കാനുള്ള സിദ്ധിയെയാണ് സാമൂഹികഭാഷാശാസ്ത്രം മാനിക്കുന്നത്. ഭാഷ, സമൂഹം, സംസ്കാരം എന്നിവ സാമൂഹിക ഭാഷാശാസ്ത്രത്തിന്റെ പ്രധാന ഘടകങ്ങളാണ്. സമൂഹത്തിലും സംസ്കാരത്തിലും സംഭവിക്കുന്ന മാറ്റങ്ങൾ ഭാഷയിലും പ്രതിഫലിക്കുന്നു. പ്രാദേശികഭാഷാഭേദം, സാമൂഹികഭാഷാഭേദം എന്നിങ്ങനെ രണ്ടായി ഭാഷാഭേദത്തെ തിരിക്കാം. ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹികഭാഷാഭേദം ജാതിഭാഷാഭേദമാണ്.

          കേരളത്തെ ഭാഷാടിസ്ഥാനത്തിൽ ഒരു പൊതുസമൂഹമായി പരിഗണിക്കാവുന്നതാണ്. ഈ പൊതുസമൂഹത്തിനകത്ത് ഉപസമൂഹങ്ങളെയും  കണ്ടെത്താൻ സാധിക്കും. മലയാളമാണ് കേരളത്തിന്റെ മാനകഭാഷ. ഈ മാനകമലയാളത്തിനു പുറമേ ധാരാളം ഗോത്രഭാഷകളും, ഭാഷാഭേദങ്ങളും  ഉപയോഗത്തിലുണ്ട്. ആചാര അനുഷ്ഠാനങ്ങളിലും ജീവിതരീതികളിലും തനതു വ്യക്തിത്വം പുലർത്തുന്നവരായാണ്  ഗോത്രസമൂഹങ്ങളെ പലയിടങ്ങളിലും നിർവചിക്കാറുള്ളത്. എന്നാൽ ഇന്ന് തനതുസ്വത്വത്തെ എത്രത്തോളം കാത്തുസൂക്ഷിക്കുന്നുണ്ട് എന്നത് സംശയമാണ്. വടക്ക് മഞ്ചേശ്വരം മുതൽ തെക്ക് നെയ്യാറ്റിൻകര വരെയുള്ള വനപ്രദേശങ്ങളിലാണ് ഗോത്രവിഭാഗങ്ങൾ  വസിക്കുന്നത് എന്നാണ് പൊതുവേ കണക്കാക്കുന്നതെങ്കിലും സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നഗരപ്രദേശങ്ങളിലേക്കും താമസം മാറ്റിയവരുമുണ്ട്. സർക്കാരിന്റെ കണക്കനുസരിച്ച് കേരളത്തിൽ 35 ഗോത്ര വിഭാഗങ്ങളുണ്ട്. എന്നാൽ 48 വിഭാഗങ്ങളുണ്ടെന്ന് 'Tribes of Kerala' യിൽ സൂചിപ്പിക്കുന്നു. കേരളത്തിലെ ഗോത്രസമൂഹങ്ങൾക്ക് ഓരോന്നിനും തനതുഭാഷയുണ്ട്, ഈ തനതുഭാഷയാണ് മിക്ക ഗോത്രവിഭാഗങ്ങളുടെയും മാതൃഭാഷ. അതുകൊണ്ട് തന്നെ മലയാളം പലപ്പോഴും ഇവരുടെ രണ്ടാം ഭാഷയായിരിക്കും. ഇത്തരത്തിൽ സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള ഗോത്രവിഭാഗമാണ് 'വേട്ടുവർ' അഥവാ 'മലവേട്ടുവർ'.

മലവേട്ടുവർ - സാമാന്യപരിചയം

           വേടൻ അല്ലെങ്കിൽ വേട്ടക്കാരൻ എന്ന പദത്തിൽ നിന്നാണ് വേട്ടുവൻ എന്ന പദത്തിന്റെ നിഷ്പത്തിയെന്ന്  'Tribes of Kerala' (A.A.D Luis) യിൽ പറയുന്നു. വേട്ട അല്ലെങ്കിൽ നായാട്ടുമായി ബന്ധപ്പെടുത്തിയ നിർവചനമാണ് 'Caste and Tribes of Southern India' (Edgor Thurston)യിലുള്ളത്. മലയോര പ്രദേശങ്ങളിൽ നായാടി ജീവിച്ചതിനാലാണ് ഈ ഗോത്രവിഭാഗത്തിന് മലവേട്ടുവരെന്ന പേര് സിദ്ധിച്ചെതെന്ന് അനുമാനിക്കാം.

