top of page

ജ്ഞാനപ്പാനയുടെ ഹിന്ദി വിവർത്തനം - ഡിജിറ്റൽ പ്രസാധനത്തിന്റെ വെളിച്ചത്തിൽ ഒരു വിമർശനാത്മകപഠനം

  • 2 hours ago
  • 5 min read
ഡോ. ഐശ്വര്യ പി.

അസിസ്റ്റന്റ് പ്രൊഫസർ, ഭാഷാശാസ്ത്രസ്കൂൾ

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല

 

 

പ്രബന്ധസംഗ്രഹം

വിവർത്തനകൃതികളും ഇ-പബ്ലിഷിംഗുമായി ബന്ധപ്പെട്ട് വരുന്ന സങ്കീർണതകളെയും വെല്ലുവിളികളെയും മലയാളഭാഷാചരിത്രത്തിലെയും സാഹിത്യചരിത്രത്തിലെയും പ്രധാനപ്പെട്ട ക്ലാസിക്കൽ കൃതിയായ ജ്ഞാനപ്പാനയുടെ ഹിന്ദി വിവർത്തനത്തിന്റെ പശ്ചാത്തലത്തിൽ അഭിസംബോധന ചെയ്യുകയാണ് ഈ പ്രബന്ധം.  ജ്ഞാനപ്പാന ഹിന്ദി വിവർത്തനത്തിന്റെ വിശകലനത്തിലൂടെ, വിവർത്തനപ്രക്രിയയിൽ അഭിമുഖീകരിക്കുന്ന ഭാഷാപരവും സാംസ്കാരികവുമായ തടസ്സങ്ങളെ തിരിച്ചറിയുക ഈ പഠനത്തിന്റെ ഒരു ലക്ഷ്യമാണ്. ഡിജിറ്റൽ യുഗത്തിൽ, ഡിജിറ്റൽ പ്രസാധനത്തിന്റെ സാധ്യതകളും സങ്കീർണതകളും വിവർത്തനപ്രക്രിയയ്ക്ക് നൽകുന്ന അവസരങ്ങളെയും പ്രയാസങ്ങളെയും തിരിച്ചറിയുന്നതിനായി ഡിജിറ്റൽ പ്രസാധനത്തിന്റെ സൂക്ഷ്മതകൾ കൂടി പരിഗണിച്ചുകൊണ്ട് ജ്ഞാനപ്പാന ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തതിൽ സംഭവിച്ച പോരായ്മകളെ പരിശോധിക്കുകയാണ് ഈ പ്രബന്ധത്തിന്റെ മറ്റൊരു ലക്ഷ്യം. ഡിജിറ്റൽ പ്രസാധനത്തിലൂടെ പുറത്തിറങ്ങുന്ന പുസ്തകങ്ങളുടെ നിലവാരം, അത്തരം പ്രസിദ്ധീകരണനയങ്ങളിലെ പോരായ്മകൾ തുടങ്ങിയവ ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്ന ഒരു വിമർശനാത്മകരീതിയാണ് പഠനത്തിനായി സ്വീകരിച്ചിട്ടുള്ളത്. ഇത്തരമൊരു പഠനത്തിലൂടെ ഡിജിറ്റൽ പ്രസാധനസംരംഭങ്ങളിലെ ഭാവി ശ്രമങ്ങളിൽ ചിന്ത്യമായ ഉൾക്കാഴ്ചകൾ വാഗ്ദാനം ചെയ്യാനും ഈ പഠനം ശ്രമിക്കുന്നു.

 

 

സൂചകപദങ്ങൾ: ജ്ഞാനപ്പാന, വിവർത്തനം, ഡിജിറ്റൽ പ്രസാധനം, ആമസോൺ കിന്റിൽ[1]

 

ആമുഖം

 

