top of page

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിണാമങ്ങളും പ്രതിസന്ധികളും

  • Mar 16
  • 5 min read

Updated: 2 days ago

അഭിത എൽ.

 

ആമുഖം 

 

“ലോകം മാറ്റിമറിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം”

-   നെൽസൺ മണ്ടേല

               സമൂഹത്തെ നവീകരിക്കാനുതകുന്ന ഏറ്റവും മൂർച്ചയേറിയ ആയുധം വിദ്യാഭ്യാസമാണ്.  ഓരോ വ്യക്തിയുടെയും സർവ്വതോമുഖമായ ഉയർച്ചയാണ് വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത്. “ഒരു മനുഷ്യനിലുള്ള സമഗ്രമായ കഴിവുകളുടെ- ശാരീരിക, മാനസിക, ആധ്യാത്മിക, പൂർണ്ണതയുടെ വികസനവുമാണ് വിദ്യാഭ്യാസം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വിദ്യാഭ്യാസത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ ഈ ചിന്തയെ അടിസ്ഥാനമാക്കിയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ചിട്ടപ്പെടുത്തിയിരിക്കുന്നത്, പ്രത്യേകിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം. മൂല്യബോധമുള്ള ഒരു  വ്യക്തിയെയും അതിലൂടെ ഒരു സമൂഹത്തെയും  രൂപപ്പെടുത്താൻ സഹായിക്കുന്ന ഏക ഘടകം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിൽ വ്യാപിച്ചിട്ടുള്ള അന്ധകാരത്തെ നീക്കം ചെയ്യാൻ സാധിക്കൂ.  അത്രമാത്രം മഹത്തരമാണ് വിദ്യാഭ്യാസം.

    കാലഘട്ടത്തിനനുസൃതമായി വിദ്യാഭ്യാസമേഖല മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.  അതിൽ തന്നെ ശ്രദ്ധേയമായ മാറ്റങ്ങൾ കടന്നുവന്നത് ഉന്നതവിദ്യാഭ്യാസമേഖലയിലാണ്. വാർഷിക സമ്പ്രദായത്തിൽ  നിന്നും സെമസ്റ്റർ സമ്പ്രദായത്തിലേക്കുള്ള  ദീർഘമായ യാത്രയിൽ ഒട്ടനേകം മാറ്റങ്ങൾ ഈ മേഖലയിൽ കടന്നുവന്നിട്ടുണ്ട്.  മൂല്യനിർണയ രീതി, പാഠ്യപദ്ധതി, കാലദൈർഘ്യം, വിഷയങ്ങളുടെ തെരഞ്ഞെടുപ്പ് തുടങ്ങി സമസ്ത മേഖലകളിലും ഈ മാറ്റങ്ങൾ വീക്ഷിക്കാൻ സാധിക്കും. മാറ്റങ്ങൾ എക്കാലവും സംഭവിക്കേണ്ട  പ്രതിഭാസമാണ്.  എന്നാൽ ഈ മാറ്റങ്ങൾ ഉണ്ടാക്കുന്ന അനുകൂല പ്രതികൂല സാഹചര്യങ്ങളെ വിലയിരുത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങളെ വളരെ ശ്രദ്ധാപൂർവ്വം നോക്കി കാണേണ്ടതുണ്ട്. കാരണം സാമൂഹ്യ പ്രതിബദ്ധതയും, മൂല്യബോധവുമുള്ള, ഒരു സമൂഹത്തെ രൂപപ്പെടുത്താൻ കഴിയുന്നത് വിദ്യാഭ്യാസത്തിലൂടെ മാത്രമാണ്. അതിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചാൽ സമൂഹത്തെ തന്നെ അത് പ്രതികൂലമായി ബാധിക്കും.   അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയ്ക്ക് വളരെ പ്രാധാന്യം നൽകി വേണം മുന്നോട്ടു പോകുവാൻ. ഉന്നത വിദ്യാഭ്യാസമേഖലയിൽ കടന്നുവന്നിട്ടുള്ള മാറ്റങ്ങളെ വിശദമായി വീക്ഷിച്ച്  അതിന്റെ  മേന്മകളെയും പോരായ്മകളെയും വിലയിരുത്താനാണ് ഈ പഠനം പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

 താക്കോൽ വാക്കുകൾ

 വാർഷിക സമ്പ്രദായം- സെമസ്റ്റർ സമ്പ്രദായം - എൻ.ഇ.പി-2020- നാലുവർഷ ബിരുദ പഠനം[FYUGP].

 ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിണാമങ്ങൾ

     ഹയർ സെക്കൻഡറി അഥവാ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം  നടത്തുന്ന പഠനത്തെയാണ് ഉന്നത വിദ്യാഭ്യാസമായി പരിഗണിക്കുന്നത്.  ബിരുദതലം മുതലുള്ള കോഴ്‌സുകളാണ് പ്രധാനമായും  ഇതിൽ ഉൾപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിൽ തന്നെ ഏറ്റവുമധികം മാറ്റങ്ങൾ കടന്നുവന്നിട്ടുള്ളത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. നിരവധി  പരിഷ്കാരങ്ങളുടെ ഫലമായാണ് ഇന്നു കാണുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ മേഖല രൂപപ്പെട്ടിട്ടുള്ളത്.  പഠനകാലയളവ്,  പാഠ്യപദ്ധതി തുടങ്ങി വിദ്യാഭ്യാസത്തിന്റെ എല്ലാ  ഘടകങ്ങളിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്നും കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങൾ ഈ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചിട്ടുള്ള പരിണാമങ്ങളെ മനസ്സിലാക്കണമെങ്കിൽ അതിന്റെ തുടക്കകാലത്തിലേക്ക്  തിരിഞ്ഞുനോക്കേണ്ടതുണ്ട്.