           തായ് വഴിയുമായി ബന്ധപ്പെട്ട  ചൊർക്കടൻ, കണക്കൂർ, പേരടുക്കത്ത്, പാപ്പിനിയർ, പിറ്റക്കാടൻ, നരിക്കുടിയർ, വെട്ക്കത്തേർ എന്നിങ്ങനെ പലതരം ഇല്ലങ്ങളായി തരംതിരിഞ്ഞാണ് വേട്ടുവർ കുടുംബപാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നതും ആചാര അനുഷ്ഠാനങ്ങളിലേർപ്പെടുന്നതും.

           കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വേട്ടുവർ അധിവസിക്കുന്നത്. കണ്ണൂരിലെ തളിപ്പറമ്പ് താലൂക്കിലെ വയക്കര, പ്രാപ്പൊയിൽ, തിരുമേനി, തടിക്കടവ്, പടിയൂര്, പുളിങ്ങോം, വെള്ളോറ, കക്കറ, തലവിൽ, ചപ്പാരപ്പടവ്, ചെറുപുഴ, കോഴിച്ചാൽ, രാജഗിരി, അരങ്ങം, ആലക്കോട്, മുളപ്ര, പെരുന്തടം, കുറിച്യാകുന്ന് എന്നീ സ്ഥലങ്ങളിലും കാസർഗോഡ് ജില്ലയിലെ ബേളൂർ, കള്ളാർ,  പനത്തടി, കരിന്തളം, ബളാൽ,  വെള്ളരിക്കുണ്ട്,  വെസ്റ്റ് എളേരി, ബേഡകം, കുറ്റിക്കോൽ, ദേലംപാടി, കിനാനൂർ, ഈസ്റ്റ് എളേരി, ചുള്ളിക്കര, പടിമരുത് എന്നിവിടങ്ങളിലുമാണ് ഇവർ പ്രധാനമായും അധിവസിക്കുന്നത്. 1991-ലെ സെൻസസ് പ്രകാരം കേരളത്തിൽ ആകെ 1,24,982 വേട്ടുവരാണുള്ളത്. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതലാളുകളുള്ളത്.

 

 വ്യവഹാരഭാഷയുടെ പ്രത്യേകതകൾ

          മലവേട്ടുവരുടെ സ്വത്വത്തെയും സംസ്കാരത്തെയും അടയാളപ്പെടുത്തുന്നതാണ് അവരുടെ തനതുഭാഷ/മാതൃഭാഷ. ഇവർക്ക് മലയാളവും തനതുഭാഷയും ഒരുപോലെ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. അതുകൊണ്ട് വേട്ടുവർ ദ്വിഭാഷികളാന്നെന്നു പറയാം. മാവിലസമുദായത്തിന്റെ മാതൃഭാഷയായ തുളുപോലെ മലയാളത്തിൽ നിന്നും തീർത്തും ഭിന്നമോ സ്വതന്ത്രമോ ആയ ഭാഷയല്ല മലവേട്ടുവരുടേത്. ഇന്നത്തെ മാനകമലയാളത്തിലേക്ക് പുരോഗതി പ്രാപിക്കുന്നതിനു മുമ്പുള്ള ഒരു കാലഘട്ടത്തെയാണ് വേട്ടുവഭാഷ പ്രതിനിധീകരിക്കുന്നതെന്നു പറയാം. മാനകമലയാളത്തിൽ നിന്നും, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രാദേശിക ഭാഷകളിൽ നിന്നും കാര്യമായ വ്യത്യാസങ്ങൾ വേട്ടുവഭാഷയ്ക്കുണ്ട്.

          മലയാളത്തിന്റെ വ്യാകരണ സാധ്യതകളെ ലംഘിക്കുന്ന നിരവധി പദങ്ങൾ ഈ ഭാഷയിൽ കാണാൻ സാധിക്കും. നീങ്ക ( നിങ്ങൾ), നാങ്ക (ഞങ്ങൾ), കുരങ്ക്( കുരങ്ങ്), കളഞ്ച് ( കളഞ്ഞു ), കയിഞ്ച് (കഴിഞ്ഞു), കൊറഞ്ച് (കുറഞ്ഞു ), വന്ത് ( വന്നു ), മര്ന്ത് (മരുന്ന് ) എന്നിങ്ങനെ എ.ആർ. രാജരാജവർമ്മയുടെ ആറുനയങ്ങളിൽ പ്രധാനപ്പെട്ട അനുനാസികാതിപ്രസരത്തോട് യോജിക്കാത്ത പദങ്ങൾ വേട്ടുവഭാഷയിലുണ്ട്.