വിവർത്തനം മനുഷ്യപ്രവർത്തിയെ സുഗമമാക്കുന്ന വിശാലമായ പ്രക്രിയയാണ്. വ്യത്യസ്തങ്ങളായ ഭാഷയിലും സംസ്കാരത്തിലും ജീവിക്കുന്ന മനുഷ്യരെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി അത് വർത്തിക്കുന്നു. വിവർത്തകരെ സംബന്ധിച്ചിടത്തോളം ഒരു ഭാഷയിൽ നിന്നും മറ്റൊരു ഭാഷയിലേക്ക് വിവർത്തനം നടത്തുമ്പോൾ മൂലഭാഷയുടെയും ലക്ഷ്യഭാഷയുടെയും ഘടനാപരമായ സവിശേഷതകൾ, അവ ഉൾപ്പെടുന്ന ഭാഷാഗോത്രങ്ങൾ (Language Families) കക്ഷ്യാപരമായ സവിശേഷതകൾ തുടങ്ങിയവയിൽ നല്ല ധാരണ ഉണ്ടാവേണ്ടതുണ്ട്. അത്രത്തോളം തന്നെ പ്രധാനമാണ് ലക്ഷ്യഭാഷാസമൂഹത്തിന്റെ സാംസ്കാരികമൂല്യങ്ങളെക്കുറിച്ചുള്ള ധാരണ. പ്രത്യേകിച്ചും സാഹിത്യവിമർശനത്തിൽ ലക്ഷ്യഭാഷാസമൂഹത്തിന്റെ സാംസ്കാരികഘടകങ്ങളും വിവർത്തനം ചെയ്യേണ്ട കൃതി രചിക്കപ്പെടുന്ന കാലവും അതിന്റെ രചനാകാലഘട്ടത്തിലെ സാമൂഹികസാഹചര്യങ്ങളുമെല്ലാം ഏറെ പ്രധാനപ്പെട്ടതാണ്. സാഹിത്യവിവർത്തനത്തിൽ തന്നെ കാവ്യവിവർത്തനം വീണ്ടും സങ്കീർണമാകുന്നു. മൂലഗ്രന്ഥത്തിൽ കാവ്യത്തിന് ഉണ്ടാവുന്ന വൃത്തസവിശേഷതകൾ, താളം, വാച്യാർത്ഥം, വ്യംഗ്യാർത്ഥം പോലുള്ള ആർത്ഥികസവിശേഷതകൾ തുടങ്ങിയവയെല്ലാം കവിതാവിവർത്തനത്തെ ബാധിക്കുന്നു.        

മലയാളകവിതാസാഹിത്യചരിത്രത്തിലെ സുപ്രധാന കാലഘട്ടമായ ഭക്തിപ്രസ്ഥാനകാലത്ത് രചിക്കപ്പെട്ട പൂന്താനത്തിന്റെ ജ്ഞാനപ്പാന മലയാളസാഹിത്യചരിത്രത്തിലും മലയാളഭാഷാചരിത്രത്തിലും സ്വാധീനം ചെലുത്തുന്ന, ആത്മീയ പ്രാധാന്യമുള്ള ഒരു ഭക്തി കാവ്യമാണ്. ഈ കാവ്യത്തിന്റെ ഹിന്ദി തർജ്ജമയുടെ സവിശേഷതകളാണ് ഈ പ്രബന്ധത്തിൽ പഠിക്കുന്നത്. പഠനത്തിനായി ആമസോൺ കിന്റിലിൽ ഇ-പുസ്തകമായി ലഭിക്കുന്ന ഗിരിജാഗോപകുമാർ വിവർത്തനം ചെയ്ത “Hindi transilated version of Njanappana” എന്ന ഡിജിറ്റൽ പതിപ്പിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജ്ഞാനപ്പാനയുടെ ഹിന്ദി വിവർത്തനത്തിൽ സംഭവിച്ച പ്രശ്നങ്ങളും അതോടൊപ്പം തന്നെ ആധുനികസാങ്കേതികസാധ്യതയായ ഡിജിറ്റൽ പ്രസാധനം മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനകൃതികളിൽ ഇടപെടുന്നത് ഏത് രീതിക്കാണ് തുടങ്ങിയ കാര്യങ്ങളാണ് ഈ പഠനത്തിൽ പഠിക്കുന്നത്.

 

മലയാളത്തിൽ നിന്നും മറ്റു ഭാഷകളിലേക്കുള്ള വിവർത്തനത്തിന്റെ ലഘുചരിത്രം

 