   ഉന്നതവിദ്യാഭ്യാസത്തിന്റെ ആരംഭഘട്ടത്തിൽ വാർഷിക സമ്പ്രദായത്തെയാണ് പിന്തുടർന്നിരുന്നത്. മൂന്നു വർഷക്കാലയളവായിരുന്നു അന്ന് ബിരുദ പഠനത്തിനായി നൽകിയിരുന്നത്.  ഓരോ വർഷാവസാനവും  മൂല്യനിർണയം നടത്തുകയും വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ വിലയിരുത്തുകയും ചെയ്യുന്ന രീതിയാണ് ഈ സമ്പ്രദായത്തിൽ നിലവിലുണ്ടായിരുന്നത്. ഇത്തരത്തിൽ വർഷാവസാനം പരീക്ഷ നടത്തി വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ വിലയിരുത്തുന്ന വാർഷിക സമ്പ്രദായത്തെ മറികടന്നുകൊണ്ടാണ് രണ്ടായിരത്തിയഞ്ചോടുകൂടി  സെമസ്റ്റർ സമ്പ്രദായം നിലവിൽ വന്നത്. സെമസ്റ്റർ സമ്പ്രദായത്തിന്റെ കടന്നു വരവ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നു. അതിൽ എടുത്തു പറയേണ്ടത് സെമസ്റ്റർ സമ്പ്രദായം മുന്നോട്ടുവെച്ച മൂല്യനിർണയരീതി തന്നെയാണ്. ഒരു വർഷത്തിൽ  രണ്ടു തവണ [ആറ് മാസം കൂടുമ്പോൾ] മൂല്യനിർണയം നടത്തി വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ കൃത്യമായി വിലയിരുത്തുന്നു എന്നത് ഈ സമ്പ്രദായത്തിന്റെ  ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണ്. സെമസ്റ്റർ സമ്പ്രദായത്തിന്റെ ആവിർഭാവത്തോടെ നിരന്തരവും സമഗ്രവുമായ മൂല്യനിർണയ രീതിയ്ക്ക് തുടക്കം കുറിക്കാൻ സാധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആദ്യമായി കടന്നുവന്ന ഈ മാറ്റത്തിന് [സെമസ്റ്റർസമ്പ്രദായം] നിരവധി മേന്മകളും പോരായ്മകളുമുണ്ട്.  അത് മനസ്സിലാക്കണമെങ്കിൽ വിദ്യാഭ്യാസ പ്രക്രിയയിലെ ഓരോ ഘടകങ്ങളെയും കൃത്യമായി അപഗ്രഥിക്കേണ്ടതുണ്ട്.

 

      പാഠ്യപദ്ധതിയെ വിലയിരുത്തിയാൽ വലിയൊരു മാറ്റം ഈ മേഖലയിൽ കടന്നുവന്നിട്ടുള്ളതായി കാണാൻ കഴിയും. വാർഷിക സമ്പ്രദായത്തിൽ നിന്നും സെമസ്റ്റർ സമ്പ്രദായത്തിലേക്കെത്തുമ്പോൾ പാഠ്യപദ്ധതിയിൽ വലിയ രീതിയിലുള്ള ലഘൂകരണം സംഭവിച്ചതായി മനസ്സിലാക്കാൻ സാധിക്കും. സെമസ്റ്റർ സമ്പ്രദായത്തിന്റെ കാലയളവ് ആറുമാസം ആയതുകൊണ്ട് തന്നെ ആ കാലയളവിനുള്ളിൽ പഠിപ്പിച്ചു തീർക്കാൻ സാധിക്കുന്ന പാഠഭാഗങ്ങൾ മാത്രമേ പാഠ്യപദ്ധതിയിൽ  ഉൾപ്പെടുത്തുകയുള്ളൂ. അങ്ങനെ വരുമ്പോൾ മുമ്പുണ്ടായിരുന്ന കുറേയധികം പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും, അതിലൂടെ എല്ലാ കാര്യങ്ങളും ഗുളിക രൂപത്തിൽ മാത്രം മനസ്സിലാക്കുന്ന ഒരു തലമുറ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇത്തരത്തിൽ പാഠ്യഭാഗം കുറച്ചിട്ട് പോലും ആറുമാസ കാലയളവിനുള്ളിൽ പലപ്പോഴും പഠിപ്പിച്ചു തീർക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.   കാലക്രമം തെറ്റി വരുന്ന സെമസ്റ്റർ പരീക്ഷകൾ, മറ്റു പരിപാടികൾ, അപ്രതീക്ഷമായി കടന്നുവരുന്ന അവധി ദിനങ്ങൾ, തുടങ്ങിയവ പാഠ്യഭാഗ പൂർത്തീകരണത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ഘടകങ്ങളാണ്.  ഇങ്ങനെ സംഭവിക്കുമ്പോൾ വിദ്യാർഥികൾക്ക്  വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്.  അതുമൂലം നിലവാരമില്ലാത്ത,  വിഷയഗ്രാഹ്യതയില്ലാത്ത വിദ്യാർത്ഥിസമൂഹം   സൃഷ്ടിക്കപ്പെടുന്നു. അതുപോലെതന്നെ വിദ്യാർത്ഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരം സെമസ്റ്റർ സമ്പ്രദായത്തിലൂടെ കുറഞ്ഞു വരുന്നതായി കാണാൻ കഴിയും. സമയക്കുറവ് തന്നെയാണ് ഈ പ്രശ്നത്തിനും കാരണം. ഓരോ സെമസ്റ്ററുകളും കൃത്യമായ കാലയളവിനുള്ളിൽ ക്രമീകരിക്കാൻ സാധിച്ചാൽ ഒരു പരിധിവരെ സെമസ്റ്റർ സമ്പ്രദായത്തിൽ നേരിടുന്ന ഇത്തരം പ്രതിസന്ധികളെ ലഘൂകരിക്കാൻ സാധിക്കും. ഇപ്പോഴുള്ള സെമസ്റ്റർസമ്പ്രദായവുമായി  താരതമ്യം ചെയ്യുമ്പോൾ വാർഷിക സമ്പ്രദായം കുറച്ചുകൂടി മികച്ചതാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഭൂരിഭാഗം  അധ്യാപകരും ഈ  അഭിപ്രായമാണ് മുന്നോട്ടു വെക്കുന്നതും.