          നീങ്ക (നിങ്ങൾ), നാങ്ക (ഞങ്ങൾ), അവ (അവൾ), ആണുങ്ക (ആണുങ്ങൾ) എന്നിങ്ങനെയുള്ള പദങ്ങളുടെ അന്ത്യത്തിൽ ചില്ലുലോപം സാർവത്രികമായി കാണാൻ പറ്റും. ചില്ലുലോപം എന്നു പറയുന്നതിനേക്കാൾ ചില്ലക്ഷരങ്ങൾ അന്ത്യത്തിലില്ലാത്ത രൂപങ്ങളാണ് ആദ്യകാലം തൊട്ടേ വേട്ടുവർ ഉപയോഗിക്കുന്നതെന്നും പിന്നീട് മാനകമലയാളത്തിൽ വന്ന മാറ്റത്തെ വേട്ടുവഭാഷ ഉൾക്കൊണ്ടില്ലയെന്നും അനുമാനിക്കാം.

 മാനകമലയാളത്തിൽ നിന്നും വ്യത്യസ്തമായി 'ഉന്നു' എന്ന വർത്തമാനകാല പ്രത്യയത്തിനു പകരം 'ണ്' എന്ന പ്രത്യയമാണ് വേട്ടുവഭാഷയിലുപയോഗിക്കുന്നത്. ഉദാ: മാന്ത്ണ്(മാന്തുന്നു), പറയ്ണ് (പറയുന്നു ), കേക്ക്ണ് ( കേൾക്കുന്നു), വര്ണ് ( വരുന്നു ).

            വിനിമയസൗകര്യാർത്ഥമുള്ള പദങ്ങളുടെ നീട്ടലും കുറുക്കലും ഈ ഭാഷയുടെ മറ്റൊരു പ്രത്യേകതയാണ്. ഉദാ: എന്തന (എന്താ), കണ്ട്ണ്ട (കണ്ടോ), ആങ്കാരം  (അഹങ്കാരം), മൂർത്തം (മുഹൂർത്തം), ഏടെ (എവിടെ), ആടെ (അവിടെ), അവ (അവൾ). അതുപോലെ ഭവ്യാർത്ഥത്തിൽ ക്രിയാരൂപങ്ങൾക്ക് നിഷേധരൂപം വേട്ടുവരുടെ വ്യവഹാരഭാഷയിൽ വ്യാപകമായുണ്ട്. ചെയ്യാ ( ചെയ്യില്ല), പോകാ (പോകില്ല), കയ്യാ (കഴിയില്ല) , ബരാ (വരില്ല), പറ്റാ (പറ്റില്ല) എന്നീ പദങ്ങൾ ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കാം. വന്ന്ണ്ട (വരുന്നുണ്ടോ), തിന്ന്ണ്ട ( തിന്നോ ), ആയിന്റ (ആയോ), പോയിന്റ (പോയോ) എന്നിങ്ങനെ ചോദ്യരൂപങ്ങളായി പലപ്പോഴും പദാന്ത്യത്തിൽ ണ്ട, ന്റ എന്നീ വ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നതു കാണാം.

          മലയാളത്തിന്റെ പ്രാകൃതരൂപമെന്ന നിലയിൽ വേട്ടുവഭാഷയെ പരിഗണിക്കാവുന്നതാണ്. വേട്ടുവരുടെ വ്യവഹാരഭാഷ ആ ഗോത്രസമൂഹത്തെ ഐക്യത്തോടെ നിലനിർത്താനും തിരിച്ചറിയാനും  ഭാഷാടിസ്ഥാനത്തിൽ ഒരു ഭാഷണസമൂഹത്തിന്റെ (Speech community) കീഴിൽ അണിനിരത്താനും സംഘടിപ്പിക്കാനും പഠനവിധേയമാക്കാനും  സഹാക്കുന്നതാണ്.

 ഭാഷയിലെ നാമപദങ്ങൾ

          വ്യക്തിനാമങ്ങൾ, സ്ഥലനാമങ്ങൾ, വീട്ടുപേരുകൾ എന്നിങ്ങനെയുള്ള നാമങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സമൂഹത്തെ പഠിക്കാൻ സാധിക്കും. വേട്ടുവരുടെ ഇടയിലുള്ള വീട്ടുപേരുകൾ, വ്യക്തിനാമങ്ങൾ എന്നിവ ആ സമൂഹത്തിന്റെ സംസ്കാരത്തെയും സാമൂഹിക ജീവിതത്തെയും വെളിപ്പെടുത്തുന്നു.