മറ്റു ഭാഷകളിൽ നിന്നുള്ള കൊടുക്കൽ വാങ്ങലുകളിലൂടെയാണ് ഓരോ ഭാഷയും വളർച്ച പ്രാപിക്കുന്നത് ഇത്തരം കൊടുക്കൽ വാങ്ങലുകൾക്ക് വിവർത്തനപ്രക്രിയ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പുരാതനകാലം മുതൽ തന്നെ സംസ്കൃതഭാഷയിൽ നിന്ന് മഹാകാവ്യങ്ങളും പുരാണേതിഹാസങ്ങളും ഭാഷാകൗടിലീയം പോലെയുള്ള വിജ്ഞാനകൃതികളും മലയാളഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മലയാളത്തിൽ നിന്നും മറ്റു ഭാഷകളിലേക്കുള്ള വിവർത്തനവും. 1976 കേരളസാഹിത്യ അക്കാദമി മലയാളഭാഷയിൽ നിന്നും മറ്റു ഭാഷകളിലേക്കുള്ള കൃതികളുടെ ഗ്രന്ഥസൂചി പുറത്തിറക്കിയപ്പോൾ ആകെ ഉണ്ടായിരുന്നത് മൂന്ന് കൃതികൾ മാത്രമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1890 ൽ ഓ ചന്തുമേനോന്റെ ഇന്ദുലേഖയ്ക്ക് ഡബ്ലിയു.ഡ്യൂമെർഗ് തയ്യാറാക്കിയ വിവർത്തനമാണ്. അന്നുമുതൽ ഇന്നോളം മലയാളഭാഷയുടെ വിവർത്തനചരിത്രത്തിൽ മലയാളത്തിൽ നിന്നും വിവർത്തനം ചെയ്യപ്പെട്ട പുസ്തകങ്ങൾ ഏറെയും ഫിക്ഷനുകളാണ്.

കേരളസാഹിത്യ അക്കാദമിയും കേന്ദ്രസാഹിത്യ അക്കാദമി മലയാളസാഹിത്യത്തെ ലോകഭാഷകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നവരിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. 1980 കളിൽ ഒ. വി. വിജയൻ, വി. കെ. എൻ, സി. രാധാകൃഷ്ണൻ, കെ. സച്ചിദാനന്ദൻ എന്നിവരുടെ മലയാളകൃതികൾ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

സമകാലത്ത് യന്ത്രവിവർത്തനസാധ്യതകളുടെയും ഓൺലൈൻ ജേണലുകളുടെയും വരവോടെ മലയാളഭാഷയിൽ നിന്നും സാഹിത്യകൃതികളും കവിതകളും മറ്റും മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടാൻ തുടങ്ങിയതിന് ഉദാഹരണമാണ് പോയെട്രി ലൈറ്റ് ഇന്ത്യ ഇൻറർനാഷണൽ പോലെയുള്ള യൂറോപ്യൻ ഭാഷകളിലുള്ള ജേണലുകൾ (ശ്രീനാഥൻ എം, ജോസഫ് കോയിപ്പള്ളി. 2015).

 

ഡിജിറ്റൽ പ്രസാധനം

 

ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകളിൽ പ്രധാനപ്പെട്ട ഒരു മുന്നേറ്റമാണ് പുസ്തകങ്ങളുടെ ഡിജിറ്റൽ പ്രസാധനം അഥവാ ഡിജിറ്റൽ പബ്ലിഷിംഗ്. ലിഖിതരൂപത്തിലുള്ള ഉള്ളടക്കങ്ങളെ അച്ചടിരൂപത്തിൽ അല്ലാതെ ഇലക്ട്രോണിക്-ഡിജിറ്റൽ രൂപത്തിൽ സൃഷ്ടിക്കുന്നതാണ് ഡിജിറ്റൽ പബ്ലിഷിംഗ്. നിർമ്മിതി മാത്രമല്ല, തിരുത്തൽ, സംഭരണം, വിതരണം എന്നിവയും ഇതിന്റെ ഭാഗമാവുന്നു. വളരെ ഗുണാത്മകമായ (Positive) നിരവധി കാര്യങ്ങൾ ഡിജിറ്റൽ പ്രസാധനത്താൽ സാധ്യമാവുന്നുണ്ട്. ഭൂമിശാസ്ത്രപരമായ എല്ലാ തടസ്സങ്ങളെയും സമയ-ദൂരപരിമിതികളെയും ഇല്ലാതാക്കിക്കൊണ്ട് ഏത് സമയത്തും ഏത് കാലാവസ്ഥയിലും എവിടെവച്ചും പുസ്തകങ്ങൾ ലഭ്യമാവുന്നു എന്നതാണ് ഡിജിറ്റൽ പ്രസാധനത്തിലൂടെ പുറത്തിറങ്ങുന്ന ഇ-പുസ്തകങ്ങൾ കൊണ്ട് വായനക്കാർക്ക് ലഭിക്കുന്ന പ്രധാന നേട്ടം. പേപ്പറുകളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ നേടിയെടുക്കുന്ന പാരിസ്ഥിതികനേട്ടവും ഡിജിറ്റൽ പ്രസാധനത്തിന്റെ പ്രധാനപ്പെട്ട ഗുണഘടകമാണ്. പ്രസാധകരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ ചെലവിലുള്ള പുസ്തകനിർമ്മിതി, എളുപ്പത്തിലുള്ള വിതരണസാധ്യതകൾ, ഒരു കോപ്പി ഡിജിറ്റൽ ആക്കി സൂക്ഷിച്ചാൽ അതിന്റെ എത്ര കോപ്പി വേണമെങ്കിലും വിറ്റഴിക്കാമെന്നതും പുതിയ പതിപ്പുകളിൽ വേണ്ട കൂട്ടിച്ചേർക്കലുകൾ നിഷ്പ്രയാസം സാധിക്കുമെന്നതും ഡിജിറ്റൽ പ്രസാധനത്തിന്റെ സാധ്യതകളാണ്. സ്വന്തം പുസ്തകം സ്വയം പ്രസിദ്ധീകരിക്കാമെന്നതാണ് എഴുത്തുകാരെ സംബന്ധിച്ചിടത്തോളമുള്ള പ്രധാന ആകർഷണം.