 

       സെമസ്റ്റർ സമ്പ്രദായത്തിന്റെ ആവിർഭാവത്തിന് ശേഷം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയൊരു മാറ്റം കടന്നുവന്നത്  2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തോടനുബന്ധിച്ചാണ്. 2024-ൽ എൻ. ഇ. പി. 2020 ന്റെ [National Education Policy -2020] ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ രീതിയിലുള്ള ഒരഴിച്ചു പണിയാണ്  നടന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ “A Holistic and Multidisciplinary Education” സമഗ്രവും ബഹുവിഷയപരവുമായ വിദ്യാഭ്യാസം എന്ന  ബൃഹത്തായ ആശയത്തെയാണ് എൻ.ഇ.പി. 2020 ആവിഷ്കരിച്ചത്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നു കാണുന്ന രീതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരങ്ങൾ ഉണ്ടായത്. കൂടാതെ വിദ്യാഭ്യാസം ജീവിതത്തിനു വേണ്ടിയായിരിക്കണമെന്ന മൂല്യബോധത്തിലധിഷ്‌ഠിതമായ നവീനമായ ആശയങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ അവതരിപ്പിക്കുകയുണ്ടായി. അതിനുദാഹരണമാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കടന്നുവരവ്. നാലുവർഷ ബിരുദ പഠനത്തിലൂടെ ഉണ്ടായ ഏറ്റവും ശ്രദ്ധേയമായ മാറ്റം  നിലവിലുണ്ടായിരുന്ന മൂന്നു വർഷ ബിരുദ കോഴ്സ് നാലു വർഷ കോഴ്സായി മാറി എന്നുള്ളതാണ്.  ഇതു കൂടാതെ വിദ്യാർത്ഥികൾക്കനുകൂലമായ ഒട്ടനവധി കാര്യങ്ങളാണ് നാലു വർഷ ബിരുദ കോഴ്സ് [FYUGP-Four Year Under Graduate Programme] മുന്നോട്ടുവച്ചിട്ടുള്ളത്. ഈ പുതിയ സമ്പ്രദായത്തിലൂടെ നാലു വർഷ ബിരുദപഠനം പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ഹോണേഴ്‌സ് ബിരുദം ലഭിക്കുന്നു. നിലവിലത്തെ വ്യവസ്ഥ അനുസരിച്ച്  ഹോണേഴ്‌സ് ബിരുദധാരികൾക്ക് ബിരുദാനന്തര ബിരുദം, ബി.എഡ്.പഠനം തുടങ്ങിയവ  ഒരു വർഷം കൊണ്ടു പൂർത്തിയാക്കാനും സാധിക്കും. കൂടാതെ വിദ്യാർഥികൾക്ക് അവരുടെ താല്പര്യാനുസൃതം വിഷയങ്ങൾ തെരെഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നാലുവർഷ ബിരുദ പഠനത്തിലൂടെ ലഭിക്കുകയുണ്ടായി. മുമ്പ്  പ്രധാന വിഷയമായി [Core Subject]  തെരഞ്ഞെടുക്കുന്ന വിഷയവുമായി ബന്ധമുള്ള വിഷയങ്ങൾ തന്നെയായിരുന്നു കോംപ്ലിമെന്ററി പേപ്പറുകളായി തെരെഞ്ഞെടുത്തിരുന്നത്. ചുരുക്കി പറഞ്ഞാൽ ആറ് പേപ്പറിൽ ഒരു പേപ്പർ ഇംഗ്ലീഷ് തിരഞ്ഞെടുക്കുകയും ബാക്കി അഞ്ചു പേപ്പറും ഒരു വിഷയം തന്നെ പഠിക്കുകയും ചെയ്യണമായിരുന്നു. ഉദാഹരണത്തിന് മലയാളം പ്രധാന വിഷയമായി തെരഞ്ഞെടുത്ത വിദ്യാർത്ഥിക്ക് ആറു പേപ്പറിൽ അഞ്ചു പേപ്പറും മലയാളം തന്നെ പഠിക്കണം എന്ന വ്യവസ്ഥയായിരുന്നു