          ഒരു കുടുംബത്തെ സമൂഹത്തിൽ തിരിച്ചറിയാനാണ് വീട്ടുപേരുകൾ ഉപയോഗിക്കുന്നത്. മലവേട്ടുവർ ഈയടുത്ത കാലം വരെയും തങ്ങളുടെ ഇല്ലത്തിന്റെ പേരുകളാണ് (പേരടുക്കത്ത്, പാപ്പിനിയർ, കേര്യർ...) വീട്ടുപേരുകളായി ഉപയോഗിച്ചിരുന്നത്. ഇതുവഴി കുടുംബത്തിലുൾപ്പെട്ടവരെ പെട്ടെന്ന് തിരിച്ചറിയാനും ഐക്യം നിലനിർത്താനും സാധിക്കുന്നു. തെയ്യം, കല്യാണം, എന്നിങ്ങനെയുള്ള അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കുമ്പോൾ പല ദേശങ്ങളിലായി ചിതറിക്കിടക്കുന്ന മനുഷ്യരെ ഒന്നിപ്പിക്കാൻ ഇത്തരം വീട്ടുപേരുകൾ സഹായിക്കുന്നു. എന്നാൽ, കാലത്തിനനുസരണമായി വീട്ടുപേരുകൾ നൽകുന്നതിൽ പരിഷ്കാരങ്ങളുണ്ടാവുകയും ഇല്ലപ്പേരുകൾക്ക് പകരം മറ്റ് വ്യത്യസ്തമാർന്ന പേരുകൾ സ്വീകരിക്കാനും തുടങ്ങി. പൂർണ്ണമായും മാറ്റമുണ്ടായെന്നു പറയാനാവില്ല. കാസർഗോഡ് ജില്ലയിലെ മിക്ക കുടുംബങ്ങൾ ഇന്നും ഇല്ലപ്പേരുകൾ വീട്ടുപേരുകളായി ഉപയോഗിക്കാറുണ്ട്. കടുമേനിയിലെ പിറ്റക്കാടൻകുടുംബം, ചെമ്പൻചേരി ഉന്നതിയിലെ പേരടുത്ത്ഹൗസ് എന്നിവ ഇതിനുദാഹരണങ്ങളാണ്.

          സമൂഹത്തിനകത്ത് വ്യക്തികളെ തിരിച്ചറിയാൻ പേരുകൾ അനിവാര്യമാണ്. ഒരു സമൂഹത്തിന്റെ സാംസ്കാരിക സ്വത്വങ്ങൾ അടയാളപ്പെടുത്തുന്നവയാണ് വ്യക്തിനാമങ്ങൾ. ഓരോ ഭാഷാസമൂഹത്തിനകത്തും അവരുടേതായ പേരുകളുണ്ടാകും.  മൈലി, പാല, ചപ്പില , ഇപ്രകാരം ചെടികൾ, മരങ്ങൾ, പക്ഷികൾ എന്നിവയുടെ പേരുകളാണ് വേട്ടുവർക്കിടയിൽ ആദ്യകാലത്ത് ഉണ്ടായിരുന്നത്. വെള്ളച്ചി, കാര്യൻ, എലുമ്പൻ , കാരിച്ചി, തൂറൻ, കൊട്ടൻ, എന്നിങ്ങനെ ശാരീരികാവസ്ഥകൾ നോക്കിയും പേരുകളിട്ടിരുന്നു. മേൽകാണിച്ച രണ്ട് തരംതിരിവിൽ രണ്ടാമത്തെ രീതിയിലാണ് കൂടുതലും പേരുകൾ നൽകിയിരുന്നത്.

          വേട്ടുവരുടെ സാമൂഹികസ്ഥിതിയെ അടയാളപ്പെടുത്തുന്നവയായിരുന്നു ഇത്തരം പേരുകൾ. സമൂഹത്തിനകത്ത്  അവഹേളിക്കപ്പെടേണ്ടവരും കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടവരുമാണ് വേട്ടുവർ എന്ന മിഥ്യാധാരണ അക്കാലത്തുണ്ടായിരുന്നു. അതുകൊണ്ട് സാമൂഹികമായി സ്വീകാര്യത നേടാത്ത , അപരിഷ്കൃതമായ പേരുകളിലവർ അറിയപ്പെട്ടു. പലപ്പോഴും ജന്മിമാരാണ് വേട്ടുവർക്ക് പേരുകൾ നൽകിയിരുന്നത്. പിൽക്കാലത്ത് പേരുകൾ സ്വീകരിക്കുന്നതിൽ വലിയ മാറ്റങ്ങളുണ്ടാവുകയും പരിഷ്കൃതമായ പേരുകൾ തിരഞ്ഞെടുക്കാൻ അവർ ആരംഭിക്കുകയും ചെയ്തു. സാമൂഹികവും സാംസ്കാരികവുമായ  ഉന്നമനത്തിന്റെ നേർരേഖകളാണ് വ്യക്തിനാമങ്ങളിൽ വന്ന പുതിയ മാറ്റങ്ങൾ.