ആമസോൺ കിന്റിൽ ഡയറക്ട് പബ്ലിഷിംഗ്, ഗൂഗിൾ പ്ലേബുക്ക്, മാഗ് ലോഫ്റ്റ്, ജൂമാഗ്, റീഡ്സ്, കിറ്റാബൂ, സ്റ്റോറിഷെഫ്, യുഡു തുടങ്ങി നിരവധി ഡിജിറ്റൽ പബ്ലിഷിംഗ് പ്ലാറ്റ്ഫോമുകൾ നമുക്ക് കാണാനാവും. ഡിജിറ്റൽ ഫോർമാറ്റിലുള്ള പുസ്തകത്തിന്റെ കരടുരൂപത്തെ വെറും 72 മണിക്കൂറിൽ ആമസോൺ സ്റ്റോറുകളിൽ ലഭ്യമാക്കുന്നുവെന്നും 70 ശതമാനം റോയൽറ്റി നൽകുന്നുവെന്നും ആമസോൺ കെ. ഡി. പി. അവകാശപ്പെടുന്നു. ഇതെല്ലാം ഡിജിറ്റൽ പ്രസാധനത്തിന്റെ വാണിജ്യവൽക്കരിക്കപ്പെട്ടതും കുത്തക കേന്ദ്രീകൃതവുമായ സ്വഭാവത്തെ കാണിക്കുന്നു. കൃത്യമായ നിലവാരം പുലർത്താതെ ആർക്കും ഏത് പുസ്തകവും പ്രസിദ്ധീകരിക്കാമെന്നത് അപകടകരമാണ്. മലയാളഭാഷയുടെ ക്ലാസിക്കൽ കൃതികളിൽ ഒന്നായ ജ്ഞാനപ്പാനയ്ക്ക് ഹിന്ദി ഭാഷയിലേക്ക് നടത്തിയ വിവർത്തനത്തെയും അതിന്റെ ഡിജിറ്റൽ പ്രസാധനത്തെയും വിമർശനാത്മകമായി നോക്കി കാണുന്നത് ഈ പശ്ചാത്തലത്തിലാണ്.

 

ജ്ഞാനപ്പാന – പൂന്താനം

 

പതിനഞ്ച് മുതൽ പതിനേഴുവരെ നൂറ്റാണ്ടുകളിൽ ഭാരതം മുഴുവനും വ്യാപിച്ച ഭക്തിപ്രസ്ഥാനസാഹിത്യത്തിന്റെ കേരളത്തിലെ പ്രയോക്താക്കളിൽ പ്രധാനപ്പെട്ട കവിയായിരുന്നു പൂന്താനം (1547-1640). ഭാഷാകർണാമൃതം, കുമാരഹരണം പാന, പാർത്ഥസാരഥീസ്തവം, ഘനസംഘം തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. ഭക്തിമാർഗത്തിലൂടെ ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ ശ്രമിച്ച അദ്ദേഹം സാഹിത്യത്തിലൂടെ സമൂഹത്തോടുള്ള കടമ നിറവേറ്റാനാണ് ശ്രമിച്ചത് (ലീലാവതി, എം. 2011). പ്രാദേശികഭാഷകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും പ്രാദേശികമായ ശൈലികൾ കാവ്യരചനയിൽ ഉൾപ്പെടുത്താനും ശ്രമിച്ച കവിയായിരുന്നു പൂന്താനം എന്നതിന് ജ്ഞാനപ്പാനയിലെ വരികൾ തന്നെ ഉദാഹരണമാണ്. കേവലം ഒരു ഭക്തികാവ്യത്തിനപ്പുറം മാനൂഷികമൂല്യങ്ങളും തത്വചിന്തയും കോർത്തിണക്കി സമൂഹത്തിന്റെ ഒരു രേഖാചിത്രം ലളിത മലയാളത്തിൽ കോറിവരച്ചിടാൻ അദ്ദേഹത്തിന് സാധിച്ചു.