മുമ്പുണ്ടായിരുന്നത്. വ്യവസ്ഥാപിതമായ ഈ ചട്ടക്കൂടിനെ തിരുത്തിക്കുറിക്കുകയാണ് പുതിയ വിദ്യാഭ്യാസനയം ചെയ്തത്. സമഗ്രവും ബഹുവിഷയപരവുമായ വിദ്യാഭ്യാസം എന്ന ആപ്തവാക്യത്തെ അർത്ഥവത്താക്കുന്ന രീതിയിലുള്ള  പരിഷ്കാരമാണ് ഈ മേഖലയിൽ കടന്നുവന്നത്. നാലുവർഷ ബിരുദ പഠനത്തിൽ പ്രധാന വിഷയമായി [Major Subject] തെരഞ്ഞെടുക്കുന്ന വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തന്നെ ഉപവിഷയങ്ങളായി  സ്വീകരിക്കണം എന്ന നിബന്ധനയില്ല.  ഉദാഹരണത്തിന് മലയാളം പ്രധാന വിഷയമായി തെരഞ്ഞെടുത്ത വിദ്യാർത്ഥിക്ക് ഒരു വിഷയം അതായത് മേജർ പേപ്പർ മാത്രം മലയാളം എടുക്കുകയും ഇംഗ്ലീഷ് ഒഴികെയുള്ള മറ്റു നാലു പേപ്പറുകൾ കെമിസ്ട്രി, മാത്തമാറ്റിക്സ്, കോമേഴ്‌സ് തുടങ്ങി വിദ്യാർത്ഥിയുടെ താല്പര്യാർത്ഥം ഏതു വിഷയവും തെരഞ്ഞെടുക്കാവുന്നതാണ്. ഒരു വിഷയത്തിൽ മാത്രം ഒതുങ്ങി കൂടാതെ വിസ്തൃതമായി കിടക്കുന്ന അറിവിന്റെ ലോകത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈയൊരു മാറ്റം കൊണ്ടുവന്നത്. അതുകൂടാതെ ഓരോ സെമസ്റ്ററും കൃത്യ സമയത്ത് പൂർത്തീകരിച്ച് വളരെ കൃത്യമായി മൂല്യനിർണയം നടത്തി വളരെ പെട്ടെന്നു തന്നെ ഫല പ്രഖ്യാപനം നടത്താനും പുതിയ മാറ്റത്തിലൂടെ സാധിച്ചിട്ടുണ്ട്. തൊഴിലുകളിലേർപ്പെട്ടുകൊണ്ടുള്ള പഠനം പുതിയ രീതി മുന്നോട്ടു വെച്ച ആശയമാണ്. എന്നാൽ അത് പ്രാവർത്തികമാകണമെങ്കിൽ ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള പഠനരീതി ആവിഷ്കരിക്കേണ്ടതുണ്ട്. എന്നാൽ  അത് പ്രവർത്തികമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ ആശയം പ്രാബല്യത്തിൽ വന്നാൽ പണമില്ലാത്തതിന്റെ പേരിൽ പഠനം ഉപേക്ഷിക്കേണ്ടിവരുന്ന ധാരാളം വിദ്യാർത്ഥികൾക്ക് സഹായകമാകും. ഇതിനുപുറമേ വിദ്യാർത്ഥികൾക്കനുകൂലമായ ഒട്ടനവധി കാര്യങ്ങളാണ് 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ആവിഷ്കൃതമായിട്ടുള്ളത്. എന്നാൽ അവയൊക്കെ പ്രവർത്തികമാകണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടതുണ്ട്.   ഇത്രയും എഫ്.വൈ.യു.ജി.പി അഥവാ നാലു വർഷ ബിരുദ കോഴ്സിന്റെ പ്രധാനപ്പെട്ട  പ്രത്യേകതകളാണ്. പുതിയ രീതിക്ക് ഇത്രയധികം പ്രത്യേകതകളുള്ളതുപോലെ തന്നെ നിരവധി പോരായ്മകളും ഉണ്ടെന്ന് കണ്ടെത്താൻ സാധിക്കും. വിദ്യാർത്ഥികളുടെ നിലവാരം, പാഠ്യപദ്ധതി, മൂല്യനിർണ്ണയം, പാഠ്യേതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം, വിദ്യാർത്ഥികളുടെ പരസ്പര ബന്ധം, തുടങ്ങി ഓരോ ഘടകങ്ങളെയും  വിശകലനം ചെയ്‌താൽ മാത്രമേ ഇതിന്റെ മേന്മകളെയും പോരായ്മകളെയും കൃത്യമായി വിലയിരുത്താൻ സാധിക്കൂ.

 