മംഗലംകളിപ്പാട്ടുകൾ

         കേരളത്തിലെ മിക്ക ഗോത്ര വിഭാഗങ്ങൾക്കും തനത് കലാരൂപങ്ങളും പാട്ടുകളുമുണ്ട്.  മാവിലർ, മലവേട്ടുവർ എന്നിവർക്കിടയിൽ പ്രചാരത്തിലുള്ള നാടൻ കലാരൂപമാണ് മംഗലംകളി. ആദ്യകാലത്ത് കല്യാണ ദിവസങ്ങളിലാണ് ഇത് പ്രധാനമായും അവതരിപ്പിച്ചിരുന്നത്. തുടിയാണ് പാട്ടിന് പശ്ചാത്തലമായി ഉപയോഗിക്കുന്ന വാദ്യോപകരണം. യജമാനന്മാരെക്കുറിച്ചുള്ള വീരകഥകളും നായാട്ടുവിശേഷങ്ങളും സൗന്ദര്യ വർണ്ണനയും യജമാനന്റെ കീഴിൽ തങ്ങളനുഭവിച്ചിരുന്ന യാതനകളുമാണ് പാട്ടിന് വിഷയമാകുന്നത്. മാവിലർ തുളുവിലും വേട്ടുവർ തങ്ങളുടെ തനതുഭാഷ (വേട്ടുവഭാഷ)യിലുമാണ് പാട്ടുകൾ പാടുന്നത്.

    " ചിങ്കിരി ചിങ്കിരിയോ ചിങ്കിരി

  ചിങ്കിരി നായാടുന്നേ" എന്നാരംഭിക്കുന്ന പാട്ടിൽ നായാട്ടിനെക്കുറിച്ചാണ് പരാമർശിക്കുന്നത്.

     "നമ്മുടെ തമ്പുരാന് പൊരുളി

     ഏയോളം കാലിയിണ്ട്

     ഏയോളം കാലിയിണ്ട് പൊരുളി

     ഏയ് മുരിക്കുമുണ്ട്

     കാലീടെ ബയ്യേ ബയ്യേ പൊരുളി

     ചാണകം ചിള്ളി ചിള്ളി..." എന്ന പാട്ടിൽ ചാണകം ചിള്ളി നടക്കുന്ന കിളി തമ്പുരാന്റെ പറമ്പിലെ മുരിക്കിൽ മുട്ടയിടുന്നതും അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്നതുമാണ് വിഷയം.

     "റായി റായി റായി കുരങ്ക്

     റാകണം പാടി തേനപ്പ... "

     " കൂമ കൂമ കൂമാ കുമാ

      മേലേഞ്ചേരി കൂമാ..."

 എന്നീ പാട്ടുകൾ യഥാക്രമം കുരങ്ങ്, കൂമൻ എന്നിവയെക്കുറിച്ചുള്ളതാണ്.

          വേട്ടുവരുടെ സാമൂഹികജീവിതത്തിന്റെയും പ്രകൃതിയനുഭവങ്ങളുടെയും ഭാഷയുടെയും പ്രതിഫലനമാണ് മംഗലംകളിപ്പാട്ടുകൾ. കലോത്സവവേദികളിലേക്കും സിനിമകളിലേക്കും പ്രവേശനം ലഭിച്ച ഈ കലാരൂപം ഇന്ന് ഏറെ ജനപ്രീതി നേടിയിട്ടുണ്ട്.

 

തെറിഭാഷ

          ലൈംഗികാവയവങ്ങളുടെ പേരുകൾ ചേർത്തോ ലൈംഗിക പ്രവർത്തനവുമായി ബന്ധപ്പെടുത്തിയോ ഉള്ളതാണ് വേട്ടുവഭാഷയിലെ അധികം തെറികളും.

ഉദാ: പൂച്ചി (സ്ത്രീ ലൈംഗികാവയവം ), ചൂളച്ചി(തേവിടിശ്ശി എന്ന അർത്ഥത്തിൽ കാസർഗോട്ടെ പ്രാദേശികഭാഷയിൽ ഉപയോഗിക്കുന്ന സൂള എന്ന തെറിവാക്കിന്റെ തത്ഭവ രൂപമാണ്), കേറുക...

മലയാളത്തിൽ പൊതുവേ പ്രയോഗിക്കുന്ന 'വെട്ടുക' എന്ന വാക്ക് ലൈംഗികബന്ധത്തിലേർപ്പെടുക എന്ന അർത്ഥത്തിൽ തെറിയായിട്ടാണ് വേട്ടുവഭാഷയിലുപയോഗിക്കുന്നത്. 'തായിനവെട്ടി' എന്ന തെറി ഇതേ അർത്ഥത്തിലുള്ളതാണെന്നു കാണാം. ഇവിടെ ' തായി ' എന്നാൽ മാതാവ് എന്നാണ് അർത്ഥം. മാതാവിനെ ലൈംഗികമായി ഉപയോഗിച്ചവർ എന്ന അർത്ഥത്തിൽ ഏറ്റവും അധിക്ഷേപമായിട്ടാണ് ഈ തെറിവാക്കുപയോഗിക്കുന്നത്.