 

രീതിശാസ്ത്രം

മലയാളത്തിലെ ഭക്തിപ്രസ്ഥാനകാലഘട്ടത്തിലെ കൃതികളിൽ പ്രധാനപ്പെട്ട ജ്ഞാനപ്പാന എന്ന കൃതിയും അതിന് ഗിരിജ ഗോപകുമാർ വിവർത്തനം ചെയ്ത്, 2023 സെപ്റ്റംബർ ആറിന് ആമസോൺ കിന്റിൽ പ്രസിദ്ധീകരിച്ച Hindi Translated version of njanappana എന്ന കൃതിയുമാണ് ഈ പഠനത്തിന്റെ ദത്തശേഖരണത്തിന് ഉപയോഗിച്ച പ്രാഥമിക ഉറവിടങ്ങൾ. വിവർത്തനം ചെയ്ത ഹിന്ദി പതിപ്പിനൊപ്പം മൂലകൃതിയുടെ സവിശേഷതകളെ താരതമ്യവിശകലനവും വിവർത്തനരീതികളിലെ പ്രശ്നങ്ങളും വിശദീകരിച്ച് ദത്താപഗ്രഥനം നടത്തുന്നു.

 

ജ്ഞാനപ്പാന ഹിന്ദി വിവർത്തനത്തിലെ പ്രശ്നങ്ങൾ - വിശകലനം

 

മലയാളത്തിന്റെ ഭക്തിപ്രസ്ഥാനകാലഘട്ടത്തിലെ കേരളത്തിലെ സാമൂഹിക-സാംസ്കാരിക അവസ്ഥകൾ പ്രകടമായി പ്രതിഫലിപ്പിക്കുന്ന കൃതി കൂടിയാണ് ജ്ഞാനപ്പാന. എന്നിട്ടും മൂലകൃതിയുടെ ചരിത്രപരമായ പ്രത്യേകതയെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഒരു ആമുഖക്കുറിപ്പുപോലും വിവർത്തനത്തിലില്ല. ഹിന്ദി വിവർത്തനത്തിൽ കാവ്യത്തിന്റെ സ്വതന്ത്രവിവർത്തനമാണ് തയ്യാറാക്കിയിരിക്കുന്നത്. മൂലകൃതിയുടെ ഭാഷാപരവും സാംസ്കാരികവുമായ പ്രാധാന്യത്തെ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ ഔദ്യോഗികഭാഷകളിലൊന്നായ ഹിന്ദി, കൂടുതൽ പേർക്ക് വായിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന ഭാഷയായതിനാലും ആമസോൺ കിന്റില്‍ പോലെയുള്ള വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഏത് സമയത്തും ആർക്കുവേണമെങ്കിലും കൃതി ഡൌൺലോഡ് ചെയ്തെടുക്കാൻ സാധിക്കും എന്നതിനാലും ഇത്തരത്തിലുള്ള വിഷയങ്ങൾ ഏറെ പ്രസക്തി അർഹിക്കുന്നു.

 

ജ്ഞാനപ്പാനയും പദാനുപദവിവർത്തനവും

 

ജ്ഞാനപ്പാന വിവർത്തനത്തിന് വിവർത്തക സ്വീകരിച്ച രീതി പദാനുപദവിവർത്തനമാണ്. ക്ലാസിക്കൽ പദ്യവിവർത്തനത്തിൽ വളരെ പ്രാധാന്യമുള്ള വൃത്തവും ഈണവും താളവും ഒഴിവാക്കിയാണ് ജ്ഞാനപ്പാന ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്. ഉദാഹരണമായി

 

“ഗുരുനാഥൻ തുണചെയ്ക സന്തതം

 തിരുനാമങ്ങൾ നാവിൻമേലെപ്പോഴും

 പിരിയാതെയിരിക്കണം നമ്മുടെ

നരജന്മം സഫലമാക്കിയിടുവാൻ” എന്ന വരികൾക്ക് നൽകിയിരിക്കുന്ന വിവർത്തനം ഇങ്ങനെയാണ്,

 

“गुरुयनाथ की मदद है तो 

तिरुनाम जिह्वा पर सदा 

न छुड़ाकर, रख दें

 हमारे नरजन्म की सफल बनने को”

പദാനുപദരീതി സ്വീകരിച്ചിരിക്കുന്നത് കാവ്യത്തിന്റെ സ്വാഭാവികമായ ശൈലിയ്ക്ക് ഭംഗം വരുത്തിയതായി കാണുന്നു.