        പാഠ്യപദ്ധതിയെ വിശകലനം ചെയ്താൽ നാലുവർഷ ബിരുദ പഠനത്തിൽ മുമ്പ് നിലനിന്ന സെമസ്റ്റർ സമ്പ്രദായത്തിലെ പാഠ്യപദ്ധതിയേക്കാൾ വളരെ ലഘൂകരിച്ച പാഠ്യപദ്ധതിയാണ്   നിലവിലുള്ളതെന്ന് വ്യക്തമാകും. എന്നാൽ ചില വിഷയങ്ങളുടെ അവസ്ഥ നേരെ വിപരീതവുമാണ്. പാഠ്യപദ്ധതി ലഘൂകരിക്കുന്നതിലൂടെ   സ്വന്തം വിഷയത്തെക്കുറിച്ച് അധികം ഗ്രാഹ്യമില്ലാത്ത, നിലവാരമില്ലാത്ത വിദ്യാർത്ഥികളാണ് സൃഷ്ടിക്കപ്പെടുന്നത്.  മുമ്പ് സൂചിപ്പിച്ചതുപോലെ വിഷയ തെരഞ്ഞെടുപ്പിൽ മുമ്പുണ്ടായിരുന്ന സെമസ്റ്റർ സമ്പ്രദായത്തിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടില്ലാത്ത ഒരു സ്വാതന്ത്ര്യം നാലു വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്. ഈ സ്വാതന്ത്ര്യം വിദ്യാർത്ഥികൾ പലപ്പോഴും കൃത്യമായി വിനിയോഗിക്കാറില്ല. കൂടാതെ വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള വിഷയങ്ങൾ ലഭിക്കാതെ പോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഉയർന്ന മാർക്ക്‌ കരസ്ഥമാക്കിയ കുട്ടികൾക്ക്‌ മാത്രമാണ് ഇഷ്ടാനുസരണം വിഷയങ്ങൾ ലഭിക്കുന്നത്. പഠനത്തിൽ കുറച്ചു പുറകോട്ടു നിൽക്കുന്ന വിദ്യാർത്ഥികൾ വളരെയധികം പ്രതിസന്ധികളാണ് ഇതുമൂലം നേരിടുന്നത്. പലപ്പോഴും ഈ ഒരു കാരണത്താൽ വിദ്യാർത്ഥികൾ തോൽക്കുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്. കൂടാതെ പ്രധാന വിഷയത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ വിഷയങ്ങൾ തെരഞ്ഞെടുക്കുമ്പോൾ തുടർപഠനത്തിൽ കുറച്ചെങ്കിലും ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾക്ക്‌ നേരിടേണ്ടി വന്നേക്കാം. വ്യത്യസ്ത മേഖലകളിലുള്ള അറിവ് ആർജ്ജിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ഇന്നത്തെ സ്ഥിതിയനുസരിച്ച് ഒരു വിഷയത്തിലും  പൂർണ്ണമായി അറിവ് നേടാൻ  വിദ്യാർത്ഥികൾക്ക് കഴിയുന്നില്ല എന്നതാണ് വാസ്തവം. ഈ മേഖലയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടത് അവശ്യമാണ്. ഇപ്പോഴുള്ള രീതിയെ  പരിഷ്കരിച്ച് പ്രധാന വിഷയ പറനത്തിന് സഹായകമാകുന്ന വിഷയങ്ങൾ കുറഞ്ഞത് രണ്ടു പേപ്പറെങ്കിലും  തെരഞ്ഞെടുക്കുന്നതിനുള്ള അവസരം നൽകുന്നത് വിദ്യാർത്ഥികളുടെ നിലവാരം മെച്ചപ്പെടുത്താൻ സഹായകമാകും. കൂടാതെ ബിരുദാനന്തര ബിരുദ പഠനത്തിൽ നേരിടേണ്ടി വന്നേക്കാവുന്ന പ്രതിസന്ധികളെ മറികടക്കാനും ഈ മാറ്റം വഴിവെച്ചേക്കാം.

 

       മൂല്യനിർണ്ണയ രീതിയിൽ  പുതിയൊരു മാറ്റത്തിനാണ് നാലു വർഷ ബിരുദം തുടക്കം കുറിച്ചിരിക്കുന്നത്. സംരചനാ മൂല്യനിർണ്ണയ രീതിയും [Formative Assessment],  ആത്യന്തിക മൂല്യനിർണ്ണയ രീതിയും [Summative Assessment] മുമ്പും നിലനിന്ന സമ്പ്രദായമാണെങ്കിൽ കൂടി വ്യത്യസ്തമായൊരു മാനം കൈവരുകയാണ് ഇപ്പോൾ. അസൈൻമെന്റുകളെ മാത്രം സംരചനാ  മൂല്യനിർണ്ണയമായി പരിഗണിച്ചിരുന്നിടത്താണ് ഇന്ന് ക്ലാസ്സ്‌ ആക്ടിവിറ്റി, വൈവ, നോട്ട്ബുക്ക് വിലയിരുത്തൽ, അസൈൻമെന്റ് തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പ്രവർത്തനങ്ങൾ  കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്. ഇത് നല്ലൊരു മാറ്റമായി വിലയിരുത്താൻ സാധിക്കും. കാരണം ഈ രീതി  വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ കൃത്യമായി വിലയിരുത്തി അവശ്യമായ കാര്യങ്ങൾ അനുവർത്തിക്കാൻ സഹായകമാകുന്നു. കൂടാതെ ഓരോ വിദ്യാർത്ഥികളുടെയും പഠനമികവിന് സഹായകമാകുന്ന പഠനപ്രവർത്തനങ്ങൾ നൽകാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു. കൃത്യമായ കാലയളവിൽ പരീക്ഷ സംഘടിപ്പിക്കാനും ഫലം പ്രസിദ്ധീകരിക്കാനും പുതിയ സമ്പ്രദായത്തിനു സാധിച്ചിട്ടുണ്ട്.  എന്നാൽ ഇതിന് മറ്റൊരു ന്യൂനത കൂടിയുണ്ട്. ഒന്നിടവിട്ട സെമസ്റ്ററുകളിലെ  പരീക്ഷ പേപ്പർ മൂല്യനിർണയം ചെയ്യുന്നത് അതാത് കോളേജുകളിൽ തന്നെയായതുകൊണ്ട്  കൃത്യമായ  മൂല്യനിർണയം സാധ്യമാകുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഈ രീതി പിന്തുടരുന്നതിലൂടെ ഉദാരമായി മാർക്ക് നൽകുന്ന പ്രവണത  ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരുപക്ഷെ  ഈ രീതിയെ പരിഷ്കരിച്ചിരുന്നുവെങ്കിൽ നാലു വർഷ ബിരുദത്തിന്റെ മൂല്യനിർണ്ണയം കുറ്റമറ്റതായി തീർന്നേനെ.