         പല സമൂഹങ്ങളുടെയും ജാതിപ്പേരുകൾ ആളുകളെ അധിക്ഷേപിക്കാൻ മലയാളികൾ ഉപയോഗിക്കാറുണ്ട്. പൊലയാടിമോൻ/ മോൾ, എന്ന വാക്ക് തന്നെയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൃഷ്ടാന്തം. കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും ചെറുമൻ, കള്ളാടി എന്നീ ജാതിപ്പേരുകൾ അധിക്ഷേപ വാക്കായി ഉപയോഗിക്കാറുണ്ട്. എറണാകുളം ജില്ലയിലെ 'ഉള്ളാടന്റെ മോൻ' എന്ന പ്രയോഗം മറ്റൊരു ഉദാഹരണമാണ്. ജാതിയിൽ താഴ്ന്നവരെന്നു അധികാര സമൂഹം കരുതുന്നവർ മോശക്കാരാണ് എന്ന കെട്ട ബോധത്തിൽ നിന്നാണ് ഇത്തരം അധിക്ഷേപ വാക്കുകൾ രൂപമെടുക്കുന്നത്. മലവേട്ടുവർ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അരികുവൽക്കരിക്കപ്പെട്ടവരായിരുന്നു. ചെളിയിൽ പണിയെടുത്തിരുന്ന ഇവരെ അധിക്ഷേപിക്കാനും തെറിവിളിക്കാനുമായി മേൽജാതിക്കാർ ഉപയോഗിച്ചിരുന്ന വാക്കാണ് ചെറൻ(ചേറിൽ പണിയെടുക്കുന്നവൻ). പിന്നീട് വേട്ടുവസമുദായത്തിന്റെ പര്യായമായി ഈ വാക്കുപയോഗിക്കാൻ തുടങ്ങി.  ഈ പുതിയ കാലത്തും വേട്ടുവ ഗോത്രക്കാരെ 'ചെറന്മാർ' എന്ന് അഭിസംബോധന ചെയ്യുന്നവരുണ്ട്. വേട്ടുവർക്ക് സമൂഹത്തിൽ നേരിടേണ്ടി വന്നിരുന്ന പ്രതിസന്ധികളുടെയും ഇകഴ്ത്തലുകളുടെയും ദൃഷ്ടാന്തമാണ് ഈ വാക്ക്. സമൂഹം മാറിയെങ്കിലും വേട്ടുവർക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഇന്നും അധിക്ഷേപങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു.

 ഭാഷയുടെ സമരസത

          നമ്മളോട് ഇടപഴകുന്ന വ്യക്തികളുടെ ഭാഷയുടെ സ്വാധീനത്തിൽ സ്വന്തം ഭാഷയിൽ മാറ്റം വരുത്താനുള്ള അബോധമായ പ്രേരണയാണ് സമരസത(Accommodation). മറ്റ് സമൂഹങ്ങളുടെ സ്വാധീനത്താൽ ഗോത്രഭാഷകൾ നവീകരിക്കപ്പെടുന്നുണ്ട്. പൊതുസമൂഹവുമായുള്ള ഇടപഴക്കത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മാധ്യമങ്ങളുടെയും സ്വാധീനഫലമായി വേട്ടുവഭാഷയിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്. തനതുഭാഷ സംസാരിക്കുന്നവരുടെ എണ്ണം കുറയുകയും മിക്ക ആൾക്കാരും സമീപപ്രദേശങ്ങളിലുള്ളവർ സംസാരിക്കുന്ന പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താൻ ആരംഭിക്കുകയും ചെയ്തു. തിരുവിതാംകൂറിൽനിന്നും വന്ന കുടിയേറ്റ ക്രൈസ്തവരുമായുള്ള സഹവാസവും വേട്ടുവഭാഷയെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കടുമേനി, ചെറുപുഴ, വെള്ളരിക്കുണ്ട്, മാലോത്ത് ഭാഗങ്ങളിൽ താമസിക്കുന്നവരുടെ സംസാരഭാഷയിലാണ് ഈ സ്വാധീനം പ്രകടമായി കാണാൻ സാധിക്കുന്നത്. കുടിയേറ്റ ക്രൈസ്തവരുടെ സാമൂഹികഭാഷാഭേദം അവരോട് ഇടപഴകുന്ന സമീപവാസികളുടെ ഭാഷയുമായി കലർന്ന് തനതുഭാഷയുടെയും കുടിയേറ്റക്രൈസ്തവഭാഷയുടെയും മിശ്രിതമായ ഒരു ഭാഷാരൂപം ഉടലെടുത്തു. മലവേട്ടുവർ ഈ മാറ്റത്തിന്റെ ഫലമായി വേട്ടുവഭാഷയും  ക്രൈസ്തവഭാഷാഭേദവും ഇടകലർത്തി ആശയവിനിമയം നടത്തുന്നു. മറ്റൊരു ഭാഷാഭേദം സംസാരിക്കുന്ന ഒരു സമൂഹത്തിന്റെ അധിവാസം എങ്ങനെയാണ് ഒരു പ്രദേശത്തിന്റെ ഭാഷയിൽ മാറ്റമുണ്ടാക്കിയത് എന്ന്  വേട്ടുവഭാഷയുടെ പരിണാമം പഠിക്കുന്നതിലൂടെ മനസ്സിലാക്കാൻ സാധിക്കും.