 

തനിമലയാളപദങ്ങളുടെ വിവർത്തനം

തടി – शरीर

തിരിയാ – न समझाते

അരുൾ ചെയ്യുക – वरन

ചുഴന്നീടുക – धूमते रहते

ഉഴന്നീടുക – धूम रखने वाले को

എളുതായിട്ട് – आसान

മുന്നം – सामने

വലയാതെ - धूमाते

തുടങ്ങി പ്രാചീനമലയാളഭാഷയുടെയും പ്രാദേശികഭേദത്തിന്റെയും തനിമകൾ നിലനിർത്തുന്ന മലയാളപദങ്ങൾക്ക് അർഹിക്കുന്ന പരിഗണനയില്ലാതെ മാനകമായ ഹിന്ദി പദങ്ങളുടെ തിരഞ്ഞെടുപ്പാണ് വിവർത്തനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

 

സ്വതന്ത്രവിവർത്തനത്തിലെ അപകടങ്ങൾ

 

ജ്ഞാനപ്പാനയിലെ മുഴുവൻ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടില്ലാത്ത ഒരു വിവർത്തനമാണ് വിവർത്തക തയ്യാറാക്കിയിട്ടുള്ളത്. കൃത്യമായ വിലയിരുത്തലില്ലാത്ത മുറിച്ചുമാറ്റലുകൾ കൃതിയെ വികലമാക്കിയിരിക്കുന്നു.  കൃതിയിലെ വളരെ പ്രധാനപ്പെട്ട ഭാഗങ്ങൾ മാറ്റി നിർത്തി ഭക്തിപരമായ കാര്യങ്ങൾ മാത്രമാണ് വിവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.  മനുഷ്യജന്മം ദുർലഭം, സംസാരവർണന, വൈരാഗ്യം എന്നീ ഉപശീർഷകങ്ങളെ വിവർത്തക മാറ്റിയിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണം പൂർണമായും ഒഴിവാക്കിയതായി കാണാം.

സംസാരവർണ്ണന എന്ന ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുള്ള

“സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലർ

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതികെട്ടു നടക്കുന്നിതു ചിലർ” എന്ന് തുടങ്ങി

“കുങ്കുമത്തിന്റെ ഗന്ധമറിയാതെ

കുങ്കുമം ചുമക്കും പോലെ ഗർദ്ദഭം”

എന്ന വരികൾ ഈ കാവ്യത്തിന്റെ ഏറ്റവും ശക്തമായ ഭാഗമാണ്. സാമൂഹിക സാഹചര്യങ്ങൾക്ക് നേരെ കണ്ണാടിയായി വർത്തിക്കുന്ന വരികളാണവ. മനുഷ്യസ്വഭാവത്തിന്റെ ഒരിക്കലും മാറാത്ത സ്വഭാവവിശേഷണങ്ങളുടെ കാലത്തെ അതിജീവിക്കുന്ന ഇത്തരം വരികൾ, ഇതൊരു സ്വതന്ത്രവിവർത്തനമാണെന്ന ആമുഖക്കുറിപ്പുപോലുമില്ലാതെ വിട്ടുകളഞ്ഞിരിക്കുന്നു.

 

ഡിജിറ്റൽ പ്രസാധനത്തിലെ നയപരമായ പ്രശ്നങ്ങൾ

 