    

         വിദ്യാർത്ഥികൾ തമ്മിലുള്ള മാനസിക  ഐക്യം പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉണ്ടോ എന്നത് സംശയമാണ്. സ്ഥിരമായി ഒരു ക്ലാസ്സ്‌ മുറിയിൽ തന്നെയിരുന്നുള്ള പഠനം ഇന്നത്തെ അവസ്ഥയിൽ അസാധ്യം തന്നെയാണ്.  ഓരോ ക്ലാസു കഴിയുമ്പോഴും ഒരു ക്ലാസ്സ്‌  മുറിയിൽ നിന്ന് അടുത്ത മുറികളിലേക്ക് സഞ്ചരിക്കുന്ന ഒരുപറ്റം വിദ്യാർത്ഥികളെയാണ് ഇന്ന് കാണാൻ കഴിയുന്നത്. ഒരു ക്ലാസ്സിൽ നാല്പത് കുട്ടികളുണ്ടെങ്കിൽ കേവലം ഒന്നോ രണ്ടോ ക്ലാസ്സിൽ മാത്രമായിരിക്കും അവർ ഒരുമിച്ചിരുന്ന് പഠിക്കുന്നത്. കൂടെ പഠിക്കുന്ന സഹപാഠികളെ  കൃത്യമായി അറിയാത്ത വിദ്യാർത്ഥികളാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ തമ്മിൽ പരസ്പര സ്നേഹമോ,ബന്ധമോ, പങ്കുവെയ്ക്കലുകളോ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഇത് പുതിയ വിദ്യാഭ്യാസ സംമ്പ്രദായത്തിന്റെ ന്യൂനതയാണ്. കേവലം പഠനം കൊണ്ടു മാത്രം  വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സാധ്യമല്ല. പഠനത്തോടൊപ്പം മൂല്യബോധമുള്ള, സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ രൂപപ്പെടുത്തുമ്പോഴാണ്  വിദ്യാഭ്യാസം അർത്ഥവത്താവുന്നത്. അത്തരത്തിൽ വീക്ഷിക്കുമ്പോൾ ഇന്നത്തെ പുതിയ രീതിയിലുള്ള വിദ്യാഭ്യാസം അതിന്റെ പരിപൂർണ്ണതയിൽ എത്തുന്നില്ലായെന്നു തന്നെ പറയാൻ കഴിയും.

 

       പഠനത്തോടൊപ്പം ഒരുമിപ്പിച്ചു കൊണ്ടുപോകേണ്ട ഒന്നാണ് പാഠ്യേതര പ്രവർത്തനങ്ങൾ.  വിദ്യാർത്ഥികളുടെ കഴിവുകളെ പ്രചോദിപ്പിക്കാനും, അവരുടെ മാനസികാരോഗ്യത്തിനും ഇത് ആവശ്യമാണ്. നിരവധി കഴിവുകളുള്ള വിദ്യാർത്ഥികളാണ് ഓരോ ക്ലാസ് മുറിയിലുമുള്ളത്. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾ സജ്ജീകരിക്കേണ്ടത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കർത്തവ്യമാണ്. എന്നാൽ പലപ്പോഴും അതിനുള്ള സാഹചര്യം ഉണ്ടാകാറില്ല. അതിനു പ്രധാനമായും നേരിടുന്ന വെല്ലുവിളി സമയക്കുറവാണ്. ഓരോ സെമസ്റ്ററിനും അനുവദിച്ചു നൽകിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള പാഠഭാഗങ്ങൾ പോലും പലപ്പോഴും പഠിപ്പിച്ചു തീർക്കാൻ സാധിക്കാറില്ല. ഇത്തരം ഒരു അവസ്ഥ നിലനിൽക്കുമ്പോൾ വിദ്യാർത്ഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാറില്ല അഥവാ പഠനവും പാഠ്യേതര പ്രവർത്തനങ്ങളും ഒരുമിപ്പിച്ചു കൊണ്ടുപോകുവാൻ സാധിക്കാറില്ല. കേവലം പുസ്തകങ്ങൾ മാത്രം തിന്നു തീർക്കുന്ന ഒരു വിദ്യാർത്ഥി സമൂഹമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.  ഈ കാര്യത്തിൽ സെമസ്റ്റർ സമ്പ്രദായത്തെ അപേക്ഷിച്ച് വാർഷിക സമ്പ്രദായമാണ് ഉചിതം. നിലവിലുള്ള സമ്പ്രദായത്തിൽ ഈ വിഷയത്തിനു പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്രമീകരണങ്ങൾ നടത്തേണ്ടത് വളരെ അനിവാര്യമാണ്. പുസ്തകപ്പുഴുക്കളായ വിദ്യാർത്ഥികൾ മാത്രം സൃഷ്ടിക്കപ്പെട്ടാൽ വർണ്ണപ്പകിട്ടില്ലാത്ത ഒരു തലമുറയായിരിക്കും ഉണ്ടാവുക.