 

 

ഭാഷയുടെ അതിജീവനം

അധിവാസത്തിന്റെയും സമരസതയുടെയും ഫലമായി വേട്ടുവഭാഷയും സംസ്കാരവും വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. തനതുഭാഷയിലുള്ള ആശയവിനിമയം താഴ്ന്ന സാമൂഹികസ്ഥിതിയെയാണ് സൂചിപ്പിക്കുന്നത് എന്ന ധാരണയാൽ വീടുകളിൽപ്പോലും വേട്ടുവഭാഷയെ മാറ്റിനിർത്താറുണ്ട്. ഇതിന്റെയെല്ലാം പരിണിതഫലമെന്നോണം വേട്ടുവഭാഷ നശീകരണത്തിന്റെ പാതയിലാണെന്നു പറയാം. എങ്കിലും ഭാഷാസംരക്ഷണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. മലവേട്ടുവമഹാസഭയുടെ പങ്ക് ഇതിൽ പ്രധാനപ്പെട്ടതാണ്. മംഗലംകളിപ്പാട്ടുകൾ വേട്ടുവരുടെ സംസ്കാരവും ഭാഷയും പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്നതിന്റെ മാധ്യമമായി വർത്തിക്കുന്നു. സ്കൂൾകലോത്സവത്തിലെ മത്സരയിനങ്ങളിലൊന്നായി മാറിയതോടെ കേരളത്തിലെ മറ്റ് ജില്ലകളിലേക്കും മംഗലംകളിക്ക് പ്രവേശനം ലഭിച്ചു. ഗോത്രകവിതകളാണ് ശ്രദ്ധേയമായ മറ്റൊരു അതിജീവനമാർഗ്ഗം. പ്രകാശ് ചെന്തളം, സുധീഷ് ചെന്നടുക്കം, ലിജിന കടുമേനി എന്നിങ്ങനെയുള്ള യുവഗോത്രകവികൾ വേട്ടുവഭാഷയിൽ കവിതകളെഴുതിക്കൊണ്ട് ഭാഷയെ സജീവമായി നിലനിർത്താൻ ശ്രമിക്കുന്നു. SCERT ഏഴാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിൽ പ്രകാശ് ചെന്തളത്തിന്റെ 'കാട് ആരത് ' (കാട് ആരുടേത് ) എന്ന കവിതയുൾപ്പെടുത്തിയത് ഭാഷയുടെ അതിജീവനത്തിന് ലഭിച്ച വലിയൊരു വഴിത്തിരിവാണ്.

     "കാട്ങ്ക് ഒരി വാസ ഇണ്ട്

      മണ ഇണ്ട്

      പാട്ട് ഇണ്ട്‌ പയമ ഇണ്ട്..." എന്നാരംഭിക്കുന്ന കവിത പൂർണ്ണമായും വേട്ടുവഭാഷയിലെഴുതിയതാണ്. കവിതയുടെ മലയാള വിവർത്തനവും പാഠപുസ്തകത്തിൽ നൽകിയിട്ടുണ്ട്. ഇത്തരം കവിതകളിലൂടെ ഭാഷ നിലനിൽക്കുന്നതോടൊപ്പം പുതിയ തലമുറയ്ക്കും വേട്ടുവരുടെ ഭാഷയും സംസ്കാരവും ജീവിതവും പഠിക്കാൻ അവസരം ലഭിക്കുന്നു.

          ഭാഷ സമൂഹവ്യവസ്ഥയുടെ ഭാഗവും സമൂഹത്തിന്റെ അസ്തിത്വവുമാണ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ജനജീവിതത്തിലുണ്ടാവും. അത് സ്വാഭാവികമാണ്. അതിനോടൊപ്പം തനതുഭാഷകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുമുണ്ടാവണം. വേട്ടുവരുടെ ജീവിത നിലവാരത്തിൽ പുതിയ മാറ്റങ്ങളുണ്ടാകുന്നത് ആശാവഹമാണ്. എല്ലാ കാലത്തും തനത് എന്നവകാശപ്പെടുന്ന സംസ്കാരത്തിൽ മാത്രം നിലയുറപ്പിച്ച് മറ്റ് സംസ്കാരങ്ങളെയും നൂതന ജീവിത മാർഗ്ഗങ്ങളെയും അകറ്റി നിർത്തിയാൽ ഏതൊരു സമൂഹവും പരിഷ്കൃതമാകില്ല. വേട്ടുവരെപ്പോലെ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ മുഖ്യധാരയിലേക്ക് വരണം. മാറ്റങ്ങളെ ഉൾക്കൊള്ളുമ്പോഴും  വേട്ടുവഭാഷയെ അതിന്റെ തനിമയിൽ നിലനിർത്താനുള്ള ഉദ്യമങ്ങളുമുണ്ടാവേണ്ടതുണ്ട്. അതിനർത്ഥം വേട്ടുവർ തനതുഭാഷയിൽ മാത്രം ആശയവിനിമയം നടത്തണമെന്നല്ല. പകരം മാനകമലയാളത്തെ സ്വീകരിക്കുന്നതിനൊപ്പം തനതുഭാഷയെ സംരക്ഷിക്കാനും പുതുതലമുറയിലേക്ക് അതിന്റെ അറിവുകൾ പകരാനുമുള്ള പ്രവർത്തനങ്ങൾ ഉണ്ടാവണം. കാരണം ഭാഷ കേവലമൊരു ആശയവിനിമയോപാധി എന്നതിനേക്കാൾ ഒരു ജനതയുടെ സംസ്കാരത്തിന്റെയും സ്വത്വത്തിന്റെയും അടയാളം കൂടിയാണ്.