മലയാളഭാഷാചരിത്രത്തിലും മലയാളസാഹിത്യചരിത്രത്തിലും പ്രധാനപ്പെട്ട കൃതിയായ ജ്ഞാനപ്പാനയ്ക്ക് അതിനാർഹമായ അവതാരികയോ ആമുഖവിവരണങ്ങളോ പഠനങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. കേവലം ഒരു ഭക്തി കാവ്യമായി മാത്രം പരിഗണിച്ചുള്ള ഒരു വിവർത്തനമാണ് ആമസോൺ കിന്റിലിൽ നിന്നും ലഭിക്കുന്നത്. കൃത്യമായ ഒരു വിലയിരുത്തലോ നിലവാരപ്പെടുത്തലോ ഇല്ലാതെ ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഏത് കൃതിയും പ്രസിദ്ധീകരിക്കാമെന്ന ഡിജിറ്റൽ പ്രസാധകർ തുറന്നുതരുന്ന സാധ്യത അപകടകരമാണ്. നല്ല അക്കാദമിക് നിലവാരമുള്ള റിവ്യൂ ബോർഡ് കൈയ്യെഴുത്തുപ്രതികൾ തെരഞ്ഞെടുക്കാതെയും എഡിറ്റ് ചെയ്യാതെയും ഗ്രന്ഥങ്ങൾ സമൂഹത്തിൽ ഇറങ്ങുന്നത് ശരിയായ ഒരു പ്രവണതയല്ല.

 

ഉപസംഹാരം

 

 ഇ-പ്രസിദ്ധീകരണത്തിന്റെ സങ്കീർണ്ണതകൾക്കിടയിൽ ജ്ഞാനപ്പാനയുടെ ഹിന്ദിയിലേക്കുള്ള വിവർത്തനം, ഭാഷാപരവും സാംസ്കാരികവും സാങ്കേതികവുമായ ഘടകങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലിനെ അടിവരയിടുന്നു.  മലയാളവും ഹിന്ദിയും തമ്മിലുള്ള ഘടനാപരവും വ്യാകരണപരവുമായ വ്യത്യാസങ്ങൾ ജ്ഞാനപ്പാനയുടെ സത്ത കൃത്യമായി വിവർത്തനം ചെയ്യുന്നതിൽ കാര്യമായ വെല്ലുവിളികൾ ഉയർത്തി. പദാനുപദവിവർത്തനത്തിലൂടെ മൂലകൃതിയിലെ താളാത്മകതയും കൃതിയുടെ സൌന്ദര്യവും നഷ്ടപ്പെടുത്തി. ജ്ഞാനപ്പാന എന്ന കൃതിയെ ഇന്നും കാലാതിവർത്തിയാക്കി നിലനിർത്തുന്ന സംസാരവർണന എന്ന ഭാഗം ആമുഖക്കുറിപ്പുകളൊന്നുമില്ലാതെ പൂർണമായും ഉപേക്ഷിച്ചത് വിവർത്തിതകൃതിയെ കൃത്യമായി മനസിലാക്കുന്നതിന് തടയിടുന്നു. മലയാളത്തനിമ നിറഞ്ഞ ഗ്രാമ്യപദങ്ങൾക്കോ പ്രാദേശികശൈലികൾക്കോ അർഹിക്കുന്ന പ്രാധാന്യം വിവർത്തനത്തിൽ നൽകിക്കണ്ടില്ല.  ജ്ഞാനപ്പാനയുടെ ദാർശനികബോധം സൃഷ്ടിക്കുന്ന വരികൾ, പദ്യത്തിന്റെ കാവ്യാത്മകത നിറഞ്ഞ പ്രയോഗങ്ങൾ, കാവ്യത്തിന്റെ താളം, പ്രാസം എന്നിവ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ പോലും നടത്തിയില്ല എന്നത് വിവർത്തനകൃതിയിൽ കടുത്ത വെല്ലുവിളികൾ ഉയർത്തി.

ജ്ഞാനപ്പാനപോലെ ഒരു ക്ലാസിക്കൽ കൃതി വിവർത്തനം ചെയ്യുന്നതിന് ആധികാരികത നിലനിർത്തുന്നതിന് വിപുലമായ ഗവേഷണവും സന്ദർഭോചിതമായ ധാരണയും ആവശ്യമാണ്. സാംസ്കാരിക-നിർദ്ദിഷ്‌ട റഫറൻസുകളും ഭാഷാപരമായ സവിശേഷതകളും മനസിലാക്കിക്കൊണ്ടുള്ള വിവർത്തനത്തിലൂടെ പ്രാചീനകാലത്തെ മലയാളസാഹിത്യത്തിന്റെ ഗരിമ മറ്റ് ഭാഷകളിലേക്ക് പകരാനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. എന്നാൽ അത്തരത്തിലുള്ള ഒരു ശ്രമവും വിവർത്തനത്തിൽ ഉണ്ടായിട്ടില്ല.