 

        ഇതുവരെ പാഠ്യപദ്ധതിയെക്കുറിച്ചും വിദ്യാർത്ഥികളെക്കുറിച്ചുമാണ് പറഞ്ഞതെങ്കിൽ ഇനി ചർച്ച ചെയ്യാൻ പോകുന്നത് വിദ്യാഭ്യാസ പ്രക്രിയയെ ത്വരിതഗതിയിൽ നയിക്കുന്ന അധ്യാപക സമൂഹത്തെപ്പറ്റിയാണ്. ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളെ ഉൾക്കൊണ്ട് സദാ കർമ്മനിരതരായി പ്രർത്തിക്കുന്ന അദ്ധ്യാപകസമൂഹത്തെ വിസ്മരിക്കാൻ സാധിക്കില്ല. മാറ്റങ്ങളെ അതിവേഗം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോവുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ എല്ലാ ബുദ്ധിമുട്ടുകളെയും നിഷ്പ്രയാസം മറികടക്കാനുള്ള കഴിവ് അധ്യാപകർക്കുണ്ടെന്നു കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞത് നാലു വർഷ ബിരുദത്തിന്റെ കടന്നുവരവോടെയാണ്. അവബോധ ക്ലാസ്സുകളുടെ സംഘാടനം, പാഠ്യപദ്ധതി തയ്യാറാക്കൽ, പാഠ്യഭാഗം പൂർത്തീകരിക്കൽ,  ചോദ്യപേപ്പർ തയ്യാറാക്കൽ, മൂല്യനിർണയം നടത്തൽ  തുടങ്ങി നിരന്തരം ഇത്തരം പ്രവർത്തനങ്ങൾക്ക് പുറകെ ഒരു യന്ത്രത്തെ പോലെ ഓടുകയാണ് അദ്ധ്യാപകർ. പുതിയ മാറ്റങ്ങളിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നത്  അധ്യാപക സമൂഹം തന്നെയാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്തരം പ്രവർത്തനങ്ങളിൽ  മുഴുകിക്കൊണ്ട് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. എന്നാൽ എല്ലാ പ്രവർത്തനങ്ങളെയും കൃത്യമായി സംയോജിപ്പിച്ചു കൊണ്ടുപോകാനുള്ള അധ്യാപകരുടെ കഴിവ് പ്രശംസനീയമാണ്.  ഈ കാലയളവിൽ സാങ്കേതികവിദ്യയിൽ അധ്യാപകർ നേടിയെടുത്ത പ്രാവീണ്യം എടുത്തു പറയേണ്ടതാണ്. ഇന്നത്തെ അവസ്ഥയിൽ കമ്പ്യൂട്ടർ സാങ്കേതിക വിദ്യ അത്യന്താപേക്ഷിത ഘടകമായി മാറി കഴിഞ്ഞിരിക്കുന്നു.  പാഠ്യപദ്ധതി തയാറാക്കൽ, ചോദ്യപേപ്പർ നിർമ്മാണം, മൂല്യനിർണയം, മാർക്ക് അപ്‌ലോഡിങ് തുടങ്ങി സമസ്ത മേഖലകളിലും കമ്പ്യൂട്ടറിന്റെ അഥവാ സാങ്കേതികവിദ്യയുടെ സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ പ്രായഭേദമന്യേ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭാഷാധ്യാപകർ ഉൾപ്പെടെയുള്ള എല്ലാ അധ്യാപകരും    കമ്പ്യൂട്ടർ സാക്ഷരത നേടിക്കഴിഞ്ഞിരിക്കുന്നു. മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് നല്ല തലമുറയെ വാർത്തെടുക്കാൻ സ്വയം പരിഷ്കരിക്കുകയാണ് ഓരോ അധ്യാപകരും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടന്നുവരുന്ന  മാറ്റങ്ങൾ വിദ്യാർത്ഥികളോടൊപ്പം അധ്യാപകർക്കും ഒട്ടനവധി അറിവുകൾ പകർന്നു നൽകുന്നുണ്ട്.  ഇത്തരം മാറ്റങ്ങളിൽ  അധ്യാപകർ  അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ അധ്യാപകർ മാനസിക പിരിമുറുക്കങ്ങൾ അനുഭവിക്കുന്നുണ്ട്.  നിലവിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ ചെയ്യാവുന്നതിലും അധികം ജോലികളാണ്  ഓരോ ദിനവും ചെയ്തുകൊണ്ടിരിക്കുന്നത്. മാനസിക പിരിമുറുക്കങ്ങളുടെ ഇടയിലും തങ്ങളുടെ കർത്തവ്യത്തെ തെല്ലിട വിസ്മരിക്കാതെ അവയുടെ സാക്ഷാത്കാരത്തിനായി വിശ്രമമില്ലാതെ ഒരു യന്ത്രത്തെപ്പോലെ പ്രവർത്തിക്കുന്നവരാണ് അധ്യാപകർ. അതിന്റെ തെളിവാണ് ഇപ്പോഴും ഒരു തടസ്സവും കൂടാതെ മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുന്ന നാലുവർഷ ബിരുദ കോഴ്സ്. 