 

സഹായക ഗ്രന്ഥങ്ങൾ

●      കാരശ്ശേരി .എം.എൻ , 2005, തെളിമലയാളം, ഡി. സി. ബുക്സ് , കോട്ടയം.

●      ഗിരീഷ് പി.എം, 2018, ഭാഷാശാസ്ത്രം ചോംസ്കിക്കുമപ്പുറം സമ്പാദനവും പഠനവും, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

●      പ്രഭാകര വാര്യർ കെ.എം, 2002, ഭാഷാശാസ്ത്ര വിവേകം, വള്ളത്തോൾ വിദ്യാപീഠം, കോട്ടയം

●      ഫിലോമിന കെ. വി, 2004, ഉത്തരകേരളത്തിലെ വേട്ടുവർ : ജീവിതവും സംസ്കാരവും (നാടോടി വിജ്ഞാനീയപരമായ ഒരു പഠനം), മലയാള വിഭാഗം, കാലിക്കറ്റ് സർവ്വകലാശാല

●      രവിശങ്കർ നായർ. എസ്, 2020, ഭാഷയും ഭാഷാശാസ്ത്രവും, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

 

ആവേദകർ

●      കണ്ണൻ സി. പി - ചെമ്പഞ്ചേരി

●      പ്രകാശ് ചെന്തളം - ബളാൽ

●      മൈലി - ചെമ്പഞ്ചേരി

കാവ്യ കണ്ണൻ

ഗവേഷക മലയാള - കേരളപഠനവിഭാഗം

കാലിക്കറ്റ് സർവ്വകലാശാ

 
 
 

Related Posts

ജ്ഞാനപ്പാനയുടെ ഹിന്ദി വിവർത്തനം - ഡിജിറ്റൽ പ്രസാധനത്തിന്റെ വെളിച്ചത്തിൽ ഒരു വിമർശനാത്മകപഠനം

ഡോ. ഐശ്വര്യ പി. അസിസ്റ്റന്റ് പ്രൊഫസർ, ഭാഷാശാസ്ത്രസ്കൂൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല     പ്രബന്ധസംഗ്രഹം വിവർത്തനകൃതികളും ഇ-പബ്ലിഷിംഗുമായി ബന്ധപ്പെട്ട് വരുന്ന സങ്കീർണതകളെയും വെല്ലുവിളികളെയും മലയാളഭ

 
 
 
ക്വീർ സമൂഹവും മലയാള സിനിമയും

ശ്രീലക്ഷ്മി എസ് പ്രബന്ധ സംഗ്രഹം          മുഖ്യധാരയിൽ നിന്ന് ഒരുകാലത്ത് സമൂഹം അകറ്റി നിർത്തിയിരുന്ന വിഭാഗമാണ് ക്വീർ. ചേർത്ത് പിടിക്കലുകളുടെ പുതിയ കാലത്ത് സാഹിത്യത്തിലും കലയിലും അവർക്ക് അനുകൂലമായ നിലപാട

 
 
 
ബാല്യകാലസഖി: ഒരു ന്യൂറോ-കോഗ്നിറ്റീവ് വിശകലനം

ചിന്ത എസ് ധരൻ പ്രബന്ധസംഗ്രഹം   മനുഷ്യ മസ്തിഷ്കത്തിലെ നാഡീപ്രവർത്തനങ്ങളും ഭാഷാപരമായ പ്രക്രിയകളും തമ്മിലുള്ള ആന്തരികബന്ധങ്ങളെ ശാസ്ത്രീയമായി പഠിക്കുന്ന വൈജ്ഞാനിക ശാഖയാണ് ന്യൂറോ-ലിംഗ്വിസ്റ്റിക്സ്. ഭാഷാ അന

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. എം. രാമചന്ദ്രൻ പിള്ള

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page