തീർത്തും വാണിജ്യതാൽപര്യങ്ങൾ മാത്രം പരിഗണിച്ച് ഉള്ളടക്കത്തിൽ യാതൊരു ശ്രദ്ധയും പുലർത്താതെ പുറത്തിറങ്ങുന്ന ഇത്തരം ഡിജിറ്റൽ ഗ്രന്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് കൃത്യമായ നയങ്ങൾ രൂപീകരിക്കേണ്ടത് മലയാളഭാഷയോട് പുലർത്തേണ്ട നീതിയാണ്. മഹത്തരമായ ക്ലാസിക്കൽ കൃതികൾ അവയുടെ പ്രസക്തിയോ പ്രാധാന്യമോ തിരിച്ചറിയാതെ വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകുന്നതിനെതിരെ കൃത്യമായ ഡിജിറ്റൽ പ്രസാധനചട്ടങ്ങൾ നിർമ്മിക്കാൻ വേണ്ട നടപടികൾ അധികാരപ്പെട്ടവരിൽ നിന്നുണ്ടാവേണ്ടത് അനിവാര്യതയാണ്.

 

ഗ്രന്ഥസൂചി

 

കൃഷ്ണപിള്ള എൻ, 1975. കൈരളിയുടെ കഥ. ഡിസി ബുക്സ്: കോട്ടയം.

 

പൂന്താനം. 2011. ജ്ഞാനപ്പാന. ഗ്രീൻ ബുക്സ്

 

ലീലാവതി എം. 2015. മലയാളകവിതാസാഹിത്യചരിത്രം. കേരള സാഹിത്യ അക്കാദമി

 

ശ്രീനാഥൻ എം, ജോസഫ് കോയിപള്ളി. 2015. ലാംഗ്വേജ് ഓഫ് കേരള ആൻഡ് ലക്ഷദ്വീപ്. ഓറിയന്റ് ബ്ലാക്ക് സ്വാൻ : ന്യൂഡൽഹി.

 

സോമൻ പി. 2011. പൂന്താനം പാഠവും പഠനവും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് : തിരുവനന്തപുരം.

 

HINDI TRANSLATED VERSION OF NJANAPPANA: TRABLATED VERSION OF MALAYALAM POEM (Hindi Edition) https://amzn.eu/d/h3E8DEt

 

 


[1] 2007 ൽ ആമസോൺ.കോം പ്രവർത്തനമാരംഭിച്ച ഒരു ഡിജിറ്റൽ പബ്ലിഷിംഗ് പ്ലാറ്റ്ഫോം. 44 ഭാഷകളിൽ പ്രസിദ്ധീകരണം നടത്തുന്നു.

 
 
 

Related Posts

ക്വീർ സമൂഹവും മലയാള സിനിമയും

ശ്രീലക്ഷ്മി എസ് പ്രബന്ധ സംഗ്രഹം          മുഖ്യധാരയിൽ നിന്ന് ഒരുകാലത്ത് സമൂഹം അകറ്റി നിർത്തിയിരുന്ന വിഭാഗമാണ് ക്വീർ. ചേർത്ത് പിടിക്കലുകളുടെ പുതിയ കാലത്ത് സാഹിത്യത്തിലും കലയിലും അവർക്ക് അനുകൂലമായ നിലപാട

 
 
 
ഗോത്രഭാഷയുടെ സാമൂഹികഭാഷാസ്വഭാവം: മലവേട്ടുവഗോത്രത്തെ ആസ്പദമാക്കിയുള്ള പഠനം

കാവ്യ കണ്ണൻ    പ്രബന്ധ സംഗ്രഹം             സമൂഹവും ഭാഷയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഭാഷയുടെ സഹായത്താൽ സമൂഹത്തെയും സംസ്കാരത്തെയും പഠിക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ ഭാഷയ്ക്കും സമൂഹത്തിനും തമ്മിലുള്ള

 
 
 
ബാല്യകാലസഖി: ഒരു ന്യൂറോ-കോഗ്നിറ്റീവ് വിശകലനം

ചിന്ത എസ് ധരൻ പ്രബന്ധസംഗ്രഹം   മനുഷ്യ മസ്തിഷ്കത്തിലെ നാഡീപ്രവർത്തനങ്ങളും ഭാഷാപരമായ പ്രക്രിയകളും തമ്മിലുള്ള ആന്തരികബന്ധങ്ങളെ ശാസ്ത്രീയമായി പഠിക്കുന്ന വൈജ്ഞാനിക ശാഖയാണ് ന്യൂറോ-ലിംഗ്വിസ്റ്റിക്സ്. ഭാഷാ അന

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍

ഡോ. അമ്പിളി ആർ.പി.


സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. എം. രാമചന്ദ്രൻ പിള്ള

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2025

bottom of page