 

    വാർഷിക സമ്പ്രദായത്തിൽ തുടങ്ങി നാലുവർഷ ബിരുദ തലത്തിൽ വരെ എത്തിനിൽക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖല അതിശയകരമായ മുന്നേറ്റമാണ് നടത്തിയിട്ടുത്. എൻ.ഇ.പി-2020 വിദ്യാർത്ഥികൾക്ക് അറിവിന്റെ വലിയൊരു ലോകമാണ് തുറന്നുകൊടുത്തിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉയർത്തുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഇത് മുന്നോട്ടുവയ്ക്കുന്നത്. ഇഷ്ട വിഷയങ്ങളുടെ തെരഞ്ഞെടുപ്പ്, കുറഞ്ഞ കാലയളവിനുള്ളിൽ ഒന്നിൽ കൂടുതൽ ഡിഗ്രികൾ നേടാനുള്ള അവസരം തുടങ്ങി നിരവധി ആശയങ്ങളാണ് എൻ.ഇ.പി-2020 ആവിഷ്കരിക്കുന്നത്.  കാലത്തിനനുസൃതമായി മാറ്റങ്ങൾ സംഭവിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. എന്നാൽ മാറ്റങ്ങളെ അതേപടി ഉ..ൾക്കൊള്ളുന്നത് പൂർണ്ണമായും ശരിയല്ല. ഓരോ മാറ്റങ്ങളെയും ഇഴകീറി പരിശോധിച്ച് നല്ലതിനെ ഉൾകൊണ്ടും പരിഷ്കരിക്കേണ്ടവയെ പരിഷ്കരിച്ചും വേണം മുന്നോട്ടു പോകുവാൻ. അല്ലാത്തപക്ഷം വലിയ വലിയ പ്രതിസന്ധികൾ നേരിടേണ്ട അവസ്ഥയുണ്ടാകും. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ സശ്രദ്ധം വീക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നാളെയുടെ വാഗ്ദാനങ്ങളെ രൂപപ്പെടുത്താനുതകുന്ന ഘടകങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകൾ സംഭവിച്ചാൽ ലോകത്തെത്തന്നെ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയെ ഗൗരവപൂർവ്വം നോക്കിക്കാണുകയും, നിരന്തരം ഈ മേഖലയിൽ കടന്നുവരുന്ന പരിഷ്കാരങ്ങളെ പഠനവിധേയമാക്കുകയും ചെയ്യണം.

 

ആധാര സൂചി 

1.    ദേശീയ വിദ്യാഭ്യാസ നയം -2020.

2.    ഡോ.ശ്രീവൃന്ദാ നായർ.എൻ, ഇന്ത്യൻ സമൂഹവിദ്യാഭ്യാസം തത്ത്വശാസ്ത്ര വീക്ഷണങ്ങൾ, സാഹിത്യപ്രവർത്തക സഹകരണസംഘം നാഷണൽ ബുക്ക് സ്റ്റാൾ.

3.    ഗൗരി.ഡി.സോളങ്കി (2019), ഡിഫറെൻ്റ്സ് ബിറ്റ്വീൻ സെമസ്റ്റർ സിസ്റ്റം ആൻഡ് ആനുവൽ സിസ്റ്റം, ഇൻ്റർനാഷണൽ ജേണൽ ഓഫ് റിസർച്ച് ഇൻ ഓൾ സബ്ജറ്റ്സ് ഇൻ മൾട്ടി ലാംഗ്വേജ്.

4.    ഡോ.ഗുഞ്ജൻ, ഗരിമ ഖേറാ, സുകന്യ പതാനിയ, ഗുനീത് കൗർ (2024), സെമസ്റ്റർ വേഴ്സസ് ആനുവൽ സിസ്റ്റം ഓഫ് എജുക്കേഷൻ ഫ്രം ദി പെർസ്പെക്റ്റീവ് ഓഫ് ടീച്ചേഴ്സ് ഇൻ കോളേജസ്, ഇൻ്റർനാഷണൽ ജേണൽ ഓഫ് ക്രിയേറ്റീവ് റിസർച്ച് തോട്ട്സ്.

5.    രാജേശ്വരി സുന്ദർ രാജൻ (2011), ദി സെമസ്റ്റർ സിസ്റ്റം പ്രോസ് ആൻഡ് കോൺസ്, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി.

6.     തെരഞ്ഞെടുത്ത അധ്യാപകരിൽ നിന്നുള്ള ദത്ത ശേഖരണം.

അഭിത എൽ

ഗസ്റ്റ് അധ്യാപിക,മലയാള വിഭാഗം

എസ്. ഡി. കോളേജ്, ആലപ്പുഴ

ഇ – മെയിൽ :- abhithapallippad@gamil.com

ഫോൺ :- 6238130859

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്




സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv. 

ഇഷ്യു എഡിറ്റർ

ഡോ. സംഗീത കെ.

FUntäm-dnb t_mÀUv 
AwK§Ä
ഡോ. കെ. റഹിം
ഡോ. സജീവ്കുമാർ എസ്.
ഡോ. ശ്രീലക്ഷ്മി എസ്.കെ.
ഡോ. രാമചന്ദ്രൻ പിള്ള എം.
ഡോ. അമ്പിളി ആർ.പി.
ഡോ. സംഗീത കെ.
ബിന്ദു എ.എം.

ഷീന എസ്.
ഡോ. കാരുണ്യ വി. എം.
അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു വി. , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി എം., ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996          

Unssk³ & te Hu«vv
cXojv Fk.v

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2026

bottom of page